Thelicham
web

കൊറോണ: ഒരു ഇസ് ലാമിക വായന

വസൂരി, പ്ലേഗ്, കോളറ ഉൾപ്പെടെ മഹാമാരികൾ മനുഷ്യ ചരിത്രത്തിൽ നിരവധി കഴിഞ്ഞിട്ടുണ്ട്. BC 430 ൽ പെലപ്പോനിസിയൻ യുദ്ധത്തിനിടെ മഹാമാരി പടർന്നത് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. AD 541 നും 750 നുമിടയിൽ ബൈസന്റിനിയൻ ഭരണത്തിൽ പ്ലേഗ് പടർന്ന് പിടിച്ചു. ജസ്റ്റിനിയൻ പ്ലേഗ് എന്ന നാമത്തിലാണ് ചരിത്രത്തിൽ അത് അറിയപ്പെടുന്നത്. ഈജിപ്തിൽ തുടങ്ങി ഇസ്തംബൂളിൽ ശക്തിയാർജിച്ച പ്രസ്തുത മഹാമാരിയിൽ അഞ്ച് കോടിയോളം പേർ മരിച്ചതായി കണക്കാക്കപ്പെടുന്നു. ഇസ്തംബൂൾ നഗരത്തിൽ ദിനംപ്രതി പതിനായിരത്തോളം പേർ മരിച്ചിരുന്നുവത്രെ! ഈ മരണ സംഖ്യയിൽ ഒട്ടും അതിശയമില്ലെന്ന് കൊറോണയുടെ വ്യാപനം നമ്മെ തര്യപ്പെടുത്തുന്നുണ്ട്. പക്ഷേ, ഒരു സ്ഥലത്തോ സമയത്തോ ആയിരുന്നില്ല ജസ്റ്റിനിയൻ പ്ലേഗ്. അതിന്റെ പ്രതിഫലനങ്ങൾ ചെറുതും വലുതുമായി രണ്ട് നൂറ്റാണ്ട് ലോകത്ത് നിലനിന്നു. AD 640 ൽ ഉമർ (റ) ന്റെ കാലത്ത് ശാമിൽ വ്യാപിച്ച, ഇസ്ലാമിക ചരിത്രത്തിൽ പ്രസിദ്ധമായ ത്വാഊനു അമവാസ് (അമവാസ് പ്ലേഗ്) പോലും അതിന്റെ പ്രതിഫലനമായിരുന്നു. പ്രസിദ്ധ സ്വഹാബികളായ മുആദ് ബ്നു ജബൽ (റ), അബൂ ഉബൈദ (റ), യസീദ്ബ്നു അബീ സുഫ്യാൻ (റ) തുടങ്ങിയവർ പ്രസ്തുത പ്ലേഗിൽ മരിച്ചു. AD 1347 നും 1351 നുമിടയിൽ യൂറോപ്പിൽ പടർന്ന് പിടിച്ച പ്ലേഗിൽ 75 മില്യൻ ജനങ്ങൾ മരിച്ചുവീണു. പഴയ ജനസംഖ്യയിലേക്ക് യൂറോപ്പ് തിരിച്ചെത്താൻ ഇരുനൂറിലേറെ വർഷം വേണ്ടി വന്നു. 1492 നോടനുബന്ധിച്ച് അമേരിക്കയിൽ പടർന്ന് പിടിച്ച വസൂരിയിൽ ഇരുപത് മില്യൻ അഥവാ അമേരിക്കൻ ജനസംഖ്യയുടെ 90 ശതമാനം ജനങ്ങളും നാമാവശേഷമായി.

പ്ലേഗ്, വസൂരി, കോളറ തുടങ്ങിയ രോഗങ്ങൾ പരിഷ്കരിച്ച് എബോള, സാർസ്, കൊറോണ, എയ്ഡ്സ്, H1 N1, നിപ്പ തുടങ്ങിയ സുന്ദര നാമങ്ങളിൽ രൂപാന്തരപ്പെട്ടു എന്നതൊഴിച്ചാൽ മഹാമാരികൾ അനുസ്യൂതം തുടരുക തന്നെയാണ്. വൈദ്യശാസ്ത്രം പലതിനെയും കീഴടക്കിയെന്ന് അഹങ്കരിക്കുമ്പോഴും വൈദ്യശാസ്ത്രത്തെ കീഴടക്കി സാംക്രമിക രോഗങ്ങൾ മുന്നേറുകയാണ്. നൂറ്റമ്പതിലേറെ രാഷ്ട്രങ്ങളിൽ പടർന്ന് പിടിച്ച, ലോകത്തെ ഏതാണ്ട് നിശ്ചലമാക്കിയ കൊറോണ (കൊവിഡ്- 19) ഇതിൽ അവസാനത്തേതാകാൻ വഴിയില്ല. പക്ഷേ, ഏതാനും നൂറ്റാണ്ടുകൾക്കിടയിൽ ലോകം സാക്ഷ്യം വഹിച്ച ഏറ്റവും വലിയ മഹാമാരിയാണ് ഇതെന്നതിൽ രണ്ട് പക്ഷമില്ല. ഇതെഴുതുമ്പോൾ പതിമൂവായിരത്തിലധികം പേർ മരിക്കുകയും ലക്ഷങ്ങൾ രോഗബാധിതരാവുകയും കോടിക്കണക്കിനാളുകൾ നിരീക്ഷണത്തിലാകുകയും ചെയ്തത് മാത്രമല്ല പ്രശ്നം. സാമ്പത്തികമായി ലോകം കുത്തുപാളയെടുത്ത് നൂറ്റാണ്ടുകൾ പിറകോട്ട് സഞ്ചരിക്കുകയാണ്. വ്യവസായ ശാലകൾ, ഷോപ്പിംഗ്‌ മാളുകൾ, ബസ് മുതൽ വിമാനം വരെയുള്ള ഗതാഗത സർവീസുകൾ എല്ലാം നിശ്ചലമാണ്. ഭീതിയും ഒറ്റപ്പെടലും നിമിത്തം സാമൂഹികമായും മാനസികമായും വലിയൊരു പ്രതിസന്ധിയിലേക്ക് ലോകം നീങ്ങുകയാണ്. കൊറോണക്ക് മുമ്പുള്ള ലോകമാകണമെന്നില്ല കൊറോണക്ക് ശേഷമുള്ള ലോകം. ശാസ്ത്രീയ മുന്നേറ്റവും സാമ്പത്തിക പുരോഗതിയും കാരണം മനുഷ്യനുണ്ടായ അഹങ്കാരം ചോർന്ന് പോയിരിക്കുന്നു. കേവലം ഒരു വൈറസിന് മുന്നിൽ മനുഷ്യൻ എത്ര നിസ്സാരൻ! ശാസത്രം എത്ര ശിശു!

ഇതിനിടെ, പുര കത്തുമ്പോൾ വാഴവെട്ടുന്ന തിരക്കിലാണ് ചിലർ. ഹറമുകൾ അടക്കം പള്ളികളും ഇതര ആരാധനാലയങ്ങളും മദ്റസകൾ അടക്കമുള്ള മതപഠന കേന്ദ്രങ്ങളുമെല്ലാം അടച്ചിട്ടത് ആഘോഷിക്കുകയാണ് യുക്തിവാദികൾ. യുക്തിയെ മാനദണ്ഡമാക്കുന്നതിലെ യുക്തി ചർച്ച ചെയ്യാതെ ഇസ്ലാമിലെ യുക്തിയാണ് അവരുടെ വിഷയം. ഏതായാലും അതിലെ യുക്തി മുസ്ലിംകൾക്ക് മനസ്സിലായിട്ടുണ്ട്.

വിശ്വാസികൾക്കാണ് രോഗങ്ങൾ നേരിടാനും മറികടക്കാനുമുള്ള മനക്കരുത്ത് കൂടുതൽ എന്നതാണ് വസ്തുത. രോഗങ്ങൾ അവരുടെ വിശ്വാസം തകർക്കുകയല്ല; വർധിപ്പിക്കുകയാണ് ചെയ്യുന്നത്. വിശിഷ്യാ സത്യവിശ്വാസികളായ മുസ്ലിംകൾക്ക്. രോഗങ്ങളെ സംബന്ധിച്ച് കൃത്യമായ വിശ്വാസവും വിധിയും ഇസ്ലാമിലുണ്ട്. സാംക്രമിക മഹാമാരികൾക്ക് പ്രത്യേക നിയമങ്ങളും ഇസ്ലാം പഠിപ്പിച്ചിട്ടുണ്ട്. ആരോഗ്യം നൽകുന്ന അല്ലാഹു തന്നെയാണ് രോഗങ്ങൾ നൽകുന്നതും. അവ സുഖപ്പെടുത്തുന്നതും അവൻ തന്നെ.

ദുർമാർഗികൾക്ക് അല്ലാഹുവിന്റെ ശിക്ഷയായും സത്യവിശ്വാസികൾക്ക് പരീക്ഷണമായും മഹാമാരികൾ വന്നിട്ടുണ്ട്. ഇമാം ബുഖാരിയും (റ) മുസ്ലിമും (റ) നിവേദനം ചെയ്ത ഹദീസിൽ ഇപ്രകാരം കാണാം: നബി (സ) പറഞ്ഞു: ‘ബനൂ ഇസ്രാഈലികൾക്ക് ശിക്ഷയായി അല്ലാഹു അയച്ചതാണ് പ്ലേഗ് (ത്വാഊൻ)’.
‘അക്രമികളിൽ മാത്രം ഒതുങ്ങി നിൽക്കാത്ത മഹാവിപത്തുകൾ നിങ്ങൾസൂക്ഷിക്കുക’.(അൻഫാൽ: 25) എന്ന് വിശുദ്ധ ഖുർആൻ മുന്നറിയിപ്പ് നൽകുന്നുണ്ട്. വീണ്ടും ഖുർആൻ പറയുന്നു: ‘ഏതൊരു വിപത്ത് നിങ്ങളെ ബാധിക്കുന്നുവെങ്കിലും അത് നിങ്ങളുടെ കരങ്ങൾ പ്രവർത്തിച്ചത് കാരണമാണ്. എത്രയോ അവൻ (അല്ലാഹു) മാപ്പ് നൽകുന്നുമുണ്ട്’ (ശുഅറാ: 30). വിശുദ്ധ ഖുർആൻ പറയുന്നു: ‘ഭയം, വിശപ്പ്, ആൾനാശം, സമ്പാദ്യം നശിക്കൽ, ഫലങ്ങൾ ചുരുങ്ങൽ എന്നിവ കൊണ്ട് നിങ്ങളെ നാം പരീക്ഷിക്കും. ക്ഷമാശീലർക്ക് താങ്കൾ സന്തോഷ വാർത്ത നൽകുക. വല്ല വിപത്തും പിടിപെട്ടാൽ ഇന്നാ ലില്ലാഹി വ ഇന്നാ ഇലയ്ഹി റാജിഊൻ എന്നവർ പറയും (അൽ ബഖറ: 156). നബി (സ) പറഞ്ഞു: ‘ഇഹലോകത്ത് വെച്ച് പരീക്ഷണം നേരിട്ടവർക്ക് പരലോകത്ത് പ്രതിഫലം നൽകപ്പെടുമ്പോൾ ഒരു പരീക്ഷണത്തിലും ഉൾപ്പെടാത്തവർ ‘തങ്ങളുടെ തൊലി കതിക കൊണ്ട് മുറിക്കപ്പെട്ടിരുന്നുവെങ്കിൽ’
(കഠിന പരീക്ഷണങ്ങൾ നേരിട്ടിരുന്നുവെങ്കിൽ) എന്ന് ആഗ്രഹിച്ച് പോകും (തിർമിദി). മറ്റൊരു ഹദീസിൽ ഇപ്രകാരം കാണാം: ‘ഒരാൾക്ക് സൽകർമങ്ങൾ കൊണ്ട് എത്തിപ്പിടിക്കാൻ കഴിയാത്ത വലിയൊരു പദവി അല്ലാഹു കണക്കാക്കിയാൽ അതിന് വേണ്ടി അവന്റെ ശരീരത്തിലോ സമ്പത്തിലോ സന്താനങ്ങളിലോ അല്ലാഹു പരീക്ഷണം നൽകും, അത് സ്വീകരിക്കാനുള്ള ക്ഷമ അവന് നൽകും. അങ്ങനെ ആ പദവിയിലേക്ക് അവൻ എത്തിച്ചേരും (അബൂ ദാവൂദ്). ഇമാം ബുഖാരി (റ) നിവേദനം ചെയ്ത ഹദീസിൽ പറയുന്നു: ‘ഒരു സത്യവിശ്വാസിക്ക് പിടിപെടുന്ന രോഗം, ക്ഷീണം, മനഃക്ലേശം, സങ്കടം എന്നിവയെല്ലാം അവന്റെ ദുഷ്കർമങ്ങൾക്ക് പ്രായശ്ചിത്തം മാത്രമാണ്’.

ചുരുക്കത്തിൽ, രോഗം നൽകുന്നവനും അത് സുഖപ്പെടുത്തുന്നവനും അല്ലാഹുവാണെന്ന സത്യവിശ്വാസമാണ് മുസ്ലിമിനുള്ളത്. തദ്വാരാ, ഒരു മഹാമാരിയും അല്ലാഹുവിലുള്ള അവന്റെ വിശ്വാസത്തിന് പോറലേൽപ്പിക്കുന്നില്ല. മാത്രമല്ല, ഓരോ രോഗവും പരീക്ഷണവും സത്യവിശ്വാസിയെ അല്ലാഹുവിലേക്ക് കൂടുതൽ അടുപ്പിക്കുന്നു. ഖുർആൻ പറയുന്നു: ”താങ്കൾ പറയുക: അല്ലാഹു ഞങ്ങൾക്ക് നിശ്ചയിച്ചതല്ലാതെ ഞങ്ങളെ ബാധിക്കുകയില്ല. അവനാണ് ഞങ്ങളെ ഏറ്റെടുക്കുന്നവനും ഞങ്ങളുടെ സഹായിയും’
(തൗബ: 51). ഈ വസ്തുതയാണ് നബി (സ) പറഞ്ഞത്: ‘സത്യവിശ്വാസിയുടെ കാര്യം
അൽഭുതം തന്നെ. എല്ലാം അവന് ഗുണകരം! നന്മ ലഭിച്ചാൽ അവൻ നന്ദി ചെയ്യും. അതവന് ഗുണകരം. തിന്മ ബാധിച്ചാൽ അവൻ ക്ഷമിക്കും. അതും ഗുണകരം’ (മുസ്ലിം). വികലമായ യുക്തിബോധത്തെക്കാൾ എത്രയോ മുകളിലാണ് മുസ്ലിമിന്റെ ഈ വിശ്വാസം.

രോഗപ്പകർച്ചയും ഇസ്ലാമിക വിശ്വാസവും:-


കഴിവ് അല്ലാഹുവിന് മാത്രമാണ്. മനുഷ്യർക്കോ ശാസ്ത്രത്തിനോ രോഗത്തിനോ കഴിവില്ല. ഈ അടിസ്ഥാന വിശ്വാസം ഊട്ടിയുറപ്പിക്കുന്നതാണ് ‘ലാ അദ’വാ’ (രോഗപ്പകർച്ചയില്ല) എന്ന ഹദീസ്. അഥവാ, അല്ലാഹു ഉദ്ദേശിക്കുകയും പകർത്തുകയും ചെയ്താൽ മാത്രമാണ് രോഗം പകരുന്നത്. സ്വയം പകരാനുള്ള ശേഷി രോഗത്തിനില്ല. ആദ്യ രോഗിക്ക് രോഗം നൽകിയവൻ തന്നെയാണ് അയാളിൽ നിന്ന് മറ്റൊരാൾക്കും രോഗം നൽകിയത്. രോഗപ്പകർച്ച ഇല്ലെന്ന് നബി (സ) പറഞ്ഞപ്പോൾ ഒരു അഅ’റാബി ചോദിച്ചു: ‘മരുഭൂമിയിലുള്ള, മാനുകളെ പോലെ സുന്ദരമായ ഒട്ടകങ്ങൾക്കിടയിലേക്ക് ചിലപ്പോൾ ചൊറി ബാധിച്ച ഒട്ടകം വരുകയും അതുവഴി എല്ലാ ഒട്ടകങ്ങൾക്കും ചൊറി പിടിക്കുകയും ചെയ്യാറുണ്ട്?’
(രോഗം പകരുന്നുണ്ടല്ലോ എന്ന് ചുരുക്കം). നബി (സ): ചോദിച്ചു: ‘ആദ്യത്തേതിന് രോഗം പകർത്തിയത് ആരാണ്?’
(ബുഖാരി). അഥവാ ആദ്യത്തെ ഒട്ടകത്തിന് രോഗം നൽകിയവൻ തന്നെയാണ് അതുവഴി രണ്ടാമത്തെ ഒട്ടകത്തിന് രോഗം നൽകിയതും. രോഗം സ്വയം പകരുമെന്ന ജാഹിലിയ്യാ വിശ്വാസം തിരുത്തുകയായിരുന്നു തിരുനബി (സ).

അല്ലാഹു നിശ്ചയിച്ചാൽ ഒരാളുടെ രോഗം മറ്റൊരാളിലേക്ക് പടരാൻ ഇടയാകുമെന്നതിന് ഈ ഹദീസ് എതിരില്ല. ഇത് ഇമാം ശാഫിഈ (റ) വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല, ആ അർഥത്തിൽ
രോഗം പകരുമെന്ന് അറിയിക്കുന്ന ധാരാളം ഹദീസുകൾ കാണാം. ചിലത് ശേഷം വിവരിക്കുന്നുണ്ട്.

പ്രതിരോധത്തിന് മുൻഗണന


ചികിത്സയെക്കാൾ ഫലപ്രദം പ്രതിരോധമാണെന്നതിനാൽ അതിന് മുൻഗണന നൽകണമെന്നത് വൈദ്യശാസ്ത്രത്തിൽ സർവാംഗീകൃതമായ തത്വമാണ്. രോഗം വരാനും പടരാനുമുള്ള സാഹചര്യങ്ങൾ വ്യക്തിപരമായും സാമൂഹികമായും നിർവഹിക്കലാണ് അതിന്റെ വഴി.
വ്യക്തി ശുചിത്വം, പരിസര ശുചിത്വം, ഭക്ഷണക്രമം, വ്യായാമം എന്നീ ഘടകങ്ങൾ അതിൽ പ്രധാനമാണ്. കൊറോണ ലോകത്തെ കാർന്ന് തിന്നുമ്പോൾ വ്യക്തി വിശുദ്ധിക്ക് വേണ്ടി ബോധവൽക്കരണം മാത്രമല്ല മുറവിളി കൂട്ടുക കൂടിയാണ് വൈദ്യലോകം. കൈയും മുഖവും ഇടയ്ക്കിടെ സോപ്പും സാനിറ്റേഴ്സും ഉപയോഗിച്ച് കഴുകി വൃത്തിയാക്കണമത്രെ! ഒരു മുസ്ലിമിനെ സംബന്ധിച്ച് ഇതൊരു പുത്തരിയല്ല. ദിനേന അഞ്ച് സമയം വുളൂ ചെയ്ത് അഥവാ മുഖവും കൈകാലുകളും കഴുകി നിസ്കരിക്കാൻ കൽപ്പിക്കപ്പെട്ടവനാണ് സത്യവിശ്വാസി. അഴുക്ക് പറ്റാൻ സാധ്യതയുള്ള ഇടങ്ങൾ സൂക്ഷിച്ച് കഴുകിയും വായയും മൂക്കും വൃത്തിയാക്കിയും സമ്പൂർണ വുളൂ ആണ് ഏറ്റവും ഉത്തമം. മാത്രമല്ല, ജനാബത് (വലിയ അശുദ്ധി) ഉണ്ടായാൽ ഇസ്ലാം കുളി നിർബന്ധമാക്കി. ജുമുഅ, പെരുന്നാൾ നിസ്കാരം തുടങ്ങി ജനങ്ങൾ സമ്മേളിക്കുന്ന സ്ഥലത്തേക്ക് പോകുമ്പോൾ കുളി സുന്നത്താക്കി. നബി (സ) പറഞ്ഞു: ‘ശുദ്ധി ഈമാനിന്റെ പകുതിയാണ് (മുസ്ലിം).
കുറഞ്ഞ വെള്ളം അശുദ്ധമാകാൻ നജസ് സ്പർശിച്ചാൽ മാത്രം മതിയെന്നാണ് ഇസ്ലാം വിധിച്ചത്. അധികരിച്ച വെള്ളമുണ്ടെങ്കിലും നജസ് കൊണ്ട് പകർച്ച വന്നാൽ അത് അശുദ്ധമായി. അഥവാ, ഒരു വസ്തുവും ശുദ്ധിയാക്കാൻ അത് ഉപയോഗിച്ച് കൂടാ. മലമൂത്ര വിസർജനം ചെയ്താൽ ശുദ്ധിയാക്കൽ ഇസ്ലാം നിർബന്ധമാക്കി. നജസ് ശരീരത്തിൽ തേക്കലും നിഷിദ്ധം. ഭക്ഷണം കഴിക്കുന്നതിന് മുമ്പും ശേഷവും കൈയും വായയും വൃത്തിയാക്കാൻ നിർദ്ദേശിച്ച ഇസ്‌ലാം ഉറങ്ങിയെഴുന്നേറ്റാൻ കഴുകിയതിന് ശേഷം മാത്രമേ കെട്ടി നിൽക്കുന്ന വെള്ളത്തിൽ കൈ ഇടാവൂ എന്നും നിർദേശിച്ചിട്ടുണ്ട്. കെട്ടി നിൽക്കുന്നതോ കുറഞ്ഞ് ഒലിക്കുന്നതോ ആയ വെള്ളത്തിലും ഫലം കായ്ക്കുന്ന മരച്ചുവട്ടിലും വിസർജിക്കൽ ഇസ്ലാം വിലക്കിയിട്ടുണ്ട്. വ്യക്തി വിശുദ്ധിക്കും പരിസര ശുദ്ധിക്കും ഇസ്ലാം നൽകിയ പ്രാധാന്യത്തിന്റെ ചില ഉദാഹരണങ്ങൾ മാത്രമാണ് ഇവ.

ഇനി ഭക്ഷണത്തിലേക്ക് വരാം. നീചവും മനുഷ്യ ശരീരത്തിന് ദോഷകരവുമായ ജീവികളെ ഭക്ഷിക്കൽ ഇസ്ലാം വിരോധിച്ചിട്ടുണ്ട്. വിശുദ്ധ ഖുർആൻ പറയുന്നു: ‘അവർ താങ്കളോട് ചോദിക്കും: എന്താണവർക്ക് (ഭക്ഷിക്കാൻ) അനുവദിക്കപ്പെട്ടത്? താങ്കൾ പറയുക: നിങ്ങൾക്ക് സംശുദ്ധമായത് അനുവദിക്കപ്പെട്ടിരിക്കുന്നു’ (മാഇദ: 4). ഇസ്ലാം നിഷിദ്ധമാക്കിയ ജീവികളിൽ നിന്നാണ് പലപ്പോഴും മനുഷ്യരിലേക്ക് മഹാമാരികൾ പടരുന്നത്. ശവം, പന്നി, നായ, എലി, വവ്വാൽ, പാമ്പ് തുടങ്ങിയ ജീവികൾ വഴി എത്ര സാംക്രമിക രോഗങ്ങൾക്കാണ് മനുഷ്യരാശി വിധേയപ്പെട്ടത്. എലിപ്പനി, പന്നിപ്പനി മുതൽ കൊറോണ വരെ അത്തരത്തിൽ വന്നതാണ്. പാമ്പുകളിൽ നിന്നാണ് ചൈനക്കാരിലേക്ക് കോവിഡ് 19 വൈറസ് പടർന്നതെന്ന് ചില കണ്ടെത്തലുകൾ ശ്രദ്ധേയമാണ്.

ചികിത്സയും ഐസൊലേഷനും: –


ചികിത്സിക്കാൻ ഇസ്ലാം നിർദേശിച്ചിട്ടുണ്ട്. നബി (സ) പറഞ്ഞു: ‘മരുന്നില്ലാത്ത ഒരു രോഗവും അല്ലാഹു ഇറക്കിയിട്ടില്ല’ (ബുഖാരി). മറ്റൊരു ഹദീസിൽ ഇപ്രകാരം കാണാം: ‘എല്ലാ രോഗത്തിനും മരുന്നുണ്ട്. ആ മരുന്ന് ലഭിച്ചാൽ അല്ലാഹുവിന്റെ തീരുമാനപ്രകാരം അത് സുഖപ്പെടും’ (മുസ്ലിം). ഇമാം അബൂദാവൂദ് (റ) നിവേദനം ചെയ്ത ഹദീസ് പറയുന്നു: ‘രോഗവും മരുന്നും അല്ലാഹു ഇറക്കിയിട്ടുണ്ട്. എല്ലാ രോഗത്തിനും മരുന്നുണ്ട്. അതിനാൽ, നിങ്ങൾ ചികിത്സിക്കുക, നിഷിദ്ധമായത് കൊണ്ട് ചികിത്സിക്കരുത്’. ചില രോഗങ്ങൾക്ക് മരുന്നില്ലെന്ന് ശാസ്ത്രം വിധിയെഴുതുമ്പോൾ ശാസ്ത്രത്തിന്റെ പരിമിതിയാണ് സ്വയം വിളിച്ച് പറയുന്നത്.

സാംക്രമിക മഹാമാരികൾ തുടങ്ങിയ സ്ഥലത്ത് തന്നെ തളച്ചിടലും വ്യാപിക്കുന്നത് തടയലുമാണ് രോഗം വ്യാപിക്കാതിരിക്കാൻ ശാസ്ത്രീയവും പ്രായോഗികവുമായ പ്രതിവിധി. ചൈന കൊറോണയെ പ്രതിരോധിച്ചത് ലോകം അൽഭുതത്തോടെ കണ്ടതാണ്. കൊറോണ ഭീകരമാം വിധം മൂർഛിച്ച വുഹാൻ നഗരം പൂർണമായി അടച്ചിടുകയായിരുന്നു ഭരണകൂടം. ഒരാളെ അകത്തേക്ക് കടക്കാനോ അവിടെയുള്ള ഒരാളെ പുറത്തേക്ക് പോകാനോ അനുവദിച്ചില്ല. കുറേയാളുകൾ മരണപ്പെട്ടെങ്കിലും കോടിക്കണക്കിനാളുകളെ രക്ഷപ്പെടുത്താൻ അതിലൂടെ കഴിഞ്ഞു. ലോകം മുഴുവൻ വാഴ്ത്തിയ ഈ പ്രതിവിധി ആയിരത്തി നാനൂറ് വർഷം മുമ്പ് നബി (സ) പഠിപ്പിച്ചതാണെന്ന് ലോകം ഓർത്തില്ല. നബി (സ) അരുളി: ‘ഒരു പ്രദേശത്ത് പ്ലേഗ് പിടിപെട്ടാൽ നിങ്ങളങ്ങോട്ട് പോകരുത്. ആ സമയം നിങ്ങളവിടെയാണെങ്കിൽ പുറത്തേക്ക് പോകുകയും ചെയ്യരുത് (ബുഖാരി, മുസ്ലിം). ഫലസ്ഥീനിലേക്ക് പുറപ്പെട്ട ഖലീഫ ഉമറും (റ) സംഘവും അവിടെ പ്ലേഗ് ബാധയുണ്ടെന്ന് കേട്ട് മടങ്ങാൻ തീരുമാനിക്കുകയായിരുന്നു. ഈ ഹദീസാണ് അവർക്ക് പ്രചോദനമായത്. മറ്റൊരു ഹദീസിൽ ഇപ്രകാരം കാണാം: ‘ആരോഗ്യമുള്ളതിനെ രോഗമുള്ളതിനിടയിൽ നിങ്ങൾ കൊണ്ടുപോയി ഇടരുത്’
( മുസ്ലിം). ‘സിംഹത്തിൽ നിന്നെന്ന പോലെ കുഷ്ഠരോഗിയിൽ നിന്ന് അകന്ന് നിൽക്കണമെന്ന് മറ്റൊരു ഹദീസിൽ കാണാം. നബി (സ) യോട് ബൈഅത് ചെയ്യാൻ വന്ന സംഘത്തിൽ ഉണ്ടായിരുന്ന കുഷ്ഠരോഗിക്ക് കൈ കൊടുക്കാൻ നബി (സ) തയ്യാറായില്ല. വാക്കാൽ ബൈഅത് ചെയ്ത് തിരിച്ചയക്കുകയായിരുന്നു. സാംക്രമിക രോഗം ബാധിച്ചവരോട് എങ്ങനെ അകലം പാലിക്കണമെന്ന് പഠിപ്പിക്കുകയായിരുന്നു നബി (സ). മഹാമാരികൾക്ക് പ്രതിരോധവും മാനസിക പ്രതിവിധിയും ഭൗതിക പ്രതിവിധിയും ഇസ്ലാമിക അധ്യാപനങ്ങൾ തന്നെയാണ്.

 

ളിയാഉദ്ദീന്‍ ഫൈസി

1 comment

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.