Thelicham

സ്വവര്‍ഗലൈംഗിക സ്വത്വവും ഇസ്‌ലാമിക പാരമ്പര്യവും

ലൈംഗിക ന്യൂനപക്ഷങ്ങള്‍ എന്ന് വ്യവഹരിക്കപ്പെടുന്ന വിഭാഗങ്ങള്‍ക്കിടയില്‍ സ്വവര്‍ഗപ്രേമികളായ പുരുഷന്‍മാരും സ്ത്രീകളും കൂടുതല്‍ ദൃശ്യപ്പെടുന്ന കാലമാണിത്. ലൈംഗിക സ്വത്വത്തെ രാഷ്ട്രീയമായി ഉന്നയിക്കുന്നതിലൂടെയും പ്രത്യേകം അവകാശങ്ങള്‍ക്കും പൊതുയിടങ്ങള്‍ക്കും വേണ്ടി വാദിക്കുന്നതിലൂടെയും തങ്ങളുടെ സ്വവര്‍ഗ ലൈംഗിക കാമനകളെ സ്വാഭാവികവത്ക്കരിക്കാനുള്ള (Homonormativity) ശ്രമത്തിലാണവര്‍. സെക്കുലര്‍, ലിബറല്‍ ഉത്തരാധുനിക ലോകവീക്ഷണങ്ങളില്‍ തങ്ങള്‍ പൊതുവെ സ്വീകരിക്കപ്പെടുമെങ്കിലും മതപാരമ്പര്യങ്ങളില്‍ തഴയപ്പെടുമെന്ന് അവര്‍ക്കറിയാം. അതുകൊണ്ട് തന്നെ, തങ്ങളുടെ ലൈംഗിക സ്വത്വത്തെ മതപാരമ്പര്യങ്ങളില്‍ കണ്ടെത്താനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങള്‍ ഇപ്പോള്‍ നടക്കുന്നുണ്ട്. റിവിഷനിസ്റ്റുകളായ എഴുത്തുകാരുടെ ഖുര്‍ആന്‍ വ്യാഖ്യാനശാസ്ത്രപരമായ ന്യായങ്ങള്‍ കണ്ടെത്താനും സ്വവര്‍ഗലൈംഗിക സ്വത്വത്തെ സ്ഥാപിക്കുന്ന തരത്തിലുള്ള ജ്ഞാനോദ്പാദനം നടത്താനുമുള്ള ശ്രമങ്ങള്‍ തകൃതിയായി നടക്കുന്നുണ്ട്. എന്നാല്‍, സ്വവര്‍ഗസ്വത്വത്തിനു വേണ്ടി പുതിയ വ്യാഖ്യാന സിദ്ധാന്തങ്ങളില്‍ ഏര്‍പ്പെട്ടവര്‍ വളരെ ദുര്‍ബലമായ ന്യായങ്ങളാണ് പുതിയ ജ്ഞാനമായി പുറത്തുവിട്ടുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ സ്വവര്‍ഗസ്വത്വവാദികളുടെ വാദങ്ങള്‍ ഉള്‍വഹിക്കുന്ന ആന്തരിക വൈരുദ്ധ്യങ്ങള്‍ വിശകലനം ചെയ്യുന്നത് പ്രസക്തമായിരിക്കും.

ലൈംഗിക കാമനകളുടെ സ്വത്വവല്‍ക്കരണം

സ്വവര്‍ഗലൈംഗികത അഭിമാനമായി കൊണ്ടുനടക്കുന്നവരും, അതിനായി സ്വയം പരിശീലിച്ച് രംഗത്തുവരുന്നവരുടെയും ഏറ്റവും വലിയ പ്രശ്‌നം അവര്‍ അവരുടെ ലൈംഗിക കാമനകളെ കൊണ്ടുനടക്കുന്നു, ലാളിക്കുന്നു എന്നതല്ല. മറിച്ച് അത് അവരുടെ സ്വത്വത്തിന്റെ പ്രധാന ഉള്ളടക്കമായി മനസ്സിലാക്കുന്നു എന്നതാണ്. യഥാര്‍ഥത്തില്‍, സ്വവര്‍ഗത്തോട് ലൈംഗിക തൃഷ്ണ കാണിക്കുന്നവര്‍ (homosexual), എതിര്‍ലിംഗത്തോട് ലൈംഗിക തൃഷ്ണ കാണിക്കുന്നവര്‍ (heterosexual) എന്നീ സംവര്‍ഗങ്ങള്‍ ഇസ്്‌ലാമിന്റെ അവതരണ കാലഘട്ടത്തിലോ പൂര്‍വാധുനിക മുസ്്‌ലിം സമൂഹങ്ങളിലോ ഉണ്ടായിരുന്നില്ല. മറിച്ച് അവ ഒരു ആധുനിക പടിഞ്ഞാറന്‍ ഉത്പന്നമാണ്. എന്നാല്‍ ഇതിനര്‍ഥം പൂര്‍വാധുനിക സമൂഹങ്ങള്‍ക്ക് ഇത്തരം ലൈംഗിക തൃഷ്ണകള്‍ ഉണ്ടായിരുന്നില്ല എന്നല്ല. മറിച്ച് അത്തരം തൃഷ്ണകള്‍ ചേര്‍ന്നാണ് അവരുടെ തന്മയെയും സ്വത്വത്തെയും രൂപപ്പെടുത്തുന്നത് എന്ന് അക്കാലത്ത് മനസ്സിലാക്കിയിരുന്നില്ല. സ്വവര്‍ഗത്തോട് ലൈംഗിക കാമനകള്‍ മനസ്സില്‍ സൂക്ഷിക്കുക എന്നതല്ല പ്രശ്‌നം, മറിച്ച് അവയുപയോഗിച്ച് ഒരു സ്വത്വവാദം രൂപപ്പെടുത്തുന്നതാണ് ഇസ്്‌ലാമിനെ നൈതികതയെ സംബന്ധിച്ചിടത്തോളം പ്രശ്‌നകരമായ കാര്യം. ഇസ്്‌ലാമില്‍ ആഗ്രഹങ്ങളും ചോദനകളും ഉണ്ടാകുന്നത് കുറ്റകരമല്ല, മറിച്ച് അതിനനുസരിച്ച് ഉണ്ടാവുന്ന പ്രവര്‍ത്തനങ്ങളെയാണ് ഇസ്്‌ലാം അപലപിക്കുന്നത്.

സ്വവര്‍ഗാനുരാഗം മാത്രമല്ല. എത്ര ഹീനവും വികൃതവുമായ ചോദനകളും മനുഷ്യരില്‍ ഉണ്ടാവാം. എന്നാല്‍ അവ ഒരു വിഭാഗം ആളുകളുടെ സ്വത്വത്തെ നിര്‍ണയിക്കുന്നതായി മനസ്സിലാക്കപ്പെടുകയും അത് ഒരുസ്വത്വവാദം ആയി മാറുന്നതാണ്് രണ്ടാമത്തെ പ്രശ്‌നം.

നമ്മുടെ നാടുകളില്‍ മുന്‍കാലങ്ങളില്‍ സ്വലിംഗരമികളായ കൗമാരക്കാരും മധ്യവയസ്‌കരും ഉണ്ടായിരുന്നു. ഇപ്പോഴും ഉണ്ട്. അവര്‍ മുസ്്‌ലിംകള്‍ ആയി നിലനില്‍ക്കുന്നതോടൊപ്പം തന്നെ തങ്ങളുടെ സ്വലിംഗ കാമനകള്‍ മനസ്സില്‍ സൂക്ഷിക്കുന്നവരാണ്. എന്നാല്‍ അത്തരക്കാരെ സ്വകാര്യമായി സമീപിക്കുന്നതില്‍ കുട്ടികളെ വിലക്കുകയും, കുട്ടികളെ സമീപിക്കുന്നതില്‍ നിന്ന് അവരെ വിലക്കുകയും ചെയ്യുക എന്നതിനപ്പുറം അവരെ പീഢിപ്പിക്കുകയോ, അവരുടെ മുസ്്‌ലിം എന്ന സ്വത്വത്തെ വകവെച്ചുകൊടുക്കാതിരിക്കുകയോ മുസ്്‌ലിം സമൂഹം ചെയ്തിട്ടില്ല. അവര്‍ സ്വലിംഗരമികള്‍ ആണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതിനോടൊപ്പം തന്നെ നമുക്കിടയില്‍ എല്ലാ പൊതു ഇടങ്ങളിലും അവര്‍ സജീവമാണ്. എന്നാല്‍, അവര്‍ക്കു പ്രത്യേക പരിവേഷവും സമൂഹം കൊടുത്തിട്ടില്ല. മുസ്്‌ലിം എന്ന സ്വത്വം അംഗീകരിക്കുന്നതോടൊപ്പം അവര്‍ക്ക് പ്രത്യേക ലൈംഗിക സ്വത്വം വകവെച്ച് കൊടുക്കുന്നില്ല. അതായത് താന്‍ ഒരു മുസ്്‌ലിമാണെന്ന് അവര്‍ക്ക് അവകാശപ്പെടാം, എന്നാല്‍ താനൊരു സ്വവര്‍ഗപ്രേമിയായ മുസ്ലിമാണ് എന്ന പ്രത്യേക ലൈംഗിക സ്വത്വം സമൂഹം അവര്‍ക്ക് നല്‍കിയിട്ടില്ല. ലൈംഗികതയെ സംബന്ധിച്ച് മതപരമായി രൂപപ്പെട്ട ധാരണ കൊണ്ട് മാത്രമല്ല സമൂഹം ഇത്തരക്കാരോട് ഈ നിലപാട് എടുത്തത്. മറിച്ച് അത് അവരുടെ താത്ക്കാലിക ലൈംഗികചോദനയാണെന്ന് അറിഞ്ഞത് കൊണ്ടും, അവര്‍ പിന്നീട് എതിര്‍ലിംഗത്തെ വിവാഹം കഴിച്ച് വിജയകരമായ കുടുംബജീവിതം നയിക്കുന്നത് നേരിട്ട് കണ്ട അനുഭവജ്ഞാനവും കാരണമാണ്. കൗമാരക്കാരായ ഇത്തരം സ്വവര്‍ഗപ്രേമികള്‍ വിവാഹം കഴിച്ച് കുടുംബ ജീവിതം നയിക്കുകയും, മറ്റുള്ളവര്‍ സ്വവര്‍ഗരതിക്ക് സഹായകമായ ബാലന്മാരെയോ മറ്റോ കിട്ടാതെ വരുമ്പോഴോ അവരെ ലഭ്യമാവുന്ന സാഹചര്യത്തില്‍ നിന്ന് മാറുമ്പോഴോ സ്വാഭാവികമായ കുടുംബ ജീവിതത്തിലേക്ക് മടങ്ങുകയും ചെയ്യുന്നു. സ്വലിംഗത്തോട് ലൈംഗിക കാമന പ്രകടിപ്പിക്കുന്നവരുടെ ജീവിതത്തില്‍ നടക്കുന്ന ഈ പ്രക്രിയ കാലാകാലങ്ങളായി എല്ലാ സമൂഹത്തിലും കണ്ടുവരുന്നതാണ്. എന്നാല്‍ സ്വവര്‍ഗാനുരാഗികള്‍ എന്ന പ്രത്യേക ജൈവികസ്വത്വം അവകാശപ്പെട്ട് രംഗത്തുവരുന്നവര്‍ വാദിക്കുന്നത് ചില ജീവിതഘട്ടങ്ങളില്‍ വളരെ താത്ക്കാലികമായി തോന്നുന്ന ഇത്തരം കാമനകള്‍ ഇവര്‍ക്ക് ഒഴിച്ചു കൂടാനാകാത്തതോ, അവരുടെ അനൈഛികമായ ലൈംഗികാഭിമുഖ്യമോ, ആണെന്നാണ്. എന്നാല്‍, സ്വലിംഗത്തോട് ആഭിമുഖ്യം പ്രകടിപ്പിക്കുന്ന എല്ലാവരും ഇവര്‍ വാദിക്കുന്നതു പോലെയല്ല എന്നത് വ്യക്തമാണ്. മറിച്ചാണെങ്കില്‍ പിന്നീട് അവര്‍ വിജയകരമായ കുടുംബജീവിതം നയിക്കുന്നത് എങ്ങനെയാണ്? ഇനി ചില ആളുകളില്‍ മാത്രം ഇത്തരം ആഭിമുഖ്യം ജനിതകമായി/ പ്രകൃതിപരമായി കോഡ് ചെയ്യപ്പെടുന്നു എന്നും, അതിനാല്‍ അവരുടെ ലൈംഗികസ്വത്വം പ്രത്യേകം പരിഗണിക്കണമെന്നുമാണ് വാദമെങ്കില്‍ അവിടെയും ചില അവ്യക്തതകള്‍ നിലനില്ക്കുന്നുണ്ട്. സ്വവര്‍ഗലൈംഗികാഭിമുഖ്യം പ്രകടിപ്പിക്കുന്ന ആളുകളില്‍ ചിലര്‍ അതില്‍ നിന്ന് പിന്‍വാങ്ങുന്നവരുണ്ടെങ്കില്‍ അവര്‍ക്കുണ്ടാവുന്നതും പ്രകൃതിപരമായ ചോദന തന്നെയല്ലേ അല്ലേ? അല്ലെങ്കില്‍ ഏതാണ് പ്രകൃതിപരമായി രൂപപ്പെട്ട ആഭിമുഖ്യം എന്ന് നിര്‍ണയിക്കേണ്ടതുണ്ട്. ചിലര്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് സ്വലിംഗത്തോടും എതിര്‍ലിംഗത്തോടും ഒരുപോലെ ആകൃഷ്ടരാവുമെങ്കിലും ആ രണ്ട് ചോദനകളെയും തരം പോലെ മറികടക്കാനും സാഹചര്യത്തിനനുസരിച്ച് മുന്നോട്ട് പോകാനും അവര്‍ക്ക് കഴിയുന്നു. ഈ പ്രക്രിയയെ എങ്ങനെയാണ് വിശദീകരിക്കേണ്ടത്? ഒഴിച്ചുകൂടാനാകാത്ത വിധം തങ്ങളുടെ സ്വത്വത്തില്‍ അലിഞ്ഞുചേര്‍ന്നതാണ് സ്വവര്‍ഗലൈംഗിക സ്വത്വമെങ്കില്‍ അത് നിര്‍ണയിക്കാനുള്ള മാനദണ്ഡങ്ങള്‍ ഇപ്പോഴും വ്യക്തമല്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. അതുകൊണ്ട് തന്നെ ഇത്തരം അവ്യക്തതകള്‍ക്ക് പരിഹാരം കാണാതെ സ്വവര്‍ഗപ്രേമികള്‍ക്ക് മാത്രമായി ഒരു പ്രത്യേക സ്വത്വം അനുവദിച്ചു കൊടുക്കുന്നത് യുക്തിസഹമാണെന്ന് തോന്നുന്നില്ല.

സ്വേഛപരമായ ലൈംഗികാഭിമുഖ്യം എന്നൊന്നുണ്ടോ?

സ്വവര്‍ഗാനുരാഗികള്‍ അവരുടെ യാതനകള്‍ വിവരിച്ചാണ് സംസാരിക്കാറുള്ളത്. തങ്ങളുടെ ലൈംഗിക ആകര്‍ഷണം സ്വലിംഗത്തോടാണ്, അത് സ്വേഛപരമല്ല, പ്രകൃതിപരമായി ആദ്യമേ ഞങ്ങളില്‍ ഉറച്ചുപോയതാണ്. ഞങ്ങള്‍ ഒരു യാഥാര്‍ഥ്യമാണ്, അതുകൊണ്ട് ഞങ്ങളെ കാണാന്‍ ശ്രമിക്കൂ എന്നാണവര്‍ പറയുന്നത്. യഥാര്‍ഥത്തില്‍ ഏത് ലൈംഗികാഭിമുഖ്യമാണ് പ്രകൃതിപരമായി മനുഷ്യനില്‍ ഇല്ലാത്തത്? ഏത് ലൈംഗിക ചോദനയാണ് മനുഷ്യന്റെ പ്രകൃതമല്ലാത്തത്? മൃഗത്തോട് ലൈംഗികവൃത്തിയില്‍ (bestiality) ഏര്‍പ്പെടാനുള്ള ചോദന പ്രകൃതിപരമല്ലേ? വിവാഹം കഴിച്ചവര്‍ക്ക് വിവാഹബാഹ്യ ലൈംഗിക മോഹം തോന്നുന്നത് പ്രകൃതിചോദന അല്ലേ.? മാതാവും പിതാവും അടങ്ങുന്ന ബന്ധുക്കളോട് ചിലര്‍ നടത്തുന്ന ലൈംഗിക വേഴ്ച (incest) അവരുടെ പ്രകൃതി ചോദന അല്ലേ, ശവത്തെ ഭോഗം ചെയ്യുന്നത് (necrophilia)അവനവന്റെ പ്രകൃതി ചോദനക്ക് വഴങ്ങിയല്ലേ.? വ്യഭിചാരം, മദ്യപാനം, മോഷണത്വര തുടങ്ങിയവയെല്ലാം പ്രകൃതിപരം അല്ലേ? നടേ പറഞ്ഞ ലൈംഗിക ചോദനകള്‍ മുഴുവന്‍ മനുഷ്യരില്‍ ഉണ്ടാകാന്‍ ഇടപെടുന്നതിനേക്കാള്‍ വ്യത്യസ്തമായ ഇടപെടലാണോ പ്രകൃതി സ്വവര്‍ഗപ്രേമികളില്‍ നടത്തുന്നത്.? മറ്റുള്ള ലൈംഗിക ആഭിമുഖ്യള്ളവരില്‍ ഉള്ളതിനേക്കാള്‍ സവിശേഷമായ എന്ത് ഇടപെടലാണ് സ്വവര്‍ഗപ്രേമികളില്‍ അവരുടെ ലൈംഗികാഭിമുഖ്യം സൃഷ്ടിക്കാന്‍ പ്രകൃതി നടത്തുന്നത്? മൃഗഭോഗം, ശവഭോഗം പോലെയുള്ള നികൃഷ്ടമായ ആഭിമുഖ്യത്തേക്കാള്‍ വിശുദ്ധമായ എന്താണ് സ്വവര്‍ഗലൈംഗിക ആഭിമുഖ്യത്തിലുള്ളത്?സ്വേഛപരമായ ലൈംഗികാഭിമുഖ്യം എന്ന ഒന്ന് നിലനില്‍ക്കുന്നുണ്ടോ? ഇത്തരം രതിവൈകൃതങ്ങളെല്ലാം സ്വേഛപരമാണെന്നും സ്വവര്‍ഗാനുരാഗം മാത്രം സ്വേഛപരമല്ലാതെ, ഒഴിച്ചു നിര്‍ത്താനാവാത്ത പ്രകൃതിയുടെ സൃഷ്ടിയാണെന്നും പറയുന്നത് എത്രമാത്രം നിരര്‍ഥകമാണ്?

ബ്രീട്ടിഷ് ശാസ്ത്ര ജേണലിസ്റ്റ് ആയ എഡ് യോങ് ദി അറ്റ്‌ലാന്റിക് മാസികയില്‍ എഴുതിയത് പ്രകാരം, സ്വവര്‍ഗപ്രേമികളുടെ ലൈംഗിക ചോദന അവരുടെ ശരീര ഘടനയില്‍ ആദ്യമേ നിര്‍ണയിക്കപ്പെട്ടതായോ, അല്ലെങ്കില്‍ അവരുടെ ലൈംഗികാഭിമുഖ്യം സ്വവര്‍ഗത്തോട് മാത്രമായി നിശ്ചയിക്കപ്പെട്ടതായോ അസന്ദിഗ്ധമായി തെളിയിക്കുന്ന യാതൊരു ജനിതകസൂചനയും ലഭ്യമായിട്ടില്ല. ഇനി അങ്ങനെ ലഭ്യമായാല്‍ തന്നെ അതിന് ധാര്‍മികമായ ന്യായീകരണം നല്‍കാന്‍ ഇസ്്‌ലാമിക പാരമ്പര്യത്തില്‍ തെളിവുകളില്ല എന്ന് മുബീന്‍ വയ്ദ് പ്രസ്താവിക്കുന്നുണ്ട്. സ്വവര്‍ഗപ്രേമത്തിന് സാധൂകരണം നല്‍കാന്‍ വേണ്ടിയുളള പുസ്തകരചനാ പദ്ധതിയിലേര്‍പ്പെട്ടവരില്‍ ഏറ്റവും പ്രമുഖനായ സിറാജ് സ്‌കോട്ട്കൂഗ്‌ളിന്റെ സിദ്ധാന്തങ്ങളെ രീതിശാസ്ത്രപരമായി തന്നെ ഇഴകീറി പരിശോധിച്ച് ദീര്‍ഘമായ പഠനമെഴുതിയ ആക്ടിവിസ്റ്റാണ് മുബീന്‍ വയ്ദ്.

പ്രകൃതിപരമായ ചോദന മൂലമാണ് തങ്ങള്‍ സ്വവര്‍ഗലൈംഗികതയെ ആഗ്രഹിക്കുന്നത് എന്ന വാദത്തില്‍ അവ്യക്തതയുണ്ടെന്നാണ് പറഞ്ഞുവരുന്നത്. സ്വവര്‍ഗലൈംഗികതക്കു വേണ്ടി സൈദ്ധാന്തിക അടിത്തറ ഒരുക്കാന്‍ വേണ്ടി കഷ്ടപ്പെടുന്നവര്‍ക്കിടയിലും ഈ അവ്യക്തത നിലനില്‍ക്കുന്നുണ്ട് എന്നതാണ് രസകരമായ കാര്യം. സ്വവര്‍ഗലൈംഗികാഭിമുഖ്യം ഒരാളുടെ സ്വത്വത്തില്‍ സത്താപരമായി (essentialist) ഉള്ളതാണോ ഇത് സത്താപരമാണോ അതോ സാമൂഹിക നിര്‍മിതിയാണോ (constructionist) എന്ന സജീവ തര്‍ക്കം അവര്‍ക്കിടയില്‍ തന്നെ നിലനില്‍ക്കുന്നുണ്ട്. ലൈംഗികമായ സത്താവാദം സ്വവര്‍ഗപ്രേമികളുടെ അവകാശ സംരക്ഷണത്തിന് പര്യപ്തമല്ല എന്ന് സാമൂഹികനിര്‍മിതി വാദക്കാര്‍ ആരോപിക്കുന്നു. എന്നാല്‍, സ്വവര്‍ഗാഭിമുഖ്യം ഒരാളില്‍ സത്താപരമായി ഉണ്ടെന്ന് മനസ്സിലാക്കി മുന്നോട്ട് പോയാല്‍ മാത്രമേ സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങളെ പൂര്‍ണ്ണമായും സംരക്ഷിക്കാന്‍ കഴിയൂ എന്ന് സത്താവാദികളും പറയുന്നു. (Ali pour) അതിനാല്‍ ലൈംഗികാഭിമുഖ്യത്തിന്റെ പ്രകൃതം ഇപ്പോഴും അസന്ദിഗ്ധമായി തെളിഞ്ഞുവരാത്ത കാര്യമായി നിലനില്‍ക്കുന്നു.

സ്വവര്‍ഗാനുരാഗികളുടെ ലൈംഗിക സ്വത്വം അവരുടെ സ്വത്വത്തില്‍ സത്താപരമായി ആദ്യമേ തീരുമാനിക്കപ്പെടുന്നതും, മാറ്റാന്‍ കഴിയാത്തതുമാണ് എന്ന വാദം സ്‌കോട്ട് കൂഗ്‌ളിനെ പോലുള്ള ആളുകള്‍ ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ സ്വവര്‍ഗ ആണുങ്ങള്‍, സ്വവര്‍ഗ പെണ്ണുങ്ങള്‍ ആണിനോടും പെണ്ണിനോടും ആകര്‍ഷണം തോന്നുന്ന ഉഭയവര്‍ഗ ആണുങ്ങളും പെണ്ണുങ്ങളും (bisexual), ട്രാന്‍സ്‌ജെന്‍ഡറുകള്‍ എന്നിവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ (ക്വിയര്‍ അക്റ്റിവിസ്റ്റുകള്‍) ഈ സത്താവാദത്തിനെതിരെ ശക്തമായി രംഗത്തുവന്നിട്ടുണ്ട്. പ്രസിദ്ധ ക്വിയര്‍ ആക്ടിവിസ്റ്റായ ഹന്നാ ബ്‌ളാങ്ക് അടക്കമുള്ളവര്‍ ഇതിനെ വിമര്‍ശിച്ചിട്ടുണ്ട്. സ്വവര്‍ഗാഭിമുഖ്യത്തിന്റെ പ്രകൃതം വ്യക്തമായി മനസ്സിലാവാത്ത സാഹചര്യത്തില്‍, അത് സാര്‍വത്രികമായാല്‍ സമൂഹത്തിലും കുടുംബഘടനയിലും ഉളവാക്കുന്ന പരിക്കും കൃത്യമായി മനസ്സിലാക്കാന്‍ കഴിയില്ല. അങ്ങനെ വരുമ്പോള്‍ സ്വവര്‍ഗപ്രേമികളുടെ സ്വത്വവാദവും, സ്വര്‍ഗ വിവാഹവും വകവെച്ചു കൊടുക്കാന്‍ സമൂഹത്തിന് ഉത്തരവാദിത്തം ഉണ്ടെന്ന് തോന്നുന്നില്ല.

ലൈംഗികതയെ സത്താവത്ക്കരിക്കുന്നതിന്റെ പ്രശ്‌നങ്ങള്‍

എതിര്‍വര്‍ഗ ലൈംഗികതയോട് പൊതുവെയും സ്വവര്‍ഗലൈംഗികതയോട് പ്രത്യേകിച്ചും ഉള്ള ഇസ്്‌ലാമിന്റെ നിലപാട് അറിയണമെങ്കില്‍ ഇസ്്‌ലാമിന്റെ ലൈംഗിക സംവര്‍ഗങ്ങളെ കുറിച്ച് ശരിയായ ധാരണ ലഭിക്കേണ്ടതുണ്ട്. നേരത്തെ പറഞ്ഞതുപോലെ, സ്വവര്‍ഗത്തോടുള്ള കാമനയും എതിര്‍വര്‍ഗത്തോടുള്ള കാമനയും എന്ന വര്‍ഗീകരണം ഇസ്്‌ലാമില്‍ ഇല്ല. ഇസ്്്‌ലാമില്‍ ശഹ്‌വത്ത് എന്നതാണ് പ്രധാനസംവര്‍ഗം. ലൈംഗികചോദന എന്ന് സാമാന്യമായി ഇതിനെ വ്യവഹരിക്കാം. ശഹ്‌വത്ത് ഇസ്്‌ലാമിനെ സംബന്ധിച്ചിടത്തോളം പരിധിയില്ലാത്തതും എതിര്‍ലിംഗ പ്രധാനമോ, സ്വലിംഗപ്രധാനമോ, ഉഭയലിംഗ പ്രധാനമോ അല്ല. മറിച്ച് ആരോടും, എന്തിനോടും ഏത് സമയത്തും ഏത് സ്ഥലത്തും തോന്നുന്ന ലൈംഗിക ചോദനക്കും ശഹ്‌വത്ത് എന്ന വാക്കിനെ വ്യവഹരിക്കാവുന്നതാണ്. പടിഞ്ഞാറന്‍ ആധുനികത സ്വവര്‍ഗലൈംഗികതയുടെ വിഷയത്തില്‍ ചെയ്തതുപോലെ മനുഷ്യനിലേക്കോ മൃഗത്തിലേക്കോ സ്വലിംഗത്തിലേക്കോ എതിര്‍ലിംഗത്തിലേക്കോ അതിനെ ഇസ്്‌ലാം അതിനെ സത്താവത്ക്കരിക്കുന്നില്ല. ലൈംഗികതയുടെ സത്താവത്ക്കരണം ആധുനിക-പടിഞ്ഞാറന്‍ ഉത്പന്നമാണ്.മറ്റൊരു സംവര്‍ഗമാണ് നഫ്‌സ്. ശരീരം, ആത്മാവ് തുടങ്ങിയ അര്‍ഥങ്ങളില്‍ ഇതിനെ വ്യവഹരിക്കാം. ശഹ്‌വത്തിന്റെ എല്ലാ സാധ്യതകളും കുടികൊള്ളുന്ന ഇടമാണ് നഫ്‌സ്.
ലൈംഗികതയുടെ കാര്യത്തില്‍ ഇസ്്്‌ലാം എസ്സന്‍ഷ്യലിസ്റ്റോ കണ്‍സ്ട്രക്ഷനിസ്റ്റോ അല്ല. മറിച്ച് ഇസ്്‌ലാമിന്റെ കാറ്റഗറികളെ വേറെ ആയിത്തന്നെ മനസ്സിലാക്കണം. ഇസ്്‌ലാമില്‍ ആത്മം നഫ്‌സ് ആണ്.സ്വവര്‍ഗത്തോടുള്ള ഒരാളുടെ കാമന അയാളുടെ സ്വവര്‍ഗപ്രേമി എന്ന സ്വത്വത്തെ നിര്‍ണയിക്കുന്നപോലെ നഫ്‌സിനെ ലൈംഗികമോ അല്ലാത്തതോ ആയ ചോദനകള്‍ നിര്‍ണയിക്കുന്നില്ല. മറിച്ച് നഫ്‌സ് എല്ലാ തരം ചോദകളുടെയും വിളനിലം ആണ്. ആ ചോദനകളാണ് ശഹ്‌വത്ത് എന്ന് വിളിക്കുന്നത്. നഫ്‌സില്‍ നിന്ന് ബഹിര്‍ഗമിക്കുന്ന എല്ലാതരം ശഹ്‌വത്തിന്റെയും സാധ്യതകളെ ഇസ്്‌ലാം കാണുന്നു. എന്നാല്‍ അതില്‍ നിന്നും ഭാര്യ, അടിമസ്ത്രീ എന്നിവരോടുള്ള ശഹ്‌വത്തിനെ മാത്രം പ്രവര്‍ത്തനപഥത്തിലേക്ക് കൊണ്ടുവരാന്‍ അനുവദിക്കുകയും ബാക്കിയുള്ള മുഴുവന്‍ സാധ്യതകളെയും അത് നിയന്ത്രിക്കുകയും നിരാകരിക്കുകയും ചെയ്യുന്നു. ഭാര്യമാര്‍ അടിയാത്തികള്‍ എന്നിവരില്‍ നിന്നൊഴികെ മറ്റെല്ലാവരില്‍ നിന്നും ഗുഹ്യഭാഗങ്ങളുടെ വിശുദ്ധി കാത്തുസൂക്ഷിക്കുന്നവരാണ് സത്യവിശ്വാസികള്‍ എന്ന് ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നത് കാണാം. ഈ രണ്ടു വിഭാഗത്തോടല്ലാതെ ലൈംഗികത പ്രാവര്‍ത്തികമാക്കുന്നവര്‍ അവര്‍ പരിധിവിടുന്നവരാണ് എന്നും ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു (29-31). ഇവയില്‍ ഭാര്യമാരിലൂടെ കുടുംബവ്യവസ്ഥയുടെ സംരക്ഷണവും, അതിലൂടെയുളള സുസ്ഥിരമായ സാമൂഹികരൂപീകരണവും ലക്ഷ്യമിടുന്നു. അടിമകളോട് ലൈംഗികബന്ധം അനുവദിക്കുന്നതിലൂടെ അടിമയുടെ ലൈംഗികസംതൃപതി, അടിമ പ്രസവിച്ച കുഞ്ഞിനെ സ്വതന്ത്രമായി വിടുക, കുഞ്ഞിനെ തുടര്‍ന്ന് അടിമസ്ത്രീയെയും സ്വതന്ത്രമാക്കുക, അങ്ങനെ ആ തലമുറയില്‍ നിന്നു തന്നെ അടിമത്തം പിഴുതെറിയുക എന്നതും ഉന്നമിടുന്നു.

ഇനി ലൈംഗികത സത്താവത്ക്കരിക്കുന്നതിന്റെ പ്രശ്‌നത്തിലേക്ക് വരാം. സ്ത്രീ പുരുഷന്‍ എന്ന രണ്ടു കള്ളികളിലേക്ക് ലിംഗത്തെ (gender) സത്താവത്ക്കരിക്കരുതെന്നും, ഗേ, ലെസ്ബിയന്‍ എന്നീ ഹോമോസെക്ഷ്വലുകള്‍, ഹെട്രോസെക്ഷ്വല്‍ ആയ ആണുങ്ങള്‍-പെണ്ണുങ്ങള്‍, ബൈസെക്ഷ്വലായ ആണുങ്ങള്‍-പെണ്ണുങ്ങള്‍, ട്രാന്‍സ്‌ജെന്‍ഡറുകള്‍ എന്നിങ്ങനെ നിരവധി നിറങ്ങള്‍ കലര്‍ന്ന ലിംഗരാജി (സ്‌പെക്ട്രം) ആയിട്ടാണ് ജെന്‍ഡറിനെ കാണേണ്ടത് എന്ന് വാദിക്കുന്നവരാണ് ഫെമിനിസ്റ്റുകളും ക്വിയര്‍ ആക്റ്റിവിസ്റ്റുകളും ഹോമോസെക്ഷ്വലുകളും.

ഇങ്ങനെ സ്‌പെക്ട്രത്തെ വൈവിധ്യത്തിന്റെ അംഗീകാരമായി കാണുന്നവരും അതിനെ ആണ്‍പെണ്‍ എന്ന് സത്താവല്‍കരിക്കരുത് എന്ന് പറയുന്നവരും, അക്കാര്യത്തില്‍ വൈവിധ്യത്തെ അംഗീകരിക്കണം എന്ന് പറയുന്നവരും ലൈംഗികതയെ സത്താവല്‍കരിക്കുന്നത് എന്തിനാണ്? ഒരാളുടെ സ്വവര്‍ഗത്തോട് അയാള്‍ക്ക് താല്‍ക്കാലികമായോ,ജന്മപരമായോ തോന്നുന്ന തൃഷ്ണയെ മനുഷ്യമനസ്സിന്റെ സ്വാഭാവിക കാമന ആയി മനസ്സിലാക്കാതെ അതിനെ അയാളുടെ സ്വത്വത്തിന്റെ നിര്‍ണായകഘടകം ആക്കിമാറ്റുന്നത് എന്തിനാണ്? സ്വവര്‍ഗ്ഗകാമന അനുഭവപ്പെടുന്നയാള്‍ അത് ഉപയോഗിച്ച് ഒരു പ്രത്യേക സ്വത്വം ഉണ്ടാക്കിയെടുക്കുന്നത് എന്തിനാണ്? ലൈംഗികതയെ ഒരാളുടെ സ്വത്വത്തിന്റെ ഭാഗമായി മനസ്സിലാക്കുകയും, ആ സ്വത്വത്തെ രാഷ്ട്രീയമായി ഉന്നയിക്കുകയും ചെയ്യുന്നത് എന്തിനാണ്? അങ്ങനെ മനുഷ്യമനസ്സില്‍ പ്രകടമാവുന്ന ഓരോ ലൈംഗികതൃഷണകളെയും സ്വത്വനിര്‍ണയം നടത്തുന്ന ഉപാധിയായി പരിഗണിക്കുമെങ്കില്‍ മൃഗഭോഗം, ശവഭോഗം, തുടങ്ങിയ മറ്റു വികൃതമായ സാധ്യതകളെ കൂടി അവര്‍ ഉള്‍ക്കൊള്ളാന്‍ തയ്യാറാവുമോ? അങ്ങനെ വികസിച്ചുവരുന്ന അപാരമായ വൈവിധ്യത്തെ അവര്‍ ഉള്‍ക്കൊള്ളുമോ? ഉള്‍ക്കൊള്ളാന്‍ തയ്യാറാവുമെങ്കില്‍ അവര്‍ മനുഷ്യകുലത്തെ വല്ലാത്ത നികൃഷ്ടമായ അവസ്ഥയിലേക്കായിരിക്കും തള്ളിവിടുക. ഇനി തയ്യാറാവില്ല എങ്കില്‍ അവരുടെ സൈദ്ധാന്തിക ചട്ടക്കൂട് അത്രയും ദുര്‍ബലമാണെന്നും, അവരുടെ സിദ്ധാന്തങ്ങള്‍ തന്നെ അകമേ പരസ്പരവിരുദ്ധമാണെന്നുമല്ലേ അര്‍ഥം? ഇങ്ങനെ ദുര്‍ബലമായ ചട്ടക്കൂടില്‍ നിന്ന്‌കൊണ്ട് ഉന്നയിക്കപ്പെടുന്ന സ്വവര്‍ഗവിവാഹം, ദാമ്പത്യം തുടങ്ങിയ അവകാശങ്ങള്‍അവര്‍ക്ക് വകവെച്ച് കൊടുക്കാനുള്ള അവകാശം സമൂഹത്തിന് ഉണ്ടോ? തീര്‍ച്ചയായും ഇല്ല.

ലൈംഗികതയുടെ പരിധിയെ കുറിച്ചുള്ള ഈ വ്യക്തതയില്ലായ്മയാണ് ലൈംഗികതയെ സത്താവത്ക്കരിക്കുന്നതിന്റെ പ്രധാന പ്രശ്‌നം.സത്താവത്ക്കരിക്കുന്നില്ല എന്നതുകൊണ്ട് തന്നെ ഇസ്്‌ലാമിന് ലൈംഗികതയെ കൃത്യമായി നിര്‍വചിക്കാനും അതിനെ സംരക്ഷിക്കാനുള്ള പരിധി നിശ്ചയിക്കാനും എളുപ്പമാണ്. എന്നാല്‍ സ്വവര്‍ഗപ്രേമികള്‍ ലൈംഗികതയെ സത്താവത്ക്കരിക്കുന്നതിനാല്‍ അതുസംബന്ധമായ നിശ്ചയമോ പരിധിയോ അവര്‍ക്ക് ലഭിക്കുകയുമില്ല. അവര്‍ക്ക് താത്വികമായി എല്ലാ സ്വത്വങ്ങളെയും അംഗീകരിക്കേണ്ടി വരും. അതോടെ മൃഗഭോഗം, ശവഭോഗം തുടങ്ങിയവയെല്ലാം അംഗീകരിക്കേണ്ടതായി വരും.
ഇവിടെ ചിന്തനീയമായ മറ്റൊരു കാര്യം കൂടിയുണ്ട്. സ്വവര്‍ഗമോഹത്തിനും രതിക്കും സാധൂകരണം കണ്ടെത്താനായി ഇസ്്‌ലാമിക പാരമ്പര്യങ്ങളെ വ്യാഖ്യാനിക്കാന്‍ വിഫലശ്രമം നടത്തിയ സ്‌കോട്ട് കൂഗ്ള്‍ തന്റെ അടിസ്ഥാന സിദ്ധാന്തമായി അവതരിപ്പിക്കുന്നത് വൈവിധ്യം ബഹുസ്വരത, എന്നീ ഖുര്‍ആനികാശയങ്ങലെയാണ്. ബഹുസ്വരതയെ ആഘോഷിക്കുന്ന ഗ്രന്ഥമാണ് ഖുര്‍ആന്‍ എന്നതിനാലും, ദൈവം ബഹുസ്വരതെ ഉദ്ദേശിക്കുന്നതിനാലും ആ ബഹുസ്വരത ലൈംഗികതയിലും ദര്‍ശിക്കണമെന്നാണ് അദ്ദേഹം മുന്നോട്ടുവെച്ച സിദ്ധാന്തം. എന്നാല്‍ സ്വവര്‍ഗസ്‌നേഹികളെ സംരക്ഷിക്കാനുള്ള തന്റെ പദ്ധതിയില്‍ അദ്ദേഹം ബൈസെക്ഷ്വലുകളെ ഉള്‍പ്പെടുത്തുന്നില്ല എന്ന് വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. മാത്രമല്ല, ബഹുസ്വരത അടിസ്ഥാനമാക്കിയാണ് അദ്ദേഹം ഖുര്‍ആനിക റിവിഷനിസ്റ്റ് പദ്ധതി അവതരിപ്പിക്കുന്നത് എങ്കില്‍ എന്തുകൊണ്ട് ബൈസെക്ഷ്വലുകളെ ഉള്‍പ്പെടുത്തിയില്ല എന്ന കാരണവും അദ്ദേഹം വിശദീകരിക്കുന്നില്ല.

മനുഷ്യന്‍ അസ്വാഭാവികവും, പ്രവചനാതീതവുമായ പല ലൈംഗിക ചോദനകളും പ്രകടിപ്പിച്ചേക്കാം. എന്നാല്‍ ഈ ലൈംഗികചോദനകള്‍ക്ക് അനുസരിച്ച് മനുഷ്യരുടെ സ്വത്വത്തെ എസ്സെന്‍ഷ്യലൈസ് ചെയ്ത് മനസ്സിലാക്കുന്നതിന് പകരം, ആ എസ്സെന്‍സുകളെ ഒരാളുടെ സ്വത്വത്തിന്റെ പ്രധാന ഘടകമായി മനസ്സിലാക്കുന്നതിന് പകരം അതിനെ കുടുംബം നിലനിര്‍ത്താനും അടിമവിമോചനം എന്ന സാമൂഹിക ആവശ്യം നടപ്പിലാക്കാനുമുള്ള മെക്കാനിസം ആയി നിര്‍ണയിച്ച് ബാക്കി മുഴുവന്‍ നിരാകരിക്കുക എന്ന കര്‍ത്തവ്യമാണ് ഇസ്്‌ലാം നിര്‍വഹിച്ചത്. ഈ കര്‍ത്തവ്യം പടിഞ്ഞാറന്‍ ലോകവീക്ഷണത്തിന് ഒരിക്കലും സാധ്യമല്ല. കാരണം ആത്മം, അപരം, കുടുംബം എന്നിവയെ ഇസ്്‌ലാം കാണുന്നതും ആധുനികത കാണുന്നതും വളരെ വ്യത്യസ്തമായാണ്. ഇസ്്‌ലാം മനുഷ്യന്റെ ആനന്ദത്തെ മാനിക്കുകയും, അതിന് അതിന്റേതായ വഴികള്‍ അംഗീകരിക്കുകയും മനുഷ്യന്റെ കുടുംബ സാമൂഹിക രൂപീകരണം പരമലക്ഷ്യമായി കാണുകയും ചെയ്യുന്നു. എന്നാല്‍ ആധുനികത കുടുംബ സാമൂഹികതയെ മാനിക്കുകയും പരമലക്ഷ്യമായി മനുഷ്യന്റെ ആനന്ദത്തെ പ്രതിഷ്ഠിക്കുകയും ചെയ്യുന്നു. ഇസ്്‌ലാം ആനന്ദത്തെ കെട്ടഴിച്ചു വിടാതെ അതിനെ മാന്യമായി കുടുംബ വ്യവസ്ഥയുടെ നിലനില്പിന്റെ നിദാനമായി നിലനിര്‍ത്തുന്നു. ആധുനിക ലോകവീക്ഷണം കുടുംബ, സമൂഹഭദ്രതതെ പോലും തകര്‍ക്കുന്ന വിധത്തില്‍ ആനന്ദത്തെ കെട്ടഴിച്ചു വിടുകയും ചെയ്യുന്നു. ഇസ്്‌ലാം ആത്മത്തെ (self) മാനിക്കുന്നതോടൊപ്പം അപരനും (other) കൂടി ചേര്‍ന്നുണ്ടാവുന്ന സാമൂഹികവ്യവസ്ഥയെ ആണ് ഊന്നുന്നത്. എന്നാല്‍ അധുനികത ആത്മത്തിന്റെ പരമമായ അധികാരം, അതിന്റെ പ്രയോഗം, അതിന്റെ പരമമായ ആനന്ദം എന്നിവയിലാണ് ഊന്നുന്നത്. ഈ ഊന്നലുകളിലുള്ള വ്യത്യാസം ആണ് മനുഷ്യന്റെ നാഗരികതയെ നിര്‍ണയിക്കുന്നത്.

പടിഞ്ഞാറന്‍ നാഗരികതയില്‍ ഒരു ബാഹ്യശക്തിക്കും വഴങ്ങാത്ത, പരമാധികാരിയായ ഒന്നാണ് മനുഷ്യന്റെ ആത്മം. അതിനെ പരമാവധി കെട്ടഴിച്ചുവിടണമെന്നും ദൈവം, പാരമ്പര്യം തുടങ്ങിയ നിയന്ത്രണങ്ങളില്‍ നിന്നും അതിനെ വിമോചിപ്പിക്കണം എന്നുമാണ് നീഷേയും, സാര്‍ത്രും എല്ലാം അടങ്ങുന്ന പടിഞ്ഞാറന്‍ ദര്‍ശനം നിര്‍ദ്ദേശിക്കുന്നത്. അങ്ങനെ കയറൂരി വിടപ്പെട്ട ആത്മത്തിന്റെ പ്രതിഫലനം ആണ്”സമ്മതം” എന്ന് ടോളിഡോ യൂണിവേഴ്‌സിറ്റിയിലെ പ്രമുഖ പണ്ഡിതനായ ഒവാമിര്‍ അന്‍ജും തന്റെ”ഇസ്്‌ലാം ആന്റ്് ഹോമോസെക്ഷ്വാലിറ്റി” എന്ന ലേഖനത്തില്‍ നിരീക്ഷിക്കുന്നുണ്ട്. സമ്മതമുണ്ടെങ്കില്‍ ആരുമായും ഏതുതരം ലൈംഗികതയും ആവാം എന്ന സിദ്ധാന്തം ഉരുത്തിരിയുന്നത് അങ്ങനെയാണ്. ഈ അടിത്തറയില്‍ നിന്നുകൊണ്ടാണ് സ്വവര്‍ഗലൈംഗികത സ്വാഭാവികവത്ക്കരിക്കപ്പെടുന്നത് (Homonormativity) എന്ന് അദ്ദേഹം വിശദീകരിക്കുന്നു.

പ്രയാസവും ദൈവികനീതിയും

തങ്ങള്‍ക്ക് ജന്മനാ ഉള്ളതാണ് ലൈംഗിക ആഭിമുഖ്യം എന്നും അത് നിയന്ത്രിക്കാന്‍ തങ്ങള്‍ പ്രയാസപ്പെടുന്നുണ്ട് എന്നും, ആ പ്രയാസം അറിയുന്ന ദൈവം തങ്ങളെ ശിക്ഷിക്കുകയില്ല എന്നും സ്വവര്‍ഗരതിക്കാര്‍ സ്ഥിരമായി പറയുന്നത് കേള്‍ക്കാം. എന്നാല്‍ വേദനയും പ്രയാസവും ഒരു സാര്‍വലൗകിക സത്യമാണ്. കറുത്തവര്‍ തൊലി കറുത്തതിന്റെ പേരില്‍ വംശീയ പീഡനം അനുഭവിക്കുന്നു. ജന്മനാ കാലില്ലാത്തവര്‍, ജന്മനാ ബുദ്ധിവളര്‍ച്ച ഇല്ലാത്തവര്‍, ജന്മനാ കാഴ്ച ഇല്ലാത്തവര്‍, കേള്‍വി ഇല്ലാത്തവര്‍ തുടങ്ങിയവരെല്ലാം തങ്ങളുടേതായ പ്രയാസങ്ങളിലൂടെ കടന്നുപോകുന്നു. ന്യൂനപക്ഷങ്ങള്‍, ദരിദ്രര്‍ തുടങ്ങി പലരും അവരുടെ പ്രയാസങ്ങളില്‍ ജീവിക്കുന്നു. ഇവരെല്ലാം പ്രകൃതിയില്‍ ജീവിക്കുന്നില്ലേ? ഇവരുടെയെല്ലാം അസ്തിത്വത്തെ സ്വവര്‍ഗരതിക്കാര്‍ ദൈവശാസ്ത്രപരമായി എങ്ങനെയാണ് വിശദീകരിക്കുക? അതുപോലെ തങ്ങളുടെ അസ്തിത്വത്തെയും വിശദീകരിക്കാന്‍ അവര്‍ക്കാവില്ലേ? ഇവരെല്ലാം അനുഭവിക്കുന്ന പ്രയാസത്തേക്കാള്‍ വ്യത്യസ്തമായ, പ്രത്യേകതയുള്ള പ്രയാസം ആണോ ലെസ്ബിയന്‍, ഗേ തുടങ്ങിയവര്‍ അനുഭവിക്കുന്നത്? ഇവര്‍ മാത്രം ഇവരുടെ സ്വത്വം പ്രത്യേകം ഉന്നയിക്കുന്നത് എന്ത്‌കൊണ്ടാണ്? ആര്‍ത്തവം ഉള്ള സമയത്ത് ലൈംഗികബന്ധം പാടില്ലെന്ന് ഇസ്്‌ലാമിന്റെ നിഷ്‌കര്‍ഷ മുസ്്‌ലിംകള്‍ പാലിക്കുന്നു. സ്വയംഭോഗം ചെയ്യുന്നതും, ഗുദഭോഗവും, അഗമ്യഗമനവും ഇസ്്‌ലാം നിരോധിക്കുന്നു. വിവാഹം കഴിക്കാത്തവരോടുള്ള ലൈംഗിക ബന്ധത്തെ വിലക്കുന്നു. കളവും വഞ്ചനയും, മോഷണവും, പക്ഷപാതിത്തവും ഇസ്്‌ലാം നിരോധിക്കുന്നു. ഇത്തരം വിലക്കുകള്‍ മുഴുവന്‍ ലംഘിക്കാനുള്ള പ്രവണത സ്വാഭാവികമായും മനുഷ്യന് ഉണ്ട്. ഇത്തരം ശക്തമായ ആന്തരിക പ്രേരണയെ മറികടന്ന് പ്രയാസങ്ങള്‍ അനുഭവിച്ച് തന്റെ ആത്മത്തോട് പോരടിച്ച് നിന്നിട്ടാണ് സത്യവിശ്വാസികള്‍ ഉന്നതിയിലേക്ക് ഉയരുന്നത്. ഇവരെല്ലാം അവരുടെ ചോദനകളെ അടക്കിനിര്‍ത്താന്‍ അനുഭവിക്കുന്ന പ്രയാസത്തേക്കാള്‍ വ്യത്യസ്തവും മറികടക്കാനാവാത്തതുമായ പ്രയാസമാണോ സ്വവര്‍ഗമോഹികള്‍ അനുഭവിക്കുന്നത്? അല്ല എന്നാണ് ലളിതമായ ഉത്തരം.മനുഷ്യരില്‍ നൈസര്‍ഗികമായി തന്നെ ഉള്ള ഇത്തരം പ്രേരണകള്‍ ഉണ്ടായിരിക്കെ തന്നെ അവയെ ചെറുത്തുതോല്‍പ്പിക്കാന്‍ മനുഷ്യനോട് ദൈവം കല്പിച്ചതിനെ ഹോമോസെക്ഷ്വലുകള്‍ ദൈവശാസ്ത്രമായി വിശദീകരിക്കാന്‍ തയ്യാറാണോ? ഉണ്ടെങ്കില്‍ അതേ രീതിശാസ്ത്രമുപയോഗിച്ചാണ് അവരുടെ സ്വലിംഗമോഹത്തെ അവര്‍ വിശദീകരിക്കേണ്ടത്. മാത്രമല്ല ഇസ്്‌ലാമില്‍ സ്വവര്‍ഗപ്രേമികളോട് പ്രത്യേകമായ ഒരു വിരോധം ഇല്ല എന്നും ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതുണ്ട്. മനുഷ്യന്റെ നൈസര്‍ഗിക ചോദനകളില്‍ അധമമായതും ഉത്തമമായതും ഉണ്ട്. അവയില്‍ അധമമായതിനെ മറികടക്കുകയും ഉത്തമമായത് നിലനിര്‍ത്തുകയും ചെയ്യുക എന്നതാണ് വിശ്വാസിയുടെ ഉത്തരവാദിത്തം. ആ പ്രക്രിയയില്‍ അവന്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ തന്നെ അവന് മുസ്്‌ലിമായി തുടരാം. എന്നാല്‍ മുസ്ലിമായ സ്വവര്‍ഗമോഹി, മുസ്്‌ലിമായ മദ്യപാനി തുടങ്ങിയ പ്രത്യേക സ്വത്വം വകവെച്ചുകൊടുക്കുന്നത് തീര്‍ത്തും അനിസ്ലാമികമാണ്. സ്വന്തം ആഗ്രഹങ്ങളെ ദൈവത്തിന് വേണ്ടി വേണ്ടെന്ന് വെക്കുക എന്നതു തന്നെയാണ് വിശ്വാസത്തിന്റെ കാതല്‍.

സ്വവര്‍ഗമോഹികള്‍ എന്നു പറഞ്ഞ് രംഗത്തുവരുന്നവര്‍ തങ്ങളെ ഗുദഭോഗവുമായി ചേര്‍ത്തു മനസ്സിലാക്കരുതെന്നും, പ്രണയമാണ് ലൈംഗികതയല്ല ഞങ്ങളുടെ ലക്ഷ്യമെന്നും പരിതപിക്കാറുണ്ട്. ഇസ്്‌ലാം ആഗ്രഹങ്ങളെ അടിച്ചമര്‍ത്താന്‍ ആവശ്യപ്പെടുന്നു എന്ന് നിര്‍ദ്ദേശിക്കുമ്പോള്‍, പിന്നെ ഞങ്ങളുടെ ലൈംഗിക മോഹങ്ങളെ ആരു പരിഹരിക്കും എന്നു ചോദിക്കുന്ന അതേ ആളുകളാണ് തങ്ങളുടെ ലക്ഷ്യം ലൈംഗികതയല്ലെന്ന് പറഞ്ഞ് രംഗത്തുവരുന്നതെന്നാണ് വിരോധാഭാസം. മാത്രമല്ല, മനുഷ്യര്‍ തമ്മിലുള്ള പ്രണയത്തിന്റെ പരമമായ ആവിഷ്‌കാരത്തില്‍ നിന്നും ലൈംഗികതയേ ഒഴിച്ചു നിര്‍ത്താനാവുമോ.? ലൈംഗികതയെ മാറ്റി നിര്‍ത്തുന്ന പ്രണയത്തിന്റെ പാരമ്യം എന്തായിരിക്കും.?

അവലംബം:

1. John D. DeLamater, Janet Shibley Hyde, Essentialism vs. Social Constructionism in the Study of Human Sexuality
2. Owamir Anjum, Islam and Homosexuality
3. Mobin Void, Can Islam Accommodate Homosexual Acts? Quranic revisionism and the case of Scott Kugle
4. Ali pour, Essentialism and Islamic Theology of Homosexuality: A critical reflection on an Essentialist Epistemology toward Same-sex desires and Acts in Islam

റശീദ് ഹുദവി ഏലംകുളം

ഹെഡ്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റഡി ഓഫ് റിലീജ്യണ്‍
ദാറുല്‍ ഹുദാ ഇസ്്‌ലാമിക് യൂണിവേഴ്‌സിറ്റി

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.