Thelicham

ഗള്‍ഫ് യുദ്ധം 3.0 ? യു.എസ്- ഇറാന്‍ ബലാബലങ്ങളുടെ പര്യാവസാനം

രണ്ടായിരത്തിപതിനേഴിലെ ഏകദേശം ഇതേസമയം, ലോകം അന്നൊരു യുദ്ധത്തെ പറ്റിയുള്ള ചര്‍ച്ചകളില്‍ തന്നെയായിരുന്നു. ഈ ഏഷ്യന്‍ ഭൂഖണ്ഡത്തില്‍ തന്നെ, അമേരിക്കക്കും ഉത്തര കൊറിയക്കുമിടയില്‍. ഉത്തര കൊറിയ അന്ന് അമേരിക്കയിലെ അലാസ്‌ക വരെ ലക്ഷ്യം വെക്കാന്‍ കഴിയുന്ന ഒരു മിസൈലും ഒപ്പം ഹൈഡ്രജന്‍ ബോംബും പരീക്ഷിച്ചിരുന്നു. പ്രതികരണമെന്നോണം, അമേരിക്ക അതിന്റെ മുങ്ങിക്കപ്പലുകളും വ്യോമ സേനാ വിമാനങ്ങളും വിന്യസിക്കുകയും സൈനികോദ്യോഗസ്ഥര്‍ക്കും സഖ്യകക്ഷികള്‍ക്കും യുദ്ധത്തിന്നൊരുങ്ങാനുളള നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. ഉത്തര കൊറിയയെ നശിപ്പിക്കുമെന്നായിരുന്നു ട്രംപിന്റെ പ്രസ്താവന. പക്ഷെ, അപ്രതീക്ഷിതമായൊരു വഴിത്തിരിവ് സംഭവഗതിക്കുണ്ടായത് പെട്ടന്നാണ്. ചരിത്രപരമായ ഒരുച്ചക്കോടിയില്‍ വെച്ച് ട്രംപും കിമ്മും ഹസ്തദാനം ചെയ്തു. വളരെ കാല്‍പനികമായ അന്തരീക്ഷത്തില്‍ ഇരുവരും പരസ്പരം പ്രശംസകള്‍ കൊണ്ട് മൂടി.

സമാനമായൊരു സംഘര്‍ഷാവസ്ഥയാണ് നിലവില്‍ ഗള്‍ഫില്‍ രൂപപ്പെട്ടുകൊണ്ടിരിക്കുന്നത്. അമേരിക്ക വീണ്ടും ഇറാന് മേല്‍ ശക്തമായ സമ്മര്‍ദങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു. മധ്യേഷ്യയിലേക്ക് ഒരു മിസൈല്‍ വേധ സംവിധാനത്തെ തന്നെ അയച്ചിട്ടുണ്ട്. യു.എസ്.എസ്. ആര്‍ലിംഗ്ടണ്‍ എന്ന യുദ്ധക്കപ്പലും മറ്റു സജ്ജീകരണങ്ങളും ഗള്‍ഫിലുള്ള യു.എസ്.എസ്. അബ്രഹാം ലിങ്കണ്‍ സൈനിക വിഭാഗത്തോട് ചേരാനിരിക്കുന്നു. യു. എസ് ബി-52 ബോംബര്‍ വിമാനങ്ങള്‍ ഖത്തറിലുള്ള സൈനികാസ്ഥാനത്ത് എത്തിക്കഴിഞ്ഞു. ഏറ്റവും അവസാനമായി, മിഡില്‍ ഈസ്റ്റിലേക്ക് 1500 സൈനികരെ കൂടെ അയക്കുമെന്ന് യു.എസ്. പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടെ, യു.എ.ഇയിലെ ഫുജൈറ തീരത്തിനടുത്തു നാല് എണ്ണക്കപ്പലുകള്‍ അക്രമിക്കപ്പെട്ടതിന്റെ പിന്നില്‍ ഇറാനാണെന്ന ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞു. ഹൂതി വിമതര്‍ സഊദിയിലെ എണ്ണപറമ്പുകള്‍ ലക്ഷ്യമാക്കി രണ്ടു ഡ്രോണ്‍ അക്രമങ്ങള്‍ നടത്തിയിരുന്നു. അവരാവട്ടെ ഇറാന്റെ പിന്തുണയുള്ളവരുമാണ്. ഈ പ്രതിസന്ധികള്‍ക്കിടയില്‍ സഊദിയുമായി 8 ബില്യണ്‍ ഡോളറിന്റെ ആയുധവ്യാപാരത്തിന് ട്രംപ് അനുമതി നല്‍കുകയുണ്ടായി. എന്താണ് പ്രതിസന്ധികളുടെ കാര്‍മേഘങ്ങള്‍ പൊടുന്നനെ ഉരുണ്ടുകൂടുന്നതിലേക്ക് നയിച്ചത്?. ഒരു മൂന്നാം ഗള്‍ഫ് യുദ്ധത്തിന്റെ വക്കിലാണോ നാം?.

പുതിയ പ്രഭാതം

യു.എസ്, യു.കെ, ഫ്രാന്‍സ്, ചൈന, റഷ്യ, ജര്‍മനി എന്നീ രാജ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ജ5+1 എന്നറിയപ്പെടുന്ന ലോക ശക്തികളുമായി, ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ഒരു ആണവകരാറില്‍ ഇറാന്‍ ഒപ്പുവെക്കുന്നത് 2015 ലാണ്.

ഇറാന്‍ ആണവായുധം വികസിപ്പിക്കാനുള്ള ശ്രമങ്ങളിലാണെന്ന ആരോപണവും അതേ തുടര്‍ന്നുണ്ടായ പ്രതിസന്ധികള്‍ക്കും ശേഷമായിരുന്നു ഈ കരാര്‍. പൂര്‍ണാര്‍ത്ഥത്തില്‍ സമാധാനം കാംക്ഷിച്ചു കൊണ്ടുള്ളതാണ് തങ്ങളുടെ ആണവ പദ്ധതികളെല്ലാം എന്ന് ഇറാന്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയിരുന്നെങ്കിലും ലോക സമൂഹം അത് ചെവികൊള്ളാന്‍ തയ്യാറായിരുന്നില്ല.

പ്രസ്തുത ഉടമ്പടി പ്രകാരം, ഇറാന്‍ വിവാദമായ ആണവ പദ്ധതികള്‍ നിയന്ത്രിക്കുകയും ആഗോള നിരീക്ഷകര്‍ക്ക് രാജ്യത്തേക്ക് പ്രവേശനമനുവദിക്കുകയും ചെയ്തു, പകരമായി ഇറാനെ ഞെരുക്കിക്കൊണ്ടിരുന്ന സാമ്പത്തിക ഉപരോധങ്ങള്‍ പിന്‍വലിക്കപ്പെട്ടു.

ഈ കരാറിന് മുന്‍പ് യു.എന്‍, യു.എസ്, യൂറോപ്യന്‍ ശക്തികള്‍ ഇറാനു മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍, 2012 മുതല്‍ 2016 വരെയുള്ള കാലയളവിനുള്ളില്‍ മാത്രം ഓയില്‍ റവന്യൂ ഇനത്തില്‍ 160 ബില്യണ്‍ ഡോളറിലധികം (ഏകദേശം പതിനൊന്നര ലക്ഷം കോടി ഇന്ത്യന്‍ രൂപ) ആണ് ഇറാന്റെ സാമ്പത്തിക മേഖലക്ക് വരുത്തിയ നഷ്ടം.  എന്നാല്‍, ഈ ഉടമ്പടിക്ക് ശേഷം, മരവിക്കപ്പെട്ടിരുന്ന 100 ബില്യണ്‍ ഡോളര്‍ മൂല്യം വരുന്ന വിദേശ സ്വത്തുക്കള്‍ ഇറാന് തിരികെ ലഭിക്കുകയും ആഗോള മാര്‍ക്കറ്റുകളില്‍ എണ്ണ വ്യാപാരത്തിലേര്‍പ്പെടാനും വ്യാപാരത്തിനുള്ള ആഗോള സാമ്പത്തിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താനുമുള്ള അനുമതി ലഭിക്കുകയും ചെയ്തു.

എല്ലാം ശിഥിലമാവുന്നു
പക്ഷെ, 2018 മെയില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിര്‍ണായകമായ ഈ ഉടമ്പടിയില്‍ നിന്ന് പിന്‍വാങ്ങുകയും അതേ വര്‍ഷം നവംബറോടെ ഇറാനെയും ഇറാനുമായി വ്യാപാരബന്ധമുള്ള രാഷ്ട്രങ്ങളെയും ലക്ഷ്യം വെക്കുന്ന പഴയ നിരോധനങ്ങള്‍ പുനഃപ്രതിഷ്ഠിക്കുകയും ചെയ്തു.
ഇറാന്റെ സാമ്പത്തിക രംഗത്തിന്റെ സമ്പൂര്‍ണമായ പതനത്തിനാണ് ഇത് വഴി വെച്ചത്; ഇറാനീ കറന്‍സിയുടെ മൂല്യം റെക്കോര്‍ഡ് തകര്‍ച്ചയിലെത്തി, വാര്‍ഷിക നാണയപ്പെരുപ്പം ഇരട്ടിയധികമായി, വിദേശ നിക്ഷേപകര്‍ പിന്‍വാങ്ങി, നിരവധി പ്രതിഷേധങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു.

പുതിയ ഒരുപാട് നിരോധനങ്ങള്‍ കൂടെ അമേരിക്ക ഇറാന് മേല്‍ ചുമത്തിയിട്ടുണ്ട്. ഇറാന്റെ ഉന്നത സൈനിക ദളമായ ഇസ്്‌ലാമിക് റെവലൂഷനറി ഗാര്‍ഡ്‌സ് കോര്‍പസിനെ (ഐ.ആര്‍.ജി.സി) തീവ്രവാദ സംഘടനയുടെ പട്ടികയിലാണ് അമേരിക്ക പെടുത്തിയിട്ടുള്ളത്. മാത്രമല്ല, അടുത്തിടെ, കുറച്ച് രാജ്യങ്ങള്‍ക്ക് ഇറാനുമായി ഓയില്‍ വ്യാപാരത്തിലേര്‍പ്പെടുന്നതിലുള്ള നിരോധനത്തില്‍ വരുത്തിയിരുന്ന ഇളവുകള്‍ പുനഃപരിശോധിക്കാന്‍ അമേരിക്ക തയ്യാറായില്ല.

അമേരിക്കയുടെ ഈ നടപടി ക്രമങ്ങള്‍ ഇറാനിയന്‍ സാമ്പത്തിക മേഖലക്ക് വരുത്തിയ തിരിച്ചടികള്‍ വളരെ വലുതായിരുന്നു. ഓര്‍ഗനൈസേഷന്‍ ഓഫ് പെട്രോളിയം എക്‌സ്‌പോര്‍ട്ടിംഗ് കണ്‍ട്രീസിന്റെ (ഒപെക്) രേഖകള്‍ പ്രകാരം 2018ന്റെ ആരംഭത്തില്‍ ഇറാന്റെ ക്രൂഡ് ഓയില്‍ ഉത്പാദനം പ്രതിദിനം 3.8 മില്ല്യണ്‍ ബാരല്‍ എന്ന നിരക്കിലായിരുന്നു, ദിനേനെ 2.3 മില്ല്യണ്‍ ബാരലാണ് ഇറാന്‍ കയറ്റുമതി ചെയ്തു കൊണ്ടിരുന്നത്.  ഈ ഓയിലിന്റെ പ്രധാന ഉപഭോക്താക്കളായിരുന്ന എട്ടു രാജ്യങ്ങള്‍ക്ക് ചൈന, ഇന്ത്യ, ജപ്പാന്‍, ദക്ഷിണ കൊറിയ, തായ് വാന്‍, തുര്‍ക്കി, ഗ്രീസ്, ഇറ്റലി ആറു മാസക്കാലത്തെ ഇളവാണ് ഇറാന്റെ ഊര്‍ജ മേഖലക്കപ്പാടെ ഉപരോധം ഏര്‍പ്പെടുത്തിയ ഘട്ടത്തില്‍ അനുവദിക്കപ്പെട്ടിരുന്നത്. ഇതേ തുടര്‍ന്ന് 2019 മാര്‍ച്ച് ആയതോടെ ഇറാന്റെ എണ്ണ കയറ്റുമതി പ്രതി ദിനം ശരാശരി 1.1 മില്ല്യണ്‍ എന്ന നിലയിലേക്ക് ചുരുങ്ങി. തായ്‌വാന്‍, ഇറ്റലി, ഗ്രീസ് എന്നീ രാജ്യങ്ങള്‍ ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി പാടെ ഉപേക്ഷിച്ചു. രണ്ടു പ്രധാന ഉപഭോക്താക്കളായ ഇന്ത്യയും ചൈനയും യഥാക്രമം 47%, 39% എന്ന കണക്കില്‍ ഇറക്കുമതി വെട്ടി കുറച്ചു.

യു.എസ് കറന്‍സിയുമായി ഒത്തുനോക്കുമ്പോള്‍ പുതിയ നിരോധനങ്ങളെ തുടര്‍ന്ന് 60% ശതമാനത്തോളം മൂല്യനഷ്ടം ഇറാനി റിയാലിനുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഗാര്‍ഹികആരോഗ്യ സേവനങ്ങള്‍ക്കേര്‍പ്പെടുത്തിയ 20 ശതമാനം വര്‍ധനവും രാജ്യത്തെ ദരിദ്രരെ കഠിനമായി ബാധിച്ചിരുന്നു.
ഐ.എം.എഫ് രേഖകള്‍ പ്രകാരം 2018ല്‍ മാത്രം 31 ശതമാനം അധികം നാണയപ്പെരുപ്പമാണ് രേഖപ്പെടുത്തപ്പെട്ടത്. തല്‍സ്ഥിതി തുടരുകയാണെങ്കില്‍ ഈ വര്‍ഷാവസാനത്തോടെ 37% ശതമാനമായി വര്‍ധിക്കുമെന്നും ഐ.എം.എഫ് പ്രവചിക്കുന്നു.

ഇനി സംഭവിക്കാനുള്ളത്?
ആണവ കരാറില്‍ നിന്ന് തങ്ങളൊരിക്കലും പിന്‍വാങ്ങിയിട്ടില്ലെന്നാണ് ഇറാനിയന്‍ ഭാഷ്യം. ഇതോടെ ത്രിശങ്കുവിലായത് കരാറിന്റെ ഭാഗമായ മറ്റു യൂറോപ്യന്‍ രാജ്യങ്ങളാണ്. നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും കരാര്‍ സജീവമായി നിലനിര്‍ത്താനും ആറു മാസത്തെ കാലാവധിയാണ് ഇറാന്‍ ഈ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് (ഫ്രാന്‍സ്, ബ്രിട്ടന്‍, ജര്‍മനി) നല്‍കിയിട്ടുള്ളത്. ഇതില്‍ അവര്‍ പരാജയപ്പെടുന്ന പക്ഷം എന്തു സംഭവിക്കും എന്നതിനെ ആശ്രയിച്ചാണ് യു.എസിനും ഇറാനുമിടയിലെ സംഘര്‍ഷങ്ങളുടെ പുതിയ അധ്യായങ്ങള്‍ രചിക്കപ്പെടുക. ഇനിയെന്ത് സംഭവിക്കും?

ആണവ സമ്പുഷ്ടീകരണം പുനരാരംഭിക്കുമെന്നും തങ്ങളുടെ ആണവ പദ്ധതികള്‍ ഓരോന്നോരോന്നായി പുനഃസ്ഥാപിക്കുമെന്നാണ് ഇറാന്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിനോടുള്ള യു.എസ് പ്രതികരണം എന്തായിരിക്കുമെന്ന് വ്യക്തമല്ല. അനിവാര്യമായും ഇത് യു.എസിനും യൂറോപ്യന്‍ സഖ്യരാജ്യങ്ങള്‍ക്കുമിടയില്‍ വിഭജനമുണ്ടാക്കുകയും കാര്യങ്ങളെ കൂടുതല്‍ സങ്കീര്‍ണാവസ്ഥയിലേക്ക് തള്ളിവിടുകയും ചെയ്യാന്‍ സാധ്യതയുണ്ട്.

യൂറോപ്യന്‍ രാജ്യങ്ങളെ വരുതിയില്‍ നിര്‍ത്താന്‍ മറ്റു പല ഉപാധികളും അന്വേഷിക്കുക കൂടി ചെയ്യുന്നുണ്ട് ഇറാന്‍. അതില്‍ പ്രധാനം നാര്‍ക്കോട്ടിക്‌സ് സംബന്ധിയായ ഇടപെടലുകള്‍ ആണ് . അഫ്ഗാനിസ്താനില്‍ നിന്ന് യൂറോപ്പ് ലക്ഷ്യമാക്കി ഇറാന്‍ വഴി വരുന്ന കറുപ്പും മറ്റു മയക്കു മരുന്നുകളും വലിയ തോതിലാണ് ഇറാന്‍ ഇപ്പോള്‍ പിടിച്ചുവെക്കുന്നത്. കരാര്‍ രക്ഷിക്കാനായില്ലെങ്കില്‍ ഈ പ്രവര്‍ത്തി തുടരാനാകില്ല എന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി യൂറോപ്യന്‍ രാജ്യങ്ങരാജ്യങ്ങള്‍ക്ക് വ്യംഗ്യമായി മുന്നറിയിപ്പ് കൊടുത്തിട്ടുണ്ട്.

അഭയാര്‍ഥികളാണ് ഇറാന്റെ കൈവശമുള്ള മറ്റൊരു ആയുധം. യു.എന്‍ കണക്കുകള്‍ പ്രകാരം രേഖകളില്ലാത്ത ഇരുപത് ലക്ഷത്തോളം അഫ്ഗാന്‍ അഭയാര്‍ഥികള്‍ ഇറാനിലുണ്ട്. അവരെ നാടുകടത്തുമെന്നാണ് ഇറാന്റെ ഭീഷണി. വൈകാരികമായ രാഷ്ട്രീയ സാഹചര്യമാണ് നിലവില്‍ അഫ്ഗാനിസ്ഥാനിലുള്ളത്. ഒരു വശത്ത് യു.എസ് താലിബാനുമായി സമാധാന ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നു. ഈ അവസരത്തില്‍ ഇറാനില്‍ നിന്നും ലക്ഷണക്കിന് വരുന്ന അഭയാര്‍ത്ഥികള്‍ അഫ്ഗാനിസ്ഥാനില്‍ വരികയാണെങ്കില്‍ രാഷ്ട്രീയ അസ്ഥിരത വരാന്‍ സാധ്യതയുണ്ട്. മാത്രമല്ല, യൂറോപ്യന്‍ രാജ്യങ്ങളുമായുള്ള ബന്ധങ്ങളില്‍ നിന്നെല്ലാം പിന്മാറി, റഷ്യയും ചൈനയുമായി കൂടുതല്‍ അടുക്കാനുള്ള നീക്കത്തിന് റൂഹാനി സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ഈ രണ്ടു രാജ്യങ്ങളിലെ ഭരണകൂടങ്ങളും നിലവിലെ ആണവ പ്രതിസന്ധിയില്‍ അമേരിക്കയെ തള്ളിപ്പറയുകയും ചെയ്തിട്ടുണ്ട്. കാര്യങ്ങള്‍ ഇറാന് അനുകൂലമാണെന്ന് ചുരുക്കം.

അതിനാല്‍, 60 ദിവസങ്ങള്‍ കൊണ്ട് യുറോപ്യന്‍ രാജ്യങ്ങള്‍ക്ക് വേണ്ട പ്രതിവിധികള്‍ കണ്ടെത്തി പഴയ കരാറിനെ രക്ഷിച്ചെടുക്കാന്‍ കഴിയുമോ? നിലവില്‍ സാധ്യതയില്ല തന്നെ!

ഗള്‍ഫ് യുദ്ധം 3.0?
പിന്നെന്താവും യു.എസിന്റെ കണക്കുകൂട്ടല്‍? ഒരു യുദ്ധത്തിന് കോപ്പു കൂട്ടുകയാണോ ട്രംപ്? അല്ല. കാരണം നിലവില്‍ ഏതൊരു സംഘര്‍ഷവും അമേരിക്കയുടെ ഇറാഖ് അധിനിവേശത്തേക്കാള്‍ വലിയ ഭൗമരാഷ്ട്രീയ ഭൂകമ്പത്തിനാവും തിരികൊളുത്തുകയെന്ന് അമേരിക്കക്ക് വ്യക്തമായറിയാം.

യു.എസിനെ സംബന്ധിച്ച് ഇറാഖ് യുദ്ധത്തിന്റെ പ്രത്യാഘാതങ്ങള്‍ വളരെ വലുതായിരുന്നു. യുദ്ധം ഇസ്്‌ലാമിക് സ്‌റ്റേറ്റെന്ന ജീഹാദി സംഘത്തിന് ജന്മം കൊടുത്തു, റഷ്യയും ചൈനയും ശക്തരായി, 3 ട്രില്ല്യണ്‍ യു.എസ് ഡോളറിന്റെ നഷ്ടമുണ്ടായി. 1991ലെ ആദ്യ ഗള്‍ഫ് യുദ്ധത്തിന്റെ സമയത്ത് വിശാലമായ സഖ്യത്തോടൊപ്പമായിരുന്നു യു.എസിന്റെ പടനീക്കം. 2003ലെ രണ്ടാം ഗള്‍ഫ് വാര്‍ സമയത്താവട്ടെ, സഖ്യ തല്‍പരരുടെ എണ്ണം ബ്രിട്ടണ്‍, സ്‌പെയിന്‍, ഓസ്‌ട്രേലിയ, പോളണ്ട്, ചില പസഫിക് ദ്വീപുകള്‍ എന്നിവയിലേക്ക് ചുരുങ്ങിയിരുന്നു. ഇപ്രാവിശ്യമാവട്ടെ, ഒരു മധ്യേഷ്യേതര രാജ്യത്തിന്റെയും സഹായമില്ലാതെയാവും യു.എസിന് യുദ്ധത്തിനൊരുങ്ങേണ്ടിവരിക.

അതിനു പുറമെ, കഴിഞ്ഞ ദശകത്തില്‍ പുതിയ ശക്തി സമവാക്യങ്ങള്‍ ലോകത്ത് രൂപം കൊണ്ടിട്ടുമുണ്ട്. ഒരു യു.എസ്ഇറാന്‍ യുദ്ധം ഒരുക്കുക റഷ്യ, ചൈന പോലുള്ള വന്‍കിട രാജ്യങ്ങള്‍ക്ക് തങ്ങളുടെ ഇംഗിതങ്ങള്‍ നേടിയെടുക്കാനുള്ള മറ കൂടിയാണ്. ഉദാഹരണത്തിന് യുദ്ധാനന്തരമുണ്ടാവുന്ന സംഘര്‍ഷാവസ്ഥയില്‍ കിഴക്കന്‍ ഉെ്രെകനിനെ തങ്ങളുടെ പ്രവിശ്യയോട് കൂട്ടിച്ചേര്‍ക്കാനും നാറ്റോയെ പുറത്താക്കാനും റഷ്യ മുതിര്‍ന്നെന്നു വരാം.

സൈനികമായ മറ്റു പ്രതിബന്ധങ്ങളും അമേരിക്കക്ക് മുമ്പിലുണ്ട്. സദ്ദാം ഹുസൈന് ഒരു ലക്ഷത്തില്‍ ചുവടെ സൈനികരെ ഉണ്ടായിരുന്നുള്ളൂ. ഇറാനാവട്ടെ, പത്ത് ലക്ഷത്തിലേറെ സൈനികര്‍ മാത്രം ഉണ്ട്. ഇറാഖിന് ശക്തരായ സഖ്യങ്ങളില്ലായിരുന്നുവെങ്കില്‍ ഇറാന് റഷ്യയെന്ന സഖ്യ രാജ്യവും ചൈന, ഇന്ത്യ എന്ന രണ്ടു വലിയ എണ്ണ ഉപഭോക്തൃ രാജ്യങ്ങളുമുണ്ട്.

ഒരു പക്ഷെ, യുദ്ധം തുടങ്ങിയാല്‍ ഏറ്റവും വലിയ ഭീഷണി നേരിടേണ്ടി വരുന്നത് ഇറാഖ്, സിറിയ, യമന്‍, ലബനാന്‍ പോലുള്ള രാജ്യങ്ങളിലുള്ള ഇറാന്‍ അനുകൂലികളില്‍ നിന്നാവും. അമേരിക്കക്കും സഖ്യകക്ഷികള്‍ക്കുമെതിരെ അവര്‍ നിഴല്‍ യുദ്ധത്തിനൊരുങ്ങിയേക്കാം. അവിടെങ്ങളില്‍ തങ്ങളുടെ ശക്തികളുടെ കയറൂരി വിടുമെന്ന ഭീഷണി ഇറാന്‍ മുഴക്കികഴിഞ്ഞു. ഇറാന്റെ അടുത്ത സഖ്യ സംഘടന ഹിസ്ബുല്ല ജനറല്‍ സെക്രട്ടറി ഹസ്സന്‍ നസ്‌റുല്ല പ്രതികരിച്ചത് ഇറാനും ഐ.ആര്‍.ജി.സിക്കും എതിരെയുള്ള അമേരിക്കന്‍ നിരോധനങ്ങള്‍ തക്കതായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കപ്പെടാതെ പോവില്ലെന്നാണ്. ഇസ്‌റാഈലിനും യു.എസിനുമുള്ള പരോക്ഷമായ ഭീഷണിയാണ് ഇത്. തങ്ങളുടെ മിസൈല്‍ പ്രോഗ്രാമും പ്രോക്‌സി ശക്തികളുമായുള്ള ബന്ധങ്ങളും ചര്‍ച്ചക്കതീതമാണെന്നും ഒരു കരാറിനും കീഴില്‍ വരുന്നതല്ലെന്നും ഇറാന്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുമുണ്ട്.

എല്ലാത്തിലും ഉപരിയായി, ഗള്‍ഫിലെ യുദ്ധത്തിനും സമാധാനത്തിനും ഇടക്കു നില്‍ക്കുന്നത് ട്രംപ് തന്നെയാണ്. എതിരാളികളോട് സംവദിക്കുന്നതിന്റെ ട്രംപിയന്‍ രീതി ആദ്യം ഭീഷണികള്‍ മുഴക്കുകയും പിന്നെ നിരോധനങ്ങളിലേക്ക് നീങ്ങുകയും, എന്നാല്‍ ശക്തമായ പ്രതികരണങ്ങളുണ്ടാവുന്ന പക്ഷം പിന്നോട്ടടിക്കുകയും ചെയ്യുകയെന്നതാണ്. മാത്രമല്ല മിഡില്‍ ഈസ്റ്റിലെ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് അമേരിക്കന്‍ സൈന്യത്തെ തിരികെ കൊണ്ടുവരുമെന്ന് ട്രംപ് വാഗ്ദാനം ചെയ്തിരുന്നു.

കാര്യങ്ങളിങ്ങനെ വരുമ്പോള്‍ ഇതു വരെയുള്ള നയതന്ത്ര യുദ്ധങ്ങളില്‍ ആരായിരുന്നു വിജയി? എങ്ങനെ നിങ്ങളതിനെ നോക്കിക്കാണുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഇതിനുത്തരം. ഇറാനു മേല്‍ സമ്മര്‍ദങ്ങള്‍ ചെലുത്തുകയായിരുന്നു യു.എസിന്റെ ലക്ഷ്യമെങ്കില്‍ അവരതില്‍ വിജയിച്ചിട്ടുണ്ട്. അല്ല, ഇറാന്റെ പെരുമാറ്റത്തില്‍ മാറ്റം വരുത്തുകയായിരുന്നുവെങ്കില്‍ യു.എസ് വ്യക്തമായും പരാജയം നുണഞ്ഞിരിക്കുന്നു.

ഇത്തവണ കാര്യങ്ങള്‍ വഷളായിത്തീരുകയാണെങ്കില്‍ ആക്ഷേപാര്‍ഹനായിത്തീരുന്നത് ഒരാള്‍ മാത്രമാണ്. ജോണ്‍ ബോള്‍ട്ടണ്‍, ട്രംപിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവും ലോകത്തെ ഏറ്റവും അപകടകാരിയുമായ വ്യക്തി. ഇറാനെ ബോംബിട്ട് തകര്‍ക്കുമെന്ന് ഒരിക്കല്‍ പരസ്യമായി പ്രഖ്യാപിച്ച വ്യക്തിയാണദ്ദേഹം. ഇറാഖ് യുദ്ധാരംഭത്തിന് നിമിത്തമായ കാരണങ്ങളെ ഊതിവീര്‍പ്പിച്ചുണ്ടാക്കിയെന്ന പഴി കേട്ടിട്ടുണ്ട് അദ്ദേഹം. ഇത്തവണയും അതാവര്‍ത്തിക്കാനാവുമോ അയാളുടെ നീക്കം?. ആവില്ലെന്ന് പ്രതീക്ഷിക്കാം.

 


സൈനുല്‍ ആബിദ്
ഡിജിറ്റല്‍ ജേണലിസ്റ്റ്, ബി.ബി.സി

Editor Thelicham

Thelicham monthly

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.