ഇന്ത്യയില്‍ ഇതുവരെ നടന്നിട്ടുള്ള കലാപങ്ങളുടെ രീതിശാസ്ത്രങ്ങളെ അപഗ്രഥിക്കുമ്പോള്‍ അവയുടെ ചരിത്രപരമായ ആവര്‍ത്തനങ്ങളെക്കുറിച്ച്, അല്ലെങ്കില്‍ കലാപങ്ങളുടെ സാംസ്‌കാരികപരമായ ചുറ്റുപാടുകളെക്കുറിച്ചു നിരവധി പഠനങ്ങള്‍ നടന്നതായി കാണാം. കൊളോണിയല്‍ കാലഘട്ടത്തെ അടിസ്ഥാനമാക്കി(സി.എ. ബെയ്‌ലി, ലൂയിസ് ഡ്യുമണ്ട്, ഗ്യാനേന്ദ്ര പാണ്ഡെ), സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ നടന്ന കലാപങ്ങളെ മുന്‍നിര്‍ത്തി(ബിപിന്‍ ചന്ദ്ര, കെ.എന്‍ പണിക്കര്‍, സുദിപ്ത കവിരാജ്, ആശിഷ് നന്തി), 1980നു ശേഷമുള്ള വംശഹത്യകളെ കുറിച്ച്(പോള്‍ ബ്രാസ്, ഉമര്‍ ഖാലിദി, അസ്‌ഗർ അലി എഞ്ചിനീയർ, ഓര്‍ണിത് ഷാനി, സുധിര്‍ കാകര്‍, ക്രിസ്റ്റഫര്‍ ജാഫര്‍ലോട്, സലാഹ് പുനത്തില്‍), അങ്ങനെ വിവിധ പരിപ്രേക്ഷ്യങ്ങളില്‍നിന്നുള്ള അക്കാദമിക പഠനങ്ങള്‍ നടന്നിട്ടുണ്ട്. ഈ പഠനങ്ങളില്‍ അധികവും ഇന്ത്യയില്‍ നടന്നുകഴിഞ്ഞിട്ടുള്ള വംശഹത്യകളെ കാണുന്നത് സാമ്പത്തികപരമായ അസമത്വത്തെയും ശ്രേണീബന്ധിതമായ ജാതിവ്യവസ്ഥകളെയും ‘ചരിത്രപരമായ’ ഹിന്ദു-മുസ്ലിം ദ്വന്ദ്വത്തില്‍ നിന്നുണ്ടാകുന്ന സംഘട്ടനങ്ങളെയുമെല്ലാം പ്രശ്‌നവത്കരിക്കാനാണ് ശ്രമിക്കുന്നത്.
എന്നാല്‍, 1980കള്‍ക്ക് ശേഷമുള്ള കലാപങ്ങളെ അധികരിച്ചുള്ള പോള്‍ ബ്രാസിന്റെ ‘The Production of Hindu-Muslim violence in Contemporary India’ എന്ന പഠനം സൂചിപ്പിക്കുന്നത്, സ്വതന്ത്ര ഇന്ത്യയില്‍ നടന്നിട്ടുള്ള കലാപങ്ങള്‍ മൂന്ന് ഘട്ടങ്ങളിലൂടെയാണ് നടത്തപ്പെട്ടിട്ടുള്ളതെന്നാണ്. ഒന്നാമതായി, കലാപത്തിനു മുന്നോടിയായുള്ള കളമൊരുക്കല്‍. രണ്ട്, ആസൂത്രിതമായ വംശഹത്യ. മൂന്ന്, കലാപാനന്തര ആവിഷ്‌കാരരൂപീകരണം. പോള്‍ ബ്രാസ്, ഉമര്‍ ഖാലിദി തുടങ്ങിയവരുടെ നിരീക്ഷണങ്ങളോടു യോജിച്ചുകൊണ്ട് കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന വംശഹത്യക്ക് ശേഷമുള്ള ഡല്‍ഹിയിലെ മുസ്ലിം സാഹചര്യങ്ങളെ വിശകലനം ചെയ്യാനുള്ള ശ്രമമാണിവിടെ നടത്തുന്നത്. മറ്റൊരു കാര്യം, ഫെബ്രുവരി 23 മുതല്‍ 28 വരെ നടന്ന ഡല്‍ഹി വംശഹത്യയെ സൂചിപ്പിക്കാന്‍ ദേശീയ-അന്തര്‍ദേശീയ മുഖ്യധാരാ മാധ്യമങ്ങള്‍ ഉപയോഗിച്ചത് കലാപം, ആക്രമണം, ലഹള തുടങ്ങിയ സംജ്ഞകളായിരുന്നു. പകരം വംശഹത്യ, മുസ്ലിം വിരുദ്ധത, ഇസ്ലാമോഫോബിയ തുടങ്ങിയ പദാവലികള്‍ മുഖ്യധാരാ മാധ്യമ വിശകലനങ്ങളില്‍നിന്ന് എന്തുകൊണ്ട് അപ്രത്യക്ഷമാകുന്നു എന്നതുകൂടി ഈ കുറിപ്പിലൂടെ പരിശോധിക്കാന്‍ ശ്രമിക്കുന്നു.
വംശഹത്യയുടെ പിന്നാമ്പുറം
ജാമിഅ മില്ലിയ്യ, അലിഗര്‍ മുസ്ലിം യൂണിവേഴ്‌സിറ്റികളില്‍ എന്നിവിടങ്ങളില്‍നിന്ന് തുടങ്ങിയ നരേന്ദ്ര മോദി സര്‍ക്കാരിന്റെ പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭങ്ങളും, ചരിത്രത്തില്‍ മുന്‍മാതൃകകളില്ലാത്ത(മുസ്ലിം സ്ത്രീകളുടെ കര്‍തൃത്വത്തെ പ്രതിയുള്ള പൊതുബോധത്തെ കൂടി ഒരേസമയം തകര്‍ത്തുകളഞ്ഞ) ഷഹീന്‍ ബാഗ് മോഡല്‍ പുതുചെറുത്തുനില്‍പുകളും ബിജെപി സര്‍ക്കാരിനുയര്‍ത്തിയ വെല്ലുവിളികള്‍ സമാനതകളികളില്ലാത്തതാണ്. ഡല്‍ഹി നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പും തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടെ ബിജെപി നേതാക്കള്‍ നടത്തിയ വിദ്വേഷ പ്രസംഗങ്ങളും ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്. ആഭ്യന്തര മന്ത്രി അമിത് ഷാ പച്ചയ്ക്കു മുസ്ലിം സ്വത്വവുമായി കൂട്ടിച്ചേര്‍ത്തുകൊണ്ട് ഷഹീന്‍ ബാഗ് സമരക്കാരെ ‘വോട്ടര്‍ പട്ടികയിലെ പോള്‍ ബട്ടണമര്‍ത്തി ഷോക്കടിപ്പിക്കാനും’, കേന്ദ്ര മന്ത്രിസഭയിലെ തന്നെ അനുരാഗ് താക്കൂര്‍ ‘കുലംകുത്തികളെ വെടിവെക്കാനും’ ആഹ്വാനം ചെയ്തത് സ്റ്റേറ്റ് തന്നെ എങ്ങനെയാണ് ഒരു സമുദായത്തെ പ്രതിസ്ഥാനത്തു നിര്‍ത്തി, കലാപത്തിനുള്ള മുന്നൊരുക്കങ്ങള്‍ക്കു തുടക്കമിട്ടതെന്നതിനു തെളിവാണ്.
ഷഹീന്‍ബാഗ്-പൗരത്വസമരക്കാരെ മുന്‍നിര്‍ത്തി വര്‍ഗീയ വിദ്വേഷമിളക്കി നടത്തിയ പ്രചാരണങ്ങള്‍ക്കൊടുവിലും കനത്ത തിരിച്ചടിയാണ് ബിജെപിക്ക് ഡല്‍ഹി നല്‍കിയത്. ഇതിനു പുറമെ, ഷഹീന്‍ ബാഗിനെ പിന്തുടര്‍ന്ന് ഡല്‍ഹിയിലെ ഹൗസ് റാണി, ജാഫറാബാദ് തുടങ്ങിയ സ്ഥലങ്ങളില്‍ നടന്നുവന്ന സമരങ്ങളും, ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ഫെബ്രുവരി 23ന് വിളിച്ച ദളിത് സംവരണമുമായി ബന്ധപ്പെട്ട ഹര്‍ത്താലിന് മുസ്ലിം സമുദായത്തില്‍നിന്നു ലഭിച്ച അകമഴിഞ്ഞ പിന്തുണയും ബിജെപി നേതൃത്വത്തെ വിറളിപിടിപ്പിച്ചു. ഇതേതുടര്‍ന്നാണ് ജാഫറാബാദില്‍നിന്നു സമരക്കാരെ നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള ബിജെപി നേതാവ് കപില്‍ മിശ്രയുടെ മുന്നറിയിപ്പുപ്രസംഗം നടക്കുന്നത്. ‘ഇത് ഡല്‍ഹി പൊലീസിനുള്ള അന്ത്യശാസനമാണ്. ചെവിക്കൊണ്ടില്ലെങ്കില്‍ ഞങ്ങള്‍ പിന്നെ നിങ്ങളുടെ വാക്കുകള്‍ കേള്‍ക്കാന്‍ നില്‍ക്കില്ല… വെറും മൂന്നു ദിവസം മാത്രം” എന്ന് തുടങ്ങുന്ന അങ്ങേയറ്റം ഭീഷണി നിറഞ്ഞ പ്രസംഗം നടത്തിയത് ഡല്‍ഹിയിലെ ക്രമസമാധാനത്തിനു നിയോഗിക്കപ്പെട്ട ഉന്നത ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിലായിരുന്നു എന്നത് വംശഹത്യക്കു പിന്നില്‍ നടന്ന ഉന്നത തലങ്ങള്‍ക്കൂടി പങ്കാളികളായ ആസൂത്രണത്തെ വ്യക്തമാക്കുന്നതാണ്. ഇതോടൊപ്പം, ഹിന്ദി മാധ്യമങ്ങള്‍ നിരന്തരമായി മുസ്ലിം സമൂഹത്തിനെതിരെ പടച്ചുവിട്ട വെറുപ്പിന്റെ വാര്‍ത്തകള്‍ വലിയൊരു വിഭാഗം ഹിന്ദുജനത്തെ സ്വാധീനിച്ചതിന്റെ കൂടി പരിണിതഫലമായിരുന്നു ഡല്‍ഹിയിലെ മുസ്ലിം വംശഹത്യ എന്നു വേണം മനസിലാക്കാന്‍.
വംശഹത്യാനന്തര മുസ്ലിം ജീവിതങ്ങള്‍
ഡല്‍ഹിയിലെ വംശഹത്യയുടെ ആസൂത്രിതമായ നടത്തിപ്പിനെക്കുറിച്ചു പഠിക്കാനും, ഇരകളെ കണ്ടെത്തി സംഭവങ്ങളെ കുറിച്ച വസ്തുതാന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കാനുമായാണ് ഈ ലേഖകന്‍ അടങ്ങുന്ന ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി, ദല്‍ഹി യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍നിന്നുള്ള ഗവേഷകരും വിദ്യാര്‍ത്ഥികളും അടങ്ങുന്ന 12 അംഗസംഘം മാര്‍ച്ച് മൂന്ന്, എട്ട് തീയതികളില്‍ വംശഹത്യ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്.
വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ലക്ഷക്കണക്കിന് മനുഷ്യര്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളാണ് ഹിന്ദു ഭീകരര്‍ അഴിഞ്ഞാടിയ ഗോകുല്‍പുരിയും ശിവ്‌വിഹാറും മുസ്ഥഫാബാദും ഭജന്‍പുരയും ഖജൂരിഖാസും ചാന്ദ് ബാഗുമെല്ലാം. ബീഹാര്‍, ഉത്തര്‍പ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നെല്ലാം കുടിയേറിയ ലോവര്‍ മിഡില്‍ക്ലാസ് മനുഷ്യരുടെ തുരുത്തുകളാണ് ഈ ഇടങ്ങളെല്ലാം. ഗോകുല്‍പുരിയിലേക്കുള്ള വഴിയില്‍ ഡല്‍ഹി മെട്രോയിലിരുന്നു നോക്കിയാല്‍ ചെറിയ ഫഌറ്റുകളുടെ ഒരു ലോകം പെട്ടെന്ന് ഒരു സ്വപ്നത്തിലെന്നവണ്ണം നമ്മുടെ മുന്നിലേക്ക് കയറിവരും.
ഞങ്ങള്‍ ആദ്യം പോയത് ഗോകുല്‍പുരിയിലേക്കു തന്നെയായിരുന്നു. മെട്രോയുടെ ഓരംപറ്റി നില്‍ക്കുന്ന ഗോകുല്‍പുരി പോലീസ് സ്റ്റേഷനില്‍ നിന്നും പത്തു മീറ്റര്‍ മാറിയാണ് കത്തിയമര്‍ന്ന ഗോകുല്‍പുരി ടയര്‍ മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ ഇരുപത്തിയഞ്ചാം തീയതി രാത്രി മുതല്‍ കലാപകാരികള്‍ കത്തിച്ച ടയര്‍ മാര്‍ക്കറ്റിലെ തീയും പുകയും അമര്‍ന്നത് ഇരുപത്തിയെട്ടാം തീയതിക്ക് ശേഷമാണ്. അതായതു മൂന്നു ദിവസങ്ങള്‍ക്കുശേഷം മാത്രം. പത്തുമീറ്റര്‍ അപ്പുറത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചിട്ടു പോലീസ് എത്തിയത് മൂന്നു ദിവസത്തിനു ശേഷമാണ്. ഇതിനിടയില്‍ ഈ മാര്‍ക്കറ്റിലുണ്ടായിരുന്ന 224 കടകളില്‍ പകുതിയിലധികവും ചാരക്കൂമ്പാരമായി മാറിയിരുന്നു. ബാക്കിയുള്ള കടകളില്‍ കലാപകാരികള്‍ കൊള്ളയടിച്ചതിന്റെ ബാക്കിപത്രമായി ഒഴിഞ്ഞ അലമാരകളാണ് അവശേഷിച്ചത്. അവയ്ക്കു മുന്നില്‍ ഇനിയെന്തുചെയ്യുമെന്നറിയാതെ പകച്ചുനില്‍ക്കുന്ന കുറച്ചു മനുഷ്യരെയും അവിടെക്കാണാനായി. മാര്‍ക്കറ്റ് തുടങ്ങുന്നിടത്തുണ്ടായിരുന്ന മസ്ജിദ് ആര്‍ക്കും വേണ്ടാത്ത പ്രേതഭവനം പോലെ ഓരോരുത്തരെയും തുറിച്ചുനോക്കുന്നുണ്ട്. അവിടെയെത്തുന്ന ഓരോ മാധ്യമപ്രവര്‍ത്തകരെയും അന്നാട്ടുകാര്‍ സംശയക്കണ്ണുകളോടെയാണ് നോക്കുന്നത്. ഈ സംഭവവികാസങ്ങളിലെല്ലാം മാധ്യമങ്ങള്‍ക്കും പങ്കുണ്ടെന്ന കാര്യത്തില്‍ അവര്‍ക്കു ബോധ്യമുണ്ടായിരുന്നുവെന്നതു തന്നെയായിരുന്നു കാരണം.
അടുത്ത ലക്ഷ്യം ശിവ്‌വിഹാറായിരുന്നു. ശിവ്‌വിഹാറിനെ കീറിമുറിച്ചു കൊണ്ട് ചെറുപുഴയെ അനുസ്മരിപ്പിക്കും വിധം പരിസര പ്രദേശങ്ങളിലെ എല്ലാ മാലിന്യങ്ങളെയും വഹിച്ചുകൊണ്ടൊരു ‘നാല’ ഒഴുകുന്നുണ്ട്. നാല എന്ന് ഹിന്ദിയില്‍ പറഞ്ഞാല്‍ കനാല്‍. ഈ കനാലില്‍ മാലിന്യങ്ങള്‍ക്കൊപ്പം വംശ്യഹത്യയ്ക്കു ശേഷം മനുഷ്യശരീരങ്ങള്‍ കൂടി ഒഴുകിനടന്നിരുന്നുവെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഞങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ തലേന്ന് അവിടെനിന്ന് രണ്ടു മുസ്ലിം യുവാക്കളുടെ ശരീരങ്ങള്‍ പുറത്തെടുത്തിരുന്നു. തങ്ങളുടെ കാണാതായ പിതാക്കളെയും മക്കളെയും സഹോദരങ്ങളെയും ഈ കനാലില്‍ ‘തിരയുന്നവരെ’യും ഞങ്ങള്‍ അവിടെ കണ്ടു.
ശിവ്‌വിഹാറില്‍ ആദ്യം സന്ദര്‍ശിച്ചത് മുനീസ എന്ന മധ്യവയസ്‌ക്കയുടെ വീടായിരുന്നു. മുനീസയുടെ മൂന്നു നില കെട്ടിടം ഭൂകമ്പത്തിനു ശേഷമുള്ള കെട്ടിടാവിശിഷ്ടങ്ങളുടെ കൂമ്പാരം പോലെ തോന്നിച്ചു. ഓരോ നിലയിലും ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ച് തകര്‍ത്തു തരിപ്പണമാക്കിയിരുന്നു. മാര്‍ച്ചില്‍ നടക്കാനിരിക്കുന്ന മകന്റെയും മകളുടെയും കല്യാണത്തിനായി ഒരുക്കൂട്ടിവച്ചിരുന്ന ആ കെട്ടിടത്തില്‍ ആകെ ബാക്കിയുണ്ടായിരുന്നത് രണ്ടുമൂന്ന് ഒഴിഞ്ഞ ഗ്യാസ് സിലിണ്ടറുകളും അലക്ഷ്യമായിട്ട, ചാരമായ അലമാരകളുമായിരുന്നു. അഞ്ചുലക്ഷത്തിലധികം രൂപ കലാപകാരികള്‍ മുനീസയുടെ വീട്ടില്‍ നിന്ന് മാത്രം കൊള്ളയടിച്ചിട്ടുണ്ടത്രെ.
അടുത്ത ലക്ഷ്യം ഹിന്ദുത്വ തീവ്രവാദികള്‍ കത്തിച്ചാമ്പലാക്കിയ ശിവ്‌വിഹാറിലെ പള്ളിയായിരുന്നു. പള്ളിയാണോ ശവപ്പറമ്പാണോ എന്നു തിരിച്ചറിയാന്‍ സാധിക്കാത്ത വിധം അക്രമികള്‍ ആ മൂന്നുനിലയുള്ള ആരാധനാലയം നിശ്ശേഷം ചാരമാക്കിയിരുന്നു. ഇവിടെയുണ്ടായിരുന്ന മദ്രസയിലുള്ള കുട്ടികളെക്കുറിച്ചും ഉസ്താദിനെക്കുറിച്ചും പത്തു ദിവസത്തിനു ശേഷവും ആര്‍ക്കും അറിയില്ലത്രേ. ഇവിടെയും അക്രമികള്‍ ഉപയോഗിച്ചിരിക്കുന്നത് പെട്രോള്‍ ബോംബും ഗ്യാസ് സിലിണ്ടറുമാണ്. പള്ളിയോട് ഒട്ടിനില്‍ക്കുന്ന നരേഷ് ചന്ദിന്റെ വീടും അക്രമികള്‍ ഒഴിവാക്കിയിട്ടില്ല.
തുടര്‍ന്ന് പള്ളിക്കു നേരെ എതിര്‍വശത്തിരിക്കുന്ന ഫൈസലിന്റെ വീട്ടിലേക്കു നടന്നു. അവിടെയും ഞങ്ങള്‍ക്കു കാണാനായത്് വലിയ ചാരക്കൂമ്പാരം മാത്രമാണ്. ഇരുപത്തിയഞ്ചാം തീയതി ഏകദേശം ആയിരക്കണക്കിന് വരുന്ന സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ തോക്കും കല്ലും പെട്രോളും ഗ്യാസുമൊക്കെയായി മാര്‍ച്ച് ചെയ്താണ് വന്നതെന്ന് ഫൈസല്‍ ആ ഭീകരദിനത്തെ ഓര്‍ത്തെടുത്തു. ഫൈസലും കൂട്ടുകാരും പല തവണ തവണ പോലീസിനെ ഫോണില്‍ വിളിച്ചു സഹായത്തിനായി കേണപേക്ഷിച്ചു. 2002ലെ ഗുജറാത്ത് കലാപത്തില്‍ ഇഹ്‌സാന്‍ ജാഫ്രിക്കു പോലും തുണയാകാത്ത ‘പ്രിവിലേജ് ‘, അന്നന്നത്തെ അന്നത്തിനുവേണ്ടി കഷ്ടപ്പെടുന്ന ഈ പാവങ്ങള്‍ക്ക് എങ്ങനെ ലഭിക്കാനാണ്?
കലാപകാരികള്‍ക്ക് മുസ്ലിം വീടുകളിലേക്കുള്ള വഴികാണിച്ച് കൊടുത്തത് ഇന്നലെ വരെ തോളുരുമ്മി നടന്ന, ഒരുമിച്ചു ഭക്ഷണം പങ്കിട്ട ഹിന്ദു സഹോദരന്മാരാണെന്ന് എന്നെ ഒരു മൂലയിലോട്ട് മാറ്റിനിര്‍ത്തിയിട്ട് ഫൈസല്‍ വേദനയോടെ പറഞ്ഞു. ഫൈസലും കൂട്ടരും ആദ്യമൊക്കെ പ്രതിരോധിച്ചുനിന്നെങ്കിലും അവസാനം ജീവന്‍രക്ഷിയ്ക്കാന്‍ വേണ്ടി മുസ്തഫാബാദിലേക്കു പലായനം ചെയ്യേണ്ടി വന്നു. തുടര്‍ന്നുള്ള രണ്ടു ദിവസങ്ങളിലാണ് ഇവിടങ്ങളില്‍ വ്യാപകമായ കൊള്ള അരങ്ങേറിയത്. കലാപം നടന്നു നാലാം ദിവസം മാത്രമാണ് റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സും സിആര്‍പിഎഫുമെല്ലാം ഇവിടേയ്‌ക്കെത്തിയത്. വംശഹത്യ അരങ്ങേറുമ്പോള്‍ ഡല്‍ഹി പോലീസ് ആദ്യാവസാനം കാഴ്ചക്കാരന്റെ റോള്‍ നന്നായി അഭിനയിച്ചുതീര്‍ത്തു എന്നു തന്നെ പറയാം. ഫൈസലിന്റെ വീട്ടിലുള്ള മൂന്നു കുടുംബങ്ങളിലെ സ്വര്‍ണവും പണവുമെല്ലാം കൈക്കലാക്കാന്‍ കലാപകാരികള്‍ക്ക് മൂന്നു ദിവസം യഥേഷ്ടമായിരുന്നു. ഏകദേശം ഇരുപത്തിയഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന വസ്തുവകകള്‍ ആ വീട്ടില്‍നിന്നു മാത്രം കവര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്.
കുറച്ചുമാറിയുണ്ടായിരുന്ന ബേബിയുടെ വീട് ഇഷ്ടികക്കൂമ്പാരങ്ങളും ചാരങ്ങളും കൂട്ടിയിട്ട ഒരു കൂനയായിരുന്നു, ഞങ്ങള്‍ അവിടെ ചെല്ലുമ്പോള്‍. ഒരു കുടുംബത്തിന്റെ വലിയ പ്രതീക്ഷകളെ മിനിറ്റുകള്‍ കൊണ്ട് അക്രമികള്‍ കരിച്ചുകളഞ്ഞ കഥ ഞങ്ങള്‍ക്ക് അവിടെനിന്നും കേള്‍ക്കേണ്ടി വന്നു. മകളുടെ കല്യാണത്തിനു സൂക്ഷിച്ചുവച്ച ലക്ഷങ്ങള്‍ കൊള്ളയടിക്കപ്പെട്ടിരിക്കുന്നു. സ്വന്തം മകന്‍ പോലും കാണാതെ കല്യാണത്തിനായി ഒളിപ്പിച്ചിരുന്ന അഞ്ഞൂറിന്റെ കരിഞ്ഞ നോട്ടുകെട്ടുകള്‍ കണ്ണീരോടെ എടുത്തു പിടിച്ചുനില്‍ക്കുന്ന ഒരുമ്മയുടെ മുഖം അടുത്തൊന്നും കണ്ണില്‍നിന്നു മായില്ല.
ഷംഷാദ് ബീഗത്തിന്റെ വീട്ടിലേക്കു പോയത് ഞാനും യൂസുഫും അനസുമാണ്. വലതു ഭാഗത്തുള്ള ഉറച്ച പൂട്ടുകൊണ്ട് അടച്ചിട്ട ഗെയ്റ്റാണ് ഞങ്ങളെ ആദ്യം വരവേറ്റത്. പക്ഷെ ഞങ്ങളുടെ പ്രതീക്ഷകളെ അപ്പാടെ തകര്‍ക്കുന്നതായിരുന്നു അകത്തെ കാഴ്ച. വീടുകളും നിരവധി പേര്‍ക്കു ജീവിതമാര്‍ഗമായിരുന്ന തയ്യല്‍കേന്ദ്രവുമടങ്ങിയ ആ ആറുനില കെട്ടിടം ഗ്യാസ് സ്‌ഫോടനത്തില്‍ തകര്‍ന്നു തരിപ്പണമായിട്ടുണ്ട്. എങ്ങും ചാരം മൂടിക്കിടക്കുന്നു. തയ്യല്‍ മെഷീനുകളടക്കം എല്ലാം ചാരമായിത്തീര്‍ന്നിട്ടുണ്ട്. അവിടെനിന്ന് ഇറങ്ങുന്നിതിനിടെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ വന്നു ഞങ്ങളെ ചോദ്യം ചെയ്യുകയുമുണ്ടായി. ഇവിടെയെന്തിന് വന്നു, മറ്റൊരു പണിയുമില്ലേ എന്നൊക്കെ ചോദിച്ച് അയാള്‍ ദേഷ്യപ്പെടുന്നുണ്ടായിരുന്നു.
ഖജൂരിഖാസിലും ചാന്ദ്ബാഗിലും ഭജന്‍പുരയിലും വംശഹത്യാനന്തര ചിത്രങ്ങള്‍ വ്യത്യസ്തമായിരുന്നില്ല. ആദ്യം പോലീസ് ഉദ്യോഗസ്ഥര്‍ അവിടെ വന്നു വാഹനങ്ങളും മറ്റും നശിപ്പിച്ച, അതിനുശേഷമാണ് അക്രമികളെത്തിയതും തങ്ങളുടെ ജ്വല്ലറികളടക്കമുള്ള കടകള്‍ കുത്തിത്തുറന്നു കൊള്ളയടിച്ചതുമെന്നായിരുന്നു ഖജൂരിഖാസിലെ ഷാസാദ് പറഞ്ഞത്. ഗ്യാനേന്ദ്രകുമാറിന് പറയാനുണ്ടായിരുന്നത്, ഈ അക്രമത്തിനിടയിലും തന്റെ കട സംരക്ഷിച്ച മുസ്ലിം സഹോദരന്മാരെക്കുറിച്ചാണ്. ഈ പ്രദേശങ്ങളില്‍ ഏതാനും ഹിന്ദുക്കളുടെ കടകളും കൊള്ളയ്ക്കും കൊള്ളിവയ്പ്പിനുമിരയായിട്ടുണ്ട്. ശിവ്‌വിഹാറില്‍നിന്നും മറ്റു വംശഹത്യക്കിരയായ പ്രദേശങ്ങളില്‍നിന്നും നിരവധി മുസ്ലിം കുടുംബങ്ങള്‍ എങ്ങോട്ടൊക്കെയോ പലായനം ചെയ്തിരിക്കുന്നു. ഇനിയും മക്കളും സഹോദരങ്ങളും മാതാപിതാക്കളും തിരിച്ചെത്താത്ത, എവിടെയെന്ന് ഒരുവിവരവുമില്ലാത്ത നൂറുകണക്കിനാളുകള്‍ മുസ്തഫാബാദിലും പരിസരത്തുമുണ്ട്.
വംശഹത്യയെപ്പറ്റി ചർച്ച ചെയ്യുമ്പോൾ തന്നെ വിശകലനം ചെയ്യേണ്ട ഒന്നാണ്, വംശഹത്യയും എക്കണോമിയും, വംശഹത്യയും ഭീതിയും തമ്മിലുള്ള ബന്ധങ്ങൾ. എന്ത് കൊണ്ട് ഈ പറയപ്പെട്ട പ്രദേശങ്ങളിൽ മാത്രം ആക്രണമങ്ങൾ നടന്നു അല്ലെങ്കിൽ മുസ്ലിംകൾ കൂട്ടമായി തിങ്ങിപ്പാർക്കുന്ന മറ്റു ഇടങ്ങളിൽ എന്തുകൊണ്ട് ആക്രണമങ്ങൾ നടന്നില്ല എന്നത് പ്രസക്തമായ ഒരു ചോദ്യമാണ്. വംശഹത്യക്കിരയായ പ്രദേശങ്ങളിലെല്ലാം അധിവസിക്കുന്നത് അർബൻ ലോവർ മിഡ്‌ഡിൽക്ലാസ്സ് മുസ്ലിംകളാണ്, പ്രതേകിച്ചും ഉത്തർപ്രദേശിൽ നിന്നും ഹരിയാനയിൽ നിന്നും കുടിയേറി കച്ചവടമോ അല്ലെങ്കിൽ മറ്റുപല തൊഴിലിൽ ഏർപ്പെടുന്ന സാധാരക്കാരാണിവർ. ഇവരെ ഡൽഹിയിലെ മറ്റിതര മുസ്ലികളിൽ നിന്ന് വ്യത്യസ്തമാക്കുന്നത് സ്വയം പര്യാപ്തതയും അതുപോലെതന്നെ ആളോഹരിയുള്ള ഉയർന്ന വരുമാനത്തിന്റെ തോതുമാണ്. ഇതിൽ നിന്നും മനസ്സിലാകുന്നത് ആക്രമകാരികളുടെ ലക്‌ഷ്യം വംശഹത്യക്കു പുറമെ മുസ്ലികളുടെ ഉപജീവനമാർഗം ഇല്ലാതാക്കലും കൂടിയായിരുന്നു എന്നാണ് . സ്വയം പര്യാപ്തത ഇല്ലാത്ത സമൂഹത്തിന് തങ്ങളെ എതിരിടാൻ കഴിയില്ല എന്ന യാഥാർത്യം സംഘപരിവാർ കഴിഞ്ഞകാല വംശഹത്യകളുടെ ചരിത്രത്തിൽ നിന്ന് മനസ്സിലാക്കിയിട്ടുണ്ട്.
മറ്റൊന്ന് ഓരോ വംശഹത്യയും ഉല്പാദിപ്പിക്കുന്ന സോഷ്യൽ ഡിസ്ലൊക്കേഷൻ, ചേരികളിലേക്കുള്ള പുറം തള്ളലുകൾ, തലമുറകളിൽ ഉല്പാദിപ്പിക്കപ്പെടുന്ന ഭീതി, അനിശ്ചിതാവസ്ഥ, വെറുപ്പിന്റെ മനഃശാസ്ത്രം തുടങ്ങിയ സാമൂഹിക-മനശ്ശാസ്‌ത്രസംബന്ധിയായ കാര്യങ്ങളെക്കുറിച്ചും ചർച്ച ചെയ്യേണ്ടതുണ്ട്. ഡൽഹിയിലെ അപ്പർ ക്ലാസ് മുസ്ലിംകൾ ഇപ്പോഴും ജാമിയ നഗർ, ഓഖലാ തുടങ്ങിയ സ്ഥലങ്ങളിൽ തിങ്ങിപ്പാർക്കുന്നതു ഈയൊരു പ്രക്രിയയുടെ ക്‌ളാസ്സിക് ഉദാഹരണമാണ്, ഭീതി, അനിശിതാവസ്ഥ തുടങ്ങിയവമൂലം ഡൽഹിയിലെ മികച്ച ഇതര സ്ഥലത്തേക്കാൾ ഇവർ തിരഞ്ഞെടുക്കുന്നത് മുസ്ലിംകൾ തിങ്ങിപ്പാർക്കുന്ന ബട്ല ഹൗസ്, ജാമിയ, ഓഖ്‌ല തുടങ്ങിയ ഇടങ്ങളാണ്. വംശഹത്യക്കിരയായ നൂറ് കണക്കിനാളുകൾ അവരുടെ പഴയ വീടുകളിലേക്ക് മടങ്ങുകയില്ല മറിച്ച് അവർ തിരഞ്ഞെടുക്കുക സ്വസമുദായത്തിലെ അംഗങ്ങൾ കൂടുതലുള്ള ഇടങ്ങളാണ്, ഇങ്ങനെയൊക്കെയാണ് ചേരികൾ ഉണ്ടാകുന്നതും, വംശഹത്യാ ബാധിതർ അരികുവത്കരിക്കപ്പെടുന്നതും.
മാധ്യമങ്ങളും വംശഹത്യയുടെ ‘വ്യാഖ്യാന’ങ്ങളും
നിരന്തരമായ ആള്‍ക്കൂട്ടക്കൊലകളും വംശഹത്യയും അരങ്ങേറുന്ന ഈ കാലത്തു രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ നിലനില്‍പിനെകുറിച്ചുകൂടി ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇന്ത്യയില്‍ ജനാധിപത്യത്തിന് ആത്യന്തികമായി ഭൂരിപക്ഷ വികാരങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും അനുസൃതമായുള്ള രൂപമാറ്റം സംഭവിച്ചുകൊണ്ടിരിക്കുകയും, നീതിന്യായ വ്യവസ്ഥ ഭരണകൂടത്തിന്റെ താല്‍പര്യങ്ങള്‍ക്കൊത്ത് വിധിന്യായങ്ങള്‍ പുറപ്പെടുവിച്ചുകൊണ്ടിരിക്കുകയും, പരമ്പരാഗത-നവമാധ്യമങ്ങളെല്ലാം 2014നു ശേഷം രാജ്യത്തിന്റെ അന്തരീക്ഷത്തില്‍ നിറഞ്ഞുനില്‍ക്കുന്ന ഒരു ഭൂരിപക്ഷ വികാരത്തിന്റെ മെഗാഫോണുകളായി മാറുകയും ചെയ്യുന്ന കാലത്ത് വായനകളും മറുവായനകളുമാണ്, ആഖ്യാനങ്ങളും പുനരാഖ്യാനങ്ങളുമാണ് ചരിത്രത്തെ നിര്‍മിക്കുകയും അപനിര്‍മിക്കുകയും ചെയ്യുന്നത്. അതുകൊണ്ടു തന്നെ വംശഹത്യാനന്തര വായനകളെയും അവയ്ക്കു ബലവും പിന്‍ബലവുമാകുന്ന മാധ്യമ ‘വ്യാഖ്യാനങ്ങളെ’യും വിശദമായി പരിശോധിക്കേണ്ടതുണ്ട്.
അക്ഷയ മുകുള്‍ രചിച്ച Gita Press and the Making of Hindu Indiaയില്‍, ഒറ്റമുറി വാടക കെട്ടിടത്തില്‍നിന്ന് തുടങ്ങിയ ഗീതാ പ്രസ് എങ്ങനെയാണ് വിഎച്ച്പി, ആര്‍എസ്എസ് തുടങ്ങിയ വര്‍ഗീയ ഹിന്ദു സംഘടനകളുടെ ഏകോപനം സാധ്യമാക്കിയതെന്നും അതുവഴി വര്‍ഗീയ കലാപങ്ങളിലേക്കും വംശഹത്യകളിലേക്കും നയിച്ചതെന്നും വിവരിക്കുന്നുണ്ട്. ഡല്‍ഹി വംശഹത്യയില്‍ മാധ്യമങ്ങളുടെ പങ്കിനെക്കുറിച്ചുള്ള വിശകലനം അത്യന്താപേക്ഷിതമാണ്. അന്തര്‍ദേശീയ മാധ്യമങ്ങളായ ബിബിസി, വാഷിങ്ടന്‍ പോസ്റ്റ്, ന്യൂയോര്‍ക് ടൈംസ് തുടങ്ങിയ മാധ്യമങ്ങള്‍ നിഷ്പക്ഷത കാണിച്ചു എന്ന് തോന്നിപ്പിച്ചുകൊണ്ടുതന്നെ, വംശഹത്യ/വംശീയ ഉന്മൂലനം തുടങ്ങിയ സംജ്ഞകള്‍ ഉപയോഗിക്കാതെ, ഹിന്ദു/ മുസ്ലിം, പൗരത്വ നിയമത്തെ അനുകൂലിക്കുന്നവര്‍/പ്രതികൂലിക്കുന്നവര്‍ തുടങ്ങിയ വര്‍ഗ്ഗീകരങ്ങളിലൂടെയാണ് ദല്‍ഹി വംശഹത്യയെ കണ്ടത്. അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് വിശേഷിപ്പിച്ചത് ‘സാമുദായിക ലഹള’ എന്നായിരുന്നു. ഇനി ഇന്ത്യന്‍ അച്ചടി-ദൃശ്യ മാധ്യമങ്ങളുടെ കാര്യമെടുക്കുകയാണെങ്കില്‍ ഭൂരിഭാഗവും കുലംകുത്തികളും രാജ്യസ്‌നേഹികളും തമ്മിലുള്ള പോരാട്ടം എന്ന തരത്തിലേക്കു ‘വാര്‍ത്താവ്യാഖ്യാന’ങ്ങള്‍ സൃഷ്ടിച്ചു പ്രചരിപ്പിക്കുകയാണു ചെയ്യുന്നത് വളരെ മുന്നേ തന്നെ മാറിക്കഴിഞ്ഞിട്ടുണ്ടായിരുന്നു. വംശഹത്യ ഏറ്റവും കൂടുതല്‍ ബാധിച്ച ശിവ്‌വിഹാര്‍ അടക്കമുള്ള പ്രദേശങ്ങളെകുറിച്ചുള്ള ആദ്യ റിപ്പോര്‍ട്ടുകള്‍ തന്നെ വന്നുതുടങ്ങുന്നത് സംഭവം നടന്നു നാലു ദിവസങ്ങള്‍ക്കുശേഷമാണെന്നുള്ളത് പുതിയ ഇന്ത്യയിലെ മാധ്യമങ്ങള്‍ ആര്‍ക്കൊപ്പം നില്ക്കുന്നുവെന്നതിന്റെ തെളിവാണ്.
ഫ്രഞ്ച് രാഷ്ട്രീയാമീമാംസകനായ ക്രിസ്റ്റഫര്‍ ജാഫര്‍ലോട് Religion, Caste, and Politics in Indiaയില്‍, ഭരണകൂടത്തിന്റെ സഹായമോ അനുവാദമോ ഇല്ലാതെ ഒരു കലാപവും വംശഹത്യയും കൂട്ടക്കൊലയും ഇരുപത്തിനാലു മണിക്കൂറിലധികം നീണ്ടുനില്‍ക്കില്ല എന്നു പറയുന്നുണ്ട്. ഡല്‍ഹിയില്‍ സംഭവിച്ചത് അക്ഷരംപ്രതി കേന്ദ്രത്തിന്റെ സഹായത്തോടെ നടന്ന കൂട്ടക്കുരുതിയായിരുന്നു. ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്റെ റിപ്പോര്‍ട്ട് പ്രകാരം ഏകദേശം രണ്ടായിരത്തോളം വരുന്ന അക്രമികള്‍ രാജധാനി പബ്ലിക് സ്‌കൂളിലും ഡിആര്‍പി കോണ്‍വെന്റ് സ്‌കൂളിലുമായി ഇരുപത്തിനാലു മണിക്കൂറിലധികം ചിലവഴിച്ചിട്ടുണ്ട്. എന്നാല്‍, തൊട്ടടുത്ത് തന്നെയുള്ള റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സുകളും സിആര്‍പിഎഫും ഇതെല്ലാമറിഞ്ഞു തന്നെ നിഷ്‌ക്രിയരായി ഇരിക്കുകയായിരുന്നുവെന്നതുതന്നെയാണ് ഡല്‍ഹിയില്‍ നടന്നത് ഭരണകൂട പിന്തുണയോടെയുള്ള വംശഹത്യയായിരുന്നുവെന്നു വ്യക്തമാക്കിത്തരുന്നത്.
ഇതോടൊപ്പം പരമ്പരാഗത മാധ്യമങ്ങളും നവ മാധ്യമങ്ങളും സ്‌റ്റേറ്റും സെലിബ്രിറ്റികളും സത്യാനന്തര കാലത്ത് എങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നുവെന്നതുകൂടി കൂടുതല്‍ വിശകലനം ചെയ്യപ്പെടേണ്ടതാണ്. ബിജെപിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ പുറത്തുവിടുന്ന ട്വീറ്റുകള്‍ ഇന്ത്യയിലെ വലിയൊരു ശതമാനം സിനിമാ-ക്രിക്കറ്റ് താരങ്ങള്‍ റീട്വീറ്റ് ചെയ്‌തോ സ്വന്തമായി പകര്‍ത്തിയോ ഹിന്ദുത്വ ഫാസിസത്തിന്റെ രക്തപങ്കിലമായ കൈകള്‍ക്കു ശക്തി പകരുന്നത് ചെറിയ കാര്യമല്ല. “ലോകത്ത് രാഷ്ട്രീയ തുല്യത എന്നൊന്നില്ല. അനുസരണം, അധീശത്വം എന്നുള്ളതാണ് വാസ്തവത്തിലുള്ളത്. അനുസരിക്കുന്ന ഒരു ജനവര്‍ഗത്തിനു മാത്രമേ മുന്നേറാന്‍ കഴിയൂ” എന്നു പറഞ്ഞ മുസ്സോളിനിയെപ്പോലും നാണിപ്പിക്കും വിധത്തിലാണ് ഇന്ത്യയിലെ മീഡിയ ഹൗസുകളും സോഷ്യല്‍ മീഡിയകളും മോദിക്കും, നവഹിന്ദുത്വ ഫാസിസത്തിനും വേണ്ടി കുഴലൂതിക്കൊണ്ടിരിക്കുന്നത്.