Thelicham
thelitcham

ഇമ്രാന്‍ ഖാന്‍: മാക്യവല്ലിയുടെ പുതിയ സൗത്ത് ഏഷ്യന്‍ ‘രാജകുമാരന്‍’

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ വ്യക്തിപ്രഭാവം പാക് യുവതയെ ഇത്രമാത്രം സ്വാധീനിച്ചതിന് പിന്നില്‍ പ്രസിദ്ധമായൊരു ചരിത്രമുണ്ട്. 1992ല്‍ ഇമ്രാന്‍ഖാന്‍ നയിച്ച പാക് ക്രിക്കറ്റ് ടീം ലോകത്തെ ഒന്നടങ്കം അമ്പരപ്പിച്ച് ഫൈനലില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി കിരീടം ചൂടുകയുണ്ടായി. ശേഷം നടന്ന വിഖ്യാതമായ ടെസ്റ്റ് പരമ്പരയിലും പാക് ടീം ഇംഗ്ലീഷുകാരെ തകര്‍ത്തുതരിപ്പണമാക്കി. ഈ വിജയം ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ തീവ്രമായ വൈരത്തിന് വഴിവെക്കുകയും തുടര്‍ന്ന് ഇംഗ്ലീഷ് കളിക്കാര്‍ പാക് കളിക്കാരെ വംശീയമായി അധിക്ഷേപിക്കുന്ന തരത്തിലേക്കെത്തുകയും ചെയ്തു. ഇതേ തുടര്‍ന്നുണ്ടായ തീവ്രമായ വാഗ്വാദങ്ങള്‍ക്കിടയില്‍ പാകിസ്ഥാനികളെ സംസ്‌കാരശൂന്യരെന്ന് വിളിച്ച ഇംഗ്ലീഷ് ബോളര്‍ ഇയാന്‍ ബോതമിനെ സംസ്‌കാരശൂന്യനെന്നും വിവരദോഷിയെന്നും ഇമ്രാന്‍ ഖാന്‍ തിരിച്ചുവിളിച്ചു. തനിക്കെതിരെ അധിക്ഷേപം നടത്തിയ ഇമ്രാനെതിരെ ഇയാന്‍ ബോതം ലണ്ടന്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. പ്രമുഖരായ അഭിഭാഷകരെ വെച്ചുനടന്ന നിയമപോരാട്ടത്തിനൊടുവില്‍ വിജയം ഇമ്രാനോടൊപ്പമായിരുന്നു. കോടതിയും ക്രിക്കറ്റും ജയിച്ചുവന്ന ഇമ്രാന്‍ഖാന് വീരപരിവേഷം ചാര്‍ത്തിക്കൊടുക്കാന്‍ പാക് ജനതക്ക് രണ്ടാമതൊന്നാലോചിക്കേണ്ടി വന്നില്ല. അന്നത്തെ സംഭവത്തിന് ശേഷം ഇരുപത്തിരണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം പാകിസ്ഥാന്റെ ക്യാപ്റ്റന്‍സി ഒരിക്കല്‍ക്കൂടി ഏറ്റെടുത്തിരിക്കുകയാണദ്ദേഹം.

വിദേശ നയങ്ങളിലെ മിടുക്ക്

തികഞ്ഞ റിയലിസ്റ്റാണ് ഇമ്രാന്‍. പ്രതിസന്ധിഘട്ടങ്ങളെ തരണം ചെയ്യുന്നതിലുള്ള അദ്ദേഹത്തിന്റെ മിടുക്ക് അനിതര സാധാരണം തന്നെ. പാകിസ്ഥാനോടെപ്പോഴും അധീശഭാവത്തില്‍ പെരുമാറിയിട്ടുള്ള യു.എസിന്റെയും സൗദി അറേബ്യയുടെയും രാഷ്ട്രമേധാവികള്‍ക്കത് നന്നായിട്ടറിയാം. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ നേരിട്ട് എതിരിട്ട് മാസങ്ങള്‍ക്കുള്ളില്‍ തന്റെ കാല്‍ക്കലെത്തിച്ച ചരിത്രവുണ്ട് ഇംറാന്‍ ഖാന്. പാകിസ്ഥാനില്‍ യു.എസ് നടത്താറുണ്ടായിരുന്ന ഡ്രോണ്‍ ആക്രമണങ്ങള്‍, അവ വരുത്തിവെക്കുന്ന ദുരന്തങ്ങളെയും മരണങ്ങളെയും അക്കമിട്ട് നിരത്തി, നിര്‍ത്തിവെക്കാന്‍ വരെ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. അമേരിക്കയുടെ അഫ്ഗാന്‍ നയങ്ങളെ നിശിതമായി വിമര്‍ശിക്കുകയും താലിബാനുമായുള്ള സമാധാന ചര്‍ച്ചകള്‍ക്ക് ആവശ്യപ്പെടുകയും ചെയ്തിരുന്നു അദ്ദേഹം.
ഉന്നം തെറ്റാതെയുള്ള അദ്ദേഹത്തിന്റെ വിമര്‍ശനങ്ങളുടെ മൂര്‍ച്ച ലോകമറിഞ്ഞത് നവംബര്‍ 2ന് ട്വിറ്ററില്‍ ട്രംപിന് നല്‍കിയ വായടപ്പന്‍ മറുപടികളിലൂടെയായിരുന്നു. ‘നാം പാകിസ്ഥാന് വര്‍ഷംതോറും 1.3 ബില്ല്യണ്‍ ഡോളര്‍ നല്‍കുന്നുണ്ട്. ഇതിനി തുടരാന്‍ കഴിയില്ല. കാരണം, അമേരിക്കയുടെ പണം വാങ്ങുന്ന അവര്‍ അമേരിക്കക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല, നല്‍കുന്നതെല്ലാം വാങ്ങി തിരിച്ചൊന്നും നല്‍കാത്ത രാജ്യങ്ങളില്‍ ഒന്ന് മാത്രമാണ് പാകിസ്ഥാന്‍’ എന്ന ട്രംപിന്റെ ട്വീറ്റിന് ഇമ്രാന്‍ഖാന്റെ മറുപടി ട്വീറ്റ് ഇങ്ങനെയായിരുന്നു. ‘സ്വയം വരുത്തിവെച്ച പരാജയങ്ങള്‍ക്ക് പാകിസ്ഥാനെ ബലിയാടാക്കുന്നതിന് പകരം, 140,000 നാറ്റോ സൈനികര്‍ക്കും 250,000 അഫ്ഗാന്‍ സൈനികര്‍ക്കും പുറമെ ഒരു ട്രില്ല്യണ്‍ ഡോളര്‍ കൂടി ചിലവഴിച്ചിട്ടും എന്തുകൊണ്ടാണ് താലിബാന്‍ ഇപ്പോഴും ഒരു വന്‍ശക്തിയായി തന്നെ തുടരുന്നുവെന്ന് അന്വേഷിക്കുകയാണ് യു.എസ് ചെയ്യേണ്ടത്’. ‘വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തില്‍ ഒരു പാകിസ്ഥാനി പോലും പങ്കെടുത്തിട്ടില്ല, എന്നിട്ടും പാക്കിസ്ഥാന്‍ അമേരിക്കയുടെ ഭീകരതക്കെതിരായ യുദ്ധത്തില്‍ പങ്കു ചേരുകയാണ് ചെയ്തത്. എഴുപത്തി അയ്യായിരത്തോളം പാകിസ്ഥാനികളുടെ ജീവന്‍ പൊലിഞ്ഞ ഈ സമരത്തില്‍ പാകിസ്ഥാന്റെ സാമ്പത്തിക നഷ്ടം 123 ബില്യണ്‍ ഡോളറായിരുന്നെങ്കില്‍ അതിലേക്ക് യു.എസ് നല്കിയ സഹായം വെറും 20 ബില്യണായിരുന്നു,’ ഖാന്‍ തുറന്നടിച്ചു.
ഇമ്രാന്‍ ഖാന്റെ കണിശമായ പ്രായോഗികത അദ്ദേഹത്തിന്റെ മിഡിലീസ്റ്റ് വിദേശ നയങ്ങളില്‍ തെളിഞ്ഞു കാണാം. നയതന്ത്ര മികവിന്റെയും നീക്കങ്ങളുടെ കൃത്യതയുടെയും നിദര്‍ശനമാണ് സൗദി അറേബ്യയിലേക്ക് അദ്ദേഹം നടത്തിയ രണ്ട് യാത്രകള്‍. പ്രധാനമന്ത്രിപദം ഏറ്റെടുത്ത ഉടനെ സാമ്പത്തിക പ്രതിസന്ധികളില്‍ ഉലയുന്ന രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ പിടിച്ചുനിര്‍ത്താന്‍ സഹായം ചോദിച്ചായിരുന്നു ആദ്യം ഖാന്‍ റിയാദിലേക്ക് തിരിച്ചത്. എന്നാല്‍ സൗദിയുടെ പ്രതികരണം നിരാശാജനകമായിരുന്നതിനാല്‍ തന്നെ അദ്ദേഹം തിരിച്ചെത്തിയത് വെറുംകയ്യോടെ. യമനില്‍ സൗദി നടത്തുന്ന സൈനിക നടപടികള്‍ക്ക് പാകിസ്ഥാന്റെ ഭാഗത്ത് നിന്നും പിന്തുണ ലഭിക്കാത്തതായിരുന്നു പ്രധാന കാരണം. ഒരു മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഖാന്‍ വീണ്ടും സൗദി സന്ദര്‍ശനം നടത്തി. ഇത്തവണ തിരിച്ചു വന്നതോ ആറ് ബില്യണ്‍ ഡോളറിന്റെ ധന സഹായവുമായി! സൗദി ഭരണ കൂടത്തിന്റെ വിമര്‍ശകനും പത്രപ്രവര്‍ത്തകനുമായ ജമാല്‍ ഖഷോഗ്ജിയുടെ ആസൂത്രിത കൊലപാതകം തീര്‍ത്ത അഴിയാക്കുരുക്കുകളില്‍ പെട്ട് രാഷ്ട്രീയ സമ്മര്‍ദ്ദത്തിലായ സൗദിയുടെ അവസ്ഥയെ മുതലെടുക്കുകയായിരുന്നു ഖാന്‍ എന്ന രാഷ്ട്രീയ ചാണക്യന്‍. ഇമ്രാന്‍ സൗദിക്ക് തങ്ങളുടെ പിന്തുണ നല്കുകയും തങ്ങളുടെ ആവശ്യം നേടിയെടുക്കുകയും ചെയ്തു. അവസരങ്ങള്‍ തിരിച്ചറിഞ്ഞായിരുന്നു അദ്ദേഹത്തിന്റെ ഒരോ നീക്കങ്ങളും. എന്നാല്‍ അതേ സമയം തന്നെ അഴിമതിക്കേസില്‍ സ്ഥാനഭ്രഷ്ടനായ മുന്‍പ്രധാനമന്ത്രി നവാസ് ശരീഫിനെ റിയാദിലേക്ക് വിട്ടയക്കാനുള്ള സൗദിയുടെ അപേക്ഷ നിരസിച്ച് തന്റെ നിലപാടുകളുടെ കണിശത അദ്ദേഹം ഒന്നുകൂടി തെളിയിച്ചു.

തികഞ്ഞ പ്രായോഗിക വാദി

ലക്ഷ്യ പ്രാപ്തിക്ക് വേണ്ടി എന്തും ചെയ്യുന്ന നിക്കോളോ മാക്യവല്ലിയുടെ ‘പ്രിന്‍സി’ന്റെ രാഷ്ട്രീയാവതാരമാണ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. അധികാരത്തിന്റെയും രാഷ്ട്രതന്ത്രത്തിന്റെയും മാന്വലായി ഗണിക്കപ്പടുന്ന ദ പ്രിന്‍സില്‍ വാഗ്ദാനലംഘനത്തിന് അധികാരികള്‍ക്ക് സാധുതയേകുന്ന കാരണങ്ങള്‍ എന്നുമുണ്ടായിരിക്കുമെന്ന് മാക്യവല്ലി പറയുന്നുണ്ട്. ഈ പ്രസ്താവനയെ നിരന്തരം പ്രയോഗ തലത്തില്‍ ആവിഷ്‌കരിക്കുന്നത് കാരണം കൊണ്ട് തന്നെ വിമര്‍ശകര്‍ ഇമ്രാന്‍ ഖാനെ വിളിക്കുന്നത് യൂ-ടേണ്‍ ഖാന്‍ എന്നാണ്. എന്നാല്‍ രാജ്യതാല്‍പര്യം സംരക്ഷിക്കാന്‍ വേണ്ടി മാത്രമാണ് താന്‍ ഇങ്ങനെ ചെയ്യുന്നതെന്നാണ് ഖാന്റെ വാദം.
പ്രധാനമന്ത്രിയാകുന്നതിന് മുമ്പ് തന്നെ തന്റെ പ്രൊ ഇസ്ലാമിസ്റ്റും തീവ്ര സ്വഭാവമുള്ളതുമായ നിലപാടുകളുടെ പേരില്‍ അദ്ദേഹം വിമര്‍ശനം നേരിട്ടിരുന്നു. തികഞ്ഞ വിശ്വാസിയായി സ്വയം അവതരിപ്പിക്കാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമങ്ങള്‍. രാജ്യത്തെ ജിഹാദീ സംഘടനയായ തഹ്രീകെ താലിബാന്‍ പാകിസ്ഥാനുമായി മൃദു സമീപനം പുലര്‍ത്തിയതോടൊപ്പം പാക് നഗരങ്ങളില്‍ താലിബാന്‍ ഓഫീസുകള്‍ തുടങ്ങുന്നതിനോട് അദ്ദേഹം അനുകൂലവുമായിരുന്നു. 2014-ല്‍ സര്‍ക്കാറുമായി നടന്ന സമാധാന ചര്‍ച്ചയില്‍ താലിബാന്‍ പ്രതിനിധിയായി ഇമ്രാന്‍ നിര്‍ദേശിക്കപ്പെട്ടത് ജിഹാദി ഗ്രൂപ്പുകള്‍ക്ക് അദ്ദേഹത്തോടുള്ള അനുതാപം വിളിച്ചോതുന്നുണ്ട്. ഇതെല്ലാം കൊണ്ടു തന്നെ പാകിസ്ഥാനിലെ ലിബറലുകള്‍ ഇമ്രാനില്‍ നിന്ന് സ്വാഭാവികമായും പ്രതീക്ഷിച്ചത് ഇസ്ലാമിസ്റ്റുകള്‍ക്കും തീവ്രവാദികള്‍ക്കും തണലൊരുക്കുന്ന രാഷ്ട്ര മേധാവിയെയായിരുന്നു. എന്നാല്‍, ഇസ്ലാമിസ്റ്റുകള്‍ക്ക് ഒട്ടും സന്തോഷം പകരുന്നതായിരുന്നില്ല അധികാര ശേഷം അദ്ദേഹമെടുത്ത നടപടികള്‍. മത നിന്ദ നടത്തിയ പേരില്‍ വധശിക്ഷ കാത്തു കഴിയുകയായിരുന്ന ക്രിസ്ത്യന്‍ യുവതി ആസിയാ ബീബിയെ പാക്കിസ്ഥാന്‍ സുപ്രീം കോടതി മോചിപ്പിക്കുകയുണ്ടായി. രാജ്യത്തുടനീളം പ്രതിഷേധങ്ങള്‍ക്ക് ഇത് കാരണമാകുകയും ഇതിന് കാരണക്കാരായ സര്‍ക്കാറിനെ മറിച്ചിടാന്‍ സൈന്യത്തോട് അവിടത്തെ തീവ്ര ഇസ്ലാിസ്റ്റുകള്‍ ആഹ്വാനം ചെയ്യുകയുമുണ്ടായി. ഇതേ തുടര്‍ന്ന് രാജ്യത്തെ അഭിസംബോധനം ചെയ്ത് ടെലിവിഷനിലൂടെ ഖാന്‍ നടത്തിയ പ്രസംഗം പ്രൊ ഇസ്ലാമിസ്റ്റെന്ന് ആക്ഷേപിക്കുന്നവരെ അമ്പരപ്പിക്കുന്നതായിരുന്നു. സുപ്രീംകോടതി വിധിയെ പൂര്‍ണാര്‍ത്ഥത്തില്‍ അംഗീകരിക്കുകുയും അത് ഭരണഘടനക്കനുസൃതമാണെന്ന് വാദിക്കുകയും ചെയ്തു അദ്ദേഹം. കൂടാതെ, പ്രതിഷേധക്കാരുടെ വിധ്വംസക പ്രവര്‍ത്തനങ്ങളെ ശക്തമായി വിമര്‍ശിക്കുകയും അവര്‍ക്ക് തക്കതായ ശിക്ഷ നല്‍കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു അദ്ദേഹം.
പ്രതിസന്ധികളില്‍ ഒരു യൂ-ടേണ്‍ സ്വീകരിച്ചിരുന്നുവെങ്കില്‍ ഹിറ്റ്ലറിനും നെപ്പോളിയനും റഷ്യയില്‍ അടി പതറുമായിരുന്നില്ല. രാജ്യ താല്‍പര്യങ്ങള്‍ക്കും പൊതു വികാരത്തിനനുസൃതമായി തങ്ങളുടെ നയ നിലപാടുകള്‍ പൊളിച്ചു പണിയേണ്ടി വരും. സാഹചര്യങ്ങള്‍ക്കുപയുക്തമായി തീരുമാനങ്ങള്‍ കൈ കൊള്ളാതെ മുന്നോട്ടു പോകുന്നവന്‍ രാഷ്ട്രനേതാവല്ല’. തന്റെ വിമര്‍ശകര്‍ക്കുള്ള മറുപടിയായി ഇമ്രാന്‍ ഖാന്‍ പറഞ്ഞതാണിത്.
പ്രധാനമന്ത്രിയായിരിക്കെ അദ്ദേഹം എടുത്ത നടപടികള്‍ വിമര്‍ശകരുടെയും നിരൂപകരുടെയും കയ്യടികള്‍ ഏറ്റുവാങ്ങിയിരുന്നു. ഈയിടെയായി യു.എസിലെ പ്രസിദ്ധമായ ബ്രൂകിംഗ്സ് ഇന്‍സ്റ്റിറ്റൂഷന്‍ നടത്തിയ ചര്‍ച്ചയില്‍ മുന്‍ സി.ഐ.എ ഉദ്യോഗസ്ഥനും യു.എസ് ദക്ഷിണേഷ്യന്‍ നയ പണ്ഡിതനും ആയ ബ്രൂസ് റീഡല്‍ പാക് ജനാധിപത്യ വ്യവസ്ഥയെ സ്ഥിരപ്പെടുത്തുന്നതിന് ഇമ്രാന്‍ ഖാന്‍ സ്വീകരിച്ച നടപടികള്‍ക്ക് പ്രശംസിച്ചിരുന്നു. രാജ്യത്തിന്റെ പ്രധാനമന്ത്രി പഥം ഏറ്റെടുത്ത ഉടന്‍ തന്നെ മാധ്യമങ്ങള്‍ക്ക് മേല്‍ സര്‍ക്കാര്‍ ചുമത്തിയിരുന്ന സെന്‍സര്‍ഷിപ്പ് നീക്കം ചെയ്തു കൊണ്ട് ഖാന്‍ ഇറക്കിയ ഉത്തരവിനെ പ്രത്യേകം എടുത്തു പറയാനും അവര്‍ മറന്നില്ല.

ഇമ്രാനും മോദിയും

ഇമ്രാന്‍ ഖാന്റെ താരോദയത്തോടെ വലിയ നഷ്ടം നേരിട്ടത് സ്വന്തം അനുയായികള്‍ക്കിടയിലെങ്കിലും സൗത്ത് ഏഷ്യന്‍ രാഷ്ട്രീയത്തിലെ ചാണക്യനെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന നരേന്ദ്ര മോദിയുടെ പ്രതിച്ഛായക്കാണ്. തന്റെ ഊര്‍ജ്വസ്വലതയും ജനസമ്മിതിയും ലോകവീക്ഷണങ്ങളും കാരണമായാണ് മോദിയില്‍ നിന്ന് ഈ സ്ഥാനം നേടിയെടുക്കാന്‍ ഇമ്രാന്‍ ഖാന് സാധിച്ചത്. വിദേശ നയതന്ത്ര ബന്ധങ്ങളില്‍ അഞ്ച് വര്‍ഷം കൊണ്ട് മോദിക്ക് നേടാനാവാത്തതാണ് വെറും ഏഴ് മാസം കൊണ്ട് ഇമ്രാന്‍ ഖാന്‍ നേടിയെടുത്തത്. തന്റെ അമ്പത്താറ് ഇഞ്ച് നെഞ്ചളവിന്റെ പേരില്‍ അറിയപ്പെട്ടിരുന്ന മോദി ചൈനയുമായി നയതന്ത്രബന്ധം സ്ഥാപിക്കുന്നതില്‍ പൂര്‍ണമായും പരാജയപ്പെട്ടത് ഒരുദാഹരണം മാത്രം. യു.എന്നില്‍ മസൂദ് അസ്ഹറിനെ ഭീകര പട്ടികയിലുള്‍പ്പെടുത്തി പാകിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങള്‍ നാല് പ്രാവശ്യവും വിഫലമാക്കിയത് ചൈനയായിരുന്നു. അതോടൊപ്പം ചൈനയുമായുള്ള വ്യാപാരകമ്മി 63 ബില്യണ്‍ ഡോളറിലെത്തിയിരിക്കുകയാണ്. ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയുടെ അറുപത് ശതമാനവും ചൈനീസ് കമ്പനികളുടെ കൈയിലാണ്. ദോക്ലാമില്‍ ഇന്ത്യന്‍ എതിര്‍പ്പുകളെ കാറ്റില്‍ പറത്തി ചൈന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ബാധം തുടരുകയും ചെയ്യുന്നു.
ഈയടുത്തായി അമേരിക്കന്‍ പത്രം വാഷിംഗ്ടണ്‍ പോസ്റ്റിലെഴുതിയ തന്റെ ലേഖനത്തില്‍ പ്രമുഖ ഇന്ത്യന്‍ പത്ര പ്രവര്‍ത്തക ബര്‍ഖാ ദത്ത് ചൈനാ വിഷയത്തില്‍ മാത്രമില്ലാത്ത മോഡിയുടെ ‘മസ്‌കുലാര്‍ നാഷണലിസത്തെ’ പൊളിച്ചെഴുതിയിരുന്നു. അതെ സമയം ഇമ്രാന്‍ ഖാന്റെ വിദേശ നയങ്ങള്‍ ഒന്നുകൂടി നിശ്ചയദാര്‍ഢ്യത്തോടെയുള്ളതായിരുന്നു. ചൈന, സൗദി, മലേഷ്യ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളുമായി സാമ്പത്തിക സഹകരണം ഉറപ്പുവരുത്താന്‍ അദ്ദേഹത്തിനായി. സാമ്പത്തിക തകര്‍ച്ചയില്‍ നിന്നും രാജ്യത്തെ രക്ഷിക്കാന്‍ ആഗോള വായ്പ സ്ഥാപനം ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് (ഐ.എം.എഫ്) സഹായം സ്വീകരിക്കാന്‍ തയ്യാറാണെങ്കിലും അവര്‍ മുന്നോട്ട് വെക്കുന്ന നിബന്ധനകള്‍ രാജ്യതാല്‍പര്യങ്ങള്‍ക്കെതിരെയുള്ളവ ആണെങ്കില്‍ ഒരിക്കലും വഴങ്ങുകയില്ലെന്ന് അദ്ദേഹം ആണയിടുകയും ചെയ്തിരുന്നു.
അതേസമയം ഇന്ത്യയെ അപമാനിച്ച് കൊണ്ട് അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ ഇടപെടലുകള്‍ പൂര്‍ണ പരാജയമെന്ന് വിലയിരുത്തിയ അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ ട്വീറ്റുകള്‍ക്ക് മറുപടിയായി ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ഒന്നുമില്ലായിരുന്നു. മൂന്ന് ബില്യണ്‍ ഡോളര്‍ ചെലവഴിച്ച് യുദ്ധം തകര്‍ത്തെറിഞ്ഞ അഫ്ഗാനിസ്ഥാന്റെ പുനര്‍നിര്‍മാണത്തെ ഉജ്ജീവിപ്പിക്കാന്‍ ഇന്ത്യ നടത്തുന്ന ഭഗീരഥ യത്നങ്ങളെ കുറച്ച് കാണിച്ച് അഫ്ഗാനില്‍ ഇന്ത്യ ആകെ ചെയ്തത് ഒരു ലൈബ്രറി നിര്‍മിച്ചത് മാത്രമാണെന്നായിരുന്നു ട്രംപിന്റെ പരിഹാസം. ഇതിനെതിരെ ശക്തമായി തിരിച്ചടിക്കാന്‍ മോദി തയ്യാറാവാത്തത് അദ്ദേഹത്തിന്റെ രാഷ്ട്രീയ ബലഹീനതയെ സൂചിപ്പിക്കുന്നവെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.
‘യുദ്ധം ചെയ്യേണ്ടത് ശ്രദ്ധയോടെയായിരിക്കണം. പരാജയം ഭയക്കുന്നിടങ്ങളില്‍ എടുത്തു ചാടരുത്’. പ്രസിദ്ധ നെറ്റ്ഫ്‌ലിക്‌സ് ടി.വി ഷോ ‘ഹൗസ് ഓഫ് കാര്‍ഡ്സി’ലെ ജനപ്രിയ കഥാപാത്രമായ ഫ്രാങ്ക് അണ്ടര്‍വുഡിന്റേതാണീ വാക്കുകള്‍. ഒരു വൈറ്റ് ഹൗസ് സ്റ്റാഫിന്റെ തസ്തികയില്‍ നിന്നും അധികാരത്തിന്റെ ഇടനാഴികളില്‍ കയറിപ്പറ്റി അവസാനം അമേരിക്കന്‍ പ്രസിഡന്റാകുന്ന വിസ്മയാവഹമായ കഥയാണ് അണ്ടര്‍വുഡ് എന്ന കഥാപാത്രം ആവിഷ്‌കരിക്കുന്നത്. നാല്‍പതോളം ഇന്ത്യന്‍ സൈനികരുടെ ജീവനെടുത്ത പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ഉടലെടുത്ത പ്രക്ഷുബ്ധമായ സാഹചര്യത്തെ നേരിടാന്‍ ഇമ്രാന്‍ ഖാന്‍ പയറ്റിയ തന്ത്രവും ഇതു തന്നെയായിരുന്നു. വിസ്ഫോടനാത്മകമായ സാഹചര്യത്തില്‍ ഇമ്രാന്‍ ഖാനെ യുദ്ധത്തിലേക്ക് വലിച്ചിഴക്കാന്‍ നരേന്ദ്ര മോദി ആവതും ശ്രമിച്ചപ്പോള്‍ യുദ്ധം ഒരിക്കലും തന്റെ രാജ്യത്തിന് ഭൂഷണമാവില്ലെന്ന് നല്ല ബോധ്യമുണ്ടായിരുന്ന ഇമ്രാന്‍ തന്ത്രപൂര്‍വ്വം പ്രകോപനപരമായ പ്രവര്‍ത്തനങ്ങളില്‍ നിന്നെല്ലാം വിട്ടു നിന്നു. തന്റെ നയതന്ത്രമികവ് കൊണ്ട് രംഗം വഷളാവാതെ സൂക്ഷിച്ചത് ആഗോള തലത്തിലും അഭ്യന്തര തലത്തിലും അദ്ദേഹത്തിന്റെ നയ തന്ത്ര വൈദഗ്ദ്യത്തിന് ഒന്നുകൂടി നിറം ചാര്‍ത്തി. മുന്‍ ഇന്ത്യന്‍ നയതന്ത്ര വിദഗ്ദ്ധന്‍ കെ.സി സിംഗിന്റെ നിരീക്ഷണം ഇതിനെ ശരിവെക്കുന്നതായിരുന്നു. ഇമ്രാന്‍ ഖാന്റെ അപ്രതീക്ഷിത നീക്കത്തില്‍ ബി.ജെ.പിയിലെ വന്‍തോക്കുകള്‍ അന്ധാളിച്ചെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. മധ്യമ നിലപാടുകളുടെയും പ്രശ്നപരിഹാരത്തിനുള്ള ഒരുക്കത്തിന്റെയും സുന്ദരമായ ചിത്രങ്ങളായിരുന്നു ഇമ്രാന്‍ ഖാന്‍ പങ്കുവെച്ചത്.
അവസാനം സ്വന്തം നാട്ടില്‍ ഇന്ത്യയോട് തിരിച്ചടിച്ചതിന്റെ വീരപരിവേഷവും ആഗോളതലത്തില്‍ സമാധാന ശ്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച് പ്രശ്നം പരിഹരിച്ച് ന്യൂക്ലിയര്‍ യുദ്ധത്തെ തടഞ്ഞു നിര്‍ത്താനും ശ്രമിച്ച ഇമേജും ഖാന് നേടിയെടുക്കാനായി. സംഭവ ശേഷം പ്രമുഖ അമേരിക്കന്‍ പത്രം ന്യൂയോര്‍ക് ടൈംസില്‍ പ്രസിദ്ധീകരിച്ചൊരു ലേഖനം പുല്‍വാമ ആക്രമണത്തിന് പിന്നാലെ പാകിസ്ഥാനുമായി നടന്ന വ്യോമ യുദ്ധത്തില്‍ ഇന്ത്യ പരാജയപ്പെട്ടതിനാല്‍ സ്വാഭാവികമായും ചൈനയുടെ ആയുധ ശേഷിക്ക് മുന്നില്‍ ഇന്ത്യന്‍ സേനക്ക് അധികമൊന്നും പിടിച്ച് നില്‍ക്കാനാകില്ലെന്ന കാര്യം തീര്‍ച്ചയാണെന്ന് നിരീക്ഷിക്കുകയുണ്ടായി.
ഒരു ഓസ്ട്രേലയിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഇമ്രാന്‍ ഖാന്റെ മുന്‍ ഭാര്യ റെഹം ഖാന്‍ പറഞ്ഞത് തന്റെ ഭര്‍ത്താവ് തനിക്ക് നല്‍കിയ ഏറ്റവും നല്ല ഉപദേശം ക്രിക്കറ്റില്‍ സാധ്യമായ ബോള്‍ മാത്രം അടിക്കുക എന്നതായിരുന്നുവെന്നാണ്. പ്രതിഭാ സമ്പന്നനായ ക്രിക്കറ്റ് ഇതിഹാസത്തില്‍ നിന്ന് രാജ്യത്തിന്റെ അമരത്തേക്കുള്ള ഖാന്റെ യാത്രക്കു പിന്നിലെ പ്രവര്‍ത്തിച്ച രസതന്ത്രം ഒരു പക്ഷേ ഇതായിരിക്കുമെന്ന് നമുക്ക് കരുതാം.

Editor Thelicham

Thelicham monthly

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.