Home » Article » ആയാസോഫിയ:പുരാവൃത്തങ്ങള്‍ക്കിടയില്‍ നിന്ന് പുനരാലോചിക്കുമ്പോള്‍

ആയാസോഫിയ:പുരാവൃത്തങ്ങള്‍ക്കിടയില്‍ നിന്ന് പുനരാലോചിക്കുമ്പോള്‍

 

ആയാസോഫിയ പള്ളിയായി പരിവര്‍ത്തിപ്പിക്കാനുള്ള തുര്‍ക്കി കോടതിവിധി പൊതുമണ്ഡലത്തില്‍ ഉയര്‍ത്തിവിട്ട ബഹുമുഖ ചര്‍ച്ചകള്‍ അടങ്ങിത്തുടങ്ങി. ദിനപ്പത്രങ്ങളുടെയും വാര്‍ത്താചാനലുകളുടെയും ശ്രദ്ധ മറ്റു വിഷയങ്ങളില്‍ കേന്ദ്രീകരിച്ചുതുടങ്ങി. സമൂഹമാധ്യമച്ചുമരുകളില്‍ പുതിയ വിഷയങ്ങള്‍ സ്ഥാനം പിടിച്ചു. തദ്വിഷയകമായി കഴിഞ്ഞ ആഴ്ചകളിലായി അരങ്ങേറിയ പല വക/വിധ ചര്‍ച്ചകളുടെയും അഭിപ്രായരൂപീകരണങ്ങളുടെയും ശേഷിപ്പുകള്‍ക്കും പുരാവൃത്തങ്ങള്‍ക്കും ഇടയില്‍ ശ്രദ്ധേയമെന്ന് എനിക്ക് തോന്നിയ ചില കാര്യങ്ങള്‍ സൂചിപ്പിക്കുകയാണ് വൈകിവരുന്ന ഈ ലേഖനത്തിന്റെ ലക്ഷ്യം.

പുതിയ ആയാസോഫിയ വിവാദം ആരംഭിക്കുന്നത് വര്‍ത്തമാനകാലത്തെ ഒരു രാഷ്ട്രീയ നിലപാടിന്റെ ശരി/ശരികേടുകളെ കുറിച്ചായിരുന്നെങ്കിലും ചരിത്രവും ചരിത്രത്തിലെ മറ്റൊരു രാഷ്ട്രീയ തീരുമാനവും കൂടെ നിലപാടുകളില്‍ പ്രവര്‍ത്തിക്കുകയോ പ്രതിഫലിക്കുകയോ ചെയ്തിരുന്നതായി മനസ്സിലാക്കാം. ഒരര്‍ത്ഥത്തില്‍ ചരിത്രത്തെ വര്‍ത്തമാനത്തിലേക്ക് വകവെച്ചുകൊണ്ടായിരുന്നു മിക്ക ചര്‍ച്ചകളും പുരോഗമിച്ചിരുന്നത്. 1453-ല്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ കീഴടക്കിയ മുഹമ്മദ് ഫാതിഹ് എന്ന ഓട്ടോമന്‍ ഖലീഫ അന്നത്തെ ഓര്‍ത്തഡോക്‌സ് കത്രീഡലും ഒരുപരിധി വരെ റോമന്‍ അധികാരകേന്ദ്രവുമായിരുന്ന ആയാസോഫിയ മുസ്്‌ലിം പള്ളിയായി പരിവര്‍ത്തിപ്പിച്ചതായിരുന്നു ചരിത്രത്തിലെ പ്രസ്തുത മുഹൂര്‍ത്തം. ഇവ്വിഷയകമായ ചര്‍ച്ച മുന്നോട്ടുപോവുമ്പോള്‍, 1923-ല്‍ പ്രസ്തുത പള്ളി മ്യൂസിയമാക്കി മാറ്റിയുള്ള ഒരു പരിവര്‍ത്തനം കൂടെ ആയാസോഫിയയുടെ കാലഗണനയില്‍ വരവ് വെക്കേണ്ടത് കൊണ്ട് സൗകര്യപൂര്‍വം ചരിത്രത്തിലെ ആദ്യ പരിവര്‍ത്തനത്തെ വിദൂര-ചരിത്രം(distant past) എന്നും രണ്ടാം പരിവര്‍ത്തനത്തെ സമീപ-ചരിത്രം(recent past) എന്നും വിശേഷിപ്പിക്കാമെന്ന് കരുതുന്നു.

ഇതുവരെ നടന്നുകഴിഞ്ഞ ചര്‍ച്ചകളുടെ വംശാവലി പരിശോധിക്കുമ്പോള്‍ പ്രകടമായ വൈരുദ്ധ്യം അനുഭവപ്പെട്ട ഒരു കാര്യം പറയാം. മുമ്പ് സൂചിപ്പിച്ച പ്രകാരം വിദൂര-ചരിത്രത്തിലെ ഒരു രാഷ്ട്രീയ നിലപാടും അതിന്റെ നൈതികതയും ലിബറല്‍ ആധുനികതയുടെ മോറല്‍ ലെന്‍സിലൂടെ നോക്കിക്കാണാന്‍ പലരും ശ്രമിച്ചത് കണ്ടു. ചരിത്രത്തിലെ ഒരനീതി വര്‍ത്തമാനത്തിലെ മറ്റൊരനീതി കൊണ്ട് ആവര്‍ത്തിക്കുകയാണെന്ന തരത്തിലും രീതിയിലും രൂപപ്പെട്ട തീര്‍പ്പുകളെ ഈ ഗണത്തില്‍ പെടുത്താവുന്നതാണ്. മുസ്്‌ലിം വിശ്വാസി സമൂഹത്തിനിടയിലും വലിയൊരളവോളം ഈ അഭിപ്രായത്തിന് ആധിപത്യമുണ്ടായിരുന്നു. ബാബരി മസ്ജിദ് അടക്കമുള്ള ലൈവ് ആയ ചില ധര്‍മസങ്കടങ്ങളും(Moral Dilemma) ഈ നിലപാടിലുറച്ചു എത്തിപ്പെടുന്നതിന് ഇന്ത്യയിലെ മുസ്്‌ലിംകളെ പ്രചോദിപ്പിച്ചതായി കാണാം. എന്നാല്‍, ഇതിനിടയില്‍ നീതി/അനീതി എന്ന ദ്വന്ദമുപയോഗിച്ച് കൊണ്ടുള്ള ചര്‍ച്ചയില്‍ ബോധപൂര്‍വ്വം അദൃശ്യമാക്കപ്പെട്ട ഒന്നായിരുന്നു സമീപചരിത്രത്തില്‍ സംഭവിച്ച ആയാസോഫിയ മ്യൂസിയമാക്കിയ പരിവര്‍ത്തനം. പ്രസ്തുത തീരുമാനത്തിന് പിന്നിലെ പ്രത്യയശാസ്ത്രമോ അത് ഉള്‍വഹിച്ചിരുന്ന ഹിംസയോ പലരും ശ്രദ്ധിച്ചതേയില്ല. മതവും മതധിഷ്ഠിത രാഷ്ട്രീയവും മാത്രമായിരുന്നു ആദ്യാന്തം പ്രതിക്കൂട്ടില്‍.

മതങ്ങളും പോപ്പുലിസ്റ്റ് പ്രസ്ഥാനങ്ങളും കാരണമായിട്ടുള്ള ഹിംസ ലിബറല്‍ ആഖ്യാനങ്ങളുടെ മുഖ്യചേരുവയോ അവിഭാജ്യഘടകമോ ആണെന്ന് കാണാം. വിശിഷ്യാ, ഇസ്്‌ലാമിനെ കുറിച്ചുള്ള ലിബറല്‍ ആധുനികതയുടെ ധാരണാരൂപീകരണത്തില്‍ ചരിത്രത്തിലെ വയലന്‍സും നിലനില്‍ക്കുന്ന പൊട്ടന്‍ഷ്യല്‍ വയലന്‍സും മുഖ്യഘടകമാണ്. എന്നാല്‍, ലിബറലിസത്തെ പ്രതിയുള്ള ആലോചനകളില്‍ അതിന്റെ ഹിംസാത്മകതക്ക് സ്ഥാനം ലഭിക്കാറില്ല എന്നതാണ് രസകരം. ആഗോള സമാധാനമെന്നൊരു മിഥ്യയെ(peace fallacy) ഉപജീവിച്ചുകൊണ്ടാണ് ലിബറല്‍ ലോകവീക്ഷണം തന്നെ രൂപപ്പെടുത്തിയത് എന്ന് റൂബന്‍ ഗോണ്‍സാലസ് നിരീക്ഷിക്കുന്നുണ്ട്.(1) ലിബറലിസത്തെ പറ്റിയുള്ള ആലോചനകളില്‍ പോലും ഹിംസ എന്ന പദമോ അതിന്റെ സാമാന്യാര്‍ത്ഥങ്ങളോ ഇടം പിടിക്കാത്തതിന്റെ കാരണവും ഇത് തന്നെയാവാം.
ആധുനിക തുര്‍ക്കിയുടെ സ്ഥാപകനായി അറിയപ്പെടുന്ന മുസ്തഫാ കെമാല്‍ അതാതുര്‍ക് 1934-ല്‍, ആയാസോഫിയ പള്ളിയായി പരിവര്‍ത്തനം ചെയ്യപ്പെട്ടതിന്റെ അഞ്ഞൂറോളം വര്‍ഷങ്ങള്‍ക്കിപ്പുറം, പ്രസ്തുത മന്ദിരത്തെ മ്യൂസിയമായി മാറ്റിയ നടപടിയും അതിലെ ഹിംസയും പലരും വിസ്മരിച്ചു. തുര്‍ക്കിയുടെ സെക്കുലറൈസേഷന്‍ എന്ന ലക്ഷ്യത്തില്‍ അരങ്ങേറിയ, വന്‍തോതില്‍ അധികാരവും മര്‍ദ്ദക ഉപാധികളും ഉപയോഗിച്ചുകൊണ്ടുള്ള, സമീപചരിത്രത്തിലെ ഹിംസാത്മകമായ നടപടിക്രമങ്ങളുടെ വംശാവലിയില്‍ വരുന്നതാണ് പ്രസ്തുത പരിവര്‍ത്തനമെന്നത് ചര്‍ച്ചയായതേയില്ല. നിലവില്‍ ചൈനീസ് ഗവണ്‍മെന്റ് റോഹിങ്ക്യന്‍ വംശജര്‍ക്കിടയില്‍ പരീക്ഷിച്ചുകൊണ്ടിരിക്കുന്ന നിര്‍ബന്ധിത സാത്മീകരണ പ്രക്രിയയുടെ മൂലരൂപങ്ങളിലൊന്നായിരുന്നു ആധുനീകരണമെന്ന പേരില്‍ അതാതുര്‍ക് നടപ്പാക്കാന്‍ ശ്രമിച്ചതെന്ന വസ്തുത വിമര്‍ശകരുടെ പോലും ശ്രദ്ധ ലഭിക്കാതെ പോയി. അതാതുര്‍ക് ലിബറല്‍ പ്രതിഷ്ഠയും മ്യൂസിയം ലിബറലിസത്തിന്റെ ആരാധനാകേന്ദ്രവുമായതിനാലാണ് മോറല്‍ ലെന്‍സിലൂടെയുള്ള പൂര്‍വ്വ ചരിത്രത്തിലേക്കുള്ള ചൂഴ്ന്നുനോട്ടത്തില്‍ പോലും ഈയൊരു ബ്ലൈന്‍ഡ് സ്‌പോട്ട് പ്രത്യക്ഷപ്പെട്ടതെന്ന് ന്യായമായും സംശയിക്കാം.

മ്യൂസിയത്തെ പള്ളിയാക്കി മാറ്റാനുള്ള പുതിയ തീരുമാനം വ്യാപകമായി വിമര്‍ശിക്കപ്പെടാനുള്ള പ്രധാന കാരണം ആദ്യമതൊരു ചര്‍ച്ചായിരുന്നു എന്നതായിരുന്നു. ചരിത്രത്തിലെ ഒരു മുഹൂര്‍ത്തത്തെ വര്‍ത്തമാനത്തിന്റെ വീക്ഷണകോണിലൂടെ സമീപിക്കുന്നതിന്റെ പ്രത്യുല്‍പന്നമായിരുന്നു അത്തരമൊരു നിലപാട്. നാം വര്‍ത്തമാനത്തില്‍ ജീവിക്കുന്നവരാകയാല്‍ തന്നെ അതൊരു അബോധപൂര്‍വമായ പ്രവര്‍ത്തിയാവുകയും സ്വാഭാവികതയുടെ ആനുകൂല്യം ലഭിക്കുകയും ചെയ്തു. ശരിക്കും, മറുത്തൊരു ചരിത്രവായനയാണ് ബോധപൂര്‍വം നടത്തേണ്ട ധൈഷണിക വ്യവഹാരവും, ആയതിനാല്‍ ആധ്വാനക്കൂടുതലുള്ളതും. ഒരു ഭൂതകാലപ്രവര്‍ത്തിയുടെ ധര്‍മ്മാധര്‍മ്മ നിര്‍ണ്ണയം ചരിത്രാന്വേഷണത്തിന്റെ ലക്ഷ്യമാവുമ്പോള്‍ അത്തരമൊരു അധികച്ചുമതല വഹിക്കുക അനിവാര്യവുമാണ്.

പൂര്‍വ്വകാല ചരിത്രവും അവയെ നിയന്ത്രിച്ചിരുന്ന മോറല്‍ കോഡുകളും തരാതരം മനസ്സിലാക്കി മാത്രമേ ഏകപക്ഷീയമായ വിധിനിര്‍ണ്ണയങ്ങള്‍ നീതിപൂര്‍വമാവുകയുള്ളൂ. ഇന്ന് അനീതിയും അതിക്രമവുമായി വ്യവഹരിക്കപ്പെടുന്ന പലതും ചരിത്രത്തില്‍ സ്വാഭാവിക നീതിയായിരുന്നുവെന്ന് മനസ്സിലാക്കേണ്ടതുണ്ട്. നിയോ-ലിബറല്‍ ആശയങ്ങളിലെ മുതലാളിത്ത-കമ്പോള താല്‍പര്യങ്ങളും പ്രശ്‌നങ്ങളും മുന്‍നിര്‍ത്തി മൂന്നാംലോക രാജ്യങ്ങളില്‍ ഉയര്‍ന്നുവരുന്ന ബദല്‍ ആലോചനകള്‍ക്ക് ആധിപത്യം ലഭിക്കുന്നതുവരെ മാത്രമേ നിലവിലെ മോറല്‍ ലെന്‍സിനും എത്തിക്‌സിനും പ്രാബല്യത കാണൂവെന്ന ആലോചനകള്‍ പലരും മുന്നോട്ടുവെച്ചിട്ടുമുണ്ട്. അഥവാ, കേവലമായൊരു നീതി എന്ന ഒന്ന് നിലനില്‍ക്കുന്നില്ല തന്നെ. ജോണ്‍ റോള്‍സ് നീതിയെ വിശേഷിപ്പിക്കുന്നത് ന്യായയുക്തതയെന്നാണ് (Justice as fairness) എന്നാണ്. ഐകകണ്‌ഠ്യേന പക്ഷപാതിത്വമില്ലാതെ നടപ്പിലാവുന്ന തീരുമാനമാണ് നീതിയെന്ന അദ്ദേഹത്തിന്റെ വിശദീകരണത്തെ അമര്‍ത്യാ സെന്‍ വിമര്‍ശിക്കുന്നത് അത്തരത്തിലുള്ള നിരവധി സാധ്യതകള്‍ ചൂണ്ടിക്കാട്ടിയാണ്. സാഹചര്യവും ഭിന്നമായ ന്യായവാദങ്ങളും ഒക്കെ പരിഗണിക്കുമ്പോള്‍ നീതി ബഹുമുഖവും താരതമ്യാര്‍ഹവുമാണെന്ന് അമര്‍ത്യ സെന്‍ നിരീക്ഷിക്കുന്നു.

മുഹമ്മദ് ഫാതിഹിന്റെ കോണ്‍സ്റ്റാന്റിനോപ്പിള്‍ വിജയവും ആയാസോഫിയയുടെ മസ്ജിദീകരണവും ആ ചരിത്രഘട്ടത്തിലെ സ്വാഭാവിക പ്രവര്‍ത്തിയും നീതിയുമായിരുന്നുവെന്നതിന് ചരിത്രം സാക്ഷിയാണ്. ലഭ്യമായ ചരിത്രസ്രോതസ്സുകളിലെല്ലാം നീതിമാനും മതപ്രോക്തനുമായ ഭരണാധികാരിയായാണ് അദ്ദേഹം വിലയിരുത്തപ്പെടുന്നത്. നന്നേ ചെറിയ പ്രായത്തിലാണ് അദ്ദേഹം ഖലീഫയായി സ്ഥാനമേറ്റെടുക്കുന്നതും കോണ്‍സ്റ്റാന്റിനോപ്പിള്‍ കീഴടക്കുന്നതും. അതില്‍ പിന്നെ, സ്വയം സീസര്‍(റോമന്‍ ഭരണാധിപരുടെ സ്ഥാനപ്പേര്) എന്ന നാമം സ്വീകരിച്ച അദ്ദേഹം ക്രൈസ്തവരടങ്ങുന്ന ഇതരമതസ്ഥര്‍ക്കിടയില്‍ ഏറെ സ്വീകാര്യനായിരുന്നു. ഭിന്ന-സാംസ്‌കാരിക സന്തുലിതത്വമുള്ള (Multi-Cultural Empire) ഒരു സാമ്രാജ്യമായിരുന്നു അദ്ദേഹം കെട്ടിപ്പടുത്തതെന്ന് ഡി. നിക്കൊളായിയെയും ജെ. ഹാല്‍ഡനെയും പോലുള്ള യൂറോപ്യന്‍ ചരിത്രകാരന്മാര്‍ തന്നെ നിരീക്ഷിക്കുന്നുണ്ട്.(2)

എന്നാല്‍, ചരിത്രാജ്ഞതയുടെയും മുന്‍ധാരണകളുടെയും അടിസ്ഥാനത്തില്‍ മുഹമ്മദ് ഫാതിഹിനെ അവിവേകിയായൊരു മതഭ്രാന്തനായി ചിലരെങ്കിലും വിശേഷിപ്പിച്ചുകണ്ടു. ഫെയ്‌സ്ബുക് യുക്തിവാദികള്‍ പലപ്പോഴും പ്രവാചകരും ആഇശ ബീവിയും തമ്മിലുള്ള വിവാഹത്തെ വളരെ സമീപ കാലത്തുമാത്രം രൂപപ്പെട്ട ചില മോറല്‍ ഡിസ്‌കോഴ്‌സുകള്‍ അടിസ്ഥാനമാക്കി വിമര്‍ശിക്കുന്നതിന് സമാനമാണ്. അടുത്ത കാലത്തായി എ.കെ ഗോപാലനെന്ന ആദ്യകാല കമ്യൂണിസ്റ്റ് നേതാവിന്റെ ഒരു വിവാഹത്തെക്കുറിച്ച് ഫെയ്‌സ്ബുക്കില്‍ സമാനമായൊരു വിവാദം രൂപം കൊണ്ടിരുന്നു. എ.കെ.ജിയെന്ന കമ്യൂണിസ്റ്റ് വിഗ്രഹത്തെ ഉടയാതെ സൂക്ഷിക്കാനുള്ള വ്യഗ്രതയില്‍ പഴയകാലത്തിന്റെ സ്വാഭാവികതയും നാട്ടുനടപ്പും വ്യക്തമാക്കി ലിബറല്‍ വാളുകളില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റുകള്‍ വായിച്ചത് ഇവിടെ ആനുഷംഗികമായി സ്മരിക്കുന്നു.

വിദൂര-ചരിത്രത്തിലെ പ്രസ്തുത നടപടിക്രമത്തിന്റെ സ്വാഭാവികതയും നിലവില്‍ പലരുടെയും നിലപാടുകളിലെ കാപട്യവും വ്യക്തമാക്കുന്ന ഒരുദാഹരണം പറയാം. മുഹമ്മദ് രണ്ടാമന്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ കീഴടക്കിയതിന് ഏകദേശം നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷം മുസ്്‌ലിം അധീനതയിലുണ്ടായിരുന്ന ഗ്രാനഡ ഫെര്‍ഡിനാന്റ് രാജാവിന്റെയും ഇസബല്ല രാജ്ഞിയുടെയും സെന്യം നസ്്‌രിദ് രാജവംശത്തില്‍ നിന്നും പിടിച്ചെടുക്കുന്നുണ്ട്. പള്ളികള്‍ ചര്‍ച്ചുകളാക്കുന്നതടക്കമുള്ള സമ്പൂര്‍ണ ക്രൈസ്തവീകരണം അവിടെയും അരങ്ങേറി. From Mosques to Cathedrals: Converting Sacred Space During the Spanish Reconquets എന്ന പഠനത്തില്‍ യൂറോപ്പിന്റെ മധ്യകാല ചരിത്രത്തില്‍ ക്രിസ്ത്യന്‍ ചര്‍ച്ചുകളായി മാറിയ നിരവധി പള്ളികളെ കുറിച്ച് Justin E.A. Kroesen പരാമര്‍ശിക്കുന്നുണ്ട്. ചില പള്ളികള്‍ നിശ്ശേഷം തകര്‍ക്കപ്പെടുകയും തല്‍സ്ഥാനത്ത് ചര്‍ച്ചുകള്‍ നിര്‍മിക്കപ്പെടുകയും ചെയ്തു. ഇന്ന് പോര്‍ച്ചുഗലിലെ കോയിംബ്രയിലും ലിസ്ബണിലും ഉള്ള ചര്‍ച്ചുകള്‍ ഉദാഹരണങ്ങളാണ്. പുരാതന സ്പാനിഷ് നഗരമായ ടോളിഡോ ഒരു സമാധാനക്കരാറിന്റെ ഭാഗമായി 1085-ല്‍ അന്നത്തെ മുസ്്‌ലിം ഭരണാധികാരി ക്രൈസ്തവര്‍ക്ക് കൈമാറുമ്പോള്‍ വെച്ച നിബന്ധനകളില്‍ ഒന്ന് നഗരത്തിലെ മുസ്്‌ലിം പള്ളി അതേപടി സംരക്ഷിക്കണമെന്നായിരുന്നു. എന്നാല്‍, രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം അന്നത്തെ ആര്‍ച്ച് ബിഷപ്പിന്റെ നിര്‍ദ്ദേശപ്രകാരം പ്രസ്തുത പള്ളി ചര്‍ച്ചാക്കി മാറ്റുകയുണ്ടായി. പിന്നീട് നൂറിലേറെ വര്‍ഷങ്ങള്‍ക്ക് അതേപടി തുടര്‍ന്ന ശേഷം 1222-ലാണ് പള്ളിയുടെ കെട്ടിടം പൊളിച്ച് ഗോതിക് ശൈലിയിലുള്ള ചര്‍ച്ച് നിര്‍മിക്കുന്നത്. 1236-ല്‍ കൊര്‍ഡോവ കീഴടക്കിയ ഫെര്‍ണാന്‍ഡോ മൂന്നാമന്‍ ആദ്യം ചെയ്ത പ്രവര്‍ത്തി കൊര്‍ഡോവ മസ്ജിദിന്റെ മിനാരത്തിന് മുകളില്‍ ഒരു ഭീമന്‍ കുരിശ് സ്ഥാപിക്കുകയായിരുന്നു. അന്ന് വൈകുന്നേരം തന്നെ പ്രസ്തുത പള്ളി കന്യാമറിയത്തിന്റെ പേരിലുള്ള കാത്തോലിക് ചര്‍ച്ചായി പ്രഖ്യാപിക്കപ്പെട്ടു. മൂറിഷ് ശില്‍പചാരുതയുടെ അത്ഭുതസ്തംഭമായി നിലനിന്നിരുന്ന പ്രസ്തുത മന്ദിരം പൊളിച്ചുപണിയാനുള്ള ശ്രമങ്ങള്‍ പിന്‍കാലത്ത് നടന്നുവെങ്കിലും ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് നടപ്പിലാവാതെ പോയതായി ചരിത്രത്തില്‍ കാണാം.

ആയാസോഫിയ പോലെത്തന്നെ സൗന്ദര്യാത്മകവും ചരിത്രപരവുമായ പ്രാധാന്യമുള്ള ഈ കെട്ടിടം ഇന്നും സ്‌പെയിനില്‍ മോസ്‌ക് കത്രീഡല്‍ എന്ന പേരില്‍ നിലകൊള്ളുന്നുണ്ടെന്ന് വരുമ്പോള്‍ ആയാസോഫിയ വിഷയത്തില്‍ ഉയര്‍ന്ന കേവലയുക്തിയുടെ പിന്‍ബലത്തില്‍ കൊര്‍ഡോവ കത്രീഡല്‍ പോലുള്ള ആദ്യകാല മസ്ജിദുകള്‍ എന്തേ ഇപ്പോഴും ചര്‍ച്ചുകളായി തുടരുന്നുവെന്ന് ചോദിച്ചാല്‍ എന്തു മറുപടി ലഭിക്കും? നിര്‍ബന്ധിത സെക്കുലറൈസേഷന്‍ ചരിത്രത്തിലെ കയ്യേറ്റങ്ങള്‍ക്കുള്ള പ്രതിവിധിയാണോ? എങ്കില്‍ അത് ആയാസോഫിയക്ക് മാത്രം ബാധകമായിത്തീരുന്നതെങ്ങനെ? ഈ വസ്തുതകളൊക്കെ നിലനില്‍ക്കെ തന്നെയാണ് പുതിയ ചര്‍ച്ചകളുടെ ഭാഗമായി യൂറോപ്യന്‍ യൂണിയനും മിക്ക യൂറോപ്യന്‍ രാജ്യങ്ങളും തുര്‍ക്കിയുടെ നടപടിയെ അപലപിച്ചുകൊണ്ട് രംഗത്തുവരുന്നത്. ആദ്യം ചര്‍ച്ചും പിന്നെ മസ്ജിദും പിന്നെ മ്യൂസിയവും പിന്നെ പള്ളിയുമായുള്ള ഈ മാറ്റത്തെ ‘ക്രിസ്ത്യന്‍ സെന്റിമെന്‍സ്’ ഉപയോഗപ്പെടുത്തി വിമര്‍ശിക്കുന്നത് എങ്ങനെ നീതിയുക്തമാവും?

ചരിത്രത്തിലെ അനീതികള്‍ തിരുത്താന്‍ തുനിഞ്ഞിറങ്ങുന്നത് അസാധ്യമാണെന്ന് പലരും പറഞ്ഞത് കേട്ടു. ശരിയായിരിക്കാം. എന്നാല്‍ അതിനര്‍ത്ഥം ഭൂതകാലത്ത് നടന്നതെല്ലാം അതേപടി തുടരണമെന്നാണോ? തിരുത്ത് സാധ്യമല്ലാത്ത അത്തരം ചരിത്രം എന്നുമുതലാണ് തുടങ്ങുക? നീതിയെ കുറിച്ചുള്ള ആധുനിക സങ്കല്‍പത്തില്‍ വ്യക്തികള്‍ക്കോ സമൂഹത്തിനോ എതിരെ നടന്ന അനീതിയെ നിയമാനുസൃതമായി തിരുത്തുകയെന്ന സങ്കല്‍പത്തിന് വലിയ സ്ഥാനമാണുള്ളത്. ആധുനിക പീനല്‍ കോഡുകളുടെയും കോടതികളുടെയും പ്രവര്‍ത്തനത്തിന്റെ സിംഹഭാഗവും ഈ ലക്ഷ്യത്തെ മുന്‍നിര്‍ത്തിയുമാണ്. ഭരണഘടനാനുസൃതമായ ജനാധിപത്യ സംവിധാനങ്ങള്‍ രൂപപ്പെട്ടത് മുതല്‍ ലിഖിതമായ നിയമങ്ങളെ അവലംബിച്ചുകൊണ്ടാണ് നീതിനിര്‍വ്വഹണം നടന്നുവരുന്നത്. എന്നാല്‍, തുര്‍ക്കിയുടെ നിര്‍ബന്ധിത സെക്കുലറൈസേഷനിലെ പ്രശ്‌നങ്ങളെ അംഗീകരിക്കുന്ന ചിലരും സ്റ്റാറ്റസ് കോ തുടരണമായിരുന്നു എന്ന പക്ഷം പിടിച്ചത് കണ്ടു. തുര്‍ക്കി ഭരണഘടനാനുസൃതമായ റിപ്പബ്ലിക് ആയി രംഗപ്രവേശനം ചെയ്ത ശേഷം നടപ്പില്‍ വന്ന അനീതിയാണ് പ്രസ്തുത തീരുമാനമെന്നത് വിസ്മരിച്ചുകൂടാ. ഈ കാലഗണന പ്രാധാന്യമര്‍ഹിക്കുന്നതാണ്. ആയാ സോഫിയയുടെ മ്യൂസിയം പദവി എടുത്തുകളഞ്ഞ തുര്‍ക്കി കോടതി ഉത്തരവില്‍ പറയുന്നത് 1934-ലെ തീരുമാനം നിയമാനുസൃതമായിരുന്നില്ലെന്നും ആയതിനാല്‍ മുമ്പുണ്ടായിരുന്ന സ്ഥിതി തുടരണമെന്നുമാണ്. റിപ്പബ്ലിക് തുര്‍ക്കിയുടെ ചരിത്രത്തിലെ ഒരു ഭരണാധിപന്‍ തന്റെ ഏകാതിപത്യതുല്യമായ അധികാരമുപയോഗപ്പെടുത്തി, പൊതുജനാഭിപ്രായത്തിന് വിരുദ്ധമായി അടിച്ചേല്‍പ്പിച്ച ഒരു തീരുമാനത്തെ പിന്നീട് പുനഃപരിശോധിക്കുന്നതില്‍ എന്ത് ന്യായലംഘനമാണ് കാണാന്‍ സാധിക്കുക? അത്തരമൊരു നടപടിക്രമത്തിലെ സോദ്ദേശ്യവും നിയമപരമായ സ്വാഭാവികതയും ഉള്‍ക്കൊള്ളാന്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് പോലും സാധിക്കാതെ പോയതെന്തു കൊണ്ടാവും?

ഉദാഹരണത്തിന്, 1947-ല്‍ ആരാധനാലയങ്ങള്‍ക്കുള്ള തല്‍സ്ഥിതി നിലനില്‍ക്കണമെന്ന് ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്നത് കാണാം. ഇന്ത്യയുടെ വിദൂരചരിത്രത്തില്‍ വിവിധ മതസ്ഥരുടെ ആരാധനാലയങ്ങള്‍ക്കുണ്ടായ പരിവര്‍ത്തനങ്ങളെ പുതിയ ജനാധിപത്യ കാലഘട്ടത്തിലേക്ക് വരവ് വെക്കുന്നതിലെ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തിയുള്ള തീരുമാനമാണത്. പ്രസ്തുത കട്ട് ഓഫിന് ശേഷം അരങ്ങേറുന്ന/അരങ്ങേറാവുന്ന ഓരോ കയ്യേറ്റങ്ങളുമാണ് പുതിയ നിയമസംവിധാനമനുസരിച്ച് പ്രശ്‌നവത്കരിക്കേണ്ടതായി വരുന്നത്. ബാബരിയുടെ ധ്വംസനവും അടുത്തിടെ പുറത്തുവന്ന കോടതിവിധിയും ഭരണഘടനാവിരുദ്ധമാണെന്ന് പറയുന്നത് ഈ നിയമയുക്തിയുടെ പിന്‍ബലത്തിലാണ്. ബാബരി നിര്‍മിതമാവുന്നത് ഹൈന്ദവദേവാലയം ധ്വംസിച്ചാണെന്ന് തെളിഞ്ഞാല്‍ പോലും അനീതിയാണ് നടന്നിട്ടുള്ളത്. ഘടികാരത്തിന്റെ തിരുത്തല്‍ സൂചി ബാബരിയുടെ നിര്‍മാണകാലം വരെ മാത്രം പിന്നോട്ടുതിരിച്ചു നിര്‍ത്താവുന്നതല്ലല്ലോ? കാലമിനിയും പിന്നോട്ടുരുളുമ്പോള്‍ തകര്‍ന്നടിഞ്ഞ ബൗദ്ധ ക്ഷേത്രങ്ങള്‍ക്കിടയില്‍ നിര്‍മിതമായ എത്രയമ്പലങ്ങള്‍ പുറത്തുചാടും? ആയാ സോഫിയാ വിവാദത്തില്‍ മാത്രം അനീതിയുടെ കണക്കെടുപ്പുകാര്‍ തിരുത്തല്‍ സാധ്യമായ സമീപചരിത്രത്തെ വിസ്മരിച്ച് വിദൂരചരിത്രത്തിലേക്ക് എടുത്തുചാടുന്നത് നിഷ്‌കളങ്കമായി കണക്കാക്കിക്കൂടാ.

രസകരമായി തോന്നിയ മറ്റൊരു കാര്യം കൂടെ പറഞ്ഞ് അവസാനിപ്പിക്കാമെന്ന് തോന്നുന്നു. ആയാ സോഫിയയുടെ പുതിയ പരിവര്‍ത്തനം സംബന്ധിച്ച് ഇതിനിടെ, വിശാലാര്‍ത്ഥത്തിലുള്ള അനുകൂലിക്കുന്നവരുടെയും പ്രതികൂലിക്കുന്നവരുടെയും രണ്ട് പക്ഷങ്ങള്‍ രൂപപ്പെടുകയും വ്യത്യസ്തമാംവിധം കാര്യങ്ങളെ അടയാളപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, തുര്‍ക്കിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത അനുകൂലികള്‍ക്ക് പോലും ആധുനികതയുടെ ലിബറല്‍ മൊറാലിറ്റിയില്‍ നിന്ന് രക്ഷ പ്രാപിക്കാനായില്ല എന്നതാണ് വസ്തുത. പുതിയ തീരുമാനത്തെ പിന്തുണച്ചുകൊണ്ടുള്ള ന്യായവാദങ്ങളില്‍ നിറയെ മുഹമ്മദ് ഫാതിഹ് ആയാ സോഫിയ പണം കൊടുത്തുവാങ്ങിയ വ്യാജചരിത്രനിര്‍മിതി വ്യാപകമായി ഇടം പിടിച്ചിരുന്നു. ഇതിന് ഉപോല്‍ബലകമെന്നോണം ചില ചിത്രങ്ങളും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. ഇതിനുപിന്നിലെ വസ്തുത ചികയുന്നതിനോ ഉറപ്പുവരുത്തുന്നതിനോ പലരും മുതിര്‍ന്നുകണ്ടില്ല. കോണ്‍സ്റ്റാന്റിനോപ്പിള്‍ അധീനപ്പെടുത്തിയ ശേഷം മുഹമ്മദ് ഫാതിഹ് ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ മേധാവികളുമായി ചര്‍ച്ച നടത്തി, അവരന്ന് അതിവിശുദ്ധമായി കണ്ടിരുന്ന കത്രീഡല്‍ പണം കൊടുത്തുവാങ്ങിയെന്ന വാദത്തിലെ അത്യുക്തിയും അതിശയോക്തിയും അവരാരും ശ്രദ്ധിച്ചതേയില്ല. ഓട്ടോമന്‍ കാലിഫേറ്റിന്റെ അംഗീകൃത ചരിത്രഗ്രന്ഥങ്ങളിലൊന്നും പരാമര്‍ശിക്കപ്പെടാത്ത ഈയൊരു അധ്യായം പൊതുജനാഖ്യാനങ്ങളില്‍ മുഴുക്കെ സ്ഥാനം പിടിച്ചതില്‍ നിന്ന് ഇന്ന് പൊതുവെ ‘വാട്‌സാപ്പ് യൂണിവേഴ്‌സിറ്റി’ എന്ന് വ്യവഹരിക്കപ്പെടുന്ന സംവിധാനത്തിന്റെ ഉദ്പാദന-വിതരണ ശക്തി ബോധ്യമാവുന്നുണ്ട്. നവലിബറല്‍ മൊറാലിറ്റിയില്‍ കച്ചവടം എല്ലാം ലെജിറ്റിമൈസ് ചെയ്യാനുള്ള ഉപാദി കൂടെയായപ്പോള്‍ മുന്‍-പിന്‍നോട്ടങ്ങളില്ലാതെ ഏറ്റുപിടിക്കാന്‍ നിറയെ ആളുകളുണ്ടായി.

റഫറന്‍സ്:

1. The liberal peace fallacy: violent neoliberalism and the temporal and spatial traps of state-based approaches to peace, Ruben Gonzalez-Vicente
2. The fall of Constantinople; The Ottoman conquest of Byzantium, Book by David Nicolle, John Haldon, and Stephen Turnbull

അനീസ് ടി.എ കമ്പളക്കാട്

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Solverwp- WordPress Theme and Plugin