Thelicham

ക്യാമ്പസുകളിലെ മുസ്‌ലിം സ്ത്രീകള്‍: സ്ഥലം, ഇടം, ചോദ്യങ്ങള്‍.

സുഹറ ഹസന്റെ ‘മുസ്‌ലിം സ്ത്രീയും കാമ്പസിടങ്ങളും: ചെറുത്ത് നില്‍പ് വ്യക്തിനിഷ്ഠമാവും വിധം’ എന്ന ലേഖനത്തിന്റെ/അനുഭവത്തിന്റെ തുടര്‍ച്ചായി മുസ്‌ലിം സ്ത്രീയുടെ അക്കാദമിക്ക് ഇടങ്ങളെ/ഇടപാടുകളെ കുറിച്ച് പറയാന്‍ ശ്രമിക്കുന്നതിന് മുന്‍പ് ശ്രദ്ധിക്കേണ്ട ചില വിഷയങ്ങളുണ്ട്. ചരിത്രത്തിന്റെയും പാട്രിയാര്‍ക്കിയുടെയും വ്യത്യാസങ്ങള്‍ മനസ്സിലാക്കി ജാതി-വംശ-വര്‍ഗ വ്യവസ്ഥകള്‍ അറിഞ്ഞു മാത്രമേ സ്ത്രീ മുന്നേറ്റങ്ങളെ-അനുഭവങ്ങളെ പഠനത്തിന് വിധേയമാക്കുവാന്‍ കഴിയുകയുള്ളു എന്ന് കുംകും സംഗാരി, സുധേഷ് വൈദ് എന്നിവര്‍ അഭിപ്രായപ്പെടുന്നുണ്ട്. ഈ വ്യത്യാസങ്ങള്‍ക്ക് മുകളില്‍ നിന്ന് ഒരു തിയറെറ്റിക്കല്‍ ഫോര്‍മുലേഷന്‍ ഉണ്ടായാല്‍ തന്നെ സാമൂഹിക നിയന്ത്രണങ്ങള്‍, സാംസ്‌കാരിക മാറ്റങ്ങള്‍, പുരുഷാധിപത്യ പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ നിരന്തരമായ പരിശോധന ഇവിടെ ആവശ്യമാണെന്നും അവര്‍ പറയുന്നു.
കേരളത്തിലെ മുസ്‌ലിം സ്ത്രീയുടെ വിദ്യാഭ്യാസത്തെയും തൊഴിലിനേയും പ്രതിയുള്ള ചര്‍ച്ചകള്‍ 1930-കളില്‍ മുസ്‌ലിം നവോഥാനത്തിന്റെ ഭാഗമായി ഹലീമാബീവി, മൈതീന്‍ ബീവി, പി.ജി. ഖദീജ എന്നിവര്‍ പൊതുവേദികളില്‍ ചര്‍ച്ചയാക്കുന്നുണ്ട്. വക്കം മൗലവിയുടെ മുസ്‌ലിം മാസികയിലും, മറ്റ് പ്രസിദ്ധീകരണങ്ങളിലുമൊക്കെയായി മുസ്‌ലിം സ്ത്രീകളുടെ പ്രാതിനിധ്യം ഉറപ്പ് വരുത്താനുള്ള പരിശ്രമങ്ങള്‍ ഉണ്ടായിട്ടുമുണ്ട്. ‘നമ്മുടെ സ്ത്രീകള്‍’ എന്ന പേരില്‍ എം.എം. തങ്ങള്‍ എഴുതിയ ലേഖനത്തില്‍ വിദ്യാഭ്യാസമഭ്യസിപ്പിക്കുക മാത്രമാണ് മുസ്‌ലിം സ്ത്രീയുടെ അവശതയെ പ്രതിരോധിക്കാന്‍ ഉള്ള മാര്‍ഗമായി പറയുന്നത്.
എന്നാല്‍, ‘വിദ്യാഭ്യാസമുള്ള കുടുംബിനി’ എന്ന ഒരൊറ്റ സാധ്യതയ്ക്ക് വേണ്ടി മാത്രമാണോ ഇത്തരം ചര്‍ച്ചകള്‍ ഉണ്ടാകുന്നത് എന്ന ആശങ്ക ഹലീമ ബീവി പങ്കുവെയ്ക്കുന്നത് കാണുവാന്‍ കഴിയും. തിരഞ്ഞെടുപ്പുകള്‍ ഇല്ലാത്ത, ഇങ്ങനെയൊരു അവസ്ഥയെ ഭേദിച്ച് കൊണ്ടല്ലാതെ മുസ്ലിം സ്ത്രീയുടെ വിദ്യാഭ്യാസത്തെ കുറിച്ചുള്ള അന്വേഷണങ്ങള്‍ അര്‍ഥഹീനമാണ്. ലിംഗവിവേചനത്തിന് മുതല്‍ക്കൂട്ടാവുന്ന ആലോചനയില്‍ പെണ്‍കുട്ടികളെ വിദ്യാഭ്യാസം അഭ്യസിപ്പിച്ചു കുടുംബത്തിന്/നാടിന് കരുത്തു നല്‍കുകയെന്നും മറിച്ചു വിദ്യാഭ്യാസം കൊണ്ട് ആണ്‍കുട്ടികളുടെ മാത്രം വ്യക്തി വികാസത്തിന് വേദിയൊരുക്കുകയും പോലുള്ള പരസ്യ പ്രഹേളനങ്ങള്‍ ഉപേക്ഷിക്കേണ്ടതും പ്രധാനമാണ്.

ക്യാമ്പസെന്ന സ്ഥലം/ഇടം:

പല തരത്തിലുള്ള പ്രതികൂല സാഹചര്യങ്ങള്‍ നേരിട്ട് ക്യാമ്പസുകളില്‍ എത്തുന്ന മുസ്‌ലിം സ്ത്രീകള്‍ക്ക് മുന്നിലെ അവസരങ്ങള്‍/ ആശങ്കകള്‍ എന്നിവയെയെല്ലാം ഒരുമിച്ചു കാണുവാനോ ചില പ്രത്യേക പ്രശ്‌നങ്ങളുണ്ടെന്ന് എടുത്തു പറയുവാനോ സാധിക്കില്ല. അതുകൊണ്ട് തന്നെ ഇവിടെ, മുസ്‌ലിം സ്ത്രീയുടെ ക്യാമ്പസ് അനുഭവമെന്ന ഒറ്റയായ സങ്കല്‍പ്പത്തില്‍ നിന്ന് സംവാദം സാധ്യമല്ല. രണ്ട്, മുസ്‌ലിം സ്ത്രീയെന്ന ഒരൊറ്റ ശരീരത്തെ മുന്‍നിര്‍ത്തി സംസാരിക്കുവാന്‍ കഴിയാത്തത് പോലെ തന്നെ ക്യാമ്പസ് എന്നൊരൊറ്റ സ്ഥലത്തെ കാണുവാനും സാധിക്കില്ല.
ക്യാമ്പസിനെ പ്രതിയുള്ള അന്വേഷണങ്ങള്‍ ഇവിടെ പ്രസക്തമാണ്. മിഷേല്‍ ഫൂക്കോയുടെ ‘ഓഫ് അദര്‍ സ്‌പേസസ്: ഉട്ടോപ്പിയ ആന്‍ഡ് ഹെറ്ററോടോപിയ’ എന്ന ലെക്ചറില്‍ സ്ഥലം-ഇടം എന്നതിനെ കുറിച്ചുള്ള സവിശേഷമായ ഒരു നിരീക്ഷണമുണ്ട്. മൂര്‍ത്തമായ സ്ഥലമെന്ന സങ്കല്‍പ്പത്തില്‍ നിന്ന് ഇടമെന്ന അമൂര്‍ത്തതയില്‍ മനുഷ്യന് എത്തിച്ചേരുവാന്‍ സാധിക്കുന്നത് ശാരീരികമായ സാന്നിധ്യത്തില്‍ നിന്ന് ആന്തരികമായ സ്വകീയമായ ഇടം കണ്ടെത്താന്‍ കഴിയുന്നതിലൂടെയാണ്. സ്ഥലം(പ്ലേസ്) എന്നതില്‍ നിന്ന് ഇടത്തിലേക്ക്(സ്‌പേസ്) വ്യക്തിയ്ക്ക് എത്തുവാനുള്ള പരിശ്രമം, സമയം, സ്വീകാര്യത എന്നിവയെ പരിഗണിക്കാം. വ്യത്യസ്തങ്ങളായ ക്യാമ്പസുകളില്‍ ‘ക്ലാസ്സ്‌റൂം’ എന്ന പരിസരത്തില്‍ എത്തിച്ചേരുന്ന വിദ്യാര്‍ത്ഥികളില്‍ പലരും സ്ഥലത്തില്‍ മാത്രമാണ് പ്രത്യക്ഷരാകുന്നത്. മറിച്ചു ഇടം എന്ന സ്വയം കണ്ടെത്തല്‍-സ്ഥാപിക്കല്‍ എന്ന ധൗത്യം മറികടക്കുന്നില്ല. ദളിത് ബഹുജന്‍ പശ്ചാത്തലങ്ങളില്‍ നിന്ന് വരുന്ന ഈ വിദ്യാര്‍ത്ഥികളില്‍ ഇടമില്ലാത്ത-സ്ഥലമില്ലാത്തവരുടെ ഒറ്റപ്പെടല്‍ ഇന്ത്യന്‍ ക്യാമ്പസുകളില്‍ ചര്‍ച്ചയ്ക്ക് ഇടമുണ്ടാക്കിയിട്ടുമുണ്ട് (പോസ്റ്റ് രോഹിത് വെമുല മൂവ്‌മെന്റ് എന്ന് വിശേഷിപ്പിക്കാവുന്നത്). ഇതില്‍ മുസ്‌ലിം സ്ത്രീകളുടെ സാന്നിധ്യം ഫൂക്കോയുടെ ഹെറ്ററോടോപിയ/ഉട്ടോപ്പിയ എന്ന ബൈനറിയില്‍ കൂടുതല്‍ പ്രതിഫലിക്കുന്നതായി കാണാം. ഈ രണ്ട് ബൈനറികളും ഒരേ സമയം സാധ്യമാകുന്ന മിറര്‍ (കണ്ണാടി) എന്ന അവസ്ഥയില്‍ ക്യാമ്പസുകളിലെ മുസ്‌ലിം സ്ത്രീകളെ കാണാവുന്നതാണ്. ശാരീരികമായി ഒരു പ്രദേശത്തു ഉണ്ടാകുമ്പോള്‍ തന്നെ മിറര്‍ വഴി നോക്കുമ്പോള്‍ ശരിയായ (റിയല്‍) താന്‍ എവിടെ ആണെന്ന് കണ്ടെത്താനുള്ള പ്രയാസമാണിത് (അസ് എ പ്ലേസ്‌ലെസ് പ്ലേസ്). വ്യക്തത നഷ്ട്ടപ്പെടുന്നതും യഥാര്‍ത്ഥമല്ലാത്തതും ആയതുമായ ഈ കാഴ്ചയില്‍ വ്യക്തിയുടെ പ്രത്യക്ഷമായ രൂപത്തെ കുറിച്ച് സ്വയം ധാരണ ഉണ്ടാകും. ചിലപ്പോള്‍ ഹെറ്ററോടോപിയ എന്ന ഒറ്റ അവസ്ഥയിലും മുസ്‌ലിം സ്ത്രീ സാന്നിധ്യത്തെ കാണാം (എ വേള്‍ഡ് വിത്തിന്‍ എ വേള്‍ഡ്). സിസ്റ്റത്തിന് (ക്യാമ്പസിന്) വെളിയില്‍ നില്‍ക്കുന്ന, കലഹിക്കുന്ന, ചേരാത്ത ഈ വിഭാഗം സാധ്യമാക്കുന്ന സംവാദങ്ങള്‍ ആണ് അടുത്ത വിഷയം.

ഡെനിസ് ദിദറോയുമായി ഡി അലമ്‌പെര്‍ട്ട് 1769-ല്‍ നടത്തുന്ന സംഭാഷണത്തിന്റെ തുടക്കം ഇതുമായി ചേര്‍ത്ത് വായിക്കാവുന്നതാണ്. ഒരു പ്രത്യേക സ്ഥലത്തു നിലനിന്നു കൊണ്ട് (ബീയിംഗ്), എന്നാല്‍ തന്റെ മുഴുവനും (ലാക്കിംഗ് എക്സ്റ്റന്‍ഷന്‍) അടയാളപ്പെടുത്താന്‍ കഴിയാത്ത അവസ്ഥയാണിത്. കൂട്ടത്തിനൊപ്പം ചലിച്ചു കൊണ്ടിരിക്കുമ്പോള്‍ തന്നെ ചലനം ബാധിക്കാത്ത സ്ഥിതിയില്‍ കഴിയുന്നതിന്റെ ആത്മസംഘര്‍ഷങ്ങള്‍ ക്യാമ്പസിലെ കീഴാള ശരീരങ്ങളില്‍ കാണാവുന്നതാണ്. എന്നാല്‍ ഈ സ്ഥലങ്ങളില്‍ ഇല്ലാതിരിക്കുകയും പക്ഷെ കാല്പനികമായ ആലോചനയില്‍ സ്ഥാപിക്കപ്പെടുകയും എന്ന ഹെജിമണിക്ക് വയലന്‍സ് കൂടെ മുസ്‌ലിം സ്ത്രീകള്‍ ക്യാമ്പസില്‍ അനുഭവിക്കാറുണ്ട്. സ്വകാര്യ/ പരസ്യ സംഭാഷണങ്ങളിലൂടെ മുസ്‌ലിം സ്ത്രീകള്‍ക്ക് ക്യാമ്പസിന്റെ ജോഗ്രഫിക്കല്‍ പരിധിയില്‍ എത്തുന്നതിന് മുന്നേ നേരിടേണ്ടി വരുന്ന മുന്‍വിധികള്‍ സ്ഥലം-ഇടം എന്ന ബൈനറിയ്ക്ക് പുറത്താണ്. ഈ അവസ്ഥയുടെ ഭീകരതയെ പറ്റിയുള്ള അന്വേഷണങ്ങള്‍ കൂടിയാണ് ക്യാമ്പസിന്റേതില്‍ വരുന്നത്.
മുസ്‌ലിം സ്ത്രീയുടെ ക്യാമ്പസിലെ പ്രത്യക്ഷത (ഫിസിക്കല്‍) വേഴ്‌സസ് അവരുടെ/ അവരെ കുറിച്ചുള്ള സങ്കല്പികമായ മാനസികവ്യാപാരങ്ങള്‍ (ഇമാജിന്‍ഡ് മെന്റല്‍ സ്‌പേസസ്) എന്നിവ പരസ്പരം കലഹിച്ചു കൊണ്ടിരിക്കുന്ന അവസ്ഥയെ പരിഗണിക്കുക. അകമേയുള്ള ഇത്തരം സംഘര്‍ഷങ്ങള്‍ക്ക് പുറമേയാണ് (ഇന്റേണല്‍ കോണ്‍ഫ്‌ലിക്റ്റ്) പുറമെയുള്ള ഇടങ്ങളില്‍, ക്യാമ്പസുകളില്‍ വിശേഷിച്ചും മുസ്‌ലിം സ്ത്രീക്ക് ഉപാധികളില്ലാതെ തുടരേണ്ട സ്ഥലങ്ങളുടെ/ ചോദ്യങ്ങളുടേതായ (എക്‌സ്റ്റേണല്‍ കോണ്‍ഫ്‌ലിക്റ്റ്) സംഘര്‍ഷാവസ്ഥകള്‍.
പ്രത്യക്ഷത്തില്‍ തന്നെ ചോദ്യങ്ങള്‍ക്ക് ഉത്തരം കൊടുക്കുവാനുള്ള ബാധ്യതയില്‍ ആണ് മിക്ക മുസ്‌ലിം പെണ്‍കുട്ടികളും ക്യാംപസില്‍ പ്രവേശിക്കുന്നത്. വിസിബിലിറ്റി കൂടുതല്‍(!) നല്‍കുന്ന വസ്ത്രത്തിന്റെ (തട്ടം-പര്‍ദ്ദ) പരിധിയിലും മറിച്ചാണെങ്കില്‍ മുസ്‌ലിംനസിന്റെ അടയാളങ്ങള്‍ പ്രകടമല്ലാത്തത്തിന്റെ പേരിലും ഇത് സംഭവിക്കാം. ഈ ചോദ്യങ്ങള്‍ സവിശേഷമായി ക്യാമ്പസിന്റെ ഘടന, സ്ഥലം എന്നിങ്ങനെ ജോഗ്രഫിയുടെയോ ഡെമോഗ്രഫിയുടെയോ ചോദ്യങ്ങളാണ്. മറ്റൊരു തരത്തില്‍ ഇതിനുള്ളിലെ അപരനാകുന്നത് കൊണ്ടുള്ള ചോദ്യങ്ങള്‍.

ഉത്തരങ്ങളും ഒറ്റപ്പെടലും

അക്കാദമിക്ക്, ഇന്റലെക്ച്വല്‍ സംഭാഷണങ്ങള്‍ പ്രതീക്ഷിച്ചു ക്യാംപസില്‍ പ്രവേശിക്കുന്ന മുസ്‌ലിം വിദ്യാര്‍ഥിനികള്‍ നിരന്തരം മുസ്‌ലിം സ്വത്വം-മുസ്‌ലിം പുരുഷന്‍-തട്ടം-പര്‍ദ്ദ എന്ന വട്ടത്തിനുള്ളില്‍ കുടുങ്ങിപ്പോവുകയും മറ്റ് വിഷയങ്ങളില്‍ സംസാരിക്കണമെങ്കില്‍ ഈ വിഷയങ്ങളില്‍ നിലപാട് വേണമെന്നുമുള്ള സെക്കുലര്‍ ലിബറല്‍ ശാഠ്യങ്ങള്‍ അതിജീവിക്കുക എന്നതാണ് ഒന്നാമത്തെ പടി. ഇത് സാധ്യമാവാറില്ലെന്ന് മാത്രമല്ല, സംഘടന പങ്കാളിത്തം, പാരമ്പര്യം എന്നിങ്ങനെയുള്ള ചോദ്യങ്ങളിലേക്ക് ഇവ വഴി മാറി പോകാറാണ് പതിവ്. പ്രിവിലേജിന്റെ ചോദ്യങ്ങള്‍ വഴി എത്തിച്ചേര്‍ന്നിട്ടുള്ള ക്യാമ്പസ് ഔദാര്യമാണെന്ന ഭാഷയിലേക്ക് പോലും എത്തുന്നതാണ് കാര്യങ്ങള്‍.
വേഷത്തെ പ്രതിയാണ് പ്രഥമ ധൃഷ്ടിയില്‍ സംഭാഷണം തുടങ്ങുക. തട്ടമിടുന്ന/പര്‍ദ്ദ ധരിക്കുന്നവരെല്ലാം അടിച്ചമര്‍ത്തപ്പെട്ടവരും തട്ടമിടാത്ത മുസ്‌ലിം സ്ത്രീകള്‍ക്ക് മുസ്‌ലിം സ്വത്വം ഇല്ലെന്നോ വരെ സ്ഥാപിക്കുന്ന സന്ദര്‍ഭങ്ങളുണ്ട്. ലിബറലാവുക, ‘ഹിജാബി-ജിഹാദി’യാവുക, വസ്തുവാകുക എന്നതിലപ്പുറം മുസ്‌ലിം വിദ്യാര്‍ഥിനികളുടെ കര്‍തൃത്വം തീരുമാനിക്കുക എന്ന അജണ്ടയില്‍ നിന്ന് ക്യാമ്പസുകള്‍ മുക്തമായിട്ടില്ല. വ്യക്തിയുടെ സ്വാതന്ത്ര്യന്തിന് മാന്യത കല്‍പ്പിക്കാത്ത ഇത്തരം ആള്‍ക്കൂട്ടങ്ങള്‍ മുസ്‌ലിം വിദ്യാര്‍ഥിനികള്‍ക്ക് നല്‍കുന്ന സ്വീകാര്യത പ്രത്യേക സ്ഥലങ്ങളില്‍ (പ്ലേസ്) ഒതുങ്ങുവാനാണ്. ഇടമില്ലെന്ന തീര്‍ച്ചയില്‍ അവരെ എത്തിക്കുകയും ചെയ്യുന്നു.
ഇവിടെ നിന്ന് ക്ലാസ്‌റൂം പോലുള്ള അവസ്ഥകളില്‍ അധ്യാപകരുടെയോ സഹപാഠികളുടെയോ ഒന്നിലൊതുങ്ങാത്ത മതാനുബന്ധിയായ വിശ്വാസത്തെ പ്രതിയുള്ള സംശയങ്ങള്‍ക്ക് മറുപടി നല്‍കേണ്ടി വരുന്നു. ഐഡന്റിറ്റിയെ ഉറപ്പിച്ചു നിര്‍ത്തുവാന്‍ ഈ മറുപടികള്‍ ഊര്‍ജം ആകുമെന്ന് വാദിക്കുമ്പോള്‍ തന്നെ മടുപ്പിന്റെ/അസ്വസ്ഥതയുടെ അംശം ഇതില്‍ നിന്ന് വിട്ടുപോരുന്നില്ല. തീര്‍പ്പുകളുടെ മുകളിലുള്ള ക്യാമ്പസ് അനുഭവങ്ങള്‍ മാറ്റങ്ങള്‍ക്കുള്ള അവസരം ഇവര്‍ക്ക് നല്‍കുന്നത് പോലും സഹതാപത്തിന്റെ/ ആനുകൂല്യത്തിന്റെ കൈനീട്ടങ്ങള്‍ ആയിട്ടാണ്. വര്‍ഗ വ്യത്യാസങ്ങളുടെ അടയാളമാകുന്ന പലതരം ഹിജാബുകളുടെ (മാര്‍ക്കറ്റിന്റെ) മതകീയതയെ കുറിച്ചുള്ള ചോദ്യങ്ങള്‍ ഉണ്ടാകുന്ന അവസരത്തില്‍ വിശ്വാസത്തിന്റെ ഒരൊറ്റ പോയന്റായി ഹിജാബിനെയോ പര്‍ദയെയോ പ്രതിഷ്ഠിക്കുന്നതിലെ അപക്വത തിരിച്ചറിയേണ്ടതാണ്.

രാഷ്ട്രീയപരിസരങ്ങള്‍

അനുഭവങ്ങളില്‍ നിന്നും ആശയങ്ങളില്‍ നിന്നും ഉള്‍ക്കൊണ്ട രാഷ്ട്രീയം പറയാനോ പ്രവര്‍ത്തിക്കാനോ ഉള്ള സ്വാതന്ത്ര്യം മുസ്‌ലിം സ്ത്രീകള്‍ക്ക് ക്യാമ്പസുകള്‍ വകവെച്ചു കൊടുക്കുന്നത് എങ്ങനെയാണെന്നുള്ള അന്വേഷണം പ്രധാനമാണ്. സാധ്യമായ ഓപ്ഷനുകള്‍ക്കുള്ളില്‍ തന്നെ ടോക്കണ്‍ അല്ലാതെ നില്‍ക്കാന്‍ കഴിയുക എന്ന പ്രതിസന്ധിയാണ് ഒന്നാമത്തേത്. അങ്ങനെയല്ലാതെ നില്‍ക്കുമ്പോഴും സ്വാഭാവിക സദാചാരത്തിനൊപ്പം മതപരമായുള്ള വെല്ലുവിളികള്‍ ഉയര്‍ത്തുക, വിശ്വാസിയുടെ ഗ്രേഡഡ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കുക പോലുള്ള അതല്ലെങ്കില്‍ കൂടുതല്‍ ലിബറലാവാനുള്ള സാധ്യത ഇവ്വിധം മുനമ്പുകളില്‍ നിര്‍ത്തി മുസ്‌ലിം സ്ത്രീയുടെ രാഷ്ട്രീയ ഇടപെടലിന് താല്പര്യങ്ങള്‍ നിശ്ചയിക്കുന്ന ആണധികാര കേന്ദ്രങ്ങള്‍ ഇല്ലാതെ ആവേണ്ടതാണ്. തീരുമാനങ്ങള്‍ക്ക് കൃത്യമായും പക്വമായും പ്രാപ്തിയുള്ള മുസ്‌ലിം വിദ്യാര്‍ഥിനിക്ക് വിശാലമായ സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കാനുള്ള ഇടം ക്യാമ്പസുകളില്‍ അനിവാര്യമാണ്.
കേവലമായ ബ്രാന്‍ഡിങ്ങുകളോ ടാഗുകളോ വച്ച് പറയുന്ന ബൈനറി രാഷ്ട്രീയത്തിന്റെ കാലാവധി, സ്വയം പ്രഖ്യാപിക്കുന്ന പുരോഗമന രാഷ്ട്രീയത്തിന് ചേരുന്നതല്ലെന്ന വാസ്തവം ഇവര്‍ മനസ്സിലാക്കേണ്ടതാണ്.
സംഘടന പാരമ്പര്യത്തിന്റെ പിന്‍ബലമുള്ള മുസ്‌ലിം സ്ത്രീകള്‍ക്ക് സാധ്യമാണെന്ന് പറയുന്ന അവസരങ്ങള്‍ പോലും ആണത്തത്തിന്റെ ആഘോഷങ്ങളില്‍ നിന്ന് വേറിട്ട് സ്വയം ശാക്തീകരിക്കേണ്ടത് അവശ്യമെന്ന അവസ്ഥയിലാണ്. സുഹറ ഹസന്‍ പറയുന്ന ‘പ്രോഗ്രസ്സീവ് മുസ്‌ലിം’ എന്ന മറ്റൊരു സാധ്യത ഇവിടെ പ്രശ്‌നവല്‍ക്കരിക്കേണ്ടതാണ്. സംഘടനാ പാരമ്പര്യമുള്ള മുസ്‌ലിം സ്ത്രീകളുടെ ‘പ്രിവിലേജ്’ എന്നത് നിലനില്‍ക്കുന്നത് ഈ പാരമ്പര്യം ഇല്ലാത്ത ഒരു ‘ലീസ്റ്റ് പ്രിവിലേജ്ഡ്’ന്റെ മുകളിലാണ്. എന്നാല്‍ ആദ്യം പറഞ്ഞ ‘പ്രിവിലേജ്ഡ്’ സ്ത്രീകള്‍ സംഘടനകള്‍ക്കകത്തു ‘ഇടം’ കണ്ടെത്തുന്നത് എങ്ങനെയെന്നതും പ്രധാനമാണ്. പ്രിവിലേജിനപ്പുറം അംഗീകരിക്കപ്പെടേണ്ട കര്‍ത്തവ്യം നിര്‍വഹിക്കാന്‍ ശ്രമിച്ചുകൊണ്ടോ ആണ്‍മേല്‍ക്കൂരകളോട് കലഹിച്ചുകൊണ്ടോ ഉള്ള ഇവരുടെ ഇടപെടലുകള്‍ പ്രിവിലെജെന്ന ഒറ്റ വാക്കില്‍ ചുരുങ്ങി പോകരുതെന്നുള്ള ആവശ്യകതയുണ്ട്.
പാരമ്പര്യത്തിന് പുറത്തു നില്‍ക്കുന്ന സ്ത്രീകളുടെ മേല്‍ അധികാരം സ്ഥാപിക്കുന്ന സംഘടന മൂലധനമുള്ള സ്ത്രീകളെ ചോദ്യം ചെയ്തുകൊണ്ട് വ്യത്യസ്തകളില്‍ വിശ്വാസമര്‍പ്പിക്കുന്ന ബന്ധം സ്ഥാപിക്കുക എന്നതാണ് ഇതിനുള്ള മറുപടി.
സംഘടനകളില്‍ സ്വയം കണ്ടെത്താത്ത മുസ്‌ലിം സ്ത്രീകളെ പാരമ്പര്യവാദികള്‍ ആക്കുന്ന രാഷ്ട്രീയം, പാരമ്പര്യവും പരിഷ്‌കാരവും ഒരുമിച്ചുണ്ടാവുമെന്ന് അംഗീകരിക്കില്ലെന്ന് മാത്രമല്ല, ഒരൊറ്റ മുസ്‌ലിം സ്ത്രീയുടെ വാര്‍പ്പുമാതൃകയില്‍ മറ്റുള്ളവരെ കുറഞ്ഞവരാക്കുവാനുള്ള അധികാരം പോലും ഏറ്റെടുത്തേക്കാം. മുസ്‌ലിമത്തിനെ കുറിച്ചുള്ള ഈ ചോദ്യങ്ങള്‍ മാറ്റി നിര്‍ത്തലുകളുടെ ചോദ്യങ്ങള്‍ കൂടിയാണ്. ഇവയ്ക്ക് മറുചോദ്യങ്ങള്‍ സൃഷ്ടിച്ചു കൊണ്ട് അസ്തിത്വം ഉറപ്പിക്കാനുള്ള ശ്രമങ്ങളാണ് വേണ്ടത്.
സെക്കുലര്‍ ലിബറല്‍ കളത്തില്‍ ചേരാതിരിക്കുകയും മുസ്‌ലിം സ്വത്വത്തെ ചേര്‍ത്തു പിടിക്കുകയും ചെയ്യുന്ന, അതേ സമയം സംഘടനപ്രാമുഖ്യം ഇല്ലാത്ത, ഒറ്റയായിട്ടുള്ള മുസ്‌ലിം സ്ത്രീകള്‍ ക്യാമ്പസുകളുടെ രാഷ്ട്രീയത്തിന് വെളിയിലാവാറുണ്ട്. തീര്‍പ്പു കല്പിക്കപ്പെട്ട സ്വന്തം സ്ഥാനത്തെ നിരന്തരം മാറ്റിയെഴുതുകയും പ്രതിഷേധങ്ങളിലൂടെ പ്രതിനിധാനം ആവുകയും ചെയ്യുന്ന ഈ സ്ത്രീകള്‍ക്ക് ശക്തമായ രാഷ്ട്രീയ ഇടപാടുകള്‍ നടത്തുവാന്‍ കഴിയേണ്ടതുണ്ട്. പാരമ്പര്യത്തിന്റെയും പരിഷ്‌കാരത്തിന്റെയും ഇടപാടുകള്‍ ക്യാമ്പസുകള്‍ക്കകത്തും പുറത്തും കുടുംബം/പേര്/മഹിമ എന്നിവയുടെ അടിസ്ഥാനത്തില്‍ സാധ്യമാക്കുന്ന സ്വവംശ വിവാഹങ്ങള്‍(എന്‍ഡോഗമി) മുസ്‌ലിം സ്ത്രീയുടെ മേലുയര്‍ത്തുന്ന ‘ഗുണം/നിലവാരം’ സംബന്ധിയായ ചര്‍ച്ചകള്‍ ഇവിടെ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകാറുണ്ട്.

വ്യക്തിപരമാകുന്നത്:

ഡിഗ്രി പഠനത്തിന് ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ ചേരുക എന്നതിന് അനുകൂലമായ സാഹചര്യങ്ങള്‍ കുറച്ചു വര്‍ഷങ്ങളായി പല വിധേനയുള്ള സഹായമാര്‍ഗങ്ങളിലൂടെ (അഡ്മിഷന്‍ അസ്സിസ്റ്റന്‍സ്,സ്‌കോളര്‍ഷിപ്, ഇന്റേണ്‍ഷിപ് സാധ്യത എന്നിവ) നടക്കുന്നുണ്ട്. കേരളത്തില്‍ നിന്ന് മുസ്‌ലിം വിദ്യാര്‍ഥിനികള്‍ കൂടുതല്‍ എത്തുന്നു എന്ന സവിശേഷതയും ഇതില്‍ പ്രത്യേകതയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി സംഘടനകള്‍ മുസ്‌ലിം സമുദായത്തിന്റെ വിദ്യാഭ്യാസത്തിന് നല്‍കിയിട്ടുള്ള സാമൂഹിക സാംസ്‌കാരിക മുന്‍ഗണനയുടെ ഭാഗമാണ് ഇത്.
പ്രിവിലേജിന്റെ മുന്‍തൂക്കത്തില്‍ തന്നെ കടന്നു വരുന്ന ഇവരില്‍ പലര്‍ക്കും പല തരത്തിലുള്ള പരാധീനതകളോ മുന്നേറ്റങ്ങളോ ഉണ്ടാകാം. പ്രിവിലേജെന്നതിനെ ഇവിടെ ഒറ്റ ഗുണമായി കാണാന്‍ സാധിക്കില്ല.
ഡിഗ്രി പഠനത്തിന് എത്തുന്ന വിദ്യാര്‍ഥിനികള്‍ക്ക് കോളേജിന്റെയോ നഗരത്തിന്റെയോ സാമൂഹിക സാംസ്‌ക്കാരിക മാറ്റങ്ങളിലേക്ക് പറിച്ചു നടാനുള്ള സമയത്തിനിടയ്ക്ക് ചോദ്യങ്ങളുടെ, നിരന്തരമുള്ള തുറിച്ചുനോട്ടങ്ങളുടെ, അച്ചടക്ക നടപടികളുടെ, ബ്രാന്‍ഡിങ്ങിന്റെ ഭാരം എടുത്താല്‍ പൊങ്ങുന്നതിനപ്പുറമാണ്. ഒരേ ആശങ്കകള്‍ ഉള്ളവര്‍ക്ക് പോലും പരസ്പരം സംസാരിക്കുവാന്‍ ഉള്ള ആത്മവിശ്വാസം ഇല്ലാതാക്കുവാനുള്ള ശേഷി വ്യക്തികള്‍ക്കും കൂട്ടങ്ങള്‍ക്കുമുണ്ട്. എന്നാലതിന് കൃത്യമായി മറുപടി പറയാനും, തന്റെ ഇടമുറപ്പിക്കാനും മുസ്‌ലിം വിദ്യാര്‍ഥിനികള്‍ക്ക് കഴിയാറുമുണ്ട്. സംഘടനാ മൂലധനത്തിന്റെ പരിധിക്കപ്പുറം മുസ്‌ലിം പെണ്‍കുട്ടികളുടെ പ്രതിസന്ധികള്‍ പോലും ഒറ്റപ്പെട്ടു പോവാറാണ് പതിവ്. ശാഖകള്‍ ആയുള്ള സംഘടനയുടെ പെണ്‍സംഘങ്ങള്‍ക്കുള്ളില്‍ നിന്ന് പുറത്തേക്കുള്ള മുസ്‌ലിം സ്ത്രീ ഐക്യം സാധ്യമാകാറില്ല. വിശേഷിച്ചും മതപരമായ പുറന്തള്ളലുകളും സമ്മര്‍ദ്ദങ്ങളും പ്രതിസന്ധികളും കൂടുതലായി ഉണ്ടാകുന്ന ക്യാമ്പസ് പരിസരങ്ങളില്‍ ജീവിക്കുന്ന സാഹചര്യത്തില്‍. ഹെറ്ററോടോപ്പിയകളില്‍ ജീവിക്കുന്ന ഈ സ്ത്രീകള്‍ ഒറ്റയൊറ്റ ദ്വീപുകളായി പോകാറാണ് പതിവ്. ഒരുപക്ഷെ, ക്യാമ്പസിലെ മിക്ക സംഘടനകളിലും പെണ്ണിടപെടലുകള്‍ ആണിടങ്ങള്‍ നല്‍കുന്ന സ്ഥലത്തിന്റെ പരിമിതിയിലാകുന്നത് കൊണ്ടായിരിക്കാം ഇത്.
എന്ത് തന്നെയായാലും ഏജന്‍സിയുടെ ചോദ്യം സര്‍വ സാധാരണമായി ചോദിക്കുന്ന ഇത്തരം ക്യാമ്പസുകളിലെ ഫെമിനിസ്റ്റ് ഡിസ്‌കോഴ്‌സുകള്‍ മുസ്‌ലിം സ്ത്രീയുടെ സംഘര്‍ഷാവസ്ഥയെ അഭിസംബോധന ചെയ്യാന്‍ പര്യാപ്തമല്ല. ക്ലാസ്സ് റൂമിനകത്തെ വിമോചന പ്രസംഗങ്ങള്‍ക്ക് പുറത്തേക്ക് സാധ്യത സൃഷ്ടിക്കാന്‍ കഴിയുന്ന മുസ്‌ലിം സ്ത്രീയിടങ്ങള്‍ ഉണ്ടാകുകയും വ്യത്യസ്തതയുടെ രാഷ്ട്രീയമുള്ള ഇവരുടെ ശബ്ദങ്ങള്‍ വരാന്തകള്‍ വഴി ക്ലാസ്സ്മുറികളിലേക്ക് ചോദ്യങ്ങളുമായി തിരികെ ചെല്ലുകയും വേണം.
ചോദ്യങ്ങള്‍ ചോദിക്കപ്പെടേണ്ടവരോ, ഉത്തരങ്ങള്‍ നല്‍കേണ്ടവരോ ആണെന്നുള്ള ബാധ്യതയില്‍ നിന്ന് മാറിനില്‍ക്കുമ്പോള്‍ തന്നെ നിലപാടുകള്‍ കൊണ്ടോ സാന്നിധ്യം കൊണ്ടോ മറുചോദ്യങ്ങള്‍ ചോദിക്കുവാനുള്ള ഇടം ക്യാമ്പസുകളില്‍ ഇവര്‍ ഉണ്ടാക്കുന്നുണ്ട്. ആള്‍ക്കൂട്ടത്തിന്റെതല്ലാത്ത വ്യത്യസ്തതകള്‍ മാനിക്കുന്ന മുസ്‌ലിം സ്ത്രീയിടങ്ങള്‍ (സിസ്റ്റര്‍ഹുഡ്) അനിവാര്യമാണ്. എങ്കിലും തീര്‍ത്തും വ്യക്തിപരമായ മുന്നേറ്റങ്ങളിലൂടെയും ചെറുത്തുനില്‍പ്പുകളിലൂടെയും തന്നെയാണ് ക്യാമ്പസില്‍ മാറ്റങ്ങളോ തന്റേതായ ‘ഇടങ്ങളോ’ ഉണ്ടാകുന്നത്, ചോദിച്ചു നേടുന്നത്. വിചാരണയുടെ ഭീകരതയും വയലന്‍സും ബാക്കിയാവുന്ന മുസ്‌ലിം സ്ത്രീ ക്യാമ്പസനുഭവങ്ങളുടെ തുടക്കം പുരുഷന്റെ ഇടങ്ങളിലേക്ക് കയറുന്ന സ്ത്രീയോടുള്ള സ്വാഭാവിക പ്രതിഷേധമായി വായിക്കാന്‍ കഴിയില്ല. വംശീയവും ലിംഗപരവുമായ അസഹിഷ്ണുതകളുടെ ഉറവിടം കലാലയങ്ങളുടെ സെക്കുലര്‍-ലിബറല്‍ മുഖംമൂടി മാത്രമല്ല പലപ്പോഴും.
മുസ്‌ലിം സ്ത്രീ വിദ്യാഭ്യാസത്തിന് പ്രത്യക്ഷത്തില്‍ കിട്ടുന്ന പ്രാധാന്യം ആധുനികതയുടെ പുരോഗമന നിലപാടുകള്‍ സ്വീകാര്യമാകുന്നതിന്റെ
ഭാഗമായാണ് പൊതുവില്‍ വായിക്കപ്പെടാറുള്ളത്. സ്ത്രീ വിദ്യാഭ്യാസം സാധ്യമാകുന്ന ചരിത്രങ്ങളുടെ പഠനത്തില്‍ നിന്നാകാം ഇത്. മുസ്‌ലിം സ്ത്രീകള്‍ വിദ്യാഭ്യാസം വഴി നേടിയെടുക്കുന്ന ‘ഇട’ത്തിന്റെ പരിധിയെ കുറിച്ചുള്ള ആലോചനകള്‍ ഈ പുരോഗമനത്തെ വിലയിരുത്തി മനസ്സിലാക്കേണ്ടത് ആവശ്യമാണ്. തുടര്‍ പഠനങ്ങളുടെ അവസരം ലഭ്യമാകുന്ന മുസ്‌ലിം സ്ത്രീകള്‍, താല്പര്യം നടപ്പിലാക്കാന്‍ കഴിയുന്നവര്‍, ഇവരുടെ വര്‍ഗവ്യത്യാസങ്ങള്‍, സാമൂഹിക സാംസ്‌കാരിക സാമ്പത്തിക സാഹചര്യങ്ങള്‍ എന്നിവയും പ്രധാനമാണ്. ക്യാമ്പസുകളിലേക്ക് എത്താനുള്ള പരിമിതികളെ കുറിച്ച് പറയാതെ എത്തിയാലുള്ള സംഘര്‍ഷങ്ങളെ അഭിസംബോധന ചെയ്യുന്നതിലെ സങ്കീര്‍ണത തിരിച്ചറിഞ്ഞു കൊണ്ട് മുസ്‌ലിം സ്ത്രീ വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെ ഉറപ്പിക്കാന്‍ കൂടിയാണ് എഴുത്തിലൂടെ ശ്രമിക്കുന്നത്.

കുറിപ്പുകള്‍:
1. http://thelicham.com/muslim_women_and_campus/
2. Foucault, Michel, and Jay Miskowiec. ‘Of Other Spaces.’ Diacritics, vol. 16, no. 1, 1986, pp. 22–27. JSTOR, JSTOR, www.jstor.org/stable/464648.
3 . that a Being who exists somewhere and yet corresponds to no point in space, a Being who, lacking extension, yet occupies-space; who is present in his entirety in every part of that space, who is essentially different from matter and yet is one with matter, who follows its motion, and moves it, without himself being in motion, who acts on matter and yet is subject to all its vicissitudes, a Being about whom I can form no idea; a Being of so contradictory a nature, is an hypothesis difficult to accept. But other problems arise if we reject it; for if this faculty upon, which you propose as substitute, is a general and essential quality of matter, then stone must be sensitive.
https://www.marxists.org/reference/archive/diderot/1769/conversation.htm

ഡല്‍ഹി സര്‍വകലാശാലയില്‍ ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ഥിനിയാണ് ലേഖിക.

Editor Thelicham

Thelicham monthly

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.