Thelicham

ബ്യാരി മുസ്‌ലിം ജീവിതത്തിലൂടെ ഒരു യാത്ര

സഹസ്രാബ്ദങ്ങളുടെ ചരിത്രവും പാരമ്പര്യവുമുള്ള ദക്ഷിണ കന്നടയിലെ ബ്യാരി മുസ്്‌ലിംകളുടെ ചരിത്രം തേടിയാണ് മംഗലാപുരത്തെത്തിയത്. പുലര്‍ച്ചെ ട്രെയ്‌നിറങ്ങി പ്രവാചക കാലത്തോളം പഴക്കമുള്ള ബന്തറിലെ സീനത്ത് ബഖ്ഷ് പള്ളി തേടി നടന്നു. നേരം പുലരും മുമ്പെ കച്ചവടക്കാരെക്കൊണ്ടും ചരക്കുവണ്ടികളെക്കൊണ്ടും ശബ്ദമുഖരിതമായ ബന്തര്‍ ദേശത്തെ എടുപ്പുകളും നിരത്തുകളും ആ ദേശത്തിന്റെ നിറമുള്ള ചരിത്രങ്ങളിലേക്ക് നമ്മെ വഴിനടത്തും. ഓടിട്ട മഞ്ഞതേച്ച ചുമരുകളും നിരന്നുനില്‍ക്കുന്ന ഗോഡൗണുകളും പൊളിഞ്ഞുവീഴാറായ കെട്ടിടങ്ങളും ഇടുങ്ങിയ റോഡിന്റെ ഇരുവശത്തും നിര്‍ത്തിയിട്ട ചരക്കു ലോറികളും റിക്ഷകളും നിറഞ്ഞ ബന്തര്‍ തെരുവ് അറബികളും ബ്യാരികളും പ്രഫുല്ലമാക്കിയ കച്ചവടക്കാലത്തെ ഓര്‍മകള്‍ സമ്മാനിക്കുന്നുണ്ട്. കൊത്തുപണികള്‍ കൊണ്ട് അലങ്കൃതമായ സീനത്ത് ബഖ്ഷ് മസ്ജിദ് നിര്‍മ്മിക്കപ്പെടുന്നത് ഹിജ്‌റ 22ലാണ്. ഇസ്്‌ലാമിക സന്ദേശവുമായി കേരളത്തിലെത്തിയ മാലിക് ദീനാര്‍ സംഘത്തിലെ ഹബീബ് ബ്‌നു മാലികാണ് ദീനാര്‍ പള്ളിയെന്ന് വിളിക്കപ്പെട്ടിരുന്ന സീനത്ത് ബഖ്ഷ് നിര്‍മ്മിച്ചതെന്ന് അറിയപ്പെടുന്നു. മാലിക് ദീനാര്‍ സംഘവും നിര്‍മിച്ച ആദ്യ പത്ത് പള്ളികളിലൊന്നായിഅറിയപ്പെടുന്ന ഈ പളളിയില്‍ പ്രഥമ ഖാദിയായി നിയമിക്കപ്പെട്ടത് മൂസ ബ്‌നു മാലികായിരുന്നു.

ദക്ഷിണ കന്നടയിലെയും തുളുനാട്ടിലെയും മുസ്്‌ലിംകള്‍ പൊതുവെ വിളിക്കപ്പെടുന്ന പേരാണ് ബ്യാരികള്‍. സ്വന്തമായി സാസ്‌കാരികത്തനിമ പുലര്‍ത്തുന്ന ബ്യാരികള്‍ പുരാതനകാലം മുതലെ കച്ചവടക്കാരായിരുന്നു. കച്ചവടം എന്നര്‍ത്ഥം വരുന്ന ബ്യാര എന്ന തുളു പദത്തില്‍ നിന്നാണ് ബ്യാരി നിഷ്പന്നമായതെന്നാണ് തുളുനാട്ടിലെ മുസ്്‌ലിംകളുടെ ചരിത്രം രേഖപ്പെടുത്തിയ അഹ്്മദ് നൂരിയുടെയും ഇച്ചിലങ്കോടിന്റെയും അഭിപ്രായം. കടല്‍ക്കച്ചവടക്കാരായത് കൊണ്ട് ബഹാരി എന്ന അറബി പദത്തില്‍ നിന്നാണെന്നും, മലബാറുമായി സവിശേഷ ബന്ധം പുലര്‍ത്തുന്നതിനാല്‍ മലബാരിയിലെ ബാരിയില്‍ നിന്നാണെന്ന നിരീക്ഷണങ്ങളും കാണാന്‍ സാധിക്കും. പഴയ വിജയനഗര സാമ്രാജ്യത്തിലെ ബര്‍കൂര്‍, മാംഗ്ലൂര്‍, കാസര്‍ഗോഡ്് ദേശങ്ങള്‍ ചേര്‍ന്നുകിടക്കുന്ന ദക്ഷിണ കന്നടയായിരുന്നു പ്രധാന കേന്ദ്രം. കാസര്‍ഗോട്ടെ ചന്ദ്രഗിരി മുതല്‍ കര്‍ണാടകയിലെ ഉഡുപ്പി വരെ നീണ്ടുകിടക്കുന്ന പ്രദേശങ്ങളാണ് ബ്യാരി സമൂഹത്തിന്റെ വളര്‍ച്ചക്ക് നിലമൊരുക്കിയത്. കാലക്രമേണ, ദേശങ്ങളും കരകളും തമ്മിലുള്ള അകലം കുറഞ്ഞപ്പോള്‍ ബ്യാരികള്‍ മറ്റ് ദേശങ്ങളിലേക്കും കുടിയേറിത്തുടങ്ങുകയും ചെയ്തു. മൈക്കാലയിലെ ബന്തര്‍ കേന്ദ്രീകരിച്ച് തൊഴിലധിഷ്ടിതമായി രൂപംകൊണ്ട ഒരു സമൂഹം പിന്നീട് സമ്പന്നമായ പൈതൃകമവകാശപ്പെടുന്ന സ്വത്വമായി കാലക്രമേണ രൂപപ്പെടുകയായിരുന്നു.

പ്രാചീന കാലം മുതലേ ഇന്ത്യ ലോകഭൂപടത്തില്‍ അടയാളപ്പെടുത്തപ്പെട്ടത് കടല്‍വ്യാപാര കേന്ദ്രമായിട്ടാണ്. അറബികളും പേര്‍ഷ്യക്കാരുമടങ്ങുന്ന നിരവധി കച്ചവടസംഘങ്ങളുടെ താവളമായിരുന്നു മലബാറിനോടു ചേര്‍ന്നുനില്‍ക്കുന്ന ദക്ഷിണകന്നട ദേശവും. ഇന്ത്യന്‍ ചരക്കുകള്‍ക്ക് ആഗോളവിപണിയിലുള്ള വന്‍ ഡിമാന്റാണ് ഈ വ്യാപാരത്തെ നിലനിര്‍ത്തിയത്. കച്ചവടാവശ്യാര്‍ത്ഥം തങ്ങളുടെ ദേശത്തെത്തുന്ന അറബികളോടും പേര്‍ഷ്യക്കാരോടും പുലര്‍ത്തിയ ഊഷ്മള ബന്ധമാണ് വ്യാപാരരംഗത്ത് മുദ്രപതിപ്പിക്കാന്‍ ബ്യാരികള്‍ക്ക് സഹായകമായത്. അറബികളും മറ്റുള്ളവരുമായുമുള്ള ഈ ആദാനപ്രദാനങ്ങളാണ് ബ്യാരി എന്ന വ്യത്യസ്ത സ്വത്വത്തിന് രൂപം നല്കുന്നതു തന്നെ. ചരുങ്ങിയ കാലം കൊണ്ട് തുളുനാട്ടിലെ വ്യാപാരത്തിന്റെ മേധാവിത്വം കയ്യാളുന്ന തരത്തിലേക്ക് ബ്യാരികളെത്തി. 1891 ലെ ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യാ സെന്‍സസ് പ്രകാരം തുളുനാട്ടിലെ തൊണ്ണൂറ്റി അയ്യായിരം കച്ചവടക്കാരില്‍ 93000 പേര്‍ ബ്യാരികളും രണ്ടായിരത്തോളം പേര്‍ മറ്റൊരു വിഭാഗമായ നവായതുകളുമായിരുന്നു. രാജ്യത്തിന്റെ സാമ്പത്തികാവൃദ്ധിയില്‍ നിസ്്തുലമായ പങ്ക് വഹിച്ച ബ്യാരികള്‍ക്ക് കേലാദി നായകര്‍, വിജയനഗര, ബീജാപൂര്‍, മൈസൂര്‍ രാജാകന്മാരില്‍ നിന്ന് കച്ചവടത്തിന് പൂര്‍ണ സ്വാതന്ത്രം ലഭിക്കുകയും ചെയ്തിരുന്നു. നേത്രാവതി നദിയില്‍ ബ്യാരികളുടെ മഞ്ചകള്‍ മാത്രം നീങ്ങിയിരുന്ന കാലമുണ്ടായിരുന്നു. അവരുടെ വ്യപാരിസംഘം ഹഞ്ചാമന എന്നറിയപ്പെട്ടു.

അറബികളുമായുള്ള ബന്ധം, സൂഫികള്‍, ജാതി പീഡനം തുടങ്ങി തുളുനാട്ടിലെ ഇസ്്‌ലാം വ്യാപനത്തിന് പല കാരണങ്ങളുണ്ട്. ഏഴാം നൂറ്റാണ്ടുവരെ അറബികളുടെ സാന്നിധ്യമുണ്ടാവുകയും അവര്‍ ഇവിടെ താമസിച്ച് തദ്ദേശീയരായ സ്ത്രീകളെ വിവാഹം കഴിക്കുകയും ചെയ്തിരുന്നെന്ന് റൗലത്തസെന്‍ കണ്ടെത്തുന്നു. ബര്‍കൂര്‍ സന്ദര്‍ശിച്ച ഇബ്്‌നു ബതൂത യമനില്‍ നിന്നും പേര്‍ഷ്യയില്‍ നിന്നും വന്ന മുസ്്‌ലിംകളെ താന്‍ കണ്ടതായി സാക്ഷ്യപ്പെടുത്തുന്നുണ്ട്. തുളുനാട്ടിലെ ഇസ്്‌ലാമിന്റെ സൂഫിമുഖങ്ങളാണ് ബാബ ഫഖ്‌റുദ്ദീന്‍ പെന്‍കോണ്ട, ഫരീദ് മസൂദ് ഗഞ്ചശക്ര്‍, മുഹമ്മദ് ശറഫുദ്ദീന്‍ മദനി, ശൈഖ് യുസുഫ് അടയാര്‍, ഷാഹ് മിര്‍ തുടങ്ങിയവര്‍. ഇവര്‍ മുഖേനയും ഇസ്്‌ലാം പ്രചാരം സിദ്ധിക്കുന്നുണ്ട്. ബ്രാഹ്മണിസം തുളുനാട്ടിലേക്ക് കടന്നുവന്നതോടെ തദ്ദേശീയരായ താഴ്ന്ന ജാതിക്കാരായ കോരഗാസും മന്‍സാസും മുക്കുവന്മരായ ബൂമികളും മൊഗവീരന്മാരുമെല്ലാം ജാതി പീഡനങ്ങളില്‍ നിന്ന് രക്ഷതേടി ഇസ്്‌ലാമില്‍ അഭയം പ്രാപിച്ചു. പടിഞ്ഞാറന്‍ തീരത്തുള്ള മുസ്്‌ലിംകള്‍ ജാതി പീഡനങ്ങളില്‍ നിന്ന് അഭയം തേടി മതപരിവര്‍ത്തനം നടത്തിയവരാണെന്ന് വില്യം ലോഗന്‍ എഴുതുന്നുണ്ട്.

അതിബഹുലമായിരുന്ന കടല്‍വ്യാപാരത്തിന് തിരച്ചടിയേല്‍ക്കുന്നത് പോര്‍ച്ചുഗീസുകാരുടെ ആഗമനത്തോടെയാണ്. അരി, പഞ്ചസാര, കരുമുളക്, സുഗന്ധവ്യജ്ഞനങ്ങള്‍, മരത്തടി, ചന്ദനം, അടക്ക, ഓട് തുടങ്ങിയ ചരക്കുകള്‍ കയറ്റിയയച്ചിരുന്ന തീരം പോര്‍ച്ചുഗീസ് അധിനിവേശത്തോടെ കുരുമുളകിലേക്കും അരിയിലേക്കും ഒതുങ്ങി. ചിലര്‍ കച്ചവടം ഉപേക്ഷിച്ച് ഉള്‍പ്രദേശങ്ങളിലേക്ക് കുടിയേറി അധിനിവേശ ശക്തികള്‍ക്കെതിരെ ചെറുത്ത് നില്‍പ് തുടങ്ങി. മുസ്്‌ലിംകള്‍ക്ക് സഹായം നല്കിയിരുന്ന വിജയനഗര സാമ്രാജ്യത്തിന്റെ തകര്‍ച്ചയും ബ്യാരികളെ കാര്യമായി ബാധിച്ചു. ബീജാപൂര്‍ സുല്‍ത്താനും മലബാറിലെ സാമൂതിരിയും കണ്ണൂരിലെ ആലി രാജാവും ചേര്‍ന്ന് പറങ്കികള്‍ക്കെതിരെ നടത്തിയ പോരാട്ടവും വിജയം കണ്ടില്ല. റാണി അബ്ബക്കാദേവിയുടെ കീഴില്‍ മുസ്്‌ലിംകള്‍ നടത്തിയ പോരാട്ടത്തില്‍ മൈക്കാല തിരിച്ചുപിടിച്ചു. ബ്രിട്ടീഷുകാരുടെ ആഗമനത്തോടെ പോര്‍ച്ചുഗീസുകാര്‍ പിന്മാറിയെങ്കിലും മുസ്്‌ലികളുടെ വ്യാപാരകുത്തക നഷ്ടപ്പെട്ടിരുന്നു. പിന്നീട് മൈസൂര്‍ ഭരണകാലത്താണ് ബ്യാരികള്‍ പഴയ പ്രതാപം തിരിച്ചുപിടിക്കുന്നത്. ദക്ഷിണ കന്നടയിലേക്ക് ടിപ്പുവിന്റെ നേതൃത്വത്തില്‍ നടന്ന പടയോട്ടത്തിന്റെ കാലത്താണ് സീനത്ത് ബഖ്ഷ് പള്ളി പുനര്‍നിര്‍മ്മിക്കുന്നത്. ടിപ്പു പ്രദേശത്ത് കൂടുതല്‍ പള്ളികള്‍ നിര്‍മ്മിക്കുകയും സൂഫികളുടെ മഖാമുകള്‍ ഉയര്‍ത്തുകയും പള്ളികള്‍ക്ക് ഗ്രാന്റായി തസ്ദീഖ് സമ്പ്രദായം നടപ്പിലാക്കുകയും ചെയ്തു. വിവിധ ഭരണാധികാരികളുടെ കീഴില്‍ സൈനികരായും സൈനികത്തലവന്മാരായും ബ്യാരികള്‍ സേവനം ചെയ്തിട്ടുണ്ട്. ടിപ്പുവിന്റെ സഹായത്തോടെ ബ്രിട്ടീഷുകാര്‍ക്കെതിരെ സദൂരി ബ്യാരി നടത്തിയ ചെറുത്തുനില്പ് പ്രസിദ്ധമാണ്. ബ്രിട്ടീഷ് സഹായം സ്വീകരിച്ചിരുന്ന കൊടക് രാജാവിനെതിരെയും ബ്യാരികള്‍ രംഗത്തുവരികയുണ്ടായി. ദാരിദ്ര്യം പിടിച്ചുലച്ച സാധാരണ മുസ്്‌ലിംകള്‍ക്കിയില്‍ സ്വാതന്ത്രസമര പോരാട്ടങ്ങള്‍ക്കോ രാഷ്ട്രീയ അവകാശ സമരങ്ങള്‍ക്കോ കൂടുതല്‍ പ്രതികരണം ലഭിച്ചില്ല. 1914 ല്‍ കോണ്‍ഗ്രസ് പാര്‍ട്ടി മംഗലാപുരത്തെത്തിയെങ്കിലും പലരും പാര്‍ട്ടിയുടെ ഭാഗമാവുകയോ പാര്‍ട്ടിയുടെ സമരങ്ങള്‍ക്ക് കൂടുതല്‍ പ്രതികരണം നല്‍കുകയോ ചെയ്തില്ല. ബ്യാരികള്‍ക്കിടയില്‍ ഉയര്‍ന്ന് വന്ന നേതാക്കളായ ഷംറൂല്‍ മുഹമ്മദ് ശംനാദും മറ്റു നേതാക്കളും ജനങ്ങള്‍ക്ക് രാഷ്ട്രീയത്തിന്റെ ആവശ്യകതയെക്കുറിച്ച് ഉദ്്‌ബോധനം നല്‍കിയത് കാരണത്താലും വലിയ വിജയം നേടാനായില്ല. 1930 മുസ്്‌ലിം ലീഗ് വന്നെങ്കിലും പ്രാദേശിക രംഗങ്ങളിലൊന്നും കോണ്‍ഗ്രസിന് ലഭിച്ച പിന്തുണ പോലും നേടാന്‍ സാധിക്കാതെ വന്നു.

സാമ്പത്തികമായി ഉയര്‍ന്നുനിന്നിരുന്ന ബ്യാരികള്‍ പ്രദേശത്തെ ഹൈന്ദവരുമായി സൗഹാര്‍ദ്ദത്തോടെയായിരുന്നു പെരുമാറിയിരുന്നത്. സാമുദായിക സൗഹാര്‍ദ്ദത്തിന്റെ ബ്യാരി പ്രതീകമാണ് ബപ്പ ബ്യാരി. ഷംബാവി നദീതീരത്ത് അദ്ദേഹം പുനര്‍നിര്‍മ്മിച്ചു നല്കിയ ബപ്പനാട് പരമേശ്വരി ദുര്‍ഗ ക്ഷേത്രം മതസൗഹാര്‍ദ്ദത്തിന്റെ അടയാളപ്പെടുത്തലാണ്. ക്ഷേത്രത്തിന്റെ പേര് തന്നെ ബപ്പ ബ്യാരിയില്‍ നിന്നാണ് വരുന്നത്. എണ്ണൂറ് വര്‍ഷം പഴക്കമുള്ള ക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്നും ആദ്യ പ്രസാദം സമ്മാനിക്കുന്നത് ബപ്പ ബ്യാരിയുടെ കുടുംബത്തിനാണ്.

നിരവധി മതങ്ങളും ഭാഷകളും നിലനില്‍ക്കുന്ന ദക്ഷിണ കന്നടയില്‍ സ്വന്തമായി ഒരു ഭാഷയെ നിലനിര്‍ത്തിയത് ബ്യാരികളുടെ സ്വത്വനിര്‍മിതിയുടെ ഉദാഹരണമാണ്. തുളുനാട്ടിലെ മുസ്്‌ലിംകള്‍ക്കിടയില്‍ വാചികമായി ഇന്നും നിലനില്‍ക്കുന്ന ഭാഷയാണ് നക്‌നിക് എന്നറിയപ്പെടുന്ന ബ്യാരെ ഭാഷെ. മലയാള ഭാഷയോട് ഏറെ സദൃശ്യമുള്ള ഭാഷയാണ് സ്വന്തമായി ലിപിയില്ലാത്ത നക്‌നിക്. അറബി തുളു തമിഴ് കന്നട ഭാഷകളുടെ സ്വാധീനവുമുണ്ടതില്‍. ആദ്യകാലങ്ങളില്‍ മാപ്പിള മലയാളം എന്ന പേരിലായിരുന്നു ഇത് പ്രചാരം സിദ്ധിക്കുന്നത്. സാംസ്‌കാരികമായി മലബാറിലെ മുസ്്‌ലിംകളോട് സാദൃശ്യം പുലര്‍ത്തുന്ന ബ്യാരികള്‍ മാപ്പിള സമൂഹത്തിന്റെ ഭാഗമാണന്നും ബ്യാരി ഭാഷ മലയാളത്തിന്റെ വകഭേദവുമാണന്ന് ചില പഠനങ്ങളില്‍ കാണാം. പ്രഫസര്‍ ഇച്ചിലങ്കോട് പറയുന്നു: ബ്യാരികള്‍ക്ക് സാംസ്‌കാരികമായും ഭാഷാപരമായും സ്വന്തം അസ്തിത്വം സൂക്ഷിക്കുന്നത് കൊണ്ട് മാപ്പിള സമൂഹത്തിന്റെ ഭാഗമല്ല. മാപ്പിളപ്പാട്ടിന് പുറമെ ബ്യാരിയില്‍ ഇത്തരം പാട്ടുകള്‍ നിലനിന്നിരുന്നന്ന അദ്ദേഹം പറയുന്നു. ‘ഓലു നടന്ന വിഷയത്തെ ചെന്നാല്‍ ആങ്ങലമാറ് പെഞ്ഞയമാരെ ബുട്ടുട്ടു ഓലട്ടിടകെളട്ടാര്‍’ ഈ ഗാനം ബ്യാരി ഭാഷയില്‍ പാടിയിട്ടുളളതാണ്. ബ്യാരിക്കല്യാണങ്ങളിലും ആഘോഷപ്പരിപാടികളിലും മാപ്പിളപ്പാട്ടായിരുന്നു അധികം പാടിയിരുന്നത്.

തങ്ങളുടേതായ സാംസ്‌കാരിക പൈതൃകം അവകാശപ്പെടുന്നവരാണ് ബ്യാരികള്‍. മാപ്പിള സംസ്‌കാരത്തോട് ചേര്‍ന്ന് നില്‍ക്കുന്ന പലതും ബ്യാരികളില്‍ കണ്ടെത്താന്‍ സാധിക്കും. അറബി, തുളു, മാപ്പിള സംസ്‌കാരങ്ങളുടെ സമ്മിശ്രമായിരുന്നു ബ്യാരികളിലൂടെ പ്രകടമായത്. തുളുനാട്ടിലെ മുസ്്‌ലിംകള്‍ പൊതുവെ സംസാരിക്കുന്ന നക്‌നികിലും ഈ സങ്കരാവസ്ഥ പ്രകടമാണ്. ബ്യാരി കല്യാണ സദസ്സുകളില്‍ ആലപിക്കപ്പെട്ടിരുന്നത് മാപ്പിളപ്പാട്ടുകളായിരുന്നു. കിസ്സപ്പാട്ട്, മാലപ്പാട്ട്, ഒപ്പനപ്പാട്ട്, മൈലാഞ്ചിപ്പാട്ട്, അമ്മായിപ്പാട്ട്, തലേലപ്പാട്ട് തുടങ്ങിയ വൈവിധ്യങ്ങളായ ആവിഷ്‌കാരങ്ങളും ബ്യാരികള്‍ക്കുണ്ടായിരുന്നു. ബാപ്പ കുഞ്ഞി മുസ്്‌ലിയാര്‍, ഷുക്കൂര്‍ കുഞ്ഞിപ്പക്കി, കുഞ്ഞാമു ഉഞ്ഞി മുസ്്‌ലിയാര്‍ മാപ്പിളപ്പാട്ടെഴുതിയവരായിരുന്നു ഇവരെല്ലാം. ബ്യാരികളുടെ മറ്റൊരു സവിശേഷതയായിരുന്നു ദിവസങ്ങള്‍ നീളുന്ന മഞ്ചില(കല്ല്യാണം)കള്‍. മൂന്ന് ദിവസം മുതല്‍ ആഴ്ചകളോളം നീണ്ടുനില്‍ക്കുന്നതായിരുന്നു കല്യാണചടങ്ങുകള്‍. മൈലാഞ്ചിക്കല്ല്യാണവും ദഫും കൈക്കൊട്ടിപ്പാട്ടും വാദ്യമേളങ്ങളും ഒപ്പനയും കോല്‍ക്കളിയും വിവാഹവേളകളെ ആഘോഷമാക്കി. മാപ്പിളമാര്‍ക്കിടയില്‍ വ്യാപകമായിരുന്ന മക്കത്തായ സമ്പ്രദായമായിരുന്നു ബ്യാരികളും പുലര്‍ത്തിയിരുന്നത്. ഭക്ഷണവൈവിധ്യങ്ങള്‍ കൊണ്ട് നിറഞ്ഞതാണ് ആഘോഷങ്ങള്‍. പിണ്ടെ, പിണ്ടി, ഇറച്ചിറൊ പിണ്ടെ, ബിസാലിയപ്പ, തൊന്‍ദാരെടൊ അപ്പ, ഗുലിയപ്പ, മുട്ടെടാ അപ്പ, ദാലിയപ്പ തുടങ്ങിയ ബ്യാരികള്‍ക്കിടയില്‍ മാത്രം പ്രചരിച്ച വിഭവങ്ങളും ഭക്ഷണരീതികളുമുണ്ട്. ബ്യാരി ബിരിയാണി സവിശേഷമാണ്.

ദര്‍സ് മദ്രസകളില്‍ നിന്നും പ്രാഥമിക മതവിദ്യ നേടിക്കഴിഞ്ഞാല്‍ പഠനം അവസാനിപ്പിക്കുകയും തൊഴില്‍ മേഖലയിലേക്ക് തിരിയുകയും ചെയ്യുന്ന പ്രവണതയാണ് ബ്യാരികള്‍ക്കിടയില്‍ പൊതുവായുണ്ടായിരുന്നത്. മലബാറില്‍ നിന്ന് വന്ന പണ്ഡിതന്മാരായിരുന്ന മതവിദ്യ പകര്‍ന്നവരെന്നതിനാല്‍ ഭൂരിപക്ഷം പേരും ശാഫിഈ കര്‍മ്മശാസ്ത്രസരണി പിന്തുടരുന്നവരാണ്. ബ്രിട്ടിഷുകാരോടുള്ള നീരസം ഭൗതിക വിദ്യാഭ്യാസത്തെ നിരാകരിക്കുന്നതിന് കാരണമാവുകയും ചെയ്തു. 1871 ല്‍ ബ്രിട്ടീഷുകാര്‍ ഗവണ്‍മെന്റ് സ്‌കൂള്‍ കൊണ്ടുവന്നെങ്കിലും ബ്യാരികള്‍ സഹകരിച്ചില്ല.

ഇന്ന് മംഗലാപുരത്തെ ബ്യാരികളുടെ പ്രധാന തൊഴില്‍ മത്സ്യബന്ധനമാണ്. വളര്‍ന്നുകൊണ്ടിരിക്കുന്ന മാംഗ്ലൂരിന്റെ പ്രാന്തപ്രദേശങ്ങളില്‍ ബ്യാരി സമൂഹത്തിന്റെ ശേഷിപ്പുകള്‍ ഇപ്പോഴുമുണ്ട്. പോര്‍ച്ചുഗീസ് ബ്രിട്ടീഷ് അധിനിവേശാനന്തരം തകര്‍ന്നുപോയ ബ്യാരികളുടെ സാമ്പത്തിക നില മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണ്. ദശകങ്ങള്‍ക്ക് മുമ്പ് അനുഭവിച്ച സാംസ്‌കാരിക സാമ്പത്തിക ജീര്‍ണതളില്‍ നിന്ന് പുതിയ വഴികള്‍ കണ്ടത്തുന്ന പദ്ധതികളില്‍ ബ്യാരികള്‍ക്കിടയിലെ സംഘടനകള്‍ ശക്തമായ സ്വാധീനം ചെലുത്തുന്നുണ്ട്. ഹോസ്പിറ്റലുകളും വിദ്യാഭ്യാസ സാംസ്‌കാരിക സ്ഥാപനങ്ങളും മീഡിയകളും പത്രങ്ങളും റിലീഫ് സംഘടനകളും തുടങ്ങി നിരവധി സംരംഭങ്ങളുണ്ട്. കാസര്‍ഗോഡന്‍ മേഖലകളില്‍ ബ്യാരി അപകര്‍ഷതയുടേതാണെങ്കില്‍ മംഗലാപുരം ഭാഗത്ത് അസ്തിത്വത്തിന്റെ പ്രകാശനമാണത്. ഇന്ന് ബ്യാരികള്‍ക്കിടയില്‍ കള്‍ച്ചറല്‍ ഫോറങ്ങള്‍ സജീവമാണ്. ബ്യാരി സാഹിത്യ ഭാഷയുടെ വീണ്ടെടുപ്പിന് ബ്യാരി സാഹിത്യ അക്കാദമിയും കര്‍ണാടക സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബ്യാരി സാഹിത്യ അക്കാദമി ബ്യാരി ഭാഷയുടെയും ബ്യാരി സംസ്‌കാരത്തിന്റെയും വീണ്ടെടുപ്പിന് ജനങ്ങള്‍ക്കിടയില്‍ പുതിയ പരിപാടികള്‍ സംഘടിപ്പിക്കുകയും ബ്യാരികളെക്കുറിച്ചും ഭാഷയെക്കുറിച്ചും പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നുണ്ട്. ദേശീയ അവാര്‍ഡ് നേടിയ ബ്യാരി എന്ന സിനിമയിലൂടെ ബ്യാരി സംസ്‌കാരം കൂടുതല്‍ പൊതുശ്രദ്ധ നേടുകയും ചെയ്തു.

 

അമീറുദ്ധീന്‍ തുവ്വക്കാട്, ഫസല്‍ കെ

Editor Thelicham

Thelicham monthly

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Most popular

Most discussed