Thelicham

ഇന്ത്യന്‍ മുസ്‌ലിംകളും രാഷ്ട്രീയ പ്രാതിനിധ്യവും

ഇന്ത്യയിലെ ഏറ്റവും വലിയ ന്യൂനപക്ഷമാണ് ജനസംഖ്യയില്‍ 14 ശതമാനം വരുന്ന മുസ്‌ലിംകള്‍. പക്ഷെ, സാമൂഹികമായും സാംസ്‌കാരികമായും രാഷ്ട്രീയമായും പിന്നാക്കം നില്‍ക്കുന്നവരില്‍ ചെറിയ ന്യൂനപക്ഷങ്ങളെക്കാള്‍ മുന്നില്‍ നില്‍ക്കുന്നതും മുസ്‌ലിംകളാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മതശക്തികളുടെ സ്വാധീനം സൃഷ്ടിച്ചെടുത്ത ഹിന്ദു – മുസ്ലിം ദ്വന്ദ്വത്തിന്റെ ദൂഷ്യഫലങ്ങള്‍ അനുഭവിക്കുന്ന വിഭാഗം കൂടിയാണ് മുസ്‌ലിംകള്‍. കഴിഞ്ഞ തവണ ഹിന്ദുത്വയില്‍ ഊന്നി ബിജെപി നേടിയ മുന്നേറ്റം മുസ്‌ലിംകളുടെ ആനുപാതിക പ്രാതിനിധ്യത്തെയും രാഷ്ട്രീയ നിലനില്‍പിനെയും അസ്തിത്വത്തെയും അപകടപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

യോഗേന്ദ്ര യാദവ് വ്യക്തമാക്കുന്നതു പോലെ ഇന്ത്യന്‍ മുസ്‌ലിംകളെ ഒരു വിഭാഗമായി പരിഗണിക്കുക സാധ്യമല്ല. കാരണം ഒരേ മനസ്സോടെ ചിന്തിക്കുന്ന, ഒരേ പാര്‍ട്ടിക്ക് വോട്ട് ചെയ്യുന്ന, ഒരേ നേതാവിനെ പിന്തുടരുന്ന വിഭാഗമല്ല മുസ്്‌ലിംകള്‍. ഇന്ത്യന്‍ സാമൂഹിക വ്യവസ്ഥിതിയുടെ ശാപമായ ജാതി സ്വത്വവും പ്രാദേശിക വാദവും മതപരമായ ഭിന്നിപ്പുകളുമെല്ലാം ഇന്ത്യന്‍ മുസ്‌ലിംകളുടെ രാഷ്ട്രീയം നിര്‍ണയിക്കുന്നതില്‍ പ്രധാനമാണ്.

ബിഹാര്‍, ഉത്തര്‍പ്രദേശ്, ആസാം, ജാര്‍ഖണ്ഡ്, കേരളം, കര്‍ണാടക, ജമ്മു കശ്മീര്‍, പശ്ചിമ ബംഗാള്‍ എന്നീ എട്ട് സംസ്ഥാനങ്ങളില്‍ 14 ശതമാനത്തിലധികം മുസ്‌ലിംകള്‍ അധിവസിക്കുന്നുണ്ട്. ഈ സംസ്ഥാനങ്ങളില്‍ പോലും അര്‍ഹമായ പ്രാതിനിധ്യമോ പരിഗണനയോ മുസ്‌ലിംകള്‍ക്ക്് ലഭിക്കുന്നില്ല. കാശ്മീര്‍ ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രി പദം പോലുള്ള പ്രമുഖ സ്ഥാനങ്ങള്‍ മുസ്‌ലിംകള്‍ക്ക് അപ്രാപ്യമായിക്കൊണ്ടിരിക്കുകയാണ്. മുമ്പ്, ആസാമില്‍ അന്‍വറ തയ്മൂര്‍ എന്ന വനിതയും മഹാരാഷ്ട്രയില്‍ എ.ആര്‍ ആന്തുലെയും ബിഹാറില്‍ അബ്ദുല്‍ ഗഫൂറും കേരളത്തില്‍ സി.എച്ച് മുഹമ്മദ് കോയയുമൊക്കെ മുഖ്യമന്ത്രിമാരായിട്ടുണ്ടെങ്കിലും ഇന്ന് സാധ്യതകള്‍ കുറഞ്ഞുപോയിരിക്കുന്നു. 7 മുതല്‍ 14 ശതമാനം വരെ മുസ്‌ലിം ജനസംഖ്യയുള്ള 10 സംസ്ഥാനങ്ങളും ഇന്ത്യയിലുണ്ട്, അവിടെയും സ്ഥിതി വ്യത്യസ്തമല്ല.

മുസ്‌ലിം വോട്ട് ആര്‍ക്ക്?
ഇന്ത്യന്‍ മുസ്‌ലിംകള്‍ ആര്‍ക്ക് വോട്ട് ചെയ്യുന്നു എന്നത് ഓരോ തെരഞ്ഞെടുപ്പിലും ചര്‍ച്ചക്ക് വരാറുണ്ട്. മുസ്‌ലിംകളുടെ വോട്ടുകള്‍ വിധി നിര്‍ണയിക്കുന്ന നിരവധി മണ്ഡലങ്ങളില്‍ ഈ ചര്‍ച്ചക്ക് ഏറെ പ്രാധാന്യവുമുണ്ട്. പക്ഷെ, മുസ്‌ലിം വോട്ടുകളുടെ ഏകീകരണം അസാധ്യമാക്കും വിധം ഇന്ത്യന്‍ രാഷ്ട്രീയം മാറിയതിനാല്‍ ഒരു പാര്‍ട്ടിയിലേക്ക് മാത്രം വോട്ടുകള്‍ എത്തിക്കുക അസാധ്യമാണ്. എങ്കില്‍ പോലും ബിജെപി വിരുദ്ധത എന്ന സമവാക്യം മുസ്‌ലിംകള്‍ക്കിടയില്‍ ഇപ്പോഴും ശക്തമായി തന്നെ നിലനില്‍ക്കുന്നുണ്ട്.

2014ലെ മോദി തരംഗം മുസ്ലിം വോട്ടുകളിലും നേരിയ മാറ്റം ഉണ്ടാക്കിയിട്ടുണ്ടെന്നാണ് സി.എസ്.ഡി.എസിന്റെ സര്‍വേ വ്യക്തമാക്കുന്നത്. എട്ട് ശതമാനം മുസ്‌ലിംകള്‍ ബിജെപിക്ക് വോട്ടു ചെയ്തു എന്നാണ് കണക്ക്. മുഖ്താര്‍ അബ്ബാസ് നഖ്‌വിയെയും നജ്മ ഹിബത്തുള്ളയെയും ഷാനവാസ് ഹുസൈനെയും ഒക്കെ മുന്നില്‍ നിര്‍ത്തി മുസ്‌ലിംകളെ വശീകരിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ ഫലം കണ്ടു എന്ന് മാത്രമല്ല, ഇതര പാര്‍ട്ടികളുടെ വിവേചന നിലപാടുകള്‍ മാറിച്ചിന്തിക്കാന്‍ ഒരു വിഭാഗത്തെ പ്രേരിപ്പിച്ചു എന്ന് വേണം കരുതാന്‍.

മറുവശത്ത് മുസ്‌ലിം വോട്ടുകള്‍ വിവിധ പാര്‍ട്ടികള്‍ക്കായി ഭിന്നിച്ച് പോയതും ബിജെപിയുടെ വിജയം എളുപ്പമാക്കി. ഉത്തര്‍പ്രദേശിലും ഡല്‍ഹിയിലും ഇത് പകല്‍ പോലെ വ്യക്തമാണ്. യു.പിയില്‍ എസ്.പി, ബി.എസ.്പി, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ ഒറ്റക്ക് മത്സരിച്ചത് മുസ്‌ലിം വോട്ടുകള്‍ ഭിന്നിക്കാന്‍ ഇടയാക്കുകയും ബിജെപിയുടെ വിജയം എളുപ്പമാവുകയും ചെയ്തു. ലേഖകന്‍ മുറാദാബാദില്‍ നടത്തിയ സന്ദര്‍ശനം ഇതിന്റെ യാഥാര്‍ത്ഥ്യം മനസിലാക്കാന്‍ സഹായിച്ചു. മുറാദാബാദ് മുസ്‌ലിം ഭൂരിപക്ഷ മണ്ഡലമാണ്. 2009ല്‍ ജയിച്ചത് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച ക്രിക്കറ്റ് താരം അസ്ഹറുദ്ദീന്‍. 2004ല്‍ ജയിച്ചത് എസ്പി. പക്ഷെ, എസ്.പിയും ബി.എസ.്പിയും കോണ്‍ഗ്രസും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയ 2014ല്‍ ബിജെപി ജയിച്ചുകയറി, 43 ശതമാനം വോട്ടുമായി. എസ്പിക്ക് 36ഉം ബി.എസ്.പിക്ക് 15ഉം കോണ്‍ഗ്രസിന് 2ഉം ശതമാനം വോട്ട് കിട്ടി. 53 ശതമാനം വോട്ടുകള്‍ ഇവര്‍ക്കിടയില്‍ ഭിന്നിച്ചപ്പോള്‍ ബിജെപിക്ക് അത് സഹായകമായി. മറ്റ് മുസ്‌ലിം സ്വാധീനമുള്ള മണ്ഡലങ്ങളിലും ഇത് തന്നെയാണ് സ്ഥിതി.

ഇന്ത്യയിലെ മുസ്്‌ലിം വോട്ടുകളുടെ ഏറ്റവും മികച്ച പ്രയോക്താക്കള്‍ കോണ്‍ഗ്രസ് തന്നെയാണ്. 1975ലെ അടിയന്തരാവസ്ഥയും 1992ലെ ബാബരി മസ്ജിദ് ധ്വംസനവും മുസ്‌ലിംകള്‍ക്കിടയില്‍ കോണ്‍ഗ്രസിന്റെ സ്വാധീനത്തിന് ഇടിവ് വരുത്തിയെങ്കിലും ദേശീയ തലത്തില്‍ ബി.ജെ.പിക്ക് ബദലാവാന്‍ കോണ്‍ഗ്രസിനേ കഴിയൂ എന്ന ചിന്ത അതിന്റെ പ്രസക്തി നഷ്ടപ്പെടാതെ നിലനിര്‍ത്തുന്നു. ബി.ജെ.പിയുടെയും മോദിയുടെയും മുന്നേറ്റത്തോടെ ഹിന്ദു വോട്ടുകളിലുണ്ടായ ചോര്‍ച്ച മൃദു ഹിന്ദുത്വ നിലപാടുകളിലേക്ക് പോവാന്‍ ചില സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനെ നിര്‍ബന്ധമാക്കിയെങ്കിലും അത് മുസ്‌ലിം വോട്ടുകളെ കാര്യമായി ബാധിച്ചിട്ടില്ല. ഗുലാം നബി ആസാദിനെ പോലെ മുതിര്‍ന്ന നേതാക്കളെ പോലും മധ്യപ്രദേശില്‍ പ്രചാരണ രംഗത്ത് നിന്ന് മാറ്റി നിര്‍ത്തിയത് വിവാദമായെങ്കിലും അതിന് വിപരീത ഫലം ഇത് വരെ ഉണ്ടായിട്ടില്ല. കോണ്‍ഗ്രസ് അല്ലാതെ മറ്റൊരു പാര്‍ട്ടി ഇല്ലാത്തതാണ് പല സംസ്ഥാനത്തും മുസ്‌ലിംകള്‍ നേരിടുന്ന പ്രതിസന്ധി.

കോണ്‍ഗ്രസിന് പുറമെ മുസ്‌ലിം വോട്ടുകളുടെ ഉപകാരം ലഭിക്കുന്ന പാര്‍ട്ടികളാണ് ഉത്തര്‍പ്രദേശിലെ സമാജ്‌വാദി പാര്‍ട്ടിയും ബീഹാറിലെ രാഷ്ട്രീയ ജനതാദളും ജനതാദള്‍ യുണൈറ്റഡും ബംഗാളില്‍ സിപിഎമ്മും തൃണമൂല്‍ കോണ്‍ഗ്രസും തെലുങ്കാനയിലെ തെലുഗുദേശം പാര്‍ട്ടിയും ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയും. ഇവക്ക് പുറമെയാണ് മുസ്്‌ലിം പാര്‍ട്ടികള്‍ എന്ന ലേബലുള്ള കേരളത്തിലെ മുസ്്‌ലിം ലീഗും ആസാമിലെ എഐഎയുഡിഎഫും (ആള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടും) ഹൈദരാബാദിലെ എഐഎംഐഎമ്മും (ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്്‌ലിമീന്‍) ജമ്മു കാശ്മീരിലെ പിഡിപിയും (പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി) നാഷണല്‍ കോണ്‍ഫറന്‍സും.

2014ല്‍ യുപിയില്‍ 58 ശതമാനം മുസ്്‌ലിംകള്‍ എസ്പിക്കും 18 ശതമാനം ബിഎസ്പിക്കും 12 ശതമാനം കോണ്‍ഗ്രസ് ആര്‍എല്‍ഡി സഖ്യത്തിനും വോട്ട് ചെയ്തു. ബീഹാറില്‍ 51 ശതമാനം ആര്‍ജെഡിക്കും 21 ശതമാനം ജെഡിയുവിനും 13 ശതമാനം കോണ്‍ഗ്രസിനുമാണ് വോട്ട് രേഖപ്പെടുത്തിയത്. ഡല്‍ഹിയില്‍ 56 ശതമാനം പേര്‍ ആംആദ്മിക്കൊപ്പം നിന്നപ്പോള്‍ 39 ശതമാനം കോണ്‍ഗ്രസിന്റെ കൂടെയായിരുന്നു. പശ്ചിമ ബംഗാളില്‍ 40 ശതമാനം തൃണമൂലിനും 31 ശതമാനം ഇടതിനും 24 ശതമാനം കോണ്ഗ്രസിനും വോട്ട് നല്‍കി. കേരളത്തിലെ ഇടതുപക്ഷം 21 ശതമാനം വോട്ടാണ് നേടിയത്.

കോണ്‍ഗ്രസും ബിജെപിയും നേരിട്ട് മത്സരം നടക്കുന്ന സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനെ പിന്തുണക്കുന്ന മുസ്്‌ലിംകള്‍ മറ്റു സംസ്ഥാനങ്ങളില്‍ പ്രാദേശിക പാര്‍ട്ടികളെ കൂടുതല്‍ വിശ്വാസത്തിലെടുക്കുന്നു എന്നാണ് കണക്കുകള്‍. അഥവാ എസ്പി, ആര്‍ജെഡി പോലെയുള്ള മറ്റ് പാര്‍ട്ടികള്‍ ലഭ്യമായ സ്ഥലങ്ങളില്‍ കോണ്‍ഗ്രസിനെക്കാളും മുസ്്‌ലിംകള്‍ വിശ്വാസത്തിലെടുക്കുന്നത് ഇവരെയാണ്. അത് പോലെ തന്നെയാണ് സാമുദായിക പാര്‍ട്ടികളുടെ കാര്യവും. ഹൈദരാബാദിന് പുറത്ത് തെലുങ്കാനയിലുടനീളം ടിആര്‍എസിനെ പിന്തുണക്കുന്ന മുസ്്‌ലിംകള്‍ ഹൈദരാബാദില്‍ എംഐഎമ്മിനൊപ്പമാണ്. കേരളത്തില്‍ ഇപ്പോഴും മുസ്്‌ലിം ലീഗ് തന്നെയാണ് മുസ്്‌ലിംകള്‍ക്കിടയിലെ പ്രധാന കക്ഷി.

ആസാമില്‍ കോണ്‍ഗ്രസും എഐഎയുഡിഎഫും നേര്‍ക്കുനേര്‍ മത്സരിക്കുമ്പോഴും മുസ്്‌ലിം വോട്ടുകള്‍ ലഭിക്കുന്നത് എഐഎയുഡിഎഫിനാണ്. 2014ല്‍ ആസാമില്‍ 34 ശതമാനം മുസ്്‌ലിംകള്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്തപ്പോള്‍ 39 ശതമാനം പേര്‍ എഐയുഡിഎഫിനെ പിന്തുണച്ചു. ഇതില്‍ തന്നെ ബംഗാളി സംസാരിക്കുന്ന മുസ്്‌ലിംകളാണ് ബദറുദ്ദീന്‍ അജ്മലിന്റെ വോട്ട് ബാങ്ക്. അസമീസ് സംസാരിക്കുന്നവര്‍ കോണ്‍ഗ്രസിനെയാണ് പിന്തുണക്കുന്നത്. കോണ്‍ഗ്രസ് 9 തവണ തുടര്‍ച്ചയായി ജയിച്ച മണ്ഡലമായ ദുബ്രി 2009ല്‍ ബദറുദ്ദീന്‍ അജ്മല്‍ പിടിച്ചെടുത്തപ്പോള്‍ നാല് തവണ തുടര്‍ച്ചയായി വിജയിച്ച കരീംഗഞ്ച് രാധേശ്യം ബിശ്വാസിലൂടെയും ബാര്‍പേട്ട സിറാജുദ്ദീന്‍ അജ്മലിലൂടെയും എഐയുഡിഎഫ് 2014ല്‍ പിടിച്ചെടുത്തു. മാത്രമല്ല, ഈ രണ്ടിടത്തും കോണ്‍ഗ്രസ് ബിജെപിക്ക് പിന്നില്‍ മൂന്നാമതാവുകയും ചെയ്തു.
സിപിഎം തകര്‍ന്നടിഞ്ഞ ബംഗാളില്‍ നിലവിലെ രണ്ട് എംപിമാരായ സലീമും ബദ്‌റുദ്ദുജ ഖാനും റായ്ഗഞ്ചില്‍ നിന്നും മുര്‍ഷിദാബാദില്‍ നിന്നും ജയിച്ചു കയറിയത് മുസ്്‌ലിം വോട്ടുകളുടെ പിന്‍ബലത്തിലാണ്. ബംഗാളിലെ മറ്റ് മണ്ഡലങ്ങളില്‍ തൃണമൂലിനോടാണ് മുസ്്‌ലിം ചായ്‌വ്. ബിഹാറില്‍ ലാലുവിന്റെ ആര്‍ജെഡിയോടാണ് മുസ്്‌ലിംകള്‍ക്ക് താല്‍പര്യമെങ്കിലും മുസ്്‌ലിം അനുകൂല നിലപാടുകള്‍ എടുത്തിട്ടുള്ള നിതീഷ് കുമാറിന്റെ ജെഡിയുവിനും മുസ്്‌ലിം വോട്ട് ലഭിക്കുന്നുണ്ട്.

ഈ കണക്കുകള്‍ രണ്ട് കാര്യങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്. ഒന്നാമതായി മുസ്്‌ലിം താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും അവര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താനും കഴിയുന്നത് മുസ്്‌ലിം പാര്‍ട്ടികള്‍ക്കാണെന്നും രണ്ടാമതായി പ്രാദേശിക പാര്‍ട്ടികള്‍ക്കാണെന്നുമാണ്. രണ്ടാമത്തെ കാര്യം മുസ്്‌ലിം വോട്ടുകളുടെ ഉപകാരം ലഭിക്കുമ്പോഴും മുസ്്‌ലിംകള്‍ക്കായി പ്രവര്‍ത്തിക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടുവെന്നതാണ്. യുപിയില്‍ പോലും ഒരു മികച്ച നേതാവിനെ ഉയര്‍ത്തിക്കൊണ്ട് വരാനോ ദേശീയ നേതാക്കളുടെ നിരയിലേക്ക് മുസ്്‌ലിംകളെ കൊണ്ട് വരാനോ കോണ്‍ഗ്രസ് ശ്രമിക്കുന്നേയില്ല. അഹ്്മദ് പട്ടേലിനെ പോലെയുള്ളവരുടെ വിരാമത്തോടെ ഈ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാവുകയേ ചെയ്യൂ.

മതരാഷ്ട്രീയവും സാമുദായിക രാഷ്ട്രീയവും
ബിജെപി ഇന്ന് ഇന്ത്യയില്‍ പ്രചരിപ്പിച്ച് കൊണ്ടിരിക്കുന്ന മതരാഷ്ട്രീയം ഇന്ത്യയുടെ മതേതര സ്വഭാവത്തെയും ഭാവിയെയും പ്രതികൂലമായി ബാധിക്കുമെന്നതില്‍ സംശയമില്ല. ആര്‍എസ്എസ് മുന്നോട്ട് വെക്കുന്ന മതരാഷ്ട്രീയത്തിന്റെ പ്രാവര്‍ത്തികതയാണ് ഇന്ന് ബിജെപി നിര്‍വഹിക്കുന്നത്. ഹിന്ദു ഇന്ത്യ എന്ന ആശയത്തിലേക്ക് ചിന്തയെ തിരിച്ചു വിടുന്നതോടൊപ്പം മുസ്്‌ലിംകളെ അന്യവല്‍ക്കരിക്കുന്നതാണ് ഈ മതരാഷ്ട്രീയം. മുസ്്‌ലിം എന്ന അപരന്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ എന്നും ഉണ്ടായിരുന്നുവെങ്കിലും മോദിയുടെ വരവോടെ അതിന്റെ ഉള്ളടക്കം മാറി. മുസ്്‌ലിംകളുടെ വോട്ട് വാങ്ങാതെയും മുസ്്‌ലികളെ സ്ഥാനാര്‍ത്ഥികളാക്കാതെയും എങ്ങനെ തെരെഞ്ഞെടുപ്പ് വിജയിക്കാം എന്ന് ബിജെപി 2014ല്‍ തെളിയിച്ചു. ഇത് കോണ്‍ഗ്രസിനെ പോലും പ്രതിരോധത്തിലാക്കുകയും ഹിന്ദു വോട്ടുകള്‍ നേടുക വഴി ഭരണം പിടിക്കാം എന്ന സാധ്യതകള്‍ക്ക് ആക്കം കൂട്ടുകയും ചെയ്തു.

മുസ്്‌ലിംകള്‍ക്കിടയിലും മതരാഷ്ട്രീയം മുന്നോട്ട് വെക്കുന്ന ചില സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുവെങ്കിലും അവര്‍ക്ക് നാളിതുവരെ കാര്യമായ വേരോട്ടം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. അതേ സമയം, സമുദായ രാഷ്ട്രീയം പറഞ്ഞ് സ്വാധീനമുണ്ടാക്കാനും നിലനിര്‍ത്താനും എങ്ങനെ സാധിക്കും എന്നതിന്റെ ഉദാഹരണങ്ങളാണ് മുസ്ലിം ലീഗും എംഐഎമ്മും എഐഎയുഡിഎഫും. മുസ്്‌ലിംകളുടെ രാഷ്ട്രീയ പ്രാതിനിധ്യവും ഭരണ പങ്കാളിത്തവും ലക്ഷ്യം വെക്കുന്ന ഈ പാര്‍ട്ടികള്‍ മുസ്്‌ലിംകള്‍ നേരിടുന്ന അപരവല്‍കരണത്തെയും വിവേചനത്തെയും നേരിടാനാണ് ശ്രമിക്കുന്നത്. മതേതര സ്വഭാവം മുറുകെ പിടിക്കുകയും മതേതര പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുകയും അതോടൊപ്പം മുസ്്‌ലിംകളുടെ വികസന വിദ്യാഭ്യാസ കാര്യങ്ങളിലും സാമൂഹിക പുരോഗതിയിലും പ്രത്യേക ശ്രദ്ധ പതിപ്പിക്കുകയും ചെയ്യുകയാണ് ഈ പാര്‍ട്ടികള്‍ ചെയ്യുന്നത്. അതിന്റെ ഭാഗമായാണ് ലീഗ് യുഡിഎഫ് മുന്നണിയുടെ ഭാഗമായി നിലനില്‍ക്കുന്നതും എംഐഎം ടിആര്‍എസിനെ പിന്തുണക്കുന്നതും കോണ്‍ഗ്രസ് ബിജെപി മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ലെന്ന് എയുഡിഎഫ് പ്രഖ്യാപിച്ചതും.

അതേ സമയം ബിജെപിയുടെ മത രാഷ്ട്രീയത്തെയും ഈ പാര്‍ട്ടികളുടെ സാമുദായിക രാഷ്ട്രീയത്തെയും സമീകരിക്കാനുള്ള ശ്രമങ്ങള്‍ വ്യാപകമാണ്. ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്ന സിപിഎം നിരീക്ഷണവും കേരളത്തിന് പുറത്ത് ലീഗുമായി സഖ്യമുണ്ടാക്കാന്‍ തയ്യാറാവാത്ത കോണ്‍ഗ്രസ് നിലപാടും ഇതിന്റെ ഭാഗമാണ്. തങ്ങള്‍ക്ക് കിട്ടാന്‍ സാധ്യതയുള്ള വോട്ടുകള്‍ വഴിമാറിപ്പോവും എന്നതാവാം ഇതിന് പിന്നിലെ കാരണം.

സമുദായ രാഷ്ട്രീയം പറയുന്ന ലീഗും എം.ഐ.എമ്മും എ.യു.ഡി.എഫും മുസ്്‌ലിംകള്‍ക്കിടയില്‍ ഉറച്ച് സ്വാധീനമുള്ളവരാണ്. 2004 ഒഴിച്ച് എല്ലാ ലോക്‌സഭയിലും 2 പ്രതിനിധികളെ കേരളത്തില്‍ നിന്ന് മാത്രം വിജയിപ്പിക്കാന്‍ കഴിഞ്ഞിട്ടുള്ള പാര്‍ട്ടിയാണ് മുസ്്‌ലിം ലീഗ്. ഹൈദരാബാദ് ലോക്‌സഭ മണ്ഡലവും അതിലെ നിയമസഭ മണ്ഡലങ്ങളും 3 ദശകത്തോളമായി എംഐഎമ്മിന്റെ ശക്തികേന്ദ്രങ്ങളാണ്. 2005ല്‍ രൂപീകൃതമായ പാര്‍ട്ടിയാണ് എഐയുഡിഎഫ്. 2009ല്‍ ആസാമില്‍ ഒരു ലോക്‌സഭ സീറ്റ് വിജയിച്ച എഐയുഡിഎഫ് 2014ല്‍ അത് മൂന്നാക്കി ഉയര്‍ത്തിയിരുന്നു. പക്ഷെ, 2011 നിയമസഭ തിരഞ്ഞെടുപ്പില്‍ നേടിയ 18 സീറ്റ് 2016ല്‍ 13 ആയി കുറഞ്ഞു. എങ്കിലും വോട്ടിംഗ് ശതമാനത്തില്‍ കുറവുണ്ടായിട്ടില്ലെന്നത് അവരുടെ സ്വാധീനം പ്രകടമാക്കുന്നു.

മുസ്്‌ലിം പ്രാതിനിധ്യവും ചില കണക്കുകളും
2011ലെ സെന്‍സസ് പ്രകാരം 14.2 ശതമാനം മുസ്്‌ലിംകളാണ് ഇന്ത്യയിലുള്ളത്. ഈ കണക്ക് പ്രകാരം നിലവിലെ 543 അംഗ ലോക്‌സഭയില്‍ 76 മുസ്്‌ലിംകള്‍ ഉണ്ടാവേണ്ടതുണ്ട്. പക്ഷെ, ഉള്ളത് വെറും 23 പേര്‍. 49 മുസ്്‌ലിംകള്‍ തെരെഞ്ഞെടുക്കപ്പെട്ട 1980ലാണ് 9.26 ശതമാനവുമായി ഏറ്റവും കൂടുതല്‍ പ്രാതിനിധ്യം മുസ്്‌ലിംകള്‍ക്ക് ലഭിച്ചത്. 23 എംപിമാരുമായി 4.23 ശതമാനം മാത്രമുള്ള നിലവിലെ സ്ഥിതിയാണ് ഏറ്റവും കുറവ്. രാജ്യം ഭരിക്കുന്ന ബിജെപിക്ക് ലോക്‌സഭയില്‍ ഒരു പ്രതിനിധി പോലുമില്ല. ജനസംഖ്യയില്‍ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ നിന്നും വലിയ സംസ്ഥാനങ്ങളായ ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര, കര്‍ണാടക, ഒറീസ എന്നിവിടങ്ങളില്‍ നിന്നും മുസ്്‌ലിം പ്രതിനിധിയില്ല. എട്ട് പേര്‍ ബംഗാളില്‍ നിന്നും നാല് പേര്‍ ബിഹാറില്‍ നിന്നും മൂന്ന് വീതം കേരളം, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ നിന്നും രണ്ട് പേര്‍ ആസാമില്‍ നിന്നും ഒരാള്‍ വീതം തെലുങ്കാന, തമിഴ്‌നാട്, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ നിന്നുമാണ്. പാര്‍ട്ടി കണക്കില്‍ നാല് പേര്‍ വീതമുള്ള കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസുമാണ് മുന്നില്‍. പിഡിപിക്ക് മൂന്നും മുസ്്‌ലിം ലീഗ്, എഐഎയുഡിഎഫ്, എന്‍സിപി, സിപിഐഎം എന്നിവര്‍ക്ക് രണ്ട് വീതവുമുണ്ട്.

മുസ്്‌ലിം പ്രാതിനിധ്യം ബിജെപിയുടെ വരവോടെ ശുഷ്‌കമായി എന്ന് മാത്രമല്ല, ബിജെപിയെ തോല്‍പിച്ചയക്കേണ്ട ബാധ്യതയുള്ള മുസ്്‌ലികള്‍ക്ക് ആനുപാതിക പ്രാതിനിധ്യം ആവശ്യപ്പെടാനുള്ള അവസരം ചുരുങ്ങുകയും ചെയ്തു. ബിജെപി ഇതര പാര്‍ട്ടികളിലെ ജയ സാധ്യതയുള്ള പാര്‍ട്ടികള്‍ക്ക് വോട്ട് ചെയ്ത് നിലനില്‍പ് ഭദ്രമാക്കാനുള്ള സാഹചര്യമേ മുസ്്‌ലിംകള്‍ക്ക് ഇപ്പോഴുള്ളൂ. അത് കൊണ്ട് തന്നെ യുപിയില്‍ എസ്പി, ബിഎസ്പി സഖ്യത്തിനും ബിഹാറില്‍ മഹാഖഡ്ബന്ധന്‍ സഖ്യത്തിനും ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാന്‍, മധ്യപ്രദേശ്, ആസാം എന്നിവിടങ്ങളില്‍ കോണ്‍ഗ്രസിനോ യുപിഎക്കോ മുസ്്‌ലിംകള്‍ വോട്ട് ചെയ്യേണ്ടി വരും. സംവരണം പോലുള്ള ന്യായമായ ആവശ്യം മതത്തിന്റെ പേരില്‍ നിഷേധിക്കപ്പെടുന്നതിനാല്‍ ആനുപാതിക പ്രാതിനിധ്യം മുസ്്‌ലിംകള്‍ക്ക് അന്യമായി തുടരും. മണ്ഡലങ്ങളുടെ കണക്കെടുത്താലും മുസ്്‌ലിം വോട്ടുകള്‍ സ്വാധീനം ചെലുത്തുന്നവ 210ലധികം വരും. ഇതില്‍ 145 സീറ്റുകളില്‍ 20 ശതമാനമാണ് മുസ്്‌ലിം ജനസംഖ്യയെങ്കില്‍ 46 മണ്ഡലങ്ങളില്‍ 30 ശതമാനത്തിലധികം മുസ്്‌ലിംകളാണ്. ഇതില്‍ അഞ്ചെണ്ണം കാശ്മീരിലും ആറെണ്ണം കേരളത്തിലും 13 എണ്ണം ഉത്തര്‍പ്രദേശിലും 4 എണ്ണം വീതം ആസാമിലും ബീഹാറിലും 11 എണ്ണം ബംഗാളിലും ഒന്ന് വീതം ആന്ധ്രയിലും തെലുങ്കാനയിലും ലക്ഷദ്വീപിലുമാണ്. പക്ഷെ മുസ്്‌ലിം പ്രാതിനിധ്യം പരിശോധിക്കുമ്പോള്‍ ഈ കണക്കുകള്‍ വെറും നോക്കുകുത്തികളായി മാറുകയാണ് ചെയ്യുന്നത്.

ബിജെപി നേതാക്കള്‍ പരസ്യമായി വര്‍ഗീയത പറയുകയും മുസ്്‌ലിം വിരുദ്ധ നിലപാടുകള്‍ എടുക്കുകയും ചെയ്യുന്നത് പതിവായിക്കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമൊക്കെയാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നുത്. അഖ്‌ലാഖ് വധക്കേസ് പ്രതികളെ ആഘോഷിക്കുന്നതും തീവ്രവാദ കേസുകളില്‍ വിചാരണ നേരിടുന്ന പ്രഗ്യാ താക്കൂറിനെ സ്ഥാനാര്‍ത്ഥിയാക്കിയതും ഇതിന്റെ ഭാഗമാണ്. ഈ പ്രചാരണത്തെ ചെറുക്കാനും മതേതരത്വ നിലപാടുകള്‍ മുറുകെ പിടിക്കാനും കോണ്‍ഗ്രസ് വൈമുഖ്യം കാണിക്കുന്നതും മുസ്്‌ലിംകളുടെ ഭാവിയാണ് മുള്‍മുനയിലാക്കുന്നത്. കലാപങ്ങള്‍ക്കിരയാവാനും പശുവിന്റെ പേരില്‍ കൊല്ലപ്പെടാനും മാത്രമല്ല, പൗരത്വ ബില്‍ ഉപയോഗിച്ച് മുസ്്‌ലിംകളെ ഇന്ത്യക്ക് പുറത്താക്കാന്‍ വരെ ശ്രമങ്ങള്‍ നടക്കുന്നുവെന്നത് ഏറെ ഗൗരവകരം തന്നെയാണ്. മുസ്്‌ലിംകളുടെ ശബ്ദം നിയമനിര്‍മാണ സഭകളില്‍ ഉയര്‍ന്ന് കേട്ടാല്‍ മാത്രമേ ഇതിനൊക്കെ പരിഹാരം സാധ്യമാവൂ.

Editor Thelicham

Thelicham monthly

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.