Thelicham

മുഹിയുദ്ധീന്‍ മാലയും അറബി മദ്ഹ് കാവ്യങ്ങളും: ഇന്റര്‍-ഡിസിപ്ലിനറി പഠനങ്ങളുടെ ആവശ്യകത

മാപ്പിള സാഹിത്യ പാരമ്പര്യത്തിന്റെ പരിണാമഘട്ടത്തിലെ നിര്‍ണായക മുഹൂര്‍ത്തങ്ങളിലൊന്നാണ് 1607. നിരവധി ഭാഷാ, സാഹിത്യ സംസ്‌കാരങ്ങളുടെ സംയുക്ത സംഭാവനയായ മുഹ്‌യിദ്ദീന്‍ മാല വിരചിതമായ വര്‍ഷമാണത്. ഈ ലക്കം തെളിച്ചം മാസികയില്‍ മലയാളത്തിലേക്ക് മൊഴിമാറ്റി പ്രസിദ്ധീകൃതമാവുന്ന ഓണ്‍ ദി വാര്‍പ് ആന്‍ഡ് വൂഫ് ഓഫ് ദി ലാന്‍ഗ്വേജ് എന്ന മുഹിയുദ്ദീന്‍ മാലയെ കുറിച്ചുള്ള പഠനം ഞങ്ങളുടെ സഹകരണം ആരംഭിക്കുന്നതിനും മുന്‍പാണ് രചിക്കപ്പെടുന്നത്. ഇന്ന് ഞങ്ങളൊരു അനൗദ്യോഗികമായ പരസ്പരം സഹകരിച്ചുമുന്നോട്ട് പോവുന്ന ഗവേഷണ പങ്കാളികളാണ്. ഞങ്ങളുടെ ടീമിലൊരാളായ ഐനസ് വിന്‌റിച്ച് അറബി ഭാഷാ-സാഹിത്യ വിദഗ്ധയും ഒരു നരവംശസംഗീതശാസ്ത്രജ്ഞയുമാണ്(എത്‌നോമ്യൂസികോളജിസ്റ്റ്), ഒഫിറ ഗംലിയേല്‍, മലയാള സാഹിത്യവും കേരള സംസ്‌കാരവും സ്‌പെഷ്യലൈസ് ചെയ്ത് പഠിക്കുന്ന ഒരു ദക്ഷിണേഷ്യന്‍ പണ്ഡിതയാണ് (സൗത്തേഷ്യനിസ്റ്റ്). വ്യത്യസ്ത ശാഖകളുടെ(ഡിസിപ്ലിനുകളിലെ) പഠിതാക്കളായ ഞങ്ങളുടെ സഹകരണലക്ഷ്യം അറബിമലയാള സാഹിത്യത്തില്‍ അന്തര്‍ലീനമായ സാഹിത്യ, സാംസ്‌കാരിക ലോകങ്ങളെ കൂടുതല്‍ ആഴത്തില്‍ തിരിച്ചറിയലാണ്. അറബി മലയാളത്തിലെ, ലഭ്യമായതില്‍ വെച്ചേറ്റവും പഴക്കമുള്ള കൃതിയായ മുഹ്‌യിദ്ദീന്‍ മാല തൊട്ട് തന്നെ ഞങ്ങളുടെ പഠനം ആരംഭിക്കുന്നത് തികച്ചും സ്വാഭാവികമാണെന്ന് പറയേണ്ടതില്ല.

ഉപര്യുക്ത പഠനം രചിക്കപ്പെട്ടതിന് ശേഷം, മാപ്പിള സാഹിത്യത്തെയും മദ്ഹ് കാവ്യങ്ങളെയും, പ്രത്യേകിച്ചും മൗലിദ്, മാലപ്പാട്ടുകളെയും പറ്റിയുള്ള നിരവധി ആകര്‍ഷകമായ ചര്‍ച്ചകള്‍ ഞങ്ങള്‍ക്കിടയില്‍ നടന്നിട്ടുണ്ട്. മാപ്പിള-അറബി ആത്മീയ സാഹിത്യരൂപങ്ങള്‍ക്കും അവയുടെ ആചരണങ്ങള്‍ക്കിടയിലും പ്രകടമായ സാദൃശ്യം തന്നെ നിലനില്‍ക്കുന്നുണ്ട്. മാപ്പിളയുടെ ചരിത്രഘട്ടങ്ങളെ വിപ്ലവാത്മകമായി സമീപിക്കുന്ന പുതിയ ഗഹനവും ഗാഢവുമായ പഠനങ്ങള്‍ ആവശ്യമുണ്ടെന്ന ബോധ്യം ഞങ്ങളിരുവരും പലപ്പോഴും പങ്കുവെക്കാറുണ്ട്. ഞങ്ങള്‍ അടുത്തിടെ മാത്രം രൂപപ്പെടുത്തി മുന്നോട്ട് കൊണ്ടുപോവുന്നത് പ്രകാരമുള്ള ഒരു ഇന്റര്‍ ഡിസിപ്ലിനറി ഗവേഷണ സഹകരണം തദ്വിഷയകമായി അനിവാര്യമാണെന്ന് ബോധ്യപ്പെടുത്താനായി, 1607-ല്‍ രചിക്കപ്പെട്ട ഈ അറബിമലയാളം കാവ്യവും അറബി മദ്ഹ് കാവ്യങ്ങളുമായുള്ള രൂപ, രീതി സാദൃശ്യങ്ങളെ കുറിച്ചുള്ള ചില നിരീക്ഷണങ്ങള്‍ കൂടെ ചുവടെ പങ്ക് വെക്കുകയാണ്. മുഹ്‌യിദ്ദീന്‍ മാലയും മറ്റു മദ്ഹ് കാവ്യങ്ങളുമെല്ലാം ഇന്നും ജീവിക്കുന്ന സാംസ്‌കാരിക പ്രകടനരൂപങ്ങളാണ് എന്നത് ഇതിന്റെ പ്രസക്തി വര്‍ധിപ്പിക്കുന്നു.

പരസ്പരമുള്ള സാംസ്‌കാരിക ആദാനപ്രദാനങ്ങളുടെയും ദേശബന്ധങ്ങളുടെയും ചരിത്രത്തിലേക്ക് ഖനനം ചെയ്ത് പോവുന്നത് ഏറെ പ്രലോഭനാത്മകമാണ്. ഇന്ത്യന്‍ മഹാസമുദ്രതീരങ്ങളുടെ സാമൂഹിക സാംസ്‌കാരിക ഘടനയുടെ പൊതുസവിശേഷതയായ ഭിന്നഭാഷകള്‍ കൂടിക്കലരുമ്പോഴുണ്ടാകുന്ന സാഹിത്യവൈവിധ്യങ്ങളും ഗവേഷകന് അത്രതന്നെ താല്‍പര്യജനകമാണ്. പക്ഷെ, മുഹ്‌യിദ്ദീന്‍ മാലയെക്കുറിച്ചുള്ള വളരെ പ്രാഥമികമായ ഈ പഠനം പ്രസ്തുത കൃതിയുടെ ചരിത്രപരവും സാര്‍വലൗകികവുമായ പശ്ചാത്തലങ്ങളോട് പൊതുവെ സംവദിക്കുന്നില്ല. മുഹ്‌യിദ്ദീന്‍ മാലയുടെ ചരിത്രപരമായ പശ്ചാത്തല വിവരങ്ങളെയും അന്വേഷണങ്ങളെയും ഭാവി പഠനങ്ങള്‍ക്കു വിട്ടുകൊടുത്ത്, അറബി-മുസ്്‌ലിം മദ്ഹ് കാവ്യശാഖയിലെ സാഹിത്യാനുബന്ധിയായ പശ്ചാത്തലത്തില്‍ നിന്ന് മുഹിയുദ്ദീന്‍ മാലക്ക് പുതിയ ദിശ നല്‍കാനാണ് ഞങ്ങള്‍ താല്‍പര്യപ്പെടുന്നത്.

ഒന്ന്: മുഹ്‌യിദ്ദീന്‍ മാലയിലെ കാവ്യസംബന്ധിയായ രൂപകാലങ്കാരങ്ങള്‍(മെറ്റഫര്‍) പരസ്പരം വൈരുദ്ധ്യമുള്ള നിറങ്ങളെയാണ് സൂചിപ്പിക്കുന്നത്, (വെളുത്ത നിറമുള്ള മുത്തും ചുവന്ന നിറമുള്ള മാണിക്യവും ഉദാഹരണം). മണിപ്രവാളത്തിലാകട്ടെ പരസ്പരൈക്യമുള്ള നിറങ്ങളുള്ള മാണിക്യത്തിന്റെയും പവിഴത്തിന്റെയും രൂപകമാണ് പ്രയോഗിച്ചിരിക്കുന്നത്. ക്രമപ്രവൃദ്ധവും ചിട്ടയൊത്തതും ഒരു മാലയില്‍ കോര്‍ക്കപ്പെട്ട മുത്തുകള്‍ പോലെ സമാനവുമാവണം കവിതയെന്നാണ് അറബി കാവ്യസിദ്ധാന്തം. അറബിയില്‍ കവിതകള്‍ക്ക് ‘കോര്‍ക്കുക’ എന്നുകൂടെ അര്‍ഥവ്യാപ്തിയുള്ള ‘നള്മ്’ എന്ന പദവും ഗദ്യത്തിന് ‘വിതറുക’ എന്നര്‍ത്ഥം കൂടിയുള്ള ‘നസ്‌റ്’ എന്ന പദവും ഉപയോഗിക്കുന്നതിന് പിന്നിലെ താല്‍പര്യവുമിതാണ്. അബൂ മന്‍സൂര്‍ ഥഅ്‌ലബി പറയുന്നു: ‘പനിനീര്‍ വെള്ളം തൂവിയത് പോലെയാണ് ഗദ്യം, പദ്യമാവട്ടെ (മുത്തുകള്‍) കോര്‍ത്ത മാല പോലെയും’. തന്റെ കവിതയെക്കുറിച്ച് സ്വയം വര്‍ണ്ണിക്കുന്നിടത്ത് മുത്തും മാണിക്യവുമെന്ന മിശ്രണം തന്നെ ഖാദി മുഹമ്മദ് മനഃപൂര്‍വം തിരഞ്ഞെടുത്തത് അറബി കാവ്യലോകവുമായുള്ള അദ്ദേഹത്തിന്റെ പരിചയത്തെ കുറിക്കുന്നു.

രണ്ട്: ഈ രൂപകം അറബി സാഹിത്യവുമായി തന്റെ കൃതിയെ ബന്ധിപ്പിക്കുന്ന ഉപായം എന്നതിനപ്പുറം അദ്ദേഹത്തിന്റെ കാവ്യഘടനയില്‍ പ്രതിഫലിച്ചുകാണുന്ന അറബി സാഹിത്യപരമ്പര്യവുമായുള്ള സങ്കീര്‍ണവും ഗാഢവുമായ പാരസ്പര്യങ്ങളുടെ സൂചന കൂടിയാണ്. മുഹ്‌യിദ്ദീന്‍ മാലയിലെ പ്രാസങ്ങളുടെ തിരഞ്ഞെടുപ്പില്‍ നിന്നും ഇത് വ്യക്തമാണ്. അറബി കവിതയിലെ അന്ത്യപ്രാസത്തെയും (ശീലുകളുടെ അവസാനമുള്ള പ്രാസം) മലയാളത്തിലെ മോനപ്രാസത്തെയും (ഒരു ശീലിലെ ആദ്യ ശബ്ദം ആവര്‍ത്തിച്ചുപയോഗിക്കല്‍) ഇഴ ചേര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമം ഇതില്‍ കാണാം.

മൂന്നാമതായി, അറബി മദ്ഹ് കാവ്യങ്ങളോട് സമാനത പുലര്‍ത്തുന്ന ഒരുപാട് ഘടനാരൂപങ്ങള്‍ മാലയില്‍ കാണാം. ഉദാഹരണത്തിന്, പ്രവാചകരുടെ മദ്ഹുന്നബി കാവ്യങ്ങളെടുക്കാം, അറബി മൗലിദ് രചനകളുടെ ബഹുഭൂരിഭാഗവും ഈ ഗണത്തില്‍പെട്ടതാണ്. അത്തരം കവിതകളില്‍, ദൈവത്തോട് പാപമോക്ഷം തേടുന്നതോടൊപ്പം കവി തന്റെ പേരും കാവ്യരചനയുടെ പ്രേരണയും വ്യക്തമായി വിശദീകരിക്കുന്നത് സര്‍വ്വസാധാരണമാണ്. ഉദാഹരണത്തിന് അബ്ദുറഊഫ് മുനാമിയുടെ മൗലിദ് തുടങ്ങുന്നത് തന്നെ കാവ്യം എഴുതാനായി തന്നെ പ്രേരിപ്പിച്ച കാഴ്ചയുടെ സവിശദമായ പരാമര്‍ശത്തോടുകൂടിയാണ്.

അപ്രകാരം, ഭക്തി കാവ്യങ്ങള്‍ പാടിപ്പറയുന്നതും അതില്‍ പങ്കെടുക്കുന്നതും പുണ്യകരമാണെന്നും പങ്കെടുക്കുന്നവര്‍ പ്രാര്‍ത്ഥനകളില്‍ ഉള്‍പ്പെടുത്തുന്നവര്‍ക്കും അതിന്റെ പ്രതിഫലം ലഭിക്കുമെന്നുമെല്ലാം പറയുന്നതായി കാണാം. നേരത്തെ പരാമര്‍ശിച്ച മുനാമിയുടെ മൗലിദിന്റെ ആദ്യഭാഗം തന്നെ ഇതിനുദാഹരണമാണ്. പതിമൂന്നാം നൂറ്റാണ്ടിലെ മദ്ഹ്കവിയായ ശറഫുദ്ദീന്‍ മുഹമ്മദ് അല്‍ബൂസ്വീരിയുടെ സുപ്രസിദ്ധമായ ഖസീദതുല്‍ ബുര്‍ദ (കേരളത്തില്‍ ബുര്‍ദ ബൈത്ത് എന്നറിയപ്പെടുന്നു) മറ്റൊരു പ്രമുഖ ഉദാഹരണമാണ്. ഒരേ അളവിലും പ്രാസത്തിലുമുള്ള ഏഴുവരി പ്രാര്‍ത്ഥനയിലൂടെയാണ് ഈ വിഷയം സംബോധന ചെയ്യപ്പെടുന്നത്. ബുര്‍ദയുടെ ഈ ഭാഗം പില്‍ക്കാലത്ത് അതിനോട് ചേര്‍ക്കപ്പെട്ടതാണെങ്കില്‍ കൂടി, അനേകം പ്രതികളുടെ കൈമാറ്റം വഴി സമൂഹമധ്യേ അത് സ്ഥാപിക്കപ്പെടുകയും ബുര്‍ദാ പാരായണവുമായി ബന്ധപ്പെട്ട് ഈ വരികള്‍ ഏറെ പ്രസക്തമായി മാറുകയും ചെയ്തിട്ടുണ്ട്. ഈ പഠനത്തില്‍ ഉദ്ധരിക്കപ്പെടുകയും മലയാളത്തിലെ ‘ഫലശ്രുതി’ രീതിയുമായി താരതമ്യവിധേയമാക്കപ്പെടുകയും ചെയ്ത ഖാദി മുഹമ്മദിന്റെ വരികളും ഇതേ ദൗത്യമാണ് നിര്‍വഹിക്കുന്നത്. ആ വരികള്‍ക്കു പുറമേ, അറബി ഭക്തികാവ്യങ്ങളുമായി താരതമ്യവിധേയമാക്കുമ്പോള്‍ പ്രസക്തമായ രണ്ടു വരികള്‍ കൂടിയുണ്ട് മാലയില്‍.
അവരുടെ ദുആയും ബറകത്തും കൊണ്ടോവര്‍
ആഖിറവും ദുന്‍യാവും നിറഞ്ഞോവര്‍
അവരുടെ മോളിയില്‍ ഫുതുമാ ഫലേതുണ്ട്
ഇത്ര അതിന്നെന്ന് ഓര്‍ത്തിട്ട് കൊള്ളാതോര്‍
ഈ രണ്ട് വരികളാണ് മദ്്ഹ് കാവ്യത്തിന്റെ ഉള്ളടക്കത്തില്‍ നിന്ന് ‘ഫലശ്രുതി’ ഘടനയിലേക്കുള്ള മാലയുടെ മാറ്റം അടയാളപ്പെടുത്തുന്നത്.

എന്തുകൊണ്ട്് കവി തന്റെ കാവ്യത്തിന് ‘മാല’ എന്ന് പേരിട്ടു എന്നത് ഇനിയും അന്വേഷണമര്‍ഹിക്കുന്നുണ്ട്. അറബി കാവ്യശാസ്ത്ര പ്രകാരം കാവ്യങ്ങളും ഒറ്റവരിക്കവിതകളും എല്ലാം മനോഹരമായി ക്രമീകരിക്കപ്പെട്ട ചില ഘടനകള്‍ക്കനുസൃതമായിരിക്കണം എന്നുണ്ട്. ഈ ഘടനാപരമായ മനോഹര രൂപങ്ങള്‍ക്കകത്തേക്ക് തളച്ചിടുന്നത് കൊണ്ടുകൂടിയാവും കവി ഒറ്റ നൂലില്‍ കോര്‍ത്തെടുക്കുന്ന മാലയോട് തന്റെ സാഹിത്യ സൃഷ്ടിയെ ഉപമിച്ചതെന്ന ചിലരുടെ നിരീക്ഷണം ആകര്‍ഷകമാണ്. കാവ്യത്തിനൊപ്പം ഈ കാവ്യരൂപങ്ങളുടെ പരമ്പരാഗതമായ പാരായണം എന്ന ഘടകം കൂടെ കണക്കിലെടുക്കുമ്പോള്‍ മറ്റൊരു സാധ്യത കൂടെ തെളിഞ്ഞു വരുന്നു; അബ്ദുല്‍ ഖാദിര്‍ ജീലാനിയെ വാഴ്ത്തുന്ന, പാടുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും ഒരു പോലെ വിശുദ്ധമാവുന്ന ഒന്നാകയാല്‍ തസ്ബീഹ് മാലയിലെ മുത്തുകള്‍ പോലെയാണ് വിശുദ്ധവും ചേര്‍ന്നുനില്‍ക്കുന്നതുമാവുന്നുണ്ട് ഇതിലെ വരികളോരോന്നും.

ചുരുക്കത്തില്‍, അറബിമലയാളത്തിലെ അറിയപ്പെട്ടതില്‍ വെച്ചേറ്റവും പഴക്കമുള്ള ഈ കാവ്യം, രണ്ട് മഹത്തായ കാവ്യ പാരമ്പര്യങ്ങള്‍, കവിയുടെ ജന്മ സ്ഥലമായ കോഴിക്കോട് വെച്ച് സംഗമിച്ചതിന്റെ ഫലമായി രൂപപ്പെട്ടതാണ്. ബ്രാഹ്മണ നായര്‍ മണിപ്രവാള കവിതാ പാരമ്പര്യവും അറബി മദ്്ഹ് കാവ്യ പാരമ്പര്യവും കൂടെയുണ്ടാക്കിയ ഭിന്ന സാംസ്‌കാരിക സങ്കലനവും കവിയില്‍ അത് ചെലുത്തിയ സ്വാധീനവും കൂടെയാണ് ഈ അറബിമലയാളം കാവ്യം സാക്ഷാത്കരിക്കുന്നത്.

ഈ ചെറിയ വിവരണങ്ങള്‍ ഖണ്ഡിതമായ സാമാന്യവത്കരണങ്ങള്‍ അല്ല; മറിച്ച് നിരവധി അറബി മലയാളം രചനകളില്‍ നിന്ന് ഒന്നിനെ കുറിച്ച് മാത്രമുള്ള അന്വേഷണമാണ്. പ്രാദേശിക മാപ്പിള പണ്ഡിതര്‍ അറബിയില്‍ രചിച്ച മദ്്ഹ് കാവ്യങ്ങളിലേക്ക് വായന വികസിപ്പിക്കുകയാണ് ഞങ്ങളുടെ അടുത്ത ലക്ഷ്യം. വിഭിന്ന പഠനശാഖകളുടെ പരസ്പര സഹകരണത്താല്‍ സൈദ്ധാന്തിക സമീപനങ്ങള്‍ക്കുണ്ടാകാവുന്ന ഗുണങ്ങള്‍ ഈ വിവരണത്തില്‍ നിന്നും നിങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടാകും. ഇനിയും മാപ്പിളമാരുടെ പ്രാദേശിക രചനകള്‍ക്ക് അര്‍ഹിക്കുന്ന ശ്രദ്ധ കിട്ടിയിട്ടില്ലാത്ത ഏഷ്യന്‍-ഇന്ത്യന്‍, ഓഷ്യന്‍ സ്റ്റഡീസിന്റെ വിശാലമായ പഠനമേഖലയില്‍ ചെറിയ സംഭാവനകളായി ഈ നിരീക്ഷണങ്ങള്‍ മാറുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

Editor Thelicham

Thelicham monthly

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.