Home » Article » ഭട്കൽ; ഇസ്‌ലാമിക സംസ്‌കൃതിയുടെ ചരിത്ര നഗരിയിലൂടെ

ഭട്കൽ; ഇസ്‌ലാമിക സംസ്‌കൃതിയുടെ ചരിത്ര നഗരിയിലൂടെ

 

 

ഇസ്‌ലാമിക സംസ്‌കൃതിയുടെ വിളഭൂമിയായ ദക്ഷിണേന്ത്യന്‍ തീരദേശ നഗരമാണ് ഭട്കൽ. കർണാടകത്തിന്റെ തലസ്ഥാനമായ ബംഗളൂരുവിൽ നിന്ന് 460 കിലോമിറ്റർ വടക്ക് മാറി സ്ഥിതിചെയ്യുന്ന ഭട്കൽ നവായത്ത് മുസ്ലിംകളുടെ ഭൂരിപക്ഷ മേഖലയാണ്. എ.ഡി എട്ടാം നൂറ്റാണ്ടിൽ കച്ചവടാർഥം ഇവിടെ വന്നിരുന്ന അറബികളുടെ പിന്‍മുറക്കാരാണ് നവായത്തുകളെന്ന് വിശ്വസിക്കപ്പെടുന്നു. യമന്‍, ജോർദാന്‍, ഒമാന്‍, മൊറോക്കോ എന്നിവിടങ്ങളിൽ നിന്ന് ഭട്കലിലെത്തിയ അറബികൾ ഇസ്‌ലാമിലേക്ക് മതപരിവർത്തനം നടത്തിയ ജൈന്‍ സമുദായക്കാരുമായി വൈവാഹിക ബന്ധത്തിലേർപ്പെട്ടു കൊണ്ടാണ് ഇവിടെ താമസമുറപ്പിക്കുന്നത്.

ഇന്ത്യയിലുടനീളം അരങ്ങേറിയ നിരവധി സ്‌ഫോടന പരമ്പരകളിലെ പ്രതികളായ യാസീന്‍ ഭട്കൽ, റിയാസ് ഭട്കൽ, ഇഖ്ബാൽ ഭട്കൽ, സിമിയുടെ പഴയ മെംബർ അബ്ദുൽ ഖാദിർ അർമാർ തുടങ്ങി ഇന്ത്യന്‍ മുജാഹിദീനുമായും ഇസ്‌ലാമിക് സ്റ്റേറ്റുമായും ബന്ധമുള്ളവരിലൂടെയായിരിക്കും പലരും ഭട്കലിനെ കുറിച്ച് ആദ്യമായി കേൾക്കുന്നത്. 2008 ജനുവരി ഒന്നിന് അമേരിക്കന്‍ നയതന്ത്രജ്ഞന്‍ ജോണ്‍ ഗ്രാന്‍വില്ല ഖാർതൂമിൽ കൊല്ലപ്പെട്ടപ്പോൾ ഉത്തരവാദിത്വം ഏറ്റെടുത്ത ഭട്കൽ നവായത്ത് കോളനിയിലെ അന്‍സാർ തൗഹീദ് എന്ന ആഗോള തീവ്രവാദ വിഭാഗവും നമ്മൾ കേട്ടു കാണും. കൂടാതെ, തീവ്രവാദ ചിന്താഗതിക്കാരുടെ റിക്രൂട്ട്‌മെന്റ് മുഖേന ഭട്കലുകാരായ നിരവധി മുസ്‌ലിം നാമധാരികൾ നടത്തിയ ജിഹാദി പലായനങ്ങളുടെ വ്യാജവും നിർവാജ്യവുമായ കഥകൾ പല അന്വേഷണ ഏജന്‍സികളും വ്യക്തമാക്കിയിട്ടുമുണ്ട്.

എന്നാൽ, വലതുപക്ഷ മാധ്യമങ്ങളും ഇസ്‌ലാമോഫോബിക് എഴുത്തുകാരും ചാർത്തിനൽകിയ ‘ഭീകരത’ മുദ്രിതമായ ഈ ദക്ഷിണേന്ത്യൻ നഗരം, ഇസ്‌ലാമിക സംസ്‌കൃതിയുടെ ശോഭനകേന്ദ്രം കൂടിയാണെന്ന വസ്തുത വിസ്മരിക്കപ്പെടാറാണ് പതിവ്. സർവോപരി, ഇന്ത്യാ ചരിത്രത്തിന് ഒട്ടനേകം മഹാരഥന്മാരെയും ചരിത്ര പുരുഷന്മാരെയും സംഭാവന ചെയ്ത വിഭാഗമാണ് നവായത്തുകൾ. സ്വാതന്ത്ര്യ സമര പോരാളിയായിരുന്ന ഐ.എച്ച്. സിദ്ദീഖി, നയതന്ത്രജ്ഞന്‍ എ.കെ. ഹാഫിസ്‌, കർണാടക സർക്കാറിൽ ധനകാര്യ, വ്യവസായ, വിദ്യാഭ്യാസ വകുപ്പുകൾ കൈകാര്യം ചെയ്ത എസ്.എം. യഹ്‌യ, ഉർദു കവികളായിരുന്ന ഡോ. ഹുസൈന്‍ ഫിത്‌റത്, പായം സഈദി, കൗസർ ജാഫരി, അബ്ദു റഹീം ഇർഷാദ് എന്നിവരെല്ലാം നവായത്തി സമുദായക്കാരായിരുന്നു.

രണ്ടുമാസം മുമ്പ് മാസം ദാറുൽ ഹുദാ ഫിഖ്ഹ് ഡിപാർട്‌മെന്റ് സംഘടിപ്പിച്ച ‘ഖാഫില’ പൈതൃക യാത്രയുടെ ഭാഗമായാണ് ഭട്കൽ സന്ദർശനം നടത്താൻ അവസരം ഒത്തുവന്നത്. ഒരുപക്ഷേ, ഇന്ത്യയിൽ തന്നെ അപൂർവമാംവിധം ഇസ്‌ലാമിക നാഗരിക ചൈതന്യം മുറ്റിനിൽക്കുന്ന പ്രദേശമായ ഭട്കലിന്റെ ജീവസ്പന്ദനങ്ങൾ അടുത്തറിയാൻ നടത്തിയ ‘തീർഥയാത്ര’യായിരുന്നു അത്. ദക്ഷിണേന്ത്യയിലെ ശാഫിഈ കർമശാസ്ത്ര സരണിയുടെ സാംസ്‌കാരിക കേന്ദ്രമായ ഭട്കൽ പ്രവിശ്യയെ ഭീകരതയുടെ പുകമറയിൽ പൊതിഞ്ഞുകെട്ടി കുഴിച്ചുമൂടാനുള്ള കുത്സിത യത്‌നങ്ങൾ എത്രമാത്രം ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്കാണ് ഹേതുവാകുന്നതെന്ന് നേരിട്ട് മനസ്സിലാക്കിയതും അങ്ങിനെയായിരുന്നു.

ചരിത്രവും വർത്തമാനവും

പന്ത്രണ്ടാം നൂറ്റാണ്ടിനു മുമ്പുള്ള ഭട്കൽ ചരിത്രം ഇന്നും ഏറെക്കുറെ അജ്ഞാതമാണ്. ഹൊയ്‌സാല, വിജയനഗര, ഹടുവള്ളിയിലെ സലുവ എന്നീ സാമ്രാജ്യങ്ങൾക്കു കീഴിലായിരുന്നു ഭട്കൽ എന്നു തെളിയിയിക്കുന്ന ചരിത്ര രേഖകൾ ലഭ്യമാണ്. മറാത്ത രാജാവ് ശിവാജിയും ഡച്ചുകാരും ബ്രിട്ടീഷുകാരുമെല്ലാം ഈ തീരദേശ നഗരത്തെ വാണിജ്യാവിശ്യങ്ങൾക്കായി ഉപയോഗപ്പെടുത്തിയിരുന്നു. കേലടി സാമ്രാജ്യത്വത്തിന്റെ അസ്തമനത്തിന് ശേഷമാണ് ഹൈദരലിയുടെയും ടിപ്പുവിന്റെയും മൈസൂർ സാമ്രാജ്യത്തിലേക്ക് ഭട്കൽ പ്രവിശ്യയും കൂട്ടിച്ചേർക്കപ്പെട്ടത്.

ഇറ്റാലിയന്‍ യാത്രികനായ വർത്തേമ ഭട്കലിനെ കുറിച്ചെഴുതിയത്, ‘വിജയനഗര സാമ്രാജ്യത്വത്തിനു കീഴിലെ മനോഹരവും ഉന്നതവുമായ പട്ടണമാണിത്’ എന്നായിരുന്നു. 1801ൽ ഭട്കൽ സന്ദർശിച്ച സ്‌കോട്ടിഷ് വംശജനായ ഫ്രാന്‍സിസ് ബുക്കാനന്‍ ആകെ 50 വീടുകളാണ് തനിക്കിവിടെ കാണാന്‍ സാധിച്ചത് എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഹിനൗർ എന്ന നാമത്തിലാണ് മൊറോക്കന്‍ സഞ്ചാരിയായ ഇബ്‌നു ബത്തൂത തന്റെ ‘രിഹ് ല’യിൽ ഭട്കലിനെ പരിചയപ്പെടുത്തുന്നത്. ഹിനൗർ നിവാസികൾ ശാഫിഈ കർമശാസ്ത്ര സരണി പിന്തുടരുന്നവരാണെന്നും അവിടുത്തെ സ്ത്രീകൾ ചാരിത്രശുദ്ധരും സൗന്ദര്യവതികളും വിശുദ്ധ ഖുർആന്‍ ഹൃദിസ്ഥമാക്കിയവരുമാണെന്നും അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.

നൂറ്റാണ്ടുകളായി, ഇസ്‌ലാമിക സംസ്‌കാരത്തിന്റെ നിറസാന്നിധ്യമായി പ്രോജ്വലിച്ചു നിന്നിരുന്ന ഭട്കൽ, വിഭിന്നവും പൈതൃകസമ്പന്നവുമായ സംസ്‌കാരത്തിന്റെ രംഗഭൂമികയാണ്. ഭട്കലിലെ മുസ്‌ലിംകളിൽ ഭൂരിഭാഗംപേരും നവായത്തി വിഭാഗക്കാരാണ്. നവാഗതർ എന്ന അർഥം ദ്യോതിപ്പിക്കുന്ന നൗവ് ആയദ് എന്ന പേർഷ്യന്‍ വാക്കിൽ നിന്നാണ് ‘നവായത്തി’ എന്ന പദം നിഷ്പന്നമായത്. ഹദ്‌വള്ളി ഗ്രാമക്കാരനായ ജൈന്‍ ഭാഷാപണ്ഡിതന്‍ ഭട്കലങ്കയുടെ നാമത്തിൽ നിന്ന് ലോപിച്ചാണ് ഭട്കൽ എന്ന നാമം നിഷ്പന്നമായതെന്നാണ് ചരിത്ര മതം. ഷിറൂർ, ബൈന്‍ഡൂർ, മുർദേശ്വർ, ഗെറോസോപ്പ, ഹനോവർ, ബസ്‌റൂർ തുടങ്ങിയ സ്ഥലങ്ങളിലാണ് കർണാടകത്തിൽ ഇവർ കൂടുതലായും താമസിക്കുന്നത്. കർണാടകക്ക് പുറത്ത് കേരള, ആന്ധ്രാപ്രദേശ്, മദ്രാസ്, കൊൽകത്ത, മുംബൈ, യു.എസ്.എ, യു.കെ എന്നിവിടങ്ങളിലും ഈ സമുദായക്കാർ താമസിച്ചു വരുന്നു. 2011 ലെ സെന്‍സസ് പ്രകാരം 64.59 ശതമാനമാണ് ഭട്കലിലെ മുസ്‌ലിം ജനസംഖ്യ. മറാത്തി, കൊങ്കിണി, അറബിക്, പേർഷ്യന്‍, ഉറുദു തുടങ്ങിയ ഭാഷകൾ ചേർന്ന പ്രാദേശിക ഭാഷയായ നവൈത്തിയാണ് ഇവർ ആശയ സംവേദനത്തിന് ഉപയോഗിക്കുന്നത്.

നവായത്തി മുസ്‌ലിംകളുടെ ആശയ പ്രകാശന മാധ്യമവും സാമൂഹിക സാംസ്‌കാരിക ജിഹ്വയുമായി പ്രവർത്തിച്ചു വരുന്ന ദ്വൈവാരികയാണ് ‘നഖ്‌ശേ നവായത്ത്’. 1976 ഏപ്രിൽ 18 ന് മൗലൗന ശാഹ് അബുൽ ഹഖ് ആരംഭിച്ച പ്രസ്തുത ദ്വൈവാരിക ലോകത്തിന്റെ നാനാ ഭാഗത്തുള്ള നവായത്തി വിഭാഗക്കാരുടെ പ്രശ്‌നങ്ങൾ സസൂക്ഷ്മം വിശകലനം ചെയ്യുകയും അവ മുഖ്യധാരയിലെത്തിക്കുകയും ചെയ്യുന്നുണ്ട്. ഇതിനു പുറമെ, 1990 ആഗസ്റ്റിൽ പ്രസിദ്ധീകരണം ആരംഭിച്ച ‘ദ ഭട്കൽ ടൈംസ്’ എന്ന ദ്വൈവാരികയും ‘അൽഇത്തിഹാദ്’ ദ്വൈവാരികയും നവായത്തികൾ പുറത്തിറക്കുന്നുണ്ട്.

1993ലെയും 1996 ലെയും കലാപങ്ങൾ ഭട്കലിന്റെ സമകാലിക ചരിത്രത്തിലെ കറുത്ത ഏടുകളായിട്ടാണ് വിലയിരുത്തപ്പെടുന്നത്. 1992 ലെ ബാബരി ധ്വംസനാനന്തരം കാര്യമായ അസ്വാരസ്യങ്ങളൊന്നും ഉടലെടുക്കാതിരുന്ന ഭട്കൽ പ്രവിശ്യ, അസ്ഥിരമായി മാറിയത് ഹനുമാന്‍ ക്ഷേത്രത്തിലെ രഥയാത്രക്കിടെയുണ്ടായ കല്ലേറോടെയായിരുന്നു. തുടർന്നുണ്ടായ കലാപത്തിൽ 10 മുസ്‌ലിംകളും 9 ഹിന്ദുക്കളുമടക്കം 19 പേർക്ക് ജീവഹാനി സംഭവിച്ചു. ഭട്കലിൽ ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും താത്വികാചാര്യനും എം.എൽ.എയുമായിരുന്ന ഡോ. യു.ചിത്തരഞ്ജന്റെ കൊലപാതകമാണ് മൂന്നു വർഷങ്ങൾ ശേഷം ഭട്കലിനെ വീണ്ടും അരക്ഷിതാവസ്ഥയുടെ നീർചുഴികളിലേക്ക് തള്ളിവിട്ടത്. യാസീനെയും റിയാസിനെയും പോലോത്ത മുസ്‌ലിം തീവ്രവാദികളെയും അനന്ത്കുമാർ ഹെഗ്‌ഡെയെ പോലോത്ത തീവ്ര വലതുപക്ഷ ഹിന്ദുത്വ നേതാക്കളെയും സൈദ്ധാന്തികമായി രൂപപ്പെടുത്തിയത് പ്രസ്തുത കലാപമായിരുന്നുവെന്ന് അരുണ്‍ ദേവ് നിരീക്ഷിക്കുന്നുണ്ട്.

ഇസ്‌ലാമിക സംസ്‌കൃതി

വിജ്ഞാന സപര്യയുടെ നൈരന്ത്യരം അണമുറിയാതെ കാത്തുസൂക്ഷിക്കുന്ന ഭട്കലിൽ ജ്ഞാന പ്രസരണത്തിന്റെ പ്രകാശ ഗോപുരമായി പ്രോജ്വലിച്ചു നിൽക്കുന്ന ശാഫിഈ മതകലാലയമാണ് ജാമിഅ ഇസ്‌ലാമിയ്യ. ലഖ്‌നോ നദ്‌വതുൽ ഉലമയോട് അഫിലിയേറ്റ് ചെയ്ത ഈ സ്ഥാപനം 1962ലാണ് സ്ഥാപിതമായത്. ജാമിഅക്കു കീഴിലെ പ്രൈമറി സ്‌കൂൾ നവായത്ത് കോളനി, ചൗക് ബസാർ എന്നിവിടങ്ങളിലും ദാറുൽ തഹ്ഫീള്, സെക്കന്‍ഡറി, ഡിഗ്രി, പിജി എന്നി ബ്ലോക്കുകൾ ജാമിആബാദിലെ ഇരുപത് ഏക്കർ കോമ്പൗണ്ടിലുമാണ് സ്ഥിതി ചെയ്യുന്നത്. ദീർഘമായ ഒമ്പത് വർഷത്തെ പഠനത്തിന് ശേഷം ലഖ്‌നോ നദ്‌വതുൽ ഉലമയിൽ വെച്ച് അവസാന പരീക്ഷ എഴുതുന്നതോടെയാണ് വിദ്യാർഥി ആലിം(പണ്ഡിത ബിരുദധാരി) ആയി മാറുന്നത്. ജാമിആബാദിലെ ജാമിഅയുടെ പ്രധാന കോമ്പൗണ്ടിൽ പെണ്‍കുട്ടികൾക്ക് വിദ്യാഭ്യാസ സൗകര്യമില്ലെങ്കിലും ഓൾഡ് ഭട്കലിൽ സ്ത്രീകൾക്കായി ജാമിഅ സാലിഹാത്ത് എന്ന സ്ഥാപനം പ്രവർത്തിച്ചു വരുന്നുണ്ട്.

80,000 മുസ്‌ലിംകൾ താമസിക്കുന്ന ഭട്കൽ പ്രവിശ്യയിൽ എണ്‍പതിലധികം പള്ളികളും പത്ത് ജാമിഉ(ജുമുഅ നടക്കുന്ന പള്ളികൾ)കളുമാണ് ആകെയുള്ളത്. ജാമിഅ ഇസ്‌ലാമിയ്യയിൽ പഠിക്കുന്ന വിദ്യാർഥികളിൽ ഭൂരിഭാഗവും ഭട്കൽ നിവാസികൾ തന്നെയാണ്. കാമ്പസിൽ ജുമുഅ ഇല്ലാത്തതിനാൽ ഭട്കൽ നിവാസികളായ വിദ്യാർഥികൾ വ്യായാഴ്ച വീട്ടിൽ പോവുകയും ശനിയാഴ്ച രാവിലെ തിരിച്ചെത്തുകയുമാണ് പതിവ്. മറ്റു വിദ്യാർഥികൾ വെള്ളിയാഴ്ച ജുമുഅക്കായി കാമ്പസിന് പുറത്ത് പോയിവരികയും ചെയ്യുന്നു.

പരിശുദ്ധ ഖുർആന്‍ പരിപൂർണമായി ഹൃദിസ്ഥമാക്കുന്ന സംസ്‌കാരം ഭട്കലിലും പരിസര പ്രദേശങ്ങളിലും വ്യാപകമായി കാണാം. ജാമിഅക്ക് കീഴിൽ പ്രത്യകം തഹ്ഫീളുൽ ഖുർആന്‍ കോളേജും പ്രവർത്തിച്ചു വരുന്നുണ്ട്. പൊതുവെ സർക്കാർ വിരോധികളായി ചിത്രീകരിക്കപ്പെടുന്ന ഭട്കലിലെ നവായത്ത് മുസ്‌ലിംകൾ, മതപഠനത്തിനതീതമായി ഭൗതിക വിദ്യാഭ്യാസം ഒന്നും അഭ്യസിക്കാറിലെന്ന് ഡൽഹിയിലെ ഇന്റലിജന്‍സ് ഒഫീഷ്യൽസ് രേഖപ്പെടുത്തുന്നുണ്ട്. തീവ്രവാദ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ അന്വേഷണം നടത്തിയ സർക്കാർ ഏജന്‍സികൾ കണ്ടെത്തിയത് മതപഠനത്തിൽ മാത്രമൂന്നിയുള്ള വിദ്യാഭ്യാസമാണ് ഭീകരവാദ ചിന്താധാരകളിലേക്ക് ഭട്കൽ നിവാസികളെ വഴിതിരിച്ചു വിടുന്നത് എന്നായിരുന്നു.

എന്നാൽ, സ്ഥാപനം മുതൽ ഇക്കാലം വരെക്കും റാഡിക്കൽ ഇസ്‌ലാമിസ്റ്റ് ആശയധാരയുടെ വിരുദ്ധചേരിയിലാണ് ജാമിഅ ഇസ്‌ലാമിയ്യ നിലകൊള്ളുന്നത്. അതേസമയം, ഇസ്‌ലാമിക ശരീഅത്തിന്റെ കാവലാളായി നിലയുറപ്പിക്കുന്നതോടൊപ്പം ആധുനിക വിദ്യാഭ്യാസത്തിലെ ആരോഗ്യകരവും ഗുണപരവുമായ അംശങ്ങളും ജാമിഅ സ്വാംശീകരിക്കുന്നുണ്ട്. വാസ്തവത്തിൽ, ലോകത്ത് എല്ലായിടത്തുമെന്ന പോലെ ദാരിദ്രത്തിന്റെയും ഇഛാഭംഗങ്ങളുടെയും തിക്താനുഭവങ്ങളാണ് പലപ്പോഴും മുസ്‌ലിംകളെ തീവ്രവാദത്തിന്റെ മായിക പ്രപഞ്ചത്തിലേക്ക് എടുത്തെറിയുന്നത്. ഈ യാഥാർഥ്യം തിരിച്ചറിഞ്ഞു കൊണ്ടാണ് നശീകരണാത്മകവും വിനാശകരവുമായ തീവ്രവാദ ഉപജാപങ്ങളിൽ നിന്ന് അകന്നുമാറി, സർവമത സൗഹാർദവും മതമൈത്രിയും കാത്തുസൂക്ഷിക്കുവാന്‍ എക്കാലത്തും ജാമിഅയുടെ നേതൃത്വം ബദ്ധശ്രദ്ധരായിരുന്നതും.

മൗലാന അബുൽ ഹസന്‍ അലി നദ്‌വി ഇസ്‌ലാമിക് അക്കാദമിയുടെ കീഴിലുള്ള ഖുർആന്‍ മ്യൂസിയം ഭട്കലിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. അമ്പത്തഞ്ച് ഭാഷകളിലായി ഖുർആന്‍ പരിഭാഷകളുടെ കോപ്പികൾ ഇവിടെ ലഭ്യമാണ്. പ്രധാനമായും സ്പാനിഷ്, റഷ്യന്‍, ഫ്രഞ്ച്, ഹംഗേറിയന്‍, ബോസ്‌നിയന്‍, അൽബാനിയന്‍, ചൈനീസ് എന്നീ ഭാഷകളിലെ അമൂല്യ ഗ്രന്ഥങ്ങളും ഈ ശേഖരത്തിലുണ്ട്. ഈജിപ്തിൽ നിന്ന് കൊണ്ടുവന്ന ഒരു ഇഞ്ച് നീളം വരുന്ന ലോകത്തെ ഏറ്റവും ചെറിയ ഖുർആനും അതിലുൾപെടും. തത്വമീമാംസ, സാഹിത്യം, മതം, ഇസ്‌ലാമിക നിയമം എന്നിവയിലായി 150 ഓളം ജേണലുകളും പിരിയേഡിക്കൽസുകളുമായി 40000 ഓളം പുസ്തകങ്ങളുള്ള വിശാലമായ ലൈബ്രറി സൗകര്യം ജാമിഅ ഇസ്‌ലാമിയ്യ കോമ്പൗണ്ടിലുമുണ്ട്.

വ്യക്തി/സാമൂഹിക ജീവിതത്തിന്റെ ഉച്ഛാസ- നിശ്വാസങ്ങളിലും ചലന-നിശ്ചലനങ്ങളിലും ഇസ്‌ലാമിക അധ്യാപനങ്ങളുടെ മൂർത്തീമദ്ഭാവം നവായത്തികളുടെ ജീവിതത്തിൽ തെളിഞ്ഞുകാണാം. പണ്ഡിത-‏പാരമ വ്യത്യാസമില്ലാതെ പുരുഷന്മാർ ജുബ്ബയും ലുങ്കിലും തൊപ്പിയുമാണ് ധരിക്കാറുള്ളത്. പർദയും ബുർഖയുമില്ലാതെ നവായത്തി മുസ്‌ലിം സ്ത്രീകൾ പുറത്തിറങ്ങാറില്ലത്രേ. പ്രവാചക(സ)ന്റെ വിയോഗാനന്തരം പതിനാല് നൂറ്റാണ്ടുകൾക്കിപ്പുറവുംകടുകിട വ്യതിചലിക്കാതെ ഇസ്‌ലാമിക സംസ്‌കൃതി പുലർത്തിപ്പോരുന്ന ഭട്കലുകാർ ഒരത്ഭുതം തന്നെയാണ്. വീടുകളുടെ നാമകരണങ്ങളിലും ഇസ്‌ലാമിക സ്വാധീനം ദൃശ്യമാണ്. സകനെ ഉമർ, ആരിഫ് കിറാമി, ഖസ്‌റെ സുബൈർ, ദാറുസ്സുറൂർ തുടങ്ങി കൗതുകകരവും പൂർവ സൂരികളുടെ സ്മരണകളുണർത്തുന്നതുമായ പല പേരുകളും വ്യാപകമായി വീടുകൾക്ക് ഉപയോഗിക്കുന്നത് ഇസ്‌ലാമിക സംസ്‌കാരവുമായി നവായത്തികൾ കാത്തുസൂക്ഷിക്കുന്ന ആത്മബന്ധത്തിലേക്കുള്ള ചൂണ്ടുപലകയാണ്.

ആതിഥ്യ മര്യാദയുടെ തേജോരൂപങ്ങളാണ് ഭട്കൽ നിവാസികൾ. സന്ദർശകരെയും ഗവേഷകരെയുമെല്ലാം ഹാർദമായി സ്വാഗത്വം ചെയ്യുന്ന ഭട്കലുകാരെ പലപ്പോഴും ആതിഥ്യവുമായി സമീകരിക്കുന്ന പ്രയോഗങ്ങൾ വരെ നിലവിലുണ്ട്. ലാളിത്യവും മിതത്വവും നവായത്തി വിവാഹ കർമങ്ങളുടെ പൊതുസ്വഭാവമാണ്. സ്വസമുദായക്കാരുമായി മാത്രം വൈവാഹിക ബന്ധം സ്ഥാപിക്കാറുള്ള നവായത്തികൾ മഹറ് മാത്രം നൽകുകയും ശരീഅത്ത് വിരുദ്ധമായ സ്ത്രീധന സംവിധാനം പാടെ നിരാകരിക്കുകയും ചെയ്യുന്നവരാണ്. അതിനാൽതന്നെ, സ്തീധനത്തിന്റെ പേരിൽ അരങ്ങേറുന്ന അരുംകൊലകളും പാരവെപ്പുകളുമൊന്നും ഭട്കൽ നിവാസികൾക്കിടയിൽ പതിവില്ല. ഗൾഫ് കുടിയേറ്റാനന്തരം നിർമിക്കപ്പെട്ട പല നവായത്തി വീടുകളിലും ഇസ്‌ലാമിക ശിൽപചാരുതയുടെ സ്വാധീനം ദർശിക്കാനാകും. 1914 ൽ മൊഹിസ്താന്‍ മുഹമ്മദ് മീറ പണികഴിപ്പിച്ച ബറാനി ഹൗസ് അറബ് ശില്പഭംഗിയുടെ മകുടോദാഹരണമാണ്.

ഇസ്‌ലാമിക് ബാങ്കും
ശരീഅത് കോടതിയും

ഇന്ത്യയിൽ ആദ്യമായി വ്യവസ്ഥാപിത ഇസ്‌ലാമിക് ബാങ്കിങ് സംവിധാനത്തിന് നാന്ദി കുറിക്കുന്നത് ഭട്കലിലാണ്. 2015 ഒക്‌ടോബർ 4 ന് ഡോ. സഈദ് ഷിന്‍ഗേരിക്ക് കീഴിൽ പ്രവർത്തനം ആരംഭിച്ച തഖ്‌വ ബാങ്കിങ് സംവിധാനം കർണാടകത്തിനു പുറമെ മറ്റു ആറു സംസ്ഥാനങ്ങളിലും ബ്രാഞ്ചുകൾ തുറന്നിട്ടുണ്ട്. പൂർണമായും ഇസ്‌ലാമികാധിഷ്ഠിതമായ സാമ്പത്തിക വ്യവസ്ഥിതിയിലേക്ക് മുസ്‌ലിംകളെയും അമുസ്‌ലിംകളെയും ആകർഷിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് ഷിംഗേരി പറയുന്നു. അമേരിക്കയിലെ ഹാലിഫക്‌സ് യൂണിവേഴ്‌സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് നേടിയ ഷിംഗേരി മുപ്പതോളം വർഷം വിദേശ രാഷ്ട്രങ്ങളിൽ ജോലി ചെയ്തതിന്റെ അനുഭവ സമ്പത്തുമായാണ് തഖ്‌വ ഇസ്‌ലാമിക് ബാങ്കിന് തുടക്കം കുറിക്കുന്നത്. ഭൗതിക സാമ്പത്തിക ശാസ്ത്രത്തിൽ പി.എച്ച്.ഡി നേടിയ ഡോ.ഷിംഗേരി ആധുനിക പലിശയധിഷ്ഠിത ബാങ്കിംഗ് സംവിധാനത്തിന്റെ പുഴുക്കുത്തുകൾ തിരിച്ചറിഞ്ഞാണ് ഭട്കലിൽ ഇസ്‌ലാമിക് ബാങ്കിംഗ് സംവിധാനത്തിന് അസ്തിവാരമിടുന്നത്. പ്രമുഖ കർമശാസ്ത്ര പണ്ഡിതനായ മുജാഹിദുൽ ഇസ്‌ലാം ഖാസിമിയുടെ ആശിർവാദത്തോടെ ആരംഭിച്ച അന്യൂനവും നൂതനവുമായ തന്റെ ബാങ്കിംഗ് സംവിധാനത്തിന്റെ പിഴവുകൾ ഇസ്ലാമിക ദൃഷ്ട്യാ ശ്രദ്ധയിൽ പെടുത്തിയാൽ അഞ്ച് ലക്ഷം ഇനാം നൽകുമെന്നും ഷിംഗേരി പറയുന്നു.

ഓൾഡ് ഭട്കലിലെ ശരീഅത് കോടതി, നവായത്തികൾക്കിടയിലെ ഇസ്‌ലാമിക സാംസ്‌കാരിക പൈതൃകത്തിന്റെ മറ്റൊരു അടയാളപ്പെടുത്തലാണ്. തലമുറകളായി ഭട്കൽ നിവാസികളുടെ സാമൂഹികവും വ്യക്തിപരവുമായ പ്രശ്‌നങ്ങളുടെ അഭയകേന്ദ്രമാണ് 1851ൽ സ്ഥാപിതമായ പ്രസ്തുത കോടതി. തദ്ദേശീയരുടെ ജീവിത സമസ്യകൾക്ക് ഇസ്ലാമിക കർമശാസ്ത്രത്തിലധിഷ്ഠിതമായി പ്രതിവിധി നിർദേശിക്കുകയെന്ന ദൗത്യമാണ് ഒന്നര നൂറ്റാണ്ടിലേറെയായി കോടതി നിർവഹിച്ചു വരുന്നത്. പ്രധാനമായും വിവാഹമോചനം (ത്വലാഖ്), പണംനൽകി വിവാഹമോചനം ആവശ്യപ്പെടൽ. (ഖുല്അ്) എന്നിവ സംബന്ധിച്ചാണ് അധിക കേസുകളും തീർപ്പാക്കുന്നത് എന്നാണ് ഉപ ന്യായാധിപന്‍ അബ്ദുൽ അളീം നദ്‌വി പറയുന്നത്. വാദി(മുദ്ദഇ), പ്രതി(മുദ്ദഅ അലൈഹി) വിഭാഗങ്ങൾ വക്കീലുമാർ മുഖേന വാദങ്ങൾ അവതരിപ്പിക്കുന്നതിനു പകരം, ഇരു വിഭാഗത്തിനെയും അഭിമുഖമായി ഇരിപ്പിടങ്ങളിലിരുത്തി അവരിൽ നിന്ന് തന്നെ വാദം കേൾക്കുന്ന സംവിധാനമാണ് നിലവിലുള്ളത്. തുടർന്ന് ഇരുവിഭാഗക്കാരുടെയും വാദ, പ്രതിവാദങ്ങൾ ന്യായാന്യായ പരിശോധനകൾക്കും അതിസൂക്ഷ്മമായ വിശകലനങ്ങൾക്കും ശേഷം ന്യായാധിപ വിഭാഗം വിധി പ്രസ്താവിക്കുകയും ചെയ്യുന്നു.

മുഹമ്മദ് നിഹാല്‍