Thelicham

വ്യതിരിക്തമാവുന്ന വൈജ്ഞാനിക വൈവിധ്യങ്ങള്‍

അറിവ്, ചിന്ത, ബോധം, ആഗ്രഹാഭിലാഷങ്ങള്‍ എന്നീ മേഖലകളിലെല്ലാം മനുഷ്യമണ്ഡലം വിപുലമാണ്. വസ്തുക്കളുടെയും സംഭവങ്ങളുടെയും ബാഹ്യതലത്തിനപ്പുറം അവയുടെ കാതലുകളിലേക്കും ആന്തരിക യാഥാര്‍ഥ്യങ്ങളിലേക്കും കടന്ന് ചെല്ലുന്നതാണ് മനുഷ്യന്റെ ജ്ഞാനബോധം. മനുഷ്യ വിജ്ഞാനത്തിന്റെ മാഹാത്മ്യവും പ്രാധാന്യവും വിസ്മയാവഹമാണ്. പാശ്ചാത്യരും പൗരസ്ത്യരുമായ തത്വചിന്തകരുടെയെല്ലാം ശ്രദ്ധയാകര്‍ഷിച്ചതാണ് മനുഷ്യവിജ്ഞാനത്തിന്റെ അപാരതയും അല്‍ഭുതവും. വ്യത്യസ്തമായ ദേശങ്ങളില്‍, വൈവിധ്യങ്ങളായ ഭാഷകളില്‍ മാര്‍ഗദര്‍ശനം സാധ്യമാക്കിയ പ്രവാചകന്മാരുടെ പാരമ്പര്യത്തിന്റെ തുടര്‍ച്ചയായിരിക്കണം ദാറുല്‍ഹുദ. നിരന്തരമായ പഠന മനനങ്ങളിലും ആലോചനകളിലും നിലീനമായി കിടക്കുന്ന ദാറുല്‍ഹുദായിലെ വിദ്യാര്‍ഥിത്വവും വിദ്യാഭ്യാസ സംസ്‌കാരവും നല്‍കുന്ന പ്രതീക്ഷകള്‍ ബഹുമുഖമാണ്. ഒത്തുതീര്‍പ്പുകള്‍ക്ക് പഴുതില്ലാത്ത വിധമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പലപ്പോഴും വിദ്യാര്‍ഥി ജീവിതത്തെ രൂപപ്പെടുത്തുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്നു. അങ്ങനെ രൂപപ്പെട്ട വിദ്യാര്‍ഥിത്വം വ്യക്തി ജീവിതത്തിലും സാമൂഹ്യ ജീവിതത്തിലും സര്‍ഗാത്മകമായി വളരുന്നതിനോടൊപ്പം തന്നെ സാര്‍വദേശീയമായ ഇടപെടലുകള്‍ക്ക് പ്രാപ്തമാവുകയും ചെയ്യുന്നതായി കാണാം.
ദാറുല്‍ഹുദാ കൈവരിച്ച ആന്തരികമായ ഉള്ളടക്കത്തിന്റെ ബാഹ്യമായ ആവിഷ്‌കാരമായിട്ടാണ് ദാറുല്‍ഹുദായുടെ മാറ്റങ്ങളെ വീക്ഷിക്കാന്‍ ഇഷ്ടപ്പെടുന്നത്. സാര്‍വാംഗീകൃതമായ ഒരു വിദ്യാഭ്യാസ സംസ്‌കാരം രൂപപ്പെടുത്തുകയും അതിന്റെ വിനിമയം സാധ്യമാക്കുകയും ചെയ്യുന്നു ദാറുല്‍ഹുദ. പലപ്പോഴായി സ്വകാര്യ സംഭാഷണങ്ങളില്‍ ദാറുല്‍ഹുദായുടെ വൈജ്ഞാനിക മികവുകളുടെ രസതന്ത്രം എന്താണെന്ന് മറ്റു സ്ഥാപനങ്ങളുടെ ഭാരവാഹികള്‍ അന്വേഷിക്കാറുണ്ട്. വിദ്യാര്‍ഥികള്‍ക്ക് സമഗ്രവും കാര്യക്ഷമവുമായ ജ്ഞാനാര്‍ജ്ജന പരിസരത്തെ വിട്ടുവീഴ്ചകളില്ലാത്ത വിധം വികസിപ്പിക്കുന്നതില്‍ കാണിച്ച വിശാലവും ആത്മാര്‍ഥവുമായ ഇടപെടലുകള്‍ തന്നെയായിരിക്കാം അതിന്റെ രാസത്വരകം.
പാരമ്പര്യത്തിന്റെ ഭൂമികയില്‍ സമഗ്രമായ വികാസം സാധ്യമാക്കുന്ന മൗതിക-ഭൗതിക സമന്വയമെന്ന ആശയം പ്രയോഗവല്‍ക്കരിക്കുന്നതില്‍ സാധ്യമാക്കിയ വിജയം, ജ്ഞാനശാസ്ത്രത്തിന്റെയും ബ്രഹ്മശാസ്ത്രത്തിന്റെയും അന്യോന്യതയില്‍ രൂപപ്പെടുന്ന വിദ്യാര്‍ഥിത്വത്തിന്റെ സമഗ്ര ഭാവം എന്നിവ ദാറുല്‍ഹുദയുടെ മാത്രം വൈജ്ഞാനിക പ്രസരണത്തിന്റെ പ്രത്യേകതയായിട്ടാണ് അനുഭവപ്പെടുന്നത്. മൗതിക-ഭൗതിക ദ്വിമാനങ്ങള്‍ ഇസ്‌ലാമിക വൈജ്ഞാനികാന്വേഷണങ്ങള്‍ക്ക് അന്യമാണ്. അതിനാല്‍ ദാറുല്‍ഹുദായുടെ സമന്വയമെന്ന ആശയം നവീനമല്ല, പകരം പൗരാണികമായൊന്നിന്റെ വീണ്ടെടുപ്പാണത്.
ജ്ഞാനശാസ്ത്രത്തിലൂടെ വൈജ്ഞാനിക മേഖലകളെ അറിയുക, പരിചയപ്പെടുക, സംവദിക്കുക, ഈ ജ്ഞാനാന്വേഷണനുഭവം വ്യക്തി ജീവിതത്തില്‍ ആഗിരണം ചെയ്യുമ്പോള്‍ ബ്രഹ്മവിദ്യയാല്‍ സ്വയം പ്രബോധിതരാവുക, തദ്വാരാ ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്ന ജീവിത പൂര്‍ണതക്ക് സ്വമേധയാ പ്രചോദിരാവുക എന്നിങ്ങനെയുള്ള കൃത്യമായ മാര്‍ഗദര്‍ശനമാണ് ദാറുല്‍ഹുദാ സാധ്യമാക്കുന്നത്. അതുകൊണ്ട് ദാറുല്‍ഹുദാ ഒരേ സമയം മാര്‍ഗവും ലക്ഷ്യവുമായി അനുഭവപ്പെടുന്നു. ഇസ്‌ലാമിന്റെ ജ്ഞാന സങ്കല്‍പങ്ങളുടെ വൈവിധ്യം ദാറുല്‍ഹുദായില്‍ അനുഭവിക്കാം.
പൂര്‍വാധുനിക, ഉത്തരാധുനിക സമൂഹങ്ങളില്‍ കാണാവുന്ന വൈജ്ഞാനികാനുഭവങ്ങളെ സമജ്ഞസമായി സാക്ഷാല്‍കരിക്കാനുള്ള ബുദ്ധിജീവിതവും ശ്രമജീവിതവും ദാറുല്‍ഹുദായില്‍ സമ്മേളിക്കുന്നു. മണ്ണില്‍ നിന്ന് കൊണ്ടു തന്നെ വിണ്ണുമായി ആത്മീയ ബന്ധം, നിരന്തര സമ്പര്‍ക്കം, എന്നിവ സൃഷ്ടിച്ചെടുത്ത പൂര്‍വാധുനിക സമൂഹങ്ങളുടെ ലൗകികതയെ പരിത്യജിക്കാതെ അതിഭൗതികതയെ സ്വീകരിക്കാനുള്ള അവരുടെ ആന്തരിക ചോദനയുടെയും, ആത്മാവും ആത്മ സംസ്‌കരണവും ഇതിവൃത്തമായി വരുന്ന അവരുടെ സാഹിത്യങ്ങളുടെയും ആവര്‍ത്തനങ്ങളാണ് പൊതുവെ ആധുനികതയെ രൂപപ്പെടുത്തുന്നത്. ഇത്തരത്തില്‍ ആധുനികതയ്ക്കുള്ളില്‍ പൂര്‍വാധുനികതയുടെ ഘടകങ്ങള്‍ വര്‍ത്തിക്കുന്നുണ്ട്. അതിനാല്‍ തന്നെ ആധുനികത പൂര്‍ണമായൊരു വിഛേദനമല്ല പകരമൊരു തുടര്‍ച്ചയാണ്.
ബഹു മാനങ്ങളുള്ള മനുഷ്യനെ ശാസ്ത്രാന്വേഷണത്തിന്റെ മാത്രം മാനദണ്ഡത്തില്‍ ഏകമാന ജന്തുവായി അവതരിപ്പിക്കുകയായിരുന്നു ആധുനികത. ശാസ്ത്രം അവതരിപ്പിച്ച മനുഷ്യനെന്നും അപൂര്‍ണനായിരുന്നു. ആത്മാവും ശരീരവും ഇസ്‌ലാമില്‍ പരസ്പര പൂരകങ്ങളാകുന്നു. എന്നാല്‍ പുതിയതായി രൂപപ്പെട്ട ആശയ പരിസരങ്ങളില്‍ അവ രണ്ട് ദ്വന്ദങ്ങളായി മാറി. ഭൗതികതക്കപ്പുറം അനന്തമായി കപ്പലോടിച്ച മനുഷ്യന്റെ അനന്തമായ ലോകത്തെ ഒരൊറ്റ ബിന്ദുവില്‍ മാത്രമായി ആധുനിക ശാസ്ത്രാന്വേഷണങ്ങള്‍ തടഞ്ഞുനിര്‍ത്തി. ഒരര്‍ഥത്തില്‍ ആധുനികതയുടെ അപ്രമാദിത്വത്തോടുള്ള പ്രതിവ്യവഹാരമായിട്ട് വേണം ദാറുല്‍ഹുദാ സാധ്യമാക്കുന്ന മത-ഭൗതിക സമന്വയ ജ്ഞാനാന്വേഷണത്തെ കാണാനും പഠിക്കാനും. പവിത്രമായ പാരമ്പര്യ ജ്ഞാന സമ്പാദനത്തെ അതിന്റെ സത്താപരമായി അനുഭവേദ്യമാക്കുകയും, വിശ്വാസിയുടെ വ്യക്തി ജീവിതത്തിലും സാമൂഹ്യ ജീവിതത്തിലും ജ്ഞാനാന്വേഷണങ്ങളുടെ പുതിയ വ്യവഹാരങ്ങള്‍ സ്വീകരിക്കുകയും പരിചയപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട് എന്ന ബോധ്യത്തില്‍ നിന്നാണ് അത്തരമൊരു ജ്ഞാനാര്‍ജ്ജനത്തിനുള്ള വിദ്യാഭ്യാസ സംസ്‌കാരത്തിന് ദാറുല്‍ഹുദാ മണ്ണൊരുക്കുന്നത്. വിദ്യാഭ്യാസം അനിവാര്യമായ ഒരു തിന്മയായിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ-സാംസ്‌കാരിക പരിസരത്ത് മൂല്യാധിഷ്ഠിതമായ വിദ്യാഭ്യാസത്തിന്റെ മൗലികമായ പ്രാധാന്യം ദാറുല്‍ഹുദാ ഓര്‍മപ്പെടുത്തുന്നു.
പൊതുവിദ്യാഭ്യാസ രംഗം വിദ്യാര്‍ഥികളുടെ സമഗ്രമായ വികാസത്തിന് ആവശ്യമായ നവീനമായ പഠന-ബോധന വ്യവഹാരങ്ങള്‍ പരീക്ഷിക്കുന്നതിന് മുമ്പേ തന്നെ ദാറുല്‍ഹുദ ഇത്തരം അനുഭവങ്ങള്‍ അതിന്റെ ആരംഭം മുതലേ നടപ്പില്‍ വരുത്തിയതായി കാണാം. ക്ലാസ് മുറികളിലും പുറത്തുമുള്ള വിദ്യാര്‍ഥികളുടെ സര്‍ഗാത്മകമായ ഇടപെടലുകള്‍, ജ്ഞാനാര്‍ജ്ജനത്തോടൊപ്പം തന്നെ ജ്ഞാനോല്‍പാദനത്തിനും അവരെ പാകമാക്കുന്നു. നിലവില്‍ ദാറുല്‍ഹുദാ മാനവീക വിഷയങ്ങള്‍ക്ക് കൊടുക്കുന്ന പ്രോത്സാഹനവും സാഹചര്യങ്ങളും അതേയര്‍ഥത്തില്‍ തന്നെ ശാസ്ത്ര വിഷയങ്ങള്‍ക്ക് കൂടി നല്‍കുന്നതിലേക്ക് കലാലയം വികസിക്കേണ്ടതുണ്ടെന്ന് തോന്നുന്നു. ബഹുഭാഷകളെ ആര്‍ജ്ജിക്കാനുള്ള നിര്‍ലോഭമായ അവസരങ്ങളുള്ള ദാറുല്‍ഹുദാ ആ ഭാഷകളിലൊക്കെ തന്നെ പ്രാപഞ്ചിക ശാസ്ത്രാന്വേഷണങ്ങള്‍ക്കും അതിന്റെ തുടരന്വേഷണങ്ങള്‍ക്കും അവസരമൊരുക്കുന്നതിന്റെ അനിവാര്യതയിലേക്ക് ദാറുല്‍ഹുദയുടെ വൈജ്ഞാനികാന്തരീക്ഷം വികസിക്കുന്നതായി അനുഭവപ്പെടുന്നുണ്ട്.

അറിവ്, ആരാധന, അലിവ് എന്നീ ലക്ഷ്യങ്ങളോടൊപ്പം തന്നെ വിദ്യാഭ്യാസം, ഗവേഷണം, ജ്ഞാനപ്രസരണം എന്നിവ കൂടി ദാറുല്‍ഹുദാ സാധ്യമാക്കുന്നതായി കാണാം

പൊതുവ്യവഹാരങ്ങളിലെ ദാറുല്‍ഹുദാ വിദ്യാര്‍ഥികളുടെ സര്‍ഗാത്മക-സാമൂഹിക ഇടപെടലിന്റെ വലിയൊരുദാഹരണമാണ് തെളിച്ചം മാസിക. ആനുകാലികങ്ങളുമായി നിരന്തര സഹവാസത്തിലേര്‍പ്പെടുന്നവര്‍ക്ക് തെളിച്ചമൊരല്‍ഭുതമല്ല. പക്ഷേ, അതിന്റെ പണിപ്പുരയിലാര് എന്ന അന്വേഷണമാണ് അതിനെ ശ്രദ്ധേയമാക്കുന്നത്. ഇതര മുഖ്യധാരാ പ്രസിദ്ധീകരണങ്ങളോട് കിടപിടിക്കും വിധം ഉന്നതമായ ഉള്ളടക്കവും, സാങ്കേതിക മികവുമായി സമയ ബന്ധിതമായി അത് പുറത്തിറക്കുന്നതും വിഭവങ്ങളെ ശേഖരിക്കുന്നതും അവയെ സാങ്കേതികമായി മാസികാ രൂപമാക്കുന്നതും പൂര്‍ണമായും വിദ്യാര്‍ഥികളാണ് എന്നതാണതിലെ അതിശയം. കാലോചിതമായ വിഷയങ്ങളെ സമീപിക്കുന്ന രീതി, വിശകലനങ്ങളുടെ സ്വഭാവം, വിഭവങ്ങളുടെ ഉള്ളടക്കം, നിര്‍മാണാത്മകമായ അതിന്റെ സമീപനം, കേവല സര്‍ഗാത്മക ഇടപെടലുകള്‍ക്കപ്പുറം വിദ്യാര്‍ഥികളുടെ ജ്ഞാനാന്വേഷണങ്ങള്‍ക്ക് നീക്കിവെച്ച പരിമിതമെങ്കിലും വിശാലമായ ഇടം, വൈവിധ്യമാര്‍ന്ന വിഭവക്രമീകരണം എന്നിവ കൊണ്ട് തെളിച്ചം ശ്രദ്ധേയമാണ്. വിവിധ ഭാഷകളില്‍ വിദ്യാര്‍ഥികള്‍ വൈവിധ്യമാര്‍ന്ന ഉള്ളടക്കത്തോടെ കയ്യെഴുത്ത്-പ്രിന്റ് മാഗസിനുകള്‍ തയ്യാറാക്കുന്നു. വ്യത്യസ്ത ഭാഷകളെ പഠിക്കുന്നതിനും ആര്‍ജ്ജിക്കുന്നതിനും ആവിഷ്‌കരിക്കുന്നതിനുമുള്ള അവസരം ക്ലാസ് മുറികള്‍ക്കകത്തും പുറത്തും ദാറുല്‍ഹുദാ സാധ്യമാക്കുന്നു. ഒരു പക്ഷേ, ഈ കലാലയം തന്നെ വലിയ ഒരു ക്ലാസ് മുറിയായി അനുഭവപ്പെടുന്നു.
അറിവ്, ആരാധന, അലിവ് എന്നീ ലക്ഷ്യങ്ങളോടൊപ്പം തന്നെ വിദ്യാഭ്യാസം, ഗവേഷണം, ജ്ഞാനപ്രസരണം എന്നിവ കൂടി ദാറുല്‍ഹുദാ സാധ്യമാക്കുന്നതായി കാണാം. ഇത്തരം ഇടപെടലുകള്‍ കൂടുതല്‍ വ്യവസ്ഥാപിതമായി മാറുന്നു എന്നതിന്റെ നേര്‍സാക്ഷ്യമാണ് സി.എസ്.ഇ അനുബന്ധ ജ്ഞാന വ്യാപന പ്രസരണ ഗവേഷണ കേന്ദ്രങ്ങള്‍.
ഒരു വിദ്യാര്‍ഥിയുടെ വിജയം പ്രധാനമായും രണ്ട് ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. ഒന്നാമതായി കഠിനാദ്ധ്വാനവും സ്ഥിരോത്സാഹവും. ഇത് വിദ്യാര്‍ഥിയെ ആശ്രയിച്ചിരിക്കുന്നു. കലാലയാന്തരീക്ഷം അനുകൂലമായിരിക്കുക എന്നതാണ് രണ്ടാമത്തെ ഘടകം. അധികൃതരുടെ ഭാഗത്തു നിന്നുള്ള പ്രോത്സാഹനവും കാര്യക്ഷമതയുമാണ് ഈ ഘടകത്തെ സാര്‍ഥകമാക്കുന്നത്. ദാറുല്‍ഹുദയില്‍ ഈ രണ്ട് ഘടകങ്ങളുടെയും അന്യോന്യത സര്‍ഗാത്മകമായി സന്ധിച്ചിരിക്കുന്നു.

Editor Thelicham

Thelicham monthly

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.