Thelicham

മുസ്ലിംകളും അംബേദ്കറും തമ്മിലെന്ത്? (അഥവാ മുസ്ലിം രാഷ്ട്രീയവും അംബേദ്കറൈറ്റ് രാഷ്ട്രീയവും തമ്മില്‍ ചേര്‍ന്നുപോവുന്നതെങ്ങനെ?)

മുസ്ലിം രാഷ്ട്രീയവും ദലിത് രാഷ്ട്രീയവും തമ്മില്‍ ഒരു തരത്തിലും ചേരില്ല എന്നും ദലിത്-മുസ്ലിം ഐക്യം എന്നൊരാശയം മുന്നോട്ടുവയ്ക്കാന്‍ ശ്രമിക്കുന്നവര്‍ ചില താത്കാലിക രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കു വേണ്ടി ‘തട്ടിക്കൂട്ടുന്ന’ ഒന്നാണ് ആ സാങ്കല്പിക ഐക്യം എന്നുമൊക്കെ പൊതുവെ ഇടത്തും വലത്തുമുള്ള മുഖ്യധാരാ രാഷ്ട്രീയത്തില്‍ നില്‍ക്കുന്നവര്‍ ഇടയ്ക്കിടയ്ക്ക് അഭിപ്രായപ്പെടാറുണ്ട്. അംബേദ്കര്‍ നടത്തിയിട്ടുള്ള ‘മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങള്‍’ ആണ് അതിന് ഒരു കാരണമായി അവര്‍ ചൂണ്ടിക്കാണിക്കാറുള്ളത്. വിശേഷിച്ചും ‘പാകിസ്താന്‍ അല്ലെങ്കില്‍ ഇന്ത്യയുടെ വിഭജനം’ (‘Pakistan, or, The Partition of India’) എന്ന പേരില്‍ അദ്ദേഹം 1941-ലെഴുതിയ പുസ്തകത്തില്‍ നിന്നുള്ള ചില ഭാഗങ്ങള്‍ ഉദ്ധരിച്ചുകൊണ്ട്.

അതുപോലെത്തന്നെ മറുവശത്ത്, മുസ്ലിംകളുടെ ‘ദലിത് വിരുദ്ധത’യും ഇന്ത്യന്‍ മുസ്ലിംകള്‍ക്കിടയിലെ ജാതീയതയും എല്ലാം ഇത്തരം ഐക്യശ്രമങ്ങള്‍ക്ക് വിലങ്ങുതടിയായി സൂചിപ്പിക്കപ്പെടാറുമുണ്ട്. ഇന്ത്യന്‍ മുസ്ലിംകളിലെ വരേണ്യതയ്ക്കെതിരെ ഉത്തരേന്ത്യയിലെ പിന്നാക്ക/ പാസ്മാണ്ട മുസ്ലിംകളുടെ പാസ്മാണ്ട മൂവ്‌മെന്റ് നടത്തുന്ന വിമര്‍ശനങ്ങളും അവരുടെ അവകാശ പോരാട്ടങ്ങളും പ്രസക്തമാണ്. ദലിത്-മുസ്ലിം രാഷ്ട്രീയ ഐക്യ ശ്രമങ്ങളെ അടിക്കാനുള്ള ഒരു വടിയെന്ന നിലയില്‍ കേരളത്തിലടക്കം പലരും അതെടുത്തു വീശാറുമുണ്ട്.

ഇത്തരം പല ചോദ്യങ്ങളെ അഭിമുഖീകരിച്ചും അതില്‍ ചിലതിനൊക്കെ ഉത്തരം തേടാന്‍ ശ്രമിച്ചും ഒക്കെ വേണം മുസ്ലിം രാഷ്ട്രീയവും അംബേദ്കറൈറ്റ് രാഷ്ട്രീയവും തമ്മില്‍ ബന്ധം സാധ്യമാണോ, ആണെങ്കില്‍ എങ്ങനെ എന്നൊക്കെയുള്ള കാര്യത്തില്‍ ഒരു വ്യക്തത വരുത്താന്‍ ശ്രമിക്കേണ്ടത് എന്നു തോന്നുന്നു. അത് കാലികമായ ഒരു രാഷ്ട്രീയ ചോദ്യമാണ് എന്നതുകൊണ്ട് തന്നെ അക്കാര്യത്തില്‍ ഒരു ‘അവസാന തീര്‍പ്പ്’ കല്പിക്കാനല്ല ഞാന്‍ ശ്രമിക്കുന്നത്, പ്രധാനപ്പെട്ടതെന്ന് തോന്നുന്ന ചില വിഷയങ്ങള്‍ ചര്‍ച്ചയ്ക്കെടുക്കാനും എന്റെ ചിന്തകള്‍ അവതരിപ്പിക്കാനും മാത്രമാണ്. വിശേഷിച്ച് ‘വാരിയംകുന്നന്‍’ സിനിമ പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട് മലബാര്‍ കലാപത്തെക്കുറിച്ചും മുസ്ലിംകളെക്കുറിച്ചുമുള്ള അംബേദ്കറുടെ പരാമര്‍ശങ്ങള്‍ / നിരീക്ഷണങ്ങള്‍ വലിയ വിവാദമായി നില്‍ക്കുന്ന സമയമായതുകൊണ്ട് അതില്‍ നിന്നു തന്നെ തുടങ്ങാം.

മലബാര്‍ കലാപ/ വിപ്ലവ വായനകള്‍: അംബേദ്കറുടെ ഇസ്ലാമോഫോബിയ?

സംഘ്പരിവാര്‍ കേന്ദ്രങ്ങളും വാട്‌സാപ്പ് യൂണിവേഴ്സിറ്റിയും ‘വാരിയംകുന്നന്‍’ സിനിമ പ്രഖ്യാപിച്ച ദിവസം തൊട്ടു തന്നെ അംബേദ്കറുടെ പേരിലുള്ള/ അദ്ദേഹം എഴുതിയ ഒരു പേജ് വാട്‌സാപ്പിലും ഫെയ്സ്ബുക്കിലും വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ‘മൃഗീയവും അനിയന്ത്രിതവുമായ കാട്ടാളത്തം’ എന്ന ഒരു തലക്കെട്ടും ആ പേജിനുണ്ടായിരുന്നു. എന്നാല്‍ ആ പേജ് ഇപ്പോള്‍ ഷെയര്‍ ചെയ്യപ്പെടുന്ന രൂപത്തില്‍ അംബേദ്കറുടെ പുസ്തകത്തില്‍ ഇല്ല എന്നും ഇപ്പോള്‍ പ്രചരിക്കുന്ന പേജിനു ഒരു ആമുഖ പാരഗ്രാഫ് ഉണ്ട് എന്നും ‘ഇന്ത്യ ഗവണ്‍മെന്റ് ആക്ട് പ്രകാരംബ്രിട്ടീഷ് വൈസ്രോയി തന്റെ അധികാരികള്‍ക്കയച്ച റിപ്പോര്‍ട്ടില്‍ താഴെ പറയുന്ന വസ്തുതകളുണ്ട്….’ എന്നു പറഞ്ഞ് അംബേദ്കര്‍ ക്വോട്ട് ചെയ്യുന്ന ഒരു ഭാഗമാണ് അത് എന്നും ശ്രീ. അജയ് കുമാര്‍ അടക്കമുള്ള ദലിത് ആക്റ്റിവിസ്റ്റുകള്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഈ വിഷയത്തില്‍ ജെഎന്‍യുവിലെ ഗവേഷണ വിദ്യാര്‍ത്ഥി ഉമ്മുല്‍ ഫായിസ ഇങ്ങനെ നിരീക്ഷിക്കുന്നു :

‘അംബേദ്കറെ സന്ദര്‍ഭത്തില്‍ നിന്നടര്‍ത്തി മാറ്റി മുസ്ലിം വിരുദ്ധനാക്കുന്നവര്‍ക്ക് മുസ്്‌ലിം പഠനങ്ങളുടെ രീതിശാസ്ത്രത്തെക്കുറിച്ച് എന്തെങ്കിലും അറിവുണ്ടോ?
ചില സൂചനകള്‍ നല്‍കാന്‍ ശ്രമിക്കാം.

അംബേദ്കറുടെ മുസ്ലിം വായന textual fundamentalism അല്ല. ചില സന്ദര്‍ഭങ്ങളിലേക്ക് അംബേദ്കര്‍ എന്ന textനെയും അംബേദ്കറുടെ textനെയും ലഘൂകരിക്കാന്‍ കഴിയില്ല. ഇബ്‌നു ഖല്‍ദൂന്‍ വായനകള്‍ മുതല്‍ ജീവിച്ചിരിക്കുന്ന മെറോക്കന്‍ തത്വചിന്തകനായ താഹാ അബ്ദുറഹ്മാന്‍ അടക്കമുളളവര്‍ വ്യക്തമാക്കുന്ന ഒരു കാര്യമുണ്ട്. ആധുനിക മുസ്്‌ലിം ചിന്തക്ക് ദൈവശാസ്ത്രം, സാമൂഹ്യശാസ്ത്രം എന്ന രണ്ടു രീതികളുണ്ട്. ഹാമിദ് ദബാഷി, സല്‍മാന്‍ സയ്യിദ്, ഫരീദ് ഇസാക്ക്, സാദിയ ഷെയ്ഖ് തുടങ്ങി നിരവധി ഇസ്്‌ലാമിക ചിന്തകരും തലാല്‍ അസദ്, സബ മഹ്മൂദ്, വാഇല്‍ ഹല്ലാഖ് തുടങ്ങിയ ഗവേഷകരും ഇതു വ്യത്യസ്ത രീതിയില്‍ വിശദീകരിക്കുന്നുണ്ട്.

അംബേദ്കറുടെ മുസ്്‌ലിം സാമൂഹ്യശാസ്ത്ര സമീപനങ്ങളെ രണ്ടായി തരം തിരിക്കാം. ഒന്നാമത്തെ സമീപനത്തെ ഹോളിസ്റ്റിക് എന്നും രണ്ടാമത്തെ സമീപനത്തെ സ്‌പെസിഫിക് എന്നും വിളിക്കാം.
ഒന്ന്) ന്യൂനപക്ഷ പ്രശ്‌നങ്ങള്‍, ദേശീയത, മതം, സമുദായം, സ്വയം സംഘാടനം തുടങ്ങിയ പ്രശ്‌നങ്ങളില്‍ അദ്ദേഹം മുസ്്‌ലിം ഓട്ടോണമിയെ പൊതുവായി അംഗീകരിക്കുന്നുണ്ട്. ഈ ഹോളിസ്റ്റിക് സമീപനം മുസ്്‌ലിം ന്യൂനപക്ഷ രാഷ്ട്രീയം സമം വര്‍ഗീയത എന്ന ഇടതു/ ലിബറല്‍/ സെക്കുലര്‍/ ഹിന്ദുത്വ വായനകളില്‍ നിന്ന് വ്യത്യസ്തമാണ്.

രണ്ട് ) പര്‍ദ്ദ, ആചാരം തുടങ്ങിയ സവിശേഷ വിഷയങ്ങളില്‍ മുസ്്‌ലിംകളോടു ഒരു മോഡേണിസ്റ്റ് രീതിയില്‍ അംബേദ്കര്‍ വിഷയാധിഷ്ഠിതമായും സ്‌പെസിഫിക്കായും വിയോജിച്ചിട്ടുണ്ട്.
പര്‍ദ്ദ അടക്കമുള വിഷയങ്ങളില്‍ ഫ്രാന്‍സ് ഫാനന്‍ അടക്കമുള്ള ചിന്തകരെക്കൂടി വായിച്ചാണ് അംബേദ്കറുടെ പുനര്‍വായന നടത്തേണ്ടതെന്നു എം എസ് എസ് പാണ്ഡ്യന്‍ ഒരിക്കല്‍ സൂചിപ്പിച്ചിരുന്നു. മുസ്്‌ലിംകളുടെ മതപരതയെ ക്രിയേറ്റീവായി വായിക്കുന്ന കാഞ്ച ഐലയ്യയുടെ രീതിശാസ്ത്രം ഈ അര്‍ഥത്തില്‍ ആലോചിക്കാവുന്നതാണ്.

ചില സൂചനകളിലൊതുങ്ങുന്ന ഈ എഴുത്തിനെ മുഴുവനായി വിശദീകരിക്കാന്‍ ഞാന്‍ ശ്രമിക്കുന്നില്ല. മുസ്ലിംകളോട് വിഷയാധിഷ്ഠിതമായ വിയോജിപ്പുകള്‍ നിലനിര്‍ത്തിയപ്പോള്‍ത്തന്നെ മുസ്ലിം ഓട്ടോണമിയെയും മുസ്ലിം രാഷ്ട്രീയത്തെയും അദ്ദേഹം അംഗീകരിച്ചിരുന്നു എന്നാണ് ഇതില്‍ പ്രധാനമായും പറയാന്‍ ശ്രമിക്കുന്നത്. പിന്നാക്ക ജാതിക്കാര്‍ക്കും ദലിതര്‍ക്കും മുസ്ലിംകള്‍ക്കും എല്ലാം പ്രത്യേകം electorate (നിയോജകമണ്ഡലം) വേണമെന്നു പറയുന്ന ‘കമ്മ്യൂണല്‍ അവാര്‍ഡ്’ എന്ന ആശയത്തെ അംബേഡ്കര്‍ അനുകൂലിച്ചിരുന്നു എന്നതും ഗാന്ധി അതിനെതിരെ മരണം വരെ നിരാഹാരം അനുഷ്ഠിച്ചതും എല്ലാം ഇതോടൊപ്പം ഓര്‍ക്കാവുന്നതാണ്. ഒടുവില്‍ ഗാന്ധിയുടെ നിര്‍ബന്ധത്തിനു വഴങ്ങി കമ്മ്യൂണല്‍ അവാര്‍ഡ് വേണ്ടെന്നുവയ്ക്കുകയായിരുന്നു, അതാണ് (കു)പ്രസിദ്ധമായ പൂനാ പാക്റ്റ് (1932).
മറ്റൊരു പോസ്റ്റില്‍ ഉമ്മുല്‍ ഫായിസ ഒരു കാര്യം കൂടി സൂചിപ്പിക്കുന്നു :

‘1940-ല്‍ പാക്കിസ്ഥാന്‍ വാദത്തിന്റെ പൂര്‍ത്തീകരണത്തിനു ശേഷം – ലാഹോര്‍ റെസൊല്യൂഷന്‍ – പുറത്തിറങ്ങിയ പഠനമാണ് പാകിസ്ഥാന്‍ ഓര്‍ പാര്‍ട്ടീഷന്‍ ഓഫ് ഇന്ത്യ. തോട്ട്‌സ് ഓണ്‍ പാകിസ്ഥാന്‍ എന്ന പേരിലാണ് പ്രസ്തുത പഠനം 1941 ല്‍ ആദ്യം പുറത്തിറങ്ങിയത്. ഇതിലാണ് മലബാര്‍ സമരത്തെ പറ്റി പ്രതിപാദിക്കുന്നത്.

നമ്മുടെ ഇന്നത്തെ ആകാംക്ഷകള്‍ മുഴുവന്‍ പ്രസ്തുത പഠനത്തിലേക്കു ഒട്ടും സന്ദര്‍ഭവും സാഹചര്യവും മനസ്സിലാക്കാതെ ആരോപിക്കാന്‍ കഴിയുമോ? കൗതുകകരം എന്നു പറയട്ടെ പാകിസ്ഥാന്‍ വാദത്തെ അനുകൂലിക്കുന്ന ഗ്രന്ഥമായാണ് അന്നത്തെ മുസ്ലിം ലീഗുകാര്‍ ഈ പഠനത്തെ കണ്ടത്. ഇന്ന് സംഘ പരിവാര്‍ വംശീയവാദികളും അംബേദ്കര്‍ വിരുദ്ധരും മുസ്ലിം വിരുദ്ധരും കരുതുന്നത്ര ലളിതമല്ല ഈ ഗ്രന്ഥത്തിന്റെ സംവാദ മണ്ഡലം. 1952ല്‍ അംബേദ്കര്‍ ഇലക്ഷനില്‍ തോറ്റതു പോലും അദ്ദേഹം പാകിസ്ഥാന്‍ വാദത്തെ പ്രതി ഇന്ത്യന്‍ ദേശീയബോധത്തോടു ഇടഞ്ഞതിനാലാണെന്നു ആനന്ദ് തെല്‍തുംബ്ഡെ നിരീക്ഷിക്കുന്നുണ്ട്. പാകിസ്ഥാന്‍ വാദത്തിനെതിരെ ഉയര്‍ന്നുവന്ന നിലാപാടുകളെ പരിശോധിക്കുന്ന അംബേദ്കര്‍ മലബാറിനെപ്പറ്റി പറയുന്ന അധ്യായത്തില്‍ ഗാന്ധിയുടെ ഹിന്ദു- മുസ്്‌ലിം യൂനിറ്റി എന്ന നിലപാടിനെതിരെ ഹിന്ദു- മുസ്്‌ലിം കോണ്‍ഫ്‌ളിക്റ്റ് എന്ന സമീപനമാണ് ഉയര്‍ത്തി പിടിച്ചത്.

രാഷ്ട്രീയ ചിന്തകന്‍ എന്ന നിലയില്‍ ഫ്രീഡവും യുനിറ്റിയും തമ്മില്‍ ഒത്തു പോകില്ലെന്ന നിലപാടുള്ളയാളായിരുന്നു അംബേദ്കര്‍. ബ്രിട്ടീഷ് രേഖകള്‍ തന്നെ ഉപയോഗിച്ചു മലബാര്‍ സമരം അടക്കം ഹിന്ദു- മുസ്്‌ലിം യൂനിറ്റിക്കെതിരായ ഉദാഹരണങ്ങളായി വികസിപ്പിച്ച് പാകിസ്ഥാന്‍ വാദത്തിനു അംബേദ്കര്‍ പിന്തുണ നല്‍കുകയായിരുന്നുവെന്നു അനുമാനിക്കാം.
ഇതിനകത്ത് മറ്റൊരു താല്‍പര്യവും ഉണ്ട്. ഹിന്ദു- മുസ്ലിം പ്രശ്‌നം 1931-ലെ റൗണ്ട് ടേബിള്‍ സമ്മേളനത്തിനു ശേഷം വലിയ പ്രസക്തി കൈവരികയും പടി പടിയായി ഒരു ദശകത്തിനുള്ളില്‍ മുസ്ലിം പ്രശ്‌നം പാകിസ്ഥാന്‍ വാദത്തിലേക്കെത്തുകയും ചെയ്തു. അതിനാല്‍ പൂനെ കരാറിന്റെ കേടുപാടുകള്‍ തീര്‍ത്ത് ഹിന്ദു ഫോള്‍ഡില്‍ നിന്നു മാറി നടക്കാന്‍ അയിത്തജാതിക്കാര്‍ക്ക് കിട്ടുന്ന അവസരമായാണ് അംബേദ്കര്‍ പാകിസ്ഥാന്‍ വാദത്തെ കണ്ടത്.

ഫൈസല്‍ ദേവ്ജി ‘പൊളിറ്റിക്‌സ് ഓഫ് ഇന്ററസ്റ്റ്’ എന്ന രീതിയിലാണ് ഈ അംബേദ്കര്‍ പാഠത്തെ കാണുന്നത്. രാഷ്ട്രീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന ഒരു ടെക്സ്റ്റായി പാകിസ്ഥാന്‍ ഓര്‍ പാര്‍ട്ടീഷന്‍ ഓഫ് ഇന്ത്യയെ വായിക്കാമെന്നു ദേവ്ജി ഒരിക്കല്‍ സൂചിപ്പിച്ചത്.

പാകിസ്ഥാന്‍ ഉണ്ടാവുന്നതിലൂടെ ഹിന്ദു- മുസ്ലിം പ്രശ്‌നം അവസാനിക്കുകയും അയിത്ത ജാതിക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് ഹിന്ദു എന്ന വ്യവഹാരത്തിനു പുറത്ത് പുതിയ ഇന്ത്യന്‍ ദേശരാഷ്ട്രത്തില്‍ വ്യത്യസ്തമായ ഒരു ഇടം കൈവരികയും ചെയ്യും എന്നും അംബേദ്കര്‍ പ്രത്യാശിച്ചിരുന്നു.

ആ പോസ്റ്റിലെഴുതിയ ഒരു കമന്റില്‍ ശ്രീ. താഹിര്‍ ജമാല്‍ അതിനോട് ഇങ്ങനെ കൂട്ടിച്ചേര്‍ക്കുന്നു : ‘Pakistan or partition of India എന്ന അംബേദ്കറുടെ പഠനത്തെ മുന്‍ നിര്‍ത്തിയാണ് അംബേദ്കറുടെ മുസ്്‌ലിംകളുമായുള്ള ഇടപെടലുകളെ അധികവും ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളത്. പ്രസ്തുത പഠനത്തിന്റെ അവസാന ഭാഗത്തു പറയുന്ന പോലെ, ഒരു വിഷയത്തിന്റെ ഇരു വശങ്ങളും പറയുന്ന രീതിയാണ് അതില്‍ അംബേദ്കര്‍ ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ, ഈ പഠനം മാത്രം മുന്നില്‍ വെച്ച് കൊണ്ട് തരാതരം പോലെ മുസ്്‌ലിം ഫ്രണ്ട്ലി ആയിട്ടും ആന്റി-മുസ്്‌ലിം ആയിട്ടും അംബേദ്കറെ വായിക്കാന്‍ എളുപ്പമാണ്. അതിനുള്ള ഉദ്ധരണികളും വേണ്ട പോലെ എളുപ്പത്തില്‍ ലഭിക്കും. പ്രസ്തുത പഠനം മുന്നില്‍ വെച്ച് കൊണ്ടുള്ള വായനകളുടെ പ്രധാന പരിമിതിയും അത് തന്നെയാണ്.

അംബേദ്കര്‍ ഇന്ത്യയുടെ വിഭജനത്തിനനുകൂലമായി വാദിക്കുമ്പോള്‍ ആ വാദത്തിന് ശക്തി പകരുന്നതിനു വേണ്ടിയാണ് മലബാര്‍ കലാപത്തെപ്പറ്റിയുള്ള ബ്രിട്ടീഷ് രേഖകള്‍ അതേപടി ഉദ്ധരിച്ച് മുസ്ലിംകളും ഹിന്ദുക്കളും കൂടി ഒരുമിച്ച് ഒരിടത്ത് ജീവിക്കുക പ്രയാസമാണെന്ന് വാദിക്കാന്‍ ശ്രമിച്ചത് എന്നാണ് ഫായിസയുടെ ഈ പോസ്റ്റിലെയും താഹിര്‍ ജമാലിന്റെ കമന്റിലെയും സൂചന. അത് അങ്ങനെയായിരിക്കാന്‍ വഴിയുണ്ട് എന്നുതന്നെയാണ് ആ പുസ്തകം വായിക്കുമ്പോള്‍ തോന്നുന്നത്, എന്നാല്‍ അങ്ങനെയാണെങ്കില്‍ത്തന്നെ ഇന്ത്യയിലെ യാഥാര്‍ത്ഥ്യങ്ങള്‍ പലതും നേരിട്ടറിയുന്ന ഒരു ബുദ്ധിജീവി കൂടിയായ അദ്ദേഹം തികച്ചും നിരുത്തരവാദപരമായ രീതിയില്‍ ഇത്രയ്ക്ക് ‘എളുപ്പം നോക്കാന്‍’ പാടുണ്ടായിരുന്നോ എന്നതും ചോദ്യമാണ്.

കെ വി എം മുഹമ്മദ് ഫഹീം ഇങ്ങനെ അത് ചോദിക്കുന്നു :
‘അംബേദ്കറുടെ മുസ്്‌ലിം രാഷ്ട്രീയത്തോട് ഉള്ള സമീപനം മലബാര്‍ വിപ്ലവത്തെ കുറിച്ചുള്ള അനാലിസിസിലൂടെ മാത്രമല്ല മനസ്സിലാക്കേണ്ടത് എന്ന് അംഗീകരിച്ചുകൊണ്ട് തന്നെ ചില കാര്യങ്ങള്‍ പറയേണ്ടതുണ്ട് എന്ന് തോന്നുന്നു. അംബേദ്കര്‍ ഉദ്ദേശിച്ചത് ‘അതല്ല-ഇതാണ്’ എന്നൊക്കെ പറഞ്ഞുള്ള പല പോസ്റ്റുകളും കണ്ടത് കൊണ്ട് മാത്രമാണ് ഇത് എഴുതുന്നത്.
1) മലബാര്‍ വിപ്ലവത്തിന് എതിരായി ഒരു ടെക്‌സ്ച്വല്‍ ഹിസ്റ്ററി നിര്‍മിക്കുന്നതില്‍ അംബേദ്കറിന്റെ എഴുത്തിന് പങ്കുണ്ട്.
2) കൊളോണിയല്‍ രേഖകള്‍ പൂര്‍ണ്ണമായി വിശ്വസിക്കാനോ, അവ അതേപടി ഉപയോഗിക്കുന്നതിലൂടെ ചരിത്രത്തെ ബാധിക്കുമെന്ന് മനസ്സിലാവാതിരിക്കാനോ മാത്രം അവിവേകി അല്ലല്ലോ ജൈവിക ബുദ്ധിജീവി ആയ അംബേദ്കര്‍.
3) 18 ഒക്ടോബര്‍ 1921 ന് ദി ഹിന്ദുവില്‍ പ്രസിദ്ധീകരിച്ചു വന്ന വാരിയംകുന്നത്തിന്റെ കത്ത് അംബേദ്കറിനെ പോലൊരു ഗവേഷകന്‍ പരിഗണിച്ചില്ല എന്നതും പ്രശ്‌നമാണ്.
4) ഗാന്ധിജിയുടെ ഹിന്ദു-മുസ്്‌ലിം യൂനിറ്റി എന്ന ഫിലോസഫിക്ക് കൗണ്ടര്‍ ആയി ഹിന്ദു മുസ്്‌ലിം കോണ്‍ഫ്‌ളിക്റ്റ് ആണ് നിലനില്‍ക്കുന്നത് എന്ന് കാണിക്കാന്‍ ശ്രമിക്കുകയും അത് വഴി പാകിസ്ഥാന്‍ വാദത്തെ അനുകൂലിക്കുകയുമാണ് അംബേദ്കര്‍ ചെയ്തത് എന്നൊരു വായന കണ്ടിരുന്നു. കൊളോണിയല്‍ ഗവണ്മെന്റിന്റെ രേഖകള്‍ മാത്രം അടിസ്ഥാനമാക്കി, മാപ്പിളമാരെ ഗര്‍ഭിണികളെ വരെ ആക്രമിക്കുന്ന ക്രൂരന്മാരായി ചിത്രീകരിക്കുന്നതിന് പകരം മുസ്്‌ലിംകള്‍ ഹിന്ദുത്വ ശക്തികളില്‍ നിന്ന് നേരിടുന്ന യഥാര്‍ത്ഥ വിവേചനങ്ങളെ കാണിച്ച് കൊണ്ടല്ലേ രീിളഹശര േവ്യക്തമാക്കേണ്ടത്.
5) 1850കള്‍ മുതല്‍ നിരന്തരമായി കൊളോണിയല്‍ ആധിപത്യത്തെ പ്രതിരോധിക്കുകയും അതിനാല്‍ തന്നെ കാലങ്ങളോളം ബ്രിട്ടീഷുകാര്‍ വേട്ടയാടുകയും ചെയ്തിട്ടുള്ള ഒരു പ്രദേശത്തേയും സമുദായത്തെയും കേവലം ഫാണാട്ടിക്കുകള്‍ മാത്രമായി ഒതുക്കുക തന്നെയല്ലേ അംബേദ്കര്‍ മലബാര്‍ വിപ്ലവത്തിന്റെ അനാലിസിസിലൂടെ ചെയ്യുന്നത്.

അംബേദ്കര്‍ മലബാര്‍ വിപ്ലവത്തോട് കാണിച്ചത് അനീതിയാണെന്ന് അംഗീകരിച്ചാല്‍ എന്താണ് പ്രശ്‌നം എന്നാണ് എനിക്ക് മനസ്സിലാവാത്തത്. അംബേദ്കര്‍ മാത്രമല്ല ദേശീയ രാഷ്ട്രീയത്തിലെ അന്നത്തെ ബഹുഭൂരിപക്ഷം നേതാക്കളും മലബാര്‍ വിപ്ലവത്തോടും മാപ്പിളമാരോടും കാണിച്ചത് അനീതിയാണ്. അത് അംഗീകരിക്കുക എന്നതാണ് ശരിയായ രാഷ്ട്രീയം എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

അതിനോട് ഞാന്‍ യോജിക്കുകയും ചെയ്യുന്നു. ഒരിക്കലും തെറ്റുപറ്റാത്ത/ തെറ്റു പറ്റാനിടയില്ലാത്ത ഒരാളെന്ന നിലയിലല്ല അംബേദ്കറുടെ പ്രാധാന്യത്തെ നാം മനസ്സിലാക്കേണ്ടത് എന്നു തോന്നുന്നു. മര്‍ദ്ദിത ജനങ്ങളുടെ ആത്മാഭിമാനം, അവര്‍ക്ക് അധികാരത്തിലുണ്ടാവേണ്ട പങ്കാളിത്തം തുടങ്ങിയ കാര്യങ്ങളില്‍ അദ്ദേഹം നടത്തിയ കൃത്യമായ നിരീക്ഷണങ്ങളും ഇടപെടലുകളും ഈ തെറ്റുകളെക്കൊണ്ട് റദ്ദ് ചെയ്യപ്പെടാവുന്നതല്ല താനും.

പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിലെ ഗവേഷക വിദ്യാര്‍ത്ഥിയും അംബേദ്കറൈറ്റുമായ ശ്രുതീഷ് കണ്ണാടി ഇങ്ങനെ നിരീക്ഷിക്കുന്നു:

‘വാരിയംകുന്നന്‍’ സിനിമയുടെ പശ്ചാത്തലത്തില്‍ അംബേദ്കറെ മുസ്്‌ലിം രാഷ്ട്രീയത്തിന്റെ മറുഭാഗത്ത് പ്രതിഷ്ഠിച്ചുകൊണ്ടുള്ള ചര്‍ച്ചകള്‍ ഉയര്‍ത്തിക്കൊണ്ട് വരുന്നത് ഗുരുതരമായ ഒരു പ്രശ്‌നമായാണ് മനസിലാക്കുന്നത്. അംബേദ്കറിന്റെ എഴുത്തില്‍ സംഭവിച്ചിട്ടുള്ള വസ്തുതാപരമായ പിശകുകളെ മുസ്്‌ലിം വിരുദ്ധതയുടെ തലത്തില്‍ അവതരിപ്പിക്കുന്ന രീതിക്ക് കൃത്യമായ രാഷ്ട്രീയ താത്പര്യങ്ങള്‍ ഉണ്ടായിരിക്കണം. അംബേദ്കര്‍ എഴുതിയ ഓരോ വരിയും വസ്തുതാപരമായി ശരിയാകണമെന്നു ശഠിക്കുന്നവര്‍ സത്യത്തില്‍ ‘മുസ്്‌ലിം’ ക്വസ്റ്റ്യനെ പൊതുവായി അദ്ദേഹം എങ്ങനെയായിരുന്നു അഡ്രസ്സ് ചെയ്തിരുന്നത് എന്ന യാഥാര്‍ത്ഥ്യബോധത്തെ അദൃശ്യവത്ക്കരിക്കാനാണ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ”പാകിസ്താന്‍ ഓര്‍ പാര്‍ടീഷന്‍ ഓഫ് ഇന്ത്യ’ എന്ന പുസ്തകത്തിലെ വസ്തുതാപരമായ പിശകുകള്‍ മാത്രം മുന്‍നിര്‍ത്തിക്കൊണ്ട് സംഘ്പരിവാറും ലിബറല്‍ ഇടതുപക്ഷവും ഇപ്പോള്‍ ഉയര്‍ത്തുന്ന ചര്‍ച്ചയുടെ പുറകിലും ഈ ഒരു താത്പര്യം വ്യക്തമായി കാണാന്‍ സാധിക്കും. ഇത് അംബേദ്കര്‍ക്ക് പറ്റിയ വസ്തുതാപരമായ ഒരു തെറ്റായി തന്നെ അംഗീകരിച്ചാല്‍ പോലും മുസ്്‌ലിം ക്വസ്റ്റ്യന്‍ എന്ന വിശാലമായ ആശയമണ്ഡലത്തെ തന്റെ രചനകളിലൂടെയും രാഷ്ട്രീയ ഇടപെടലുകളിലൂടെയും ഉള്‍ക്കൊള്ളാനും അഡ്രസ്സ് ചെയ്യാനും ശ്രമിച്ച അദ്ദേഹത്തിന്റെ രാഷ്ട്രീയ ബോധ്യങ്ങളെ ആര്‍ക്കാണ് റദ്ദ് ചെയ്യാന്‍ സാധിക്കുക? പ്രത്യേകിച്ച് വിഭജനകാലത്ത് പോലും രാഷ്ട്ര നിര്‍മ്മിതിക്കപ്പുറം ാശിീൃശ്യേ ലഃശേെലിരല എന്ന രീതിയില്‍ മുസ്്‌ലിം വൈകാരികതകളെ മനസിലാക്കാന്‍ ശ്രമിച്ച ഒരു മനുഷ്യന്‍ കൂടെയാണ് അദ്ദേഹം. ങശിീൃശ്യേ ലഃശേെലിരല സംബന്ധിച്ച ഈ ഉത്കണ്ഠ ”പാകിസ്താന്‍ ഓര്‍ പാര്‍ടീഷന്‍ ഓഫ് ഇന്ത്യ” എന്ന ടെക്സ്റ്റില്‍ തന്നെ പലയിടത്തും പ്രതിഫലിക്കുന്നതും നമുക്ക് കാണാന്‍ സാധിക്കും. ന്യൂനപക്ഷ പ്രശ്‌നത്തിനു അധീശ ദേശീയതയുമായി നിരന്തരം സംഘര്‍ഷത്തില്‍ പോകേണ്ടി വരുന്നതിലുള്ള പ്രശ്‌നങ്ങള്‍ അംബേദ്കര്‍ മനസ്സിലാക്കിയിരുന്നു.

ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, ഈ ‘അംബേദ്കര്‍ കാമ്പയിന്‍’ സംഘികളും കുറച്ച് ഇടതുപക്ഷക്കാരും മാത്രമല്ല ഏറ്റെടുത്തത്. കേരളത്തിലെ പ്രമുഖ ദലിത് ചിന്തകനായ ശ്രീ. കെ. കെ കൊച്ച് അടക്കം ഈ വിഷയത്തില്‍ അംബേദ്കറെ ഉദ്ധരിച്ച് ഇസ്ലാമോഫോബിയ പ്രസരിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയുണ്ടായി.

‘അംബേദ്ക്കര്‍ വിഭാവനചെയ്ത ജനാധിപത്യ മൂല്യങ്ങള്‍ക്ക് വിരുദ്ധമായ രാഷ്ട്രീയലക്ഷ്യങ്ങളോടെ ഇന്ത്യയില്‍ അധിനിവേശം നടത്തിയ ഇസ്്‌ലാം, ഏകദൈവ വിശ്വാസം സ്ഥാപിക്കാനും വിഗ്രഹാരാധനയില്ലാതാക്കാനും ബുദ്ധമതത്തേയും ആക്രമിക്കുകയുണ്ടായി. ഇത്തരം ആക്രമണങ്ങളില്‍ ഹിന്ദുമതം അതിജീവിച്ചപ്പോള്‍ അവര്‍ണ്ണരുടെ പ്രാതിനിധ്യമുണ്ടായിരുന്ന ബുദ്ധമതം ഇസ്്‌ലാമിന്റെ വാളിന്നിരയായി തുടച്ചുനീക്കപ്പെടുകയായിരുന്നുവെന്നും അംബേദ്ക്കര്‍ നിരീക്ഷിക്കുന്നുണ്ട്. അതായത്, മുസ്്‌ലിംകള്‍ സവര്‍ണര്‍ക്കെതിരെ മാത്രമല്ല അവര്‍ണര്‍ക്കെതിരെയും ഹിംസയും അക്രമവും അഴിച്ചുവിട്ടിട്ടുണ്ട്. ചുരുക്കത്തില്‍, ഹിന്ദുത്വത്തെ എതിര്‍ക്കുന്നത് ഇസ്്‌ലാമിന്റെ പ്രത്യയശാസ്ത്രത്തെ പകരം വെച്ചു കൊണ്ടായിരിക്കരുത്. മറിച്ച്, ജനാധിപത്യം ഉയര്‍ത്തിപ്പിടിച്ചു കൊണ്ടായിരിക്കണം. ഇപ്രകാരമൊരു നിലപാട് സ്വീകരിക്കുമ്പോള്‍ തന്നെ മുസ്്‌ലിംകളെ ഒരു സമുദായമെന്ന നിലയില്‍ അംഗീകരിച്ച്, അവരുടെ അവകാശങ്ങള്‍ക്കും അധികാരപങ്കാളിത്തത്തിനും വേണ്ടി വാദിക്കാനും കഴിയണമെന്നാണ് അംബേദ്കര്‍ നല്‍കുന്ന പാഠം.’ (ശ്രീ. കെ കെ കൊച്ചിന്റെ പോസ്റ്റില്‍ നിന്ന്.)

ഇവിടെ ‘ഹിന്ദുത്വത്തെ എതിര്‍ക്കുന്നത് ഇസ്ലാമിന്റെ പ്രത്യയശാസ്ത്രത്തെ പകരം വെച്ചു കൊണ്ടായിരിക്കരുത്’ എന്ന് പറയുന്നതും ‘ഹിന്ദുത്വത്തെ എതിര്‍ക്കുന്നത് ഹിംസയും അക്രമവും അഴിച്ചു വിടാതെയാവണം’ എന്നു പറയുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. ഹിംസയും അക്രമവും അഴിച്ചു വിടാതെയാവണം എന്നുപറയുന്നതില്‍ കാര്യമുണ്ട് എന്നു ഞാന്‍ കരുതുന്നു, അങ്ങനെത്തന്നെ അത് പറയേണ്ടതുണ്ട് എന്നും. അതേസമയം ‘ഇസ്ലാമിന്റെ പ്രത്യയശാസ്ത്ര’ത്തെ പേടിക്കാന്‍ നില്‍ക്കേണ്ടതില്ല എന്നും. ‘ഇസ്ലാമിന്റെ പ്രത്യയശാസ്ത്രം’ എന്നാല്‍ മുസ്ലിം അല്ലാത്തവരെയൊക്കെ ആക്രമിക്കുക എന്നതായല്ല ഞാന്‍ മനസ്സിലാക്കുന്നത്. ജനാധിപത്യം ഉയര്‍ത്തിപ്പിടിക്കുന്നതോടൊപ്പം തന്നെ, ദൈവത്തിനു താഴെ എല്ലാവരും തുല്യരാണ് ആരും മറ്റൊരാളുടെ അടിമയല്ല എന്ന ‘ഇസ്ലാമിന്റെ പ്രത്യയശാസ്ത്രം’ കൂടി ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയുന്ന ഒരു സാധ്യത ഉണ്ടെന്നും എനിക്കു തോന്നുന്നു.

‘ബുദ്ധ മതം ഇസ്്‌ലാമിന്റെ വാളിന് ഇരയായിത്തന്നെയാണോ തുടച്ചു നീക്കപ്പെട്ടത്? എന്ത് കൊണ്ടാണ് ഗോള്‍വാള്‍ക്കര്‍ വിചാരധാരയില്‍ വളരെ അഭിമാനപൂര്‍വം ബുദ്ധമതം ഇന്ത്യയില്‍ നിന്നും തുടച്ച് നീക്കപ്പെട്ടതിനെക്കുറിച്ച് പ്രതിപാദിക്കുന്നത്?’ എന്ന ലബീബ മംഗലശ്ശേരിയുടെ ചോദ്യവും പ്രസക്തമാണ്. (ആ വിഷയത്തില്‍ കൂടുതലാഴത്തില്‍ ഞാന്‍ പോവുന്നില്ല, ശേഷം നിങ്ങളുടെ വായനകള്‍ക്കു വിടുന്നു).

എന്റെ നാട്ടുകാരനായ ശ്രീ. പ്രകാശന്‍ പൂക്കാട്ടിരി എഫ്ബിയില്‍ത്തന്നെ നടത്തിയ ഒരു നിരീക്ഷണം കൂടി ഉദ്ധരിച്ചുകൊണ്ട് മലബാര്‍ കലാപത്തിന്റെ വിഷയം തത്കാലം അവസാനിപ്പിക്കുകയാണ്. അദ്ദേഹത്തിന്റെ കമന്റ് ഇങ്ങനെ: ‘ഒന്നാമതായി നീണ്ട കാലമായി കീഴാള ജനവിഭാഗം അനുഭവിച്ചതിന്റെ മുഴുവന്‍ അമര്‍ഷവും മലബാര്‍ കലാപത്തില്‍ പ്രകടിപ്പിച്ചു എന്നുള്ളത് തികച്ചും വാസ്തവമാണ്. മതപരിവര്‍ത്തനവും വിപ്ലവമായിരുന്ന ഒരു കാലത്താണ് മലബാര്‍ കലാപവും. മതപരിവര്‍ത്തിതരായ അവര്‍ണ്ണ- ദളിത് വിഭാഗങ്ങള്‍ക്ക് അയിത്തപ്പാടുകള്‍ ഇല്ലാതാകുന്നതിനെച്ചൊല്ലി വിവേകാനന്ദനും പരിഹസിക്കയുണ്ടായല്ലോ. പരിവര്‍ത്തനം ചെയ്യപ്പെട്ട കീഴാളസ്വത്വം തങ്ങളെ അടിമകളാക്കിയവര്‍ക്ക് നേരെയാണ് കലാപം ഉണ്ടാക്കിയത്, ഇതിന്റെ കൃത്യമായ കാരണങ്ങള്‍ അംബേദ്ക്കര്‍ തിരിച്ചറിഞ്ഞിട്ടുണ്ടാവില്ലെന്നും ഇസ്്‌ലാമിക രാജ്യം സൃഷ്ടിക്കാനാണ് കലാപത്തിന് വട്ടം കൂട്ടിയത് എന്നുമുള്ള അദ്ദേഹത്തിന്റെ ധാരണയില്‍ ഒരു വാസ്തവവുമില്ല എന്നുമാണ് സത്യം. ഇസ്്‌ലാമിക രാജ്യസങ്കല്‍പത്തിലേക്ക് (അന്നത്തെ) ദരിദ്ര നാരായണന്മാരായ മാപ്പിള സമുദായം വളര്‍ന്നിട്ടുണ്ടായിരുന്നില്ല എന്നത് മാപ്പിള സമുദായത്തിന്റെ അക്കാലത്തെ സാമൂഹികാവസ്ഥയുടെ ചരിത്രം പഠിക്കുമ്പോള്‍ ബോധ്യപ്പെടുന്നു. അംബേദ്കര്‍ സകല മതങ്ങളെയും ആഴത്തില്‍ പഠിച്ചു പോയ ഒരാളാണ്. ബുദ്ധ മാര്‍ഗ്ഗത്തിന്റെ സാധ്യതകളെക്കുറിച്ച് ചിന്തിക്കുകയും ചെയ്തിരുന്ന വ്യക്തി കൂടിയാണ്. ഇസ്്‌ലാം മതത്തെ അദ്ദേഹത്തിന്റെ വായനകളുടെയും പഠനത്തിന്റെയും വെളിച്ചത്തില്‍ (തെറ്റായ വായനയുടെത് കൂടി ) അപവത്ക്കരിച്ചുവെങ്കിലും ഇന്ത്യയിലെ മുസ്ലിം സമുദായം അദ്ദേഹത്തിന് ശത്രുവായിരുന്നില്ല. അദ്ദേഹത്തെ മുഹമ്മദലി ജിന്ന ഉള്‍പ്പെടുന്നവര്‍ ഭരണഘടനാ നിര്‍മ്മാണ സഭയിലേക്ക് എത്തിക്കുന്നതില്‍ സഹായിക്കുന്നുമുണ്ട്. മലബാര്‍ കലാപത്തെ മുന്‍നിര്‍ത്തിയുള്ള അദ്ദേഹത്തിന്റെ തെറ്റായ നിഗമനത്തെ തിരുത്തുവാന്‍ ഇന്നദ്ദേഹം ജീവിച്ചിരിക്കുന്നില്ല എന്നതാണ് വാസ്തവം. ലോകം മുഴുവന്‍ ലോകത്തെ മികച്ച മനുഷ്യരില്‍ ഒരാളായി (ഗാന്ധിയും നെഹ്‌റുവുമല്ലാ എന്നും ഓര്‍ക്കണം) അംഗീകരിച്ചതിനെ സ്വീകരിക്കുവാന്‍ വിമുഖതയുള്ളവരാണ് ദളിത് പ്രണയത്തിന്റെ പേരില്‍ അംബേദ്ക്കറെ കൂട്ടുപിടിക്കുന്നത് എന്നോര്‍ക്കൂമ്പോഴാണ് അതിനിടയില്‍ തെളിയുന്ന വിഷം കൃത്യമായി കാണാന്‍ കഴിയുന്നത്.

‘മലബാറി’ന് പുറത്ത് അംബേദ്കറും മുസ്ലിം രാഷ്ട്രീയവും

അംബേഡ്കര്‍ രാഷ്ട്രീയവും മുസ്ലിംകളും തമ്മിലുള്ള ബന്ധത്തെപ്പറ്റി ചിന്തിക്കുമ്പോള്‍ മറക്കാന്‍ പാടില്ലാത്ത പ്രധാനപ്പെട്ട ഒരു കാര്യമാണ് ഭരണഘടനാ നിര്‍മ്മാണ സഭയിലേക്ക് ബാബാസാഹിബ് അംബേഡ്കര്‍ എത്തിയതിന്റെ ചരിത്രം. പൊതുവെ മുഖ്യധാരാ ഇന്ത്യന്‍ ചരിത്രകാരന്മാര്‍ ഏറെയൊന്നും പറയാനാഗ്രഹിക്കാത്ത ആ ചരിത്രം 2005-ല്‍ പ്രസിദ്ധീകരിച്ച ‘Dr Ambedkar and Untouchability: Analysing and Fighting Caste’ എന്ന പുസ്തകത്തില്‍ ക്രിസ്റ്റോഫ് ജഫ്രലട്ട് (Christophe Jaffrelot) എന്ന ചരിത്രകാരന്‍ പറയുന്നുണ്ട്.

‘ഭരണഘടനാ നിര്‍മ്മാണ സഭയുടെ വാതിലുകള്‍ മാത്രമല്ല ജനാലകള്‍ കൂടി അംബേഡ്കര്‍ക്ക് മുന്നില്‍ തങ്ങള്‍ (കോണ്‍ഗ്രസ്സ്) കൊട്ടിയടക്കും എന്നാണ് സര്‍ദാര്‍ വല്ലഭായി പട്ടേല്‍ പ്രഖ്യാപിച്ചത്. അവിടെനിന്ന് ബാബാസാഹേബ് ഭരണഘടനാ നിര്‍മ്മാണ സഭയില്‍ എത്തിയതിന് പിന്നില്‍ ബംഗാളിലെ നാമശൂദ്രര്‍ അന്നത്തെ മുസ്ലിം ലീഗിന്റെ സഹായത്തോടെ നടത്തിയ ത്യാഗോജ്ജ്വലവും ആവേശകരവുമായ ഒരു പോരാട്ട ചരിത്രമുണ്ട്. ശ്രീ. ശെരീഫ് സാഗര്‍ അതിനെപ്പറ്റി ‘ചന്ദ്രിക’യില്‍ എഴുതിയിട്ടുമുണ്ട്.

‘1946 മാര്‍ച്ച് മാസത്തിലായിരുന്നു ആ വീഴ്ച. ബോംബെ പ്രവിന്‍ഷ്യല്‍ അസംബ്ലി തെരഞ്ഞെടുപ്പില്‍ മത്സരിച്ച അംബേദ്കറെ സവര്‍ണ്ണ ഭൂരിപക്ഷം തോല്‍പിച്ചു കളഞ്ഞു. ആ വീഴ്ചയില്‍നിന്ന് അദ്ദേഹത്തിന് കരകയറാന്‍ കഴിയുമെന്ന് ആരും പ്രതീക്ഷിച്ചില്ല. പ്രവിന്‍ഷ്യല്‍ അസംബ്ലികളില്‍നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവരാണ് ഭരണഘടനാ അസംബ്ലിയിലെത്തുക. അവിടെ അദ്ദേഹം എത്താതിരിക്കാനുള്ള പദ്ധതിയുടെ ഭാഗമായിരുന്നു ഈ തോല്‍പിക്കല്‍. സര്‍ദാര്‍ പട്ടേലിന്റെ നിര്‍ദ്ദേശ പ്രകാരം 296 അംഗ ഭരണഘടനാ അസംബ്ലിയിലേക്ക് അംബേദ്കര്‍ തെരഞ്ഞെടുക്കപ്പെടാതിരിക്കാന്‍ ബോംബെയിലെ പ്രമുഖനായ ബി.ജി ഖേര്‍ ആണ് ചരടുകള്‍ വലിച്ചതെന്ന് അംബേദ്കറുടെ ജീവചരിത്രമെഴുതിയ എ. ആനന്ദ് രേഖപ്പെടുത്തുന്നു.

നിരാശയോടെ കഴിഞ്ഞ ബി.ആര്‍ അംബേദ്കറുടെ രക്ഷക്കെത്തിയത് ജോഗേന്ദ്രനാഥ് മണ്ഡല്‍ എന്ന ഷെഡ്യൂള്‍ഡ് കാസ്റ്റ് ഫെഡറേഷന്റെ നേതാവാണ്. ബംഗാളില്‍ അദ്ദേഹം മുസ്ലിംലീഗുമായി സഖ്യത്തിലായിരുന്നു. അക്കാരണത്താല്‍ കമ്മ്യൂണിസ്റ്റുകള്‍ പോലും അദ്ദേഹത്തെ ജോഗേന്ദ്ര അലി മൊല്ല എന്നു വിളിച്ച് പരിഹസിച്ചു. ഖാഇദെ അഅ്സം മുഹമ്മദലി ജിന്നയെ കണ്ട് ജോഗേന്ദ്ര നാഥ് വിവരം ധരിപ്പിച്ചു. ”അദ്ദേഹത്തെ നമുക്ക് കൈവിടാനാകില്ല” എന്നായിരുന്നു ജിന്നയുടെ മറുപടി.

പിന്നീടു സംഭവിച്ചത് ചരിത്രം. വെറുക്കപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ട ജിന്നക്കും മുസ്ലീംലീഗിനും അതിന്റെ ക്രെഡിറ്റ് പോകുമെന്നു ഭയപ്പെട്ട് ദലിത് സംഘടനകള്‍ പോലും ഓര്‍ക്കാതിരിക്കുന്ന ചരിത്രം. ക്രിസ്റ്റോഫ് ജഫ്രലട്ടിന്റെ അംബേദ്കറും ജാതിവ്യവസ്ഥയും എന്ന പുസ്തകത്തില്‍ ആ ചരിത്രം ഇങ്ങനെ രേഖപ്പെട്ടു കിടക്കുന്നു: 1946ല്‍ ഈ സംവിധാനത്തില്‍ (ഭരണഘടനാ അസംബ്ലിയില്‍) അംഗമാവാന്‍ അംബേദ്കര്‍ മത്സരിച്ചത് കോണ്‍ഗ്രസ് ഭരിച്ചിരുന്ന ബോംബെയില്‍ നിന്നായിരുന്നില്ല, ബംഗാളില്‍ നിന്നായിരുന്നു. അവിടെ മുസ്ലിം ലീഗിന്റെ പിന്തുണയോടെ അദ്ദേഹം തെരഞ്ഞടുക്കപ്പടുകയായിരുന്നു.’ (ശെരീഫ് സാഗര്‍, അംബേദ്കറിനെ ജയിപ്പിച്ച മുസ്ലിംലീഗ്, ചന്ദ്രിക, ജനുവരി 10, 2019)

ഭരണഘടനാ നിര്‍മ്മാണ സഭയിലേക്ക് അംബേദ്കര്‍ എത്തിയതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ : സഭയിലേക്കുള്ള തെരഞ്ഞെടുപ്പ്, പ്രോവിഷണല്‍ നിയമസഭയിലെ അംഗങ്ങള്‍ വോട്ട് ചെയ്തിട്ടായതിനാല്‍ 1946ല്‍ നടന്ന പ്രോവിഷണല്‍ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് അത്യന്തം ഗൗരവമുള്ളതായി മാറി. എന്നാല്‍ ആ തെരഞ്ഞെടുപ്പില്‍ അഖിലേന്ത്യാ പട്ടികജാതി ഫെഡറേഷന്‍ (AISCF) സ്ഥാനാര്‍ത്ഥികള്‍ക്ക് വലിയ വിജയം നേടാന്‍ കഴിഞ്ഞില്ല. മദിരാശിയില്‍ നിന്നും 2 പേര്‍, ബംഗാളില്‍ നിന്നും ഒരാള്‍, – ജോഗേന്ദ്രനാഥ് മണ്ഡല്‍ – എന്നിവര്‍ മാത്രമേ AISCF ബാനറില്‍ വിജയിച്ചുള്ളൂ. ഭരണഘടനാ നിര്‍മ്മാണ സഭയിലേക്ക് AISCFന്റെ പ്രതിനിധിയായി ബാബാസാഹേബിനെ തെരഞ്ഞെടുത്തയക്കാന്‍ AISCF തീരുമാനിച്ചെങ്കിലും അദേഹത്തെ നോമിനേറ്റ് ചെയ്യാന്‍ ബംഗാളില്‍ മാത്രമേ ഒരാളെങ്കിലും ഉണ്ടായിരുന്നുള്ളൂ. ജയിക്കാന്‍ 5 അംഗങ്ങളുടെ വോട്ട് വേണമായിരുന്നതിനാല്‍ അംബേദ്്കര്‍ തെരഞ്ഞെടുക്കപ്പെടുമെന്ന പ്രതീക്ഷ തന്നെ ഉപേക്ഷിച്ചു. പക്ഷേ ബാബാസാഹേബിനെ ബംഗാളിലേക്ക് കൂട്ടി കൊണ്ട് പോയി, അവിടെ നിന്നും എന്തു വില കൊടുത്തും അദ്ദേഹത്തെ തെരഞ്ഞെടുത്തയക്കും എന്ന് മണ്ഡല്‍ പ്രഖ്യാപിച്ചു. ജൂലൈ 18നു നടക്കാനിരുന്ന തെരഞ്ഞെടുപ്പിനായുള്ള തയ്യാറെടുപ്പിനായി അംബേഡ്കര്‍ ബംഗാളില്‍ എത്തുമ്പോള്‍ കേവലം 19 ദിവസങ്ങള്‍ മാത്രമേ അവശേഷിച്ചിരുന്നുള്ളൂ. ബംഗാള്‍ നിയമസഭയില്‍ ആകെയുള്ള 250 അംഗങ്ങളില്‍ 30 പട്ടികജാതി മെമ്പര്‍മാരുണ്ടായിരുന്നു. അതില്‍ 26 അംഗങ്ങള്‍ കോണ്‍ ഗ്രസ്സുകാരും 3 പേര്‍ സ്വതന്ത്രരും പിന്നെ ജോഗേന്ദ്രനാഥ് മണ്ഡലുമാണുണ്ടായിരുന്നത്. അംബേഡ്കറെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ്സ് ഒരു പട്ടികജാതിക്കാരെനെ സ്ഥാനാര്‍ഥിയാക്കി. സ്വതന്ത്ര അംഗം എന്‍ എന്‍ റോയി മണ്ഡലിന്റെ് പരിശ്രമ ഫലമായി അംബേഡ്കര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. ആംഗ്ലോ ഇന്ത്യന്‍ അംഗങ്ങള്‍ അംബേദകര്‍ക്ക് തുടക്കത്തില്‍ പിന്തുണ പ്രഖ്യാപിച്ചെങ്കിലും പിന്നീട് അവര്‍ ഇലക്ഷന്‍ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചു. കോണ്‍ഗ്രസ്സ് തങ്ങളുടെ അംഗങ്ങള്‍ക്ക് വിപ്പ് നല്കി, പ്രേത്യേകിച്ചും അംബേദ്കര്‍ക്ക് വോട്ട് ചെയ്യരുതെന്ന പ്രത്യേക നിര്‍ദേശവും നല്കി. മീ.ഗയാനാഥ് ബിശ്വാസ് എന്ന കോണ്‍ഗ്രസ്സ് അംഗം ബാബാസാഹേബിന്റെ കടുത്ത ആരാധകനായിരുന്നു. അദ്ദേഹം അംബേഡ്കര്‍ക്ക് വോട്ട് ചെയ്യാനുള്ള തന്റെ തീരുമാനം പരസ്യമായി പ്രഖ്യാപിച്ചു. പക്ഷേ കോണ്‍ഗ്രസ്സ് അദ്ദേഹത്തെ തെരഞ്ഞെടുപ്പിന് മുമ്പ് കിഡ്‌നാപ്പ് ചെയ്തു. മുസ്ലിം ലീഗിന്റെ സഹായത്തോടെ മണ്ഡല്‍ അദ്ദേഹത്തെ രക്ഷപ്പെടുത്തുക മാത്രമല്ല, ലീഗ് ചില കോണ്‍ഗ്രസ്സ് നേതാക്കളെ അംബേദ്കര്‍ക്ക് വോട്ട് ചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. മണ്ഡലിന്റെ തന്ത്രപരമായ നീക്കങ്ങള്‍ കാരണം ഖേത്രോനാഥ് സിംഗാ, ബിര്‍ ബിര്‍സാ, ദ്വാരികാ നാഥ് ബറൂയി തുടങ്ങിയ കോണ്‍ഗ്രസ്സ് അംഗങ്ങള്‍ അവസാന നിമിഷം അംബേഡ്കര്‍ക്ക് വോട്ട് ചെയ്തു. സ്വതന്ത്ര അംഗമായ മീ. മുകുന്ദ് ബഹാരി മല്ലിക് തന്റെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ച് അംബേദ്കര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് നടക്കുന്ന ഹാളിന് ചുറ്റും ആയിരകണക്കിന് അംബേദ്്കര്‍ അനുയായികള്‍ തടിച്ചു കൂടി. അംബേദ്കര്‍ പരാജയപ്പെട്ടാല്‍ എന്തും സംഭവിക്കും എന്ന നിലയിലായിരുന്നു കാര്യങ്ങള്‍. മണ്ഡലും അനുയായികളും തീര്‍ത്ത സമ്മര്‍ദ്ദം അതി ശക്തമായിരുന്നു. മീ. ബാബാ ബുദ്ധ സിംഗ് മഹാനല്‍ എന്ന വ്യക്തി ഊരിപ്പിടിച്ച വാളുമായി കോണ്‍ഗ്രസ്സിനെയും അംബേദ്കര്‍ വിരുദ്ധരെയും വെല്ലുവിളിച്ചു. ബംഗാളിലെ പഞ്ചാബി ദലിതര്‍ അംബേഡ്കര്‍ക്ക് നല്കിയ പിന്തുണയുടെ പേരില്‍ വലിയ ആക്രമങ്ങള്‍ക്കു വിധേയരാകേണ്ടി വന്നു. അവരില്‍ ചിലരുടെ വീടുകള്‍ പോലും ജാതി ഹിന്ദുക്കള്‍ അഗ്‌നിക്കിരയാക്കി. അവസാനം 5 വോട്ടുകള്‍ വേണ്ടിടത്ത് 7 വോട്ടുകള്‍ നേടി അംബേഡ്കര്‍ വിജയിച്ചു. അങ്ങനെയാണ് അംബേഡ്കര്‍ ആദ്യമായി ഭരണഘടനാ നിര്‍മ്മാണ സഭയില്‍ എത്തിയത്. (Dr.Ambedkar Study Center fb പേജ്, 16 മാര്‍ച്ച് 2019).

ജിന്നയുടെ അടുത്ത ആളും വിഭജനത്തില്‍ പാകിസ്ഥാനെ അനുകൂലിച്ച നേതാവുമായിരുന്നു ശ്രീ. ജോഗേന്ദ്രനാഥ് മണ്ഡല്‍. ബംഗാളില്‍ നിന്നുള്ള അംബേദ്കറൈറ്റായ മണ്ഡലിനെയാണ് പാകിസ്താന്റെ പ്രഥമ നിയമമന്ത്രിയായി ജിന്ന നിയമിച്ചത്. പാകിസ്താന്റെ ഭരണഘടനാ രൂപീകരണത്തിലും നിര്‍ണായകമായ പങ്കാണ് ജോഗേന്ദ്രനാഥിന് ഉണ്ടായത്. (ജിന്നയുടെ മരണശേഷം അദ്ദേഹം പാകിസ്താനുമായി പിരിഞ്ഞു, തിരിച്ച് കൊല്‍ക്കത്തയിലേക്ക് വന്നു. 1968 ഒക്ടോബറില്‍ അദ്ദേഹം വധിക്കപ്പെട്ടു.)

ജാതി / മുസ്ലിംകള്‍ / ഇസ്ലാം / മുസ്ലിം രാഷ്ട്രീയം / അംബേഡ്കര്‍

ഇന്ത്യയിലെ ജാതീയതയെ വിശദീകരിക്കാന്‍ ‘ഗ്രെയ്ഡഡ് ഇനീക്വാലിറ്റി’ എന്ന അംബേഡ്കറിന്റെ ആശയം ശക്തമായ ഒന്നുതന്നെ ആയിരുന്നു. എന്നാല്‍ ആ ‘ഗ്രെയിഡു’കളില്‍ത്തന്നെ വച്ച് ‘ജാതീയത’ എന്നതില്‍ നില്‍ക്കാത്ത മറ്റു വിവേചനങ്ങളെ അളക്കാന്‍ അദ്ദേഹം ശ്രമിച്ചില്ല എന്നത് ശ്രദ്ധേയമാണ്. (മതം മാറ്റത്തെ ഒരു ഓപ്ഷനായി പരിഗണിക്കുമ്പോള്‍ ‘ഹിന്ദു സമൂഹം മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും തുല്യരായി കാണുന്നു. സമൂഹത്തിലെ തുല്യത മതം മാറ്റം കൊണ്ട് എളുപ്പത്തില്‍ നേടിയെടുക്കാം എന്നുവേണം മനസ്സിലാക്കാന്‍. അതു ശരിയാണെങ്കില്‍ എന്തുകൊണ്ട് മതം മാറ്റത്തിന്റെ പാത സ്വീകരിച്ചുകൂടാ?’ എന്ന് അദ്ദേഹം പറയുന്നുണ്ട് ‘നിര്‍വ്വാണത്തിലേക്ക് ഏതു പാത’ എന്ന തന്റെ വിഖ്യാതമായ പ്രസംഗത്തില്‍. എന്നാല്‍ പാകിസ്താന്‍ ഉണ്ടാവുന്നതിനൊക്കെ കുറെ മുമ്പ് നടത്തിയ ഒരു പ്രസംഗമായതുകൊണ്ടു കൂടിയാവാം, മുസ്ലിംകളോടുള്ള വിവേചനത്തെ അഡ്രസ് ചെയ്യുന്ന ഒരു പരാമര്‍ശമായിരുന്നില്ല അതും.)

മുസ്ലിം പ്രശ്‌നം എന്നത് ജാതിയുടെ ഗ്രെയ്ഡുകള്‍ വച്ചു മാത്രം മനസ്സിലാക്കാന്‍ കഴിയുന്ന ഒന്നല്ല. അത് പലരെയും ഒറ്റയടിയ്ക്ക് ഭീകരന്മാര്‍ ആക്കുകയും ദേശദ്രോഹികള്‍ ആക്കുകയും ഒറ്റുകൊടുപ്പുകാര്‍ ആക്കുകയും ഒക്കെ ചെയ്യുന്ന ഒന്നാണ്. കഴിഞ്ഞ 20-30 വര്‍ഷങ്ങളില്‍ അത് ആഗോളമായിത്തന്നെ വലിയ തോതില്‍ ശക്തിപ്പെടുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയിലും പുറത്തും അത് മുസ്ലിംകളോടുള്ള ഒരു പ്രശ്‌നം / പേടി / വെറുപ്പ് മാത്രമല്ല, അംബേദ്കര്‍ അടക്കം പറഞ്ഞിരുന്ന മതം മാറ്റം എന്ന ‘ഓപ്ഷന്‍’ മുന്നിലുള്ള സമുദായങ്ങള്‍ ഇസ്ലാമിലേക്ക് മതം മാറിക്കളയുമോ എന്ന പേടി കൂടിയാണ്. ഈഴവ സമുദായത്തില്‍ നിന്ന് ഇസ്ലാമിലേക്കുള്ള ഹാദിയയുടെ മതം മാറ്റം ഐ എന്‍ എ അന്വേഷിക്കേണ്ട തരത്തിലുള്ള ഒരു ‘ഭീകര’ വിഷയമാവുന്നതും മതം മാറുന്ന ഫൈസല്‍ (നായരായിട്ടും) കൊല്ലപ്പെടുന്നതും അതുകൊണ്ടൊക്കെത്തന്നെയാണ്.

എന്നാല്‍ ഈ നിലയിലുള്ള ഒരു മുസ്ലിം പ്രശ്‌നം മുന്നിലുണ്ടായിരുന്നില്ലെങ്കില്‍ത്തന്നെയും സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ ഒറ്റപ്പെടുകയും അപരവത്കരിക്കപ്പെടുകയും ചെയ്യുമെന്ന സാധ്യത ഡോ. അംബേദ്കര്‍ മുന്‍കൂട്ടി കണ്ടിരുന്നു. 1945 മെയ് മാസത്തില്‍ അദ്ദേഹം നടത്തിയ ‘Communal Deadlock and a Way to solve it’ എന്ന പ്രസംഗത്തില്‍ അദ്ദേഹം പറയുന്നു : ”ഇന്ത്യയില്‍ ഭൂരിപക്ഷം എന്നത് ഒരു രാഷ്ട്രീയ ഭൂരിപക്ഷമല്ല. ഇന്ത്യയില്‍ ഭൂരിപക്ഷം ‘ജനിക്കുന്ന’താണ്, അല്ലാതെ (പ്രവൃത്തി കൊണ്ട്) ഉണ്ടാകുന്നതല്ല. അതാണ് ഒരു സാമുദായിക ഭൂരിപക്ഷവും രാഷ്ട്രീയ ഭൂരിപക്ഷവും തമ്മിലുള്ള വ്യത്യാസം. രാഷ്ട്രീയഭൂരിപക്ഷമെന്നാല്‍ അത് ഉറച്ച ഒന്നല്ല. അത് എപ്പോഴും ഉണ്ടാക്കിക്കൊണ്ടിരിക്കുന്നതും ഇടയ്ക്ക് ഇല്ലാതാവുന്നതും വീണ്ടും ഉണ്ടാകുന്നതും ഒക്കെയാണ്. അതേസമയം ഒരു സാമുദായിക ഭൂരിപക്ഷം എന്നത് എപ്പോഴും നിലനില്‍ക്കുന്നതും മറ്റുള്ളവരോടുള്ള നിലപാടില്‍ / നയത്തില്‍ ഒരു മാറ്റവുമില്ലാത്തതുമായ ഒന്നാണ്. അതിനെ തകര്‍ക്കാം എന്നല്ലാതെ അതിനെ നന്നാക്കാന്‍ പറ്റില്ല.’ (മൊഴിമാറ്റം ലേഖകന്റേത്). ഈ വരികള്‍ മോദി / ഷാ ഭരണകാലത്ത് മുമ്പെന്നത്തേക്കാളുമേറെ പ്രസക്തമാണ്.

ജാതീയമായ ഉച്ചനീചത്വം, സാമുദായികമായ അപരത്വം എന്നിങ്ങനെയുള്ള ഈ രണ്ടു പ്രശ്‌നങ്ങളെയും പേടികളെയും നേരിടുന്നവര്‍ ചിലപ്പോഴെങ്കിലും പരസ്പരം കൈ കോര്‍ക്കാനും രാഷ്ട്രീയ ഐക്യം സ്ഥാപിക്കാനും ഒക്കെ ശ്രമിക്കുന്നത് രണ്ടു കൂട്ടരും നേരിടുന്ന പ്രശ്‌നങ്ങള്‍ ഒന്നുതന്നെ ആയതുകൊണ്ടല്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്, അത് വിവേചനങ്ങള്‍ നേരിടുന്ന സമുദായങ്ങള്‍ തമ്മിലുള്ള ഒരു വികാരപരമായ ഐക്യപ്പെടലായിട്ടാണ്. ഗ്രെയ്ഡിങ്ങില്‍ ആരാണ് മുകളില്‍ എന്ന തീരുമാനം ആയ ശേഷം ഐക്യപ്പെടാം എന്ന നിലയില്‍ അത്തരം ഒരു ഐക്യപ്പെടല്‍ സാധ്യമാവില്ല എന്നും കരുതുന്നു. ഒരു കൂട്ടര്‍ മറ്റേ കൂട്ടരോട് ചെയ്യുന്ന ഔദാര്യം എന്ന നിലയില്‍ മനസ്സിലാക്കപ്പെടേണ്ട ഒന്നും അല്ല അത്.

‘നിര്‍വ്വാണത്തിലേക്ക് ഏതു പാത’ എന്ന പ്രശസ്തമായ തന്റെ പ്രസംഗത്തില്‍ (1936) അംബേദ്കര്‍ ഇങ്ങനെയും പറയുന്നു : ‘മതം മാറ്റത്തിനെതിരെ മറ്റൊരു വാദവും ഹിന്ദുക്കള്‍ ഉയര്‍ത്താറുണ്ട്. ‘ജാതീയത മടുത്ത് മതം മാറാനൊരുങ്ങുന്നത് വെറുതെയാണ്. എവിടെപ്പോയാലും നിങ്ങള്‍ ജാതീയത അനുഭവിക്കും. ക്രിസ്ത്യാനിയായാല്‍ അവിടെയും ജാതിയുണ്ട്.’ എന്നൊക്കെയാണ് ഈ ഹിന്ദുക്കള്‍ പറയുന്നത്. ദൗര്‍ഭാഗ്യവശാല്‍ ജാതിവ്യവസ്ഥ ഈ രാജ്യത്തെ മറ്റു മതങ്ങളിലേക്കും കടന്നുകയറിയിട്ടുണ്ട് എന്നത് സത്യമാണ്. എന്നാല്‍ ഈ കൊടിയ പാപത്തെ പാലുകൊടുത്തു വളര്‍ത്തി വലുതാക്കുന്നതിന്റെ ഭാരം ഹിന്ദുക്കളുടെ മാത്രം ചുമലിലാണ്. ഈ രോഗം ആദ്യം തുടങ്ങിയത് ഹിന്ദുക്കളിലാണ്, അതിനുശേഷമാണ് അത് മറ്റുള്ളവരിലേക്ക് പകര്‍ന്നത്. ‘ജാതി’ മുസ്ലിംകളിലും ക്രിസ്ത്യാനികളിലും ഒക്കെയുണ്ടെങ്കിലും അതിനെ ഹിന്ദുക്കളുടേതിനോട് ഉപമിക്കുന്നത് ക്രൂരതയാവും.’ (മൊഴിമാറ്റം ലേഖകന്റേത്.)

മഅ്ദനി പറഞ്ഞ അംബേദ്കര്‍ രാഷ്ട്രീയം

1993 ഏപ്രില്‍ 14 നാണ് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി എന്ന പി ഡി പി രൂപീകരിക്കുന്നത്. അതിനോടനുബന്ധിച്ചുള്ള പോസ്റ്ററുകളിലൂടെയാണ് കേരളത്തിലെ ഗ്രാമങ്ങളില്‍ അംബേദ്കറുടെ പടം സുപരിചിതമാവുന്നത് എന്ന് അഡ്വക്കേറ്റ് ജയശങ്കര്‍ നിരീക്ഷിക്കുന്നുണ്ട്. (‘അംബേദ്കറും മഅദനിയും’, യൂട്യൂബ്, ഏപ്രില്‍ 2020). ‘ആരാണ് ആ പോസ്റ്ററിലെ താടിയില്ലാത്ത മുസ്‌ലിയാര്‍’ എന്ന് ആളുകള്‍ ചോദിച്ചിരുന്നു എന്നും ശ്രീ. ജയശങ്കര്‍ പറയുന്നു. പി ഡി പി രൂപീകരിക്കുന്നതിനു മുമ്പ് തന്നെ അബ്ദുന്നാസര്‍ മഅ്ദനി ‘അവര്‍ണ്ണര്‍ക്ക് അധികാരം’ എന്ന മുദ്രാവാക്യം ഉയര്‍ത്തുകയും മുസ്ലിംകളും അവര്‍ണ്ണ സമുദായങ്ങളും കൈ കോര്‍ക്കേണ്ടതിനെക്കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. അംബേദ്കറുടെ ജന്മദിനമായ ഏപ്രില്‍ 14 തന്നെ അദ്ദേഹം പി ഡി പി യുടെ സ്ഥാപക ദിനമായി തിരഞ്ഞെടുത്തതും അംബേദ്കറൈറ്റ് രാഷ്ട്രീയം പറയാന്‍ ശ്രമിച്ചതും അംബേദ്കറെ വായിക്കാത്തതുകൊണ്ടല്ല, മറിച്ച് അദ്ദേഹത്തിന്റെ ചിന്തകളുടെയും ഒരു മുസ്ലിം-ദലിത്-പിന്നോക്ക ഐക്യത്തിന്റെയും പ്രസക്തി മനസ്സിലാക്കിയതുകൊണ്ടാണ് എന്നാണ് ഞാന്‍ കരുതുന്നത്.

പ്രയോഗ തലത്തിലെ ബുദ്ധിമുട്ടുകള്‍

ദലിത്-മുസ്ലിം ഐക്യത്തെപ്പറ്റി പറയുമ്പോള്‍ ഇരു സമുദായങ്ങള്‍ക്കും ആശങ്കകള്‍ ഉണ്ടാവുന്നത് സ്വാഭാവികമാണ്. മഅ്ദനിയും കാന്‍ഷിറാമും തമ്മിലുള്ള കൂടിക്കാഴ്ച നടക്കാതെ പോയതും അത്തരത്തിലുള്ള ആശങ്കകളുടെ ഭാഗമായിട്ടായിരിക്കണം. ഇപ്പോഴേ അധികാരത്തില്‍ നിന്നും വിഭവങ്ങളില്‍ നിന്നുമെല്ലാം പുറത്തായ തങ്ങള്‍ മുസ്ലിംകളോട് ഐക്യപ്പെടുക കൂടി ചെയ്ത് തങ്ങളുടെ സ്ഥിതി കൂടുതല്‍ അപകടത്തിലാക്കേണ്ടതുണ്ടോ, സംഘപരിവാരത്തോട് ചേര്‍ന്നു നില്‍ക്കുകയല്ലേ പ്രായോഗികമായി അതിനേക്കാള്‍ ബുദ്ധിപരമായ തീരുമാനം എന്നൊക്കെ ആലോചിക്കുന്ന പട്ടികജാതിക്കാരുണ്ട്. ഇടതുപക്ഷത്തില്‍ രക്ഷകരെ തേടുന്നവരുമുണ്ട്. അതുപോലെത്തന്നെ, രാജ്യദ്രോഹികളും ഭീകരരുമൊക്കെയായി ദലിതരടക്കം മുസ്ലിംകളെ മാറ്റിനിര്‍ത്തുന്ന സ്ഥിതിയുണ്ടല്ലോ, അവരൊരു ‘ഭൂരിപക്ഷ’ സമുദായത്തിന്റെ ഭാഗമാണല്ലോ എന്തിനാണ് അവരോട് കൈ കോര്‍ക്കാന്‍ ശ്രമിക്കുന്നത് എന്നു ചിന്തിക്കുന്ന ആളുകള്‍ മുസ്ലിംകളിലുമുണ്ട്. കേരളം പോലെ മുസ്ലിംകള്‍ സാമ്പത്തികമായും രാഷ്ട്രീയ അധികാരത്തിലും താരതമ്യേന മെച്ചപ്പെട്ടു നില്‍ക്കുന്ന സ്ഥലങ്ങളില്‍ തങ്ങളുണ്ടാക്കിയെടുത്ത അധികാരമോ വിഭവങ്ങളോ ദലിതരുമായി പങ്കുവയ്ക്കേണ്ടി വരുന്നതിലെ വിമുഖതയുമുണ്ട്. എന്നാല്‍ ഇതൊക്കെ മറികടന്ന്, രക്ഷകരെ തേടുകയോ മറ്റുള്ളവരെ രക്ഷിക്കാന്‍ ശ്രമിക്കുകയോ ചെയ്യുക എന്നതിനപ്പുറം ആരോഗ്യകരമായ ഒരു രാഷ്ട്രീയ സാഹോദര്യമാണ് ഉടലെടുക്കേണ്ടത്. അതിന് കൂടുതല്‍ സംവാദങ്ങളും സംഭാഷണങ്ങളും ഉണ്ടാവേണ്ടതുണ്ട്.

ഡോ. കെ എസ് സുദീപ്

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.