Thelicham
thelicham

യാചന: സാമൂഹിക വ്യവഹാരങ്ങളും അര്‍ഥഭേദങ്ങളും

[box type=”shadow” align=”” class=”” width=””]യാചകരുടെ സാന്നിധ്യം ഒരു ഭരണകൂടത്തിന്റെ പരാജയമായി എഴുതിത്തള്ളുകയും നയമില്ലായ്മയെ വിമര്‍ശിക്കുകയും ചെയ്യുന്ന രാഷ്ട്രീയത്തിനപ്പുറം യാചന രൂപപ്പെടുത്തുന്ന സാമൂഹിക ഇടങ്ങളെ മനസിലാക്കുകയും യാചകരിലൂടെ സമൂഹത്തില്‍ നടന്നുകൊണ്ടിരിക്കുന്ന വിവിധ രീതികളിലുള്ള വ്യവഹാരങ്ങളും ബന്ധങ്ങളും വിശകലനം ചെയ്യുകയുമാണ് പുതിയ പഠനങ്ങള്‍ [/box]കണ്ണുകളില്‍ ദൈന്യതയും വേഷത്തില്‍ മാലിന്യവും നീണ്ടുവരുന്ന കൈകളില്‍ രേഖബന്ധിതമായ താഴ്മയും നിറഞ്ഞുനില്‍ക്കുന്ന മുഖങ്ങളുടെ ഉടമകള്‍ ഇന്ത്യയടക്കം നിരവധി രാജ്യങ്ങളിലെ അപരിഹാര്യമായ പ്രശ്‌നത്തിന്റെ, നിത്യജീവിതത്തിന്റെ ഭാഗമായി മാറിയ നേര്‍ക്കാഴ്ച്ചകളും അടയാളപ്പെടുത്തലുകളുമാണ്. യാചനയെ ഒരു ഒറ്റപ്പെട്ട പ്രതിഭാസമായി കാണുന്നതിന് പകരം സാമൂഹിക ജീവിതത്തിലെ നിരവധി പ്രക്രിയകളുമായി അത് ബന്ധപ്പെട്ടിരിക്കുന്നുവെന്നും യാചകര്‍ ആകസ്മികമായ പരിണാമ രൂപങ്ങളല്ലെന്നും തിരിച്ചറിഞ്ഞ് കൊണ്ടുള്ള പഠനങ്ങളാണ് ഇന്ന് നടന്നുകൊണ്ടിരിക്കുന്നത്. യാചകരുടെ സാന്നിധ്യം ഒരു ഭരണകൂടത്തിന്റെ പരാജയമായി എഴുതിത്തള്ളുകയും നയമില്ലായ്മയെ വിമര്‍ശിക്കുകയും ചെയ്യുന്ന രാഷ്ട്രീയത്തിനപ്പുറം യാചന രൂപപ്പെടുത്തുന്ന സാമൂഹിക ഇടങ്ങളെ മനസിലാക്കുകയും യാചകരിലൂടെ സമൂഹത്തില്‍ നടന്നുകൊണ്ടിരിക്കുന്ന വിവിധ രീതികളിലുള്ള വ്യവഹാരങ്ങളും ബന്ധങ്ങളും വിശകലനം ചെയ്യുകയുമാണ് പുതിയ പഠനങ്ങള്‍. thelicham
യാചനക്ക് ഒരേ രീതിയില്‍ നിര്‍വചനം നല്‍കുകയോ യാചകരെ ഒരേ വിഭാഗത്തില്‍ പെടുത്തി പഠിക്കുകയോ അസാധ്യമാക്കും വിധം വൈവിധ്യവും പ്രാദേശിക ഭിന്നതകള്‍ നിറഞ്ഞതുമാണ് അതുമായി ബന്ധപ്പെട്ട വസ്തുതകള്‍. യാചകര്‍ സ്വീകരിക്കുന്ന രീതികളും യാചനക്കായി കണ്ടെത്തുന്ന ന്യായീകരണങ്ങളും അവരുടെ ജീവിത രീതികളും അവര്‍ സമൂഹത്തില്‍ സൃഷ്ടിക്കുന്ന വ്യതരിക്തമായ സ്ഥാനക്രങ്ങളും അഭിമുഖീകരിക്കുന്നതോടൊപ്പം ആരാണ് യാചകരായി മാറുന്നതെന്നും എങ്ങനെയാണ് അത് സംഭവിക്കുന്നതെന്നുമുള്ള നിരീക്ഷണങ്ങളും പഠനങ്ങളും ഏറെ പ്രാധാന്യമര്‍ഹിക്കുന്നവയാണ്. യാചകന്‍ എന്ന സ്വീകര്‍ത്താവിന്റെ മനോവ്യാപാരങ്ങളെയും ജീവിത വ്യവഹാരങ്ങളെയും സാമൂഹിക സാഹചര്യങ്ങളെയും മാത്രമല്ല ദാതാവിന്റെ മനോഭാവവും ദാനത്തിലൂടെ ലഭിക്കാനാഗ്രഹിക്കുന്ന ഭൗതികവും അല്ലാത്തതുമായ നേട്ടങ്ങളും എന്ത് നല്‍കണമെന്നും ആര്‍ക്ക് നല്‍കണമെന്നുമുള്ള തീരുമാനങ്ങളും അതോടൊപ്പം യാചകരെക്കുറിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ സമൂഹത്തില്‍ സൃഷ്ടിക്കുന്ന ചാഞ്ചല്യങ്ങളും പഠനത്തിന്റെ ആഴം വര്‍ധിപ്പിക്കുകയും വിശാലമായ ഇടങ്ങളിലേക്ക് വാതില്‍ തുറക്കുകയും ചെയ്യുന്നുണ്ട്.

തൊഴിലിനും ജീവിതത്തിനുമിടയില്‍
യാചന സര്‍വവ്യാപകമായ ഒരു പ്രതിഭാസമായിരിക്കേ അത് ഉയര്‍ത്തുന്ന ഒരു പ്രധാന ചോദ്യമാണ് ജീവിതത്തെയും തൊഴിലിനെയും യാചന എങ്ങനെയാണ് പ്രതിനിധീകരിക്കുന്നത് എന്നതും അവക്കിടയിലെ അന്തരത്തെ എങ്ങനെയാണ് വരച്ചുകാണിക്കുന്നതെന്നതും. പരാധീനതയും പ്രാരാബ്ധവും ദാരിദ്ര്യവുമാണ് യാചനയുടെ അടിസ്ഥാനം എന്ന പൊതു കാഴ്ചപ്പാടിനെ ന്യായീകരിക്കുന്നവയാണ് വര്‍ധിച്ചുവരുന്ന യാചകരുടെ എണ്ണവും അവര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സഹായങ്ങളും. അതേ സമയം ഇത് ഒരു തൊഴിലായി കാണുകയും ലഭിക്കുന്ന വരുമാനം ഇതര സംരംഭങ്ങളില്‍ നിക്ഷേപിക്കുകയും ചെയ്ത് സുഖ ജീവിതം നയിക്കുന്ന നിരവധി പേര്‍ ഈ പൊതുകാഴ്ചപ്പാടിനെ പൊളിച്ചെഴുതുന്നു. നിത്യേന ആയിരക്കണക്കിന് രൂപ സമ്പാദിക്കുകയും ആഡംബര ജീവിതം നയിക്കുകയും ചെയ്യുന്ന വലിയൊരു വിഭാഗം യാചകര്‍ ഉണ്ടെന്നിരിക്കെ യാചനയുടെ അര്‍ത്ഥത്തെ അത് പ്രശ്‌നവല്‍കരിക്കുകയും അഭിമാനം, കുറ്റകൃത്യം തുടങ്ങി നിരവധി മാനസികവും ഭൗതികവുമായ ക്രിയകളുമായി അതിനെ ചേര്‍ത്തുവായിക്കല്‍ അനിവാര്യമാക്കുകയും ചെയ്യുന്നു.

പള്ളിക്ക് മുമ്പില്‍ അല്ലാഹുവിനെ വിചാരിച്ച് സഹായിക്കണേ എന്ന് പറയുന്നത് യാചകന്റെ മനസിലെ അല്ലാഹുവിനെ ഓര്‍മിപ്പിക്കുക എന്നതിലുപരി ദാതാവിന്റെ മനസിലെ അല്ലാഹുവിനെ ഉണര്‍ത്താനും ആ ഉണര്‍വിനെ

അഭിമാനം ഒരു മനുഷ്യന്റെ മനസിനകത്ത് രൂപപ്പെടുന്നതാണെങ്കിലും അതിനെ നിര്‍ണയിക്കുന്നതില്‍ സമൂഹത്തിനും പങ്കുള്ളതിനാല്‍ യാചനയെ തൊഴിലായി കാണുന്നവരുടെ അഭിപ്രായത്തെ മാത്രം കേള്‍ക്കുന്നതില്‍ അര്‍ത്ഥമില്ല. മാത്രമല്ല, കുറ്റകൃത്യമെന്ന് സമൂഹവും ഭരണകൂടവും വിധിയെഴുതിയ പല കാര്യങ്ങളിലും ഏര്‍പ്പെടുന്നവര്‍ പോലും അഭിമാനം കൊള്ളുന്നുവെന്നത് ഈ കാഴ്ചപ്പാടിനെ അസാധുവാക്കുന്നു. വേശ്യാവൃത്തിക്കെതിരെയുള്ള വികാരം നിഷേധാത്മകമാണെങ്കിലും അത് ഒരു തൊഴിലായി കാണുകയും അഭിമാനം കൊള്ളുകയും ചെയ്യുന്ന വലിയൊരു വിഭാഗം ഉണ്ടെന്നത് യാചകരുടേതും സമാനപ്രശ്‌നമാണെന്ന് അടിവരയിടുന്നു. യാചനയുടെ തൊഴിലിടത്തെ നിഷേധിക്കുന്നതിന് പകരം സമൂഹം അതിന് നല്‍കുന്ന മൂല്യത്തെ ഇവിടെ അനാവരണം ചെയ്യേണ്ടതുണ്ട്. യാചന എന്നത് പൊതുവെ ജീവിക്കാന്‍ പ്രയാസപ്പെടുന്നവരുടെ അനിവാര്യദുരന്തമായി മനസിലാക്കുന്ന സാമൂഹിക മനോഭാവം യാചന തൊഴിലാക്കുന്നതിനെ എതിര്‍ക്കുകയും അത്തരക്കാരെ വെറുക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നുണ്ട്. ബിസിനസിലും കച്ചവടത്തിലും ഏര്‍പ്പെട്ട് ലക്ഷങ്ങളും കോടികളും സമ്പാദിക്കുന്നതിനെ അധ്വാനഫലമായും വിജയമായും കരുതുന്നവര്‍ യാചനയിലൂടെ ധനികരാകുന്നതിനെ ചൂഷണമായും വഞ്ചനയായും കാണാനാണ് ആഗ്രഹിക്കുന്നത്. ദാതാക്കള്‍ കഷ്ടപ്പെട്ട് നേടിയ പൈസയാണ് യാചകര്‍ക്ക് നല്‍കുന്നതെന്നും അത് അവരുടെ ആസ്തി വര്‍ധിപ്പിക്കാനല്ലെന്നുമുള്ള വസ്തുത ഇതിനെ ശരിവെക്കുന്നു.

യാചന ഒരു കുറ്റകൃത്യമാണോ എന്ന ചോദ്യത്തെയും പലരും പഠനവിധേയമാക്കുകയും അതിന്റെ വിവിധ വശങ്ങളെ വിശകലനം ചെയ്യുകയും ചെയ്തിട്ടുണ്ട്. കുറ്റകൃത്യം എന്നത് ഒരാളുടെ സമ്മതമില്ലാതെ നടക്കുന്നതാണെന്നും യാചനയില്‍ ഈ ഘടകം പൊതുവെ ഇല്ലെന്നും ദാതാവും സ്വീകര്‍ത്താവും മാനസികമായി രൂപപ്പെടുത്തുന്ന ഒരു ബന്ധത്തിന്റെ പേരില്‍ സംഭവിക്കുന്നതാണ് യാചനയെന്നുമാണ് പ്രധാന വാദം. എല്ലാവരോടും ചോദിക്കാന്‍ ഒരു യാചകന് സ്വാതന്ത്ര്യം ഉണ്ടെന്നത് പോലെ നല്‍കാതിരിക്കാനും എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ടെന്നത് ഈ വാദത്തെ ബലപ്പെടുത്തുന്നു. അതേ സമയം ഇന്ത്യയിലടക്കം നടക്കുന്ന യാചനയുടെ പല രൂപങ്ങളും ഈ പരസ്പര സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുകയും യാചന തന്നെ ഒരു കുറ്റമായി മാറുന്നതിന്റെ രൂപഭേദങ്ങളെ കാണിച്ചുതരികയും ചെയ്യുന്നു. നമ്മുടെ നാടുകളില്‍ പല ആവശ്യവുമായി വരുന്നവര്‍ ഒരു രൂപയും രണ്ട് രൂപയും വേണ്ട എന്ന് പറയുന്നതും പത്ത് രൂപ തന്നെ വേണമെന്ന് വാശിപിടിക്കുന്നതും ഒന്നുമില്ലെന്ന മറുപടിയെ വെറുപ്പോടെയും അസഭ്യവര്‍ഷത്തോടെയും എതിരേല്‍ക്കുന്നതും ഇതിന്റെ ഭാഗമായി കാണാനാവും. ട്രെയിനുകളിലും അല്ലാതെയും പിരിവ് നടത്തി ജീവിതം നയിക്കുന്ന മൂന്നാം ലിംഗക്കാര്‍ പൈസ കൊടുക്കാത്തവരെ ഉപദ്രവിക്കുന്നതും ശപിക്കുന്നതും യാചന പരിധിവിടുന്നതിന്റെ ചില ഉദാഹരണങ്ങള്‍ മാത്രമാണ്.
വൈരുദ്ധ്യാത്മകമായ മറ്റൊരു വസ്തുത യാചന തൊഴിലാണോ എന്ന ചോദ്യത്തെ പ്രശ്‌നവല്‍കരിക്കുന്നുണ്ട്. അഥവാ ആരും തങ്ങളുടെ മക്കളെ യാചകരാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും യാചനയിലൂടെ കോടികള്‍ സമ്പാദിച്ചവര്‍ പോലും മക്കളെ ഇതര തൊഴിലുകളിലേക്ക് അയക്കുന്നുവെന്നതും തൊഴിലിന്റെ സാംഗത്യത്തെ ചോദ്യം ചെയ്യുന്നു. യാചകരില്‍ വലിയൊരു വിഭാഗം കുടുംബത്താല്‍ ഉപേക്ഷിക്കപ്പെട്ടവരോ മറ്റ് തൊഴിലുകള്‍ ലഭിക്കാത്തതിന്റെ പേരില്‍ യാചകരാവാന്‍ വിധിക്കപ്പെട്ടവരോ ആണെന്നതും യാചനയെ തൊഴിലായി പുറത്ത് പറയാന്‍ ആളുകള്‍ മടികാണിക്കുന്നതും ഇതോട് ചേര്‍ത്ത് വായിക്കേണ്ടതുണ്ട്.

എന്ത്? എവിടെ? ആര്?
എല്ലാ യാചകരും എല്ലാം സ്വീകരിക്കുന്നവരല്ലെന്ന വസ്തുത യാചനയുടെ തൊഴിലിനും അനിവാര്യതക്കുമിടയിലെ അന്തരത്തെ വെളിപ്പെടുത്തുകയും സമൂഹം യാചകരെ വീക്ഷിക്കുന്നതില്‍ കാണിക്കുന്ന വിത്യാസങ്ങളെ തുറന്നുകാണിക്കുകയും ചെയ്യുന്നുണ്ട്. ഭക്ഷണമാണ് ജീവന്റെ നിലനില്‍പിന് അനിവാര്യമെന്ന യാഥാര്‍ത്ഥ്യം സമൂഹത്തില്‍ വലിയ സ്വാധീനം ചെലുത്തുവെന്നതിന്റെ തെളിവാണ് ഭക്ഷണം ചോദിക്കുന്നവരോട് കാണിക്കുന്ന അനുകമ്പ. പ്രത്യേകിച്ചും ഭക്ഷണം തന്നെയാണ് ചോദിക്കുന്നതെങ്കില്‍ അത് കൊടുക്കാന്‍ ഭൂരിപക്ഷം പേരും തയാറാണ്. ഭക്ഷണത്തിന്റെ പേരില്‍ പൈസ ചോദിക്കുന്നവര്‍ക്കും ഗണനീയമായ പരിഗണന ലഭിക്കുന്നുണ്ട്. ഭക്ഷണം കഴിഞ്ഞാല്‍ ചികില്‍സയാണ് ദാതാവിന്റെ മുന്നില്‍ അവഗണിക്കാനവാത്ത ചോദ്യമായി പലപ്പോഴും ഉയര്‍ന്ന് വരാറുള്ളത്. അസുഖമുള്ള കുട്ടിയെയും ബന്ധുക്കളെയും കൊണ്ട് യാചനക്ക് ഇറങ്ങുന്നവര്‍ ലക്ഷ്യം വെക്കുന്നത് ഈ മാനുഷിക പരിഗണന തന്നെയാണ്. വസ്ത്രത്തിന് വേണ്ടിയുള്ള ചോദ്യങ്ങളും പൊതുവെ അനുകമ്പാപൂര്‍വമാണ് സമൂഹം സ്വീകരിച്ചു പോരുന്നത്, പഴയ വസ്ത്രങ്ങളുടെ കാര്യത്തില്‍ വിശേഷിച്ചും. ഇതിന് പുറമെ വിദ്യാഭ്യാസം, കടം, ഭവനനിര്‍മാണം തുടങ്ങിയ എല്ലാ ആവശ്യങ്ങളും യാചനയുടെ മേഖലയില്‍ ഉപയോഗിക്കപ്പെട്ടു വരുന്നു.

തെരുവുയാചകന്റെ നിസഹായമായ കൈനീട്ടലും സംഭാവനക്ക് വരുന്നവന്റെ ആവശ്യവും അതിന്റെ ഫലമായി രൂപപ്പെടുന്ന ദൈന്യമായ നോട്ടവും പരസ്യമായ ക്ഷോഭവും അല്ലെങ്കില്‍ അനിവാര്യതയുടെ പുഞ്ചിരിയും മറ്റൊരു അനിവാര്യതയുടെ പൊട്ടിച്ചിരിയും പഠനത്തിന് പുതിയ വാതിലുകള്‍ തുറക്കുന്നുണ്ട്.

യാചന എവിടെയും നടക്കാമെങ്കിലും തെരുവും പാതയോരങ്ങളും പോലെയുള്ള പൊതു ഇടങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ ആരാധനാകേന്ദ്രങ്ങളാണ് യാചകരുടെ പ്രധാന ലക്ഷ്യസ്ഥാനങ്ങള്‍. ഇന്ത്യയിലെ ആരാധനാകേന്ദ്രങ്ങളിലെ വര്‍ധിച്ച ഭിക്ഷാടനത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് നടന്ന പഠനങ്ങള്‍ എന്ത് കൊണ്ട് എന്ന ചോദ്യത്തെയാണ് മുഖ്യമായും അഭിമുഖീകരിക്കുന്നത്. യാചനക്കെതിരെയുള്ള ശാസനകളെക്കാള്‍ ദാനത്തിനായുള്ള കല്‍പനകള്‍ വിശ്വാസികളില്‍ ചെലുത്തുന്ന സ്വാധീനവും ആരാധനാകേന്ദ്രങ്ങളുടെ പരിശുദ്ധി സൃഷ്ടിക്കുന്ന ആത്മീയതയുമാണ് ഇവയില്‍ പ്രധാനം. മാത്രമല്ല, യാചകര്‍ എന്നതിലുപരി സ്വന്തം മതത്തില്‍ പെട്ടവര്‍ എന്ന പരിഗണനയും കൂടി ആരാധനാകേന്ദ്രങ്ങളിലെ ഭിക്ഷാടകര്‍ക്ക് ലഭിക്കുന്നുണ്ട്. തെരുവുയാചകരെ മതത്തിന്റെ പേരില്‍ വിവേചനം നടത്തുന്നത് അപൂര്‍വമാണെങ്കിലും മതം പലപ്പോഴും ദാനത്തിന്റെ സാധ്യതകള്‍ക്ക് പുതിയ മാനം നല്‍കുന്നുണ്ട്.
ആരാണ് യാചകരെ സഹായിക്കുന്നത് എന്നത് അവഗണിക്കാനാവാത്ത ഒരു ചോദ്യമാണ്. സമൂഹത്തില്‍ ഏറ്റവും ഉന്നതരായി ഗണിക്കപ്പെടുന്നവര്‍ പലപ്പോഴും യാചകരെ അഭിമുഖീകരിക്കാന്‍ ഇടവരാത്തവരും വന്നാലും അവഗണിക്കുന്നവരുമാണ്. സ്ഥിരമായി കാറില്‍ യാത്ര ചെയ്യുന്നവര്‍ യാചകന്റെ ദൈന്യമായ മുഖത്തെ ഒരിക്കലും അഭിമുഖീകരിക്കുന്നില്ലെന്നിരിക്കെ അവരുടെ ചോദ്യങ്ങള്‍ വന്ന് പതിക്കാറുള്ളത് സാധാരണക്കാരുടെ മുമ്പിലാണ്. ട്രെയിനുകളില്‍ സ്ലീപ്പര്‍ ക്ലാസുകളില്‍ യാചകര്‍ കൂടുതല്‍ വരുന്നതും എസി കോച്ചുകളില്‍ അപൂര്‍വമാണെന്നതും ഇതിന്റെ പ്രതിഫലനമായി കാണാവുന്നതാണ്. സമൂഹത്തിലെ സ്ഥാനക്രമത്തില്‍ തങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്നവരെയും തങ്ങളുടെ മതത്തിലുള്ളവരെയും സമീപിക്കാനുള്ള യാചകരുടെ മനോഭാവം സമൂഹത്തിലെ ഭിന്നതകള്‍ യാചകരിലൂടെയും പ്രതിഫലിപ്പിക്കുന്നു എന്ന് മാത്രം. യാചകര്‍ക്ക് ദാനം നല്‍കുന്നത് ആളുകള്‍ക്കിടയില്‍ ബഹുമാനവും ആദരവും ലഭിക്കാന്‍ കാരണമാവുന്നത് സാധാരണമാണെങ്കിലും അത് തങ്ങളുടെ സ്ഥാനത്തെ ദോഷകരമായി ബാധിച്ചേക്കുമോ എന്ന് ഭയക്കുന്ന ചെറിയ വിഭാഗവും നമുക്കിടയിലുണ്ട്. ചിലര്‍ ദാനത്തെ അന്തസിന്റെ ഭാഗമായും സംഭാഷണത്തെ ദോഷകരമായും കാണുന്നുമുണ്ട്. മാത്രമല്ല, യാചകരില്‍ നിന്ന് ലഭിക്കുന്ന നൈമിഷികമായ ബഹുമാനവും അതിലൂടെ ലഭിക്കുന്ന ആത്മാനന്ദവും ദാതാവിനെ നിര്‍ണയിക്കുന്നതില്‍ പങ്ക് വഹിക്കുന്നുണ്ട്.

വേഷവും ഭാവവും
യാചനയുടെ പ്രധാന ആകര്‍ഷണീയത അതിനായി രൂപപ്പെട്ട സംസ്‌കാരവും അത് ചെലുത്തുന്ന സ്വാധീനവുമാണ്. അഴുക്ക് നിറഞ്ഞതും വൃത്തിയില്ലാത്തതുമായ വസ്ത്രം ധരിക്കുന്നതാണ് യാചകന്‍ ആവാനുള്ള പ്രഥമ ഘടകം. ഇത് പല രാജ്യങ്ങളിലും വിത്യസ്തമാണെങ്കിലും അതില്‍ അടങ്ങിയിരിക്കുന്ന അടിസ്ഥാന തത്വം ഒന്ന് തന്നെയാണ്. ജീവിതത്തില്‍ പലതും നിഷേധിക്കപ്പെട്ടവരുടെ പ്രതിനിധാനമായി തന്നെയാണ് വസ്ത്രധാരണത്തെ യാചകര്‍ ഉപയോഗപ്പെടുത്തുന്നതും അതിലൂടെ സമൂഹത്തിന്റെ സഹതാപം നേടാന്‍ ശ്രമിക്കുന്നതും. ലക്ഷങ്ങള്‍ ആസ്തിയുള്ള യാചകനും തന്റെ തൊഴിലിനായി വൃത്തിഹീനമായ വസ്ത്രം തന്നെ ധരിക്കണമെന്നത് ആര്‍ക്കാണ് യാചിക്കാന്‍ സമൂഹം അര്‍ഹത നല്‍കുന്നത് എന്നതിനെ അടയാളപ്പെടുത്തുന്നു. വേഷത്തിന് പുറമെ ചെരിപ്പ് ധരിക്കാതിരിക്കുന്നതും താടിയും മുടിയും നീട്ടി വളര്‍ത്തുന്നതും യാചകരുടെ പ്രതീകമായി മാറിയിട്ടുണ്ട്.
ആരാണ് യാചകര്‍ എന്നത് സമൂഹത്തിന്റെ ദാനമനോഭാവത്തെ എങ്ങനെ രൂപപ്പെടുത്തുന്നു എന്നതിന്റെ തെളിവാണ് അസംഖ്യം വൃന്ദകളും സ്ത്രീകളും കുട്ടികളും അംഗവൈകല്യമുള്ളവരും പിഞ്ചുകുഞ്ഞുങ്ങളെ ചുമക്കുന്ന അമ്മമാരും. പൂര്‍ണ ആരോഗ്യമുള്ളവരും അരോഗദൃഡഗാത്രരുമായ യുവതീ-യുവാക്കള്‍ യാചന എങ്ങനെ തൊഴിലായി മാറുന്നുവെന്നതിന്റെ തെളിവാണെന്നിരിക്കെ അവരെ സഹായിക്കാന്‍ പലരും വൈമനസ്യം കാണിക്കുന്നു. ഇവര്‍ക്കെന്ത് കൊണ്ട് മാന്യമായ വല്ല തൊഴിലും ചെയ്ത് ജീവിച്ചുകൂട എന്ന ചോദ്യത്തെ ഉള്ളിലൊളിപ്പിച്ചും പലപ്പോഴും പുറത്തേക്ക് വിട്ടുമാണ് ഇത്തരക്കാരെ സമൂഹം അഭിമുഖീകരിക്കുന്നത്. അത് കൊണ്ട് തന്നെ ആവശ്യങ്ങളുടെ മറ പിടിച്ചുള്ള യാചനയിലേക്ക് ഇവര്‍ വഴി മാറുകയും രൂക്ഷമായ നോട്ടങ്ങളെ പ്രതിരോധിക്കുകയും ചെയ്യുന്നു. ഭീമമായ സംഖ്യകള്‍ ആവശ്യമായി വരുന്ന വിവാഹവും വീട് നിര്‍മാണവും ചികില്‍സയുമാണ് നമ്മുടെ നാട്ടില്‍ പ്രധാനമായും ഉപയോഗിക്കപ്പെട്ടുവരുന്ന ആവശ്യങ്ങള്‍. മാത്രമല്ല, ഇവര്‍ വേഷവിധാനത്തില്‍ മാന്യത പുലര്‍ത്തുന്നതും വൃത്തിയുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതും ആവശ്യങ്ങളുടെ മറയില്‍ യാചനയുടെ പൊതു ചിന്തകളെ ഒളിപ്പിച്ചുവെക്കുന്നു. ഇത്തരം യാചകരെയും തെരുവുകളില്‍ വൃത്തിഹീനമായ വേഷം ധരിച്ച് ഇരിക്കുന്നവരെയും രണ്ട് രീതികളില്‍ തന്നെ മനസിലാക്കേണ്ടിയിരിക്കുന്നു. കാരണം അവരുടെ മനോഭാവവും സമൂഹത്തിലെ പരസ്പര വ്യവഹാരങ്ങളും സംഭാഷങ്ങളും ഏറെ വിത്യാസപ്പെട്ടിരിക്കുന്നു.
യാചകര്‍ പൊതുവെ പ്രകടിപ്പിക്കുന്ന ഭാവം ദൈന്യതയുടേതും താഴ്മയുടേതുമാണ്. മുഖത്ത് രൂപപ്പെടുത്തുന്ന ചുളിവുകളും ഉതിര്‍ന്ന് വീഴുന്ന കണ്ണീരും ദാതാവിന്റെ സഹതാപം വര്‍ധിപ്പിക്കുകയും യാചനയുടെ അടിസ്ഥാന പ്രതീകമാവുകയും ചെയ്യുന്നു. നിങ്ങളുടെ ദാനമാണ് എന്റെ ജീവിതത്തിലെ പ്രതീക്ഷയെന്ന് വിളിച്ചുപറയുന്ന അംഗവിക്ഷേപങ്ങളും ദൈന്യതയുടെ ആഴം കൂട്ടാനായുള്ള പ്രകടനങ്ങളും യാചനയുടെ പൊതുസ്വഭാവങ്ങളാണ്. ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട മറ്റൊരു വസ്തുത ഇത്തരം ഭാവങ്ങള്‍ ദാതാവിനെ നിര്‍ബന്ധിക്കുന്നതിന് തുല്യമായി മാറുന്നതും ഒന്നും നല്‍കാത്തവര്‍ക്കെതിരെ രൂക്ഷമായ നോട്ടം അയക്കുകയോ പുച്ഛിക്കുകയോ ചീത്തപറയുകയോ ചെയ്യുന്നതിലേക്ക് യാചകരുടെ മനോഭാവം പരിണമിക്കുന്നതുമാണ്. അഥവാ ദൈന്യഭാവങ്ങളെ ഒരു പ്രതീകമായോ തന്ത്രമായോ മാത്രം പരിരക്ഷിക്കുന്ന നിരവധി യാചകരുടെ രീതി തീര്‍ച്ചയായും പഠിക്കേണ്ടതുണ്ട്.

പരസ്പര വ്യവഹാരങ്ങള്‍
യാചകര്‍ക്കും ദാതാക്കള്‍ക്കുമിടയില്‍ നടക്കുന്ന വ്യവഹാരങ്ങല്‍ പ്രധാനമായും മൂന്ന് രീതികളിലാണ്. നിശബ്ദതയുടേതും സംസാരം/ശബ്ദത്തിന്റെതും സംഭാഷണത്തിന്റേതും. നിശബ്ദരായി ദൈന്യഭാവത്തോടെ കൈ നീട്ടി ഇരിക്കുന്ന യാചകര്‍ എന്തെങ്കിലും തരണം എന്ന് മാത്രമാണ് സൂചിപ്പിക്കുന്നതെങ്കില്‍ ശബ്ദത്തിന്റെ രീതി യാചകര്‍ വിവിധ ആവശ്യങ്ങള്‍ പറയാനായി ഉപയോഗിക്കുന്നു. ചിലര്‍ എന്തെങ്കിലും തരണേ എന്ന് ആവര്‍ത്തിച്ച് പറയുമ്പോള്‍ ചിലര്‍ തങ്ങള്‍ക്ക് ആവശ്യമുള്ള പണം, ഭക്ഷണം, മരുന്ന്, വീട് തുടങ്ങിയ ആവശ്യങ്ങളെ എടുത്തുപറയുന്നു. ഇതിന് പുറമെ ദാതാവിനെ ആകര്‍ഷിക്കാനായി മതപരമായതും അല്ലാത്തതുമായ രീതികള്‍ പരീക്ഷിക്കുകയും ചെയ്യുന്നു. പള്ളിക്ക് മുമ്പില്‍ അല്ലാഹുവിനെ വിചാരിച്ച് സഹായിക്കണേ എന്ന് പറയുന്നത് യാചകന്റെ മനസിലെ അല്ലാഹുവിനെ ഓര്‍മിപ്പിക്കുക എന്നതിലുപരി ദാതാവിന്റെ മനസിലെ അല്ലാഹുവിനെ ഉണര്‍ത്താനും ആ ഉണര്‍വിനെ ചൂഷണം ചെയ്യാനുമാണ്. ശബ്ദത്തിന്റെ ഈ രണ്ടാം വിഭാഗത്തില്‍ ദാതാവ് നിശബ്ദനായി പൈസ നല്‍കി കടന്നുപോവുകയാണ് ചെയ്യുന്നതെങ്കില്‍ മൂന്നാം വിഭാഗമായ സംഭാഷണം ഇരുവര്‍ക്കുമിടയിലെ വ്യവഹാരമാണ്. പൊതു യാചനാ ഇടങ്ങളില്‍ സംഭാഷണം അപൂര്‍വമാണെങ്കിലും പ്രത്യേക സാഹചര്യങ്ങളില്‍ അതിന്റെ സാന്നിധ്യം പ്രകടവും പ്രത്യാഘാതങ്ങള്‍ ഗണനീയവുമാണ്.

എല്ലാവര്‍ക്കു മുന്നിലും തല കുനിക്കേണ്ടവരാണ് തങ്ങളെന്ന ധാരണയെ തിരുത്തിക്കുറിക്കുകയും അനിവാര്യതയുടെ ദുരന്തത്തെ മനസിലാക്കുന്ന ചിലരെങ്കിലും ഉണ്ടെന്ന വസ്തുത ആശ്വസിക്കാന്‍ വക നല്‍കുകയും ചെയ്യുമ്പോള്‍ അത് ദാതാവിനോടുള്ള സ്‌നേഹമായും ബഹുമാനമായും കൂടി പരിണമിക്കുന്നുണ്ട്‌

ഇവിടെ ഏറ്റവും പ്രധാനമായി നിരീക്ഷണവിധേയമായിരിക്കുന്നത് ഒരു യാചകനോട് സംസാരിക്കാനുള്ള ദാതാവിന്റെ മനോഭാവമാണ്. സാമൂഹിക സ്ഥാനക്രമമനുസരിച്ച് അടിത്തട്ടില്‍ നില്‍ക്കുന്ന യാചകനോട് വിശേഷങ്ങളും പ്രശ്‌നങ്ങളും ചോദിച്ചറിയാനും അനുക്രമമായി സഹായം ചെയ്യാനും ശ്രമിക്കുകയും ചിലരെയെങ്കിലും ജോലി നല്‍കിയോ താമസ സൗകര്യമൊരുക്കിയോ പുനരധിവസിപ്പിക്കാനും ശ്രമിക്കുന്ന ചെറിയ വിഭാഗം സമൂഹത്തിലുണ്ട്. ഇതിലപ്പുറം ചില്ലറ നാണയങ്ങളോടൊപ്പം രണ്ട് മൂന്ന് വാക്യങ്ങളിലൊതുങ്ങുന്ന കുശലാന്വേഷണം നടത്തുന്ന വലിയൊരു വിഭാഗം യാചകരില്‍ സൃഷ്ടിക്കുന്ന മാനസിക സന്തോഷവും അഭിമാനവും വളരെ വലുതാണ്. എല്ലാവര്‍ക്കു മുന്നിലും തല കുനിക്കേണ്ടവരാണ് തങ്ങളെന്ന ധാരണയെ തിരുത്തിക്കുറിക്കുകയും അനിവാര്യതയുടെ ദുരന്തത്തെ മനസിലാക്കുന്ന ചിലരെങ്കിലും ഉണ്ടെന്ന വസ്തുത ആശ്വസിക്കാന്‍ വക നല്‍കുകയും ചെയ്യുമ്പോള്‍ അത് ദാതാവിനോടുള്ള സ്‌നേഹമായും ബഹുമാനമായും കൂടി പരിണമിക്കുന്നുണ്ട്. പ്രത്യേകിച്ചും തെരുവുകളിലും പാതയോരങ്ങളിലും എല്ലാവരാലും അവഗണിക്കപ്പെടുകയും സാധ്യമാവുന്ന ക്ഷണത്തില്‍ അഭിമാനകരമായ ഒരു ജീവിതം സ്വപ്‌നം കാണുകയും ചെയ്യുന്നവര്‍ക്ക്. മറുവശത്ത് യാചന തൊഴിലായി സ്വീകരിച്ചവര്‍ സംഭാഷണത്തെ പൊതുവെ വെറുക്കുകയും കൃത്യമായ മറുപടികള്‍ നല്‍കാതെ ഒഴിഞ്ഞുമാറുകയും ചെയ്യുന്നു.
വീടുകള്‍ തോറും കയറിയിറങ്ങുന്ന യാചകരോട്, പ്രത്യേകിച്ചും നല്ല വേഷം ധരിക്കുന്നവര്‍, പ്രാഥമിക കാര്യങ്ങളെങ്കിലും ചോദിക്കാന്‍ വലിയൊരു വിഭാഗം തയാറാണ്. കൂടുതല്‍ പൈസ പ്രതീക്ഷിച്ചുകൊണ്ടാണെങ്കിലും ചിലര്‍ എല്ലാം വിശദീകരിച്ചു പറയുകയും ചെയ്യും. അതേ സമയം ഇത്തരം സംഭാഷണങ്ങള്‍ സ്വീകര്‍ത്താവില്‍ ഉണ്ടാക്കുന്ന സന്തോഷം ഒരു തെരുവ് യാചകനുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറവാണ്. എനിക്ക് എന്താണ് അര്‍ഹതപ്പെട്ടിരിക്കുന്നത് എന്ന വ്യാകുലതയും മറ്റുള്ളവര്‍ തന്നെക്കാള്‍ എത്ര ഉയരത്തിലാണ് എന്ന ചിന്തയും ഇത്തരം സന്തോഷവും അഭിമാനവും സൃഷ്ടിക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്.

പൊതുധാരണക്കപ്പുറം?
യാചനയെ കൃത്യമായി നിര്‍വചിക്കുക സാധ്യമല്ലെങ്കിലും ദാനധര്‍മങ്ങള്‍ യാചനയെ പ്രത്യക്ഷ മറികടക്കുകയും യാചന ദാനത്തെ അനിവാര്യവല്‍കരിക്കുകയും ചെയ്യുന്ന അവസ്ഥകളെ കൂടി വിശകലനം ചെയ്യേണ്ടതുണ്ട്. റമളാന്‍ മാസത്തില്‍ വീട്ടില്‍ വരുന്നവര്‍ക്കെല്ലാം എന്തെങ്കിലും നല്‍കുന്നതും സംഭാവനക്കായി വരുന്നവര്‍ക്ക് പൈസ കൊടുക്കുന്നതും യാചനയോട് ചേര്‍ത്തും അല്ലാതെയും വായിക്കേണ്ടതുണ്ട്. തെരുവ് യാചകനെ സഹായിക്കല്‍ ബാധ്യതയല്ലെന്നും സംഭാവനക്ക് വരുന്നവരെ വെറും കൈയോടെ മടക്കിയയക്കുന്നത് മാന്യതയല്ലെന്നും ചിന്തിക്കുന്ന സമൂഹം ഒരേ പ്രക്രിയയുടെ രണ്ട് പുറങ്ങളെ അന്യവല്‍കരിക്കുകയാണ് ചെയ്യുന്നത്. യാചിക്കുന്നവരെ ചോദിച്ച് വരുന്നവര്‍ എന്ന അര്‍ത്ഥത്തില്‍ മനസിലാക്കുമ്പോള്‍ ഇത്തരം വൈരുദ്ധ്യങ്ങളെക്കൂടി പഠനവിധേയമാക്കുകയും അത് ദാതാവിലും സ്വീകര്‍ത്താവിലും സൃഷ്ടിക്കുന്ന ഭാവങ്ങളെ മറ്റുള്ള രീതികളുമായി താരതമ്യം ചെയ്യുകയും വേണം.
ഇത് പോലെ പല പരിപാടികള്‍ക്കും ആരാധനാലയങ്ങള്‍ക്കും സംഭാവന തേടിവരുന്നവര്‍ നിര്‍ബന്ധപൂര്‍വം ദാനം നടത്തിക്കുന്നതിന്റെ സാംഗത്യം യാചന എങ്ങനെ അധികാരമാവുന്നു എന്ന ചോദ്യത്തെ മുന്നോട്ട് വെക്കുന്നുണ്ട്. തെരുവുയാചകന്റെ നിസഹായമായ കൈനീട്ടലും സംഭാവനക്ക് വരുന്നവന്റെ ആവശ്യവും അതിന്റെ ഫലമായി രൂപപ്പെടുന്ന ദൈന്യമായ നോട്ടവും പരസ്യമായ ക്ഷോഭവും അല്ലെങ്കില്‍ അനിവാര്യതയുടെ പുഞ്ചിരിയും മറ്റൊരു അനിവാര്യതയുടെ പൊട്ടിച്ചിരിയും പഠനത്തിന് പുതിയ വാതിലുകള്‍ തുറക്കുന്നുണ്ട്. യാചനക്കായി ചിലര്‍ ഉപയോഗിക്കുന്ന തന്ത്രങ്ങളും യാചകര്‍ മോഷണം, പിടിച്ചുപറി തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതും യാചകരോടുള്ള സമൂഹത്തിന്റെ മനോഭാവത്തില്‍ ഏറെ മാറ്റങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഇതിന് പുറമെ അംഗവൈകല്യവും മറ്റുമുണ്ടായിട്ടും യാചനക്ക് മുതിരാതെ എന്തെങ്കിലും കച്ചവടം നടത്തിയോ ചെറിയ തൊഴില്‍ ചെയ്‌തോ ജീവിതം നയിക്കുന്നവരോട് സമൂഹത്തില്‍ നിലനില്‍ക്കുന്ന ബഹുമാനവും അത് അവരില്‍ സൃഷ്ടിക്കുന്ന മാറ്റവും ഏറെ പഠനങ്ങള്‍ക്ക് വഴിയൊരുക്കുന്നുണ്ട്.
യാചകര്‍ക്കിടയില്‍ നിലനില്‍ക്കുന്ന ബന്ധങ്ങളും ഇടപാടുകളും ഒത്തുതീര്‍പ്പുകളും പഠനത്തിന്റെ ഒരു പ്രധാന ഭാഗമാണ്. ബീഹാറിലെ ഗയയില്‍ 40 ഭിക്ഷാടകര്‍ ചേര്‍ന്ന് ബാങ്ക് തുറന്നതും എല്ലാവരും ആഴ്ചയില്‍ 20 രൂപ അടച്ച് ആവശ്യമുള്ളവര്‍ക്ക് കടമായി നല്‍കാന്‍ ആരംഭിച്ചതും മാറ്റത്തിലേക്കുള്ള ചവിട്ടുപടിയാണ്. സമൂഹത്തില്‍ യാചകര്‍ അനുഭവിക്കുന്ന ഒറ്റപ്പെടലിനും അധിക്ഷേപവര്‍ഷങ്ങള്‍ക്കും പരിഹാരമായി പ്രാദേശികമായി കൂട്ടങ്ങള്‍ രൂപപ്പെടുത്തുന്നതും തൊഴില്‍, തിരിച്ചറിയല്‍ കാര്‍ഡ് തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ഒന്നിച്ച് നിന്ന് പ്രവര്‍ത്തിക്കുന്നതും അവലോകനം ചെയ്യുകയും അതിലൂടെ രൂപപ്പെടുന്ന മനോവ്യാപാരങ്ങളെ വിശദമാക്കുകയും വേണം.
ഗള്‍ഫ്, യൂറോപ്യന്‍ രാജ്യങ്ങളും മറ്റും യാചനയെ ഇല്ലായ്മ ചെയ്യാനായി നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നുണ്ട്. ചില രാജ്യങ്ങള്‍ യാചനയെ കുറ്റകൃത്യമായി കണക്കാക്കി നിരോധിച്ചപ്പോള്‍ പുനരധിവാസ പ്രവര്‍ത്തനങ്ങളാണ് ചിലര്‍ പ്രയോഗവല്‍കരിക്കുന്നത്. ഇന്ത്യയില്‍ യാചനക്കെതിരെ പ്രത്യേക നിയമം ഇല്ലെങ്കിലും അതിന്റെ പേരില്‍ നടക്കുന്ന ചൂഷണങ്ങളെയും ബാലികാ-ബാലന്‍മാരെ അതിനായി ഉപയോഗിക്കുന്നതും തടയാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. വിവിധ രാജ്യങ്ങള്‍ നടപ്പിലാക്കിയ നയങ്ങള്‍ യാചനയെ എങ്ങനെ ബാധിച്ചുവെന്നതിനെക്കുറിച്ച് നടന്ന പഠനങ്ങള്‍ ഭരണകൂടങ്ങളും പൊതുസമൂഹവും കൂട്ടായി പ്രവര്‍ത്തിക്കേണ്ടതിന്റെ അനിവാര്യതയും യാചകര്‍ക്ക് പാര്‍പ്പിടവും തൊഴിലും നല്‍കുന്നത് പ്രശ്‌നപരിഹാരം സാധ്യമാക്കുമെന്ന വസ്തുതയുമാണ് അടിവരയിടുന്നത്. യാചന ഒരു സാമൂഹിക പ്രശ്‌നം മാത്രമല്ല, വ്യക്തിയുടെയും സമൂഹത്തിന്റെയും മനോഭാവത്തിന്റെയും കൂടി ഭാഗമാണെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു.

ഗ്രന്ഥസൂചിക

 

Cristian Pérez Muñoz and Joshua D Potter (2013), Streetlevel charity: Beggars, donors, and welfare policies.
A. Majid Hayati and Mahmood Mania-ti (2010), Beggars are sometimes the choosers!
Marilyn Krysl (1998), Madurai: Temple Beggar.
M. S. Gore (1958), Society and the Beggar.
B.B Pandey (1986), Rights of Beggars and Vagrants.
EPW editorial (2010), Dehumanising beggars.
Bjørn Thomassen (2014), Begging Rome: Norms at the margins, norms of the in between.
Parita Mukta (1997), On beggars, the homeless and the poor.
Mina MeirDviri and Aviad E. Raz (1995), Rituals of Exchange in the Social World of Israeli Beggars: An Exploratory Study.

 

 

ഇഖ്ബാല്‍ വാവാട്‌

 

Editor Thelicham

Thelicham monthly

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.