നോത്ര ഡാം യൂനിവേഴ്‌സിറ്റിയില്‍ നിന്ന് മദ്‌റസാ ഡിസ്‌കോഴ്‌സസ് പ്രോഗ്രാമിന് പങ്കെടുക്കുന്ന മറ്റു ആറു ഗവേഷകരില്‍ നിന്നും വ്യത്യസ്തമായി നേപ്പാളിലേക്ക് പോകാന്‍ നീണ്ടൊരു യാത്രയുടെ ആലസ്യം എനിക്ക് മാത്രം സഹിക്കേണ്ടിയിരുന്നില്ല. പ്രോഗ്രാമിന്റെ ഒരു മാസക്കാലം മുമ്പേ തൊട്ടയല്‍ രാജ്യമായ ഇന്ത്യയില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് സയന്‍സില്‍ ചില ഗവേഷണങ്ങള്‍ക്കായി ഞാന്‍ ചേര്‍ന്നിരുന്നു. അമേരിക്ക അതിന്റെ വൈവിധ്യത്തില്‍ സ്വയം അഭിമാനിക്കാറുണ്ടെങ്കിലും ഞാനിതുവരെ അനുഭവിക്കാത്ത ഗാഢമായൊരു മതവൈവിദ്യം ഇന്ത്യക്കുണ്ടായിരുന്നു. ബാംഗ്ലൂരിലെ കാമ്പസില്‍ നിന്ന് തിരികെ പോവുമ്പോള്‍ മൂന്ന് ക്ഷേത്രങ്ങളെങ്കിലും കണ്ണില്‍ പതിഞ്ഞിരിക്കും. ലാബില്‍ ചിലവഴിക്കുന്ന ഓരോ നേരവും പള്ളിയില്‍ നിന്നുള്ള വാങ്കു വിളികള്‍ കാതിലലക്കും. എന്റെ മുറിയിലെ തുറന്നുവെച്ച ജനാല വഴി അടുത്തൊരു പള്ളിയില്‍ ജ്വലിച്ചുനില്‍ക്കുന്ന കുരിശ് കണ്ണിലുടക്കും. വഴിയരികിലായി കണ്ടുമുട്ടിയ അസംഖ്യം ജൈന, ബുദ്ധ ഭിക്ഷുക്കളെ കുറിച്ച് പ്രത്യേകം പറയേണ്ടതില്ലല്ലോ…! വൈവിധ്യങ്ങളുടെ ഈ പാരമ്പര്യ ഭംഗിയില്‍ എന്റെ ആകാംക്ഷയും താല്‍പര്യവും പരകോടിയിലെത്തിയിരുന്നു. എങ്കിലും ഇവക്കിടയിലും എന്റെ അടുത്ത സുഹൃത്തുക്കളോട് ഞാന്‍ പങ്കുവെച്ച ഒരു ആശങ്കയുണ്ടായിരുന്നു; നാനാത്വത്തിന്റെ ഭിന്നപ്രകടനങ്ങള്‍ക്കിടയിലും ഒരു കാഴ്ച എന്നെ വല്ലാതെ അലോസരപ്പെടുത്തിക്കൊണ്ടിരിക്കുന്നു: ബുര്‍ഖ ധരിച്ച സ്ത്രീകളായിരുന്നു അത്.
പ്രകടവും സുക്ഷമവുമായ ഇസ്‌ലാമോഫോബിക് അന്തരീക്ഷവുമായുള്ള എന്റെ വര്‍ഷങ്ങളായുള്ള ഇടപെടുലുകളുടെ ഉത്പന്നമാണ് ഞാനനുഭവിക്കുന്ന അസുഖകരമായ മാനസികാവസ്ഥ എന്ന് എനിക്കറിയാമായിരുന്നു, എന്റെ ബോധമണ്ഡലത്തില്‍ ഈ തിരിച്ചറിവുണ്ടായിട്ട് പോലും അബോധ തലത്തില്‍ നിലനില്‍ക്കുന്ന ഭയത്തെ തൂത്തെറിയാന്‍ കഴിയാത്ത പോലെ..! ക്രിസ്ത്യന്‍ വിശ്വാസാചാരങ്ങള്‍ കാരണം മുസ്‌ലിംകളോട് രാജിയാവാന്‍ കഴിയാതെ ഡമസ്‌കസ് വിട്ടുപോന്ന ഒരു സിറിയന്‍ അഭയാര്‍ഥിയുടെ പേരക്കുട്ടികളിലൊരാളായതിനാലാവും, യഥാര്‍ഥ ഇസ്‌ലാം മത വിശ്വാസികള്‍ക്ക് ഞാന്‍ സ്വീകാര്യയാവുമോ എന്നൊരു ഭയം എന്നും എനിക്കുണ്ടായിരുന്നു. 9/11 സംഭവത്തിന് ശേഷം, മീഡിയയില്‍ തുടര്‍ച്ചയായി പ്രത്യക്ഷപ്പെടുന്ന ഇസ്‌ലാമും തീവ്രവാദവും പരസ്പരം ഇടകലര്‍ത്തിയുള്ള റിപ്പോര്‍ട്ടുകളും, എന്തിന് പലചരക്ക് കടകളിലോ തീന്‍മേശകളിലോ വെച്ച് ഞാന്‍ കേള്‍ക്കുന്ന പല ഇസ്‌ലാം വിരുദ്ധ പരാമര്‍ശങ്ങളും എന്റെ സംശയത്തിന് ബലം കൂട്ടാന്‍ മാത്രമേ ഉപകരിച്ചിരുന്നുള്ളൂ. പിന്നീട്, ഞാന്‍ ഇസ്‌ലാമിനെ പഠിച്ചു മനസ്സിലാക്കിയതെല്ലാം സമാധാന സന്ദേശമെന്ന നിലയിലായിരുന്നെങ്കിലും അബോധ തലത്തില്‍ നിന്ന് ചില ധാരണകളെ പാടെ മായ്ച്ചു കളയുക ക്ഷിപ്രസാധ്യമായിരുന്നില്ല.
പാക്കിസ്ഥാനില്‍ നിന്നുള്ള എന്റെ റൂംമേറ്റ് ഹയയെ ഞാന്‍ കാണുന്നത് നേപ്പാളിലെത്തിയ ദിവസം ഉച്ചക്ക് ഒരു മണിയോടെയാണ്. ആ യാത്രക്കും മുമ്പ് മുംബൈയിലേക്ക് നടത്തിയ ഒരു യാത്രക്കിടെ പിടികൂടിയ രോഗം കാരണം ഒട്ടും സുഖകരമായിരുന്നില്ല എന്റെ മാനസിക-ശാരീരിക നിലകള്‍. അടുത്ത രണ്ടാഴ്ചക്കാലം ഒരേ മുറി പങ്കിടേണ്ട ഒരാളോട് കാണിക്കേണ്ട പ്രസന്നഭാവം പോലും എനിക്ക് ചോര്‍ന്നുപോയിരുന്നു. പക്ഷെ, അത്ര അസുഖകരവും പരിക്ഷീണവുമായ ഒരവസ്ഥയില്‍ ‘എനിക്ക് വല്ല ആവശ്യവുമുണ്ടോ? എല്ലാം ഓകെയല്ലേ’ എന്നാവര്‍ത്തിച്ചു ചോദിക്കുന്ന ഒരു മൂടുപടമിട്ട സ്ത്രീ രൂപത്തെ പേടിക്കാനോ, അതൃപ്തി ബോധിപ്പിക്കാനോ ഉള്ള കഴിവ് എന്റെ അബോധ മണ്ഡലത്തിന് പോലുമുണ്ടായിരുന്നില്ല. അന്ന് രാത്രി തന്നെ ഗാഢമായ ഒരുറക്കത്തിലേക്ക് വഴുതി വീണപ്പോള്‍ ഭീകരമായൊരു സ്വപ്‌നവും എന്നെ വേട്ടയാടി. കടുത്ത മാനസിക സംഘര്‍ഷത്തിലും, പുതിയ ഇടത്തിന്റെ അപരിചിതത്വത്തിലും ഞാന്‍ ഉറക്കത്തില്‍ സംസാരിച്ചു. ‘ആരാണിവിടെ? ആരാ ആ വരുന്നത്?’ എന്നൊക്കെ അലറിവിളിക്കുകയായിരുന്നു അന്ന് അര്‍ധരാത്രിയിലെവിടെയോ..! ഇതൊന്നുമോര്‍ക്കാതെ ഉറക്കമുണര്‍ന്ന എന്നെ ഹയയാണ് എന്തുമാത്രം ഭീതിയാണ് ഞാനവര്‍ക്ക് അന്നാ രാത്രി സമ്മാനിച്ചതെന്ന് ഓര്‍മിപ്പിക്കുന്നത്. അപ്രതീക്ഷിതമായാണെങ്കിലും ആരംഭത്തില്‍ തന്നെയുണ്ടായ ഈ ദുരനുഭവങ്ങളെയൊക്കെ മാറ്റി നിര്‍ത്താന്‍ ഞാന്‍ എന്റെ റൂംമേറ്റുകളുമായി സുദൃഢമായൊരു ബന്ധം കരുപ്പിടിപ്പിക്കാന്‍ ശ്രമം തുടങ്ങി, ഹയയും നോട്ടര്‍ ദാമില്‍ നിന്നു തന്നെയുള്ള മെയിലിനുമായിരുന്നു അവര്‍.
തുടക്കത്തില്‍ ബുര്‍ഖയില്‍ ആവൃതരായ സ്ത്രീജനങ്ങളുമായി സംസാരിക്കാന്‍ എനിക്ക് ചില പ്രതിബന്ധങ്ങളുണ്ടായിരുന്നു; അത്ര സങ്കീര്‍ണമായൊരു തിരിച്ചറിയല്‍ രീതി എനിക്ക് ചിരപരിചിതമല്ലാത്തതു തന്നെ കാരണം.
ഏതാനും ദിവസങ്ങള്‍ക്കകം, പരപുരുഷരാരുമില്ലാതെ ഞങ്ങള്‍ക്ക് കിട്ടിയ ചില അവസരങ്ങളില്‍ ബുര്‍ഖയൂരിക്കൊണ്ടുള്ള അവരുടെ നിറഞ്ഞ ചിരി കാണാന്‍ കഴിഞ്ഞതോടെ, അവരുടെ മൂടിക്കെട്ടിയ കണ്ണുകളില്‍ നിന്ന് തന്നെ ചുണ്ടിലെ നിറഞ്ഞ ചിരി തിരിച്ചറിയാന്‍ ഞാന്‍ പ്രാപ്തയായി. ഈ സ്ത്രീകളുടെ സൗന്ദര്യവും ബഹുമാനവും അന്തസ്സും ഞാന്‍ തിരിച്ചറിയാന്‍ തുടങ്ങി, അവരുടെ സവിശേഷമായ വ്യക്തിത്വങ്ങള്‍ മനസ്സിലാക്കാന്‍ സാധിച്ചു.
ഒരു ദിവസം ഹയായുടെ പേഴ്‌സില്‍ ഒരു സൂചിയിരിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. ‘എനിക്കൊന്നുമൊരു പ്രശ്‌നമല്ല’ എന്നത് പറയുന്നതു പോലെ എനിക്ക് തോന്നി. ഞാനുറക്കെ ചിരിച്ചു, കാരണം ആ സൂചി എന്റെ പുതിയ കൂട്ടുകാരിയുടെ ഊര്‍ജ്ജ്വസ്വലമായ വ്യക്തിത്വത്തെ വ്യക്തമായും പ്രതിനിധീകരിക്കുന്നുണ്ടായിരുന്നു. ഞങ്ങള്‍ മൂവരും രാക്കഥകള്‍ പറഞ്ഞ് ചിരിച്ചു, ഒന്നിച്ച് ചുറ്റിയടിച്ചു, ഷോപ്പിംഗിന് പോയി, ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു, ഒരേ ബസില്‍ യാത്ര ചെയ്തു; ഉറ്റ സൗഹൃദത്തിന്റെ പരിധിയില്‍ വരുന്നതെല്ലാം ഒന്നിച്ചാസ്വദിച്ചു. ലഘുഭക്ഷണങ്ങളും പനിനീരും കഥകളും ഞങ്ങള്‍ പങ്കിട്ടു. പരിപാടിയുടെ അവസാന രാത്രികളിലൊന്നില്‍, പലഹാരങ്ങള്‍ വാങ്ങാന്‍ പുറത്തുപോയ വേളകളിലൊന്നില്‍ എനിക്കും മെയ്‌ലിനുമണിയിക്കാന്‍ ഹയ മൈലാഞ്ചി പേസ്റ്റ് വാങ്ങി. മദ്‌റസാ ഡിസ്‌കോഴ്‌സ് പ്രോഗ്രാമിലെ ഊര്‍ജ്വസ്വലയായ പാര്‍ട്ടിസിപ്പന്റും നിരവധി പേര്‍ക്ക് ഖുര്‍ആന്‍ പഠിപ്പിക്കുന്ന മികച്ച ഒരു അധ്യാപികയും (അതിനാണവള്‍ക്ക് പാക്കിസ്ഥാന്‍ പ്രസിഡന്റിന്റെ അവാര്‍ഡ് ലഭിച്ചത്) മാത്രമായിരുന്നില്ല; അതിശയിപ്പിക്കുന്ന ഒരു മൈലാഞ്ചി കലാകാരി കൂടിയായിരുന്നു അവള്‍.
പരിപാടിയുടെ അവസാന ദിവസം, ഹയ മെയ്‌ലിനെ അവളുടെ വസ്ത്രമൊന്ന് ധരിക്കാന്‍ പ്രലോഭിപ്പിച്ച് വശത്താക്കുന്നതില്‍ വിജയിച്ചു. പരസ്പരം വസ്ത്രങ്ങള്‍ പങ്കുവെക്കുന്നത് സൗഹൃദത്തിന്റെയും സോളിഡാരിറ്റിയുടെയും മനോഹര നിമിഷങ്ങളായിരുന്നു. ഞങ്ങളുടെ വ്യത്യസ്ത രീതിയിലുള്ള വസ്ത്ര ശൈലികളുടെ വിഭജനത്തില്‍ കടിച്ചുതൂങ്ങുന്നതിന് പകരം, ധരിക്കുന്ന വസ്ത്രത്തിന്റെ പേരില്‍ ഒരിക്കലും നിര്‍വചിക്കപ്പെടാത്ത സ്ത്രീകള്‍ മാത്രമായി ഞങ്ങള്‍ മാറി. പരിപാടിയില്‍ ഒരു പുതിയ വിദ്യാര്‍ഥി വന്നിട്ടുണ്ടെന്ന വ്യാജ്യേന പ്രൊഫസര്‍ മൂസയെ തെറ്റിദ്ധരിപ്പിക്കാനുള്ള ഒരുപായം കൂടിയായിരുന്നു അത്.
ഞാന്‍ ഇന്ത്യയിലേക്ക് തിരികെ വിമാനം കയറുമ്പോള്‍, പതിനേഴാം നിരയില്‍ ഇരിക്കുന്ന ബുര്‍ഖ ധരിച്ച ഒരു സ്ത്രീയെ ശ്രദ്ധിച്ചു. പെട്ടെന്നു തന്നെ ഞാന്‍ എന്റെ ബോര്‍ഡിംഗ് പാസ് പരിശോധിച്ചു, അവള്‍ക്കരികിലായി ഒരിടം കിട്ടുമെന്ന പ്രതീക്ഷയോടെ (ഖേദകരം, ഞാനടുത്തൊന്നുമായിരുന്നില്ല). പേടിയോ വെറുപ്പോ നിറഞ്ഞ എന്റെ ഉപബോധ മനസ്സിന്റെ സ്ഥാനത്ത് സ്‌നേഹവും സൗഹൃദവും നിറഞ്ഞൊരു ഉപബോധ മനസ്സ് പ്രത്യക്ഷപ്പെട്ടുവെന്ന് ഞാന്‍ തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്.
മദ്‌റസാ സംവാദ നാളുകളില്‍ അഭിമുഖീകരിച്ച ദൈവശാസ്ത്ര സംബന്ധിയായ ചോദ്യങ്ങള്‍ ഞാന്‍ ബോധപൂര്‍വം ഇസ്‌ലാമിനെ കുറിച്ച് ചിന്തിച്ച കാര്യങ്ങളെയും കാര്യമായി മാറ്റിമറിച്ചിരുന്നു. ഇസ്‌ലാമിന്റെ നിയമം, ചരിത്രം, അധ്യാപനങ്ങള്‍ എന്നിവയെ കുറിച്ചുള്ള എന്റെ പരിമിതമായ ധാരണയുടെ പുറത്ത് രൂപപ്പെട്ടതായിരുന്നു അത്. ക്രിസ്ത്യാനിസത്തെ പറ്റിയും ആധുനിക ലോകവുമായി അതിന്റെ ബന്ധത്തെ കുറിച്ചുമുള്ള എന്റെ ചിന്തകള്‍ വരെ മാറിമറിഞ്ഞിരുന്നു. അവിടെ നടന്ന ചര്‍ച്ചകള്‍ ബൈബിളിനെ അക്ഷരാര്‍ഥത്തില്‍ മനസ്സിലാക്കേണ്ട ഒരു യൂണിവേഴ്‌സല്‍ ഗ്രന്ഥമാണെന്ന എന്റെ കാഴ്ചപ്പാടിനെ മാറ്റി അവതീര്‍ണമായ സന്ദര്‍ഭത്തെ കൂടെ കണക്കിലെടുത്ത് മനസ്സിലാക്കേണ്ട ടെക്സ്റ്റാണെന്ന ധാരണ ശക്തിപ്പെടുത്തി. മാറ്റത്തിന് വഴിപ്പെടാതെ നില്‍ക്കുന്നതിലപ്പുറം പുരോഗതി പ്രാപിക്കുന്ന ലോകത്തിനൊപ്പം വളരാനാകുന്നതാണ് മതമെന്നറിഞ്ഞത് ഏറെ നവോന്മേഷം പകരുന്നതായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഈ ചിന്തകള്‍ എന്റെ ലോക കാഴ്ചപ്പാടിലുണ്ടാക്കിയത് വിപ്ലവകരമായ മാറ്റങ്ങളായിരുന്നു. എങ്കിലും, മദ്‌റസാ ഡിസ്‌കോഴ്‌സ് പ്രോഗ്രാമില്‍ വെച്ച് ഞാനുണ്ടാക്കിയ സൗഹൃദങ്ങളായിരുന്നു ഈ വിപ്ലവങ്ങള്‍ക്കുമപ്പുറത്തുള്ള എന്തോ ഒന്ന്. എന്റെ അബോധമനസ്സില്‍ ആഴ്ന്നിറങ്ങിയ ചിന്തകളെയും മുസ്‌ലിംകളോടുള്ള, പ്രത്യേകിച്ച മുസ്‌ലിം സ്ത്രീകളോടുള്ള എന്റെ പെരുമാറ്റത്തെയും അവ മാറ്റി മറിച്ചു. എന്റെ ക്ലാസുകള്‍ക്കും പുസ്തകങ്ങള്‍ക്കും എന്റെ മാത്രം പരിശ്രമങ്ങള്‍ക്കുമൊന്നുമാവാത്തതായിരുന്നു അത്. ഞാന്‍ നേപ്പാള്‍ വിട്ടത് എനിക്കൊരിക്കലും മനസ്സിലാവില്ലെന്ന് ഞാന്‍ ഭയന്ന ചിലരുമായുള്ള അമൂല്യ സൗഹൃദമെന്ന സമ്മാനവും കൊണ്ടായിരുന്നല്ലോ.
*2017 മുതല്‍ മുസ്‌ലിം മതനേതൃത്വത്തെ വാര്‍ത്തെടുക്കാന്‍ വേണ്ടി മത മൈത്രി, സയന്‍സ്, സാങ്കേതിക പുരോഗതി, പ്ലൂരലിസം എന്നിവ അടിസ്ഥാനപ്പെടുത്തി സംഘടിപ്പിക്കുന്ന പരിപാടിയാണ് മദ്‌റസാ ഡിസ്‌കോഴ്‌സ് പ്രോഗ്രാം
