ശൈഖ് ഹാമിദ് ഖാന്റെ ‘ആംബിഗസ് അഡ്വഞ്ചര്‍’ എന്ന നോവല്‍ ശ്രദ്ധേയമാകുന്നത് കൊളോണിയല്‍ വിദ്യാഭ്യാസത്തെ അധിനിവേശത്തിന്റെ ആയുധമെന്ന് വ്യാഖ്യാനിക്കുന്നതിലാണ്. യുദ്ധവും അധിനിവേശവും വിമോചനത്തിന്റെ ഉപാധികളാണെന്ന് കീഴടക്കിയവരെ ബോധിപ്പിക്കുമ്പോഴാണ് അധിനിവേശം സമ്പൂര്‍ണ്ണമാവുന്നത്. കൊളോണിയല്‍ കാലത്തെന്ന പോലെ കൊളോണിയലാനന്തരകാലത്തും അധികാരസ്ഥാപനങ്ങളായി തുടരുകയാണ് വിദ്യാലയങ്ങള്‍. അനവധി ജ്ഞാനീയങ്ങളില്‍ പ്രാവീണ്യമുള്ള (മള്‍ട്ടി ലിംഗ്വല്‍) വിദ്യാര്‍ത്ഥികളെ വാര്‍ത്തെടുക്കുമെന്ന വാഗ്ദാനമാണ് അവ ആത്യന്തികമായി മുന്നോട്ട് വെക്കുന്നത്. പക്ഷേ, ഇന്ന് സ്ഥാപനങ്ങള്‍ ഏകപാരമ്പര്യത്തെ മാത്രം അംഗീകരിക്കുന്നവരും മറ്റുള്ളവയോട് അകല്‍ച്ചയോ ശത്രുതാ മനോഭാവമോ പുലര്‍ത്തുന്നവരുമായ (മോണോലിംഗ്വലായ) വിദ്യാര്‍ത്ഥികളെയാണ് ഉത്പാദിപ്പിക്കുന്നത്.
പടിഞ്ഞാറും പുറംലോകവും
കാനോനുകള്‍(പൊതുനിയമങ്ങള്‍) എല്ലാ വിദ്യഭ്യാസ സമ്പ്രദായങ്ങളിലും അനിവാര്യമാണ്. ഹാറോള്‍ഡ് ബൂം തന്റെ വെസ്‌റ്റേണ്‍ കാനണ്‍ എന്ന ഗ്രന്ഥത്തില്‍ എഴുതുന്നു:’ഒരു പഠിതാവ് നിര്‍ബന്ധമായും സെലക്ടീവ് റീഡിംഗിന് തയ്യാറാവണം. കാരണം, വായനക്ക് മാത്രമായി ജീവിതം ഉഴിഞ്ഞുവെച്ചാല്‍ പോലും എല്ലാം വായിക്കാന്‍ സമയം ലഭിക്കില്ല’.
വായിക്കാനും വിദ്യാര്‍ത്ഥികളുടെ സിലബസില്‍ ഉള്‍പ്പെടുത്താനും നാം എന്താണ് തിരഞ്ഞെടുക്കേണ്ടത്? വ്യത്യസ്ത ബൗദ്ധിക പാരമ്പര്യങ്ങളും സിവിലൈസേഷനുകളും ഈ ചോദ്യത്തിന് പല രീതിയില്‍ ഉത്തരം നല്‍കിയിട്ടുണ്ട്. പാരമ്പര്യ ഇസ്്‌ലാമിക ലോകത്ത് താരതമ്യേന നിലവാരമുള്ള പാഠ്യപദ്ധതി നിലനിന്നിരുന്നു. അവിടെ വിദ്യാര്‍ത്ഥികള്‍ ഖുര്‍ആന്‍ മന:പാഠമാക്കുകയും അറബിഭാഷ, യുക്തിശാസ്ത്രം, ഗണിതശാസ്ത്രം, നിയമം, പ്രകൃതി-സാമൂഹികശാസ്ത്രം എന്നിവ പഠിക്കുകയും ചെയ്തു. യൂറോപ്യന്‍ നവോത്ഥാനം സ്വീകരിച്ച മാനവിക പദ്ധതിപോലെ ബൗദ്ധികവും ധാര്‍മികവുമായ പരിശീനത്തിലൂടെ മാനുഷിക കഴിവുകള്‍ വര്‍ധിപ്പിക്കാന്‍ കഴിയുന്ന സമ്പൂര്‍ണ്ണനായ ഒരു മനുഷ്യനെ സൃഷ്ടിക്കുക എന്നത് തന്നെയാണ് ഇത്തരം പാരമ്പര്യങ്ങളുടെ ആത്യന്തികമായ ലക്ഷ്യം.
മതത്തെയും മതേതരത്വത്തെയും രണ്ടായി കാണുന്ന യൂറോപ്യന്‍ രീതിക്ക് ശേഷം സൗന്ദര്യാത്മകവും ബൗദ്ധികവുമായ പ്രേരണകളെ ധാര്‍മികതയില്‍ നിന്നും വേര്‍തിരിക്കുന്ന രീതി പടിഞ്ഞാറിലെ ആധുനിക വിദ്യഭ്യാസം സ്വീകരിച്ചിട്ടുണ്ട്. ബ്ലൂം എഴുതുന്നു: ‘പാശ്ചാത്യ പൊതുനിയമങ്ങള്‍ ഒരിക്കലും സാമൂഹിക രക്ഷയ്ക്കുള്ളതല്ല. നമ്മുടെ രാഷ്ട്രീയ, സാമൂഹിക, വൈയക്തിക-ധാര്‍മികമൂല്യങ്ങള്‍ രൂപപ്പെടുത്തുന്നതിനായി പടിഞ്ഞാറന്‍ പൊതുനിയമങ്ങള്‍ വായിക്കുകയാണെങ്കില്‍ നാം സ്വയം സ്വാര്‍ത്ഥതയുടെയും ചൂഷണത്തിന്റെയും രാക്ഷസന്മാരായി മാറുമെന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു’. ബ്ലൂമിന്റെ ഈ പരാമര്‍ശം പടിഞ്ഞാറന്‍ പൊതുനിയമങ്ങളെ കുറിച്ചുള്ള നവധാരണകളെ പ്രതിഫലിപ്പിക്കുന്നു. ഇതേ നിയമങ്ങളുടെയും പാശ്ചാത്യന്‍ നാഗരികതയുടെയും കണ്ടുപിടിത്തത്തിലൂടെയാണ് യൂറോപ്യന്‍ സാമ്രാജ്യത്വശക്തികള്‍ ഇസ്്‌ലാമിക നാഗരികതയ്‌ക്കെതിരെ ‘ക്രിസ്ത്യന്‍ലോകം’ എന്ന മറ്റൊരു നെഗറ്റീവ് പിന്തിരിപ്പന്‍ നിര്‍വചനത്തെ അവതരിപ്പിക്കുന്നത്. തുടര്‍ന്ന് പുരാതന ഗ്രീക്ക് ബൗദ്ധിക മുന്നേറ്റങ്ങള്‍ ഇസ്്‌ലാമിക ചരിത്രങ്ങളില്‍ നിന്നും അകന്ന് പടിഞ്ഞാറിന്റെ സ്വന്തം അഹങ്കാരമായി മാറി. വാസ്തവത്തില്‍ ഒരു സഹസ്രാബ്ദം മുഴുവനും ബൈസന്റൈന്‍ ഭരണത്തിന് കീഴിലും അഞ്ച് നൂറ്റാണ്ടോളം കാലം ഒട്ടോമന്‍ ഭരണത്തിന് കീഴിലുമായിരുന്നു ഗ്രീസ്. ഇതിനൊക്കെ പുറമെ, ഇബ്‌നു റുഷ്ദിനെയും ഇബ്‌നു അറബിയെയും പോലുള്ള മുസ്്‌ലിം ചിന്തകര്‍ എങ്ങനെയൊക്കെയോ പാശ്ചാത്യന്‍ പാരമ്പര്യത്തിന്റെ വക്താക്കളായി മാറി.
‘വെസ്റ്റേണ്‍ സിവിലൈസേഷന്‍’ മാത്രം ഒരു നാഗരികതയായി പരിഗണിക്കപ്പെടുകയാണുണ്ടായത്. മറ്റുള്ള സിവിലൈസേഷനുകള്‍ പരാജയപ്പെട്ട ശ്രമങ്ങളായി വിലയിരുത്തപ്പെടുകയും അവയെല്ലാം പാശ്ചാത്യനാഗരികതയാല്‍ നിയന്ത്രിതമാണെന്ന പൊതുധാരണ സൃഷ്ടിക്കപ്പെടുകയും ചെയ്തു. അതുപോലെ ‘വെസ്‌റ്റേണ്‍ കള്‍ചര്‍’ മാത്രം ഒരു സംസ്‌കാരമായി അംഗീകരിക്കപ്പെടുകയും ബാക്കിയുള്ളവയെ സ്വീകരിച്ചവര്‍ സംസ്‌കാരശൂന്യരായ കാടന്മാരായി (അണ്‍കള്‍ച്ചഡ് ബര്‍ബേറിയന്‍സ്) ചിത്രീകരിക്കപ്പെട്ടു. ലോകത്തെ മറ്റു ബൗദ്ധിക പാരമ്പര്യങ്ങള്‍ വെറും മതപരിശീലനമായും അനൗപചാരിക വിദ്യഭ്യാസമായും പരിഗണിക്കപ്പെട്ടു. പാശ്ചാത്യന്‍ നാഗരികതയുടെ ഈയൊരു കാഴ്ചപ്പാടും സാമ്രാജ്യത്വ പദ്ധതികളും പരസ്പരം പൂരകങ്ങളാകുന്നത് ഒരിക്കലും യാദൃശ്ചികമല്ല. ക്രൂരമായ ഈ സാമ്രാജ്യത്വം, പടിഞ്ഞാറന്‍ ലിബറലിസത്തിന്റെ മറുവശം മാത്രമാണ്; നിങ്ങളും നിങ്ങളുടെ സമൂഹവും ഞങ്ങളുടേത് പോലെ സ്വതന്ത്രവും ലിബറലും അല്ലെങ്കില്‍ നിങ്ങള്‍ നീചരാണ്. അതിനാല്‍ സങ്കുചിതമാര്‍ഗങ്ങളാല്‍ നിങ്ങളുടെ സ്വാതന്ത്രത്തെ ഞങ്ങള്‍ കവര്‍ന്നെടുക്കുകയും അപ്രകാരം നിങ്ങളെ പുരോഗതിയിലേക്ക് നയിക്കുകയും ഞങ്ങളുടെ സ്വന്തം ലിബറല്‍ പ്രതിച്ഛായയില്‍ പുനര്‍നിര്‍മ്മിക്കുകയും ചെയ്യും എന്ന നിലപാടാണ് പാശ്ചാത്യ ലിബറലിസത്തിന്റെ വക്താക്കള്‍ക്ക്.
ഇന്ന് എല്ലാവരും ജീവിക്കുന്നത് ആധുനിക പാശ്ചാത്യ ഉത്പന്നമായ ദേശരാഷ്ട്രത്തിലാണ്. ആയതിനാല്‍ പാശ്ചാത്യ വിദ്യാഭ്യാസ സമ്പ്രദായമാണ് അവ സ്വീകരിച്ചുപോരുന്നതും. കൊളോണിയല്‍ വിഷയങ്ങള്‍ പഠിച്ചവര്‍ നമുക്ക് പരിശീലനം നല്‍കിയ വിദ്യാഭ്യാസ സമ്പ്രദായങ്ങളെ പരിഷ്‌കരിക്കുന്നതിന് വേണ്ടി സംസാരിക്കാന്‍ തുടങ്ങി. പക്ഷേ, ഇത്തരം സംഭാഷണങ്ങളുടെ ചരിത്രം ചെന്നെത്തുന്നത് കൊളോണിയല്‍ കാലഘട്ടത്തിലേക്കാണ്. കൊളോണിയല്‍ ഇന്ത്യയില്‍ ബ്രിട്ടന്‍ നടത്തിക്കൊണ്ടിരുന്ന അറബി, സംസ്‌കൃത വിദ്യാലയങ്ങള്‍ അടച്ചുപൂട്ടുന്നതിനെ അനുകൂലിച്ച് ടി.ബി മെക്കാളെ തന്റെ കുപ്രസിദ്ധ ഗ്രന്ഥമായ മിനുട്‌സ് ഓഫ് ഇന്ത്യന്‍ എഡുക്കേഷനില്‍ രണ്ടു കാരണങ്ങള്‍ എടുത്തുപറയുന്നു:
1. വിദ്യാലയങ്ങളില്‍ പഠിപ്പിക്കുന്ന സാഹിത്യ ബൗദ്ധിക പാരമ്പര്യങ്ങള്‍ (ഇസ്്‌ലാം, ഹിന്ദു) യഥാര്‍ഥ പുരോഗതിക്ക് പ്രതിബന്ധം സൃഷ്ടിക്കുന്നവയും അപ്രസക്തവും പ്രാകൃത അന്ധവിശ്വാസങ്ങളെ ആശ്ലേഷിക്കുന്നവയുമാണ്.
2. അവയുടെ ബിരുദധാരികള്‍ കൊളോണിയല്‍ സമ്പദ്‌വ്യവസ്ഥയില്‍ തൊഴില്‍രഹിതരാണ്.
മെക്കാളെ പറയുന്നു: ‘കിഴക്കന്‍ ഭാഷകളിലെ പ്രാവീണ്യം കൊണ്ട് പ്രശസ്തമായ പലരുമായും ഞാന്‍ സംസാരിച്ചു. ഒരു നല്ല യൂറോപ്യന്‍ ലൈബ്രറിയിലെ ഒരൊറ്റ ഷെല്‍ഫിനേക്കാള്‍ മികച്ചുനില്‍ക്കാന്‍ അറേബ്യയിലെയും ഇന്ത്യയിലെയും മുഴുവന്‍ സാഹിത്യ സൃഷ്ടികള്‍ക്കുപോലും കഴിയില്ലെന്ന വസ്തുത ഇവരെല്ലാവരും അംഗീകരിക്കുന്നു. വിദ്യഭ്യാസത്തിന്റെ പൗരസ്ത്യ പദ്ധതിയെ പിന്തുണക്കുന്നവര്‍ പാശ്ചാത്യ സാഹിത്യത്തിന് മറ്റുള്ളവയുടെ മേലുള്ള ആധിപത്യത്തെ അംഗീകരിക്കുന്നുണ്ട്. നമ്മുടെയും നാം ഭരിക്കുന്ന ദശലക്ഷങ്ങളുടെയും ഇടയില്‍ ദ്വിഭാഷികളായി പ്രവര്‍ത്തിക്കുന്ന ഒരു വിഭാഗത്തെ രൂപപ്പെടുത്തിയെടുക്കാന്‍ നാം കഴിവതും ശ്രമിക്കേണ്ടതുണ്ട്. ആ വിഭാഗത്തിലുള്ള ഓരോരുത്തരും രക്തത്തിലും നിറത്തിലും ഇന്ത്യനാണെങ്കിലും അഭിരുചി, അഭിപ്രായം, ധാര്‍മികത, ബുദ്ധി എന്നിവയില്‍ ഇംഗ്ലീഷുകാരനായിരിക്കും’.
മറ്റു ഭാഷകളില്‍ പഠിപ്പിക്കുന്നതാണെങ്കില്‍ പോലും ലോകത്തെ ഒട്ടുമിക്ക ഔദ്യോഗിക വിദ്യാഭ്യാസ സമ്പ്രദായങ്ങളും പാശ്ചാത്യ പാഠ്യപദ്ധതികളുടെ മേല്‍ അടിസ്ഥാനപ്പെടുത്തിയതാണ്. ഇങ്ങനെയാണ് ഒരു കാലത്ത് ‘അരക്ഷിതരായ’ കര്‍ഷകര്‍ പോലും കവിതകള്‍ വായിക്കുകയും ചര്‍ച്ചചെയ്യുകയും ചെയ്തിരുന്ന സമൂഹങ്ങള്‍ ഇല്ലാതാക്കപ്പെടുകയും പകരം ട്വിറ്റര്‍, ഫെയ്‌സ്ബുക്ക് തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളില്‍ ജസ്്റ്റിന്‍ ബീബറിനേയും മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്‌സിനെയും ചര്‍ച്ചചെയ്യുന്ന ‘വിദ്യാസമ്പന്നര്‍’ ഉള്‍കൊള്ളുന്ന സമൂഹങ്ങള്‍ ഉയരുകയും ചെയ്തത്. ഈ പരിവര്‍ത്തനത്തെകുറിച്ചാണ് ആനന്ദകുമാരസ്വാമി ഒരു നൂറ്റാണ്ട് മുമ്പ് എഴുതിവെച്ചത്: ‘ഇന്ത്യയില്‍ ബ്രിട്ടീഷ് ഭരണത്തിന്റെ ഏറ്റവും ശ്രദ്ധേയമായ സവിശേഷതകളിലൊന്ന് ജനങ്ങള്‍ക്ക് ഏല്‍ക്കേണ്ടിവരുന്ന മുറിവുകളെല്ലാം മറ്റൊരര്‍ത്ഥത്തില്‍ വലിയ അനുഗ്രഹങ്ങളായി രൂപാന്തരപ്പെട്ടു എന്നുള്ളതാണ്. വിദ്യാഭ്യാസം തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ ഉദാഹരണം.
മള്‍ട്ടികള്‍ച്ചറല്‍, ലിബറല്‍, ബഹുസ്വര സൊസൈറ്റികളും യൂറോകേന്ദ്രീകൃതമായ വെസ്‌റ്റേണ്‍ മേധാവിത്വ പാഠ്യപദ്ധതികളും തമ്മിലുള്ള പൊരുത്തക്കേടില്‍ ആശങ്കാകുലരായ ലോകമെമ്പാടുമുള്ള സര്‍വ്വകലാശാലകളിലെ സെന്‍സിറ്റീവ് അധ്യാപകരും വിദ്യാര്‍ത്ഥികളും പാഠ്യപദ്ധതികള്‍, വിദ്യഭ്യാസ വകുപ്പുകള്‍, സര്‍വ്വകലാശാലകള്‍ എന്നിവയുടെ അപകോളനീകരണത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഈ അധിനിവേശ വെല്ലുവിളിക്ക് പഴയ വെല്ലുവിളികളേയും മുന്‍വിധികളെയും മറികടന്ന് ഒരു പുതിയ കോസ്‌മോപൊളിറ്റന്‍ നവോത്ഥാനത്തിന് തുടക്കമിടാനുള്ള കഴിവുണ്ട്. അപ്പോഴാണ് ഡാന്റെയെ പോലെ റൂമിയും, ഡുബോയിസിനെ പോലെ ഡോഗനും, മായാ ആഞ്ചലോവിനെ പോലെ മീരാഭായിയും, ച്യാങ് സൂവിനേയും ശങ്കരനേയും പോലെ ഷെക്‌സ്പിയറും, ഭഗവത്ഗീതയെ പോലെ ബൈബിളും, വംശങ്ങളെ കുറിച്ചുള്ള മാര്‍ക്‌സ്-ഡിക്കന്‍സ് സംവാദങ്ങള്‍ പോലെ ജാതിയെ കുറിച്ചുള്ള ഗാന്ധി-അംബേദ്കര്‍ സംവാദങ്ങളുമെല്ലാം വായിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്തത്.
വൈവിധ്യങ്ങളുടെ പരിമിതികള്‍
ആഫ്രിക്കന്‍ ഉപഭൂഖണ്ഡത്തിലെ ആദ്യകാല കോളനികളിലും മറ്റുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പാശ്ചാത്യ പാരമ്പര്യങ്ങളില്‍ അമേരിക്കയിലേയും യൂറോപിലേയും വിദ്യാര്‍ത്ഥികളേക്കാള്‍ വൈദഗ്ദ്യം കുറവായിരുന്നു. അതിലുപരി കൊളോണിയല്‍ വിദ്യഭ്യാസം ഉന്മൂലനം ചെയ്ത തങ്ങളുടെ സ്വന്തം ബൗദ്ധിക പാരമ്പര്യങ്ങളെ കുറിച്ചുപോലും അവര്‍ക്ക് അവബോധമുണ്ടായിരുന്നില്ല. നൈജീരിയ പോലുള്ള ആഫ്രിക്കയിലെ ആദ്യകാല കോളനികള്‍ക്കു പുറമേ അമേരിക്ക, യു.കെ പോലുള്ള രാജ്യങ്ങളിലെ കൊളോണിയലാനന്തര സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥീവൃന്ദങ്ങളിലും ഈ ഒരു അധപതനം ദൃശ്യമാണ്. കൊളോണിയല്‍ പ്രായോഗിക പരിജ്ഞാനങ്ങള്‍ പാശ്ചാത്യേതര ബൗദ്ധിക പാരമ്പര്യങ്ങളെ പാര്‍ശ്വവത്കരിക്കുകയോ പരിപൂര്‍ണ്ണമായും നശിപ്പിക്കുകയോ ചെയ്‌തെന്നല്ലാതെ പകരം മികവുറ്റ പാശ്ചാത്യ പാരമ്പര്യങ്ങളെ സ്ഥാപിക്കാന്‍ അവയ്‌ക്കൊന്നും കഴിഞ്ഞിട്ടില്ല.
അപകോളനിവത്കരണത്തിന് ആഹ്വാനം ചെയ്യുന്നവരില്‍(പ്രധാനമായും കാംബ്രിഡ്ജ്, കാപ്ടൗണ്‍ യൂണിവേഴ്‌സിറ്റിയിലുള്ളവര്‍) ഭൂരിഭാഗം പേരും തങ്ങളുടെ പാഠ്യപദ്ധതികളില്‍ കറുത്തവര്‍ഗക്കാര്‍, ഏഷ്യന്‍-മദ്ധ്യപൗരസ്ത്യ കുടിയേറ്റക്കാര്‍, സ്ത്രീകള്‍ തുടങ്ങി ഒറ്റപ്പെട്ടു നില്‍ക്കുന്ന ഗ്രന്ഥകര്‍ത്താക്കളെ കൂടി ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നു. സ്റ്റുഡന്റ് ബോഡിയിലും ഫാക്കല്‍റ്റിയിലും സ്ത്രീകളുടേയും മറ്റു ന്യൂനപക്ഷങ്ങളുടേയും പ്രതിനിധാനം വേണമെന്ന് വാദിക്കുന്നവരാണ് ഇതില്‍ അധികവും.
എന്നാല്‍, വിദ്യാഭ്യാസ മേഖലകളിലെ പാശ്ചാത്യാധിപത്യം കാരണം ഇത്തരം വൈവിധ്യങ്ങള്‍ ലോകത്ത് നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. ബൗദ്ധിക പാരമ്പര്യങ്ങളുടെ കാര്യത്തിലാണ് ഈ വസ്തുത ഏറെ പ്രകടമാവുന്നത്. ചിമാമാനന്ദ അഡിഷി, ചിനുവ അചിബി, വോള്‍ സോയിങ്കെ എന്നിവരുടെ നോവലുകള്‍ വായിക്കുന്നതില്‍ നിന്നും ഏറെ വ്യത്യസ്തമാണ് ഇഫയുടെ പ്രഭാഷണങ്ങളെ കുറിച്ചുള്ള പഠനം. സല്‍മാന്‍ റുഷ്ദി, ഹനീഫ് ഖുറൈശി, ഓര്‍ഹന്‍ പാമുക് എന്നിവരെ വായിക്കുന്ന പോലെയല്ല സായിദ് ഗുലിസ്ഥാന്‍, നാഗാര്‍ജുന, അമീര്‍ ഖുസ്‌റു, ഹാഫിസ്, റൂമി എന്നിവരെ വായിക്കുന്നത്. അറബിക് ക്ലാസിക്കായ ഖാസിദയേയോ, ഇബ്‌നുല്‍ ഫരീദ്, അല്‍ മുതനബി എന്നിവരെ കുറിച്ചുള്ള പരിജ്ഞാനമില്ലാതെ നിസാര്‍ ഖബ്ബാനിയുടെ പവിത്രമായ പ്രേമകവിതകളേയോ മഹ്്മൂദ് ദര്‍വേശിനേയോ പഠിപ്പിക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല. ഇവയെല്ലാം വ്യത്യസ്ഥമായ കാര്യങ്ങളെ വിഭിന്നമായ രീതികളില്‍ അവതരിപ്പിക്കുന്നവയാണ്. വ്യത്യസ്ത പശ്ചാതലത്തിലുള്ള എഴുത്തുകാരുടെ കൃതികളെ പരിചയപ്പെടുത്തുന്നതിനേക്കാള്‍ പ്രധാനമാണ് വിഭിന്നമായ നാഗരികതകളില്‍ നിന്നുള്ള സാഹിത്യ സൃഷ്ടികളെ അവതരിപ്പിക്കുന്നത്. അപ്പോഴാണ് ഒരാള്‍ തന്റെ മുന്‍വിധികളുടെ പരിമിതികളെ കുറിച്ച് ബോധവാനാവുന്നത്. ഗോയ്‌തെ പറയുന്നു: ‘വിദേശ ഭാഷകളെ കുറിച്ച് അവബോധമില്ലാത്തവന് സ്വന്തമായി ഒന്നും അറിയില്ല’.
എന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയ ഒരു കാര്യം സോഷ്യല്‍ സയന്‍സിന്റെ പിതാവായി അറയിപ്പെടുന്ന ഇബ്‌നു-ഖല്‍ദൂന്‍ എന്ത് കൊണ്ട് സോഷ്യല്‍ സ്റ്റഡീസിന്റെ സിലബസിലില്ല? സോഷ്യല്‍ സ്റ്റഡീസിനെ വ്യതിരിക്തമാക്കാനുള്ള മുറവിളികള്‍ ഫ്രാന്‍സ് ഫാനന്‍, സൈമണ്‍ ഡി ബൂവേ എന്നവരെ കരിക്കുലത്തില്‍ ഉള്‍കൊള്ളിച്ചു. പക്ഷേ, എന്ത്‌കൊണ്ട് കണ്‍ഫ്യൂഷന്‍സ് ആ പട്ടികയില്‍ ഇടം പിടിച്ചില്ല. ലോകത്തെ വ്യത്യസ്ത മനുഷ്യകുലങ്ങളുടെ ചരിത്രം പഠിക്കുന്നതില്‍ നിന്നും ഏറെ വിഭിന്നവും ഒരു പക്ഷേ അതിനേക്കാള്‍ സുപ്രധാനവുമാണ് ഈ ജനങ്ങള്‍ ചരിത്രത്തെ എങ്ങനെ സങ്കല്‍പിക്കുന്നു എന്നും ചരിത്രത്തില്‍ അവരുടെ ഇടം എന്താണെന്നും പഠിക്കല്‍. ഇത്തരത്തില്‍ നമ്മെ ബാധിച്ച വര്‍ഗ്ഗീയമായ യൂറോസെന്‍ട്രിസത്തിന്റെ ആധിപത്യത്തിന് പകരം സുതാര്യവും പ്രതിജ്ഞാബദ്ധവുമായ പാശ്ചാത്യേതര ബൗദ്ധിക പാരമ്പര്യങ്ങളെ കുറിച്ചുള്ള അവബോധത്തേക്കാള്‍ നല്ലൊരു മറുമരുന്നുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.
വ്യത്യസ്തമായ കാര്യങ്ങളെ പഠിപ്പിക്കുന്നതിലുപരി കാര്യങ്ങളെ വ്യത്യസ്തമായി പഠിപ്പിക്കാന്‍ നാം ശ്രമിക്കണം. അങ്ങനെ മാത്രമേ യൂണിവേഴ്‌സിറ്റികളെ നമുക്ക് അപകോളനിവത്കരിക്കാന്‍ കഴിയൂ. ഉന്നത വിദ്യാഭ്യാസ മേഘലയില്‍ ഈയൊരു രീതി ഇന്ന് കണ്ടുവരുന്നുണ്ട്. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ മൈക്കല്‍ പ്യൂവട്ട് ‘ചൈനീസ് എതികല്‍ തിയറീസ്’ എന്ന് പറയുന്ന ഒരു ബിരുദ കോഴ്‌സ് പഠിപ്പിക്കുന്നുണ്ട്. അദ്ദേഹത്തിന് കീഴില്‍ വിദ്യാര്‍ഥികള്‍ കണ്‍ഫ്യൂഷസ്, ലാവോ സൂ, മെന്‍ഷ്യസ് എന്നിവരുടെ സിദ്ധാന്തങ്ങളെ കുറിച്ച് പഠിക്കുന്നത് കേവലം ഒരു ചരിത്ര പഠനം എന്നതിലുപരി ജീവിതം എങ്ങനെ ഓര്‍ഗനൈസ് ചെയ്യാം എന്ന് പഠിക്കാനാണ്. ഉഗാണ്ടയിലെ മകെരേരെ യൂണിവേഴ്‌സിറ്റിയിലെ ഇന്‍സ്റ്റിറ്റിയൂട് ഓഫ് സോഷ്യല്‍ റിസര്‍ച് പ്രൊഫസര്‍ മഹ്്മൂദ് മംദാനിക്കും സമാനമായ ആശയങ്ങളും ലക്ഷ്യങ്ങളുമുണ്ട്. ഫിലോസഫിക്കല്‍ ഡിപ്പാര്‍ട്‌മെന്റുകള്‍ പാശ്ചാത്യേതര തത്യജ്ഞാന പാരമ്പര്യങ്ങളുടെ പ്രാധാന്യം ഗ്രഹിക്കാന്‍ തുടങ്ങിയിട്ടുണ്ട്. മുസ്്‌ലിം പണ്ഡിതര്‍, ടിബറ്റന്‍ ലാമകള്‍ എന്നിവരോട് കൂടെ ലക്ചറിംഗ നടത്തുന്ന റിലീജ്യസ് സ്റ്റഡീസിലെ സഹപ്രവര്‍ത്തകര്‍ എന്റെ പരിചയത്തിലുണ്ട്.
നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായങ്ങള്‍ ധാര്‍മികമായ ശൂന്യത സൃഷ്ടിക്കുമ്പോള്‍ വികൃതമായ ചില പ്രത്യയശാസ്ത്രങ്ങള്‍ ആ ശൂന്യതയിലേക്ക് ഇരച്ചു കയറുന്നു. ഹിന്ദു-ബുദ്ധ ദേശീയത, തീവ്രവാദ സയണിസം, ട്രംപിയന്‍ വൈറ്റ് നാഷണലിസം, യൂറോപ്യന്‍ തീവ്ര വലതു പക്ഷം, ഐ.എസ്- മറ്റു തീവ്ര ഇസ്്‌ലാമിസ്റ്റുകള്‍ പോലുള്ള വംശീയ ഫാശിസം പല രൂപങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത് അങ്ങനെയാണ്. തീവ്രവാദ വിരുദ്ധ വിദഗ്ധനായ ഒലിവര്‍ റോയ് എഴുതുന്നു: ‘യൂറോപില്‍ അക്രമാസക്തമായ ജിഹാദിസത്തെ പുന്തുണയക്കുന്നവരില്‍ 60 ശതമാനം പേരും മാത-രാജ്യവുമായി ബന്ധം വിച്ഛേദിക്കേണ്ടി വന്നവരും വെസ്റ്റേണ്‍ സൊസൈറ്റിയുമായി താദാത്മ്യം പ്രാപിക്കാന്‍ കഴിയാതെ പോയവരുമാണ്’.
സമകാലിക അക്കാദമിക രംഗത്ത് നമുക്ക് മുമ്പില്‍ രണ്ട് വെല്ലുവിളികളാണുള്ളത്. സ്വയം അപകോളനിവത്കരിക്കുകയും നശിച്ചുകൊണ്ടിരിക്കുന്ന മാനവികതയെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുക. ഇവ രണ്ടും നേടിയെടുക്കാന്‍ ഒരൊറ്റ മാര്‍ഗമേയുള്ളൂ; ഒന്നിലധികം നാഗരികതകളുടെ ക്ലാസിക്കുകള്‍ പഠിക്കുന്നതിനുള്ള മള്‍ടിലിംഗ്വല്‍ സമ്പ്രദായം സ്വീകരിക്കുക. അപകോളനിവത്കരണത്തിനുള്ള നിലവിലെ ആഹ്യാനങ്ങള്‍ പ്രശംസനീയമാണ്. പക്ഷേ, അവയൊന്നും അധികദൂരം പോകുന്നില്ല. ഇപ്പോഴുള്ള പോസ്റ്റ് കൊളോണിയല്‍ സാഹചര്യങ്ങള്‍ വളരെ വിലപ്പെട്ട അവസരങ്ങള്‍ നമുക്ക് നല്‍കുന്നുണ്ട്. അവ മുതലെടുത്ത് പഴയ മുന്‍വിധികളെ തുടച്ചു നീക്കാനും മാനവികതയെ പുനരുജ്ജീവിപ്പിക്കാനും നാം ശ്രമിക്കേണ്ടതുണ്ട്.
ഉലുദാമിനി ഉഗുനൈക്
വിവ: ഹുബൈബ് കെപി