Home » Article » Politics » കണ്ണൂരിലെ ഈ ചോരക്കളിക്ക് അറുതിവരുന്നതെന്ന്?

കണ്ണൂരിലെ ഈ ചോരക്കളിക്ക് അറുതിവരുന്നതെന്ന്?

കണ്ണൂരില്‍ വീണ്ടും ഒരു രാഷ്ട്രീയ കൊലപാതകം കൂടി സംഭവിച്ചിരിക്കുന്നു. എടയന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ ശുഐബ് കൊല്ലപ്പെട്ട സംഭവം കണ്ണൂരിന്റെ ചോരക്കളി രാഷ്ട്രീയ ചരിത്രത്തില്‍ ഒരു കറുത്ത അധ്യായം കൂടി ചേര്‍ത്തിരിക്കുകയാണ്. കൊലപാതക രാഷ്ട്രീയം ഒരു നാടിന്റെ മേല്‍വിലാസമായി മാറിക്കൊണ്ടിരിക്കുന്ന കാഴ്ച ഏറെ ഖേദകരമാണ്. പ്രബുദ്ധരെന്നവകാശപ്പെടുന്ന സമൂഹത്തിലും ഇത്തരം പ്രാകൃത കൃത്യങ്ങള്‍ കൃത്യമായ ഇടവേളകളില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ചുണ്ടാവുന്നത്, ചോരക്കളിയില്‍ ഇപ്പോഴും നാമെത്ര പ്രാകൃതരാണെന്ന് ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നു.
രക്തസാക്ഷി സിന്ദാബാദ് എന്ന് വിളിക്കാന്‍ പാര്‍ട്ടിക്ക് ഒരു രക്തസാക്ഷി കൂടി ലഭിച്ചുവെന്നതിനപ്പുറം ആ കുടുംബത്തിന്റെ കണ്ണീരോ വേദനയോ പലപ്പോഴും ചര്‍ച്ച ചെയ്യപ്പെടുന്നില്ല. കൊലപാതകത്തിന് പിന്നില്‍ സി.പി.എം ആണെന്ന് കോണ്‍ഗ്രസ്സ് ആരോപിക്കുന്നു, എന്നാല്‍, കൊലപാതകത്തില്‍ സി.പി.എം ന് പങ്കില്ലെന്നും അന്വേഷണങ്ങള്‍ നടക്കട്ടെയെന്നും പാര്‍ട്ടി സെക്രട്ടറി വിശദീകരിക്കുന്നു, സംഭവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ഹര്‍ത്താല്‍ ആചരിക്കുന്നു… അപ്പോഴും മനുഷ്യജീവന് ഇത്രയേ വിലയുള്ളൂവെന്ന സ്വാഭാവിക ചോദ്യം മനസ്സാക്ഷിയുള്ളവര്‍ ചോദിക്കുന്നു.
കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് ഏകദേശം 40വര്‍ഷത്തെ ചരിത്രമുണ്ട്. 1969 ഏപ്രില്‍ 21ന് ഇന്നത്തെ ബി.ജെ.പിയുടെ പഴയ രൂപമായിരുന്ന ജനസംഘത്തിന്റെ പ്രവര്‍ത്തകനായിരുന്ന വാടിക്കല്‍ രാമകൃഷ്ണന്‍ ആണ് ആദ്യമായി രാഷ്ട്രീയ വൈരാഗ്യം മൂലം കൊല്ലപ്പെടുന്നത്. പിന്നീട് കുറേ വര്‍ഷങ്ങളായി ചോരമണമില്ലാത്ത ദിവസങ്ങള്‍ കണ്ണൂരിലുണ്ടായിട്ടില്ല. കണ്ണിന് കണ്ണ്, ചോരക്ക് ചോര എന്ന ഗോത്ര നിയമം പോലെയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ ഇവിടെ പരസ്പരം പോരടിച്ച് ജീവനെടുക്കുന്നത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ കേരളത്തില്‍ നടന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ പരിശോധിച്ചാല്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കും ബി.ജെ.പിക്കും കൊലപാതകം ഒരു ലഹരിയാണെന്ന് പറയേണ്ടി വരും. രാഷ്ട്രീയ കൊലപാതകങ്ങളെന്ന പേരില്‍ ഇരുപാര്‍ട്ടികളും കൊന്നുതള്ളിയത് നൂറ്കണക്കിന് ജീവനുകളാണ്.
രാഷ്ട്രീയ കൊലപാതകങ്ങളുടെ രാജ്യതലസ്ഥാനമായി കണ്ണൂര്‍ മാറുന്ന തരത്തിലാണ് കൊലപാതകങ്ങള്‍ ഇവിടെ അരങ്ങേറിക്കൊണ്ടിരിക്കുന്നത്.
പകരത്തിന് പകരം ചോദിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ കൊലവിളി മുഴക്കുമ്പോഴെല്ലാം ജീവന്‍ പൊലിയുന്നത് സാധാരണക്കാരുടേതാണ്. മരിച്ചവര്‍ക്ക് വേണ്ടി പാര്‍ട്ടി വക കേവലമൊരു ഹര്‍ത്താല്‍ ആഹ്വാനം ചെയ്തത് കൊണ്ട് അനാഥമാകുന്ന കുടുംബങ്ങളുടെ നഷ്ടങ്ങള്‍ നികത്താനാവില്ല.
കണ്ണൂരിലെ കൊലപാതകങ്ങളുടെ പൊതുസ്വഭാവം പരിശോധിക്കുമ്പോള്‍ ബോധ്യപ്പെടുന്നത് എല്ലാം പകയുടേയും പകരം വീട്ടലിന്റേതുമാണ്. ഇരുവശത്തും എണ്ണം കൃത്യമാകും വരെ കൊലപാതകങ്ങള്‍ തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു. സാക്ഷര കേരളം എന്ന് സുന്ദര ഭാഷയില്‍ നാം പറഞ്ഞൊപ്പിക്കുമ്പോഴും രാഷ്ട്രീയ തിമിരം ബാധിച്ച ഇത്തരം കൊലപാതകങ്ങള്‍ നമ്മെ ഇരുണ്ട കാലത്തേക്കാണ് നയിച്ചുകൊണ്ടിരിക്കുന്നത്.
കത്തിയുടേയും കഠാരയുടേയും ഭാഷ രാഷ്ട്രീയത്തിന് നല്‍കുകയും എതിരാളികളെ എറിഞ്ഞ് വീഴ്ത്തി കണക്ക് പറയുകയും പറയിപ്പിക്കുകയും ചെയ്യുന്ന രീതിയില്‍ രാഷ്ട്രീയം ഭ്രാന്താവുകയും ചെയ്താല്‍ ഇന്നാട്ടില്‍ ശാന്തിയും സമാധാനവും അന്യമാവും. എന്തും എപ്പോഴും എവിടെയും സംഭവിക്കാം എന്ന സ്ഥിതിവിശേഷം നിലവില്‍ വന്നാല്‍ സമാധാനത്തോടെ വീട്ടില്‍ കിടന്നുറങ്ങുന്നതെങ്ങനെയാണ്. അപ്പോള്‍ നാട് ഭരിക്കുന്നത് ഭീതിയായിരിക്കും. മുമ്പ് അഡോള്‍ഫ് ഹിറ്റ്‌ലര്‍ ജര്‍മ്മനി അടക്കി ഭരിച്ചിരുന്ന കാലത്ത് ഇവിടം ഭരിക്കുന്നതാരാണെന്ന ചോദ്യത്തിന് ‘ഭയമാ’ണെന്ന് ഒരു പൗരന്‍ മറുപടി പറഞ്ഞിരുന്നെത്രെ.
ജില്ലയില്‍ എന്നും ഭീതിയുടെ രാഷ്ട്രീയാന്തരീക്ഷം സൃഷ്ടിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങളുടെ ഭാഗമാണ് ഇത്തരം കൊലപാതകങ്ങളെന്ന് പറഞ്ഞാല്‍ തെറ്റാവില്ല. തങ്ങളുടെ ഒരു കൂട്ടം പ്രവര്‍ത്തകരില്‍ വളര്‍ന്ന് വരുന്ന അസംതൃപ്തിയും കൊഴിഞ്ഞുപോക്കും തടയിടാന്‍ ഭയപ്പാടിന്റെ അന്തരീക്ഷം സൃഷ്ടിക്കല്‍ പാര്‍ട്ടികളുടെ അജണ്ടകളായി വരുന്നു.
2000 സെപ്തംബര്‍ 27ന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പ് ദിവസം ചെറുവാഞ്ചേരിയിലെ അഷ്‌ന എന്ന അഞ്ചു വയസ്സുകാരിക്ക് കാല്‍ നഷ്ടപ്പെട്ട സംഭവം കണ്ണൂരിലെ കണ്ണില്ലാ രാഷ്ട്രീയത്തിന്റെ പ്രത്യക്ഷോദഹരണമായിരുന്നു. ബോംബ് രാഷ്ട്രീയത്തിന് ഇരയായ അഷ്‌നയുടെ സംഭവം രാജ്യം മുഴുവന്‍ ചര്‍ച്ചയായെങ്കിലും കണ്ണൂം ചെവിയുമില്ലാത്ത അക്രമ രാഷ്ട്രീയത്തിന് ഇതൊന്നും വലിയ സംഭവമായി തോന്നിയില്ലെന്നതിന്റെ തെളിവായിരുന്നു പിന്നീട് നടന്ന ബോംബാക്രമണങ്ങളും കൊലപാതകങ്ങളും. കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിന് എന്നറുതി വരുമെന്ന ചോദ്യത്തിന് മറുപടി പറയേണ്ടത് രാഷ്ട്രീയ കക്ഷി നേതൃത്വങ്ങളാണ്. സ്വയം ഇതവസാനിപ്പിക്കാത്ത കാലത്തോളം കണ്ണൂരിന്റെ മണ്ണില്‍ വീണ് കിടക്കുന്ന ചോരപ്പാടുകള്‍ മായില്ല. ഒപ്പം അമ്മമാരുടേയും കുടുംബങ്ങളുടേയും കണ്ണീരും.

Editor Thelicham

Thelicham monthly