ചെമ്പരിക്ക ഖാസി എന്ന അപരനാമത്തില്‍ മത ജാതി ഭേദമന്യെ എല്ലാവര്‍ക്കും സ്വീകാര്യനായിരുന്ന സി.എം അബ്ദുല്ല മൗലവി മരണപ്പെട്ടിട്ട് ഒമ്പതാണ്ടുകള്‍ പിന്നിടാനിരിക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ ഒരുപാട് ചോദ്യങ്ങള്‍ അവസാനിപ്പിച്ച് ഇതൊരു ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള യത്‌നങ്ങളില്‍ തന്നെയാണ് ഇപ്പോഴും. തീര്‍ത്തും അസ്വാഭാവികമായ രീതിയിലാണ് ഖാസിയുടെ മരണം മുതല്‍ അന്വേഷണങ്ങള്‍ മുന്നോട്ട് പോയിട്ടുള്ളത്. ഇത്ര പൊതുകാര്യ പ്രസക്തനും സര്‍വ്വസ്വീകാര്യനുമായ ഒരു ബഹുമാന്യ വ്യക്തിക്ക് ഈയൊരു ദുരനുഭവമുണ്ടായെങ്കില്‍ അത് നമ്മുടെ നീതിന്യായ സംവിധാനങ്ങളുടെ പരാജയത്തെയല്ലാതെ എന്താണ് കുറിക്കുന്നത്? ഒരു സാധാരണക്കാരന് ഈ നിയമസംവിധാനങ്ങളെ വിശ്വസിച്ച് ഈ നാട്ടില്‍ കഴിയാന്‍ സാധിക്കുമോ?
സി.എം അബ്ദുല്ല മൗലവിയുടെ മരണം ആത്മഹത്യയെന്ന് വരുത്തിത്തീര്‍ക്കുന്നവര്‍ ഈ പൊതുസമൂഹത്തിന്റെ നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടതുണ്ട്. സ്വന്തം വീട്ടില്‍ നിന്ന് കിലോമീറ്റര്‍ ദൂരെ, പരസഹായമില്ലാതെ നടക്കാന്‍ കഴിയാത്ത ഒരാള്‍, കണ്ണട പോലുമില്ലാതെ നടന്നു വന്നു എന്നു പറയുന്നത് തന്നെ വിശ്വസനീയമാണോ?. സി.എം മൗലവിയുടെ മരണം കൊലപാതകമാകാന്‍ നിരവധി സാധ്യതകളാണ്. കണ്ണട സ്ഥിരം ധരിക്കുന്ന ഒരാള്‍ രാത്രി ഇത്ര ദൂരം കണ്ണടയില്ലാതെ ഒറ്റയ്ക്ക് പോകുമോ? വടിയില്ലാതെ നടക്കാന്‍ സാധിക്കാത്ത ഒരാള്‍ വലിയ പാറക്കെട്ടില്‍ കയറി കടലിലേക്ക് ചാടുമോ? ചെറുപ്പക്കാര്‍ക്ക് തന്നെ പരസഹായമില്ലാതെ കയറാന്‍ സാധിക്കാത്ത ആ പാറക്ക് മുകളില്‍ കയറിയാണ് മൗലവി ആത്മഹത്യ ചെയ്തതെങ്കില്‍ അദ്ദേഹത്തിന് ആത്മഹത്യക്ക് ആരെങ്കിലും സഹായം നല്കിയിട്ടുണ്ടോ എന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു. കാരണം, ആത്മഹത്യ ചെയ്തതാണെങ്കില്‍ തന്നെ ഒരാളുടെ സഹായം വേണ്ടേയെന്ന ചോദ്യം ബാക്കിനില്‍ക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ശരീരത്തിലെ മുറിവുകള്‍, കഴുത്തിന് പിന്നിലെ ക്ഷതം, നട്ടെല്ലിന്റെ മുറിവുകള്‍ എല്ലാം വ്യക്തമാണ്. ഇതെല്ലാമുണ്ടായിട്ടും പൊലീസ് അന്വേഷണങ്ങളും രണ്ട് സി.ബി.ഐ അന്വേഷണങ്ങളും ശരിയായ ഉത്തരത്തിലേക്കെത്തുന്നില്ല. ഈ പ്രഹേളികയില്‍ നിന്നാണ് ഇത് ആത്മഹത്യയാണ്, കൊലപാതകമല്ല എന്ന കണ്ടെത്തല്‍ ഉടലെടുക്കുന്നത്. ഇങ്ങനെ സ്ഥാപിച്ചാല്‍ രക്ഷപ്പെടാന്‍ സാധ്യതയുള്ള ആളുകള്‍ ഇതിന്റെ പിന്നില്‍ ശക്തരായുണ്ട്. സി.ബി.ഐ പൊലീസ് അന്വേഷങ്ങളെ സ്വാധീനിക്കാന്‍ കഴിവുള്ള ആളുകളാണ് ഇതിന്റെ പിന്നിലുള്ളതെന്നതിലേക്ക് നമ്മളെത്തും. ഇത് കേവലം പ്രാദേശിക വിഷയമല്ല. തികഞ്ഞ മതവിശ്വാസിയും മതേതര വീക്ഷണമുള്ള നേതാവുമായ ചെമ്പരിക്ക ഖാസിയെപ്പോലെ ഒരാള്‍ ആത്മഹത്യ ചെയ്യാന്‍ ഒരു വഴിയുമില്ല, കാരണം അത്രയും തുറന്ന മനസ്സായിരുന്നു അദ്ദേഹത്തിന്റേത്. അവസാന സമയം വരെ സമൂഹ സേവനത്തിന് വേണ്ടി തുറന്ന് വെച്ച കണ്ണുകളുള്ളയാളായിരുന്നു അദ്ദേഹം. തന്റെ കുടുംബ സാമൂഹിക ജീവിതത്തില്‍ താന്‍ സംതൃപ്തനാണെന്ന് ആത്മകഥയില്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. തന്റെ കടമകളൊക്കെ വീട്ടിയിട്ടുണ്ടെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു.
പ്രാഥമികമായി തന്നെ ആ കൊലപാതകത്തിന്റെ തുമ്പഴിക്കാന്‍ നമ്മുടെ പൊലീസ് സംവിധാനത്തിന് സാധിക്കുമായിരുന്നു. പക്ഷെ മറിച്ചാണ് സംഭവിച്ചത്. ഇവിടെയാണ് നമ്മുടെ നാട്ടിലെ നീതി ന്യായ നിയമപാലന സംവിധാനത്തിന്റെ ദുരന്തം നാം കാണുന്നത്. അധികാരവും പണവുമുണ്ടെങ്കില്‍ ആരെയും എന്തും ചെയ്യാം, അത് നിയമത്തിന് മുന്നില്‍ വരില്ല എന്ന് ഉറപ്പുള്ള ആളുകളുടെ ധാരണ അബദ്ധമാണെന്ന് പറയേണ്ടിയിരിക്കുന്നു. ജനങ്ങള്‍ സമൂഹത്തിലിക്കാര്യം കൊണ്ടുവന്നാല്‍ ആരൊക്കെ തടയാന്‍ ശ്രമിച്ചാലും പൊതുസമൂഹത്തിന്റെ മുന്നിലും കോടതിക്കു മുന്നിലും എത്തുമെന്ന് ഉറപ്പുണ്ട്. സത്യം അധിക കാലമൊന്നും മൂടിവെക്കാന്‍ പറ്റില്ല എന്നുള്ളതാണ് വാസ്തവം. ഗ്രഹണത്തിന്റെ ശക്തിയനുസരിച്ച് സൂര്യന്‍ മറഞ്ഞിരിക്കുമെന്ന് പറയാറുണ്ട്. പക്ഷേ എല്ലാകാലത്തേക്കും സൂര്യനെ മറച്ചു നിര്‍ത്താന്‍ ്ര്രഗഹണത്തിന് സാധ്യമല്ല. അതുപോലെ പിന്നിലുള്ള കരങ്ങളുടെ ശക്തിയുടെയും സ്വാധീനത്തിന്റെയും തോതനുസരിച്ച് കുറച്ചു കാലം മറഞ്ഞിരുന്നാലും സത്യം പുറത്തുവരിക തന്നെ ചെയ്യും.
കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയകക്ഷികള്‍ ഇത്തരം സമരങ്ങളിലേക്കെത്തുന്നില്ല. കേരളത്തിലെ ഇരുന്നൂറോളം സമരങ്ങളുമായി ബന്ധപ്പെട്ട വ്യക്തിയാണ് ഞാന്‍. എന്റെ ഒരു അനുഭവം മുഖ്യധാരാ പാര്‍ട്ടികള്‍ വളരെ വൈകിയാണ് ഇത്തരം സമരപന്തലിലേക്ക് എത്തുക. അതും ചെറുകിട പ്രസ്ഥാനങ്ങള്‍ ഏറ്റെടുത്ത് ജനശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതില്‍ വിജയിച്ചു എന്നു കാണുമ്പോള്‍. ഈ കേസും തെളിയിക്കപ്പെടും എന്ന് വന്നാല്‍ ഈ സമരത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ഒരുപാട് രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും സമരത്തിലേക്ക് എത്തുമെന്നത് തീര്‍ച്ച. ഇപ്പോള്‍ അനുദിനം നടന്നുകൊണ്ടിരിക്കുന്ന ഈ സമരം പലര്‍ക്കും വലിയ ഉത്കണ്ഠയും ആശങ്കയും സൃഷ്ടിക്കുന്നുണ്ട്. ഒപ്പുമരച്ചുവട്ടിലെ സമരപ്പന്തലിലേക്ക് ആളുകള്‍ ഇനിയും അണമുറിയാതെ വന്നുകൊേണ്ടയിരിക്കും. സി.എം ഇരുട്ടിന്റെ മറവില്‍ കൊലചെയ്യപ്പെട്ടു എന്നത് അവര്‍ക്ക് ബോധ്യമാണ്. ആര്‍ക്കോ വേണ്ടി ആവര്‍ത്തിച്ചു തയ്യാറാക്കുന്ന അന്വേഷണ റിപ്പോര്‍ട്ടുകള്‍ക്ക് തിരുത്താനാവാത്ത ബോധ്യം.
ഇന്നത്തെ രാഷ്ട്രിയകക്ഷികളുടെ പരാജയം അവര്‍ ജനങ്ങളെ ഒന്നും പഠിപ്പിക്കുന്നില്ല, മറിച്ച്, ജനങ്ങള്‍ അവരെയാണ് പഠിപ്പിച്ചുകൊണ്ടിരിക്കുന്നത് എന്നതാണ്. ജനങ്ങള്‍ ഒരു നിലപാടെടുത്തു എന്നു കണ്ടാല്‍ തങ്ങളുടെ അഭിപ്രായം മാറ്റിവെച്ച് അവരുടെ കൂടെകൂടുന്ന രാഷ്ട്രീയ പാര്‍ട്ടികളുണ്ട്. ജനങ്ങള്‍ ഈ സമരത്തിനൊപ്പമായതിനാല്‍ രാഷ്ട്രീയകക്ഷികള്‍ പിന്നാലെ വന്നുകൊള്ളും. അതാണ് ഇനി കേരളം കാണാനിരിക്കുന്നത്. അതുകൊണ്ട് ഈ സമരം ശക്തിപ്പെടുക തന്നെ ചെയ്യണം. അന്ധത അഭിനയിക്കുന്നവര്‍ പലരും കണ്‍തുറന്ന് കാണട്ടെ!
ഇതുവരെയുള്ള പ്രതിസന്ധി, സത്യസന്ധമായ അന്വേഷണത്തിന് ബന്ധപ്പെട്ടവര്‍ തയ്യാറായില്ല എന്നതു തന്നെയാണ്. അതുകൊണ്ട് ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലുള്ള പുനരന്വേഷണത്തിന് വേണ്ടിയാവണം നാം സമരം ചെയ്യേണ്ടത്. ഈ ലോകത്ത് നീതി ബോധമുള്ള ആളുകള്‍ ഇനിയും കുറ്റിയറ്റു പോയിട്ടില്ല. പല കേസുകളും കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തിയ ശേഷം തുമ്പുകളുണ്ടായ സംഭവങ്ങളുണ്ട്. അതുവരെ മറഞ്ഞുനിന്നിരുന്ന പ്രതികള്‍ വെളിച്ചത്തുവന്നിട്ടുമുണ്ട്. ഖാദിയുടെ വധത്തിന് പിന്നില്‍ കരുക്കള്‍ നീക്കിയവരെയും ഇത്ര കാലം സര്‍വ്വ സ്വാധീനങ്ങളുമുപയോഗപ്പെടുത്തി ഇരുട്ടിന് മറവില്‍ നിന്നവരെയും വെളിച്ചത്ത് കാണാനാവുമെന്ന ശുഭപ്രതീക്ഷയോടെ.