ആദ്യമേ തന്നെ പറയട്ടേ, ഇത് വെളിയങ്കോട് ഉമര്‍ഖാദിയും ഗാന്ധിയും തമ്മിലുള്ള ഒരു താരതമ്യവിചാരമല്ല. രണ്ട് കാല ദേശങ്ങളില്‍ ജീവിച്ചവരെ ഒരേ ചരടില്‍ കോര്‍ക്കുക എന്നത് എന്റെ ഉദ്ദേശ്യവുമല്ല. അതേസമയം അവര്‍ക്കിടയില്‍ അദൃശ്യമായ ഒരു ചരട് ഉണ്ട് എന്നത് സത്യമാണ്. അതിനെ പിന്‍പറ്റാനാണ് ഈ പരിശ്രമം.
വെളിയങ്കോട് ഉമര്‍ഖാദിയുടെ ചരിത്രത്തിലുള്ള ഒരു ഖ്യാതിയാണ് ഗാന്ധിജിക്ക് മുന്നേ നികുതി നിഷേധസമരം നടത്തിയ ആള്‍ എന്നുള്ളത് (അതില്‍ മാത്രമായി ഒതുങ്ങേണ്ട/ ഒതുക്കേണ്ട ഒരാള്‍ ആണ് ഖാദി എന്ന് കരുതുന്നില്ല) ഗാന്ധിജിയ്ക്ക് മുന്നേ, ചരിത്രത്തിലെ ഏറ്റവും പ്രശസ്തമായ നികുതിനിഷേധസമരം എന്ന് പറയുന്നത്, അമേരിക്കന്‍ സ്വാതന്ത്ര്യസമരം ആയിരുന്നു. നോ ടാക്‌സേഷന്‍ വിത്ത്ഔട്ട് റെപ്രസെന്റേഷന്‍ (പ്രാതിനിധ്യമില്ലാതെ നികുതിയില്ല) എന്നതായിരുന്നു അതിന്റെ മുദ്രാവാക്യം. അമേരിക്കന്‍ സ്വാതന്ത്ര്യസമരം അതിന്റെ പ്രചോദക സമരം ആയി കണ്ടത്, ലോകത്തിലെ ലിബറല്‍ സമരങ്ങളുടെയൊക്കെ മാതാവായ ഫ്രഞ്ച് സ്വാതന്ത്ര്യസമരത്തെയാണ്. അതേസമയം, വെളിയങ്കോട് ഉമര്‍ ഖാദിയുടെ സമരത്തെ അതില്‍ നിന്ന് വ്യതിരക്തമാക്കുന്നത് അത് അത്തരമൊരു ഒരു ലിബറല്‍ സമര ധാരയെയല്ല പിന്തുടരുന്നതെന്നാണ്. അതിനാല്‍ തന്നെ ആ സമരത്തിന്റെ പ്രതലം തികച്ചും ആത്മീയം തന്നെയാണ്. ‘ദൈവത്തിന്റെ ഭൂമിയില്‍ കരം പിരിക്കാന്‍ നിങ്ങള്‍ക്ക് എന്തവകാശം’ എന്ന് ഖാദി ഉന്നയിച്ച ആ ചോദ്യമാണ് അതിലേക്കുള്ള താക്കോല്‍. നോ ടാക്‌സേഷന്‍ വിത്ത് ഔട്ട് റെപ്രസെന്റേഷന്‍ എന്ന പൊളിറ്റിക്കല്‍ ക്വസ്റ്റിയനെ, തികച്ചും തിയോളജിക്കല്‍ ക്വസ്റ്റിയന്‍ ആക്കി മാറ്റുകയായിരുന്നു ഖാദി. സമരം അങ്ങനെ ദൈവവുമായുള്ള സംഭാഷണം ആക്കി മാറ്റപ്പെടുന്നു. സാമാന്യമായ പൊളിറ്റിക്കല്‍ വ്യവഹാരങ്ങള്‍ക്ക് അപ്പുറത്തുള്ള അത്തരമൊരു ധാരയിലാണ് ഗാന്ധിയും. ഗാന്ധി അനുഷ്ഠിക്കാറുള്ള മൗന വ്രതത്തെ കുറിച്ച് ഗാന്ധി തന്നെ പറഞ്ഞത് ആറുദിവസം ജനങ്ങളോട് സംസാരിക്കാന്‍ ഒരു ദിവസം ദൈവത്തോട് സംസാരിക്കുന്നുവെന്നാണ്. ആധുനികത നിഷേധിച്ച ദൈവത്തെ ഗാന്ധി നിഷേധിക്കുന്നില്ല, ദൈവ വിശ്വാസികളെയും. അതുകൊണ്ടുതന്നെയാണ്, ഖിലാഫത്തിനോടുള്ള ഗാന്ധിയുടെ സമീപനം പ്രധാനമാകുന്നത്. അത് ഗാന്ധി എന്ന രാഷ്ട്രീയക്കാരന്റെ തന്ത്രജ്ഞതയായി ഒക്കെ കാണുന്നവരുണ്ട്. അതെന്തായാലും, അതിനെ ആ അര്‍ത്ഥത്തില്‍ ചുരുക്കാന്‍ ഞാന്‍ തയ്യാറല്ല. ഞാന്‍ പശുവിനെ അമ്മയെപ്പോലെ ബഹുമാനിക്കുന്നു. അതേസമയം, എന്റെ മുസ്‌ലിം സഹോദരന് ബലി നടത്താന്‍ അത് അനിവാര്യമാണെങ്കില്‍ ഞാനതിനെ അനുകൂലിക്കും എന്ന് പറഞ്ഞ ഗാന്ധി ഉള്ളതിനാല്‍ തന്നെ അവനവന്‍ ആയിരിക്കുമ്പോള്‍ തന്നെ, അപരനോടുള്ള കരുതലിനുള്ള പരിശ്രമം ഗാന്ധിയില്‍ ഉണ്ടായിരുന്നു.
ഗാന്ധി ഒരു ഹിന്ദുവായിരുന്നു, കൃത്യമായി പറഞ്ഞാല്‍ ജാതി ഹിന്ദു. അതിനെയാണ് അംബേദ്കര്‍ ചോദ്യം ചെയ്തത്. അത് ആ അര്‍ത്ഥത്തില്‍ അനിവാര്യമായിരുന്നു. അംബേദ്ക്കറുടെ അനുഭവലോകം ഗാന്ധി അനുഭവിക്കാത്തതാകയാല്‍ തന്നെ അദ്ദേഹത്തിന് അപ്രാപ്യമായിരുന്നു. അത് എത്ര ഭാവന ചെയ്താലും ഉദാരത കാണിച്ചാലും ഗാന്ധിക്ക് എത്തിപ്പിടിക്കാന്‍ സാധിക്കുമായിരുന്ന ഒന്നല്ല. അപ്പോള്‍പോലും, അക്കാലത്ത് ഗാന്ധിയെ ഏറ്റവും അതികഠിനമായി വിമര്‍ശിക്കുന്നവരില്‍ (വ്യക്തിപരമായിട്ടുകൂടി) ഒരാളായ അംബേദ്കറോട് ഗാന്ധി സംസാരിച്ചിരുന്നു. ഏറ്റകുറച്ചിലുകളില്ലാതെ എല്ലാവരുമായി സംസാരിച്ചിരുന്ന, നിരന്തരമായ സംഭാഷണങ്ങളിലൂടെ സ്വയം നവീകരിക്കാന്‍ ശ്രമിച്ച ഒരു ഗാന്ധിയുണ്ട്. ഒരര്‍ഥത്തില്‍, നിരന്തരം മാറിക്കൊണ്ടിരുന്ന ഒരാള്‍ തന്നെയാണ് ഗാന്ധി. ശ്രീനാരായണ ഗുരുവിനെ കണ്ട ഗാന്ധി, ശ്രീനാരായണ ഗുരുവിനെ കാണുന്നതിന് മുന്‍പുള്ള ഗാന്ധിയല്ല. അതുകൊണ്ടാണ് ജാതിയെ ഗുരുവിന് മുമ്പില്‍ ഗാന്ധി ന്യായീകരിച്ചത്, ആശ്രമമുറ്റത്തെ മാവിലെ ഇലകളുടെ വൈജാത്യം ചൂണ്ടിക്കാട്ടിയായിരുന്നു ഗാന്ധി അപ്രകാരം ചെയ്തത്. എന്നാല്‍ അതേ മാവിലകളുടെ സത്ത് പിഴിഞ്ഞ്, എല്ലാറ്റിന്റേയും സത്ത ഒന്നാണെന്ന് സ്ഥാപിക്കുകയായിരുന്നു ഗുരു. അതിന് ശേഷമാണ് ഗാന്ധി ക്ഷേത്രപ്രവേശനം പോലുള്ള ആശയങ്ങളിലേക്ക് പ്രവേശിക്കുന്നത്. അതായത്, ഗാന്ധിയില്‍ അത്തരമൊരു പരിണാമത്തിന്റെ നൈരന്തര്യമുണ്ട്.
ഒരുപക്ഷേ, രോഹിത് വെമുലയുടെ കാലത്ത് ഗാന്ധി ജീവിച്ചിരുന്നുവെങ്കില്‍ അന്ന് ഉപയോഗിച്ച അതേ ഭാഷയില്‍ തന്നെയാണ് സംസാരിക്കുക എന്ന് ഉറപ്പിച്ച് പറയാന്‍ ഒരിക്കലും കഴിയില്ല. ഗുരുവുമായുള്ള സംഭാഷണത്തിന്റെ ആ അനുഭവം ഉള്ളപ്പോള്‍ പ്രത്യേകിച്ചും. അങ്ങനെ സംവാദങ്ങളിലൂടെ നിരന്തരം നവീകരിക്കപ്പെട്ടുവരുന്ന ആ ഗാന്ധിയാണ് എന്റെ പ്രമേയം. അത്തരം സംഭാഷണങ്ങളില്‍ മുസ്‌ലിങ്ങളുമായി സംസാരിക്കുന്ന ഗാന്ധി പ്രധാനമാണ്. അതില്‍ അലി സഹോദരന്മാരുമായി സംസാരിക്കുന്ന ഗാന്ധിയുണ്ട്. മൗലാനയുമായി സംസാരിക്കുന്ന ഗാന്ധിയുണ്ട്. മൗദൂദിയുമായി വരെ സംസാരിക്കുന്ന ഗാന്ധിയുണ്ട്. വിഭജന സമയത്ത് ഇനി എന്ത് ചെയ്യും എന്ന് ചോദിച്ച വിദേശ പത്ര പ്രതിനിധിയോട് പാക്കിസ്ഥാനില്‍ പോകുമെന്ന് പറഞ്ഞ ഗാന്ധിയുണ്ട്. സംഘികള്‍ അങ്ങോട്ട് പോകാന്‍ പറയുന്നതിന്റെ എത്രയോ മുമ്പ്. അതിന്റെ തുടര്‍ച്ചയായിരുന്നു ഗാന്ധിയുടെ മരണം എന്ന ആ ബലിയും. പ്രാര്‍ത്ഥിച്ചു കൊണ്ടായിരുന്നു ആ മരണം പ്രാര്‍ത്ഥിച്ചുകൊണ്ടായിരുന്നു ആ ജീവിതം. രാഷ്ട്രീയത്തെ പ്രാര്‍ത്ഥനാപരമായ വ്യവഹാരമാക്കി എന്നിടത്താണ് സെക്കുലര്‍ പരിസരത്ത് ഗാന്ധിയുടെ പ്രസക്തി.