Thelicham

”മതവ്യവഹാരങ്ങളെ നിര്‍മിതബുദ്ധി ആഴത്തില്‍ സ്വാധീനിക്കുന്നു”

എഡിന്‍ബര്‍ഗ് സര്‍വകലാശാലയിലെ സയന്‍സ് & റിലീജിയന്‍ വിഭാഗം ലക്ചററാണ് ഡോ. ശുഐബ് അഹ്‌മദ് മാലിക്ക്. കെമിക്കല്‍ എന്‍ജിനിയറിംഗ് ഡോക്ടറേറ്റ് ജേതാവ് കൂടിയായ അദ്ദേഹം, ഇസ്ലാം, ശാസ്ത്രം, തിയോളജി തുടങ്ങിയ മേഖലകളിലാണ് നിലവില്‍ പ്രവര്‍ത്തിച്ചുവരുന്നത്. 2021ല്‍ പുറത്തിറങ്ങിയ Islam and Evolution: Al-Ghazali and the Modern Evolutionary Paradigm എന്ന പുസ്തകം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഒരുകാലത്ത് ശാസ്ത്ര കഥകള്‍ മാത്രമായിരുന്ന പലതും ഇന്ന് യാഥാര്‍ത്ഥ്യമായിക്കൊണ്ടിരിക്കുകയാണ്. സാങ്കേതികവിദ്യ, വിശിഷ്യാ നിര്‍മ്മിതബുദ്ധി (അക), അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്നു. യാഥാര്‍ത്ഥ്യം (റിയാലിറ്റി), യുക്തി (അഖ്ല്‍), മനുഷ്യന്‍ എന്നിവയെക്കുറിച്ചുള്ള നമ്മുടെ ധാരണകളെ സ്വാധീനിക്കും വിധം നിര്‍മ്മിതബുദ്ധി ഇന്ന് എത്രത്തോളം വികസിച്ചിട്ടുണ്ട്? ഭാവിയെ താങ്കള്‍ എങ്ങനെയാണ് നോക്കിക്കാണുന്നത്?

നിര്‍മിത ബുദ്ധി അടക്കമുള്ള സാങ്കേതികവിദ്യയിലെ മുന്നേറ്റങ്ങള്‍ യാഥാര്‍ത്ഥ്യം, യുക്തി, മനുഷ്യനായിരിക്കുന്നതിന്റെ അര്‍ത്ഥം തുടങ്ങിയ ഗഹനമായ, ദാര്‍ശനികവും ദൈവശാസ്ത്രപരവുമായ ചോദ്യങ്ങളെ പുനഃപരിശോധിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. ട്രഡീഷണല്‍ മുസ്‌ലിം ദൈവശാസ്ത്രജ്ഞര്‍ മനുഷ്യന്റെ ജ്ഞാനത്തിന്റെയും കര്‍തൃത്വത്തിന്റെയും അതിരുകളെക്കുറിച്ച് വളരെ മുമ്പുതന്നെ ചര്‍ച്ച ചെയ്തിട്ടുണ്ട്. നിര്‍മ്മിതബുദ്ധി ആ ചര്‍ച്ചകളെ പുതിയ തലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു.

നിര്‍മ്മിതബുദ്ധിയുടെ പുതിയ കണ്ടുപിടുത്തങ്ങള്‍ – പ്രത്യേകിച്ച് ജനറേറ്റീവ് മോഡലുകള്‍ – മനുഷ്യന്റെ സര്‍ഗാത്മകത, യുക്തിചിന്ത, സ്വാഭാവിക സംഭാഷണത്തിന്റെ ഏതാനും രൂപങ്ങള്‍ എന്നിവയെ അസാമാന്യമാം വിധം അനുകരിക്കാന്‍ കഴിവുള്ളവയാണ്. മനുഷ്യരെപ്പോലെ ബോധപൂര്‍വമോ (കോണ്‍ഷ്യസ്) യുക്തിപൂര്‍വമോ അല്ലെങ്കിലും, ‘അഖ്ലി’ന്റെ ചില ഘടകങ്ങളെയെങ്കിലും അനുകരിക്കാനുള്ള അവയുടെ കഴിവ്, യുക്തിക്ക് നാം നല്‍കുന്ന നിര്‍വചനങ്ങളെ പുനരാലോചിക്കാന്‍ നമ്മെ നിര്‍ബന്ധിതരാക്കുന്നുണ്ട്. ഇസ്ലാമിക തത്വചിന്തയില്‍, ‘അഖ്ല്‍’ എന്നത് കേവലം കണക്കുകൂട്ടാനും കാര്യങ്ങള്‍ വിലയിരുത്താനുമുള്ള കഴിവല്ല. മറിച്ച, ധാര്‍മ്മിക ഉത്തരവാദിത്തവും നൈതിക വിവേചനവും ആത്മീയ ദിശാബോധവും കൂടി ചേരുന്നതാണ്. നിലവില്‍ നിര്‍മിത ബുദ്ധിക്ക് ഈ ഗുണങ്ങള്‍ പ്രാപ്യമായിട്ടില്ല. എങ്കിലും, അവയുടെ കഴിവുകള്‍ മനുഷ്യന്റെ സത്താപരമായ സവിശേഷതയെക്കുറിച്ച് കൂടുതല്‍ വിമര്‍ശനാത്മകമായി ചിന്തിക്കാന്‍ നമ്മെ നിര്‍ബന്ധിതരാക്കുന്നുണ്ട്.

ഭാവിയില്‍ യാഥാര്‍ത്ഥ്യത്തെ കുറിച്ചുള്ള നമ്മുടെ ധാരണകളില്‍ നിര്‍മ്മിതബുദ്ധി കൂടുതല്‍ സ്വാധീനം ചെലുത്തുമെന്നാണ് ഞാന്‍ കരുതുന്നത്. ഇത് രണ്ട് രീതിയില്‍ നമ്മെ ബാധിച്ചേക്കാം. ഒന്നുകില്‍, മനുഷ്യയുക്തിയും യാന്ത്രിക കണക്കുകൂട്ടല്‍, കഴിവും തമ്മിലുള്ള വ്യത്യാസത്തെ അടയാളപ്പെടുത്താന്‍ ആഴത്തിലുള്ള പഠനങ്ങള്‍ നടത്താന്‍ നാം നിര്‍ബന്ധിതരാവും, അങ്ങനെ വന്നാല്‍ അഖ്‌ലിനെ കുറിച്ചുള്ള നമ്മുടെ ധാരണകള്‍ ഇപ്പോഴുള്ളതിനേക്കാള്‍ കൂടുതല്‍ സങ്കീര്‍ണമായേക്കാം. അല്ലെങ്കില്‍, യന്ത്രങ്ങള്‍ക്ക് ‘ബുദ്ധി’യും കര്‍തൃത്വവും കല്‍പ്പിച്ചുകൊടുത്ത് മനുഷ്യ-യാന്ത്രിക ബുദ്ധികള്‍ തമ്മിലുള്ള വ്യത്യാസത്തെ അത് മായ്ച്ചു കളഞ്ഞേക്കാം. ഇസ്ലാമിക ദൈവശാസ്ത്രത്തിലിത് പുതിയ ചര്‍ച്ചകള്‍ക്ക് അവസരമൊരുക്കും. മനുഷ്യകേന്ദ്രീകൃതത്വത്തിലോ (anthropocentrism) സാങ്കേതികവിദ്യാ നിര്‍ണയവാദത്തിലോ (technological determinism) വീണുപോകാതെ, നിര്‍മ്മിതബുദ്ധിയുമായി സംവദിക്കാന്‍ സാധിക്കുന്ന, ബുദ്ധിയെ കുറിച്ചും മനുഷ്യ-വ്യക്തിത്വത്തെയും കുറിച്ച സമഗ്രമായ കാഴ്ചപ്പാട് രൂപീകരിക്കാന്‍ അതിന് സാധിക്കേണ്ടതുണ്ട്.

സമീപഭാവിയില്‍, നിര്‍മിത ബുദ്ധി കൂടുതല്‍ വൈവിധ്യമാര്‍ന്ന ചര്‍ച്ചകള്‍ക്ക് വഴിവെക്കും. അജൈവിക വസ്തുക്കള്‍ക്ക് ആത്മാവിന് സമാനമായ എന്തെങ്കിലും കൈവരിക്കാന്‍ സാധിക്കുമോ? ദൈവ സൃഷ്ടിപ്പിന്റെ ചില അംശങ്ങളെ അനുകരിക്കുന്ന നിര്‍മിതികള്‍ മനുഷ്യന്‍ നിര്‍മിക്കുന്നതിന്റെ സാംഗത്യവും അതിര്‍വരമ്പും എന്താണ്? തുടങ്ങിയവ ഉദാഹരണം. എന്റെ കാഴ്ചപ്പാടില്‍, ഇവയൊന്നും ഇനി സയന്‍സ് ഫിക്ഷനല്ല. മറിച്ച്, ദൈവവും സൃഷ്ടികളും തമ്മിലുള്ള ബന്ധത്തില്‍ നമ്മുടെ ഇടത്തെ പ്രതിയുള്ള ചര്‍ച്ചയുടെ മര്‍മ്മമായി മാറിക്കൊണ്ടിരിക്കുന്ന ചോദ്യങ്ങളാണിവ.

മതപ്രഭാഷണങ്ങളും മതഗ്രന്ഥങ്ങളുടെ വ്യാഖ്യാനങ്ങളും തയ്യാറാക്കാനുള്ള കഴിവ് പരിഗണിക്കുമ്പോള്‍, ജനറേറ്റീവ് എ.ഐക്കും ഭാവിയില്‍ വരാനിരിക്കുന്ന എ.ജി.ഐക്കും (AGI) ഇസ്ലാമിനകത്തുള്ള മതപരമായ അധികാര ഘടനകളെ പുനര്‍നിര്‍മ്മിക്കാന്‍ സാധിക്കുമോ?

സാങ്കേതികവിദ്യ എങ്ങനെയാണ് മതാധികാരവുമായി ഇടകലരാന്‍ പോകുന്നതെന്നതിന്റെ ഒരു നേര്‍ക്കാഴ്ച ജനറേറ്റീവ് എ.ഐ ഇപ്പോള്‍ത്തന്നെ നമുക്ക് നല്‍കുന്നുണ്ട്. പ്രഭാഷണങ്ങള്‍, നിയമപരമായ അഭിപ്രായങ്ങള്‍ (ഫത്വകള്‍), എന്തിന് തഫ്‌സീറുകള്‍ പോലും നിര്‍മ്മിക്കാനുള്ള ഈ ടൂളുകളുടെ കഴിവ്, ആര്‍ക്കാണ് – അല്ലെങ്കില്‍ എന്തിനാണ് – മതവിഷയങ്ങളില്‍ ആധികാരികമായി സംസാരിക്കാന്‍ അധികാരമുള്ളതെന്ന ഗൗരവതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു.

ഇസ്ലാമില്‍ മതാധികാരം പാണ്ഡിത്യം, ധാര്‍മ്മിക ഔന്നിത്യം, ആത്മീയ ഉള്‍ക്കാഴ്ച തുടങ്ങിയ മാനുഷികമായ ഗുണങ്ങളുമായി ആഴത്തില്‍ ബന്ധപ്പെട്ട് കിടക്കുന്നതാണ്. ‘ഉസൂലുല്‍ ഫിഖ്ഹ്’ അല്ലെങ്കില്‍ ‘തഫ്‌സീര്‍’ സംബന്ധമായ മുഴുവന്‍ വിവരങ്ങളും വിശകലനം ചെയ്യാന്‍ ഒരു നിര്‍മ്മിതബുദ്ധിക്ക് സാധിച്ചാലും, ഈ അടിസ്ഥാനപരമായ ഗുണങ്ങള്‍ അതിന് ഇല്ല എന്നത് അവയുടെ പരിമിതിയും യാഥാര്‍ത്ഥ്യവുമാണ്. ആഴത്തില്‍ മതജ്ഞാനമുള്ള ഒരു വ്യക്തിയെ പോലെ ടെക്‌സ്റ്റ് ജനറേറ്റ് ചെയ്യാന്‍ എ.ഐക്ക് സാധിച്ചേക്കാം. എന്നാല്‍ ഇസ്ലാമിലെ പാണ്ഡിത്യത്തിന്റെ അടിത്തറയായ ധാര്‍മ്മിക ആത്മീയ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ (നിലവില്‍) അതിന് സാധിക്കില്ല.

അതേസമയം, ആര്‍ട്ടിഫിഷ്യല്‍ ജനറല്‍ ഇന്റലിജന്‍സിനോ (AGI) ആര്‍ട്ടിഫിഷ്യല്‍ സൂപ്പര്‍ ഇന്റലിജന്‍സിനോ (ASI) ഈ അവസ്ഥയില്‍ മാറ്റം കൊണ്ട് വരാന്‍ കഴിഞ്ഞേക്കുമെന്ന സാധ്യത തള്ളിക്കളയാനാവില്ല. യന്ത്രങ്ങള്‍ക്ക് ആത്മവിമര്‍ശനം (self reflection),ഉദ്ദേശ്യം (intentionality),അല്ലെങ്കില്‍ ധാര്‍മ്മിക ചിന്ത പോലുള്ള കഴിവുകള്‍ വികസിപ്പിക്കാന്‍ കഴിഞ്ഞാല്‍, മുസ്ലിം ദൈവശാസ്ത്രജ്ഞര്‍ ഗൗരവ ചോദ്യങ്ങളെ അഭിമുഖീകരിക്കേണ്ടി വരും. അത്തരമൊരു ടെക്‌നോളജിക്ക് ഇസ്ലാമിക പാരമ്പര്യത്തിനകത്ത് അര്‍ത്ഥവത്തായ രീതിയില്‍ മതവ്യാഖ്യാനങ്ങളിലും നിയമവ്യവഹാരങ്ങളിലും പങ്കാളിയാകാന്‍ സാധിക്കുമോ? അതിനെ എപ്പോഴെങ്കിലും ഒരു നിയമാനുസൃത അധികാര ജ്ഞാന സ്രോതസ്സായി വിശ്വസിക്കാമോ? അതല്ല, ഒരു മതസമൂഹത്തെ നയിക്കുന്നതിന് മനുഷ്യന് മാത്രം അവകാശപ്പെടാവുന്ന എന്തെങ്കിലും ഒന്ന് അന്നും അവശേഷിക്കുമോ? തുടങ്ങിയ ചോദ്യങ്ങള്‍ ഇപ്പോള്‍ തന്നെ ഉയര്‍ന്ന് തുടങ്ങിയിട്ടുണ്ട്.

ബോധപൂര്‍വ്വമായ ചിന്താശേഷിയില്ലെങ്കില്‍ പോലും, നിര്‍മ്മിതബുദ്ധി ഇന്ന് മതവ്യവഹാരങ്ങളില്‍ ആഴത്തില്‍ സ്വാധീനം ചെലുത്തുന്നുണ്ട്. നിര്‍മ്മിതബുദ്ധി നിര്‍മ്മിക്കുന്ന പ്രഭാഷണങ്ങളും ഫത്വകളും പുതുമ തേടുന്ന ചില സമൂഹങ്ങളെ ആകര്‍ഷിക്കുന്നുണ്ട്. പണ്ഡിതന്മാരെ പൂര്‍ണ്ണമായി ഒഴിവാക്കി അല്‍ഗോരിതം നല്‍കുന്ന ഉത്തരങ്ങളെ ആശ്രയിക്കുന്ന പ്ലാറ്റ്ഫോമുകള്‍ ഉയര്‍ന്നുവരുന്നുമുണ്ട്. ഇത്, മതാധ്യാപനങ്ങളെ കൂടുതല്‍ ജനാധിപത്യവത്കരിക്കുമെങ്കിലും നൂറ്റാണ്ടുകളുടെ സൂക്ഷ്മവും സങ്കീര്‍ണവുമായ വഴികളിലൂടെ രൂപപ്പെട്ട പാരമ്പര്യജ്ഞാന മേഖലകളെ കേവലം സൗണ്ട് ബൈറ്റുകളും ചില ടെകസ്റ്റുകളും മാത്രമായി ചുരുക്കുന്നതിലേക്കും അതിന്റെ ഗരിമ നഷ്ടപ്പെടുന്നതിലേക്കും നയിച്ചേക്കാം.

ഒരുപക്ഷേ, നിര്‍മ്മിതബുദ്ധി മനുഷ്യന്റെ ജ്ഞാനാധികാര പരിധിയിലേക്ക് കടന്ന് കയറുമോ എന്നതിനേക്കാള്‍ അടിയന്തിരമായ ചോദ്യം, പൊതുജനം എ.ഐ ടൂളുകളെ എങ്ങനെ കാണുന്നുവെന്നതാണ്. സാങ്കേതികവിദ്യയെ കൂടുതലായി ആശ്രയിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന ഒരു ലോകത്ത്, ഈ ടൂളുകളുടെ അത്ഭുതകരമായ ഭാഷാസിദ്ധി മൂലം ഇവയെല്ലാം അഗാധ’ജ്ഞാനി’കളാണെന്നും ആധികാരികമാണെന്നും തെറ്റിദ്ധരിക്കാന്‍ സാധ്യത കൂടുതലാണ്. ഇസ്‌ലാമിക പാണ്ഡിത്യം കേവലം വിവരങ്ങള്‍ മാത്രമല്ലെന്നും സാമൂഹിക പ്രതിബദ്ധത, ദൈവിക ബന്ധം തുടങ്ങിയ മൂല്യങ്ങള്‍ അതിന്റെ അഭിവാജ്യ ഘടകമാണെന്നും ഊന്നിപ്പറയേï സമയം കൂടിയാണിത്.

നിര്‍മിത ബുദ്ധിയുടെ അഭൂതപൂര്‍വമായ വളര്‍ച്ച ഇസ്‌ലാമിക വൈജ്ഞാനിക പാരമ്പര്യത്തിന് വെല്ലുവിളിയാവാന്‍ സാധ്യതയുണ്ടോ? അതോ ഹദീസ്, കലാം, ഫിഖ്ഹ്, തഫ്‌സീര്‍ തുടങ്ങിയ വിജ്ഞാനശാഖകളെ സമ്പന്നമാക്കാനുള്ള ഒരു ഉപാധിയായി അത് മാറുമെന്നാണോ താങ്കള്‍ വിശ്വസിക്കുന്നുണ്ടോ?

എല്ലാ ടെക്‌നോളജികളെയും പോലെ എ.ഐക്കും രണ്ട് വശങ്ങളുണ്ട്. അതിന്റെ നിര്‍മാണവും ഉപയോഗവും ശരിയായ രീതിയിലല്ലെങ്കില്‍ ഇസ്‌ലാമിക ജ്ഞാനപാരമ്പര്യത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ അത് കാരണമായേക്കും. ഉദാഹരണത്തിന്, ഭീമമായ ഡാറ്റാസെറ്റുകളില്‍ പരിശീലനം നേടിയ നിര്‍മ്മിതബുദ്ധി മോഡലുകള്‍ ഒരുപക്ഷേ പക്ഷപാതപരമായ (biased) വിവരങ്ങള്‍ നല്‍കാം, തെറ്റായ ഉദ്ധരണികള്‍ നിര്‍മ്മിക്കാം (hallucinations), അല്ലെങ്കില്‍ പണ്ഡിതാഭിപ്രായങ്ങളെ ഗണ്ഡിതമായ തീരുമാനമായി അവതരിപ്പിച്ചേക്കാം. എ.ഐ യുടെ ഇത്തരം സാഹചര്യങ്ങളും പരിമിതികളും ഗഹനവും സങ്കീര്‍ണവുമായ ഇസ്‌ലാമിക വൈജ്ഞാനിക പാരമ്പര്യത്തിന്റെ ഗരിമ നഷ്ടപ്പെടുത്താനും അതിന്റെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടാനും ഇടയാക്കിയേക്കാം.
മറുവശത്ത്, വിവേകത്തോടെ ഉപയോഗിച്ചാല്‍, ഹദീസ്, കലാം, ഫിഖ്ഹ്, തഫ്‌സീര്‍ തുടങ്ങിയ വിജ്ഞാനശാഖകളെ സമ്പന്നമാക്കാന്‍ നിര്‍മ്മിതബുദ്ധിക്ക് സാധിക്കും. ഉദാഹരണത്തിന്:

ഇല്‍മുല്‍ ഹദീസ്: സങ്കീര്‍ണ്ണമായ ഇസ്‌നാദ് (നിവേദക ശൃംഖല) ശൃംഖലകളെ അടയാളപ്പെടുത്താനും വലിയ ഡാറ്റാബേസുകളിലുടനീളമുള്ള റിപ്പോര്‍ട്ടുകളിലെ അസ്വാഭാവികതകള്‍ കïെത്താനും നിര്‍മ്മിതബുദ്ധിക്ക് സഹായിക്കാനാകും.
ഇല്‍മുല്‍ കലാം: ക്ലാസികല്‍ ഗ്രന്ഥങ്ങളിലെ വൈജ്ഞാനിക വ്യവഹാരങ്ങളെയും സംവാദങ്ങളെയും പുനരുത്പാദിപ്പിക്കാന്‍ ഇവക്ക് സാധിക്കും. സങ്കീര്‍ണ്ണമായ ദൈവശാസ്ത്ര നിലപാടുകള്‍ അനായാസം ഗ്രഹിക്കാന്‍ ഇവ വിദ്യാര്‍ത്ഥികളെ സഹായിക്കും.
ഫിഖ്ഹ്: നിയമവിധികളുടെ വലിയ ശേഖരങ്ങളെ വിശകലനം ചെയ്ത്, അവയിലെ പൊതുവായ ഘടകങ്ങളെ തിരിച്ചറിയാനും ഇത്രയും കാലം ശ്രദ്ധിക്കപ്പെടാതെ പോയ ഫത്‌വകളെ വെളിച്ചത്ത് കൊണ്ട് വരാനും എ.ഐ ടൂളുകള്‍ക്കാവും. ഇത് താരതമ്യ നിയമ പഠനത്തെ വലിയ തോതില്‍ സഹായിക്കും.
തഫ്‌സീര്‍: ഭാഷാപരമായ വിശകലനത്തിനും വിവിധ സൂക്തങ്ങള്‍ക്കിടയിലെ വിഷയപരമായ ബന്ധങ്ങള്‍ കïെത്താനും ഇവക്ക് സഹായിക്കാനായേക്കും.
നിര്‍മിത ബുദ്ധിയെ നാം എങ്ങനെ കാണുന്നു എന്നതാണ് ഇവിടെ പ്രധാനം. ഇസ്ലാമിക വൈജ്ഞാനിക പാരമ്പര്യത്തില്‍ വിമര്‍ശനാത്മക ചിന്ത (ഇജ്തിഹാദ്), നൈതിക വിവേചനം, ആത്മീയ ഉത്തരവാദിത്തം എന്നിവ പ്രധാനമാണ്. ഇവയൊന്നും നിര്‍മ്മിതബുദ്ധിക്കില്ല. അതിനാല്‍, നിര്‍മ്മിതബുദ്ധിയെ സ്വയം ഒരു ഭീഷണിയായി കാണുന്നതിലുപരി, യഥാര്‍ത്ഥ അപകടം നിലകൊള്ളുന്നത് നാം അതിന്റെ പങ്കിനെ എങ്ങനെ രൂപപ്പെടുത്തുന്നു എന്നതിലാവും. മുസ്ലിംകള്‍ നിര്‍മ്മിതബുദ്ധിയെ വിമര്‍ശനാത്മകമായും ധാര്‍മ്മികമായും സമീപിക്കുകയാണെങ്കില്‍, നമ്മുടെ പാരമ്പര്യത്തെ ദുര്‍ബലപ്പെടുത്തുന്നതിന് പകരം അതിനെ കൂടുതല്‍ ശക്തിപ്പെടുത്താനുള്ള ഉപാധിയായി അതിനെ മാറ്റാന്‍ സാധിക്കും.

‘എ.ഐ-മുഫ്തികള്‍’ അല്ലെങ്കില്‍ ‘ടെക്‌നോ-മദ്ഹബ്’ പോലുള്ള ആശയങ്ങളുടെ സാധ്യതയും സാധുതയും എത്രത്തോളമുണ്ട്.?ഉസൂലുൽ ഫിഖ്ഹില്‍ പരിശീലനം നേടുകയും അതിനനുസരിച്ച് ഡാറ്റ വിശകലനം ചെയ്യുകയും ചെയ്യുന്ന ഒരു എ.ഐ മോഡലിന്, ട്രഡീഷണല്‍ ഗ്രന്ഥങ്ങളെ ആധികാരികമായി വിശകലനം ചെയ്ത് ഫത്‌വകള്‍ നിര്‍ദ്ധാരണം ചെയ്യാന്‍ സാധിക്കുമോ?

‘എ.ഐ മുഫ്തി പോലെയുള്ള പുതിയ ആശയങ്ങള്‍ ഇസ്‌ലാമിക കര്‍മശാസ്ത്രത്തിന്റെ ഭാവിയെ കുറിച്ച് രസകരമായ ചോദ്യങ്ങള്‍ മുന്നോട്ട് വെക്കുന്നുണ്ട്. നിലവില്‍, ഏറ്റവും നൂതനമായ നിര്‍മ്മിതബുദ്ധി മോഡലുകള്‍ക്ക് പോലും, ഇസ്‌ലാമിക നിയമനിര്‍മാണത്തിന്റെ അടിസ്ഥാനമായ മൂല്യങ്ങള്‍ സ്വായത്തമാക്കാന്‍ സാധിച്ചിട്ടില്ല. ട്രൈനിംഗ് ഡാറ്റയുടെയും അല്‍ഗോരിതത്തിന്റെയും പ്രതിപ്രവര്‍ത്തനം മാത്രമാണ് നിലവില്‍ അവയില്‍ നടക്കുന്നത്.
എങ്കിലും, ഭാവിയില്‍ ആര്‍ട്ടിഫിഷ്യല്‍ ജനറല്‍ ഇന്റലിജന്‍സിന്റെയോ (A-G-I) ആര്‍ട്ടിഫിഷ്യല്‍ സൂപ്പര്‍ ഇന്റലിജന്‍സിന്റെയോ (A-S-I) സാധ്യതയെ നാം പരിഗണിക്കുകയാണെങ്കില്‍, നിലവിലെ സാഹചര്യത്തില്‍ കാതലായ മാറ്റങ്ങള്‍ വരും. സ്വബോധവും ധാര്‍മിക ഉത്തരവാദിത്തവും ഉണ്ടായേക്കാവുന്ന ഇത്തരം മോഡലുകള്‍ക്ക് കര്‍മശാസ്ത്ര വ്യവഹാരങ്ങളില്‍ മനുഷ്യരെ പോലെ ഇടപെടാന്‍ സാധിക്കുമോ എന്നത് ആഴത്തില്‍ വിശകലനം ചെയ്യേണ്ടതാണ്. ഇസ്‌ലാമിന്റെ തിയോളജികല്‍ ആന്ത്രോപോളജിയുടെയും തക്‌ലീഫിന്റെ മാനദണ്ഡങ്ങളെ കുറിച്ചുള്ള പഠനങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കും ഇത്തരം കാര്യങ്ങള്‍ തീരുമാനിക്കപ്പെടുക.
അത്തരമൊരു വികാസം എ.ഐ ടെക്‌നോളജിയില്‍ സംഭവിച്ചാല്‍ കര്‍മശാസ്ത്ര വ്യവഹാരങ്ങള്‍ക്ക് അവിശ്വസനീയമായ വേഗതയും ആഴവും പരപ്പും കൈവരും. എന്നാലിത്, ഒരു സുപ്രഭാതത്തില്‍ സംഭവിച്ചേക്കുന്ന മാറ്റമായിരിക്കില്ല. ദൈവിക നിയാമക വ്യവസ്ഥയെകുറിച്ചും അതിലെ മനുഷ്യന്റെ കര്‍തൃത്വത്തെ കുറിച്ചും ‘ചിന്ത’യെ കുറിച്ച് പോലും മൗലികമായ ചര്‍ച്ചകളും സംവാദങ്ങളും പുനര്‍വിചിന്തനങ്ങളും നാം നടത്തേണ്ടി വരും.
ഈ ചോദ്യത്തിന് കൃത്യമായ അതെ എന്നോ ഇല്ല എന്നോ ഉത്തരം നല്‍കല്‍ പ്രയാസമാണ്. അഭൂതപൂര്‍വമായ പുതിയ വൈജ്ഞാനിക ഘട്ടത്തിലേക്കാണ് നാം കടക്കുന്നതെന്ന് ഉറപ്പിച്ച് പറയാനാവും. ഉസ്വൂലുല്‍ ഫിഖ്ഹും ഇല്‍മുല്‍ കലാമും രൂപപ്പെടുത്തിയിട്ടുള്ള ട്രഡീഷനില്‍ നിന്ന് കൊണ്ട് ഇത്തരം സാങ്കേതികതകളോട് സംവദിക്കാനാവുമെന്ന് തന്നെയാണ് പ്രതീക്ഷ.

ഇസ്‌ലാമിക വിശ്വാസ ശാസ്ത്രത്തിന്റെ കാഴ്ചപ്പാടില്‍ എ.ഐ-ക്ക് എപ്പോഴെങ്കിലും ധാര്‍മികോത്തരവാദിത്തം പേറുന്ന തക്‌ലീഫ് ഉണ്ടാവാന്‍ സാധ്യതയുണ്ടോ? പ്രത്യേകിച്ചും ജോഫ്രി ഹിന്റണെ പോലുള്ള ചിന്തകര്‍ എ.ഐ-യുടെ ബോധമണ്ഡലത്തെ കുറിച്ച് നടത്തിയ ശ്രദ്ധേയമായ അഭിപ്രായ പ്രകടനങ്ങളുടെ വെളിച്ചത്തില്‍?

ക്ലാസിക്കല്‍ ഇസ്ലാമിക ദൈവശാസ്ത്രമനുസരിച്ച്, തക്ലീഫിന് ചില അടിസ്ഥാന നിബന്ധനകളുണ്ട്: യുക്തി, പക്വത, ഇച്ഛാശക്തി, കൂടാതെ ദൈവിക സൃഷ്ടിപ്പിന്റെ ഭാഗമായുള്ള ശാരീരികാസ്തിത്വം (embodiment) എന്നിവയാണവ. നിലവിലെ എ.ഐ ടൂളുകള്‍ക്ക് ഈ കഴിവുകളൊന്നും ഇല്ല. അവ വിവരങ്ങളും നിര്‍ദ്ദേശങ്ങളും പ്രോസസ്സ് ചെയ്യുന്നു എന്നതിനപ്പുറം, സ്വന്തമായ ബോധമണ്ഡലമോ (consciousness), ഉദ്ദേശ്യമോ (intentionality), യഥാര്‍ത്ഥ ധാര്‍മ്മികബോധത്തോടെയുള്ള തിരഞ്ഞെടുപ്പുകള്‍ നടത്താനുള്ള ശേഷിയോ അവക്കില്ല.
എന്നാല്‍, ജെഫ്രി ഹിന്റനെപ്പോലുള്ള ചിന്തകര്‍ സൂചിപ്പിക്കുന്നതുപോലെ, നിര്‍മ്മിതബുദ്ധിക്ക് സ്വയം ബോധമോ എ.ജി.ഐയുടെ (A-G-I‑) തലത്തിലുള്ള വികാസമോ ഉണ്ടാകാനുള്ള സാധ്യതയെ നാം പരിഗണിക്കുകയാണെങ്കില്‍, ദൈവശാസ്ത്രപരമായ ചര്‍ച്ചകള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകും. ഇസ്‌ലാമിക ദൈവശാസ്ത്രം നിര്‍വചിക്കുന്ന ‘അഖ്‌ലിന്റെ’ പരിധിയിലേക്കുയര്‍ന്ന് ‘തക്‌ലീഫുള്ള’ അസ്തിത്വമായി മാറാന്‍ അവക്ക് സാധിക്കുമോയെന്ന് കണ്ടറിയുക തന്നെ വേണം.
ഇമാം ഫഖ്റുദ്ദീന്‍ അല്‍-റാസി യുക്തിയെ ഒരു സ്‌പെക്ട്രമായാണ് കïത്, മൃഗങ്ങളില്‍ പോലും വിവിധ തലത്തിലുള്ള യുക്തിയുണ്ടെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. അതേസമയം, അവയുടെ വൈജ്ഞാനിക ഘടനയെ കുറിച്ച് (Cognitive architecture) കൃത്യമായ ഒരു നിലപാട് അദ്ദേഹം എടുക്കുന്നില്ല. ഇമാം റാസിയുടെ ഈ സമീപനം നാം എ.ഐ യുടെ കാര്യത്തില്‍ സ്വീകരിക്കുകയാണെങ്കില്‍ സമീപ ഭാവിയില്‍ തന്നെ എ.ഐ-യുടെ കര്‍തൃത്വത്തെ കുറിച്ചും മോറല്‍ ഏജന്‍സിയെ കുറിച്ചുമെല്ലാം ആഴത്തിലുള്ള ചര്‍ച്ചകള്‍ ഇസ്‌ലാമിക ദൈവശാസ്ത്ര മണ്ഡലത്തില്‍ നടക്കേണ്ടതായി വരും.
‘അഖ്‌ലിനെ’ കുറിച്ച് മൗലികമായ ചര്‍ച്ചകള്‍ നടന്നെങ്കില്‍ മാത്രമേ ഈ വികാസം സാധ്യമാവൂ. ‘അഖ്ല്‍’ ജൈവികതയില്‍ മാത്രം നിക്ഷിപ്തമാണോ അതോ അജൈവിക സ്വത്വങ്ങളില്‍ ‘അഖ്‌ലും’ ബോധമണ്ഡലവും രൂപപ്പെടുമോ തുടങ്ങിയ ചര്‍ച്ചകള്‍ പുതിയ വഴിത്തിരിവിലേക്ക് കടക്കും. നിലവില്‍, എ.ഐ-ക്ക് തക്‌ലീഫ് ഉണ്ടെന്ന് പറയുന്നത് ബാലിഷമാണ്. എന്നാല്‍ ഭാവിയിലതിന്റെ സാധ്യതയെ പൂര്‍ണമായും തള്ളിക്കളയാനും സാധ്യമല്ല. ഇമാം റാസിയുടെ ചിന്തകള്‍ ഈ വിഷയത്തില്‍ നമുക്ക് വഴികാട്ടിയാവുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. തദ്വിഷയകമായി ഒരു പ്രബന്ധം വൈകാതെ തന്നെ പബ്ലിഷ് ചെയ്യുന്നുണ്ട്.

അക്കാദമിക ഗവേഷണങ്ങളില്‍ എ.ഐ ടൂളുകളുടെ ഉപയോഗം വര്‍ധിച്ച് വരികയാണല്ലോ. അല്‍ഗോരിത പക്ഷപാതം (algorithmic biases) ജ്ഞാനശാസ്ത്ര പക്ഷപാതം (epistemic bias) എ.ഐ വരുത്തുന്ന പിഴവുകള്‍ പോലെയുള്ള പരിമിതികള്‍ ഇസ്‌ലാമിക വിഷയങ്ങളിലെ അക്കാദമിക പഠനങ്ങളെ എങ്ങനെ ബാധിക്കുമെന്നാണ് താങ്കള്‍ കരുതുന്നത്?

എ.ഐ ടൂളുകള്‍ അക്കാദമിക ഗവേഷണ രംഗത്ത്, പ്രത്യേകിച്ച് ഇസ്ലാമിക പഠനങ്ങളില്‍, വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നു തുടങ്ങിയിട്ടുï്. അവ വലിയ സാധ്യതകളാണ് തുറന്നുതരുന്നത്. നേരത്തെ സൂചിപ്പിച്ചതുപോലെ, ഖുര്‍ആനിക സൂക്തങ്ങളുടെ ആശയഘടന തയാറാക്കാനും, ഹദീസ് നിവേദക പരമ്പരകള്‍ കïെത്താനും, കര്‍മശാസ്ത്രപരമായ തീര്‍പ്പുകളിലെ പൊതുവായ രീതികള്‍ മനസ്സിലാക്കാനും ലാര്‍ജ് ലാംഗേജ് മോഡലുകള്‍ക്ക് (Large language models (LLMs)) സാധിക്കും. വിശാലവും വൈവിധ്യവുമായ ക്ലാസികല്‍ രചകനളില്‍ ഗവേഷണം നടത്തുന്നവര്‍ക്ക് ഈ ടൂളുകള്‍ വലിയ സഹായമായിരിക്കും.
എന്നാല്‍ ഗൗരവമേറിയ ചില പരിമിതികളും വെല്ലുവിളികളും ഇതിനുണ്ട്. അല്‍ഗോരിത പക്ഷപാതം (Algorithmic bias) ഒരു പ്രധാന ആശങ്കയാണ്. നിര്‍മ്മിതബുദ്ധിയുടെ കഴിവ് അതിന് നല്‍കുന്ന ഡാറ്റയെ ആശ്രയിച്ചിരിക്കും. ആ ഡാറ്റയില്‍ സാംസ്‌കാരികമോ പ്രത്യയശാസ്ത്രപരമോ ആയ പക്ഷപാതങ്ങള്‍ ഉണ്ടെങ്കില്‍ അത് പ്രസ്തുത ടൂളിന്റെ പ്രവര്‍ത്തനത്തില്‍ പ്രതിഫലിക്കും. അവ ഇസ്‌ലാമിക ഗ്രന്ഥങ്ങളെ വളച്ചൊടിക്കാനും തെറ്റായ വിവരങ്ങള്‍ നല്‍കാനും സാധ്യതയുണ്ട്. അതുപോലെ, പാരമ്പര്യമായി നാം പിന്തുടരുന്ന വ്യാഖ്യാനശാസ്ത്ര രീതികളേക്കാള്‍ (Hermeneutical methods) നിര്‍മ്മിതബുദ്ധി നല്‍കുന്ന നിരീക്ഷണങ്ങള്‍ക്ക് ഗവേഷകര്‍ അറിഞ്ഞോ അറിയാതെയോ മുന്‍ഗണന നല്‍കുന്നത് ജ്ഞാനശാസ്ത്ര പ്രതിസന്ധികള്‍ സൃഷ്ടിക്കും. യാതൊരു അടിസ്ഥാനവുമില്ലാത്ത ഉദ്ധരണികള്‍ ആധികാരികമായി അവതരിപ്പിക്കുകയോ ആശയങ്ങളെ തെറ്റായി ചിത്രീകരിക്കുകയോ ചെയ്യുന്ന ‘ഹാലൂസിനേഷന്‍’ (hallucination) ആണ് മറ്റൊരു പ്രശ്‌നം. മതപഠനങ്ങളുടെ കാര്യത്തില്‍ ഇത് പണ്ഡിതര്‍ക്കും പൊതുജനങ്ങള്‍ക്കും ഒരുപോലെ ദോഷം ചെയ്യും.
ഇവിടെ, എ.ഐ നല്‍കുന്ന വിവരങ്ങളെ വിമര്‍ശനാത്മകമായി മാത്രം സമീപിക്കുകയെന്നത് മാത്രമാണ് പ്രതിവിധി. ആധികാരിക ജ്ഞാനസ്രോതസ്സായി ഇത്തരം ടൂളുകളെ പരിഗണിക്കാതെ പഠന സഹായിയായി മാത്രമായായിരിക്കണം നാമതിനെ കാണേണ്ടത്. അത് നല്‍കുന്ന വിവരങ്ങള്‍ കര്‍ശനമായി പരിശോധിക്കപ്പെടണം. കൂടാതെ പണ്ഡിതര്‍ ഈ ഉപകരണങ്ങളുടെ കഴിവും പരിമിതികളും നല്ലപോലെ മനസ്സിലാക്കുകയും വേണം. ക്രിയാത്മകമായി ഇടപെട്ടാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിര്‍മ്മിതബുദ്ധിക്ക് ഇസ്ലാമിക പഠനങ്ങളെ സമ്പന്നമാക്കാന്‍ കഴിയുമെന്നാണ് ഞാന്‍ കരുതുന്നത്. ഇത്തരം ടൂളുകള്‍ വികസിപ്പിക്കുന്നതില്‍ പണ്ഡിതര്‍ തന്നെ പങ്കാളികളാവുകയാണെങ്കില്‍ ട്രെയിനിംഗ് ഡേറ്റ മൂലം ഉണ്ടായേക്കാവുന്ന ബയാസുകള്‍ ഒരു പരിധി വരെ ഇല്ലായ്മ ചെയ്യാനും സാധിച്ചേക്കാം. അതിസൂക്ഷമത പാലിച്ചില്ലെങ്കില്‍ നമ്മുടെ വൈജ്ഞാനിക പാരമ്പര്യത്തിനേല്‍ക്കുന്ന ക്ഷതം മാരകമായിരിക്കും.

‘ഡിജിറ്റല്‍ മരണാനന്തര ജീവിതം’ (digil life) എന്ന പുതിയ ആശയത്തെ എങ്ങനെയാണ് വിലയിരുത്തുന്നത്? റോബോട്ടിക്‌സ്, എ.ജി.ഐ (AGI), വെര്‍ച്വല്‍ സിമുലേഷനുകള്‍ എന്നിവയെല്ലാം സംയോജിപ്പിച്ച് പുതിയ സാങ്കേതിക വിദ്യ രൂപപ്പെടുകയാണെങ്കില്‍ എന്തെല്ലാം ധാര്‍മ്മികവും ദൈവശാസ്ത്രപരവുമായ ആശങ്കകളാണ് അത് ഉയര്‍ത്താന്‍ സാധ്യതയുള്ളത്?

‘ഡിജിറ്റല്‍ മരണാനന്തര ജീവിതം’ എന്ന ആശയം കൗതുകമുണര്‍ത്തുന്ന ചിന്തയാണെങ്കിലും ദൈവശാസ്ത്രപരമായ അതിരുകള്‍ അതിനുണ്ട്. മനുഷ്യാസ്ഥിത്വത്തെ കേവലം ഓര്‍മകളുടെയും ഇഷ്ടങ്ങളുടെയും പെരുമാറ്റ രീതികളുടെയും ഡാറ്റ കളക്ഷനാക്കി മാറ്റുകയും ഡിജിറ്റലായി ‘പുനരുജ്ജീവിപ്പിക്കുകയുമാണ് ഈ ആശയം ചെയ്യുന്നത്. ഇസ്‌ലാമില്‍ മനുഷ്യന്‍ കേവലമായ ചില ഡാറ്റയോ അവയുടെ പ്രോസസ്സിംഗ് യൂനിറ്റോ അല്ല. ശരീരവും ആത്മാവും ബുദ്ധിയും ചേര്‍ന്ന സങ്കീര്‍ണ ജീവിയാണ് മനുഷ്യന്‍. യഥാര്‍ത്ഥ മരണാനന്തര ജീവിതം എന്നത് സൃഷ്ടാവ് നമ്മെ പൂര്‍ണ്ണമായി പുനഃസൃഷ്ടിക്കുന്ന ഒരു അതിഭൗതിക യാഥാര്‍ത്ഥ്യമാണ്. ഒരു സിമുലേഷനും സാങ്കേതികമായി അനുകരിക്കാന്‍ സാധിക്കാത്തതാണത്.
ഭാവിയിലെ സാങ്കേതിക മുന്നേറ്റങ്ങളെ കണക്കിലെടുത്താല്‍ പോലും ഗൗരവമായ ദൈവശാസ്ത്ര പ്രശ്‌നങ്ങള്‍ക്ക് ഈ ആശയം കാരണമാവുന്നുണ്ട്. ഒരു വ്യക്തിയുടെ ഡിജിറ്റല്‍ പതിപ്പിന് യഥാര്‍ത്ഥ വ്യക്തിയുമായി ഏത് രീതിയിലുള്ള ബന്ധമായിരിക്കും ഉണ്ടാവുക, യഥാര്‍ത്ഥ വ്യക്തിയെ പരിപൂര്‍ണമായും പ്രതിനിധീകരിക്കാന്‍ ഇവക്ക് സാധിക്കുമോ? പ്രസ്തുത വ്യക്തിക്ക് ഒരിക്കലും യോജിക്കാന്‍ സാധിക്കാത്ത കാര്യങ്ങള്‍ ഡിജിറ്റല്‍ പതിപ്പ് ചെയ്യാനും പറയാനും സാധ്യതയില്ലേ… തുടങ്ങി അനവധി ചോദ്യങ്ങള്‍ ഇതിന്റെ ദൈവശാസ്ത്ര സാധുതയെ നിരാകരിക്കുന്നുണ്ട്.
അതേസമയം, ഒരു ദൈവശാസ്ത്രജ്ഞന്‍ എന്ന നിലയില്‍ സൃഷ്ടാവ് തന്റെ സൃഷ്ടിയില്‍ ഒരുക്കി വെച്ചിരിക്കുന്ന മുഴുവന്‍ അത്ഭുതങ്ങളെ കുറിച്ചും നമുക്ക് ധാരണയുണ്ടെന്ന് കരുതാന്‍ പറ്റില്ലല്ലോ. ഒരുപക്ഷേ നമുക്കറിയാത്ത പല അത്ഭുതങ്ങളും ഭാവിയില്‍ സംഭവിച്ചേക്കാം. എങ്കിലും, നിലവില്‍ യഥാര്‍ത്ഥ പുനരുദ്ധാനത്തിലെത്താന്‍ ഒരു സാങ്കേതിക വിദ്യക്കും സാധിക്കില്ലെന്ന് തന്നെയാണ് എന്റെ വിശ്വാസം. ഡിജിറ്റല്‍ ആഫ്റ്റര്‍ ലൈഫിനെ പോലുള്ള ചിന്തകള്‍ ഒരു പക്ഷേ യഥാര്‍ത്ഥ മരണാന്തര ജീവിതത്തെ കുറിച്ചുള്ള പൊതുജനങ്ങളുടെ ധാരണയെ അട്ടിമറിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

പണ്ഡിതരും പൊതുസമൂഹവുമടങ്ങുന്ന മുസ്‌ലിം ലോകം എ.ഐ പോലുള്ള സാങ്കേതിക വിദ്യകള്‍ ഉയര്‍ത്തിയേക്കാവുന്ന ധാര്‍മികവും സാമൂഹികവും ദാര്‍ശനികവുമായ പ്രത്യാഘാതങ്ങളെ നേരിടാന്‍ സന്നദ്ധമാണോ?

നിലവില്‍, മുസ്ലിം സമൂഹം അതിന് തയാറായിട്ടില്ലെന്നതാണ് എന്റെ വിലയിരുത്തല്‍. മിക്ക പണ്ഡിതരും പൊതുവെ പുതിയ ടെക്‌നോളജികളും വിഷയങ്ങളും ഏറ്റെടുക്കാന്‍ വിമുഖത കാണിക്കാറുണ്ട്. പുതിയ ശാസ്ത്രീയ മുന്നേറ്റങ്ങളോട് സംവദിക്കാത്ത പാഠ്യപദ്ധതി മൂലം രൂപപ്പെടുന്ന മനോഘടനയാവാം അത്. മുസ്‌ലിം ബൗദ്ധിക പാരമ്പര്യത്തെ തടസ്സപ്പെടുത്തി, ധീരവും സര്‍ഗാത്മകവുമായ വൈജ്ഞാനിക ഇടപെടലുകള്‍ നടത്തുന്നതിന് പകരം പാരമ്പര്യ സംരക്ഷണത്തില്‍ തങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പണ്ഡിതരെ നിര്‍ബന്ധിതരാക്കിയ കൊളോണിയലിസത്തിനും ഈ മനോഭാവം വളര്‍ത്തുന്നതില്‍ വലിയ പങ്കുണ്ട്.
മുസ്‌ലിം പൊതുസമൂഹത്തിനും ഇത്തരം വിഷയങ്ങളില്‍ വലിയ അജ്ഞതയുണ്ട്. വലിയൊരു വിഭാഗം ജനങ്ങള്‍ ഇപ്പോഴും ഈ സാങ്കേതിക വിദ്യകള്‍ തങ്ങളെ ബാധിക്കില്ലെന്ന് തെറ്റിദ്ധരിക്കുന്നവരാണ്. ഈ ധാരണ താല്‍കാലികാശ്വാസം നല്‍കുമെങ്കിലും അതിവേഗം വളര്‍ന്ന് കൊïിരിക്കുന്ന സാങ്കേതിക വിദ്യകള്‍ ഉയര്‍ത്തുന്ന ദാര്‍ശനികവും പ്രായോഗികവുമായ വെല്ലുവിളികള്‍ക്ക് മുന്നില്‍ പകച്ച് നില്‍ക്കേണ്ട സാഹചര്യം സൃഷ്ടിക്കും.
ഈ വിഷയത്തില്‍ അടിയന്തിരമായി വ്യാപക ബോധവത്കരണവും പണ്ഡിതരുടെ ഭാഗത്ത് നിന്നുള്ള സക്രിയമായ ഇടപെടലും ഉണ്ടാവേണ്ടതുണ്ട്. ഹറാം-ഹലാല്‍ ചര്‍ച്ചകളില്‍ മാത്രം ഒതുങ്ങാതെ കൂടുതല്‍ ആഴത്തിലുള്ള ചര്‍ച്ചകളില്‍ നാം വ്യാപൃതരാവണം. യന്ത്രങ്ങള്‍ ‘ചിന്തിച്ച്’ തുടങ്ങുന്ന ഈ കാലത്ത് ‘മനുഷ്യനായിരിക്കുന്നതിനെ കുറിച്ച് നാം ചര്‍ച്ചകള്‍ നടത്തണം. അല്‍ഗോരിതങ്ങള്‍ ലോകത്തെ ഗ്രസിക്കുമ്പോള്‍ കര്‍തൃത്വം, ധാര്‍മികോത്തരവാദിത്തം, യഥാര്‍ത്ഥ ജ്ഞാനം തുടങ്ങിയവയെ പുനര്‍വായന നടത്തണം. ഇത്തരം വ്യവഹാരങ്ങളില്‍ നിന്ന് മുസ്ലിം പണ്ഡിതര്‍ മാറിനില്‍ക്കുകയാണെങ്കില്‍ യൂറ്റിലിറ്റേറിയനിസവും ട്രാന്‍സ്ഹ്യൂമനിസവും പോലുള്ള പാശ്ചാത്യ ഇറക്കുമതികള്‍ രംഗം കയ്യടക്കും.

ഭാവിയിലെ സാങ്കേതിക മുന്നേറ്റത്തെ ക്രിയാത്മകമായി സ്വീകരിക്കുന്ന ഒരു സമൂഹത്തെ വളര്‍ത്തിയെടുക്കുന്നതില്‍ പണ്ഡിതര്‍ക്കും രാഷ്ട്രീയ നേതൃത്വത്തിനും എന്തൊക്കെ ഉത്തരവാദിത്തങ്ങളാണുള്ളത്?

സമകാലിക സാഹചര്യത്തില്‍ പണ്ഡിതരും രാഷ്ട്രീയ നേതൃത്വവും വലിയ ദീര്‍ഘവീക്ഷണത്തോടെയും ഉത്തരവാദിത്ത ബോധത്തോടെയും ഉണര്‍ന്ന് പ്രവര്‍ത്തിക്കേïതുണ്ട്. നിര്‍മ്മിതബുദ്ധിയും മറ്റ് സാങ്കേതികവിദ്യകളും അഭൂതപൂര്‍വമായ വേഗതയില്‍ സമൂഹങ്ങളെ മാറ്റിമറിക്കുമ്പോള്‍, പാരമ്പര്യ സംരക്ഷണം എന്നതിലുപ്പുറം മുന്നിലുള്ള വെല്ലുവിളികള്‍ക്കായി ഉമ്മത്തിനെ ബൗദ്ധികമായും ധാര്‍മ്മികമായും സാമൂഹികമായും ശാക്തീകരിക്കല്‍ കൂടി തങ്ങളുടെ ബാധ്യതയായി അവര്‍ കാണണം. സ്വയം സജ്ജരാകുക എന്നതാണ് ഉലമാക്കളുടെ ആദ്യത്തെ ഉത്തരവാദിത്തം. ഇസ്‌ലാമിക പാരമ്പര്യത്തെയും സമകാലിക ലോകത്തെ രൂപപ്പെടുത്തുന്ന ശാസ്ത്ര സാങ്കേതിക ശക്തികളെയും മനസ്സിലാക്കാനുള്ള ബൗദ്ധികാടിത്തറ അവര്‍ രൂപീകരിക്കണം. ഇതിനായി മതപാഠശാലകളിലെ പാഠ്യപദ്ധതികളില്‍ ശാസ്ത്ര തത്ത്വചിന്ത (Philosophy of science)), സാങ്കേതികവിദ്യയുടെ ധാര്‍മ്മികത (Ethics of Technology), സമകാലിക ചിന്തകളുമായുള്ള വിമര്‍ശനാത്മക സംവാദങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിക്കൊïുള്ള പരിഷ്‌കാരങ്ങള്‍ ആവശ്യമായി വന്നേക്കാം. ബൗദ്ധികമായ അതിരുകള്‍ ഭേദിക്കാനും, അപരിചിതമായ വിജ്ഞാനശാഖകളോടും കാഴ്ചപ്പാടുകളോടും സംവദിക്കാനും ഉള്ള ബൗദ്ധിക ആത്മവിശ്വാസം അവര്‍ നേടിയെടുക്കണം. ‘ഹലാല്‍-ഹറാം’ ദ്വന്ദ്വത്തിലൂടെ മാത്രം എല്ലാ കാര്യങ്ങളെയും സമീപിക്കുന്ന രീതിയില്‍ നിന്ന് മാറി, ബുദ്ധിയുള്ള യന്ത്രങ്ങളുടെ ഈ കാലഘട്ടത്തിലെ മനുഷ്യന്റെ അസ്തിത്വ ലക്ഷ്യം, വ്യക്തിത്വം തുടങ്ങിയ ആഴത്തിലുള്ള ചോദ്യങ്ങളെ അഭിസംബോധന ചെയ്യുന്ന ശക്തമായ ദൈവശാസ്ത്ര ചട്ടക്കൂട് അവര്‍ രൂപപ്പെടുത്തണം.
പണ്ഡിതരുടെ ക്രിയാത്മക വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ക്ക് അനുരൂപകമായ മണ്ണൊരുക്കുന്നതാണ് രാഷ്ട്രീയ നേതൃത്വത്തിന്റെ ഉത്തരവാദിത്തം. പലപ്പോഴും, സാങ്കേതികവിദ്യയെ കേവലം ഒരു സാമ്പത്തിക സ്രോതസ്സായിട്ടോ സുരക്ഷാ പ്രശ്‌നമായോ ആണ് പരിഗണിക്കപ്പെടുന്നത്. നിര്‍മ്മിതബുദ്ധി, ബയോടെക്‌നോളജി, ഓട്ടോമേഷന്‍ എന്നിവയുടെ സാമൂഹികവും ധാര്‍മ്മികവുമായ പ്രത്യാഘാതങ്ങള്‍, ജി.ഡി.പി കണക്കുകളെക്കാള്‍ ആഴത്തില്‍ സമൂഹങ്ങളെ ബാധിക്കുമെന്ന് നേതാക്കള്‍ തിരിച്ചറിയണം. ബൗദ്ധിക വ്യവഹാങ്ങള്‍ക്ക് ദൈവശാസ്ത്രജ്ഞരെയും ധാര്‍മ്മിക വിദഗ്ദ്ധരെയും സാങ്കേതിക വിദഗ്ദ്ധരെയും ഒരുമിപ്പിക്കുന്ന ഇന്റര്‍ഡിസിപ്ലിനറി ഗവേഷണ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ അവര്‍ മുന്‍കയ്യെടുക്കണം. സാങ്കേതിക വിദ്യകളുടെ നയരൂപീകരണത്തില്‍ ധാര്‍മികവും ആത്മീയവുമായ ഘടകങ്ങള്‍ പരിഗണിക്കപ്പെടുന്നുവെന്ന് ഉറപ്പ് വരുത്തുക, പാശ്ചാത്യ നിര്‍മിത സെകുലര്‍ പ്രത്യയശാസ്ത്രങ്ങള്‍ ഈ മേഘലയില്‍ സ്വാധീനം ചെലുത്തുന്നില്ലെന്ന് ഉറപ്പ് വരുത്തുക എന്നിവ അവരുടെ ബാധ്യതയാണ്.
എല്ലാത്തിനുമുപരി, ഈ രണ്ട് കൂട്ടരും അടിയന്തിരമായി പ്രവര്‍ത്തിക്കണം. നൂറ്റാണ്ടുകളെടുത്ത് സംഭവിക്കുന്ന പരിവര്‍ത്തനങ്ങളല്ല ഇപ്പോള്‍ സംഭവിച്ച് കൊണ്ടിരിക്കുന്നത്. അതിദ്രുതം മാറിക്കൊണ്ടിരിക്കുന്ന സാങ്കേതികവിദ്യകളോട് പ്രതികരിക്കുന്നതില്‍ കാലതാമസം വരുത്തുന്നത് വലിയ പ്രത്യഘാതങ്ങള്‍ക്ക് കാരണമാവും. മുസ്‌ലിം സമൂഹം അവര്‍ക്ക് പരിചിതമല്ലാത്ത സാങ്കേതികവിദ്യകളാല്‍ പുനര്‍നിര്‍വചിക്കപ്പെട്ട ഒരു ലോകത്ത് തങ്ങളുടെ കര്‍തൃത്വവും സ്വത്വവും കïെത്താന്‍ പാടുപെടുന്ന അവസ്ഥയിലേക്ക് എത്തുകയും ചെയ്യും. ദീര്‍ഘവീക്ഷണത്തോടെ തങ്ങളുടെ സമൂഹങ്ങളെ നയിക്കുക, പാരമ്പര്യത്തിന്റെ സര്‍ഗ്ഗാത്മകവും വിമര്‍ശനാത്മകവും ധാര്‍മ്മികവുമായ ചൈതന്യം വീïെടുത്ത് പുതിയ വെല്ലുവിളികളോട് സധൈര്യം ഇടപെടുക എന്നതാണ് ഉലമാക്കളുടെയും രാഷ്ട്രീയ നേതാക്കളുടെയും ഉത്തരവാദിത്തം.

യൂറ്റിലിറ്റേറിയനിസം, ട്രാന്‍സ്ഹ്യൂമനിസം പോലുള്ള പാശ്ചാത്യ മതേതര മാതൃകകള്‍ക്ക് ഒരു ബദലായി, നിര്‍മ്മിതബുദ്ധിയുടെ വികാസത്തിന് വഴികാട്ടിയാവുന്ന ധാര്‍മിക ചട്ടക്കൂട് മുന്നോട്ട് വെക്കാന്‍ ഇസ്‌ലാമിന് സാധിക്കുമോ?

ഈ വിഷയം സംസാരിക്കാന്‍ ഏറ്റവും യോഗ്യര്‍ ഇസ്‌ലാമിക നിയാമക വ്യവസ്ഥയില്‍ അഗാധ ജ്ഞാനമുള്ള മുഫ്തികളും പണ്ഡിതരുമാണ്. എന്റെ മേഖല തത്വചിന്തയും തിയോളജിയുമാണ്, ഫിഖ്ഹും ഉസ്വൂലുല്‍ ഫിഖ്ഹും അല്ല.

ഫഖ്റുദ്ദീന്‍ അല്‍-റാസിയും അബൂ ഹാമിദ് അല്‍-ഗസാലിയും അടക്കമുള്ള ക്ലാസിക്കല്‍ പണ്ഡിതരുടെ അദ്ധ്യാപനങ്ങള്‍ക്ക്, നിര്‍മ്മിതബുദ്ധിയോടും അനുബന്ധ സമകാലിക സാങ്കേതിക മുന്നേറ്റങ്ങളോടുമുള്ള നമ്മുടെ സമീപനങ്ങളെ രൂപപ്പെടുത്താന്‍ സാധിക്കുമോ?
ഇമാം റാസിയും ഗസാലിയും ജീവിച്ചിരുന്നത് നമ്മുടേതില്‍ നിന്ന് തീര്‍ത്തും വിഭിന്നമായ ലോകത്തായിരുന്നു എന്ന് തിരിച്ചറിയേïത് പ്രധാനമാണ്. നാം ഇന്ന് അഭിമുഖീകരിക്കുന്ന തരത്തിലുള്ള സാങ്കേതിക മുന്നേറ്റങ്ങള്‍ അന്നുണ്ടായിരുന്നില്ലല്ലോ. അതു കൊണ്ട് തന്നെ, ഇന്നത്തെ പ്രശ്‌നങ്ങള്‍ക്കുള്ള കൃത്യമായ പരിഹാരമാര്‍ഗങ്ങള്‍ അവരുടെ പഠനങ്ങളില്‍ നിന്ന് നാം പ്രതീക്ഷിക്കരുത്. എന്നാല്‍ അവര്‍ പുലര്‍ത്തിയിരുന്ന വൈജ്ഞാനികാര്‍ജവവും തുറന്ന രീതിശാസ്ത്രവും നാം ആര്‍ജിക്കേïതുണ്ട്.
‘റഈസുല്‍ കലാം’ (ഇല്‍മുല്‍ കലാമിന്റെ നേതാവ്) എന്ന് പലപ്പോഴും വിളിക്കപ്പെടുന്ന ഇമാം ഫഖ്റുദ്ദീന്‍ അല്‍-റാസി ഈ സമീപനത്തിന്റെ മികച്ച ഉദാഹരണമായിരുന്നു. കലാം, ഫല്‍സഫ തുടങ്ങിയ വൈവിധ്യമാര്‍ന്ന ബൗദ്ധിക പാരമ്പര്യങ്ങളില്‍ നിന്ന് ആശയങ്ങള്‍ സ്വീകരിക്കാന്‍ അദ്ദേഹം ഭയപ്പെട്ടില്ല. ഏതൊരു വിഷയത്തിലും ഏറ്റവും മികച്ച നിലപാടേതെന്ന് മനസ്സിലാക്കാന്‍ വ്യത്യസ്ത ആശയങ്ങളെ അദ്ദേഹം ഒരുമിച്ച് നിര്‍ത്തി താരതമ്യം ചെയ്തു. ചിലപ്പോള്‍ അദ്ദേഹം തത്വചിന്തകരുടെ പക്ഷത്തും മറ്റ് ചിലപ്പോള്‍ ദൈവശാസ്ത്രജ്ഞരുടെ പക്ഷത്തും നിലയുറപ്പിച്ചു. അതിരുകള്‍ ഭേദിക്കാനും കര്‍ക്കശമായ ചിന്താധാരാ ശാഠ്യങ്ങള്‍ക്കപ്പുറത്തേക്ക് ചിന്തിക്കാനുമുള്ള ഈ സന്നദ്ധത മൂലമാണ് അദ്ദേഹത്തെ ഒരു ‘തനി അശ്അരി’ എന്ന് വിശേഷിപ്പിക്കാനാവില്ലെന്ന് ചില ഗവേഷകര്‍ സൂചിപ്പിക്കുന്നത്. ബൗദ്ധികമായ ധൈര്യവും ജിജ്ഞാസയും പാരമ്പര്യത്തോടുള്ള വഞ്ചനയല്ല, മറിച്ച് അതിന്റെ ചൈതന്യത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
സമാനമായിരുന്നു ഇമാം ഗസ്സാലിയുടെയും നിലപാട്. തത്ത്വചിന്തയുടെ ചില വശങ്ങളെ വിമര്‍ശിക്കുമ്പോഴും അദ്ദേഹം അതുമായി ആഴത്തില്‍ സംവദിച്ചു. തന്റെ തസവ്വുഫ്, കലാം, ഫിഖ്ഹ് കാഴ്ചപ്പാടുകളെ സമര്‍ഥമായി സമന്വയിപ്പിക്കാന്‍ അദ്ധേഹത്തിന് സാധിച്ചത് അദ്ധേഹത്തിന്റെ രീതിശാസ്ത്രപരമായ തുറന്ന സമീപനം കാരണമാണ്.
അവര്‍ മുന്നോട്ട് വെച്ച ഈ തുറന്ന സമീപനം വീണ്ടെടുക്കുകയാണ് നാം ചെയ്യേണ്ടത്. പുതിയ ചിന്തകളെ ‘പാശ്ചാത്യന്‍’,’ഇസ്‌ലാമിക്’ എന്ന ദ്വന്തത്തില്‍ കുരുക്കിയിടുന്നതാണ് ഇന്ന് നാം അനുഭവിക്കുന്ന വലിയ ബൗദ്ധിക വെല്ലുവിളികളില്‍ ഒന്ന്. അതിന് പകരം, പരസ്പര സംവാദത്തിന്റെയും ബൗദ്ധിക വ്യവഹാരങ്ങളുടെയും ഭൂമിക സൃഷ്ടിക്കപ്പെടേണ്ടതുണ്ട്. കൊളോണിയല്‍ ഇംപീരിയല്‍ ശക്തികള്‍ മുസ്‌ലിം ലോകത്ത് വരുത്തി വെച്ച വലിയ വിനകളെ മറക്കണമെന്നല്ല ഞാന്‍ പറഞ്ഞതിന്റെ അര്‍ത്ഥം. മറിച്ച്, എന്നാല്‍ ഇസ്ലാമിക പാരമ്പര്യത്തിന് പുറത്തുള്ള എന്തിനെയും സഹജമായി പ്രശ്‌നകരമാണെന്ന് മുദ്ര കുത്തുന്നത് നമ്മുടെ തന്നെ പാരമ്പര്യത്തോട് നാം ചെയ്യുന്ന വലിയ അനീതിയാണെന്നാണ് പറഞ്ഞ് വരുന്നത്.

ജെഫ്രി ഹിന്റൺ

മെഷീന്‍ ലേണിംഗ്, ബയോ എത്തിക്‌സ്, ന്യൂറോ ടെക്‌നോളജി, ഓട്ടോമേഷന്‍ പോലുള്ള സമകാലിക സാങ്കേതികവിദ്യകളുമായി ഇസ്ലാമിക ദൈവശാസ്ത്രത്തെ സംയോജിപ്പിക്കാന്‍ ശ്രമിക്കുന്ന യുവ മുസ്ലിം ഗവേഷകര്‍ക്ക് എന്ത് ഉപദേശമാണ് താങ്കള്‍ക്ക് നല്‍കാനുള്ളത്?

ഈ ചോദ്യത്തിന് അല്പം വിശാലമായി ഉത്തരം നല്‍കാമെന്ന് തോന്നുന്നു. ഞാന്‍ പറയാന്‍ പോവുന്ന കാര്യങ്ങള്‍ താങ്കള്‍ പറഞ്ഞവയുമായി മാത്രമല്ല സമകാലിക വൈജ്ഞാനിക മുന്നേറ്റങ്ങളോട് ഇസ്‌ലാമിക ദൈവശാസ്ത്രത്തെ ചേര്‍ത്ത് വെക്കാന്‍ ശ്രമിക്കുന്ന ആര്‍ക്കും പിന്തുടരാവുന്നതാണ്.
ഒന്ന്, നിങ്ങളുടെ ലക്ഷ്യവും കര്‍തൃത്വവും എന്താണെന്നതില്‍ കൃത്യമായ ധാരണയുണ്ടായിരിക്കുക. പാരമ്പര്യ അറിവുകള്‍ പഠിക്കുകയും അത് ഫോളോ ചെയ്യുകയും ചെയ്യല്‍ മാത്രമാണോ താങ്കള്‍ ഉദ്ദേശിക്കുന്നത്. അതോ അവയെ പുനഃവിചിന്തനത്തിന് വിധേയമാക്കി അതില്‍ നിന്ന് ഊര്‍ജം സ്വീകരിച്ച് സമകാലികതയോട് എന്‍ഗേജ് ചെയ്യുകയാണോ താങ്കളുടെ ലക്ഷ്യം. അടിസ്ഥാനപരമായി ഈ വിഷയത്തിലുള്ള കാഴ്ചപ്പാടായിരിക്കും താങ്കളുടെ തുടര്‍പ്രയാണത്തിന്റെ ദിശ നിര്‍ണയിക്കുന്നത്.
രണ്ട്, സ്വയം സത്യസന്ധനായിരിക്കുക. ‘ആലിമിയ്യ’ കോഴ്സിലൂടെ ഇസ്‌ലാമിക വിജ്ഞാനീയങ്ങളെ കുറിച്ച് നല്ല അവബോധം ഉണ്ടാക്കാന്‍ സാധിക്കും. എന്നാല്‍, എല്ലാവരും എല്ലാ മേഖലകളിലും വിദഗ്ദരാവണമെന്നില്ല. ഓരോരുത്തര്‍ക്കും ശോഭിക്കാന്‍ സാധിക്കുന്ന മേഖലകളുണ്ടാവും. അത് കണ്ടെത്തി അതില്‍ ഫോകസ് ചെയ്യുക. എന്നെ സംബന്ധിച്ചിടത്തോളം അത് ‘കലാം’ ആണ്. ‘കലാം’ ഗ്രന്ഥങ്ങള്‍ വായിക്കാനും ചിന്തിക്കാനും മണിക്കൂറുകളോളം എനിക്ക് ചെലവഴിക്കാനാകും. എന്നാല്‍ എന്നെ ഒരു ‘ഉസൂലുല്‍ ഫിഖ്ഹ്’ ക്ലാസ്സില്‍ ഇരുത്തിയാല്‍, സത്യം പറഞ്ഞാല്‍, എനിക്ക് വിരസത അനുഭവപ്പെടും. ‘ഉസൂലുല്‍ ഫിഖ്ഹി’ന് എന്തെങ്കിലും പ്രശ്‌നമുള്ളത് കൊïല്ല അത്. മറിച്ച് അതെന്റെ പ്രകൃതമാണ്. പറഞ്ഞ് വരുന്നത്, ഓരോരുത്തര്‍ക്കും ആത്മവിശ്വാസവും വൈദഗ്ദ്യവുമുള്ള മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ ശ്രദ്ധിക്കണം എന്നാണ്.
മൂന്ന്, അറബി ഭാഷയില്‍ പ്രാവീണ്യം നേടുക. ഇസ്ലാമിക പാരമ്പര്യത്തിലേക്കുള്ള കവാടമാണ് അറബി. അറബി വശമില്ലെങ്കില്‍, നിങ്ങള്‍ എപ്പോഴും വിവര്‍ത്തനങ്ങളെയും മറ്റു വ്യാഖ്യാനങ്ങളെയും ആശ്രയിക്കേണ്ടി വരും. ഭാഷാ പ്രാവീണ്യമില്ലാതെ ഖുര്‍ആന്‍, സുന്നത്ത്, തുടങ്ങിയ വിശാലവും സങ്കീര്‍ണവുമായ ക്ലാസിക്കല്‍ വിജ്ഞാന ശേഖരങ്ങളുമായി ഫലപ്രദമായി സംവദിക്കാന്‍ സാധിക്കില്ല.
അതേസമയം, ‘ഇസ്ലാമികമല്ലാത്ത’ സ്രോതസ്സുകളില്‍ നിന്ന് പോലും പഠിക്കാന്‍ സന്നദ്ധനാവുക. അക്കാദമിക ലോകം ആശയങ്ങളുടെ ഒരു കമ്പോളമാണ്. ചില കാഴ്ചപ്പാടുകള്‍ ഇസ്ലാമിക ദര്‍ശനങ്ങളുമായി യോജിക്കുന്നവയാകാം, മറ്റുചിലത് അതിന് വിരുദ്ധമാകാം, പലതും ഇതിനിടയില്‍ എവിടെയെങ്കിലും വരുന്നവയുമാകാം. എല്ലാത്തിനെയും വിമര്‍ശനരഹിതമായി സ്വീകരിക്കുക എന്നതല്ല നിങ്ങളുടെ ദൗത്യം, മറിച്ച് വിവേകത്തോടെ വിവേചിച്ചറിയുക. പുറത്തുനിന്നുള്ള ആശയങ്ങള്‍ക്ക് എവിടെയാണ് പുതിയ ഉള്‍ക്കാഴ്ചകള്‍ നല്‍കാന്‍ സാധിക്കുക, പഴയ പ്രശ്‌നങ്ങളെ പുനര്‍രൂപകല്‍പ്പന ചെയ്യാന്‍ അവയെങ്ങനെ സഹായിക്കും എന്നെല്ലാം തിരിച്ചറിയാന്‍ ശ്രമിക്കുക. ആധുനികതയ്ക്ക് അനുയോജ്യമായ രീതിയില്‍ ഇസ്ലാമിനെ പരാവര്‍ത്തനം ചെയ്യുക എന്നല്ല ഇതിനര്‍ത്ഥം. മറിച്ച്, നമ്മുടെ പൂര്‍വസൂരികളായ മഹാപണ്ഡിതര്‍ ചെയ്തതുപോലെ, പാരമ്പര്യത്തിന്റെ രീതിശാസ്ത്രങ്ങളുപയോഗിച്ച് തങ്ങളുടെ കാലഘട്ടത്തിലെ ബൗദ്ധികവും സാംസ്‌കാരികവുമായ ശക്തികളുമായി സംവദിച്ച്, സ്വന്തം കാലഘട്ടത്തിന് അനുയോജ്യമായ പുതിയ ജ്ഞാനോല്പാദനം നടത്തുക എന്നതാണ്.
അവസാനമായി, നല്ല സ്വഭാവവും അക്കാദമിക മനോഭാവവും സ്വായത്തമാക്കുക. വിമര്‍ശനങ്ങളെ അനുഭാവത്തോടെ സ്വീകരിക്കാന്‍ പഠിക്കുക. അഭിപ്രായവ്യത്യാസങ്ങള്‍ ശത്രുതയായി അധഃപതിക്കാത്ത, അര്‍ത്ഥവത്തായ സംവാദങ്ങള്‍ക്ക് അവസരം സൃഷ്ടിക്കുന്നുവെന്ന് ഉറപ്പ് വരുത്തുക. ഐക്യത്തിന് ഏകശിലാത്മകമായ ചിന്താപദ്ധതികള്‍ ആവശ്യമല്ലെന്ന് മനസ്സിലാക്കുക. അങ്ങനെയായിരുന്നെങ്കില്‍, ഫിഖ്ഹിലെ നാല് മദ്ഹബുകള്‍ ഒരിക്കലും ഉണ്ടാകുമായിരുന്നില്ലല്ലോ. സത്യത്തോടുള്ള ഒരു പൊതുവായ പ്രതിബദ്ധതയ്ക്കുള്ളില്‍ നിന്നുകൊണ്ടുള്ള അഭിപ്രായ വൈവിധ്യങ്ങളിലാണ് ഇസ്ലാമിക പാരമ്പര്യം എക്കാലത്തും തഴച്ചുവളര്‍ന്നത്. നിങ്ങള്‍ ഈ മാനസികാവസ്ഥ വളര്‍ത്തിയെടുക്കുകയാണെങ്കില്‍, നമ്മുടെ കാലം അത്യധികം ആവശ്യപ്പെടുന്ന, ശക്തവും, തത്വാധിഷ്ഠിതവും, ദീര്‍ഘവീക്ഷണമുള്ളതുമായ ഒരു സംവാദ സംസ്‌കാരത്തെ പുനരുജ്ജീവിപ്പിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും.

നിര്‍മ്മിതബുദ്ധിയുടെ ഈ കാലഘട്ടത്തില്‍ ഇസ്ലാമിക ചിന്തയുടെ ഭാവിയെക്കുറിച്ച് ആലോചിക്കുമ്പോള്‍, ഏതെല്ലാം പുരോഗതികളാണ് താങ്കള്‍ക്ക് ഏറ്റവും കൂടുതല്‍ പ്രതീക്ഷ നല്‍കുന്നത്?

ഭൂതകാലത്ത് നിന്ന് അനന്തരമായി കിട്ടുന്ന ചില ‘തിരുശേഷിപ്പുകളല്ല’ നമ്മുടെ ട്രഡീഷന്‍ എന്നും, അത് പുതിയ കാലത്തെ ഏറ്റവും സങ്കീര്‍ണ്ണമായ വെല്ലുവിളികളോട് പോലും ക്രിയാത്മകമായി സംവദിക്കാന്‍ ശേഷിയുള്ള സജീവവും ചലനാത്മകവുമായ ഒരു ചട്ടക്കൂടാണെന്നും തിരിച്ചറിയാന്‍ തുടങ്ങിയ ഒരു പുതിയ തലമുറയെ കാണുന്നതാണ് ഏറ്റവും പ്രതീക്ഷനിര്‍ഭരമായിട്ടുള്ളത്. വളരെക്കാലത്തിനു ശേഷം, ക്ലാസിക്കല്‍ ഗ്രന്ഥങ്ങളിലും ഏറ്റവും പുതിയ ശാസ്ത്ര-സാങ്കേതിക ആശയങ്ങളിലും ഒരു പോലെ വ്യുല്‍പത്തിയുള്ള യുവ പണ്ഡിതരെയും ഗവേഷകരെയും ഇന്ന് നമുക്ക് കാണാം. ഈ രണ്ട് ലോകങ്ങളിലും ഒരുപോലെ സഞ്ചരിക്കാനുള്ള കഴിവ് ഭാവിയിലേക്ക് നിര്‍ണ്ണായകമാണ്.
സമീപ നൂറ്റാണ്ടുകളില്‍ മുസ്‌ലിം ലോകത്തെ ഗ്രസിച്ച ബൗദ്ധിക മുരടിപ്പിനെ മറികടക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ ഇന്ന് നടക്കുന്നുണ്ട്. പാരമ്പര്യത്തില്‍ നിന്നും ആധുനികതയില്‍ നിന്നുമുള്ള ചിന്തകളെ അന്ധമായ പകര്‍ത്താതെ രണ്ടില്‍ നിന്നും ഊര്‍ജം ഉള്‍ക്കൊണ്ട് നടക്കുന്ന ഇത്തരം ശ്രമങ്ങളിലൂടെ നമ്മുടെ ധൈഷണിക പാരമ്പര്യത്തിന്റെ തുടര്‍ച്ച കണ്ടെത്താനാവുമെന്നാണ് പ്രതീക്ഷ.
ലോകത്തിന്റെ പല കോണുകളിലായി വര്‍ധിച്ചുവരുന്ന ഇന്റര്‍ഡിസിപ്ലിനറി പ്രവര്‍ത്തനങ്ങളാണ് മറ്റൊരു ശുഭസൂചന. ദൈവശാസ്ത്രജ്ഞര്‍, ധാര്‍മ്മിക വിദഗ്ദ്ധര്‍, ശാസ്ത്രജ്ഞര്‍, സാങ്കേതിക വിദഗ്ദ്ധര്‍ എന്നിവര്‍ തമ്മിലുള്ള ആദാനപ്രദാനങ്ങള്‍ക്ക് വേദികള്‍ സൃഷ്ടിക്കപ്പെടുന്നു. ഇവയെല്ലാം ഇപ്പോഴും പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ മാത്രമാണ്. എങ്കിലും, നിര്‍മ്മിതബുദ്ധി, ധാര്‍മ്മികത, മനുഷ്യന്റെ വ്യക്തിത്വം എന്നിവയെക്കുറിച്ചുള്ള ആഗോള ചര്‍ച്ചകളിലേക്ക് മുസ്ലിംകള്‍ക്ക് അര്‍ത്ഥവത്തായ സംഭാവനകള്‍ നല്‍കാന്‍ കഴിയുന്ന ഒരു ഭാവിയെയാണ് അവ സൂചിപ്പിക്കുന്നത്. ഡിഫന്‍സീവ് നിലപാടില്‍ നിന്ന് മാറി ലോകത്തിന്റെ പുരോയാനത്തിലേക്ക് തങ്ങളുടെ സംഭാവനകള്‍ നല്‍കാന്‍ സാധിക്കുന്ന പൊസിഷനിലേക്ക് ഇതെല്ലാം നമ്മെ കൊണ്ടെത്തിക്കേണ്ടതാണ്.
അവസാനമായി, ഇസ്ലാമിക ചിന്തയുടെ ചരിത്രപരമായ അതിജീവനശേഷിയില്‍ എനിക്ക് വലിയ പ്രതീക്ഷയുണ്ട്. നമ്മുടെ ബൗദ്ധിക പൈതൃകം ഇതിനുമുമ്പും വലിയ വെല്ലുവിളികളെ നേരിടുകയും ഉള്‍ക്കൊള്ളുകയും ചെയ്തിട്ടുണ്ട്: ഗ്രീക്ക് തത്ത്വചിന്ത, പേര്‍ഷ്യന്‍ അതിഭൗതികവാദം, ആധുനിക കൊളോണിയലിസം എന്നിവയെല്ലാം ഉദാഹരണം. ഓരോ ഘട്ടത്തിലും, പ്രയാസകരമെങ്കിലും ശരിയായ ചോദ്യങ്ങളുന്നയിക്കാനും അവക്ക് ക്രിയാത്മകവും ബൗദ്ധികവുമായ ഉത്തരങ്ങള്‍ തേടാനും ധൈര്യം കാണിച്ച പണ്ഡിതര്‍ ഇസ്‌ലാമിക ബൗദ്ധിക പൈതൃകത്തിന് പുതുജീവന്‍ നല്‍കി. അന്നവര്‍ കാണിച്ച ആര്‍ജവവും വിമര്‍ശന ബുദ്ധിയും കൈമുതലാക്കിയാല്‍ സാങ്കേതിക വിദ്യകളുടെ ഈ പുതിയ കാലത്തും ആത്മവിശ്വാസത്തോടെ നമുക്ക് ലോകത്തോട് സംസാരിക്കാനാവും.

നിര്‍മ്മിതബുദ്ധിക്കപ്പുറം, സമകാലിക ഇസ്ലാമിക ചിന്തയില്‍ മറ്റ് എന്തെല്ലാം പുരോഗതികളാണ് താങ്കള്‍ നിരീക്ഷിക്കുന്നത്?

സമകാലിക ഇസ്ലാമിക ചിന്തയിലെ എല്ലാ പുരോഗതികളെക്കുറിച്ചും സമഗ്രമായി സംസാരിക്കാന്‍ എനിക്ക് പരിമിതികളുണ്ട്. എന്നാല്‍ എന്റെ ശ്രദ്ധയില്‍പ്പെട്ട, കൂടുതല്‍ പ്രചാരം നേടിക്കൊണ്ടിരിക്കുന്ന ഒരു മേഖല ഇസ്ലാമും ശാസ്ത്രവും (Islam and science) ആണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഈ മേഖലയില്‍ വലിയ മുന്നേറ്റങ്ങളുണ്ടായിട്ടുണ്ട്.
ഞാന്‍ സയന്‍സ് ആന്‍ഡ് റിലീജിയന്‍ ലക്ചററായി ജോലി ചെയ്യുന്ന എഡിന്‍ബറോ യൂനിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് ഡിവിനിറ്റിയില്‍ എം.എസ്.സി പ്രോഗ്രാമിന്റെ ഭാഗമായി ‘ഇസ്ലാമും ശാസ്ത്രവും’ എന്ന വിഷയത്തില്‍ ഒരു പ്രത്യേക മൊഡ്യൂള്‍ ഞങ്ങള്‍ ഉള്‍പെടുത്തിയിട്ടുണ്ട്. തങ്ങളുടെ വിശ്വാസവും ആധുനിക ശാസ്ത്രീയ ചിന്തയും തമ്മിലുള്ള ബന്ധങ്ങളെ കൃത്യവും സൂക്ഷ്മവുമായ രീതിയില്‍ വിമര്‍ശനാത്മകമായി പര്യവേക്ഷണം ചെയ്യാന്‍ ഉത്സുകരായ പുതിയ തലമുറയിലെ വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കാന്‍ ഇത് പര്യപ്തമാണ്.
കൂടാതെ, ഈ മേഖലയെ കൂടുതല്‍ വ്യവസ്ഥാപിതമാക്കാന്‍ ലക്ഷ്യമിട്ടുള്ള നിരവധി സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. പാല്‍ഗ്രേവ് മക്മില്ലനുമായി ചേര്‍ന്ന് ഇസ്ലാമും ശാസ്ത്രവും എന്ന വിഷയത്തില്‍ ഒരു പുതിയ മോണോഗ്രാഫ് സീരീസ്, അതുപോലെ ലോകമെമ്പാടുമുള്ള പ്രമുഖ പണ്ഡിതരില്‍ നിന്നുള്ള വൈവിധ്യമാര്‍ന്ന കാഴ്ചപ്പാടുകള്‍ ക്രോഡീകരിക്കുന്ന ഒരു വിജ്ഞാനകോശം (Encyclopedia) എന്നിവ അതില്‍ പെടുന്നു.
ലോകമെമ്പാടും മറ്റൊരുപാട് പ്രധാനപ്പെട്ട ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നതില്‍ സംശയമില്ല. എങ്കിലും, ഇസ്‌ലാമും ശാസ്ത്രവും പുതിയ ഘട്ടത്തിലേക്ക് കടക്കുന്നുവെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ആഴത്തിലുള്ള ഒട്ടനവധി പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും ഈ മേഖല വേദിയാവുന്നുണ്ട്. ശാസ്ത്രം, മതം, ധാര്‍മ്മികത എന്നിവയെക്കുറിച്ചുള്ള ആഗോള വ്യവഹാരങ്ങളില്‍ മുദ്ര പതിപ്പിക്കാന്‍ ഇത്തരം ചര്‍ച്ചകള്‍ക്ക് സാധിക്കുന്നുണ്ട്.

ഡോ. ശുഐബ് അഹ്‌മദ് മാലിക്ക് and ഷഹിന്‍ഷാ ഹുദവി

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Most popular

Most discussed