Thelicham
d

ശൈഖുനാ ബാപ്പുട്ടി മുസ്‌ലിയാര്‍: പണ്ഡിതര്‍ക്കിടയിലെ സാത്വിക മുഖം

 

ഇമാം ബുഖാരി ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ ഇങ്ങനെ കാണാം. നബി (സ) തങ്ങള്‍ പറയുന്നു. ‘അല്ലാഹുവിന് ചില ദാസന്മാരുണ്ട് അവര്‍ അല്ലാഹുവിനെ മുന്‍ നിര്‍ത്തി വല്ലതും ചോദിക്കുന്ന പക്ഷം അതു നിറവെറ്റികൊടുക്കുക തന്നെ ചെയ്യും’ സവിശേഷരായ അടിമകളെ വിശദീകരിക്കുന്ന ഈ ഹദീസിന്റെ വെളിച്ചത്തിലാണ് കണ്മറഞ്ഞു പോയ പണ്ഡിതരും സൂഫി വര്യനുമായ മര്‍ഹൂം സി എച് ബാപ്പുട്ടി മുസ്‌ലിയാര്‍ എന്ന ചോലകലകത്തു മുഹമ്മദ് മുസ്‌ലിയാര്‍ വായിക്കപ്പെടുന്നത്.
ജീവിത വിശുദ്ധിയും ലാളിത്യവും മുഖമുദ്രയാക്കി ജീവിതം നയിച്ച ശൈഖുനാ അനുപമമായ സ്വഭാവ ഗുണങ്ങള്‍ക്കും ജീവിതാനുഭവങ്ങള്‍ക്കും ഉടമയായിരുന്നു. സബീലുല്‍ ഹിദായ ഇസ്ലാമിക് കോളേജി മുഖ്യ കാര്യാദര്‍ശി, ഖാസി, പണ്ഡിതശ്രേഷ്ഠന്‍, സൂഫി വര്യന്‍, പാരമ്പര്യ ചികിത്സ രംഗത്തെ അഗ്രഗണ്യന്‍, തുടങ്ങി വിവിധ മേഖലകളില്‍ സജീവമായിരുന്നു ശൈഖുനാ ബാപ്പുട്ടി മുസ്‌ലിയാര്‍.

ജനനം; വിദ്യാഭ്യാസം

നിരവധി സൂഫിവര്യന്മാര്‍ ക്ക് ജന്മംനല്‍കിയ ചോലക്കലകത്ത് കുടുംബത്തില്‍ 1948 ആണ് ശൈഖുനായുടെ ജനനം. ആത്മീയതയുടെ അകപ്പൊരുള്‍ അറിഞ്ഞ മുറബ്ബിയായ ശൈഖുമായിരുന്ന സി എച്ച് കുഞ്ഞീന്‍ മുസ്ലിയാരും കുഞ്ഞാച്ചു ഹജ്ജുമ്മയുമാണ് മാത പിതാക്കള്‍. പിതൃ പരമ്പര ചെന്നെത്തുന്നത് നബി തിരുമേനി (സ്) യുടെ സന്തത സഹചരിയും പ്രഥമ ഖലീഫയുമായിരുന്ന അബൂബക്കര്‍ സിദ്ധീഖ് (റ) വിന്റെ കുടുംബ പരമ്പരായായ ബകരി ഖബീലയിലാണ്. ആദ്യ കാലത്തു മലപ്പുറത്തു തമാസമാക്കിയിരുന്ന ചോലകലകത്തു കുടുംബം കോട്ടകലിനടുത്തുള്ള പറപ്പൂരിലെത്തുന്നത് തന്റെ പ്രാപിതാക്കളില്‍ പ്രധാനിയായ സൈനുദ്ധീന്‍ മുസ്ലിയാരിലൂടെയാണ്. പിന്നീട് ചെര്‍പ്പുളശ്ശേരിയിലേക്ക് മാറിതാമസിച്ച കുടുംബം പിതാവ് കുഞ്ഞീന്‍ മുസ്ലിയാരുടെ അവസാന കാലത്താണ് വട്ടപ്പറമ്പില്‍ തിരിച്ചെത്തുന്നത്.
സൂഫി വാര്യരായിരുന്ന ബീരാന്‍ ഔലിയ, നന്തിയില്‍ മുഹമ്മദ് മുസ്‌ലിയാര്‍ എന്നിവര്‍ സമകാലീനരും പിതാവിന്റെ ശിക്ഷണത്തില്‍ വളര്‍ന്ന പ്രധാനികളുമാണ്. ഇതിനിടക്ക് ചെര്‍പ്പുളശ്ശേരി, മാരായമംഗലം, നെല്ലായ തുടങ്ങിയ ദേശങ്ങളിലെ ജനങ്ങളുടെ പ്രശ്‌ന പരിഹാര കേന്ദ്രമായും ആത്മീയ നിര്‍വൃതി യുടെ ആശാ കേന്ദ്രമായും ചോലകലകത്തു കുടുംബം മാറിയിരുന്നു.
പിതാവായ സി എച് കുഞ്ഞീന്‍ മുസ്‌ലിയാര്‍ തന്നെയായിരുന്നു ശൈഖുനായുടെ പ്രധാന ഗുരു. ആരിഫും പ്രമുഖ സൂഫി വര്യരുമായിരുന്ന പിതാവില്‍ നിന്നാണ് ആത്മീയ ചികിത്സയും ശിക്ഷണവും സ്വായത്തമാക്കുന്നത്. പിന്നീട് വിവിധ ദര്‌സുകളില്‍ ചേര്‍ന്നായിരുന്നു പഠനം. പുതുപ്പറമ്പിലെ കാരിഞ്ചപ്പാടി മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, ഊരകം കുഞ്ഞു മുസ്‌ലിയാര്‍, ചെറുശ്ശോല കുഞ്ഞി മുഹമ്മദ് മുസ്‌ലിയാര്‍, ഓടക്കല്‍ മൂസന്‍ കുട്ടി മുസ്‌ലിയാര്‍ എന്നിവരായിരുന്നു പ്രധാന അധ്യാപകര്‍. ശൈഖുനാ അതിപ്പറ്റ മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍ പ്രധാന സഹപാഠിയായിരുന്നു.
പിതാവായ സി എച് കുഞ്ഞീന്‍ മുസ്ലിയാരുടെ വഫത്തോടെയാണ് ശൈഖുനാ ചികിത്സ രംഗത്തു സജീവമാവുന്നത്. അസാമാന്യ ദീര്‍ഘവീക്ഷണവും പാരമ്പര്യ ചികിത്സയില്‍ അങ്ങേയറ്റത്തെ പാടവും ഉസ്താദിന്റെ പ്രത്യേകതകളായിരുന്നു. തന്റെ സാന്നിധിയിലെത്തുന്ന വ്യഥിത ഹൃദയങ്ങളുടെ സമൂഹികവസ്ഥ പരിഗണിച്ചായിരുന്നു പലപ്പോഴും പ്രതിവിധി നിര്‌ദേശിക്കാറുണ്ടായിരുന്നത്. ആയൂര്‍വേദ യൂനാനി ചികിത്സക്ക് പുറമെ പ്രകൃതി, ആത്മീയ ചികിത്സയിലും ശൈഖുനക്ക് അപാരമായ പാണ്ഡിത്യം ഉണ്ടായിരുന്നു. അതിലേറെ അര്‍ഥ വ്യാപ്തിയുള്ള അദ്ദേഹത്തിന്റെ സാന്ത്വന വാക്കുകള്‍ക്കാണ് ആളുകള്‍ സമീപിച്ചിരുന്നത്.
വിനയവും നിസ്വാര്‍ത്ഥ സേവനവും ആയിരുന്നു ശൈഖുനായുടെ ജീവിതം ഏറെ മനോഹരമാക്കിയത്. കനലെരിയുന്ന പ്രശ്‌നങ്ങള്‍ക്ക് കുളിരണിയിച്ചു പ്രതിവിധി നല്‍കാന്‍ ശൈഖുനായുടെ സാമീപ്യവും സാന്ത്വന വാക്കുകളും മതിയായിരുന്നു. ശൈഖുനായുടെ വാക്കുകള്‍ സത്യമായി പുലര്‍ന്ന നിരവധി സംഭവങ്ങള്‍ അനുഭവസ്ഥര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ശൈഖുനാ നല്‍കുന്ന മന്ത്രങ്ങള്‍ക്കും നിര്‍ദേശിക്കുന്ന മരുന്നുകളും അഭൂത പൂര്‍വ്വമായ ഫലം ഉളവാക്കിയതിന്റെ ധാരാളം സംഭവങ്ങള്‍ പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്. സമൂഹത്തിന്റെ നാനാതുറകളില്‍ നിന്ന് ജാതി മത വര്‍ഗ ഭേദമന്യേ ആളുകള്‍ വട്ടപ്പറമ്പിലേക്കു ഒഴുകാണുള്ള കാരണവും മറ്റൊന്നായിരുന്നില്ല. വാനോളം പ്രശസ്തിയും സമ്പത്തും കരഗതമായപ്പോഴും അഹങ്കാരം തൊട്ടു തീണ്ടിയില്ല. സ്‌റ്റേജില്‍ നിന്നും പേജില്‍ നിന്നും അകന്ന് നിന്നു. അംഗീകാരങ്ങളും നേതൃസ്ഥാനവും തേടിപോയില്ല. നിഷ്‌കളങ്കമായിരുന്ന ആ ഉദ്ദേശ ശുദ്ധിയുടെ ഫലമായിരുന്നു 1986 ല്‍ സ്ഥാപിതമായ സി എച് കുഞ്ഞീന്‍ മുസ്‌ലിയാര്‍ സ്മാരക മന്ദിരം. കോഴിക്കോട് വലിയ ഖാസിയായിരുന്ന സയ്യിദ് ശിഹാബുദ്ധീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ശിലാസ്ഥാപനം നടത്തിയ മന്ദിരം ആദ്യം മദ്രസ്സായയും പിന്നീട് നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് ബോര്‍ഡിങ് സംവിധാനത്തോടെ ദര്‍സ് സ്‌കൂള്‍ പഠന കേന്ദ്രവുമായി മാറി.

സബീലുല്‍ ഹിദായ ഇസ്ലാമിക കോളേജ്

സംശുദ്ധമായ ശൈഖുനായുടെ ജീവിതത്തിലെ ഏറ്റവും വലിയ ദീനി സംരഭമായിരുന്നു ദാറുല്‍ ഹുദയുടെ കീഴില്‍ 1997 ല്‍ സ്ഥാപിതമായ സബീലുല്‍ ഹിദായ ഇസ്ലാമിക കോളേജ്. ദാറുല്‍ ഹുദയുടെ സ്ഥാപക നേതാവും പ്രമുഖ സൂഫി വര്യനുമായിരുന്ന സി എച് ഐദറൂസ് മുസ്‌ലിയാര്‍ ആയിരുന്നു പ്രധാന പ്രചോദനം. സമന്വയ വിദ്യാഭ്യാസത്തിന്റെ സമകാലിക പ്രസക്തി കണ്ടറിഞ്ഞുള്ള ഈ നീക്കം ശൈഖുനായുടെ ദീര്ഘവീക്ഷണത്തിന്റെ ഉദാഹരണമാണ്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ അഭംഗുരം പ്രോജ്വലിച്ചു നിന്ന സബീലുല്‍ ഹിദായ ഇതിനകം പത്തു ബാച്ചുകളിലായി 200 ലധികം പണ്ഡിതരെ സമൂഹത്തിനു സമ്മാനിച്ചു കഴിഞ്ഞു. പ്രഭാഷകരും യൂണിവേഴ്‌സിറ്റി അധ്യാപകരും, പത്ര പ്രവര്‍ത്തകര്‍, പണ്ഡിതര്‍, മഹല്ല് ഖത്തീബ്, മുദരിസ്, പ്രവാസികള്‍ തുടങ്ങി വിവിധ മേഖലകളില്‍ അവര്‍ പ്രവര്‍ത്തിച്ചു വരുന്നു.
ശൈഖുനാ ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്‌ലിയാര്‍ പറഞ്ഞതാനുസരിച്ചു സബീലുല്‍ ഹിദായ ഒരു കറാമത്തിന്റെ സ്ഥാപനമാണ്. അല്ലാഹുവിന്റെ വലിയ്യും ആത്മജ്ഞാനിയുമായ ശൈഖുനാ ബാപ്പുട്ടി ഉസ്താദിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന അനിതര സാധരണ സ്ഥാപനം. ഇതര മത സ്ഥാപനങ്ങളെപ്പോലെ സ്വന്തമായി പ്രവാസി കമ്മിറ്റികളോ മറ്റു വരുമാന മാര്ഗങ്ങളോ ഇല്ലാത്ത സ്ഥാപനം പൂര്‍ണമായും ഉസ്താദിന്റെ മേല്‌നോട്ടത്തിലായിരുന്നു. ദൈനംദിന ചിലവുകള്‍ക്കു വരുന്ന ഭാരിച്ച തുകക്ക് ആളുകള്‍ നല്‍കുന്ന ഹദിയകള്‍ തന്നെയായിരുന്നു ഏക ആശ്രയം. പ്രതിസന്ധികളില്ലാതെ ഒരൊറ്റ വ്യക്തിക്ക് കീഴിലായി രണ്ടു പതിറ്റാണ്ടു വിജയകരമായി പ്രവര്‍ത്തിച്ച സ്ഥാപനം ഒരു പക്ഷെ സബീലുല്‍ ഹിദായ മാത്രമായിരിക്കും. തന്റെ നാഥനില്‍ അര്‍പ്പിച്ച അങ്ങേയറ്റത്തെ വിശ്വാസത്തിന്റെയും അതിന്റെ സ്വീകാര്യതയും ഇതു നമ്മോട് വിളിച്ചു പറയുന്നുണ്ട്. അത്യാധുനിക ലൈബ്രറി, ഭക്ഷണശാല, മസ്ജിദ്, പ്ലേ ഗ്രൗണ്ട് തുടങ്ങി വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഏറ്റവും മികച്ച രീതിയില്‍ തന്നെ ഒരുക്കാന്‍ ശൈഖുനാ ജാഗ്രത പുലര്‍ത്തിയിരുന്നു. 30 ലധികം വരുന്ന സ്റ്റാഫ് അംഗങ്ങള്‍കുളള ശമ്പളവും ശൈഖുനാ നേരിട്ടു തന്നെയാണ് നല്‍കിയിരുന്നത്. ദാറുല്‍ ഹുദയുടെ സഹ സ്ഥാപനങ്ങളില്‍ ഗുണ മേന്മ കൊണ്ടും പഠന നിലവാരം കൊണ്ടും എന്നും മികച്ചു നില്‍ക്കാന്‍ സബീലുല്‍ ഹിദായക്കു സാധിച്ചതും ശൈഖുനായുടെ കരുത്തുറ്റ പിന്ബലത്തിലായിരുന്നു.
മുസ്ലിം കൈരളിയുടെ അഭിമാനമായ അന്നഹ്ദ അറബിക് ദ്വൈമസിക പ്രസിദ്ധീകരിക്കുന്നതും സബീലുല്‍ ഹിദയായില്‍ നിന്നാണ്. തുടര്‍ച്ചയായി കഴിഞ്ഞ 12 വര്‍ഷം പുറത്തിറങ്ങിയ അന്നഹ്ദ ഇതിനകം വിവിധ യൂണിവേഴ്‌സിറ്റികളുടെ ഔദ്യോഗിക അംഗീകാരം നേടിയിട്ടുണ്ട്. അന്നഹ്ദയുടെ വളര്‍ച്ചയില്‍ ഏറ്റവും സന്തോഷിച്ചിരുന്നതും ശൈഖുനയായിരുന്നു.

ശൈഖുനായും പാണക്കാട് സാദാത്തീങ്ങളും

പാണക്കാട് സാദാത്തീങ്ങളുമായി ശൈഖുനാ അഭേദ്യമായ ബന്ധം കാത്തു സൂക്ഷിച്ചിരുന്നു. സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങളുമായി ഹൃദയ ബന്ധം സൂക്ഷിച്ചിരുന്ന ശൈഖുനാ പ്രശ്‌ന പരിഹാരങ്ങള്‍ക്കു പാണക്കാട് പോവാന്‍ നിര്‍ദേശിച്ചിരുന്നു. തിരിച്ചു ശൈഖുനയെ കാണാന്‍ നിര്‍ദേശിക്കുന്ന പതിവ് പാണക്കാട് തങ്ങള്‍മാരും വെച്ചു പുലര്‍ത്തിയിരുന്നു. സബീലുല്‍ ഹിദായയുടെ ഭാരിച്ച ഉത്തരവാദിത്തം ഒറ്റക്ക് ചുമലിലേറ്റുന്ന ഉസ്താദിനെ കണ്ടറിഞ്ഞ സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങളാണ് ആദ്യമായി കമ്മിറ്റി രൂപീകരിക്കാന്‍ നിര്‍ദേശം നല്‍കുന്നത്. തങ്ങളുടെ വിയോഗ ശേഷം സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ സ്ഥാപന പ്രസിഡന്റ് ആയതും ശിഹാബ് തങ്ങളുടെ ബൃഹത്തായ ഗ്രന്ഥാ ശേഖരം സബീലുല്‍ ഹിദായക്കു കൈമാറിയതും സൗഹൃദ ബന്ധങ്ങള്‍ക്കുമേലുള്ള നിറച്ചാര്‍ത്തായി.
പറപ്പൂരിലും സമീപ പ്രദേശങ്ങളിലെയും സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളിലെ അവസാന വാക്കായിരുന്നു ശൈഖുനാ ബാപ്പുട്ടി ഉസ്താദ്. ദാറുല്‍ ഹുദാ സഹസ്ഥാപന കോര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍, സബീലുല്‍ ഹിദായ ജനറല്‍ സെക്രട്ടറി, വല്ലപ്പുഴ ദാരുന്നജാത്ത് ഇസ്ലാമിക കോംപ്ലസ് പ്രസിഡന്റ്, പറപ്പൂര്‍, ചോലക്കുണ്ട്, വടക്കുംമുറി മഹല്ല് ഖാസി, തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.
നീറുന്ന പ്രശ്‌നങ്ങള്‍ക്ക് പ്രതിവിധി നല്‍കാന്‍ ഇനി ശൈഖുനാ ഇല്ല. നാഥന്റെ വിളിക്കു ഉത്തരം നല്‍കി യാത്രയായി. ശൈഖുനായുടെ ദീനി സേവനങ്ങളെ അള്ളാഹു സ്വീകരിക്കുകയും സ്വര്‍ഗീയാരാമങ്ങളില്‍ ഉന്നത സ്ഥാനം നല്‍കി അനുഗ്രഹിക്കുകയും ചെയ്യട്ടെ…ഒപ്പം സബീലുല്‍ ഹിദായക്കു കരുത്തുറ്റ പകരക്കാരെ അള്ളാഹു കാനിഞ്ഞേകട്ടെ… ആമീന്‍.

 

Editor Thelicham

Thelicham monthly

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.