Thelicham

കാപിറ്റലിസ്റ്റ് ലോകക്രമവും ധാർമികതയെ കുറിച്ചുള്ള ചോദ്യങ്ങളും

വികസനം രാഷ്ട്രീയത്തിന് അതീതമാണെന്ന ധാരണ 1991 ന് ശേഷം ഇന്ത്യയില്‍ സൃഷ്ടിക്കപ്പെട്ട ഒരു പൊതുബോധമാണ്. നവ ഉദാര സാമ്പത്തിക നയമായിരുന്നു അതിന്റെ അടിസ്ഥാനം. പടിഞ്ഞാറന്‍ രാഷ്ട്രങ്ങള്‍ നിയന്ത്രിക്കുന്ന ആഗോള ധനകാര്യ സ്ഥാപനങ്ങള്‍ ആയിരുന്നു അതിന്റെ പ്രായോജകര്‍. പ്രത്യുത നയങ്ങൾ ഇന്ത്യയിൽ നടപ്പിൽ വരുമ്പോൾ ധനമന്ത്രിയായിരുന്ന മൻമോഹൻ സിംഗ് ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിന്റ പ്രൊഡക്ട് ആയിരുന്നു എന്നതും ഇതിലേക്കുള്ള മറ്റൊരു സൂചനയാണ്.പരിസ്ഥിതിക്കോ തദ്ദേശ സാമൂഹ്യ-സാമ്പത്തിക വ്യവസ്ഥക്കോ പരിഗണന നല്‍കാത്ത നഗര കേന്ദ്രിത അടിസ്ഥാന സൗകര്യ വികസനത്തിന് മുന്‍തൂക്കം നല്‍കുക എന്ന ഈ നയം തന്നെയാണ് പ്രധാനമന്ത്രിയാവുന്നതിന് മുമ്പ് മോദിയും പിന്തുടര്‍ന്നത്. ഈ സാഹചര്യത്തോട് ചേർത്തു നോക്കുമ്പോൾ എതിർക്കാനോ മാറ്റിനിര്‍ത്താനോ കഴിയാത്ത വിധം വികസനം എന്ന മുദ്രാവാക്യമാണ് അദ്ദേഹം സ്വീകരിച്ചതും പ്രഘോഷണം ചെയ്തതും.

പൂച്ച കറുത്തതായാലും വെളുത്തതായാലും എലിയെ പിടിച്ചാല്‍ മതി എന്ന ചിന്ത നമ്മുടെ പൊതുബോധത്തിലേക്ക് കൊണ്ടുവരാൻ, നരസിംഹ റാവു-മന്‍മോഹന്‍ സിങ്ങ് ദ്വയം ഇന്ത്യയില്‍ പ്രാവര്‍ത്തികമാക്കിയിരുന്ന നയങ്ങൾ കൂടി ഒരു കാരണമായി. നെഹ്രുവിയന്‍ സോഷ്യലിസത്തില്‍ നിന്ന് നവ ഉദാര മുതലാളിത്തത്തിലേക്കുള്ള പരിണാമമാണ് അവര്‍ കൊണ്ടുവന്നതെങ്കില്‍, ഇന്ത്യന്‍ ജനാധിപത്യത്തില്‍ നിന്ന് നെഹ്‌റു കുടുംബവാഴ്ച എന്ന എലിയെ തുരത്താനുള്ള പൂച്ചയായി മോഡി സ്വയം അവരോധിതനാകുകയായിരുന്നു. അതായത്, വികസന മുദ്രാവാക്യത്തിലൂടെ ലഭിക്കുന്ന സമ്മതി, തന്റെ രീതി കറുത്തതോ വെളുത്തതോ എന്ന പരിശോധനയെ മറികടക്കാന്‍ മോദിയെ സഹായിച്ചു. മാത്രവുമല്ല, സ്വേച്ഛാധികാരത്തെ മനസ്സ് കൊണ്ടംഗീകരിക്കുന്ന ഒരു സാമൂഹ്യ സ്ഥിതിയാണ് നിലവിലുള്ളതെന്ന് മോദി തിരിച്ചറിയുകയും പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്തു. പല കാരണങ്ങളാലും ജനാധിപത്യത്തില്‍ വിശ്വാസം നഷ്ടപ്പെട്ട ആളുകൾ തന്റെ വോട്ടുബാങ്കാണ് എന്ന് തിരിച്ചറിഞ്ഞ അദ്ദേഹം അതിനെ കൃത്യമായി ഉപയോഗപ്പെടുത്തി അധികാരത്തിലുമെത്തി. ഭരണവ്യവസ്ഥിതിയിൽ അവിശ്വാസം പടർത്തി, ഗീബൽസിയൻ നുണകളും ഡമോക്ലസിന്റെ വാളും ഹിറ്റ്ലറിന്റെ ശൗര്യവും ഉപയോഗിച്ചും അനുകരിച്ചും അഭിനയിച്ചും,ഭീതിയും അപകർഷതയും പരത്തിയും അധികാരത്തിലേറിയതിനു പിന്നിലും കോർപറേറ്റ് തന്ത്രങ്ങളെയും സഹായങ്ങളെയും വ്യക്തമായി കാണാവുന്നതാണ്.

സോഷ്യലിസത്തിൽ നിന്നും ക്യാപ്പിറ്റലിസത്തിലേക്ക് മാറുമ്പോൾ സൃഷ്ടിക്കപ്പെട്ട മറ്റു ചില പ്രശ്നങ്ങളാണ് ഇനി ഞാൻ സൂചിപ്പിക്കാനാഗ്രഹിക്കുന്നത്.

മൂല്യബോധവും ധാർമികതയും പകരുകയും ജീവിത വഴികളിൽ സാന്ത്വനവും ആത്മീയാനന്ദവും നിർഗളിക്കേണ്ട മതങ്ങളെ പോലും ( അ )രാഷ്ട്രീയപരമായി ഉപയോഗപ്പെടുത്തുന്നു.

മനസിനെ സ്ഫുടമാക്കി ശക്തി യുക്തമാകേണ്ടിടത്ത് മതം കേവലം ദൗർബല്യവും വികാരവും മാത്രമായി ഒതുങ്ങുന്നു. ആർഎസ്എസും എൻഡിഎഫും മതത്തെ മറ്റൊരു ലക്ഷ്യത്തിനോ താല്പപര്യത്തിനോ വേണ്ടി ഉപയോഗിക്കുന്നവരാണ്. ഇവരുടെ വളർച്ചയെ പിന്തുണക്കുന്നതും ഒരു പക്ഷെ ആശയങ്ങൾ മുതൽ ആയുധങ്ങൾ വരെ എത്തിച്ചു നൽകാൻ കോർപറേറ്റ് ചാരൻമാർ സജീവമാണ്. മാത്രമല്ല, രാജ്യങ്ങൾക്കിടയിലും രാജ്യങ്ങൾക്കുള്ളിലും കടന്നു കയറി പ്രശ്നങ്ങളും അസ്വസ്ഥതകളും സൃഷ്ടിക്കുകയും പോലീസായി ചമഞ്ഞ് ആ വിടവിൽ തങ്ങളുടെ പ്രധാന വരുമാനമാർഗമായ ആയുധക്കച്ചവടം നടത്തി വരുന്നവരാണ് കോർപറേറ്റ് രാജ്യങ്ങളിലധികവും.’ വെടക്കാക്കി തനിക്കാക്കുക ‘ എന്ന ഈ നയം തന്നെ കോർപറേറ്റുകളുടെ സ്വഭാവത്തെ തിരിച്ചറിയാൻ പര്യാപ്തമാണ്.
രാജ്യത്തെ ഭരണ വ്യവസ്ഥ, സാമ്പത്തികം, സാമൂഹികം, ഗവേഷണം, രാഷ്ട്രീയം, തുടങ്ങി എല്ലാ മേഖലയിലും കോർപ്പറേറ്റുകൾ കൃത്യമായി ഇടപെടുന്നു. ഒരു വേള ഭരണകൂടവും കോർപറേറ്റും ഒന്നാണോ എന്ന ഭീതി പരക്കുന്നു. കോർപറേറ്റു ചെലവിൽ ഒരു പാട് രാഷ്ട്രീയ പ്രതിസന്ധികളോ കലാപങ്ങളോ സൃഷ്ടിക്കപ്പെടുന്നു എന്നതിലുപരി ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര ഗവേഷണരംഗങ്ങളിലെ മുതലാളിത്തവത്കരണവും വർധിക്കുന്നു. ജനകീയ ആവശ്യങ്ങളല്ല, കോർപറേറ്റുകളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളുമാണ് പലപ്പോഴും ഗവേഷണ വിഷയങ്ങളായി മാറുന്നത്. ഗവേഷണത്തിനുള്ള ഫണ്ടിന്റെ വലിയൊരു ഭാഗം കോർപറേറ്റുകളിൽനിന്നാകുമ്പോൾ ആശങ്കകൾ അസ്ഥാനത്തല്ല. അതിലുപരി ശാസ്ത്രത്തിന്റെ ലക്ഷ്യത്തെ പോലും വക്രീകരിക്കുകയും ശാസ്ത്രത്തിന്റെ വസ്ത്രമണിഞ്ഞ് ശാസ്ത്രത്തിനു തന്നെ ഒരിക്കൽ പോലും അതിന്റെ പരിധികൾക്കുളളിൽ നിന്നു കൊണ്ട് ഉന്നയിക്കാനാവാത്ത സാക്ഷാൽ ശാസ്ത്രമാത്രവാദത്തിനു പ്രചുരപ്രചാരം നൽകുകയും, അതേ സമയം ചില അന്ധവിശ്വാസങ്ങൾ തന്നെ ശാസ്ത്രത്തിന്റെ പേരിൽ കടത്തിക്കൊണ്ടുവരികയും ചെയ്യുന്ന സമകാലിക ഉദാഹരണങ്ങൾ സുതരാം വ്യക്തമാണ്.

ഗണപതിയിൽ പ്ലാസ്റ്റിക് സർജറിയുടെ പിറവിയും പുഷ്പകവിമാനത്തിൽ വ്യോമയാനസിദ്ധാന്തങ്ങളുടെ ആദ്യ പാഠവും ചാണകത്തിൽ ആണവവികിരണവും പ്ലൂട്ടോണിയവും ഗോമൂത്രത്തിൽ കോവിഡിനുള്ള മരുന്നും കണ്ടെത്തുന്നത് അതിന്റെ ഭാഗമാണോ എന്നു പരിശോധിക്കേണ്ടതുണ്ട്. ഒരു പക്ഷെ,തങ്ങളുടെ ഉല്പന്നങ്ങൾ വിറ്റുപോവുന്നതിന് അതു വിഘാതമാവുമെങ്കിലും തങ്ങൾ പറഞ്ഞാൽ എന്തും വിശ്വസിക്കുന്ന ചിന്താദാരിദ്ര്യമനുഭവിക്കുന്ന ഒരു ജനതയെ തന്നെയാണവർ ലക്ഷ്യം വെക്കുന്നത്.

മാത്രമല്ല, മനുഷ്യ ധിഷണയുടെയും അധ്വാനത്തിന്റെയും ഫലമായി ഉരുത്തിരിഞ്ഞുവന്ന പല സാമൂഹ്യ ഉല്‍പന്നങ്ങളുടെയും മേല്‍ വ്യാജമായ അവകാശവാദങ്ങൾ ഉന്നയിച്ച് മനുഷ്യവഞ്ചന നടത്തുകയും , ശാസ്ത്രത്തെയും മതങ്ങളെയും ഒരിക്കൽ പോലും പരസ്പരം സഹകരിക്കുകയോ ഉൾക്കൊള്ളുകയോ ചെയ്യാത്ത വിധമുള്ള ദ്വന്ദങ്ങളായും ശത്രുക്കളായും അവതരിപ്പിക്കുകയും ,അന്ധമായ ഒരു നാസ്തിക വാദം സ്ഥാപിക്കാന്‍ കുതന്ത്രങ്ങൾ മെനഞ്ഞെടുക്കുകയും ചെയ്യുന്ന പ്രവണതകൾ മൂല്യബോധത്തെയോ സദാചാര ബോധത്തിന്റെയോ ധാർമികതയിലൂന്നിയ അതിരുകളെ പൊളിക്കുന്നതിനു വേണ്ടിയുള്ള ശ്രമങ്ങളായി വ്യാഖ്യാനിക്കാം. വാദങ്ങൾക്ക് ആത്മാർത്ഥതയുണ്ടെങ്കിൽ നവോത്ഥാനത്തിനും നവോത്കർഷത്തിനും മാനവപുരോഗതിക്കും വേണ്ടിയും മദ്യം, ലഹരി,ചൂതാട്ടം, ഫാസിസം സാമൂഹിക ദുരന്തങ്ങൾക്കെതിരെയും പ്രവർത്തിക്കേണ്ടവർ കേവലം അതിലൊന്നും വലിയ ഇടപെടലുകൾ നടത്താതെ കേവലം മതവിരോധികൾ മാത്രമായി ഒതുങ്ങിപ്പോവുന്നതെന്തുകൊണ്ടാണ്?.

ഒരു ഹർത്താൽ ദിവസത്തിനു തലേന്ന് സാധനങ്ങൾ വാങ്ങിക്കൂട്ടുന്നതു പോലെ സുരക്ഷാ പ്രശ്നമുണ്ടാക്കി വിപണി സാധ്യത സൃഷ്ടിക്കാനുള്ള കോർപറേറ്റ് ശ്രമങ്ങൾ മറ്റൊരു ഭാഗത്ത് സജീവമാണ്.ബാബരി ധ്വംസനം മുതൽ NRC ,CAA വരെ എത്തി നിൽക്കുന്നത് അതിന്റെ അനുരണനങ്ങളാണോ എന്ന് ചർച്ച ചെയ്യേണ്ടതുണ്ട്.

വിപണി സാധ്യതകൾ വർധിപ്പിക്കുന്നതിന് മൂല്യങ്ങളെ വലിച്ചെറിയുവാനും സാമൂഹിക നിയന്ത്രണങ്ങളിൽ നിന്ന് പുറത്തു ചാടാനും മനുഷ്യ മനസുകളെ അവർ പ്രേരിപ്പിക്കുന്നു. എക്കാലത്തും ആഗോളതലത്തിൽ ഏറ്റവും കൂടുതൽ വിപണന സാധ്യതയുള്ള സംജ്ഞകളായ ലഹരിക്കും വ്യഭിചാരത്തിനും അതിലേക്കോ അവിഹിതത്തിലേക്കോ നയിക്കപ്പെടാൻ സാധ്യതയുള്ള സൗന്ദര്യവസ്തുക്കൾക്കും മതം എതിരായത് കൊണ്ടാണ് ഇസ്ലാമോഫോബിയ പോലെയുള്ള മതവിദ്വേഷ പ്രമാണങ്ങൾക്ക് ആഗോളതലത്തിൽ വലിയ തോതിൽ പ്രചാരം കോർപറേറ്റ് ചെലവിൽ ലഭ്യമാക്കപ്പെടുന്നത്. അതിനു മീഡിയകളെപ്പോലും ഉപയോഗിച്ചു വരുന്നു. മീഡിയകൾ തന്നെ മറ്റൊരു കോർപറേറ്റായി മാറുന്ന കാലമാണ്. മതവും മതനിയമങ്ങളും ധാർമികതയും തകർന്നാൽ കാര്യങ്ങൾ എളുപ്പമാണ് എന്ന പ്രത്യുത ബോധമോ ബോധ്യമോ അവർക്കുമുണ്ടാവണം!. അതിനപ്പുറം ‘ദൈവം തന്ന തൊലിയെ ‘വസ്ത്രമിട്ടു മൂടുന്നതെന്ന ‘ധാർമികതയെ തന്നെ പച്ചയായി വ്യഭിചരിക്കുന്ന ചോദ്യങ്ങൾ പോലും കടന്നുവരികയും കടത്തിക്കൊണ്ട് വരികയും ചെയ്യുന്നു.നമ്മുടെ ചിന്തയെ അത്രത്തോളം ഉദാരവത്കരണം സ്വാധീനിച്ചിരിക്കുന്നു.സ്ത്രീ സംരക്ഷണം പറയുന്നതിനിടയിലും സ്ത്രീയെ പരസ്യ പലകയിലേക്ക് ഒതുക്കി നിർത്തുകയും സെക്സിന്റെ നിറക്കൂട്ടില്ലാത്ത പരസ്യം പോലും അന്യവത്കരിക്കപ്പെടുന്ന സാഹചര്യത്തിലെത്തിച്ചത് കോർപറേറ്റു ലോബികളാണെന്നോർക്കണം. ഉപഭോക്താക്കളുടെ ഇഷ്ടാനിഷ്ടങ്ങൾ തിരിച്ചറിയാൻ പല തന്ത്രങ്ങളും അടവുകളും അവലംബിക്കുന്നതിനോടൊപ്പം ചില ബ്രാൻഡുകളെ മൂല്യബോധത്തിന്റെ അടയാളമായും ചില തെരഞ്ഞെടുപ്പുകളാണ് മാന്യതയെന്നും അവർ കൃതിമമായി വരുത്തി വെക്കുന്നു. ചില പരസ്യങ്ങൾ കാണുമ്പോൾ നമ്മുടെ കൃഷ്ണമണിക്കുണ്ടാകുന്ന സങ്കോച വികാസങ്ങൾ തിട്ടപ്പെടുത്തി വിലയിരുത്തുന്നതിനു ജർമ്മൻ ശാസ്ത്രജ്ഞനായ എക്‌ ഹാർഡ് ഹെസ്സ് വികസിപ്പിച്ചെടുത്ത പ്യൂപിലോമീറ്റർ സാങ്കേതികവിദ്യ പോലും ഇവിടെ പ്രയോഗിക്കപ്പെടുന്നു എന്നോർക്കണം. അതാണത്രെ പെണ്ണിന്റെ അംഗലാവണ്യം കാണുമ്പോൾ മനസുകളിൽ അഭിരമിക്കുന്ന കുളിർമ പോലും കമ്പോളവത്കരണത്തിലെത്തിക്കുന്നതിനു പിന്നിലെ തത്വം. ഓൺലൈൻ വിപണികൾ സജീവമായ സാഹചര്യങ്ങളിലൂടെയാണ് നാം കടന്നുപോവുന്നത്.

ഇത്തരം ഓൺലൈൻ വിപണികൾ നമ്മുടെ ചെറുകിട സംരഭങ്ങളെയും നാട്ടു വിപണിയെയും എത്രമാത്രം തകർക്കുന്നു എന്നുള്ളത് മറ്റൊരു വസ്തുതയാണ്. ഓൺലൈൻ വ്യാപാര ഭീമൻമാർ വിരിക്കുന്ന വലയിൽ വീഴുന്ന നാം കൊടുക്കുന്ന ലാഭം പലപ്പോഴും വിദേശത്തേക്കാണ് ഒഴുകുന്നതെന്നത് മറ്റൊരു വസ്തുതയാണ്. ഇങ്ങനെ നമ്മുടെ രാജ്യത്തിന്റെ വരുമാനം കൊള്ളയടിക്കപ്പെടുന്നതിന്റെ പുതിയ രൂപം സംജാതമാവുകയും തൊഴിലില്ലായ്മയും അനുബന്ധ പ്രശ്നങ്ങളെയും വളരാനും കോർപറേറ്റു വിപ്ലവങ്ങൾ കാരണമാകുന്നു.

മറ്റൊരു വശത്ത്, അന്ധവിശ്വാസങ്ങൾ പടച്ചുവിടാനും വിശ്വാസ ചൂഷണം നടത്താനും കോർപറേറ്റുകൾ നേരിട്ടു തന്നെ ശ്രമിക്കുന്നുണ്ട്. ‘അക്ഷയതൃതീയ’ ഇപ്പോഴും ജീവിക്കുന്ന ഉദാഹരണമാണ്. നഗരപ്രദേശങ്ങളിലെ വിദ്യാര്‍ത്ഥികളില്‍, ഗ്രാമീണ മേഖലയില്‍ നിന്നു വരുന്നവരേക്കാള്‍ അന്ധവിശ്വാസങ്ങള്‍ വളരെ കൂടുതലാണത്രെ. ആഗോളവത്ക്കരണവും ശാസ്ത്രവളര്‍ച്ചയും അന്ധവിശ്വാസത്തെ കൂട്ടുകയാണ് ചെയ്തത് എന്ന് ഡോ. കൃഷ്ണപ്രസാദ് ശ്രീധര്‍, ഡോ. സോണിയ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തിൽ കേരള യൂണിവേഴ്‌സിറ്റി നടത്തിയ പഠനം വ്യക്തമാക്കുന്നു.

ഉദാരവത്കരണം രാജ്യത്തിന്റെ നിയമങ്ങളിൽ പോലും ചിന്തിക്കാൻ കഴിയാത്തത്ര വലിയ മാറ്റങ്ങൾ സൃഷ്ടിക്കുന്നു. വിവാഹേതര ലൈംഗിക ബന്ധം, സ്വവർഗരതി തുടങ്ങിയവയുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധികൾ അതിനുദാഹരണങ്ങളായി യെടുക്കാം. അതിനനുസരിച്ച് പൊതുബോധത്തിന്റെയും ധാർമിക കാഴ്ചപ്പാടുകളിലെയും മാറ്റങ്ങളെ നിരീക്ഷിക്കാവുന്നതാണ്. പലതിനെയും പ്രകൃതിവിരുദ്ധതയിൽ നിന്ന് വ്യക്തിസ്വാതന്ത്ര്യത്തിലേക്ക് വകവച്ചു കൊടുക്കുവാൻ മാത്രം നാം പരിണാമങ്ങൾക്ക് വിധേയമായി.

രാജ്യത്തിന്റെ ഭരണവ്യവസ്ഥിതികളിൽ മുതലാളിത്ത രാജ്യങ്ങൾ ഇടപെടുന്നുവെന്നത് വലിയ വെല്ലുവിളിയാണ്. ഇന്ത്യയെ ഇപ്പോഴും കോളനിയും മാർക്കറ്റും ആക്കി ഒതുക്കി നിർത്താനും തങ്ങളുടെ വ്യാപാരം സംരക്ഷിക്കാനും അവർ ശ്രമിച്ചുകൊണ്ടിരിക്കുന്നു. രാജ്യത്തിന്റെ ഏറ്റവും വലിയ മൂലധനമായ മാനവവിഭവശേഷിയുടെ വളർച്ചയും അവരുടെ നൈപുണ്യത്തെയും ചിന്താശേഷിയെയും കോർപറേറ്റ് രാജ്യങ്ങൾ ഭയപ്പെട്ടു കൊണ്ടിരിക്കുന്നുണ്ട്. ആ സാധ്യതയെ തടയിടുന്നതിന്, യുവതയെ നിഷ്ക്രിയരാക്കുന്നതിനോ അവരുടെ ഫോക്കസും ലക്ഷ്യബോധവും ചിതറുന്നതിനോ വേണ്ടി അവർ പണിയെടുത്തു കൊണ്ടിരിക്കുന്നു. ലഹരി വ്യാപനം, പോൺ സൈറ്റുകൾ, മുതൽ അടുത്തിടെ വന്ന ഇന്റർനെറ്റ് ലഭ്യതയിലെ മാറ്റങ്ങൾ വരെ അതെത്തിനിൽക്കുന്നു. ഇന്റർനെറ്റ്, സോഷ്യൽ മീഡിയ അഡിക്ഷനുകളും ഓൺലൈൻ ദുരന്തങ്ങളും കൂടുതലായി കണ്ടു തുടങ്ങിയതെപ്പോൾ മുതലാണെന്ന് നാം ചിന്തിക്കണം. ലോകത്ത് ഏറ്റവും കൂടുതൽ ലൈംഗിക വെബ്സൈറ്റുകൾ സന്ദർശിക്കുന്നവരിൽ ഇന്ത്യക്കാർ മുൻനിരയിലാണത്രെ. മാനസിക രോഗവും മാനസിക പ്രശ്നങ്ങളും അഡിക്ഷനുകളും വൻതോതിൽ വ്യാപിക്കുന്നു. അവയ്ക്കുള്ള മരുന്നുകളുടെ വിപണിയും പൊടിപൊടിക്കുന്നു. ലോകത്തിൽ 80% രോഗങ്ങളും മാനസിക( Psycho Somatic) കാരണങ്ങൾ കൊണ്ടാണെന്നു പഠനങ്ങൾ പറയുന്നു.

രാജ്യത്ത് പ്രശ്നങ്ങൾ ഉണ്ടാവു(ക്കു)മ്പോൾ കാർഷികം, വ്യവസായം, വിദ്യാഭ്യാസം, നിയമ പാലനം ,ആരോഗ്യ പരിപാലനം, തുടങ്ങിയ രംഗങ്ങൾ തകരുന്നു. ഏറ്റവും പ്രധാന്യമുള്ള സമയവും ചിന്താശേഷിയും ആരോഗ്യവും ഒരർഥത്തിൽ നഷ്ടമാവുന്നു. ക്രിയാത്മക, നിർമ്മാണാത്മക ചിന്തകൾ നശീകരണ പ്രവണതകൾക്ക് വഴിമാറുന്നു. പുതിയ ഉല്പാദനങ്ങൾ, നൈപുണ്യങ്ങൾ, ചിന്തകൾ വഴി മുട്ടുന്നു. ജനതയുടെ ലക്ഷ്യം ഒന്നിൽ കേന്ദ്രീകരിക്കുമ്പോൾ അതു വഴി കോർപറേറ്റ് വിപണന സാധ്യതകൾക്ക് പുതിയ വഴികൾ സൃഷ്ടിക്കപ്പെട്ടുകൊണ്ടി രിക്കും. വൈവിധ്യങ്ങളാൽ സമ്പുഷ്ടമായ രാജ്യത്ത് അത്തരം കാര്യങ്ങൾക്ക് രാഷ്ട്രീയമായി ഉപയോഗിക്കപ്പെടുന്ന ഏറ്റവും നല്ല ഉപകരണം മതപരമായ പ്രീണനമോ അവഹേളനമോ ആണെന്നും അവർ മനസിലാക്കുന്നു. നാട്ടിൽ ഉത്സവം നടക്കുമ്പോഴാണ് വീടുകളിൽ മോഷണങ്ങൾ നടക്കുന്നത് എന്ന നാടൻ അനുഭവങ്ങളുമായി ഇതിനെ ചേർത്തു നോക്കുക. പ്രത്യേകിച്ച് സാമ്പത്തിക മാന്ദ്യം നേരിട്ട് കൊണ്ടിരിക്കുന്ന കാലത്തു തന്നെ അതിനെ മറികടക്കാനുള്ള നയനിലപാടുകൾക്ക് ഊന്നൽ നൽകാതെ ഏക സിവിൽ കോഡ്, പൗരത്വ ഭേദഗതി തുടങ്ങിയ വർഗീയ അജണ്ടകൾക്കു പിന്നാലെ ഭരണകൂടം പരക്കം പായുന്നതെന്തിനു വേണ്ടിയാണെന്ന ചോദ്യം വീണ്ടും വീണ്ടും പ്രസക്തമാവുകയാണ്.

ഇനി അബ്രഹാം മാസ്ലോവിന്റെ ആത്മ യാഥാർത്ഥ്യവത്കരണ സിദ്ധാന്തവുമായി (self actualization theory) ഈ സൂചനകളെ ചേർത്തു വായിക്കാം. ഒന്നിനു മുകളില്‍ മറ്റൊന്നെന്ന മട്ടില്‍ കിടക്കുന്ന മനുഷ്യന്റെ ആവശ്യങ്ങളുടെ ഒരു ശ്രേണി (hierarchy of needs) മാസ്ലോവ് അവതരിപ്പിക്കുകയുണ്ടായി. ഈ ശ്രേണിയിലൂടെയാണ് മനുഷ്യന്‍ മുന്നോട്ടുപോകാന്‍ ശ്രമിക്കുകയെന്നും മാസ്ലോവ് വിശദീകരിക്കുന്നു. അവ ഇവയാണ്.

1.ശാരീരികാവശ്യങ്ങള്‍(physiological needs)
ശ്വസനം, ഭക്ഷണം, വെള്ളം, ലൈംഗികത, ഉറക്കം, വിശ്രമം, വിസര്‍ജനം എന്നിവ ഇതില്‍ ഉൾപ്പെടുന്നു.

2.സുരക്ഷാപരമായ ആവശ്യങ്ങള്‍( Safety needs)
ശരീരം, തൊഴില്‍, കുടുംബം, ആരോഗ്യം, സമ്പത്ത് തുടങ്ങിയവ ഇക്കൂട്ടത്തിലാണ്

3.മാനസികാവശ്യങ്ങള്‍(love and belonging need)
സൗഹൃദം, കുടുംബം, ലൈംഗികമായ അടുപ്പം

4.ആദരിക്കപ്പെടണമെന്ന ആഗ്രഹം(Esteem need)
ആത്മവിശ്വാസം, ബഹുമാനം എന്നിവയാണിതിൽ പെടുന്നത്.

5.ആത്മസാക്ഷാത്കാരം(self actualization)

ധാര്‍മികത, സര്‍ഗാത്മകത, പ്രശ്നപരിഹരണശേഷി, വസ്തുതകളെ തുറന്ന മനസ്സോടെ കാണല്‍ എന്നിവയെ സൂചിപ്പിക്കുന്നു.

പുതിയ സാഹചര്യത്തിൽ മനുഷ്യന്റെ ആവശ്യങ്ങളുടെ സ്വഭാവം മാറിക്കൊണ്ടിരിക്കുന്നു.

സമൂഹത്തിൽ ഒരിക്കൽ പോലും ആത്മ യാഥാർഥ്യങ്ങളിലെത്താൻ നമുക്ക് കഴിയുന്നുണ്ടോ. മറിച്ച് അപകർഷബോധവും ഭയവും ആശങ്കകളും സന്ദേഹങ്ങളും കൂടുന്നു. അവന്റെ അടിസ്ഥാന ആവശ്യങ്ങൾ വർധിക്കു (പ്പിക്കു)ന്നു. ആഢംഭരവും ആർഭാടവുമെല്ലാം ആവശ്യവും അത്യാവശ്യവുമാകുന്നു. അതിനനുസരിച്ചുള്ള അളവുകോലുകളും സാമൂഹിക പദവികളും കൈവരുന്നു. ഇവിടെ ആവശ്യങ്ങളുടെ പട്ടിക തന്ത്രപൂർവം വർധിപ്പിച്ച് അതിനുതകുന്ന കമ്പോളത്തെ ചിട്ടപ്പെടുത്തി ലാഭം കൊയ്യുകയും മറുവശത്ത് തങ്ങൾ നിർമ്മിച്ച അതിരുകളിൽ ശ്വാസം മുട്ടി, ഒടുവിൽ ഉപഭോഗസംസ്കാരത്തിൽ അഭിരമിച്ച് ആത്മസാക്ഷാത്കാരം നേടുന്നതിൽ നിന്ന് ജനതയെ തടയുന്നത് മുതലാളിത്ത വ്യവസ്ഥിതികളാണെന്ന് ചിന്തിക്കണം.അതിന്റെ ഉല്പന്നമോ നിഷപ്പന്നിതമോ ആയ പ്രകടനപരത മറ്റൊരു വലിയ പ്രശ്നമായി സമൂഹത്തിൽ നിലനിൽക്കുന്നു. ആത്മാഭിമാനത്തിനു വേണ്ടി ആത്മാർത്ഥത പണയം വെച്ചുള്ള ഈ ശ്രമമല്ലേ ഒരർത്ഥത്തിൽ ഉത്കണ്ഠ പോലെയുള്ള മാനസിക പ്രശ്നങ്ങൾക്ക് അടിസ്ഥാനം. അതിലുപരി ലക്ഷ്യബോധത്തെ നശിപ്പിക്കുകയും നൈപുണ്യങ്ങളെ(Productivity) സാരമായി ബാധിക്കുന്നതിനും പ്രകടനപരത ഒരു കാരണമാകുന്നു. ധാർമികപരമായി വിലയിരുത്തുമ്പോൾ മൂല്യച്യുതിയുടെ മകുടോദാഹരണമായും ഇത് വർത്തിക്കുന്നു. ഇക്കാലത്ത് നടക്കുന്ന സോഷ്യൽ മീഡിയാ ദുരന്തങ്ങൾക്ക് പിന്നിലും ഈ സംജ്ഞക്ക് കൃത്യമായ പങ്കാളിത്തമുണ്ട്.

മുതലാളിത്തം മുന്നോട്ടു വെക്കുന്ന സാമ്പത്തിക നിലയ്ക്കനുസരിച്ചുള്ള സാമൂഹിക വർഗീകരണവും അനാരോഗ്യകരമായ കിടമത്സരങ്ങളും അപകടങ്ങൾ സൃഷ്ടിക്കുന്നു. അപരവത്കരണം, ചൂഷണം, സാമൂഹിക അസമത്വം, തുടങ്ങിയവയും അതിന്റെ പ്രത്യാഘാതങ്ങളുടെ പട്ടികയിലുണ്ട്.

ചുരുക്കത്തിൽ മുതലാളിത്ത വ്യവസ്ഥിതി ഒരു സാമൂഹിക ദുരന്തമാണെന്നല്ല പറയുന്നത്. മറിച്ച്, അത് സാമൂഹിക ദുരന്തമാവുന്നതെങ്ങനെയെന്നും അതിനെ ജാഗ്രതയോടെ കാണണമെന്നും, പ്രത്യുത വ്യവസ്ഥയിൽ മൂല്യബോധത്തോടെ ക്രിയാത്മകമായി പ്രവർത്തിക്കുകയാണെങ്കിൽ രാജ്യപുരോഗതിയും സമ്പദ്ഘടനയും പുഷ്ടിപ്പെടുകയും ചെയ്യും. ഇല്ലെങ്കിൽ, അഭിപ്രായ ഷണ്ഡീകരണം നടക്കുകയും മറ്റാരൊക്കെയോ നിർമിക്കുന്ന അജണ്ടകളുടെ ചങ്ങലക്കെട്ടുകളിൽ ജീവിച്ച് ജീവിതം ഹോമിക്കേണ്ടി വരികയും പതുക്കെ പതുക്കെ നാം കോളനിവത്കരണത്തിനു വിധേയമാവുകയും ചെയ്യും. ഇന്ത്യയില്‍ 1000 കോടിക്കുമുകളില്‍ ആസ്തിയുള്ള 617 പേരുണ്ടെന്നാണ് ഷാങ്ഹായിയിലെ ഹുറണ്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് കണ്ടെത്തിയിരിക്കുന്നത്. അതില്‍ ആദ്യപത്തിലുള്ളവരുടെ ആസ്തി മാത്രം മൊത്തം ഇന്ത്യക്കാരുടെ കയ്യില്‍ ഉള്ളതിനെക്കാള്‍ കൂടുതലാകും എന്നും പറയപ്പെടുന്നു. ആ പട്ടികയിൽ അംബാനി മുതൽ ‌അദാനി വരെയുണ്ട്. നമ്മുടെ രാജ്യത്തെ വിലയ്ക്ക് വാങ്ങാൻ മാത്രം കഴിവും പ്രാപ്തിയും നേടിയ മുതലാളിമാർ അവസരങ്ങൾക്ക് കണ്ണും നട്ടിരിക്കുകയാണ്. മാത്രമല്ല, രാജ്യത്തെ സാമ്പത്തിക അസമത്വങ്ങളുടെ വലിയ ഉദാഹരണം കൂടിയാണ് ഇവിടെ അനാവൃതമാവുന്നത്.

Editor Thelicham

Thelicham monthly

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.