Thelicham

പശ്ചിമേഷ്യയിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങളും വിദേശ നയങ്ങളും

യു.എ.ഇ ബഹ്‌റൈന്‍ തുടങ്ങിയ അറബ് രാഷ്ട്രങ്ങള്‍ ദീര്‍ഘകാല വൈരികളായ ഇസ്രായേലുമായി നയതന്ത്ര ഉഭയകക്ഷീ ബന്ധങ്ങള്‍ സ്ഥാപിക്കുന്ന അബ്രഹാം അക്കോര്‍ഡ് മേഖലയെയും ഇസ്്‌ലാമിക ലോകത്തെ മൊത്തത്തിലും ഞെട്ടിപ്പിച്ചു കൊണ്ട് അമേരിക്കന്‍ കാര്‍മികത്വത്തില്‍ നടന്നിരിക്കുകയാണ്. മുസ്്‌ലിം ലോകത്ത് എന്നല്ല, ആഗോള രാഷ്ട്രീയത്തില്‍ തന്നെ സമൂലവും ദൂരവ്യാപകവുമായ ഫലങ്ങള്‍ സൃഷ്ടിച്ചേക്കാവുന്ന കരാറായാണ് ഇതിനെ മനസ്സിലാക്കേണ്ടത്.

കാലങ്ങളായി അറബ് ഇസ്്‌ലാമിക രാഷ്ട്രങ്ങള്‍ കണിശമായി പുലര്‍ത്തിപ്പോരുന്ന ഇസ്രായേലില്‍ നിന്ന് അകലം പാലിക്കുക എന്ന നയം ഉപേക്ഷിക്കുകയും പുതിയ രാഷ്ട്രീയ ബാന്ധവങ്ങള്‍ നിര്‍മിക്കുകയും ചെയ്യുന്ന ഈ നീക്കം ആനുകാലിക പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തിന്റെ നിലവിലെ ഭൂപടം തന്നെ മാറ്റിമറിക്കാന്‍ കെല്‍പുള്ള തീരുമാനമാണ്. പ്രത്യക്ഷത്തില്‍, ട്രംപിന്റെ കാര്‍മികത്വത്തില്‍ ഇസ്രായേലുമായി നടന്ന ഈ കൂട്ടുചേരല്‍ ഞെട്ടലുളവാക്കുന്നതാണെങ്കിലും പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തിലെ കഴിഞ്ഞ കുറച്ചു കാലത്തെ ഗതിവിഗതികള്‍ പിന്തുടരുന്നവര്‍ക്ക് ഇത് പുതിയതോ പെട്ടെന്നുണ്ടായതോ ആയ രാഷ്ട്രീയ നീക്കമായി തോന്നിയേക്കില്ല. മറിച്ച്, കഴിഞ്ഞ കുറച്ച് മാസങ്ങളിലായി അറബ് രാജ്യങ്ങളെ ഇസ്രായേലുമായുള്ള നോര്‍മലൈസേഷന് വേണ്ടി തയ്യാറാക്കി കൊണ്ടിരിക്കുന്ന അമേരിക്കന്‍ പദ്ധതിയുടെ ഫലങ്ങളുടെ തുടക്കമാണിത്. അതിന്റെ ഭാഗമായി നിരവധി ഇസ്രായേല്‍ നയതന്ത്രജ്ഞരുടെ സന്ദര്‍ശനങ്ങള്‍ അറബ് ലോകത്ത് അമേരിക്കന്‍ കാര്‍മികത്വത്തില്‍ തന്നെ തകൃതിയായി നടന്നിരുന്നു.

ധ്രുവീകരണത്തിന്റെ രാഷ്ട്രീയം

ഇപ്പോള്‍ മുസ്്‌ലിം ലോകത്തെ രാഷ്ട്രീയം രണ്ട് ധ്രുവങ്ങളിലായി വേര്‍തിരിഞ്ഞിരിക്കുകയാണ്. ഒരു ഭാഗത്ത് സഊദി അറേബ്യ നേതൃത്വം കൊടുക്കുന്ന യു.എ.ഇ, ബഹറൈന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ ഉള്‍കൊള്ളുന്ന അറബ് സഖ്യവും, മറ്റൊരു ഭാഗത്ത് തുര്‍ക്കി, ഇറാന്‍, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളുടെ ‘ ഇസ്‌ലാമിക’ ചേരിയുമാണ്. ഇത് മേഖലയിലെ എല്ലാവിധ തലങ്ങളിലും പ്രകടമാണ്. ലിബിയന്‍ ആഭ്യന്തര പ്രശ്‌നത്തിലും യമനിലെ യുദ്ധങ്ങളിലും ഇങ്ങനെ രണ്ടു ചേരികളായാണ് നിലനില്‍പ്പ്. മേഖലയിലെ ഈ ധ്രുവീകരണത്തെ കൂടുതല്‍ ആഴത്തിലുള്ളതാക്കി തീര്‍ക്കുന്നതായിരിക്കും അബ്രഹാം അക്കോര്‍ഡ്.

അറബ്-മുസ്്‌ലിം രാഷ്ട്രങ്ങളുടെ ഐക്യത്തിന് കൂടുതല്‍ ആഘാതങ്ങള്‍ നേരിട്ടു കൊണ്ടിരിക്കുന്ന ഒരു ഘട്ടമാണിപ്പോള്‍. സഊദി തലപ്പത്തിരിക്കുന്ന ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്്‌ലാമിക കോണ്‍ഫറന്‍സ് (ഒ.ഐ.സി) ആയിരുന്നു മുഴുവന്‍ ഇസ്്‌ലാമിക രാജ്യങ്ങളെയും ഒന്നിപ്പിച്ചു നിര്‍ത്തിയിരുന്നതും പ്രമാദമായ മുസ്്‌ലിം പ്രശ്‌നങ്ങളെ അഭിമുഖീകരിച്ചിരുന്നതും. അതില്‍ വളരെ പ്രധാനപ്പെട്ട ഒന്നായിരുന്നു ഫലസ്തീന്‍ പ്രശ്‌നം. കാലങ്ങളായി ഫലസ്തീന്‍ എന്നത് ഒഐസിക്ക് കീഴില്‍ മുഴുവന്‍ മുസ്്‌ലിം രാഷ്ട്രങ്ങളും ഏകമാനമായ നിലപാടെടുത്തിരുന്ന പ്രശ്‌നമായിരുന്നു.

എന്നാല്‍ കഴിഞ്ഞ വര്‍ഷങ്ങളിലായി ഒ.ഐ.സിയുടെ നിലനില്‍പിനെ തന്നെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള നീക്കങ്ങള്‍ പല അറബ് രാജ്യങ്ങളുടെയും ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്. അതിന്റെ തുടര്‍ച്ചയും ഏറെ പ്രകടവുമായ അവസാനത്തെ നീക്കമാണ് അബ്രഹാം അക്കോഡ്. കശ്മീര്‍ വിഷയത്തില്‍ വര്‍ഷങ്ങളായി ഒ.ഐ.സി എടുത്തിരുന്ന നിലപാട് യു.എന്‍ മധ്യസ്ഥതയില്‍ പരിഹാരം കണ്ടെത്തണമെന്നതായിരുന്നു. കൂടാതെ പാകിസ്ഥാന് അനുകൂലമായായിരുന്നു പലപ്പോഴും ഒ.ഐ.സി നിലകൊണ്ടിരുന്നതും. പക്ഷെ, കഴിഞ്ഞ ഒന്ന് രണ്ട് വര്‍ഷങ്ങളായി പ്രമുഖ ഒ.ഐ.സി രാജ്യങ്ങള്‍ ഇന്ത്യക്ക് അനുകൂലമായ നിലപാടുകള്‍ സ്വീകരിക്കുകയും ഇന്ത്യ കശ്മീരില്‍ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളോട് നിസ്സംഗതയും മൗനവും പുലര്‍ത്തുകയും കാശ്മീരിലെ ഇന്ത്യന്‍ നയത്തോട് യുഎന്നോയില്‍ അനുകൂല സമീപനം പുലര്‍ത്തുകയുമാണ് ചെയ്യുന്നത്. സ്വാഭാവികമായും സഊദി പോലോത്ത രാജ്യങ്ങള്‍ ഒ.ഐ.സി അംഗം തന്നെയായ പാകിസ്ഥാനില്‍ നിന്ന് അകലുകയുമായിരുന്നു.

ഇത്തരം വിള്ളലുകളുടെ തുടര്‍ച്ചയും ഏറ്റവും തീക്ഷ്ണവുമായ ഘട്ടത്തിലാണ് ഇപ്പോള്‍ അറബ് മുസ്്‌ലിം ലോകം എത്തി നില്‍ക്കുന്നത്. ഈ അക്കോഡ് ധ്രുവങ്ങളായി മാറിയ മുസ്്‌ലിം ലോകത്തെ രാഷ്ട്രീയ വഴിത്തിരിവുകളെ എങ്ങനെ നിര്‍മിക്കുമെന്ന് വരും ദിവസങ്ങളില്‍ കാണേണ്ടിയിരിക്കുന്നു. ഒരു ചേരിയില്‍ സഊദി നേതൃത്വത്തിലെ അറബ് സഖ്യവും മറ്റൊരു ചേരിയില്‍ തുര്‍ക്കിയും ഇറാനും ഖത്തറും മലേഷ്യയും പാകിസ്ഥാനും നിലകൊള്ളുന്നു. ഈ അവസാനം പറഞ്ഞ സഖ്യം കഴിഞ്ഞ വര്‍ഷം മലേഷ്യയില്‍ വച്ച് ഒ.ഐ.സിക്ക് സമാന്തരമായി അഞ്ച് ഇസ്്‌ലാമിക രാജ്യങ്ങളുടെ സഖ്യം രൂപീകരിക്കുകയും ചെയ്തിരുന്നു. സഊദി മേഖലയില്‍ പുലര്‍ത്തുന്ന അധികാരത്തെ ചോദ്യം ചെയ്യാനും കാശ്മീര്‍, ഫലസ്തീന്‍ തുടങ്ങിയ വിഷയങ്ങളില്‍ കൃത്യമായ നിലപാടെടുത്ത് പ്രവര്‍ത്തിക്കാനുമായിരുന്നു ഈ സഖ്യത്തിന്റെ അടിസ്ഥാന ലക്ഷ്യം. സ്വഭാവികമായും അറബ് സഖ്യ രാജ്യങ്ങള്‍ നടത്തിയ അബ്രഹാം അക്കോഡിനെതിരെ ഖത്തര്‍, ഇറാന്‍, തുര്‍ക്കി സഖ്യ രാജ്യങ്ങള്‍ ശക്തമായ നിലപാടെടുക്കുകയും വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഈ വിള്ളല്‍ കൂടുതല്‍ പ്രകടമാവുന്നതും സംഘര്‍ഷ ഭരിതമായി തീരുന്നതും വരും ദിവസങ്ങളില്‍ കാണാം.

പുതിയ വിദേശ നയങ്ങള്‍

1945ല്‍ അറബ് ലീഗ് സ്ഥാപിച്ചതിന് ശേഷം പലപ്പോഴായി അറബ് രാഷ്ട്രങ്ങള്‍ക്കിടയില്‍ ചേരിതിരിവുകളുണ്ടായിട്ടുണ്ട്. സഊദി, ജോര്‍ദാന്‍, മൊറോക്കോ പോലുള്ള രാജ്യങ്ങള്‍ ഒരു ചേരിയിലും പുതിയ ഭരണകൂടങ്ങളായി വന്ന ഈജിപ്തിലെ ഗമാല്‍ അബ്ദുന്നാസിറിന്റെയും ലിബിയയിലെ ഗദ്ദാഫിയുടെയും ഭരണകൂടങ്ങള്‍ മറു ചേരിയിലുമായി ധ്രുവീകരണങ്ങള്‍ നടന്നിട്ടുണ്ട്. എല്ലാ കാലത്തും മുഴുവന്‍ രാജ്യങ്ങളെയും ഒന്നിപ്പിച്ചിരുന്നത് ഫലസ്തീന്‍ പ്രശ്‌നം മാത്രമായിരുന്നു. എന്നാല്‍ ഇതോടെ ആ ഐക്യത്തിനുള്ള സാധ്യതയെയും ഇല്ലാതാക്കിയിരിക്കുകയാണ് പുതിയ നോര്‍മലൈസേഷന്‍ പോളിസി.

വരും വര്‍ഷങ്ങളില്‍ മേഖലയില്‍ സംഭവിക്കാന്‍ പോകുന്ന ഏറ്റവും പ്രധാനപ്പെട്ട മാറ്റം എന്നത് ഓരോ അറബ് രാഷ്ട്രത്തിനും സ്വതന്ത്രമായ വിദേശ നയങ്ങള്‍ രൂപീകരിക്കുക എന്നതാണ്. മുമ്പ് സൂചിപ്പിച്ച പോലെ അറബ് രാഷ്ട്രങ്ങള്‍ക്കിടയില്‍ പല ഘട്ടങ്ങളിലായി ചേരിതിരിവുകള്‍ നടന്നിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് സ്വതന്ത്രമായ വിദേശനയം എന്ന സാഹചര്യത്തിലേക്ക് നീങ്ങുന്നത്.

പ്രയോഗിക രാഷ്ട്രീയം (പ്രാഗ്മാറ്റിക് പൊളിറ്റിക്‌സ്) എന്ന നയമാണ് പുതിയ ആഗോള രാഷ്ട്രീയം തന്നെ. അമേരിക്കയിലെ ട്രംപിന്റെ തെരെഞ്ഞെടുപ്പ് മുതല്‍, ബ്രിട്ടനിലെ ബ്രകിസിറ്റ്, യൂറോപില്‍ തീവ്ര വലതു പക്ഷത്തിന്റെ ഉയര്‍ന്ന് വരവ്, ഏഷ്യയില്‍ പാകിസ്ഥാനും ചൈനയും തമ്മിലുള്ള സാമ്പത്തിക അടുപ്പം, ഇന്ത്യയുടെ ഗള്‍ഫ് രാജ്യങ്ങളുമായുള്ള ബന്ധങ്ങള്‍ എന്നിങ്ങനെ രാഷിട്രീയത്തിലുള്ള റിയലിസ്റ്റ് സമീപനത്തിന്റെ വിവിധ രൂപങ്ങളായി മാറിയിരിക്കുകയാണ് ആഗോള രാഷ്ട്രീയം.

ഇതേ പാതയിലാണ് വരും ദിനങ്ങളില്‍ ഗള്‍ഫ് രാഷ്ട്രങ്ങള്‍ സഞ്ചരിക്കാന്‍ പോകുന്നത്. ഇതുവരെയായി ഗള്‍ഫ് രാജ്യങ്ങള്‍ സ്വീകരിച്ചിരുന്നത് സംഘടിത വിദേശ നയങ്ങളായിരുന്നു. യമനില്‍ സഊദി സ്വീകരിക്കുന്ന നയം തന്നെയായിരുന്നു അറബ് സഖ്യത്തിലെ മറ്റു രാഷ്ട്രങ്ങള്‍ പിന്തുടര്‍ന്നിരുന്നത്. ഖത്തര്‍ ഉപരോധത്തിലും മിക്ക അറബ് രാഷ്ട്രങ്ങളും ഒന്നിച്ചുള്ള നയങ്ങളാണ് സ്വീകരിച്ചിരുന്നത്.

പക്ഷെ അബ്രഹാം അക്കോഡ് സൂചിപ്പിക്കുന്ന പോലെ ഇനിയങ്ങോട്ട് ഓരോ രാജ്യങ്ങള്‍ക്കും സ്വതന്ത്ര വിദേശ നയങ്ങള്‍ എന്ന തലത്തിലേക്കാണ് നീങ്ങുന്നത്. ഇസ്രായേലുമായി സഖ്യം ചേരാനുള്ള യു.എ.ഇയുടെ തീരുമാനം തന്നെയാണ് ഇതിലെ പ്രധാനപ്പെട്ട നീക്കം. പ്രത്യക്ഷത്തിലിതുവരെയായി സഊദി അതിനെ പിന്തുണച്ചിട്ടില്ല. പിന്നാമ്പുറത്ത് സഊദിയും ഇസ്രായേലും തമ്മില്‍ പല നീക്കുപോക്കുകള്‍ നടന്നിട്ടുണ്ടെങ്കിലും പരസ്യമായി സഊദി പിന്തുണ പ്രഖ്യാപിച്ചിട്ടൊന്നുമില്ല. ഇത് സൂചിപ്പിക്കുന്നത് യുഎഇയും ബഹ്്‌റൈനും കൈകൊണ്ട സ്വതന്ത്ര തീരമാനമാണ് നോര്‍മലൈസേഷന്‍ എന്നാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇതിലേക്കുള്ള സൂചനകള്‍ പശ്ചമേഷ്യന്‍ രാഷ്ട്രീയത്തില്‍ കാണാമായിരുന്നു. ഉദാഹരണത്തിന് യമനിലെ യുഎഇ പോളിസി പരിശോധിക്കാം. യമന്‍ അഭ്യന്തര യുദ്ധങ്ങളില്‍ വളരെ പ്രധാനപ്പെട്ട കക്ഷിയാണ് യു.എ.ഇ. ഹൂതികള്‍ക്കെതിരെ യമന്‍ ഗവണ്‍മെന്റിനെ പിന്തുണക്കുക എന്നതായിരുന്നു സഊദി നേതൃത്വത്തില്‍ അറബ് സഖ്യത്തിന്റെ നയം. എന്നാല്‍ ഇതിന് ശേഷം യുഎഇ തങ്ങളുടെ പോളിസിയെ വികസിപ്പിക്കുകയും യമന്‍ തുറമുഖ നഗരമായ എദനില്‍ തങ്ങളുടെതായ സമാന്തര ഭരണകൂടത്തെ സ്ഥാപിക്കുകയും ചെയ്തു. ഈ നീക്കം സ്വതന്ത്രമായിരുന്നുവെന്ന് മാത്രമല്ല, മറ്റു സഖ്യകക്ഷികളുമായി സംഘര്‍ഷത്തിലേക്ക് വരെ എത്തിച്ചിട്ടുമുണ്ട്.

മറ്റൊരു ഉദാഹരണമാണ് ലിബിയ. ലിബിയയില്‍ മുഅമ്മര്‍ ഗദ്ദാഫിക്ക് ശേഷം രാഷ്ട്രീയ അസ്ഥിരത തുടരുകയാണ്. ലിബിയയുടെ ഇപ്പോഴത്തെ രാഷ്ട്രീയത്തെ ഇങ്ങനെ സംഗ്രഹിക്കാം, മൂന്ന് വ്യത്യസ്ഥ ഭരണകൂടങ്ങളാണ് ലിബിയയില്‍ നിലനില്‍ക്കുന്നത്. അതിലെ പ്രധാനപ്പെട്ട ഒന്ന് മുന്‍ സൈനിക ജനറല്‍ ഖലീഫ ഹഫ്തര്‍ നേതൃത്വം കൊടുക്കുന്ന ലിബിയന്‍ നാഷണല്‍ ആര്‍മിയുടെ വിമത ഭരണകൂടമാണ്. സായുധ മുന്നേറ്റത്തിലൂടെ ലിബിയയുടെ കിഴക്കന്‍ പ്രദേശമായ ബെന്‍ഗാസി അടക്കമുള്ള മേഖലകളില്‍ അവര്‍ അധികാരം സ്ഥാപിച്ചിട്ടുണ്ട്. പ്രധാനമായും അധികാരം പിടിച്ചെടുക്കാന്‍ ഖലീഫ ഹഫ്തറിനെ പിന്തുണച്ചിരുന്നതും സൈനിക സഹായങ്ങള്‍ നല്‍കിയതും യു.എ.ഇയായിരുന്നു. ഇവയൊക്കെ സൂചിപ്പിക്കുന്നത് അറബ് രാജ്യങ്ങള്‍ തങ്ങളുടെതായ സ്വതന്ത്ര നയങ്ങള്‍ രൂപീകരിക്കുന്ന പുതിയ രാഷ്ട്രീയ ഘട്ടത്തിലേക്ക് കടന്നിരിക്കുന്നുവെന്നാണ്.

സാമ്പത്തിക പ്രതിസന്ധിയും വിദേശനയങ്ങളും

സ്വതന്ത്രമായി വിദേശ നയങ്ങള്‍ കൈകൊള്ളാന്‍ അറബ് രാജ്യങ്ങളെ പ്രേരിപ്പിക്കുന്നത് സാമ്പത്തിക പ്രതിസന്ധികളാണ്. ആഗോള വിപണിയില്‍ പ്രതിദിനം കുത്തനെ ഇടിഞ്ഞു കൊണ്ടിരിക്കുകയാണ് എണ്ണ വില. ഇത്രയും കാലമായി എണ്ണ വിപണി കൊണ്ട് പിടിച്ചു നിന്നിരുന്ന അറബ് രാജ്യങ്ങളെ എണ്ണയുടെ തകര്‍ച്ചയും അമേരിക്കയിലെ ഷെയില്‍ ഗ്യാസിന്റെ വളര്‍ച്ചയും പുതിയ ബദലുകളെ അന്വേശിക്കാന്‍ പ്രേരിപ്പിക്കുകയാണ് ഇപ്പോള്‍. അതു കൊണ്ടാണ് പുതിയ സഖ്യകക്ഷികളെയും രാഷ്ട്രീയ സമവാക്യങ്ങളെയും തേടിപ്പോകേണ്ടി വരുന്നത്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് അറബ് രാജ്യങ്ങളുടെ, വിശിഷ്യ, സഊദി, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളുടെ ഇന്ത്യയുമായുള്ള അടുപ്പം.

ചരിത്രപരമായി അറബ് രാജ്യങ്ങളുടെ ഏറ്റവും വിശ്വസ്ത സഖ്യകക്ഷിയാണ് പാകിസ്താന്‍. വിദേശ നയമായാലും സാമ്പത്തിക സൗഹൃദമായാലും അറബ് രാഷ്ട്രങ്ങളുടെ ഉറ്റ സുഹൃത്തായിരുന്നു കാലങ്ങളോളം പാകിസ്താന്‍. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി പാകിസ്താനുമായുള്ള അറബ് രാഷ്ട്രങ്ങളുടെ ബന്ധത്തില്‍ സാരമായ വിള്ളലുകളേറ്റിട്ടുണ്ട്. അതിന് പ്രധാന കാരണം അവരുടെ ഇന്ത്യയുമായുള്ള അടുപ്പമാണ്. കഴിഞ്ഞ വര്‍ഷം സഊദി കിരീടവകാശി ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ഏകദേശം 120 ബില്ല്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് വാഗ്ദാനം ചെയ്തതെങ്കില്‍ തൊട്ടുമുമ്പത്തെ ദിവസങ്ങളില്‍ പാകിസ്താന്‍ സന്ദര്‍ശിച്ച അദ്ദേഹം പ്രഖ്യാപിച്ചത് വെറും 20 ബില്ല്യണ്‍ ഡോളറിന്റെ നിക്ഷേപം മാത്രമാണ്. ഇതിന് പിന്നിലെ പ്രധാന പ്രേരകം അറബ് രാഷ്ട്രങ്ങളുടെ സാമ്പത്തിക ബദലന്വേഷണവും പ്രായോഗിക നയ രൂപീകരണവുമാണ്. അതിന്റെ ഭാഗം കൂടിയാണ് ഇസ്രായേലുമായുള്ള സഖ്യം. കച്ചവടം, ടൂറിസം മേഖലകളില്‍ കൂടുതല്‍ സാധ്യതകള്‍ സൃഷ്ടിക്കാന്‍ ഒരു പക്ഷെ യുഎഇക്ക് ഇതു കൊണ്ട് സാധിച്ചേക്കും.

ഇസ്്‌ലാമിസ്റ്റ് രാഷ്ട്രീയത്തിന്റെ പ്രശ്‌നങ്ങള്‍

ഇവ്വിഷയകരമായി ഏറ്റവും കൂടുതല്‍ നാം ഉറ്റു നോക്കേണ്ട മറ്റൊരു പ്രശ്‌നമാണ് ഇസ്്‌ലാമിക രാഷ്ട്രീയത്തിന്റെ മേഖലയിലെ ഭാവി. ഫലസ്തീന്‍ പ്രശ്‌നം എപ്പോഴും ഹമാസ്, ബ്രദര്‍ഹുഡ് പോലോത്ത ഇസ്്‌ലാമിക രാഷ്ട്രീയത്തിന്റെ വക്താക്കളുടെ കേന്ദ്ര വിഷയമായിരുന്നു. ഗള്‍ഫ് രാജ്യങ്ങളുടെ ഈ നീക്കം സ്വാഭാവികമായും ഈ രാഷ്ട്രീയത്തിന് നേരിടുന്ന വലിയ തിരിച്ചടിയുമായിരിക്കും.

ഇസ്്‌ലാമിക രാഷ്്ട്രീയത്തിന്റെ പ്രായോഗികതയും അതിന് വിജയകരമായി മുന്നോട്ട് പോകാന്‍ എത്രമാത്രം കെല്‍പ്പുണ്ട് എന്നതും കാലങ്ങളായി ചോദ്യം ചെയ്യപ്പെട്ടതും സംവ്വാദങ്ങള്‍ നടന്നതുമാണ്. അബ്രഹാം അക്കോഡിന്റെ വരവ് ഈ രാഷ്ട്രീയ പദ്ധതിയുടെ ഫലപ്രാപ്തിയില്ലായ്മയിലേക്ക് കൂടുതല്‍ വിരല്‍ ചൂണ്ടുന്നതുമാണ്. ഈജിപ്തിലെ മൂര്‍സിയുടെ ഭരണം ദയനീയമായി പരാചയപ്പെട്ടതും ലിബിയയില്‍ ഇസ്്‌ലാമിക് പാര്‍ട്ടികള്‍ക്ക് ഒന്നും നേടാനാവാത്തതുമൊക്കെ ഈ രാഷ്ട്രീയ പദ്ധതിയുടെ കാര്യകെടുതിയില്ലായ്മയുടെ അനന്തര ഫലങ്ങളായിരുന്നു.

രാഷ്ട്രീയപരമായി ഇസ്്‌ലാമിനെ ഉപയോഗിക്കുന്നതുമായി സംബന്ധിച്ചുള്ള ഒരു സംവ്വാദം കൂടി ഈ അക്കോഡാനന്തരം ഉയര്‍ന്ന് വന്നേക്കാവുന്നതാണ്. സ്വഭാവികമായും ഫലസ്തീന്‍ പ്രശ്‌നത്തെ മുന്‍ നിര്‍ത്തി ഇസ്്‌ലാമിക രാഷ്ട്രീയത്തെ ഉറപ്പിക്കാനുള്ള ശ്രമങ്ങള്‍ പലയളവില്‍ പ്രത്യക്ഷപ്പെട്ടേക്കാം. പക്ഷെ ഈ രാഷ്ട്രീയത്തിന് എപ്പോഴും വലിയ പരിമിതികളുണ്ട്. അതിന് സുഭദ്രമായ ഒരു രാഷ്ട്രീയ നിലപാട് രൂപപ്പെടുത്താന്‍ ഇതുവരെ സാധിച്ചില്ലെന്നതാണ് അതില്‍ പ്രധാനപ്പെട്ടത്. ഒരെ സമയം ഈജിപ്ത് പോലുള്ള രാഷ്ട്രങ്ങളില്‍ ഖുര്‍ആന്‍ ഹദീഥ് അടിസ്ഥാനത്തിലുള്ള ഇസ്്‌ലാമിക രാജ്യമെന്ന പദ്ധതി മുന്നോട്ട് വെക്കുമ്പോള്‍ ഇന്ത്യപോലോത്ത രാജ്യങ്ങളില്‍ ജനാധിപത്യ മതേതരാടിസ്ഥാനത്തിലുള്ള രാഷ്ട്രീയത്തെയും മുന്നോട്ട് വെക്കുന്ന അവസരവാദ രാഷ്ട്രീയമാണ് അവരുടെത്. അത് കൊണ്ട് തന്നെ അവര്‍ക്ക് കാര്യമായ ഫലപ്രാപ്തി നേടാനോ രാഷ്ട്രീയ നിലപാട് രൂപപ്പെടുത്താനോ സാധിക്കുകയില്ല. താരിഖ് റമദാനെ പോലുള്ളവര്‍ ഉന്നയിക്കുന്ന രാഷ്ട്രീയ ഇസ്്‌ലാമിന്റെ പ്രധാന പരിമിതിയും രാഷ്ട്രീയ തലത്തില്‍ ഉയരാന്‍ സാധിക്കാത്തതിന്റെ കാരണവും ഇതുതന്നെയാണ്.

ഇസ്്‌ലാമിസ്റ്റുകള്‍ നിരന്തരം തങ്ങള്‍ പറയുന്നത് രാഷ്ട്രീയമാണെന്ന് ന്യായീകരിക്കുമ്പോഴും യഥാര്‍ത്ഥത്തില്‍ അവര്‍ ജിഹാദി വിഭാഗങ്ങളുമായി വലിയ അളവില്‍ സമാനത പുലര്‍ത്തുന്നുണ്ട്. അല്‍ഖാഇദയും എസിസും പറയുന്ന കാര്യങ്ങള്‍ പലതിലും ഇസ്്‌ലാമിസ്റ്റുകളുടെ നിലപാടും നമുക്ക് തെളിഞ്ഞു കാണാം. ഇവര്‍ രണ്ടു വിഭാഗവും തങ്ങളുടെ രാഷ്ട്രീയത്തിന് നിയമ സാധുത കണ്ടെത്തുന്നത് ഇബ്്‌നു തൈമിയ്യയെ പോലുള്ളവരുടെ പുസ്തകങ്ങളിലാണ്. എന്താണ് ഇവര്‍ രണ്ടു വിഭാഗങ്ങളും തമ്മിലുള്ള ആത്യന്തിക വ്യത്യാസം എന്ന് ചോദിച്ചാല്‍ മിക്കവാറും ഇസ്്‌ലാമിസ്റ്റുകള്‍ മറുപടിപറയാന്‍ പ്രയാസപ്പെടും. മുമ്പ് ജോര്‍ദാനില്‍ ഒരു പൈലറ്റിനെ ഇസ്്‌ലാം ഒരിക്കലും അനുവദിക്കാത്ത തരത്തില്‍ തീ വെച്ചു കൊല്ലാന്‍ ദാഇശ് നിയമ സാധുത കണ്ടെത്തിയത് ഇസ്്‌ലാമിസ്റ്റുകളും ആശ്രയിക്കുന്ന ഇബ്‌നു തൈമിയ്യയുടെ ഫത്്‌വളിലായിരുന്നു.

ഇത്രമേല്‍ അപകടകരമായ രാഷ്ട്രീയ നിലപാടുകളുള്ള ഇസ്ലാമിസ്റ്റുകള്‍ ഈ സാഹചര്യത്തില്‍ ഇസ്്‌ലാമിനെ രാഷ്ട്രീയപരമായി ഉപയോഗപ്പെടുത്തുന്ന സാഹചര്യം ഒരിക്കലും ഫലവത്താവുകയില്ല. തുണീഷ്യയില്‍ അന്നഹ്ദ പാര്‍ട്ടി ഇസ്്‌ലാമിസ്റ്റ് ആശയങ്ങളില്‍ ഉറച്ച് നിന്നതിന്റെ പരിണിത ഫലമായി അവര്‍ തെരെഞ്ഞെടുപ്പില്‍ പരാചയപ്പെടുകയും പിന്നീട് പാര്‍ട്ടിയെ തന്നെ അടിമുടി മാറ്റി മതേതര ജനാധിപത്യത്തിനധിഷ്ടിതമാക്കിയെടുത്തതിന് ശേഷമാണ് 2019 ല്‍ വിജയം നേടാന്‍ സാധിച്ചതും.

അക്ഷരാര്‍ത്ഥത്തില്‍ അബ്രഹാം അക്കോഡ് പശ്ചിമേഷ്യയില്‍ വലിയ രാഷ്ട്രീയ മാറ്റത്തിനും പുതിയ നയരൂപീകരണത്തിനുമുള്ള വഴിയൊരുക്കുകയാണ്. ഒരു പക്ഷെ മേഖലയെയും മുസ്്‌ലിം ലോകത്തെയും പലയര്‍ത്ഥത്തില്‍ വിപരീത ഫലങ്ങള്‍ സൃഷ്ടിക്കാന്‍ ഏറെ സാധ്യതകളുള്ള മാറ്റമായി ഇതിനെ മനസ്സിലാക്കേണ്ടിയിരിക്കുന്നു.

സൈനുല്‍ ആബിദ് ഹുദവി

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.