Thelicham

ദേശീയ വിദ്യാഭ്യാസ നയവും ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷവും

രാജ്യത്തെ നിലവിലെ വിദ്യാഭ്യാസ സംവിധാനങ്ങളെ പൊളിച്ചെഴുതുന്ന രീതിയിലുള്ള നിര്‍ദേശങ്ങളും നയങ്ങളുമായാണ് കേന്ദ്രസര്‍ക്കാറിന്റെ പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഡ്രാഫ്റ്റ് പുറത്തുവന്നത്. 1986 ല്‍ രാജീവ് ഗാന്ധി സര്‍ക്കാര്‍ കൊണ്ടുവന്ന ദേശീയ വിദ്യാഭ്യാസ നയരേഖക്കുശേഷം നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന 2019 ലെ ഈ പോളിസിയെ സംബന്ധിച്ചിടത്തോളം ആശങ്കകളും അവ്യക്തതകളും ഏറെയാണ്. മുന്‍ ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ഡോ. കെ കസ്തൂരിരംഗന്‍റെ നേതൃത്വത്തില്‍ തയ്യാറാക്കിയ പോളിസിയുടെ ചുവടുപിടിച്ചുവരുന്ന സര്‍ക്കാര്‍ നയങ്ങളുടെയും നിയമനിര്‍മാണങ്ങളുടെയും പാഠ്യപദ്ധതികളുടെയും ദൂരവ്യാപകമായ അനന്തരഫലങ്ങള്‍ എത്രത്തോളമാണെന്ന് അറിയേണ്ടിയിരിക്കുന്നു. തികച്ചും പുരോഗമനോന്മുഖവും ചലനാത്മകവുമായ ചില നിര്‍ദേശങ്ങളും ആശയങ്ങളും ഉള്‍ക്കൊണ്ടതാണ് പുതിയ നയം. പക്ഷെ, അവ നമ്മുടെ ഭരണഘടനാ മൂല്യങ്ങളെയും തത്വങ്ങളെയും സാമൂഹിക വൈവിധ്യത്തെയും എങ്ങനെ അഭിമുഖീകരിക്കുന്നു എന്നിടത്താണ് പ്രശ്‌നം.

വിദ്യാഭ്യാസ മേഖലയുടെ വ്യവസ്ഥാപിതമായ നടപ്പിന് വേണ്ടിയാണ് ഓരോ വിദ്യാഭ്യാസ നയങ്ങള്‍ക്കും രൂപം നല്്കിയിട്ടുള്ളത്. 1968 ല്‍ ഇന്ദിരാ ഗാന്ധിയും 1986 ല്‍ രാജീവ് ഗാന്ധിയും കൊണ്ടുവന്ന ദീര്‍ഘദൃഷ്ടിയോടെയുള്ള വിദ്യാഭ്യാസ നയരേഖകളിലെ ആശയങ്ങളിലൂന്നിയാണ് ഇന്ത്യയില്‍ വിദ്യാഭ്യാസമുന്നേറ്റം സാധ്യമായത്. രാജ്യത്തെ പൗരന്മാരുടെ ബൗദ്ധിക പുരോഗതിയെ നിര്‍ണയിക്കുന്ന വിദ്യാഭ്യാസ നയങ്ങള്‍ കൃത്യവും, മുഴുവന്‍ സമൂഹങ്ങളെയും ചേര്‍ത്തുനിര്‍ത്തുന്നതുമായ ഭാവിയിലേക്കുള്ള ഫലപ്രദമായ മാര്‍ഗരേഖയാവേണ്ടതുണ്ട്, സാംസ്‌കാരിക സാമൂഹിക ബഹുത്വം മുഖമുദ്രയായ ഒരു രാജ്യത്ത് പ്രത്യേകിച്ചും. വ്യക്തിയുടെ ബൗദ്ധിക, മാനവിക വളര്‍ച്ചക്ക് വേണ്ടി നല്കപ്പെടുന്ന വിദ്യാഭ്യാസമാണ് സാമൂഹിക പ്രതിബദ്ധതയുള്ള പൗരനെ രൂപപ്പെടുത്തുന്നതും വാര്‍ത്തെടുക്കുന്നതും. പൗരന്മാരുടെ നിലവാരമാണ് രാജ്യത്തിന്റെ നിലവാരമായി ഗണിക്കപ്പെടുന്നത്. ഗുണമേന്മയുള്ള വിദ്യാഭ്യാസമാണ് സ്വാഭാവികമായും രാജ്യത്തിന്റെ പുരോഗതിയുടെ ചാലകശക്തി. ആ പുരോഗതിയെ നിര്‍ണ്ണയിക്കുന്നത് പോളിസി ഡോക്യുമെന്റുകളുമാണ്. ഓരോ പൗരന്റെയും ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങളുടെയും ആവശ്യങ്ങളെയും ആശങ്കകളെയും പുതിയ വിദ്യാഭ്യാസ നയരേഖ എത്രത്തോളം അഭിമുഖീകരിച്ചിട്ടുണ്ടെന്നത് പരിശോധിക്കപ്പെടേണ്ടതാണ്.

കരട് രേഖയുടെ ഉള്ളടക്കം
വിദ്യാഭ്യാസാവകാശ നിയമത്തിന്റെ കാലപരിധി മൂന്ന് വയസ്സ് മുതല്‍ പതിനെട്ട് വയസ്സ് വരെയാക്കി പുനര്‍നിര്‍ണ്ണയിക്കുക, സീനിയര്‍ സെക്കണ്ടറി വിദ്യാഭ്യാസം സെക്കണ്ടറി വിദ്യഭ്യാസത്തില്‍ യോജിപ്പിച്ച് സ്‌കൂള്‍ വിദ്യാഭ്യാസത്തിന് പുതിയ ഘടന, രാഷ്ട്രീയ ശിക്ഷാ ആയോഗ്, നാഷണല്‍ റിസേര്‍ച്ച് ഫൗണ്ടേഷന്‍, മാനവവിഭവശേഷി മന്ത്രാലയത്തെ വിദ്യാഭ്യാസ മന്ത്രാലയമായി പുനര്‍നാമകരണം ചെയ്യുക എന്നിവയാണ് 484 പേജുകളില്‍ അടങ്ങിയ ദേശീയ കരട് വിദ്യഭ്യാസ രേഖയിലെ ശ്രദ്ധേയമായ നിര്‍ദേശങ്ങളും ആശയങ്ങളും. വിദ്യാര്‍ത്ഥികളില്‍ അടിസ്ഥാന വിദ്യാഭ്യാസവും സംഖ്യാജ്ഞാനവും വര്‍ധിപ്പിക്കുക, അധ്യാപക വിദ്യാര്‍ത്ഥി അനുപാതം മുപ്പതില്‍ ഒന്നാക്കി മാറ്റുക തുടങ്ങിയ നിര്‍ദേശങ്ങളും ഇതിലുണ്ട്. പ്രത്യക്ഷത്തില്‍ ആശാവഹമായി തോന്നുമെങ്കിലും പുകമറക്കുള്ളില്‍ പല അജണ്ടകളും ഒളിപ്പിച്ചുവെച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടിന്റെ വിശദമായ വായനയില്‍ വ്യക്തമാകും. ഉന്നതവിദ്യാഭ്യാസരംഗത്ത് നിലവിലുള്ള 800 യൂണിവേഴ്‌സിറ്റികളും 40000 കോളേജുകളും ഏകീകരിച്ച് 15000 ത്തോളം ശ്രേഷ്ഠസ്ഥാപനങ്ങളുണ്ടാക്കുമെന്നും രേഖ പറയുന്നു. ഇവയെ റിസര്‍ച്ച് യൂണിവേഴ്‌സിറ്റികളും ടീച്ചിംഗ് യൂണിവേഴ്‌സിറ്റികളും കോളേജുകളുമായി തരം തിരിക്കുമെന്ന ആശയവുമുണ്ട്. അലീഗഡ് മുസ്്‌ലിം യൂണിവേഴ്‌സിറ്റി അടക്കമുള്ള സ്ഥാപനങ്ങള്‍ക്കുള്ള ന്യൂനപക്ഷ പദവി ഇതോടെ ഇല്ലാതാകും. ഡിഗ്രി നല്‍കാനുള്ള അവകാശം യൂനിവേഴ്‌സിറ്റികളില്‍ നിന്ന് കോളേജുകളിലേക്ക് കൈമാറാനുള്ള മറ്റൊരു ആശയവും ഇതിലടങ്ങിയിട്ടുണ്ട്. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ സ്വകാര്യ നിക്ഷേപം, സ്വയംഭരണ പദവി തുടങ്ങിയവ അനുവദിക്കുന്നതിന്റെ പരിണിതഫലങ്ങള്‍ കൂടുതല്‍ ആലോചനാവിധേയമാക്കേണ്ടതുണ്ട്. വിദ്യാഭ്യാസ രംഗത്തെ നയപരമായ തീരുമാനങ്ങളെടുക്കുന്ന പ്രധാനമന്ത്രി അധ്യക്ഷനായ രാഷ്ട്രീയ ശിക്ഷാ ആയോഗ് എന്ന സമിതിയുടെലരൂപികരണം വിദ്യാഭ്യാസ ചട്ടക്കൂട് നിര്‍മ്മാണങ്ങളുടെ അധികാര കേന്ദ്രീകരണത്തിന് വേണ്ടിയാണെന്നും മനസ്സിലാവുന്നു.

ഭാരതകേന്ദ്രീകൃതമായ വിദ്യാഭ്യാസ സമ്പ്രദായമാണ് പുതിയ നയം വിഭാവനം ചെയ്യുന്നതെന്നാണ് രേഖയുടെ ദര്‍ശനമായി ചേര്‍ത്തിട്ടുള്ളത്. സെക്കുലറിസം എന്ന വാക്ക് കരടുരേഖയില്‍ കാണാനേയില്ല. ഇന്ത്യയുടെ ബഹുത്വത്തിന്റെ പ്രകാശനമായ മതേതരത്വമെന്ന ആശയത്തെ തിരസ്‌കരിക്കുന്ന ഹിന്ദുത്വ സംഘ്പരിവാര്‍ അജണ്ട അനല്പമായ തോതില്‍ ഇതില്‍ കൈകടത്തിയിട്ടുണ്ടെന്നതിന്റെ സൂചനകളാണിത്. ലിബറല്‍ വിദ്യാഭ്യാസത്തെയാണ് മുന്നോട്ട് വെക്കുന്നതെന്നാണ് മറ്റൊരു നയം. സ്ഥാപനങ്ങള്‍ക്ക് സ്വയംഭരണാവകാശം വര്‍ധിച്ച തോതില്‍ നല്‍കുന്നതും ഏറെ ആശങ്കപ്പെടുത്തുന്നു. ഈ ആശയങ്ങളെല്ലാം കടമെടുത്തത് പുരാതന ഇന്ത്യയില്‍ നിലനിന്നിരുവെന്ന് വിശ്വസിക്കപ്പെടുന്ന നളന്ദ, തക്ഷശില തുടങ്ങിയവയില്‍ നിന്നാണെന്ന് രേഖ വാദിക്കുന്നു. പുരാതന ഹിന്ദു മിത്തുകളെയും ചരിത്രത്തെയും ആധാരമാക്കിയാണ് പല ആശയങ്ങളും അവതരിപ്പിച്ചിരിക്കുന്നതെന്നര്‍ത്ഥം. ഇന്ത്യന്‍ വിദ്യാഭ്യാസവ്യവസ്ഥയുടെ ഉപജ്ഞാതാക്കളായി രേഖ വിശേഷിപ്പിക്കുന്നത് ചരതന്‍, സുശ്രുതന്‍, ചാണക്യന്‍, പതജ്ഞലി തുടങ്ങിയവരെയാണ്. ഒരു വിഭാഗത്തെ മാത്രം ഹൈലൈറ്റ് ചെയ്ത്് മുസ്്‌ലിംകളടങ്ങിയ മറ്റു വിഭാഗങ്ങളുടെ സംഭാവനകളെ മനപ്പൂര്‍വം വിസ്്മരിക്കുന്നതും ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതാണ്. ബ്രാഹ്മണ കേന്ദ്രീകൃതമായ വ്യവസ്ഥയുടെ തനതു രൂപം പേറുന്ന പുതിയ വിദ്യാഭ്യാസ വ്യവസ്ഥിതിയെ ഇന്ത്യന്‍ വിദ്യാഭ്യാസവ്യവസ്ഥയെന്നു വിളിക്കുന്നു. ധര്‍മ്മത്തിലൂന്നിയ വിദ്യാഭ്യാസത്തിന് മുന്‍ഗണന നല്കുമ്പോഴും വിദ്യാഭ്യാസ രംഗത്തെ സാമൂഹിക അസമത്വവും ജാതി വിവേചനങ്ങളും നേരിടുന്നതിനുള്ള നിര്‍ദേശങ്ങളൊന്നും റിപ്പോര്‍ട്ടിലില്ല എന്നുതന്നെ പറയാം.

ന്യൂനപക്ഷങ്ങളും പുതിയ നയവും
1986 ലെ വിദ്യാഭ്യാസ നയമാണ് മുസ്്‌ലിം ന്യൂനപക്ഷത്തിന്റെ പ്രശ്‌നങ്ങളെ ആദ്യമായി അഭിമുഖീകരിക്കുന്നതും നിര്‍ദേശങ്ങളും ആശയങ്ങളും മുന്നോട്ട് വെക്കുന്നതും. തുടര്‍ന്ന് വന്ന് മറ്റ് നയങ്ങളിലും രേഖകളിലും എസ്.പി.ക്വു.ഇ.എം(സ്‌കീം ഫോര്‍ പ്രൊവൈഡിംഗ് ക്വാളിറ്റി എജുകേഷന്‍ ഫോര്‍ മദ്രസാസ്) പോലോത്ത പദ്ധതികള്‍ മുന്നോട്ട് വെച്ച ആശയങ്ങളും നിര്‍ദേശങ്ങളും തന്നെയാണ് പുതിയ നയത്തിലുമുള്ളത്. ഏറ്റവും പ്രാതിനിധ്യക്കുറവുള്ള വിഭാഗമായി മുസ്്‌ലിംകളെ പുതിയ നയരേഖ പരിചയപ്പെടുത്തുന്നുണ്ടെങ്കിലും സാമൂഹികവും ചരിത്രപരവുമായ പാര്‍ശ്വവത്കരണങ്ങളുടെയും അസമത്വങ്ങളുടെയും ചോദ്യങ്ങളെ ഒട്ടും തന്നെ നേരിടാതെ, ന്യൂനപക്ഷങ്ങളുടെയും ദലിത് പിന്നാക്ക വിഭാഗങ്ങളുടെയും പ്രശ്‌നങ്ങളുടെ കാരണം പ്രാതിനിധ്യക്കുറവാണെന്ന തീര്‍പ്പിലെത്തുന്നു. ന്യൂനപക്ഷങ്ങള്‍ക്കും പിന്നാക്കക്കാര്‍ക്കുമുള്ള ഊന്നുവടിയായ സംവരണം പാടെ അവഗണിച്ച പോലെയാണ്. സംവരണം ഉപയോഗപ്പെടുത്തിയുള്ള പരിഹാരമാര്‍ഗങ്ങളും ഉള്‍പ്പെടുത്താമെന്നിരിക്കെയാണ് ഈ സംവരണവിരുദ്ധത. ഒരു തവണ മാത്രമാണ് സംവരണം എന്ന പദം ഈ നെടുനീളന്‍ നയരേഖയിലുള്ളത്. മുസ്്‌ലിം പിന്നാക്കാവസ്ഥയെക്കുറിച്ച് വസ്തുനിഷ്ഠമായി പഠിച്ച സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന് ശേഷം വരുന്ന ആദ്യ വിദ്യാഭ്യാസ നയരേഖയാണിതെന്നുകൂടി ചേര്‍ത്തുവായിക്കണം.

മൂന്ന് പരിഹാര മാര്‍ഗങ്ങളാണ് മുസ്്‌ലിംകളുടെ വിഭവപരിപോഷണത്തിനായി റിപ്പോര്‍ട്ടിലുള്ളത്. മുസ്്‌ലിംകള്‍ക്ക് മാത്രമായി സ്‌പെഷല്‍ എജുകേഷന്‍ സോണ്‍, മദ്രസയില്‍ നിന്ന് വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ വിവിധ പരീക്ഷകളെഴുതാനുള്ള അവസരം, ലൈബ്രറി, ലാബ് നവീകരണത്തിനായി സാമ്പത്തിക പിന്തുണ എന്നിവയാണവ. പക്ഷെ, സ്‌പെഷല്‍ എജുകേഷന്‍ സോണുകളുടെ രൂപത്തെക്കുറിച്ച് വ്യക്തമായ വിശദീകരണമില്ല. മുസ്്‌ലിംകളെ തെരഞ്ഞെടുത്ത് അരികുവത്കരിക്കുന്നതിന്റെ(ഗെട്ടോയിസേഷന്‍) ഭാഗമായിട്ടാണോ ഇത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പാരമ്പര്യ പഠനകേന്ദ്രങ്ങളായ മദ്രസകള്‍, ഗുരുകുലങ്ങള്‍, പാഠശാലകള്‍ എന്നിവ പ്രോത്സാഹിപ്പിക്കണമെന്ന് പറയുന്ന ഭാഗത്ത് രാജ്യത്തെ പ്രബല ന്യൂനപക്ഷമായ മുസ്്‌ലിംകളെ അദര്‍ ട്രഡീഷന്‍സ് എന്ന വാക്കിലൊതുക്കി. മദ്രസകളിലും മക്തബുകളിലും പഠിച്ച വിദ്യാര്‍ത്ഥികള്‍ നേരിടുന്ന വലിയ പ്രതിസന്ധിയായ സര്‍ക്കാര്‍ സ്‌കൂള്‍ പ്രവേശം സുഗമമാക്കാനുള്ള ബ്രിഡ്ജിംഗ് പദ്ധതികള്‍ ആശാവഹമാണ്. വിദ്യാഭ്യാസപരമായി ഏറെ പിന്നാക്കം നില്കുന്ന ഉത്തരേന്ത്യയില്‍ നിലവിലുള്ള സര്‍ക്കാരി മദ്രസകളെയും പ്രൈവറ്റ് മദ്രസകളെയും ഉള്‍പ്പെടുത്തി മദ്രസാ ബോര്‍ഡ് രൂപീകരണം ഇതില്‍ ചേര്‍ക്കേണ്ടതായിട്ടുണ്ട്. സര്‍ക്കാര്‍ സഹായം ലഭിക്കുമ്പോഴും സിലബസ്, കരിക്കുലം, അദ്ധ്യാപക നിയമനം എന്നിവയില്‍ സര്‍ക്കാര്‍ ഇടപെടലുകളും സമ്മര്‍ദ്ദങ്ങളുമില്ലാതെയായിരിക്കണം മദ്രസകളുടെ പ്രവര്‍ത്തനങ്ങള്‍.

ഉര്‍ദു ഭാഷ പുതിയ കരടുരേഖയില്‍ വേണ്ടത്ര പരിഗണിക്കപ്പെട്ടിട്ടില്ല. ഇന്ത്യയിലെ ചെറുതല്ലാത്ത മുസ്്‌ലിം സഞ്ചയം സംസാരിക്കുന്ന ഉര്‍ദു ഭാഷയുടെ തിരോധാനത്തെ മതകീയ പരിപ്രേക്ഷ്യത്തിലല്ലാതെ ഒരു സാംസ്‌കാരിക രാഷ്ട്രീയ സ്വത്വത്തിന്റെ ആസൂത്രിതമായ അപ്രത്യക്ഷമാകലെന്നേ വിശേഷിപ്പിക്കാനാവൂ. വിദേശഭാഷകളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം നിലവില്‍ ഇന്ത്യയിലെ വലിയ തൊഴിലസവര വേദിയായ അറബി ഭാഷകൂടി പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുണ്ട്.

Editor Thelicham

Thelicham monthly

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.