Home » Article » Society » അത്ര നിഷ്‌കളങ്കമാണോ നമ്മുടെ പരിസ്ഥിതി വാദം

അത്ര നിഷ്‌കളങ്കമാണോ നമ്മുടെ പരിസ്ഥിതി വാദം

പരിസ്ഥിതി സംരക്ഷിപ്പെടേണ്ടതാണെന്നത് സംശയരഹിതമാണ്. മതപരവും രാഷ്ട്രീയപരവുമായി പരിസ്ഥിതി സംരക്ഷണം ഓരോ പൗരന്റെയും കടമ തന്നെയാണ്. എന്നാല്‍ കേരളത്തില്‍ ഏറെ കൊട്ടിഘോഷിക്കപ്പെട്ട പരിസ്ഥിതി സമരങ്ങളിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടാനാണ് ഈ ശ്രമം.
കേരളത്തില്‍ ഇതുവരെയുണ്ടായിട്ടുള്ള പരിസ്ഥിതി പ്രസ്ഥാനങ്ങളും സമരങ്ങളും നഗരസമൂഹത്തിന്റെ ആകുലതകളുടെ ഭാഗമായിട്ടാണ് ഉയര്‍ന്നുവരുന്നതും ഉന്നയിക്കപ്പെടുന്നതും. നാട്ടിന്‍പുറങ്ങളെക്കുറിച്ചും വനത്തെക്കുറിച്ചും തികച്ചും റൊമാന്റിക് ഭാവനകള്‍ വെച്ചുപുലര്‍ത്തുന്നവരായിരുന്നു ഈ മുന്നേറ്റങ്ങളുടെ മുന്‍നിരയിലുണ്ടായിരുന്നതും ഗുണഭോക്താക്കളായിരുന്നതും. അതിന്റെ പ്രഥമ ഉദാഹരണമാണ് സൈലന്റ് വാലി മൂവ്‌മെന്റ്. സൈലന്റ് വാലി സംരക്ഷണത്തിന്റെ കാര്യമായ ഉത്കണ്ഠ വനവും വന്യജീവികളും മാത്രമായിരുന്നു. ആദിവാസികളും തദ്ദേശീയരുമായ ആളുകളുടെ സംരക്ഷണം ഇതിന്റെ ഭാഗമായി കടന്നുവന്നിരുന്നില്ല. നഗരവാസികള്‍ക്ക് മാത്രമാണ് വനം റൊമാന്റിക് ഭാവനകളുടെ ഭാഗമായി കടന്നുവരുന്നത്. വനങ്ങളും കാടുകളും റൊമാന്റിക് ഭാവനകളുടെ ഭാഗമായി മാത്രം അനുഭവേദ്യമാവുന്നതാണോ എന്ന് അതിന്റെ അനുഭവതലത്തില്‍ ജീവിക്കുന്നവര്‍ക്കേ പറയാന്‍ സാധിക്കൂ. 1940 കളിലും അന്‍പതുകളിലും നിലമ്പൂരിലേക്ക് കുടിയേറിയ കര്‍ഷക കുടുംബങ്ങള്‍ക്ക് മാത്രമേ എത്രത്തോളം ദുഷ്‌കരവും പ്രയാസകരവുമായിരുന്നു അവരുടെ ജീവിതാവസ്ഥളെന്ന് പറയാന്‍ സാധിക്കൂ. ഈ അനുഭവങ്ങളെയെല്ലാം പുറത്തുനിര്‍ത്തിയാണ് നഗരകേന്ദ്രീകൃതമായ റൊമാന്റിക് വന്യജീവിവാദം രംഗത്തുവരുന്നത്.
കേരളത്തിലെ പരിസ്ഥിതി വാദത്തിന്റെ മറ്റൊരു പ്രശ്‌നമാണ് അത് പ്യൂരിറ്റിയെ വിടാതെ പിന്തുടരുന്നു എന്നത്. നമ്മുടെ കാട് നമ്മുടെ മരം നമ്മുടെ മണ്ണ് ശുദ്ധമായ മണ്ണ് തുടങ്ങിയ ആശയങ്ങള്‍ രൂപംകൊള്ളുന്നത് ഇതിന്റെ ഭാഗമായിട്ടാണ്. തദ്ദേശീയരുടെ സമ്പാദ്യം പ്രവാസികളുടെ സമ്പാദ്യം തുടങ്ങി പല ദ്വന്ദങ്ങള്‍ക്കും ഈ വാദം കാരണമാവുന്നുണ്ട്. theli
സി.ആര്‍ പരമേശ്വരന്‍ കേരളത്തിലെ പരിസ്ഥിതി നാശത്തിന്റെ ഉത്തരാവാദികളായി ചിത്രീകരിച്ചത് ഗള്‍ഫ് പ്രവാസികളെയായിരുന്നു. ഇത്രത്തോളം പ്യൂരിറ്റിയില്‍ അടിസ്ഥാനപ്പെടുത്തിയ ആശയങ്ങളാണ് കേരളത്തിലെ പരിസ്ഥിതി സംവാദങ്ങള്‍ മുന്നോട്ട് വെക്കുന്നത്. ഈ മുന്നേറ്റങ്ങളുടെ അപരസ്ഥാനത്ത് എല്ലായ്‌പോഴും ഒരു സമൂഹമോ സമുദായമോ ഉണ്ടാകുന്നുണ്ട്. ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക ചലനത്തിനും മുന്നേറ്റത്തിനും ശ്രമിക്കുന്ന പ്രവാസി-ആദിവാസി സമൂഹത്തെയാണ് പലപ്പോഴും ഇവര്‍ അപരസ്ഥാനത്ത് പ്രതിഷ്ഠിക്കുന്നത്.
മുത്തങ്ങ സമരത്തിനെതിരെ പ്രമേയം കൊണ്ടുവരികയായിരുന്നു ഇവിടുത്തെ പരിസ്ഥിതി പ്രവര്‍ത്തകര്‍ ചെയ്തത്. കേരളത്തിലെ ആദിവാസി സമൂഹത്തിന്റെ അതീജീവനമാര്‍ഗത്തിന് തടസ്സം സൃഷ്ടിച്ചാണ് കേരളത്തിലെ പരിസ്ഥിതി വിമര്‍ശനം നടക്കുന്നത് എന്നാണ് ഇവിടെ നിന്നും മനസ്സിലാകുന്നത്. മറ്റൊരു വിഭാഗമാണ് മണല്‍കടത്തുകാരും ക്വാറി ജീവനക്കാരും. കേരളത്തിലെ പരിസ്ഥിതിക്ക് ഭീഷണിയായി ഉയര്‍ത്തിക്കാണിക്കപ്പെടുന്നത് ഇവരാണ്. അതേസമയം തന്നെ ഇവര്‍ കടത്തുന്ന മണലും കല്ലുകളും ഉപയോഗപ്പെടുത്തുന്നത് ആരാണെന്ന ചോദ്യം ഇതോടൊപ്പം ഉയര്‍ന്നുവരേണ്ടതുണ്ട്. പരിസ്ഥിതിയുടെ സന്തുലിതാവസ്ഥക്ക് കോട്ടം വരുത്തുന്നത് നഗരവത്കരണമാണ്. അതിനുള്ള ഘടകങ്ങള്‍ നിര്‍മ്മിക്കുന്നവരെ തന്നെ അപരവത്കരിച്ചും പ്രതിസ്ഥാനത്ത് നിര്‍ത്തിയുമാണ് നഗരവത്കരണത്തിന് നേതൃത്വം നല്കുന്നവര്‍ പരിസ്ഥിതി രാഷ്ട്രീയം പറയുന്നത്. ഈ സമരങ്ങളുടെ മറ്റൊരു പ്രശ്‌നം കാല്പനികതക്കപ്പുറം ഇതിലുള്ള യഥാര്‍ത്ഥ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ അവ ശ്രമിക്കാറില്ല എന്നതാണ്.
കേരളത്തിലെ മിക്ക പരിസ്ഥിതി സമരങ്ങളും പ്രാദേശികമായി രൂപം കൊള്ളുന്നത് നിത്യജീവിതവൃത്തിക്ക് അവ ദോഷകരമായി വരുന്നതിനെതിരെയാണ്. പ്ലാച്ചിമട സമരം തന്നെ പ്രദേശവാസികളുടെ നിലനില്പിന്റെ ഭാഗമായാണ് പ്രയോഗത്തില്‍ വരുന്നത്. എന്നാല്‍ കേരളത്തിലെ പൊതുസമൂഹം ഈ സമരത്തെ ഏറ്റെടുക്കാനുണ്ടായ കാരണം ഇവിടെ നിന്ന് ഉത്പാദിപ്പിക്കപ്പെടുന്ന പാനീയം ആരോഗ്യത്തിന് ഹാനികരമാണ് എന്നുള്ളത് കൊണ്ടാണ്. പ്ലാച്ചിമടയില്‍ ഉത്പാദിപ്പിക്കപ്പെടുന്ന പാനീയം ന്യൂട്രീഷന്‍ നിറഞ്ഞ ഹാനികരമല്ലാത്ത ഒന്നായിരുന്നുവെങ്കില്‍ ആ സമരത്തിന്റെ നിലവിലെ ചരിത്രം മറ്റൊന്നാകുമായിരുന്നു.
കേരളത്തിലെ പരിസ്ഥിതി സമരങ്ങളില്‍ അത്രയധികം പൊതുജനശ്രദ്ധ നേടാന്‍ സാധിക്കാതെ പോയ ഒന്നാണ് മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സ് കമ്പനിക്കെതിരെ നടന്ന സമരം. ഒരു കമ്യൂണിറ്റി ഏറ്റെടുത്ത നടത്തിയ സമരമായിരുന്നു മാവൂരിലേത്. പള്ളികളും ആരാധനാ കേന്ദ്രങ്ങളും വഴിയാണ് ഈ സമരം ശക്തിപ്രാപിക്കുന്നത്. മുസ്‌ലിം സമുദായം അവരുടെ നിലനില്പിന്റെ ഭാഗമായിട്ടാണ് സമരം നടത്തിയത്. അതുകൊണ്ടുതന്നെയായിരിന്നു കേരളത്തിലെ മുഖ്യധാരാ പരിസ്ഥിതി പ്രവര്‍ത്തകരും മാധ്യമങ്ങളും ഈ സമരത്തെ ഏറ്റെടുക്കാന്‍ തയ്യാറാവാതിരുന്നത്.
കേരളത്തിലെ പരിസ്ഥിതി രാഷ്ട്രീയത്തിന്റെ വക്താക്കളായി സ്വയം അവരോധിക്കുന്നവരാണ് സി.പി.എം. മുത്തങ്ങ സമരത്തില്‍ അവരുടെ നിലപാട് തികച്ചും പ്രശ്‌നഭരിതമായിരുന്നു. സി.പി.എം മുത്തങ്ങ സമരത്തിന് എതിരല്ലെന്നും എന്നാല്‍ മുത്തങ്ങ പരിസ്ഥിതി ലോല പ്രദേശവും വന്യജീവിസങ്കേതവുമായതിനാല്‍ സമരക്കാരുടെ ആവശ്യം അംഗീകരിക്കാന്‍ സാധിക്കില്ലെന്നുമായിരുന്നു അവരുടെ നിലപാട്.
സവര്‍ണ്ണത ഇവിടത്തെ പരിസ്ഥിതി മൂവ്‌മെന്റുകളില്‍ നിഴലിക്കുന്ന മറ്റൊരു പ്രശ്‌നമാണ്. ഇതിന്റെ മറ്റൊരു വശമാണ് സുഗതകുമാരി ആല്‍മര സംരക്ഷണത്തിന് വേണ്ടി നടത്തിയ മൂവ്‌മെന്റ്. കേരളത്തിലെ മുഖ്യധാര പരിസ്ഥിതി മുന്നേറ്റങ്ങളില്‍ സവര്‍ണ്ണ താത്പര്യങ്ങള്‍ മുഖംമൂടി അണിഞ്ഞ് പ്രവര്‍ത്തനം നടത്തുന്നുണ്ട് എന്നത് വ്യക്തമാണ്. കേരളത്തിലെ പ്രസിദ്ധമായ രണ്ട് പുഴകളായ ഭാരതപ്പുഴയും ചാലിയാറും തമ്മിലുള്ള താരതമ്യം ഇവിടെ പ്രസക്തമാണ്. ഭാരതപ്പുഴ മലയാളിയുടെ പരിസ്ഥിതി ആഘാതത്തിന്റെ പ്രതീകമായി നിരന്തരം ഉയര്‍ത്തപ്പെടുന്ന ഒന്നാണ്. ഇതേ പ്രശ്‌നങ്ങളുള്ള ചാലിയാറിനെ മലയാളിയുടെ പാരിസ്ഥിതിക ഉത്കണ്ഠകളില്‍ ഉള്‍പ്പെടുത്താനോ മറ്റോ മുഖ്യധാരാ പരിസ്ഥിതി പ്രവര്‍ത്തകര്‍ തയ്യാറാവാറില്ല.
ഇടശ്ശേരിയുടെ കുറ്റിപ്പുറം പാലത്തില്‍ പാലം കാരണമായുണ്ടാകുന്ന പരിസ്ഥിതി പ്രശ്‌നങ്ങളല്ല മുഖ്യപ്രശ്‌നമായി മാറുന്നത്. മറിച്ച് അത് അവിടുത്തെ സവര്‍ണ്ണപരിസരങ്ങളെ മലിനമാക്കുന്നു എന്നതാണ്. ഭാരതപ്പുഴ സംരക്ഷണം എപ്പോഴും ഉയര്‍ന്നുവരുന്നത് സവര്‍ണ്ണമലയാളിത്തവുമായി അതിനുള്ള അഭേദ്യബന്ധം മൂലമാണ്. എണ്ണം പറഞ്ഞ സവര്‍ണ്ണ സാഹിത്യകാരന്മാരുടെ ബാല്യവും ജീവിതവും ഭാരതപ്പുഴയുടെ പരിസരത്തായതുകൊണ്ടുകൂടിയാണ് അത് കേരളത്തിന്റെ ആകുലതകളുടെ ഭാഗമായിട്ട് കടന്നു വരുന്നത്. അറുപത്തഞ്ചോളം ക്ഷേത്രങ്ങള്‍ സ്ഥിതി ചെയ്യുന്ന ഭാരതപ്പുഴ മാത്രമാണ് സംരക്ഷിക്കപ്പെടേണ്ടതെന്ന വാദമാണ് പ്രശ്‌നമായി നിലകൊള്ളുന്നത്.
മുസ്‌ലിം സമുദായം ഈ പ്രശനങ്ങളെയെല്ലാം അത്ര നിഷ്‌കളങ്കമായി സമീപിക്കേണ്ടതില്ല. മുസ്‌ലിംകള്‍ പരിസ്ഥിതി രാഷ്ട്രീയം പറയുമ്പോള്‍ അതിനെ ഗള്‍ഫ് പണമാണ് കേരളത്തിലെ പരിസ്ഥിയെ തകര്‍ക്കുന്നതെന്ന വാദം കൊണ്ട് നേരിടുന്ന അവസ്ഥ നിലനില്‍ക്കുമ്പോള്‍ പ്രത്യേകിച്ചും. സ്റ്റേറ്റ് സ്‌പോണ്‍സേഡ് വിഷയമായിട്ട് അതിനെ മാറ്റിയിരിക്കുമ്പോള്‍ നമ്മുടെ ഈ നിഷ്‌കളങ്കത ഒട്ടും ഗുണം ചെയ്യില്ല എന്നാണ് യാഥാര്‍ത്ഥ്യം.

Editor Thelicham

Thelicham monthly