Thelicham

ഹിന്ദുത്വ ദേശീയതയുടെ ഉന്മാദങ്ങള്‍

ക്ലാസിക്കല്‍ ഫാഷിസത്തെ കുറിച്ച് ജര്‍മന്‍ കമ്യൂണിസ്റ്റ് നേതാവായിരുന്ന ഗ്യോര്‍ഗി ദിമിത്രോവിന്റെ നിര്‍വചനത്തെ ആധാരമാക്കിയാണ് ബിജെപി ഒരു ഫാഷിസ്റ്റ് പാര്‍ട്ടിയല്ല എന്ന നിഗമനത്തില്‍ സൈദ്ധാന്തിക മാര്‍ക്‌സിസ്റ്റായ പ്രകാശ് കാരാട്ട് എത്തിച്ചേര്‍ന്നത്. ദിമിത്രോവിന്റെ നിര്‍വചനത്തിന്റെ അക്ഷരാര്‍ത്ഥം മാത്രം പകര്‍ത്തിയെടുക്കുമ്പോള്‍ ഈ പിഴച്ച നിഗമനം സ്വാഭാവികമാണ്. സാമൂഹിക വിശകലനത്തിന് പുസ്തകങ്ങളെ മാത്രം ആശ്രയിക്കുകയും ജനങ്ങളുടെ ദൈനംദിന ജീവിതത്തിലെ അനുഭവ യാഥാര്‍ത്ഥ്യങ്ങളെ അവഗണിക്കുകയും ചെയ്യുന്ന ഏതൊരാള്‍ക്കും സംഭവിക്കാവുന്ന പിഴവ് തന്നെയാണ് കാരാട്ടിന്റേത്. ഫാഷിസം അതിന്റെ ക്ലാസിക്കല്‍ തല്‍സ്വരൂപത്തില്‍ മാത്രമേ ലോകത്തെങ്ങും പ്രവര്‍ത്തിക്കുകയുള്ളൂ എന്ന ലളിത സമവാക്യത്തിന്റെ പ്രത്യക്ഷ നിരാകരണമാണ്, ഒരു രാഷ്ട്രം സ്വയം ഫാഷിസ്റ്റ് ഘടനയായി പ്രവര്‍ത്തിക്കുന്ന ഇസ്രായേല്‍. ഭരണപക്ഷ പ്രതിപക്ഷ ഭിന്നതകളില്ലാതെ ഇസ്രായേല്‍ അതിന്റെ ഫാഷിസ്റ്റ് ലക്ഷ്യത്തില്‍ ഒറ്റക്കെട്ടാണ്. കറുത്തവര്‍ക്കും  കുടിയേറ്റക്കാര്‍ക്കുമെതിരായ വംശീയവെറിയെ രാഷ്ട്രീയ ആയുധമാക്കി ജനാധിപത്യ രീതിയില്‍ അധികാരം കയ്യടക്കിയ ഡൊണാള്‍ഡ് ട്രംപ് അമേരിക്കയില്‍ നടത്തിക്കൊണ്ടിരിക്കുന്ന പുത്തന്‍ പരീക്ഷണങ്ങളില്‍ ഇസ്രായേലില്‍ നിന്ന് പകര്‍ത്തിയ പാഠങ്ങളുണ്ട്.

ആധുനിക ലോകത്ത് ലെനിനിസ്റ്റ് മാവോയിസ്റ്റ് മാതൃകയിലുള്ള വര്‍ഗവിപ്ലവം അസാധ്യമായതുപോലെ ഹിറ്റ്‌ലര്‍ മുസോളിനി മാതൃകയിലുള്ള ഫാഷിസവും അസാധ്യമാണ്. എന്നാല്‍, പാര്‍ലമെന്ററി ജനാധിപത്യ പാതയില്‍ ജനകീയ ജനാധിപത്യ വിപ്ലവ പരിപാടിയിലൂടെ സോഷ്യലിസ്റ്റ് രാഷ്ട്ര സംസ്ഥാപനം ലക്ഷ്യം വെക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയെ പോലെതന്നെ, ഹിന്ദുത്വരാഷ്ട്രം എന്ന പരമലക്ഷ്യം നേടാനുള്ള സംഘ്പരിവാറിന്റെ മാര്‍ഗവും അതെ പാര്‍ലമെന്ററി ജനാധിപത്യം തന്നെയാണ്. അതുകൊണ്ടാണ് ഇന്ത്യയിലെ ഹിന്ദുത്വ സംഘ്പരിവാര്‍ ലോകത്തെ ഏറ്റവും ശക്തമായ നവഫാഷിസ്സ് രൂപമായി നിലനില്‍ക്കുന്നത്. ഇന്ത്യയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയും രാഷ്ട്രീയ സ്വയംസേവക് സംഘവും രൂപം കൊണ്ടത് 1925ലാണ്. സെപ്റ്റംബര്‍ 27ന് ആര്‍ എസ് എസും ഡിസംബര്‍ 26ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയും. രൂപീകരണത്തിന്റെ ഒരു നൂറ്റാണ്ടിലേക്ക് പ്രവേശിക്കുമ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പലതായി ഭിന്നിക്കുകയും ഇന്ത്യന്‍ രാഷ്ട്രീയ ഭൂപടത്തില്‍ നിന്ന് ഏതാണ്ട് മാഞ്ഞുപോവുകയും ചെയ്യുകയാണ്. എന്നാല്‍, സംഘ്പരിവാര്‍ അനുദിനം ശക്തി പ്രാപിച്ച് ഇന്ത്യയിലെ പുത്തന്‍ അധികാരശക്തിയായി മാറുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടി, വിപ്ലവമാര്‍ഗത്തെ ചൊല്ലിയുള്ള ഭിന്നതകളില്‍ തട്ടി ചിതറി നാമാവശേഷമാകുമ്പോള്‍ ആര്‍ എസ് എസ് പരസ്പര ഭിന്നതകളില്ലാത്ത അനേകം സംഘടനകള്‍ ഒരു കേന്ദ്ര നേതൃത്വത്തിന് കീഴില്‍ ഹിന്ദുത്വരാഷ്ട്രം എന്ന ഏകലക്ഷ്യത്തിലേക്ക് മുന്നേറുന്ന സുശക്തമായ ഒരു പരിവാരമായി മാറിയിരിക്കുന്നു. ഒരേ സാമൂഹിക രാഷ്ട്രീയ ചരിത്ര സന്ദര്‍ഭങ്ങളില്‍ ഇന്ത്യയില്‍ രൂപം കൊള്ളുകയും സൈനിക അര്‍ദ്ധ/സൈനിക സംഘടനാരീതികള്‍ അവലംബിക്കുകയും ചെയ്യുന്ന രണ്ട് പ്രസ്ഥാനങ്ങള്‍ക്ക് കഴിഞ്ഞ ഒരു നൂറ്റാണ്ടിലുണ്ടായ വിജയ പരാജയങ്ങളെ വിലയിരുത്തുമ്പോള്‍, ഇന്ത്യന്‍ സാമൂഹിക രാഷ്ട്രീയ ഘടനയില്‍ ഒരു നൂറ്റാണ്ടിന്റെ ചരിത്രത്തില്‍ സംഭവിച്ച അടിസ്ഥാനപരമായ മാറ്റങ്ങളുടെ നേര്‍ചിത്രം തെളിഞ്ഞുവരും.

ഹിന്ദുത്വരാഷ്ട്രം എന്ന സ്ഥാപിത/പ്രഖ്യാപിത ലക്ഷ്യം കൈവരിക്കാന്‍ ആര്‍ എസ് എസ് ഗണിച്ചുവെച്ച കാലപരിധി അതിന്റെ നൂറാം സ്ഥാപകവര്‍ഷമാണെന്ന് നിരവധി സാമൂഹിക രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തൊണ്ണൂറ്റഞ്ച് വര്‍ഷത്തെ ചരിത്രത്തില്‍ സംഘ്പരിവാര്‍ കൈവരിച്ച നേട്ടങ്ങളെ പ്രാഥമിക പഠനത്തിന് വിധേയമാക്കുന്ന ഏതൊരാള്‍ക്കും അത് ലക്ഷ്യത്തിലേക്ക് ചുവടുവെക്കുകയാണെന്ന് കണ്ടെത്താന്‍ കഴിയും. ആറെസ്സെസ് ബുദ്ധികേന്ദ്രങ്ങള്‍ മെനഞ്ഞെടുത്ത ദീര്‍ഘകാല പദ്ധതിയിലെ രാഷ്ട്രീയ ചുവടുകളും ചുവടുമാറ്റങ്ങളും അതീവ തന്ത്രപരമായി ആസൂത്രണം ചെയ്യപ്പെട്ടവയാണെന്നും തിരിച്ചറിയാന്‍ കഴിയും. പിഴവുകളില്ലാത്ത ആസൂത്രണത്തിലൂടെ സംഘ്പരിവാര്‍ കൈവരിച്ച ഹിന്ദുത്വ പദ്ധതിയുടെ ആത്യന്തിക വിജയമാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബിജെപി നേടിയെടുത്ത ഏകപക്ഷീയമായ തെരഞ്ഞെടുപ്പ് വിജയം. അതിനാല്‍, രാജ്യത്തുയര്‍ന്നു കേള്‍ക്കുന്ന ‘മോദി മോദി’ ആരവങ്ങള്‍ ഹിന്ദുത്വ രാഷ്ട്ര ശിലാന്യാസത്തിന് പുറപ്പെടുന്ന രഥയാത്രകളില്‍ നിന്നാണ്.

ഇന്ത്യയിലാദ്യമായി ഒരു കോണ്‍ഗ്രസിതര സര്‍ക്കാര്‍ അധികാരത്തിലേറുന്നത് 1977 ലെ മൊറാര്‍ജി ദേശായി സര്‍ക്കാറാണ്. അടിയന്തരാവസ്ഥാനന്തര രാഷ്ട്രീയത്തിന്റെ പ്രത്യക്ഷഫലമായി രൂപം കൊണ്ട ആ സര്‍ക്കാര്‍ അടിസ്ഥാനപരമായി ആര്‍ എസ് എസിന്റെ നിര്‍മ്മിതിയാണ്. അതിനുവേണ്ടി, സംഘ്പരിവാറിന്റെ പാര്‍ലമെന്ററി രാഷ്ട്രീയ രൂപമായിരുന്ന ഭാരതീയ ജനസംഘത്തെ അതിന്റെ പ്രത്യയശാസ്ത്ര ധാരയില്‍ നിന്ന് ഭിന്നമായ സോഷ്യലിസ്റ്റ് രാഷ്ട്രീയത്തില്‍ ലയിപ്പിക്കാന്‍ പോലും ആര്‍ എസ് എസ തയ്യാറായി. സ്വാതന്ത്ര്യാനന്തരം മൂന്നര പതിറ്റാണ്ട് നീണ്ടുനിന്ന കോണ്‍ഗ്രസ് ഭരണകൂടത്തെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ സാധ്യമാണെന്ന് തെളിയിക്കുകയും കോണ്‍ഗ്രസ് വിരുദ്ധ രാഷ്ട്രീയ കക്ഷികള്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന് അവരെ ഏകോപിപ്പിക്കുകയുമാണ് ആ രാഷ്ട്രീയ നീക്കത്തിലൂടെ സംഘ്പരിവാര്‍ ലക്ഷ്യം വെച്ചത്. 1989 ലെ വി.പി സിംഗ് സര്‍ക്കാരിനെ അധികാരത്തിലേറ്റി, പ്രതിപക്ഷ ഐക്യത്തിലൂടെ കോണ്‍ഗ്രസിതര ഭരണം എന്നത് ഇന്ത്യയിലെ ബഹുകക്ഷി രാഷ്ട്രീയ ഘടനയില്‍ സാധ്യമായ ഒരു തുടര്‍ പ്രതിഭാസമാണെന്ന് തെളിയിക്കുന്നതിലും ആര്‍ എസ് എസ് വിജയിച്ചു. പ്രത്യയശാസ്ത്രപരമായി ഭിന്നചേരികളില്‍ നില്‍ക്കുന്ന 22 പ്രതിപക്ഷ പാര്‍ട്ടികളെ ഏകോപിപ്പിച്ചു കൊണ്ട് രൂപം നല്‍കിയ ദേശീയ ജനാധിപത്യ സഖ്യത്തിലൂടെ അധികാരത്തിലേറിയ വാജ്‌പേയിയുടെ സര്‍ക്കാര്‍, മുന്നണി രാഷ്ട്രീയത്തെ വിജയകരമായി നയിക്കാന്‍ കെല്‍പ്പുള്ള മുഖ്യ ദേശീയകക്ഷിയാണ് ബിജെപിയെന്ന സന്ദേശം നല്‍കുന്നതില്‍ വിജയിച്ചു. ചരിത്രത്തിലാദ്യമായി ഭരണകാലാവധി പൂര്‍ത്തിയാക്കിയ കോണ്‍ഗ്രസിതര സര്‍ക്കാര്‍ എന്ന ഖ്യാതിയിലൂടെ ഭരണസ്ഥിരത ഉറപ്പു നല്‍കാന്‍ കഴിയുന്ന പാര്‍ട്ടി എന്ന വിശ്വാസ്യത നേടിയെടുക്കുകയും ചെയ്തു. 2014 ല്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി അധികാരത്തിലേറിയ ബിജെപി സര്‍ക്കാര്‍, സംഘ്പരിവാറിന്റെ പതിറ്റാണ്ടുകള്‍ നീണ്ട രാഷ്ട്രീയ പരീക്ഷണങ്ങളുടെയും തന്ത്രപരമായ ചുവടുവെപ്പുകളുടെയും ബാക്കിപത്രമാണ്. ആരുടെയും പിന്തുണ കൂടാതെ ഭരണാധികാരം കയ്യാളാനും ലോക്‌സഭയിലും രാജ്യസഭയിലും ഭൂരിപക്ഷം ഉറപ്പാക്കി സംഘ്പരിവാര്‍ അജണ്ടകള്‍ക്കനുസരിച്ച് നിയമ നിര്‍മാണം നടത്താനും കഴിയുന്ന ഏകാധികാര ശക്തിയായാണ് രണ്ടാം വരവില്‍ നരേന്ദ്രമോദി പ്രധാനമന്ത്രി സ്ഥാനത്തിരിക്കുന്നത്.

2014ല്‍ നരേന്ദ്രമോദി അധികാരത്തിലേറിയത് മുതല്‍ തന്നെ ബിജെപി വിരുദ്ധ രാഷ്ട്രീയം ഇന്ത്യയില്‍ ഐക്യപ്പെടുന്നതും ശക്തിപ്പെടുന്നതും കാണാം. മുഖ്യ പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസും ബിജെപിയുടെ തേരോട്ടത്തില്‍ രാഷ്ട്രീയാടിത്തറ നഷ്ടപ്പെട്ട എസ്പി, ബിഎസ്പി എഎപി തുടങ്ങിയ കക്ഷികളും രാഷ്ട്രീയപ്പോരാട്ടത്തിന്റെ കുന്തമുന ബിജെപിക്ക് നേരെ തിരിച്ചുവെച്ചു. കര്‍ണാടക മധ്യപ്രദേശ് രാജസ്ഥാന്‍ ഛത്തീസ്ഗഡ് മുതലായ സംസ്ഥാനങ്ങളില്‍ ഭരണം പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കും കഴിഞ്ഞു. ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുകളില്‍ നിരവധി ബിജെപി കോട്ടകളില്‍ സഖ്യശക്തികള്‍ വിജയം നേടി. അതോടൊപ്പം ടിഡിപി അടക്കമുള്ള നിരവധി സഖ്യകക്ഷികള്‍ ബിജെപിയുമായി ബന്ധം വിഛേദിക്കുകയും ബിജെപിയെ പുറത്തുനിന്ന് പിന്തുണച്ചിരുന്ന ബിജെഡി ടിആര്‍എസ് മുതലായ കക്ഷികള്‍ തന്ത്രപരമായ അകലം പാലിക്കുകയും ചെയ്തു. ഹിന്ദുത്വ രാഷ്ട്രീയത്തില്‍ ബിജെപിയുടെ ഉറ്റതോഴരായ ശിവസേന പോലും മോദി വിരുദ്ധ കോലാഹലങ്ങള്‍ സൃഷ്ടിച്ചു. എംഎല്‍എമാരും എംപിമാരുമടക്കം നിരവധി മുതിര്‍ന്ന നേതാക്കള്‍ ബിജെപി വിട്ടുപോയി. ബിജെപിയുടെ സ്ഥാപകനേതാക്കളായ അദ്വാനിയും മുരളി മനോഹര്‍ ജോഷിയും മോദിക്കെതിരായ വിമര്‍ശനങ്ങളെ നിശബ്ദം പിന്തുണച്ചു. യശ്വന്ത് സിന്‍ഹ, ശത്രുഘ്‌നന്‍ സിന്‍ഹ, അരുണ്‍ ഷൂരി മുതലായ നേതാക്കള്‍ പരസ്യമായി രംഗത്തുവന്നു. ചുരുക്കത്തില്‍, കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്ത് ബിജെപിയെ രാഷ്ട്രീയമായി തുറന്നു കാട്ടുകയും ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്ന നിരവധി ഘടകങ്ങള്‍ ഉയര്‍ന്നു വരികയുണ്ടായി.

ബിജെപിയെ മുഖ്യശത്രു സ്ഥാനത്ത് നിര്‍ത്തിക്കൊണ്ടാണ് ഇന്ത്യയിലെ പ്രമുഖ സംസ്ഥാനങ്ങളില്‍ പ്രതിപക്ഷ കക്ഷികളുടെ തെെരഞ്ഞെടുപ്പ് രാഷ്ട്രീയം മുന്നോട്ടു പോയിട്ടുള്ളതെന്ന് കാണാം. പരമ്പരാഗത രാഷ്ട്രീയ ശത്രുക്കളായ എസ്പിയും ബിഎസ്പിയും ഉത്തര്‍പ്രദേശില്‍ ഐക്യപ്പെട്ടു. കോണ്‍ഗ്രസുമായി തന്ത്രപരമായ ബന്ധം നിലനിര്‍ത്തി. കര്‍ണാടകയില്‍ ജെഡിഎസ് കോണ്‍ഗ്രസുമായി ചേര്‍ന്നു. ആന്ധ്രയിലെ കോണ്‍ഗ്രസ് വിരുദ്ധ രാഷ്ട്രീയത്തിന്റെ ഉല്‍പ്പന്നമായ ടിഡിപി പോലും ദേശീയ തലത്തില്‍ കോണ്‍ഗ്രസിനെ പിന്തുണച്ചു. തമിഴ്‌നാട്ടില്‍ ഡിഎംകെ കോണ്‍ഗ്രസ് ബന്ധം പുനസ്ഥാപിച്ചു. ബംഗാളിലും ഡല്‍ഹിയിലും കോണ്‍ഗ്രസിനെതിരെ മല്‍സരിച്ച തൃണമൂല്‍ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിനോട് മൃദുസമീപനം സ്വീകരിച്ചു. നിരവധി സംസ്ഥാനങ്ങളില്‍ ചെറുകക്ഷികള്‍ കോണ്‍ഗ്രസുമായി ഐക്യപ്പെട്ടു. അതോടൊപ്പം, അഞ്ചുവര്‍ഷക്കാലത്തെ മോദി ഭരണത്തിന്റെ പരാജയങ്ങളെ തുറന്നു കാട്ടുന്ന പ്രചരണങ്ങള്‍ക്ക് സംയുക്ത നേതൃത്വം നല്‍കാനും പ്രതിപക്ഷ കക്ഷികള്‍ യോജിച്ചുനിന്നു.

നരേന്ദ്രമോദിയുടെ ഭരണം രാജ്യത്തിന്റെ മതേതര ജനാധിപത്യ ചട്ടക്കൂടിനെയും സാമ്പത്തിക അടിത്തറയെയും തകര്‍ക്കുകയും സാമൂഹിക സാംസ്‌കാരിക സംഘര്‍ഷങ്ങള്‍ക്ക് വിത്തുപാകുകയും ചെയ്യുന്ന ആപല്‍ഭീഷണി പ്രതിപക്ഷ കക്ഷികള്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതിനെതിരായ ജാഗ്രതയാണ് ഐക്യത്തിന്റെ മൂലഘടകമായി പ്രവര്‍ത്തിച്ചത്. എന്നാല്‍, പ്രതിപക്ഷത്തിന്റെ തന്ത്രപരമായ ഐക്യവും മുന്നൊരുക്കങ്ങളും ബിജെപി ഭരണം അവസാനിപ്പിക്കാന്‍ സഹായകമായില്ല എന്ന വസ്തുത ഇപ്പോള്‍ നമ്മുടെ മുന്നിലുണ്ട്. 31 ശതമാനം വോട്ടുകള്‍ നേടി 2014 ല്‍ ഭരണം പിടിച്ചെടുത്ത മോദി 2019 ല്‍ വീണ്ടും അധികാരത്തിലേറുന്നത് ഏകദേശം 50 ശതമാനത്തില്‍ കൂടുതല്‍ വോട്ടുകള്‍ നേടിയാണ് എന്ന് കാണാം. പല സംസ്ഥാനങ്ങളിലും പ്രതിപക്ഷ ശക്തിയെ ഭിന്നിപ്പിച്ച മോദി അമിത് ഷാ കൂട്ടുകെട്ടിന്റെ തന്ത്രം ഇത്തവണയും ഫലപ്രദമായി പ്രവര്‍ത്തിച്ചതും കാണാം. രണ്ട് കാര്യങ്ങള്‍ ഇവിടെ പ്രസക്തമാണ്. ഒന്ന്: മോദിയെ അധികാരത്തില്‍ നിന്ന് പുറന്തള്ളുക എന്ന മുഖ്യലക്ഷ്യം സത്യസന്ധമായി ഉള്‍ക്കൊള്ളാന്‍ പ്രതിപക്ഷം തയ്യാറായിരുന്നില്ല. രാജ്യത്തെ മതേതര ജനാധിപത്യവും സാമ്പത്തിക ഘടനയും സാമൂഹിക സാംസ്‌കാരിക ജീവിതവും അപകടത്തിലാക്കുന്ന മോദി ഭരണകൂടത്തെ താഴെയിറക്കുന്നതിനേക്കാള്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ മുന്‍ഗണന ഫലത്തില്‍ തങ്ങളുടെ രാഷ്ട്രീയ സ്വാധീനവും സംഘടനാ താല്‍പര്യങ്ങളും സംരക്ഷിക്കുന്നതിലായിരുന്നു. യുപിയിലെ മഹാസഖ്യം കോണ്‍ഗ്രസുമായി തന്ത്രപരമായ തെരഞ്ഞെടുപ്പ് ബന്ധം പുലര്‍ത്തി എന്ന് പറയുമ്പോള്‍ തന്നെ സഖ്യത്തില്‍ നിന്ന് കോണ്‍ഗ്രസിനെ അകറ്റി നിര്‍ത്തുന്നതില്‍ മായാവതി കാണിച്ച കടുംപിടുത്തം കാണാതിരിക്കാനാവില്ല. ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുടെ സമീപനത്തിലും കക്ഷിരാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് നല്‍കിയ മുന്‍ഗണന കാണാം. ബിജെപിയെ ചെറുക്കുന്ന ഒറ്റശക്തിയാകാനും രാജ്യത്തുടനീളം ഏകീകൃത പ്രതിപക്ഷമാവാനും മോദി വിരുദ്ധ ശക്തികള്‍ക്ക് കഴിയാതെ പോയി. പകരം, മോദി വിരുദ്ധ രാഷ്ട്രീയത്തിന്റെ നേതൃത്വം ഏറ്റെടുക്കാനുള്ള മല്‍സരത്തിലാണ് അവരേര്‍പ്പെട്ടത്. ബംഗാളിലും തൃപുരയിലും ഇടതുപക്ഷ വോട്ടര്‍മാരുടെ മുഖ്യശത്രു ബിജെപിയായിരുന്നില്ല എന്നത് അവരുടെ മോദിവിരുദ്ധ വായ്ത്താരികളുടെ അര്‍ത്ഥശൂന്യത വെളിവാക്കുന്നു.

രണ്ട്: പല സംസ്ഥാനങ്ങളിലും ബിജെപി വിരുദ്ധ സഖ്യങ്ങള്‍ രൂപീകരിക്കപ്പെട്ടത് കണക്കുകളുടെ മാത്രം അടിസ്ഥാനത്തിലായിരുന്നു. യുപിയും കര്‍ണാടകയും ഉദാഹരണം. യുപിയില്‍ എസ്പി ബിഎസ്പി ആര്‍എല്‍ഡി പാര്‍ട്ടികള്‍ മുന്‍ തെരെഞ്ഞെടുപ്പില്‍ നേടിയ വോട്ടുവിഹിതം ഒന്നിച്ചു ചേര്‍ന്നാല്‍ അറുപതോളം മണ്ഡലങ്ങളില്‍ ബിജെപി പരാജയപ്പെടുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തിനും കണക്കുകളില്‍ മൃഗീയമായ മേധാവിത്വമുണ്ടായിരുന്നു. എന്നാല്‍ ഈ രണ്ടിടത്തും അമ്പരപ്പിക്കുന്ന വിജയം ബിജെപി നേടി. കക്ഷിരാഷ്ട്രീയപരമായ ശക്തിബന്ധങ്ങളെ അപ്രസക്തമാക്കുകയാണ് ഈ തെരെഞ്ഞെടുപ്പ്. കക്ഷിരാഷ്ട്രീയ യുക്തികളെ അപ്രസക്തമാക്കുന്ന ജാതി മത സാമുദായിക ഘടകങ്ങള്‍ ഉയര്‍ന്നുവന്നിരിക്കുന്നു. അഞ്ചുവര്‍ഷത്തെ അധികാരവാഴ്ചയില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തെ ഘടനാപരമായി അട്ടിമറിക്കുന്നതില്‍ നരേന്ദ്രമോദി വിജയിച്ചിരിക്കുന്നു. ഇന്ത്യയിലെ മുഴുവന്‍ പ്രതിപക്ഷവും വോട്ടുവിഹിതത്തിന്റെ അടിസ്ഥാനത്തില്‍ ഒന്നിച്ചുനിന്നാല്‍ പോലും അമ്പതു ശതമാനം വോട്ടുനേടിയ നരേന്ദ്രമോദിയെ പരാജയപ്പെടുത്താന്‍ കഴിയുമായിരുന്നോ എന്ന സന്ദേഹം നിലനില്‍ക്കുന്നു.

ഈ വസ്തുതയെ സ്ഥിരീകരിക്കുന്ന ഒരു ഘടകം കൂടിയുണ്ട്. അഞ്ചുവര്‍ഷത്തെ ബിജെപി ഭരണത്തില്‍ മഹാഭൂരിപക്ഷം ജനങ്ങള്‍ അനുഭവിച്ച കെടുതികള്‍ വോട്ടെടുപ്പ് വേളയില്‍ യാതൊരു വിധ സ്വാധീനവും ചെലുത്തിയിട്ടില്ല എന്നതാണത്. ഇന്ത്യന്‍ മധ്യവര്‍ഗത്തിന്റെ നട്ടെല്ലൊടിച്ച നോട്ടുനിരോധനവും, വ്യാപാര വ്യവസായ സേവന മേഖലകളെ പ്രതിസന്ധിയിലാക്കിയ ജിഎസ്ടിയും നഗരമേഖലാ വോട്ടര്‍മാരില്‍ സ്വാധീനമുണ്ടാക്കിയില്ല. രൂക്ഷമായ തൊഴിലില്ലായ്മയും ദിനംപ്രതി നടന്ന കര്‍ഷക ആത്മഹത്യകളും ഗ്രാമീണ വോട്ടര്‍മാരെ ബിജെപിക്കെതിരാക്കിയില്ല. കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളിയ കര്‍ണ്ണാടക രാജസ്ഥാന്‍ മധ്യപ്രദേശ് ഛത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ പോലും ബിജെപി ഏകപക്ഷീയമായ വിജയമാണ് നേടിയത്. പൗരത്വബില്ലിനെ ചൊല്ലി സംഘര്‍ഷഭരിതമായ സമരങ്ങള്‍ നടന്ന ആസ്സാമിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ബിജെപി വന്‍വിജയം നേടി. ബംഗാളില്‍ കുതിച്ചുകയറി. പശുരാഷ്ട്രീയത്തിന്റെ പേരില്‍ ആള്‍ക്കൂട്ട കൊലകള്‍ നടന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ദലിത് കീഴാള പ്രക്ഷോഭങ്ങള്‍ വോട്ടെടുപ്പ് വേളയില്‍ വിസ്മരിക്കപ്പെട്ടു. ചുരുക്കത്തില്‍ ഹിംസാത്മക ഹിന്ദുത്വവാദം ജാതീയ സ്വത്വത്തിനും രാഷ്ട്രീയ വിശ്വാസത്തിനും അതീതമായ മതദേശീയതയായി ഉയര്‍ന്നുവന്നിരിക്കുന്നു. ഇന്ത്യയിലെ മൃദുഹൈന്ദവ മതേതര ദേശീയത ഹിന്ദുത്വ ദേശീതയിലേക്കുള്ള പാതയില്‍ ബഹുദൂരം സഞ്ചരിച്ചു കഴിഞ്ഞു. ജനങ്ങളുടെ ദൈനംദിന ജീവിത സമസ്യകളെ വിസ്മൃതമാക്കി ഹിന്ദുത്വ ദേശീയതയുടെ ഉന്മാദങ്ങള്‍ ആധിപത്യം നേടിയിരിക്കുന്നു എന്നാണ് തെരെഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്.

അഞ്ചുവര്‍ഷത്തെ ഭരണകാലത്ത് നരേന്ദ്രമോദി ബിജെപിയിലെ ഏകാധികാര ശബ്ദമായി മാറിയിരിക്കുന്നു. ബിജെപിയുടെ തെരെഞ്ഞെടുപ്പ് പ്രചാരകര്‍ ഇന്ത്യയിലൊട്ടാകെ മോദിയുടെ സന്ദേശവാഹകരായാണ് പ്രവര്‍ത്തിച്ചത്. ഓരോ ബിജെപി സ്ഥാനാര്‍ഥിയും മോദിയുടെ പ്രതിനിധികളായാണ് മല്‍സരിച്ചത്. മോദിഭരണം വീണ്ടും വരാനാണ് വോട്ട് തേടിയത്. 2014 ലെ ബഹളമയമായ മോദിപ്രഭാവത്തിന് പകരം ഇത്തവണ അത് നിശബ്ദമായി പ്രവര്‍ത്തിച്ചിരിക്കുന്നു.
‘കാവല്‍ക്കാരന്‍ കള്ളനാണ്’ എന്ന പ്രചരണത്തെ ഞാന്‍ കാവല്‍ക്കാരനാണ് എന്നവകാശപ്പെട്ടുകൊണ്ടാണ് നരേന്ദ്രമോദി പ്രതിരോധിച്ചത്. അതോടെ അനുയായിവൃന്ദം ഒന്നടങ്കം ഞങ്ങള്‍ കാവല്‍ക്കാരാണ് എന്ന് ഏറ്റെടുക്കാന്‍ മുന്നോട്ടുവന്നു. അഴിമതി അപ്രസക്തമാവുകയും നേതാവിന്റെ ശബ്ദം എല്ലാറ്റിനും മുകളില്‍ രാജ്യത്തെ ഏകശബ്ദമായിത്തീരുകയും ചെയ്യുന്നു. പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ പഴുതുകളിലൂടെ കടന്നുവന്ന പ്രധാനമന്ത്രി യഥാര്‍ത്ഥത്തില്‍ പ്രവര്‍ത്തിച്ചത് പ്രസിഡന്റിനെ പോലെയാണ്.

പാര്‍ലമെന്ററി വ്യവസ്ഥയില്‍ നിന്ന് പ്രസിഡന്‍ഷ്യല്‍ ഭരണക്രമത്തിലേക്കുള്ള മാറ്റത്തിനാണ് രണ്ടാം മോദി ഭരണത്തില്‍ ഇന്ത്യ സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. പ്രധാനമന്ത്രി പ്രസിഡന്റായും, പ്രസിഡന്റ് ഏകാധിപതിയായും മാറുക എന്നതാണ് നരേന്ദ്രമോദിക്ക് മുന്നിലുള്ള അടുത്ത ചുവട്. രാജ്യത്തിന്റെ സര്‍വാധികാരിയായ പ്രസിഡന്റ് ഹിന്ദുത്വ രാഷ്ട്രത്തിന്റെ ശിലാസ്ഥാപനത്തിനാണ് അധ്യക്ഷത വഹിക്കുക. ഹിന്ദുത്വ ദേശീയവാദ രാഷ്ട്രീയത്തെ സത്താപരമായി ദുര്‍ബലമാക്കുന്ന സാമൂഹികനീതി രാഷ്ട്രീയം കൊണ്ട് മാത്രമേ ഫാഷിസ്റ്റ് അധികാരത്തെ ചെറുക്കാനാവൂ എന്നതാണ് കാല്‍പനിക ജനാധിപത്യവാദ നേതൃത്വങ്ങള്‍ക്കും പാഠപുസ്തക സൈദ്ധാന്തികര്‍ക്കും മുന്നില്‍ ഈ തെരെഞ്ഞെടുപ്പ് ഫലം ഉയര്‍ത്തുന്ന ഏറ്റവും ശരിയായ പാഠം.

Editor Thelicham

Thelicham monthly

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.