ബീഹാര്‍, ബംഗാള്‍, യുപി സംസ്ഥാനങ്ങളുടെ വടക്കന്‍ അതിര്‍ത്ഥിക്കളില്‍ നിന്ന് നേപ്പാളിലേക്ക് കടക്കാന്‍ വളരെ എളുപ്പമാണ്. ഓപ്പണ്‍ ബോര്‍ഡറാണ് ഇന്ത്യക്കും നേപ്പാളിനുമിടയില്‍ ബ്രിട്ടീഷ് കാലം മുതലുള്ള നടപ്പ് രീതി. വിസയും പാസ്‌പോര്‍ട്ടുമൊന്നും ആവശ്യമില്ല. ഔദ്യോഗിക ബോര്‍ഡറുകളില്‍ പോലും വലിയ ചെക്കിങുകളില്ല. അതുകൊണ്ട് തന്നെ ബോര്‍ഡര്‍ പങ്കിടുന്ന മിക്ക സ്ഥലങ്ങളില്‍ നിന്നും നേപ്പാളിലേക്ക് എളുപ്പത്തില്‍ കടക്കാം. ഓപണ്‍ ബോര്‍ഡര്‍ രാജ്യങ്ങളില്‍ സ്വന്തം രാജ്യത്തെന്ന പോലെ സഞ്ചരിക്കാം, കച്ചവടം ചെയ്യാം, കറന്‍സി ഉപയോഗിക്കാം. ഹിമാലയന്‍ പര്‍വ്വത നിരകളാല്‍ താഴിട്ട് പൂട്ടപ്പെട്ട, മലനിരകളാല്‍ സമ്പന്നമായ നേപ്പാളിന് പുറം ലോകത്തേക്കുള്ള എളുപ്പ വഴിയാണ് ഇന്ത്യന്‍ ബോര്‍ഡറുകള്‍. യഥേഷ്ടം, ചരക്ക് ട്രാന്‍സ്‌പോര്‍ട്ടേഷനുകള്‍ നടക്കുന്നു. ഇന്ത്യയില്‍ കിട്ടുന്ന സാധനങ്ങള്‍ക്ക് നേപ്പാളില്‍ അധിക വിലകൊടുക്കണം. നേപ്പാള്‍ ബോര്‍ഡറിനോട് ചേര്‍ന്ന് കിടക്കുന്ന ഇന്ത്യന്‍ നഗരങ്ങളിലെല്ലാം കച്ചവടക്കാരായ മാര്‍വാടികളുടെ ആര്‍ഭാടം കുറഞ്ഞ വലിയ ഹോള്‍സെയില്‍ ബിസിനസിന്റെ സ്ഥാപനങ്ങള്‍ കാണാം. നേപ്പാള്‍ ബിസിനസ്സിന്റെ വലിയ ഭാഗവും അവരുടെ കയ്യിലാണ്.
അല്‍ ഹിറാ എഡുക്കേഷണല്‍ സൊസൈറ്റിയുടെ കീഴില്‍ ഇന്ത്യന്‍ അതിര്‍ത്ഥിയോട് ചേര്‍ന്ന് കിടക്കുന്ന സുരിസരി ജില്ലയിലെ ഗുസകി ഗ്രമാത്തിലെ അല്‍ ഹിലാല്‍ പബ്ലിക് സ്‌കൂളിലെ അധ്യാപകര്‍ക്കും സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കും പരിശീലനമോട്ടിവേഷണല്‍ ക്ലാസുകള്‍ക്ക് വേണ്ടിയാണ് ആദ്യ നേപ്പാള്‍ യാത്ര പോയത്. കിഷന്‍ഗഞ്ചില്‍ നിന്ന് സുഹൃത്ത് ഡോ. ഷാഫി രിഫാഇയും അലീഗര്‍ കിഷന്‍ഗഞ്ച് സെന്റര്‍ അധ്യാപകരായ അക്‌റമുള്ളയും അസീമും കൂടെയുണ്ടായിരുന്നു. അറ്റിയ ജില്ലയിലെ ഫേര്‍ബിസ് ഗഞ്ചിലെ ഔദ്യോഗിക ബോര്‍ഡര്‍ വിട്ട് അറ്റിയ ജില്ലയുടെ, റോഡുകളായിരുന്നു എന്ന് പറയപ്പെടുന്ന വഴികളിലൂടെ, അതിര്‍ത്തിയിലെ ഗുര്‍ന(GURNA) എന്ന കൊച്ചു പട്ടണത്തിലെത്തി. അവിടെ നിന്നാണ് നേപ്പാളിലേക്ക് കടക്കേണ്ടത്. വെള്ളം ഏകദേശം വറ്റിത്തുടങ്ങിയ വയലിന്റെ അപ്പുറത്ത് നേപ്പാള്‍. ഇടയിലൂടെ പൊട്ടിപ്പൊളിഞ്ഞ റോഡ്. ഒരു ചെറിയ ഷെഡില്‍ കാവലിരിക്കുന്ന രണ്ട് ബി.എസ്.എഫ് ജവാന്മാര്‍. 15 ദിവസത്തെ ഡ്യൂട്ടിക്ക് ഊഴം വെച്ച് വരുന്നവര്‍.
അതിര്‍ത്തി കടന്ന് അര കി.മി അപ്പുറമാണ് സ്‌കൂള്‍. വന്ന കാറില്‍ തന്നെ സ്‌കൂള്‍ വരെ പോകാന്‍ പട്ടാളക്കാര്‍ക്ക് സമ്മതം. സ്‌പെഷ്യല്‍ പെര്‍മിഷന്‍ വാങ്ങിയാലെ വാഹനങ്ങള്‍ കൊണ്ടുപോകാന്‍ കഴിയുമായിരുന്നുള്ളൂ. ഇത് അതിര്‍ത്തിയില്‍ പരിചയങ്ങള്‍ തമ്മിലുള്ള ഒരു ചെറിയ സൈമിങ്ങ്. ഇന്ത്യയിലെ സാധാ ഉദ്യോഗസ്ഥന്മാര്‍ ഇത്തിരി അധിക വരുമാനമുണ്ടാക്കുന്ന വിധം. വണ്ടിയുടെ ആരോഗ്യത്തിന് റോഡിന്റെ അവസ്ഥ ഹാനികരമാകുമെന്ന് കണ്ട് പട്ടാളക്കാരുടെ ഓഫര്‍ നിരസിച്ച് ഡ്രൈവര്‍ തിരിച്ചുപോയി. ഞങ്ങള്‍ നടന്ന് ബോര്‍ഡര്‍ കടന്നു. മുമ്പ് താബ ബോര്‍ഡറിലൂടെ ഇസ്രായീല്‍ ഫലസ്ഥീന്‍ അതിര്‍ത്തിയില്‍ നിന്ന് ഈജിപ്തിലേക്ക് കടക്കുമ്പോഴാണ് ഇത് പോലെ നടന്ന് മറ്റൊരു രാജ്യത്തിലെത്തിയിട്ടുള്ളത്. ഇന്ത്യയുടെ ഐഡി കാര്‍ഡ് കയ്യില്‍ വേണം. ചോദിച്ചാല്‍ കാണിക്കണം.
ആയരത്തിലധികം കുട്ടികള്‍ പഠിക്കുന്ന ഹിലാല്‍ സ്‌കൂളില്‍ ഗഭീര സ്വീകരണം. കുട്ടികള്‍ക്ക് അവധി കൊടുത്ത് ഞങ്ങള്‍ അധ്യാപക പരിശീലനത്തില്‍ മുഴുകി. വൈകുന്നേരം ഗുസ്‌കി ഗ്രാമത്തിലൂടെ നേപ്പാളി മധുരവും രുചിച്ച് നടന്നു. അടുത്ത ദിവസം രോാവിലെ നൂറിലധികം വരുന്ന മുതിര്‍ന്ന കുട്ടികളോട് സംവദിച്ചു. പ്രദേശത്തെ ഏറ്റവും സ്വാധീനവും അവബോധവുമുള്ള ‘ഇസ്‌ലാമിക് സംഘ് നേപ്പാളിന്’ കീഴിലുള്ള ഒരു പഠന സംവിധാനമാണ് ഈ സ്‌കൂള്‍. അധ്യാപകര്‍ക്ക് അധികവും കേവല വിദ്യാഭ്യാസമേ ഉള്ളൂ. അവരുടെ ഒക്കെ കുടുംബത്തിലെ ആദ്യമായി സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചവര്‍. കുട്ടികളധികവും കുടുംബത്തിലെ ആദ്യ ഉയര്‍ന്ന പഠനക്കാര്‍.
നേപ്പാളി
യും ഉര്‍ദുവും ബോജ്പൂരിയും മൈഥിലിയും എല്ലാം സംസാരിക്കുന്നവരാണ് പൊതുവെ തറായ് റീജിയണ്‍ എന്നറിയപ്പെടുന്ന നേപ്പാളിന്റെ 20 ശതമാനത്തോളം വരുന്ന താഴ്ന്ന പ്രദേശത്തുള്ള മുസ്‌ലിംകള്‍. ഇന്ത്യയില്‍ നിന്ന് കുടയേറിപ്പാര്‍ത്തവരും, 1857ലെ കലാപങ്ങള്‍ക്ക് ശേഷം അവധ് രാജഭരണത്തിന് കീഴിലുണ്ടായിരുന്ന നാല് ജില്ലകള്‍ ബ്രീട്ടീഷ് ഗവണ്‍മെന്റ് നേപ്പാള്‍ രാജ വംശത്തിന് നല്‍കിയപ്പോള്‍ കുടിയേറിയവരുമൊക്കെ ആകൂട്ടത്തിലൂണ്ട്.
2 കോടിയോളം ജനസംഖ്യയുള്ള നേപ്പാളില്‍ 20 ലക്ഷത്തോളം മുസ്‌ലിംകളുണ്ടെന്നാണ് പൊതുവായ കണക്ക്. ഇതിലെ ഭൂരിപക്ഷവും തറായ് ഭാഗത്തെ ജില്ലകളില്‍ ഇന്ത്യയോട് ചേര്‍ന്നു നിന്നും ഇന്ത്യന്‍ സംസ്‌കാരത്തെ സംരക്ഷിച്ചുമാണ് കഴിഞ്ഞു കൂടുന്നത്. മത ഭൗതിക വിദ്യാഭ്യാസത്തിന് അവര്‍ ഇന്ത്യയെ ഉപയോഗപ്പെടുത്തുന്നു. മധേഷികളും പഹവിക്കും അഥവാ താഴ്‌വാരങ്ങളില്‍ താമസിക്കുന്നവരും മലകളില്‍ താമസിക്കുന്നവരും എന്നൊരു വേര്‍തിരിവുണ്ട് നേപ്പാളില്‍. പഹവിക്കുകള്‍ക്കാണ് മേല്‍ക്കോയ്മയും വരേണ്യ മനോഭാവങ്ങളും. അടുത്ത കാലത്തായി നിരവധി തറായി മധേഷി മുസ്‌ലിംകള്‍ തലസ്ഥാനമായ കാഠ്മണ്ഠുവില്‍ കച്ചവട പഠന ആവശ്യങ്ങള്‍ക്കായി താമസമാക്കിക്കൊണ്ടിരിക്കുന്നു.
വളരെ കൃത്യമായ സംസ്‌കാരവും ഭാഷയും വേഷവിധാനങ്ങളും സൂക്ഷിക്കുന്ന കാശ്മീരി മുസ്‌ലിംകളും ടിബറ്റന്‍ മുസ്‌ലിംകളും പ്രത്യേക പഠനമര്‍ഹിക്കുന്നുണ്ട്. രണ്ടുമൂന്ന് നൂറ്റാണ്ടുകള്‍ക്ക് മുന്നേ രാജാകന്മാരുടെ പിന്തുണയോടെ കുടിയേറിപ്പാര്‍ത്ത കഠേിരികള്‍ക്ക് ഉന്നത ജോലിയിലും ബിസിനസിലുമൊക്കെ സാന്നിധ്യമറിയിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഹിന്ദു ഭൂരിപക്ഷ രാജ്യമായ നേപ്പാളില്‍ വര്‍ഗ്ഗീയ ചേരിതിരിവുകളോ മതസ്പര്‍ദ്ധയോ വ്യപകമായി ഉണ്ടായിട്ടില്ല. എന്നാല്‍ അടുത്ത കലാത്ത് ഇന്ത്യയിലുണ്ടായ രാഷ്ട്രീയ സാസ്‌കാരിക മാറ്റങ്ങള്‍ അവിടങ്ങളില്‍ സ്വാധീനം ചെലുത്തിത്തുടങ്ങിയിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ ഭാരിച്ച തൊഴിലുകളധികവും ചെയ്യുന്ന നേപ്പാളകളിലൂടെ അന്താരാഷ്ട്ര തലത്തിലുള്ള വിവിധ മുസ്‌ലിം ചിന്താധാരകളും പ്രവര്‍ത്തനങ്ങളും നേപ്പാളില്‍ ചെറിയ രീതിയില്‍ സ്വാധീനം ചെലുത്തുന്നു. എന്നാല്‍ അതോടൊപ്പം തന്നെ അന്താരാഷ്ട്ര ബന്ധങ്ങളെ ഭീകരതയോടും തീവ്രതയോടും ചേര്‍ത്ത് അവതരിപ്പിക്കപ്പെടുന്ന പശ്ചാത്തലവുമുണ്ട്. ദയൂബന്ദി, ബറേല്‍വി, അഹ്‌ലെ ഹദീസ് എന്നീ ഇന്ത്യയിലെ മൂന്ന് മതചിന്താ വേരുകളും പുരോഗമന പ്രസ്ഥാനമെന്ന രീതിയില്‍ അറിയപ്പെടാനാഗ്രഹിക്കുന്ന ഇസ്‌ലാമി സംഘ് നേപ്പാളുമാണ് മുസ്‌ലിം പ്ലാറ്റ്‌ഫോമുകള്‍. പരമ്പരാഗതരീതികളിലുള്ള മദ്രസകളും മക്തബുകളുമാണ് ഇപ്പോഴും പഠനത്തിനുള്ള ആശ്രയം. പുതിയ കാലത്തെ സ്വത്വബോധങ്ങളും രാഷ്ട്ര ബോധങ്ങളും പൗരബോധവും വലിയതോതില്‍ വര്‍ധിച്ചു വരുന്നതോടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതിന്റെയും സര്‍ക്കാര്‍ ഉദ്യോഗമടക്കമുള്ള ക്രിയാത്മക കരിറുകളിലേക്ക് പുതിയ തലമുറകളെ നയിക്കേണ്ടതിന്റെയും ആവശ്യകത നേപ്പാളി മുസ്‌ലിംകള്‍ ആഴത്തില്‍ ചര്‍ച്ച ചെയ്ത് തുടങ്ങിയിട്ടുണ്ട്. അഞ്ച് ശതമാനം വരുന്ന കമ്യൂണിറ്റിക്ക് സുവ്യക്തമായ പ്ലാനിങ്ങും ഗൈഡന്‍സും കിട്ടിയാല്‍ രാഷ്ട്ര നിര്‍മ്മാണത്തിലും സാമൂഹ്യ ജീവിതത്തിലും നല്ല രീതിയില്‍ സംഭാവനകളര്‍പ്പിക്കുന്ന, ലോകം ശ്രദ്ധിക്കുന്ന കഴിവുറ്റ വ്യക്തികളെ വാര്‍ത്തെടുക്കുന്ന രീതിയിലേക്ക് മാറാന്‍ വളരെ വേഗം സാധിക്കും.
നേപ്പാളിലെ രണ്ടാമത്തെ വലിയ നഗരമായ ബിരാട് നഗറില്‍ നിന്ന് തതൈറ്റ് ബസിലാണ് കാഠ്മണ്ഡുവിലേക്ക് പോയത്. ഒസറ ഉത്സവങ്ങള്‍ കഴിഞ്ഞു ജോലിക്ക് തിരികെപ്പോകുന്നവരെ കൊണ്ട് നിറഞ്ഞ ബസ്. വഴിയോരങ്ങളില്‍ നിറയെ ഹോട്ടലുകള്‍. മത്സ്യവും മാംസവും സുഭിക്ഷം. നോര്‍ത്തീസ്റ്റ് ഇന്ത്യക്കാരെ പോലെ നന്നായി മാംസവും മത്സ്യവും കഴിക്കുന്നവരാണ് നേപ്പാളികള്‍.
കാഠ്മണ്ഡുവില്‍ പ്രധാനമായി സന്ദര്‍ശിച്ചത് മൂന്ന് സ്ഥലത്തായുള്ള റോഹിങ്ക്യന്‍ ക്യാമ്പുകളാണ്. 2012ലെ റാകീന്‍ കലാപത്തെ അതിജീവിച്ച് പോന്നവരാണവര്‍. 150 കുടുംബങ്ങളിലായി 500ഓളം പേര്‍. ഒഴിഞ്ഞ കുത്തനെയുള്ള പറമ്പില്‍ കെട്ടിയുണ്ടാക്കിയ ഷെഡുകളില്‍ രണ്ടു മൂന്നു കുടുംബങ്ങള്‍ ചേര്‍ന്നാണ് താമസിക്കുന്നത്. വളരെ പരിതാപകരമാണ് അവരുടെ ജീവിത സാഹചര്യങ്ങള്‍. മക്കളുടെ പഠനവും വലിയവരുടെ ജോലിയും കുടുംബങ്ങളുടെ സ്വാകാര്യതയും പരിസര ശുചിത്വവും എല്ലാം ഒരുപോലെ പരിഹരിക്കേണ്ട പ്രശ്‌നങ്ങള്‍. സ്‌കൂള്‍ പ്രായമുള്ള കുട്ടികല്‍ക്ക് 12,000 നേപ്പാളി രൂപ യു.എന്‍ അഭയാര്‍ത്ഥി കമ്മീഷന്‍ കൊടുക്കുന്നതാണ് ആകെയുള്ള ആശ്വാസം. പത്തും പതിനഞ്ചും പ്രായമായവര്‍ ഒന്നുകില്‍ ചെറിയ ക്ലാസുകളില്‍ പഠിക്കുന്നു. അല്ലെങ്കില്‍ കിട്ടുന്ന ഭാരിച്ച തൊഴിലുകള്‍ ചെയ്യുന്നു. ഡോക്ടറാകാനും ശാസ്ത്രജ്ഞരാകാനും ഒക്കെ സ്വപ്‌നം കണ്ട് നടന്നവര്‍ സമയം കളഞ്ഞ് വെറുതെ ഇരിക്കുന്നു. കൂട്ടത്തില്‍ പെണ്‍കുട്ടികള്‍ വളരെ കുറഞ്ഞത് കൊണ്ട് അതിബുദ്ധിയുള്ളവര്‍ 18ഉം 19ഉം വയസ്സുള്ള കുട്ടികളെക്കൊണ്ട് തങ്ങളുടെ പെണ്‍മക്കളെ വേഗം കല്ല്യാണം കഴിപ്പിക്കുന്നു. ബാക്കി വലിയ ഒരു വിഭാഗം വിവാഹ പ്രായം കഴിഞ്ഞു കുടുംബജീവിതത്തിന് വഴിയില്ലാതെ നില്‍ക്കുന്നു. നാട്ടില്‍ വലിയ ബിസിനസ് ചെയ്യുന്നവരും അവരുടെ കൂട്ടത്തിലുണ്ട്. അവര്‍ താമസിക്കുന്ന താഴ്‌വരങ്ങളില്‍ അവര്‍ മാത്രമാണ് മുസ്‌ലിംകള്‍. റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ അല്ലാത്ത മുസ്‌ലിംകള്‍ എന്ന് തരംതിരിക്കുമ്പോള്‍ ഇവര്‍ ഈ പ്രദേശത്ത് മുസ്‌ലിംകളെ മൊത്തമാണ് പ്രതിനിധീകരിക്കുന്നത്. വൃത്തിഹീനരായ വ്യദ്യഭ്യാസത്തില്‍ നിന്ന് അകന്നു ജീവിക്കുന്ന സാമുദായിക ദൃശ്യത ഉണ്ടാക്കുന്ന പൊതുബോധത്തെക്കുറിച്ച് ഞങ്ങള്‍ കാഠ്മണ്ഡുവിലെ മുസ്‌ലിംകളുമായി ചര്‍ച്ച ചെയ്തു. യു.എന്‍ അഭയാര്‍ത്ഥി കമ്മീഷണിലെ ഉദ്യോഗസ്ഥരെ കണ്ട് അവര്‍ക്ക് സാധ്യമായ അറിവിന്റെ വഴികളെക്കുറിച്ച് ചര്‍ച്ച ചെയ്തും തുടര്‍ന്ന് സാര്‍ക്ക് (saarc) ന്റെ ആസ്ഥാനത്ത് ചെന്ന് അവിടെ ഉത്തരവാദപ്പെട്ട ആളുകളെ കണ്ടു. റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ക്ക് സമ്പൂര്‍ണ്ണ പരിഹാരമാകുന്ന തരത്തില്‍ അന്താരാഷ്ട്ര നിയമങ്ങളും നേപ്പാളിന്റെ വിധി വിലക്കുകളും മാനിച്ച് കൊണ്ട് ഒരു സ്‌കൂള്‍ സംവിധാനത്തെ കുറിച്ചാണ് പ്രധാനമായും ചര്‍ച്ച ചെയ്തത്. അതോടൊപ്പം വലിയവര്‍ക്ക് തൊഴില്‍ പരിശീനങ്ങള്‍ നല്‍കിയും മറ്റുള്ള ശാക്തീകരണ കാര്യങ്ങളും റോഹിങ്ക്യന്‍ നേതൃത്വവുമായി ചര്‍ച്ച ചെയ്തും അതിലെ നിയമ വശങ്ങളെ കുറിച്ച് പഠിക്കാന്‍ ഞങ്ങളുടെ നേപ്പാളി ആതിഥേയരോട് ആവശ്യപ്പെട്ടുമാണ് ബിരാട് നഗറിലേക്കുള്ള ചെറുവിമാനം പിടിക്കാന്‍ എയര്‍ പോര്‍ട്ടിലെത്തിയത്. 80 ശതമാനം മലനിരകളുള്ള നേപ്പാളിന്റെ വിവിധ മലമുകളിലേക്കും താഴ്‌വാരങ്ങളിലേക്കും ടൂറിസ്റ്റുകളെ കൊണ്ടുപോകുന്ന കൊച്ചുവിമാനങ്ങളുടെ തിരക്കായിരുന്നു വിമാനത്താവളം നിറയെ. 2 മണിക്കൂര്‍ വൈകിയാണ് സൗര്യ വിമാനം പൊങ്ങിയത്. താഴ്ന്ന് പറന്നത് കൊണ്ട് നേപ്പാളിന്റെ പ്രകൃതി സൗന്ദര്യം ആവോളം ആസ്വദിക്കാനും ഹിമാലയന്‍ പര്‍വ്വത നിരകളിലേക്ക് എത്തി നോക്കാനുമായി. ബിരാട് നഗര്‍ എയര്‍പോര്‍ട്ട് എണ്‍പതുകളിലെ ഒരു ബസ് സ്റ്റാന്‍ഡ് പോലെ തോന്നി. ഞങ്ങളുടെ ആ ചെറുവിമാനം മാത്രം ലഗേജുകള്‍ കയ്യിലെടുത്ത് ലോബിയിലെ ഇരുമ്പു പ്രതലത്തില്‍ കൊണ്ടു വന്ന് വെക്കുന്നു. ബിരാട് നഗറില്‍ നിന്ന് അതിര്‍ത്തി പ്രദേശമായ ജോഗബനി വരെ പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ ഒരു നേപ്പാളി സുഹൃത്ത് ബൈക്കില്‍ ഡ്രോപ്പ് ചെയ്തു. തിങ്ങിനിറഞ്ഞ ടെമ്പോയില്‍ അവിടെനിന്ന് നേരെ മിനിബസില്‍ഫോര്‍ബസ് ഗഞ്ചിലേക്ക്.
സുബൈര്‍ ഹുദവി ചേകന്നൂര്‍