Thelicham

പൂക്കാ മരങ്ങള്‍ക്കും വെള്ളം നല്‍കുന്ന പ്രാണനായകനെ കാണാന്‍

അരക്കെട്ടില്‍ ആടിയുലയുന്നതോ ആഴ്ന്നു നില്‍ക്കുന്നതോ ആയ നീളങ്ങളുടെ പേരിലാണല്ലോ നമ്മള്‍ മനുഷ്യരെ ആണായും പെണ്ണായും തരം തിരിക്കുന്നത്. ആണും പെണ്ണും അല്ലാത്തവരെങ്കില്‍ ഒന്നിനും കൊള്ളാത്ത തരം കെട്ടവര്‍. അങ്ങനെയുള്ളവര്‍ പഠിച്ചാലെന്ത്, കഴിച്ചാലെന്ത്? ജീവിച്ചാലെന്ത്? കടുത്ത അവഗണനകള്‍ക്കും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും ഇരയായി ജീവിക്കുന്ന ഹിജഡകളെ ആക്ഷേപിക്കാനല്ലാതെ അല്‍പനേരം അവരുടെ ജീവിതം കേള്‍ക്കാന്‍ നാം എന്നെങ്കിലും സമയം കാണാറുണ്ടോ?..

ചെങ്കോട്ടയും ഖുതുബ് മിനാറും ജുമാ മസ്ജിദും ഇന്ത്യാ ഗേറ്റും ലോട്ടസ് ടെമ്പിളുമെല്ലാം കറങ്ങി നടന്നു കാണുന്ന സഞ്ചാരികളും ചരിത്ര കുതുകികളും കാണാന്‍ മെനക്കെടാത്ത ഒരു ചരിത്ര സ്മാരകമുണ്ട് തലസ്ഥാന നഗരിയില്‍. പുറത്തു നിന്നു വരുന്നവര്‍ക്കു പോയിട്ട് തദ്ദേശ വാസികള്‍ക്കു പോലും അത്ര പരിചയം പോരാ ആ മതില്‍ക്കെട്ടിനുള്ളില്‍ എന്തെന്നതിനെക്കുറിച്ച്. പഴയ സുല്‍ത്താന്‍ പട്ടണ ഭാഗമായിരുന്ന മെഹ്‌റോളി (മെഹ്‌റെ വലിയ്യ് എന്ന പ്രയോഗമാണ് മെഹ്‌റോളി ആയി മാറിയത്)യിലെ ഖുത്ബുദ്ദീന്‍ ഭക്തിയാര്‍ കാക്കിയുടെ മസാറും കടന്ന് രാജ്യത്തെ സകല മുസ്‌ലിം ഗല്ലികള്‍ക്കും സമാനമായുള്ള കാഴ്ചകളും ഗന്ധങ്ങളും പിന്നിട്ട് നടക്കുമ്പോള്‍ ഇടുങ്ങിയ ഒരു കമ്പോളത്തിനു നടുവിലായി കാണാം. അവഗണിക്കപ്പെട്ട, നമ്മള്‍ അവഹേളിച്ച് ആട്ടിയോടിക്കുന്ന ഹിജഡകളുടെ ആത്മീയ കേന്ദ്രം ഹിജറോം കി ഖാന്‍ഖാ.
നോമ്പുകാലത്തെ ഞായറാഴ്ചയാകയാല്‍ ആരെയെങ്കിലും കാണാനാകും എന്ന വിശ്വാസത്തിലാണ് തേടിപ്പിടിച്ചു അവിടേക്കു പോയത്. റോഡരികില്‍ നിന്നു കാണുന്ന പച്ചചായമടിച്ച ഗ്രില്ലുകള്‍ താഴിട്ട നിലയിലായിരുന്നു. ഏറെ നേരം അവിടെ കാത്തു നില്‍ക്കുന്നതു കണ്ട് എതിര്‍വശത്തെ പാന്‍ വില്‍പ്പനക്കാരന്‍ വിളിച്ച് കാര്യം തിരക്കി. വ്യാഴായ്ചയോ വെള്ളിയാഴ്ചയോ വരൂ ചങ്ങാതി, അപ്പോള്‍ അവരാരെങ്കിലുമുണ്ടാകും. നിര്‍ബന്ധമാണെങ്കില്‍ ചെരിപ്പൂരിയിട്ട് ഒന്നു കയറി കണ്ടോളൂ, താക്കോല്‍ തരാം. ഞാന്‍ വാതില്‍ തുറന്ന് അകത്തേക്കു കയറി.
അത്ര നേരം കേട്ട ആരവങ്ങളെല്ലാം ഇരുമ്പു വാതിലിനു പുറത്തു നിന്നു. വേപ്പുമരത്തിന്റെ ഇലയനക്കമല്ലാതെ ഒന്നും അവിടുത്തെ ശാന്ത ഗംഭീരതക്ക് ഭംഗം വരുത്തുന്നില്ല വെള്ള പൂശിയ ചെറുതും വലുതുമായ 49 ഖബറുകളും ഉയര്‍ത്തിക്കെട്ടിയ മറ്റൊന്നും. പതിനഞ്ചാം നൂറ്റാണ്ടില്‍ ലോധി സുല്‍ത്താന്മാരുടെ കാലത്ത് മറമാടപ്പെട്ടവരാണ് അവിടെ വിശ്രമം കൊള്ളുന്നത്. 49 ഖബറുകള്‍ ഹിജഡകളുടേതാണ്. ഹാജിമാരും പണ്ഡിതരും പോരാളികളുമായിരുന്നവര്‍. ഉയര്‍ത്തി കെട്ടിയത് ഭക്തിയാര്‍ കാക്കിയുടെ ദത്തു സഹോദരിയുടെതാണെന്ന് വിശ്വാസം. കാക്കി അവരെ ബഹുമാനത്തോടെ ആപ്പാ എന്നാണു വിളിച്ചിരുന്നതെത്രേ. ഒന്നു രണ്ടു മുറികളുണ്ട്. കട്ടിലില്‍ അല്‍പം പൂക്കളും പഴങ്ങളും മുസല്ലയും കണ്ടു. അവിടെ നടക്കുന്ന ചടങ്ങുകളെക്കുറിച്ചെല്ലാം കൃത്യമായി പറഞ്ഞു തരാന്‍ അറിവുള്ളവര്‍ അധികമിനി അവശേഷിക്കുന്നില്ല.
ഒന്നര നൂറ്റാണ്ടായി ഷാജഹാനാബാദിലെ ഹിജഡ സമൂഹമാണ് ഈ ഖബറിസ്ഥാന്‍ പരിപാലിച്ചു പോരുന്നത്. പലതരം പണികളുമായി കഴിഞ്ഞു കൂടുന്ന അവര്‍ വിശേഷ ദിവസങ്ങളില്‍ കൂട്ടമായി എത്തും. ഡല്‍ഹിയില്‍ നിന്നു മാത്രമല്ല, ഹരിയാനയിലും പഞ്ചാബിലും രാജ്യത്തിന്റെ പല ഭാഗങ്ങളിലും കഴിയുന്ന ഈ സമൂഹക്കാര്‍ ഇവിടെ വന്ന് തിരികള്‍ കത്തിക്കും. നാട്ടുകാര്‍ക്ക് പലഹാരങ്ങളും മധുരവെള്ളവും നല്‍കി മടങ്ങിപ്പോകും. അതി സമ്പന്നരും സ്വാധീനമുള്ളവരുമായ പലരും ഇവരുടെ കൂട്ടത്തിലുണ്ട്. പ്രദേശത്തെ തലമുതിര്‍ന്ന പലരോടും ഈ ഖാന്‍ഖയെക്കുറിച്ച് ചോദിച്ചെങ്കിലും സഞ്ചാരികളില്‍ ചിലര്‍ രേഖപ്പെടുത്തി വെച്ച ഈ വിവരങ്ങളിലേറെയൊന്നും കിട്ടിയില്ല. കാര്യം തിരക്കുന്നത് ഹിജഡകളെക്കുറിച്ചാകയാല്‍ ചിലര്‍ക്കെല്ലാം സംസാരിക്കാന്‍ ഒരു വിമ്മിട്ടമുണ്ട്. മെഹ്‌റോളിയിലെ പഴയ പള്ളിയില്‍ ഒരു വയോധികനാണ് ഖുതുബ് മിനാര്‍ പ്രദേശത്തു ചെന്നു തിരക്കാമെന്ന് നിര്‍ദേശം വെച്ചത്. കാരണവരുടെ കണക്കു കൂട്ടല്‍ തെറ്റിയില്ല, ഞായറാഴ്ച ആഘോഷിക്കാനെത്തിയ കൂട്ടങ്ങള്‍ക്ക് ആശിര്‍വാദം പറയാന്‍ നില്‍ക്കുന്ന ഹിജഡകളില്‍ ചിലരോടു കാര്യം പറഞ്ഞു. ദമ്പതിമാരുടെയും കുട്ടികളുടെയും തലയില്‍ കൈവെച്ച് പ്രാര്‍ഥനകള്‍ ചൊല്ലി പണം വാങ്ങുന്ന തിരക്കിലായിരുന്ന അവര്‍ക്കും ഖാന്‍ഖായുടെ വിവരങ്ങളധികമറിയില്ല, ഞായറാഴ്ചയുടെ തിരക്കിനിടയില്‍ അധിക സംസാരത്തിനു നേരവുമില്ല.
കുറച്ചു നേരം സംസാരിക്കാനും ഫോട്ടോ പിടിക്കാനും സമ്മതിച്ചാല്‍ ഈ ദിവസം കിട്ടുന്ന ‘മാല്‍’ ഇയാള്‍ തരുമെന്ന് വഴികാട്ടിയായ വൃദ്ധന്‍ പ്രലോഭിപ്പിച്ചെങ്കിലും അവര് തെല്ലും മയങ്ങിയില്ല. നിരാശപ്പെട്ട് മടങ്ങാനൊരുങ്ങവെ നൂര്‍ തിരിച്ചുവിളിച്ചു. അവര്‍/ അയാള്‍ പറഞ്ഞു തുടങ്ങി: നിന്നെയൊക്കെപ്പോലെ ഇടക്ക് ചെന്നു നോക്കുന്നു എന്നല്ലാതെ ഖാന്‍ഖായുടെ കാര്യങ്ങളൊന്നും എനിക്കറിയില്ല. നിങ്ങള്‍ കാഴ്ച കാണാന്‍ മാത്രമാവും ഇവിടെ വരുന്നത്. പക്ഷെ, ഞങ്ങള്‍ക്കിത് പൊരിവേനലില്‍ ഇന്നു പെയ്ത മഴ പോലെ ഒരു ആശ്വാസമാണ്. നിനക്ക് അതിനു മറ്റു പല മാര്‍ഗങ്ങളുമുണ്ടാവും. ഗര്‍ഭപാത്രത്തില്‍ നിന്നു പുറത്തു വന്ന ശേഷം ഖബറിലെത്തും മുമ്പ് ആട്ടിപ്പായിക്കപ്പെടാത്ത ഒരു സ്ഥലം ഉണ്ടാവുക എന്നത് ഏതൊരു മനുഷ്യന്റെയും ഏറ്റവും വലിയ സ്വപ്‌നമാണ്. നിസാമുദ്ദീന്‍ ഔലിയയുടെ സവിധത്തിലോ ജുമാമസ്ജിദിന്റെ പടിക്കെട്ടിലോ അല്ലാതെ വേറെ അധികം സ്ഥലങ്ങളിലേക്ക് ആക്ഷേപം കേള്‍ക്കാതെ ഞങ്ങള്‍ക്കു കയറിപ്പോകാന്‍ വയ്യ. ഞങ്ങള്‍ അസഭ്യങ്ങള്‍ പറയാറുണ്ട്, ശാപവാക്കുകളും. പക്ഷെ, നിങ്ങളെല്ലാം ചേര്‍ന്ന് ഞങ്ങളെ വിളിച്ച ചീത്തകളുടെ ഒരംശം വരില്ല അത്.
പണ്ട് കാലത്ത് മനുഷ്യര്‍ എന്ന പരിഗണന ഞങ്ങള്‍ക്ക് ലഭിച്ചിരുന്നു. വലിയ രാജാക്കന്മാര്‍ ഞങ്ങളോട് ഉപദേശം തേടിയിരുന്നു. മര്‍ഹൂം മാലിക് കഫൂര്‍ ഞങ്ങളില്‍ പെട്ട ആളായിരുന്നു, അലാവുദ്ദീന്‍ ഖില്‍ജി സുല്‍ത്താന്‍ അദ്ദേഹത്തെ സേനാ നായകനാക്കി. പേരുകേട്ട ഭരണാധികാരിയായിരുന്ന മാലിക് സര്‍വാറും അതെ. എഴുതുകയും പടം വരക്കുകയും ചെയ്തിരുന്ന ഹിജഡകളുണ്ടായിരുന്നു. പിന്നെ വിവാഹ ചടങ്ങുകളിലും പ്രസവ വീടുകളിലും ഹിജഡകള്‍ക്കും അവരുടെ ആശിര്‍വാദങ്ങള്‍ക്കും വന്‍ സ്വീകാര്യതയായിരുന്നു. ഇപ്പോള്‍ ആ ശീലത്തിന് കുറവു വന്നിരിക്കുന്നു. പാട്ടുകച്ചേരികളുടെ കാലവും കഴിഞ്ഞു. പാര്‍ക്കുകളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും വാഹനങ്ങളിലും ആളുകളില്‍ നിന്നു പണം പിരിച്ചുവേണം ജീവിതം കഴിയാന്‍. വായ നിറയെ പാന്‍ പോലെ ചീത്തയും കൊണ്ട് നടക്കുകയല്ല ഞങ്ങള്‍. പക്ഷെ, എത്ര നാളാണ് ആക്ഷേപങ്ങള്‍ സഹിക്കുക. മെട്രോ ട്രെയിനിലും ബസ്സിലും യാത്ര ചെയ്യുന്നത് നിങ്ങള്‍ക്ക് വലിയ സൗകര്യമുള്ള കാര്യമായിരിക്കും. ഞങ്ങള്‍ എത്ര പ്രയാസപ്പെട്ടാണ് യാത്ര ചെയ്യുന്നത് എന്ന് അറിയുമോ? ഒന്നു ഫോണില്‍ സംസാരിച്ചാല്‍ എല്ലാവരും നോക്കി അപഹാസ ചിരി തുടങ്ങും. തിരക്കേറെയുള്ള വണ്ടിയില്‍ ഞങ്ങളുടെ ശരീരം തൂണാണെന്ന് തോന്നിപ്പോകും.അത്രയധികം കൈകളാണ് ഞങ്ങളുടെ ദേഹത്തിലേക്ക് നീളുക. എന്നാല്‍ ഒഴിവുള്ള ഒരു സീറ്റില്‍ ഞങ്ങളിരുന്നാല്‍ കരണ്ടടിച്ച പോലെയല്ലേ അടുത്തിരിക്കുന്ന നിങ്ങള്‍ പെരുമാറുക?
അവരിതു പറയുമ്പോള്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ഡല്‍ഹിയില്‍ ഹിജഡകളുടെ ഒരു സമ്മേളനത്തിനിടെ തീപിടിത്തമുണ്ടായതോര്‍ത്തു. പൊള്ളലേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ അധികാരികള്‍ കാണിച്ച ഉപേക്ഷ മൂലം പതിനാറുപേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. സഹായം ചോദിച്ച് നിലവിളിച്ചിട്ടും ഒരാള്‍ തിരിഞ്ഞു നോക്കിയില്ല. ഈ സമൂഹത്തോട് നാം എത്രമാത്രം അസഹിഷ്ണുതയാണ് പുലര്‍ത്തുന്നതെന്ന് കൃത്യമായി ബോധ്യപ്പെടുത്തി തന്ന സംഭവമായിരുന്നും 2011ലെ ആ തീ ദുരന്തം. 2008ല്‍ രാജ്യത്തെ നടുക്കിയ ദല്‍ഹി സ്‌ഫോടനം നടക്കവെ അന്നത്തെ ആഭ്യന്തര മന്ത്രി ശിവരാജ് പാട്ടീല്‍ നാലു തവണ കുപ്പായം മാറ്റുന്ന തിരക്കിലായിരുന്നുവെങ്കില്‍ ചോരയില്‍ കുളിച്ചു കിടന്ന ദേഹങ്ങള്‍ ആശുപത്രിയിലെത്തിക്കാന്‍ ആദ്യമോടിയെത്തിയവരില്‍ ഹിജഡക്കൂട്ടങ്ങളുണ്ടായിരുന്നുവെന്നും രക്തദാനത്തിന് സന്നദ്ധത അറിയിച്ച അവരെ ആശുപത്രിക്കാര്‍ അപമാനിച്ച് ഓടിക്കുകയായിരുന്നെന്നും എത്രപേരോര്‍ക്കാന്‍?
അവരുടെ കുടുംബത്തെക്കുറിച്ചും പഴയ ജീവിതത്തെപ്പറ്റിയും അറിയണമെന്നുണ്ടായിരുന്നു. പക്ഷെ, ഇഷ്ടപ്പെടാത്ത ചോദ്യം ഉയര്‍ത്തിയാല്‍ സംസാരം മുടങ്ങിയേക്കുമോ എന്നു ഭയന്ന് മടിച്ചു. എങ്കിലും ജിജ്ഞാസ സഹിക്ക വയ്യാതെ നൂറുദ്ദീന്‍ എന്നു വിളിക്കുന്നതാണോ നൂര്‍ജഹാന്‍ എന്നു വിളിക്കുന്നതാണോ ഇഷ്ടം എന്നു ചോദിച്ചു.+ ഇതു ഞങ്ങള്‍ തിരഞ്ഞെടുത്ത ജീവിതമല്ല, കുട്ടി ആയിരിക്കുമ്പോള്‍ തന്നെ ഇഷ്ടമില്ലാത്ത ഒരു ശരീരത്തിനകത്താണ് ഞാന്‍ കുടികൊള്ളുന്നത് എന്ന് തോന്നിത്തുടങ്ങിയിരുന്നു, പക്ഷെ അത് ആരോടെങ്കിലും പറഞ്ഞു മനസ്സിലാക്കാനുള്ള ബുദ്ധി എനിക്കില്ലാതെ പോയി. മദ്രസയിലും സ്‌കൂളിലും ആണ്‍കുട്ടികള്‍ എന്നെ കളിക്കു കൂട്ടില്ലായിരുന്നു. പക്ഷെ, എവിടെയെങ്കിലും തനിച്ചു കിട്ടുമ്പോള്‍ എനിക്കിഷ്ടമില്ലാത്ത ചീത്ത കളികള്‍ക്കായി അവര്‍ നിര്‍ബന്ധിക്കുകയും ചെയ്യും. മൗലവി സാബിനോട് ഒരു ദിവസം സങ്കടം പറഞ്ഞു, ഇനി മദ്രസയില്‍ വരണ്ട എന്നു പറഞ്ഞു അദ്ദേഹം. ഞാന്‍ എന്തോ കുരുത്തക്കേട് കാണിച്ചിട്ടാവുമെന്നോര്‍ത്ത് വീട്ടുകാരുടെ ചീത്ത മുഴുവന്‍ കേട്ടു. പഴികള്‍ കേട്ടു മടുത്തപ്പോഴാണ് കുടുംബത്തിലെ ഒരു കല്യാണ ദിവസം വീട്ടില്‍ നിന്ന് ഇറങ്ങിപ്പോന്നത്. എങ്ങോട്ടുപോകണം എന്നൊന്നും അറിയില്ലായിരുന്നു. യാത്രകള്‍ക്കിടയില്‍ പലരും ഉപദ്രവിച്ചു. ഒരു ട്രെയിനില്‍ വെച്ച് രണ്ടുപേര്‍ ചേര്‍ന്ന് ഉപദ്രവിക്കാന്‍ ശ്രമിക്കവെ പാട്ടുപാടി പണം പിരിച്ചു നടന്ന ഹിജഡകളാണ് എന്നെ രക്ഷിച്ച് കൂടെ കൊണ്ടു വന്നത്. ഇപ്പോള്‍ ഇവിടെ ജീവിതം നീക്കുന്നു. പുരാനാ കിലയുടെ അരികില്‍ വെച്ച് രണ്ടു തവണ ക്രൂരമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. പോലീസില്‍ ചെന്നു പറഞ്ഞാല്‍ കുറ്റം ഞങ്ങളുടെ മേല്‍ തന്നെയാകുമെന്നുറപ്പാണ്. ശരീരം കൊടുത്തു ജീവിക്കുന്ന ഞങ്ങള്‍ കിട്ടിയ പണം പോരാതെ വന്നപ്പോള്‍ പരാതി പറയുകയാണെന്നാണ് പോലീസ് പറയുക.
പഠിപ്പൊന്നും ഇല്ലാത്ത എനിക്ക് ആ ജോലി ചെയ്യാതെ ജീവിക്കാനാവില്ല. എന്നാലും അതുമാത്രം ചെയ്ത് ജീവിക്കാന്‍ ഇഷ്ടമല്ല. വീട് ഒരു മങ്ങിയ ഓര്‍മ മാത്രമാണിപ്പോള്‍. അവിടേക്ക് തിരിച്ചു പോകാന്‍ വഴിയറിയില്ല, ആഗ്രഹവുമില്ല. അമ്മിയെ എന്നെങ്കിലുമൊരിക്കല്‍ കാണാന്‍ പറ്റണമെന്നുണ്ട്. ഭാഗ്യമുണ്ടെങ്കില്‍ എന്നെങ്കിലും നിസാമുദ്ദീനിലോ ജുമാ മസ്ജിദിലോ വെച്ച് കാണാന്‍ പറ്റുമായിരിക്കും. കുറച്ച് കാശ് ഒരുക്കൂട്ടി വെക്കണം, അടുത്ത തെരെഞ്ഞെടുപ്പ് വരുമ്പോള്‍ മത്സരിക്കാന്‍ പറ്റുമോ എന്നു നോക്കണം. നിങ്ങളാരും വോട്ടു ചെയ്യില്ലെന്നറിയാം, എന്നാലും ജയിച്ചാല്‍ ഹിജഡകള്‍ക്ക് വീടുകള്‍ നിര്‍മിച്ചു കൊടുക്കും. ലാല്‍ബത്തി (ട്രാഫിക് സിഗ്നല്‍)കളില്‍ ഭിക്ഷ തേടുന്ന കുട്ടികളെ മുഴുവന്‍ കൂട്ടിക്കൊണ്ടുപോയി നല്ല കുപ്പായവും വസ്ത്രവും വാങ്ങിക്കൊടുക്കും. ഞങ്ങളെയും സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിക്കുന്നവര്‍ പോലീസുകാരാണെങ്കില്‍ പോലും കടുത്ത ശിക്ഷ ഉറപ്പാക്കും. ഞങ്ങളിലാരെങ്കിലും മരിച്ചാല്‍ ചില ഖബര്‍സ്ഥാനുകളില്‍ രാത്രി മാത്രമേ മറമാടാന്‍ സമ്മതിക്കുന്നുള്ളൂ, അത് മാറ്റും. ഏതു സമയത്തു മരിച്ചാലും ഉടനെ അടക്കാന്‍ ഏര്‍പ്പാടുണ്ടാക്കും. റൗണ്ടു കഴിഞ്ഞു വന്ന കൂട്ടുകാര്‍ തിരക്കു കൂട്ടിയതോടെ നൂര്‍ പോകാനൊരുങ്ങി. ഫോട്ടോ എടുക്കാന്‍ നൂറിനു വിരോധമില്ലായിരുന്നു, പക്ഷെ കൂട്ടുകാര്‍ വിലക്കിയപ്പോള്‍ വിസമ്മതിച്ചു. വാഗ്ദാനം ചെയ്ത പണം കൊടുക്കാന്‍ വഴികാട്ടിയായി വന്ന ചാച്ചയെ ഏല്‍പിച്ചു. അഅരക്കെട്ടില്‍ ആടിയുലയുന്നതോ ആഴ്ന്നു നില്‍ക്കുന്നതോ ആയ നീളങ്ങളുടെ പേരിലാണല്ലോ നമ്മള്‍ മനുഷ്യരെ ആണായും പെണ്ണായും തരം തിരിക്കുന്നത്.ങ്ങോര്‍ പലതവണ നിര്‍ബന്ധിച്ചിട്ടും കൂട്ടാക്കിയില്ല. ബോട്ടില്‍ (കോള) വാങ്ങിത്തരട്ടേ എന്നന്വേഷിച്ചു അവര്‍. ”വേണ്ട, എനിക്കു നോമ്പാണ്” ”ഓ നീയും മുസ്‌ലിമാണോ എനിക്ക് ഇന്നു നോമ്പില്ല, കുറച്ചു നോമ്പുകള്‍ പിടിക്കും. വേനല്‍കാലത്ത് റമദാന്‍ വന്നാല്‍ അല്‍പം പ്രയാസമാണ്. പക്ഷെ ഈ മാസം ഞാന്‍ ചീത്ത വാക്കുകള്‍ പറയില്ല, ചീത്ത ജോലിക്കു പോവുകയുമില്ല. ദൈവത്തിനറിയാം എന്തു കൊണ്ട് ഇതൊക്കെ സംഭവിച്ചുവെന്ന്, നരകത്തില്‍ അനുഭവിക്കേണ്ട കഷ്ടുപ്പാടുകളെല്ലാം ഞങ്ങളിവിടെ പിന്നിട്ടു കഴിഞ്ഞല്ലോ. അതു കൊണ്ട് അല്ലാഹ് ഞങ്ങളെയും സ്വര്‍ഗത്തിലേക്ക് കയറ്റും. അവിടെ ഹസ്‌റത്ത് റസൂല്‍ സാബ് ഇരിപ്പുണ്ടാവും, പൂ്ക്കാത്ത മരങ്ങള്‍ക്കും വെള്ളമൊഴിക്കുന്ന ആ കൈകള്‍ കൊണ്ട് ഞങ്ങള്‍ക്കും വെള്ളം തരും. ഭാഗ്യമുണ്ടെങ്കില്‍ ആ പ്രാണനായകന്‍ ഞങ്ങള്‍ക്ക് ആലിംഗനം നല്‍കും വെറുപ്പില്ലാതെ, വേദനിപ്പിക്കാതെ ലഭിക്കുന്ന ആദ്യത്തെ ആലിംഗനമായിരിക്കും അത്.” തലയില്‍ കൈവെച്ച് അനുഗ്രഹ വാക്കുകള്‍ പറഞ്ഞ് ദുആ ചെയ്യണമെന്നോര്‍മിപ്പിച്ച് അവര്‍ കടന്നുപോകുമ്പോള്‍ ഞാന്‍ അസൂയയോടെ മനസ്സില്‍ പറഞ്ഞു. തീര്‍ച്ചയായും നിങ്ങളുടെ ഊഴം കഴിഞ്ഞുമാത്രമാവും സ്വര്‍ഗവാതില്‍ കാവല്‍കാര്‍ എന്റെ പേരു വിളിക്കുക.

(തെളിച്ചം 2015 ജൂലൈ ലക്കത്തില്‍ പ്രസിദ്ധീകരിച്ച ഫീച്ചര്‍)

Editor Thelicham

Thelicham monthly

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.