Thelicham

മുസ്ലിം ലോകവും സൗദി അറേബ്യ-തുര്‍ക്കി അധികാര മത്സരവും

സൗദി അറേബ്യയും തുര്‍ക്കിയും തമ്മിലുള്ള പ്രാദേശിക മേല്‍ക്കോയ്മക്ക് വേണ്ടിയുള്ള മത്സരവും അന്താരാഷ്ട്ര തലത്തില്‍ മുസ്ലിം സമൂഹങ്ങള്‍ക്കിടയില്‍ സ്വീകാര്യത നിലനിര്‍ത്താനുള്ള നയനിലപാടുകളും മുസ്ലിം സാമൂഹിക രാഷ്ട്രീയ നിരീക്ഷണങ്ങളില്‍ ശ്രദ്ധേയ സ്വാധീനങ്ങള്‍ ഉളവാക്കിയിക്കുന്നു.

ജനസേവനപ്രവര്‍ത്തനങ്ങള്‍, ധനസഹായം, മസ്ജിദുകള്‍ അടക്കമുള്ള ഇസ്‌ലാമിക സ്ഥാപനങ്ങളുടെ നിര്‍മാണത്തിന്റെ മേല്‍നോട്ടം എന്നിവയിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സൗദി അറേബ്യ തങ്ങളുടെ സാന്നിധ്യം ഉറപ്പു വരുത്താന്‍ ശ്രമിക്കുന്നു. ഏഷ്യന്‍ ആഫ്രിക്കന്‍ വന്‍കരകളില്‍ എന്നപോലെ പാശ്ചാത്യ രാജ്യങ്ങളിലെ മുസ്ലിം ജീവിതത്തിലും സൗദി അറേബ്യയുടെ ഇടപെടല്‍ സജീവമാണ്. തുര്‍ക്കിയും സൗദി അറേബ്യയെപ്പോലെ ലോകമുസ്ലിം ഭൂപടത്തില്‍ ശ്രദ്ധേയ സ്ഥാനമാണ് നേടിയിരിക്കുന്നത്. എ.കെ പാര്‍ട്ടിയുടെ ഭരണ പരിഷ്‌കാരങ്ങളും അന്താരാഷ്ട്ര നയനിലപാടുകളും സമകാലിക ഇസ്ലാമിക ലോകത്തു സുപ്രധാന ഭാഗധേയം നയിക്കാനുള്ള സാഹചര്യം ഒരുക്കിക്കൊടുത്തിട്ടുണ്ട്. തുര്‍ക്കിയും സൗദിയും തമ്മിലുള്ള പ്രാദേശിക മത്സരത്തിന് സൗദി അറേബ്യയുടെ രൂപീകരണ ചരിത്രത്തോളം പഴക്കമുണ്ട്. ഉഥ്മാനി ഖിലാഫതില്‍ അധികാരത്തെ തള്ളി സ്വതന്ത്ര ഭരണം രൂപപ്പെടുത്തിയ ആദ്യ വിഭാഗമാണ് സൗദി ഭരണാധികാരികള്‍. ശീഈ മുസ്ലിംകളോടുള്ള അനുഭാവപൂര്‍വ്വമായ സമീപനം, സൂഫീ ത്വരീഖതുകള്‍ക്കുള്ള പിന്തുണ തുടങ്ങിയ വിഷയങ്ങള്‍ മുന്‍നിര്‍ത്തി ഖിലാഫതിന്റെ നിയമസാധുതയെത്തന്നെ ആദ്യകാല സലഫി പണ്ഡിതര്‍ ചോദ്യം ചെയ്തിരുന്നു. ഇസ്ലാമിക വീക്ഷണങ്ങള്‍ മുതല്‍ അന്താരാഷ്ട്ര വിഷയങ്ങളില്‍ വരെ വ്യത്യസ്ത ധ്രുവങ്ങളിലാണ് ഇരു രാഷ്ട്രങ്ങളുമുള്ളത്.

തുര്‍ക്കിയുടെ ക്രമപ്രവൃദ്ധമായ ജനാധിപത്യ വളര്‍ച്ചയും ഏ.കെ. പാര്‍ട്ടിയുടെ രാഷ്ട്രീയ നയനിലപാടുകളും ദേശീയ-ആഗോള തലങ്ങളില്‍ തുര്‍ക്കിക്കു ജനസമ്മതി നേടിക്കൊടുത്തു. കമാലിസ്റ്റുകള്‍ രൂപപ്പെടുത്തിയ തുര്‍ക്കിയുടെ പാശ്ചാത്യ കേന്ദ്രീകൃത ആഭ്യന്തര-അന്താരാഷ്ട്ര നയങ്ങള്‍ക്ക് മാറ്റം വരുന്നത് മുന്‍ പ്രസിഡന്റ് തുര്‍ഗുത് ഒസാലിന്റെ കാലത്താണ്. കിഴക്കന്‍ രാഷ്ട്രങ്ങളുമായി വിശിഷ്യാ പശ്ചിമേഷ്യന്‍-ഉത്തരാഫ്രിക്കന്‍ രാജ്യങ്ങളുമായുള്ള ബന്ധത്തിന്റെ അനിവാര്യതയെക്കുറിച്ച് അദ്ധേഹമാണ് ബോധങ്ങള്‍ണുര്‍ത്തിയത്. ഈ വിദേശ നയത്തെ കൂടുതല്‍ വിപുലപ്പെടുത്തുകയാണ് എ.കെ. പാര്‍ട്ടി ചെയ്തത്. നവഒട്ടോമന്‍ നയമെന്ന പേരില്‍ എര്‍ദോഗാന്‍ ഭരണകൂടത്തെ വിമര്‍ശിക്കുന്നത് അടിസ്ഥാന രഹിതമാണെന്നതാണ് യാഥാര്‍ഥ്യം. തുര്‍ക്കിയുടെ പ്രാദേശിക-ഭൗമ രാഷ്ട്രീയ ഭൂമികകളുടെ പ്രസക്തി അവര്‍ തിരിച്ചറിഞ്ഞു എന്നതാണ് വസ്തുത. ലോകത്തു പീഡിപ്പിക്കപ്പെടുന്ന മുസ്ലിംകളുടെ വിഷയങ്ങളില്‍ അഭിപ്രായം പ്രകടിപ്പിക്കുന്നതിലും ഭരണകൂട വിമര്‍ശനം നടത്തുന്നതിലുമുള്ള എര്‍ദോഗാനിന്റെ താല്‍പര്യം തുര്‍ക്കിയുടെ കീര്‍ത്തി വര്‍ധിക്കാനിടയാക്കിയിട്ടുണ്ട്. പാകിസ്താന്‍, മലേഷ്യ എന്നീ രാജ്യങ്ങളുമായി ചേര്‍ന്നു ഇസ്‌ലാം ഭീതിക്കെതിരെ പദ്ധതികള്‍ തയ്യാറാക്കാനുള്ള തുര്‍ക്കിയുടെ ആലോചനകള്‍ ശ്രദ്ധേയമാണ്.

ഈ സവിശേഷ സാഹചര്യത്തില്‍ പ്രാദേശിക രാഷ്ട്രീയത്തിലെ തുര്‍ക്കിയുടെ സജീവമായ ഇടപെടലുകള്‍, ഇസ്‌ലാമിക ലോകത്തിന്റ നേതൃഭാവം അവകാശപ്പെടുന്ന സൗദി അറേബ്യക്കു മുന്നില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നത് തീര്‍ച്ചയാണ്. മക്ക, മദീന പുണ്യസ്ഥലങ്ങളുടെ കേന്ദ്രമെന്ന സ്ഥാനവും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ മത-സാമൂഹിക മേഖലകളില്‍ നടത്തുന്ന സാമ്പത്തിക സഹകരണങ്ങളും സന്നദ്ധ സംരംഭങ്ങളുമാണ് മുസ്ലിം ലോകത്തിനു മേലുള്ള സൗദി അറേബ്യയുടെ പ്രധാന ശക്തികള്‍.

പക്ഷെ പ്രാദേശിക രാഷ്ട്രീയ സമവാക്യങ്ങളിലുള്ള നയ നിലപാടുകള്‍ മുസ്ലിം ലോകത്തു വിമര്‍ശന വിധേയമാകുന്നത് സൗദി അറേബ്യയുടെ പ്രതിച്ഛായക്കു മങ്ങലേല്‍പ്പിക്കുന്നുവെന്നതാണ്. സാമ്പത്തിക അഭിവൃദ്ധിയില്‍ കേന്ദ്രീകരിച്ച സൗദി അറേബ്യയുടെ റെന്റിയര്‍ സ്റ്റേറ്റ് ഘടനയില്‍ രാജ്യ നിവാസികള്‍ക്കു സ്വതന്ത്രമായ പ്രവര്‍ത്തന സൗകര്യമില്ലാത്തതും രാജ ഭരണകൂടത്തിന്റെ തെറ്റായ ദേശീയ-വൈദേശിക നയങ്ങളില്‍ പ്രതിഷേധ സ്വരമുയര്‍ത്താന്‍ കഴിയാത്തതും രാജ്യത്തിന്റെ ഇസ്‌ലാമിക ലോകത്തിലുള്ള സ്ഥാനത്തില്‍ സംശയങ്ങളുയര്‍ത്തുന്നതാണ്.

അറബ് ഇസ്ലാമിക ലോകത്തു കമ്മ്യൂണിസ്‌ററ് സോഷ്യലിസ്റ്റ് ആശയങ്ങള്‍ വ്യാപിക്കാന്‍ ആരംഭിച്ചപ്പോള്‍ സൗദി അറേബ്യയും തുര്‍ക്കിയും വ്യത്യസ്ത കാരണങ്ങളാല്‍ അതിനെ ചെറുക്കാന്‍ തയ്യാറായിരുന്നു. മുസ്്‌ലിം സമൂഹത്തെ നാസ്തികതയില്‍ നിന്നും രക്ഷിക്കുക എന്നതായിരുന്നു സൗദി അറേബ്യയുടെ ലക്ഷ്യം. വേള്‍ഡ് അസംബ്ലി ഓഫ് മുസ്ലിം യൂത്ത്, റാബിതതുല്‍ ആലമി അല്‍ ഇസ്ലാമി തുടങ്ങിയ സംഘടനകളെയും സലഫി ചിന്തയെയും കമ്യുണിസ്റ്റ് ആശയങ്ങള്‍ ചെറുക്കാന്‍ സൗദി അറേബ്യ ഉപയോഗപ്പെടുത്തിയിരുന്നു. കമാലിസ്റ്റ് സെക്യൂലറിസ്റ്റ് ആശയങ്ങളാണ് തുര്‍ക്കി അധികാരികള്‍ പിന്തുടര്‍ന്നിരുന്നത്. എങ്കിലും അമേരിക്കന്‍ ചേരിയിലായിരുന്ന തുര്‍ക്കി പട്ടാള മേധാവികള്‍ യു.എസ്.എസ്.ആറിനെ ചെറുക്കാന്‍ തുര്‍ക്കിഷ് ഇസ്ലാമിക് സിന്ദസിസ് എന്ന സ്റ്റേറ്റ് സ്‌പോന്‍സേര്‍ഡ് ഇസ്ലാമിനെ ഉപയോഗിച്ചു. ഇതില്‍ തുര്‍ക്കിലെ ഇസ്ലാമിക മാനമായ തസ്വവ്വുഫിനെയാണ് അവര്‍ ഉയര്‍ത്തിക്കാട്ടിയത്. ആധുനിക തുര്‍ക്കിയുടെ ഇസ്‌ലാമിക നവജാഗരണത്തില്‍ നേതൃഭാവം വഹിച്ച നഖ്ശബന്ദീ ത്വരീഖതിന്റെ വിവിധ ഉപശാഖകള്‍ സാമൂഹിക രാഷ്ട്രീയ മേഖലകളിലും ശക്തമായ ഇടപെടലുകള്‍ നടത്തിവരുന്നുണ്ട്. നഖ്ശബന്ദീ ശൈഖായ സാഹിത് കോത്കുവിന്റെ നിര്‍ദേശപ്രകാരമാണ് നജ്മുദ്ദീന്‍ അര്‍ബകാന്‍ മുസ്ലിം രാഷ്ട്രീയ പശ്ചാത്തലമുള്ള നാഷണല്‍ ഔട്ട്‌ലുക് പ്രസ്ഥാനത്തിനു ആരംഭം കുറിക്കുന്നത്. അതേ സാമൂഹിക പശ്ചാത്തലമുള്ള എ.കെ. പാര്‍ട്ടിക്കു സുഫീ ധാരകള്‍ പ്രധാന പിന്‍ബലമാണ്.

ഖത്തര്‍ വിഷയം

ഖത്തറിന്റെ മേല്‍ ഉപരോധം ഏര്‍പെടുത്തി സൗദി അറേബ്യയും മറ്റ് ജി.സി.സി രാജ്യങ്ങളും വെച്ച നിബന്ധനകളില്‍ ഒന്ന് തുര്‍ക്കിയുടെ സൈനിക താവളം അടച്ചു പൂട്ടുകയും സൈനിക സഹകരണം അവസാനിപ്പിക്കണം എന്നതുമായിരുന്നു. ജിസിസിയിലെ തുര്‍കിയുടെ സാന്നിധ്യവും ഖത്തറുമായുള്ള നയതന്ത്ര ബന്ധവും സൗദി അറേബ്യയുടെ രാഷ്ട്രീയ മേല്‍ക്കോയ്മക്കു മങ്ങലേല്‍പ്പിക്കുമെന്ന് അവര്‍ കരുതുന്നു. തുര്‍ക്കിയും സൗദിയുടെ ആവശ്യം നിരാകരിക്കുകയും ഖത്തറുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്താനുള്ള ശ്രമങ്ങളെ അപലപിക്കുകയും ചെയ്തിരുന്നു. പ്രാദേശിക രാഷ്ട്രീയ ഭിന്നതകളുടെ പേരില്‍ ഖത്തറിനെ ഉപരോധിക്കുകയും ദിനംപ്രതി ഫലസ്തീനികള്‍ക്കെതിരെ കൊടും ക്രൂരതകള്‍ തുടരുന്ന ഇസ്രായേലുമായി കരാറുണ്ടാക്കിയ ബഹ്‌റൈനിനെയും യുഎഇയെയും വിമര്‍ശിക്കാതെ പരോക്ഷമായി അനുകൂല നിലപാട് സ്വീകരിക്കുകയും ചെയ്യുന്ന സൗദി അറേബ്യയുടെ നയങ്ങള്‍ വിമര്‍ശന വിധേയം തന്നെയാണ്. യു.എ.ഇയുമായുള്ള ബന്ധത്തിനു സൗദി അറേബ്യ വായുമാര്‍ഗം അനുവദിച്ചതും ഈ സാഹചര്യത്തില്‍ ചേര്‍ത്തു വായിക്കേണ്ടതാണ്. ഫലസ്തീന്‍ സ്വാതന്ത്ര്യമോഹത്തെ നിരാകരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ഡ്രംപിന്റെ ‘ഡീല്‍ ഓഫ് ദി സെഞ്ച്വറി’യുടെ വിഷയത്തിലും സൗദിയുടെ തണുത്ത പ്രതികരണം ശ്രദ്ധേയമായിരുന്നു. രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര ബന്ധങ്ങള്‍ക്കപ്പുറം വെസ്റ്റ് ബാങ്കിനെ ബലം പ്രയോഗിച്ചു കൂട്ടിച്ചേര്‍ക്കുന്നത് ഇസ്രായേല്‍ നിര്‍ത്തും എന്നാണ് യുഎഇ ഈ കരാറിന്റെ കാരണമായി പറഞ്ഞത്. എന്നാല്‍ തൊട്ടടുത്ത ദിനങ്ങളില്‍ തന്നെ കൂട്ടിച്ചേര്‍ക്കല്‍ തുടരുമെന്നു നെതന്യാഹു പ്രസ്താവിച്ചത് ഈ കരാറിന്റെ സത്യാവസ്ഥ പുറത്തു കൊണ്ടുവന്നിരുന്നു. ഈ കരാറിനെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്ന സമയത്തു തന്നെ ഗാസയില്‍ ഇസ്രായേല്‍ ആക്രമണം നടത്തുകയായിരുന്നു. സൗദി അറേബ്യ ഇസ്രായേലിന്റെ ഗാസ ആക്രമണത്തെ അവഗണിക്കുകയാണ് ചെയ്യാറുള്ളത്. പ്രശസ്ത പണ്ഡിതന്‍ ശൈഖ് യൂസുഫുല്‍ ഖറദാവിയുടെ നേതൃത്വത്തിലുള്ള ലോക ഇസ്ലാമിക പണ്ഡിത സഭയും മറ്റ് വിവിധ രാജ്യങ്ങളിലെ പണ്ഡിതരും ഇസ്രായേലുമായുള്ള നയതന്ത്രബന്ധം ഇസ്‌ലാമികമായി തെറ്റാണെന്നു വിധിച്ചപ്പോഴും സൗദി അറേബ്യയിലെ ഔദ്യോഗിക പണ്ഡിത സഭ നിശബ്ദത പാലിക്കുകയാണ് ചെയ്തത്. ഹറം ഇമാം ശൈഖ് സുദൈസിന്റെ പ്രസ്താവന വിവാദമായതും ലോകവ്യാപകമായി വിമര്‍ശനങ്ങളേറ്റുവാങ്ങിയതും ഈ സാഹചര്യത്തിലാണ്. യു എ ഇ മതകാര്യമേധാവി ശൈഖ് അബ്ദുല്ലാഹ് ഇബ്‌നു ബയ്യയുടെ കരാറിനൊപ്പു വെച്ചു കൊണ്ടുള്ള ഫത് വ ഫലസ്തീനികളടക്കം തള്ളിക്കളഞ്ഞതും പ്രസ്താവ്യമാണ്. ഫലസ്തീന്‍ വിഷയം പോലെ മുസ്‌ലിംകള്‍ അനുഭവിക്കുന്ന നിരവധി പ്രശ്‌നങ്ങള്‍ക്ക് ഒ ഐ സിക്കോ അറബ് ലീഗിനോ പ്രത്യേകിച്ചൊന്നും ചെയ്യാന്‍ സാധിക്കാത്ത സാഹചര്യമാണു ഉടലെടുത്തിരിക്കുന്നത്. പുതിയ യു എ ഇ ഇസ്രായേല്‍ ബന്ധത്തെ വിമര്‍ശിക്കാന്‍ അറബ് ലീഗ് തയ്യാറാകാതിരുന്നത് ഇതിന്റെ ഉദാഹരണമാണ്.

ഫലസ്തീന്‍ പ്രശ്‌നം

യുഎഇ യും ബഹ്‌റൈനും ഇസ്‌റായേലുമായി നയതന്ത്രബന്ധം സ്ഥാപിച്ചതിനെതിരെ വിമര്‍ശനവുമായി ആദ്യം രംഗത്തുവന്നത് തുര്‍ക്കിയാണ്. യു എ ഇ യുമായുള്ള ബന്ധം വിഛേദിക്കാനുള്ള തീരുമാനമെടുക്കാനുള്ള തയ്യാറെടുപ്പിലാണ് തുര്‍ക്കിയിപ്പോള്‍. 1951ല്‍ മുസ്ലിം ലോകവുമായുള്ള ബന്ധം ഉപേക്ഷിക്കുക എന്നര്‍ഥത്തിലാണ് കമാലിസ്റ്റു തുര്‍ക്കി ഇസ്‌റായേല്‍ രാഷ്ട്രവുമായി നയതന്ത്രബന്ധം ആരംഭിച്ചത്. എകെ പാര്‍ട്ടിയുടെ അധികാരാരോഹണത്തോടെ ഈ നയത്തില്‍ മാറ്റങ്ങള്‍ ദൃശ്യമായിത്തുടങ്ങി. 2009 ല്‍ ദാവോസ് സാമ്പത്തിക ഫോറത്തില്‍ റജബ് ത്വയ്യിബ് എര്‍ദോഗാന്‍ മുന്‍ ഇസ്രായേല്‍ പ്രസിഡന്റ് ശിമോന്‍ പെരസിനെ ഫലസ്തീന്‍ കൂട്ടക്കൊലയെ ഓര്‍മിപ്പിച്ചതു അറബ് -ഇസ് ലാമിക ലോകം ആഘോഷപൂര്‍വ്വമാണ് സ്വീകരിച്ചത്. 2010 ല്‍ ഗാസയിലേക്കു അവശ്യ സാധനങ്ങളുമായി പോയ ഫ്രീഡം ഫ്‌ലോടില കപ്പലിനെ ആക്രമിച്ചു തുര്‍ക്കി പൗരന്മാരെ വധിച്ചത് വലിയ കോലാഹലങ്ങളാണ് സൃഷ്ടിച്ചത്. അനന്തരം ഇസ്രായേലിനു ക്ഷമാപണവും നഷ്ടപരിഹാരവും കുറച്ചു കാലത്തേക്കെങ്കിലും ഗാസ മുനമ്പിലെ ഉപരോധം നിര്‍ത്തേണ്ടി വന്നതും മുസ്ലിം ജനമനസ്സുകളില്‍ തുര്‍ക്കിക്ക് ഹീറോ പരിവേഷം ലഭിക്കാന്‍ കാരണമായി. കുറച്ചു കാലങ്ങള്‍ക്കു മുമ്പ് നെതന്യാഹുവും എര്‍ദോഗാനും തമ്മിലുള്ള വാക്പയറ്റുകള്‍ ഇരു രാഷ്ട്രങ്ങള്‍ തമ്മിലുള്ള ബന്ധം വഷളാക്കാന്‍ കാരണമായിരുന്നു. യുഎഇ – ബഹ്‌റൈന്‍ – ഇസ്രായേല്‍ കരാറിന്റെ പശ്ചാത്തലത്തില്‍ ഹമാസ് , ഫത്ഹ് വിഭാഗങ്ങളുടെ അനുരജ്ഞ ചര്‍ച്ചകള്‍ക്കു തുര്‍ക്കി മധ്യസ്ഥത വഹിക്കുന്നത് ഫലസ്തീന്‍ വിഷയത്തില്‍ അവര്‍ക്കു ലഭിച്ച സ്വീകാര്യതയുടെ തെളിവാണ്.

മുസ്ലിം ബ്രദര്‍ഹുഡ്

ഖത്തറിനുള്ള നിബന്ധനകളില്‍ മുസ്ലിം ബ്രദര്‍ഹുഡുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന ആവശ്യവും ഉള്‍പ്പെടുത്തിയിരുന്നു. മുസ്ലിം ബ്രദര്‍ഹുഡിന്റെ പ്രധാന അനുകൂലികളാണ് ഖത്തറും തുര്‍ക്കിയും. അറബ് വസന്തകാലത്തെ ഭരണകൂട വിരുദ്ധ പ്രക്ഷോഭങ്ങളെ സൗദി അറേബ്യ വിമര്‍ശിച്ചിരുന്നു. ഈ പ്രക്ഷോഭങ്ങള്‍ ‘ഫിത്‌ന’യാണ് എന്ന മതവിധിയും പുറപ്പെടുവിച്ചിരുന്നു. കൂടാതെ ബഹ്‌റൈനിലെ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ സൈന്യത്തെ അയക്കുകയും ചെയ്തു. എന്നാല്‍ അറബ് വസന്തത്തെ തുര്‍ക്കി സര്‍വാത്മനാ സ്വാഗതം ചെയ്യുകയാണുണ്ടായത്. ഏകാധിപതികളുടെ സ്ഥാനമാറ്റത്തോടെ നടന്ന തെരഞ്ഞെടുപ്പുകളില്‍ മുസ് ലിം ബ്രദര്‍ഹുഡിനാണ് മേല്‍ക്കെ ലഭിച്ചത്. ഈ സാഹചര്യത്തില്‍ എര്‍ദോഗാനിനു ഗംഭീര വരവേല്‍പ്പാണ് ഈജിപ്തില്‍ ലഭിച്ചത്. പട്ടാള അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്ത അബ്ദുല്‍ ഫത്താഹ് സീസി ഈജിപ്തിനെ ഏകാധിപത്യത്തിലേക്കു തിരികെ കൊണ്ടു പോയപ്പോള്‍ എര്‍ദോഗാന്‍ ശക്തമായി അപലപിക്കുകയുണ്ടായി. സീസിയുടെ മര്‍ദ്ധക ഭരണത്തിനെതിരെ റാബിഅ ചത്വരത്തില്‍ പ്രതിഷേധിച്ച ആയിരക്കണക്കിനു ഈജിപ്തുകാരെ കൂട്ടക്കൊല ചെയ്തപ്പോള്‍ ലോകതലത്തില്‍ ഈജിപ്ഷ്യന്‍ ഏകാധിപതിയെ ചോദ്യം ചെയ്യുന്നതില്‍ എര്‍ദോഗാനാണ് മുന്നില്‍ നിന്നത്. എന്നാല്‍ ഈ രാഷ്ട്രീയ പശ്ചാത്തലങ്ങളിലെല്ലാം സീസിക്കൊപ്പം നില്‍ക്കുകയായിരുന്നു സൗദി അറേബ്യ ചെയ്തത്. അതിന്റെ ഭാഗമായി രാജ്യത്തില്‍ മുസ്ലിം ബ്രദര്‍ഹുഡിനെ നിരോധിച്ച് സീസിയെ പിന്തുണക്കുകയും ചെയ്തിരുന്നു. ഖത്തറും ഈ രാഷ്ട്രീയ മാറ്റങ്ങളെ സ്വാഗതം ചെയ്തിരുന്നു. ശൈഖ് യൂസുഫുല്‍ ഖറദാവിയുടെ ഖത്തറിലെ സാന്നിധ്യവും ഈ തീരുമാനക്കള്‍ക്കു പുറകിലുണ്ട്. ഖത്തറിന്റെ വിദ്യാഭ്യാസ മേഖലയടക്കം വിവിധ മണ്ഡലങ്ങളില്‍ ശൈഖ് ഖറദാവിയുടെ സംഭാവനകളും ഈ ചെറു രാജ്യത്തെ മുസ്ലിം ബ്രദര്‍ഹുഡിനോടടുപ്പിക്കാന്‍ കാരണമായിട്ടുണ്ട്. ഫലസ്തീനില്‍ ഹമാസുമായും മുസ്ലിം ബ്രദര്‍ഹുഡിന്റെ ആശയം അടിസ്ഥാനപരമായി സ്വീകരിച്ച ഫലസ്തീനിലെ ഹമാസിന്റെ സൗദി അറേബ്യ അംഗീകരിച്ചിട്ടില്ല. എന്നാല്‍ ഹമാസ് നേതാക്കള്‍ തുര്‍ക്കിയുടെ നിത്യ സന്ദര്‍ശകരാണ്. അന്താരാഷ്ട്ര തലത്തില്‍ ഇസ്‌ലാമിക സംഘടനകളുടെ സമ്മേളനങ്ങള്‍ക്കു ആതിഥ്യമൊരുക്കുന്നത് തുര്‍ക്കിയാണ്.

മുസ്ലിം ബ്രദര്‍ഹുഡിനു അറബ് ലോകത്താകമാനം സാമൂഹിക-രാഷ്ടീയ മണ്ഡലങ്ങളിലുള്ള സ്വാധീനത്തെയും വൈജ്ഞാനിക വ്യവഹാരങ്ങളിലുള്ള മേധാവിത്വത്തെയും നിരോധനത്തിലൂടെ ഇല്ലാതാക്കാന്‍ കഴിയുന്നതല്ല. സൗദി അറേബ്യയിലെ തന്നെ പ്രധാന പ്രതിപക്ഷ സ്വരമായ അല്‍-സഹ്വ അല്‍-ഇസ്‌ലാമിയ നയിക്കുന്നത് മുസ്‌ലിം ബ്രദര്‍ഹുഡ് ആശയപരിസരത്തുള്ള സല്‍മാനുല്‍ ഔദയെപ്പോലുള്ളവരാണ്. രാജ്യത്ത് രാഷ്ട്രീയ പരിഷ്‌കരണവും ഭരണനിര്‍വഹണത്തില്‍ പൊതുജനതയുടെ പ്രാതിനിധ്യവും ആവശ്യമാണെന്ന അല്‍-സഹ്വ അല്‍-ഇസ്‌ലാമിയയുടെ ആശയങ്ങള്‍ക്കു സ്വീകാര്യതയുണ്ട്. ഖത്തര്‍ ഉപരോധവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അനുരജ്ഞന ചര്‍ച്ച ആവശ്യമാണെന്നു വിശുദ്ധ ഖുര്‍ആന്‍ സൂക്തം ഉദ്ധരിച്ചു ഭരണാധികാരിയെ ഉണര്‍ത്തിയതിനാണ് സല്‍മാനുല്‍ ഔദയെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത്.

ടി വി സീരീസും തുര്‍ക്കിയുടെ സോഫ്റ്റ് പവര്‍ ഡിപ്ലോമസിയും

സോഫ്റ്റ് പവര്‍ ഡിപ്ലോമസിയുടെ ഭാഗമെന്ന നിലയില്‍ തുര്‍ക്കിയില്‍ നിന്നും സംപ്രേഷണം ചെയ്യുന്ന ടെലി സീരീസുകള്‍ ലോകതലത്തില്‍ സ്വീകാര്യത നേടുകയും സൗദി അറേബ്യയെയും സഖ്യ കക്ഷികളെയും അസ്വസ്ഥരാക്കിയിട്ടുമുണ്ട്. ഉഥ്മാനി ഖിലാഫത്തിന്റെ സ്ഥാപകന്‍ ഉഥ്മാന്‍ ഖാനിന്റെ പിതാവ് എര്‍തുഗ്രുലിന്റെ കഥ പറയുന്ന ദിരിലിഷ് എര്‍തുഗ്രുല്‍ തുര്‍ക്കിയുടെ സമകാലിക രാഷ്ട്രീയ നീക്കങ്ങള്‍ക്കു ആക്കം പകരുന്നതാണ്. അതു കൊണ്ടു തന്നെയാണ് ഈജിപ്തും സൗദി അറേബ്യയും യുഎഇയുമെല്ലാം ഈ സീരീസിന്റെ സംപ്രേഷണം തടയാന്‍ മുന്നിട്ടിറങ്ങിയത്. എന്നാല്‍ എര്‍തുഗ്രുല്‍ സീരീസിനു ശേഷം ഉഥ്മാന്‍ ഖാനിന്റെ കഥ പറയുന്ന കുറുലുഷ് ഉഥ്മാന്‍ തുര്‍ക്കിയില്‍ തുടങ്ങിക്കഴിഞ്ഞു. കൂടാതെ സുല്‍ത്താന്‍ അബ്ദുല്‍ ഹമീദിന്റെ ജീവചരിത്രം വിവരിക്കുന്ന ‘പായ്തഹ്തി’ല്‍ അറബ് ലോകം, സിയോണിസം, ബ്രിട്ടീഷ് സാമ്രാജ്യത്വം തുടങ്ങിയവര്‍ ഖിലാഫതിനെതിരെ നടത്തുന്ന ഗൂഢാലോചനകളെയും ചിത്രീകരിക്കുന്നുണ്ട്. തുര്‍ക്കിയുടെ മുന്‍കാല ചരിത്രത്തെ ഉള്‍കൊള്ളുന്ന മറ്റു പല സീരീസും അണിയറയില്‍ രൂപം കൊള്ളുന്നുണ്ട്. ഈ സീരീസുകളുടെ ഇതിവൃത്തങ്ങള്‍ തുര്‍ക്കി പ്രാദേശിക രാഷ്ട്രീയത്തിലെ ഗതിവിഗതികള്‍ക്കൊപ്പം ചേര്‍ത്തു വായിക്കാവുന്നതാണ്. കോവിഡു കാലത്തെ നയതന്ത്രബന്ധത്തിലും തുര്‍ക്കി മേല്‍ക്കൈ നേടിയിട്ടുണ് എന്നത് വസ്തുതയാണ്. നൂറുലധികം രാഷ്ട്രങ്ങളിലേക്കു മെഡികല്‍ സംഘത്തെ അയക്കുകയും സഹായ സഹകരണബന്ധം ഊട്ടിയുറപ്പിക്കാനും തുര്‍ക്കിക്കു സാധിച്ചിട്ടുണ്ട്.

ഉയ്ഗുര്‍ പ്രശ്‌നം

ചൈനയിലെ ഉയ്ഗുര്‍ മുസ്ലിംകള്‍ നേരിടുന്ന ഭരണകൂട ഭീകരതയോടുള്ള ഇരുരാഷ്ട്രങ്ങളുടേയും സമീപനം വിമര്‍ശവിധേയമാണ്. ഉയ്ഗുര്‍മുസ്‌ലിംകള്‍ക്കെതിരെയുള്ള ചൈനീസ് ഭീകരതയില്‍ തുര്‍ക്കി പരസ്യമായി അപലപിക്കുകയും അന്വേഷണ സംഘത്തെ അയയ്ക്കുമെന്നു പ്രസ്താവിക്കുകയും ചെയ്തിരുന്നു. ചൈനീസ് ഭരണകൂട ഭീകരതക്കെതിരെ ആയിരങ്ങള്‍ പങ്കെടുത്ത പ്രതിഷേധ പ്രകടനം നടന്നിരുന്നു. എങ്കിലും തുര്‍കിക് വംശജരായ ഉയ്ഗുര്‍ മുസ്ലിംകള്‍ക്കെതിരെ ചൈനയുടെ ഭീകരനയത്തിനെതിരെ അനുയോജ്യമായ നയനിലപാടുകള്‍ തുര്‍ക്കി സ്വീകരിക്കുന്നില്ല എന്ന വിമര്‍ശനം ശക്തിപ്പെടുന്നുണ്ട്. സൗദി അറേബ്യ ഉയ്ഗുര്‍ മുസ്ലിംകള്‍ക്കായി അനുകൂലനടപടികളൊന്നും സ്വീകരിക്കാതെ ചൈനയുടെ ഔദ്യോഗിക വീക്ഷണം മുഖവിലക്കെടുക്കുക മാത്രമാണ് ഇരുവരെ ചെയ്തിട്ടുള്ളത്.

ഇറാന്‍ തുര്‍ക്കി ബന്ധം

പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തില്‍ തന്ത്രപ്രധാന സ്ഥാനമാണ് ഇറാനിന്നുള്ളത്. ശീഈ മുസ്ലിംകള്‍ക്ക് നിര്‍ണായക സ്ഥാനമുള്ള ഇറാഖ്, ബഹ്റൈന്‍, യമന്‍, സിറിയ, ലെബനാന്‍ എന്നിവിടങ്ങളില്‍ ഇറാനിന്റെ സാന്നിധ്യത്തെ ഒഴിവാക്കാന്‍ സൗദി അറേബ്യക്ക് സാധിക്കുന്നില്ല. പൊതുവെ ഇറാനിനോടു സൗഹൃദ സമീപനമാണ് തുര്‍ക്കി സ്വീകരിക്കുന്നത്. പശ്ചിമേഷ്യന്‍ ശാക്തിക സന്തുലനത്തില്‍ ഇറാനിന്റെ സാന്നിധ്യം അനിഷേധ്യമാണെന്നു തുര്‍ക്കിക്ക് അറിയാം. അമേരിക്ക-ഇസ്രായേല്‍ സഖ്യത്തെയും പശ്ചിമേഷ്യയിലെ അവരുടെ വിധേയ രാഷ്ട്രങ്ങള്‍ക്കുമെതിരെ തുര്‍ക്കിക്കും ഇറാനിനും പരസ്പര സഹകരണമാവശ്യമാണ്. തുര്‍ക്കി-ഇറാന്‍ -ഖത്തര്‍ സഖ്യം രൂപപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന ഹമാസിന്റെ പ്രസ്താവന ഇത്തരുണത്തില്‍ പ്രസ്താവ്യമാണ്. ഈ പ്രാദേശിക രാഷ്ട്രീയ സമവാക്യത്തില്‍ തുര്‍ക്കിയുമായി നയതന്ത്രബന്ധം ദൃഢപ്പെടുത്തുന്ന പാകിസ്താനിന്റെ സമീപനവും പുതിയ ചര്‍ച്ചകള്‍ക്കു വഴിവെച്ചിട്ടുണ്ട്.

സിറിയന്‍ വിഷയത്തില്‍ ബശ്ശാറുല്‍ അസദിനെതിരെ ഒരേ നിലപാടു തുര്‍ക്കിയും സൗദി അറേബ്യയും സ്വീകരിക്കുന്നുണ്ടെങ്കിലും ഇരു രാഷ്ട്രങ്ങളുടെയും താത്പര്യങ്ങള്‍ വ്യത്യസ്തമാണ്. ഇറാനിന്റെ പ്രാദേശിക സ്വാധീനം കുറക്കുക എന്നത് സിറിയന്‍ വിഷയത്തില്‍ സൗദി അറേബ്യയുടെ പ്രധാന ലക്ഷ്യമാണ്. അയല്‍ രാജ്യമായ സിറിയയിലെ ആഭ്യന്തര സംഘര്‍ഷം ഏറ്റവും സാരമായി ബാധിച്ചത് തുര്‍ക്കിയെയാണ്. മൂന്ന് മില്യനോളം സിറിയന്‍ അഭയാര്‍ഥികളാണ് തുര്‍ക്കിയിലുള്ളത്. അതിനാല്‍ ബശ്ശാറുല്‍ അസദിനെ പിന്തുണക്കുന്ന ഇറാനുമായും റഷ്യയുമായും ചര്‍ച്ചകളിലൂടെ പ്രശ്‌ന പരിഹാരം കണ്ടെത്തല്‍ തുര്‍ക്കിയുടെ നയമാണ്. ലിബിയന്‍ വിഷയത്തിലും തുര്‍ക്കിയും സൗദി അറേബ്യയും ഇരു ധ്രുവങ്ങളിലാണ്. ഈജിപ്തിനും യു എ ഇക്കുമൊപ്പം സൗദി അറേബ്യ ലിബിയന്‍ യുദ്ധപ്രഭു ഖലീഫ ഹഫ്താറിനെ അനുകൂലിക്കുമ്പോള്‍ യു.ന്‍ അംഗീകൃത ട്രിപ്പോലി ഗവര്‍മെന്റിനെ തുര്‍ക്കി പിന്തുണക്കുന്നു.

പാകിസ്ഥാന്‍ തുര്‍ക്കി ബന്ധം

പാക്-തുര്‍ക്കി ബന്ധത്തില്‍ സൗദി അറേബ്യ സംതൃപ്തരല്ല. കാശ്മീര്‍ വിഷയത്തില്‍ ഒ ഐസി വേണ്ടത്ര പിന്തുണ നല്‍കുന്നില്ലെന്ന പാക് വിദേശകാര്യ മന്ത്രി ഷാഹ് മഹ്മൂദ് ഖുറൈശിയുടെ പ്രസ്താവന സൗദി അറേബ്യയെ ലക്ഷ്യം വെച്ചുള്ളതാണെന്നുവെന്ന ജെയിംസ് ഡോഴ്‌സിയുടെ നിരീക്ഷണം ശ്രദ്ധേയമാണ്. ഇക്കാരണത്താല്‍ പാകിസ്താനിനുള്ള എണ്ണ വിതരണവും സാമ്പത്തിക സഹായവും സൗദി അറേബ്യ നിര്‍ത്തലാക്കിയിരുന്നു. ഒരു ബില്യന്‍ ഡോളര്‍ പാകിസ്താനിനു തിരിച്ചു നല്‍കേണ്ടിയും വന്നിരുന്നു. തുര്‍ക്കിയും ഇറാനുമായും പാകിസ്താന്‍ ദൃഢപ്പെടുത്തുന്ന നയതന്ത്ര ബന്ധത്തിലുള്ള അതൃപ്തിയാണ് സൗദി അറേബ്യയെ ഈ നടപടിക്കു പ്രേരിപ്പിച്ചത് എന്നതില്‍ സംശയമില്ല. ജമ്മു കശ്മീരിന്റെ പ്രത്യക പദവി എടുത്തു കളഞ്ഞതിനെ 75-ആം യു എന്‍ ജനറല്‍ അസംബ്ലിയുടെ പൊതു ചര്‍ച്ചയില്‍ എര്‍ദോഗാന്‍ പരാമര്‍ശിച്ചത് പാകിസ്താനുമായുള്ള തുര്‍ക്കിയുടെ ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നുണ്ട്. കാശ്മീര്‍ ജനതയുടെ ഹിതപ്രകാരം സമാധാനപരമായി പ്രശ്‌നപരിഹാരം തേടണമെന്നാണ് എര്‍ദോഗാന്‍ അഭിപ്രായപ്പെട്ടത്. കഴിഞ്ഞ വര്‍ഷവും തുര്‍ക്കിഷ് പ്രസിഡന്റ് കാശ്മീര്‍ വിഷയം യു എന്നില്‍ ഉന്നയിച്ചിരുന്നു.

ഇസ്‌ലാമികലോകത്തെ പ്രബല ശക്തികളായ സൗദി അറേബ്യയും തുര്‍ക്കിയും പ്രാദേശിക രാഷ്ട്രീയത്തില്‍ എതിരാളികളായി മാറിയിരിക്കുന്നു എന്നത് വസ്തുതയാണ്. അന്താരഷ്ട്ര വിഷയങ്ങളില്‍ മുസ്ലിം ജനസമൂഹങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ നേതൃത്വം വഹിക്കുന്നവരായി ഇരു രാഷ്ട്രങ്ങളും ഒരു പോലെ പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണ്. പ്രാദേശിക രാഷ്ട്രീയത്തില്‍ അഭിപ്രായഭിന്നതകള്‍ നിലനില്‍ക്കുന്നത് സ്വാഭാവികമാണെങ്കിലും അനീതിക്കൊപ്പം നിലയുറപ്പിക്കാന്‍ അത് പ്രേരണയാകുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതാണ്.

സൈഫുദ്ദീന്‍ കുഞ്ഞ്

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.