theli
Home » Article » International » ലോക സന്തുഷ്ടരുടെ സ്വകാര്യ ദു:ഖങ്ങള്

ലോക സന്തുഷ്ടരുടെ സ്വകാര്യ ദു:ഖങ്ങള്

[box type=”shadow” align=”” class=”” width=””]ജെനി എ. ബുനിന്‍: 2008 മുതല്‍ ചൈനയിലെ വിവിധ പ്രവിശ്യകളിലുള്ള ഉയ്ഗൂര്‍ വംശജരുടെ ഭാഷ, ഭക്ഷണ രീതികളെ കുറിച്ച് ഗവേഷണം നടത്തിവരുന്നു. സമീപകാല സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ബുനിന്‍ ദി ആര്‍ട്ട് ഓഫ് ലൈഫ് വെബ്‌സൈറ്റിലെഴുതിയ ദീര്‍ഘമായ വിവരണത്തിന്റെ ഭാഗിക രൂപമാണിത്. സുരക്ഷാകാരണങ്ങളാല്‍ വ്യക്തികളെയും തിരിച്ചറിയാവുന്ന അടയാളങ്ങളെയും ഒഴിവാക്കിയിട്ടുണ്ട്. [/box]ഞാനാദ്യമായി കരീമിന്റെ റെസ്‌റ്റോറന്റിലെത്തുന്നത് ഒരു വര്‍ഷം മുമ്പാണ്. ചൈനയിലെ ഉയ്ഗൂര്‍ വംശജര്‍ നടത്തുന്ന പരമ്പരാഗത ഹോട്ടല്‍ വിഭവങ്ങളെ കുറിച്ച് ഞാന്‍ നടത്തി വരുന്ന അന്വേഷണത്തിന്റെ ഭാഗമായിരുന്നു ആ സന്ദര്‍ശനവും. ഉയ്ഗൂര്‍ വംശജരെപ്പറ്റി ഒരു ദശാബ്ദമായി ഗവേഷണം നടത്തി വരുന്ന എനിക്ക് ഒരു നിധി വേട്ട പോലെ രസകരമായ അനുഭവമായിരുന്നു അത്. ഹാന്‍ ചൈനീസ് വംശജര്‍ക്ക് ഭൂരിപക്ഷമുള്ള ഷാംഗ്വായ്, ബീജിംഗ്, ഗ്വാംഗ്‌സൗ പോലുള്ള നഗരങ്ങളില്‍ അത്ര വിരളവും അപ്രാപ്യവുമായി മാത്രമേ ഉയ്ഗൂര്‍ റെസ്റ്റോറന്റുകള്‍ ഉണ്ടായിരുന്നുള്ളൂ എന്നത് തന്നെ കാരണം.
അമ്പതിലേറെ നഗരങ്ങളിലായി ഞാന്‍ കണ്ടെത്തിയ ഇരുന്നൂറിലേറെ ഉയ്ഗൂര്‍ റെസ്റ്റോറന്റുകളുടെ കൂട്ടത്തില്‍ അവിസ്മരണീയവും പ്രത്യേകവുമായിരുന്നു ആ റെസ്റ്റോറന്റ്. പരമ്പരാഗത ഭക്ഷണങ്ങളുടെ രുചി കൊണ്ടും ആതിഥ്യത്തിന്റെ ഊഷ്മളത കൊണ്ടും സ്‌നേഹത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയുമായ ഒരന്തരീക്ഷം ആ റെസ്റ്റോറന്റിനെ ചുറ്റിപ്പറ്റി നിലനിന്നിരുന്നു. പലപ്പോഴും അതെന്നെ മണിക്കൂറുകള്‍ അധികം ചെലവഴിക്കാന്‍ വരെ പ്രേരിപ്പിച്ചു.
തമാശയും സഹൃദയത്വവും നിറഞ്ഞിരുന്ന അവിടുത്തെ തീന്‍ മേശാഭാഷണങ്ങളില്‍ പലപ്പോഴും ഉയ്ഗൂര്‍ വംശജരനുഭവിക്കുന്ന വിവേചനങ്ങളെ കുറിച്ചും ചര്‍ച്ചകളുയരും. പലരും ഉയ്ഗൂര്‍ വംശജരായതിന്റെ പേരില്‍ താമസ സൗകര്യങ്ങള്‍ നിരസിക്കപ്പെട്ട അനുഭവങ്ങള്‍ പലരും പങ്കുവെക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. വര്‍ഷങ്ങളായി പോലീസ് ഡിപ്പാര്‍ട്‌മെന്റില്‍ ജോലി ചെയ്യുന്ന ഒരാള്‍ക്ക് പോലും ഹോട്ടല്‍ റൂം നിഷേധിക്കപ്പെട്ടു. സഹഭക്ഷകരിലൊരാള്‍ ചിരിച്ചു കൊണ്ടാണ് അത് പറയുന്നത്. ഇടക്ക് ഹോട്ടലുടമ കരീമും സംഭാഷണത്തില്‍ പങ്കു കൊണ്ടു. നിരവധി രാജ്യങ്ങളില്‍ ജോലി ചെയ്ത അനുഭവ ജ്ഞാനമുള്ള കരീം പലപ്പോഴും ഹോട്ടല്‍ റിസപ്ഷനിലെത്തി ഒരു വിദേശിയെ അനുകരിച്ചാണ് റൂം ആവശ്യപ്പെടുക. റൂമൊഴിവുണ്ട് രേഖകള്‍ തരൂ എന്ന മറുപടി ലഭിച്ചാല്‍ തന്റെ ചൈനീസ് ഐഡന്റിറ്റി കാര്‍ഡെടുത്ത് നല്‍കും. അതില്‍ ഉയ്ഗൂര്‍ വംശജരെന്ന് കാണുന്നതോടെ റിസപ്ഷനിസ്റ്റ് കരണം മറിയുകയായി. ‘ഇവിടെ മുറിയൊഴിവില്ല’ എന്ന മറുപടി ലഭിക്കാന്‍ സെക്കന്റുകളുടെ താമസം മാത്രം!
ഉയ്ഗൂര്‍ വംശജരനുഭവിക്കുന്ന പ്രശ്‌നങ്ങളുടെ തോതെടുത്താല്‍ ഇത് വളരെ നിസാരം. കരീമിന്റെ റെസ്‌റ്റോറന്റില്‍ ഞങ്ങളുടെ സംഭാഷണങ്ങള്‍ അരങ്ങേറുന്ന സമയത്ത് ഒരുകോടിയിലേറെ വരുന്ന ഉയ്ഗൂര്‍ വംശജരുടെ ജന്മ നാടായ ഷിന്‍ചിയാംഗില്‍ ചൈനീസ് ഭരണകൂടം ഭീകരതക്കും തീവ്രവാദത്തിനുമെതിരായ സമഗ്ര പോരാട്ടം നടപ്പാക്കികൊണ്ടിരിക്കുകയായിരുന്നു. തിബറ്റിലെ മനുഷ്യത്വ വിരുദ്ധ പോളിസുകളുടെ പേരില്‍ പ്രസിദ്ധനായ ചെന്‍ ക്വവാന്‍കോ ഷിന്‍ചിയാംഗിലെ പാര്‍ട്ടി സെക്രട്ടറിയായി സ്ഥാനമേറ്റെടുത്തതോടെയാണ് ഇത്തരം നടപടിക്രമങ്ങള്‍ക്ക് തുടക്കമാകുന്നത്. പൗരന്മാര്‍ക്കെതിരെ ഭരണകൂടം നടത്തിവരുന്ന മനുഷ്യത്വ രഹിതമായ കൈയ്യേറ്റങ്ങളെ മുന്‍ കാല അക്രമങ്ങളുടെ പ്രതിഫലനമായി ന്യായീകരിക്കാനുള്ള വ്യഗ്രതയിലായിരുന്നു അപ്പോള്‍ ചൈനീസ് ഗവണ്‍മെന്റ്.
ആ വര്‍ഷമാണ് ഷിന്‍ചിയാംഗില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാവുന്നത്. ‘വിദ്യഭ്യാസത്തിലൂടെ പരിവര്‍ത്തനം’ എന്ന ഓമന പേരില്‍ ഗവണ്‍മെന്റ് സ്ഥാപിച്ച കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിലെ അന്തേവാസികളായി ആയിരക്കണക്കിന് ഉയ്ഗൂര്‍ വംശജര്‍ മാറി. പലരും ജയിലഴികള്‍ക്കുള്ളിലായി, മറ്റു ചിലരാവട്ടെ വെറുതെ ‘അപ്രത്യക്ഷരായി’. പുനരുദ്ധ്യാപക ക്യാമ്പുകളെ കുറിച്ച് പുറത്തു വന്ന വാര്‍ത്തകളിലൊക്കെ അവിടെ നടക്കുന്ന പീഡനങ്ങളുടെ വിവരണങ്ങളുണ്ടായിരുന്നു. നിര്‍ബന്ധിതരായി മസ്തിഷ്‌ക പ്രക്ഷാളനം ചെയ്യുക മാത്രമായിരുന്നില്ല ഗവണ്‍മെന്റ് കണിശമായ ശിക്ഷാ മുറകളും ഹിംസയും പയറ്റുക കൂടിയായിരുന്നു.
കഴിഞ്ഞ വസന്തകാലം ഉയ്ഗൂര്‍ വംശജകര്‍ക്ക് നഷ്ട കാലമായിരുന്നു. പലവിധത്തിലുള്ള നഷ്ടങ്ങള്‍; ചിലര്‍ക്ക് അവകാശങ്ങള്‍, ചിലര്‍ക്ക് അസ്തിത്വങ്ങള്‍, ചിലര്‍ക്ക് ജീവിത ഉപാധികള്‍. ആ നഗരത്തിലെ മുസ്‌ലിംകള്‍ക്കിടയില്‍ പൊതുസമ്മതനായതിനാലും നിരവധി രാജ്യങ്ങളില്‍ ജോലി ചെയ്ത് പരിചയമുള്ളതിനാലും കരീമിന്റെ സ്ഥിതിയെക്കുറിച്ച് ഞാന്‍ അത്യന്തം ആശങ്കാകുലനായിരുന്നു. ഈ വര്‍ഷാദ്യത്തില്‍ ആ നഗരത്തിന് സമീപമുള്ള ഒരിടത്ത് എത്തിയ ഉടനെ ഞാന്‍ അയാളെ തിരക്കി. അയാളെ കയ്യാമം വെച്ച് ജയിലിലടക്കുകയും നിരന്തരമുള്ള നിര്‍ബന്ധിത ജോലി കാരണം ‘മരണപ്പെടുകയും ചെയ്തു’ എന്നാണ് ഞാന്‍ കേട്ടത്.

ഭരണകൂടം അയാളെ കൊലപ്പെടുത്തിയെന്ന് പറയലാണ് ഉചിതമെന്ന് അവര്‍ക്കറിയാഞ്ഞിട്ടല്ല. പക്ഷേ, അങ്ങനെ പറഞ്ഞാലുള്ള ആഘാതങ്ങളെ കുറിച്ച് അവര്‍ക്ക് ബോധ്യമുള്ളത് കൊണ്ടാണ്. ഷിന്‍ചിയാംഗിലെ ചൈനീസ് സര്‍ക്കാറിന്റെ നയപരിപാടികളെ വിമര്‍ശിക്കാനുള്ള അവകാശം ഗവണ്‍മെന്റ് എടുത്തു മാറ്റിയിട്ടുണ്ട്. ഉയ്ഗൂര്‍ വംശജര്‍ക്കെതിരായ അതിക്രമങ്ങളെ കൂറിച്ചുള്ള ആശങ്കകളെ പോലും കെട്ടിച്ചമച്ചതായും ചൈനയുടെ ആഭ്യന്തര കാര്യങ്ങളിലേക്കുള്ള ഇടപെടലായുമാണ് വിദേശ കാര്യ മന്ത്രാലയം വക്താവ് ഹുവ ചുന്‍യിംഗ് പ്രഖ്യാപിച്ചത്. ഷിന്‍ജിയാംഗിലെ ഫോറിന്‍ പബ്ലിസിറ്റി ഡയറക്ടര്‍ ഐലിദി സാലിയേവ് പറഞ്ഞതാണ് ഏറെ ആഭാസം. ‘ലോകത്തെ ഏറ്റവും സന്തുഷ്ടരായ മുസ്‌ലിംകള്‍ വസിക്കുന്ന ഇടമാണ് ഷിന്‍ജിയാംഗ്’.
ഉയ്ഗൂര്‍ മുസ്‌ലിംകളുടെ സ്ഥിതിഗതികള്‍ യഥാതഥം മനസ്സിലാക്കാനുള്ള വഴി അവരെ സംസാരിക്കാനനുവദിക്കുക എന്നത് തന്നെയാണ്. പക്ഷെ, ഷിന്‍ജിയാംഗിനെ ഒരു ഇന്‍ഫര്‍മേഷന്‍ വാക്വമായി സൂക്ഷിക്കാനുള്ള യത്‌നത്തിലാണ് സര്‍ക്കാര്‍. പത്ര പ്രവര്‍ത്തകരും ഗവേഷകരുമെല്ലാം ശക്തമായ നിരീക്ഷണത്തിലാണ്. വിദേശത്ത് മാധ്യമ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ഉയ്ഗൂര്‍ വംശജര്‍ക്ക് ഉറ്റവര്‍ ജയിലഴിക്കുള്ളിലാണെന്ന സന്ദേശമെത്തിക്കഴിഞ്ഞു. തങ്ങളുടെ ജനതയനുഭവിക്കുന്ന പീഡനങ്ങളെക്കുറിച്ച് പുറം ലോകത്തോട് മിണ്ടിയാല്‍ കാര്യങ്ങള്‍ കൂടുതല്‍ വശളാവുമെന്ന വ്യക്തമായ ധ്വനിയോടെ തന്നെ. യു.എസിലെ റേഡിയോ ഫ്രീ ഏഷ്യയില്‍ ജോലി ചെയ്യുന്ന നാലു പേരുടെ സമാനമായ അനുഭവം വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഷിന്‍ജിയാംഗ് പ്രവിശ്യയിലേക്ക് യാത്ര ചെയ്യുന്ന വിദേശികള്‍ പലരും വിശദമായ ചോദ്യ മുറകള്‍ക്ക് വിധേയമാവുന്നുണ്ട്. ട്രെയിന്‍ വഴിയാണെങ്കില്‍ വഴിക്കിടയിലെവിടെയെങ്കിലും വെച്ച്, അല്ലെങ്കില്‍ നഗരാതിര്‍ത്തിയിലെ ചെക് പോയിന്റുകളിലെവിടെയെങ്കിലും വെച്ച്. ഷിന്‍ജിയാംഗിലെ പടിഞ്ഞാറന്‍ അതിര്‍ത്തി നഗരമായ കാശ്ഗറില്‍ താമസിക്കാന്‍ ഞാനൊരു ശ്രമം നടത്തിയിരുന്നു. പക്ഷെ, ഫലപ്രദമായി പുകച്ചുചാടിപ്പിക്കപ്പെട്ടു. ഞാന്‍ മുറിയെടുത്തിരുന്ന ഹോസ്റ്റല്‍ ഫയര്‍ സേഫ്റ്റി കാരണങ്ങള്‍ പറഞ്ഞ് അടച്ചു. മറ്റൊരു മുറിക്ക് വേണ്ടി ഞാന്‍ ആ പ്രവിശ്യ മുഴുവന്‍ തെണ്ടി നടന്നു. പക്ഷെ നിരാശയായിരുന്നു ഫലം. ഷിന്‍ജിയാംഗ് വിട്ട് വ്യാപാര കേന്ദ്രമായ യിവുവിലെത്തിയ ശേഷവും അവിടെയുള്ള ഉയ്ഗൂര്‍ വംശജരുമായി സന്ധിക്കാന്‍ ഞാന്‍ ചില ശ്രമം നടത്തിയിരുന്നു. പക്ഷെ, രണ്ട് തവണ എന്നെ പോലീസ് ഭീഷണിപ്പെടുത്തി. ‘ചൈനീസ് നിയമം അനുസരിക്കുക’ ‘മോശം’ ഷിന്‍ജിയാംഗ് ജനങ്ങളുമായി സമ്പര്‍ക്കത്തിലേര്‍പ്പെടരുത്, ഇതായിരുന്നു പോലീസിന്റെ ശ്വാസനങ്ങള്‍.
ഈ പ്രതിബന്ധങ്ങളെയൊക്കെ മറികടന്ന് എന്റെ ഗവേഷണാവശ്യാര്‍ത്ഥം പതിനെട്ട് മാസത്തോളം നിരവധി മോശം ഷിന്‍ജിയാംഗ് ജനങ്ങളുമായി ഞാന്‍ ഇടപഴകിയിട്ടുണ്ട്. റസ്‌റ്റോറന്റുകളിലെ പുരുഷ ജോലിക്കാരും ഇടത്തരം കച്ചവടക്കാരും തെരുവ് വാണിഭക്കാരുമാണ് അവരില്‍ മിക്കവരും. ഞാന്‍ സംസാരിച്ചവരില്‍ ബഹു ഭൂരിഭാഗവും കടുത്ത മാനസിക സംഘര്‍ഷങ്ങളുടെ പിടിയിലകപ്പെട്ടിരുന്നു. വാ തുറക്കുന്നതിന് പോലും അവര്‍ ഭയപ്പെടുന്ന പോലെ. തങ്ങളനുഭവിക്കുന്ന പീഡനങ്ങളെക്കുറിച്ച് സംസാരിക്കാന്‍ എന്തുകൊണ്ടും യോഗ്യര്‍ ഉയ്ഗൂര്‍ വംശജര്‍ തന്നെയാണ്. പക്ഷെ, ഭീതി കലര്‍ന്നൊരു അന്തരീക്ഷത്തില്‍ അവര്‍ക്കതിന് സാധിക്കില്ലെന്ന് വരുമ്പോഴാണ് ഞാനീ അവതരിപ്പിക്കുന്ന ബാഹ്യ ദൃശ്യങ്ങള്‍ക്ക് പ്രസക്തി കൈവരുന്നത്. പ്രശ്‌നത്തിന്റെ കാതലായ വശങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ പലവിധ പരിമിതികള്‍ ഞാന്‍ അനുഭവിക്കുന്നുവെങ്കിലും.
ഷിന്‍ജിയാംഗിലെ ഒരു തെരുവിലായി ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന ഒരു ഭക്ഷണ ശാലയുണ്ട്. പ്രാവിറച്ചി കബാബിനും പാല്‍ ചായക്കും പേര് കേട്ട അവിടെ ആ പരിസരത്ത് എവിടെ എത്തിയാലും സന്ദര്‍ശിക്കാന്‍ ഞാന്‍ ശ്രമിക്കും. കഴിഞ്ഞ തവണ ഞാന്‍ അവിടേക്ക് പോയത് ക്ഷമാപണം അഭ്യര്‍ത്ഥിച്ചുകൊണ്ടാണ്. കാരണം പതിവിന് വിപരീതമായി നീണ്ട സമയമായിരിക്കുന്നു അവിടെയൊന്ന് കയറിയിട്ട്. പക്ഷെ, കടയുടമ പരിഭവപ്പെടുന്നതിന് പകരം ആശ്ചര്യപ്പെടുകയാണ് ചെയ്തത്. ‘നിങ്ങളെന്നോ സ്വന്തം രാജ്യത്തേക്ക് തിരികെ പോയെന്നാണ് ഞാന്‍ കരുതിയിരുന്നത്’ അയാള്‍ പറഞ്ഞു.
എന്റെ അവസാന സന്ദര്‍ശനത്തിന് ശേഷം രംഗമാകെ മാറിയിരുന്നു. കടയിലെ ജോലിക്കാരില്‍ പത്തുപേര്‍ തെക്കന്‍ ഷിന്‍ജിയാംഗിലെ നാട്ടിലേക്ക് പോവാന്‍ നിര്‍ബന്ധിപ്പിക്കപ്പെട്ടു. അവരിന്ന് പുനരധ്യാപന ക്യാമ്പിലെ അന്തേവാസികളാണ്. ഉയ്ഗൂര്‍ വംശജരില്ലാതെ കടയുടെ രുചിയും പ്രൗഢിയുമൊക്കെ അസ്തമിച്ചെന്ന് പറഞ്ഞാല്‍ മതിയല്ലോ!
എനിക്ക് വേണ്ടപ്പെട്ട സുഹൃത്തായിരുന്ന അയാളുടെ അനന്തരവനെക്കുറിച്ച് ഞാന്‍ തിരക്കി. മിഡില്‍ ഈസ്റ്റിലെ രാജ്യങ്ങളിലൊരിടത്ത് ഒരു വര്‍ഷം ചിലവഴിച്ച കുറ്റത്തിന് അവന്‍ അഴികള്‍ക്കുള്ളിലാണത്രെ!
പരിചയക്കാരനായിരുന്ന ഒരു ഉയ്ഗൂര്‍ ടൂറിസ്റ്റ് ഗൈഡിനെ ഞാന്‍ അടുത്തിടെ കണ്ടു. ‘നീ വല്ലാതെ മെലിഞ്ഞുവല്ലോ’ ‘സൗഹൃദ ഭാഷണത്തിനിടയിലെ എന്റെ പ്രസ്താവനക്ക് അവന്‍ നല്‍കിയ മറുപടി; ‘കഴിഞ്ഞ വര്‍ഷം ഞങ്ങളെല്ലാവരും വല്ലാതെ മെലിഞ്ഞിട്ടുണ്ട്’.
കാശ്ഗറിലെ എന്റെ താമസക്കാലത്ത് തെരുവില്‍ വെച്ചൊരു മനുഷ്യനെ ഒരുപറ്റം പോലീസുകാര്‍ ചേര്‍ന്ന് ചവിട്ടിമെതിക്കുന്നത് ഞാന്‍ കണ്ടു. കൈവീശി കാണിച്ചു എന്നതായിരുന്നു അയാള്‍ ചെയ്ത കുറ്റം. കാഴ്ചക്കാരില്‍ അയാളുടെ ഭാര്യയും മകനുമുണ്ടെന്ന വസ്തുത പോലും തെരുവിലെ നിഷ്ഠൂരതക്ക് അയവ് വരുത്താന്‍ അവരെ പ്രേരിപ്പിക്കുന്നുണ്ടായിരുന്നില്ല.
തങ്ങള്‍ നിരീക്ഷക്കപ്പെടുന്നു എന്നൊരു ഭീതി എല്ലാ ഷിന്‍ജിയാംഗ് ന്യൂനപക്ഷങ്ങളെയും സദാ വലയം ചെയ്യുന്നുണ്ട്. ഒരിക്കല്‍ കിഴക്കന്‍ ചൈനയിലെ ഒരു മാനേജറുമായി ഞാന്‍ സംഭാഷണത്തിലേര്‍പ്പെട്ടു. ഗത്യന്തരമില്ലാതെ വിഷയം ഷിന്‍ജിയാംഗിലെ അതിക്രമങ്ങളിലെത്തിപ്പെട്ടു. നിയമവിധേയല്ലാത്ത പുസ്തകങ്ങള്‍ കൈവശം വെച്ച ഒരു സുഹൃത്ത് പത്ത് വര്‍ഷത്തിന് ജയിലില്‍ അടക്കപ്പെട്ട വിവരം ഞാന്‍ പറഞ്ഞ് തുടങ്ങിയതും അയാള്‍ പരിഭ്രാന്തനായി. പിന്‍ നിരയിലെ മേശകളിലൊന്നിലേക്ക് കണ്ണുതെളിച്ച് അയാള്‍ പറഞ്ഞൊപ്പിച്ചു ‘ഇവിടെ പോലീസുണ്ട്!’
ശക്തമായ മോണിറ്ററിംഗിന് വിധേയമാവുന്ന ചൈനയിലെ വീ ചാറ്റ് ആപ്പില്‍ നിന്നും എല്ലാ വിദേശ കോണ്‍ടാക്റ്റുകളും ഉയ്ഗൂര്‍ വംശജര്‍ ഡിലീറ്റ് ചെയ്തിട്ടുണ്ട്. അത്തരത്തിലുള്ള എന്റൊരു സുഹൃത്തിനെ ഞാന്‍ പ്രോക്‌സി സംവിധാനങ്ങളുപയോഗിച്ച് ബന്ധപ്പെട്ടിട്ട് സ്വകാര്യമായൊരു കൂടിക്കാഴ്ചക്ക് കളമൊരുക്കി. പക്ഷെ, അവിടെ നിറഞ്ഞു നിന്ന മ്ലാനതയും ഭയവും കണ്ടപ്പോള്‍ വേണ്ടിയിരുന്നില്ല എന്ന് എനിക്ക് തന്നെ തോന്നി. തീന്‍ മേശയുടെ ഇരുവശത്ത് ഞങ്ങള്‍ മൗനം ദീക്ഷിച്ചിരുന്നു. അദൃശ്യമായൊരു ഭാരം തലമുകളിലേറ്റിയ പോലെ. അവസാനം ഞങ്ങളിരുവരുടെയും പരിചയത്തിലുണ്ടായിരുന്ന ഒരു വ്യക്തിയെ കുറിച്ച് ഞാന്‍ തിരക്കി. ‘അവനെ ഇനിയെനിക്കറിയില്ല’ എന്നതായിരുന്നു മറുപടി. ഒപ്പം ഇതുകൂടെ കൂട്ടിച്ചേര്‍ത്തു. ‘ഇപ്പോള്‍ എനിക്ക് നിന്നെ വരെ അറിയില്ല’.
എന്റെ ഓര്‍മകളിലിന്നും തങ്ങി നില്‍ക്കുന്ന മറ്റൊരു സംഭാഷണം അരങ്ങേറിയത് ചൈനയിലെ പ്രാന്ത പ്രദേശത്തെ ഒരു റെസ്റ്റോറന്റില്‍ വെച്ചാണ്. മുന്‍പ് കുറച്ചു തവണ മാത്രം പോയ പരിചയമേ അവിടെ എനിക്കുള്ളൂ. അന്ന് ഞാനവിടെയെത്തുമ്പോള്‍ ഒരു സ്റ്റാഫൊഴിച്ച്എല്ലാവരും പോയിരുന്നു. എന്നെ കണ്ടതോടെ മറ്റു തിരക്കുകള്‍ ഉപേക്ഷിച്ച് അയാള്‍ അരികെയെത്തി. കാശ്ഗറില്‍ നിന്ന് എന്നെ പുറത്താക്കിയ അനുഭവം പങ്കുവെച്ചത് അയാള്‍ക്കെന്തൊക്കെയോ പറയാന്‍ പ്രചോദനമായത് പോലെ.
‘ദശലക്ഷകണക്കിന് ഉയ്ഗൂറുകള്‍ ക്യാമ്പുകളിലാണ്’. അയാള്‍ പറഞ്ഞ് തുടങ്ങി. ‘പത്തു പതിനഞ്ച് വര്‍ഷങ്ങളുടെ പഴക്കമുള്ള മിച്ചം വന്ന അരിയാണ് ഭക്ഷിക്കേണ്ടത്. മര്‍ദന മുറകള്‍ ഏറ്റുവാങ്ങുന്നത് ദിനചര്യയായി. ചൈനയുടെ ഈ ഭാഗങ്ങളിലുള്ള ഉയ്ഗൂറുകള്‍ക്ക് രാഷ്ട്രീയ യോഗങ്ങളില്‍ പങ്കെടുക്കണം. അവര്‍ ഞങ്ങള്‍ക്കിടയില്‍ രാഷ്ട്രീയ വിഷയങ്ങളില്‍ ഒരു ടെസ്റ്റ് നടത്താന്‍ പോവുകയാണത്രേ. പത്തൊമ്പതാം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിനെ കുറിച്ചൊക്കെ പഠിക്കണം. പരാജയപ്പെട്ടാല്‍ ഷിന്‍ജിയായാംഗിലെ കാമ്പുകളിലേക്കയുക്കുമെന്നാണ് ഭീഷണി.

Editor Thelicham

Thelicham monthly