ഇനിയും ഉയര്‍ത്താത്ത കൈകള്‍ സഖേ നിന്റെ
ഉടലിന്റെ കേടാണറുത്തു മാറ്റൂ
ഇനിയും പതക്കാത്ത സിരകളില്‍ ചോര തന്‍
ധമനികള്‍ ചത്തു; കുഴിച്ച് മൂടൂ
ഇനിയും തുറക്കാത്ത വായക്കകം പൂണ്ട
ചിതലേറ്റുടഞ്ഞ നിന്‍ നാവറുക്കൂ
ഇനിയും അലക്കാത്ത തിരകളേ നിങ്ങളെന്‍
തീരങ്ങള്‍ക്കപമാനം; മാറിനില്‍ക്കൂ
ചെമ്പിരിക്കം കടല്‍ തീരം മണക്കുന്ന
ചോരക്കു കാലങ്ങളേറുകില്ല
ചെന്നാലടിക്കും കടല്‍കാറ്റിന്‍ ഗദ്ഗദം
ചങ്കിടിപ്പ് പേടി മാറുകില്ല
കാപാലികാ നീ തുടച്ചു കളഞ്ഞതെന്‍
താപം തണുപ്പിച്ച വൃശ്ചികത്തെ
കാതങ്ങളേറെ തപോബലം കൊണ്ടെന്റെ
ഭാവിയും ഭൂതവും തീര്‍ത്തവരെ
താഴിട്ടു പൂട്ടിയ നീതി പീഢങ്ങള്‍ക്കു
താരാട്ടു പാടും നിശാചരന്മാര്‍
മൗന വാല്‍മികമൊളിക്കുന്ന ഭിക്ഷുക്കള്‍
താളം പിടിക്കുന്ന കീചകന്മാര്‍
ഞാനാണു സി.എം, പിരിഞ്ഞെതന്‍ പ്രാണന്‍
രാവും കടലും അലയും സാക്ഷി
ഇനിയില്ല പൊരിയുന്നരൂര്‍ദ്ധ ശ്വാസം എന്റെ
ഉയിരറ്റു ഞാനാണു രക്തസാക്ഷി
ഇനിയെന്റെ കര്‍മവും നിന്റെ കാപട്യവും
പറയുന്ന പുലരികള്‍ വന്നിരിക്കും
അന്ന് നീ കാളിമ പൂശി പുതച്ചിട്ട
രാവിന്റെ കഞ്ചുകം താഴെ വീഴും
ശിഷ്ടങ്ങളില്ലാ കണക്കുകള്‍ കൂട്ടുന്ന
ശിഷ്യങ്ങളലകളായാഞ്ഞടിക്കും
ഉയരട്ടെ മുഷ്ടികള്‍ തീക്കനല്‍ വൃഷ്ടികള്‍
വെടിയുണ്ട തോല്‍ക്കുന്ന വാക്കിന്റെ ചൂളകള്‍
ഊറിക്കിടക്കുന്ന മൗനകൂടങ്ങളെ
പാറിപറത്തുന്ന ‘തെമ്മാടി’ക്കാറ്റുകള്‍
നൗഫല്‍ മേലാറ്റൂര്‍