Thelicham

യു എ പി എ : പ്രയോഗവും പ്രചാരവും

പ്രമുഖ ഫ്രഞ്ച് ദാര്‍ശനിക നോവലിസ്റ്റ് ഫ്രാന്‍സ് കാഫ്കയുടെ വളരെ വിഖ്യാതമായ ഒരു നോവലാണ് വിചാരണ(വേല ൃേശമഹ) വളരെ സ്വാഭാവിക ജീവിതം നയിച്ചിരുന്ന ‘മിസ്റ്റര്‍ കെ’ എന്ന വ്യക്തിയുടെ ജീവിതത്തിലേക്ക് ഒരു സുപ്രഭാതത്തില്‍ മുന്നറിയിപ്പേതുമില്ലാതെ പോലീസ് കടന്നുവന്ന് അയാളെ വിചാരണയുടെ ഭാഗമായി അറസ്റ്റ് ചെയ്യുന്നു. എന്ത് തെറ്റാണ് ഞാന്‍ ചെയ്തത് എന്ന് ചോദിക്കുന്ന ‘മിസ്റ്റര്‍ കെ’ യ്ക്ക് പോലീസിന്റെ അടുത്ത് നിന്ന് കൃത്യമായ ഉത്തരങ്ങളൊന്നും ലഭിക്കുന്നില്ല. പകരം അയാളെ കോടതി വ്യവഹാരങ്ങളുടെ നൂലാമാലകളിലേക്ക് അവര്‍ വലിച്ചെറിയുന്നു. താന്‍ ചെയ്ത കുറ്റമെന്തെന്നറിയാതെ ‘മിസ്റ്റര്‍ കെ’ യെന്ന മനുഷ്യന്‍ കോടതി വ്യവഹാരങ്ങളുടെ ഇരുണ്ട ഇടനാഴികകളില്‍ ജീവിതം ഹോമിച്ച് മരിച്ച് വീഴുന്നതാണ് നോവലിന്റെ ഇതിവൃത്തം. നിലവിലെ രാഷ്ട്രീയ പരിസരങ്ങള്‍ ഈ രീതിയില്‍ മിന്നിമറിയുന്ന കാഴ്ചയാണ് നാം കാണുന്നത്. യു.എ.പി.എ എന്ന കരിനിയമം ചാര്‍ത്തപ്പെട്ട് ജയിലിലടക്കപ്പെടുന്നവര്‍ ‘മിസ്റ്റര്‍ കെ’ ആയി പരിണമിച്ച് ജയിലിന്റെ ഇരുട്ടുകളില്‍ ജീവിതം ഹോമിക്കുന്നു. ഈ കരി നിയമത്തിന്റെ പിടിയില്‍ പെട്ടവരുടെയോ അവര്‍ക്ക്് വേണ്ടി ശബ്്ദിക്കുന്നവരുടെയോ വാര്‍ത്തകള്‍ സാമൂഹ്യമാധ്യമങ്ങളുടെ മുഖ്യധാരയിലേക്ക് കടന്നുവരാതെ വിസ്മരിക്കപ്പെടുന്നു. പ്രബുദ്ധരെന്ന് സ്വയം നടിക്കുന്ന കേരളീയര്‍ക്കിടയില്‍ പോലും ഈ കരിനിയമം ചാര്‍ത്തപ്പെട്ട് പലരും ജയിലില്‍ കഴിയുന്നുണ്ടെന്നത് വളരെ വേദനാജനകമാണ്.
ആഗോള സാമ്രാജത്വവും മുസ്‌ലിം അപരസ്ഥലികളും
യു.എ.പി.എ പോലുള്ള കരിനിയമങ്ങളും ഭീകരവിരുദ്ധ നിയമങ്ങളും കേവലാര്‍ഥത്തിലെടുക്കാതെ അതിന്റെ പശ്ചാത്തലം കൂടി പരിഗണനയിലെടുക്കേണ്ടതുണ്ട്. കാരണം ഓരോ നിയമത്തിന് പിന്നിലും ചില അധികാര ശക്തികളുടെ താല്‍പര്യങ്ങളാണ് വര്‍ത്തിക്കുന്നത്. ഇത്തരത്തില്‍ ജന താല്‍പര്യം സംരക്ഷിക്കേണ്ട നിയമങ്ങള്‍ ബൂര്‍ഷ്യാ താല്‍പര്യങ്ങള്‍ക്ക് മുന്നില്‍ മുട്ടുമടക്കുകയാണ്. അതിനാല്‍ തന്നെ നിയമങ്ങള്‍ കാവിപ്പശുക്കളെ പോലെ പവിത്ര ബിംബങ്ങളാണെന്ന ബോധം മാറിക്കൊണ്ടിരിക്കുന്നു. നിയമങ്ങള്‍ അത് രൂപപ്പെട്ട് വരുന്ന പശ്ചാത്തലങ്ങളോട് ചേര്‍ത്ത് വായിച്ചാലേ അതിന് പിന്നിലെ അധികാരങ്ങളെ തുറന്ന് വെളിച്ചത്ത് കൊണ്ടുവരാനാകൂ.
ഇന്ന് ആഗോള വ്യാപകമായി നിലനില്‍ക്കുന്ന ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളും നിയമങ്ങളും പൂര്‍ണാര്‍ഥത്തില്‍ നിഷ്‌കളങ്കമല്ല. മുഴുവന്‍ ഭീകരതക്കും നേരെയുള്ള യുദ്ധമെന്ന് ഉറക്കെ പ്രഖ്യാപിക്കുമ്പോഴും എന്ത് കൊണ്ട് ഭീകരത സമം ഇസ്്‌ലാം എന്ന സമവാക്യം ആഗോള തലത്തില്‍ രൂപപ്പെട്ട് വരുന്നത്? എന്തുകൊണ്ടാണ് ഭീകരവിരുദ്ധ സമരങ്ങള്‍ ചില കുത്തക രാഷ്ട്രങ്ങളുടെ ചൊല്‍പടിയിലാകുന്നത്?
മുസ്്‌ലിമിനെയപരനാക്കി മാറ്റി നിര്‍ത്താനുള്ള അമേരിക്കന്‍ മുതലാളിത്വത്തിന്റെ താല്‍പര്യം ഇതിന് പിന്നില്‍ ശക്തമായി വര്‍ത്തിക്കുന്നുണ്ട്. 9/11 ശേഷം ശക്തമായി വളര്‍ന്ന് വികാസം പ്രാപിച്ച് കൊണ്ടിരിക്കുന്ന ഭീകര വിരുദ്ധ യുദ്ധത്തിലൂടെ മുതലെടുപ്പ് നടത്തുന്നത് ആഗോള മുതാലാളിത്വമാണ്. വേര്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിലൂടെ അമേരിക്കക്ക് നേരെ പുതിയൊരു ലോകമഹായുദ്ധം തന്നെ തുടങ്ങിക്കഴിഞ്ഞു എന്ന് പ്രഖ്യാപിച്ച ബുഷ് ാെീസല വേലാ ീൗ,േ വൗി േവേലാ റീംി എന്ന പരമ്പരാഗത സാമ്രാജത്വഭാവനയെ പുതിയൊരു സാഹചര്യത്തിലേക്ക് മാറ്റി വായിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്.
ഭീകരതക്കെതിരെ രുപപ്പെട്ട് വന്ന്‌കൊണ്ടിരിക്കുന്ന മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നവരില്‍ ഭൂരിഭാഗവും ഇത്തരത്തില്‍ അധിനിവേശ ഭ്രമം ഉള്ളില്‍ വഹിക്കുന്നവരോ ചൂഷക വ്യവസ്ഥിതിയെ താല്‍പര്യപ്പെടുന്നവരോ ആണ്. ഭീകര വിരുദ്ധത എന്ന ആശയത്തെയോ സങ്കല്‍പത്തെയോ അല്ല ഞാനിവിടെ പ്രശ്‌നവല്‍ക്കരിക്കുന്നത്. ഇത്തരമൊരു സങ്കല്‍പത്തെ വികസിപ്പിക്കാന്‍ ശ്രമിക്കുന്നവരുടെ ഉദ്ദേശ്യ ശുദ്ധിയെയാണ് ഞാന്‍ ചോദ്യം ചെയ്യുന്നത്. കാരണം, കാലഹരണപ്പെട്ട ബുര്‍ഷ്വാ മുതലാളിത്വ സാമ്പത്തിക കാഴ്ചപ്പാടുകളുടെ അസ്ഥിരതയെ മറച്ച് വെക്കാനുള്ള ഒരു ശ്രമമാണ് ഒരര്‍ഥത്തില്‍ ഭീകര വിരുദ്ധത.
വ്യത്യസ്ത കാലങ്ങളിലായി തന്റെ നേരെ ഉയര്‍ന്ന് വന്നിരുന്ന വെല്ലുവിളികളെ അതിജീവിക്കാന്‍ മുതലാളിത്വത്തിന് സാധിച്ചു. അധികാര രൂപങ്ങളെ വ്യത്യസ്ത രീതിയില്‍ വ്യാഖ്യാനിച്ചും നിര്‍ണയിച്ചും പ്രതിശബ്ദങ്ങളെ നിയന്ത്രിക്കാന്‍ മൂലധനാധിഷ്ഠിത സാമ്പത്തിക വ്യവസ്ഥകള്‍ക്കായി. അതുകൊണ്ടുതന്നെയാണിന്നും ക്യാപിറ്റസിലിസ്റ്റ് വ്യവസ്ഥ അഭംഗുരം നിലനില്‍ക്കുന്നത്. അമേരിക്കയെന്ന ആഗോള ശക്തിയുടെ ചുവട് പിടിച്ച് ദേശ രാഷ്ട്രങ്ങളിലേക്ക് സാംസ്‌കാരികാധിനിവേശം നടത്തുകയും അതിലൂടെ ലാഭം കൊയ്യുകയും ചെയ്യുന്ന പ്രവണതയാണ് ആഗോള മുതലാളിത്വം തുടര്‍ന്നത്. ഒരു മൂന്നാം ലോക മഹായുദ്ധമായിത്തന്നെ അമേരിക്കയുടെ അധിനിവേശം വിശേഷിപ്പിക്കപ്പെട്ടു. എന്നാല്‍ ഇരുപതാം നൂറ്റാണ്ടിന്റെ ഒടുവില്‍ സംഭവിച്ച കുടിയേറ്റങ്ങളും അഭയാര്‍ഥി പ്രവാഹങ്ങളും ദേശ രാഷ്ട്രമെന്ന സങ്കല്‍പത്തെ ദുര്‍ബലപ്പെടുത്തി. അമേരിക്കയുടെ മറപിടിച്ച് നടത്തപ്പെട്ടിരുന്ന അധിനിവേശങ്ങള്‍ ദുര്‍ബലമായി. അതിനാല്‍ തന്നെ ദേശാതീതമായൊരു സാമ്രാജത്വം രൂപപ്പെടുത്താന്‍ മുലധനാധിഷ്ടിത രാഷ്ട്രീയം പദ്ധതിയിട്ടു. അധികാരത്തെ പിരമിഡ് പോലെ മുകളില്‍ നിന്ന് താഴേക്ക് പ്രവഹിക്കേണ്ട ശക്തിയാണെന്ന പഴയ സാമ്രാജത്വ കാഴ്ചപ്പാടുകള്‍ മാറ്റി അധികാരത്തെ വലക്കണ്ണിപ്പോലെ പരസ്പരം ഇഴകിച്ചേര്‍ന്ന ഒന്നായി വ്യാഖ്യാനിക്കപ്പെട്ടു. മുതലാളിത്വം അധികാരത്തെ കൂടുതല്‍ വിശാലമായ അര്‍ഥത്തില്‍ ആഗോളാടിസ്ഥാനത്തില്‍ നിര്‍വചിക്കാന്‍ തുടങ്ങി.
ആന്റോണിയോ െനഗ്രിയും മീഷേല്‍ ഹാര്‍ത്തും ചേര്‍ന്ന് രചിച്ച ലാുശൃല എന്ന കൃതിയില്‍ ഈ മാറ്റത്തെപ്പറ്റി സവിസ്തരം പ്രതിപാദിക്കുന്നു.
സാമ്രാജത്വമെന്നത് ആധുനിക പാശ്ചാത്യ ദേശരാഷ്ട്രങ്ങള്‍ അവയുടെ അധികാരം പ്രയോഗിച്ച് അവികസിത രാജ്യങ്ങളുടെ മേല്‍ ചുമത്തുന്ന അധീശത്വമാണ്. ഈ അധീശ്വത്വത്തിനും ചൂഷണത്തിനും വേണ്ടി സമ്പന്ന രാഷ്ട്രങ്ങള്‍ പരസ്പരം മല്‍സരിക്കുകയും അവ സാമ്രാജത്വ യുദ്ധങ്ങളായി പരിണമിക്കുകയും ചെയ്തു. വികസിത രാജ്യങ്ങള്‍ അവികസിത രാജ്യങ്ങളുടെ മേല്‍ ചുമത്തിയിരുന്ന സാമ്രാജ്യത്വ അധിനിവേശങ്ങളിലൂടെയാണ് മുതലാളിത്തം ശക്തി പ്രാപിക്കുന്നത്.
എന്നാല്‍ ശേഷം രാജ്യാതിര്‍ത്തിയുടെ അര്‍ഥം മാറുകയും പഴയ അധിനിവേശ സിദ്ധാന്തങ്ങള്‍ ചോദ്യം ചെയ്യപ്പെട്ടു തുടങ്ങുകയും ചെയ്തു. ഇത് പുതിയ രാഷ്ട്രീയ കൂട്ടായ്മയുടെ തുടക്കത്തില്‍ വഴിവെക്കുകയും യൂറോപ്പിലും ഏഷ്യയിലും പുതിയ സഖ്യങ്ങള്‍ രൂപപ്പെടുകയും ചെയ്തു. മുതലാളിത്തം തങ്ങളുടെ അധികാര പ്രയോഗത്തിനുള്ള ഉപകരണമായി കണ്ടത് ഈ രാഷ്ട്രീയ കുട്ടുകെട്ടുകളെയാണ്. അതിലൂടെ തങ്ങളുടെ താല്‍പര്യം മുഴുവന്‍ ലോകത്തെ കൊണ്ടും അംഗീകരിപ്പിക്കാനവര്‍ക്കായി. ഈയൊരു മാറ്റത്തെക്കുറിക്കാനാണ് ലാുശൃല എന്ന പദം പൊതുവില്‍ ഉപയോഗിക്കപ്പെട്ടത്. ആഗോളിടാസ്ഥാനത്തില്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ നടപ്പില്‍ വരുത്താന്‍ മുതലാളിത്വം കണ്ടെത്തിയ വഴിയാണ് ഭീകര വിരുദ്ധത, മറ്റൊരര്‍ഥത്തില്‍ മുസ്്‌ലിം അപരവല്‍ക്കരണം.
പൊതുബോധത്തിനുള്ളിലെ അധികാര ബന്ധങ്ങള്‍
മുസ്്‌ലിംകള്‍ ഭീകരവാദികളാണെന്ന ഉമ്മാക്കി കാട്ടി മൊത്തം ലോക രാഷ്ട്രങ്ങളെ ഭീതിയലകപ്പെടുത്താനും സുരക്ഷയാണ് പ്രഥമ പരിഗണന വേണ്ടത് എന്നവരെ ബോധ്യപ്പെടുത്താനും മുതലാളിത്വത്തിനായി. ആഗോള സാമ്രാജ്യം രൂപം കൊണ്ടു. വ്യത്യസ്ഥ കണ്ണികള്‍ ചേര്‍ന്ന വലപോലെ ഒരധികാര വ്യവസ്ഥ രൂപ്പെട്ടുവന്നു. അധിനിവേശ മുഖം മറച്ചുവെച്ച് കൂടുതല്‍ ജനകീയമായ ആഗോള സാമ്രാജ്യ കാഴ്ചപ്പാടുകള്‍ വികസിപ്പിക്കാനുള്ള മുതലാളിത്വ താല്‍പര്യമാണ് മുസ്്‌ലിം ഭീകര വിരുദ്ധ നിയമങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.
തങ്ങളുടെ അധികാരശക്തി ഉപയോഗിച്ച് പൊതുബോധത്തെ പോലും തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ അമേരിക്കക്ക് സാധിച്ചു. മുസ്‌ലിംകളെ അപരവല്‍കരിക്കാനുള്ള ശ്രമം നടത്തുന്നത് സെകുലറിസ്റ്റ് വൃത്തത്തിനുള്ളില്‍ വെച്ചു തന്നെയാണ്. തങ്ങള്‍ക്ക് വേണ്ട പുതിയൊരു ലോകക്രമം രൂപപ്പെടുത്താനാണ് അമേരിക്ക ശ്രമിക്കുന്നത്. ഫ്രാന്‍സിസ് ഫുകിയാമയുടെയും സാമുവല്‍ ഹണ്ടിങ്ടണിന്റെയും ചിന്താമണ്ഡലങ്ങള്‍ അമേരിക്കക്ക് പുതിയൊരു രാഷ്ട്രീയ മുന്നേറ്റത്തിന് വഴിയൊരുക്കി.
സംസ്‌കാരത്തെ കൂട്ടുപിടിച്ച് പുതിയൊരു ലോകക്രമം രൂപീകരിക്കാനുള്ള കുത്തക ബൂര്‍ഷാസികളുടെ ശ്രമത്തെ പറ്റി സൂചിപ്പിക്കാനാണ് ഗ്രാംഷി ‘കള്‍ച്ചറല്‍ ഹെജിമണി’ എന്ന വാക്കുപയോഗിക്കുന്നത്. നേരിട്ടുള്ള രാഷ്ട്രീയ അധിനിവേശ രീതികളില്‍ നിന്ന് മാറി പൗരസമൂഹത്തിനകത്ത് വര്‍ത്തിക്കുന്ന സംസ്‌കാരത്തെ ഉപയോഗപ്പെടുത്തി ഒരാള്‍ അറിയാതെ തന്നെ അയാളുടെ ചിന്താമണ്ഡലങ്ങളെ നിയന്ത്രിക്കാനും അതിലൂടെ തങ്ങളുടെ ഇച്ചക്കനുസരിച്ച് പൊതുബോധം സൃഷ്ടിക്കാനും അധികാരശക്തികള്‍ക്കായി. പൊതുബോധം വെറുതെ രൂപപ്പെട്ടു വന്ന ഒന്നല്ലെന്നും അതിനു പിന്നില്‍ അധികാര ബന്ധങ്ങള്‍ വര്‍ത്തിക്കുന്നുണ്ടെന്നും എഡ്‌വാര്‍ഡ് സൈദ് പറഞ്ഞത് ഈ അര്‍ത്ഥത്തിലാണ്.
മുസ്‌ലിംകളെ അപര സ്ഥാനത്ത് നിര്‍ത്താന്‍ ഇന്ത്യന്‍ ഭരണകൂടം കൂട്ടുപിടിക്കുന്നതും ഈ പൊതുബോധത്തെയാണ്. അഫ്‌സല്‍ ഗുരുവിന്റെ മരണവാറണ്ടില്‍ പൊതുജനങ്ങളെ തൃപ്തിപ്പെടുത്താനുള്ള ഒരു നടപടിയാണിതെന്ന് എഴുതിച്ചേര്‍ത്ത ഇന്ത്യന്‍ നിയമവ്യവസ്ഥയുടെ ലക്ഷ്യം സോദ്ദേശപരമല്ല. വ്യക്തമായ രാഷ്ട്രീയ ഉദ്ദേശത്തോടെ നിര്‍മിക്കപ്പെട്ട പൊതുബോധ ഫാസിസത്തില്‍ ഇന്ത്യന്‍ ജുഡീഷറിയും പങ്കു ചേര്‍ന്നെന്നുള്ളത് വളരെ വേദനാജനകമായ വസ്തുതയാണ്. യു.എ.പി.എ പോലുള്ള കരിനിയമങ്ങള്‍ ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന ചട്ടങ്ങളെ കാറ്റില്‍ പറത്തുന്നവയാണ്. കേവല സംശയത്തിനു പിന്നില്‍ തെളിവുകളില്ലാതെ തന്നെ വ്യക്തിയെ കസ്റ്റഡിയിലെടുക്കാനുള്ള പ്രത്യേക അധികാരം സ്വേച്ഛാധിപത്യപരമാണ്.

മുതലാളിത്വത്തിനകത്തെ സംഘര്‍ഷങ്ങള്‍
മുസ്്‌ലിം അപരവല്‍ക്കരണത്തിന് പിന്നില്‍ മറ്റൊരു ലക്ഷ്യം കൂടി ആഗോള മുതലാളിത്വത്തിനുണ്ടായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനം കുടിയേറ്റം ശക്തിയായതോടെ മുതലാളിത്വ രാജ്യങ്ങളില്‍ തൊഴില്‍ ലഭ്യത കുറഞ്ഞുവന്നു. കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്യാന്‍ തയ്യാറായി അഭയാര്‍ഥികള്‍ കടന്നുവന്നപ്പോള്‍ തദ്ദേശീയരായ തൊഴിലാളികളുടെ ജോലി നഷ്ടപ്പെട്ടു. രാഷ്രീയമായൊരരക്ഷിതത്വം ജനങ്ങള്‍ക്കിടയില്‍ രൂപ്പെട്ടു വരികയും അത് ഗവര്‍മെന്റിനും മുതലാളിത്വത്തിനുമെതിരായൊരു സിവിലിയില്‍ പ്രക്ഷോഭത്തിലേക്ക് എത്തുകയും ചെയ്തു. അതിന്റെ പ്രതിഫലനമാണ് Occuppy wall street  ലൂടെ ലോകം കണ്ടത്. ദേശ താല്‍പര്യവും പൊതുജന താല്‍പര്യവും

വിരുദ്ധമായപ്പോള്‍ അത് മറച്ചുവെക്കാനാണ് മുതലാളിത്വം ഒരു മുസ്്‌ലിം അപരനെ സൃഷ്ടിച്ചത്. മുസ്്‌ലിംകള്‍ ദേശത്തിനും ലോകത്തിനും ഭീഷണിയാണെന്ന് വരുത്തിത്തീര്‍ക്കാനും മുസ്്‌ലിംകള്‍ ഭീകരരാണെന്ന് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും അവര്‍ക്കായി. മുസ്്‌ലിം അപരത്വമെന്നത് മുതലാളിത്വത്തിനുള്ളിലെ ആത്മസംഘര്‍ഷങ്ങളെ മറച്ച് വെക്കാനുള്ളൊരു മാധ്യമമായി മാറി. പൂര്‍ണാര്‍ഥത്തില്‍ മുസ്്‌ലിം അപരത്വം രൂപപ്പെടുത്തേണ്ടത് നിലവിലെ ബൂര്‍ഷ്വാ സാമ്പത്തിക രാഷ്ട്രീയ വ്യവസ്ഥിയുടെ ആവശ്യമായിരുന്നു.

ചരിത്രാഖ്യാനവും ഹൈന്ദവ ദേശീയതയും
ഒരു പൊതുശത്രുവായി ഇന്ത്യയില്‍ മുസ്‌ലിംകള്‍ മുദ്രകുത്തപ്പെട്ടത് ഇന്ത്യയിലെ ഹൈന്ദവ സ്വത്വ നിര്‍മാണത്തിന്റെ ഭാഗമായിട്ടായിരുന്നു. ഭക്തിപ്രസ്ഥാനങ്ങളെ പോലുള്ള സാംസ്‌കാരിക മുന്നേറ്റങ്ങള്‍ ഹൈന്ദവ സ്വത്വത്തെ ലംബ രൂപമായ ഒന്നായി വ്യാഖ്യാനിച്ചു. പൗരാണിക മിത്തുകളെയും വേദങ്ങളെയും വ്യാഖ്യാനിച്ച് കൃത്യമായ ഒരു വൃത്തം രൂപീകരിക്കുകയും അതിന് ദൈവിക പരിവേഷം നല്‍കി ഹിന്ദു എന്ന കുടക്കീഴില്‍ ഏകോപിപ്പിക്കുകയും ചെയ്തു. ലംബ രൂപമായൊരു സ്വത്വമായി ഹിന്ദുത്വത്തെ വ്യാഖ്യാനിക്കല്‍ ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ ആവശ്യമായിരുന്നു. അതുവഴി മുസ്‌ലിം അപരവല്‍കരണത്തിന് സാംസ്‌കാരിക പരിവേഷം നല്‍കാന്‍ അവര്‍ക്കായി.
ബെനഡിക്ട്ആന്‍ഡേഴ്‌സണിന്റെ ‘സാങ്കല്‍പിക സമൂഹം: ദേശീയതയുടെ ഉത്ഭവവും വ്യാപ്തിയും സംബന്ധിച്ച ചിന്തകള്‍’ എന്ന കൃതിയില്‍ പൊതുവായ ചില ചിന്തകളാല്‍ ഏകോപിപ്പിക്കപ്പെട്ടതും സ്വയം ഒരു സമൂഹമാണെന്ന് സങ്കല്‍പ്പിക്കുകയും ചെയ്യുന്ന സമൂഹങ്ങളെ പറ്റി പറയുന്നുണ്ട്. ഹൈന്ദവത എന്ന കുടക്കീഴില്‍ ഇന്ത്യയിലെ വിവിധ ജാതി ഗോത്രങ്ങളെ ഉള്‍പ്പെടുത്തുമ്പോള്‍ സംഭവിക്കുന്നതിതാണ്. ഇത്തരമൊരു സ്വത്വ സങ്കല്‍പ്പത്തിന് വേണ്ടിയാണ് മുസ്്‌ലിമിനെ അപരനായി പിറകില്‍ നിറുത്തുന്നതിലേക്കവര്‍ എത്തിച്ചേരുന്നത്.
ഈ പ്രവര്‍ത്തനത്തിനായി ദേശീയ ചരിത്രകാരന്മാരെയാണ് ഹൈന്ദവ ഫാസിറ്റുകള്‍ കൂട്ടുപിടിച്ചത്. ഇന്ത്യയില്‍ വര്‍ഗീയതയ്ക്ക് വളവും വെള്ളവും നല്‍കിയ ഒരു പ്രധാന ജ്ഞാന മണ്ഡലം ചരിത്രമാണ്. സംസ്‌കാരം, രാഷ്ട്രീയം ദര്‍ശനം എന്നിവയെപ്പറ്റി വിശദമായൊരന്വേഷണം നടത്തുന്നതിന് പകരം പൗരസ്ത്യ വാദത്തിലടിസ്ഥിതമായി ചില മിത്തുകളെ സ്ഥാപിക്കാനാണ് പൊതു ചരിത്രകാരന്മാര്‍ ശ്രമിച്ചത്.
ഇന്ത്യന്‍ ചരിത്രകാരന്മാര്‍ സ്വീകരിച്ച് പോന്നിരുന്ന ‘ക്രൊണോളജിക്കല്‍ ഓര്‍ഡര്‍’ പോലും ഇത്തരമൊരു അപരവല്‍കരണത്തെ സാധൂകരിക്കുന്നതാണ്. ഭരണാധികാരികളുടെ കാലക്രമത്തെ ഹിന്ദു, മുസ്‌ലിം, ബ്രിട്ടീഷ് എന്ന രീതിയില്‍ തരം തിരിച്ച് മുസ്‌ലിംകള്‍ മൊത്തം ഹൈന്ദവ സംസ്‌കാരത്തെ തന്നെ ഇല്ലാതാക്കാന്‍ വന്നവരാണെന്ന പൊതു ബോധം സൃഷ്ടിക്കാനാണ് ഇന്ത്യന്‍ ചരിത്ര രചനാ രീതി പോലും ശ്രമിക്കുന്നത്. ഇതിന് ഇന്ത്യന്‍ ചരിത്രകാരന്മാര്‍ കടപ്പെട്ടിരിക്കുന്നത് ജെയിംസ് മില്ലിന്റെ ചരിത്ര വിഭജന രീതികളോടും മാക്്‌സ് മുള്ളറുടെ വേദ കാഴ്ചപ്പാടുകളോടുമാണ്. മഹ്മൂദ് ഗസ്‌നിയെയും ബാബറേയും ശിവാജിയെയും മതകീയ ബിംബങ്ങളായി അവതരിപ്പിച്ച് പൗരാണിക കാലം മുതല്‍ക്കേ ഹിന്ദു മുസ്‌ലിം സംഘട്ടനമാണ് ചരിത്രത്തിലുടനീളം വര്‍ത്തിച്ചതെന്ന് വരുത്തിത്തീര്‍ക്കാനുള്ള ചില രാജ്യ സ്‌നേഹികളായ ചരിത്രകാരന്മാരുടെ ശ്രമം ബോധ പൂര്‍വമാണെന്ന് പറയാതെ വയ്യ. ഇന്ത്യയിലും മുസ്‌ലിം അപരവത്കരണത്തിനുള്ള ശ്രമങ്ങള്‍ നടന്നത് രാഷ്ട്രീയ അജണ്ടയ്ക്കനുസരിച്ചായിരുന്നു. ഹൈന്ദവ സ്വത്വത്തെ രൂപപ്പെടുത്താന്‍ ചരിത്രത്തെ പോലും തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു. ചുരുക്കത്തില്‍ ബ്രിട്ടീഷുകാര്‍ പതിച്ചു നല്‍കിയ ഹൈന്ദവത എന്ന സ്വത്വം നിര്‍ണയിക്കാന്‍ വേണ്ടി മുസ്‌ലിംകള്‍ എന്ന അപരനെ മാറ്റി നിറുത്തി. ഇന്ത്യന്‍ ചരിത്ര്യാഖ്യാന രീതികളിലെ പ്രസ്തുത പ്രശ്‌നങ്ങളെ വിശകലനം ചെയ്ത ഒരുപാട് ചരിത്രകാരന്മാര്‍ പിന്നീട് രൂപപ്പെട്ട് വന്നിട്ടുണ്ട്. ഡി.ഡി കൊസാംബിയുടെ ‘ചരിത്രവും സമൂഹവും’ എന്ന കൃതി ഈ മേഖലയില്‍ പ്രസിദ്ധമാണ്. എന്നാല്‍ ഇത് പിന്‍പറ്റി കൂടുതല്‍ ഗവേഷണങ്ങള്‍ നടക്കാത്തത് ഹിന്ദു മുസ്്‌ലിം ഐക്യത്തെ എഴുത്തുകുത്തുകളില്‍ മാത്രമൊതുക്കുന്ന ഒന്നാക്കി മാറ്റി.

ജാതിബോധവും അപരവല്‍കരണവും
ഇന്ത്യയില്‍ പൊതുവെ നിലനിന്ന ബ്രാഹ്മണാധിപത്യം കേരളത്തില്‍ നിലനിന്നിരുന്നില്ല. കേരളത്തില്‍ നായരാധിപത്യമാണ് രൂപം കൊണ്ടത്. അതിനാല്‍ തന്നെ കേരളത്തിലെ മുസ്‌ലിം അപരവത്കരണം മതകീയ പരം എന്നതിനൊപ്പം തന്നെ തൊഴില്‍ പരംകൂടിയായിരുന്നു. കേരളീയ പരിസരത്ത് തൊഴില്‍ പരമായ വിഭജനമായിരുന്നു മുസ്‌ലിം അപരവത്കരണത്തിന് കൂടുതല്‍ കാരണമായത്. കാരണം ഫ്യൂഡല്‍ വ്യവസ്ഥ നിലനിന്നിരുന്ന കേരളത്തിലെ പ്രമുഖ ജന്മികള്‍ നായന്മാരും അധസ്ഥിതര്‍ മാപ്പിള, ദളിതുകളടങ്ങുന്ന കീഴാള പിന്നോക്ക ജന വിഭാഗമായിരുന്നു. കേരളത്തിലെ ജാതി ചിന്തയാണ് പിന്നോക്ക ജനവിഭാഗത്തെ മാറ്റി നിറുത്താന്‍ കാരണമായത്. പിന്നീട് ഭൂപരിഷ്‌കരണ നിയമം നടപ്പാക്കിയ കാലത്ത് കുടിയാന്മാര്‍ക്ക് ഭൂമി ലഭിക്കുകയുണ്ടായെങ്കിലും മുസ്‌ലിംകള്‍ ആദിവാസികള്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് പ്രസ്തുത ആനുകൂല്യം പോലും ലഭിക്കുകയുണ്ടായില്ല.
ജാതിയാണ് കേരള പരിസരത്ത് ചിന്തകളെ നിയന്ത്രിച്ചത് അതിനാല്‍ തന്നെ താഴ്ന്നവരായ മുസ്‌ലിംകള്‍ അപരരായി. കേരളം വികസിച്ചെങ്കിലും, കേരള ഭാഷാ പരിസരവും ചിന്താ മണ്ഡലവും പഴയ ജാതി ചിന്തകളില്‍ തളച്ചിടപ്പെട്ടിക്കുന്നുവെന്നും അവ ആദിവാസി, ദളിത്് മാപ്പിള വിഭാഗങ്ങളെ കൂടുതല്‍ പിന്നോക്കം നിര്‍ത്തുകയാണെന്നും വ്യക്തമാക്കിയ കെ. കെ കൊച്ച് സൂചിപ്പിച്ചതും പ്രസ്തുത തലത്തെയാണ്. ആശയ പരമായി ഇന്നും ഫ്യൂഡലിസം വെച്ച് പുലര്‍ത്തുന്ന നാടാണ് കേരളം. ജാതിയുടെ അധികാരശ്രേണിയ്ക്കിടയിലാണ് മാപ്പിളയടക്കമുള്ള പിന്നോക്ക വിഭാഗം പുറന്തള്ളപ്പെട്ടത്.
ഭീകരവിരുദ്ധ പോരാട്ടങ്ങളെ പൊതു വികാരമെന്ന പേരില്‍ നിഷ്പക്ഷമായി ചിത്രീകിരിച്ച് കാട്ടുന്ന ഗവണ്‍മെന്റ് നിയമങ്ങള്‍ പൊതു ബോധത്തിന് പിന്നിലെ അധികാര ശ്രേണിയെ കുറിച്ച് അജ്ഞരോ അന്ധത നടിക്കുന്നവരോ ആണ്. ഇത്തരമൊരധികാര ശ്രേണി നിലനില്‍കുന്നതിനാല്‍ തന്നെ ഡഅജഅ പോലുള്ള നിയമങ്ങളുടെ പ്രായോഗിക സാധുകത്വം ചോദ്യം ചെയ്യപ്പെടാവുന്നതാണ്. ഭരണഘടനാ ആര്‍ട്ടിക്കിളിന് വിരുദ്ധമായ ഡഅജഅ പോലുള്ള കരിനിയമങ്ങള്‍ നടപ്പില്‍ വരുത്തുമ്പോള്‍ അതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് പൊതു ബോധമെന്നോമന പേരിട്ട് വിളിക്കുന്ന ജനക്കൂട്ട ഫാസിസമാണ്. ആ ജനക്കൂട്ട ഫാസിസത്തെ നിയന്ത്രിക്കുന്നതാവട്ടെ കുത്തക മുതലാളിത്വവും. മുസ്‌ലിംകളെ ഇരകളാക്കേണ്ടത് ചിലരുടെ മാത്രം ആവശ്യമായിരുന്നു. എന്നാല്‍ അതിനെ ഒരാഗോള ആവശ്യമാക്കി മാറ്റിത്തീര്‍ക്കുന്നതില്‍ അവര്‍ വിജയിച്ചു. നമ്മുടെ പൊതുബോധത്തില്‍ അടങ്ങിയിരിക്കുന്ന അധികാരവ്യവസ്ഥയെ ഒഴിച്ചുനിര്‍ത്തിയാലല്ലാതെ പൂര്‍ണജനാധിപത്യം സാധുവാകില്ല.

Editor Thelicham

Thelicham monthly

Add comment

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.