Thelicham

ഫത്വകളുടെ രാഷ്ട്രീയം: ഭരണാധികാരിയും പണ്ഡിതരും തമ്മില്‍

തിന്മക്കെതിരെ ശബ്ദമുയര്‍ത്തുന്നതില്‍ ഏറ്റവും വലിയ ഉത്തരവാദിത്വം പണ്ഡിതന്മാരുടേതാണ്. ഭരണീയര്‍ മോശമാവുന്നത് ഭരണാധികാരികള്‍ ദുഷിക്കുമ്പോഴാണ്. ഭരണാധികാരികള്‍ ദുഷിക്കുന്നതോ, പണ്ഡിതന്മാര്‍ അധ:പതിക്കുമ്പോഴും. സമ്പത്തിനും സ്ഥാനമാനങ്ങള്‍ക്കും കീഴ്‌പ്പെടുത്തുന്നതോടെ പണ്ഡിതര്‍ അധ:പതിക്കുന്നു.- ഇമാം ഗസ്സാലി

ഹിജ്‌റ 450 – 505 കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ലോകം ആദരിക്കുന്ന ഇസ്ലാമിക ചിന്തകനും പണ്ഡിതനും ദൈവശാസ്ത്ര വിശാരദനും ആത്മീയ ജ്ഞാനിയുമായ ഇമാം ഗസ്സാലി തന്റെ പ്രസിദ്ധ ഗ്രന്ഥമായ ഇഹ്‌യാ ഉലൂമുദ്ദീനില്‍ നന്മ കല്‍പിക്കുകയും തിന്മയെ എതിര്‍ക്കുകയും ചെയ്യേണ്ടതിനെക്കുറിച്ച് പറയുന്നിടത്ത് ഉദ്ധരിക്കുന്നതാണ് മേല്‍ വരികള്‍.

ഭരണാധികാരികളും പണ്ഡിതന്മാരും തമ്മിലുള്ള ബന്ധം ഇസ്ലാമിക രാഷ്ട്രീയ – വൈജ്ഞാനിക രംഗത്ത് എന്നും ചൂടുപിടിച്ച ഒരു അദ്ധ്യായമാണ്. ജനങ്ങളുടെ ആത്മീയവും ഭൗതികവുമായ ആവശ്യങ്ങള്‍ ദൈവിക താത്പര്യങ്ങള്‍ക്ക് അനുസൃതമായി പൂര്‍ത്തിയാക്കപ്പെടേണ്ടതുണ്ട്. ഇക്കാര്യങ്ങള്‍ ഒരുപോലെ കൈകാര്യം ചെയ്തിരുന്നു മുഹമ്മദ് നബി (സ)യും പ്രവാചകന്റെ സച്ചരിതരായ നാലു ഖലീഫമാരും. രാഷ്ട്രീയ അധികാരത്തിന്റെയും ഫത്‌വയുടെയും അവസാന അതോറിറ്റി അവരായിരുന്നതിനാല്‍ ഇക്കാര്യത്തില്‍ ഒരു വിഭജനത്തിന്റെ ആവശ്യമുണ്ടായിരുന്നില്ല. ”മത സംരക്ഷണവും രാഷ്ട്രീയ ഭരണവും നിര്‍വഹിക്കുന്നതിനുള്ള പ്രവാചകത്വത്തിന്റെ പ്രാതിനിധ്യമാണ് ഇമാമത്ത്” (ഇമാം മാവര്‍ദി – അല്‍ അഹ്കാമുസുല്‍ത്വാനിയ്യ). ഈ ഇമാമത്ത് സങ്കല്‍പം പ്രായോഗികമായി ഖിലാഫത്ത് റാഷിദയോടെ അവസാന്നിച്ചുവെന്നതാണ് സത്യം. ശേഷംവന്ന ഭരണാധികാരികളെ മതത്തിലെ അവസാനവാക്കായി അവര്‍ തന്നെയോ ജനങ്ങളോ പരിഗണിച്ചിരുന്നില്ല.

നബി (സ) ഒരേ സമയം മുഫ്തി, ഖാദി, ഇമാം എന്നീ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിച്ചിരുന്നു. മതവിഷയങ്ങളില്‍ നിലപാട് പറയുക, തര്‍ക്കങ്ങളില്‍ വിധി പറയുക, ജനങ്ങളുടെ പൊതുവായ ആവശ്യങ്ങള്‍ നിറവേറ്റുക എന്നീകാര്യങ്ങളാണവ. ഇത് സംബന്ധമായ വിശദചര്‍ച്ചകള്‍ മാലികി ജൂറിസ്റ്റായിരുന്ന ഇമാം ഖറാഫി( ഹിജ്‌റ 626 -684) യുടെ അല്‍ ഇഹ്കാം ഫീ തംയീസില്‍ ഫതാവ അനില്‍ അഹ്കാം വതസര്‍റുഫാതില്‍ ഖാദി വല്‍ ഇമാം എന്നഗ്രന്ഥത്തില്‍ വിവരിക്കുന്നുണ്ട്. ഇവിടെ ഇമാമത്തിന് കീഴില്‍ വരുന്നതാണ് യഥാര്‍ത്തില്‍ ഫത്‌വയും ഖദാഉം. അത് കൊണ്ടാണ് ഇമാമിന്റെ നിബന്ധനയായി മത വിഷയങ്ങളില്‍ ‘ഇജ്തിഹാദ്’ നടത്താന്‍ അര്‍ഹതയുള്ള വ്യക്തിയാകണമെന്ന് പണ്ഡിതന്മാര്‍ വ്യക്തമാക്കിയത്. ഈ നിബന്ധനയാകട്ടെ ഖാദിക്കും മുഫ്തിക്കും ബാധകവുമാണ്.

അരാജകത്വത്തെ ഇസ്ലാം ശക്തമായി നിരകാരിക്കുന്നു. ജനങ്ങള്‍ സമാധാനപരമായ ജീവിതം ഉറപ്പുവരുത്താന്‍ ഭരണ-രാഷ്ട്രീയ സംവിധാനം നിലനില്‍ക്കേണ്ടത് സമൂഹത്തിന്റെ ഏറ്റവും വലിയ ഉത്തരവാദിത്തമായി അത് വിലയിരുത്തകയും ചെയ്യുന്നു. എല്ലാ പൗരാണിക പണ്ഡിതരും ഇത് സംബന്ധിച്ച് ഏറെ ചര്‍ച്ചചെയ്തതായി കാണാം. ഭരണാധികാരികളെയും പണ്ഡിതരെയും അനുസരിക്കേണ്ടത് സമൂഹത്തിന്റെ ബാധ്യതയായി (അന്നിസാഅ 59) ഖുര്‍ആന്‍ കൃത്യമായി പറഞ്ഞുവെച്ചിട്ടുമുണ്ട്.

ഒരു ഭരണാധികാരിക്ക് വേണ്ട പത്തുനിബന്ധനകളെക്കുറിച്ച് ഇമാം ഗസാലി സംസാരിക്കുന്നുണ്ട്. എന്നാല്‍ ഈ നിബന്ധകള്‍ പൂര്‍ണമായും ഒത്തുവരുന്നില്ലെങ്കിലും സാഹചര്യത്തിന്റെ പരമിതിയില്‍ അത്തരം ഭരണാധികാരികളുടെ കൈകാര്യ കര്‍തൃത്വം നിയമവിധേയമാണെന്നും അവരെ ഭരണാധികാരയികളായി അംഗീകരിക്കണമെന്നും അദ്ദേഹം തന്റെ ‘അല്‍-ഇഖ്തിസാദ് ഫില്‍ ഇഅ്തിഖാദില്‍’ വിശദീകരിക്കുന്നു. അതായത് സമൂഹത്തിന്റെ കെട്ടുറപ്പ് മുന്‍നിറുത്തി നിബന്ധകള്‍ പാലിക്കാത്ത ഭരണാധികാരിയെ സമൂഹം അംഗീകരിക്കണമെന്നതാണ് വിശദമായ ചര്‍ച്ചക്കൊടുവില്‍ ഇമാം പറഞ്ഞുവെക്കുന്നത്. നിബന്ധനകള്‍ പൂര്‍ണ്ണമാകാത്ത മുഫ്തിമാരും ഖാദിമാരും അംഗീകരിക്കപ്പെടുന്നത് പോലെ ഭരണാധികാരികളും ശരിയായ ബദല്‍ സാധ്യമാകാത്ത അവസരത്തില്‍ അംഗീകരിക്കപ്പെടുക എന്നതാണ് അവര്‍ക്കെതിരെ നിര്‍വചനതീതമായ കലാപത്തിന് ഇറങ്ങുന്നതിനേക്കാള്‍ നല്ലത് എന്നതാണ് ഈ നിലപാടിന്റെ ചുരുക്കം. സിറിയയില്‍ നടന്നിരുന്ന ആഭ്യന്തര കലാപങ്ങളോട് സഈദു റമദാന്‍ ബൂത്വി സ്വീകരിച്ച നിലപാട് ഇതിനോട് ചേര്‍ത്ത് വായിക്കാവുന്നതാണ്.

ഭരണാധികാരികളും പണ്ഡിതരും തമ്മിലുള്ള ബന്ധം

ഭരണവും മതപാണ്ഡിത്യവും രണ്ടു വഴിക്ക് നീങ്ങിയതോടെ ഈ രണ്ടു വിഭാഗവും തമ്മിലുള്ള ബന്ധവും നിര്‍ണായകമായി മാറി. ഇത് സംബന്ധിച്ച് ഏറെ ചര്‍ച്ചകള്‍ ഇസ്ലാമിക പണ്ഡിതലോകത്ത് നടന്നിട്ടുണ്ട്. തങ്ങളുടെ ഭരണത്തിന് മതപരമായ നിയമവിധേയത്വം പ്രഖ്യാപിക്കുന്നതിന് പണ്ഡിതരുടെ അംഗീകാരം ആവശ്യമായതിനാല്‍ ഭരണാധികാരികള്‍ പ്രലോഭിച്ചും ഭീഷണിപ്പെടുത്തിയും പണ്ഡിതരെ ഒപ്പം നിര്‍ത്തുന്നത് പതിവായിമാറി. രാഷ്ട്രീയ അഭിപ്രായ ഭിന്നതകള്‍, ആദര്‍ശവ്യത്യാസങ്ങള്‍, കര്‍മ്മശാസ്ത്ര ഭിന്നതകള്‍ എന്നിവയ്ക്കനുസരിച്ച് പണ്ഡിതന്മാരും ഭരണാധികാരികളും തമ്മിലുള്ള ബന്ധം മാറിയും മറിഞ്ഞും നീങ്ങുന്നത് ചരിത്രത്തില്‍ നമുക്ക് ഏറെ കാണാന്‍ സാധിക്കും.

മതത്തെ തന്നെ പ്രവാചകന്‍ (സ) നിര്‍വചിച്ചത് നിഷകളങ്ക ബന്ധമെന്നാണ്. സ്രഷ്ടാവിനോടും സൃഷ്ടികളോടും ഭരണധിപനോടും ഭരണീയരോടുമുള്ള നിഷകളങ്കമായ ബന്ധവും അതിനെ തുടര്‍ന്നുണ്ടാകുന്ന ഗുണകാംക്ഷയുമാണ് ഇവിടെ ബന്ധമെന്നതിന്റെ അടിസ്ഥാനം. അവരോടൊപ്പം നിന്നു അവരെ നല്ലവഴിക്ക് നയിക്കാന്‍ കഴിയുന്നുവെങ്കില്‍ അതാണ് വേണ്ടത്. ഭരണാധികാരികളെ ഉപദേശിക്കാനും അവര്‍ക്ക് മാര്‍ഗദര്‍ശനം നടത്താനുമായി പണ്ഡിതന്മാര്‍ക്ക് ഭരണാധികാരിയെ സന്ദര്‍ശിക്കുകയും അവരുമായി നല്ല ബന്ധം നിലനിര്‍ത്തുകയും ചെയ്യാം. വേണ്ടത്ര തെളിവുകള്‍ ചരിത്രത്തില്‍ നമുക്ക് വായിച്ചെടുക്കാന്‍ കഴിയും. ഹാറൂണ്‍ റഷീദും അബൂ ജഅ്ഫര്‍ മന്‍സൂറും ഉള്‍പ്പെടെയുള്ള ഭരണാധികാരികളുമായി ഇമാം മാലിക് നിലനിര്‍ത്തിയ ബന്ധം ഇവിടെ ചേര്‍ത്ത് വായിക്കാം.

അഞ്ചാം ഖലീഫ എന്നറിയപ്പെടുന്ന അമവീഭരണാധികാരിയായ ഉമര്‍ ബിന്‍ അബ്ദുല്‍ അസീസിന്റെ ഭരണ കാലഘട്ടമാണ് ഉലമ – ഉമറ ബന്ധത്തിന്റെ സുവര്‍ണ്ണ അദ്ധ്യായം. പണ്ഡിതനും നീതിമാനായ ഭരണാധിപനുമായ അദ്ദേഹം അറാക് ബിന് മാലിക്, മിഹ്‌റാന്‍ ബിന് മൈമൂന്‍ തുടങ്ങിയ പണ്ഡിതരുമായി എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്യുക പതിവായിരുന്നു.

അക്രമികളും തെമ്മാടികളുമായ ഭരണാധികളോട് ഒട്ടും ഭയക്കാതെ മുഖത്ത് നോക്കി സത്യങ്ങള്‍ വെട്ടിത്തുറന്ന് പറഞ്ഞ ചരിത്രമാണ് മറ്റൊന്ന്. ഹജ്ജാജ് ബിന്‍ യൂസുഫിനെ പോലുള്ളവരോട് സഈദ് ബിന്‍ ജുബൈറിനെ പോലുള്ള മഹാ പണ്ഡിതര്‍ സ്വീകരിച്ച നിലപാടും ഇമാം മാലിക് ജഅഫറിനോടും മഅമൂന്‍, മുഅതസിം തുടങ്ങിയ ഭരണാധികളുടെ കാലത്ത് ഇമാം അഹ്്മദ് നേരിടേണ്ടി വന്ന പരീക്ഷണങ്ങളും സുവീദിതമാണല്ലോ.

ഭരണാധികാരികളില്‍ നിന്നു അകലം പാലിക്കുകയും രാഷ്ട്രീയ കാര്യങ്ങളില്‍ ഇടപ്പെടാതിരിക്കുകയും ചെയ്യുന്ന രീതി സ്വീകരിക്കുന്ന അനേകം പണ്ഡിതരുമുണ്ട്. ഭരണകൊട്ടാരങ്ങളുമായി അകലം പാലിക്കുകയെന്നതാണ് പൊതുവേ പണ്ഡിതന്മാര്‍ സ്വീകരിക്കേണ്ട രീതിയെന്ന് ഒട്ടേറെ ഹദീസുകളും അതിന്റെ അടിസ്ഥാനത്തില്‍ ഇമാം ഗസ്സാലി ഉള്‍പ്പെടെ മിക്ക പണ്ഡിതരും വിശദീകരിക്കുന്നുമുണ്ട്. ഇമാം ജലാലുദ്ദീന്‍ സൂയൂഥി ഇത് സംബന്ധിച്ച് ഒരുഗ്രന്ഥം തന്നെ എഴുതിയിട്ടുമുണ്ട്.

പലപ്പോഴും ഭരണാധികാരികളുടെ തെറ്റായ നയങ്ങള്‍ക്കും കൊള്ളാരുതായ്മകള്‍ക്കും കൂട്ടുനില്‍ക്കാന്‍ പണ്ഡിതന്മാര്‍ നിര്‍ബന്ധിതരാവുകയും ജ്ഞാനം വില്‍ക്കപ്പെടാന്‍ വഴിയൊരുങ്ങുകയും ചെയ്യും. ഭരണാധികാരികളുടെ തിണ്ണകളില്‍ നിരങ്ങുന്ന പണ്ഡിതന്മാരെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന ഒട്ടേറെ ഹദീസുകളുണ്ട്.

നബി (സ) പറഞ്ഞു ”എനിക്ക് ശേഷം ചില ഭരണാധികാരികള്‍ വരും. ആരെങ്കിലും അവരുടെ അടുത്ത് ചെന്ന് അവര്‍ പറയുന്ന കളവുകള്‍ അംഗീകരിക്കുകയും അവരുടെ അതിക്രമത്തിന് സഹായം ചെയ്യുകയും ചെയ്താല്‍ അവന്‍ എന്നില്‍ പെട്ടവനോ ഞാന്‍ അവനില്‍ പെട്ടവനോ അല്ല. അവന്‍ ഹൗദുല്‍ കൗസറില്‍ നിന്നു കുടിക്കാന്‍ എന്റെ അടുക്കല്‍ എത്തിച്ചേരുകയുമില്ല. അത്തരം ഭരണാധികാരികളെ സന്ദര്‍ശിക്കുകയോ അവരെ അക്രമത്തിന് പിന്തുണക്കുകയോ അവരുടെ കളവുകള്‍ അംഗീകരിക്കുകയോ ചെയ്യാത്തവന്‍ എന്നില്‍ പെട്ടവനും ഞാന്‍ അവനില്‍ പെട്ടവനുമാണ്. അവന്‍ ഹൗദുല്‍ കൗസറില്‍ എന്റെ അടുത്ത് എത്തിച്ചേരും”(തിര്‍മിദി).

ഫത്‌വകളുടെ രാഷ്ട്രീയം

മതപരമായ മാര്‍ഗദര്‍ശനം ആവശ്യമായ വിഷയത്തിലെ മതപരമായ വിധിയാണല്ലോ ഫത്്‌വ. വൈജ്ഞാനികമായി ഫത്‌വ നല്‍കാന്‍ അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം അത് നല്‍കാവുന്നതുമാണ്. എന്നാല്‍ ഒരു വിഷയത്തിലെ മതവിധിയാണ് താന്‍ നല്‍കുന്നതെന്ന ബോധം പല പണ്ഡിതന്മാരെയും ഫത്‌വ നല്‍കുന്നതില്‍ നിന്ന് മാറി നില്‍ക്കാന്‍ പ്രേരിപ്പിച്ചിരുന്നു. ”ഫത്‌വ നല്‍കാന്‍ ഏറ്റവും കൂടുതല്‍ ധൈര്യപ്പെടുന്നവന്‍ നരകം പുല്‍കാന്‍ ഏറ്റവും ധൈര്യം കാണിക്കുന്നവന്നാണെന്ന” ഹദീസ് ഫത്‌വകളുടെ കാര്യത്തില്‍ പുലര്‍ത്തേണ്ട സൂക്ഷ്മതയെയും അവധാനതയെയും സൂചിപ്പിക്കുന്നു.

എന്നാല്‍ രാഷ്ട്രീയ താത്പര്യങ്ങളും വ്യക്തിതാത്പര്യങ്ങളും മുന്‍നിറുത്തി മിക്കപ്പോഴും ഫത്‌വകള്‍ നല്‍കപ്പെട്ടതായി കാണാന്‍ കഴിയും. ഭരണാധികാരിക്ക് വേണ്ടിയുള്ള ഫത്‌വകളും അവര്‍ക്കെതിരായ ഫത്‌വകളും തങ്ങളുടെ രാഷ്ട്രീയ ചായ്‌വിനനുസരിച്ച ഫത്‌വകളും സുലഭമായി ചരിത്രത്തിലും വര്‍ത്തമാന കാലത്തും കാണാവുന്നതാണ്. അങ്ങനെ ഒരു ഫത്‌വയാണ് ഉസ്മാനിയ ഭരണാധികാരിയായിരുന്ന സലീം മൂന്നാമന് അധികാരം നഷ്ടപ്പെടാന്‍ വഴിയൊരുക്കിയത് തന്നെ.

സ്വതന്ത്രമായി നല്‍കപ്പെട്ടിരുന്ന ഫത്‌വകള്‍ ദേശരാഷ്ട്രത്തിന്റെ വരവോടെ ഔദ്യോഗികസംവിധാനമായി മാറിയതാണ് ഈ രംഗത്തെ മറ്റൊരു കാര്യം. ഇന്ന് മുസ്ലിം രാഷ്ട്രങ്ങളില്‍ ഔദ്യോഗിക മുഫ്തിമാരും ദാറുല്‍ ഇഫ്താ സംവിധാനവും പ്രവര്‍ത്തിക്കുന്നു. പല മുസ്ലിം ന്യൂനപക്ഷ രാജ്യങ്ങളിലും ഈ സംവിധാനം കാണാം. സഊദി അറേബ്യ, ഈജിപ്ത്, ജോര്‍ദാന്‍, യുഎഇ തുടങ്ങിയ രാജ്യങ്ങള്‍ക്കെല്ലാം ഔദ്യോഗിക മുഫ്തിമാരും ഫത്‌വ കൗണ്‍സിലുകളുമുണ്ട്. ഹൈഅത്തു കിബാറില്‍ ഉലമ (സഊദി), മജ്‌ലിസ് അല്‍-ഇമാറാത്ത് ലില്‍ ഇഫ്താ അല്‍-ശറഇ (യുഎഇ), ദാറുല്‍ ഇഫ്താ(ഈജിപ്ത്) തുടങ്ങിയ ഔദ്യോഗിക സംവിധാനങ്ങള്‍ ഇതിന്റെ ഭാഗമാണ്. ഒരു കാലത്ത് ഇസ്ലാമിക ലോകത്തിന്റെ വൈജ്ഞാനിക ആസ്ഥാനമായിരുന്ന അല്‍-അസ്ഹറിന് കീഴിലായിരുന്നു ഇത് വരെ ഈജിപ്തിലെ ദാറുല്‍ ഇഫ്താ. മാസങ്ങള്‍ക്ക് മുമ്പ് ഈജിപ്ഷ്യന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച പുതിയ കരടു നിയമമനുസരിച്ച് ദാറുല്‍ ഇഫ്തയെ പ്രധാനമന്ത്രിയുടെ ഓഫീസിന് കീഴില്‍ കൊണ്ട് വരാനുള്ള ശ്രമത്തിലാണ് സീസി സര്‍ക്കാര്‍. അസ്ഹറിലെ പണ്ഡിതസഭയുടെയും ശൈഖുല്‍ അസ്ഹറിന്റെയും കടുത്ത എതിര്‍പ്പ് കാരണം പാര്‍ലിമെന്റ് ബില്ലിന്മേലുള്ള അവസാന വോട്ടെടുപ്പ് നീട്ടിവെക്കുകയും പഠനത്തിനായി വിഷയം കമ്മിറ്റിക്ക് കൈമാറുകയും ചെയ്തിരിക്കുകയാണ്.

ഇതിനു പുറമേ വിവിധ ഫിഖ്ഫ് അക്കാദമികള്‍, ഖത്തര്‍ ആസ്ഥാനമായ വേള്‍ഡ് യൂണിയന്‍ ഓഫ് മുസ്ലിം സ്‌കോളര്‍സ്, യുഎഇ ആസ്ഥാനമായ മുസ്ലിം കൗണ്‍സില്‍ ഓഫ് എല്‍ഡേഴ്‌സ്, യൂറോപ്യന്‍ കൗണ്‍സില്‍ ഫോര്‍ ഫത്‌വ ആന്‍ഡ് റിസര്‍ച്ച് തുടങ്ങിയ വിവിധ സ്വതന്ത്രവും അല്ലാത്തതുമായ കൂട്ടായ്മകളും ഫത്വകള്‍ പുറപ്പെടുവിക്കുകയും നയപരമായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്യുന്നവരായുണ്ട്. ഇതിന്റെ മറുഭാഗത്ത് മുസ്ലിം സമൂഹത്തെയും പണ്ഡിതലോകത്തെയും ഒന്നാകെ തിന്മയുടെ വക്താക്കളായി ചിത്രീകരിച്ചു ഭീകരതക്ക് വളം വെക്കുന്ന തീവ്രസലഫി വക്താക്കളുടെ ഗ്രൂപ്പുകളും നിലകൊള്ളുന്നു.

അറബ് ‘വസന്ത’ത്തെ തുടര്‍ന്നുണ്ടായ രാഷ്ട്രീയസാഹചര്യത്തില്‍ ഫത്വകളും പണ്ഡിത പ്രസ്താവനകളും ഏറെ രാഷ്ട്രീയവത്കരിക്കപ്പെട്ടിരുന്നു. രാഷ്ട്രീയ ഫത്വകള്‍ ഏറെ സുലഭമായി ലഭിക്കുന്ന ഈജിപ്തില്‍ മുര്‍സിക്കും സിസിക്കും അനുകൂലമായും എതിരായും ഒട്ടേറെ ഫത്വകള്‍ വന്നിരുന്നു.

ഈജിപ്തിലെ കലുഷിതമായ രാഷ്ട്രീയ മാറ്റങ്ങള്‍ക്കിടയില്‍ മുന്‍ ഗ്രാന്‍ഡ് മുഫ്തി ഡോ. അലി ജുമുഅയുടെ ഫത്വകള്‍ ഓരോ സമയത്തും ഏറെ കോളിളക്കം സൃഷ്ടിച്ചവയാണ്. സീസിവിരുദ്ധ പ്രക്ഷോഭകരെ കൊല്ലാമെന്ന് പോലീസ് ഒഫീസറുമാരോട് അദ്ദേഹം പറഞ്ഞത് പിന്നീട് അദ്ദേഹത്തിനു തന്നെ നിഷേധിക്കേണ്ടി വന്നിട്ടുമുണ്ട്.

അയാസോഫിയ പള്ളിയില്‍ നിസ്‌കാരം പുനരാരംഭിച്ചപ്പോള്‍ തുര്‍ക്കി പ്രസിഡണ്ട് ഉര്‍ദുഗാനെതിരെ ഈജിപ്തിലെ ദാറുല്‍ ഫത്വയുടെ പ്രസ്താവനയും രാഷ്ട്രീയ പ്രേരിതമെന്ന് ഏറെ ആക്ഷേപിക്കപ്പെട്ടിരുന്നു. വിനോദ പരിപാടികളോട് പൊതുവേ കര്‍ക്കശ നിലപാട് പുലര്‍ത്തുന്ന സഊദിയിലെ പല സലഫി പണ്ഡിതരും രാജ്യത്തെ പുതിയ നിലപാടുകള്‍ക്കനുസരിച്ചു ഫത്വ നല്‍കുന്നതും സമകാലിക ഇസ്ലാമിക ലോകത്തെ പ്രധാന ചര്‍ച്ചകളാണ്.

ഇസ്രായേലുമായി ബന്ധപ്പെട്ട ഫത്വകള്‍

ഇസ്രായേല്‍ രൂപീകരണ ഘട്ടം മുതലേ ഫത്വകളും അതിനെ ചുറ്റിപറ്റിയുള്ള വിവാദങ്ങളും കാണാം. 1935- ജനുവരിയില്‍ നടന്ന ഫലസ്തീന്‍ പണ്ഡിത സമ്മേളനത്തിലാണ് ഇത് സംബന്ധിച്ച ആദ്യ ഫത്‌വ പുറത്തുവരുന്നത്. ജൂതകുടിയേറ്റം ലക്ഷ്യം വെച്ചും ഇസ്രായേല്‍രാഷ്ട്ര രൂപീകരണത്തിനുമായി ഫലസ്തീന്‍ ഭൂമി ജൂതന്മാര്‍ വാങ്ങികൂട്ടാന്‍ ആരംഭിച്ചപ്പോള്‍ അത് നിഷിദ്ധവും മതവിരുദ്ധവും ദീനില്‍ നിന്ന് പുറത്ത് പോവുന്നതിന് സമാനവുമായി അന്നത്തെ ഖുദ്‌സ് മുഫ്തി മുഹമ്മദ് അമീന്‍ അല്‍-ഹുസൈനിയുടെ നേതൃത്വത്തില്‍ നടന്ന സമ്മേളനം ഫത്‌വ നല്കി. അതേ വര്‍ഷം ഫെബ്രുവരിയില്‍ ഇന്ത്യയിലെ കാണ്‍പൂര്‍ ആസ്ഥാനമായുള്ള പണ്ഡിത സഭയുടെ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് സുലൈമാന്‍ അല്‍-ഖാദിരി അല്‍-ചിശ്തിയുടെ സമാനമായ ഫത്‌വ ഇത് സംബന്ധിച്ച രേഖകളില്‍ ഏറെ പ്രാധാന്യത്തോടെ പരാമര്‍ശിക്കപ്പെടുന്നു. ഓരോകാലഘട്ടത്തിലുമുള്ള ഖുദ്‌സ് മുഫ്തിമാര്‍ ഇക്കാര്യം ഓര്‍മപ്പെടുത്തി ഫത്‌വകള്‍ നല്‍കിയിരുന്നു. 1985-ല്‍ ശൈഖ് സഅദുദ്ദീന്‍ അല്‍ അല്‍-ഇല്‍മി, 2000-ല്‍ ശൈഖ് ഇഖ്‌രിമ സബ്‌രി, 2018-ല്‍ ഇപ്പോഴത്തെ ഫലസ്തീന്‍ ഗ്രാന്‍ഡ് മുഫ്തി ശൈഖ് അഹ്മദ് മുഹമ്മദ് ഹുസൈന്‍ ഇതേ ഫത്‌വ പുറപ്പെടുവിച്ചിട്ടുണ്ട്.

1947-ല്‍ ഫലസ്തീന്‍ വിഭജിച്ച് ജൂത രാഷ്ട്രത്തിന് സംസ്ഥാപനം കുറിക്കാന്‍ യുഎന്‍ തീരുമാനിച്ചപ്പോള്‍, അല്‍-അസ്ഹറിലെ ഫത്‌വ കമ്മിറ്റി, ശൈഖുല്‍ അസ്ഹര്‍ മുഹമ്മദ് മഅമൂന്‍, ഈജിപ്ത് ഗ്രാന്‍ഡ് മുഫ്തി ശൈഖ് മുഹമ്മദ് ഹസ്‌നൈന്‍ മഖ്‌ലൂഫ് എന്നിവരുടെ നേതൃതത്തില്‍ ഇതിനെതിരെ പ്രസ്താവന പുറപ്പെടുവിക്കുകയും സാധ്യമായ എല്ലാ സംവിധാനങ്ങള്‍ ഉപഗോയിച്ചും ഈ തീരുമാനത്തെ ചെറുത്തു തോല്‍പിക്കാന്‍ മുസ്ലിം ഭരണകൂടങ്ങളോടും ജനങ്ങളോടും ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് വിവിധ ഘട്ടങ്ങളില്‍ അല്‍-അസ്ഹര്‍ ഫലസ്തീനുമായി ബന്ധപ്പെട്ട വിവിധ ഫത്്‌വകള്‍ പുറപ്പെടിവിച്ചിട്ടുണ്ട്. അതിലധികവും ഫലസ്തീന് അനുകൂലവും ഇസ്രായേല്‍ വിരുദ്ധവുമായ ഫത്‌വകളും പ്രസ്താവനകളുമായിരുന്നു.

സയണിസ്റ്റ് രാഷ്ട്രത്തിന്റെ അധീനതയില്‍ ഖുദ്‌സ് സന്ദര്‍ശിക്കുന്നത് സംബന്ധിച്ച വ്യത്യസ്ത നിലപാടുകള്‍ ഈ വിഷയത്തില്‍ ഏറെ ചൂടുപിടിച്ച മറ്റൊരു ചര്‍ച്ചയായിരുന്നു. ഇസ്രായേല്‍ വിസയുമായി അവരുടെ അധികാരം അംഗീകരിച്ച് കൊണ്ട് ഖുദ്‌സ് സന്ദര്‍ശിക്കുന്നത് നിഷിദ്ധമാണെന്ന നിലപാടുകാരായിരുന്നു കഴിഞ്ഞു പോയ പല പണ്ഡിതന്മാരും. ഈജിപ്ഷ്യന്‍ പ്രസിഡന്റ് അന്‍വര്‍ സാദാത്തിനൊപ്പം ഖുദ്‌സ് സന്ദര്‍ശിക്കാന്‍ വിസമ്മിതിച്ച ശൈഖുല്‍ അസ്ഹര്‍ ശൈഖ അബ്ദുല്‍ ഹലീം മഹ്മൂദ്, ഈജിപ്തിലെ ഗ്രാന്‍ഡ്മുഫ്തിയും ശൈഖുല്‍ അസ്ഹറുമായിരുന്ന ശൈഖ് ജാദുല്‍ ഹഖ്, ഡോ. മുഹമ്മദ് സയ്യിദ് ത്വന്‍ത്വാവി, ഇപ്പോഴത്തെ ശൈഖുല്‍ അസ്ഹര്‍ ഡോ. അഹ്മദ് ത്വയ്യിബ് തുടങ്ങിവരൊക്കെ ഈ നിലപാടുകരാണ്.

എന്നാല്‍ മുന്‍ ഈജിപ്ഷ്യന്‍ ഗ്രാന്‍ഡ് മുഫ്തി ഡോ. അലി ജുമുഅ ഖുദ്‌സ് സന്ദര്‍ശനത്തിന് അനുകൂല നിലപാട് സ്വീകരിക്കുകയും അവിടെ സന്ദര്‍ശിക്കുകയും ചെയ്തിരിന്നു. ഇന്റര്‍നാഷണല്‍ യൂണിയന്‍ മുസ്ലിം സ്‌കോളേഴ്‌സ് (ഐയുഎംഎസ്) സ്ഥാപക പ്രസിഡന്റ് യൂസുഫ് അല്‍-ഖര്‍ദാവി ഇക്കാര്യത്തില്‍ ഡോ. അലി ജുമുഅയെ ഏറെ വിമര്‍ശിച്ചിരുന്നു. ഖുദ്‌സ് സന്ദര്‍ശനം നിഷിദ്ധമാണെന്ന ശക്തമായ വാദമുഖമുയര്‍ത്തിയിരുന്നു ഖര്‍ദാവി. എന്നാല്‍ ഇപ്പോഴത്തെ ഐയുഎംഎസ് പ്രസിഡന്റ് മൊറോക്കാന്‍ പണ്ഡിതനായ ഡോ. അഹ്മദ് റൈസൂനി കഴിഞ്ഞവര്‍ഷം മുസ്ലിംകള്‍ ഖുദ്‌സ് സന്ദര്‍ശിക്കുന്നത് ഫലസ്ഥീന്‍ പ്രശ്‌നത്തിന് നല്‍കുന്ന പിന്തുണയുടെ ഭാഗമാണെന്നും അങ്ങനെ സന്ദര്‍ശിക്കുന്നത് കൊണ്ട് ഇസ്രായേലി അധിനിവേശത്തെ അംഗീകരിച്ചുവെന്ന് അര്‍ഥമില്ലെന്നും അഭിപ്രായപ്പെട്ടിട്ടുണ്ട്.

212-ല്‍ തന്നെ നിബന്ധനകള്‍ക്ക് വിധേയമായി ഇസ്രായേലി ആധിപത്യത്തെ അംഗീകരിക്കാതെ മുസ്ലിംകള്‍ ഖുദ്‌സ് സന്ദര്‍ശിക്കണമെന്ന് ഖുദ്‌സ് ഗ്രാന്‍ഡ് മുഫ്തി ശൈഖ് മുഹമ്മദ് ഹുസൈന്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ മുന്‍ ഗ്രാന്‍ഡ്മുഫ്തി ഇകരിമ സബ്രി ഇതിനെതിരായിരുന്നു. അതായത് ഓരേ ആദര്‍ശ നിരയിലുള്ളവര്‍ തന്നെ ഇക്കാര്യത്തില്‍ വ്യതസ്ത നിലപാടുകള്‍ പുലര്‍ത്തുന്നുവെന്നര്‍ത്ഥം.

ഇസ്രായേലുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനചര്‍ച്ച സയണിസ്റ്റ് രാഷ്ട്രവുമായുള്ള ബന്ധത്തിലെ സാധാരണവത്കരണവും (തഥ്ബീഅ) അനുരജ്ഞ കരാറും (സുല്‍ഹ്) സംബന്ധിച്ചതാണ്. 1956- അല്‍ അസ്ഹര്‍ ഫത്‌വ കമ്മിറ്റി ഇത് സംബന്ധിച്ച് ഇറക്കിയ ഫത്‌വയില്‍ ശരീഅത്തനുസരിച്ച് ഇസ്രയേലുമായി അനുരഞ്ജനം അനുവദിനീയമല്ലെന്ന് വ്യക്തമാക്കിയിരുന്നു. നാലു മദ്ഹബിലെ പണ്ഡിതന്മാരും അടങ്ങിയ കമ്മിറ്റിയാണ് ഈ തീരുമാനം കൈക്കൊണ്ടത്. അധിനിവേശം നടത്തിയവരെ അംഗീകരിക്കുകയും അവരുടെ അതിക്രമം തുടരാന്‍ അനുവാദം നല്‍കുകയും ചെയ്യുന്നതിന് തുല്യമാണ് ഇത്തരമൊരു സന്ധിയെന്ന് ഫത്‌വയില്‍ വിശദീകരിച്ചിരുന്നു.

എന്നാല്‍ 1979-ല്‍ ഈജിപ്ത് ഇസ്രായേലുമായി സമാധാന കരാറില്‍ ഒപ്പിട്ടപ്പോള്‍ അന്നത്തെ ഈജിപ്ത് ഗ്രാന്‍ഡ് മുഫ്തി ശൈഖ് ജാദുല്‍ ഹഖ് മുസ്ലിം സമൂഹത്തിന്റെ പൊതു താത്പര്യത്തിന് അനുഗുണമെങ്കില്‍ ഇസ്രായേലുമായി അനുരജ്ഞ കരാറില്‍ (സുല്‍ഹ്) ഏര്‍പ്പെടാമെന്ന ഫത്‌വ നല്‍കി. ധീരമായ നിലപാടുകള്‍ക്ക് അറിയപ്പെട്ട ശൈഖ് ജാദുല്‍ ഹഖ് ഇസ്രയേലിന്റെ അതിക്രമം തുടരുന്നത് കണ്ടപ്പോള്‍ ആ നിലപാടില്‍ നിന്നു പിന്നീട് പിന്മാറുകയും ചെയ്തിട്ടുണ്ട്.

1993 ല്‍ ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ (പിഎല്‍ഓ) ഇസ്രയലുമായി ഓസ്ലോ കരാറില്‍ ഏര്‍പ്പെട്ടപ്പോള്‍ അദ്ദേഹം അത് തള്ളി പറയുകയും ഈജിപ്ത് സന്ദര്‍ശിച്ച ഇസ്രായേല്‍ പ്രസിഡണ്ടിനെ കാണാന്‍ വിസമ്മതിക്കുകയും ചെയ്തു. എന്നാല്‍ ഈ കരാറിന്റെ സമയത്ത് സലഫി പണ്ഡിത പ്രമുഖനും സഊദി മുഫ്തിയുമായിരുന്ന ശൈഖ് ഇബ്‌നു ബാസ് ഇസ്രയേലുമായി സന്ധിയേലര്‍പ്പെടുന്നത് അനുകൂലിച്ചു പ്രസ്താവനയിറക്കിയിട്ടുണ്ട്.

”ഓരോ രാജ്യവും ജൂതന്മാരുമായി അനുരഞ്ജനം നടത്തുന്നത് തങ്ങളുടെ രാജ്യത്തെ മുസ്ലിംകളുടെ താല്‍പ്പര്യമാണെന്ന് മനസ്സിലാക്കുന്നുവെങ്കില്‍ അതില്‍ തെറ്റൊന്നുമില്ല. അംബാസഡര്‍മാരെ കൈമാറുകയും അവരുമായി വാണിജ്യബന്ധങ്ങള്‍ സ്ഥാപിക്കുകയും ചെയ്യാം” എന്നതായിരുന്നു ആ ഫത്‌വയുടെ ചുരുക്കം.

പുതിയ ബാന്ധവും പണ്ഡിത നിലപാടുകളും

യുഎഇയും ബഹറൈനും ഇസ്രയേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാന്‍ തീരുമാനിക്കുകയും കരാറില്‍ ഒപ്പിടുകയും അതെ തുടര്‍ന്ന് പണ്ഡിതനിലപാടുകള്‍ പുറത്തു വരികയും ചെയ്തതോടെ ഇസ്ലാമിക ലോകത്ത് ഫത്‌വകള്‍ വീണ്ടും ചര്‍ച്ചകളുടെ കേന്ദ്രബിന്ദുവായി മാറിയിരിക്കുകയാണ്.

മുസ്ലിം ലോകത്തെ അധിക പണ്ഡിതരും പണ്ഡിതസഭകളും ഇസ്രായേലുമായി ബന്ധം സാധാരണവത്കരിക്കുന്നതിന് എതിരെ നിലപാട് എടുത്തപ്പോള്‍ യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചില പണ്ഡിതരും സംഘടനകളും അതിനനുകൂലമായി രംഗത്ത് വന്നിരിക്കുന്നു.

വിവിധ ആശയ ധാരകളിലുള്ള പണ്ഡിതന്മാര്‍ അടങ്ങുന്ന അന്താരാഷ്ട്ര മുസ്ലിം പണ്ഡിതസഭ, ഫലസ്തീന്‍ പണ്ഡിത സംഘടനകള്‍, ഫലസ്തീന്‍ ഭരണകൂടം, പിഎല്‍ഒ, ഹമാസ് തുടങ്ങിയ ഫലസ്തീന്‍ വിഭാഗങ്ങള്‍, ഖുദ്‌സ് മുഫ്തിയും മസ്ജിദുല്‍ അഖ്‌സയിലെ ഖത്തീബുമായ ശൈഖ് മുഹമ്മദ് ഹുസൈന്‍, തുടങ്ങിയവരൊക്കെ ഇതിനെതിരെ ശക്തമായനിലപാടാണ് സ്വീകരിച്ചത്. നേരത്തെ ഖുദ്‌സ് സന്ദര്‍ശിക്കാന്‍ മുസ്ലിംകളോട് ആവശ്യപ്പെട്ട ശൈഖ് മുഹമ്മദ് ഹുസൈന്‍ ഒരുപടി കൂടി കടന്ന് ഈകരാറിന്റെ അടിസ്ഥാനത്തില്‍ യുഎഇയില്‍ നിന്നു ഇസ്രായിലിലേക്ക് പറന്നുയരുന്ന വിമാനത്തില്‍ മസ്ജിദുല്‍ അഖ്‌സ സന്ദര്‍ശിക്കുന്നതും അവിടെ നിസ്‌കരിക്കുന്നതും വരെ നിഷിദ്ധമാണെന്നും പറഞ്ഞുവെച്ചു.

സാധാരണ വത്കരണത്തെ അനുകൂലിച്ചു രംഗത്ത് വന്നത് പ്രധാനമായും രണ്ടു പേരാണ്. യുഎഇ ഫത്വ കൗണ്‍സില്‍ ചെയര്‍മാനും ഫോറം ഫോര്‍ പ്രൊമോട്ടിംഗ് ഓഫ് പീസ് ഇന്‍ മുസ്ലിം കമ്മ്യൂണിറ്റീസ് (മുന്‍തദ സില്‍മ്) പ്രസിഡണ്ടുമായ മൗറിത്താനിയന്‍ മാലികി പണ്ഡിതനായ ശൈഖ് അബ്ദുല്ല ബിന്‍ ബയ്യ, യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഥാബ ഫൗണ്ടേഷന്‍ മേധാവിയും യമനി വംശജനുമായ ഹബീബ് അലി ജിഫ്രി എന്നിവരാണ്.

ഫോറത്തിന്റെ പേരില്‍ പുറത്തുവന്ന യുഎഇ അനുകൂല പ്രസ്താവനയില്‍ ഫോറം ട്രസ്റ്റികളില്‍ പലരുടെയും പേര് ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ തന്റെ പേര്കൂടി ഉള്‍പ്പെടുത്തിയ പ്രസ്താവനയുമായി തനിക്ക് ബന്ധമില്ലെന്നും ‘മൗനം പാലിച്ചവരിലേക്ക് പ്രസ്താവനയെ ചേര്‍ക്കരുത്’ എന്ന ഇമാം ശാഫിയുടെ ഉദ്ധരണി ഓര്‍മപ്പെടുത്തി കാലിഫോര്‍ണിയയിലെ സൈത്തൂന ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി ശൈഖ് ഹംസ യൂസുഫ് ഫേസ്ബുക്കില്‍ കുറിച്ചു. ഫോറം ട്രസ്റ്റികളായ കുവൈത്ത് അമീരി ദീവാന്‍ ഉപദേഷ്ടാവ് അബ്ദുല്ല അല്‍-മഅതൂഖ്, ജോര്‍ദാനിലെ മുന്‍ ചീഫ് ജസ്റ്റിസ് ശൈഖ് അഹ്മദ് ഹലീല്‍ എന്നിവരും സമാനമായി തങ്ങളിലേക്ക് ചേര്‍ക്കപ്പെട്ട പ്രസ്താവനയെ നിഷേധിച്ചു. അമേരിക്കക്കാരി ആഇശ അല്‍-അദവിയ്യ അത്തരമൊരു നിലപാടില്‍ പ്രതിഷേധിച്ചു കൊണ്ട് ട്രസ്റ്റില്‍ നിന്നും രാജിവെച്ചു. ഫോറം അംഗമായ ഖുദ്‌സ് ചീഫ് മുഫ്തിയും ഫോറത്തില്‍ നിന്നു രാജിവെച്ചു. അതായത് പരമ്പരാഗത ഇസ്ലാമിക സമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന പണ്ഡിതന്മാരിലധികവും പുതിയ ഇസ്രയേല്‍ ബന്ധത്തെ അനുകൂലിക്കാന്‍ തയ്യാറായിട്ടില്ലെന്നര്‍ത്ഥം.

ഇതോടൊപ്പം തന്നെ അല്‍-അസ്ഹറും അര്‍ത്ഥഗര്‍ഭമായ മൗനം പാലിച്ചു. ഇരു ഹറം കാര്യാലയ മേധാവി ശൈഖ് സുദൈസ് ഇതിനു അനൂകൂലമെന്നു വ്യാഖ്യാനിക്കാവുന്ന രീതിയില്‍ ചില പരാമര്‍ശങ്ങള്‍ വെള്ളിയാഴ്ച ഖുത്ബയില്‍ സൂചിപ്പിച്ചിരുന്നുവെങ്കിലും പൊതുവേ സഊദിയിലെ സലഫി പണ്ഡിതരും മൗനത്തിലൂടെ വാചലാരായി.

അതായത് ഔദ്യോഗിക സംവിധാനങ്ങളുടെ ഭാഗമായ ചെറിയ ന്യൂനപക്ഷം പണ്ഡിതന്മാര്‍ പുതിയ ബാന്ധവത്തിനു പച്ചക്കൊടികാണിച്ചപ്പോള്‍ ബഹുഭൂരിപക്ഷവും അതിനെ എതിര്‍ക്കുകയോ മൗനംപാലിക്കുകയോ ചെയ്തുവെന്നതാണ് യാഥാര്‍ത്ഥ്യം.

നിലപാടുകള്‍ക്ക് പിന്നിലെ ഫിഖ്ഹ്

ഫലസ്തീന്‍ വിഷയത്തിലെ കഴിഞ്ഞ കാലങ്ങളിലെ വിവിധ ഫത്‌വകള്‍ പരിശോധിച്ചാല്‍ പ്രധാനമായും നാലു കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഇവയുടെ കര്‍മ്മശാസ്ത്രം വിശകലനവിധേയമാവുന്നതെന്ന് കാണാം.

1. മുസ്ലിം സമൂഹത്തോട് ശത്രുതപുലര്‍ത്തുകയും അവരോടു യുദ്ധം ചെയ്യുകയും ചെയ്യുന്ന ശത്രുവിനോട് കൂറും സ്‌നേഹവും പുലര്‍ത്തുന്നത് (മുവാലാത്ത്) നിഷിദ്ധമാണ്. ഇസ്രയേലുമായുള്ള ബന്ധം സാധാരണവത്കരിക്കുന്നതിലൂടെ അത്തരമൊരു മുവാലാത്ത് സംഭവിക്കുന്നുണ്ടോ എന്നതാണ് ഇവിടെ അപ്പോള്‍ ആലോചിക്കപ്പെടേണ്ടത്. സലഫികളില്‍ ഒരു വിഭാഗത്തെ തീവ്ര നിലപാടുകളിലേക്കും ഭീകരവാദത്തിലേക്കും നയിച്ച ഒരു കാരാണം മുവാലാത്തിന്റെ തെറ്റായ വ്യാഖ്യാനമായിരുന്നു. ശത്രുവുമായി വെടിനിറുത്തല്‍ കരാറോ താല്‍ക്കാലിക സന്ധികളോ ഉണ്ടാക്കുന്നത് മുവാലാത്തായി സലഫികള്‍ അടക്കം ആരും പരിഗണിക്കുന്നില്ല. എന്നാല്‍ ബന്ധം സാധാരണനിലയിലാക്കുന്നതോടെ ഇസ്രയേല്‍ എന്ന രാജ്യത്തെ പൂര്‍ണ്ണമായും അംഗീകരിക്കുകയും ഫലസ്തീന്‍ പ്രദേശങ്ങളില്‍ നടത്തിയ അധിനിവേശത്തിനു ഒപ്പ് ചാര്‍ത്തുകയും ചെയ്യുന്നതിനുതുല്യമായ നിലപാടാണെന്ന് അന്താരാഷ്ട്ര മുസ്ലിം പണ്ഡിത സഭ അഭിപ്രായപ്പെടുന്നു.

2. ഇസ്രയേല്‍ ഫലസ്തീന്‍ ഭൂമി നിയമവിരുദ്ധമായും അനധികൃതമായും പിടിച്ചടക്കിയതാണ്. അത് കൊണ്ട് അവരെ സഹായിക്കുന്ന എന്ത് നിലപാടും ആ അതിക്രമത്തിനുള്ള പ്രോത്സാഹനമാണ്. നേരത്തെ സൂചിപ്പിചത് പോലെ 1965-ലെ അല്‍ അസ്ഹര്‍ ഫത്വ ഈ നിലപാട് അടിസ്ഥാനമാക്കിയുള്ളതാണ്. ഇതടിസ്ഥാനത്തില്‍ പിടിച്ചെടുത്ത ഭൂമി തിരിച്ചുനല്‍കുന്നത് വരെ ഇസ്രയേലുമായി ഒരു വിധ അനുരജ്ഞവും സാധ്യമല്ല.

3. മുസ്ലിം സമൂഹത്തിന്റെ പൊതുതാത്പര്യത്തിനു (മസ്ലഹത്ത്) അനുഗുണമെങ്കില്‍ ഇസ്രായേലുമായി അനുരഞ്ജനമാകാം. ഈജിപ്തിലെ മുന്‍ ഗ്രാന്‍ഡ് മുഫ്തി ശൈഖ് ഹസന്‍ മഅമൂന്‍, ശൈഖുല്‍ അസ്ഹര്‍ ജാദുല്‍ ഹഖിന്റെ ആദ്യകാല ഫത്‌വ, ശൈഖ് ഇബ്‌നു ബാസ് എന്നിവരുടെ ഫത്വ ഇതിനുദാഹരണമാണ്. കൂടുതല്‍ വലിയ നഷ്ടങ്ങള്‍ ഒഴിവാക്കാനും മുസ്ലിം സമൂഹത്തിന്റെ ശക്തിക്ഷയം കാരണവും ആവശ്യമായ രൂപത്തില്‍ പൊതുതാല്‍പര്യം മുന്‍ നിറുത്തി ഇസ്രയേലുമായി സന്ധിയാകാമെന്നതാണ് ഈ ഫത്വകളുടെ കാതല്‍.

ഇത്തരമൊരു നിലപാടിന് പൂര്‍ണ്ണമായും എതിരായിരുന്നു യൂസുഫ് ഖര്‍ദാവിയുടെ വാദം. ശത്രു അനുരജ്ഞത്തിനു തയ്യാറായിവന്നാല്‍ മാത്രമേ അതിനു മുസ്ലിം പക്ഷം വഴങ്ങാവൂ എന്ന നിലപാടാണ് അദ്ദേഹം മുന്നോട്ട് വെച്ചത്. എന്നാല്‍ പൊതു താല്‍പര്യത്തിനു വേണ്ടി അനുരരജ്ഞ കരാറിന് മുസ്ലിംകള്‍ക്ക് മുന്‍ കൈ എടുക്കാമെന്നാണ് ശൈഖ് ജാദുല്‍ ഹഖ് സ്വീകരിച്ച നിലപാട്. പക്ഷേ പിന്നീട് ഫലസ്തീന്‍ രാഷ്ട്രം സാധ്യമാക്കുമെങ്കില്‍ 1948-ലെ അതിര്‍ത്തിക്കനുസരിച്ച് ഇസ്രയേലിനെ അംഗീകരിക്കാമെന്ന് 2007-ല്‍ നടന്ന ഖുദ്‌സ് സമ്മേളനത്തില്‍ ഖര്‍ദാവി അഭിപ്രായപ്പെട്ടു. ഇസ്രയേലിനെ ഒരുവിധത്തിലും അംഗീകരിക്കാത്ത ഹമാസ് 2017-ല്‍ പുറത്തിറക്കിയ പുതിയ നയരേഖയില്‍ 1967-ലെ അതിര്‍ത്തിക്കനുസരിച്ചു ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നത് സ്വീകരിക്കാന്‍ തയ്യാറായിട്ടുമുണ്ട്. അതായത് മാറിവരുന്ന രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കനുസരിച്ച് പുതിയ നിലപാടുകള്‍ സ്വീകരിക്കാന്‍ ഭരണകൂടങ്ങളും പണ്ഡിതരും തയ്യാറായി എന്നതാണ് യാഥാര്‍ഥ്യം.

4. യുദ്ധം, സന്ധി പോലുള്ള കാര്യങ്ങള്‍ പൂര്‍ണ്ണമായും ഭരണാധികാരിയുടെ പ്രത്യേകാധികാരത്തില്‍പെട്ടതാണ്. സാഹചര്യത്തിനനുസരിച്ച് ഭരണാധികാരി എടുക്കുന്ന നിലപാടുകളെ അംഗീകരിക്കണമെന്നതാണ് ഈ വാദം മുന്നോട്ട് വെക്കുന്നത്. യുഎഇ-ഇസ്രയേല്‍ ബാന്ധവത്തില്‍ ശൈഖ് ഇബ്‌നു ബയ്യയും ഹബീബ് അലി ജിഫ്രിയും ഉന്നയിക്കുന്നത് ഈ വാദമുഖമാണ്.

”ഈ തീരുമാനം ഭരണാധികാരിയുടെ പ്രത്യേകവും പരമവുമായ അധികാരങ്ങളിലൊന്നാണ്” എന്ന ഇബ്‌നുബയ്യയുടെയും ‘അനുരഞ്ജനമോ സന്ധിയോയാകട്ടെ ശത്രുക്കളുമായുള്ള ഉടമ്പടികളില്‍ ഒപ്പുവെക്കുന്നത് ഭരണാധികാരിക്ക് അദ്ദേഹത്തിന്റെ ബോധ്യത്തിനനുസരിച്ചു ചെയ്യാവുന്നതാണെന്ന” അലി ജിഫ്രിയുടെയും പ്രസ്താവന അവരുടെ ഈ നിലപാടിന് അടിവരയിടുന്നു.

നാലാമത്തെ വാദമുഖമനുസരിച്ച് പൊതു താത്പര്യം എന്തെന്ന് നിശ്ചയിക്കാനുള്ള പൂര്‍ണ്ണ അധികാരം ഭരണാധികാരിയുടെതാണ്. അതില്‍ മറ്റാര്‍ക്കും കൈകടത്താന്‍ സാധ്യമല്ല. അപ്പോള്‍ സ്വാവിഭാകമായും ഒട്ടേറെ ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. പൗരാണിക ഫിഖ്ഹ് ഗ്രന്ഥങ്ങള്‍ പരിചയപ്പെടുത്തുന്ന ഭരണാധികാരിയാണോ ഇന്നത്തെ രാഷ്ട്രതലവന്മാര്‍? ഭരണാധികാരിക്ക് വേണ്ട കര്‍മ്മശാസ്ത്ര നിബന്ധനകള്‍ പൂര്‍ണ്ണമല്ലാത്ത ഭരാണിധികാരികള്‍ക്ക് ഇസ്ലാമിക ഭരാണിധികാരിയുടെ എല്ലാ അധികാരങ്ങളും വകവെച്ചു കൊടുക്കാന്‍ കഴിയുമോ? മതവിഷയങ്ങളില്‍ ഇജ്തിഹാദ് പോയിട്ട് അടിസ്ഥാന വിവരം പോലുമില്ലാത്ത ഭരാണിധികാരികള്‍ക്ക് ശരീഅത്തിനു അനുസൃതമായ പൊതു താത്പര്യം ഒറ്റക്ക് തീരുമാനിക്കാന്‍ കഴിയുമോ? പൊതു താത്പര്യം പരിഗണിക്കുമ്പോള്‍ കേവലം തങ്ങളുടെ രാജ്യത്തിന്റെ താത്പര്യമാണോ പരിഗണിക്കേണ്ടത് അതല്ല മുസ്ലിം സമൂഹത്തിന്റെ പൊതുവായ താത്പര്യമാണോ? ഇസ്രയേല്‍ ബാന്ധവ വിഷയത്തില്‍ ഫലസ്തീനിന്റെ താത്പര്യങ്ങള്‍ക്കല്ലേ മുന്‍ഗണന നല്‍കേണ്ടത് തുടങ്ങിയ ഒട്ടേറെ ചോദ്യങ്ങള്‍ ഇവിടെ പ്രസക്തമാണ്.

ശത്രുപക്ഷവുമായി സ്ഥിരമായ അനുരജ്ഞകരാറിന്റെ കാര്യത്തിലും വ്യതസ്ത അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇത്തരം കരാറുകള്‍ താല്‍ക്കാലികമോ (പത്ത് വര്‍ഷം വരെയെന്നാണ് ശാഫിഈ മദ്ഹബ്) അല്ലെങ്കില്‍ ആവശ്യമെങ്കില്‍ പിന്മാറാന്‍ കഴിയുന്ന രീതിയിലോ ആവണമെന്നതാണ് പൊതുവായ വീക്ഷണം. ശത്രു രാജ്യവുമായുള്ള കരാറുകള്‍ക്ക് ഒട്ടേറെ നിബന്ധനകള്‍ ഫിഖ്ഹ് മുന്നോട്ട് വെക്കുന്നതായി കാണാന്‍ കഴിയും. അത്തരം കരാറിന് തീരുമാനം എടുക്കാനുള്ള അധികാരമുള്ളത് കൊണ്ടു മാത്രം ഏത് തരത്തിലും കരാറുണ്ടാക്കാന്‍ ഫിഖ്ഹ് അനുവദിക്കുന്നില്ല. അനുവദിനീയമല്ലാത്ത കരാറിന് ഭരണാധികാരി മുതിര്‍ന്നാല്‍ അതിനു പ്രാബല്യമില്ലെന്ന് ഇമാം ശാഫിയും(അല്‍-ഹാവി) ശരീഅത്തിന്റെ കാഴ്ചപ്പാടില്‍ സാധുവല്ലാത്ത നിബന്ധനകള്‍ ഇത്തരം കരാറുകളെ നിയമവിരുദ്ധമാക്കി മാറ്റുമെന്ന് ഇമാം നവവിയും (റൗളത്തു ത്വാലിബീന്‍) പറഞ്ഞത് ഇവിടെ പ്രസക്തമാണ്.

ചുരുക്കത്തില്‍ രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് വേണ്ടി എടുക്കുന്ന തീരുമാനങ്ങള്‍ക്ക് മതത്തിന്റെ കയ്യൊപ്പ് ചാര്‍ത്തുന്നത് തെറ്റായ സന്ദേശമാണ് സമൂഹത്തിനു നല്‍കുന്നതെന്ന് പറയാതിരിക്കാന്‍ നിര്‍വാഹമില്ല.

ഫൈസല്‍ നിയാസ് ഹുദവി

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.