ഇന്ത്യന്‍ പൗരന്മാരെ പുനര്‍നിര്‍വചിക്കുകയെന്ന ലക്ഷ്യത്തോടെ അവരുടെ വിശദാംശങ്ങള്‍ അടങ്ങിയ ദേശീയ പൗരത്വപട്ടിക (എന്‍.ആര്‍.സി) യുടെ ഫൈനല്‍ ലിസ്റ്റ് 2019 ആഗസ്റ്റ് 31-ന് ആദ്യമായി ആസാമിലാണ് പ്രസിദ്ധീകരിക്കപ്പെടുന്നത്. മുസ്്‌ലിം ഭൂരിപക്ഷ രാഷ്ട്രമായ ബംഗ്ലാദേശില്‍ നിന്നുള്ള നിയമവിരുദ്ധ കുടിയേറ്റക്കാരെ പുറത്താക്കി ഇന്ത്യന്‍ പൗരന്മാരെ പുനര്‍വിന്യസിക്കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. നിയമസാധുതയുള്ള പൗരനെ കണ്ടെത്താന്‍ ബ്യൂറോക്രസിയും ജുഡീഷ്യറിയും ചേര്‍ന്ന് നടത്തിയ പ്രക്രിയയില്‍, 1971-നോ അതിനുമുമ്പോ ഇന്ത്യന്‍ പൗരനായിരുന്നു എന്ന് തെളിയിക്കുന്നതിന് ഗവണ്മെന്റ് നിഷ്‌കര്‍ഷിക്കുന്ന രേഖകള്‍ കണ്ടെത്താന്‍ അതോടെ ആസാമിലെ ഓരോ പൗരനും ബാധ്യസ്ഥനായി.
പ്രവര്‍ത്തനക്ഷമതയില്‍ വളരെ ദുര്‍ബ്ബലമായതും അടിമുടി അഴിമതി പുരണ്ടതുമായ ഉദ്യോഗസ്ഥവൃന്ദം നിലനില്‍ക്കുന്ന രാജ്യത്ത് പൗരനാരാണെന്നു സ്റ്റേറ്റ് തീരുമാനിക്കുകയെന്നാല്‍ അതിദുഷ്‌കരവും അനീതിപരവുമായിരിക്കുമെന്നതില്‍ സംശയമില്ല. മോശമായ ഡോക്യുമെന്റേഷനും അഴിമതിയും കൂടിച്ചേരുമ്പോള്‍ പൗരത്വ പുനര്‍നിര്‍വചനപ്രക്രിയ എങ്ങനെ ഏകപക്ഷീയമല്ലാതിരിക്കും? പണവും സ്വാധീനവുമുള്ളവര്‍ വ്യാജരേഖകളുണ്ടാക്കുമ്പോള്‍ അത് രണ്ടുമില്ലാത്തവരുടെ ജീവിതം രേഖകളിലെ നിസാരമായ തെറ്റുകളില്‍ പോലും വെറുതെ കുരുങ്ങിക്കിടക്കും. ഇങ്ങനെയൊരവസ്ഥ വന്നാല്‍, പൊതുവെ ഗവണ്മെന്റ് ഓഫിസുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുകയും സാക്ഷരതയില്‍ മുന്നോക്കം നില്‍ക്കുകയും ചെയ്യുന്ന കേരളം പോലൊരു സംസ്ഥാനത്ത് ജീവിക്കുന്ന നമ്മള്‍ക്കുപോലും കാണിച്ചു സാക്ഷ്യപ്പെടുത്താന്‍മാത്രം വൈരുധ്യങ്ങളില്ലാത്ത ഗവണ്മെന്റ് രേഖകളുണ്ടോയെന്നു മാത്രം ആലോചിച്ചാല്‍ മതി.
വളരെച്ചെറിയ പിശകുകള്‍ കാരണം എന്‍.ആര്‍.സി ഫൈനല്‍ ലിസ്റ്റില്‍ നിന്നും പുറത്താക്കപ്പെട്ടതോടെ ആസാമിലെ ലക്ഷണക്കിനു മനുഷ്യര്‍ ജീവന്മരണ പോരാട്ടത്തിലാണ്. ഓഗസ്റ്റ് 2018-ലെ ലിസ്റ്റില്‍നിന്നു പുറത്താക്കപ്പെട്ട 40 ലക്ഷം ഡിസംബര്‍ 2019-ലെത്തിയപ്പോഴേക്കും 19 ലക്ഷമായി എന്ന യാഥാര്‍ഥ്യം മാത്രം മതി ബ്യൂറോക്രസിയുടെ കെടുകാര്യസ്ഥതക്ക് തെളിവായിട്ട്. 1600 കോടിയിലധികം പൊതുഖജനാവില്‍ നിന്ന് ചെലവാക്കിയാണ് ഇത് നടത്തുന്നതെന്ന് ഓര്‍ക്കണം. സുപ്രീം കോടതി മോണിറ്റര്‍ ചെയ്ത് നടന്ന ആസാം പൗരത്വ പുനര്‍നിര്‍ണയ പ്രക്രിയയില്‍ പൗരനായി പരിഗണിക്കാന്‍ ആവശ്യമായ രേഖകളുടെ എണ്ണത്തിലും ഇനത്തിലും വളരെ ഏകപക്ഷീയ ഇടപെടലുകള്‍ കോടതി നടത്തിയതിലൂടെ കാര്യങ്ങള്‍ ജനങ്ങളുടെ ജീവിതത്തെ കൂടുതല്‍ ദുസ്സഹമാക്കി. വ്യത്യസ്തങ്ങളായ വെരിഫിക്കേഷന്‍ (claim, objection, correction) ഘട്ടങ്ങളിലൂടെ കടന്നുപോകേണ്ടിവരികയും, ദിനേനയെന്നോണം പുതിയ രേഖകള്‍ സബ്മിറ്റ് ചെയ്യാന്‍ നിര്‍ബന്ധിതരാകുകയും ചെയ്തതോടെ കാര്യങ്ങള്‍ കൂടുതല്‍ ഭീകരമായി. വ്യക്തമായിപ്പറഞ്ഞാല്‍, poor documentation എന്ന സ്റ്റേറ്റിന്റെ പോരായ്മക്ക് ഇവിടെ പതിറ്റാണ്ടുകളായി ജീവിക്കുന്ന ലക്ഷക്കണക്കിനു മനുഷ്യര്‍ ബലിയാടായി. അല്ലെങ്കില്‍ സ്റ്റേറ്റ് അവരെ ബലിയാടാക്കി. ഗവണ്മെന്റിന്റെ ബാധ്യതയായിരുന്ന ജോലി ലക്ഷക്കണക്കിന് മനുഷ്യരുടെ ബാധ്യതയായി. ഫൈനല്‍ ലിസ്റ്റില്‍ 19-ലക്ഷം മനുഷ്യര്‍ നിയമവിരുദ്ധ കുടിയേറ്റക്കാരായി മുദ്രകുത്തപ്പെട്ടു. ബ്യൂറോക്രസിയുടെ ചുവപ്പുനാടകളില്‍ ജീവിതം കുടുങ്ങിയ ഒരുപാട് മനുഷ്യര്‍ ആത്മഹത്യ ചെയ്തു.
സി.എ.എ-എന്‍.ആര്‍.സി: കുത്തിനിറക്കലിന്റെയും പുറംതള്ളലിന്റെയും രാഷ്ട്രീയം
ഇന്ത്യന്‍ പൗരന്മാരാര്‍ക്കു പേടി വേണ്ടെന്നും അയല്‍രാഷ്ട്രങ്ങളില്‍ നിന്നു നുഴഞ്ഞുകയറിയവര്‍ മാത്രം പേടിച്ചാല്‍ മതി എന്നുമാണ് ഗവണ്മെന്റിന്റെ ഇപ്പോഴത്തെ ഭാഷ്യം. പക്ഷെ, യാഥാര്‍ഥ്യം മറ്റൊന്നാണ്. സി.എ.എ-എന്‍.ആര്‍.സി ഒരു പെട്രോള്‍-തീ കോമ്പിനേഷനാണ്. തെളിവുകള്‍ നിരവധിയാണ്. ‘സമയവും ക്രമവും നോക്കണം. ആദ്യം സി.എ.എ വരും. പിന്നെ, ദേശീയതലത്തില്‍ എന്‍.ആര്‍.സി കൊണ്ടുവരുമെന്ന്’ അമിത്ഷാ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ‘ഞാന്‍ ഉറപ്പ് തരുന്നു. ഇന്ത്യയില്‍ ഒരൊറ്റ നുഴഞ്ഞുകയറ്റക്കാരനെയും വെച്ചുപൊറുപ്പിക്കില്ല. ഒരൊറ്റ കുടിയേറ്റക്കാരനും പുറത്തുപോകുകയുമില്ല. ഒരൊറ്റ ഹിന്ദു, സിക്ക്, ജൈന്‍, ബുദ്ധ മതസ്ഥനും പുറത്തു പോകില്ല. അവര്‍ക്കൊക്കെ സി.എ.എ വഴി പൗരത്വം കൊടുക്കും. എല്ലാ നുഴഞ്ഞുകയറ്റക്കാരെയും നാടുകടത്തുകയും ചെയ്യും’ എന്നൊക്കെ വെസ്റ്റ് ബംഗാളുള്‍പ്പടെ പലയിടങ്ങളിലും അമിത്ഷാ പ്രസംഗിച്ചിട്ടുണ്ട്. അകത്താക്കുന്നവരെ പറ്റി ‘കുടിയേറ്റക്കാര്‍’ (refugees) എന്നാണെങ്കില്‍ പുറത്താക്കുന്നവരെക്കുറിച്ചു ‘നുഴഞ്ഞുകയറ്റക്കാര്‍’ (infiltrators) എന്നാണ് ഉപയോഗിക്കുന്നത്. അകത്താക്കുന്ന വിഭാഗങ്ങളെ എണ്ണിപ്പറഞ്ഞശേഷം നുഴഞ്ഞുകയറ്റക്കാരെ, വിഭവങ്ങള്‍ തിന്നുതീര്‍ക്കുന്ന, രാജ്യസുരക്ഷക്ക് ഭീഷണിയാകുന്ന ‘ചിതലായും’ അമിത്ഷാ താരതമ്യം ചെയ്യുന്നു. നാസി ജര്‍മനിയിലെ വിഭവങ്ങള്‍ തിന്നു തീര്‍ക്കുകയും അതേസമയം പകര്‍ച്ചവ്യാധി കൊണ്ടുനടക്കുകയും ചെയ്യുന്ന എലികളായി് ജൂതര്‍ താരതമ്യം ചെയ്യപ്പെട്ടിരുന്നുവെന്നത് ചരിത്രം.
1955-ലെ പൗരത്വനിയമത്തിന്റെ ഭേദഗതിയാണ് 2019-പൗരത്വഭേദഗതി നിയമം (സി.എ.എ). 1955-ലെ ഇന്ത്യന്‍ പൗരത്വനിയമമനുസരിച്ച് ഇന്ത്യയുടെ ഭരണഘടന നിലവില്‍ വരുന്നതിന് മുമ്പ് ജനിച്ച ആര്‍ക്കും ഇന്ത്യന്‍ പൗരനായി ജീവിക്കാവുന്നതാണ്. അതില്‍ മതത്തിന്റെയോ പ്രദേശത്തിന്റെയോ ഒരു സൂചനയുമില്ലായിരുന്നു. ഇതിനു 1987-ല്‍ ഒരു ചെറിയ ഭേദഗതി വന്നു. അടുത്ത ഭേദഗതി 2003-ലായിരുന്നു. ഈ ഭേദഗതിയനുസരിച്ചു ഒരാള്‍ ഇന്ത്യന്‍ പൗരനാകണമെങ്കില്‍ അയാള്‍ ഇന്ത്യയില്‍ ജനിക്കുകയും അതോടുകൂടെ ഇന്ത്യന്‍ പൗരന്റെ മകനോ മകളോ ആകുകയുംവേണമെന്ന നിയമം വന്നു. രക്ഷിതാക്കള്‍ രണ്ട് പേരും ഇന്ത്യക്കാരാകുകയോ അല്ലെങ്കില്‍ രക്ഷിതാക്കളില്‍ ഒരാള്‍ ഇന്ത്യക്കാരനാവുകയും രണ്ടാമത്തെയാള്‍ ഒരു നിയമവിരുദ്ധ കുടിയേറ്റക്കാരനല്ലാതിരിക്കുകയും ചെയ്യണമെന്നായിരുന്നു നിയമം. അഥവാ, അനധികൃത കുടിയേറ്റക്കാരന്റെ മകനോ മകളോ ആകാതിരിക്കുകയെന്ന മാനദണ്ഡം നിയമമായി വന്നു. ഇന്ന് ഇന്ത്യയെ പിടിച്ചുലക്കുന്ന പൗരത്വഭേദഗതിയുടെ തുടക്കം 2003-ല്‍ വാജ്പേയിയുടെ കാലത്താണെന്ന് മനസ്സിലാക്കുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ നിഗൂഢമാകും. ഈ നിയമം വന്നതിനു ശേഷം അയല്‍രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ നിരവധി ആളുകള്‍ക്ക് (കുടിയേറിയവരുടെ മക്കള്‍ക്ക്) പൗരത്വം നിഷേധിക്കപ്പെട്ടു. ഇന്ത്യന്‍ പൗരത്വം നിഷേധിക്കപ്പെട്ട അനധികൃത കുടിയേറ്റക്കാര്‍ക്ക് 1920-ലെ പാസ്‌പോര്‍ട്ട് ആക്ട് പ്രകാരവും 1946-ലെ വിദേശനിയമപ്രകാരവും ഇവരെ ശിക്ഷിക്കാന്‍ വകുപ്പുണ്ട്. അപ്രകാരം, ഡിറ്റെന്‍ഷന്‍ കേന്ദ്രങ്ങളിലേക്ക് അനധികൃത കുടിയേറ്റക്കാര്‍ മാറ്റപ്പെട്ടു. പിന്നീട്, 2015 സെപ്റ്റംബര്‍ 7-നു മോദി ഗവണ്മെന്റ് ഇവര്‍ക്ക് ഒരിളവ് നല്‍കുകയുണ്ടായി. ഇവരില്‍ നിന്ന് മതപീഡനം കാരണം പാകിസ്ഥാനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും കുടിയേറിപ്പാര്‍ത്തവരെ മേല്‍പ്പറഞ്ഞ ശിക്ഷയില്‍ നിന്നും ഒഴിവാക്കുകയായിരുന്നു. അവര്‍ക്കപ്പോഴും പൗരത്വമുണ്ടായിരുന്നില്ല. ഈ പട്ടികയില്‍ അഫ്ഗാനിസ്ഥാനുമുണ്ടായിരുന്നില്ലെന്നു പ്രത്യേകം ഓര്‍ക്കണം. വളരെ ദീര്‍ഘദൃഷ്ടിയോടെ ചെയ്തുപോന്ന ഭരണഘടനാവിരുദ്ധമായ പൗരത്വ നിയമം ഈ ഡിസംബര്‍ 12-നാണു അവര്‍ മറനീക്കി പുറത്തിടുന്നത്.
അവസാനം, 2019 ഡിസംബര്‍ 12-ല്‍ പൗരത്വ നിയമ ഭേദഗതി നടത്തി പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്സി, ക്രിസ്ത്യന്‍ ‘അഭയാര്‍ത്ഥികള്‍ക്ക്’ പൗരത്വം നല്‍കാന്‍ ഗവണ്മെന്റ് തീരുമാനിച്ചു. ഇതനുസരിച്ചു, 2014 ഡിസംബര്‍ 31-നോ അതിനു മുമ്പോ ഇന്ത്യയില്‍ പ്രവേശിച്ചിട്ടുള്ള ഈ വിഭാഗക്കാര്‍ക്ക് സ്വരാജ്യങ്ങളില്‍ നിന്ന് മത പീഡനമോ ഭയമോ അനുഭവിച്ചവരാണെന്നു തെളിയിച്ചാല്‍ ഇന്ത്യയില്‍ പൗരത്വം നല്‍കും. മുസ്‌ലിംകളെ മാത്രം ഒഴിവാക്കിയിട്ടായിരുന്നു ഈ ഭേദഗതി.
സി.എ.എ നേരിട്ട് മുസ്‌ലിംകളെ ലക്ഷ്യം വെച്ചുള്ളതാണെങ്കില്‍ എന്‍.ആര്‍.സി ഏറ്റവും ഭയാനകമായി ബാധിക്കാന്‍ പോകുന്നത് സ്ത്രീകള്‍, ദളിത്-പിന്നോക്ക വിഭാഗങ്ങള്‍, നാടോടികള്‍, അനാഥകള്‍ തുടങ്ങി വലിയൊരു ജനവിഭാഗത്തെയാണ്. അടിമുടി പുരുഷാധിപത്യ സാമൂഹികക്രമം നിലനില്‍ക്കുന്ന ഇന്ത്യയില്‍ എത്ര സ്ത്രീകള്‍ക്ക് ഗവണ്‍മെന്റ് ആവശ്യപ്പെടുന്ന രേഖകള്‍ കാണിച്ചുകൊടുക്കാനാകും? വിവാഹാനന്തരം ഭര്‍ത്താവിന്റെ വീട്ടില്‍ പോയി താമസിക്കുന്ന, ഭര്‍ത്താവിന്റെ സമ്പത്തിനെ ആശ്രയിച്ചു ജീവിക്കുന്ന, ഭൂവിടപാടുകളൊന്നും നടത്താത്ത ഇന്ത്യന്‍ സ്ത്രീകളെ ഇതെങ്ങനെ ബാധിക്കുമെന്ന് പറയേണ്ടതില്ല. നിയമം കൊണ്ട് നിരോധിതമാണെങ്കിലും മനസ്സിലും സമൂഹത്തിലും സ്ഥാപനങ്ങളിലും ജാതീയത നിലനില്‍ക്കുന്ന ഇന്ത്യയില്‍ ദളിത്-പിന്നാക്കക്കാരെ ഇതെങ്ങനെ ബാധിക്കുമെന്നും പറയേണ്ടതില്ല.
സി.എ.എ: ഉത്തരമില്ലാത്ത ചോദ്യങ്ങള്‍
ചോദ്യങ്ങളെ പേടിക്കുകയും അടിച്ചമര്‍ത്തുകയും ചെയ്യുന്ന സര്‍ക്കാരിനോട് നാം നിരന്തരം ചോദ്യങ്ങള്‍ ചോദിക്കേണ്ടതുണ്ട്. ന്യായമായ ഈ ചോദ്യങ്ങള്‍ക്കൊന്നും യുക്തിഭദ്രമായ ഒരു മറുപടി ഇല്ലെന്നിടത്താണ് ഈ നിയമത്തിലെ ഏകപക്ഷീയതയും വയലന്‍സും കിടക്കുന്നത്. അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളിലെ പീഡിത ന്യൂനപക്ഷങ്ങള്‍ക്ക് അഭയം കൊടുക്കുകയെന്ന ഉദ്ദേശ്യമാണെങ്കില്‍ അതിര്‍ത്തി പങ്കിടുന്ന മൊത്തം ഏഴ് രാജ്യങ്ങളില്‍ നിന്ന് നാലെണ്ണത്തിനെ ഒഴിവാക്കിയത് എന്തുകൊണ്ടാണ്? 106 കി.മീ മാത്രം അതിര്‍ത്തി പങ്കിടുന്ന അഫ്ഗാനെ പരിഗണിച്ചപ്പോള്‍ 3488 കി.മീ അതിര്‍ത്തി പങ്കിടുന്ന ചൈനയെയും മറ്റു മൂന്ന് രാഷ്ട്രങ്ങളായ ഭൂട്ടാന്‍, നേപ്പാള്‍, മ്യാന്മര്‍ എന്നിവകളെയും ഒഴിയാക്കിയത് എങ്ങനെ ന്യായീകരിക്കാനാകും? പരിഗണിക്കപ്പെട്ട മൂന്ന് രാഷ്ട്രങ്ങള്‍ ഭരണഘടനാപരമായി മതരാഷ്ട്രങ്ങളായ കാരണം കൊണ്ടാണെന്ന നിലക്ക് പരിഗണിച്ചതെന്നാണ് വാദമെങ്കില്‍, ഭൂട്ടാനും മ്യാന്മറും ശ്രീലങ്കയും തങ്ങളുടെ മുഖ്യമതമായി ബുദ്ധിസത്തെ ഭരണഘടനയില്‍ അംഗീകരിച്ചിട്ടുണ്ടെന്നാണ് മറുവാദം.
ഇനി, മതാധിഷ്ഠിത രാഷ്ട്രങ്ങളല്ലാത്തവയില്‍ നിന്നുള്ള ന്യൂനപക്ഷ, പീഡിത അഭയാര്‍ത്ഥികളെ പരിഗണിക്കാതിരിക്കാന്‍ എന്താണ് ന്യായം? മതത്തിന്റെ പേരിലല്ലാതെ പീഡിപ്പിക്കപ്പെടുന്നവര്‍ മനുഷ്യാവകാശങ്ങള്‍ അര്‍ഹിക്കുന്നില്ലേ? കമ്മ്യൂണിസ്റ്റ് ചൈനയിലെ പീഡിതവംശമായ ഉയ്ഗൂര്‍ മുസ്്‌ലിംകളും ബുദ്ധിസ്റ്റ് മ്യാന്‍മറിലെ റോഹിംഗ്യന്‍ മുസ്‌ലിംകളും പട്ടികയില്‍ വരാത്തത് അവര്‍ മുസ്്‌ലിംകളാണെന്നതുകൊണ്ട് മാത്രമല്ലേ? ലോകചരിത്രത്തില്‍ ഇടം പിടിച്ച ഏറ്റവും വലിയ പീഡനത്തിരയായി കൂട്ടപലായനം നടത്തുന്ന റോഹിന്‍ഗ്യന്‍ വംശജരെ തള്ളിക്കളയുന്ന ഇന്ത്യന്‍ അഭയാര്‍ഥിത്വത്തിന് എന്ത് മാനുഷിക മുഖമാണുള്ളത്? മാത്രവുമല്ല, ശ്രീലങ്കയിലെ പീഡിതരായ തമിഴ് വംശജരോ പാകിസ്താനിലെ മുസ്‌ലിംകളിലെ തന്നെ പീഡിത-ന്യൂനപക്ഷ വിഭാഗമായ അഹ്മദിയ്യാക്കളോ ഒന്നും പെടാത്തത് എന്ത് കൊണ്ടാണെന്ന ചോദ്യത്തിനും ഉത്തരം രാഷ്ട്രീയപരമാണെന്നത് മാത്രമാണ്.
പാക്-അഫ്ഗാന്‍-ബംഗ്ലാദേശിലെ പീഡിതരും അഭയാര്‍ഥികളുമായ ബുദ്ധിസ്റ്റുകള്‍ക്ക് സി.എ.എ പൗരത്വത്തിന്റെ പരിരക്ഷ നല്‍കുമ്പോള്‍ തന്നെ ശ്രീലങ്കയില്‍ സിംഹളി-ബുദ്ധിസ്റ്റ് ഭൂരിപക്ഷത്താല്‍ പീഡിപ്പിക്കപ്പെടുന്ന ഹിന്ദു-മുസ്‌ലിം ന്യൂനപക്ഷങ്ങളെ അവഗണിക്കുന്നു. പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ന്യൂനപക്ഷം സുരക്ഷിതരാണെന്ന വാദമില്ലാതെതന്നെ ചോദിച്ചോട്ടെ, പാക്കിസ്ഥാന്‍-ബംഗ്ലാദേശ് പീഡിത ഹിന്ദുക്കളുടെ പേരില്‍ അര്‍ദ്ധസത്യങ്ങള്‍ നിരന്തരം പ്രചരിപ്പിച്ചു ഭൂരിപക്ഷത്തിന്റെ വോട്ട് തട്ടുന്നവര്‍ എന്തുകൊണ്ടാണ് ഭാഷാന്യൂനപക്ഷമായ തമിഴ് ഹിന്ദുക്കളെപ്പറ്റി ഒരക്ഷരം മിണ്ടാത്തത്? സിംഹള ഭൂരിപക്ഷത്തിന്റെ ആക്രമണത്തില്‍ ഏറ്റവും കൂടുതല്‍ ഹിന്ദു-തമിഴ് വംശജര്‍ കൊല്ലപ്പെടുന്നത് ശ്രീലങ്കയിലാണെന്നും ശ്രീലങ്കയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ തമിഴ് ഹിന്ദുക്കള്‍ അഭയാര്‍ഥികളായി ഇന്ത്യയിലേക്കെത്തിയതെന്നും പത്രപ്രവര്‍ത്തകന്‍ ശാസ്ത്രി രാമചന്ദ്രന്‍ വ്യക്തമാക്കുന്നു. സിംഹള ആക്രമണത്തില്‍ കഴിഞ്ഞ 26 വര്‍ഷങ്ങളിലായി ജീവന്‍ നഷ്ടപ്പെട്ട 1.6-1.9 ലക്ഷം പേരില്‍ ഭൂരിപക്ഷവും തമിഴ് ഹിന്ദുക്കളായിട്ടും, നിരവധി ശ്രീലങ്കന്‍ തമിഴ് അഭയാര്‍ത്ഥികള്‍ തമിഴ്‌നാട്ടില്‍ ജീവിക്കുമ്പോഴും തമിഴരുടെയോ തമിഴ് അഭയാര്‍ഥികളുടെയോ താല്പര്യം തങ്ങളുടെ പരിഗണയാകാതിരിക്കുന്നതിന്റെ രാഷ്ട്രീയം വ്യക്തമാണ്.
ഇലക്ടറല്‍ പൊളിറ്റിക്‌സില്‍ തമിഴ്‌നാട് ബി.ജെ.പിക്ക് പൂജ്യമാണെന്നതാണ് അതിന്റെ രാഷ്ട്രീയ കാരണം. ശക്തമായ ദ്രാവിഡ രാഷ്ട്രീയം നിലനില്‍ക്കുന്ന തമിഴ്‌നാട്ടില്‍, ഹിന്ദി ബെല്‍റ്റ് ഇന്ത്യയില്‍ മുഴുവന്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ഹിന്ദിക്കെതിരെ ഏറ്റവും വലിയ ചെറുത്തുനില്‍പ്പ് നടത്തുന്ന, അതുവഴി ഹിന്ദു രാഷ്ട്രനിര്‍മ്മാണത്തിന് ഭാഷാപരമായും സാംസ്‌കാരികമായും രാഷ്ട്രീയപരമായും തടസ്സമാകുന്ന തമിഴ് ഹിന്ദു അഭയാര്‍ത്ഥികള്‍ ബി.ജെ.പിക്ക് പ്രിയപ്പെട്ടവരാകാന്‍ തരമില്ല. ഹിന്ദി ഹൃദയഭൂമികയായ നോര്‍ത്തേണ്‍-സെന്‍ട്രല്‍ ഇന്ത്യയില്‍ ഹിന്ദു-മുസ്്‌ലിം ധ്രുവീകരണം ഇലക്ട്രല്‍ പൊളിറ്റിക്‌സില്‍ ബിജെപിക്ക് ലാഭം മാത്രമേ നല്‍കിയിട്ടുള്ളൂ. അതത്ര തന്നെ ക്ലച്ചു പിടിക്കാത്ത വെസ്റ്റ് ബംഗാളില്‍ ബംഗ്ലാദേശി കുടിയേറ്റം പറഞ്ഞു സാധിച്ചെടുക്കുന്നുന്നുമുണ്ട്. എന്നാല്‍ ശ്രീലങ്ക-മ്യാന്മറിനു ഇന്ത്യന്‍ സംസ്ഥാനങ്ങളുമായുള്ള ബന്ധം ഹിന്ദി-ഹിന്ദുത്വ റഡാറിലല്ലതാനും. ഇത് മാത്രമാണ് തമിഴ് ഹിന്ദു അനഭിമതനാകുന്നതിന്റെ രാഷ്ട്രീയമെന്നു ശാസ്ത്രി രാമചന്ദ്രന്‍ വാദിക്കുന്നു. ചുരുക്കത്തില്‍, നാഗ്പൂരില്‍ നിന്നും അടിച്ചേല്‍പ്പിക്കുന്ന ഹിന്ദു-രാഷ്ട്രത്തിന്റെ നിര്‍മ്മിതിക്കുതകുന്ന നരേറ്റിവിന്റെ ഉത്പന്നം മാത്രമാണ് ബി.ജെ.പിക്ക് അഭയാര്‍ത്ഥികള്‍. ആ നരേറ്റിവ് പീഡിപ്പിക്കുന്ന മുസ്‌ലിം ഭൂരിപക്ഷത്തിന്റെയും പീഡിതരാകുന്ന മുസ്‌ലിമേതര ന്യൂനപക്ഷത്തിന്റേതുമാണ്. അതിലൂടെ ഇന്ത്യയിലെ ഭൂരിപക്ഷത്തിന്റെ അരക്ഷിതാവസ്ഥ കൂടുതല്‍ പ്രകടമാക്കി മുസ്‌ലിംകളെ കൂടുതല്‍ ഗെറ്റോവൈസ് ചെയ്യാന്‍ സാധിക്കുമെന്നത് ബി.ജെ.പി തെളിയിച്ചതാണ്.
മോഡി ഗവണ്മെന്റ് അധികാരമേറ്റ ഒരു വര്‍ഷത്തിനുള്ളില്‍തന്നെ ഇന്ത്യയിലുള്ള രണ്ടു ലക്ഷത്തോളം അഭയാര്‍ഥികളില്‍നിന്ന് പാക്-അഫ്ഗാനിസ്ഥാനില്‍ നിന്നു വന്ന 4300 ഹിന്ദു, സിഖ് അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കിയിട്ടുണ്ടെന്ന് ഗവണ്മെന്റിനെ ഉദ്ധരിച്ചു ദേശീയമാധ്യമങ്ങള്‍ ജൂണ്‍ 2015-നു റിപ്പോര്‍ട്ട്് ചെയ്തിരുന്നു. യൂപിഎ രണ്ടാം സര്‍ക്കാറിന്റെ കാലത്തു ആകെ പൗരത്വം കിട്ടിയ അഭയാര്‍ഥികളുടെ കണക്ക് 1023 ആയിരിക്കെയാണിത്. ഇതേ കാലയളവില്‍ മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലുള്ള പത്തൊമ്പതിനായിരം അഭയാര്‍ത്ഥികള്‍ക്ക് ലോങ്ങ് ടേം വിസയും നല്‍കിയിട്ടുണ്ടെന്ന് ഈ വാര്‍ത്ത സ്ഥിരീകരിച്ചിരുന്നു. ‘India is a homeland for all persecuted Hindus’ എന്ന ബി.ജെ.പിയുടെ അടിസ്ഥാന പോളിസിക്കനുസരിച്ചാണ് ഇതെല്ലം ചെയ്യുന്നതെന്നും അന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് വ്യക്തമാക്കിയിരുന്നു. അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുന്നതിനോട് ഒരു നിലക്കും വിയോജിപ്പില്ലാതിരിക്കുമ്പോള്‍ തന്നെ നിശ്ചിത രാഷ്ട്രങ്ങളില്‍ നിന്ന് നിശ്ചിത വിഭാഗങ്ങള്‍ക്ക് മാത്രം പൗരത്വം നല്‍കുന്നത് ഭരണഘടനാലംഘനമല്ലാതെ മറ്റൊന്നുമല്ല.
ഹിന്ദുരാഷ്ട്രം: വംശീയ ദേശസങ്കല്പവും ഉന്മൂലനസിദ്ധാന്തവും
ഒരു ഭാഗത്ത് മൂന്ന് രാജ്യങ്ങളില്‍ നിന്ന് കുടിയേറിയ മുസ്്‌ലിമേതര മതവിഭാഗങ്ങളെ അഭയാര്‍ഥികളായി പ്രഖ്യാപിക്കുകയും അവര്‍ക്ക് വേണ്ടി സ്ഥിരതാമസം മുഖേനയുള്ള പൗരത്വം ലഭിക്കുന്നതിനുള്ള സമയപരിധി ചുരുക്കുകയും, മറുഭാഗത്ത് പൗരത്വത്തെ പുനര്‍നിര്‍മിച്ച് ഇന്ത്യയില്‍ ദശകങ്ങളായി ജീവിക്കുന്ന മുസ്്‌ലിംകളെ നുഴഞ്ഞുകയറ്റക്കാരാക്കി പൗരത്വം നിഷേധിച്ചു അവരെ നിഷ്‌കാസിതമാക്കാനുള്ള പദ്ധതിയാണ് ആത്യന്തികമായി സി.എ.എ-എന്‍.ആര്‍.സി. ഇന്ത്യ ഹിന്ദുരാഷ്ട്രമാണെന്നു ആണയിട്ടു പ്രഖ്യാപിക്കുന്നവരും മുസ്്‌ലിംകളോട് പാകിസ്ഥാനില്‍ പോകാന്‍ നിരന്തരം ആക്രോശിക്കുന്നവരും മുസ്്‌ലിംകള്‍ ഭൂരിപക്ഷമുള്ള മൂന്ന് രാഷ്ട്രങ്ങളില്‍ നിന്നു മുസ്്‌ലിമേതര അഭയാര്‍ഥികളെ മാത്രം സ്വീകരിക്കുന്നതിന്റെ രാഷ്ട്രീയം വ്യക്തമാണ്. ഹിന്ദു രാഷ്ട്ര നിര്‍മ്മാണത്തിന്റെ വഴിയിലെ ഏറ്റവും വലിയ ഹിന്ദുത്വ പൊളിറ്റിക്കല്‍ പ്രോജകട് മാത്രമാണിത്. അങ്ങനെയാണ് ഉള്‍പ്പെടുത്തലിന്റെയും പുറംതള്ളലിന്റെയും രാഷ്ട്രീയത്തെ കാണേണ്ടത്.
ഹിന്ദുത്വ പ്രത്യയശാസ്ത്രം, നാസി ജര്‍മനിയില്‍ നിന്ന് ഉള്‍ക്കൊള്ളുന്ന ഊര്‍ജ്ജം നിരവധി സാമൂഹ്യനിരീക്ഷകരും ചിന്തകരും വ്യക്തമാക്കിയതാണ്. 1930-കളിലെ ജര്‍മന്‍ നയങ്ങളില്‍ ഉള്‍ക്കൊണ്ടിരുന്ന ആത്യന്തികമായ വംശീയ രാഷ്ട്രസങ്കല്‍പ്പമാണ് നാസി ജര്‍മ്മനിയില്‍ 1941-1945 നിടയില്‍ ഏകദേശം 60 ലക്ഷം ജൂതരുടെ കൂട്ടക്കൊലയിലേക്ക് (ഹോളോകോസ്റ്റ്) നയിച്ചതെങ്കില്‍ അത്തരമൊരു വംശീയ രാഷ്ട്രസങ്കല്പം തന്നെയാണ് ഹിന്ദുരാഷ്ട്രവും. അതിനു വേണ്ടിയുള്ള ഒരുക്കമാണ് എന്‍.ആര്‍.സി-സി.എ.എ.യും. ‘There are only two courses open to the foreign elements, either to merge themselves in the national race and adopt its culture, or to live at its mercy so long as the national race may allow them to do so and to quit the country at the sweet will of the national race’ എന്ന് We, our Nationhood defind (1939)ല്‍ അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം എം എസ് ഗോള്‍വാക്കര്‍ പറയുന്നുണ്ട്. ഭരണഘടനയുടെ ‘We, the people of India’ യില്‍ നിന്ന് ഗോള്‍വാള്‍ക്കറുടെ നേഷന്‍ഹുഡിന്റെ പുനര്‍നിര്‍ണ്ണയം തന്നെയാണ് സിഎഎ-എന്‍.ആര്‍.സി യിലൂടെ നടക്കുന്നത്.
ഏറ്റവും അടുത്ത ഉദാഹരണമായി നമുക്ക് മുന്നില്‍ മ്യാന്മറുണ്ട്. 1982-ലാണ് റോഹിംഗ്യന്‍ മുസ്്‌ലിം വംശത്തെ മ്യാന്‍മറിലെ 135-വംശങ്ങളിലൊന്നായി ഉള്‍പ്പെടുത്താതെയും അവിടുത്തെ ‘തദ്ദേശീയര്‍ക്ക്’ പൗരത്വം നല്‍കുന്നതുമായ അവരുടെ ‘കാബ്’ Myanmar Nationality Law നിലവില്‍ വരുന്നത്. ഈ നിയമമനുസരിച്ചു തദ്ദേശീയരായ പൗരന്മാര്‍ക്ക് National Registration Card (ഇന്ത്യയുടേ എന്‍.ആര്‍.സി) നല്‍കപ്പെടുകയും ബംഗ്ലാദേശില്‍ നിന്നുള്ള ‘നിയമവിരുദ്ധ കുടിയേറ്റക്കാര്‍’ ആയ റോഹിന്‍ഗ്യന്‍ മുസ്്‌ലിംകള്‍ക്ക് അന്യദേശ കാര്‍ഡ് (Foreign Registration Card) ബാധകമാകുകയും ചെയ്തു. എന്‍.ആര്‍.സി ഉള്ളവര്‍ക്ക് സ്റ്റേറ്റിന്റെ എല്ലാ അവകാശങ്ങളും ധ്വംസിക്കപ്പെട്ടു. പൊതു ഓഫീസുകളിലെ ജോലിയും വോട്ടവകാശവും നിഷേധിക്കപ്പെട്ടു. പിന്നീടുള്ള ചരിത്രം വ്യക്തമാണ്. 2017-മുതല്‍ ലോകത്തെ ഏറ്റവും വലിയ വംശീയ ഉന്മൂലനത്തില്‍ 671,000 വരുന്ന റോഹിന്‍ഗ്യ മുസ്്‌ലിംകള്‍ അഭയാര്‍ത്ഥികളായി നാടുവിട്ടു. UN High Commissioner for Human Rights’ മ്യാന്മര്‍ പ്രതിസന്ധിയെ വിളിച്ചത് ‘Textbook example of ethnic cleansing’ എന്നാണ്. ഐക്യരാഷ്ട്രസഭയെ നോക്കുകുത്തിയാക്കിയിട്ടാണ് എല്ലാം സംഭവിച്ചത്. ഇതിന്റെ തുടക്കം 1982-ലെ പൗരത്വനിയമമായിരുന്നു.
പ്രശസ്ത ജര്‍മന്‍-അമേരിക്കന്‍ ഫിലോസോഫര്‍ ഹന്നാ ആരെന്റ്് തന്റെ അനുഭവങ്ങളെ മുന്‍നിര്‍ത്തി പൗരത്വമില്ലാത്ത മനുഷ്യന്റെ അവസ്ഥയെ പറ്റി ചര്‍ച്ച ചെയ്യുന്നുണ്ട്. ജൂതമത വിശ്വാസിയായ ആരെന്റ് ഹിറ്റ്‌ലറുടെ നാസി ജര്‍മനിയില്‍ നിന്ന് അഭയാര്‍ഥിയായി ഒളിച്ചോടി, 1951-ല്‍ അമേരിക്കന്‍ പൗരത്വം കിട്ടുന്നതുവരെയുള്ള 18 വര്‍ഷങ്ങള്‍ ഒരു സ്‌റേറ്റിന്റെയും പൗരയല്ലാതായി ജീവിക്കേണ്ടിവന്നു. തന്റെ 1951-ലെ Origins of Totalitarianism എന്ന പുസ്തകത്തില്‍ ആരെന്റ്് പൗരത്വത്തെ വിശേഷിപ്പിക്കുന്നത് ‘right to have rights’ എന്നാണ്. യൂണിവേഴ്‌സല്‍ മനുഷ്യനെയും യൂണിവേഴ്‌സല്‍ മനുഷ്യാവകാശങ്ങളെയും പ്രശ്‌നവല്‍ക്കരിച്ചുകൊണ്ട് അവര്‍ പറയുന്നത് ഇങ്ങനെയാണ്. ‘മനുഷ്യന് ഒരു വ്യക്തിയായിട്ട് മാത്രം കാര്യമില്ല, ഒരു പൗരനല്ലാത്ത കാലത്തോളം.’ മറ്റൊരര്‍ത്ഥത്തില്‍, ഫിലോസോഫിയുടെ, പൊളിറ്റിക്കല്‍ തിയറിയുടെ, സാമൂഹിക നൈതികതയുടെ പുസ്തകത്തിലുള്ള മനുഷ്യാവകാശങ്ങള്‍ എനിക്ക് ‘belong’ ആയിട്ടുള്ളതാകാം. പക്ഷെ, അവകളെ എനിക്ക് ‘claim’ ചെയ്യാന്‍ ഞാനൊരു സ്റ്റേറ്റിന്റെ പൗരനായിരിക്കല്‍ അത്യാവശ്യമാണ്. ആധുനിക ദേശരാഷ്ട്രത്തിന്റെയും പൊളിറ്റിക്കല്‍ തിയറിയുടെയും അടിത്തറയായിമാറിയ Hanna Arentd-ന്റെ തിയറിയെക്കുറിച്ച് stephanie DeGooyer പറയുന്നു: ‘The refugee crisis after World War II revealed to (Arendt) that humans can exist in a place called nowhere; they can be displaced from political community-they can be turned into abstractions.’ പൗരത്വം മറ്റെല്ലാ മൗലികാവകാശങ്ങളും ലഭിക്കാനുള്ള ഒരു ‘necessary precondition’ ആണെന്നും, നമ്മുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ കഴിയുക ഒരു political community യുടെ ഭാഗമായി മാത്രമാണെന്നും, political community യില്‍ നിന്ന് അടര്‍ത്തിയെടുക്കപ്പെടുന്ന (abstraction) നിമിഷം നമ്മള്‍ ചണ്ടികളായി മാറുന്നുവെന്നും ആരെന്റ്് നിരീക്ഷിക്കുന്നു.
ആക്രമണോല്‍സുക ദേശീയതയും അപരനും/രും
വിഭജനാനന്തര ഇന്ത്യയുടെ ദേശീയതയുടെയും മതേതരത്വത്തിന്റെയും ‘പൊതു’വിന്റെയും എതിര്‍സ്ഥാനത്ത് ഇന്ത്യന്‍ മുസ്്‌ലിം നിരന്തരം ‘വര്‍ഗീയ,’ ‘ദേശദ്രോഹ’ അപരനായി മുദ്രകുത്തപ്പെട്ടിട്ടുണ്ട്. ഇതിന്നു പകല്‍പോലെ വ്യക്തവുമാണ്. സിഎഎ-എന്‍ആര്‍സി വിഷയത്തില്‍ അതിലപ്പുറം ചിന്ത പോകേണ്ടതുണ്ട്. ഇന്ത്യയില്‍, ദളിത് ‘sociological danger’ ആണെങ്കില്‍ മുസ്്‌ലിം ഒരു ‘biological danger’ ആയിട്ടാണ് പൊതുസമൂഹത്താല്‍ കാണപ്പെടുന്നതെന്നു ജെ.എന്‍.യു സോഷ്യോളജി പ്രൊഫസ്സര്‍ ഗോപാല്‍ ഗുരു വ്യക്തമാക്കുന്നുണ്ട്. സാമൂഹിക തലത്തില്‍ അശുദ്ധ (impure) മായി മാറ്റി നിര്‍ത്തപ്പെടേണ്ടവനാണ് ദളിതനെങ്കില്‍ ജൈവികപരമായി ഹിന്ദുരാഷ്ട്രത്തിന്് ഭീഷണി (threat) യാണ് മുസ്്‌ലിം. മുസ്്‌ലിം ‘പെറ്റുപെരുകി’ ഹിന്ദുക്കളേക്കാള്‍ ജനസംഖ്യയിലുയര്‍ന്നു ഇന്ത്യ പിടിച്ചടക്കുമോ എന്ന ഭയം ഇന്ത്യന്‍ സമൂഹത്തില്‍ രൂഢമൂലമാണ്. മുസ്്‌ലിം സ്ത്രീയുടെ ‘പന്നിപ്രസവ’മെന്ന പരാമര്‍ശം വന്നത് കേരളത്തില്‍ നിന്നാണ്.
സി.എ.എ-എന്‍.ആര്‍.സിയുടെ പ്രധാനലക്ഷ്യം മുസ്്‌ലിംകള്‍ക്ക് പൗരത്വം നിഷേധിച്ചു തടവറകളിലാക്കലാണെന്നതില്‍ സംശയമില്ല. ഹിന്ദുയിസത്തിലെ സകല വ്യത്യസ്തതകളെയും ശ്രേണികളെയും, തട്ടു തട്ടുകളിലായി കിടക്കുന്ന ജാതികളെയും മറച്ചുവെച്ച് ഏകശിലാത്മകമായ ഹിന്ദുവിനെ സൃഷ്ടിച്ചെടുക്കാന്‍ ബി.ജെ.പി കാട്ടിപ്പേടിപ്പിക്കുന്ന ഒരു ‘ജന്തു’വാണു മുസ്്‌ലിം. ഇത് പലപ്പോഴും വിജയം കണ്ടുവെന്നു പറയേണ്ടിവരും. പക്ഷെ, അയ്യായിരമോ അതിലധികമോ ജാതി-ഉപജാതികളുള്ള ഇന്ത്യ ഏകശിലാത്മകമായ ഒരു ഹിന്ദുവിന്റേതാകില്ല. അംബേദ്കര്‍ ഹിന്ദുയിസത്തെ വിളിച്ചത് ‘collection of castes’ എന്നാണ്. അത് ഒരൊറ്റ (monolithic) മതവും സംസ്‌കാരവുമാകുന്നത് ‘വിദേശ’ മതവും സംസ്‌കാരവുമായ ഇസ്്‌ലാമിന് നേര്‍ക്ക്‌നേര്‍ നിന്നിട്ടാണെന്നു സാമൂഹ്യനിരീക്ഷകര്‍ രേഖപ്പെടുത്തുന്നുണ്ട്.
മുസ്്‌ലിം അപരനെ ഇല്ലാതാക്കിയ അന്ന് ജാതി അപരര്‍ തലപൊക്കിത്തുടരും. സവര്‍ണ ബ്രാഹ്മണ്യം രണ്ടായിരത്തിലധികം വര്‍ഷങ്ങള്‍ നിലനിന്നിരുന്ന ഇന്ത്യയില്‍ രേഖകള്‍ തിരഞ്ഞു പിന്നോട്ടുപോകും തോറും അവര്‍ണരും ദളിതുകളും സ്ത്രീകളും ആദിവാസികളും ട്രാന്‍സ്‌ജെന്‍ഡേര്‍സും തെളിവില്ലാത്തവരാകും. സ്‌കൂളില്‍ പോകാനും ഭൂമി കൈവശം വെക്കാനും എന്നാണ് അവര്‍ണര്‍ തുടങ്ങിയത് എന്ന് ആലോചിച്ചാല്‍ മതി. അടിമുടി ജനാധിപത്യവിരുദ്ധവും തട്ടുതട്ടുകളിലായി നിലനിലനില്‍ക്കുന്നതുമായ ഇന്ത്യന്‍ സാമൂഹിക യാഥാര്‍ഥ്യം മുന്‍നിര്‍ത്തിയാല്‍, സി.എ.എ വഴി ഗവണ്‍മെന്റ് തങ്ങളെ അഭയാര്‍ഥികളായി പരിഗണിച്ചു രേഖകള്‍ ഉണ്ടാക്കിത്തരുമെന്ന ശുഭാപ്തിനിറഞ്ഞ ആശ്വാസപ്പെടലുകള്‍ വൃഥാവിലാകുന്നതായി മനസിലാക്കാം. 2019 ഏപ്രില്‍ 11-നു എന്‍.ആര്‍.സിയെക്കുറിച്ചുള്ള ബി ജെ പിയുടെ ഔദ്യോഗിക ട്വീറ്റില്‍ ഹിന്ദുവും ബുദ്ധനും സിക്കുമൊഴികെ മറ്റെല്ലാവരും നുഴഞ്ഞുകയറ്റക്കാരനാണെന്ന യാഥാര്‍ഥ്യവും ഇതോടു കൂടെ തിരിച്ചറിയപ്പെടണം. ഏപ്രില്‍ മാസത്തിലൊന്നും ഗവണ്മെന്റിനു സി.എ.എ എന്ന ഐഡിയ ഉദിച്ചിട്ടേ ഇല്ലെന്നും എന്‍.ആര്‍.സി ഫൈനല്‍ ലിസ്റ്റ് വന്നു ദശലക്ഷം ഹിന്ദുക്കള്‍ പുറത്തായപ്പോള്‍ മാത്രമാണത് വന്നതെന്നും സെമിറ്റിക് മതങ്ങളിലൊന്നായ ക്രിസ്ത്യനിറ്റിയെ സി.എ.എയില്‍ ഉള്‍പ്പെടുത്തിയത് ‘മതേതര’ത്വമെന്നു തോന്നിപ്പിക്കാന്‍ വേണ്ടി മാത്രവുമാണെന്നും ഇതില്‍ നിന്ന് വ്യക്തം. ഇപ്പോള്‍ ആ ട്വീറ്റ് ഡിലീറ്റ് ചെയ്തിട്ടുമുണ്ട്.
വിരാമം:
മനുഷ്യന്റെ ചരിത്രം കുടിയേറ്റത്തിന്റേതു കൂടിയാണ്. ജനാധിപത്യം ഒരിക്കലും പുറംതള്ളലല്ല. ഒരു രാജ്യം അങ്ങനെയാകുന്നുവോ അതുമുതല്‍അത് ജനാധിപത്യവുമല്ല. കുടിയേറ്റമെന്ന ആഗോള പ്രശ്‌നത്തിന് ജനാധിപത്യം കൂടുതല്‍ മനുഷ്യത്വപരമായ സംവിധാനങ്ങള്‍ കാണുകയാണേണ്ടത്. ജനാധിപത്യം ജനങ്ങളിലാണ്. ഒരു ഭരണാധികാരിയും വെറുതെ സ്വേച്ഛാധിപതിയാകുന്നില്ല. ചോദ്യം ചോദിയ്ക്കാന്‍ മടിച്ചും പേടിച്ചും നമ്മള്‍ അവരെ അവര്‍ ആക്കുകയാണ്. നോട്ട് നിരോധനവും കാശ്മീരും ബാബരിയും കഴിഞ്ഞു. അതുകൊണ്ട് ഇനിയെങ്കിലും ചോദിച്ചുകൊണ്ടിരിക്കുക.
നിസാര്‍ എ.സി ഇരുമ്പുഴി
ഐഐടി ബോബെ