Thelicham

അന്താരാഷ്ട്ര പദ്ധതികളാണ് അടുത്ത ലക്ഷ്യം

[box type=”shadow” align=”” class=”” width=””]ദാറുല്‍ഹുദാ പ്രയാണ വീഥിയില്‍ മൂന്ന് പതിറ്റാണ്ട് പിന്നിടുകയാണ്. സ്ഥാപനത്തിന്റെ തുടക്കം, വളര്‍ച്ച, വികാസം, വിമര്‍ശനങ്ങള്‍, വെല്ലുവിളികള്‍ ബിരുദദാന സമ്മേളനം മുന്നോട്ട് വെക്കുന്ന പദ്ധതികള്‍ തുടങ്ങിയവയെ കുറിച്ച് ദാറുല്‍ഹുദാ വൈസ് ചാന്‍സലര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി സംസാരിക്കുന്നു. തയ്യാറാക്കിയത്: ലത്തീഫ് പാലത്തുങ്കര[/box]

മൂന്ന് പതിറ്റാണ്ട് മുമ്പ് ദാറുല്‍ഹുദാ വെറും സ്വപ്‌നവും പദ്ധതിയും ആയിരിക്കുമ്പോള്‍ അതിനെക്കുറിച്ചുള്ള സങ്കല്‍പങ്ങള്‍ എന്തൊക്കെയായിരുന്നു? ദാറുല്‍ഹുദാക്ക് ആ പേര് നിശ്ചയിച്ചതാരാണ്?

ആധുനിക കാലത്തെ ഇസ്‌ലാമിക ദഅ്‌വത്തിന് പ്രാപ്തരായ ഒരു പുതിയ പണ്ഡിത സമൂഹത്തെ തയ്യാറാക്കുക എന്നതായിരുന്നു ഒറ്റവാക്കില്‍ പറഞ്ഞാല്‍ സങ്കല്‍പം. കേരളത്തിന് പുറത്ത് പോയാല്‍ നമ്മുടെ ആലിമീങ്ങള്‍ക്ക് വിഷയങ്ങള്‍ പറഞ്ഞുകൊടുക്കാന്‍ സാധിക്കുന്നില്ല എന്നതിനപ്പുറം, തെറ്റായ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അത് തിരുത്തിക്കൊടുക്കാന്‍ പോലും കഴിയുന്നില്ല. കേരളത്തിന് പുറത്തുള്ള മുസ്‌ലിംകളുടെ പൊതുഭാഷ ഉര്‍ദുവാണ്, അത് പണ്ഡിതന്മാര്‍ക്ക് വശമില്ല. ഹജ്ജിന് പോയാല്‍ കഅ്ബ വലതുഭാഗത്താക്കി ഒരാള്‍ ത്വവാഫ് ചെയ്യുകയാണെങ്കില്‍ അവനോട് അത് തെറ്റാണെന്നോ ഒരാള്‍ ത്വവാഫ് ചെയ്യുമ്പോള്‍ തലമറച്ചാല്‍ അത് ഹറാമാണെന്നോ പറഞ്ഞുകൊടുക്കാന്‍ കഴിയുന്നില്ല, ആ അവസ്ഥ മാറ്റി ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പ്രാപ്തരായ പുതിയ നൂറ്റാണ്ടിലേക്കുള്ള പണ്ഡിതന്മാരെ തയ്യാറാക്കുക എന്ന ലക്ഷ്യത്തിലാണ് ദാറുല്‍ഹുദാ എന്ന ആശയം ജന്മം കൊള്ളുന്നത്.THELICHAM
ദാറുല്‍ഹുദാ എന്ന പേര് നിര്‍ദ്ദേശിച്ചത് എം.എം ബശീര്‍ മുസ്‌ലിയാരാണ്. അദ്ദേഹം പറഞ്ഞു: ”സ്ഥാപനത്തിന്റെ പേര് ‘ദാറുല്‍ഹുദാ’ എന്നാകണം”. അതിന്റെ കൂടെ എന്താണ് ചേര്‍ക്കേണ്ടത് എന്ന് തീരുമാനിക്കാന്‍ എന്നെ ചുമതലപ്പെടുത്തുകയും ചെയ്തു. അങ്ങനെ ‘ഇസ്‌ലാമിക് അക്കാദമി’ എന്ന് ഞാന്‍ ചേര്‍ത്തു. ആദ്യം ദാറുല്‍ഹുദാ ഇസ്‌ലാമിക് അക്കാദമി എന്നായിരുന്നു സ്ഥാപനം അറിയപ്പെട്ടിരുന്നത്. പിന്നെ, യൂനിവേഴ്‌സിറ്റിയായി അപ്‌ഗ്രേഡ് ചെയ്യപ്പെട്ടതിന് ശേഷം ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി എന്നപേരിലായി.

വ്യക്തിപരമായി ദാറുല്‍ഹുദായുടെ ഏത് ഘട്ടത്തിലാണ് ഉസ്താദ് ഈ പദ്ധതിയുടെ ഭാഗമായിത്തീരുന്നത്?

ഇങ്ങനെയൊരു സ്ഥാപനം വേണമെന്ന് എനിക്ക് വ്യക്തിപരമായി മുമ്പ് തന്നെ ആഗ്രഹമുണ്ടായിരുന്നു. അതിന്റെ ചെറിയ രീതിയായിരുന്നു കടമേരി റഹ്മാനിയ്യ അറബിക് കോളേജ്. എം.എം ബശീര്‍ മുസ്‌ലിയാര്‍ അവിടെ പ്രിന്‍സിപ്പാള്‍ ആയപ്പോള്‍ അദ്ദേഹം എന്നെ അവിടേക്ക് ക്ഷണിച്ചു, ഞാന്‍ അവിടെ ഉസ്താദായി സേവനം അനുഷ്ഠിച്ചു. നാല് കൊല്ലം ഞാനവിടെ ഉണ്ടായിരുന്നു. അതിന് ശേഷമാണ് ഞാന്‍ ലഖ്‌നൗവിലേക്ക് പോയത്. കടമേരിയില്‍ ചെന്നതിന് ശേഷമായിരുന്നു ഞാന്‍ അഫഌ ഉലമ പൂര്‍ത്തിയാക്കുന്നതും ലഖ്‌നൗവിലേക്ക് പോകുന്നതും. ആ പഠനം പൂര്‍ത്തിയാക്കിയതോടൊപ്പം അലീഗരില്‍ നിന്ന് എം.എ ബിരുദവും നേടി. അതിന് മുമ്പ് തന്നെ ദാറുല്‍ഹുദാ എന്ന ആശയം ഗര്‍ഭത്തില്‍ വളര്‍ന്നുതുടങ്ങിയിരുന്നു. ആദ്യം മാതൃകാ ദര്‍സ് എന്ന പേരില്‍ സുന്നിമഹല്ല് ഫെഡറേഷന്‍ മലപ്പുറം ജില്ലാകമ്മിറ്റിക്ക് കീഴില്‍ പലസ്ഥലങ്ങളിലും ദര്‍സുകള്‍ തുടങ്ങി. അതുമായിട്ടൊക്കെ പലപ്പോഴായി ബന്ധപ്പെട്ടിരുന്നു. മാതൃകാ ദര്‍സുകള്‍ വിസിറ്റ് ചെയ്യാന്‍ എന്നെയായിരുന്നു ചുമതലപ്പെടുത്തിയിരുന്നത്. നാട്ടില്‍ വരുമ്പോഴൊക്കെ പലദര്‍സുകളും വിസിറ്റ് ചെയ്തു. വഴിയെ മാതൃകാ ദര്‍സ് സംവിധാനത്തില്‍ അപര്യാപ്തത തോന്നിയപ്പോള്‍ ആ ഉദ്യമം ഉപേക്ഷിച്ചു. തുടര്‍ന്ന്, ഒരു കേന്ദ്രത്തില്‍ ഏകീകരിക്കുന്ന സ്വഭാവമുണ്ടാകുമ്പോഴാണ് പദ്ധതി വിജയകരമാവുക എന്ന ചിന്ത വന്നു. അങ്ങനെ 1983 ഡിസംബര്‍ 25ന് ശിലാസ്ഥാപനം നടത്തി. 1986ല്‍ ദാറുല്‍ഹുദാ എന്ന ആശയം സാക്ഷാത്കൃതമായി.
ദാറുല്‍ഹുദക്കു മാതൃകയായി ഏതെങ്കിലും സ്ഥാപനങ്ങള്‍ നേതാക്കന്മാരുടെ മുന്നിലുണ്ടായിരുന്നോ?

അങ്ങനെ ഒരു മുന്‍മാതൃകയുമുണ്ടായിട്ടില്ല, ദാറുല്‍ഹുദാ സ്ഥാപകന്മാര്‍ കാലഘട്ടത്തിനാവശ്യമായ ഒരു സ്ഥാപനം വേണമെന്ന് കണ്ടു, ആഗ്രഹിച്ചു. അതിനാവശ്യമായ ഊടും പാവുമൊക്കെ നെയ്തത് അവര്‍ തന്നെയായിരുന്നു. രണ്ട് വിദ്യാഭ്യാസവും നല്‍കപ്പെടുന്ന, ആധുനിക സമൂഹത്തെ അഭിമുഖീകരിക്കാന്‍ കഴിവുള്ള, അതിനവര്‍ക്കുണ്ടാവേണ്ട യോഗ്യതകളെന്തൊക്കെയാണോ അതൊക്കെ മനസ്സിലാക്കി, അത് നല്‍കുവാനുള്ള സംവിധാനമാണ് ദാറുല്‍ഹുദായിലൂടെ ഒരുക്കിയത.് ആദ്യത്തെ സമന്വയവിദ്യാഭ്യാസ രീതി കൊണ്ടുവന്നത് ദാറുല്‍ഹുദാ തന്നെയാണ്.

മാതൃകാ ദര്‍സിലേക്ക് എസ്.എം.എഫ് എത്തിച്ചേരാനുണ്ടായ സാഹചര്യം, അതിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ എന്നിവയെക്കുറിച്ച് വിശദീകരിക്കാമോ?

മാതൃകാ ദര്‍സിലേക്ക് എത്തിച്ചേരുവാനുള്ള സാഹചര്യം നേരത്തെ സൂചിപ്പിച്ചുവല്ലോ. ദഅ്‌വത് മികച്ചരീതിയില്‍ നടക്കണമെങ്കില്‍ ഭാഷയും ആനുകാലിക പരിജ്ഞാനവും വേണം. പള്ളിദര്‍സുകളില്‍ വിപുലമായ സംവിധാനം നടക്കുകയില്ല, ഉര്‍ദു, ഇംഗ്ലീഷ്, അറബി ഭാഷകള്‍ കൂടി കൊടുത്തുകൊണ്ടുള്ള ഒരു ദര്‍സീ സംവിധാനമായിരുന്നു മാതൃകാ ദര്‍സിലൂടെ ലക്ഷ്യം വെച്ചിരുന്നത്. അതിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങളെന്നോണം സുന്നിമഹല്ല് ഫെഡറേഷന്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ചില മഹല്ലുകള്‍ തെരഞ്ഞെടുത്തു. കോട്ടക്കല്‍, നെടിയിരുപ്പ്, കടലുണ്ടി, മമ്പുറം, ഇവിടങ്ങളിലാണ് ആദ്യമായി തുടങ്ങിയിരുന്നത്. അവിടങ്ങളിലൊന്നും പ്രതീക്ഷിച്ചത് പോലെ സുഗമമായി നടത്താന്‍ കഴിഞ്ഞില്ല. കാരണം, ഉര്‍ദു പഠിപ്പിക്കാന്‍ ഒരു പാര്‍ട്ട് ടൈം മാഷാണ് ഉണ്ടായിരുന്നത്. അയാള്‍, ഈ നാല് സ്ഥലങ്ങളിലും മാറി മാറി പോകണം. പിന്നെ, ഇംഗ്ലീഷ് ക്ലാസെടുക്കാന്‍ ചില സ്ഥലങ്ങളില്‍ യോഗ്യരായ ആളുകളെ ലഭിച്ചു, ചില സ്ഥലങ്ങളില്‍ ആളെ കിട്ടിയില്ല. ചുരുക്കത്തില്‍ അത് കാര്യക്ഷമമായി നടന്നില്ല. അതോടൊപ്പം, ഒരു സ്ഥലത്ത് ഏകീകൃതമായി എല്ലാവിദ്യാര്‍ഥികള്‍ക്കും ഒരേ രീതിയില്‍ ഗുണഫലങ്ങള്‍ ലഭ്യമാകുന്ന രീതിയില്‍ സംവിധാനിക്കപ്പെടണമെങ്കില്‍ ഒരു ആസ്ഥാനത്ത് കേന്ദ്രീകരിക്കപ്പെടണം എന്ന് ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് ദാറുല്‍ഹുദായിലേക്കെത്തുന്നത്.

ആസാമിലും കര്‍ണ്ണാടകയിലുമൊക്കെയായി ദാറുല്‍ ഹുദായുടെ ഓഫ് കാമ്പസുകളും ബോംബെയിലെ ഖുവ്വത്തുല്‍ ഇസ്ലാം, കര്‍ണ്ണാടകയിലെ കാശിപട്ടണത്തിലും മാടന്നൂരുമുള്ള സഹസ്ഥാപനങ്ങളും നിലവില്‍ വന്നത്.

മാത്രമല്ല, മാതൃകാദര്‍സ് എന്ന് പറയുമ്പോള്‍, മഹല്ലുകള്‍ക്ക് ഗുരുതരമായ പരിമിതികളുണ്ടാകും. ദാറുല്‍ഹുദായിലുള്ളത് പോലെ ഭാവിയില്‍ ആയിരവും ആയിരത്തി അഞ്ഞൂറുമൊക്കെ വിദ്യാര്‍ഥികള്‍ പഠിക്കണമെങ്കില്‍ ദര്‍സ് സംവിധാനം പര്യാപ്തമല്ല എന്ന് കണ്ടപ്പോള്‍ മാതൃകാ ദര്‍സ് നിര്‍ത്തി. മാതൃകാ ദര്‍സ് ഇതിലേക്കുള്ള ഒരു തുടക്കമായിരുന്നു. അത് പ്രതീക്ഷിച്ചത് പോലെ വിജയകരമാവില്ല എന്ന് ബോധ്യമായപ്പോള്‍ ദാറുല്‍ ഹുദാ തുടങ്ങി.

ദാറുല്‍ഹുദായുടെ പ്രാരംഭ ഘട്ടത്തില്‍ സമൂഹത്തില്‍ നിന്നും സമുദായത്തില്‍ നിന്നും നേരിടേണ്ടിവന്ന പ്രതിസന്ധികള്‍ എന്തെല്ലാമായിരുന്നു? മറുവശത്ത,് പ്രതീക്ഷകള്‍ എന്തൊക്കെയായിരുന്നു?

പ്രതിസന്ധി കാര്യമായിട്ട് ഒന്നുമുണ്ടായിരുന്നില്ല എന്ന് തന്നെ പറയാം, ആക്ഷേപകന്മാര്‍, വിമര്‍ശകന്മാര്‍, അപര്യാപ്തത കാണുന്നവര്‍ ഒക്കെ ഉണ്ടാകാം. പക്ഷെ, ദാറുല്‍ഹുദാ അതിന്റെ സ്വന്തം അധീനതയിലുള്ള ഒരു സ്ഥലത്ത് ബില്‍ഡിംഗ് ഉണ്ടാക്കി, ദാറുല്‍ഹുദാ മേധാവികള്‍ ആവിഷ്‌കരിക്കുന്ന പാഠ്യപദ്ധതി പഠിപ്പിക്കാന്‍ തുടങ്ങിയാല്‍ പിന്നെ ആളുകള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലല്ലോ. പ്രതിഷേധമുള്ളവര്‍, പരിഹാസകന്മാര്‍ അവരൊക്കെ സ്വന്തം സങ്കുചിത വൃത്തങ്ങളില്‍ അത് നടത്തി. ചിലരൊക്കെ ദാറുല്‍ഹുദായിലെ കുട്ടികള്‍ക്ക് കിതാബ് തിരിയില്ല, ഇംഗ്ലീഷ് മാത്രമേ അറിയൂ എന്നൊക്കെ പ്രചരിപ്പിച്ചു. ദാറുല്‍ഹുദാ ഒരു ഇസ്‌ലാമിക സ്ഥാപനമല്ലെന്നും അവിടെ ഇംഗ്ലീഷും കണക്കുമൊക്കെയാണ് പഠിപ്പിക്കുന്നതെന്നും ദാറുല്‍ഹുദായുടെ അടുത്ത് മാനീപാടത്ത് വന്ന് ഒരു സിദ്ധന്‍ പ്രസംഗിക്കുകയുണ്ടായി. ഇങ്ങനെയുള്ള ചില ദോഷൈകദൃക്കുകളുടെ പരിഹാസങ്ങളും അധിക്ഷേപങ്ങളുമൊക്കെ ഉണ്ടായിരുന്നുവെങ്കിലും ദാറുല്‍ഹുദാ അത് ഗൗരവമായെടുത്തില്ല. ചെമ്മാട്ട് തന്നെ ഒരുപാട് വിമര്‍ശകര്‍ ഉണ്ടായിരുന്നു. പാടത്ത് വെള്ളം കയറിയപ്പോള്‍ ഫോട്ടോ എടുത്ത് ദാറുല്‍ ഹുദാ ഒലിച്ചുപോയെന്ന് സഊദി അറേബ്യയിലും മറ്റും പ്രചരിപ്പിച്ചവര്‍ ഇവിടെ ഉണ്ടായിരുന്നു. എന്നാല്‍ അവരുടെ കുപ്രചാരണങ്ങള്‍ ഒലിച്ചുപോയി എന്നതാണ് യാഥാര്‍ഥ്യം.
അന്ന് സമൂഹത്തിനുണ്ടായിരുന്ന പ്രതീക്ഷകള്‍ മതനേതൃത്വമായിരുന്നു. സുന്നിമഹല്ല് ഫെഡറേഷന്റെയും സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടേയും സാരഥികളെയൊക്കെ ജനങ്ങള്‍ വിശ്വാസത്തിലെടുത്തു. അവരൊക്കെ സര്‍വ്വാത്മനാ ദാറുല്‍ ഹുദാക്ക് പിന്തുണ നല്‍കിയവരായിരുന്നു. അവര്‍ക്ക് യാതൊരു ഭൗതിക താത്പര്യങ്ങളോ കച്ചവടക്കണ്ണുകളോ ഉണ്ടായിരുന്നില്ലെന്ന് ജനങ്ങള്‍ക്ക് ഉറപ്പുണ്ടായിരുന്നു. അത്‌കൊണ്ട്തന്നെ അവരൊടൊപ്പം ജനങ്ങളും പ്രതീക്ഷകള്‍ വെച്ചുപുലര്‍ത്തുകയുണ്ടായി. അല്‍ഹംദുലില്ലാഹ്, ഒരുപാട് പ്രതീക്ഷകള്‍ സാക്ഷാത്കൃതമായി, അവരൊക്കെ ഭൗതിക ജീവിതത്തിലോ പാരത്രിക ജീവിതത്തിലോ അതിന്റെ ഗുണഫലങ്ങള്‍ ആസ്വദിച്ച് സന്തോഷിക്കുന്നത്‌പോലെ അന്ന് അതിന് സഹകരിക്കുകയും സഹായിക്കുകയും ചെയ്ത ആളുകള്‍ ഇന്ന് സന്തോഷിച്ചുകൊണ്ടിരിക്കുകയാണ്. ഇനിയും കൂടുതല്‍ പ്രതീക്ഷകള്‍ വെച്ചുപുലര്‍ത്തുന്നുണ്ട്.

മതഭൗതിക സമന്വയ വിദ്യാഭ്യാസം എന്ന കാഴ്ചപ്പാട് എങ്ങനെയാണ് രൂപപ്പെട്ടു വന്നത്? ആ നിലപാട് രൂപീകരിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചവര്‍ ആരെല്ലാമായിരുന്നു?

എം.എം ബശീര്‍ മുസ്‌ലിയാര്‍, സി.എച്ച് ഹൈദ്രോസ് മുസ്ലിയാര്‍, ഡോ.യു ബാപ്പുട്ടിഹാജി എന്നിവരാണ് ഈ കാഴ്ചപ്പാട് രൂപീകരിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചത്. മത-ഭൗതിക സമന്വയം എന്ന് ഒറ്റവാക്കില്‍ പറയുന്നതിന്റെ വിവക്ഷയെന്താണ്? നാം ജീവിക്കേണ്ടത് ഈ ലോകത്താണ്, ശാശ്വത ജീവിതമാകട്ടെ ആഖിറതിലും. ആ ജീവിതം വിജയകരമാകണമെങ്കില്‍ ദുന്‍യാവിലെ ജീവിതത്തില്‍ അതിനു പാഥേയമൊരുക്കണം. മത-ഭൗതിക സമന്വയം എന്ന് പറഞ്ഞാല്‍ മനുഷ്യജീവിതത്തിന്‍രെ വിഷന്‍ തന്നെ അങ്ങനെയാണ് സംവിധാനിക്കപ്പെട്ടിരിക്കുന്നത്. ദുന്‍യാവില്‍ ധര്‍മ്മനിഷ്ഠമായ ജീവിതം നയിക്കുക, അപ്പോള്‍ ആഖിറത്തിലും വിജയം നേടാനാകും. അങ്ങനെയാകുമ്പോള്‍ ഇത് രണ്ടും സമന്വിതമാകണം. അത്‌കൊണ്ടാണ് റബ്ബനാ ആതിനാ ഫിദ്ദുന്‍യാ ഹസന; വഫില്‍ ആഖിറതി ഹസന എന്ന് നാം പ്രാര്‍ഥിക്കുന്നത്. അതില്‍ പരിധിവിട്ട ഒന്നിനെയും ശരീഅത് അംഗീകരിക്കുന്നില്ല. ദുന്‍യാവ് മാത്രമായാല്‍ അത് നാശത്തിലേക്കാണെന്ന് ഖുര്‍ആന്‍ വ്യക്തമായി പറയുന്നുണ്ട്. ഇനി തീരെ ദുന്‍യാവ് ഇല്ലാതെ, ഞാന്‍ എല്ലാദിവസവും നോമ്പ് എടുക്കും, ഞാന്‍ വിവാഹജീവിതം നയിക്കുകയേയില്ല, ഞാന്‍ രാത്രി കിടന്നുറങ്ങുകയേയി്ല്ല എന്ന് ശപഥം ചെയ്തയാള്‍ക്കാരോട് വിവരമറിഞ്ഞപ്പോള്‍ പ്രവാചകര്‍ ആക്രോശിക്കുകയും, അവരുടെ ആ ആദര്‍ശത്തിനും കാഴ്ചപ്പാടിനുമെതിരെ ശബ്ദിക്കുകയും, അവരുടെ തീരുമാനത്തില്‍ നിന്ന് പിന്തിരിയാന്‍ കല്‍പ്പിക്കുകയും ചെയ്തത് പ്രസിദ്ധമാണ്. അതാണ് ഇസ്‌ലാമിന്റെ ജീവിതദര്‍ശനം. അപ്പോള്‍ വിദ്യാഭ്യാസവും മത-ഭൗതിക സമന്വിതമായിരിക്കണമല്ലോ.

മത-ഭൗതിക വിദ്യാഭ്യാസം എന്നതിന്റെ തത്ത്വവും പ്രയോഗവും വിശദീകരിക്കാമോ? അതില്‍ ദാറുല്‍ ഹുദാ എത്രമാത്രം വിജയിച്ചിരിക്കുന്നു? ഇനിയും ഏതെല്ലാം രീതിയില്‍ മുന്നോട്ട് പോകേണ്ടിയിരിക്കുന്നു?

അല്‍ഹംദുലില്ലാഹ്, ദാറുല്‍ ഹുദാ മൗലികമായി അടിസ്ഥാനപരമായി വിജയിച്ചിട്ടുണ്ടെന്ന് പറയാം. അന്ന് അധ്യാപന രംഗത്തുള്ള ചിലരൊക്കെ പറഞ്ഞിരുന്നു, ഇതെല്ലാം കൂടി ഒരു കുട്ടിക്ക് പഠിക്കാന്‍ കഴിയില്ല, കുട്ടികളുടെ ആയുസ്സ് വൃഥാവിലാക്കുന്ന പരിപാടിയാണിത് എന്നൊക്കെ. അത്തരക്കാരുടെ നിഷേധാത്മക വാദങ്ങളൊക്കെ ബാലിശമാണെന്ന് സ്ഥാപനം തെളിയിച്ചിട്ടുണ്ട്. ദാറുല്‍ഹുദായില്‍ നിന്ന് പഠിച്ച് പുറത്തിറങ്ങിയവര്‍ മുദരിസുമാരായും ഖതീബുമാരായും ഖാളിമാരായും മഹല്ല് മേധാവികളായും സോഷ്യല്‍ ലീഡര്‍ഷിപ്പ് രംഗങ്ങളിലുമെല്ലാം പ്രവര്‍ത്തിക്കുന്നുണ്ട്. വിവിധമായ ഭൗതിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരെയും അവരില്‍ കാണാം. അവര്‍ തന്നെ ഭാഗികമായി മത ധാര്‍മ്മിക സാംസ്‌കാരിക തലങ്ങളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഇന്‍ശാഅല്ലാഹ്, ഇനിയും ദാറുല്‍ ഹുദായുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കേണ്ടതുണ്ട്. അത്തരം പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവുമ്പോള്‍ വര്‍ധിതമായ ഉത്പന്നങ്ങള്‍ ഉണ്ടാവും. അപ്പോള്‍, സമുദായത്തിന് കൂടുതല്‍ പ്രതീക്ഷകള്‍ വെച്ച്പുലര്‍ത്താന്‍ കഴിയുന്നതാണ്.

അവരുടെ തീരുമാനത്തില്‍ നിന്ന് പിന്തിരിയാന്‍ കല്‍പ്പിക്കുകയും ചെയ്തത് പ്രസിദ്ധമാണ്. അതാണ് ഇസ്‌ലാമിന്റെ ജീവിതദര്‍ശനം. അപ്പോള്‍ വിദ്യാഭ്യാസവും മത-ഭൗതിക സമന്വിതമായിരിക്കണമല്ലോ.

രണ്ട് തരത്തിലുള്ള വിമര്‍ശനങ്ങള്‍ പ്രധാനമായും മത-ഭൗതിക സമന്വയ വിദ്യാഭ്യാസ സംവിധാനത്തിനു നേരെയുണ്ടായിരുന്നു. ഒന്നാമതായി, പരമ്പരാഗതമായി നടന്നുവരുന്ന ദര്‍സീ സമ്പ്രദായത്തെ അത് ക്ഷീണിപ്പിക്കും, ത്വലബുല്‍ കുല്ല് ഫൗതുല്‍ കുല്ലി(എല്ലാം പഠിക്കുമ്പോള്‍ സര്‍വവും കൈവിട്ടുപോകും എന്ന നിലപാട്)ലേക്ക് നയിക്കും. രണ്ടാമതായി, സമൂഹത്തിലെ മിടുക്കന്മാരായ കുട്ടികളെ പ്രവേശനപരീക്ഷയിലൂടെ തെരഞ്ഞെടുത്ത് ഒന്നുമല്ലാതാക്കുകയാണ് ദാറുല്‍ ഹുദാ. പിന്നോട്ട് നോക്കുമ്പോള്‍ ഈ രണ്ട് വിമര്‍ശനങ്ങളെയും കുറിച്ച് എന്താണ് പറയാനുള്ളത്?

ബുദ്ധിയുള്ള കുട്ടികളെ തെരഞ്ഞെടുത്ത് ഒന്നുമല്ലാതാക്കുക എന്ന സ്റ്റേറ്റ്‌മെന്റിന് സീറോ മാര്‍ക്കാണ്. ഒന്നുമല്ലാതാക്കുക എന്ന വാദം കണ്ണടച്ച് ഇരുട്ടാക്കലാണ്. അല്‍ഹംദുലില്ലാഹ്, ഇന്ന് സമൂഹത്തിന്റെ വിവിധ മേഖലകളില്‍ ക്രിയാത്മകമായി, സൃഷ്ടിപരമായിഎന്നല്ല വിജയകരമായി സേവനം ചെയ്യുന്ന ഹുദവികള്‍ ഏത് കണ്ണ്‌പൊട്ടന്മാര്‍ക്കും കാണാവുന്ന വിധത്തില്‍ സമൂഹത്തില്‍ പ്രകടമായി അഭിമാനങ്ങളായി നിലനില്‍ക്കുന്നുണ്ട്. ഒന്നുമല്ലാതാക്കുക എന്നവാദം തികച്ചും അന്ധമായ ഒട്ടകപ്പക്ഷി നയമാണ്.
ദര്‍സുകളുടെ അസ്തിത്വം ഇല്ലാതാക്കുക എന്നു പറയുന്നതും തീര്‍ത്തും ബാലിശമാണ്. ദര്‍സുകളുടെ അസ്തിത്വത്തെ ദാറുല്‍ ഹുദാ സ്പര്‍ശിച്ചിട്ടില്ല. ദാറുല്‍ ഹുദാ അതിന്റെ വഴികളില്‍ യോഗ്യന്മാരെ ആവശ്യമാണെന്ന് കണ്ടപ്പോള്‍ അത്തരം കുട്ടികളെ തെരഞ്ഞെടുക്കുന്നു എന്ന് മാത്രം. ദര്‍സിന്റെ വിധാതാക്കളായ ആളുകള്‍ക്ക് ഇത്‌പോലെ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച് കുട്ടികളെ ദര്‍സുകളിലേക്ക് ആകര്‍ഷിക്കാവുന്നതാണല്ലോ. അത് ദര്‍സിന്റെ ആളുകള്‍ ചെയ്യേണ്ടതാണ്. ദാറുല്‍ ഹുദാ ആരുടേയും വഴി മുടക്കിയിട്ടല്ല തുടങ്ങിയത്. ഇക്കഴിഞ്ഞ സമസ്ത പൊതുപരീക്ഷയില്‍ അഞ്ചാം ക്ലാസ് പാസായത് 75061 കുട്ടികളായിരുന്നു. അവരില്‍ നിന്ന് 950 വിദ്യാര്‍ഥികളെ മാത്രമാണ് ദാറുല്‍ ഹുദായും സഹസ്ഥാപനങ്ങളും സ്വീകരിച്ചത്. ദര്‍സിന്റെ സംഘാടകരും വക്താക്കളുമായ നമ്മുടെയാളുകള്‍ക്ക് സ്വീകരിക്കാനായി 75411 വിദ്യാര്‍ഥികള്‍ പുറത്ത് നില്‍ക്കുകയാണല്ലോ. നിരര്‍ത്ഥക വാദങ്ങളുയര്‍ത്തുന്നത് ആരായാലും ഒഴിവാക്കേണ്ടതാണ്.
ത്വലബുല്‍ കുല്ല് എന്ന് പറഞ്ഞാല്‍ ആദ്യം കുല്ലിന്റെ അര്‍ഥം മനസ്സിലാവണം. ത്വലബുല്‍ കുല്ല് ഫൗതുല്‍ കുല്ല് എന്ന് പറഞ്ഞാല്‍, ദുന്‍യാവിലുള്ള എല്ലാ വിജ്ഞാനീയങ്ങളും ഒരാള്‍ സ്വന്തമാക്കണെന്ന് കരുതിയാല്‍ അത് ഫൗതുല്‍ കുല്ല് ആകും. അങ്ങനെ ഒരു ലക്ഷ്യം ദാറുല്‍ഹുദാക്കില്ല. മതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നല്‍കപ്പെടുന്ന ഇസ്‌ലാമിക വിഷയങ്ങളും ഗ്രന്ഥങ്ങളും അത്യാവശ്യമായ ഭൗതിക വിജ്ഞാനീയങ്ങളും നല്‍കുക- ഇതാണ് നാം വിഭാവനം ചെയ്യുന്നത്. ദുന്‍യാവിലുള്ള എല്ലാ വിജ്ഞാന ശാഖകളും നമ്മുടെ കുട്ടികള്‍ക്ക് നല്‍കണമെന്ന് ലക്ഷ്യം വെച്ചിട്ടില്ല. അത്രമാത്രം പോഴന്മാരല്ല ദാറുല്‍ ഹുദായുടെ ആവിഷ്‌കര്‍ത്താക്കള്‍.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ കണിശമായും സവിശേഷമായും പഠനപ്രവര്‍ത്തനങ്ങളോടൊപ്പം നടത്താന്‍ ദാറുല്‍ ഹുദാ കാണിച്ച സന്നദ്ധതയാണ് വിദ്യാര്‍ഥികളുടെ മികവിന്റെ ആധാരമെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇത്തരമൊരു വിദ്യാഭ്യാസ നയത്തിലേക്ക് നയിച്ചത് ഏതെല്ലാം തരത്തിലുള്ള ഇടപെടലുകളായിരുന്നു?

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ എന്ന് പറഞ്ഞാല്‍, വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം തന്നെ അതാണല്ലോ. കാണാതെ കിതാബ് പഠിച്ചുവെക്കലല്ല, പഠിക്കുന്ന കാര്യങ്ങള്‍ പ്രയോഗവത്കരിക്കല്‍, ഓരോരുത്തരുടേയും സര്‍ഗശേഷി വികസിപ്പിച്ചെടുക്കല്‍, എന്നിട്ട് അവ ദീനിന്റെ ദഅ്‌വത്തിന് ഉപയോഗപ്പെടുത്തല്‍, ഗ്രന്ഥം രചിക്കാന്‍ കഴിവുള്ള ഒരാള്‍ക്ക് അതിനുള്ള പരിശീലനം നല്‍കി ഗ്രന്ഥങ്ങള്‍ വിരചിതമാവണം. പ്രസംഗിക്കാന്‍ കഴിവുള്ളയാളുകള്‍ക്ക് അതിനുള്ള പരിശീലനം നല്‍കി അതിലൂടെ സമൂഹത്തിന് പ്രസംഗമേഖലകളിലുള്ള സേവനങ്ങള്‍ ലഭ്യമാവണം. സോഷ്യല്‍ വര്‍ക്കുകളില്‍ താത്പര്യമുള്ളയാളുകളെ കണ്ടെത്തി അവരുടെ നൈപുണ്യം മനസ്സിലാക്കി, അവരുടെ പ്രവര്‍ത്തനശേഷിയും കാഴ്ചപ്പാടുകളുടെ മികവും സമൂഹത്തിന് ഉപയോഗപ്പെടണം. വിദ്യാഭ്യാസം എന്ന് പറഞ്ഞാല്‍ ഇതൊക്കെ തന്നെയാണ്. വിദ്യാഭ്യാസത്തിന്റെ മഅ്‌ന തഅ്‌ലീം എന്നു മാത്രമല്ല, തര്‍ബിയത് കൂടി ആണ്. അത്‌കൊണ്ടാണ് വിവിധ രാഷ്ട്രങ്ങളിലുള്ള വിദ്യാഭ്യാസ ഡിപ്പാര്‍ട്‌മെന്റുകള്‍ക്കൊക്കെ വസാറത്തുത്തര്‍ബിയ എന്ന് പേര് നല്‍കിയത്. വിഷയങ്ങള്‍ മനഃപാഠമാക്കുന്നതും ശ്ലോകങ്ങള്‍ കാണാതെ ഉരുവിടുന്നതും മാത്രമല്ല പഠിക്കല്‍. പഠിച്ച വിഷയങ്ങള്‍ പ്രയോഗവത്കരിക്കുകയാണത്. വിവിധ ആളുകള്‍ക്ക് വ്യത്യസ്ത നൈസര്‍ഗിക ശേഷികള്‍ ഉണ്ടാവും, അതനുസരിച്ച് അവരുടെ ഭിന്നമായ ശേഷികളെ ഭിന്നമായ മേഖലകളില്‍ ഭിന്നമായ രീതികളിലൂടെ സമൂഹത്തിന് ലഭ്യമാക്കുക എന്നതാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. അപ്പോള്‍ പാഠ്യേതര മേഖലകളിലുള്ള പ്രവര്‍ത്തനം എന്ന് പറഞ്ഞാല്‍, ദാറുല്‍ ഹുദാ കാണുന്ന വിദ്യാഭ്യാസ രീതിയുടെ അന്തഃസത്ത പാഠ്യേതര പ്രവര്‍ത്തനങ്ങളിലൂടെ സമൂഹസമക്ഷം പ്രകടമാക്കുന്നു എന്നതാണ്. ഇത് തന്നെയാണ് ദാറുല്‍ ഹുദാ ചെയ്തതും ചെയ്ത്‌കൊണ്ടിരിക്കുന്നതും.

1986ല്‍ സ്ഥാപിച്ച ദാറുല്‍ ഹുദാ ഇസ്‌ലാമിക് അക്കാദമി 2009ല്‍ ഒരു ഇസ്‌ലാമിക് സര്‍വ്വകലാശാലയായി ഉയര്‍ത്തപ്പെട്ടു. ഇതിലേക്ക് നയിച്ച സാഹചര്യങ്ങള്‍ എന്തെല്ലാമായിരുന്നു? പാഠ്യപദ്ധതിയുടെ വികാസം, അധ്യാപകരുടെ ഗുണമേന്മ മെച്ചപ്പെടുത്തല്‍, പശ്ചാത്തല സൗകര്യം വര്‍ദ്ധിപ്പിക്കല്‍, അക്കാദമിക അന്തരീക്ഷം, ഗ്രന്ഥശാലയുടെ മികവ്, ഗവേഷണത്തെ പ്രോത്സാഹിപ്പിക്കല്‍ എന്നിവയുടെ കാര്യത്തില്‍ ഒരു സര്‍വകലാശാലാ നിലവാരം ദാറുല്‍ ഹുദാ കൈവരിച്ചിട്ടുണ്ടോ? ഈ രംഗങ്ങളിലെല്ലാം വരും കാലത്ത് ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങള്‍ വിശദമാക്കാമോ?

വിദ്യാഭ്യാസ മേഖല എപ്പോഴും പരിവര്‍ത്തനങ്ങള്‍ക്ക് വിധേയമാണ്. സമുദായത്തിന്റെ സാംസ്‌കാരിക പ്രതലം അടിസ്ഥാനപരമായി ഒന്നാണെങ്കിലും പ്രായോഗികമായി അത് വ്യത്യസ്ത രീതികളിലുള്ളതായിരിക്കും. അപ്പോള്‍ വിദ്യാഭ്യാസ രംഗത്ത് പരിഷ്‌കരണങ്ങള്‍ അനിവാര്യമാണ്. സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലുള്ള ആനുകാലികമായ സാഹചര്യങ്ങളും ചുറ്റുപാടുകളും മനസ്സിലാക്കിയുള്ള പരിഷ്‌കരണ പ്രവര്‍ത്തനങ്ങളും അനിവാര്യമാണ്. ഈ അടിസ്ഥാനത്തിലാണ് രണ്ട് പതിറ്റാണ്ടിലേറെ കാലം ഇസ്‌ലാമിക് അക്കാദമി എന്ന പേരില്‍ പ്രവര്‍ത്തിച്ച ശേഷം ദാറുല്‍ ഹുദാ കൂടുതല്‍ വിപുലവും ശാസ്ത്രീയവും ഫലപ്രദവുമായ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കാനും അതിന്റെ ഗുണഫലങ്ങള്‍ സമൂഹത്തിന് ലഭ്യമാക്കാനും ഒരു യൂനിവേഴ്‌സിറ്റിയായി ഉയര്‍ത്തപ്പെടണെന്ന കാഴ്ചപ്പാട് അതിന്റെ നേതാക്കള്‍ക്കുണ്ടാവുന്നതും 2008 മെയ് 10ന് മര്‍ഹൂം സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ പാണക്കാട് അവര്‍കള്‍ ദാറുല്‍ ഹുദായെ ഒരു ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയായി അപ്‌ഗ്രേഡ് ചെയ്ത് പ്രഖ്യാപനം നടത്തുന്നതും. ഏത് യൂനിവേഴ്‌സിറ്റിയായാലും അത് ക്രമപ്രവൃദ്ധമായാണ് മുന്നോട്ട് പോവാറുള്ളത്. അത്‌പോലെ ദാറുല്‍ഹുദായും ഏകദേശം പത്ത് വര്‍ഷമായി ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. അതിന് ശേഷം ഒരുപാട് നേട്ടങ്ങളും പുരോഗതികളുമൊക്കെയുണ്ടായി. ഇപ്പോഴും ഒരുപാട് പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു, നടന്നുകൊണ്ടിരിക്കണം. അപ്പോഴേ അതിന്റെ ഗുണഫലങ്ങള്‍ സമൂഹത്തിന് ലഭ്യമാവുകയുള്ളൂ.

പഠനത്തിന്റെ ഗുണഫലങ്ങള്‍ അവരുടെ കുടുംബത്തിലും നാട്ടിലുമൊക്കെ ലഭ്യമാവുന്നു. വെള്ളിയാഴ്ചകളില്‍ ഖുതുബ ഓതാനും ഖുര്‍ആന്‍ ക്ലാസ് എടുക്കാനും വഅള് പറയാനുമൊക്കെ ഓഫ് കാമ്പസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ തയ്യാറാവുന്നു

വിജ്ഞാന വിസ്‌ഫോടനം നടക്കുന്ന കാലമാണിത്. എല്ലാവിദ്യാഭ്യാസ സ്ഥാപനങ്ങളും ക്രമപ്രവൃദ്ധമായാണ് മുന്നോട്ട് പോവുക. യൂനിവേഴ്‌സിറ്റി ആകുമ്പോള്‍ പ്രത്യേകിച്ച് അങ്ങനെത്തന്നെയാണുണ്ടാവുക. അധ്യാപന വിഷയങ്ങൡ, അധ്യാപന രീതികളില്‍, അധ്യാപകരുടെ ഗുണമേന്മയില്‍, പശ്ചാത്തല സംവിധാനങ്ങളിലൊക്കെ പുരോഗതി ക്രമേണ കൈവരിച്ചുകൊണ്ടിരിക്കുകയാണ്. അല്‍ഹംദുലില്ലാഹ്, ഒരുപാട് നേട്ടങ്ങള്‍ ദാറുല്‍ ഹുദാ കൈവരിച്ചുകഴിഞ്ഞു, ഇനിയും ഒരുപാട് കൈവരിക്കാനുണ്ട്.
സ്ഥാപനമാരംഭിച്ച് എട്ട് കൊല്ലം കഴിയുന്നതിന് മുമ്പ് തന്നെ ദാറുല്‍ ഹുദായുടെ പാഠ്യപദ്ധതി പിന്തുടരാന്‍ സമൂഹത്തില്‍ നിന്ന് ആളുകള്‍ തയ്യാറായി. അങ്ങനെയാണ് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ നേരിട്ട് നടത്തുന്ന താനൂര്‍ ഇസ്‌ലാഹുല്‍ ഉലൂം അറബിക് കോളേജ് ആദ്യമായി ദാറുല്‍ ഹുദായുടെ സഹസ്ഥാപനമായി വരുന്നത്. ക്രമേണ ദാറുല്‍ ഹുദായുടെ പാഠ്യപദ്ധതി അനുധാവനം ചെയ്യാന്‍ പിന്നെയും സ്ഥാപനങ്ങള്‍ മുന്നോട്ട് വരികയുണ്ടായി. അതിന് പുറമെയാണ് 1999 ഫെബ്രുവരിയില്‍ കാമ്പസില്‍ തന്നെ കേരളത്തിന് പുറത്തുള്ള വിദ്യാര്‍ഥികള്‍ക്കായി നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് എന്ന പേരില്‍ പുതിയ ഒരു സെക്ഷന്‍ ആരംഭിക്കുന്നത്. അതോടുകൂടി കേരളത്തിന് പുറത്തുള്ള വിദ്യാഭ്യാസ തത്പരരായ പല ആളുകളും അവരുടെ നാടുകളിലും പ്രദേശങ്ങളിലുമൊക്കെ ദാറുല്‍ ഹുദായുടെ വിദ്യാഭ്യാസ സേവനങ്ങള്‍ ലഭ്യമാകുന്നതിന് വേണ്ടി ആഗ്രഹിക്കുകയും അതിന് വേണ്ടി മുന്നോട്ട് വരികയും ചെയ്തു. അങ്ങനെയാണ് ഇന്ന് ആന്ധ്രയിലും വെസ്റ്റ് ബംഗാളിലും ആസാമിലും കര്‍ണ്ണാടകയിലുമൊക്കെയായി ദാറുല്‍ ഹുദായുടെ ഓഫ് കാമ്പസുകളും ബോംബെയിലെ ഖുവ്വത്തുല്‍ ഇസ്ലാം, കര്‍ണ്ണാടകയിലെ കാശിപട്ടണത്തിലും മാടന്നൂരുമുള്ള സഹസ്ഥാപനങ്ങളും നിലവില്‍ വന്നത്. മറ്റു പല സ്റ്റേറ്റുകാരും ഇത്‌പോലെ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്.
വിവിധ രീതികളിലുള്ള സംവിധാനങ്ങള്‍ ദാറുല്‍ ഹുദാ നടപ്പാക്കിക്കൊണ്ടിരിക്കുമ്പോള്‍ അതാണ് സമുദായത്തിന് ഈ കാലത്ത് ആവശ്യമെന്ന് എല്ലാവരും തിരിച്ചറിഞ്ഞുകഴിഞ്ഞു. കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളില്‍ നിന്നൊക്കെ ഏതെങ്കിലും ഒരു കേന്ദ്രത്തില്‍ നിന്നോ ഒന്നിലധികം കേന്ദ്രങ്ങളില്‍ നിന്നോ ആയി മുസ്‌ലിം നേതാക്കന്മാരും പൊതുരംഗത്ത് സജീവമായവരുമൊക്കെ അവരുടെ പ്രദേശങ്ങളില്‍ ദാറുല്‍ ഹുദായുടെ വിദ്യാഭ്യാസ സേവനം ലഭ്യമാകുന്നതിന് വേണ്ടി അപേക്ഷിച്ചാവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. പതുക്കെയാണെങ്കിലും, അത് കഴിയുന്നത്ര വിപുലമാക്കാനും വ്യാപകമാക്കാനുമുള്ള ശ്രമത്തിലാണ് നാം. ദാറുല്‍ ഹുദാ എന്നത് ഒരു സ്വകാര്യ സമിതിയാണ്. അതിന് ഒട്ടേറെ പരിമിതികളുണ്ട്. ഇന്ത്യയാകട്ടെ, വലിയ ഒരു രാജ്യമാണ്. 200 മില്യണിലേറെ മുസ്‌ലിംകള്‍ ഇവിടെ വസിക്കുന്നുണ്ട്. മുസ്‌ലിംകളുടെ വിദ്യാഭ്യാസ പുരോഗതിക്കാവശ്യമായ സ്ഥാപനങ്ങളുണ്ടാക്കാനും സേവനങ്ങള്‍ ചെയ്യാനും അതിവിപുലമായ സംവിധാനങ്ങളും അതീവ ശക്തമായ സാമ്പത്തിക സ്രോതസ്സുകളും ഉണ്ടായിരിക്കേണ്ടതുണ്ട്. അതൊന്നും ദാറുല്‍ ഹുദാക്ക് ഇല്ലാത്തത് കൊണ്ട് തന്നെ വളരെ പതുക്കെ ആ രംഗത്ത് മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇന്‍ശാഅല്ലാഹ്, വരും വര്‍ഷങ്ങളിലൊക്കെ ഇത്തരം പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് താത്പര്യപ്പെടുന്നത്.

ഒരു അക്കാദമിയില്‍ നിന്നു യൂനിവേഴ്‌സിറ്റിയായി വികാസം പ്രാപിച്ചിട്ട് പത്ത് വര്‍ഷം പൂര്‍ത്തിയാകാനിരിക്കുകയാണ്. വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെയും വിദ്യാര്‍ഥികളുടേയും ഗുണനിലവാരത്തില്‍ എന്തു തരത്തിലുള്ള മാറ്റങ്ങളാണ് ഇക്കാലയളവില്‍ പ്രകടമായിട്ടുള്ളത്?

വിദ്യാര്‍ഥികളുടെ അക്കാദമിക-കാര്‍മിക നിലവാരത്തിലൊക്കെ പ്രകടമായ മാറ്റങ്ങളുണ്ടായി, അത് ഞാന്‍ നേരത്തെ സൂചിപ്പിച്ചുകഴിഞ്ഞു. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ അത് പ്രകടമാകുന്നുണ്ട്. സമുദായം അതാസ്വദിച്ചുകൊണ്ടിരിക്കുകയാണ്. വിവിധ അക്കാദമിക രംഗങ്ങളില്‍, അറബിക് കോളേജുകളില്‍, പള്ളിദര്‍സുകളില്‍, മഹല്ലുകളില്‍ ഖാളിമാരായി, ഖതീബുമാരായി ഒക്കെ ഹുദവികള്‍ സേവനം ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. ചിലര്‍ സര്‍ക്കാര്‍ യൂനിവേഴ്‌സിറ്റികളിലെ വിവിധ ഫാക്കല്‍റ്റികളിലും കോളേജുകളിലും മറ്റുമായി സേവനം ചെയ്യുന്ന ഹുദവികളുണ്ട്. കേരളത്തിലെ ഏറ്റവും മികച്ച അഞ്ച് ദിനപത്രങ്ങളില്‍ ജേണലിസ്റ്റുകളായി ഹുദവികള്‍ സേവനം ചെയ്യുന്നുണ്ട്. വിവിധ ദൃശ്യ ശ്രാവ്യ മാധ്യമങ്ങളിലായി ഹുദവികളുടെ സാന്നിധ്യമുണ്ട്. കേരളത്തിനകത്തും പുറത്തുമുള്ള വിവിധ യൂനിവേഴ്‌സിറ്റികളില്‍ വിവിധ ഫാക്കല്‍റ്റികളായി ഡിപ്പാര്‍ട്‌മെന്റ് ഹെഡുകളായി വരെ ഹുദവികളുണ്ട്. ആഫ്രിക്കന്‍-ഏഷ്യന്‍-യുറോപ്യന്‍ ഭൂഖണ്ഡങ്ങളിലൊക്കെ ഹുദവികളുടെ സേവനങ്ങള്‍ ഇന്ന് പ്രശസ്തമാണ്. ലോകത്ത് ഏറ്റവും പഴക്കമുള്ള യൂനിവേഴ്‌സിറ്റികളിലൊന്നായ നെതര്‍ലന്‍സിലെ ലെയ്ഡന്‍ യൂനിവേഴ്‌സിറ്റി, സഊദി അറേബ്യയിലെ ശഖ്‌റാ യൂനിവേഴ്‌സിറ്റി, അറബി രാഷ്ട്രങ്ങളിലെ മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവയിലൊക്കെ സേവനം ചെയ്യുന്ന ഹുദവികളുണ്ട്. ഇതൊക്കെ അവരുടെ നേട്ടങ്ങളായി മുഖ്യധാരയിലെ എല്ലാവരും മനസ്സിലാക്കിക്കഴിഞ്ഞു. ഈ നേട്ടങ്ങളൊക്കെത്തന്നെ യൂനിവേഴ്‌സിറ്റി ആയതിന് മുമ്പും ശേഷവും ലഭ്യമായതാണ്. ക്രമേണ അത് വര്‍ദ്ധിച്ചുകൊണ്ടിരിക്കും, ഇന്‍ശാഅല്ലാഹ്
.
മൂന്നുപതിറ്റാണ്ട്കാലം പൂര്‍ത്തിയാക്കിക്കഴിഞ്ഞിരിക്കുന്നു ദാറുല്‍ ഹുദാ. ആരംഭകാലം മുതലേ ഇതിനോടൊപ്പം സഞ്ചരിച്ച വ്യക്തിയെന്ന നിലയില്‍, അന്നുകണ്ട സ്വപ്‌നങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞുവെന്നു തോന്നുന്നുണ്ടോ? പൂരിപ്പിക്കേണ്ട എന്തെങ്കിലും ഭാഗങ്ങളുണ്ടോ?

യൂനിവേഴ്‌സിറ്റിയാകുമ്പോള്‍ അതിന്റെ സ്വപ്‌നങ്ങള്‍ ഒരു നിശ്ചിത പരിധിയില്‍ അവസാനിക്കുന്നില്ലെന്ന് നേരത്തെ പറഞ്ഞുവല്ലോ. ക്രമപ്രവൃദ്ധമായി നിരന്തരമായ വളര്‍ച്ചയും പുരോഗതിയുമാണുണ്ടാവേണ്ടത്. ഇന്ന സ്ഥലത്ത് കൊണ്ടുവെക്കണമെന്ന് നേരത്തെ പ്രതീക്ഷയുണ്ടായിട്ടില്ല. എല്ലാ കാലത്തും ആ കാലത്തെ സമൂഹത്തിന്റെ ആവശ്യങ്ങളോടൊത്ത്, അവയുമായി സമരസപ്പെട്ട് സഞ്ചരിക്കാനുള്ള ഒരാസ്ഥാനം, അതാണ് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി. സ്ഥാപകരില്‍ പ്രധാനികളൊക്കെ മണ്‍മറഞ്ഞുപോയി. ഇപ്പോള്‍ കുറച്ചാളുകള്‍ മുന്നിലുണ്ട്, നാളെ അവരുണ്ടാകണമെന്നില്ല. അപ്പോള്‍ ആരായാലും ഏത് കാലഘട്ടത്തിലായാലും സമുദായത്തിന്റെയും സമൂഹത്തിന്റെയുമൊക്കെ ആവശ്യങ്ങള്‍ മനസ്സിലാക്കി തദനുസൃതമായി സമൂഹത്തിന്റെ നാഡിമിടിപ്പുകള്‍ മനസ്സിലാക്കി അവക്കനുസരിച്ച് മുന്നോട്ട്‌പോകുന്ന സംവിധാനമുണ്ടാകണം, അത് ദാറുല്‍ ഹുദായില്‍ സാക്ഷാത്കൃതമാകും, ആകണം എന്നാണ് അതിന്റെ സ്ഥാപകരുടേയും നേതാക്കളുടേയുമൊക്കെ ആഗ്രഹവും അഭിലാഷവും. ഒരുപാട് കുറവുകള്‍ ഇപ്പോഴുണ്ട്. വരും കാലങ്ങളില്‍, ആവശ്യമാകുന്നതിനനുസരിച്ച് ഓരോന്ന് പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കും.

ഇന്റര്‍നാഷണല്‍ പ്രൊജക്ട് എന്നത് രണ്ട് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ദാറുല്‍ ഹുദാ തീരുമാനമെടുത്ത ഒന്നാണ്. അതിന് കുറച്ച് ഗ്രൗണ്ട് വര്‍ക്കുകള്‍കൂടി സാധ്യമാകേണ്ടതുണ്ട്. അനുകൂലമായ സാഹചര്യവും തെളിഞ്ഞ് വരണം

പല ഭൂപ്രദേശങ്ങളിലും വ്യത്യസ്തങ്ങളായ അപര്യാപ്തതകള്‍ നിലനില്‍ക്കുന്നുണ്ട്. നിരീശ്വരവാദികളെയും യുക്തിവാദികളെയും മതനിഷേധികളെയും തീവ്രവാദികളെയും ശാസ്ത്രജ്ഞന്മാരെയുമൊക്കെ നമുക്ക് അഭിമുഖീകരിക്കേണ്ടതുണ്ട്. വ്യത്യസ്തങ്ങളായ അഭിരുചികളുള്ള പണ്ഡിതന്മാരാണ് നമുക്ക് ആവശ്യം.

കേരളത്തിന് പുറത്തുള്ള ദാറുല്‍ ഹുദായുടെ നാഷണല്‍ പ്രൊജക്ടുകളിലേക്ക് എത്തിപ്പെടാനുള്ള സാഹചര്യങ്ങള്‍ ഏതെല്ലാമാണ്? നാഷണല്‍ പ്രൊജക്ടുകളുടെ വിദ്യാഭ്യാസ സമുദായ ശാക്തീകരണപ്രവര്‍ത്തനങ്ങള്‍ ഏതു വിധത്തിലാണ് പുരോഗമിക്കുന്നത്?

കേരളത്തിന് പുറത്തുള്ള സ്ഥാപനങ്ങള്‍ തുടങ്ങാന്‍ പ്രചോദകമായത് പലകാരണങ്ങളാണ്. ഒന്ന,് കേരളത്തിന് പുറത്തുള്ള മുസ്‌ലിംകളുടെ സാംസ്‌കാരികാവസ്ഥ നേരത്തെ നമുക്കറിയാമായിരുന്നു. 1999 ഫെബ്രുവരിയിലാണ് ഉര്‍ദു വിദ്യാര്‍ഥികള്‍ക്ക് മാത്രമായി നാം ഒരു സെക്ഷന്‍ ആരംഭിക്കുന്നത്. 3000-3500 കി.മീ വിദൂരതയിലുള്ള പശ്ചിമബംഗാള്‍, ആസാം, ജാര്‍ഖണ്ഡ് തുടങ്ങിയേടങ്ങളില്‍ നിന്നൊക്കെയുള്ള വിദ്യാര്‍ഥികള്‍ ഇതില്‍ പഠിക്കുന്നുണ്ട്. ഓരോ വര്‍ഷം കഴിയും തോറും അത്തരം വിദൂരതയില്‍ നിന്ന് വരുന്ന വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ ചില ആശങ്കകള്‍ പങ്ക് വെക്കുകയുണ്ടായി. ചെറിയ കുട്ടികളായതിനാല്‍ യാത്രയും മറ്റുമൊക്കെ ബുദ്ധിമുട്ടാണ്, അത്‌കൊണ്ട് അവിടങ്ങളിലൊക്കെ ഇത്തരം സ്ഥാപനങ്ങളുണ്ടാവണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ആ ആവശ്യം അനിവാര്യതയാണെന്ന് നാം മനസ്സിലാക്കി. അങ്ങനെ മെല്ലെ മെല്ലെ അത്തരം പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ആദ്യമായി 2007ല്‍ ആന്ധ്രപ്രദേശില്‍ സ്ഥാപനം ആരംഭിക്കുകയുണ്ടായി. ക്രമേണ മറ്റു സംസ്ഥാനങ്ങളിലേക്ക് കൂടി അത് വിപുലീകൃതമായി. വെസ്റ്റ്ബംഗാള്‍, ആസാം, കര്‍ണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഓഫ് കാമ്പസുകള്‍ ആരംഭിച്ചു. പ്രവര്‍ത്തിച്ചുതുടങ്ങിയപ്പോള്‍, അവ അവിടങ്ങളിലൊക്കെ അത്യാവശ്യമാണെന്ന് ബോധ്യപ്പെട്ടു. അവ വളരെ വിജയകരമായി സാക്ഷാത്കൃതമാകുന്നുണ്ടെന്നും ബോധ്യമായി. അതാണ് തുടര്‍ന്ന് മുന്നോട്ട് പോകാനുള്ള പ്രചോദകം.
ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ വിവിധ രീതികളില്‍ നടക്കുന്നുണ്ട്. ഒന്നാമതായി നമ്മുടെ പാഠ്യപദ്ധതി അനുസരിച്ച് അവരെ മുന്നോട്ട് കൊണ്ടുപോവുന്നു. പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ അവരെ പങ്കെടുപ്പിക്കുന്നു. പഠനത്തിന്റെ ഗുണഫലങ്ങള്‍ അവരുടെ കുടുംബത്തിലും നാട്ടിലുമൊക്കെ ലഭ്യമാവുന്നു. വെള്ളിയാഴ്ചകളില്‍ ഖുതുബ ഓതാനും ഖുര്‍ആന്‍ ക്ലാസ് എടുക്കാനും വഅള് പറയാനുമൊക്കെ ഓഫ് കാമ്പസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ തയ്യാറാവുന്നു എന്നത് ഏറെ സന്തോഷകരമാണ്. അതിന് പുറമെ ദാറുല്‍ ഹുദാ പൂര്‍വ്വ വിദ്യാര്‍ഥി സംഘടന ഹാദിയയുടെ മേല്‍നോട്ടത്തില്‍ അവിടെ പ്രാഥമിക മദ്രസാ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 700ഓളം വിദ്യാര്‍ഥികള്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി അത്തരം വിദ്യാഭ്യാസ സംരംഭങ്ങളില്‍ പഠിച്ചുകൊണ്ടിരിക്കുന്നുണ്ട്. ആ കുട്ടികളിലൂടെ ഇസ്‌ലാമിക സംസ്‌കാരം അവരുടെ വീടുകളിലും അയല്‍ വീടുകളിലുമൊക്കെ പ്രസരിക്കപ്പെടുന്നു.
കേരളത്തിന് പുറത്തുള്ള അവസ്ഥകള്‍ നേരിട്ട് കണ്ടയാളെന്നനിലയില്‍ നിരവധി അനുഭവങ്ങളുണ്ട്. അതായത്, നേരത്തെ ഉമ്മത്തിന്റെ അവസ്ഥ സാംസ്‌കാരികമായി, വിദ്യാഭ്യാസപരമായി, സാമ്പത്തികമായി, രാഷ്ട്രീയമായി, സാമൂഹികമായി ഒക്കെ വട്ടപ്പൂജ്യമായിരുന്നു അവിടങ്ങളില്‍. ഇപ്പോള്‍ അല്‍ഹംദുലില്ലാഹ്, ആ രംഗങ്ങളിലൊക്കെ ക്രമേണ മാറ്റങ്ങളുണ്ടായിക്കൊണ്ടിരിക്കുന്നു. ബോധപൂര്‍വ്വം പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹങ്ങളാണവര്‍. ഈ പാര്‍ശ്വവത്കരണത്തില്‍ നിന്ന് ക്രമേണയുള്ള മോചനമാണ് ദാറുല്‍ ഹുദാ സാക്ഷാത്കരിച്ചുകൊണ്ടിരിക്കുന്നത്. ഈ പിന്നോക്കാവസ്ഥയുടേയും അസ്തിത്വമില്ലായ്മയുടേയും ധാരാളം അടയാളങ്ങള്‍ അവിടെ കാണാം. നമ്മുടെ സ്ഥാപനങ്ങള്‍ നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാറുകള്‍ വരെ തയ്യാറായിരിക്കുന്നു. വെസ്റ്റ് ബംഗാളിലെ നമ്മുടെ സ്ഥാപനത്തിലേക്ക് എത്താന്‍ റെയില്‍വേസ്‌റ്റേഷനില്‍ നിന്നു 12 കിമീ സഞ്ചരിക്കണം. ആദ്യമൊക്കെ അവിടെ എത്തുമ്പോഴേക്കും മണ്ണും പൊടിയും പാറിയിട്ട് യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടായിരുന്നു. മികച്ച റോഡ് സംവിധാനമുണ്ടായിരുന്നില്ല. എത്തുമ്പോഴേക്കും വസ്ത്രം മാറ്റേണ്ട അവസ്ഥയായിരുന്നു. എന്നാല്‍, അല്‍ഹംദുലില്ലാഹ്, ഇപ്പോള്‍ മികച്ച റോഡ് സര്‍ക്കാര്‍ തന്നെ സംവിധാനിക്കുകയുണ്ടായി. ദാറുല്‍ ഹുദായുടെ വിദ്യാഭ്യാസ സ്ഥാപനം വന്നു എന്നതല്ലാതെ റോഡ് നന്നാക്കാന്‍ മറ്റൊരു ഘടകം അവിടെ കാണുന്നില്ല. അതായത്, സര്‍ക്കാറുകളും സാമൂഹ്യപ്രവര്‍ത്തകരുമൊക്കെ നമ്മുടെ സംരംഭങ്ങളുമായി നന്നായി സഹകരിച്ച് മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. ഉദ്യോഗസ്ഥന്‍മാര്‍ പലരും ഇടക്കിടെവരാറുണ്ട്, പോലീസ്, സപെഷ്യല്‍ ബ്രാഞ്ച്, രഹസ്യാന്വേഷണ വകുപ്പ് ഇവരെല്ലാം നമ്മുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍വ്വ പിന്തുണയും പ്രോത്സാഹാനവും ചെയ്യുന്നവരും പ്രശ്‌ന ഘട്ടങ്ങളില്‍ സഹായ വാഗ്ദാനം ചെയ്യുന്നവരുമാണ്. പിന്നെ മഹല്ലുകളിലും പരിസരങ്ങളിലും നമ്മുടെ പ്രവര്‍ത്തനങ്ങളുടെ അനുരണനങ്ങളും പ്രതിഫലനങ്ങളും പ്രകടമാണ്, ചുരുങ്ങിയ കാലം കൊണ്ടുള്ള നേരിട്ടുള്ള അനുഭവങ്ങളാണിവയെല്ലാം. കുറച്ച് കാലംകൂടി പ്രവര്‍ത്തിക്കുമ്പോള്‍ അതിന്റേതായ ഗുണങ്ങളും നന്മകളും വിപുലമായ മേഖലകളിലേക്ക് പടര്‍ന്ന് പന്തലിക്കും.

നാഷണല്‍ പ്രൊജക്ടിന്റെ ഭാഗമായി ഇനിയും തുടങ്ങാനിരിക്കുന്ന സ്ഥാപനങ്ങള്‍ ഏതെല്ലാമാണ്?

അടുത്തത് മാഹാരാഷ്ട്രയിലെ ഭീവണ്ടിക്കടുത്ത വടോളിയിലാണ്. അവിടെ രണ്ടേക്കര്‍ ഭൂമി വാങ്ങി, അതിന്റെ കടലാസ് വര്‍ക്കുകള്‍ അവസാന ഘട്ടത്തിലാണ്. അടുത്ത് തന്നെ അതിന്റെ ശിലാസ്ഥാപനം ഉണ്ടാകും. പിന്നെ തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കില്‍ പുതിയൊരു സ്ഥാപനത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ദക്ഷിണ ഉത്തര്‍ പ്രദേശിലെ അലഹബാദിലെ വസീര്‍പൂരില്‍ നമുക്ക് ഒരു നവാബ് കുടുംബം ആവശ്യമുള്ളത്ര ഭൂമി വാഗ്ദാനം ചെയ്തിട്ടുണ്ട്. താമസിയാതെ അവിടെയും പ്രവര്‍ത്തനങ്ങള്‍ തുടങ്ങും

കേരളത്തിനു പുറത്ത് വിദ്യാഭ്യാസ സാമുദായിക ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ വഴി ഉണ്ടായ അനുഭവങ്ങള്‍ എന്തെല്ലാമാണ്? പ്രതിസന്ധികളെയും സാധ്യതകളെയും എങ്ങനെയാണ് വിലയിരുത്തുന്നത്?

പ്രതിസന്ധികളെന്നുപറയാന്‍ മാത്രം വലിയകാര്യങ്ങളൊന്നുമില്ല. ചിലയിടങ്ങളില്‍ നിസ്സാരമായ കൊച്ചു കൊച്ചു പ്രശ്‌നങ്ങള്‍ ഊതി വീര്‍പ്പിച്ച് അലോസരങ്ങളുണ്ടാക്കാനുള്ള ഇടപെടലുകള്‍ ഉണ്ടാകുന്നുണ്ട്. അവ സൗകര്യപൂര്‍വ്വം സുഗമമായ രീതിയില്‍ തരണം ചെയ്യാന്‍ സാധിക്കും. ഇന്നത്തെ പ്രതിസന്ധികളെന്നുവെച്ചാല്‍ അവിടേക്കാവശ്യമായ മാന്‍ പവര്‍ അഥവാ സ്ഥാപന നടത്തിപ്പ്, അധ്യാപനം, സംസ്‌കരണം എന്നിവക്കുള്ള ആളുകളെ അവിടെ നിന്ന് ലഭ്യമല്ല, ഇവിടെ നിന്നുള്ള ഹുദവികളായ ഉസ്താദുമാര്‍ തന്നെയാണ് അവിടത്തെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചുകൊണ്ടിരിക്കുന്നത്. അവിടത്തെ നാട്ടുകാര്‍ കേവലം ഗുണഭോക്താക്കളായി മാത്രം കഴിഞ്ഞ്കൂടുന്ന ഒരവസ്ഥയാണ് ഇപ്പോള്‍ നിലവിലുള്ളത്. പിന്നെ ഭരണകാര്യങ്ങളോ സാമ്പത്തിക കാര്യങ്ങളോ ഒന്നും അന്നാട്ടുകാരെ ഏല്‍പിക്കാനാകില്ല, അതെല്ലാം നമ്മള്‍ നേരിട്ടു ചെയ്യുകയാണ്. നമ്മുടെ സ്ഥാപനത്തില്‍ നിന്ന് പഠനവും സംസ്‌കരണവുമെല്ലാം കഴിഞ്ഞ ഒരു തലമുറ അവിടെ വരണം. ഒരു വ്യാഴവട്ടമോ ഒരു ദശാബ്ദമോ കഴിഞ്ഞാല്‍ നമ്മുടെ സന്തതികളിലൂടെ വളരെ സുഗമമായി പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ സാധിക്കും.

ഒരു ഇന്റര്‍നാഷണല്‍ പ്രൊജക്ട് ദാറുല്‍ ഹുദാ മുന്നോട്ട് വെക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ അത് ഏത് രീതിയിലാണ് പ്രായോഗികമായി നടപ്പിലാക്കുക?

ഇന്റര്‍നാഷണല്‍ പ്രൊജക്ട് എന്നത് രണ്ട് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ദാറുല്‍ ഹുദാ തീരുമാനമെടുത്ത ഒന്നാണ്. അതിന് കുറച്ച് ഗ്രൗണ്ട് വര്‍ക്കുകള്‍കൂടി സാധ്യമാകേണ്ടതുണ്ട്. അനുകൂലമായ സാഹചര്യവും തെളിഞ്ഞ് വരണം. അതിനുവേണ്ടിയുള്ള കാത്തിരിപ്പിലാണ്. താമസിയാതെ അതിന്റെ പ്രാരംഭം കുറിക്കപ്പെടും. മലേഷ്യ, ഇന്താനേഷ്യ, ചില ആഫ്രിക്കന്‍ നാടുകള്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം ഇതിനു സഹായസഹകരണങ്ങള്‍ ഓഫര്‍ ചെയ്യപ്പെട്ടിട്ടുണ്ട്.

ദാറുല്‍ ഹുദാ പൊതുസമൂഹത്തിലേക്കെത്തുന്നത് അതിന്റെ പഠിതാക്കളിലൂടെയാണ്. പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളുടെ പ്രവര്‍ത്തനങ്ങളെയും സാമൂഹ്യസേവനങ്ങളെയും എങ്ങനെയാണ് വിലയിരുത്തുന്നത്?

ഹുദവികളുടെ പ്രവര്‍ത്തനങ്ങള്‍ മികച്ചതാണെന്നുള്ളതാണ് നമ്മുടെ വിലയിരുത്തല്‍. ഇനിയും മെച്ചപ്പെടേണ്ടതുണ്ട്. ഇപ്പോള്‍ നാഷണല്‍ പ്രൊജക്ടിന്റെ വിപുലീകരണം തന്നെയാണ് ലക്ഷ്യം. മഹാരാഷ്ട്ര, അലഹാബാദ്, തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് എന്നീ സ്ഥാപനങ്ങളാണ് അതില്‍ മുന്‍പന്തിയിലുള്ളത്. ഇന്‍ശാ അല്ലാഹ് അതിന് ശേഷം ജാര്‍ഖണ്ഡ്, ബീഹാര്‍ എന്നിവിടങ്ങളില്‍ ഭൂമി ഓഫര്‍ ചെയ്ത് സ്ഥാപനങ്ങള്‍ ആവശ്യപ്പെട്ടവരുണ്ട്; അവിടെയും പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ഇപ്പോള്‍ മുന്‍ഗണനയിലുള്ളത് ആദ്യം സൂചിപ്പിച്ച മൂന്ന് സ്ഥാപനങ്ങളാണ്.

ഹുദവികളുടെ സാന്നിധ്യം ഇനിയുമുണ്ടാകണമെന്ന് ഉസ്താദ് താത്പര്യപ്പെടുന്ന മേഖലകളെന്തെല്ലാമാണ്?

ഹുദവികള്‍ എത്തിപ്പെടേണ്ട അനിവാര്യമായ മേഖലകള്‍ ഏറെയുണ്ട്. തെക്കന്‍ കേരളത്തിലും സാംസ്‌കാരികമായും മതപരമായും പിന്നോക്കം നില്‍ക്കുന്ന മറ്റു ഇടങ്ങളിലും ഹുദവികളുടെ സാന്നിധ്യം അനിവാര്യമാണ്. കേരളത്തിന് പുറത്ത് സാധ്യമായ മേഖലകള്‍ ഏറെയുണ്ട്. ക്രമേണ അവിടങ്ങളില്‍ പ്രവര്‍ത്തനങ്ങളാരംഭിക്കുകയാണെങ്കില്‍ വളരെ ആശ്വാസകരമായ നിലയിലേക്ക് എത്തിപ്പെടാന്‍ സാധിക്കും. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കല്‍ക്കത്തയിലെ മുബാറക്പൂര്‍ വില്ലേജില്‍ ഹുദവികള്‍ നടത്തുന്ന പ്രവര്‍ത്തനം. പ്രസ്തുത മഹല്ല് പൂര്‍ണമായും ദത്തെടുത്ത് ഇരുപത്തിയഞ്ച് ലക്ഷം രൂപയുടെ പള്ളി നിര്‍മ്മിക്കുകയും വ്യത്യസ്ത മേഖലകളില്‍ വിവിധയിനം ക്ലാസുകള്‍ സംവിധാനിക്കുകയും ചെയ്തുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഉമ്മത്തിന്റെ നാനാ ശ്രേണികളിലുള്ളവരെ സമുദ്ധരിക്കുന്നതിനും മഹല്ല് ജാഗരണത്തിനും ഏറെ ഫലവത്തായിട്ടുണ്ട്. ഇനിയും കൂടുതല്‍ ആളുകളെ ലഭ്യമാകുകയാണെങ്കില്‍ ഇത്‌പോലെ മഹല്ല് ജാഗരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാനാകും. മുബാറക് പൂര്‍ വില്ലേജിലെ മാറ്റങ്ങള്‍ സാധ്യമായത് വളരെ പെട്ടെന്നാണ്.

യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ആളുകള്‍ തന്നെ ഇത്തരം പ്രൊജക്റ്റുകള്‍ ആവശ്യപ്പെടുന്നുണ്ട്. ഫീസ് നല്‍കികൊണ്ടുള്ള പഠനത്തിന് തന്നെ അവര്‍ തയ്യാറാണ്. ഇതിനെക്കുറിച്ചൊക്കെ ദാറുല്‍ഹുദാ ഇപ്പോള്‍ ഗൗരവമായി ആലോചിച്ചുകൊണ്ടിരിക്കുകയാണ്.

ഒരുവര്‍ഷം പോലും ആയിട്ടില്ല അവിടത്തെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ട്. അതിനിടയില്‍ തന്നെ ഈ റബീഉല്‍ അവ്വലില്‍ ഖിറാഅത്ത്, പ്രസംഗം, പാട്ട്, ബാങ്ക് വിളി തുടങ്ങിയ പരിപാടികള്‍ ഉള്‍പ്പെടുത്തി വിദ്യാര്‍ഥികളുടെ കലാപരിപാടികളും ആയിരത്തി അഞ്ഞൂറോളം വിദ്യാര്‍ഥികളണിനിരന്ന പ്രകടനവും നടത്താന്‍ സാധിച്ചു. ഇന്ത്യക്ക് പുറത്ത് ആഫ്രിക്കന്‍ രാജ്യങ്ങളില്‍, പ്രത്യേകിച്ച് വടക്കന്‍ ആഫ്രിക്കന്‍ മേഖലകളില്‍, തെക്കന്‍ അമേരിക്കയില്‍ കൂടുതല്‍ സാധ്യതകള്‍ കാണുന്നുണ്ട്. അവിടെ ദഅ്‌വ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പ്രസക്തിയുണ്ട്; വളരെ ചുരുങ്ങിയ സമയം കൊണ്ട് മെച്ചപ്പെട്ട ഫലങ്ങള്‍ കാണാന്‍ സാധിക്കുന്ന ഇടങ്ങളാണ്. അവിടെ ഇത്തരം വിദ്യാഭ്യാസ സംരംഭങ്ങള്‍ നിഷേധിക്കപ്പെട്ട പരസഹസ്രം ജനങ്ങളാണുള്ളത്.

ശൈഖുനായുടെ അസാന്നിധ്യം ദാറുല്‍ ഹുദാക്ക് ഒരു വിടവ് തന്നെ. പകരം ഒരാളെ ആ തസ്തികയിലേക്ക് നിയമിക്കുന്നതിനെപ്പറ്റി?

ശൈഖുനായുടെ അസാന്നിധ്യം ദാറുല്‍ ഹുദാക്ക് ഒരു വിടവ് തന്നെയാണ്. ശൈഖുനായുടെ അസാന്നിധ്യം നികത്താന്‍ പറ്റിയ ശൈഖുനയെ പോലെ സേവന സന്നദ്ധനും സ്വയം സമര്‍പ്പിതമനസ്സുമുള്ള ഒരു വ്യക്തിയെ കിട്ടാത്തത് കൊണ്ട് ആ തസ്തിക പൂര്‍ത്തീകരിച്ചിട്ടില്ല. അത് ഇല്ലാത്തത് കൊണ്ട് കാര്യമായ ന്യൂനതകളൊന്നും ഇപ്പോള്‍ ദാറുല്‍ ഹുദാക്ക് ഉണ്ടാകുന്നതായി തോന്നുന്നില്ല.

ദാറുല്‍ ഹുദായില്‍ ഒരു ഡിസ്റ്റന്‍സ് കോഴ്‌സ് ആരംഭിക്കുന്നതിന്റെ സാധ്യതകള്‍ എന്തൊക്കെയാണ്?

ഡിസ്റ്റന്‍സായി ഒരു കോഴ്‌സ് ആരംഭിക്കുന്നതിനെക്കുറിച്ച് പലരും ആവശ്യപ്പെട്ടു കൊണ്ടേയിരിക്കുന്നുണ്ട്. ദാറുല്‍ ഹുദാ വിഭാവനം ചെയ്യുന്ന തര്‍ബിയത്തിലധിഷ്ഠിതമായ ഗുണമേന്മയുള്ള വിദ്യഭ്യാസം നല്‍്കാന്‍ പൂര്‍ണ്ണമായും കഴിയില്ല എന്നത് കൊണ്ടാണ് അതിലേക്ക് മുതിരാത്തത്. ദഅ്‌വാ കോഴ്‌സ് ഏറെ പ്രധാനപ്പെട്ടത് തന്നെയാണ്. ദാറുല്‍ ഹുദായുടെ അടിസ്ഥാന ലക്ഷ്യം തന്നെ ദഅ്‌വത് ആണല്ലോ.
യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ആളുകള്‍ തന്നെ ഇത്തരം പ്രൊജക്റ്റുകള്‍ ആവശ്യപ്പെടുന്നുണ്ട്. ഫീസ് നല്‍കികൊണ്ടുള്ള പഠനത്തിന് ത്‌ന്നെ അവര്‍ തയ്യാറാണ്. ഫീസ് വാങ്ങിക്കൊണ്ടുള്ള ഒരു സ്ട്രീം ദാറുല്‍ ഹുദായുടെ ആഭിമുഖ്യത്തില്‍ നടത്തണോ, നടത്തുന്നുണ്ടെങ്കില്‍ തന്നെ ഏത് രീതിയിലുള്ള തര്‍ബിയ, തഅ്‌ലീം സംവിധാനങ്ങള്‍ വേണം എന്നതൊക്കെ വിശദമായ ആലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കും വിഷയീഭവിക്കേണ്ടതാണ്. അത് സംബന്ധിയായ ചിന്തകള്‍ നടക്കുന്നുണ്ട്. അതിനാവശ്യമായ പശ്ചാത്തല സംവിധാനങ്ങള്‍ ഒരുങ്ങുമ്പോള്‍ പെട്ടെന്ന് അതിലേക്ക് ഇറങ്ങും.

ദാറുല്‍ ഹുദായുടെ വനിതാ വിദ്യാഭ്യാസ സംരംഭമായ ഫാത്വിമ സഹ്‌റ കോളേജിന്റെ സഹസ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനെക്കുറിച്ച്?

ഫാത്വിമ സഹ്‌റ വനിത കോളേജ് തുടങ്ങിയിട്ട് കാല്‍ നൂറ്റാണ്ടായി. 1992-ലാണ് അത് സ്ഥാപിതമാകുന്നത്. അന്ന് നമ്മുടെ സമുദായം ഈ രീതിയില്‍ തുടങ്ങിയ ആദ്യ വനിതാ സ്ഥാപനമാണത്. അത് സ്ഥാപിച്ചതിന് ശേഷം കുറേ പുരോഗതികളും നേട്ടങ്ങളുമുണ്ടായിട്ടുണ്ട്. മുമ്പ് അഞ്ച് വര്‍ഷത്തെ കോഴ്‌സായിരുന്നത് ഇപ്പോള്‍ ഏഴ് വര്‍ഷത്തെതാണ്. സെക്കണ്ടറി തലം വരെ ഉണ്ടായിരുന്നത് ഇപ്പോള്‍ സീനിയര്‍ സെക്കണ്ടറി തലത്തിലേക്ക് ഉയര്‍ത്തിയിരിക്കുന്നു. അവര്‍ക്ക് ആവശ്യമായ പരീക്ഷാ സംവിധാനങ്ങളും നിലവിലുണ്ട്. ഇരുന്നൂറ്റി അമ്പതോളം വിദ്യാര്‍ഥിനികളാണ് ഇപ്പോള്‍ അവിടെ പഠനം നടത്തുന്നത്. നേരത്തെ ഉണ്ടായിരുന്നതിനെക്കാള്‍ കൂടുതലാണിത്. പിന്നെ ലൈബ്രറി റീഡിംഗ് റൂം മറ്റു സംവിധാനങ്ങള്‍ ആവശ്യമായ വിപുലീകരണങ്ങളും വന്നിട്ടുണ്ട്. അല്‍ ഐന്‍ സുന്നി യൂത്ത് സെന്ററിന് കീഴിലാണ് അതിന്റെ തുടക്കം. നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് ദാറുല്‍ഹുദയെ ഏല്‍പ്പിച്ചു. ഇപ്പോള്‍ അതിന്റെ നടത്തിപ്പ് ദാറുല്‍ ഹുദായുടെ കീഴിലായതിനാല്‍ സിപെറ്റിന് (സെന്റര്‍ ഫോര്‍ പബ്ലിക് എഡ്യൂക്കേഷന്‍ ആന്റ് ട്രൈയിനിംഗ്) കീഴിലുള്ള വനിതാ ക്ലാസുകള്‍, ഫാമിലി കോഴ്‌സുകള്‍, പ്രീ മാരിറ്റല്‍ ക്ലാസുകളെല്ലാം അവിടെയാണ് നടന്നു വരുന്നത്. പ്രസംഗം എഴുത്ത് മേഖലയിലെ സാധ്യതകള്‍ക്കുള്ള ഇടങ്ങളും തുറന്നിടുന്നുണ്ട്. അവിടത്തെ പ്രൊഡക്ട്‌സ് ഇന്ന് കേരളത്തിലും ഇന്ത്യയിലും മാത്രമല്ല ഇന്ത്യക്ക് പുറത്തു കുടുംബ ജീവിതം നയിക്കുന്ന ചില സഹ്‌റാവികള്‍ അവിടെയും ദഅ്‌വീ പ്രവര്‍ത്തനങ്ങളും ദീനീ ക്ലാസുകളും നടത്തി കൊണ്ടിരിക്കുന്നുണ്ട്. പലരും പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അധ്യാപികമാരായി സേവനമനുഷ്ഠിക്കുന്നുണ്ട്. ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റികളിലും മറ്റ് സര്‍വ്വകലാശാലകളിലും പഠനം നടത്തുന്നവരുമുണ്ട്.
പലരും ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നുണ്ടെങ്കിലും കാര്യക്ഷമമായി നടത്തി കൊണ്ടൂ പോകാന്‍ കഴിവും ചിന്താ ശേഷിയും ആര്‍ജ്ജവവുമുള്ള ഏജന്‍സികള്‍ ഉണ്ടെങ്കില്‍ ഫാത്വിമ സഹ്‌റ വനിത കോളേജിന് കീഴില്‍ മറ്റു സ്ഥാപന സംവിധാനങ്ങള്‍ക്ക് തുടക്കം കുറിക്കും. ഗുണമേന്മകൈവരിക്കാനാവാതെ സ്ഥാപനങ്ങള്‍ തുടങ്ങിയിട്ടു എന്തുകാര്യം?

Editor Thelicham

Thelicham monthly

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.