Home » Essay » Gender » മുസ്‌ലിം സ്ത്രീയും കാമ്പസിടങ്ങളും: ചെറുത്ത്‌നില്‍പ് വ്യക്തിനിഷ്ഠമാവും വിധം

മുസ്‌ലിം സ്ത്രീയും കാമ്പസിടങ്ങളും: ചെറുത്ത്‌നില്‍പ് വ്യക്തിനിഷ്ഠമാവും വിധം

2015-ലെ ഒരു മഞ്ഞു കാലത്താണ് തലസ്ഥാന നഗരിയിലെ ഒരു കേന്ദ്ര സര്‍വകലാശാലയില്‍ ഗവേഷക വിദ്യാര്‍ത്ഥിനിയായി ഞാന്‍ എന്റോള്‍ ചെയ്യുന്നത്. അവിടെ എന്റെ ഭാഷയും ദേശവുമറിയുന്ന, ഞാനുമായി പലതരം സമാനതകള്‍ പുലര്‍ത്തുന്ന ഒരുപാട് സ്ത്രീകളെ കാണാനായത് എന്നെ തെല്ല് സന്തോഷിപ്പിച്ചു. മാനസികാരോഗ്യ വിദഗ്ദ എന്ന നിലയില്‍, തൊഴില്‍പരമായ എന്റെ അസ്ഥിത്വത്തിന്മേല്‍ അറിയപ്പെടാനും അത് കൂടുതലായി പ്രദര്‍ശിപ്പിക്കാനുമാണ് അന്ന് ഞാന്‍ താത്പര്യപ്പെട്ടത്. പക്ഷേ ഈ അടയാളപ്പെടുത്തല്‍ വളരെ പരിമിതമായ ഇടങ്ങള്‍ മാത്രമേ എനിക്ക് അനുവദിച്ചുള്ളൂ. ഞാന്‍ പെരുമാറപ്പെടുന്നതും മറ്റുള്ളവര്‍ എന്നെ കാണുന്നതും ഒരു മാനസികാരോഗ്യ വിദഗ്ദയായോ ഗവേഷക വിദ്യാര്‍ഥിയായോ ആയല്ല, മറിച്ച് മുസ്‌ലിം ഗവേഷക വിദ്യാര്‍ഥിനി എന്ന നിലക്കാണെന്ന് വിവിധാനുഭവങ്ങളിലൂടെ ഞാന്‍ മനസ്സിലാക്കി. എന്നെ തള്ളുന്നതും കൊള്ളുന്നതും ഞാനംഗീകരിക്കപ്പെടുന്നതും തഴയപ്പെടുന്നതും എല്ലാം എന്റെ മതകീയ സ്വതം മൂലമാണെന്ന് ഞാനറിഞ്ഞു. എങ്കില്‍ അങ്ങനെ തന്നെ ആവാമെന്ന് ഞാനും കരുതി. മുസ്‌ലിം സ്ത്രീ എന്ന നിലയില്‍ മുസ്‌ലിമിനെ കുറിച്ചും സ്ത്രീയെ കുറിച്ചും സംസാരിക്കാന്‍ ഞാനുറച്ചു. ഈ മാറ്റം, മറിയം കുക്ക് നിരീക്ഷിക്കുന്നത് പോലെ, വിശേഷ സാഹചര്യങ്ങളില്‍ എന്റെ സെന്‍സ് ഓഫ് വോള്‍നെസ് നിലനിര്‍ത്താനുള്ള സ്വാഭാവിക പ്രതികരണമായിരിക്കാം. ഏതായാലും എന്റെ മുസ്‌ലിം സ്വത്വം അസര്‍ട്ട് ചെയ്യുക വഴി ഒരു തരത്തിലുള്ള ചുമതലാബോധം ഞാനനുഭവിച്ചു.
സ്വയമേയുള്ള ഇത്തരം ചുമതലയേല്‍ക്കലും അധികാരപ്പെടുത്തലുകളും കാലങ്ങളായി അല്ലെങ്കില്‍ ദശകങ്ങളായി മുസ്‌ലിം സ്ത്രീ നിര്‍ണായക ഭാഗദേയം പുലര്‍ത്തുന്ന ചില പ്രക്രിയയുടെ പരിണിതി കൂടിയാണ്. പ്രാദേശികാടിസ്ഥാനത്തില്‍, കേരളത്തിലെ മുസ്‌ലിം സ്ത്രീകളെ പറ്റിയുള്ള ചില ചര്‍ച്ചകള്‍ ഇവിടെ പ്രസക്തമാണെന്ന് തോന്നുന്നു. കാരണം മുസ്‌ലിം സ്ത്രീ സംബന്ധിയായ വ്യവഹാരങ്ങളിലും ഭാഷ്യങ്ങളിലും സമൂലമായ ഒരു മാറ്റം തന്നെ കഴിഞ്ഞ കാലങ്ങളില്‍ കേരളത്തില്‍ ദൃശ്യമാണ്. എജ്യുക്കേഷന്‍ സെക്ടറില്‍ കേരളമുസ്‌ലിംകള്‍ മുന്നാക്കം നില്‍ക്കുന്നതും സംസ്ഥാനത്തെ വിവിധ മതസംഘടനകള്‍ വിദ്യാഭ്യാസ നവീകരണത്തെ അജണ്ടയാക്കി നിലനിര്‍ത്തുന്നതും സമാനമായ സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങളെ അഭിമുഖീകരിക്കുന്നതില്‍ സംഘടനകളുടെ പങ്ക് നിരന്തരം ചര്‍ച്ചയാവുന്നതും ഈ മാറ്റത്തിന്റെ ഹേതുകങ്ങളായി വര്‍ത്തിച്ചിട്ടുണ്ട്. വിദ്യാരംഗത്തെ ഈ പരിഷ്‌കാരങ്ങള്‍ ആണിനും പെണ്ണിനും ഉപയുക്തമായിരുന്നെങ്കിലും സ്ത്രീകള്‍ക്ക് അവ ലഭ്യമാകാനും അവയുടെ ഭാഗഭാക്കാകാനും പരിമിതമായ നിര്‍ദിശ്ട മാര്‍ഗങ്ങളാണ് ഉണ്ടായിരുന്നത്. ഈ സവിവേചന പരിഷ്‌കാരങ്ങളുടെ കാരണം മുസ്‌ലിം ആണ്‍ വര്‍ഗത്തിന്റെ ഭാവനാത്മകമായ ആശങ്കകളായിരുന്നു. ‘ഒറ്റത്തടിയായ’ വിദ്യാസമ്പന്നയായ സ്ത്രീ സമൂഹത്തില്‍ ധാര്‍മ്മിക ഭീതിയുളവാക്കുമെന്നവര്‍ കരുതി. ആണിന്റെ ഇടം പെണ്ണ് കയ്യേറുമെന്ന പുരുഷാധിപത്യ ഭീതികളാണ് വിവേചിത പരിഷ്‌കാരങ്ങളെ രൂപപ്പെടുത്തിയത്. ജെന്‍ഡര്‍ വിഷയങ്ങളില്‍ അധികാരം, വിധേയത്വം തുടങ്ങിയ ബോധങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നില്ലെങ്കില്‍ പരിഷ്‌കാരങ്ങള്‍ കൂടുതല്‍ അര്‍ത്ഥവത്താകുമായിരുന്നുവെന്നാണ് എനിക്ക് തോന്നുന്നത്.

പ്രിവിലേജ്ഡ് വേഴ്‌സസ് ലീസ്റ്റ് പ്രിവിലേജ്ഡ്

പൊതുവെ കേരളത്തിലെ പല പുരോഗമന മുസ്‌ലിം സംഘടനകളും രൂപപ്പെടുത്തിയെടുത്ത വ്യവസ്ഥിതികളും കൈക്കൊള്ളുന്ന നിലപാടുകളും പ്രത്യക്ഷത്തില്‍ ലിംഗ നിഷ്പക്ഷമോ സ്ത്രീ സൗഹാര്‍ദപരമോ ആണ്. എങ്കിലും ഈ നയനിലപാടുകളെ അവയുടെ നിര്‍മിതികളുടെയും രൂപകങ്ങളുടെയും അടിസ്ഥാനത്തില്‍ സൂക്ഷ്മ വിമശനം നടത്തേണ്ടതുണ്ട്. ആരാണ് ഈ നയങ്ങളെ രൂപപ്പെടുത്തുന്നത്? ഇതിന്റെ ഉപഭോക്താക്കളാര്? ഈ സംഘടനകളുടെ നിലനില്‍പ് തന്നെ എന്തിന് വേണ്ടിയാണ്?
കേരളത്തിലെ പല സംഘടനകളുടെയും ആവിര്‍ഭാവം തന്നെ സമുദായത്തിനകത്തെ ആചാരങ്ങളുമായുള്ള പൊരുത്തക്കേടുകളില്‍ നിന്നാണ് ഉണ്ടാവുന്നത്. ഈ സംഘടനകള്‍ തന്നെ ഇസ്‌ലാമിലെ സ്ത്രീ ശാക്തീകരണത്തിന്റെ, ചെറുത്തുനില്‍പിന്റെ പ്രതീകങ്ങളായാണ് ഗണിക്കപ്പെടുന്നത്. പക്ഷെ, ഈ പുരോഗമനവും പരിഷ്‌കാരവും ഇവിടം കൊണ്ട് അവസാനിക്കാറാണ് പതിവ്. പുരുഷന്മാരാണ് സംഘടനകള്‍ രൂപീകരിക്കുന്നതും അവയുടെ മാര്‍ഗരേഖ തയ്യാറാക്കുന്നതും. അവര്‍ തന്നെയാണ് സംഘടനയുടെ പെണ്‍വേദിയൊരുക്കുന്നതും സംഘടനാ വ്യവസ്ഥിതിക്കുള്ളിലായി സ്വാതന്ത്ര്യം വകവെച്ച് നല്‍ക്കുന്നതും സാമൂഹിക പരിഷ്‌കാരങ്ങളില്‍ പങ്കാളിയാവാന്‍ സ്ത്രീയെ അനുവദിക്കുന്നതും. ഇതില്‍ പങ്കാളിയാവുന്ന സ്ത്രീ മഹാജനങ്ങള്‍ വിവിധ ഇടങ്ങളില്‍ സംഘടനാ പൈതൃകത്തിന്റെ വക്താക്കളാകുന്നു. പുരുഷവര്‍ഗം സ്ത്രീവിമോചനത്തിന്റെ ഉത്തമ മാതൃകകളാകുന്നു. കാര്യം തത്വത്തില്‍ വളരെ ബുദ്ധിപൂര്‍വ്വമാണ്. പക്ഷെ, അക്കാദമിക് ഇടങ്ങളില്‍ പലപ്പോഴും ഈ പ്രിവിലേജ്ഡ് സ്ത്രീസമൂഹം ശക്തരാവുന്നില്ല എന്നതാണ് വാസ്തവം.
കൃത്യമായ സംഘടനാ പാരമ്പര്യമൊന്നുമില്ലാത്ത സ്ത്രീകളില്‍ നിന്നും എത്രയോ അകലെയാണ് പരിഷ്‌കാരികളായ ഈ സ്ത്രീകള്‍. ആദ്യ വിഭാഗത്തിന് വിദ്യാഭ്യാസമെന്നത് ചെറുത്തുനില്‍പ്പിന്റേത് കൂടിയാണ്. സംഘടനാ മൂലധനം ഇല്ലാത്ത ഈ വിഭാഗം കുടുംബത്തിലും വിവിധ ജീവിത പരിസരങ്ങളിലും അനുകൂലംരംഗം സൃഷ്ടിച്ചെടുക്കാന്‍ പൊരുതുന്നു. അസംഘടിതരും മുന്‍മാതൃകകളില്ലാത്തവരുമായ ഇവര്‍ രണ്ടാം വിഭാഗത്തിന്റെ ഭക്തിപരീക്ഷങ്ങളും -അവര്‍ നിര്‍വചിച്ചുവെച്ച ഇസ്‌ലാമിനോട് യോജിക്കുന്നുണ്ടോ എന്ന കോംപാറ്റിബിലിറ്റി ടെസ്റ്റ് – നേരിടേണ്ടിവരുന്നു. പരിഷ്‌കാരികളുടെ റോളും ഇടപെടലുകളും എന്താവണമെന്ന് നിഷ്‌കര്‍ഷിക്കുന്നത് പക്ഷെ സംഘടനയാണ്. ചെറുത്തുനില്‍പ്പാണ് തങ്ങളുടെ പ്രഖ്യാപിത ലക്ഷ്യം, പക്ഷെ അവര്‍ കൃത്യമായി പ്രവിലേജ്ഡ് ആണെന്ന് മാത്രം.
ശ്രേണീപരമായ സംഘടനാ വ്യവസ്ഥിതിയില്‍ നിന്നും പ്രചോദിതരായത് കൊണ്ടാവാം പുരുഷാധിപത്യ മനോഭാവത്തിന്റെ സാരാംശങ്ങളും ലക്ഷണങ്ങളും അവരുടെ പ്രവര്‍ത്തനങ്ങളില്‍ പ്രകടമാണ്. തിരഞ്ഞെടുക്കുന്ന കോഴ്‌സുകളിലും പങ്കെടുക്കുന്ന ചര്‍ച്ചകളിലും ചര്‍ച്ചകളിലെ അവരുടെ സംസാരങ്ങളില്‍ പോലും ആണധികാരത്തിന്റെ സ്വാധീനങ്ങള്‍ പ്രകടമായി തന്നെ കാണാം. സംഘടനാ തലത്തിലൂടെ വരുന്ന, ആണധികാരത്തിന്റെ വിവിധങ്ങളായ സ്ഥാപനവല്‍കൃത ഭാവങ്ങളുമായി -സ്ത്രീ പുരുഷ ഭാഗധേയത്തെ പറ്റിയുള്ള ആണ്‍ ഭാവനകള്‍, ജെന്‍ഡര്‍ സംബന്ധിയായ പരികല്‍പനകള്‍- സമരസപ്പെടാന്‍ അവര്‍ തയ്യാറാകുന്നു. പ്രായോഗിക തലത്തിലും, സ്ത്രീയുടെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ പുരുഷന്‍ അംഗീകരിക്കുകയും അവയ്ക്ക് മാര്‍ക്കിടുകയും ചെയ്യുന്നു. പക്ഷെ, പുരുഷന്റെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ വിമര്‍ശനങ്ങള്‍ക്ക് അതീതമായി നിലകൊള്ളുന്നു. ഈ സംഘടിത പുരുഷാധിപത്യ ഭാവനകള്‍ക്കെതിരെ ഉയരുന്ന അപൂര്‍വ്വ വിമര്‍ശനങ്ങളെ ഇസ്‌ലാമികതക്ക് പുറത്ത് നിര്‍ത്തുകയും ചെയ്യുന്നു.
പാട്രിയാര്‍ക്കി അല്ലെങ്കില്‍ പുരുഷാധിപത്യമെന്ന വാക്ക് -അതിന്റെ പ്രശ്‌നകരമായ ധ്വനികൊണ്ട് തന്നെ – പരമാവധി ഒഴിവാക്കാനാണ് ഞാന്‍ ശ്രമിക്കാറ്. ഒന്നാമതായി പുരുഷാധിപത്യത്തിന്റെ പേരില്‍ നടക്കുന്ന എന്തിനും താനും കുറ്റവാളിയാണെന്ന പ്രതീതി പുരുഷവായനക്കാരനിലുളവാക്കും. രണ്ടാമതായി സ്ത്രീകള്‍ക്ക് ഇതൊരു കാലത്തും മാറാന്‍ പോവുന്നില്ലെന്ന ബാലിശമായ നിരാശാബോധം ജനിപ്പിക്കും. പക്ഷെ പാട്രിയാര്‍ക്കിയോടുള്ള ചെറുത്തുനില്‍പ്പ് സ്ത്രീകള്‍ക്ക് ഒരു തരത്തിലുള്ള ഊര്‍ജ്ജം നല്‍കുന്നുണ്ട് എന്നെനിക്ക് തോന്നിയിട്ടുണ്ട്. വിദ്യ അഭ്യസിക്കുന്ന ഏതൊരു സ്ത്രീക്കും ചെറുത്ത് നില്‍പ്പിന്റേതായ പല കഥകളും പറയാനുണ്ടാവും. പക്ഷെ പാട്രിയാര്‍ക്കിയെ മനസാ വരിച്ചവര്‍ക്ക് ഇത്തരം ചെറുത്ത് നില്‍പ്പിന്റെ കഥകളോ പരിമിതികളെ മറികടക്കാനുള്ള ഊര്‍ജ്ജമോ ഉണ്ടാകാനിടയില്ല.

ഒറ്റയായ ചെറുത്തുനില്‍പുകള്‍

കാമ്പസില്‍ ഞാന്‍ പ്രതിനിധീകരിച്ചത് മുസ്‌ലിം സ്ത്രീയെയായിരുന്നുവെന്ന് മുമ്പ് പറഞ്ഞുവല്ലോ. രണ്ട് തരത്തിലുള്ള അപരത്വങ്ങളാണ് എനിക്ക് നേരിടേണ്ടിവന്നത്. ആദ്യത്തേത് ലിബറല്‍ മതേതര ചായ്‌വുള്ളവരായിരുന്നു. വിദ്യാസമ്പന്നയും പ്രൊഫഷണലുമായ ഒരു സ്ത്രീ പര്‍ദ്ദക്കുള്ളില്‍ വീര്‍പ്പ് മുട്ടുന്നത് കണ്ട് അവര്‍ പരിതപിക്കുകയും നിഷകളങ്കമായി അത്ഭുതം കൂറുകയും ചെയ്തു. രണ്ടാമത്തേത്, തങ്ങളുടെ സംഘടന ചട്ടക്കൂടില്‍ പരുവപ്പെടാത്ത അസംഘടിതരായ സ്ത്രീകള്‍ തങ്ങളുടെ ഇടത്തിലേക്ക് കടന്നുകയറുന്നതിനെക്കുറിച്ച് ഉത്കണ്ഠരാവുകയും ചോദ്യംചെയ്യുകയും ചെയ്ത മുസ്‌ലിം പുരുഷന്മാരായിരുന്നു. ഇത്തരം സ്ത്രീകളുടെ കുടുംബം, പശ്ചാത്തലം ആശയപരിസരങ്ങള്‍ തുടങ്ങിയവ അന്വേഷിക്കുകയും ഒരു യഥാര്‍ത്ഥ മുസ്‌ലിമത്തിനെക്കുറിച്ചുള്ള അവരുടെ ഭാവനകളുടെ വരുതിയില്‍ മറ്റുള്ളവരെ വരുത്താന്‍ ശ്രമിക്കുകയും ചെയ്യും. പ്രോഗ്രസീവ് മുസ്‌ലിം എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇക്കൂട്ടര്‍ ട്രഡീഷണല്‍ സ്ത്രീകളെ ഉള്‍കൊള്ളാനോ പാരമ്പര്യവും പരിഷ്‌കാരവും ഒപ്പമുണ്ടാവുമെന്ന് അംഗീകരിക്കാനോ കൂട്ടാക്കുകയില്ല.
നിരന്തരമായ അസേര്‍ഷനാണ് ലിബറല്‍ വിചാരപ്പെടലുകളെ ചെറുക്കാനുള്ള വഴിയെങ്കില്‍ പരസ്യമായി അവഹേളിക്കുകമാത്രമാണ് ആണത്വത്തിന്റെ മേധാവിത്വ പ്രകടനങ്ങള്‍ നടത്തുന്ന മുസ്‌ലിം പുരുഷന്‍മാരെ ചെറുക്കാനുള്ള ഏക പോംവഴി. ഇത്തരം സംഭവങ്ങള്‍ കാമ്പസില്‍ യഥേഷ്ടം ഉണ്ടാവുന്നത് കൊണ്ട് തന്നെ പലപ്പോഴും ഇത്തരം സംഘടനകളുമായി യോജിച്ച് പോകുന്നതും അവരുടെ പ്രവിലേജുകളെ സ്വീകരിക്കുന്നതും അതിന്റെ ആനുകൂല്യങ്ങള്‍ക്ക് കാത്ത് നില്‍ക്കുന്നതും അരോചകമാക്കിത്തീര്‍ക്കുന്നു. സ്വന്തം വിശ്വാസങ്ങളെ മാനിക്കുന്ന സ്ത്രീകള്‍ക്ക് പലപ്പോഴും ഇത്തരം അപരത്വ ശ്രമങ്ങളുമായി സംഘര്‍ഷത്തിലാവുകയും തന്റേതായ രീതിയില്‍ ചെറുത്തുനില്‍പ്പുകള്‍ സാധ്യമാക്കേണ്ടതായും വന്നിട്ടുണ്ട്.
നമ്മുടെ ചെറുത്തുനില്‍പ്പുകളുടെ രീതികളേയും അവയുടെ മേഖലകളേയും നിയന്ത്രിത രേഖയിലാക്കുന്ന പരിഷ്‌കൃത പുരുഷാധിപത്യത്തെ സ്വന്തമായി അസ്ഥിത്വം സൂക്ഷിക്കുന്ന ഒരു സ്ത്രീക്ക് എങ്ങനെ അംഗീകരിക്കാനാകും. വിമര്‍ശിക്കുന്ന സ്ത്രീകള്‍ എത്ര എളുപ്പമാണ് ബ്രാന്റ് ചെയ്യപ്പെടുന്നതും ‘ഇസ്‌ലാമികത’ കളത്തിന് പുറത്താവുന്നതും. ചെറുത്തുനില്‍ക്കുന്ന സ്ത്രീകളെ ധൃതിയില്‍ ഫെമിനിസ്റ്റായി ഫ്രെയിം ചെയ്യുന്നത് എന്തിനാണ്. ഈ സംഘടിത രൂപങ്ങളുടെ ഭാഗമാവാത്ത മുസ്‌ലിം സ്ത്രീകള്‍ അക്കാദമിക് ഇടങ്ങളില്‍ പലപ്പോഴും ഗുരുതരമായ ഭവിശത്തുകളാണ് നേരിടേണ്ടിവരുക. ഭക്തിപരീക്ഷണങ്ങള്‍ ഇന്നും നിലനില്‍ക്കുന്നുണ്ട് അവയുടെ രൂപവും ഭാവവും താരതമ്യേന അദൃശ്യമായെന്ന് മാത്രം. ഇച്ഛാശക്തിയുള്ള സ്ത്രീകള്‍ പലപ്പോഴും ഇവയെ തന്റേതായ രീതിയില്‍ ചെറുത്തുനില്‍ക്കുകയും സെലിബ്രേറ്റ്ഡ് പ്രോഗ്രസീവ്‌നെസ്സില്‍ നിന്ന് പലപ്പോഴും അകലം പാലിക്കുകയും ചെയ്യുന്നു. നമ്മുടെ ക്യാമ്പസ് രംഗങ്ങളില്‍ ഇത്തരം വ്യക്തിഗത ചെറുത്തുനില്‍പുകളാണ് സംഘടിത പുരോഗമന നീക്കങ്ങളേക്കാള്‍ ശക്തവും വാചാലവുമാവാറ്.

വിവ: ഇസ്ഹാഖ് വളവന്നൂര്‍

Editor Thelicham

Thelicham monthly