കൊനിയക്ക് 130 കിലോമീറ്റര്‍ വടക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ചെറു നഗരമാണ് അക്‌ശെഹീര്‍. കുട്ടിക്കാലത്തെ നുറുങ്ങുകഥകളിലെ കഥാപാത്രമായ മുല്ലാ നസ്‌റുദ്ദീന്‍ ഹോജയെ കാണാനായിരുന്നു എന്റെ യാത്ര. അക്‌ശെഹീറെന്നാല്‍ വെളുത്ത പട്ടണം എന്നര്‍ത്ഥം. തുര്‍ക്കിഷില്‍ അക് എന്നാല്‍ വെള്ള, ശെഹീര്‍ എന്നാല്‍ പട്ടണം എന്നാണര്‍ത്ഥം. ഈ നഗരത്തിന് അക്‌ശെഹീറെന്ന് പേര് വരുന്നതിന് പൊതുവെ പ്രചാരത്തിലായ കഥ കൃഷിയുമായി ബന്ധപ്പെട്ടതാണ്. അക്‌ശെഹീറിന്റെ വരുമാനമാര്‍ഗത്തിന്റെ നൂറില്‍ 60ശതമാനവും കൃഷിയാണ്. അവയില്‍! കൂടുതലും ആപ്പിളും സ്‌റ്റോബറിയും ചെറിയും. ഈ പഴവര്‍ഗങ്ങളുടെയെല്ലാം പൂക്കള്‍ വെളുത്തതായിരുന്നു.
ഒരു കാലത്ത് അറബികള്‍ ഈ നാടിനെ സ്‌നേഹിച്ചു. കാര്‍ഷിക വിളകള്‍ കയറ്റുമതി ചെയ്തു. ഈ നാടിനോടും കൃഷിയോടും സ്‌നേഹത്തിലായ അവര്‍ ഈ പട്ടണത്തെ ബലദുല്‍ ബൈളാഅ് എന്ന് വിളിച്ചു. തുര്‍ക്കികള്‍ അവരുടെ ഭാഷയില്‍ അക്‌ശെഹീറെന്നും വിളിച്ചു.
ബസ്സിലായിരുന്നു ഞങ്ങളുടെ യാത്ര. തുര്‍ക്കി ബസ്സുകളിലുള്ള യാത്ര വളരെ രസകരമാണ്. ഇടക്കിടക്ക് ചായ, കോഫി, ജ്യൂസ്, ബിസ്‌കറ്റ് മുതലായവ ക്ലീനര്‍മാര്‍ സെര്‍വ് ചെയ്യും. സീറ്റിന്റെ മുമ്പിലാണെങ്കില്‍ എല്ലാവിധ സൗകര്യവുമുള്ള സ്‌ക്രീനുമുണ്ട്. മ്യൂസിക്, സിനിമ തുടങ്ങി തുര്‍ക്കിഷ് ചാനലുകള്‍ നിരന്ന് കിടക്കുന്നുണ്ട്. അതിനെല്ലാം പുറമെ ബ്രൗസ് ചെയ്യാനുള്ള സൗകര്യവും. ആദ്യം തന്നെ ഹിസ്റ്ററി ഓഫ് അക്‌ശെഹീറെന്ന് മുമ്പിലുള്ള സ്‌ക്രീനില്‍ ഗൂഗിള്‍ ചെയ്തു. വിക്കീപിഡിയ നിരോധിച്ച രാജ്യമായതിനാല്‍ വിക്കിപീഡിയ അല്ലാത്ത മറ്റു പല ഹിസ്റ്ററി സെറ്റുകളുടെയും ലിങ്കുകള്‍ മുന്നില്‍ പുഞ്ചിരിച്ചു. ആദ്യം കണ്ട ലിങ്കില്‍ ക്ലിക്കി ഞാന്‍ വായന! തുടങ്ങി. ഒരുപാട് ഭരണകൂടങ്ങളുടെ ശിലാകേന്ദ്രമായിരുന്നു അക്‌ശെഹീറെന്ന് ആ വായനയില്‍ ഞാന്‍ മനസ്സിലാക്കി. ഇത്തീത്ത് രാജവംശജരായിരുന്നു ആദ്യം അക്‌ശെഹീര്‍ ഭരിച്ചിരുന്നത്. അക്കാലത്ത് അക്‌ശെഹീര്‍ അറിയപ്പെട്ടത് തിംബ്രിയോണ്‍ എന്ന പേരിലായിരുന്നു. അതിന് ശേഷം ലിദിയന്‍ വംശജരും റോമസാമ്രാജ്യവും ബൈസന്റേനിയന്‍ ഭരണകൂടവും അക്‌ശെഹീര്‍ ഭരിച്ചു. ബൈസന്റെനിയന്‍ കാലഘട്ടത്തില്‍ അക്‌ശെഹീര്‍ അറിയപ്പെട്ടത് ഫിലോമീലിയം എന്ന പേരിലായിരുന്നു. അഥവാ തേന്‍ ഇഷ്ടപ്പെടുന്നവര്‍ എന്നര്‍ത്ഥം. ബൈസന്റെനിയന്‍ സാമ്രാജ്യത്തിന്റെ പതനത്തിനു പിന്നാലെ സല്‍ജൂക് വംശം അക്‌ശെഹീര്‍ ഭരിച്ചു. പിന്നീട് സല്‍ജൂക്കുകളുടെ കയ്യില്‍ നിന്ന് 1467 ല്‍ ഫാതിഹ് സുല്‍ത്താന്‍ മുഹമ്മദ്, അക്‌ശെഹീര്‍ കീഴടക്കി ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ ഭാഗമാക്കി.
നഗരം ഉണര്‍ന്ന് മുഖം കഴുകുന്നതിന് മുമ്പ് തന്നെ ഞങ്ങള്‍ അക്‌ശെഹീര്‍ പട്ടണത്തിലെത്തിയിരുന്നു. പുറത്ത് നല്ല തണുത്ത കാറ്റുണ്ടായിരുന്നു. തണുപ്പ് കാലം തുടങ്ങാനായി എന്നതിന്റെ സൂചനയാണ് ആ കാറ്റെന്ന് കൂടെയുള്ള ഉമര്‍ ഹുദവി പറഞ്ഞു.
കൊനിയയെ പോലെ തന്നെ നഗരം ശാന്തമായിരുന്നു. ബസ്സിറങ്ങി മുകളിലേക്ക് നോക്കുമ്പോള്‍ ബസ് സ്റ്റാന്റിന്റെ മുകളില്‍ ഒരു കഴുത പുറത്ത് പുറം തിരിഞ്ഞിരിക്കുന്ന ഹോജയുടെ രൂപം ഞങ്ങളെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു. ഹോജയുടെ പ്രശസ്തമായ ഒരു കഥയിലെ കഥാപത്രമായിരുന്നു ആ കഴുത.
ഹോച്ച അല്ലെങ്കില്‍ ഹോജ എന്നാല്‍ അദ്ധ്യാപകന്‍ എന്നാണര്‍ത്ഥം. ഹോജയുടെ ജീവിതത്തെക്കുറിച്ച് അഭിപ്രായ വ്യത്യാസങ്ങള്‍ ധാരാളമുണ്ട്. അദ്ദേഹം പതിമൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചയാളാണെന്നാണ് ചില ചരിത്രകാരന്മാര്‍ പറയുന്നത്. പതിനാലാം നൂറ്റാണ്ടിലാണെന്നും പതിനഞ്ചാം നൂറ്റാണ്ടിലാണെന്നും ചില അഭിപ്രായങ്ങളുണ്ട്. ക്രൂരനായ മംഗോള്‍ രാജാവ് തിമൂര്‍, അനറ്റോളിയ പിടിച്ചടക്കിയ കാലത്ത് ഹോജ ജീവിച്ചിട്ടുണ്ടായിരുന്നു എന്ന് പറയപ്പെടുന്നു!. ഹോജയുടെ പേരില്‍ പ്രസിദ്ധിയാര്‍ജിച്ച ഒരു കഥയാകാം തീമൂറിന്റെ കാലത്താണ് ജീവിച്ചതെന്നതിനുള്ള ആധാരം. ഒരിക്കല്‍ തിമൂര്‍ ഹോജയോട് ചോദിച്ചു, എന്റെ വില എത്രയാ? ഇതുകേട്ട ഹോജ ഇരുപതു സ്വര്‍ണനാണയങ്ങളെന്ന് പറഞ്ഞു!. ഇതു കേട്ട തിമൂര്‍, ഞാന്‍ ധരിക്കുന്ന അരപ്പട്ട തന്നെ ഇരുപതു സ്വര്‍ണ നാണയങ്ങള്‍ക്കുണ്ടെന്ന് തിരിച്ചടിച്ചു. ഉടനെ ഹോജ പറഞ്ഞു, ഞാന്‍ വിലയിട്ടപ്പോള്‍ അതും കൂടി കൂട്ടിയിരുന്നു.
ഹുസൈന്‍ എഫന്‍ന്തി തന്റെ മജുമുആയെ മആരിഫ് എന്ന പുസ്തകത്തില്‍ ഹോജയെക്കുറിച്ച് എഴുതിയതായി കാണാം. 1208 ല്‍ ഹോര്‍ത്തു എന്ന പട്ടണത്തിലാണ് ഹോജ ജനിച്ചത്. മഹ്മൂദ് ഹൈറാനിയുടെ കീഴില്‍ പഠിച്ച് വളര്‍ന്ന ഹോജ പിന്നീട് സൂഫിസത്തില്‍ ലയിച്ച് റൂമിയുടെ മെവ് ലാനാ ത്വരീഖത്ത് സ്വീകരിച്ചു. റൂമിയെ തന്റെ ജീവിതകാലഘട്ടത്തില്‍ കണ്ട് മുട്ടിയെന്നും ചില ചരിത്രങ്ങളില്‍ കാണാം.
അധികാരത്തിന്റെ ഇഛാശക്തികള്‍ക്കെതിരായിരുന്നു ഹോജാ കഥകളിലേറിയതും. കാപട്യം, മതഭ്രാന്ത്, സ്വയംശരി വാദം തുടങ്ങിയ സ്വഭാവങ്ങളെ അദ്ദേഹം പരസ്യമായി എതിര്‍ത്തു. എല്ലാ കാര്യങ്ങളെയും അതിന്റെ യാഥാര്‍ത്ഥ്യത്തിന്റെ വശങ്ങളിലൂടെ നോക്കി ചുട്ട മറുപടി കൊടുക്കുന്ന ചിന്തോദ്ദീപകമായ നിരവധി കഥകള്‍ അദ്ദേഹത്തിന്റേതായി നമുക്ക് കാണാനാകും. ഉദാഹരണമായി,എല്ലാ വാദങ്ങള്‍ക്കും ഒന്നിലധികം വശങ്ങളുണ്ടെന്ന് പറയുന്ന ഒരു കഥ ഇവിടെ വിവരിക്കാം.
തര്‍ക്കത്തിലേര്‍പ്പെട്ട രണ്ട് പേര്‍ ഒരു ദിവസം ഹോജയോട് തങ്ങളുടെ തര്‍ക്കം പരിഹരിക്കാനാവശ്യപ്പെട്ടു. ഹോജ സംഭവം വിശദീകരിക്കാന്‍ പറഞ്ഞു. ആദ്യത്തെ ആള്‍ അയാളുടെ ഭാഗം വിശദീകരിച്ചപ്പോള്‍ ഹോജ പറഞ്ഞു. നിങ്ങള്‍ പറയുന്നത് ശരിയാണ്. ഇത് കേട്ട രണ്ടാമത്തെ ആള്‍ അയാളെ എതിര്‍ത്തു തന്റെ വശം പറഞ്ഞു. ഹോജ പറഞ്ഞു നിങ്ങള്‍ പറയുന്നതും ശരിയാണ്. ഇത് കേട്ട് കൊണ്ടിരുന്ന ഹോജയുടെ ഭാര്യ ചോദിച്ചു. എങ്ങനെയാണ് മനുഷ്യാ രണ്ട് പേര്‍ പറയുന്നതും ശരിയാകുന്നത്?! അപ്പോള്‍ ഹോജ പറഞ്ഞു പെണ്ണേ, നീ പറയുന്നതും ശരിയാണ്!..
ഹോജയെ ലക്ഷ്യമാക്കി അക്‌ശെഹീര്‍ പട്ടണത്തിലൂടെ ഞങ്ങള്‍ നടന്നു നീങ്ങി. ചുറ്റും പച്ചപ്പ് നിറഞ്ഞ പൂന്തോപ്പുകള്‍. അകലെ നിന്ന് പച്ചസാരിയുടുത്ത മലകള്‍ നമ്മെ സ്വാഗതം ചെയ്യുന്നു. കാണുന്നവരെല്ലാം പുഞ്ചിരിക്കുന്നു. ആ പുഞ്ചിരിയില്‍ ആ നാടിന്റെ മാഹാത്മ്യം കൊത്തിവെച്ചതു പോലെയുണ്ട്.
കൂടെയുള്ള തര്‍ക്കിഷറിയുന്ന ഹുദവി സുഹൃത്തുക്കള്‍ ഹോജയെയും അക്‌ശെഹീറിനെയും കുറിച്ച് അവിടുത്തെ വൃദ്ധന്മാരോട് തിരക്കി. കഥകള്‍ നിറച്ചുവെച്ച കിതാബുകളാണല്ലോ നമ്മുടെ വൃദ്ധന്മാര്! വിദേശികളാണെന്നറിഞ്ഞ അവര്‍ ആവേശത്തോടെ ഹോജയെക്കുറിച്ചു പറഞ്ഞുതന്നു. നല്ല ചിരിയോടെ തുര്‍ക്കിഷില്‍ അവര്‍ പറഞ്ഞ്തന്നതിനെല്ലാം ചിരിച്ച് തലയാട്ടികൊടുത്തു. അവരുടെ കഥയും ചിരിയും അവസാനിച്ചപ്പോള്‍ അവര്‍ പറഞ്ഞ കഥകള്‍ ഉമര്‍ ഹുദവിയും മഹമ്മദലിയും പറഞ്ഞുതന്നു. കുട്ടിക്കാലത്ത് വായിച്ച ഹോജയുടെ കഴുത, കള്ളക്കടത്ത്, യുക്തി, ആന, സൂര്യനും ചന്ദ്രനും എന്നൊക്കെ മലയാളികള്‍ തലക്കെട്ടിട്ട കഥകളായിരുന്നു അവകള്‍!
അനന്തമായ,ആശയങ്ങളുടെ വിഹായസ്സിലേക്കായിരുന്നു ഹോജ തന്റെ ചെറുകഥകളെകൊണ്ട് സഞ്ചരിപ്പിച്ചതും, ചിരിപ്പിച്ചതും ചിന്തിപ്പിച്ചതും. ആ ചിരികളില്‍ വിടര്‍ന്ന കൊച്ചു തമാശകള്‍ ചിന്തോദ്ധീപമായ പുതിയൊരു ലോകം നമുക്ക് മുമ്പില്‍ മലര്‍ക്കെ തുറന്ന് തന്നിരുന്നു. അത് കൊണ്ട് തന്നെയാകണം ഹോജ കഥകള്‍ ഇതരമത സാംസ്‌കാരിക തലങ്ങളിലും നിറഞ്ഞ് നിന്നത്. അതിനാല്‍ തന്നെയാവണം, അറേബ്യന്‍ കഥകളിലെ ജൂഹാ കഥകള്‍ക്കും ഇന്ത്യന്‍ ചെറുകഥകളുടെ തമ്പ്രാനായ മുല്ലാ കഥകള്‍ക്കും മദ്ധ്യപൗരസ്ത്യ രാജ്യങ്ങളിലെ വിവേകശാലിയായ സൂത്രക്കാരന്‍ ബഹ് ലൂലിന്റെ കഥകള്‍ക്കുമെല്ലാം തലപ്പാവ് ധരിച്ച ഹോജയുടെ രൂപ സാദൃശ്യമുണ്ടായിരുന്നത്. ഈ സാദൃശ്യങ്ങളുടെ പടികടന്നും ഹോജ കഥകള്‍ ജനമനസ്സില്‍ നിറഞ്ഞ് നിന്നു. സര്‍വാന്റിസിന്റെ ഡോണ്‍ ക്വിക്‌സോട്ട് എന്ന നോവലിലെ സാഞ്ചോയെ ഹോജയെ ആസ്പദമാക്കിയിട്ടാണ് രചിച്ചതെന്നും പറയപ്പെട്ടിട്ടുണ്ട്.
വൈവിധ്യങ്ങളായിരുന്നു ഹോജയുടെ മുഖമുദ്ര. ആ വൈവിധ്യങ്ങളുടെ ദീപശിഖകളില്‍ തെളിഞ്ഞുവന്ന ഇത്തിരിവെട്ടങ്ങളിലൂടെയായിരുന്നു ഹോജ എന്ന ഫിലോസഫര്‍ ലോകത്തിന്റെ അഷ്ടദിക്കുകളില്‍ പല ഐഡന്റിറ്റിയായി രൂപന്തരപ്പെട്ടത്. ഈ പലയിനം പ്രതിരൂപങ്ങളുടെ സത്തയൊക്കയും നസ്‌റുദ്ദീന്‍ എന്ന ഉറവയില്‍ നിന്ന് പൊട്ടിയൊലിച്ചതായിരുന്നു. തുര്‍ക്കി വംശജര്‍ ഹോജയെ സ്‌നേഹത്തോടെ നസ്‌റുദ്ദീന്‍ ഹോജ എന്ന് വിളിച്ചു. ഖസാക്കിസ്ഥാനികള്‍ ഹോജ നസ്‌റുദ്ദീനെന്നും, അസര്‍ബൈജാനികളും അഫ്ഘാനികളും മൊല്ല, അതല്ലെങ്കില്‍ മുല്ല നസ്‌റുദ്ദീന്‍ എന്നും മിഡിലീസ്റ്റ്, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ജൂഹ എന്നും ഹോജയെ വിളിച്ചു.
അക് ശെഹീറിന്റെ ഗ്രാമാന്തരങ്ങളില്‍ ഒരു ഫിലോസഫറായും, സൂഫിയായും രസികനായും ജീവിച്ച ഈ മഹാന്റെ ജീവിതം ലോകം മൊത്തം ആഘോഷിക്കുന്നു. എല്ലാ വര്‍ഷവും ജൂലൈ 5 മുതല്‍ പത്ത് വരെ ഇന്റര്‍നാഷണല്‍ നസ്‌റുദ്ദീന്‍ ഹോജ ഫെസ്റ്റിവല്‍ അക്‌ശെഹിറില്‍ അരങ്ങേറും. ആ ദിനങ്ങളില്‍ വിവിധ തരം പ്രോഗ്രാമുകള്‍ അരങ്ങേറും. ലോകത്തിലെ പലഭാഗങ്ങളിലുള്ള ആര്‍ട്ടിസ്റ്റുകള്‍ ഹോജയുടെ പടം വരക്കും. ഹോജ കഥകളുടെ കഥാപത്രങ്ങളെ മുന്‍ നിര്‍ത്തിയുള്ള വിവിധതരം നാടകങ്ങള്‍, സിനിമകള്‍ തുടങ്ങിയവ പ്രദര്‍ശിപ്പിക്കും. അഞ്ച് ദിവസം നീണ്ട് നില്‍ക്കുന്ന ഈ ആനന്ദോത്സവം പുതിയ തലമുറയുടെ ഹോജാ സ്മരണകളെ ജീവസുറ്റതാക്കും.
ഹോജയുടെ ഖബ്‌റിനരികിലേക്ക് നടക്കുന്ന വഴികളിലെല്ലാം ഹോജാകഥകളിലെ കഥാപാത്രങ്ങളെയും തീമുകളെയും കൊത്തിവെച്ചതായി കാണാം. ഓരോ നടപ്പാതകളിലും വ്യത്യസ്ത ഹോജാകഥകളുടെ രൂപങ്ങള്‍ ആശയങ്ങളുടെ പറുദീസയിലേക്ക് നമ്മെ നയിക്കും.
ഹോജയുടെ ഖബ്ര്‍ സ്ഥിതി ചെയ്യുന്ന ചെറു കവാടത്തിലേക്കെത്തിയപ്പോള്‍ സൈഡില്‍ തുര്‍ക്കിഷില്‍ സ്വാഗതവചനമായി ഇങ്ങനെ എഴുതി വെച്ചിട്ടുണ്ട്. ‘ചിരിക്കൂ! നിങ്ങള്‍ ലോകത്തിന്റെ നടുവിലാണ്!’. ഹോജയുടെ പ്രസിദ്ധമായ ഒരു കഥയിലെ വാചകമാണത്. കവാടത്തില്‍ നിന്ന് നോക്കിയാല്‍ തന്നെ ഒരു പൂന്തോട്ടത്തിന്റെ നടുവിലായി ഹോജയുടെ ഖബര്‍ കാണാം. ഇവിടെ നസ്‌റുദ്ദീന്‍ ഹോജ അന്ത്യവിശ്രമം കൊള്ളുന്നു എന്നെഴുതി വെച്ച ശിലാഫലകം കവാടത്തില്‍ നിന്ന് തന്നെ ശ്രദ്ധയില്‍ പെടും. ഹോജയുടെ ഖബറിനടുത്തെത്തിയപ്പോള്‍ സിയാവുദ്ദീന്‍ സര്‍ദാര്‍ ഹോജയെക്കുറിച്ച് എഴുതിയതൊക്കെയും ആവേശത്തോടെ കൂട്ടുകാര്‍ക്ക് പറഞ്ഞു കൊടുത്തു. സര്‍ദാര്‍ തന്നെയാണ് ഹോജയുടെ ഖബറിടം അക് ശെഹീറിലാണെന്ന് ആദ്യം പറഞ്ഞുതന്നത്!.
ഹോജയുടെ ഖബറും കടന്ന് ഞങ്ങള്‍ ഒരു പാര്‍ക്കിലേക്ക് നീങ്ങി. ആ പാര്‍ക്കില്‍ ഹോജയുടെ ഇരുപതിലധികം കഥാപാത്രങ്ങളെ കൊത്തിവെച്ചിട്ടുണ്ടായിരുന്നു. ഓരോ രൂപത്തിനടിയിലും തുര്‍ക്കിഷിലും, ഇംഗ്ലീഷിലുമായിട്ട് ആ രൂപം പറയുന്ന കഥകള്‍ എഴുതിവെച്ചിട്ടുമുണ്ടായിരുന്നു. ഹോജയുടെ കഥകളുടെ
ആഴത്തിലേക്കുള്ള ഒരു എത്തിനോട്ടമായിരുന്നു ആ പാര്‍ക്ക്. ഹോജയെ കണ്ടും കഥകള്‍ വായിച്ചും ആ പാര്‍ക്ക് വിട്ടിറങ്ങുമ്പോള്‍ സന്ധ്യ മയങ്ങിയിട്ടുണ്ടായിരുന്നു.