Thelicham

പിച്ചക്കാരന്റെ മനുഷ്യാവകാശം

[box type=”shadow” align=”” class=”” width=””]ഡല്‍ഹിയില്‍ കല്യാണം അന്വേഷിക്കുമ്പോഴും പയ്യനെന്താ പണി എന്നതിന് മാംഗ്‌നേവാലയാണ് എന്നു മറുപടി. മധൂര്‍ ബണ്ഡാര്‍ക്കറുടെ ട്രാഫിക് സിഗ്‌നല്‍ എന്ന ചിത്രത്തിലെ പാന്റും ഷര്‍ട്ടുമിട്ട് രാവിലെ വീട്ടില്‍ നിന്നിറങ്ങി നഗരത്തിരക്കില്‍ ഉടുപ്പുമാറ്റി മുഖത്തു ചെളിപുരട്ടി സിഗ്‌നലില്‍ കുടുങ്ങിയ കാറുകളുടെ ജനാലയില്‍ തട്ടി ഭിക്ഷ ചോദിക്കുന്ന കഥാപാത്രം വെറുമൊരു ഭാവനാ സൃഷ്ടിയല്ലെന്ന് ഈ നഗരം ബോധ്യപ്പെടുത്തും [/box]അതിശയോക്തിയെന്ന് പറഞ്ഞു ചിരിക്കരുത്. ഡല്‍ഹിയിലെ ധര്‍മക്കാരില്‍ ചിലര്‍ അതൊരു ജോലി ആയാണ് എണ്ണുന്നത്. മാംഗ്‌നേവാലകള്‍(ചോദിക്കുന്നവര്‍) എന്നാണു സ്വയം പറയുക. കല്യാണം അന്വേഷിക്കുമ്പോഴും പയ്യനെന്താ പണി എന്നതിന് മാംഗ്‌നേവാലയാണ് എന്നു മറുപടി. മധൂര്‍ ബണ്ഡാര്‍ക്കറുടെ ട്രാഫിക് സിഗ്‌നല്‍ എന്ന ചിത്രത്തിലെ പാന്റും ഷര്‍ട്ടുമിട്ട് രാവിലെ വീട്ടില്‍ നിന്നിറങ്ങി നഗരത്തിരക്കില്‍ ഉടുപ്പുമാറ്റി മുഖത്തു ചെളിപുരട്ടി സിഗ്‌നലില്‍ കുടുങ്ങിയ കാറുകളുടെ ജനാലയില്‍ തട്ടി ഭിക്ഷ ചോദിക്കുന്ന കഥാപാത്രം വെറുമൊരു ഭാവനാ സൃഷ്ടിയല്ലെന്ന് ഈ നഗരം ബോധ്യപ്പെടുത്തും. കുടുംബ സുഹൃത്തുക്കള്‍ താമസിച്ചിരുന്ന ലാജ്പത് നഗറിലെ വീടിനടുത്ത ബസ്‌സ്റ്റോപ്പില്‍ ഇരിക്കാറുണ്ടായിരുന്ന മാംഗ്‌നേവാലയെ ഒരിക്കല്‍ കൊണാട്ട് പ്‌ളേസില്‍ (സി.പി)വെച്ചു കണ്ടു. അയാളൊരിക്കല്‍ പോലും എന്നോടു പൈസ ചോദിക്കുകയോ കൊടുക്കുകയോ ഉണ്ടായിട്ടില്ല. ഗൂഗിള്‍ മാപ്പുകളും മൊബൈല്‍ ആപ്പുകളും സുലഭമാണെങ്കിലും പോവേണ്ട വണ്ടി നമ്പറും വഴികളും ഒരു മനുഷ്യമുഖത്തു നിന്ന് ചോദിച്ചറിയുമ്പോള്‍ പാതി ദൂരം പിന്നിട്ട സമാധാനമാണ്. ബസ് നമ്പറുകള്‍ തിരക്കാന്‍ പലപ്പോഴും അടുത്തു ചെന്നിരുന്നതിനാല്‍ മുഖവും സ്വരവും അതിപരിചിതമായിരുന്നു. ഇപ്പോള്‍ കാണുമ്പോള്‍ കയ്യില്‍ വെച്ചു കെട്ടില്ല, മുഷിഞ്ഞു കീറിയ ബനിയനല്ല, അത്ര മെനക്കെട്ടില്ലെങ്കിലും ഷര്‍ട്ടും പാന്റും ഇന്‍ ചെയ്ത്, കയ്യില്‍ ഭാരിച്ച പ്ലാസ്റ്റിക് സഞ്ചികളുമായി നടന്നു വരുന്നു. മറ്റൊരു രൂപത്തില്‍ അഭിമുഖീകരിക്കുന്നതില്‍ അയാള്‍ക്ക് ജാള്യമുണ്ടാവുമെന്ന തോന്നലില്‍ അടുത്തു കണ്ട കച്ചവടക്കാരനോട് ബെല്‍റ്റുകളുടെ വിലതിരക്കി കണ്ടില്ലെന്ന മട്ടില്‍ നിന്നു. കുറെ കാലമായല്ലോ സര്‍ജീ ആ വഴി കണ്ടിട്ട്, ഞാന്‍ ഇടക്ക് ഓര്‍ക്കാറുണ്ട് എന്നു പറഞ്ഞ് അയാള്‍ അടുത്തു വന്നപ്പോള്‍ മനുഷ്യരുടെ മുഖത്തിനപ്പുറം മനസു തിരിച്ചറിയാനുള്ള കഴിവില്ലായ്മയോര്‍ത്ത് ജാള്യത തോന്നിയത് എന്നോടു തന്നെയാണ്. ഗ്രാമത്തിലേക്ക് പോവുകയായിരുന്നു അയാള്‍. മകള്‍ക്ക് അല്ലെങ്കില്‍ അതുപോലെ സ്‌നേഹിക്കുന്നൊരു കുഞ്ഞിന് കളിപ്പാട്ടങ്ങളും കുഞ്ഞു സ്വെറ്ററും വാങ്ങാന്‍ വന്നതാണ്.

ഒരു ബസ് സ്റ്റോപ്പിലോ, ദേവാലയ മുറ്റത്തോ ഒതുങ്ങുന്ന, അതിലൂടെ പോകുന്ന ആളുകളുടെ കനിവില്‍ കഴിഞ്ഞുപോകുന്നു.അവഗണിച്ചവഹേളിച്ച് തള്ളേണ്ട നിസാര ജീവിതങ്ങളിലൊന്നായി മാത്രമാണ് മാംഗ്‌നേവാലയെ നമ്മുടെ മനസു വായിക്കുന്നത്. അവര്‍ ആരായിരുന്നുവെന്ന് നമുക്കറിയേണ്ട, അവരുടെ വെച്ചുകെട്ടുകളുടെ പിന്നിലെ കഥകളോ പ്രാരാബ്ദങ്ങളോ അറിയേണ്ട, സ്വയം തെരഞ്ഞെടുത്തതോ തള്ളിയിടപ്പെട്ടതോ എന്ന് ഓര്‍ക്കാറില്ല. അതെന്തായാലും അവരും മനുഷ്യരാണ്, അവര്‍ക്കുമുണ്ട് ഔദാര്യമോ ഭിക്ഷയോ അല്ലാതെ ലഭിച്ചിരിക്കേണ്ട, സംരക്ഷിക്കപ്പെടേണ്ട മനുഷ്യാവകാശങ്ങള്‍. നാല്‍പതുപേര്‍ സഞ്ചരിക്കുന്ന ബസ്സില്‍ ഒരു പോക്കറ്റടി നടന്നാല്‍ വണ്ടിയില്‍ യാത്ര ചെയ്യുന്ന യാചകന്റെ പൊക്കണക്കെട്ട് കീറിപ്പരിശോധിക്കാനും അവനെ ഇടിച്ച് ഇഞ്ചപ്പരുവമാക്കാനുമാണല്ലോ നമ്മുടെ നീതിപാലന ബോധം ആദ്യ നിമിഷത്തില്‍ തന്നെ പ്രേരിപ്പിക്കുക. തമിഴരോ അതുമല്ലെങ്കില്‍ തൊലി കറുത്തവരോ എങ്കില്‍ ഇടിയുടെ ഊക്ക് കൂടും. കാണാതെ പോയ ഒരു പഴ്‌സിന്റെ, കൊളുത്തുവിട്ട് നിലത്തുവീണ ഒരു കൊലുസിന്റെ പേരില്‍ എത്രയേറെ നാടോടി സ്ത്രീകളുടെ കുപ്പായങ്ങളാണ് നമ്മുടെ സദാചാര ദുശ്ശാസനന്മാര്‍ വലിച്ചു കീറിയിട്ടുള്ളത്.

നഗര സൗന്ദര്യവത്കരണത്തിന്റെ ആദ്യപടി തന്നെ യാചകരുടെ കോളനികള്‍ക്കുമേല്‍ ബുള്‍ഡോസര്‍ കയറ്റുക എന്നതാണ്. ഡല്‍ഹിയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിനു മുന്നോടിയായി നഗരത്തിലെ തെരുവുകളിലും ഫ്‌ളൈഓവര്‍ ചുവടുകളിലും കണ്ട സകല ദരിദ്രരെയും ബലംപ്രയോഗിച്ചു നാടുകടത്തി

നഗര സൗന്ദര്യവത്കരണത്തിന്റെ ആദ്യപടി തന്നെ യാചകരുടെ കോളനികള്‍ക്കുമേല്‍ ബുള്‍ഡോസര്‍ കയറ്റുക എന്നതാണ്. ഡല്‍ഹിയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിനു മുന്നോടിയായി നഗരത്തിലെ തെരുവുകളിലും ഫ്‌ളൈഓവര്‍ ചുവടുകളിലും കണ്ട സകല ദരിദ്രരെയും ബലംപ്രയോഗിച്ചു നാടുകടത്തി. പൊലീസ് വാഹനങ്ങളില്‍ കുത്തിത്തിരുകി എവിടെയെല്ലാമോ കൊണ്ടുത്തള്ളി. അവര്‍ ഡല്‍ഹിയുടെയും ഡല്‍ഹി അവരുടെയും സമയസൂചികളാകയാല്‍ കുറെപേര്‍ കറങ്ങിത്തിരിന്നെത്തി. പക്ഷേ, അവശേഷിക്കുന്നവര്‍ എവിടെ? കുട്ടികളെ വേര്‍പെട്ടുപോയ മാതാപിതാക്കളുണ്ടായിരുന്നു അക്കൂട്ടത്തില്‍. കുടുംബത്തിലെ പലരെയും പല നാടുകളിലാണ് ഇറക്കി വിട്ടത്. അപരിചിതമായ പരിസരങ്ങളില്‍ അവര്‍ക്ക്, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് എന്തു സംഭവിച്ചു എന്നൊന്നും ഒരു പ്രെെം ടൈം ചര്‍ച്ചയും അന്വേഷണ പരമ്പരയും ഉണ്ടായില്ല. രാത്രി കടത്തിണ്ണയിലോ ബസ്‌സ്റ്റോപ്പുകളിലോ ഉറങ്ങിക്കിടക്കുന്ന യാചകരെ കൊലപ്പെടുത്തുന്ന, അവരിലെ സ്ത്രീകളെയും കുഞ്ഞുങ്ങളെയും മാനഭംഗപ്പെടുത്തുന്ന എത്രയോ സംഭവങ്ങളുണ്ടായി. പിറ്റേ ദിവസത്തെ പൊലീസ് ഉപചാരത്തില്‍ ഒതുങ്ങാറല്ലേ അന്വേഷണങ്ങളില്‍ മുക്കാല്‍ പങ്കും. സമീപ കാലത്ത് ചുരുക്കം ചില ബാലികാ പീഡന കേസുകളില്‍ സാമൂഹിക പ്രവര്‍ത്തകരുടെ നിതാന്ത ജാഗ്രത മൂലം ചില ഇടപെടലുകളുണ്ടായതു മാത്രമാണ് ആശ്വാസം. ഭിക്ഷാടനത്തിന് കുട്ടികളെ ഉപയോഗിക്കുന്ന രീതിയോട് സഹിഷ്ണുതപ്പെടാന്‍ കഴിയില്ല. കുട്ടികളെയോ മുതിര്‍ന്നവരെയോ ഭിക്ഷക്കിരുത്തി ആ പണം പിടുങ്ങുന്ന റാക്കറ്റിങ്ങുകളും ഇല്ലാതാക്കണം. എന്നാല്‍ യാചന ഇല്ലാതാക്കാന്‍ വാദിക്കുന്ന ആരും അതിനു മുതിരുകയോ നിയമം നടപ്പാക്കാന്‍ ഉല്‍സാഹം കാണിക്കുന്നോ ഇല്ല. കുഞ്ഞുങ്ങളെ ദിവസ വാടകക്ക് കൊടുക്കുന്ന രക്ഷിതാക്കള്‍ ഉണ്ടെന്നാണ് നോയിഡയിലെ ഒരു സര്‍വകലാശാല അധ്യാപിക പറഞ്ഞത്. വഴിയോരത്ത് ഭിക്ഷക്കിരിക്കുന്ന ആളുകളുടെ മടിയില്‍ കിടക്കുന്ന കുഞ്ഞുങ്ങള്‍ക്ക് കളി ചിരിയോ കരച്ചിലോ ഇല്ല, ബോധരഹിതമായ ഉറക്കു മാത്രം. ബാലഭിക്ഷാടനം നിരോധിച്ച കേരള ഹൈകോടതിക്ക് തൊട്ടരുകില്‍ പോലും നിര്‍ബാധം നടക്കുന്നുണ്ടത്.

thelicham

യാചകരെ നമുക്ക് ഇഷ്ടമില്ലായിരിക്കാം, അറപ്പായിരിക്കാം. യാചന അരുതെന്നു പറയാനും അവര്‍ക്കു പണം നല്‍കാതിരിക്കാനുമുള്ള സ്വാതന്ത്ര്യം നമുക്കുണ്ട്, പക്ഷെ ഒരു സുപ്രഭാതത്തില്‍ നിരോധിത മേഖല എന്നു ബോര്‍ഡുകള്‍ സ്ഥാപിച്ചോ സര്‍ക്കാര്‍ ഉത്തരവിറക്കിയോ, കോടതി വിധി വഴിയോ ഇല്ലാതാക്കാന്‍ കഴിയുന്ന സാമൂഹിക സാഹചര്യമല്ലത്. പുതിയ സാമ്പത്തിക നയങ്ങള്‍ ദരിദ്രരുടെ എണ്ണപ്പെരുക്കം അതിവേഗത്തിലാക്കിയിട്ടുണ്ട്. അഞ്ചുവര്‍ഷത്തിനകം ലോക സമ്പദ്‌വ്യവസ്ഥ അട്ടിമറിയും. പത്തിരട്ടിയായി വര്‍ധിക്കും യാചകരുടെ എണ്ണം. ഇപ്പോള്‍ തന്നെ പട്ടിണിയും തൊഴിലില്ലായ്മയും നമ്മളറിയുന്നതിനേക്കാള്‍ എത്രയോ ഏറെയാണ്. പോറ്റി വളര്‍ത്തിയ മക്കള്‍ തെരുവില്‍ കൊണ്ടുവന്ന് നടതള്ളുന്ന മാതാപിതാക്കളുടെ എണ്ണം ദിവസേന വര്‍ധിച്ചു വരുന്നു. കലാപങ്ങളും കല്യാണങ്ങളും തെരുവിലത്തെിച്ച ആയിരക്കണക്കിനു പേര്‍. സിഖുകാര്‍ക്കിടയില്‍ യാചകര്‍ ഇല്ല എന്നാണ് നാട്ടില്‍ വെച്ച് പറഞ്ഞു കേട്ടിരുന്നത്. ഒരു ടവ്വല്‍ തലയില്‍ വലിച്ചു കെട്ടി കയറിച്ചെല്ലുന്ന ആര്‍ക്കും ഗുരുദ്വാരകളില്‍ നിന്ന് സുഭിക്ഷമായ ഭക്ഷണം ലഭിക്കും, പലയിടത്തും താമസ സൗകര്യവും നല്‍കും. പക്ഷെ ഡല്‍ഹിയിലും പഞ്ചാബിലും ഒട്ടനവധി സിഖ് യാചകരെ കാണാന്‍ കഴിഞ്ഞിട്ടുണ്ട്. അതായത് ഭക്ഷണമോ താമസ സൗകര്യമോ നല്‍കുന്നതു കൊണ്ടുപോലും യാചന പിടിച്ചു നിര്‍ത്താനാവില്ലെന്നു വ്യക്തം.

കറുപ്പാ എന്ന് വിളിച്ചാല്‍ അവന്‍ ഓടിയെത്തും. 25 പൈസ കിട്ടിയാല്‍ മതി സന്തോഷം കൊണ്ട് തുള്ളിച്ചാടും, കൊടുത്തില്ലെങ്കിലും അവന് പിണക്കൊന്നുമില്ല. പരിഹസിച്ചാലും അതെ, വെറുതെ ചിരിച്ചുകൊണ്ട് നില്‍ക്കും. കാമ്പസിനു ചുറ്റും അവന്‍ വണ്ടിയോടിച്ചു കളിച്ചു, മലയാളം, തമിഴ് പാട്ടുകള്‍ ഉച്ചത്തില്‍ തെറ്റിച്ചു പാടി നടന്നു. ന്യൂ ബ്‌ളോക്കിലെ ഒഴിഞ്ഞ വരാന്തകളിലെവിടെയെങ്കിലും കിടന്നുറങ്ങി

പടച്ച തമ്പുരാന്‍ യാചകരെ മുഴുവന്‍ മുസ്‌ലിംകളായാണോ സൃഷ്ടിച്ചത് എന്നു തോന്നിയ നിരവധി സന്ദര്‍ഭങ്ങളുമുണ്ട്. മസ്ജിദുല്‍ ഹറമിന്റെ പരിസരത്തു മുതല്‍ ജമാമസ്ജിദിന്റെ നാലുമുക്കിലും നാട്ടിലെ കൊച്ചു നമസ്‌കാര സ്രാമ്പിക്കുമുന്നില്‍ വരെ കൈയും കടലാസും നീട്ടി നാണയം കാത്തിരിക്കുന്നവര്‍. പ്രവാചകന്‍ യാചനയെ നിരുല്‍സാഹപ്പെടുത്തിയിരുന്നുവെന്ന് വായിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് പലരും യാചനക്കെതിരായ നിലപാടു സ്വീകരിക്കുന്നത്. പക്ഷേ, കുറച്ചു പേരെയെങ്കിലും യാചനയില്‍ നിന്നു മാറ്റാന്‍ ഉതകുന്ന നിര്‍ബന്ധിത സക്കാത്ത് വ്യവസ്ഥാപിതമായി നിര്‍വഹിക്കുന്ന കാര്യത്തില്‍ ഈ കണിശത സമുദായത്തിനുണ്ടോ? സമ്പത്ത് ദുര്‍മേദസ്സുപോലെ അടിഞ്ഞു കൂടിയ മഹല്ലുകളില്‍ നിന്നു പോലും സഹായ അഭ്യര്‍ഥനകളുമായി ആളുകള്‍ വീടുകയറി പണം തേടുന്നത് നിത്യകാഴ്ചയല്ലേ.
യാചകരെ പള്ളിവളപ്പിനരികില്‍ നിന്ന് ഒഴിപ്പിച്ചു വിടുന്നതിന്റെ കരച്ചിലും കലഹവും കണ്ടാണ് പാര്‍ലമെന്റിനടുത്തുള്ള പള്ളിയില്‍ മിക്ക വെള്ളിയാഴ്ചയും നടന്നു കയറാറ്. പരിചിതരല്ലാത്ത അബലകളെ ഒഴിപ്പിച്ചു വിടാന്‍ മാത്രമേ പള്ളിക്കാര്‍ സാഹസം കാണിക്കൂ. ദൂരെ മാറിപ്പോകാന്‍ പറഞ്ഞ ഉദ്യോഗസ്ഥനോട് നിന്റെയല്ല, അല്ലാഹുവിന്റെ വീട്ടിലാണ് ഞാന്‍ ചോദിച്ചുവന്നത് എന്നു പറഞ്ഞ് കരഞ്ഞു പ്രാകുന്ന സ്ത്രീയുടെ മുഖമുണ്ട് മനസില്‍, ജമാ മസ്ജിദിന്റെ മുന്നിലെ മതിയാ മഹലില്‍ ചില്ലറക്കോ ഒരു നേരത്തെ ഭക്ഷണത്തിനോ വേണ്ടി കൈനീട്ടുന്ന മുഖമില്ലാത്ത സ്ത്രീകളും. ആസിഡ് ആക്രമണത്തില്‍ മുഖം തേഞ്ഞുപോയ ഒന്നിലേറെ സ്ത്രീകളെ അവിടെ കാണാറുണ്ട്. ഏതെങ്കിലും പുരുഷന്റെ ആഗ്രഹമോ അഭ്യര്‍ഥനയോ ആജ്ഞയോ നിരസിച്ചതിന്റെ ശിക്ഷയായാണ് നമ്മുടെ രാജ്യത്തും അയല്‍ രാജ്യങ്ങളിലും ഏറ്റവുമധികം ആസിഡ് ആക്രമണങ്ങള്‍ അരങ്ങേറുന്നത്. 98 ശതമാനം ഇരകളും സ്ത്രീകളാണ്. അക്രമത്തിനു ശേഷവും ജീവിതത്തെ ശക്തമായി നേരിട്ടു മുന്നേറുന്ന ഒട്ടേറെ സ്ത്രീകളുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. ഭര്‍ത്താവിന്റെ അക്രമണത്തില്‍ മുഖം ഉരുകിപ്പോയ തമിഴ്‌നാട്ടിലെ ഹാജറയുടെയും പ്രണയാഭ്യര്‍ഥനക്ക് ചെവികൊടുക്കാഞ്ഞതിന് മുഖം നശിപ്പിക്കപ്പെട്ട ലക്ഷ്മിയുടെയും കഥകള്‍ വായനക്കാര്‍ക്കുവേണ്ടി പകര്‍ത്തിയിട്ടുണ്ട്.
സൈക്കിള്‍ പോലും ഓടിക്കാന്‍ അറിയാത്ത ഹാജറ വാഹനം സ്വന്തം െ്രെഡവു ചെയ്ത് നിരവധി കമ്പനികളുടെ അക്കൗണ്ടിംഗ് ജോലികള്‍ നിര്‍വഹിക്കാന്‍ പോകുന്നത് അല്‍ഭുതം കലര്‍ന്ന അഭിമാനത്തോടെ നോക്കി നിന്നിട്ടുണ്ട്. പ്രണയ നിരാസത്തിന് ശിക്ഷിക്കപ്പെട്ട ലക്ഷ്മി കൂട്ടുകാര്‍ക്കൊപ്പം പ്രണയ കുടീരമായ താജ്മഹലിനടുത്ത് ഷിറോസ് എന്ന പേരില്‍ കഫേ ആരംഭിച്ച് പകരം ചോദിക്കുന്നു. പക്ഷേ, അതിനൊന്നും അവസരമോ സാഹചര്യമോ ഇല്ലാതെ പോയ സ്ത്രീകള്‍ തെരുവില്‍ കൈനീട്ടി വേണം വയറിന്റെ ഉരുക്കം തീര്‍ക്കാന്‍. തെരുവില്‍ കൈനീട്ടും മുമ്പ് കനിവുതേടി നീതിന്യായ പീഠങ്ങളിലേക്കുള്ള പടിക്കെട്ടുകള്‍ കയറി ഇറങ്ങിയാവും യാചിക്കാനുള്ള മാനക്കേട് അവരില്‍ നിന്ന് അകന്നുപോയത്. രാജ്യത്തിന്റെ ഭരണഘടന നല്‍കുന്ന ഉറപ്പുകള്‍ പാലിക്കാന്‍ കഴിയാത്ത നമ്മള്‍ യാതന മുറ്റിയ അത്തരം മനുഷ്യരോട് യാചനയുടെ നൈതികതയെക്കുറിച്ച് പറയുന്നതിലപ്പുറമില്ല അനീതി.

കറുപ്പുസ്വാമി പഠിപ്പിച്ചത്
കുഞ്ഞുനാള്‍ മുതല്‍ കൈനീട്ടാന്‍ മാത്രം പഠിപ്പിക്കപ്പെട്ടൊരു ബാലന്‍ സ്വയം ജീവിതം തിരിച്ചുപിടിക്കുകയും ഒരു പാടു പേര്‍ക്ക് പാഠം പകരുകയും ചെയ്ത സന്തോഷം നിറഞ്ഞ ഓര്‍മകള്‍.
കറുപ്പാ എന്ന് വിളിച്ചാല്‍ അവന്‍ ഓടിയെത്തും. 25 പൈസ കിട്ടിയാല്‍ മതി സന്തോഷം കൊണ്ട് തുള്ളിച്ചാടും, കൊടുത്തില്ലെങ്കിലും അവന് പിണക്കൊന്നുമില്ല. പരിഹസിച്ചാലും അതെ, വെറുതെ ചിരിച്ചുകൊണ്ട് നില്‍ക്കും. കാമ്പസിനു ചുറ്റും അവന്‍ വണ്ടിയോടിച്ചു കളിച്ചു, മലയാളം, തമിഴ് പാട്ടുകള്‍ ഉച്ചത്തില്‍ തെറ്റിച്ചു പാടി നടന്നു. ന്യൂ ബ്‌ളോക്കിലെ ഒഴിഞ്ഞ വരാന്തകളിലെവിടെയെങ്കിലും കിടന്നുറങ്ങി.thelicham
കറുപ്പന്‍ എന്ന കറുപ്പുസ്വാമി എന്നു മുതല്‍ അവിടെയുണ്ട് എന്നറിഞ്ഞുകൂടാ, വിദ്യാര്‍ഥിയായി ആദ്യദിനം ചെന്ന ദിവസം തന്നെ അവനെ കണ്ടിട്ടുണ്ട്. എന്നുവെച്ചാല്‍ എറണാകുളം മഹാരാജാസില്‍ കറുപ്പന്‍ എന്റെ സീനിയര്‍ ആണ്. പത്തു പതിനാല് വയസ്സു തോന്നിക്കുന്ന ഒരു തമിഴ് യാചക ബാലന്‍. കോളജ് വിടും വരെ അവിടെ ചുറ്റിയടിച്ച് അവന്‍ പതുക്കെ പാര്‍ക്കിലേക്ക് ചേക്കേറും. കറുപ്പനെക്കൊണ്ട് പാട്ടുപാടിച്ചും കഥ പറയിച്ചും ചിലര്‍ പൈസ കൊടുക്കും. നോത്രദാമിന് കൂനന്‍ എന്ന പോലെയായി മഹാരാജാസിന് കറുപ്പന്റെ കളിചിരികള്‍.
ആ വര്‍ഷത്തെ ‘മാതൃഭൂമി’ സാഹിത്യമത്സര ജേതാവും ഇപ്പോള്‍ മാതൃഭൂമി പത്രാധിപസമിതി അംഗവുമായ പ്രമുഖ എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന്‍ കറുപ്പനെ പ്രമേയമാക്കി ഒരു കഥയുമെഴുതിയിരുന്നു. ഇടക്ക് കറുപ്പന്‍ ഒരു ലീവെടുക്കും. പോകും മുന്‍പേ അക്കാര്യം ആരെയെങ്കിലും കൊണ്ട് എഴുതിപ്പിച്ച് കാമ്പസിന്റെ പല ഭാഗങ്ങളിലായി പതിച്ചുവെക്കും. മടങ്ങിയത്തെുന്ന ദിവസം സേട്ടാ നാന്‍ വന്ന്, ശേച്ചീ നാന്‍ വന്ന് എന്ന് എല്ലാവരെയും കണ്ട് വിവരമറിയിക്കും. പിന്നെയൊരുനാള്‍ നോട്ടീസ് പതിക്കാതെ കറുപ്പന്‍ പോയി. കുറെ നാളുകള്‍ക്ക് ഒരു വിവരവുമില്ല. അവന് അരുതാത്തതെന്തെങ്കിലും പറ്റിയോ എന്ന ആശങ്ക പലര്‍ക്കുമുണ്ടായിരുന്നു. കുറെ നാള്‍ കൂടി പിന്നിട്ടൊരുദിനം ഒരു പത്രത്തിന്റെ കാമ്പസ് കോളത്തില്‍ കറുപ്പന്‍ പ്രത്യക്ഷപ്പെട്ടു. അവന്‍ യാചന ഉപേക്ഷിച്ചെന്ന വിശേഷവുമായി! എറണാകുളത്തൊരു ഹോട്ടലില്‍ പണിക്കു കേറി അവന്‍. ഒഴിവു കിട്ടിയപ്പോള്‍ കുളിച്ച് വൃത്തിയുള്ള പാന്റ്‌സും ഷര്‍ട്ടുമിട്ട് സേട്ടന്മാരെയും ശേച്ചിമാരെയും കാണാന്‍ കറുപ്പന്‍ വന്നു. നീ ഇനി പോവണ്ട, പഴയതുപോലെ ഇവിടെ നിന്നാല്‍ മതിയെന്ന് പറഞ്ഞവരോട് ജോലിയുടെ ആനന്ദത്തെക്കുറിച്ചും അധ്വാനിച്ചു തിന്നുന്നതിന്റെ അന്തസ്സിനെക്കുറിച്ചും പറഞ്ഞു കറുപ്പന്‍. ഈ ബാലന്റെ പരിണാമം ഒട്ടനവധി വിദ്യാര്‍ഥികള്‍ക്ക് പ്രചോദനമായി. പഠിപ്പിനൊപ്പം ഒരു താല്‍ക്കാലിക ജോലി കൂടി ഒപ്പിക്കാന്‍ ഓടി നടന്നു പലരും. ക്ലാസ് മുറിക്കു പുറത്തുനിന്നു കിട്ടിയ വലിയൊരു വിദ്യാഭ്യാസമായിരുന്നു അവര്‍ക്കത.്
കറുപ്പുസ്വാമി ഇപ്പോഴെവിടെയെന്നറിയില്ല, നഗരജീവിതത്തിരക്കിലെവിടെയോ ഉണ്ടാവും. ചിലപ്പോള്‍ പൊണ്ടാട്ടിയും കുട്ടിക്കറുപ്പന്‍മാരുമൊത്ത് നാട്ടില്‍ ജീവിക്കുന്നുണ്ടാവും. തിരക്കുന്നുണ്ട്.

രാജധാനിയുടെ ഡയറിയില്‍ മുക്തിയുടെ പേജ്

പാര്‍ലമെന്റ് സ്ട്രീറ്റിലേക്കും റിസര്‍വ് ബാങ്കിലേക്കും പ്രതിഷേധ സമരങ്ങളുടെ ഉല്‍സവപ്പറമ്പായ ജന്തര്‍മന്തറിലേക്കും വാര്‍ത്താ കേന്ദ്രങ്ങളായ യു.എന്‍.ഐ, പി.ടി.ഐ, ഐ.എന്‍.എസ് എന്നിവിടങ്ങളിലേക്കുമെല്ലാം ആയിരങ്ങള്‍ വന്നിറങ്ങുന്ന പട്ടേല്‍ചൗക്ക് മെട്രോസ്‌റ്റേഷനരികിലാണ് മുക്തിയെ കാണാറ്. മെട്രോ തീവണ്ടിയേക്കാള്‍ വേഗമുള്ള ജീവിതത്തിരക്കില്‍ ഇവിടെയാളുകള്‍ പരസ്പരം കാണാറില്ല. അസാധാരണത്വമില്ലാത്ത മനുഷ്യരെ ആരും ശ്രദ്ധിക്കാറുമില്ല. പക്ഷെ ആകാശത്തേക്ക് കണ്ണും പാത്ത് നടക്കുന്നവരല്ലാതെ അധികമാരും മുക്തിയെ കാണാതെയുണ്ടാവില്ല. ഒരു മരത്തില്‍ നിന്ന് മറ്റൊന്നിലേക്ക് പറക്കുന്ന പക്ഷിയെപ്പോലെയാണ് അടുത്തു വരുന്ന ആളുകളുടെ മുഖത്തേക്ക് അയാള്‍ കണ്ണു പായിക്കുക. തലസ്ഥാനത്തെ മുക്കാല്‍പങ്ക് ജനങ്ങളെയും പോലെ ഇയാളും ഇവിടെ ജനിച്ചതല്ല. ജീവിതം നിറവേറ്റാന്‍ വന്നുപെട്ടതാണിവിടെ.ഇച്ചിരിത്തുണ്ട് ഭൂമിയാണെങ്കിലും ഇനിയുമെത്രയായിരം ജനങ്ങള്‍ വന്നാലും അവരെ ഉള്‍ക്കൊള്ളാന്‍ എവിടെയെല്ലാമോ കീശകളുണ്ട് ഈ നഗരത്തിന്. പ്രായം പലപ്പോഴും പലതാണ് പറയാറ്. ശരീരം തളര്‍ന്ന് അവശനായി പിറന്ന കുഞ്ഞ് ആണ്ടു തികക്കുമോ എന്നു തപിച്ചും ശപിച്ചും നില്‍ക്കുന്നതിനിടെ ജനിച്ച നേരം ഗണിച്ച് ജാതകമെഴുതിക്കാനുള്ള സാവകാശമൊന്നും ബന്ധുക്കള്‍ക്കു ലഭിച്ചുകാണില്ല. വീടില്ല, വേനല്‍ കാലത്ത് ഈ സേറ്റഷന്‍ പരിസരത്ത് തന്നെ ചുരുണ്ടു കൂടാറാണ്. മഞ്ഞുകാലത്തോട് അടുത്തതോടെ ഇപ്പോള്‍ കുറച്ചു ദിവസമായി കാണുന്നില്ല. കാലുകള്‍ തളര്‍ന്നിട്ടാണ്. മുടി കത്രിച്ച് നാശകോശമാക്കിയിട്ടുണ്ട്.പക്ഷെ ചിരിയാണ് കാന്തം. ആ ചിരി അല്‍പനേരം നോക്കി നില്‍ക്കാന്‍ സമയമുള്ളവര്‍ ഒന്നു സുല്ലിടും. അനുകമ്പ തോന്നി ചില്ലറ തുട്ടുകള്‍ നല്‍കുന്നവരോട് വേണ്ട എന്നു പറയില്ല. പക്ഷെ യാചകനായി ഭൂമിയില്‍ ജീവിക്കാന്‍ തനിക്ക് ആഗ്രഹമില്ലെന്ന് ഒരു ചങ്ങാതിയോടു പറയുന്നതു കേട്ടാണ് മുക്തിയോട് അല്‍പനേരം സംസാരിക്കണമെന്ന് തീരുമാനിച്ചത്. തൂക്കം നോക്കുന്ന ഒരു പഴഞ്ചന്‍ മെഷീനും വെച്ചാണ് മുക്തി ഇരിക്കുക. ആളുകളോട് വന്ന് തൂക്കം നോക്കി പോ സാറേ എന്നു പറയും. തൂക്കം കുറഞ്ഞില്ല എന്നു പരിഭവിക്കുന്നവരോട് പലരെയും കഴിഞ്ഞ തവണ നോക്കിയതിനേക്കാള്‍ കുറവാണല്ലോ എന്ന് ആശ്വസിപ്പിക്കും. പണം നല്‍കിയില്ലെങ്കിലും വിരോധമില്ല, പിന്നെയെപ്പൊഴെങ്കിലും മതിയെന്ന് പറഞ്ഞ് ചിരിച്ച് യാത്രയാക്കും.

മുക്തി പറഞ്ഞ കാര്യങ്ങള്‍

ഈ മെഷീനു പകരം ഞാനൊരു പിച്ചപാത്രമാണ് വെച്ചിരിക്കുന്നതെങ്കില്‍ പുച്ഛത്തോടെ മാത്രമേ ആളുകള്‍ എന്നെ കടന്നു പോകൂ
കാലും കയ്യും ശരിയല്ലാത്ത രീതിയില്‍ ജീവിക്കേണ്ടി വരിക എന്നാല്‍ അല്‍പം ബുദ്ധിമുട്ടാണ്, പക്ഷെ ഇത്ര വര്‍ണങ്ങളുള്ള ലോകം കാണാന്‍ പറ്റാതെ പോവുക എന്നത് നഷ്ടം തന്നെയാണ്. അതു കൊണ്ട് ഈ ജീവിതവും എനിക്ക് സന്തോഷം.
പണം ഉള്ളവര്‍ തരും, ഒരു ദീപാവലിക്കു നൂറു രൂപ തന്ന ആളുകള്‍ വരെയുണ്ട്. ചിലര്‍ ഒരു രൂപ തരും, പണത്തിനു വേണ്ടിയല്ല, സ്‌നേഹത്തിനുവേണ്ടിയാണ് ഞാന്‍ ദാഹിക്കുന്നത്.
ഇയാള്‍ക്ക് മുക്തിനാഥ് എന്നു പേരുവിളിച്ചതാരാവും? മാതാപിതാക്കളോ, വളര്‍ത്തമ്മയോ, കൂട്ടുകാരോ അതോ സ്വയം ഇട്ടതോ? ആരു തന്നെയായാലും അതൊരു ജ്ഞാനിയാണ്. അതിലേറെ ഈ ജീവിതം ഒരു വിജ്ഞാനവും.

Editor Thelicham

Thelicham monthly

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.