Thelicham

മുസ്ലിം സ്ത്രീയെ കുറിച്ച് ആകുലപ്പെടുന്നവരും സ്ത്രീയവകാശങ്ങളും

സ്ത്രീയും സ്ത്രീയവകാശങ്ങളും കഴിഞ്ഞ നൂറ്റാണ്ടു മുതല്‍ ചൂടേറിയ ചര്‍ച്ചകളിലൊന്നാണ്. രാഷ്ട്രീയ സാംസ്‌കാരിക പാര്‍ലറുകളുടെ ഇഷ്ടവിഷയം. സ്ത്രീയുടെ രാഷ്ട്രീയവും സാമൂഹികവുമായ അവകാശ സംരക്ഷണത്തിനും അവര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ക്ക് അറുതി വരുത്തുന്നതിനും വേണ്ടി മുറവിളി കൂട്ടുന്ന പല പെണ്‍ കൂട്ടായ്മകളുമാണ് ഇത്തരം ചര്‍ച്ചകളെ ഉയര്‍ത്തിക്കൊണ്ടു വന്നത്. പ്രാദേശികവും അന്തര്‍ദേശീയവുമായ ഒട്ടനവധി കൂട്ടായ്മകളതിനുണ്ട്. പക്ഷെ, ഇപ്പോഴത്തെ അവരുടെ പ്രധാന താത്പര്യവും മുറവിളിയും മുസ്്‌ലിം സ്ത്രീകളാണ്. മുസ്ലിം സ്ത്രീ പീഡനത്തിനിരയാകുന്നു എന്ന പേരില്‍ സ്ത്രീയുമായി ബന്ധപ്പെട്ട വിശ്വാസ നിയമങ്ങളുടെ പരിഷ്‌കാരണത്തിന് വേണ്ടി ആഗോള മുസ്്‌ലിം സമൂഹത്തിന് മേലും മിഡില്‍ ഈസ്റ്റ് രാജ്യങ്ങളുടെ മേല്‍ മൊത്തത്തിലും സമ്മര്‍ദം ചെലുത്തുകയാണ് ഇന്ന് പല ഫെമിനിസ്റ്റുകളും. പല മേഖലകളിലും സ്ത്രീകള്‍ക്ക് പരിമിതികള്‍ അടിച്ചേല്‍പിക്കുന്ന, പുരുഷന്ന് സര്‍വ്വാധികാരം നല്‍കുന്ന വ്യവസ്ഥയായാണവര്‍ മുസ്ലിം സമൂഹത്തെ നോക്കികാണുന്നത്. മുസ്ലിം സ്ത്രീ തങ്ങളെ പോലെ തൊഴിലിലും വിദ്യാഭ്യാസത്തിലും രാഷ്ട്രീയത്തിലും അവസരങ്ങള്‍ ലഭിക്കുന്നില്ലെന്നും അവരെ മോചിപ്പിക്കണമെന്നും ആവശ്യപ്പെടുന്നു. കാര്യങ്ങളുടെ നിജസ്ഥിതി പരിശോധിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ഇതെത്ര മാത്രം വാസ്തവമാണ്? സ്ത്രീകള്‍ മുസ്ലിം സമൂഹത്തില്‍ അക്രമങ്ങള്‍ക്കും നിന്ദ്യതക്കും വിധേയമാക്കപ്പെടുന്ന ജന്മങ്ങളാണോ? ഇത് രാഷ്ട്രീയ വിഷയമാണോ അല്ലെങ്കില്‍ വെറുതെ പടച്ചു വിടുന്ന മുദ്രാവാക്യങ്ങള്‍ മാത്രമാണോ?

മുസ്ലിം സ്ത്രീകളുടെ അടിച്ചമര്‍ത്തപ്പെടുന്ന വിഷയങ്ങളിലേക്ക് കടക്കുന്നതിന് മുന്നേ വലിയ സ്വാതന്ത്രം നേടിയതായി അവകാശപ്പെടുന്ന പശ്ചാത്യ സ്ത്രീകളെ കുറിച്ച് സംസാരിക്കാം. ചരിത്രത്തില്‍ അവള്‍ പിന്നിട്ട ദുരവസ്ഥകളെ കുറിച്ച് ഒരല്പം ചരിത്രം വായിക്കേണ്ടതായി തോന്നുന്നു. യൂറോപ്പും അമേരിക്കയും മനുഷ്യാവകാശത്തിന്റെയും സ്ത്രീ അവകാശങ്ങളുടെയും കാര്യത്തില്‍ വലിയ ചുവടുവെപ്പുകളാണ് കാഴ്ച വെച്ചത് എന്നതില്‍ സംശയമില്ല. ഇന്ന് സ്ത്രീക്ക് പല ഉന്നത പദവികളും കൈവന്നിരിക്കുന്നതായി നമുക്ക് കാണാം. മുന്‍ ബ്രിട്ടീഷ് പ്രധാന മന്ത്രി മാര്‍ഗരറ്റ് താച്ചറും ജര്‍മ്മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലും ഇന്നത്തെ അമേരിക്കന്‍ ഡപ്യൂട്ടി പ്രസിഡന്റ് കമലാ ഹാരിസും അതിന് ചില ഉദാഹരണങ്ങള്‍ തന്നെ. അക്രമങ്ങള്‍ക്കും പീഡനങ്ങള്‍ക്കും വിധേയരായിക്കൊണ്ടിരിക്കുകയാണ് ഞങ്ങള്‍ എന്ന് സ്വയം കണക്ക് കൂട്ടുന്ന ഒരു കൂട്ടം കിഴക്കന്‍ സ്ത്രീകളെ ഇതെല്ലാം ദേശ്യം പിടിപ്പിച്ചെന്ന് വരാം. പശ്ചാത്യ സ്ത്രീകളുടെ അവകാശങ്ങളുടെ യാഥാര്‍ഥ്യം എന്തായിരുന്നുവെന്നറിയാന്‍ നമുക്കൊന്ന് പുറകോട്ട് നോക്കാം. 1804ല്‍ നെപ്പോളിയന്‍ ആക്ട് എന്ന പേരില്‍ ഒരു സിവില്‍ ആക്ട് പുറപ്പെടുവിച്ചിരുന്നു. അതിപ്രകാരമാണ്: സ്ത്രീ പുരുഷന്ന് നല്‍കപ്പെടുന്നത് സന്താനോല്‍പാദനത്തന്ന് വേണ്ടിയാണ്. സ്ത്രീ നമ്മുടെ ഉടമസ്ഥാവകാശത്തില്‍ പെടുന്നു. മനുഷ്യാവകാശ വിഷയങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യങ്ങളിലൊന്നായ സ്വിസര്‍ലന്റില്‍ 1971 വരെ സ്ത്രീകള്‍ക്ക് വോട്ടവകാശം പോലുമുണ്ടായിരുന്നില്ല. അതേ വര്‍ഷം ഫെബ്രുവരിയില്‍ നടന്ന ജനഹിത പരിശോധനക്ക് ശേഷം മാത്രമാണ് സ്ത്രീകള്‍ക്ക് വോട്ടവകാശം നല്‍കപ്പെടുന്നത് തന്നെ. സ്വാതന്ത്ര്യവും തുല്ല്യാവകാശവും ഫ്രഞ്ച് വിപ്ലവത്തിന്റെ പ്രതീകമായിരുന്നല്ലോ. ഫ്രഞ്ച് വിപ്ലവവും സ്ത്രീയെ പരിചയപ്പെടുത്തിയത് മൃഗത്തോട് താരതമ്യപ്പെടുത്തിക്കൊണ്ടാണ്. സ്ത്രീയുടെ അവകാശങ്ങള്‍ തള്ളാന്‍ വേണ്ടി തന്നെ അവര്‍ മുദ്രാവാക്യങ്ങള്‍ കൊണ്ടുവന്നു: ഭ്രാന്തര്‍ക്കും സ്ത്രീകള്‍ക്കും അടിമകള്‍ക്കും രാജ്യത്തൊരവകാശവുമില്ല.

റോമും ഗ്രീക്കും സ്ത്രീയെ അപകര്‍ഷതയോടെയായിരുന്നു നോക്കി കണ്ടിരുന്നത്. അവള്‍ക്ക് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാനോ പുരുഷനെ പോലെ ജീവിക്കാനോ അവകാശമുണ്ടായിരുന്നില്ല. അവളെ സാദൃശ്യപ്പെടുത്തിയത് അടിമയോടായിരുന്നു. അവള്‍ ലൈംഗികാസ്വാദനത്തിന് വേണ്ടി മാത്രം ഉപയോഗിക്കപ്പെട്ടു. കാലാനുസൃതമായ വ്യതിയാനങ്ങള്‍ക്ക് വിധേയമായിട്ടുണ്ടെങ്കിലും ആധുനിക പാശ്ചാത്യന്‍ നാകരികത അതില്‍ നിന്നും ഉരുത്തിരിഞ്ഞുണ്ടായതാണെന്ന് നമുക്കറിയാം. ഇപ്പോഴുമവര്‍ ഗ്രീക്ക് റോമന്‍ പാരമ്പര്യത്തില്‍ ഔന്നിത്യം കണ്ടെത്തുന്നുവെങ്കില്‍ സ്ത്രീ വീണ്ടും ഒരാസ്വാദനോപകരണം മാത്രമേ ആകുന്നുള്ളൂ.

ജൂതവിശ്വാസ പ്രകാരം പ്രഭാത നമസ്‌കാരം സ്ത്രീയെയോ അടിമയേയോ ബിംബാരാധകരേയോ സൃഷ്ടിക്കാത്തതിന് ദൈവത്തിന് നന്ദിയായി നിര്‍വഹിക്കപ്പെടുന്ന ഒന്നാണ്. അവരുടെ നിയമ സ0ഹിതകളിലുള്ളത് ജൂതകളല്ലാത്ത എല്ലാ സ്ത്രീകളും വേണ്ടാവൃത്തി ചെയ്യുന്നവരാണെന്നാണ്. ഒരു ജൂത പുരുഷന്‍ യഹൂദേതര സ്ത്രീയുമായി വ്യഭിജാരത്തിലേര്‍പെട്ടാല്‍ ചോദ്യം ചെയ്യപ്പെടുന്നതും കൊലക്കു വിധേയമാക്കപ്പെടുന്നതും അവള്‍ തന്നെ. അവളാണ് അവനെ വഴി പിഴപ്പിച്ചതെന്നാണത്രെ കാരണം.

ഇക്കാലത്തൊക്കെയും സ്വയാധികാരവും പൂര്‍ണ സാമൂഹിക സാമ്പത്തിക സ്വാതന്ത്രവും അനുഭവിച്ചവളായിരുന്നു മുസ്്‌ലിം സ്ത്രീ. ഇസ്്‌ലാം അവളുടെ ജീവിത രീതിയെ തന്നെ അഭിവൃദ്ധിപ്പെടുത്തുകയും ജ്ഞാന നിര്‍മാണത്തിലും രാഷ്ട്ര നിര്‍മാണത്തിലും അവരെ പങ്കാളികളാക്കി. ഈ ചരിത്ര ബോധമൊന്നുമില്ലാതെയാണ് കുറെ സ്ത്രീവാദികള്‍ പശ്ചാത്യന്‍ അനുഭവങ്ങളെ ആധാരപ്പെടുത്തി മുസ്്‌ലിം സ്ത്രീക്ക് സംരക്ഷണം നല്‍കാന്‍ മുന്നോട്ട് വരുന്നത

മുസ്്‌ലിം സ്ത്രീയെയും പൗരസ്ത്യ സ്ത്രീയെയും പറ്റി ആകുലപ്പെടുന്നവരുടെ അടിസ്ഥാന പ്രശ്‌നം അവര്‍ മുസ്ലിം സമൂഹത്തിനിടയില്‍ നിലനില്‍ക്കുന്ന നടപ്പുകളേയും ഇസ്ലാമിക ശരീഅത്തിനേയും വേര്‍തിരിച്ചി കാണുന്നില്ലെന്നതാണ്. നിയമം എങ്ങനെ നടപ്പിലാക്കപ്പെടുന്നു എന്നുള്ളതും നിയമത്തിന്റെ നിജസ്ഥിതി എന്താണെന്നുള്ളതും ആദ്യം വേര്‍തിരിക്കപ്പെടണം. ഞനാനൊരു കമ്പനിയില്‍ ജീവനക്കാരനാണെന്ന് സങ്കല്പിക്കുക. അവിടെ ഞാന്‍ മോശമായി പെരുമാറുകയും മോഷണം നടത്തുകയും സ്വഭാവ ശുദ്ധിയോട് നിരക്കാത്ത പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ച വെക്കുകയും ചെയ്തത് കാരണമായി ഒരിക്കലും ആ കമ്പനി ഇപ്രകാരം ചെയ്യാന്‍ കല്പിച്ചു എന്നര്‍ത്ഥമില്ല. ഇസ്ലാമിന്റെ കാര്യവും ഇതില്‍ നിന്ന് വ്യത്യസ്തമല്ല. അറിഞ്ഞോ അറിയാതെയോ ഇസ്ലാമിനോട് അതിക്രമം പ്രവര്‍ത്തിക്കുന്ന മുസ്ലിംകള്‍ ഒട്ടും കുറവല്ലെന്ന് എല്ലാ മുസ്്‌ലിംകളുമംഗീകരിക്കുന്നു.

മുസ്്‌ലിം സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഇസ്ലാമിക നിയമ വ്യവസ്ഥയാണ് അവള്‍ക്ക് അവകാശങ്ങള്‍ നല്‍കിയതും അവളെ മനുഷ്യ ജീവിയാക്കി മാറ്റിയെടുത്തതും. അവള്‍ക്ക് സാമ്പത്തികമായ സ്വാതന്ത്രങ്ങള്‍ അനുവദിച്ചു നല്‍കിയ ആദ്യ വ്യവസ്ഥയും ഇസ്്‌ലാം തന്നെ. അവള്‍ക്ക് രാഷ്ട്രീയമായ ഇടപെടലുകള്‍ അനുവദിനീയമാക്കി. കച്ചവടത്തിലും തൊഴിലിലും അവളെ പങ്കാളിയാക്കി. ഇതിന് ഉദാഹരണങ്ങള്‍ പ്രവാചക ജീവിതത്തില്‍ തന്നെ നമുക്ക് കണ്ടെത്താനാകുന്നതാണ്. സ്ത്രീ പുരുഷ സമത്വത്തിന് വേണ്ടി വാദിക്കുന്ന ചില മുന്‍വിധിക്കാര്‍ സ്ത്രീ ആക്രമിക്കപ്പെടുന്നു എന്ന പേരില്‍ ‘അനന്തരാവകാശത്തില്‍ രണ്ടു സ്ത്രീകളുടെ പങ്കിന് തുല്യമായ വിഹിതം പുരുഷനുണ്ട്’ എന്നത് പോലെയുള്ള സൂക്തങ്ങളെ പ്രദര്‍ശിപ്പിക്കുകയാണ്. അവര്‍ വായിക്കുന്നുണ്ട് പക്ഷെ ഗ്രഹിക്കുന്നില്ല എന്നതാണ് പ്രശ്‌നം. അവര്‍ക്ക് മതത്തെ പറ്റി ഒരു ചുക്കുമറിയില്ല. നീ ഒരു കാര്യത്തെ വിമര്‍ശിക്കാന്‍ ഉദ്ദേശിച്ചുവെങ്കില്‍ ആ വിഷയത്തിന്റെ വിവധ വശങ്ങളെ കുറിച്ചുള്ള പിടിപാടുകളുണ്ടാവുക അനിവാര്യമാണ്. അനന്തരാവകാശം സങ്കീര്‍ണമായ നിയമ വിശകലനവും കര്‍മശാസ്ത്രപരമായ നിദാന ശാസ്ത്രവും ആവശ്യമായി വരുന്ന ഒരു ജ്ഞാന വ്യവസ്ഥയാണ്. ഇതൊന്നും അറിയാതെയും പഠിക്കാതെയും എവിടുന്നോ ഒരു വാചകം മാത്രം എടുത്തുയര്‍ത്തി തീരെ അക്കാദമിക ധാരണയില്ലാതെയാണ് ഇവരുടെ സംവാദങ്ങള്‍. അനന്തരാവകാശത്തിന്റെ കാര്യത്തില്‍ നാലു സ്ഥലങ്ങളില്‍ പുരുഷന്ന് സ്ത്രീയേക്കാള്‍ ഓഹരി നല്കപ്പെടുമ്പോള്‍ മുപ്പത്തോളം സ്ഥലങ്ങളില്‍ സ്ത്രീക്ക് പുരുഷനെക്കാളോ അവന് സമാനമായോ നല്‍കപ്പെടുന്നുവെന്ന് കാണാം.

യഥാര്‍ത്ഥത്തില്‍ അനന്തരവകാശം ലിംഗ സംബന്ധിയായ വിഷയമേയല്ല. ഉത്തരവാദിത്വത്തിന്റെയും ബന്ധത്തിന്റെയും തലമുറയുടെയും അടിസ്ഥാനത്തിലാണ് അനന്തരവാകാശത്തിന് ഏറ്റവും അര്‍ഹരെ നിശ്ചയിക്കപ്പെടുന്നത് തന്നെ. സ്ത്രീകള്‍ (നിസാ) എന്ന പേരില്‍ ഖുര്‍ആനില്‍ ഒരധ്യായം തന്നെ ഉണ്ട്. പക്ഷെ പുരുഷര്‍ (രിജാല്‍) എന്ന പദത്തില്‍ അധ്യായം ഇല്ല തന്നെ. നിരവധി വിഷയങ്ങളില്‍ സ്ത്രീയെ പുരുഷന് തുല്യമായി പരാമര്‍ശിക്കുന്നുണ്ട്. അല്ലാഹു പറയുന്നു: സ്ത്രീ-പുരുഷന്മാരില്‍ നിന്ന് ആര് നന്മ ചെയ്തുവോ അവന്‍ സത്യ വിശ്വാസിയാകുന്നു. അവര്‍ക്കു നാം നല്ല ജീവിതം നല്‍ കുകയും അവര്‍ പ്രവര്‍ത്തിച്ചതിന് പ്രതിഫലം നല്‍കുകയും ചെയ്യുന്നതാണ്.(16:97)

അനവധിയിടങ്ങളില്‍ സ്ത്രീ പുരുഷനേക്കാള്‍ ശ്രേഷ്ടയാക്കപ്പെട്ടിട്ടുമുണ്ട്. ഈ പരിഗണകളൊക്കെ ഉപേക്ഷിച്ചാണോ അവള്‍ സമത്വം ആവശ്യപ്പെടുന്നത്. ശിക്ഷണവും ചെലവു കൊടുക്കപ്പെടുന്നതു0 അതിന് ചില ഉദാഹരണങ്ങള്‍ മാത്രം. ബുദ്ദിയും മതവും കുറഞ്ഞവളാണ് സ്ത്രീ എന്ന പ്രവാചക വചനം മറ്റൊരു ആരോപണമാണ്. ഈ അധ്യാപനത്തെ ഉദ്ദിഷ്ട രീതിയില്‍ മനസ്സിലാക്കാന്‍ സാധിക്കാത്തത് അവരുടെ അജ്ഞത മാത്രം കാമണമാണ്. മതം കുറഞ്ഞവളാണ് എന്ന് വിശേഷിപ്പിക്കപ്പെടാന്‍ കാരണം അവള്‍ കടന്നു പോകുന്ന മാസമുറ എന്ന പ്രകൃതിപരമായ സൃഷ്ടിപ്പ് രീതികൊണ്ടാണ്. ഈ അവസരത്തില്‍ അവള്‍ നിസ്‌കരിക്കുകയോ നോമ്പെടുക്കുകയോ ചെയ്യുന്നില്ല. ഇതാണ് സ്ത്രീ മതം കുറഞ്ഞവളാണ് എന്നതുകൊണ്ടു വിവക്ഷിക്കപ്പെടുന്നത്. വികാരങ്ങള്‍ അതിജയിക്കുന്ന കാരണത്താലാണ് അവളെ ബുദ്ദി കുറഞ്ഞവള്‍ എന്ന് വിശേഷിപ്പിക്കാന്‍ കാരണം. ഇത് സ്ത്രീയുടെ പ്രത്യേകതകളില്‍ പ്രധാനമാണ്. ഇതവളെ പുരുഷനില്‍ നിന്ന് വ്യത്യസ്തമാക്കുകയും ചെയ്യുന്നു. ഇതൊരു ന്യൂനതയായി എണ്ണുകയല്ല യഥാര്‍ത്ഥത്തില്‍ പ്രവാചകര്‍ ചെയ്തത. മറിച്ച് സ്ത്രീയുടെ ഈ പ്രത്യേകത അവരെ കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് എത്തിച്ചേക്കാമെന്നും അതിനെ സൂക്ഷിക്കണമെന്ന് ഗുണദോശിക്കുകയുമാണ് ചെയ്തത്.

എന്നാല്‍ ഇന്ന് ചില മുസ്ലിം സമൂഹങ്ങളില്‍ സ്ത്രീകളേല്‍ക്കുന്ന നിന്ദ്യതക്കോ പീഡനത്തിനോ ഇസ്ലാമുമായി യാതൊരു ബന്ധവുമില്ല. ഇസ്ലാം ഇത്തരം പ്രവര്‍ത്തനങ്ങളെ പൂര്‍ണമായി വിമര്‍ശിക്കുകയും അവയുമായി സങ്കട്ടനത്തിലേര്‍പ്പെട്ടിരിക്കുകയും ചെയ്തിട്ടുണ്ട്. സ്ത്രീയെ ബഹുമാനിക്കുകയും അവള്‍ക്ക് സാമ്പത്തികമായ സ്വാതന്ത്രങ്ങള്‍ നല്‍കുകയും ധാര്‍മികമായ വ്യക്തിത്വം സമ്മാനിക്കുകയുമാണ് ഇസ്ലാം ചെയ്തത്. പ്രവാചകന്‍ (സ്വ ) യുടെ കാലത്ത് ഹദീസ് നിവേദനവും രോഗ ശുശ്രൂഷയും വില നിയന്ത്രണവും മറ്റും സ്ത്രീകള്‍ക്കുകൂടെ ഏല്പിക്കപ്പെട്ട ഉത്തരവാദിത്തങ്ങളായിരുന്നു. പ്രശ്‌നം കുടികൊള്ളുന്നത് നമ്മുടെ സമൂഹത്തിലാണ്. അല്ലാതെ ഇസ്്‌ലാമിലെ പെണ്ണാവകാശങ്ങളിലല്ല. സമൂഹത്തില്‍ ഇസ്ലാമിക വിരുദ്ധമായി നടക്കുന്ന മറ്റനേകം പ്രവണതകളിലൊന്ന് മാത്രമാണ് സ്ത്രീ വിഷയം. അവയില്‍ ഒന്നിനെ മാത്രം വലിയ രീതിയില്‍ ഉയര്‍ത്തിക്കൊണ്ടു വരുന്നത് കൃത്യമായ രാഷ്ട്രീയത്തിന്റെ ഭാഗമാണ്, അല്ലാതെ അതിന്റെ ഉദ്ദേശത്തില്‍ സത്യസന്ധത തീരെ കുറവാണ്. സ്ത്രീയയാലും പുരുഷനായാലും മനുഷ്യന്‍ വന്ദിക്കപ്പെടാനുള്ളതാണ്, നിന്ദിക്കപ്പെടാനുള്ളതല്ല. മനുഷ്യന്റെ പ്രകൃതി പരമായ ചെറിയ അവകാശം പോലും, അധഃപതിച്ച രാഷ്ട്രീയ വ്യവസ്ഥകള്‍ കൊണ്ട് ഇല്ലാതായിക്കൂടാ.

മുഹ്സിന ഖദീജ

ഡിഗ്രി വിദ്യാര്‍ത്ഥിനി,
ദാറുല്‍ ഹുദാ ഇസ്ലാമിക യൂനിവേഴ്‌സിറ്റി ഗേള്‍സ് ക്യാമ്പസ്‌

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.