Home » Article » Culture » ഹാദിയ : കാലം, കര്‍മം

ഹാദിയ : കാലം, കര്‍മം

ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്‌സിറ്റിയുടെ പൂര്‍വിദ്യാര്‍ത്ഥി സംഘടനയാണ് ഹാദിയ (ഒഅഉകഅ)., ഹുദവീസ് അസോസിയേഷന്‍ ഫോര്‍ ഡിവോട്ടഡ് ഇസ്ലാമിക് ആക്റ്റിവിറ്റീസ് എന്നു പൂര്‍ണ രൂപം. 1997 98 ല്‍ ആണ് ആദ്യ ബാച്ച് പുറത്തിറങ്ങിയത്. തൊട്ടടുത്ത വര്‍ഷം തന്നെ ഹാദിയ നിലവില്‍ വന്നു.
ഒരു പുര്‍വ വിദ്യാര്‍ത്ഥി സംഘടന എന്ന നിലയില്‍ നമ്മുടെ നാട്ടില്‍ പരിചിതമായ ചില പ്രവര്‍ത്തനരീതിയുണ്ട്. രണ്ടോ മൂന്നോ വര്‍ഷം കൂടുമ്പോള്‍ അംഗങ്ങളുടെ ഒരു സംഗമം സംഘടിപ്പിക്കുകയും പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു പിരിയുക, അംഗങ്ങളുടെ ക്ഷേമത്തിനായി ചില പദ്ധതികള്‍ ആവിഷ്‌കരിക്കുക എന്നതില്‍ ഒതുങ്ങുന്നു അത്. ഫാറൂഖ് കോളേജ് പോലുള്ള ചില വലിയ സ്ഥാപനങ്ങളുടെ അലുംനികള്‍ നീണ്ടകാലത്തിനു ശേഷം വലിയ ഗാതറിംഗ് നടത്തി വിദ്യാഭ്യാസ രംഗത്ത് സ്ഥാപനത്തിന്റെ മുന്നേറ്റങ്ങളില്‍ പങ്കുചേരുകയും പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ ഇതില്‍ നിന്ന് തീര്‍ത്തും വേറിട്ടു നില്‍ക്കുന്നു ഹാദിയ.
ദാറുല്‍ ഹുദാ എന്നത് കേവലം സ്ഥാപനത്തിനു വേണ്ടിയുള്ള ഒരു സ്ഥാപനമല്ലെന്ന് ഈ ആശയത്തിന് രൂപം നല്‍കിയ ദീര്‍ഘവീക്ഷണമുള്ള അതിന്റെ വിധാതാക്കള്‍ തുടക്കത്തിലേ തീരുമാനിച്ചിരുന്നു. കൃത്യമായ ലക്ഷ്യവും പ്രായോഗികമായ പ്രവര്‍ത്തനരീതിയും നടപ്പിലാക്കുകയും ചെയ്തു. അതിലേറ്റവും പ്രധാനം വിദ്യാര്‍ത്ഥികളെ ലക്ഷ്യത്തെക്കുറിച്ച് നിരന്തരം ഓര്‍മപ്പെടുത്തുക എന്നതായിരുന്നു.
ഇതില്‍ അവര്‍ വിജയിക്കുകയും ചെയ്തു.
സമൂഹത്തിനു വേണ്ടി സക്രിയമായി എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന ചിന്ത പുറത്തിറങ്ങുന്ന ഓരോരുത്തരിലും രൂപപ്പെടുന്നതിന് ഈ ഓര്‍മപ്പെടുത്തല്‍ കാരണമായി. ഹാദിയ രൂപീകരിച്ചതു മുതല്‍ ദാറുല്‍ഹുദായുടെ ലക്ഷ്യങ്ങള്‍ സാക്ഷാല്‍കരിക്കുന്നതിനുള്ള ആലോചനകള്‍ക്ക് പ്രമുഖ്യം ലഭിക്കുന്നത് അതിനാലാണ്. വിവിധ സേവനങ്ങളില്‍ ഏര്‍പ്പെട്ട ഹുദവിമാര്‍ ഭാഗികമായ രീതിയില്‍ മുന്നോട്ടു കൊണ്ടുപോയ പ്രവര്‍ത്തനങ്ങള്‍ക്ക് ആദ്യത്തെ അഞ്ചാറു വര്‍ഷങ്ങളില്‍ അതിന്റെ പരിമിതിയുണ്ടായിരുന്നു. വര്‍ഷത്തില്‍ ഒന്നോ രണ്ടോ പരിപാടികള്‍ സംഘടിപ്പിക്കുന്നതില്‍ ഒതുങ്ങി അന്നത്തെ പ്രവര്‍ത്തനം.
കേരളത്തിലെ മതസ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥി ശക്തിയെ ദഅവ ലക്ഷ്യങ്ങള്‍ക്കു വേണ്ടി ഫലപ്രദമായി ഉപയോഗിക്കുന്നതിലും സ്ഥാപനങ്ങളുടെ കരിക്കുലം ഇസ്ലാമീകരിക്കുന്നതിലും ചിന്താപരമായ ഉണര്‍വുണ്ടാക്കാന്‍ ഇക്കാലത്തു സംഘടനക്കു സാധിച്ചു.

നിശ്ചയ ദാഢ്യത്തിന്റെ വഴി
2004 05 കാലങ്ങളിലാണ് കേരളത്തില്‍ നിന്ന് ഉത്തരേന്ത്യയിലേക്ക് മതസേവനത്തിന്റെ പുതിയ പാലം പണിയുകയെന്ന ദാറുല്‍ ഹുദായുടെ സ്ഥാപകന്‍ ഡോ.യു.ബാപ്പുട്ടി ഹാജിയുടെ എന്നത്തെയും വലിയ സ്വപ്‌നത്തിന്റെ സാക്ഷാല്‍കാരത്തിനായുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഉസ്താദുമാരും ഭാരവാഹികളുമായി കൂടിയാലോചിച്ച് തീരുമാമെടുക്കുന്നത്. ദാറുല്‍ ഹുദാ നേതൃത്വം ഈ ആശയം ഏറ്റെടുത്തതോടെ സ്ഥാപനത്തിന്റെ പൂര്‍ണ നിയന്ത്രണത്തിലുള്ള ആദ്യ സെന്റര്‍ ആന്ധ്രപ്രദേശിലെ പുങ്കനൂരില്‍ യാഥാര്‍ത്ഥ്യമായി.

മസ്ജിദ് ഇമാമുമാരാണ് മിക്ക ഇടങ്ങളിലും മദ്‌റസ അധ്യാപകരായി പ്രവര്‍ത്തിക്കുന്നത്. ഗ്രാമ പ്രമുഖരെയും മസ്ജിദ് ഭാരവാഹികളെയും പദ്ധതിയുടെ ഭാഗമാക്കാന്‍ ശ്രമിക്കുന്നു. പുസ്തകങ്ങളും പ്രാഥമികമായ മറ്റു സൗകര്യങ്ങളും സൗജന്യമായി വിതരണം ചെയ്യുന്നു

ആന്ധ്രയില്‍ സ്ഥാപനം ആരംഭിച്ചപ്പോള്‍ ഉണ്ടായ ഏറ്റവും പ്രധാന വെല്ലുവിളി യോഗ്യരായ വിദ്യാര്‍ത്ഥികളെ വേണ്ടത്ര ലഭിക്കാതെ പോയി എന്നതായിരുന്നു. ഇതിന് പരിഹാരമെന്ത് എന്ന ആലോചനകളില്‍ നിന്നാണ് സ്ഥാപനത്തിന്റെ ചുറ്റുവട്ടത്തും പരിസര ജില്ലകളിലും വ്യവസ്ഥാപിതമായ പ്രാഥമിക മത പാഠശാലകള്‍ തുടങ്ങുകയെന്ന ആശയം രൂപപ്പെടുന്നത്. ദാറുല്‍ ഹുദാ നേതാക്കള്‍ ഇതിനെ പിന്തുണക്കുകയും ഹാദിയ വിദേശ ചാപ്റ്ററുകളും സെന്‍ട്രല്‍ കമ്മിറ്റിയും പദ്ധതി ഏറ്റെടുക്കുകയും ചെയ്തതോടെ ഹാദിയയുടെ കര്‍മ മണ്ഡലം വിശാലമായ തലത്തിലേക്ക് വളരുകയായിരുന്നു.

മോറല്‍ സ്‌കൂള്‍
പ്രായ പൂര്‍ത്തിയാകും മുമ്പ് ഓരോ മുസ്‌ലിം കുട്ടിക്കും അടിസ്ഥാനപരമായ മത വിദ്യഭ്യാസമെന്നതാണ് ഹാദിയ നാഷണല്‍ എജ്യുക്കേഷന്‍ കൗണ്‍സില്‍ ലക്ഷ്യം. ഉത്തരേന്ത്യന്‍ സാഹചര്യത്തില്‍ 5 മുതല്‍ 15 വരെ പ്രായത്തിനുള്ളില്‍ ഒരാള്‍ മുസ്‌ലിമായി ജീവിക്കാന്‍ വേണ്ട പ്രാഥമിക അറിവുകള്‍ നേടാനുള്ള സാഹചര്യം വളരെ പരിമിതമാണ്. ഖുര്‍ആന്‍ നോക്കി ഓതാന്‍ പഠിക്കുന്ന രീതിയാണ് സാര്‍വത്രികമായിട്ടുള്ളത്.
ആന്ധ്രപ്രദേശ് ചിറ്റൂര്‍ ജില്ലയിലെ പുങ്കനൂരില്‍ പ്രവര്‍ത്തിക്കുന്ന ദാറുല്‍ ഹുദാ സെന്റര്‍ മന്‍ഹജ് കേന്ദ്രീകരിച്ച് 2012ല്‍ മോറല്‍ സ്‌കൂള്‍ പദ്ധതിക്കു തുടക്കം. ആ വര്‍ഷം 150 ഗ്രാമങ്ങളില്‍ പര്യടനം നടത്തി 26 സ്ഥലങ്ങളില്‍ മദ്‌റസകള്‍ ആരംഭിച്ചു. ഈ സെന്റര്‍ ഓഫീസ് ആയി തുടര്‍ വര്‍ഷങ്ങളില്‍ കര്‍ണാടക തമിഴ്‌നാട് സ്‌റ്റേറ്റുകളിലും മദ്‌റസകള്‍ തുടങ്ങാനായി.
ദാറുല്‍ ഹുദാ വെസ്റ്റ് ബംഗാള്‍ ആസാം സെന്ററുകള്‍ ആരംഭിക്കും മുമ്പു തന്നെ പരിസര ജില്ലകളില്‍ ഹാദിയ മദ്‌റസകളുടെ പ്രവര്‍ത്തനമാരംഭിക്കാനായി. മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളായതിനാല്‍ ഇവിടങ്ങളില്‍ വളരെ വേഗത്തില്‍ പദ്ധതിക്ക് വേരോട്ടം ലഭിച്ചു. ആന്ധ്രയിലെ മദനപ്പള്ളി, ഗുണ്ടൂര്‍,
കര്‍ണാടകയില്‍ കോലാര്‍ , മൈസൂര്‍, ബാംഗ്ലൂര്‍ സിറ്റി, ഹാങ്കല്‍ എന്നിവടങ്ങളിലും കാശ്മീരില്‍ പാക്കിസ്ഥാന്‍ ബോര്‍ഡറിനോട് ചേര്‍ന്ന് പൂഞ്ച്, വെസ്റ്റ് ബംഗാളില്‍ മുര്‍ശിദാബാദ്, ഭീര്‍ഭൂം, ഉത്തര്‍ദിനാജ്പൂര്, ഹസനാബാദ്, ബശീര്‍ ഹട്ട്, ആസാമില്‍ ദുബ്രി, നല്‍ ബരി, ബൈശ എന്നീ ഹബുകളിലായി 350 ഏറെ മോറല്‍ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നു. ജാര്‍ഖ ണ്ഡ്, ബിഹാര്‍ സ്‌റ്റേറ്റുകളില്‍ സര്‍വെ നടന്നു വരുന്നു.
17 മുഴുസമയ കോഡിനേറ്റര്‍മാര്‍ ഈ പദ്ധതി നിയന്ത്രിക്കാനുണ്ട്. പരിശോധന, പരിശീലനം, പരീക്ഷ എന്നിവ ഇവരുടെ മേല്‍നോട്ടത്തിലാണ് നടക്കുന്നത്.

മസ്ജിദ് ഇമാമുമാരാണ് മിക്ക ഇടങ്ങളിലും മദ്‌റസ അധ്യാപകരായി പ്രവര്‍ത്തിക്കുന്നത്. ഗ്രാമ പ്രമുഖരെയും മസ്ജിദ് ഭാരവാഹികളെയും പദ്ധതിയുടെ ഭാഗമാക്കാന്‍ ശ്രമിക്കുന്നു. പുസ്തകങ്ങളും പ്രാഥമികമായ മറ്റു സൗകര്യങ്ങളും സൗജന്യമായി വിതരണം ചെയ്യുന്നു. അധ്യാപകര്‍ക്ക് പ്രവര്‍ത്തക മികവിനനുസരിച്ച് പ്രോത്സാഹനം നല്‍കുന്നു.അഞ്ചു വര്‍ഷം പിന്നിടുമ്പോള്‍ നിലവിലെ മദ്‌റസകളുടെ ഗുണ നിലവാരം മെച്ചപ്പെടുത്തുന്നതിനും വില്ലേജുകളില്‍ കൃത്യമായ പദ്ധതികളോടെ ഇടപെടാനും കോഡിനേറ്റര്‍മാര്‍ക്കും അധ്യാപകര്‍ക്കും പരിശീലനം നല്‍കി വരുന്നു.
സ്വന്തമായി കെട്ടിടവും ക്ലാസ് മുറികളുമുള്ള മദ്‌റസകള്‍ ആസാമില്‍ ഒട്ടേറെ സ്ഥലങ്ങളില്‍ നിലവില്‍ വന്നു കഴിഞ്ഞു. പ്രാദേശികമായ പിന്തുണ ഇവിടെ ഏറ്റവും നന്നായി ലഭിക്കുുവെന്ന് എടുത്തു പറയേണ്ടതാണ്.

അറിവിന്റെ നിറക്കൂട്ടുകള്‍
5,6 വയസ്സു മുതലാണ് അഡ്മിഷന്‍. കുട്ടികളുടെ മനസ്സിനിണങ്ങുന്ന വര്‍ണ്ണത്തിലും രൂപത്തുലുമാണ് പുസ്തകങ്ങള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.
ഉള്ളടക്കം പൂര്‍ണമാവുമ്പോഴും ലളിതമാണ് ഓരോ പുസ്തകവും. ആദ്യ ക്ലാസില്‍ അറബി, ഉര്‍ദു അക്ഷരങ്ങള്‍ പഠിക്കാനും പരിചയിക്കാനുമുള്ള രണ്ടു പുസ്തകങ്ങളാണുള്ളത്. 2 മുതല്‍ 5 വരെ ക്ലാസുകളില്‍ ഫിഖ്ഹ്, അഖ്‌ലാഖ്, താരീഖ്, അഖീദ, ഹദീസ്, തജ്‌വീദ് എന്നീ വിഷയങ്ങള്‍ ഉള്‍പ്പെടുന്നു. പത്ത് വര്‍ഷം മദ്‌റസയില്‍ പോയിട്ടും ഖുര്‍ആന്‍ നോക്കി ഓതാന്‍ മാത്രം പഠിച്ച ഒരു കുട്ടി ഈ പാഠ്യ പദ്ധതിയിലൂടെ കടന്നു പോകമ്പോള്‍ നിസ്‌കാരം, നോമ്പ്, സകാത്ത്, ഹജ്ജ് സംബന്ധമായ അടിസ്ഥാന വിവരങ്ങള്‍, അടിസ്ഥാന വിശ്വാസ കാര്യങ്ങള്‍, പ്രവചാകന്മാരുടെയും അനുചരന്മാരുടെയും ചരിത്രം, സ്വഭാവ സംസ്‌കാര പാഠങ്ങള്‍, നാല്‍പത് ഹദീസുകള്‍ എന്നിവ മനസ്സിലാക്കാനാവും.

മദ്‌റസയെന്ന വിഭാവനം കുറച്ചു കുട്ടികളെ പഠിപ്പിക്കുന്നതില്‍ ഒതുങ്ങുന്നതല്ല. ഓരോ മദ്‌റസയും സമൂഹത്തിലേക്കുള്ള ഓരോ പാലമായി വര്‍ത്തിക്കേണ്ടതുണ്ട്. കുട്ടികളിലൂടെ രക്ഷിതാക്കളിലേക്ക് പകരുന്ന തിരിച്ചറിവുകള്‍ തലമുറകളുടെ മാറ്റത്തിന് ശക്തി പകരുമെന്നുറപ്പാണ്‌

ഖുര്‍ആന്‍ പാരായണം വേറെ തന്നെ പഠിപ്പിക്കുന്നു.
5 വര്‍ഷം പൂര്‍ത്തിയാക്കിയ പെണ്‍കുട്ടികള്‍ക്ക് ജീവിതത്തില്‍ വരാവുന്ന കര്‍മ ശാസ്ത്ര മസ്അലകള്‍ ഉള്‍പെടുത്തി വിശദമായ ഒരു കൃതി തയ്യാറാക്കിയിട്ടുണ്ട്.
ഉര്‍ദു , ബംഗ്ല, ആസാമീസ്, ഭാഷകളില്‍ പുസ്തകങ്ങള്‍ നിലവിലുണ്ട്. തമിഴ്, ഇംഗ്ലീഷ് ഭാഷകളിലും പുസ്തങ്ങള്‍ തയ്യാറാക്കുന്നു.

സര്‍ഗമേളകള്‍
പാഠപുസ്തകങ്ങള്‍ ക്ലാസ് മുറി, അധ്യപകര്‍ എന്നീ പ്രാഥമിക ആവശ്യങ്ങള്‍ക്കൊപ്പം പുതിയ കാലത്തെ വിദ്യാഭ്യാസം കുട്ടികളുടെ നൈസര്‍ഗിക ശേഷികളെ തൊട്ടറിയാന്‍ ശ്രമിക്കുന്നു. മദ്‌റസാ സംവിധാനത്തില്‍ പരിചയമില്ലാത്ത കലാ സാഹിത്യ മേളകള്‍ ഓരോ വര്‍ഷവും വ്യത്യസ്ത സോണുകളിലായി നടത്തി വരുന്നു. സോണല്‍ മത്സരങ്ങളില്‍ നിന്ന തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഓഫീസുകള്‍ കേന്ദ്രീകരിച്ച് വിപുലമായ മത്സര വേദികളൊരുക്കുന്നു.
മദ്‌റസകളിലേക്ക് വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ ഏറെ സഹായകമായ ഈ കലാപരിപാടികള്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുന്നതിനെ കുറിച്ച് കൃത്യമായ രൂപം മനസ്സിലാക്കാന്‍ സഹായിക്കുന്നു. അടുക്കും ചിട്ടയുമില്ലാത്ത തെരുവകളില്‍ വളരുന്ന കുരുന്നുകള്‍ക്ക് ജീവിതത്തിന്റെ രാഗവും താളവും വീണ്ടെടുക്കാന്‍ ഈ സര്‍ഗാത്മക സംഗമങ്ങള്‍ വഴിയൊരുക്കുന്നു.

അധ്യാപകര്‍ക്ക് നിരന്തര പരിശീലനം

പരമ്പരാഗത രീതകള്‍ക്കൊപ്പം അധ്യാപനത്തിന് നൂതന സാങ്കേതങ്ങല്‍ കൂടി ഉപയോഗപ്പെടുത്താന്‍ ഹാദിയ മദ്‌റസകളിലെ ഓരോ അധ്യാപകനും നിരന്തര പരിശീലനം നല്‍കുന്നു. വിവിധ സെന്ററുകള്‍ കേന്ദ്രീകരിച്ചുള്ള െ്രെടനിംഗ് ക്യാമ്പുകള്‍ക്ക് പ്രഗത്ഭരായ െ്രെടനര്‍മാരെ തന്നെ കണ്ടത്തെ ക്ലാസെടുപ്പിക്കുന്നു. ഓരോ അധ്യാപകനെയും വില്ലേജ് ഫെസിലിറ്റേറ്റര്‍ എന്ന രീതിയിലാണ് സമീപിക്കുന്നതും െ്രെടനിംഗ് നല്‍കുന്നതും.
ഫീല്‍ഡ് കോഡിനേറ്റര്‍മാര്‍ രണ്ടു മാസത്തിലൊരിക്കല്‍ നിര്‍ബന്ധമായും മദ്‌റസ വിസിറ്റ് ചെയ്ത് കുട്ടികളുടെ പുരോഗതി വലിയിരുത്തുകയും അധ്യാപകര്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുകയും ഗ്രാമത്തിന്റെ മൊത്തത്തിലുള്ള പുരോഗതിയെക്കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കുകയും സാധ്യമായവ നടപ്പാക്കുകയും ചെയ്യുന്നു.
ഒരേ സമയത്ത് ഒരു ക്ലാസിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും എങ്ങനെ ഒരു പോലെ പഠിപ്പിക്കാമെന്ന് മോഡല്‍ ക്ലാസുകളിലൂടെയും ഫീല്‍ഡ് വിസിറ്റിലൂടെയും അധ്യാപകരെ ബോധ്യപ്പെടുത്താന്‍ സാധിക്കുന്നു. പാഠപുസ്തകങ്ങള്‍ക്കൊപ്പം മറ്റു ടീച്ചിംഗ് ടൂളുകള്‍ ഉപയോഗിക്കുന്നതു സംബന്ധിച്ചും അവബോധം നല്‍കുന്നു.
മദ്‌റസയെന്ന വിഭാവനം കുറച്ചു കുട്ടികളെ പഠിപ്പിക്കുന്നതില്‍ ഒതുങ്ങുന്നതല്ല. ഓരോ മദ്‌റസയും സമൂഹത്തിലേക്കുള്ള ഓരോ പാലമായി വര്‍ത്തിക്കേണ്ടതുണ്ട്. കുട്ടികളിലൂടെ രക്ഷിതാക്കളിലേക്ക് പകരുന്ന തിരിച്ചറിവുകള്‍ തലമുറകളുടെ മാറ്റത്തിന് ശക്തി പകരുമെന്നുറപ്പാണ്.
മദ്‌റസ വഴി ഗ്രാമത്തിന്റെ വിദ്യഭ്യാസം, ആരോഗ്യം എന്നീ മേഖലകളിലേക്കു കൂടി ഇടപെടാന്‍ ആരംഭിക്കുകയാണ്.
ഓരോ അധ്യാപകനും ഒരു സോഷ്യല്‍ എഞ്ചിനീയര്‍ ആകുമ്പോഴാണ് പരിവര്‍ത്തനം യാഥാര്‍ത്ഥ്യമാകുന്നത്. ഇറക്കുമതി ചെയ്യപ്പെടുന്ന ശാക്തീകരണ സാധ്യതകളെക്കാള്‍ ഉള്ളില്‍ നിന്നുള്ള പ്രേരണകള്‍ വളരെ വേഗത്തിലും ഫലപ്രദവുമായ റിസള്‍ട്ട് തരുമെന്ന് പറയുന്നു 24 പര്‍ഗാനാസിലെ സോഷ്യല്‍ ഡവലപ്‌മെന്റ് പ്രൊജക്ട്.

അതിജീവനത്തിന്റെ പുതിയവഴി
ലോകത്തിലെ ഏറ്റവും പ്രബലമായ മുസ് ലിം ന്യൂനപക്ഷമാണ് ഇന്ത്യയിലേത്. ഈ ജനതയുടെ പിന്നോക്കാവസ്ഥയുടെ പൊള്ളുന്ന കഥകള്‍ പറയുന്നതിനപ്പുറം പരിഹാരത്തിന്റെ വഴികളന്വേഷിക്കണമെന്ന ആലോചനയാണ് ദാറുല്‍ ഹുദായുടെ നോര്‍ത്ത് ഇന്ത്യന്‍ പ്രൊജക്ടുകളുടെ പ്രേരകം.
ഇതിന് ശക്തിപകരുകയാണ് ഹാദിയ ചെയ്തുവരുന്നത്. ഇതിന് ബൗദ്ധികവും പ്രായോഗികവുമായ പശ്ചാത്തലമൊരുക്കുന്നതിനാണ് 2014ല്‍ ഹാദിയ സെന്റര്‍ ഫോര്‍ സോഷ്യല്‍ എക്‌സലന്‍സ് രൂപീകരിച്ചത്. നമ്മുടെ നാട്ടില്‍ സമുദായത്തിനകത്ത് വിദ്യാഭ്യാസ സംഘടിത ബോധവും ധാര്‍മ്മികാഭിമുഖ്യവും സംരക്ഷിക്കുന്നതോടൊപ്പം കേരളമാതൃകയില്‍ മതരാഷ്ട്രീയ പ്രബുദ്ധതയിലൂടെ വടക്കേ ഇന്ത്യയില്‍ പുതിയ ഉണര്‍വ്വിനു ശ്രമിക്കുകയാണ് സി.എസ്.ഇ യുടെ ലക്ഷ്യം. ന്യൂനപക്ഷത്തനെ രാജ്യപക്ഷത്ത് ഉറപ്പിച്ചുനിര്‍ത്തി വിദ്യാഭ്യാസത്തിലൂടെ ഉത്തമ പൗരന്മാരാക്കുകയും പുതുതലമുറയില്‍ കാര്യപ്രാപ്തിയുള്ള നേതൃത്വത്തെ പരിശീലിപ്പിക്കുകയുമാണ് ഇതിനായി ചെയ്യേണ്ടത്. ഇതിന്റെ പ്രാഥമിക ഇടപെടലുകളും പരീക്ഷണങ്ങളും ആരംഭിച്ചുകഴിഞ്ഞു. റിസര്‍ച്ച്, മീഡിയ, പബ്ലിഷിംഗ്, സോഷ്യല്‍ എംപവര്‍മെന്റ്, എച്ച്.ആര്‍ ഡെവലപ്പ്‌മെന്റ്, ഫാമിലി ആന്‍ഡ് സോഷ്യല്‍ റിലേഷന്‍ എന്നീ ഏരിയകളിലായാണ് സി.എസ്.ഇയുടെ പ്രവര്‍ത്തനങ്ങള്‍.
ദാറുല്‍ ഹിക്മ (പഠന ഗവേഷണ വിഭാഗം)
മീഡിയ ലൈന്‍, ബുക് പ്ലസ്, ഇന്‍സ്റ്റിറ്റിയൂഷനല്‍ എംപവര്‍മെന്റ്, റിസോഴ്‌സ് ഹബ്, സോഷ്യോ സൈക്കോ ക്ലിനിക്ക് എന്നിവയാണ് തുടക്കത്തില്‍ പ്രഖ്യാപിച്ച ഏരിയകള്‍. ദാറുല്‍ ഹിക്മക്ക് കീഴില്‍ വിവിധ കോഴ്‌സുകള്‍, ഇതരസംസ്ഥാന തൊഴിലാളികള്‍ക്കുള്ള പരിശീലനം, ഖത്വീബ് എംപവര്‍മെന്റ്, സ്ത്രീ വിദ്യാഭ്യാസത്തിന് പ്രോല്‍സാഹനം നല്‍കുന്ന പദ്ധതി നടന്നുവരുന്നു. മീഡിയാ സ്‌ക്ലൂള്‍ രണ്ട് ബാച്ചുകള്‍ പൂര്‍ത്തിയാവുകയാണിപ്പോള്‍. ബുക്ക് പ്ലസ് വിപുലമായ രീതിയില്‍ ചെമ്മാട് ദാറുല്‍ ഹുദാ കാമ്പസിനോട് ചേര്‍ന്ന് കഴിഞ്ഞ മാസം പ്രവര്‍ത്തനമാരംഭിച്ചു. 25ലധികം പുസ്തകങ്ങള്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ പുറത്തിറക്കി. സമൂഹത്തിലും സ്ഥാപനങ്ങളിലും ശാക്തീകരണം നല്‍കാന്‍ പ്രത്യേക വിംഗ് തന്നെ പ്രവര്‍ത്തിക്കുന്നു. ഉത്തരേന്ത്യന്‍ പ്രൊജക്ടിന്റെ ഭാഗമായ മോഡല്‍ വില്ലേജ് പ്രതീക്ഷാ നിര്‍ഭരമായ പദ്ധതിയാണ്.
ഹാദിയ മോഡല്‍ വില്ലേജ്
കല്‍ക്കത്ത എയര്‍പോര്‍ട്ടില്‍ നിന്ന് 15കിമീറ്റര്‍ ദൂരെയുള്ള ഒരു ഗ്രാമമാണ് ചാന്ദ്പൂര്‍. ഇവിടെ 300 വീടുകളുണ്ട്. ഈ ഗ്രാമത്തെ ശാക്തീകരിക്കാന്‍ ദത്തെടുത്തിരിക്കുകയാണ് ഹാദിയ. പ്രത്യേക കോഡിനേറ്ററെ നിയമിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. നാല് മാസത്തിനിടയില്‍ സര്‍വ്വെ പൂര്‍ത്തിയാക്കുകയും മസ്ജിദ്, മദ്രസ്സ, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ റെഡിനെസ്സ് ക്ലാസ്, വയോജന ക്ലാസ്, യുവാക്കള്‍ക്കും യുവതികള്‍ക്കുമുള്ള പ്രത്യേക ക്ലാസുകള്‍, ഖുര്‍ആന്‍ സ്റ്റഡി പ്രോഗ്രാം, ആരോഗ്യ ക്യാമ്പുകള്‍, ട്യൂഷന്‍ സെന്റര്‍ എന്നിവക്ക് തുടക്കം കുറിക്കാനായി. ജനുവരിയില്‍ കേവ് ഹിറ എന്ന പേരില്‍ വില്ലേജ് പ്രീ സ്‌കൂള്‍ ആരംഭിച്ചു. ഒരു മാതൃകാ മഹല്ലായി പ്രദേശത്തെ മാറ്റുകയാണ് ലക്ഷ്യം. പ്രൊജക്ടിന് പ്രത്യേക ഓഫീസ് തുറന്നിട്ടുണ്ട്.

ദാറുല്‍ ഹിക്മക്ക് കീഴില്‍ വിവിധ കോഴ്‌സുകള്‍, ഇതരസംസ്ഥാന തൊഴിലാളികള്‍ക്കുള്ള പരിശീലനം, ഖത്വീബ് എംപവര്‍മെന്റ്, സ്ത്രീ വിദ്യാഭ്യാസത്തിന് പ്രോല്‍സാഹനം നല്‍കുന്ന പദ്ധതി തുടങ്ങിയവ വിജയകരമായി നടന്നുവരുന്നു

സി.എസ്.ഇയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ദാറുല്‍ ഹുദാ സന്ദേശം വ്യാപിപ്പിക്കുന്നതിനുമായി കല്‍ക്കത്തക്കടുത്ത് സി.എസ്.ഇ സബ്‌സെന്റര്‍ എന്ന നിലയില്‍ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് സെന്റര്‍ ഉദ്ഘാടനം ചെയ്ത് പ്രവര്‍ത്തിക്കുന്നു.
ഡല്‍ഹിയിലും സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. ആസാം തലസ്ഥാന നഗരിയില്‍ വൈകാതെ സബ്‌സെന്ററിന്റെ പ്രവര്‍ത്തനം തുടങ്ങാനാവുമെന്ന് പ്രതീക്ഷിക്കുന്നു. റിസര്‍ച്ച് ഏരിയയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച സി.എസ്.ഇ പദ്ധതികളെ കാര്യക്ഷമമാക്കുകയും അക്കാദമിക രംഗത്ത് കൂടുതല്‍ കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കുകയുമാണ് അടുത്ത ലക്ഷ്യം.
ദാറുല്‍ ഹുദായുടെ വളര്‍ച്ചക്കും ഹുദവിമാരുടെ ക്ഷേമത്തിനും ഹാദിയ മുന്തിയ പരിഗണന നല്‍കുന്നു. കേരളത്തിലും വിദേശ രാജ്യങ്ങളിലും ചാപ്റ്ററുകള്‍ വളരെ സജീവമാണിപ്പോള്‍. ദഅ്‌വാ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സാമൂഹിക സേവനത്തിനും വിദ്യാഭ്യാസ മുന്നേറ്റത്തിനും ഈ കൂട്ടായ്മ മുന്നില്‍ നിന്ന് നേതൃത്വം നല്‍കുന്നു. നാട്ടിലും വിദേശത്തുമുള്ള സുമനസ്സുകളുടെ സഹായവും ദാറുല്‍ ഹുദാ നേതൃത്വത്തിന്റെ പിന്തുണയുമാണ് എന്നും കരുത്ത്. സര്‍വ്വശക്തന്‍ നിലനിര്‍ത്തട്ടെ എന്ന പ്രാര്‍ഥിക്കുന്നു.

Editor Thelicham

Thelicham monthly

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.