ദാദ്രിയിലെ മുഹമ്മദ് അഖ്‌ലാഖിന്റെ വധം (2015) വ്യാപകമായ പൊതുജന പ്രക്ഷോഭങ്ങള്‍ക്കും ഇന്ത്യയിലെ അസഹിഷ്ണുതയെക്കുറിച്ച് മാസങ്ങളോളം നീണ്ട ചൂടേറിയ സംവാദങ്ങള്‍ക്കും വഴിമരുന്നിട്ടു. ഡല്‍ഹി-ദല്ലഭ്ഘഡ് ട്രെയിന്‍ യാത്രക്കിടയിലെ ജുനൈദ് ഖാന്റെ കൊലപാതകം (2017) ഏകദേശം ഒരാഴ്ചയോളം വാര്‍ത്തകളില്‍ നിറഞ്ഞുനിന്നു. എന്നാല്‍ ഈ മാസം നടന്ന ഹാപൂരിലെ ഖാസിമിന്റെ വധത്തിന് വാര്‍ത്താമൂല്യം താരതമ്യേന വളരെ കുറവായിരുന്നു. ഇത്തരം കുറ്റകൃത്യങ്ങള്‍ പതിവായതോടെ, അവക്കെതിരായ പ്രക്ഷോഭങ്ങളും ഏറെക്കുറെ പൂര്‍ണമായും നിലച്ച മട്ടാണ്.
നാലു വര്‍ഷമായി കേന്ദ്രം ഭരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന ബിജെപി ഗവണ്‍മെന്റ് ഗോവധം തടയുകയെന്ന വ്യാജേന ഹിന്ദു ഭീകരര്‍ നടത്തുന്ന വ്യാപക മുസ്‌ലിം വേട്ട അവസാനിപ്പിക്കുന്നതില്‍ യാതൊരു വിധ നടപടിയും എടുത്തിട്ടില്ല. ഇന്ത്യാ സ്‌പെന്‍ഡ് നടത്തിയ പഠന പ്രകാരം, 2010-2017 കാലയളവിലെ ഗോവധവുമായി ബന്ധപ്പെട്ട 60 പ്രശ്‌നങ്ങളില്‍ 84 ശതമാനത്തിലും മുസ്‌ലിംകളായിരുന്നു ഇരകള്‍ എന്ന് കണ്ടെത്തുകയുണ്ടായി. അതില്‍ തന്നെ 97 ശതമാനം അക്രമ സംഭവങ്ങളും നടന്നത് 2014 ന് ശേഷമാണ്.
ഹഫിംഗടണ്‍ പോസ്റ്റ് ഇന്ത്യ ജര്‍മനിയിലെ മാക്‌സ് പ്ലാന്‍ക് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ സ്റ്റഡി ഓഫ് റിലീജ്യസ് ആന്‍ഡ് എത്‌നിക് ഡൈവേര്‍സിറ്റിയില്‍ സീനിയര്‍ റിസെര്‍ച്ച് ഫെല്ലോയായ പ്രഫസര്‍ ഇര്‍ഫാന്‍ അഹ്മദുമായി നടത്തിയ സംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങള്‍. ഭീകരമായ പബ്ലിക് ക്രൈമുകള്‍ ഇന്ത്യയില്‍ പതിവായിമാറുന്നതിനെക്കുറച്ചാണ് പ്രഫ അഹ്മദ് അന്വേഷിക്കുന്നത്.
ബീഹാറിലെ ദുംരി ഗ്രാമത്തിലെ മദ്രസ ഇസ്‌ലാമിയ്യ അറബിയ്യയില്‍ പ്രാഥമിക വിദ്യാഭ്യാസം നേടിയ പ്രഫ അഹ്മദ് പട്‌നയിലെ ബി.എന്‍ കോളേജ്, ജാമിഅ മില്ലിയ ഇസ്‌ലാമിയ്യ, ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ ഉന്നത വിദ്യാഭ്യാസം നേടി. യൂറോപ്പിലെയും ആസ്‌ത്രേലിയയിലെയും വിവിധ യൂണിവേഴ്‌സിറ്റികളില്‍ നരവംശശാസ്ത്രം, രാഷ്ട്രീയം തുടങ്ങിയവ പഠിപ്പിച്ചിട്ടുണ്ട്. ഇസ്‌ലാമിസം ആന്‍ഡ് ഡെമോക്രസി ഇന്‍ ഇന്ത്യ, റിലീജ്യന്‍ ആസ് ക്രിട്ടിക്: ഇസ്‌ലാമിക് ക്രിട്ടിക്കല്‍ തിങ്കിംഗ് ഫ്രം മെക്ക ടു മാര്‍കറ്റ് പ്ലേസ് തുടങ്ങിയവയാണ് കൃതികള്‍.
എന്ത് കൊണ്ടാണ് ഇന്ത്യയിലെ മുസ്‌ലിംകളെ ടാര്‍ഗെറ്റ് ചെയ്യുന്ന ആള്‍കൂട്ട കൊലപാതകങ്ങള്‍ ഭീകരവാദ പ്രവര്‍ത്തനങ്ങളാണെന്നു താങ്കള്‍ പറയുന്നത്?
ഇന്ത്യയിലെ ഇത്തരം അരുംകൊലകള്‍ മുസ്‌ലിംകളോട് നിരന്തരം പറയുന്നത് ഇപ്രകാരമാണ് നിങ്ങള്‍ ഞങ്ങള്‍ പറയുന്നതു പ്രകാരം ജീവിക്കണം. അല്ലാത്തപക്ഷം നിങ്ങള്‍ക്കിവിടെ ജീവിക്കാന്‍ അനുവാദമില്ല. അഖ്‌ലാഖ്, ഖാസിം തുടങ്ങി ഒത്തിരി സംഭവങ്ങളില്‍ നിന്ന് നാം പഠിച്ചത് ഇത്തരം സംഭവങ്ങള്‍ തുടരെത്തുടരെ നടന്നുകൊണ്ടിരിക്കുകയാണെന്നും അതുകൊണ്ടുതന്നെ ഇവ കേവലം ആകസ്മിക സ്വഭാവമുള്ളവയല്ല എന്നുമാണ്. ടെററിസം അഥവാ ഭീകരവാദം എന്നതിന് ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറി നല്‍കുന്ന വിശദീകരണം ഇങ്ങനെയാണ്, ”രാഷ്ട്രീയ താല്‍പര്യങ്ങളുടെ ഫലപ്രാപ്തിക്കുവേണ്ടി അക്രമം, ഭീഷണി എന്നിവയെ ഉപയോഗിക്കുക”. ഇന്ത്യയില്‍ മുസ്‌ലിംകളെ ലക്ഷ്യംവെക്കുന്ന കൊലപാതകങ്ങള്‍ ഒരു തരത്തിലുള്ള ഭീകരവാദമാണെന്നാണ് ഞാന്‍ കരുതുന്നത്. ചില ഗൂഢ രാഷ്ട്രീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടി ജനങ്ങള്‍ക്കിടയില്‍ ഭീതി പടര്‍ത്തുകയാണ് ഇവയുടെ ആത്യന്തിക ലക്ഷ്യം. ധ്രുവീകരണവും ഹിന്ദുത്വ പ്രൊജക്ടിന്റെ സുതാര്യമായ നടത്തിപ്പുമാണ് ഇവരുടെ ലക്ഷ്യമെന്ന് വ്യക്തമാണ്.
ഭീകരവാദത്തിന് വിവിധ രൂപങ്ങളുണ്ട് . അത് കേവലം ഇസ്‌ലാമില്‍ മാത്രമല്ല, അതിന് ഹൈന്ദവ രൂപമുണ്ട്. ജൂത രൂപമുണ്ട്, ക്രൈസ്തവ രൂപമുണ്ട്, മാത്രമല്ല ഒരു മതേതര രൂപവുമുണ്ട്. ഭീകരവാദത്തിന്റെ പ്രത്യാഘാതങ്ങളിലൂടെ കടന്നുപോയാല്‍ മാത്രമേ അതെത്രമാത്രം പ്രഹരശേഷിയോടെയും ആഴത്തിലും പ്രവര്‍ത്തിക്കുന്നുവെന്ന് മനസിലാക്കാന്‍ കഴിയൂ.
എങ്ങനെയാണ് ഈ ഭീകരത സ്വയം വെളിവാകുന്നത്?
ഭീകരവാദത്തിന് വിവിധ രൂപങ്ങളുണ്ട് . അത് കേവലം ഇസ്‌ലാമില്‍ മാത്രമല്ല, അതിന് ഹൈന്ദവ രൂപമുണ്ട്. ജൂത രൂപമുണ്ട്, ക്രൈസ്തവ രൂപമുണ്ട്, മാത്രമല്ല ഒരു മതേതര രൂപവുമുണ്ട്. ഭീകരവാദത്തിന്റെ പ്രത്യാഘാതങ്ങളിലൂടെ കടന്നുപോയാല്‍ മാത്രമേ അതെത്രമാത്രം പ്രഹരശേഷിയോടെയും ആഴത്തിലും പ്രവര്‍ത്തിക്കുന്നുവെന്ന് മനസിലാക്കാന്‍ കഴിയൂ. ബോംബ്, മിസൈല്‍, കാര്‍പെറ്റ് ബോംബിംഗ്, ആള്‍കൂട്ട കൊല തുടങ്ങി പല വിധേനയും ഭീതി സൃഷ്ടിക്കാവുന്നതാണ്.
ഭയം ഭീകരവാദ പ്രവര്‍ത്തനത്തില്‍ വളരെ പ്രധാനപ്പെട്ടതാണ്. ട്രെയിനില്‍ യാത്രചെയ്യുമ്പോള്‍ ഇറച്ചിയുള്ള ടിഫിന്‍ ബോക്‌സ് തുറക്കുമ്പോള്‍ ഞാന്‍ അനുഭവിക്കുന്ന ഭയമുണ്ട്.
ചിലപ്പോള്‍ അതിനകത്ത് ചിക്കനോ മട്ടനോ ആവാം. എങ്കില്‍കൂടി പെട്ടെന്നുതന്നെ കേവലമൊരു കിംവദന്തി പരക്കുകയും എന്റെ ജീവന്‍ തന്നെ അപകടത്തിലാവുകയും ചെയ്യാം. നാല് വര്‍ഷം മുമ്പ് ഒരു വ്യക്തിക്ക് പേടികൂടാതെ അവന്റെ ഡബ്ബ തുറക്കാനും ഭക്ഷണം കഴിക്കാനുമുള്ള ധൈര്യമുണ്ടായിരുന്നു. 2017-2018 ആയപ്പോള്‍ അവനോ അവളോ ഇത്ര ഭയക്കുന്നതെന്ത്‌കൊണ്ട്?
ഇതുപോലെ വേറെ വല്ല ഭീതികളും ഉണ്ടോ ?
നമ്മള്‍ ഈ കാണുന്ന പേടി ഹിന്ദു വിശ്വാസികള്‍ക്കിടയിലും അതുപോലെ തന്നെ സകല മനുഷ്യരിലുമുണ്ട്. അതിന് പേര്‍സെപ്റ്റിസൈഡ് എന്നാണ് പറയുക. ഒരാള്‍ ബീഫിന്റെ പേരില്‍ കൊല്ലപ്പെടുകയാണെങ്കില്‍, എന്റെ അറിവ് പ്രകാരം, അത് കാണുന്ന ഹൈന്ദവ വിശ്വാസിയും അതേ സമയം ഭീതിയിലാവുന്നുണ്ട്. പക്ഷേ സംഭവിച്ചത് ഇത്രമാത്രമാണ് അഥവാ അവര്‍ പേടിയുടെ അന്തരീക്ഷത്തില്‍ നിന്ന് പര്‍സിപ്റ്റിസൈഡ് (സമൂഹമൊന്നടങ്കം ഭീതി മൂടിയ അവസ്ഥ)എന്ന അവസ്ഥയിലേക്ക് ചേക്കേറുകയാണ് ചെയ്യുന്നത്. അവര്‍ ശ്രദ്ധിക്കാനും അവഗണിക്കാനും സാധ്യമല്ലാത്ത സാഹചര്യത്തിലാവും. സമകാലിക ഇന്ത്യയില്‍ ഈ ആള്‍കൂട്ട ഭീതി മുസ്‌ലിം അനുഭവത്തിന്റെ ഭാഗമാണ്. എന്നാല്‍ ഇത് മുസ്‌ലിംകളില്‍ മാത്രം പരിമിതമല്ലതാനും.
ഒരാള്‍ ബീഫിന്റെ പേരില്‍ കൊല്ലപ്പെടുകയാണെങ്കില്‍, എന്റെ അറിവ് പ്രകാരം, അത് കാണുന്ന ഹൈന്ദവ വിശ്വാസിയും അതേ സമയം ഭീതിയിലാവുന്നുണ്ട്. പക്ഷേ സംഭവിച്ചത് ഇത്രമാത്രമാണ് അഥവാ അവര്‍ പേടിയുടെ അന്തരീക്ഷത്തില്‍ നിന്ന് പര്‍സിപ്റ്റിസൈഡ് (സമൂഹമൊന്നടങ്കം ഭീതി മൂടിയ അവസ്ഥ)എന്ന അവസ്ഥയിലേക്ക് ചേക്കേറുകയാണ് ചെയ്യുന്നത്.
അഥവാ എല്ലാവരും പേടിച്ച് മിണ്ടാതിരിക്കുകയാ ണെന്നാണോ?
പ്രാഥമികമായി ഇവയെ മനസ്സിലാക്കാന്‍ സാധിക്കുക ഭീതി നേരിട്ടനുഭവിക്കുന്ന മുസ്‌ലിംകള്‍ക്കിടയില്‍ നിന്നാണ്. ഇവര്‍ ഈ പ്രശ്‌നത്തിലെ പ്രാഥമിക സംഘം എന്നുപറയാം . രണ്ടാമത്തെ വിഭാഗം നീതി ബോധവും അഭ്യുദയാകാംക്ഷയും കൊണ്ടുനടക്കുന്ന ജനാധിപത്യ സമൂഹമാണ്. നീതിയും സുബോധവും ഒരു പ്രത്യേക സമൂഹത്തിന്റെ സവിശേഷ ഘടകങ്ങളല്ലെങ്കിലും.
ഉദാഹരണത്തിന് ഞാനും നിങ്ങളും ഒരു ട്രെയിനില്‍ യാത്രചെയ്യുകയാണെന്ന് സങ്കല്‍പിക്കുക. അങ്ങനെ ഞാന്‍ എന്റെ ഭക്ഷണ പാത്രം തുറക്കുന്നു. ഉടനെ ഒരാള്‍ എന്റടുത്തേക്ക് വന്ന് നീചമായ ഭാഷയില്‍ ചീത്തപറയുന്നു. ഇത് നിങ്ങള്‍ കാണുകയാണെങ്കില്‍ നിങ്ങള്‍ എങ്ങനെയായിരിക്കും പ്രതികരിക്കുക? നിങ്ങളുടെ ജനാധിപത്യ ബോധം കേവലം വോട്ട് ചെയ്യലോ ആള്‍കൂട്ട ബലമോ അല്ലല്ലോ, മറിച്ച് സുതാര്യതയും നീതിയും സന്മനസ്സും കൂടി ഉള്‍ക്കൊള്ളിക്കുന്നതാണല്ലോ. ഇത്തരമൊരു സാഹചര്യത്തില്‍ സമയോചിതമായി പ്രവര്‍ത്തിക്കാനും പ്രതികരിക്കാനും നിങ്ങള്‍ക്ക് സാധിച്ചില്ലെങ്കില്‍ അത് പേര്‍സിപ്റ്റിസൈഡിന്റെ ഭാഗമാണ്. അത് ഡൈമോസൈഡുമാണ്. അഥവാ അവിടെ ജനാധിപത്യത്തിന്റെ മരണം സംഭവിക്കുന്നു. അല്ലെങ്കില്‍ കൃത്യമായും ജനാധിപത്യ പ്രാക്ടീസ് ചെയ്യപ്പെടാതെ പോകുന്നു.
ഇത്തരം സംഭവങ്ങള്‍ക്ക് ചരിത്രത്തില്‍ സമാനതകളുണ്ടോ?
അമേരിക്കയുടെ ആധുനിക ചരിത്രത്തില്‍ ആള്‍കൂട്ട കൊലപാതകങ്ങളുടെ ക്ലാസിക് മോഡല്‍ കാണാവുന്നതാണ്. അമേരിക്കയില്‍ വിശേഷിച്ചും തെക്കെ അമേരിക്കയില്‍ നിരായുധരായ കറുത്ത ജനവിഭാഗങ്ങള്‍ക്കെതിരെ കു ക്ലക്‌സ് ക്ലാന്‍ എന്ന പേരിലുള്ള വൈറ്റ് സൂപര്‍മാസിസ്റ്റ് ഭീകരവാദികള്‍ അക്രമം അഴിച്ചുവിട്ടിരുന്നു. മിക്ക ക്ലാന്‍ അംഗങ്ങളും ഡെമോക്രാറ്റിക് പാര്‍ട്ടി അംഗങ്ങളായിരുന്നു. ചരിത്രകാരന്മാര്‍ ക്ലാനിനെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ടെററിസ്റ്റ് സെക്ഷനെന്നാണ് വിശദീകരിക്കുന്നത്. അവരുട കാഴ്ചപ്പാടില്‍ അവര്‍ നടത്തിയ ഭീകരവാദം തികച്ചും പ്രതിരോധപരമായിരുന്നു. യഥാര്‍ത്ഥത്തില്‍ ക്ലാന്‍ നാച്ച്വറലെന്നു വിളിക്കുന്ന റാസിസ്റ്റ് വ്യവസ്ഥയാണ് സംരക്ഷിച്ചിരുന്നത്.
തുടക്കത്തില്‍ ക്ലാന്‍ വര്‍ഗം തങ്ങളുടെ ഭീകരത രാത്രി സമയങ്ങളില്‍ അതീവ രഹസ്യമായിട്ടാണ് നടപ്പാക്കികൊണ്ടിരുന്നത്. പിന്നീട് അത് പരസ്യ സ്വഭാവത്തിലേക്ക് മാറി. കൂടാതെ 1915 ല്‍ ടെക്‌സാസില്‍ നടന്ന ഭീകര കാഴ്ചകള്‍ ഫോട്ടോയെടുത്ത് അത് കൂട്ടുകാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും അയച്ചുകൊടുത്തു. അതിനു സമാനമാണ് ഇന്ത്യയിലെ ആള്‍കൂട്ട കൊലപാതകങ്ങളുടെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്ന മാനസികാവസ്ഥയും.
ദാദ്രിയില്‍ നിന്നും ഹാപൂരിലെത്തുമ്പോള്‍ ആള്‍കൂട്ട കൊലപാതകങ്ങളിലുള്ള ജനരോഷം കുറഞ്ഞു കുറഞ്ഞു വരുന്നത് എന്ത് കൊണ്ടാണ്?
കാള്‍ സ്മിത്ത് എന്ന നാസി അനുകൂല ചിന്തകന്റെ രാഷ്രടീയത്തെക്കുറിച്ചുള്ള അഭിപ്രായം വളരെ കൗതുകകരമാണ്. രാഷ്ട്രീയം എന്നു പറഞ്ഞാല്‍ ശത്രുവിനും മിത്രത്തിനുമിടയില്‍ വരകള്‍ വരക്കാനുള്ളതാണെന്നാണ് അദ്ദേഹത്തിന്റെ കെണ്ടത്തല്‍. ഇന്ത്യയിലെ രാഷ്ട്രീയത്തിന്റെ ഇക്കഴിഞ്ഞ കാലം ജനക്ഷേമ പൂര്‍ണ്ണമാണങ്കിലും ഇന്ന് അത് യുദ്ധസമാനമാണ്. പരസ്പരം ശത്രുത വളര്‍ത്താനുള്ളതാണ്. കൂടാതെ ഇന്ത്യന്‍ ചരിത്രത്തില്‍ മുസ്‌ലിമിനെ അപരനായി കാണുന്ന ബോധവും കാണാവുന്നതാണ്. അത് പത്ത് പതിനഞ്ച് വര്‍ഷത്തിനിടയില്‍ ക്രമാതീതമായി വര്‍ധിച്ച് വരികയാണ്. കോണ്‍ഗ്രസ് അധികാരത്തിലിരുന്ന സമയത്തും ആ ശത്രുത പൂര്‍ണമായും അപ്രത്യക്ഷ്യമായിരുന്നില്ല.
വ്യക്തമായി പറഞ്ഞാല്‍ വസ്തുവല്‍കരണ (തിംഗിഫികേഷന്‍) പ്രക്രിയ നടന്നുകൊണ്ടിരിക്കുകയാണ്. അവര്‍ മുസ്‌ലിംകളെ കേവല വസ്തു എന്ന രൂപത്തിലേക്ക് മാറ്റിയെടുത്തിരിക്കുന്നു. ആ വസ്തുവിന് ചലിക്കാത്ത ന്യൂമെറിക്കല്‍ രൂപമെന്ന് തോന്നിപ്പിക്കുന്ന അപരന്റെ സ്ഥാനമാണ് നല്‍കപ്പെട്ടിട്ടുള്ളത്. മുസ്‌ലിം ജനവിഭാഗത്തെ വിഭിന്ന സമൂഹം എന്നതിനപ്പുറം ദേശത്തിന് പുറത്ത് നിര്‍ത്താവുന്ന ജനവിരുദ്ധ സമൂഹമായിട്ടാണ് ചിത്രീകരിക്കുന്നത്.
പക്ഷെ, ശാക്തീകരണം ജനാധിപത്യത്തില്‍ പ്രധാനമല്ലെ?
നിങ്ങള്‍ കാണുന്നത് ജനാധിപത്യത്തെ ശാക്തീകരിക്കാനുള്ള ഉപാധിയായിട്ടാണ്. പട്ടിക ജാതി, സ്ത്രീ, ദലിത് , പട്ടിണി ജനത എന്നിവരുടെ ശാക്തീകരണത്തെക്കുറിച്ച് നാം നിരന്തരം സംസാരിക്കാറുണ്ട്. അതേ സമയം എങ്ങനെ മുസ്‌ലിംകളെ ശക്തിരഹിതരാക്കാം എന്ന സമാനവും പ്രബലവുമായ സംവാദം നടക്കുന്നുണ്ട്. ഇത് ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം വളരെയധികം അലോസരപ്പെടുത്തുന്ന ഒന്നാണ്.
എന്ത് കൊണ്ടാണ് കേവല വസ്തുവല്‍ക്കരണം, അപരവല്‍ക്കരണം, ശക്തി രഹിതരാക്കല്‍ തുടങ്ങിയ ഗൂഢ പദ്ധതികള്‍ ജനാധിപത്യ സമ്പ്രദായത്തില്‍ പ്രകടമാവുന്നത്? ആള്‍കൂട്ട കൊലപാതകം നമ്മുടെ ജനാധിപത്യനുഭവങ്ങളിലെ തിക്ത യാഥാര്‍ത്ഥ്യങ്ങളുടെ നേര്‍ ആവിഷ്‌കാരമാണെന്നു പറയേണ്ടിയിരിക്കുന്നു.
എന്ത് കൊണ്ടാണ് കുറ്റവാളികളും പൊതുജനങ്ങളും ഒരുപോലെ കൊലപാതകങ്ങളുടെ വീഡിയോ അപ്‌ലോഡ് ചെയ്ത് പ്രചരിപ്പിക്കുന്നത്?
ഈ ചോദ്യത്തിന് ഉത്തരം പറയുകയാണങ്കില്‍ ഓരോരുത്തരും ആദ്യമായി ചോദിക്കേണ്ട ഒരു ചോദ്യമുണ്ട് . എന്ത് കൊണ്ട് ഗോവധത്തിന്റെ പേരിലുള്ള മുസ്‌ലിം വേട്ടകളെ ഗവണ്‍മെന്റ് സന്തുലിതത സാമൂഹിക വ്യവസ്ഥയ്ക്ക് ഭീഷണിയായി കാണുന്നില്ല? വീഡിയോ അപ്‌ലോഡ് ചെയ്യുന്ന ജനത അവരെക്കുറിച്ച് തന്നെ മനസ്സിലാക്കുന്നത് തങ്ങള്‍ നിയമങ്ങള്‍ക്കതീതമെന്നോ അല്ലെങ്കില്‍ നിയമത്തിന്റെ ആനുകൂല്യം കൈപറ്റിയവരെന്നോ ആണ്? അത് കൊണ്ടുതന്നെ ഭരണകൂടത്തിന്റെയും പൗരസമൂഹത്തിന്റെ മോബ് രൂപങ്ങള്‍ക്കിടയിലും ഇടയിലും ഒരു സവിശേഷമായ സിംഫണി പ്രകടമാണെന്നു കരുതണം.
ഇത്തരത്തിലുള്ള വീഡിയോകള്‍ കുറ്റവാളികള്‍ക്കെന്നപോലെ ഇരകള്‍ക്കും സന്ദേശം നല്‍കുന്നുണ്ട്. സംഘടിത സമൂഹമായ മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം, അവ പറയുന്നത് ‘ഞങ്ങള്‍’ പറയുന്ന പോലെ നിങ്ങള്‍ നിങ്ങളുടെ ജീവിതം മാറ്റിയെഴുതണമെന്നാണ്. സംഘടിത സമൂഹമായ ഹൈന്ദവ ജനതയെ സംബന്ധിച്ചിടത്തോളം, അവ പറയുന്നത് ഞങ്ങള്‍ ഞങ്ങളുടെ സമുദായത്തിന് എന്തൊക്കെ ചെയ്തുവെന്ന് നോക്കികാണൂവെന്നാണ്. ഒരു തരത്തില്‍ അവര്‍ ആര്‍ജിച്ചെടുത്ത നേട്ടമായിട്ടാണ് അവര്‍ അതിനെ നോക്കിക്കാണുന്നത്. ആരും തന്നെ തന്റെ ജീവിതത്തിലെ അറപ്പുളവാക്കുന്ന നിമിഷങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെക്കാറില്ലല്ലോ. എന്നാല്‍ അവര്‍ക്ക് ലഭിച്ച നേട്ടങ്ങള്‍ മറ്റുള്ളവര്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിക്കാനും പ്രക്ഷേപിക്കാനും ശ്രമിക്കുകയും ചെയ്യും. എനിക്ക് ഇത് അനുഭവത്തിലൂടെ തെളിയിക്കാന്‍ സാധ്യമല്ല . എങ്കിലും അത് മറ്റുള്ളവരെക്കൂടി മാറ്റിയെടുക്കുമെന്ന് കാര്യത്തില്‍ സംശയമില്ല. അത്‌കൊണ്ടാണ് കൊലപാതകം എന്ന കൃത്യത്തില്‍ പങ്കാളികളല്ലെങ്കിലും തങ്ങളും അവരെപോലെ എന്തോ നേടി എന്ന് അവര്‍ വിശ്വസിക്കുന്നത്.
ഒരാള്‍ ബീഫിന്റെ പേരില്‍ കൊല്ലപ്പെടുകയാണെങ്കില്‍, എന്റെ അറിവ് പ്രകാരം, അത് കാണുന്ന ഹൈന്ദവ വിശ്വാസിയും അതേ സമയം ഭീതിയിലാവുന്നുണ്ട്. പക്ഷേ സംഭവിച്ചത് ഇത്രമാത്രമാണ് അഥവാ അവര്‍ പേടിയുടെ അന്തരീക്ഷത്തില്‍ നിന്ന് പര്‍സിപ്റ്റിസൈഡ് (സമൂഹമൊന്നടങ്കം ഭീതി മൂടിയ അവസ്ഥ)എന്ന അവസ്ഥയിലേക്ക് ചേക്കേറുകയാണ് ചെയ്യുന്നത്.
കൊലപാതകം കാണുന്നവരുടെ മനസ്സിലൂടെ കടന്നുപോകുന്ന കാര്യങ്ങളെക്കുറിച്ച് താങ്കള്‍ എന്താണ് ചിന്തിക്കുന്നത്? ഉദാഹരണത്തിന് ഖാസിം മരിക്കുന്നതിന്റെ വീഡിയോ കണ്ടവര്‍.
ആദ്യമായി, ആള്‍കൂട്ട കൊലപാതകത്തിന്റെ വിവിധ രൂപങ്ങളെക്കുറിച്ച് പറയാം. ആരെങ്കിലും സാമൂഹിക മാമൂലുകളെ ഭേദിച്ച് എന്തെങ്കിലും ചെയ്താല്‍, ചിലര്‍ അവനെ പരസ്യമായി അടിക്കുന്നു, ചിലര്‍ കഴുതപ്പുറത്തേറ്റി കരുവാളിച്ച മുഖവുമായി ഊരു ചുറ്റിക്കുന്നു. എന്നാല്‍ ഈ കാഴ്ച കാണുന്ന പൊതു ജനം ഇതിനെ രസം (ഫാസിനേഷന്‍), പേടി എന്നീ രണ്ടാലൊരു ഘടകത്തിലൊതുങ്ങിയാണ് കാര്യങ്ങള്‍ കാണുന്നത്.
രസമായി എടുക്കാനുള്ള കാരണം അത് ഞാനല്ലല്ലോ എന്നതു കൊണ്ടാണ്. പേടിയുടെ കാരണം ഒരിക്കല്‍ ഞാനും അവന്റെ സ്ഥാനത്ത് വരാം എന്നതാണ്. പേടി, രസം എന്ന ഈ ദ്വന്ദ അവസ്ഥകള്‍ ഇത്തരത്തിലുള്ള ബഹുമതങ്ങള്‍ ജീവിക്കുന്ന ജനകൂട്ടത്തിനിടയില്‍ ഉണ്ടായി വരുന്ന ഉല്‍പന്നങ്ങളാണ്.
എന്നാലും മുസ്‌ലിംകളെ കൊല്ലുന്നത് കാണുക എന്നത് വളരെ വ്യത്യസ്തമാണ്. ഖാസിമിന് ചുറ്റും കൂടി നില്‍ക്കുന്ന പത്തോ ഇരുപതോ മനുഷ്യര്‍ ഒരിക്കലും ഞാന്‍ ഒരിക്കല്‍ ഖാസിമാവും എന്ന് ചിന്തിക്കുന്നില്ല. അങ്ങനെ അവര്‍ ചിന്തിക്കുകയാണങ്കില്‍ തന്നെ അവര്‍ അവനെ അടിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുകയുമില്ല. അതാണ് മുസ്‌ലിംകളെക്കുറിച്ച് നടത്തപ്പെടുന്ന അവരുടെ വിഭിന്ന മുഖം. ഈ സാഹചര്യങ്ങളാണ് അപരവത്കരണം, കേവല വസ്തുവല്‍ക്കരണം എന്നീ ഘടകങ്ങളിലേക്ക് നമ്മെ എത്തിക്കുന്നത്.
ശരിക്കും അത് എന്താണ് അര്‍ഥമാക്കുന്നത്?
അതായത് ഞാന്‍ ജീവിക്കുന്ന സമുദായം എന്റേത്, അവര്‍ മറ്റൊരു സമുദായത്തിന്റേതാണ് എന്ന ആശയമാണ് പ്രധാന പ്രശ്‌നം. അത് അവര്‍ അവഗണിപ്പെടേണ്ടവര്‍, മനുഷ്യരല്ലാത്തവര്‍ എന്ന ധാരണ സൃഷ്ടിക്കുന്നു. മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍ അവരെ നമുക്ക് ആവശ്യമില്ല എന്ന് കരുതലാവും. അപ്പോള്‍ ഇവിടെ പ്രതിസന്ധിയിലായ ജനജീവിതത്തെ അവഗണിക്കപ്പെടേണ്ടവര്‍, ഒഴിച്ചുകൂടാനാവാത്തവര്‍ എന്നീ രണ്ട് വിഭാഗങ്ങളിലായി ചിന്തിപ്പിക്കുന്നു. മാത്രമല്ല ചിലരുടെ ജീവിതം അമൂല്യമായും മറ്റു ചിലരുടേത് അപ്രധാനമായും കാനേഷുമാരിയില്‍ കാണപ്പെടുന്ന കേവല നാമങ്ങളായും ഗണിക്കപ്പെടുന്നു.
നിലവിലെ രാഷ്ട്രീയ സംവിധാനം അപരവല്‍കരണത്തെ സഹായിച്ചിട്ടുണ്ടോ?
പ്രധാനമന്ത്രി ഒരു പൊതുചടങ്ങിലെ പ്രസംഗത്തില്‍ വ്യംഗമായി നടത്തിയ ദുരദ്വേഷപരമായ രാഷ്ട്രീയ പരാമര്‍ശം എന്നെ ഏറെ ദു:ഖിപ്പിച്ചു. ബാദ്ഷാ, താജ് എന്നീ പദങ്ങള്‍ക്ക് അദ്ദേഹം വിരുദ്ധ സ്വഭാവമുണ്ടെന്ന് പ്രസ്താവിക്കുന്നു. ബാദ്ഷാ എന്നത് കുറിക്കുന്നത് മുസ്‌ലിമിനെയാണെത്രേ. അദ്ദേഹം പറഞ്ഞു ”ബാദ്ഷാക്കും രാജക്കുമിടയില്‍ നടന്ന മധ്യകാല യുദ്ധത്തില്‍, ബാദ്ഷാ തന്റെ സൈന്യത്തിന് മുമ്പില്‍ നൂറു പശുക്കളെ നിരത്തിയേ്രത”. ഇത്തരമൊരു സംഭവം ഞാനെവിടെയും വായിച്ചിട്ടില്ല. ഇതൊക്കെ വ്യാപകമായി പ്രക്ഷേപണം ചെയ്യുന്നതിന്റെ പ്രത്യാഘാതം വലുതാണ്. പ്രധാനമന്ത്രി പദത്തിലെത്തുന്നതിന് മുമ്പു തന്നെ മോദി രാഹുല്‍ഗാന്ധിയെ ഷഹ്‌സാദയെന്ന് വിളിച്ചിരുന്നു. യുവ രാജാവ് എന്ന് കുറിക്കാന്‍ വേണ്ടിയാണെങ്കില്‍ മോദിക്ക് യുവരാജ് എന്ന പദം ഉപയോഗിച്ചാല്‍ മതിയായിരുന്നു. ഇക്കാര്യത്തെ കുറിച്ച് മോദി ബോധവാനാണെന്ന് എനിക്കുറപ്പാണ്. ആധുനിക ഉത്തര്‍പ്രദേശ് ഭരിച്ചിരുന്ന സുഹൈല്‍ ദേവ്, ഗാസി സയ്യിദ് സാലാര്‍ മസൂദ എന്നിവരെയാണ് മോദി സൂചിപ്പിച്ചത്. സംസ്ഥാനത്തിന്റെ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ബിജെപി ഈ ചരിത്രം ഉപയോഗിച്ചിരുന്നു. നൂറു പശുക്കളുടെ സംഭവം വസ്തുതയല്ല, ഐതിഹ്യമാണെന്നാണ് ചരിത്രകാരന്മാരുടെ പക്ഷം.
തുടര്‍ക്കഥയാവുന്ന മുസ്‌ലിം വധങ്ങള്‍ ഒരു സമൂഹമെന്ന നിലക്ക് നമ്മളില്‍ ഏതെങ്കിലും തരത്തില്‍ മാറ്റങ്ങള്‍ കൊണ്ടു വന്നിട്ടുണ്ടോ?
കൊലപാതകങ്ങളും പശു, ബീഫ് എന്നിവയെക്കുറിച്ചുള്ള സംസാരങ്ങളും നമ്മുടെ പൊതു ഇടങ്ങളെ രൂപപ്പെടുത്തിയെടുക്കാന്‍ കൂടിയുള്ളതാണ്. നോക്കൂ, യൂറോപ്പിലെ ഹിജാബിനെയും ഹെഡ്‌സ്‌കാര്‍ഫിനെയും കുറിച്ചുള്ള ചര്‍ച്ചകള്‍ ഒരര്‍ത്ഥത്തില്‍ പൊതു ഇടത്തില്‍ എന്തൊക്കെ നിര്‍ബന്ധമായും വിസിബിള്‍ ആയിരിക്കേണ്ടതുണ്ടെന്നതിനെക്കുറിച്ചാണ്.
ട്രെയിന്‍ ഇന്ത്യയിലെ വലിയൊരു പൊതുസ്ഥലമാണ്. ഇവിടത്തെ ട്രെയിന്‍ യാത്രയുടെ സൗന്ദര്യം തന്നെ ദൃശ്യ ഗന്ധ വൈവിധ്യങ്ങളാണ്. നിങ്ങളൊരു ബീഹാര്‍ ട്രെയിനില്‍ യാത്ര ചെയ്യുകയാണെങ്കില്‍ ജനങ്ങള്‍ ലിത്തി, സത്തു, പറാത്ത എന്നിങ്ങനെ ഗന്ധവൈവിധ്യമുള്ള അനവധി ഭക്ഷ്യവസ്തുക്കള്‍ കഴിക്കുന്നതു കാണാം.
വെജിറ്റേറിയന്‍ വേഴ്‌സസ് നണ്‍ വെജിറ്റേറിയന്‍ എന്നതിലേക്കു വരുമ്പോള്‍ ദൃശ്യ ഗന്ധ മണ്ഡലങ്ങള്‍ പ്രസക്തമാണ്. ഹിന്ദുത്വ പ്രവര്‍ത്തകരുടെയും കൊലപാതങ്ങളുടെയും ലക്ഷ്യം പൊതു ഇടങ്ങളെ കേവലം ഏകശിലാത്മകമായ, ഭൂരിപക്ഷതാല്‍പര്യത്തിലൂന്നിയ കാഴ്ചകളിലേക്കും ഗന്ധങ്ങളിലേക്കും പരിമിതപ്പെടുത്തുകയെന്നുള്ളതാണ്. ബീഫില്ലാത്ത, അതിന്റെ ഗന്ധം മണക്കാത്ത പൊതുഇടത്തെയാണ് അവര്‍ നിര്‍മിക്കുന്നത്.
വാസ്തവത്തില്‍ എന്തു വീഴ്ചയാണ് സംഭവിച്ചത്?
മുതിര്‍ന്ന പത്രപ്രവര്‍ത്തകയായ അര്‍ഫ ഖാനും ശര്‍വാനി ഈയിടെ ഇപ്രകാരം പറഞ്ഞു, ”രാജ്യം ഭരിക്കാന്‍ ആര്‍ എസ് എസിന് താല്‍പര്യമുണ്ടെങ്കില്‍, സര്‍വ്വ അക്രമ പ്രവര്‍ത്തനങ്ങളും അധികാരം നേടാന്‍ വേണ്ടിയാണെങ്കില്‍, നിങ്ങളുടെ വിജയം ഞങ്ങള്‍ ഉറപ്പുവരുത്താം, ഈ അക്രമങ്ങള്‍ അവസാനിപ്പിക്കൂ. ഇന്ത്യക്കാരുടെ സുരക്ഷയും രാജ്യത്ത് സമാധാനവും ഉറപ്പുവരുത്തുമെങ്കില്‍ ഭരണം എക്കാലത്തേക്കുമായി ആര്‍.എസ്.എസിനെയും ബി.ജെ.പിയെയും ഞാന്‍ ഏല്‍പ്പിക്കാന്‍ തയ്യാറാണ്”. ഒരു മുന്‍ മുസ്‌ലിം രാജ്യസഭാ മെമ്പര്‍ ഈയിടെ മുസ്‌ലിംകള്‍ രാഷ്ട്രീയത്തില്‍ നിന്നും അകന്നു നില്‍ക്കണമെന്നു പറഞ്ഞത്.
ഇന്ത്യയിലേത് ഏതു തരം ജനാധിപത്യമാണെന്ന ചോദ്യത്തിന് പ്രസക്തിയുണ്ട്. ജനാധിപത്യം എന്ന ആശയം തന്നെ രാഷ്ട്രീയവല്‍ക്കരണത്തെയും പങ്കാളിത്തത്തെയും കുറിച്ചുള്ളതാണ്. എന്തുകൊണ്ടാണ് നമ്മുടെ രാജ്യത്തെ ജനാധിപത്യ വ്യവസ്ഥ പൗരന്മാരെ രാഷ്ട്രീയത്തില്‍ നിന്നും അകന്നു അരാഷ്ട്രീയരാവാന്‍ നിര്‍ബന്ധിക്കുന്നത്. ഇവിടത്തെ ജനാധിപത്യം ഭയം ഉല്‍പാദിപ്പിക്കുന്നുണ്ടെങ്കില്‍, നമ്മള്‍ ജനാധിപത്യത്തെക്കുറിച്ചുതന്നെയുള്ള അടിസ്ഥാനപരമായ ചില ചോദ്യങ്ങള്‍ ചോദിക്കേണ്ടതുണ്ട്.
ബി.ജെ.പി ഗവണ്‍മെന്റ് സ്വതന്ത്രവും സുതാര്യവുമായ തിരഞ്ഞെടുപ്പിലൂടെയാണ് അധികാരത്തിലെത്തിയത്.
ജനാധിപത്യം കേവലം തിരഞ്ഞെടുപ്പും ജനകീയ സ്വഭാവവും മാത്രമല്ല. അത് ഭരണഘടന, പൗരന്മാരുടെ അവകാശങ്ങള്‍ എന്നിവയുമായൊക്കെ സംബന്ധിച്ചതിുകൂടിയാണ്. ജനാധിപത്യത്തിന് നീതിയെയും അനീതിയെയും കുറിച്ച് വീക്ഷണങ്ങളുണ്ട്. ജനാധിപത്യം എന്ന ആശയത്തെ നീതിയില്‍ നിന്നും വേര്‍പ്പെടുത്തിയാല്‍ അത് മോബോക്രസി അഥവാ ആള്‍ക്കൂട്ടത്തിന്റെ ഭരണമായി മാറും.
മുസ്‌ലിംകള്‍ എങ്ങനെയാണ് ഇത്തരം സാഹചര്യങ്ങളെ നേരിടുന്നത്?
മുസ്‌ലിംകള്‍ ഈ ഘാതകക്കൂട്ടങ്ങളെ ഹിന്ദുക്കളുടെ പ്രതിനിധികളായി കണക്കാക്കുന്നില്ല. അവര്‍ക്ക് ജനാധിപത്യ സംവിധാനത്തില്‍ വിശ്വാസമുണ്ട്. അവര്‍ മഹത്തായ നന്മയുടെ മാതൃകകള്‍ സൃഷ്ടിച്ചിരിക്കുന്നു. അത് ജനാധിപത്യത്തിന്റെയോ രാഷ്ട്രീയ പ്രചാരണങ്ങളുടെയോ അല്ല. മറിച്ച് കറകളഞ്ഞ ജനാധിപത്യവാദികളുടെയും ജനാധിപത്യത്തെ ധര്‍മ്മചിന്തയായി മനസിലാക്കുന്നവരുടെയും മാതൃകയാണ്. കൃത്യമായി പറഞ്ഞാല്‍, സ്വബ്‌റും (ക്ഷമ) സര്‍വ്വ വെല്ലുവിളികള്‍ക്കും അതീതമായ നിശ്ചയദാര്‍ഢ്യവും സ്ഥിരോത്സാഹവുമാണത്.
(കടപ്പാട്: ഹഫിങ്ടണ്‍ പോസ്റ്റ്)
വിവ: സി. സ്വാലിഹ് അമ്മിനിക്കാട്