Thelicham

ഇന്ത്യന്‍ മുസ്‌ലിം; പുതിയ വിശേഷങ്ങള്‍

1857ലും 1947ലും അനുഭവിച്ച അരക്ഷിതാവസ്ഥക്ക് തുല്യമായ ഭീതിത സാഹചര്യം തന്നെയാണ് 2018ലും ഇന്ത്യന്‍ മുസ്‌ലിംകള്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. ആദ്യകാലത്തുണ്ടായിരുന്ന മുസ്‌ലിംകളുടെ സാമൂഹ്യ വ്യവസ്ഥ ഇന്ന് തകര്‍ന്നടിഞ്ഞതു കാരണം തീര്‍ത്തും സൗഹൃദ പരമല്ലാത്ത പുതിയ വെല്ലുവിളികളെ നേരിടാന്‍ മുസ്‌ലിംകള്‍ക്കാവുന്നില്ല. 1947ല്‍, ധര്‍മ്മനിഷ്ഠനായ മീററ്റ് നവാബ് മുഹമ്മദ് ഇസ്മാഈലിന്റെ താല്‍പര്യ പ്രകാരം മുഹമ്മദലി ജിന്ന ഇന്ത്യന്‍ മുസ്‌ലിംകളുടെ നേതാവായി ചൗധരി ഖാലിഖുസ്സമാനെ നിയമിക്കുകയുണ്ടായി. നാഡി തളര്‍ച്ച ബാധിച്ച ചൗധരി ഖാലിഖുസ്സമാന്‍ ഇന്ത്യവിട്ട് പാകിസ്ഥാനില്‍ പോയി. പാകിസ്ഥാനിലെ തന്റെ വിശ്രമ ജീവിതത്തില്‍ ഇന്ത്യ വിഭജനത്തെക്കുറിച്ച് കൂടുതല്‍ അസ്വസ്ഥമാവുകയും പശ്ചാത്തപിക്കുകയും ചെയ്യുകയുണ്ടായി എന്നാണ് ചരിത്രം.
സ്വാതന്ത്ര്യത്തിന് ഏഴുപത് വര്‍ഷങ്ങള്‍ക്കിപ്പുറം, പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആര്‍.എസ്.എസ് ടീം രാജ്യം ഭരിക്കുന്ന കാലത്ത് അത്യന്തം അപകടകരമായ അവസ്ഥകളാണ് ഉയര്‍ന്നു വരുന്നത്. സര്‍വ്വവ്യാപകമായി മുസ്‌ലിംകള്‍ വിവേചനം നേരിട്ടുകൊണ്ടിരിക്കുന്നു. 1952 മുതല്‍ എല്ലാ ലോക്‌സഭാ പൊതു തിരഞ്ഞെടുപ്പുകളിലും ദേശീയ രാഷ്ട്രീയത്തിലെ മുസ്‌ലിംകളുടെ സാന്നിധ്യം കൃത്യമായ പ്രതിഫലനം സൃഷ്ടിച്ചിരുന്നു. ലോക്‌സഭയില്‍ വര്‍ഷങ്ങളായുള്ള മുസ്‌ലിം പ്രാതിനിധ്യം ഇങ്ങനെ വായിക്കാം: 1952-25; 1962-26; 1967-28; 1971-28; 1977-32; 1980-49; 1984-45; 1989-33; 1991-29; 1996-27; 1998-38; 1999-32; 2004-35; 2009-28; 2014-22. 2014ലെ 22 സീറ്റ് ചരിത്രത്തില്‍ എക്കാലത്തെയും കുറവ് പ്രാതിനിധ്യമാണ്. ജനസംഖ്യയുടെ 10.5 ശതമാനമുള്ള മുസ്‌ലിം ജനവിഭാഗത്തിന്റെ പ്രാതിനിധ്യം, 1952ല്‍ ആകെയുണ്ടായിരുന്ന 489 ലോക്‌സഭാ സീറ്റില്‍ നിന്നും 2014 ല്‍ 548 ആയി ഉയര്‍ന്നപ്പോഴും വെറും 4.2 ശതമാനം മാത്രമാണ്. ആര്‍.എസ്.എസിന്റെ രാഷ്ട്രീയ മുഖമായ ഭാരതീയ ജനതാപാര്‍ട്ടി (ബി.ജെ.പി) ഭരിക്കുന്ന ഗുജറാത്ത്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, ഛത്തീസ്ഖഡ് എന്നീ സംസ്ഥാനങ്ങളിലെ അസംബ്ലി സീറ്റുകളില്‍ അവര്‍ക്ക് ഒരു മുസ്‌ലിം പ്രതിനിധി പോലും ഇല്ല എന്നതാണ് വാസ്തവം.
1983 ജൂണ്‍ 14ന് ന്യൂനപക്ഷങ്ങള്‍, എസ്.സി, എസ്.ടി മറ്റു കീഴാള വിഭാഗങ്ങളെക്കുറിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട ഉന്നതാധികാര സമിതി തങ്ങളുടെ റിപ്പോര്‍ട്ട് രണ്ട് വാള്യങ്ങളിലായി ഇന്ത്യ ഗവണ്‍മെന്റിന് സമര്‍പ്പിക്കുകയുണ്ടായി. ഈ ഏഴംഗ സമിതിയില്‍ ഉണ്ടായിരുന്ന ഏക മുസ്‌ലിം ഡോ. റഫീഖ് സകരിയ ആയിരുന്നു. കോണ്‍ഗ്രസ് അനുഭാവിയായിരുന്ന അദ്ദേഹം അതിന്റെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അധികാരങ്ങളിലെ മുസ്‌ലിം പ്രാതിനിധ്യത്തിന്റെ കണക്കുകളെ വ്യക്തമായി അപഗ്രഥനം ചെയ്യാനും യാഥാര്‍ത്ഥ്യങ്ങള്‍ പുറത്ത് കൊണ്ട് വരാനും റഫീഖ് സകരിയ ഊര്‍ജ്ജിതതശ്രമങ്ങള്‍ നടത്തി എന്നുള്ളത് എടുത്ത് പറയേണ്ടതാണ്. റിപ്പോര്‍ട്ടിന്റെ രണ്ടാം അധ്യായത്തിലെ ചില വെളിപ്പെടുത്തലുകളിങ്ങനെ ‘നാം ആശങ്കപ്പെട്ടതുപോലെ തന്നെ, ലഭ്യമായ വിവരങ്ങള്‍ മുഴുവന്‍(പൂര്‍ണമല്ലെങ്കിലും) നിയമത്താല്‍ സംരക്ഷണം ലഭിക്കുന്ന എസ്.സി, എസ്.ടി വിഭാഗങ്ങളുടേത് മാത്രമാണ്. മത ന്യൂനപക്ഷങ്ങളെക്കുറിച്ച് അവ്യക്തമായ വിവരങ്ങള്‍ക്കപ്പുറം കൃത്യമായ സ്ഥിതി വിവരണ കണക്കുകള്‍ ലഭ്യമല്ല. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കോ എന്നല്ല കേന്ദ്ര ഗവണ്‍മെന്റിനു പോലും ന്യൂനപക്ഷ വിഭാഗങ്ങള്‍ എത്രപേര്‍ തൊഴിലെടുക്കുന്നവരുണ്ടെന്നും സാമ്പത്തിക പദ്ധതികള്‍ എത്രത്തോളം കാര്യക്ഷമമായി അവര്‍ക്ക് ലഭിക്കുന്നുണ്ടെന്നുമുള്ള റിപ്പോര്‍ട്ട് സമിതിക്ക് നല്‍കാന്‍ സാധിച്ചിട്ടില്ല. ന്യൂനപക്ഷങ്ങളുടെ കാര്യത്തില്‍ അവരുടെ സ്ഥിതി വിവര കണക്കുകളുടെ സംരക്ഷണത്തിന് ബന്ധപ്പെട്ട അധികാരികളുടെ നിയമം അനുശാസിക്കുന്നില്ല എന്നാണ് ഈ വിഷയത്തില്‍ ഞങ്ങള്‍ക്ക് കിട്ടിയ മറുപടി. മാത്രമല്ല അത്തരം വിവരങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കാന്‍ അവര്‍ക്ക് സാധിക്കുമായിരുന്നില്ല.
അതിന് ശേഷം 2007ല്‍ പുറത്ത് വന്ന റിപ്പോര്‍ട്ട് മത-ഭാഷാ ന്യൂനപക്ഷങ്ങളെക്കുറിച്ച് ദേശീയ കമ്മീഷന്റേതായിരുന്നു. ഈ കമ്മീഷന്റെ അധ്യക്ഷന്‍ മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസും തന്റെ ഉദ്യോഗങ്ങളിലൊക്കെ ദയനീയമായി പരാജയപ്പെടുകയും ചെയ്ത ജസ്റ്റിസ് രംഗനാഥ മിശ്രയായിരുന്നു. പിന്നീട് അദ്ദേഹം കോണ്‍ഗ്രസ് രാഷ്ട്രീയത്തിലേക്ക് കടന്നുവന്നു. ഈ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഉപകാരപ്രദമായിരുന്നു. മുന്‍ സീനിയര്‍ ബ്യൂറോക്രാറ്റായിരുന്ന മെമ്പര്‍ സെക്രട്ടറി ആശാ ദാസ് ഈ റിപ്പോര്‍ട്ടിനെതിരെ പ്രതിസ്വരം മുഴക്കി. ഈ റിപ്പോര്‍ട്ടില്‍ ബി.ജെ.പി വൃത്തത്തില്‍ നിന്ന് മാത്രം പ്രതീക്ഷിക്കാവുന്ന പ്രസ്താവനകള്‍ ഉണ്ടായിരുന്നു. അവസാനമായി വന്ന റിപ്പോര്‍ട്ട് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് നിയോഗിച്ച സച്ചാര്‍ കമ്മീഷന്റേതായിരുന്നു. ഇന്ത്യന്‍ മുസ്‌ലിംകളുടെ സാമൂഹിക-സാമ്പത്തിക-വിദ്യാഭ്യാസ സ്ഥിതി വിവര കണക്കുകള്‍ തയ്യാറാക്കിയ കമ്മീഷന്‍ 2006 നവംബര്‍ 17ന് തങ്ങളുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയുണ്ടായി. ആദ്യമായിട്ടായിരുന്നു മുസ്‌ലിംകളെ തനിയെ പഠിക്കാന്‍ ഒരു കമ്മീഷന്‍ നിയോഗിക്കപ്പെട്ടത്.
ഇന്ത്യയിലെ ചില ഭാഗങ്ങളിലെ പോലീസ് സേനയുടെ മുസ്‌ലിംകോളോടുള്ള മോശം സമീപനം പോലെ മോശമായിരുന്നു സേനയിലേക്കുള്ള മുസ്‌ലിം നിയമനങ്ങള്‍. തുലോം തുഛമാണെന്നര്‍ത്ഥം. ഇന്ത്യന്‍ ആര്‍മിയിലും മുസ്‌ലിം സാന്നിധ്യത്തില്‍ പ്രകടമായ കുറവ് തന്നെയുണ്ട്. ഈ കാര്യത്തിലേക്ക് അലി അഹ്മദ് തന്റെ ദി മിസിംഗ് മുസ്‌ലിം ആര്‍മി ഓഫിസേഴ്‌സ് എന്ന പഠത്തിലൂടെ വിരല്‍ചൂണ്ടുന്നുണ്ട്. (ഇ.പി.ഡബ്യൂ ജനുവരി 27. 2018).

മുസ്‌ലിംകള്‍ക്ക് ശബ്ദം നല്‍കുന്ന അവരുടെ അവകാശങ്ങള്‍ നേടിക്കൊടുക്കുന്ന ഒരു പാര്‍ട്ടിയേയെങ്കിലും നിങ്ങള്‍ക്ക് എടുത്ത് കാണിക്കാന്‍ പറ്റുമോ? പിന്നെ എന്തുകൊണ്ടാണ് മുസ്‌ലിം സ്വത്വ രാഷ്ട്രീയക്കാരെ നിങ്ങള്‍ പഴിക്കുന്നത്? എന്തിനാണ് അസദുദ്ദീന്‍ ഉവൈസിയെ പോലുള്ളവരെ, അവരുടെ ധീരമായ നിലപാടിനെ നിങ്ങള്‍ പഴിക്കുന്നത്? ഇവിടെ ദ്വിമാന സമീപനം നിലനില്‍ക്കുന്നുണ്ട്. മുസ്‌ലിം ന്യൂനപക്ഷങ്ങളെ മതേതര ചേരിയിലേക്ക് ചേര്‍ത്തുകൊണ്ട് അവരുടെ പ്രശ്‌നങ്ങള്‍ക്കും ആവലാതികള്‍ക്കും പരിഹാരം കാണുക. മുസ്‌ലിംകളില്‍ നിന്നും അല്ലാതെയും മുസ്‌ലിംകള്‍ക്ക് വേണ്ടി സംസാരിക്കുന്ന നേതാക്കളെ നിങ്ങള്‍ക്ക് പലയിടത്തും കാണാം. ഉദാഹരണമായി, മുസ്‌ലിംകളെ അകാരണമായി അറസ്റ്റ് ചെയ്യുന്നതിനെയും കുറ്റവിചാരണ നടത്തുന്നതിനെയും ശക്തമായി വിമര്‍ശിക്കുന്ന ആളാണ് ശരത് പവാര്‍.
മതേതര രാഷ്ട്രീയ പാര്‍ട്ടികള്‍ മുസ്‌ലിംകളോട് കാണിക്കുന്ന ഉപേക്ഷാമനോഭാവത്തിന്റെ ഒരു ഉദാഹരണമിതാണ്. 2001 ഫെബ്രുവരി 2 ന് അലഹാബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിന് ജഗ്ദീഷ് ബാല സംസ്ഥാന ഗവണ്‍മെന്റിനെ വിമര്‍ശിക്കുകയുണ്ടായി. കാരണം മറ്റൊന്നുമായിരുന്നില്ല, ബാബരി ധ്വംസനത്തിലെ രണ്ട് പ്രധാന ക്രിമിനല്‍ കേസുകളില്‍ വിചാരണക്ക് വേണ്ടി ഹരജി നല്‍കാതെ സര്‍ക്കാര്‍ അകാരണമായി കേസ് നീട്ടിക്കൊണ്ടു പോവുകയായിരുന്നു. കഴിഞ്ഞ പതിനേഴ് വര്‍ഷത്തോളമായിട്ട് ഒരു മുഖ്യമന്ത്രി പോലും -മായാവതി, മുലായം സിങ്, അഖിലേഷ് യാദവ്- അങ്ങനെ ഒരു വിചാരണാ ഹരജിയെക്കുറിച്ച് ആലോചിക്കുക പോലുമുണ്ടായിരുന്നില്ല. മുസ്‌ലിം രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും മുസ്‌ലിം നേതാക്കളില്‍ നിന്നുമല്ലാതെ പിന്നെ ആരില്‍ നിന്നാണ് മുസ്‌ലിംകള്‍ പ്രതീക്ഷിക്കേണ്ടത്?
ഒരു ന്യൂനപക്ഷ സമൂഹത്തിന്റെ സ്വത്തബോധം രൂപപ്പെടുന്നത് സാധ്യമാകുന്നത് അവര്‍ തങ്ങളുടെ ചരിത്രത്തെയും പാരമ്പര്യത്തെയും മനസ്സിലാക്കിയെടുക്കുന്നതിലൂടെയാണ്. ന്യൂനപക്ഷത്തെയും അവരുടെ പൈതൃകത്തെയും ഭൂരിപക്ഷം എങ്ങനെ മനസ്സിലാക്കുന്നോ അതായിരിക്കും ഭൂരിപക്ഷ സാമൂഹ്യ വ്യവസ്ഥയില്‍ ന്യൂനപക്ഷത്തിന്റെ ചിത്രം. ബഹുസ്വര സമൂഹത്തോട് ഒരു സമുദായത്തിന്റെ ചരിത്രം ഒരേ ഭാഷയിലല്ലല്ലോ സംസാരിക്കുന്നത്.
വിഭജനത്തിന്റെ മുറിവുകള്‍ക്ക് ഏകദേശം ഒരു പരിഹാരമായി ഭരണഘടനാപരമായ സംരക്ഷണം മുസ്‌ലിംകള്‍ക്ക് ലഭിക്കുകയുണ്ടായി. പക്ഷെ, രാഷ്ട്രീയ പ്രാതിനിധ്യം തീരെ ഇല്ലാത്ത ഈ ഭരണഘടനാ സംരക്ഷണം അധികാര പങ്കാളിത്തം സാധ്യമാക്കുന്നുവെങ്കിലും ഒട്ടുമേ സുരക്ഷ പ്രധാനം ചെയ്യുന്നില്ല.
ഇന്ന്, ഇന്ത്യന്‍ മുസ്‌ലിംകളുടെ ചരിത്രവും പൈതൃകവും കൂട്ടിവായിക്കാതെ അവരുടെ മനസ്സും രാഷ്ട്രീയവും മനസ്സിലാക്കിയെടുക്കല്‍ ശ്രമകരമായ കാര്യമാണ്. ഈ സാഹചര്യം മുതലെടുത്തുകൊണ്ടാണ് ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ മുസ്‌ലിംകളോടുള്ള തങ്ങളുടെ നിലപാട് സ്വീകരിച്ചിരിക്കുന്നത്. ഭരണഘടന സംരക്ഷണവും രാഷ്ട്രീയ പങ്കാളിത്തവും മുസ്‌ലിം സുരക്ഷയുടെ കാര്യത്തില്‍ പ്രതീക്ഷക്ക് വകനല്‍കുന്നതാണെന്നതാണ് ഏക ആശ്വാസം. പങ്കാളിത്തം ഔപചാരികമായി നടക്കുന്നുണ്ടെങ്കിലും മുസ്‌ലിം ഉന്നമനം എന്ന ലക്ഷ്യം ഒരു മരീചികയായി ഇനിയും ശേഷിക്കുകയാണ്. ഈ രാഷ്ട്രീയത്തിന്റെ ആദ്യകാലത്ത് ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികളും മുസ്‌ലിംകളും സ്വീകരിച്ച പ്രവര്‍ത്തന ഗതിയുടെ, ഒട്ടും കുറവില്ലാതെ തന്നെ, ഫലമാണ് ഇതെന്ന് വ്യക്തമാണ്.
ഈ പുതിയ സാഹചര്യത്തില്‍ പുതിയ നയങ്ങളും തന്ത്രങ്ങളും ആവിഷ്‌കരിച്ചുകൊണ്ടിരുന്ന ഏക ലീഗ് നേതാവ് ബംഗാളിലെ എച്ച്, എസ് സുഹ്‌റവര്‍ദിയായിരുന്നു. 1947 സെപ്റ്റംബര്‍ 10 ന് സുഹ്‌റവര്‍ദി ഇന്ത്യന്‍ മുസ്‌ലിംകളുടെ രാഷ്ട്രീയത്തെക്കുറിച്ചും ഭാവിയെക്കുറിച്ചും സവിസ്തരം പ്രതിപാദിക്കുന്ന ഒരു കത്ത് ഖാലിഖുസ്സമാന് എഴുതുകയുണ്ടായി. ദ്വിരാഷ്ട്ര വാദത്തെ നാം പിന്തുണക്കണമെന്നും ആ കാര്യം ചിന്തിക്കാന്‍ നാം വൈകിയെന്നും കുറ്റസമ്മത ഭാവേന സുഹ്‌റവര്‍ദി ഈ കത്തില്‍ സൂചിപ്പിക്കുകയുണ്ടായി. എന്നാല്‍, ഈ കാര്യത്തെ ഖാലിഖുസ്സമാന്‍ ഒറ്റയടിക്ക് തള്ളിക്കളയുകയുണ്ടായി. കത്തിലുണ്ടായിരുന്ന മറ്റൊരു കാര്യം മുസ്‌ലിംകള്‍ അവരുടെ സ്വത്വത്തിന്റെ പേരില്‍ ഐക്യപ്പെടണമെന്നും ശേഷം ഹിന്ദുക്കളുമായി സൗഹൃദം സ്ഥാപിക്കണമെന്നുമായിരുന്നു. ഇപ്പോഴും പ്രസക്തി നഷ്ടപ്പെടാത്ത ഒരു ചോദ്യം ഈ കത്തിലൂടെ സുഹ്‌റവര്‍ദി ഉയര്‍ത്തുകയുണ്ടായി. ‘നിങ്ങള്‍ക്ക് മതിയായ ശക്തിയില്ലായെങ്കില്‍, അഥവാ ഐക്യപ്പെടാതെ ദുര്‍ബലമായി കിടക്കുകയാണെങ്കില്‍ ഹിന്ദുക്കള്‍ നിങ്ങളെ കണക്കിലെടുക്കുമോ എന്ന് ഞാന്‍ ആശങ്കപ്പെടുന്നുണ്ട്. എന്നാല്‍, അതേസമയം സ്വത്വാധിഷ്ഠിതമായി സംഘടിക്കുന്നത് ഹിന്ദുക്കളില്‍ സ്വാഭാവികമായും അസ്വസ്ഥതക്കും ആശങ്കക്കും വക നല്‍കുന്നതാണ്. അപ്പോള്‍ ഇവിടെ ഉരുത്തിരിഞ്ഞ് വരുന്ന സുപ്രധാന കാര്യം നാം ഹിന്ദുക്കളുമായി എന്ത് നിലപാട് സ്വീകരിക്കുമെന്നാണ്. ലീഗിന് കോണ്‍ഗ്രസ്സിനോടുള്ള സമീപനമാണോ നാം സ്വീകരിക്കേണ്ടത് അതോ ഹിന്ദുക്കളെയും മുസ്‌ലിംകളെയും ഒരുമിച്ചിരുത്തി ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുകയാണോ ചെയ്യേണ്ടത്?. ലീഗ് കോണ്‍ഗ്രസിനോട് സ്വീകരിക്കുന്ന സമീപനമാണ് നിങ്ങള്‍ ഹിന്ദുക്കളോട് സ്വീകരിക്കുന്നതെങ്കില്‍ അവര്‍ നിങ്ങളെ സ്വീകരിക്കാന്‍ വിമുഖത കാണിച്ചേക്കും. എന്നാല്‍ സംയുക്ത സ്ഥാനാര്‍ഥിത്വത്തെ പിന്തുണക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് ദേശീയ മുസ്‌ലിം എന്ന വിഭാഗത്തെ പിന്തുണക്കേണ്ടിയും വരും’. (ഖാലിഖുസ്സമാന്‍, പി-397-399).
മറ്റു ഒരുപാട് കാര്യങ്ങള്‍ പറയപ്പെട്ടുവെങ്കിലും എല്ലാം തള്ളപ്പെടുകയാണുണ്ടായത്. പക്ഷെ, ഒരു കാര്യം അദ്ദേഹം സ്പഷ്ടമായി പറഞ്ഞു: ന്യൂനപക്ഷ പ്രദേശങ്ങളിലെ മുസ്‌ലിംകള്‍ അവര്‍ തന്നെ സ്വന്തം പദ്ധതികള്‍ ആവിഷ്‌കരിച്ചെടുക്കണമെന്നാണ് എന്റെ അഭിപ്രായം’ മുസ്‌ലിം സാമാജികരുടെ ഒരു കണ്‍വെന്‍ഷന്‍ നടത്താന്‍ സുഹ്‌റവര്‍ദി ആവശ്യപ്പെട്ടുവെങ്കിലും ഖാലിഖുസ്സമാന്‍ അക്കാര്യത്തില്‍ താല്‍പര്യം കാണിച്ചില്ല. 1947 ഒക്ടോബറില്‍ അദ്ദേഹം പാകിസ്ഥാനില്‍ സ്ഥിര താമസമാക്കുകയും ചെയ്തു.
മുഹമ്മദ് റസാഖാന്‍, 1943 മുതല്‍ മുസ്‌ലിം ലീഗ് കൗണ്‍സിലിലും 1963 വരെ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിലും 1946 മുതല്‍ 1962 വരെ മദ്രാസ് അസംബ്ലിയിലും അംഗമായിരുന്നു. 1969 ല്‍ മദ്രാസില്‍ താന്‍ സ്വയം പ്രസിദ്ധീകരിച്ച ‘വാട്ട് പ്രൈസ് ഫ്രീഡം’ എന്ന തന്റെ ഓര്‍മക്കുറിപ്പില്‍ റസാഖാന്‍ വിഭജന സമയത്ത് മുസ്‌ലിംകളുടെ അവസ്ഥയും അതില്‍ ലീഗിന്റെ ദീര്‍ഘവീക്ഷണമില്ലാത്ത നയങ്ങളും തന്റെ മോഹഭംഗങ്ങളും വിശദീകരിക്കുന്നുണ്ട്. ‘ പാകിസ്ഥാന്റെ സൃഷ്ടിപ്പിന് വേണ്ടി അധ്വാനിച്ച് അവസാനം ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് ഇവിടെ ബാക്കിയായത് തങ്ങളെ മുന്നോട്ട് നയിക്കാന്‍ പാര്‍ട്ടിയോ നേതൃത്വമോ ഇല്ലാതെ വെറും അരക്ഷിതാവസ്ഥയായിരുന്നു. പുതിയ രാഷ്ട്രത്തെ നിര്‍മ്മിക്കാന്‍ ജിന്ന കറാച്ചിയിലേക്ക് പോയി. ലീഗിന്റെ പ്രവര്‍ത്തക സമിതിയിലെ തലമുതിര്‍ന്നവരും ഇതര സംസ്ഥാനങ്ങളിലുമുള്ള ഒട്ടുമിക്ക നേതാക്കളും തങ്ങള്‍ക്ക് ഇന്ത്യയില്‍ ഇനിയൊരു രാഷ്ട്രീയ ഭാവിയില്ല എന്ന് കരുതി തങ്ങളുടെ കരിയര്‍ വികസിപ്പിക്കാന്‍ കറാച്ചിയിലേക്ക് വണ്ടി കയറുകയോ അല്ലെങ്കില്‍ തങ്ങളുടെ രാഷ്ട്രീയ ജീവിതത്തിന് പൂര്‍ണവിരാമമിടുകയോ ചെയ്തു. സങ്കീര്‍ണമായ അരക്ഷിതാവസ്ഥയും പേടിയും ഇന്ത്യന്‍ മുസ്‌ലിംകളെ ഇതോടെ പിടികൂടുകയുണ്ടായി. തങ്ങളുടെ രാഷ്ട്രീയവകാശങ്ങളെക്കുറിച്ചും ക്ഷേമത്തെക്കുറിച്ചും ചിന്തിക്കാന്‍ അവര്‍ക്ക് സാധ്യമായില്ല. വര്‍ഗീയ ലഹളയും കലാപവും ഇനി ഇവിടെ ഉണ്ടാകരുതേ എന്നായിരുന്നു അവരുടെ പ്രാര്‍ഥന. രാഷ്ട്രീയത്തില്‍ പൂര്‍ണമായും താല്‍പര്യം നഷ്ടപ്പെട്ട മുസ്‌ലിംകള്‍ തങ്ങളിലേക്ക് തന്നെ സ്വയം ചുരുങ്ങാനാണ് താല്‍പര്യപ്പെട്ടത്.

ആസാദിന്റെ ഉപദേശം

മൗലാനാ അബുല്‍ കലാ ആസാദ് ദല്‍ഹി ജുമാ മസ്ജിദില്‍ തടി്ച്ചു കൂടിയ മുസ്‌ലിംകളോട് ഒരു ഗംഭീര പ്രഭാഷണം നടത്തുകയുണ്ടായി. വാഗ്വിലാസത്തിന്റെ പേരില്‍ നന്നായി കൊണ്ടാടപ്പെട്ട പ്രസംഗം, പ്രകടമല്ലെങ്കിലും ഇന്ത്യന്‍ മുസ്‌ലിംകളുടെ രാഷ്ട്രീയ നേതൃത്വത്തെക്കുറിച്ചായിരുന്നു. അതീവ ഗൗരവവും പരുഷവുമായ പ്രസംഗത്തില്‍ മുസ്‌ലിംകളുടെ ഗതകാലത്തെയും പൈതൃകത്തെയും ശക്തമായി ഓര്‍മിപ്പിച്ചുകൊണ്ട് മുസ്‌ലിംകള്‍ക്ക് ആത്മ ധൈര്യം പകരുകയുണ്ടായി.
രാഷ്ട്രീയമായി മുന്നിട്ടിറങ്ങാനും രാഷ്ട്രീയ നേതൃത്വത്തിനും ആത്മധൈര്യം പകരുന്ന ആസാദിന്റെ അടുത്ത പ്രസംഗം നടന്നത് 1947 ഡിസംബര്‍ 27 ന് ലഖ്‌നോവില്‍ വെച്ച് നടന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം കോണ്‍ഫറന്‍സിലായിരുന്നു. അസാധാരണമെന്ന് പറയട്ടെ ഈ പ്രസംഗത്തിന് അദ്ദേഹത്തിന്റെ പ്രഭാഷണസമാഹാരങ്ങളിലൊന്നും ഇടം കണ്ടെത്താന്‍ കഴിഞ്ഞില്ല. തൊട്ടടുത്ത ദിവസം ‘ടൈംസ് ഓഫ് ഇന്ത്യ’ യില്‍ വന്ന റിപ്പോര്‍ട്ട് ഇവിടെ പ്രതിപാദിക്കട്ടെ. ‘കുറച്ച് ലീഗുകാരുള്‍പ്പെടെ അറുപതിനായിരം മുസ്‌ലിംകള്‍ തടിച്ചു കൂടിയിട്ടുണ്ട്. സൂചി വീണാല്‍ കേള്‍ക്കാവുന്ന നിശബ്ദതയില്‍ ജനം ആസാദിനെ കേട്ടു കൊണ്ടിരിക്കുകയാണ്. സ്വന്തം താല്‍പര്യ പ്രകാരം എങ്ങനെയും കരുപ്പിടിപ്പിക്കാവുന്ന അദ്ദേഹത്തിന്റെ കൈയ്യിലെ കൡണ്ണായിരുന്നു മുസ്‌ലിം രാഷ്ട്രീയം വാസ്തവത്തില്‍. ‘ ജമാഅത്തുല്‍ ഉലമ ഹിന്ദ് അടക്കം എല്ലാ വര്‍ഗീയ സംഘടനകളും നിര്‍വീര്യമാക്കപ്പെടേണ്ടതുണ്ട്’. മതകീയ-സാംസ്‌കാരിക മേഖലകളില്‍ മുസ്‌ലിംകളെ മുന്നോട്ട് നയിക്കലായിരുന്നു ജമാഅത്തുല്‍ ഉലമ ഹിന്ദിന്റെ പ്രവര്‍ത്തന മേഖല. പക്ഷെ, അത് ഇന്ത്യന്‍ ദേശീയതയുടെ അരികു പറ്റി രാഷ്ട്രീയത്തില്‍ കൂടി ഇടപെടാന്‍ തുടങ്ങിയിട്ടുണ്ടായിരുന്നു. ‘ജമാഅത്തുല്‍ ഉലമ ഹിന്ദ് അതിന്റെ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടതുണ്ട്. കാരണം, ഇന്ത്യ ഇപ്പോള്‍ സ്വതന്ത്രമാക്കപ്പെട്ടിരിക്കുകയാണ്’. മുസ്‌ലിംകളുടെ രാഷ്ട്രീയ സംഘടനകള്‍ – എന്നല്ല ഏത് സമുദായത്തിന്റെതായാലും- ദേശീയവാദ പാര്‍ട്ടികളോ പുരോഗമനാത്മകമോ ആവട്ടെ അത് മുസ്‌ലിംകളുടെ താല്‍പര്യത്തിനും ഒരു രാജ്യമെന്ന നിലക്ക് ഇന്ത്യക്കും വളരെ അപകടകരമാണ്. കാരണം ഇന്ത്യയുടെ ഈ മാറിയ സാഹചര്യത്തില്‍ അവക്കൊന്നും പൊരുത്തപ്പെട്ട് മുന്നോട്ട് പോകാന്‍ സാധിക്കില്ല.
‘ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട്ട് തിടുരുന്നു: രാഷ്ട്രീയ ബഹളങ്ങളില്‍ നിന്നും കരുതലോടെ മാറി നിന്ന് മതത്തിലും സംസ്‌കാരത്തിലും മാത്രമായി തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഒതുക്കിയ മതസംഘടനകളുടെ ഒരു പ്രവര്‍ത്തനത്തിനും രാജ്യത്ത് തടസ്സം നേരിടുകയില്ല എന്ന് മൗലാന ആസാദ് നിരീക്ഷിക്കുകയുണ്ടായി. എല്ലാ മതരാഷ്ട്രീയ സംഘടനകളെയും പിരിച്ചുവിട്ട് മതാത്മകമല്ലാത്ത രാഷ്ട്രീയ പുരോഗമനാത്മക സംഘടനകളില്‍ ചേരുന്നതുകൊണ്ട് ഈ സമ്മേളനത്തില്‍ പങ്കെടുത്ത ആരുടെയും ഉത്തരവാദിത്തം അവസാനിക്കുന്നില്ലെന്ന് അദ്ദേഹം പറയുകയുണ്ടായി. തങ്ങളുടെ തീരുമാനം പ്രായോഗികമാവാന്‍ സാധ്യമായ സംവിധാനങ്ങല്‍ കൂടി അവര്‍ ആസൂത്രണം ചെയ്യേണ്ടതുണ്ട്. കോണ്‍ഫറന്‍സിലെ തീരുമാനങ്ങളുടെ അടിസ്ഥആനത്തില്‍ രാജ്യത്ത് നടപ്പിലിരിക്കുന്ന ആസാവഹമല്ലാത്ത അന്തരീക്ഷത്തെ മാറ്റിമറിക്കാന്‍ മതാത്മകമല്ലാത്ത സമിതി രൂപീകരണം അത്യാവശ്മാണ്.
എന്നാല്‍, ഇങ്ങനെയൊരു സമിതി രൂപീകരിക്കുകയുണ്ടായില്ല എന്നതാണ് വാസ്തവം. തന്റെ ഗംഭീരമായ പ്രസംഗത്തില്‍ ആസാദ് മുസ്‌ലിംകളെ കോണ്‍ഗ്രസ്സിലേക്ക് വ്യക്തമായ ഭാഷയില്‍ ക്ഷണിക്കുകയുണ്ടായില്ല. മറിച്ച്, മുസ്‌ലിംകളെ കോണ്‍ഗ്രസ്സിലേക്ക് കൊണ്ടുവരുന്ന കാര്യം കോണ്‍ഫറന്‍സിന്റെ റിസപ്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഹാഫിസ് മുഹമ്മദ് ഇബ്രാഹിമിന് വിട്ടുകൊടുക്കുകയായിരുന്നു. 1947 ഡിസംബര്‍ 28 ന് ജാമിഅത്തുല്‍ ഉലമ ഉപാധ്യക്ഷന്‍ മൗലാനാ അഹ്മദ് സഈദ് ഒരു പ്രമേയം കോണ്‍ഫറന്‍സില്‍ പാസാക്കിയെടുക്കുകയുണ്ടായി. ‘എല്ലാ മുസ്‌ലിംകളും, ഏതുവിധ രാഷ്ട്രീയാനുഭാവം വെച്ചുപുലര്‍ത്തുന്നവരാണെങ്കിലും സംയുക്തമായി തീരുമാനമെടുത്ത് വര്‍ഗീയ രാഷ്ട്രീയത്തെ തള്ളിക്കളയേണ്ടതുണ്ട്. ബോംബൈ ക്രോണിക്കിള്‍ എഡിറ്റര്‍ എസ്.എ ബറേല്‍വി കൊണ്ടുവന്ന മറ്റൊരു പ്രമേയത്തിലും മുസ്‌ലിംകളോട് കോണ്‍ഗ്രസില്‍ ചേരാന്‍ ആവശ്യപ്പെടുകയുണ്ടായി.
മതാത്മകമല്ലാത്ത സമിതി രൂപീകരിക്കാതെ സത്യത്തില്‍ അവര്‍ ഉത്തരവാദിത്വത്തില്‍ നിന്നും ദയനീയമായി തലയൂരുകയായിരുന്നു. യു.എസിലെ വംശീയ വിരുദ്ധ സംഘടനയായ നാഷണല്‍ അസോസിയേഷന്‍ ഫോര്‍ ദി അഡ്വാന്‍സ്‌മെന്റ് ഓഫ് കളേര്‍ഡ് പീപിള്‍ (എന്‍.എ.എ.സി.പി) ഇക്കാര്യത്തില്‍ മാതൃകയാക്കിയെടുക്കാമായിരുന്നു. ഇക്കാലം വരെ, എല്ലാ ഇന്ത്യക്കാരുടെയും അവകാശങ്ങള്‍ എല്ലാ മുസ്‌ലിംകളുടെയും അവകാശമാണെന്ന ബോധ്യത്തോടെ അവകാശ നിഷേധങ്ങളെ ചെറുത്തു നില്‍ക്കുകയും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുകയും ചെയ്യുന്ന മത-രാഷ്ട്രീയ വ്യതിരിക്തതകള്‍ക്കപ്പുറം നില്‍ക്കുന്ന പ്രതിജ്ഞാസന്നദ്ധരായ വ്യക്തികളുള്‍ക്കൊള്ളുന്ന ഒരു സമിതിയെക്കുറിച്ച് ഒരാളും ചിന്തിക്കുകയുണ്ടായില്ല.
ലഖ്‌നോ കോണ്‍ഫറന്‍സില്‍ നിന്നും കിട്ടിയ ഊര്‍ജ്ജം കൊണ്ട് ചലനം സൃഷ്ടിച്ചവര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമേയുണ്ടായിരുന്നുള്ളൂ. കോണ്‍ഗ്രസില്‍ ചേരുന്നതിനു മുമ്പ് ഗാന്ധിയുടെ അറിയിപ്പ് കിട്ടുന്നത് വരെ മുസ്‌ലിംകള്‍ കാത്തു നില്‍ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് 1947 ഡിസംബര്‍ 26 ന് സുഹ്‌റവര്‍ദി കല്‍ക്കത്തയില്‍ നിന്നും പ്രസ്താവം ചെയ്യുകയുണ്ടായി. ‘പൂര്‍ണ്ണ മനസ്സോടെയും ആത്മാര്‍ഥതയോടെയും തീര്‍ച്ചയായും നാം സ്വാഗതം ചെയ്യപ്പെടും. നാം വിശ്വസിക്കപ്പെടുമായിരിക്കുമല്ലോ?’ (ദി ടൈംസ് ഓഫ് ഇന്ത്യ, ഡിസംബര്‍ 27, 1947).
ഡിസംബര്‍ 22 ന് ഗാന്ധി തന്റെ പ്രാര്‍ഥനാ സദസ്സില്‍ പറഞ്ഞ വാക്കുകള്‍ മാനിച്ചാ.ിരുന്നു സുഹ്‌റവര്‍ദി മുസ്‌ലിംകളോട് അനുമതിക്ക് കാത്തുനില്‍ക്കാന്‍ കല്‍പിച്ചത്. ‘എന്റെ അഭിപ്രായത്തില്‍ മുസ്‌ലിംകള്‍ സ്വയം സന്നദ്ധതയോടെ കോണ്‍ഗ്രസില്‍ ചേരാന്‍ താല്‍പര്യപൂര്‍വ്വം മുന്നോട്ടു വരുകയാണെങ്കില്‍ കോണ്‍ഗ്രസ് തുറന്ന മനസ്സോടെയും പൂര്‍ണ തുല്യതയോടെയും അവരെ സ്വാഗതം ചെയ്യുന്നത് വരെ അതില്‍ നിന്നും മാറിനില്‍ക്കണമെന്നാണ്. കാരണം, കോണ്‍ഗ്രസിന് എല്ലാഴ്‌പ്പോഴും അതിന്റെ ശുദ്ധ അന്തരീക്ഷത്തിലായിരിക്കാന്‍ സാധ്യമല്ല, മാത്രമല്ല, ജാതിയതക്ക് മേധാവിത്തമുള്ള ഹിന്ദു സംഘടനയായിട്ടാണ് ഒരുപാട് മുസ്‌ലിംകള്‍ കോണ്‍ഗ്രസിനെ മനസ്സിലാക്കിയിട്ടുള്ളത്. കോണ്‍ഗ്രസ് അതിന്റെ മൂഢത്വം ഒഴിവാക്കാത്ത കാലത്തോളം മുസ്‌ലിംകള്‍ ഈ മഹിതമായ കാത്തിരിപ്പില്‍ തന്നെയായിരിക്കണം. കോണ്‍ഗ്രസിന് എന്ന് മുസ്‌ലിംകളുടെ സേവനം ആവശ്യമാവുന്നുവോ അന്ന് മുസ്‌ലിംകള്‍ കോണ്‍ഗ്രസില്‍ ഉണ്ടാവുക തന്നെ ചെയ്യും. എന്നാല്‍, ഈ കാത്തിരിപ്പിന്റെ അവസ്ഥയിലും ഞാനുള്ളതു പോലെ അവരും കോണ്‍ഗ്രസിലായിരിക്കണം. മുസ്‌ലിംകള്‍ എല്ലാവരും ലീഗുകാരും അതുകൊമ്ട് കോണ്‍ഗ്രസിന്റെ ശത്രുക്കളുമാണെന്ന ദൗര്‍ഭാഗ്യകരമായ അധ്യാപനമാണ്. ലീഗിന്റെത്. ശത്രുതക്കുള്ള ചെറിയ കാരണം പോലും ഇവിടെ കണ്ടെത്താന്‍ കഴിയില്ല എന്നതാണ് വാസ്തവം. വര്‍ഗീയ വിഷത്തില്‍ നിസ്മുക്തമാവാന്‍ നാല് മാസം വളരെ ചെറിയ കാലാവധിയാണ്’. ‘എല്ലാ മതങ്ങളുടെയും താല്‍പര്യങ്ങളും അവകാശങ്ങളും അവര്‍ കോണ്‍ഗ്രസിലാവട്ടെ അല്ലാതിരിക്കട്ടെ, കോണ്‍ഗ്രസിലൂടെ മാത്രമേ സാധ്യമാവുമെന്ന്’ ഗാന്ധി സുനിശ്ചിതനായിരുന്നു. (ബോംബൈ ക്രോണിക്കള്‍, ഡിസംബര്‍ 23, 1947).

കടപ്പാട്: ഫ്രണ്ട് ലൈന്‍

(തുടരും)

Editor Thelicham

Thelicham monthly

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.