Home » Article » Religion » അനുഭൂതിയാണ് ഹജ്ജ്‌

അനുഭൂതിയാണ് ഹജ്ജ്‌

പരിശുദ്ധ റമദാന്‍ കഴിഞ്ഞ് മുസ്്‌ലിം ലോകം മറ്റൊരു കൗണ്ട് ഡൗണ്‍ ആരംഭിച്ചു കഴിഞ്ഞു. ശവ്വാല്‍, ദുല്‍ഖഅദ്, ദുല്‍ഹിജ്ജയിലെ ആദ്യപകുതി… ആണ്ടറുതിയിലെ ലോക സമ്മേളനത്തിനു സാക്ഷ്യം വഹിക്കാന്‍ മക്കാ നഗരം തയ്യാറായിക്കൊണ്ടിരിക്കുന്നു.
ഹജ്ജ്; ജീവിതത്തിലെ അസുലഭ മുഹൂര്‍ത്തങ്ങളിലൊന്നാണ്, ഓരോ ഹാജിയും അല്ലാഹുവിന്റെ അതിഥിയായാണ് മക്കയില്‍ വന്നണയുന്നത്. 1.8 ബില്ല്യണ്‍ മുസ്്‌ലിംകളില്‍ നിന്ന് 2017 ല്‍ ഹജ്ജ് നിര്‍വ്വഹിച്ചത് രണ്ട് മില്ല്യണ്‍ വിശ്വാസികളാണ്. ഓരോ ഹാജിയും തന്റെ കുടംബം, നാട്, സമൂഹം തുടങ്ങിയവയെ പ്രതിനിധീകരിച്ചാണ് ഹജ്ജിനെത്തുന്നത്.
ഹജ്ജ് ഒരനുഭവമാണ്; എഴുതി പ്രതിഫലിപ്പിക്കാന്‍ കഴിയാത്ത ഒരനുഭൂതിയാണ് ഹജ്ജ് സമ്മാനിക്കുന്നത്. വിശ്വാസത്തെ ശക്തിപ്പെടുത്തുകയും കര്‍മ്മങ്ങളെ സുദൃഢമാക്കുകയും ഭാവനകളെ കാഴ്ച എന്ന അനുഭവം യാഥാര്‍ഥ്യവല്‍ക്കരിക്കുകയും ചെയ്യുന്നതിലൂടെ സായൂജ്യത്തിന്റെ പരകോടിയില്‍ ഓരോ ഹാജിയും എത്തിച്ചേരുന്നു.
ഹജജ് യാത്ര ആരംഭിക്കുന്നത് മനസ്സില്‍ നിന്നാണ്; അതൊരു സ്വപ്‌നമായാണ് തുടങ്ങുക, പിന്നെ അടങ്ങാത്ത അഭിലാഷമായി അത് മാറുന്നു. അതിനു മുന്നില്‍ പ്രായോഗിക തടസ്സങ്ങളെല്ലാം വഴിമാറുന്നു, ആരോഗ്യം, സമ്പത്ത്, സുരക്ഷിതത്വം, എല്ലാത്തിനുമപ്പുറം തൗഫീഖ് (ഭാഗ്യം) ഈ നാലു ഘടകങ്ങള്‍ ഹജ്ജിനെ സുഗമമാക്കുന്നു. പ്രവാചക പ്രഭു ജനിച്ചു വളര്‍ന്ന മക്കാ പ്രദേശം, മസ്ജിദു ഹറാം പരിസരങ്ങള്‍, മനസ്സിന്റെ ഭാവനയിലും ചിത്രങ്ങളിലും കണ്ട കഅ്ബാ ശരീഫ്, ഹജറുല്‍ അസ്‌വദ്, സംസം ഉറവ, ഹാജര്‍ (റ) ഓടി നടന്ന സഫാ-മര്‍വ്വാ താഴ്‌വരകള്‍… എല്ലാം കണ്‍മുന്നിലേക്കെത്തുകയാണ്.
മാറിയ ലോകത്ത്, ടെക്‌നോളജിയുടെ അതിപ്രസരത്തിലും ഹജ്ജിന് പൊലിമ കുറഞ്ഞിട്ടില്ല എന്ന് തന്നെയാണ് ഓരോ ഹജ്ജനുഭവവും വ്യക്തമാക്കുന്നത്. ഇന്നലെകളില്‍ നമ്മുടെ പിതാമഹന്മാര്‍ നടന്നും കപ്പലു കയറിയും മാസങ്ങളോളം യാത്ര ചെയ്തും നിര്‍വ്വഹിച്ച ഹജ്ജും ഇന്നത്തെ ഹജ്ജും തമ്മില്‍ ആന്തരികമായ ചില പാരസ്പര്യങ്ങളുണ്ട്. അതില്‍ പ്രധാനം ഹജ്ജ് ഒരു വ്യക്തിക്ക് സമ്മാനിക്കുന്ന വിശുദ്ധിയാണ്; വ്യക്തിപരമായി, സാമ്പത്തികമായി, ബൗദ്ധികമായി, ആത്മീയമായി അയാള്‍/ അവള്‍ ഉന്നതി പ്രാപിക്കുന്നു. രണ്ടാമതായി ഹജ്ജിന്റെ വേളയില്‍ തിരക്കനുഭവപ്പെുമ്പോള്‍, അറഫയില്‍, മിനായില്‍, കല്ലെറിയുമ്പോള്‍, ത്വവാഫ് ചെയ്യുമ്പോള്‍, ക്ഷമിക്കുകയും ആവേശം ചോരാതെ ഓരോ കര്‍മവും പൂര്‍ത്തിയാക്കുമ്പോള്‍ ഹാജി അന്നും ഇന്നും ആത്മ നിര്‍വൃതിയടയുന്നു.
യുഗാന്തരങ്ങളായി ഇന്നും ഹാജിമാരെ ഒരുമിപ്പിക്കുന്ന മറ്റൊരു ഘടകം ആദ്യമായി കഅ്ബ കാണുന്ന ആ നിമിഷമാണ്. അത് കാണുന്ന മാത്രയില്‍ കണ്ണില്‍ നിന്നും കണ്ണുനീര്‍ താനെ ഒലിച്ചിറങ്ങും. സന്തോഷത്തിന്റെ ഒരിറ്റ് കണ്ണുനീര്‍… ഏതു ഹജ്ജനുഭവത്തിലും കഅ്ബയുടെ ആദ്യ ദര്‍ശനം പ്രത്യേകം പ്രസ്താവിച്ചിരിക്കുന്നത് ശ്രദ്ധേയമാണ്.

‘ഹജ്ജ് ആന്റ് ഹുമാനിറ്റി’ ഹജ്ജും മാനവികതയും

ഹജ്ജത്തുല്‍ വിദാഇലെ അറഫാദിനത്തില്‍ പ്രവാചക പ്രഭു മുഹമ്മദ് (സ) നടത്തിയ ചരിത്ര പ്രസിദ്ധമായ മാനവിക പ്രസംഗത്തിന്റെ ഓര്‍മയില്‍ ഇന്നും ഓരോ അറഫാദിനത്തിലും മസ്ജിദുല്‍ ഹറാം ഇമാം കാലിക പ്രസക്തമായ പ്രസംഗം നടത്താറുണ്ട. അങ്ങനെ ഹജ്ജ് മാനവിക അവകാശ പ്രഖ്യാപനങ്ങളുടെ ഓര്‍മപ്പെടുത്തലായി തുടരുന്നു. വംശീയ വെറികളുടെ കെട്ട കാലത്തും ഒരുമയുടെ സന്ദേശം പ്രായോഗികമായി നടപ്പാക്കുന്ന അപൂര്‍വ്വം സംഗമങ്ങളിലൊന്നായി ഹജ്ജിന്റെ ആഗോള പ്രസക്തി വര്‍ദ്ധിക്കുകയാണ്.
മാല്‍ക്കം എക്‌സിന്റെ ഹജ്ജനുഭവത്തെ മുന്‍ നിര്‍ത്തി പ്രൊഫ. ജിമ്മി ജോണ്‍സ് എഴുതിയ കുറിപ്പില്‍ വംശീയതയുടെ പുതിയ മാനത്തെ ചര്‍ച്ച ചെയ്യുന്നുണ്ട്. വംശവെറി അവസാനിക്കുന്നില്ലെന്നും, അദൃശ്യമായ ഒരു പ്രഹേളികയായി ജാതി/വംശ വെറികള്‍ തരം താഴ്ന്നുവെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. ഇസ്്‌ലാമിന്റെ ആശയപരമായ ജാതി/വംശ കണ്‍സെപ്റ്റ് പ്രകടമാകുന്ന സുപ്രധാന വേദിയായ ഹജ്ജ് മതപരിവര്‍ത്തനങ്ങളുടെ (കണ്‍വേഷന്‍സ്) പ്രധാന ഹേതുവായി നിലകൊള്ളുന്നുവെന്നത് വിസ്മയകരമാണ്. 1964 ലാണ് മാല്‍ക്കം എക്‌സ് ഹജ്ജ് നിര്‍വഹിക്കുന്നത്. 39 വര്‍ഷം അമേരിക്കയില്‍ അനുഭവിക്കാത്തതാണ് അദ്ദേഹം ഹജ്ജ് വേളയില്‍ അനുഭവിച്ചത്. അതദ്ദേഹത്തില്‍ ചെലുത്തിയ സ്വാധീനം ചെറുതായിരുന്നില്ല. പിന്നീട്, അമേരിക്കയിലെ ഇസ്്‌ലാമിന്റെ ഐക്കണായി അദ്ദേഹം മാറിയത് സ്വാഭാവികം.
ഹജ്ജ് പൂര്‍ത്തിയായാല്‍ അയാള്‍/അവള്‍ ഒരുമ്മ പെറ്റ പോലെ പാപസുരക്ഷിതരാവുന്നു. ഓരോ ഹാജിയുടെ മുഖത്തും ദിവ്യമായ ഒരു തേജസ്സ് ദര്‍ശിക്കാന്‍ സാധിക്കും. ഹജ്ജ് കഴിഞ്ഞ് മക്കയോട് വിട പറഞ്ഞാല്‍ നേരെ സ്വദേശത്തേക്ക് മടങ്ങുന്നത് ഉചിതമല്ല ഒരു കര്‍മം കൂടി ബാക്കിയുണ്ട്.
വിശ്വാസി ഹൃദയങ്ങളില്‍ സ്‌നേഹത്തിന്റെ ആവാച്യമായ അനുഭൂതി നിറക്കുന്ന പ്രവാചക സന്നിധിയിലെത്താതെ ഹജ്ജ് പൂര്‍ണ്ണമാകുന്നില്ല. ‘ഹജ്ജ് നിര്‍വ്വഹിക്കുകയും എന്നെ സന്ദര്‍ശിക്കാതിരിക്കുകയും ചെയ്തവന്‍ എന്നോട് പിണങ്ങിയിരിക്കുന്നുവെന്ന്’ പ്രവാചകന്‍ പറയുന്നുണ്ട്. റൗളാ ശരീഫിലെത്തുമ്പോള്‍, നബിയുടെ ചാരെ വന്ന് സ്വലാത്തും സലാമും അര്‍പ്പിക്കുമ്പോള്‍, ഖല്‍ബകം തുടികൊള്ളുന്നു. മദീന എന്നും വിസ്മയകരമായി തുടരുന്നു. ജന്മനാട് വെടിഞ്ഞപ്പോള്‍ അഭയം കൊടുത്ത നാടാണ് മദീന. പരസ്പര സ്‌നേഹത്തിന്റെയും സഹകരണത്തിന്റെയും ഉത്തമ മാതൃകയായി മദീന ഇന്നും നിലകൊള്ളുന്നു.
ഹജ്ജനുഭവ കുറിപ്പുകള്‍ മുന്നോട്ട് വെക്കുന്ന ഒരു പ്രധാന നിര്‍ദേശം യുവത്വത്തില്‍ തന്നെ ഹജ്ജ് നിര്‍വ്വഹിക്കണമെന്നാണ്. പ്രത്യേകിച്ചും ദീര്‍ഘ സമയമെടുത്തുള്ള കര്‍മങ്ങള്‍, തിരക്കില്‍ പിടിച്ചു നില്‍ക്കാനുള്ള കരുത്ത്, ശരീരത്തിന്റെ ഊര്‍ജ്ജം തുടങ്ങിയ ഘടകങ്ങള്‍ പരിഗണിക്കുമ്പോള്‍ അമ്പതു വയസ്സിനുള്ളില്‍ ഏറിയാല്‍ അറുപതിനു മുമ്പെങ്കിലും ഹജ്ജ് ചെയ്യുന്നതാണ് അഭികാമ്യം. എല്ലാ ഉത്തരവാദിത്തങ്ങളും കഴിഞ്ഞ് വയസ്സായി പരസഹായത്തോടെ ചെയ്യുന്ന ഹജ്ജിനേക്കാള്‍ നല്ലത് ആരോഗ്യവും സമ്പത്തും അവസരവും ഒത്തുവരുന്ന ജീവിത സന്ധിയില്‍ ഊര്‍ജ്ജസ്വലതയോടെ നിര്‍വ്വഹിക്കുന്ന ഹജ്ജാണ്. മാറിവരുന്ന ട്രെന്റും ഇതു തന്നെയാണ് സൂചിപ്പിക്കുന്നത്.
ഹജ്ജ്-അല്ലാഹുവിന്റെ വിളിക്കുത്തരം ചെയ്ത് ലോകത്തിന്റെ നാനാ ഭാഗത്തു നിന്നുമുള്ള ഹജ്ജാജിമാര്‍ ഒരുമയുടെ മന്ത്രമായ ലബ്ബൈക്ക ചൊല്ലി ഇബ്‌റാഹീമീ സ്മരണയില്‍, മകന്‍ ഇസ്്്മാഈല്‍ (റ) വിന്റെ ത്യാഗ സന്നദ്ധതയുടെ അര്‍പ്പണ ബോധത്തിന്റെ പുതിയ അധ്യായങ്ങള്‍ സൃഷ്ടിക്കുന്ന അനന്യമായ നിമിഷങ്ങള്‍; അവിടെയെത്താന്‍ ഭാഗ്യം സിദ്ധിച്ചവര്‍ പുണ്യം ചെയ്തവരാണ്, തീര്‍ച്ച.

 

Tags: അനുഭൂതിയാണ് ഹജ്ജ്‌, hajj, makkah, kaba, arafa, മക്ക, കഅ്ബ

Editor Thelicham

Thelicham monthly