‘നിങ്ങള്‍ ഏഴായിരം ആളുകളെയല്ലേ ഹാമായില്‍ കൊന്നത്?’ ഒരു ലെബനീസ് കച്ചവടക്കാരന്‍ മുന്‍ സിറിയന്‍ പ്രസിഡന്റ് ഹാഫിസ് അല്‍അസദിന്റെ അനുജന്‍ റിഫാത് അല്‍അസദിനോട് ഒരിക്കല്‍ ചോദിച്ചതാണിത്. 1982ല്‍ സിറിയന്‍ നഗരമായ ഹാമായില്‍ അസദിന്റെ ഭരണകൂടം നടത്തിയ അടിച്ചമര്‍ത്തലിനെ പറ്റിയായിരുന്നു അയാളുടെ ചോദ്യം. ഹാമാ ഓപറേഷന്റെ കമാന്‍ഡറായിരുന്നു റിഫാത്. അന്ന് ഹാഫിസ് അസദിന്റെ ഭരണത്തിനെതിരെ കലാപം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ അതിനെ നിഷ്ഠൂരമായി അടിച്ചമര്‍ത്താനായിരുന്നു പ്രസിഡന്റിന്റെ കല്പന. അത് അതേ പടി നടപ്പാക്കുകയായിരുന്നു റിഫാത്. പൊതുവേ ഭരണകൂട ഭീകരതയെ പറ്റി ചോദിച്ചാല്‍ രാഷ്ട്രീയക്കാര്‍ പ്രതിരോധത്തിലാവുകയാണു പതിവ്. പക്ഷേ ലെബനീസ് കച്ചവടക്കാരന്റെ ചോദ്യത്തോടുള്ള റിഫാത്തിന്റെ മറുപടി നേര്‍വിപരീതമായിരുന്നു. ‘നിങ്ങളെന്താണു പറയുന്നത്? ഏഴായിരമല്ല. ഞങ്ങള്‍ മുപ്പത്തെട്ടായിരം പേരെയാണു കൊലപ്പെടുത്തിയത്.
തോമസ് ഫ്രീഡ്മാന്റെ ഫ്രം ബെയ്‌റൂത്ത് റ്റു ജറുസലേം എന്ന പുസ്തകത്തില്‍ വിവരിക്കുന്ന ഈ സംഭാഷണം എങ്ങിനെയാണ് ഹാഫിസ് അസദിന്റെ ഭരണകൂടം ഹാമാ കലാപത്തെ അടിച്ചമര്‍ത്തിയത് എന്നതിന്റെ യഥാര്‍ത്ഥ ചിത്രം തരുന്നുണ്ട്. 1970ലാണു ഹാഫിസ് അസദ് ഒരു അട്ടിമറിയിലൂടെ സിറിയയുടെ ഭരണം പിടിച്ചെടുക്കുന്നത്. 1963ല്‍ ബഅസ് പാര്‍ട്ടി സിറിയയില്‍ ഭരണം പിടിച്ചതിനു ശേഷം ഏഴു വര്‍ഷത്തിനിടയില്‍ രാജ്യത്ത് മൂന്ന് അട്ടിമറികള്‍ നടക്കുകയുണ്ടായി. ബഅസ് പാര്‍ട്ടിയിലെ റാഡിക്കല്‍ വിഭാഗത്തെ ഒതുക്കി രാജ്യത്ത് ഭരണസ്ഥിരത കൊണ്ടു വരുന്നത് ഹാഫിസ് അസദാണ്. ഇറാഖിലെ ബഅസിസ്റ്റുകളെ പോലെ സെക്യുലര്‍ സോഷ്യലിസ്റ്റ് ഏകാധിപത്യമായിരുന്നു ഹാഫിസിന്റേയും ഭരണ ശൈലി. ഏകദേശം മുപ്പതു വര്‍ഷം നീണ്ടു നിന്ന ഹാഫിസിന്റെ ഭരണകാലത്ത് അദ്ദേഹം നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു ഹാമാ കലാപം. കലാപത്തിന് പ്രധാനമായും നേതൃത്വം നല്‍കിയിരുന്നത് ഇസ്‌ലാമിസ്റ്റ് സംഘങ്ങളായിരുന്നു. സിറിയന്‍ മുസ്‌ലിം ബ്രദര്‍ഹുഡായിരുന്നു മുന്‍പന്തിയില്‍.
ഇസ്‌ലാമിസ്റ്റ് പാര്‍ട്ടികള്‍ എക്കാലത്തും ബഅസിസ്റ്റുകള്‍ക്കെതിരായിരുന്നു. അതിനു പുറമേ ഈ എതിര്‍പ്പില്‍ സിറിയയുടെ സെക്‌റ്റേറിയന്‍ സമവാക്യങ്ങളും വലിയ പങ്കു വഹിച്ചിരുന്നു. 1970ലെ സെന്‍സസനുസരിച്ച് രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 92.1 ശതമാനവും മുസ്‌ലിംകളാണ്. ഇതില്‍ 75 ശതമാനം സുന്നികളും, 11 ശതമാനം അലവികളുമുള്‍പ്പെടും. ദ്രൂസ്, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ പത്തു ശതമാനത്തോളം വരും. (1970നു ശേഷം മതപരമായി വേര്‍തിരിച്ചുള്ള സെന്‍സസ് പുറത്തുവിട്ടിട്ടില്ല.) സിറിയയുടെ ഭരണം പിടിച്ച അസദ് കുടുംബം അലവി വിഭാഗത്തില്‍ നിന്നാണ്. ഷിയയിസത്തിന്റെ ഒരു ഭാഗമാണു അലവികള്‍. അതായത് 75 ശതമാനം സുന്നികളുള്ള സിറിയയെ ഏകദേശം അരനൂറ്റാണ്ടായി ഭരിക്കുന്നത് ന്യൂനപക്ഷമായ അലവി വിഭാഗത്തില്‍ നിന്നുള്ളവരാണ്. അതുകൊണ്ട് തന്നെ സുന്നികളിലെ ഇസ്‌ലാമിസ്റ്റ് വിഭാഗങ്ങള്‍ കാലങ്ങളായി അസദ് കുടുംബത്തിന്റെ ഭരണത്തെ എതിര്‍ത്തു പോന്നിരുന്നു. അത്തരമൊരു പൊട്ടിത്തെറിയാണു 1982ല്‍ ഉണ്ടായത്. അതിനെ നിഷ്ഠൂരമായി അടിച്ചമര്‍ത്തുക വഴി തന്റെ എതിരാളികള്‍ക്ക് ശക്തമായ ഒരു സന്ദേശം നല്‍കുകയാണു അന്ന് പ്രസിഡന്റ് ഹാഫിസ് അസദ് ചെയ്തത്.
എന്നാല്‍ സിറിയയില്‍ പ്രതിഷേധം തുടക്കം മുതലേ ചില പോക്കറ്റുകളില്‍ മാത്രം കേന്ദ്രീകരിച്ചുള്ളതായിരുന്നു. പ്രത്യേകിച്ചും ദാരായിലും, ഹിംസിലും, ഡമസ്‌കസിന്റെ ചുറ്റുവട്ടത്തും. അത് പ്രതിഷേധക്കാര്‍ക്കെതിരെ ശക്തമായ ആക്രമണമഴിച്ചു വിടാന്‍ സിറിയന്‍ സര്‍ക്കാരിനെ പ്രാപ്തമാക്കി
2000ല്‍ ഹാഫിസിന്റെ മരണശേഷം അധികാരത്തിലേക്കു വന്ന അദ്ദേഹത്തിന്റെ മകന്‍ ബഷാര്‍ അല്‍അസദ് (ഇപ്പോഴത്തെ പ്രസിഡന്റ്) ആദ്യകാലത്ത് ഭരണപരിഷ്‌കാര വാഗ്ദാനങ്ങളെല്ലാം നല്‍കിയിരുന്നു. അവയൊന്നും പാലിക്കപ്പെട്ടില്ലെന്നു മാത്രമല്ല തന്റെ പിതാവിന്റെ ഏകാധിപത്യഭരണ മാര്‍ഗത്തെ അതേ പടി പിന്‍തുടരുകയാണു ബഷാര്‍ ചെയ്തത്. അതുകൊണ്ടാണ് 2011ല്‍ അറബ് രാജ്യങ്ങളില്‍ ഏകാധിപത്യ ഭരണകൂടങ്ങള്‍ക്കെതിരെ വന്‍തോതില്‍ ജനകീയ പ്രക്ഷോഭങ്ങള്‍ ഉണ്ടായപ്പോള്‍ അത് സിറിയയേയും ബാധിച്ചത്. ഈജിപ്തിലും ടുണീഷ്യയിലും പ്രക്ഷോഭകര്‍ ജനാധിപത്യം ആവശ്യപ്പെട്ട് തെരുവിലിറങ്ങിയതു പോലെ സിറിയയിലും സമാധാനപരമായാണു പ്രതിഷേധങ്ങള്‍ 2011 മാര്‍ച്ചില്‍ ആരംഭിച്ചത്. പക്ഷേ ഈജിപ്തിലും ടുണീഷ്യയിലും പ്രതിഷേധങ്ങള്‍ രാജ്യവ്യാപകമായിരുന്നു. രണ്ടു രാജ്യങ്ങളിലും പട്ടാളം പ്രക്ഷോഭകരോട് അനുഭാവപൂര്‍വമായ നിലപാടാണു എടുത്തത്.
എന്നാല്‍ സിറിയയില്‍ പ്രതിഷേധം തുടക്കം മുതലേ ചില പോക്കറ്റുകളില്‍ മാത്രം കേന്ദ്രീകരിച്ചുള്ളതായിരുന്നു. പ്രത്യേകിച്ചും ദാരായിലും, ഹിംസിലും, ഡമസ്‌കസിന്റെ ചുറ്റുവട്ടത്തും. അത് പ്രതിഷേധക്കാര്‍ക്കെതിരെ ശക്തമായ ആക്രമണമഴിച്ചു വിടാന്‍ സിറിയന്‍ സര്‍ക്കാരിനെ പ്രാപ്തമാക്കി. മാത്രമല്ല, സിറിയന്‍ പട്ടാളം ശക്തമായി അസദിനൊപ്പം നിലയുറപ്പിക്കുകയും ചെയ്തു. പട്ടാളത്തിന്റെ കമാന്‍ഡിംഗ് പൊസിഷനിലെല്ലാം അസദിന്റെ അനുയായികളാണുണ്ടായിരുന്നത്. അസദ് കുടുംബത്തില്‍ നിന്നുള്ളവരോ, അലവി വിഭാഗത്തില്‍ നിന്നുള്ളവരോ. ഇത് പ്രസിഡന്റിനു കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കി. ഹാമായിലെ കലാപം അടിച്ചമര്‍ത്താന്‍ അസദിന്റെ പിതാവ് ഹാഫിസ് എന്താണോ ചെയ്തത് അതു തന്നെയാണു മൂന്നു പതിറ്റാണ്ടിനിപ്പുറം ഹിംസിലേയും, ദാരായിലേയും പിന്നീട് അലെപ്പോയിലേയും കലാപങ്ങളെ അടിച്ചമര്‍ത്താന്‍ ബഷാറും ചെയ്തത്.
പക്ഷേ റിബലുകളുടേയും അസദിന്റെയും ശ്രമങ്ങള്‍ വിജയിച്ചില്ല എന്നാണ് സമീപകാല സിറിയയുടെ ചരിത്രം പറയുന്നത്. എന്താണു ഇതിനു കാരണം? ഇതില്‍ അഭ്യന്തരവും, ഭൗമരാഷ്ട്രീയപരവുമായ കാരണങ്ങളുണ്ട്. ഒന്നാമത്, ഈജിപ്തിലേയും, ടുണീഷ്യയിലേയും പോലെ ഭരണകൂടത്തെ താഴെ വീഴ്ത്താനുള്ള രാഷ്ട്രീയമൂലധനം സിറിയയിലെ പ്രക്ഷോഭകര്‍ക്ക് ഉണ്ടായിരുന്നില്ല. പ്രതിഷേധത്തിന്റെ സമയത്തു പോലും ജനസംഖ്യയിലെ ഒരു വിഭാഗത്തിന്റെ (പ്രത്യേകിച്ചും ന്യൂനപക്ഷങ്ങളുടെ) പിന്തുണ അസദ് ഭരണകൂടത്തിനുണ്ടായിരുന്നു. രണ്ടാമത്, രാഷ്ട്രീയമായി, സമാധാനപരമായി അസദിനെ താഴെ വീഴ്ത്താന്‍ കഴിയില്ല എന്ന ഘട്ടത്തില്‍ നിന്നും സിറിയന്‍ ഭരണകൂട വിരുദ്ധ പ്രക്ഷോഭം ഭരണകൂട വിരുദ്ധ കലാപമായി മാറി. സിറിയന്‍ ആര്‍മിയില്‍ നിന്നും കൂറുമാറി പോയ ഒരു സംഘം പട്ടാളക്കാരുടെ നേതൃത്വത്തില്‍ ആദ്യം ഫ്രീ സിറിയന്‍ ആര്‍മി എന്ന സായുധ സംഘത്തെ രൂപീകരിക്കുകയും അവര്‍ അസദിനെതിരെ സായുധ കലാപം ആരംഭിക്കുകയും ചെയ്തു. ഇത് സിറിയന്‍ ജനാധിപത്യ പ്രതിഷേധത്തെ ഒരു വിനാശകാരിയായ അഭ്യന്തര യുദ്ധത്തിലേക്കെത്തിച്ചു.
മൂന്നാമതായി, ഈ അഭ്യന്തരയുദ്ധം സിറിയന്‍ ഭരണകൂടവും കലാപകാരികളും തമ്മില്‍ മാത്രമായിരുന്നില്ല എന്നതാണ്. പശ്ചിമേഷ്യയിലെ രണ്ടു പ്രധാനപ്പെട്ട ശക്തികളാണ് സൗദി അറേബ്യയും ഇറാനും. സലഫി ഇസ്‌ലാം ഔദ്യോഗിക മതമായുള്ള സൗദി അറേബ്യയും, ഷിയാ പൗരോഹിത്യം ഭരിക്കുന്ന ഇറാനും തമ്മിലുള്ള ശത്രുതക്ക് പതിറ്റാണ്ടുകള്‍ പഴക്കമുണ്ട്. ഇന്നത്തെ പശ്ചിമേഷ്യയില്‍ ഇറാന്റെ ഏറ്റവും അടുത്ത സഖ്യരാഷ്ട്രമാണ് അസദിന്റെ സിറിയ. ലെബനാനിലെ ഷിയാ സംഘടനയായ ഹിസ്ബുല്ലയ്ക്ക് ആവശ്യം വരുന്ന ആയുധങ്ങളും പണവും ഇറാന്‍ എത്തിക്കുന്നത് സിറിയ വഴിയാണ് അതുകൊണ്ട് സിറിയയില്‍ അസദ് ഭരണകൂടം അതിജീവിക്കേണ്ടത് ഇറാനെ സംബന്ധിച്ച് തങ്ങളുടെ പശ്ചിമേഷ്യന്‍ തന്ത്രങ്ങള്‍ക്ക് അനിവാര്യമാണ്. അതുകൊണ്ടാണ് സിറിയയില്‍ പ്രതിഷേധം തുടങ്ങിയ നാള്‍ മുതല്‍ ഇറാന്‍ അസദിനു പൂര്‍ണ പിന്തുണയുമായി രംഗത്ത് വന്നത്.
ഫ്രീ സിറിയന്‍ ആര്‍മിയെ തുര്‍ക്കി പിന്തുണച്ചപ്പൊള്‍, ബ്രദര്‍ഹുഡിനെ ഖത്തര്‍ സഹായിച്ചു. സിറിയയെ ഒരു ഇസ്‌ലാമിക രാജ്യമായി മാറ്റുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ജെയിഷ് അല്‍ഇസ്‌ലാമായിരുന്നു സൗദി പിന്തുണ ലഭിക്കുന്ന സംഘടന
എന്നാല്‍ ഇതിന്റെ നേര്‍വിപരീത താല്‍പര്യങ്ങളാണ് സൗദി ബ്ലോക്കിനുള്ളത്. സിറിയയില്‍ അസദിനെ പുറത്താക്കി അവിടെ ഭൂരിപക്ഷം വരുന്ന സുന്നികളുടെ നേതൃത്വത്തില്‍ ഒരു ഭരണകൂടം അധികാരത്തില്‍ വരികയാണെങ്കില്‍ അത് ഇറാനും ഹിസബുല്ലാക്കും ക്ഷീണമാവുമെന്ന് മാത്രമല്ല സുന്നി ബ്ലോക്കിനു മേല്‍ക്കൈ കിട്ടുകയും ചെയ്യും എന്നൊക്കെയാണ് സൗദിയുടെ കണക്ക് കൂട്ടല്‍. റജബ് ത്വയ്യിബ് ഉര്‍ദൊഗാന്റെ തുര്‍ക്കിക്കും സിറിയന്‍ യുദ്ധത്തില്‍ അവരുടേതായ ലക്ഷ്യങ്ങളുണ്ടായിരുന്നു. മുസ്‌ലിം ബ്രദര്‍ഹുഡിന്റെ ആശയങ്ങളോട് ചേര്‍ന്നു നില്‍ക്കുന്ന എ.കെ. പാര്‍ട്ടിയാണ് എര്‍ദൊഗാന്റെ ഭരണകക്ഷി. സിറിയയിലെ സെക്യുലര്‍ ഏകാധിപത്യത്തെ അട്ടിമറിച്ച് ബ്രദര്‍ഹുഡ് മോഡല്‍ സര്‍ക്കാരിനെ കൊണ്ടുവരികയായിരുന്നു എര്‍ദൊഗാന്റെ ലക്ഷ്യം. ഇതിന്റെ ഫലമായി ഈ രാജ്യങ്ങള്‍ എല്ലാം അവരവര്‍ക്ക് അനുകൂലമായ വിമത സംഘങ്ങള്‍ക്ക് പണവും ആയുധവും നല്‍കി. ഫ്രീ സിറിയന്‍ ആര്‍മിയെ തുര്‍ക്കി പിന്തുണച്ചപ്പൊള്‍, ബ്രദര്‍ഹുഡിനെ ഖത്തര്‍ സഹായിച്ചു. സിറിയയെ ഒരു ഇസ്‌ലാമിക രാജ്യമായി മാറ്റുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ജെയിഷ് അല്‍ഇസ്‌ലാമിനായിരുന്നു സൗദി പിന്തുണ. ഇതിനെല്ലാം പുറമേ അമേരിക്ക അസദിനെതിരെ പരസ്യമായും രഹസ്യമായും സായുധ സംഘടനകള്‍ക്ക് സഹായം നല്‍കി. ജോര്‍ഡാനിലെ ഒരു സിഐഎ ഓപ്പറേഷനല്‍ കേന്ദ്രത്തിന്റെ മേല്‍നോട്ടത്തിലായിരുന്നു ഈ രഹസ്യയുദ്ധം അമേരിക്ക നടത്തിയത് (ട്രംപ് പ്രസിഡന്റ് ആയതിനു ശേഷം ഈ സിഐഎ പ്രോഗ്രാം അവസാനിപ്പിക്കുകയുണ്ടായി).
അതായത് സിറിയന്‍ ഏകാധിപത്യത്തിനെതിരെ ഒരു ജനകീയ പ്രക്ഷോഭമായി ഉയര്‍ന്നു വന്ന സമരം ഏതാനും മാസങ്ങള്‍ കൊണ്ടാണു ഒരു ഭൗമരാഷ്ട്രീയ, പ്രാദേശിക യുദ്ധമായി പരിണമിക്കുന്നത്. ഇതാണു സിറിയയുടെ ഇന്നത്തെ പരിതാപകരമായ സ്ഥിതിയുടെ യഥാര്‍ഥ കാരണം.
അസദ് ഭരണകൂടത്തെ അട്ടിമറിക്കാനുള്ള ശേഷി തങ്ങള്‍ക്കില്ലെങ്കിലും കലാപകാരികള്‍ ആദ്യം പ്രതീക്ഷിച്ചത് ലിബിയയില്‍ നാറ്റോ നടത്തിയതു പോലുള്ള ഒരു ഇടപെടല്‍ അമേരിക്കയുടെ നേതൃത്വത്തില്‍ സിറിയയിലും ഉണ്ടാകുമെന്നും അതുവഴി അസദിനെ പുറത്താക്കാന്‍ സാധിക്കുമെന്നുമായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ പ്രസിഡന്റ് ബറാക് ഒബാമ സംശയാലുവായിരുന്നു. സിറിയയില്‍ ഒരു മുഴുനീള യുദ്ധത്തിന് അമേരിക്ക തയ്യാറാവാതിരുന്നതിനു രണ്ടു കാരണങ്ങളുണ്ടായിരുന്നു. ഒന്ന്, ലിബിയയുടെ ഉദാഹരണം. ലിബിയയില്‍ കലാപകാരികള്‍ക്കു വേണ്ടി ആറു മാസം നീണ്ടു നിന്ന യുദ്ധത്തില്‍ മുഅമ്മര്‍ ഗദ്ദാഫിയുടെ ഭരണകൂടെത്തെ നാറ്റോ അട്ടിമറിച്ചതിനു ശേഷം ആ രാജ്യം അരാജകത്വത്തിലേക്കു കൂപ്പു കുത്തുകയാണു ചെയ്തത്. ഇപ്പോഴും, ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം, ലിബിയയില്‍ ഒരു സുസ്ഥിര ഭരണകൂടമില്ല. സിറിയയിലും അസദിനു പകരം ആര് എന്നതായിരുന്നു പ്രധാനപ്പെട്ട ചോദ്യം. സംഘടിത പ്രതിപക്ഷം എന്നൊന്നില്ല. ഏവര്‍ക്കും സ്വീകാര്യനായ ഒരു നേതാവിനെ ഉയര്‍ത്തിക്കാണിക്കാനുമില്ല. കലാപകാരികളാണെങ്കില്‍ വിവിധ സംഘങ്ങളാണുതാനും. ഓരോരുത്തര്‍ക്കും പിന്തുണ നല്‍കുന്നത് വിവിധ രാജ്യങ്ങള്‍. ഓരോരുത്തരുടേയും പ്രത്യയശാസ്ത്രവും വ്യത്യസ്ഥം.
ഇതിനു പുറമേ, സിറിയന്‍ കലാപത്തില്‍ കലാപകാരികള്‍ക്കിടയില്‍ നിന്നും ഏറ്റവും ശക്തരായി ഉയര്‍ന്നു വന്ന സംഘടനകള്‍ ഭീകര സ്വഭാവമുള്ളവയായിരുന്നു. പ്രത്യേകിച്ചും ജബ്ഹതു ന്നുസ്‌റ, ഇസ്ലാമിക് സ്‌റ്റേയ്റ്റ് എന്നിവ. ആദ്യം കിഴക്കന്‍ സിറിയന്‍ പട്ടണങ്ങള്‍ പിടിച്ചെടുക്കുന്നത് ജബ്ഹതു ന്നുസ്‌റയായിരുന്നു. അല്‍ ഖ്വയ്ദയുടെ സിറിയന്‍ രൂപമാണു ജബ്ഹതുന്നുസ്‌റ. ജബ്ഹതുന്നുസ്‌റ പിളര്‍ന്നാണു പിന്നീട് അബൂബക്കര്‍ അല്‍ ബഗ്ദാദിയുടെ ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐസിസ്) രൂപം കൊള്ളുന്നത്. ഫ്രീ സിറിയന്‍ ആര്‍മി പോലുള്ള മിതവാദ വിമതര്‍ പൂര്‍ണമായും പരാജയപ്പെട്ടു. അപ്പോള്‍ ചോദ്യം അസദിനെ പുറത്താക്കി സിറിയയെ ഐസിസും അല്‍ഖ്വയ്ദയും പോലുള്ള സംഘടനകള്‍ക്ക് വിട്ട്‌കൊടുക്കണോ എന്നതാണ്. 2015ല്‍ സിറിയയില്‍ റഷ്യ ഇടപെട്ടതിനു ശേഷം അസദിനെ പുറത്താക്കുക എന്ന ലക്ഷ്യം പൂര്‍ണമായും അസ്തമിച്ചു. റഷ്യന്‍ ഇടപെടലിനു ശേഷം അസദ് ഭരണകൂടം അഭ്യന്തര യുദ്ധത്തില്‍ കാര്യമായ നേട്ടങ്ങള്‍ കൈവരിക്കുകയും ചെയ്തു. ഇപ്പോള്‍ സിറിയയിലെ മിക്കവാറും ജനവാസ കേന്ദ്രങ്ങള്‍ അസദ് ഭരണകൂടത്തിന്റെ നിയന്ത്രണത്തിലാണ്. യുദ്ധം നടന്നു കൊണ്ടിരിക്കുന്ന കിഴക്കന്‍ ഗൂത്തയില്‍ നിന്നും ഒഴിഞ്ഞു പോകാമെന്ന് വിമതരും ഭരണകൂടവും തമ്മില്‍ യോജിപ്പിലെത്തിയിട്ടുമുണ്ട്. വിമതര്‍ ഗൂത്തയില്‍ നിന്നും ഒഴിഞ്ഞാല്‍ പിന്നെ ഭരണകൂടത്തിന്റെ നിയന്ത്രണമില്ലാത്തെ ഇടങ്ങള്‍ ഇദ്‌ലിബ് പ്രവിശ്യയും, കുര്‍ദുകള്‍ നിയന്ത്രിക്കുന്ന കിഴക്കന്‍ അതിര്‍ത്തി പ്രദേശങ്ങളും മാത്രമായി ചുരുങ്ങും.
രണ്ടാം ലോകയുദ്ധത്തിനു ശേഷം ലോകം കണ്ട ഏറ്റവും കടുത്ത മാനവിക ദുരന്തങ്ങളിലൊന്നാണു സിറിയന്‍ അഭ്യന്തരയുദ്ധം എന്നതില്‍ സംശയമില്ല. നാലുലക്ഷത്തിലധികം പേരാണ് കഴിഞ്ഞ ഏഴു വര്‍ഷത്തിനിടയില്‍ സിറിയയില്‍ കൊല്ലപ്പെട്ടത്. ദശലക്ഷക്കണക്കിനു ജനങ്ങള്‍ അഭയാര്‍ഥികളായി മറ്റു രാജ്യങ്ങളിലേക്ക് കുടിയേറുകയും ചെയ്തിരിക്കുന്നു
രണ്ടാം ലോകയുദ്ധത്തിനു ശേഷം ലോകം കണ്ട ഏറ്റവും കടുത്ത മാനവിക ദുരന്തങ്ങളിലൊന്നാണു സിറിയന്‍ അഭ്യന്തരയുദ്ധം എന്നതില്‍ സംശയമില്ല. നാലുലക്ഷത്തിലധികം പേരാണ് കഴിഞ്ഞ ഏഴു വര്‍ഷത്തിനിടയില്‍ സിറിയയില്‍ കൊല്ലപ്പെട്ടത്. ദശലക്ഷക്കണക്കിനു ജനങ്ങള്‍ അഭയാര്‍ഥികളായി മറ്റു രാജ്യങ്ങളിലേക്ക് കുടിയേറുകയും ചെയ്തിരിക്കുന്നു. പ്രത്യേകിച്ചും തുര്‍ക്കിയിലും, ജോര്‍ഡാനിലും, ഇറാഖിലും മറ്റും. മൊത്തം ജനസംഖ്യയുടെ പകുതിയോളം ആളുകള്‍ക്ക് അവരുടെ കിടപ്പാടം വിട്ട് പലായനം ചെയ്യേണ്ടി വന്നു എന്നാണ് കണക്ക്. അതി സങ്കീര്‍ണമായ ഒരു യുദ്ധം കൂടിയായിരുന്നു ഇത്. പ്രസിഡന്റ് അസദിനും സിറിയന്‍ ഭരണകൂടത്തിന്റെ സഖ്യകക്ഷികള്‍ക്കും ഈ ദുരന്തത്തില്‍ വലിയ പങ്കുണ്ട് എന്ന് നിസംശയം പറയാം. പക്ഷേ അത്ര തന്നെ ഉത്തരവാദിത്വം അസദിന്റെ ശത്രുക്കള്‍ക്കുമുണ്ട്. കാരണം അവരാണ് സിറിയന്‍ സംഘര്‍ഷത്തെ ഒരു പ്രാദേശിക യുദ്ധമാക്കി മാറ്റിയത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ സമാധാനപൂര്‍ണമായ ഒരു പരിഹാരം കാണുക അസാധ്യമാണ്. ഗൂത്ത പൂര്‍ണമായും തങ്ങളുടെ നിയന്ത്രണത്തിലായി കഴിഞ്ഞാല്‍ ഭരണകൂടം ഇദ്‌ലിബിലേക്കു തിരിയും. അല്‍ ഖ്വയ്ദയുടെ സഖ്യസംഘടനയാണ് ഇദ്‌ലിബ് നിയന്ത്രിക്കുന്നത്. അലെപ്പോയിലും ഗൂത്തയിലും കണ്ടത് ഇദ്‌ലിബിലും ആവര്‍ത്തിക്കപ്പെട്ടേക്കും.
(മാധ്യമപ്രവര്‍ത്തകനാണു ലേഖകന്‍. ദ ഐസിസ് കാലിഫേറ്റ്: ഫ്രം മൊസൂള്‍ റ്റു ദി ഡോര്‍സ്‌റ്റെപ്‌സ് ഓഫ് ഇന്ത്യ എന്ന ലേഖകന്റെ പുസ്തകം ഏപ്രില്‍ 18 നു ബ്ലൂംസ്ബറി പുറത്തിറക്കുന്നു.)