Home » Article » Society » വൈറസ് കാലത്തെ പ്രണയം

വൈറസ് കാലത്തെ പ്രണയം

വസൂരി പോയിട്ടും വസൂരി മാല പോയിട്ടില്ല എന്ന് പറഞ്ഞത് ഫ്രോയിഡിയന്‍ കം മാര്‍ക്‌സിയന്‍ ആയ വിജയന്‍ മാഷ് ആണ്. വസൂരി മാല കൊടുങ്ങല്ലൂരമ്പലത്തിലെ ഒരു പ്രതിഷ്ഠയുടെ പേരാണ്. വസൂരി മാല വസൂരി ശമിപ്പിക്കുന്നു എന്നാണ് അവിടെ വരുന്ന വിശ്വാസികളുടെ വിശ്വാസം. അതിന് വേണ്ടി അവര്‍ അവിടേക്ക് മഞ്ഞളും കുരുമുളകും വഴിപാട് നേരുന്നു. ലോകാരോഗ്യ സംഘടനയുടെ രേഖയനുസരിച്ച് വസൂരി നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെട്ടിട്ട് വര്‍ഷങ്ങളായി. ഇപ്പോഴുള്ളത് താരതമ്യേന ദുര്‍ബലമായ സ്‌മോള്‍ പോക്‌സ് ആണ്. മാരകമായ വസൂരി ചിക്കന്‍ പോക്‌സ് ഇല്ല. പക്ഷേ, വിശ്വാസികള്‍ ഇപ്പോഴും വസൂരി വരാതിരിക്കാന്‍ അതാത് കാലങ്ങളില്‍ കൊടുങ്ങല്ലൂരമ്പലത്തിലും മറ്റ് കാവുകളിലും മഞ്ഞള്‍ കുരുമുളക് വഴിപാടുകള്‍ സമര്‍പ്പിക്കാറുണ്ട്

കാരണം ലോകാരോഗ്യ സംഘടനയുടെ കുറിപ്പടി നോക്കിയിട്ടല്ല വിശ്വാസികള്‍ ലോകനാര്‍ കാവിലോ കൊടുങ്ങല്ലൂര്‍ കാവിലോ പോകുന്നത്. വിശ്വാസത്തിന് വിശ്വാസത്തിന്റേതായ ലോജിക് ഉണ്ട്. മറ്റ് ലോജികുകള്‍ വെച്ച് അതിനെ അളക്കുന്നതിലര്‍ഥമില്ല. അത് മനസ്സിലാവത്തതോ മനസ്സിലായിട്ടും മനസ്സിലായില്ല എന്ന് നടിക്കുന്നതോ ആണ് നമ്മുടെ യുക്തിവാദത്തിന്റെ പ്രശ്‌നം. ഇപ്പോള്‍ ഇത് പ്രത്യേകമായി പറയുന്നതിന് കാരണം പകര്‍ച്ചപ്പനി വ്യാപിക്കാതിരിക്കാന്‍ പ്രാര്‍ഥനകളില്‍ ഏര്‍പ്പെടണം എന്ന് അഭ്യര്‍ഥനകള്‍ ഉണ്ടായപ്പോള്‍, പ്രത്യേകിച്ച് ചില മുസ്‌ലിം പണ്ഡിതരുടെ ഭാഗത്ത് നിന്നുണ്ടായപ്പോള്‍, ഉയര്‍ന്ന് വന്ന പ്രതികരണങ്ങള്‍ ആണ്. രോഗം വന്നാല്‍ ഡോക്ടറുടെ അടുത്ത് പോകരുതെന്നോ ചികിത്സിക്കരുതെന്നോ മരുന്ന് കഴിക്കരുതെന്നോ ഒന്നും അവരാരും പറയുന്നില്ല. എന്നല്ല ലഭ്യമായ ഏറ്റവും നല്ല ചികിത്സ തേടണമെന്ന് ആവശ്യപ്പെടുന്നു കൂടിയുണ്ട്. അതിന്റെ കൂട്ടത്തില്‍ പ്രാര്‍ഥിക്കണം എന്നും പറഞ്ഞു എന്ന് മാത്രം. അതെങ്ങനെയാണ് മഹാപാതകം ആകുന്നത്? അത് പറയാനുള്ള അവകാശം അവര്‍ക്കില്ലേ? മരുന്ന് കൊണ്ട് മാത്രം അല്ല രോഗം മാറുന്നത് എന്ന് വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം വിശ്വാസിക്കുമില്ലേ? അല്ലെങ്കില്‍ തന്നെ ആധുനിക വൈദ്യശാസ്ത്രത്തിന് എല്ലാ രോഗങ്ങളേയും പരിപൂര്‍ണമായി സുഖപ്പെടുത്തുന്നതിനുള്ള കഴിവുണ്ടന്ന് അത് പോലും അവകാശപ്പെടുന്നില്ലല്ലോ? രോഗശമനത്തില്‍ രോഗിയുടെ ആത്മനിഷ്ഠമായ പല ഘടകങ്ങളും പ്രവര്‍ത്തിക്കുന്നുണ്ടെന്ന യാഥാര്‍ഥ്യം വൈദ്യശാസ്ത്രം തന്നെ അംഗീകരിക്കുന്നുണ്ടല്ലോ?
ഇത്തരം പ്രാര്‍ഥനകളെ പരിഹസിക്കുന്നവരില്‍ യുക്തിവാദികള്‍ മാത്രമല്ല യുക്തി വാദത്തെ ശക്തിയുക്തം എതിര്‍ക്കുന്നു എന്ന് അവകാശപ്പെടുന്ന മതവിശ്വാസികളില്‍ പലരുമുണ്ട്. അവരുടെ ചിന്തയും പ്രവര്‍ത്തിക്കുന്നത് യുക്തിവാദത്തിന്റെ എഞ്ചിന്‍ ഉപയോഗിച്ച് കൊണ്ട് തന്നെയാണ് എന്നതു മാത്രമാണ് ഇതിനു കാരണം. ഇവരൊക്കെ അറിഞ്ഞോ അറിയാതെയോ അവഗണിക്കുന്നത് പ്രാര്‍ഥനയുടെ പ്രത്യേകിച്ചും നേരത്തേ പ്രതിപാദിച്ച മുസ്‌ലിം പണ്ഡിതന്‍മാരുടെ പ്രാര്‍ഥനാ പാരമ്പര്യത്തെ തന്നെയാണ്.
അതിന് മനശാസ്ത്ര പരമായ പ്രതലം മാത്രമല്ല സാമൂഹിക ശാസ്ത്രപരമായ ഉള്ളടക്കം കൂടിയുണ്ട്. നമ്മുടെ മുസ്‌ലിം പണ്ഡിതവര്യന്‍മാരുടെ മന്ത്രിച്ചൂതലിന് ഒരു മതേതര പാരമ്പര്യവും പരിസരവും ഉണ്ട് എന്ന വസ്തുത അനിഷേധ്യമാണ്. ഖസാക്ക് വായിച്ചവര്‍ക്ക് അറിയാം, ആ ഗ്രാമത്തില്‍ മുസ്‌ലിംകള്‍ അല്ലാത്തവര്‍ കൂടി ആധിയും വ്യാധിയും വരുമ്പോള്‍ സമീപിക്കുന്നത് അവിടത്തെ സെയ്ദ് മിയാന്‍ ഷെയ്ഖിന്റെ പള്ളിയിലെ അള്ളാ പിച്ച മൊല്ലാക്കയേയും പിന്നീട് ഖാലിയാരായ നൈജാമലിയേയും ആണ്. ഇത് ഒരു നോവലില്‍ വിജയന്‍ വരച്ചിട്ട കേവലം കല്‍പനാ സൃഷ്ടിയല്ല. മറിച്ച് നമ്മുടെ ചരിത്രത്തില്‍ ഉടനീളം പ്രവര്‍ത്തിച്ചിട്ടുള്ള ഒരു സാമൂഹിക പ്രക്രിയയാണ്. അതിന്റെ അങ്ങേയറ്റത്ത് മഹാനായ മമ്പുറം തങ്ങളെ കാണാം. തന്നെ സമീപിച്ച ചൊറിയും ചിരങ്ങും ബാധിച്ച ചിരുത എന്ന ദളിത് സ്ത്രീയുടെ പകര്‍ച്ചവ്യാധി സുഖപ്പെടുത്തുന്നത് പ്രാര്‍ഥിച്ച് തൊട്ട് തലോടി കൊണ്ടാണ്. അവിടെ സ്പര്‍ശം എന്ന സ്‌നേഹ പ്രയോഗം ആണ് ചികിത്സ. മമ്പുറം തങ്ങള്‍ എന്ന മഹാ വൈദ്യന്‍ ചികിത്സിച്ചത് രോഗത്തെ മാത്രമല്ല നിലനിന്ന സാമൂഹിക വ്യവസ്ഥിതിയെ തന്നെയാണ്. ആ സാന്ത്വന ചികിത്സയുടെ ബലത്തിലാണ് ഒരു പകര്‍ച്ച വ്യാധി കണക്കേ സ്‌നേഹത്തിന്റെ ഒരു സാംക്രമിക രോഗമായി ഇസ്‌ലാം ഇവിടെ പടരുന്നത്. അധഃസ്ഥിതര്‍ക്കും അശരണര്‍ക്കും അവര്‍ പകര്‍ന്ന സ്‌നേഹൗഷധത്തിന്റെ മധുരിതമായ സ്മരണകളാണ് ഇന്നും വിവിധ ജാതി മതസ്ഥരെ മഹാന്റെ ദര്‍ഗയിലേക്ക് എത്തിക്കുന്നത്. ഇവിടത്തെ ഇസ്‌ലാമിന്റെ വ്യാപനത്തിന് ഇത്തരം ആധികളുടേയും വ്യാധികളുടേയും സുഖപ്പെടുത്തലുകളുടേയും ഒരു പാരമ്പര്യ പാശ്ചാത്തലം കൂടിയുണ്ട് എന്ന് പരിഹസിക്കുന്നവര്‍ മറന്ന് പോവുന്നു. എനിക്ക് കാഴ്ച തന്നവനായ ദൈവം തന്നെയാണ് അന്ധതയും തന്നതെന്ന് പറഞ്ഞ ബോര്‍ഹസിനെയാണ് എനിക്ക് ഓര്‍മ വരുന്നത്. രോഗം കൊണ്ട് പരിക്ഷീണിതനായ ഒരാള്‍ എന്റെ ദൈവമേ എന്ന് വിളിക്കുന്നതില്‍ എന്താണ് തെറ്റ് എന്ന് നമ്മുടെ ഒ.വി വിജയന്‍ എന്ന ഖസാക്കിന്റെ ഇതിഹാസ കാഥികന്‍ ചോദിച്ചതും എന്റെ വൈയക്തിക സ്മൃതിയില്‍ തന്നെയുണ്ട്. അതിനാല്‍ തന്നെ പടച്ചവനോടു പ്രാര്‍ഥിക്കുന്നു ‘പകര്‍ച്ചവ്യാധികളില്‍ നിന്നെന്ന പോലെ, എന്നെ മതത്തിനകത്തും പുറത്തുമുള്ള യുക്തിവാദികളില്‍ നിന്നും രക്ഷിക്കണേ യാ റബ്ബല്‍ ആലമീന്‍…’

 

Tags: വൈറസ് കാലത്തെ പ്രണയം, നിപാ വൈറസ്, അനൂപ് വി.ആര്‍

Editor Thelicham

Thelicham monthly