ദേശീയതയെ കുറിച്ചുള്ള പഠനസന്ദര്‍ഭങ്ങളില്‍ പ്രദേശ(റീജിയണ്‍)ത്തെക്കുറിച്ചുള്ള ചിന്തകള്‍ ഇന്ന് ഏറെ പരിഗണിക്കപ്പെടുന്നുണ്ട്. ദേശരാഷ്ട്രനിര്‍മ്മിതിയുടെ വിമര്‍ശസ്ഥാനത്താണ് ‘റീജിയണ്‍’ പലപ്പോഴും നിലകൊള്ളുന്നത്. ദേശരാഷ്ട്ര(നേഷന്‍ സ്‌റ്റേറ്റ്)ത്തിന്റെ ഭരണയുക്തിക്കനുസരിച്ച് പ്രദേശത്തെ അടയാളപ്പെടുത്താന്‍ നിരന്തരമായി ശ്രമങ്ങള്‍ നടക്കുമ്പോഴും, പ്രദേശത്തിന്റെ ചരിത്രപരവും സാംസ്‌കാരികവുമായ യുക്തികള്‍ അതിനെ നിഷേധിച്ചു കൊണ്ടേയിരിക്കും. പക്ഷേ ഇത്തരത്തില്‍ ദേശരാഷ്ട്രത്തിന്റെ എതിര്‍സ്ഥാനത്ത് പ്രദേശത്തെ കാണുമ്പോഴും ദേശരാഷ്ട്രം വിഭാവനം ചെയ്യപ്പെടുന്ന അതേ മാതൃകയില്‍ തെന്നയാണ് പ്രദേശം അതിന്റെ വിമര്‍ശനസ്ഥാനത്തേയും രൂപപ്പെടുത്തുന്നതെന്ന് കാണാനാവും. യഥാര്‍ത്ഥത്തില്‍ ദേശരാഷ്ട്രയുക്തികള്‍ക്ക് പുറത്ത്, പ്രദേശം സ്വരൂപിക്കുന്ന എതിര്‍ബലങ്ങളെക്കൂടി കണക്കിലെടുക്കുമ്പോഴാണ് ഇത്തരം അന്വേഷണങ്ങള്‍ സമഗ്രമാവുന്നത്. ഒരു പ്രദേശം (റീജിയണ്‍) എന്ന നിലയില്‍ മലബാറിനെക്കുറിച്ച് അന്വേഷിക്കുമ്പോള്‍ ഇത് ഏറെ പ്രസക്തമാണ്. കൊളോണിയല്‍ കാലം മുതല്‍ മലബാറിലെ മാപ്പിള സമൂഹത്തിന്റെ സാന്നിധ്യം, മലബാറിനെ സ്ഥാനപ്പെടുത്തുന്ന ഭരണകൂടയുക്തികളെ ഏറിയ തോതില്‍ നിര്‍ണയിച്ചു പോന്നിട്ടുണ്ട്. മാപ്പിള സമുദായരൂപീകരണത്തേയും അതിന്റെ പരിണാമങ്ങളേയും, അതിന്റെ തനതായ സാംസ്‌കാരിക ബന്ധങ്ങളെക്കൂടി പരിഗണിച്ചുകൊണ്ടേ പഠിക്കാനാവൂ. മാപ്പിള സമുദായത്തിനകത്തു നടന്ന ചില സംസ്‌ക്കാരവിവര്‍ത്തനങ്ങളും അതിന്റെ വിനിമയ ബന്ധങ്ങളും മലബാര്‍ പഠനങ്ങളില്‍ സവിശേഷവും സുപ്രധാനവുമാവുന്നത് അതുകൊണ്ടാണ്.
മലബാറിലെ മാപ്പിള മുസ്ലിംകളുടെ സാംസ്‌കാരികവും രാഷ്ട്രീയവുമായ കര്‍തൃത്വത്തെ നിര്‍ണയിക്കുന്നതില്‍ അറബിമലയാളത്തില്‍ രചിക്കപ്പെട്ട പടപ്പാട്ടുകള്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടുകളില്‍ മാപ്പിളമാര്‍ ഒരു സമുദായമെന്ന നിലയില്‍ നേരിട്ട പ്രതിസന്ധികളെ മുന്‍നിര്‍ത്തിയാണ് പ്രവാചകന്റെ യുദ്ധവിജയങ്ങള്‍ വര്‍ണിക്കപ്പെടുന്ന പടപ്പാട്ടുകളുടെ രചന നിര്‍വ്വഹിക്കപ്പെടുന്നത്. ഇസ്്‌ലാമികചരിത്രത്തിലെ വീരകഥകളുടെ വിവര്‍ത്തനം എന്ന നിലയില്‍ മാത്രമല്ല, ലക്ഷ്യഭാഷാസമൂഹത്തിന്റെ സാമൂഹികാവശ്യങ്ങളുടെ നിര്‍വ്വഹണം എന്ന നിലയില്‍ കൂടി ഈ പാട്ടുകളെ പഠിക്കേണ്ടതുണ്ട്. ആ അര്‍ത്ഥത്തില്‍ ഈ കൃതികളുടെ രചനയില്‍ സ്വീകരിക്കപ്പെട്ടിരിക്കുന്ന വിവര്‍ത്തനതന്ത്രങ്ങളെക്കുറിച്ചാണ് ഈ പ്രബന്ധം അന്വേഷിക്കുന്നത്.
എ. ഡി ഏഴും എട്ടും നൂറ്റാണ്ടുകളില്‍ തന്നെ ഇസ്്‌ലാം കേരളത്തിലെത്തിയതായി സൂചനകളുണ്ട് (ഇംപീരിയല്‍ ഗസറ്റേഴ്‌സ്, വാള്യം:17, പേ:56). ഹിജ്‌റവര്‍ഷം 122-ലും 163-ലും കണ്ണൂരിലെ അറയ്ക്കല്‍ രാജവംശം പുറത്തിറക്കിയിരുന്ന വെള്ളിനാണയങ്ങളെക്കുറിച്ച് പി.എ.സെയ്തു മുഹമ്മദ് തന്റെ ‘കേരള മുസ്്‌ലിം ചരിത്രത്തില്‍’ സൂചിപ്പിക്കുന്നുണ്ട്. (1) ഹിജ്‌റവര്‍ഷം ആരംഭിച്ച് അധികം താമസിയാതെ തന്നെ കേരളത്തില്‍ മുസ്്‌ലിം അധിവാസം ആരംഭിച്ചിട്ടുണ്ടെന്നതിന്റെ തെളിവായി കണക്കാക്കപ്പെടുന്നവയാണ് ആ നാണയങ്ങള്‍. പക്ഷേ ഒരു വ്യാപാരസമൂഹം എന്ന നിലയില്‍ കേരള തീരത്ത് പ്രവര്‍ത്തിച്ചിരുന്ന മുസ്്‌ലിംകള്‍, ഒരു സമുദായം എന്ന നിലയില്‍ ദൃഢീകരിക്കപ്പെടുന്നത് പോര്‍ച്ചുഗീസ് ആഗമനത്തോടെയാണ്. വ്യാപാര രംഗത്തുണ്ടായിരുന്ന മേല്‍ക്കോയ്മ തകരുകയും ചിതറുകയും ചെയ്ത ആ പ്രതിസന്ധിഘട്ടം സമുദായരൂപീകരണത്തിലെ പ്രധാന ചുവടായിരുന്നു.
മലബാര്‍ തീരത്തെ വ്യാപാരക്കുത്തക പോര്‍ച്ചുഗീസുകാര്‍ കയ്യടക്കിയതോടെ മാപ്പിളമാര്‍ക്ക് കച്ചവടത്തിന്റെ കേന്ദ്രസ്ഥാനത്തു നിന്ന് പിന്‍വാങ്ങേണ്ടി വന്നു. തീരദേശത്തു നിന്ന് മലബാറിന്റെ ഉള്‍ഭാഗങ്ങളിലേക്കുള്ള മാപ്പിളമാരുടെ കുടിയേറ്റം ആരംഭിക്കുന്നത് അങ്ങനെയാണ്. കുടിയേറ്റം കാര്‍ഷിക വ്യവസ്ഥിതിയിലേക്കുള്ള ഒരു മാറ്റം കൂടിയായിരുന്നു. പോര്‍ച്ചുഗീസ് അധിനിവേശത്തോടുകൂടി അതുവരെ മലബാര്‍ തീരത്തെ മുസ്്‌ലിംകളുടെ രക്ഷാകര്‍തൃത്വം വഹിച്ചിരുന്ന സാമൂതിരി, പോര്‍ച്ചുഗീസുകാരുമായി സഖ്യം സ്ഥാപിക്കുകയും മാപ്പിളമാര്‍, സാമൂതിരിയുമായുള്ള ബന്ധം വേര്‍പ്പെടുത്തി ഒരു സ്വതന്ത്ര സമുദായമായിത്തീരുകയും ചെയ്തു. എ.ഡി പതിനാറും പതിനേഴും നൂറ്റാണ്ടുകള്‍ മാപ്പിളമാരെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം അവ്യവസ്ഥിതവും അതിജീവന പ്രതിസന്ധികള്‍ നിറഞ്ഞതുമായിരുന്നു. ഇക്കാലങ്ങളില്‍ രചിക്കപ്പെട്ട ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്റെ തഹ്‌രീളു അഹ്‌ലില്‍ ഈമാനി അലാജിഹാദി അബ്ദത്തിസ്സുല്‍ബാന്‍, ഖാസി മുഹമ്മദിന്റെ ഫത്ഹുല്‍മുബീന്‍, ശൈഖ് സൈനുദ്ദീന്‍ രണ്ടാമന്റെ തുഹ്ഫത്തുല്‍ മുജാഹിദീന്‍ തുടങ്ങിയ കൃതികളില്‍ നിന്ന് മാപ്പിളമാര്‍ നേരിട്ട പ്രതിസന്ധിയുടെ ആഴം വായിച്ചെടുക്കാം.
ടിപ്പുസുല്‍ത്താന്റെ ഭരണത്തിനുശേഷം ബ്രിട്ടീഷുകാര്‍ മലബാര്‍ പിടിച്ചെടുക്കുന്നതോടെ, കാര്‍ഷികമേഖലയില്‍ മാപ്പിളമാര്‍ക്ക് കനത്ത വെല്ലുവിളികളാണ് നേരിടേണ്ടി വന്നത്. കുടിയാന്മാരുടെ അവകാശങ്ങളെല്ലാം റദ്ദാക്കപ്പെടുകയും ഭൂവുടമകള്‍ക്ക് സര്‍വ്വസ്വാതന്ത്ര്യങ്ങളും ലഭിക്കുകയും ചെയ്തു. പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടുകള്‍ സംഘര്‍ഷങ്ങളും സംഘട്ടനങ്ങളും നിരന്തരമായി ആവര്‍ത്തിക്കപ്പെട്ട കാലമായിരുന്നു. ”ബ്രിട്ടീഷ് ഭരണത്തിന്റെ ആദ്യത്തെ 40 വര്‍ഷത്തിനിടയില്‍ 90 സംഘട്ടനങ്ങള്‍ നടന്നതായാണ് രേഖകള്‍”.(2) 1830-ല്‍ പന്തല്ലൂര്‍, 1834-ല്‍ മലപ്പുറം, 1843-ല്‍ മഞ്ചേരി, 1843-ല്‍ ചേറൂര്‍, 1846-ല്‍ മണ്ണാര്‍ക്കാട്, 1849-ല്‍ അങ്ങാടിപ്പുറം, 1879-ല്‍ പാറോല്‍, 1884-ല്‍ തെക്കന്‍ കുറ്റൂര്‍, 1889-ല്‍ പാണ്ടിക്കാട്, 1891-ല്‍ ചെര്‍പ്പുളശ്ശേരി എന്നീ സ്ഥലങ്ങളില്‍ നടന്ന കലാപങ്ങള്‍ ഏറെ ആള്‍നാശമുണ്ടാക്കിയവയായിരുന്നു. 19-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയാവുമ്പോഴേക്ക് വംശീയമായ അതിജീവനത്തിനുവേണ്ടിയുള്ള പോരാട്ടത്തിനൊരുങ്ങുന്ന ഒരു സമൂഹമനസ്സ് (സോഷ്യല്‍ സൈക്) മലബാറിലെ മാപ്പിള സമുദായത്തിനകത്ത് രൂപപ്പെട്ടു കഴിഞ്ഞിട്ടുണ്ടായിരുന്നു.
1879-ല്‍ മോയിന്‍കുട്ടി വൈദ്യര്‍ ബദര്‍പടപ്പാട്ട് രചിക്കുന്നത് ഇത്തരമൊരു ചരിത്ര പശ്ചാത്തലത്തിലാണ്. പ്രവാചകനും 313 അനുചരന്മാരും എണ്ണത്തിലും വണ്ണത്തിലും തങ്ങളേക്കാള്‍ എത്രയോ ശക്തരായ ശത്രുസൈന്യത്തെ ദൈവസഹായം കൊണ്ട് പരാജയപ്പെടുത്തുന്നതാണ് ബദര്‍യുദ്ധകഥ. ബ്രിട്ടീഷ് സാമ്രാജ്യത്വവും ശക്തരായ ഭൂവുടമകളും ഒരു മുന്നണിയായി തങ്ങള്‍ക്കു നേരെ അനീതികാട്ടുമ്പോള്‍ അതിനെതിരായ പോരാട്ടത്തിനൊരുങ്ങി നില്‍ക്കുന്ന മാപ്പിളമാരെ പ്രചോദിപ്പിക്കാന്‍ ഇതിനേക്കാള്‍ മികച്ച ഒരു ഇതിവൃത്ത(പ്ലോട്ട്)മില്ല. അതോടൊപ്പം ഒറ്റക്കെട്ടായി നില്‍ക്കുന്ന ഒരു സമുദായമനസ്സ് രൂപപ്പെടുത്താനും ഈ പ്രമേയത്തിനു സാധിക്കും.
ബദര്‍ ഉള്‍പ്പെടെയുള്ള ഇസ്‌ലാമികചരിത്രസാഹിത്യം വളരെ മുമ്പു തന്നെ അറബിമലയാള ഭാഷയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. രണ്ടു തരം ധര്‍മ്മ(ഫന്‍ക്ഷന്‍)ങ്ങളാണ് അവയ്ക്ക് സമുദായത്തില്‍ നിര്‍വ്വഹിക്കാനുണ്ടായിരുന്നത്. ഒന്ന് മാപ്പിള സമുദായത്തിന്റെ ഘടനയുമായി ബന്ധപ്പെട്ടതാണ്. മലബാറിലെ മുസ്്‌ലിം സമുദായത്തെ രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചത് മതപരിവര്‍ത്തനമായിരുന്നു. ഇസ്്‌ലാം സ്വീകരിച്ച തദ്ദേശവാസികളെ പ്രത്യയശാസ്ത്രപരമായി സെമിറ്റിക്‌വല്‍ക്കരിക്കുന്നതില്‍ ഈ സാഹിത്യത്തിന് വലിയ സ്വാധീനമുണ്ട്. ഇസ്്‌ലാമിന്റെ ചരിത്രവുമായി ബന്ധപ്പെട്ട കഥകള്‍, പാട്ടായും പ്രകടനമായും (പെര്‍ഫോമന്‍സ്) ജനമനസ്സുകളില്‍ തുന്നിച്ചേര്‍ക്കുന്നതിലൂടെ ലോകമെങ്ങുമുള്ള ഒരു മുസ്്‌ലിംഫോകിന്റെയും അവരുടെ പാരമ്പര്യത്തിന്റെയും ഭാഗമായി തങ്ങളെ അടയാളപ്പെടുത്താന്‍ മതപരിവര്‍ത്തിതരെ അത് സഹായിച്ചു. രണ്ടാമത്തേത് കുറേക്കൂടി അടിയന്തിരമായ ധര്‍മമായിരുന്നു. സാമൂഹികമായ അതിജീവനത്തിനുവേണ്ടി പൊരുതിയിരുന്ന മാപ്പിളമാര്‍ക്ക് വീര്യം പകരുന്നതിനും ആത്മീയവും വിശ്വാസപരവുമായ ഒരു ബാധ്യതയായി ആ പോരാട്ടത്തെ അവതരിപ്പിക്കുന്നതിനും ഈ ഇസ്്‌ലാമികചരിത്ര സാഹിത്യം പ്രയോജനപ്പെട്ടു. അക്കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ പുനരാഖ്യാനം ചെയ്യപ്പെട്ടത് ബദ്ര്‍യുദ്ധ ചരിത്രമാണ്. താനൂര്‍ മൊയ്തീന്‍ കുട്ടി മൊല്ലയുടെ ‘ബദ്ര്‍ ഒപ്പന’, കാഞ്ഞിരാല കുഞ്ഞിരായിന്‍ രചിച്ച ‘ബദ്ര്‍ മാല’, നാലകത്ത് മരക്കാര്‍കുട്ടി മുസ്‌ലിയാരുടെ ‘ബദ്ര്‍ ബൈത്ത്’, മാഞ്ചാന്‍ എറിയകത്ത് അബ്ദുല്‍ അസീസിന്റെ ‘ബദ്ര്‍ ഇളമ’, പൊന്നാനി വളപ്പില്‍ അബ്ദുല്‍ അസീസ് മുസ്്‌ലിയാരുടെ ബദ്ര്‍ മൗലിദ്, കെ.സി. മുഹമ്മദിന്റെ ബദ്ര്‍ കെസ്സ്, മൗരത്തൊടിക മുഹമ്മദ് മൗലവിയുടെ ബദ്‌റുല്‍ കുബ്‌റാ ചിന്ത്, കിഴക്കിനിയകത്ത് കമ്മുക്കുട്ടി മരക്കാരുടെ ബദ്ര്‍ തിരുപ്പുകള്‍, കോടഞ്ചേരി മരക്കാര്‍ മുസ്്‌ലിയാരുടെ ബദ്ര്‍ മാല, പട്ടിക്കാട് ഇബ്രാഹിം മൗലവിയുടെ ബദ്ര്‍ പാട്ട്, ചാലിലകത്ത് അഹമ്മദ്‌കോയ മുസ്്‌ലിയാരുടെ ബദ്‌രിയ്യത്തുല്‍ ഹംസിയ്യ, വാഴപ്പള്ളിയില്‍ അബ്ദുല്ലക്കുട്ടിയുടെ ബദ്ര്‍ ഒപ്പനപ്പാട്ട്, തിരൂരങ്ങാടി ബാപ്പു മുസ്്‌ലിയാരുടെ അസ്ബാബുസ്വീര്‍, നല്ലളം ബീരാന്റെ ബദ്ര്‍ ഒപ്പന, കെ.സി. അവറാന്റെ ബദ്ര്‍പാട്ട്, ചാക്കീരി മൊയ്തീന്‍കുട്ടിയുടെ ബദ്ര്‍യുദ്ധകാവ്യം, ഹാജി. എം. എം. മൗലവിയുടെ ബദ്ര്‍ ചരിത്രം എന്നിവയെല്ലാം മോയിന്‍കുട്ടി വൈദ്യരുടെ ബദ്ര്‍ പടപ്പാട്ടിനെക്കൂടാതെ അറബിമലയാള ഭാഷയില്‍ ഉണ്ടായ കൃതികളാണ്.
മോയിന്‍കുട്ടി വൈദ്യരുടെ ബദ്ര്‍ പടപ്പാട്ടാണ് മലബാറിലുടനീളം മാപ്പിളമാര്‍ക്കിടയില്‍ ഏറെ ജനകീയമായിത്തീര്‍ന്നത്. അറബിയും മലയാളവും തമിഴും പ്രധാനമായി മിശ്രണം ചെയ്യപ്പെട്ടതാണിത്. മാപ്പിളപ്പാട്ടുകള്‍ക്ക് സ്വാഭാവികമായുള്ള കര്‍ക്കശമായ രചനാനിയമങ്ങള്‍ പടപ്പാട്ടിന്റെ കാവ്യഭാഷയെ (പോയറ്റിക് ഡിക്ഷന്‍) വീണ്ടും സങ്കീര്‍ണ്ണമാക്കുന്നുണ്ട്. ഘടനാപരമായ ഈ പ്രശ്‌നങ്ങളെ മറികടന്നുകൊണ്ട് വിപുലമായ പ്രചാരം നേടാന്‍ ബദ്ര്‍ പടപ്പാട്ടിനെ സഹായിച്ചത് ‘പാടിപ്പറയല്‍’ (കാവ്യം പാടി വ്യാഖ്യാനിക്കുന്ന ഒരു പ്രകടനകല (പെര്‍ഫോമന്‍സ് ആര്‍ട്ട്) എന്ന കലാരൂപമാണ്. വ്യക്തിഗതമായ വായനാസംസ്‌ക്കാരത്തിലുപരി തെരുവുകളിലും അങ്ങാടികളിലുമുള്ള സാമുദായികമായ കൂടിച്ചേരലുകളിലും ഈ കൃതി വ്യാപകമായി പാടി അവതരിപ്പിക്കപ്പെട്ടു. ഭാഷാപരമായ സങ്കീര്‍ണതകളേയും ഉള്ളടക്കത്തിന്റെ സ്വഭാവത്തേയും വ്യാഖ്യാനിക്കുക വഴി, മാപ്പിള സമൂഹത്തെ പൊതുവായ ഒരു സെമിറ്റിക് പാരമ്പര്യത്തിലേക്ക് ചേര്‍ത്തു നിര്‍ത്താനും, ഒരു ഭാവനാസമൂഹത്തെ (ഇമാജിന്‍ഡ് കമ്മ്യൂണിറ്റി) രൂപപ്പെടുത്താനും വിശ്വാസത്തെ സുദാര്‍ഢ്യമാക്കാനും ബദ്ര്‍ പടപ്പാട്ടിനു സാധിച്ചു. 19-ാം നൂറ്റാണ്ടിന്റെ അവസാനമാവുമ്പോഴേക്ക് ‘പാടിപ്പറയല്‍’ എന്ന കലാരൂപം ബ്രിട്ടീഷ് മലബാര്‍ കലക്ടര്‍ നിരോധിക്കുന്നത് ആ കൃതി മാപ്പിള സമൂഹത്തില്‍ സൃഷ്ടിച്ച സ്വാധീനത്തിന്റെ തെളിവാണ്.
വിവര്‍ത്തനത്തിലെ ഏകഭാഷക തന്ത്രങ്ങള്‍
വീരകഥകള്‍ അതിന്റെ വിശദാംശങ്ങളില്‍ വ്യത്യസ്തമായ പാഠങ്ങളെ (ടെക്‌സ്റ്റ്) ഉല്‍പാദിപ്പിച്ചുകൊണ്ടാണ് കാലത്തിലൂടെ സഞ്ചരിക്കുന്നത്. മഹാഖ്യാനങ്ങളായും (ഗ്രാന്‍ഡ് നറേറ്റീവ്‌സ്) ലഘു ആഖ്യാനങ്ങളായും (മൈനര്‍ നരേറ്റീവ്‌സ്) വാമൊഴിയിലും വരമൊഴിയിലും വ്യാപിച്ചു കിടക്കുന്ന ഈ കഥകള്‍ക്ക് ബഹുഭാഷകത്വം (ഹെറ്റെറോഗ്ലോസിയ) സ്വാഭാവികമാണ്. ഓരോ ചരിത്ര സന്ദര്‍ഭങ്ങളിലും ആവശ്യാനുസരണം വ്യത്യസ്തമായ അര്‍ത്ഥ സാധ്യതകളിലേക്ക് അത് മാറിക്കൊണ്ടിരിക്കും. പക്ഷേ അത് ഒരു സാഹിതീയ പാഠമാവുമ്പോള്‍ (ലിറ്റററി ടെക്‌സ്റ്റ്) ഈ ബഹുഭാഷക സ്വഭാവത്തെ കയ്യൊഴിഞ്ഞ് ഏതെങ്കിലും ഒരു പാഠത്തെ സ്വീകരിച്ചേ പറ്റൂ. ഒരു സാഹിതീയപാഠത്തിന്റെ രചന നിര്‍വ്വഹിക്കപ്പെടുന്നത് കൃത്യമായ പ്രത്യയശാസ്ത്രബോധ്യങ്ങളെ മുന്‍നിര്‍ത്തിയാണ്. ആ പ്രത്യയശാസ്ത്രത്തിലേക്ക് ചേര്‍ന്നു നില്‍ക്കുന്ന ഒരു പാഠത്തെ മാത്രമേ അതിന് നിലനിര്‍ത്താനാവൂ. പ്രത്യയശാസ്ത്രപരമായ ഈ ഏകഭാഷകത്വം (ഐഡിയോളജിക്കല്‍ മോണോഗ്ലോസിയ) സാഹിത്യ കൃതികള്‍ക്ക് പൊതുവായുള്ളതാണ്.
ഇസ്്‌ലാമിക ചരിത്രവുമായി ബന്ധപ്പെട്ട ആഖ്യാനങ്ങളില്‍ (നരേറ്റീവ്‌സ്) കൃതി മുന്നോട്ടു വെക്കുന്ന പ്രത്യയശാസ്ത്രവുമായി ബന്ധപ്പെട്ട ഏകഭാഷകത്വം നിലനിര്‍ത്തുക എന്നത് മറ്റു മതാനുഷ്ഠാനങ്ങള്‍ പോലെത്തന്നെ പ്രധാനമായാണ് കാണാറുള്ളത്. പാഠങ്ങളുടെ കൃത്യതയെ ഒരു ശാഠ്യം പോലെ പിന്തുടരാന്‍ വിവിധ മുസ്്‌ലിം വിഭാഗങ്ങള്‍ ശ്രമിക്കാറുണ്ട്. പ്രവാചകന്റെ ജീവിതത്തെയും അധ്യാപനത്തെയും കുറിച്ചുള്ള രേഖകളില്‍ (ഹദീസ്) സ്വീകാര്യതയേയും കൃത്യതയേയും സംബന്ധിച്ച് കര്‍ക്കശമായ മാനദണ്ഡങ്ങളാണ് നിലനില്‍ക്കുന്നത്. റിപ്പോര്‍ട്ടിംഗ് പരമ്പരയുടെ വിശ്വാസ്യതയെ മുന്‍നിര്‍ത്തി, സ്വീകരിക്കേണ്ടവയും (സഹീഹ്) തള്ളിക്കളയേണ്ടവയും (ളഈഫ്) ആയി വേര്‍തിരിക്കുന്നതാണ് പൊതുരീതി. ഈ കൃത്യതയെ വിശ്വാസത്തിന്റെ ഭാഗമായാണ് കരുതിപ്പോരുന്നത്.
പാഠത്തിന്റെ പ്രത്യയശാസ്ത്രപരമായ കൃത്യതയെ സംബന്ധിച്ച് മുസ്്‌ലിംങ്ങള്‍ക്കിടയില്‍ നിലനിന്നിരുന്ന നിഷ്ഠയെ മോയിന്‍കുട്ടി വൈദ്യര്‍ തന്റെ വിവര്‍ത്തനത്തില്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. അത് തന്റെ കൃതിക്ക് ആത്മീയമായ ഗൗരവം നല്‍കുമെന്നും മാപ്പിളമാരുടെ അതിജീവനസമരത്തില്‍ അവര്‍ക്ക് ആത്മീയമായ പിന്തുണയാവുമെന്നും അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. 1826-ല്‍ രചിക്കപ്പെട്ട കൈപറ്റ മുഹ്‌യിദ്ധീന്‍ മൗലവിയുടെ ‘അന്‍വാഉല്‍ ബസ്വര്‍ ബീ അക്ബറുല്‍ ബദര്‍’ എന്ന അറബി കാവ്യത്തെയാണ് ബദ്ര്‍ കഥയുടെ വിവര്‍ത്തനത്തിന് മോയിന്‍കുട്ടി വൈദ്യര്‍ സ്വീകരിച്ചത് എന്ന് പണ്ഡിതാഭിപ്രായമുണ്ട്.(3) എന്നാല്‍, പണ്ഡിതന്മാര്‍, ചരിത്രകാരന്മാര്‍, വ്യാഖ്യാതാക്കള്‍ എന്നിവര്‍ പറഞ്ഞിട്ടുള്ള പല കഥകളില്‍ നിന്ന് ഏറ്റവും ശരിയാണെന്ന് ഉറപ്പുള്ള പാഠമാണ് താന്‍ ഈ കാവ്യത്തില്‍ പറയുന്നത് എന്ന് കാവ്യത്തിന്റെ തുടക്കത്തില്‍ തന്നെ വൈദ്യര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.(4) പ്രവാചകചര്യ(ഹദീസ്)കളുടെ ശരിരൂപത്തെകുറിക്കാന്‍ പൊതുവായി സ്വീകരിച്ചു വരാറുള്ള ‘സ്വഹീഹ്’ എന്ന അറബി പദമാണ് അദ്ദേഹം ഈ പ്രഖ്യാപനത്തില്‍ ഉപയോഗിച്ചിട്ടുള്ളത്. മതപരമായ മാനങ്ങളുള്ള ഈ പദത്തിന്റെ തിരഞ്ഞെടുപ്പ്, കൂട്ടായ്മ (ഫോക്)യുടെ വിശ്വാസദൃഢതയെ ലക്ഷ്യം വെച്ചുള്ളതാണ്. കഥയുടെ കാലസഞ്ചാരത്തിനിടയില്‍ വന്നുചേര്‍ന്നിരിക്കാവുന്ന ബഹുഭാഷികത്വ(ഹെറ്റെറോഗ്ലോസിയ)ത്തെക്കുറിച്ച് കവി ബോധവാനാണ്. അഭിപ്രായ വ്യത്യാസം എന്നര്‍ത്ഥം വരുന്ന ഖിലാഫ് എന്ന പദമാണ് വൈദ്യര്‍ അതിനെ കുറിക്കാന്‍ ഉപയോഗിച്ചിട്ടുള്ളത്. അതിനെ മറികടന്ന് മുസ്്‌ലിംകള്‍ പൊതുവെ മതപരമായ പവിത്രത കല്‍പ്പിക്കുന്ന ‘സ്വഹീഹ്’ എന്ന അറബി പദത്തിന്റെ ഗൗരവം അവകാശപ്പെട്ടുകൊണ്ട് വൈദ്യര്‍ നിര്‍വ്വഹിക്കുന്ന വിവര്‍ത്തനത്തില്‍ പാഠത്തിന്റെ ആധികാരികത (ഒതോരിറ്റി) ഫലപ്രദമായി ഉപയോഗിക്കപ്പെടുന്നുണ്ട്.
വൈദ്യരുടെ ഉഹ്ദ് പടപ്പാട്ടിലും ആധികാരികതയെ സംബന്ധിച്ച വിവരണം കാണാം.(5) അഹമ്മദ് ദഹ്‌ലാന്‍ എന്ന മക്കയിലെ പണ്ഡിതശ്രേഷ്ഠന്‍, സ്വപ്‌നത്തില്‍ പ്രവാചകന്‍ ആജ്ഞ നല്‍കിയതു പ്രകാരം, പ്രവാചകന്റെ ചരിത്രത്തിലെ ചില സംഭവങ്ങള്‍, ശരിയെന്നുറപ്പുള്ളതു മാത്രം തിരഞ്ഞെടുത്ത് ‘സീറത്തുന്നബവിയ്യ വല്‍ ആസാറുല്‍ മുഹമ്മദിയ്യ’ എന്ന പേരില്‍ ഒരു ഗ്രന്ഥം തയ്യാറാക്കി. പ്രസ്തുത കൃതിയുടെ പ്രസക്ത ഭാഗങ്ങള്‍ കോഴിക്കോട്ടെ പണ്ഡിതപ്രമുഖന്മാരിലൊരാളായ അബൂബക്കര്‍ കുഞ്ഞി എന്നയാള്‍ മലബാര്‍ ഭാഷയിലേക്ക് തര്‍ജ്ജമ ചെയ്ത് തന്നെ ഏല്‍പ്പിക്കുകയുണ്ടായെന്നും അതിനെയാണ് താന്‍ കാവ്യമാക്കിയത് എന്നുമാണ് വൈദ്യരുടെ വാദം. ഇവിടെയും മലബാറിലെ മാപ്പിളമാര്‍ക്ക് പരിചിതമായതും അവര്‍ വിശുദ്ധമായി കരുതുന്നതുമായ സ്വഹീഹ് എന്ന അറബി പദം, വൈദ്യര്‍ അതേ പടി വിവര്‍ത്തനത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. മാത്രമല്ല താന്‍ ആശ്രയിക്കുന്ന കൃതിയുടെ സ്രോതസ്സിനെക്കുറിച്ചും ഒരു സൂചന, വിവര്‍ത്തനത്തില്‍ കാണാം. ഇസ്്‌ലാമിലെ നാലു കര്‍മശാസ്ത്രസരണികളിലൊന്നായ ശാഫി മദ്ഹബിലെ പ്രമുഖ പണ്ഡിതനാണ് തന്റെ മൂലകൃതിയുടെ കര്‍ത്താവായ അഹമ്മദ് ദഹ്‌ലാന്‍ എന്നതാണത്. മലബാറിലെ മാപ്പിളമാര്‍ പൊതുവെ ശാഫി മദ്ഹബ് അനുവര്‍ത്തിച്ചവരാണ്. ഈ സൂചന വഴി മാപ്പിളമാര്‍ക്കിടയില്‍ സ്വീകാര്യതയും ആധികാരികതയും ഉറപ്പിക്കുകയാണ് വൈദ്യരുടെ ലക്ഷ്യം. ഇതു കൂടാതെ പടപ്പാട്ടിന്റെ വിവിധ ഇശലുകളില്‍ ഓരോ സംഭവവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് എന്ന അര്‍ത്ഥം വരുന്ന ‘റാവി’ എന്ന അറബി പദം ഉപയോഗിച്ചു കാണാം. ഇസ്്‌ലാമിക ചരിത്രരചനാരീതിശാസ്ത്രത്തിലെ പൊതു സമ്പ്രദായമാണിത്. സംഭവത്തില്‍ നേരിട്ടു പങ്കാളിയായവരോ അവരില്‍ നിന്നു കേട്ടവരോ ചെയ്യുന്ന റിപ്പോര്‍ട്ടുകള്‍ മാത്രമേ സ്വീകാര്യമായി പരിഗണിക്കുകയുള്ളൂ. ഭാവനയ്ക്ക് പ്രാധാന്യമുള്ള കാവ്യത്തില്‍ സാധാരണഗതിയില്‍ സാമ്പ്രദായികമായ ചരിത്രരചനാരീതിശാസ്ത്രം അവലംബിക്കേണ്ട കാര്യമില്ല. പക്ഷേ, മതവിശ്വാസപരമായിത്തന്നെ തന്റെ കാവ്യം സ്വീകരിക്കപ്പെടണം എന്ന നയമാണ് വൈദ്യര്‍ പടപ്പാട്ടുകളില്‍ സ്വീകരിച്ചിരിക്കുന്നത്.
ആധികാരികതയെ സംബന്ധിച്ച ഈ നിഷ്ഠയ്ക്ക് ചില രാഷ്ട്രീയ വിവക്ഷകള്‍ ഉണ്ട്. ആഗോളതലത്തില്‍ ഇസ്്‌ലാമിനകത്ത് സുന്നി, ഷിയാ എന്നീ രണ്ടു ചിന്താധാരകള്‍ (പാരഡൈം) നിലനില്‍ക്കുന്നുണ്ട്. കേരളത്തില്‍ ഇസ്്‌ലാംമത പ്രചാരണം സംഭവിച്ചത് സുന്നീധാരയിലൂടെയാണ്. അറബികളുടെ വ്യാപാരസന്ദര്‍ശനങ്ങളിലും മാലിക് ദീനാറിന്റെ മതപ്രചരണ സംരംഭങ്ങളിലും സുന്നീ ചിന്താധാരയാണ് പ്രചരിക്കപ്പെട്ടത്. പില്‍ക്കാലത്ത് പേര്‍ഷ്യന്‍ ഗള്‍ഫ് കേന്ദ്രമായി വികസിച്ച ഷിയാധാരയ്ക്ക് കേരളത്തില്‍ വലിയ പ്രചാരം സിദ്ധിച്ചിരുന്നില്ല. മലബാറിലെ കൊണ്ടോട്ടി കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന തങ്ങള്‍ കുടുംബമായിരുന്നു ഇതിന് ഒരു അപവാദം.
ഇറാനില്‍ വേരുകളുള്ള കൊണ്ടോട്ടി തങ്ങള്‍ കുടുംബത്തിന് ഷിയാധാരയുമായി അടുത്ത ബന്ധമുണ്ടായിരുന്നു. തങ്ങളുടെ പണ്ഡിത സദസ്സായ ‘തഖ്‌വേ ഗാഹി’ ല്‍ പേര്‍ഷ്യയില്‍ നിന്നുള്ള നിരവധി പണ്ഡിതന്മാര്‍ പങ്കെടുത്തിരുന്നു. സുന്നീചിന്താധാരയ്ക്ക് പ്രബലമായ സ്വാധീനമുണ്ടായിരുന്ന മലബാറില്‍ ഷിയാചിന്തകളും വിശ്വാസങ്ങളും പ്രത്യക്ഷത്തില്‍ പ്രചരിപ്പിക്കാനാവുമായിരുന്നില്ല. പക്ഷേ തഖ്‌വേ ഗാഹിനകത്ത് ഷിയാകഥകളും മിത്തുകളും ധാരാളമായി പങ്കുവെച്ചിരുന്നു താനും. സ്വന്തം ജന്മനാടായ കൊണ്ടോട്ടിയിലെ ഈ പണ്ഡിതസദസ്സില്‍ സ്ഥിരം പങ്കാളിയായിരുന്നു മോയിന്‍കുട്ടി വൈദ്യര്‍. ഈ സദസ്സിലുണ്ടായിരുന്ന സയ്യിദ് നിസാമുദ്ദീന്‍ അടക്കമുള്ള പണ്ഡിതരുടെ സ്വാധീനത്തില്‍ ഷിയാകഥകളെ പ്രമേയമാക്കി വൈദ്യര്‍ ചില കാവ്യങ്ങള്‍ രചിക്കുകയും ചെയ്തിരുന്നു. കിളത്തിമാല, സലീഖത്ത് പടപ്പാട്ട് എന്നിവ ഉദാഹരണങ്ങളാണ്. ഈ കൃതികളില്‍ പലതും സുന്നി പണ്ഡിതന്മാരാല്‍ നിശിതമായി വിര്‍ശിക്കപ്പെട്ടു. വിമര്‍ശനങ്ങള്‍ താങ്ങാതെ, സലീഖത്ത് പടപ്പാട്ട് ഇനി പുനഃപ്രസിദ്ധീകരിക്കില്ല എന്ന് ഒസ്യത്ത് വരെ എഴുതി വെച്ചിരുന്നു മോയിന്‍കുട്ടി വൈദ്യര്‍. തന്റെ മേല്‍ ആരോപിക്കപ്പെട്ടിരുന്ന ഈ ഷിയാബന്ധം കാരണം താന്‍ എഴുതുന്ന ഈ ചരിത്രകാവ്യങ്ങള്‍ക്ക് വിശ്വാസ്യത നഷ്ടപ്പെട്ടേക്കുമോ എന്ന ഭയവും വിവര്‍ത്തനത്തിലെ ആധികാരികതയ്ക്ക് വേണ്ടിയുള്ള വൈദ്യരുടെ ഈ ശ്രമങ്ങള്‍ക്ക് പിന്നിലുണ്ടാവാം. ഇത്തരത്തിലുള്ള സാംസ്‌കാരികഘടകങ്ങളേയും അവ തമ്മിലുള്ള സംഘര്‍ഷങ്ങളേയും മുന്‍നിര്‍ത്തി മാത്രമേ ഈ വിവര്‍ത്തനങ്ങളുടെ രാഷ്ട്രീയം വിശകലനം ചെയ്യാനാവൂ. ഇസ്രായേലി സാംസ്‌കാരികചിന്തകനായിരുന്ന ഇതാമര്‍ ഇവാന്‍ സോഹര്‍ മുന്നോട്ടു വെച്ച ബഹുവ്യവസ്ഥാ സിദ്ധാന്തം (പോളിസിസ്റ്റം തിയറി) ഇത്തരത്തിലുള്ള ചില ഉള്‍ക്കാഴ്ചകള്‍ നല്‍കുന്നുണ്ട്. വിവര്‍ത്തന പാഠത്തെ പോളിസിസ്റ്റത്തിന്റെ കേന്ദ്രസ്ഥാനത്തു നിര്‍ത്തിക്കൊണ്ട്, മറ്റു സംസ്‌കാരവ്യവസ്ഥകളുമായി അതിനുള്ള ബന്ധത്തേയും പ്രതിപ്രവര്‍ത്തനത്തേയും വിശകലനം ചെയ്യുന്നതാണ് ഇവാന്‍ സോഹറിന്റെ രീതിശാസ്ത്രം. ലക്ഷ്യഭാഷയുടെ സംസ്‌കാരവ്യവസ്ഥയ്ക്കകത്തു നിലനില്‍ക്കുന്ന ബന്ധങ്ങള്‍ക്കും മാറ്റങ്ങള്‍ക്കും അനുസൃതമായി വിവര്‍ത്തനം ചെയ്യേണ്ട പാഠങ്ങള്‍ തിരഞ്ഞെടുക്കപ്പെടുന്നത് ഇവാന്‍ സോഹര്‍ വിശദീകരിക്കുന്നുണ്ട്.(6) മോയിന്‍കുട്ടി വൈദ്യര്‍ വിവര്‍ത്തനത്തിനായി തിരഞ്ഞെടുക്കുന്ന പാഠങ്ങളില്‍ ഇത്തരത്തില്‍ സൂക്ഷ്മമായ സാംസ്‌കാരിക ബന്ധങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
മതാത്മകതയുടെ ആവിഷ്‌ക്കാരങ്ങള്‍
മതാത്മകതയുടെ ഒരു അന്തരീക്ഷം പാട്ടിലുടനീളം നിലനിര്‍ത്താന്‍ വിവര്‍ത്തനത്തില്‍ വൈദ്യര്‍ ശ്രദ്ധിച്ചിട്ടുണ്ട്. മുസ്്‌ലീംകള്‍ പൊതുവെ ശുഭകാര്യങ്ങള്‍ ആരംഭിക്കുന്നതിനായി ഉച്ചരിക്കാറുള്ള ‘ബിസ്മില്ലാഹി റഹ്മാനിര്‍ റഹീം’ (പരമകാരുണികനും കരുണാനിധിയുമായ ദൈവത്തിന്റെ തിരുനാമത്തില്‍)എന്ന ഖുര്‍ആന്‍ വചനം കൊണ്ടാണ് വൈദ്യര്‍ ഓരോ പടപ്പാട്ടും ആരംഭിക്കുന്നത്. തുടര്‍ന്ന് ദൈവസ്തുതികളാണ്. ബദര്‍പടപ്പാട്ടിന്റെ തുടക്കത്തില്‍ ബിസ്മില്ലാഹ് എന്ന പദത്തെ പല മട്ടില്‍ വിശദീകരിച്ചുകൊണ്ട് ഒരു നീണ്ട ഇശല്‍ തന്നെ വൈദ്യര്‍ രചിക്കുന്നുണ്ട്. ഉഹ്ദ് പടപ്പാട്ടിന്റെയും ആദ്യ ഇശല്‍ ദൈവനാമത്തെ വര്‍ണിച്ചുകൊണ്ടാണ്. പൊതുവെ അനുഷ്ഠാനങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കുന്ന ഗ്രന്ഥങ്ങളുടെ രീതിയാണിത്. തന്റെ രചനകളില്‍ മതാത്മകമായ ഒരു അനുഷ്ഠാന വിശുദ്ധി വൈദ്യര്‍ ആഗ്രഹിക്കുന്നുണ്ട്.
അറബി, മലയാളം, തമിഴ് ഭാഷാപദങ്ങള്‍ യഥേഷ്ടം ചേര്‍ത്തുപയോഗിക്കുന്നതാണ് വൈദ്യരുടെ കാവ്യഭാഷ. മതാത്മകമായ സാങ്കേതിക പദങ്ങള്‍ അറബിയില്‍ തന്നെ ഉപയോഗിക്കുന്നതാണ് അദ്ദേഹത്തിന്റെ രീതി. ശറഹ്, രിവായത്ത്, തവസ്വുഫ്, ഇജാസത്ത്, സുബ്ഹാന്‍, അഹ്ല്‍ തുടങ്ങി നൂറുകണക്കിന് ഇത്തരം വാക്കുകള്‍ ഇസ്്‌ലാമിക വ്യവഹാരങ്ങളില്‍ നിത്യജീവിതപ്രചാരമുള്ളവയാണ്. കഥാസന്ദര്‍ഭത്തിനൊത്ത് ഖുര്‍ആന്‍ വാക്യങ്ങള്‍ പാട്ടില്‍ സൂചിപ്പിക്കുന്ന രീതിയും ഒരു രചനാതന്ത്രം എന്ന നിലയില്‍ പാട്ടുകളില്‍ കാണാം. 22-ാം ഇശലില്‍ ‘ഫകീല ലഹും’ എന്നു തുടങ്ങുന്ന വചനം, 23-ാം ഇശലില്‍ ‘ഫമാ ലകും’ എന്നു തുടങ്ങുന്നത്, 43-ാം ഇശലില്‍ ‘വത്തക്വു ഫിത്‌നതന്‍’ എന്നാരംഭിക്കുന്ന വചനം, എന്നിങ്ങനെ നിരവധി ഉദാഹരണങ്ങള്‍ ഉഹ്ദ് പടപ്പാട്ടില്‍ കാണാം. ഖുര്‍ആന്‍ വചനങ്ങളെ നേരിട്ടു പരാമര്‍ശിക്കുന്ന ഈ രീതി, പടപ്പാട്ടുകളില്‍ മാത്രമാണ് വൈദ്യര്‍ ഉപയോഗിക്കുന്നത്. ഖുര്‍ആനിലെ വചനങ്ങള്‍ക്ക് ഓരോന്നിനും ഓരോ ചരിത്രപശ്ചാത്തലമുണ്ട്. വിഭിന്നസാഹചര്യങ്ങളിലാണ് ഈ വചനങ്ങള്‍ ഓരോന്നും വെളിപ്പെട്ടത്. അതിജീവനത്തിനുവേണ്ടിയുള്ള സംഘര്‍ഷങ്ങളില്‍ ഒരു വിശ്വാസിസമൂഹത്തിന് ആത്മവിശ്വാസം പകരുന്നവയും സാന്ത്വനിപ്പിക്കുന്നവയുമാണ് പരാമര്‍ശിക്കപ്പെട്ട വചനങ്ങള്‍ മിക്കതും. പ്രതിസന്ധികളിലും വിജയങ്ങളിലും ദൈവം അവര്‍ക്ക് തുണ നിന്നതിന്റെ സാക്ഷ്യങ്ങള്‍ കാവ്യത്തിലുള്‍ച്ചേര്‍ക്കുന്നതിലൂടെ, അതിജീവനസമരങ്ങള്‍ക്കൊരുങ്ങുന്ന ലക്ഷ്യഭാഷാസമൂഹത്തിന് ആത്മവിശ്വാസത്തിന്റെ ആത്മീയമാനം പകരുകയാണ് കവി. ബദര്‍ പടപ്പാട്ട് ആരംഭിക്കുന്നതുതന്നെ അത്തരത്തില്‍ ആത്മീയമായ ആത്മവിശ്വാസത്തെ വാഗ്ദാനം ചെയ്തു കൊണ്ടാണ്. ആറാമത്തെ ഇശല്‍ തുടങ്ങുന്നത് ഇങ്ങനെയാണ്. ‘ദൃഢമായ വിശ്വാസത്തോടുകൂടി, ബദര്‍ പോരാളികളുടെ മഹത്വത്തെ മുന്‍നിര്‍ത്തി ആരെങ്കിലും ദൈവത്തോട് പ്രാര്‍ത്ഥിച്ചാല്‍ ഏതു സമയത്താണെങ്കിലും അത് സ്വീകരിക്കപ്പെടും.”(7) ഫ്യൂഡല്‍- കൊളോണിയല്‍ എതിര്‍പ്പുകള്‍ക്കു മുന്നില്‍ അതിജീവനത്തിനായി ശ്രമിക്കുന്ന മാപ്പിളമാര്‍ക്ക് പ്രതീക്ഷാനിര്‍ഭരമായ വാഗ്ദാനമാണിത്. രണ്ടു തരത്തിലുള്ള കോളനീകരണങ്ങള്‍ക്കു വിധേയരായിരുന്നു അവര്‍. ഭൂമിയുടെയും വിഭവങ്ങളുടേയും കാര്യത്തില്‍ ഒരു പരിധിയുമില്ലാത്ത ചൂഷണം നയമായി സ്വീകരിച്ച ജന്മിമാരില്‍ നിന്നുള്ള ആഭ്യന്തരകോളണീകരണമാണ് ഒന്ന്. റവന്യൂ- ഭൂപരിഷ്‌ക്കരണങ്ങളുമായി ബന്ധപ്പെട്ട നിയമനിര്‍മ്മാണങ്ങളിലൂടെ ഈ ആഭ്യന്തരകോളണീകരണത്തിന് പിന്തുണ നല്‍കിയ ബ്രിട്ടീഷ് കോളോണിയലിസം മറുവശത്തും. 19-ാംനൂറ്റാണ്ടില്‍ മലബാറിലുണ്ടായ എണ്ണമറ്റ കര്‍ഷകമുന്നേറ്റങ്ങള്‍ ഈ ചൂഷണ വ്യവസ്ഥയ്‌ക്കെതിരായ സ്വാഭാവിക പ്രതിരോധങ്ങളായാണ് രൂപപ്പെട്ടത്. പക്ഷേ അവര്‍ക്ക് സമ്പത്തും ആയുധവും അധികാരവും ഉണ്ടായിരുന്നില്ല. അത്തരമൊരവസ്ഥയില്‍ ആശ്രയിക്കാനുള്ള ഏക അഭയസ്ഥാനത്തെയാണ് വൈദ്യര്‍ ഉയര്‍ത്തിക്കാണിക്കുന്നത്.
വിവര്‍ത്തനത്തിലെ രചനാതന്ത്രങ്ങള്‍
പടപ്പാട്ടുകളുടെ വിവര്‍ത്തനത്തിനായി മോയിന്‍കുട്ടി വൈദ്യര്‍ സ്വീകരിച്ച രണ്ട് മൂലഭാഷാകൃതികളും അറബിഭാഷയില്‍ നിന്നുള്ളതാണ്. വസ്തുതകളുടെ യഥാര്‍ത്ഥ വിവരണം എന്നതിനപ്പുറത്തേക്ക് കടന്നിട്ടില്ലാത്ത കൃതികളാണ് രണ്ടും. ആധികാരികതയ്ക്ക് പ്രാധാന്യം കൊടുക്കുന്നുണ്ടെങ്കിലും സാധ്യമാവുന്ന സന്ദര്‍ഭങ്ങളില്‍ സ്വതന്ത്രമാതൃകകള്‍ സൃഷ്ടിച്ചുകൊണ്ടാണ് വൈദ്യരുടെ വിവര്‍ത്തനം മുന്നോട്ടു പോവുന്നത്. യുദ്ധവര്‍ണ്ണനകള്‍, പ്രവാചകപ്രകീര്‍ത്തനങ്ങള്‍, വൈകാരിക ആഖ്യാനങ്ങള്‍ എന്നിവയില്‍ വൈദ്യര്‍ തന്റെ ഭാവനാശേഷി സമൃദ്ധമായി ഉപയോഗിക്കുന്നുണ്ട്. സംഘര്‍ഷാത്മകമായ രംഗങ്ങളില്‍ ആകാംക്ഷയും പിരിമുറുക്കവും നിലനിര്‍ത്തുന്നതിനുവേണ്ടിയുള്ള രചനാതന്ത്രങ്ങള്‍ കാണാം. പ്രവാചകനെ വര്‍ണിക്കുന്ന സന്ദര്‍ഭങ്ങളില്‍ അറബി വാക്കുകള്‍ സമൃദ്ധമായി ഉപയോഗിക്കുന്ന വൈദ്യര്‍ പക്ഷേ യുദ്ധവര്‍ണനകളിലെ ചടുലമായ രംഗങ്ങളില്‍ വാമൊഴി മലയാള പദങ്ങളാണ് ഏറെയും പ്രയോഗിക്കുന്നത്. ആ രംഗങ്ങളുടെ തീവ്രതയും വൈകാരികതയും കൂടുതല്‍ ഫലപ്രദമായി വിനിമയം ചെയ്യാന്‍ ഇതുമൂലം സാധിക്കുന്നുണ്ട്. യുദ്ധവര്‍ണനകളെ വിവരണാത്മകമായി അവതരിപ്പിക്കുന്നതാണ് വൈദ്യരുടെ രീതി.യുദ്ധത്തിനിടയില്‍ വ്യക്തികള്‍ തമ്മില്‍ നടക്കുന്ന പോരാട്ടങ്ങളുടെ സൂക്ഷ്മമായ വിശദാംശങ്ങള്‍ വരെ വര്‍ണിക്കുന്നുണ്ട് വൈദ്യര്‍. ബദര്‍ പടപ്പാട്ടിലെ ഹംസയും അസ്‌വദും തമ്മിലുള്ള യുദ്ധം, ഉഹ്ദ് പടപ്പാട്ടിലെ മിസ്അബും അബ്ദുല്ലയും തമ്മിലുള്ള യുദ്ധം എന്നിങ്ങനെ നിരവധി ഉദാഹരണങ്ങള്‍ കാണാനാവും.
യുദ്ധവുമായി പ്രത്യക്ഷത്തില്‍ ബന്ധമില്ലാത്ത പല സംഭവങ്ങളും വൈദ്യര്‍ പടപ്പാട്ടുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഥയുടെ ഒഴുക്കിനെ സഹായിക്കുക മാത്രമല്ല അവയുടെ ധര്‍മ്മം. ലക്ഷ്യസമൂഹത്തിന് കുറേക്കൂടി പരിചിതമായതും വിനോദപ്രധാനമായതുമായ രംഗങ്ങള്‍ ഒരുക്കി കഥയില്‍ വൈവിധ്യം ഉണ്ടാക്കാന്‍ അവ ഉപകരിക്കുന്നുണ്ട്. ബദര്‍ പടപ്പാട്ടിലെ 11-ാം ഇശലില്‍ രണ്ട് സ്ത്രീകള്‍ തമ്മില്‍ നടക്കുന്ന വഴക്ക് ചിത്രീകരിക്കുന്നത് കാണാം. ശത്രുസൈന്യത്തിന്റെ യാത്രാവിവരം അറിയുന്നതിനായി പ്രവാചകന്‍ അയച്ച ദൂതന്മാര്‍ക്ക് ശത്രുസംഘത്തിന്റ യാത്രയെ സംബന്ധിച്ച് വിവരങ്ങള്‍ ലഭിക്കുന്നത് വഴക്കിനിടയില്‍ സ്ത്രീകള്‍ തമ്മിലുള്ള സംസാരത്തില്‍ നിന്നാണ്. പക്ഷേ അതിനു പുറമേ ആ കലഹം എല്ലാ വിശദാംശങ്ങളോടെയും പൂര്‍ണമായി അവതരിപ്പിക്കുന്നുണ്ട് വൈദ്യര്‍.
പടപ്പാട്ടുകളില്‍ വൈദ്യര്‍ ഉപയോഗിക്കുന്ന മറ്റൊരു ശില്പതന്ത്രം അറബി കവിതകള്‍ അതേ പടി പാട്ടില്‍ ഉപയോഗിക്കുന്നതാണ്. യുദ്ധത്തിലെ പല സന്ദര്‍ഭങ്ങളിലായി അറബി കവിതകള്‍ പൂര്‍ണമായോ ഭാഗികമായോ ഉപയോഗിച്ചിട്ടുണ്ട്. വൈദ്യരുടെ പടപ്പാട്ടുകളില്‍ മാത്രം കാണുന്ന സവിശേഷതയാണിത്. മാപ്പിള സമൂഹത്തെ തങ്ങളുടെ വംശീയപാരമ്പര്യത്തെ ഓര്‍മ്മിപ്പിക്കുകയാണ് ഈ കവിതകളുടെ ലക്ഷ്യം എന്ന് ബാലകൃഷ്ണന്‍ വള്ളിക്കുന്ന് നിരീക്ഷിക്കുന്നുണ്ട്.(8) പക്ഷേ ആ കവിതകളുടെ അര്‍ത്ഥതലം കൂടി കണക്കിലെടുത്താല്‍ യുദ്ധവര്‍ണനകളുടെ ഭാഗം തന്നെയാണവയെന്നു മനസ്സിലാവും. അതോടൊപ്പം ആസ്വാദകസമൂഹത്തെ സംബന്ധിച്ചിടത്തോളം പോരാട്ടവീര്യം ഉണര്‍ത്താന്‍ പോരുന്നതുമാണ് ആ കവിതാഭാഗങ്ങള്‍. 26-ാം ഇശലില്‍ പ്രവാചകന്റെ വാളിന്മേല്‍ എഴുതിവെച്ചിരിക്കുന്ന ഒരു കവിതാഭാഗമാണ് വൈദ്യര്‍ എടുത്തു ചേര്‍ത്തിരിക്കുന്നത്. ‘ഭീരുത്വം അപമാനമാണ്. മുന്നേറ്റത്തിലാണ് അഭിമാനം. ഭീരുത്വം കൊണ്ട് മനുഷ്യന് വിധിയെ തടുക്കാനാവില്ല’ എന്നാണ് ആ കവിതഭാഗത്തിന്റെ ആശയം. 33-ാം ഇശലില്‍ യുദ്ധത്തില്‍ സൈന്യത്തിന് പിന്തുണ നല്‍കാനെത്തിയ സ്ത്രീകള്‍ ചൊല്ലുന്ന ഒരു കവിത ഇപ്രകാരമാണ്. ‘ഞങ്ങള്‍ യുദ്ധത്തില്‍ മുന്നേറുന്ന പോരാളികള്‍ക്കായി മിനുപ്പേറിയ വിരിപ്പൊരുക്കി കാത്തിരിക്കുന്നവര്‍; പിന്തിരിഞ്ഞോടുന്നവരോടുള്ള സ്‌നേഹബന്ധം മുറിച്ച് പിരിയുന്നവര്‍.’ യുദ്ധത്തെ പ്രോത്സാഹിപ്പിക്കുകയാണ് ഈ കവിതാഭാഗങ്ങളെല്ലാം എന്നു കാണാനാവും.
പൗരുഷത്തിന്റെ ആഘോഷമാണ് പടപ്പാട്ടുകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. പുരുഷയോദ്ധാക്കളുടെ ധീരതയേയും സാഹസികതയേയും വാഴ്ത്തിപ്പാടുന്നവയാണ് ഭൂരിഭാഗം പാട്ടുകളും. സ്വന്തം പക്ഷത്തിന്റെ വിജയത്തിനുവേണ്ടി സാഹസികമായി പോരാടി വിജയിക്കുകയോ ജീവന്‍ ത്യജിക്കുകയോ ചെയ്യുന്നവരാണ് ഈ പാട്ടുകളില്‍ മഹത്വവല്‍ക്കരിക്കപ്പെടുന്നത്. അവരുടെ സാഹസികതകളെ നാടകീയമായി അവതരിപ്പിച്ച് ആവേശം ജനിപ്പിക്കുന്നതാണ് വൈദ്യരുടെ രീതി. യുദ്ധരംഗത്തെ സ്ത്രീ സാന്നിധ്യവും വൈദ്യര്‍ ധാരാളമായി ചിത്രീകരിക്കുന്നുണ്ട്. പക്ഷേ പൗരുഷത്തിന്റെ പ്രതിഫലനമാണ് ആ സ്ത്രീകള്‍ക്കും അദ്ദേഹം പകര്‍ന്നു നല്‍കിയിരിക്കുന്നത്. സ്‌ത്രൈണതയുടെയും പൗരുഷത്തിന്റെയും സാമ്പ്രദായിക അതിരുകള്‍ അപ്രസക്തമാവുന്ന നിരവധി രംഗങ്ങള്‍ പടപ്പാട്ടുകളില്‍ കാണാം. 19-ാംനൂറ്റാണ്ടില്‍ അധികാരവും സമ്പത്തുമുള്ള മഹാശക്തികളോട് ഇതൊന്നുമില്ലാതെ ഏറ്റുമുട്ടാനൊരുങ്ങിയ മാപ്പിളമാര്‍ക്ക് ഇത്തരം സാഹസികബിംബങ്ങളായിരുന്നു ആവശ്യവും.
സമുദായരൂപീകരണത്തിന്റെ ഒരു തലം പടപ്പാട്ടുകളില്‍ ശക്തമായി നിലനില്‍ക്കുന്നുണ്ട്. അറബ് ജീവിതത്തെ നിര്‍ണയിച്ചിരുന്ന ഏറ്റവും പ്രധാനപ്പെട്ട സാമൂഹികഘടകം ഗോത്രബന്ധങ്ങളായിരുന്നു. മനുഷ്യന്‍ തിരിച്ചറിയപ്പെടുന്നതു തന്നെ വിവിധ ഗോത്രങ്ങളുടെ പേരിലാണ്. ഇസ്്‌ലാമിന്റെ ആഗമനത്തോടെ ഇതില്‍ മാറ്റം വരുന്നതിന്റെയും മതപരമായ സമുദായം എന്ന സത്ത നിലവില്‍ വരുന്നതിന്റെയും ചിത്രീകരണം പടപ്പാട്ടുകളില്‍ കാണാം. ഗോത്രബന്ധങ്ങളേക്കാള്‍ മതപരമായ സംഘബോധത്തിന് മുന്‍ഗണന നല്‍കുന്ന നിരവധി അനുഭവങ്ങള്‍ പാട്ടിലുണ്ട്. യുദ്ധത്തിനിടയില്‍ ഖുറൈശി ഗോത്രക്കാരായ താനും മുഹമ്മദും തമ്മിലുള്ള തര്‍ക്കമാണിതെന്നും മറ്റു ഗോത്രക്കാര്‍ ഇതില്‍ ഇടപെടേണ്ടതില്ലെന്നും അബൂസുഫ്‌യാന്‍, ഔസ്, ഖസ്‌റജ് എന്നീ ഗോത്രക്കാരോട് നിര്‍ദ്ദേശിക്കുന്നുണ്ട്. പക്ഷേ ഗോത്ര പരിഗണനകള്‍ മാറ്റിവെച്ച് മതപരമായ സത്തയെ മുന്‍നിര്‍ത്തി അവര്‍ യുദ്ധം ചെയ്യുന്നതു കാണാം. പരസ്പരം ഇടകലരാനാവാത്ത വിധം ജാതീയമായി വിഘടിച്ചു നിന്നിരുന്ന മനുഷ്യരാണ് മതപരിവര്‍ത്തനത്തിനുശേഷം മലബാറില്‍ മാപ്പിള ഫോക്കിനെ രൂപപ്പെടുത്തിയത്. അതുകൊണ്ടുതന്നെ ഭൂതകാലത്തിലെ ജാതീയമായ ഓര്‍മകള്‍ക്കുപരിയായി മതപരമായ സംഘബോധത്തെ സ്വീകരിക്കുക എന്നത് അവരുടെ സമുദായ രൂപീകരണത്തിലെ ആദ്യ ചുവടാണ്. പൂര്‍വിക പാരമ്പര്യത്തെ ഓര്‍മ്മിപ്പിച്ച് അത്തരമൊരു പ്രചോദനം പടപ്പാട്ടുകള്‍ മാപ്പിളമാര്‍ക്ക് നല്‍കുന്നുണ്ട്.
വിവര്‍ത്തനം അടിസ്ഥാനപരമായി ഒരു സാമൂഹ്യ പ്രയോഗമാണ്. സാമൂഹിക ബന്ധങ്ങളുടെ സമ്മര്‍ദ്ദങ്ങളെ മുന്‍നിര്‍ത്തിയാണ് വിവര്‍ത്തനത്തിലെ തിരഞ്ഞെടുപ്പുകളും തന്ത്രങ്ങളും തീരുമാനിക്കപ്പെടുന്നത്. 19-ാം നൂറ്റാണ്ടിലെ മലബാറിന്റെ രാഷ്ട്രീയ- സാമൂഹ്യ കാലാവസ്ഥയാണ് പടപ്പാട്ടുകളുടെ വിവര്‍ത്തനം സാധ്യമാക്കിയത്. ഏകദൈവവിശ്വാസം, പ്രവാചകസ്‌നേഹം, ആത്മത്യാഗം എന്നിവയിലധിഷ്ഠിതമായ ഒരു സമുദായരൂപീകരണം ആ പാട്ടുകള്‍ ലക്ഷ്യമാക്കിയിട്ടുണ്ട്. അത്തരമൊരു രാഷ്ട്രീയത്തെ മുന്‍നിര്‍ത്തിയുള്ള വിവര്‍ത്തന തന്ത്രങ്ങള്‍ പാട്ടുകളിലുടനീളം കാണാം.
പ്രതിരോധ രാഷ്ട്രീയത്തിന്റെ ഒരു ഇടമായി മലബാര്‍ പ്രദേശത്തെ മാറ്റിയെടുക്കുന്നതില്‍ മാപ്പിള സമുദായരൂപീകരണത്തിലെ ഇത്തരം അടിയടരുകള്‍ക്ക് വലിയ പങ്കുണ്ട്. മാപ്പിള സമൂഹത്തിന്റെ ഉപദേശീയഭാവനയില്‍ പ്രവര്‍ത്തിക്കുന്ന സാര്‍വ്വലൗകിക ബലതന്ത്രം സവിശേഷമായിത്തന്നെ പഠിക്കപ്പെടേണ്ടതാണ്. ജാതീയമായ വിഭജനത്തില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ട തദ്ദേശീയവും വിദേശീയവുമായ അധികാരഘടനകള്‍ക്കെതിരെ നിലകൊള്ളാന്‍ പ്രേരണയായി നില്‍ക്കുന്നത് പ്രത്യയശാസ്ത്രപരമായ ഈ സാര്‍വലൗകികതയാണ്. സംസ്‌കാരവിവര്‍ത്തനത്തിന്റെ ബോധപൂര്‍വ്വമായ നിര്‍മ്മിതികളിലൂടെയാണ് സാര്‍വലൗകികമായ ഏകസമുദായ ബോധത്തെ ഭാവന ചെയ്‌തെടുത്തത്. മലബാറിന്റെ പ്രദേശസ്വരൂപത്തെ നിര്‍ണയിക്കുന്നതില്‍ ഇത്തരം സംസ്‌കാരമാതൃകകളുടെ പങ്ക് കൂടുതല്‍ പഠിക്കപ്പെടേണ്ടതുണ്ട്.
കുറിപ്പുകള്‍
1. സെയ്തു മുഹമ്മത്.പി.എ.1996 കേരള മുസ്‌ലിം ചരിത്രം. അല്‍ഹുദ ബുക്ക് സ്റ്റാള്‍ കോഴിക്കോട്. പുറം 51
2. ബാലകൃഷ്ണന്‍ വള്ളിക്കുന്ന്. 2017 മഹാകവി മോയിന്‍കുട്ടി വൈദ്യരുടെ കാവ്യലോകം. വചനം ബുക്‌സ്. കോഴിക്കോട്. പുറം 154
3. ബാലകൃഷ്ണന്‍ വള്ളിക്കുന്ന്. 2017 മഹാകവി മോയിന്‍കുട്ടി വൈദ്യരുടെ കാവ്യലോകം. വചനം ബുക്‌സ്. കോഴിക്കോട്. പുറം 149
4. മുഹമ്മദ് അബ്ദുള്‍ കരീം.കെ.കെ., അബൂബക്കര്‍.കെ (എഡി.) 2015 മഹാകവി മോയിന്‍കുട്ടി വൈദ്യരുടെ സമ്പൂര്‍ണകൃതികള്‍. വാല്യം 2. മഹാകവി മോയിന്‍ കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി, കൊണ്ടോട്ടി. പുറം 796
5. മുഹമ്മദ് അബ്ദുള്‍ കരീം.കെ.കെ., അബൂബക്കര്‍ കെ (എഡി.) 2015 മഹാകവി മോയിന്‍കുട്ടിവൈദ്യരുടെ സമ്പൂര്‍ണകൃതികള്‍. വാല്യം 3. മഹാകവി മോയിന്‍ കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി, കൊണ്ടോട്ടി. പുറം 1692.
6. ഹാമര്‍ ഈവന്‍ സൊഹര്‍, 1990, ദി പൊസിഷന്‍ ഓഫ് ട്രാന്‍സ്‌ലേറ്റഡ് ലിറ്ററേച്ചര്‍ വിത്തിന്‍ ദി ലിറ്റററി പോളിസിസ്റ്റം, പോയറ്റിക്‌സ് റ്റുഡേ 11: പേജ്: 45-51.
7. മുഹമ്മദ് അബ്ദുള്‍ കരീം.കെ.കെ., അബൂബക്കര്‍.കെ (എഡി.) 2015 മഹാകവി മോയിന്‍കുട്ടി വൈദ്യരുടെ സമ്പൂര്‍ണകൃതികള്‍. വാല്യം 2. മഹാകവി മോയിന്‍ കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി, കൊണ്ടോട്ടി. പുറം 799
8. ബാലകൃഷ്ണന്‍ വള്ളിക്കുന്ന്. 2017 മഹാകവി മോയിന്‍കുട്ടി വൈദ്യരുടെ കാവ്യലോകം. വചനം ബുക്‌സ്. കോഴിക്കോട്. പുറം 195-196
ഗ്രന്ഥസൂചിക
1. സീമാ അലവി: മുസ്്‌ലിം കോസ്‌മോപൊളിറ്റനിസം ഇന്‍ ഐജ് ഓഫ് എംപയര്‍, 2015
2. ലൂയിസ് അല്‍തൂസര്‍: ഐഡിയോളജി ആന്‍ഡ് ഐഡിയോളജിക്കല്‍ സ്‌റ്റേറ്റ് അപാരറ്റസ്, 1971
3. ബെനഡിക്ട് ആന്‍ഡേഴ്‌സന്‍: ഇമേജിന്‍ഡ് കമ്മ്യൂണിറ്റീസ്, 1983
4. ബാലകൃഷ്ണന്‍ വള്ളിക്കുന്ന്: മഹാകവി മോയിന്‍കുട്ടി വൈദ്യരുടെ കാവ്യലോകം, വചനം ബുക്‌സ്,
5. സ്റ്റീഫന്‍ ഡെയ്ല്‍: ഇസ്‌ലാമിക് സൊസൈറ്റി ഓണ്‍ ദ സൗത്തേഷ്യന്‍ ഫ്രണ്ടിയര്‍, ദ മാപ്പിളാസ് ഓഫ് മലബാര്‍ 1498-1922, 1980
6. അസ്ഗറലി എഞ്ചിനീയര്‍(എഡി): കേരള മുസ്്‌ലിംസ്; എ ഹിസ്റ്ററിക്കല്‍ പേര്‍സ്‌പെക്റ്റീവ്, 1995
7. ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം: തുഹ്ഫത്തുല്‍ മുജാഹിദീന്‍, വിവര്‍ത്തനം: മുഹമ്മദ് ഹുസൈന്‍ നൈനാര്‍, 2006
8. റോളണ്ട് ഇ മില്ലര്‍: മാപ്പിള മുസ്്‌ലിംസ് ഓഫ് കേരള, 1992
9. കെ.കെ അബ്ദുല്‍ കരീം, കെ.അബൂബക്കര്‍: മഹാകവി മോയിന്‍ കുട്ടി വൈദ്യര്‍ സമ്പൂര്‍ണ കൃതികള്‍(3 വാള്യം), 2015
10. കെ.എന്‍ പണിക്കര്‍: എഗൈന്‍സ്റ്റ് ലോര്‍ഡ് ആന്‍ സ്‌റ്റെയ്റ്റ്, റിലീജ്യന്‍ ആന്‍ഡ് പെസന്റ് അപ്‌റൈസിംഗ് ഇന്‍ മലബാര്‍ 1836-1921, 1992
എം.സി അബ്ദുന്നാസര്‍
പ്രൊഫ. മീഞ്ചന്ത ആര്‍ട്‌സ് കോളേജ്