Thelicham

ആന്ത്രോപോളജിയിലെ ഇസ്‌ലാം: സമീപനത്തിന്റെ രീതിശാസ്ത്രം

മുസ്്‌ലിംകളുടെ ജീവിതസാഹചര്യങ്ങളെയും, ആചാരാനുഷ്ഠാനങ്ങളെയും, ഇസ്്‌ലാമിക വിജ്ഞാനസ്രോതസ്സുകളുടെ ആഖ്യാനപുനരാഖ്യാനങ്ങളെയും പരസ്പരം പൂരകങ്ങളായി കാണുന്ന ഒരു രീതിശാസ്ത്രമാണ് ഇസ്്‌ലാമിനെകുറിച്ചുള്ള ആന്ത്രോപോളജിക്കല്‍ പഠനങ്ങളെ പാശ്ചാത്യലോകത്ത് നടന്ന മുന്‍കാലപഠനങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. മുസ്്‌ലിം ലോകത്തെക്കുറിച്ച് എഴുതപ്പെട്ട ഫിക്ഷനല്‍ രചനകള്‍, ഇസ്്‌ലാമിക് സ്റ്റഡീസിന്റെ ഭാഗമായി രചിക്കപ്പെട്ട അക്കാദമിക പഠനങ്ങള്‍ എന്നിവ ഇസ്്‌ലാമികാചാരങ്ങളെയും മുസ്്‌ലിംകളുടെ ജീവിത രീതികളെയും കുറിച്ച് രൂപപ്പെടുത്തിയ ബോധങ്ങളെ പുതിയ സോഴ്‌സുകളുടെയും മെത്തേഡുകളുടെയും അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യുന്നതാണ് ആന്ത്രോപോളജിക്കല്‍ പഠനങ്ങള്‍.

ഇസ്്‌ലാമിക ആചാരങ്ങള്‍, ആത്മീയത, ഭരണരീതി, വിവാഹം, ലൈംഗികത എന്നിവയെക്കുറിച്ച് ഓറിയന്റലിസ്റ്റുകള്‍ രചിച്ച ഫിക്ഷനല്‍ രചനകളില്‍ ഒരു വലിയ പങ്ക് അതിശയോക്തി കലര്‍ന്ന സാമാന്യവത്കരണങ്ങള്‍ ആയിരുന്നു. സാമ്രാജ്യത്വ ഇടപെടലുകളെ സാധൂകരിക്കാനുള്ള ബൗദ്ധികവിഭവങ്ങള്‍ ഒരുക്കുക; ബ്രിട്ടന്‍, ജര്‍മനി പോലോത്ത സാമ്രാജ്യത്വരാജ്യങ്ങളിലെ വരേണ്യവിഭാഗങ്ങള്‍ക്കിടയില്‍ കോളനികളില്‍ നടന്നുവരുന്ന സംഘടിത മിഷിനറി പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചക്ക് അനുകൂലമായ മാനസികാവസ്ഥ ഉണ്ടാക്കിയെടുക്കുക എന്നിവയായിരുന്നു ഈ രചനകളുടെ പ്രധാന ലക്ഷ്യങ്ങളില്‍ ചിലത്.

മുസ്്‌ലിം ലോകത്തു നിന്നും ഉല്‍പാദിപ്പിക്കപ്പെട്ട കര്‍മ്മശാസ്ത്ര, ചരിത്രഗ്രന്ഥങ്ങള്‍ എന്നിവയെ അടിസ്ഥാനപ്പെടുത്തി രചിക്കപ്പെട്ട ഓറിയന്റല്‍ സ്റ്റഡീസ് അല്ലെങ്കില്‍ ഇസ്്‌ലാമിക് സ്റ്റഡീസിന്റെ ഭാഗമായിവന്ന പഠനങ്ങളില്‍ പ്രധാനമായും പ്രതിഫലിച്ചുനിന്നതു പാശ്ചാത്യലോകത്തെ അപേക്ഷിച്ച് ഇസ്്‌ലാമിക ലോകത്ത് നിലനിന്നിരുന്നു എന്ന് കരുതപ്പെടുന്ന അഭാവങ്ങള്‍ ആയിരുന്നു. ഇസ്്‌ലാമികലോകത്തെ വിജ്ഞാനോല്‍പാദനം നിശ്ചലമാണെന്നും, മാറിവരുന്ന രാഷ്ട്രീയസാഹചര്യങ്ങളെ അഭിമുഖീകരിക്കുന്നതിലും അതിനനുസരിച്ച് ഇസ്്‌ലാമിക കര്‍മ്മശാസ്ത്രത്തെയും ജ്ഞാനസമ്പാദനരീതികളെ പുനരാവിഷ്‌കരിക്കുന്നതിലും മുസ്്‌ലിം പണ്ഡിതര്‍ നിഷ്‌ക്രിയര്‍ ആണെന്നും ഈ പഠനങ്ങള്‍ വാദിച്ചു. ഇസ്്‌ലാമിക പണ്ഡിതരുടെ രചനകളില്‍ വിഷയീഭവിക്കുന്ന ഇസ്്‌ലാമും രാഷ്ട്രീയ സാമൂഹികമണ്ഡലങ്ങളില്‍ പ്രയോഗത്തിലുള്ള ഇസ്്‌ലാമും പരസ്പരപൂരകങ്ങളല്ല എന്നായിരുന്നു ഇവയുടെ വിമര്‍ശനങ്ങളില്‍ പ്രധാനം. മുസ്്‌ലിം ധിഷണയുടെ പിന്നോക്കാവസ്ഥയായും കാല-സാഹചര്യങ്ങള്‍ക്ക് അനുസൃതമായി മാറാനും പുനര്‍നിര്‍വചിക്കപ്പെടാനുമുള്ള ഇസ്്‌ലാമിന്റെ സഹജമായ അപചയമായും ഇത് വായിക്കപ്പെട്ടു.

ഇസ്്‌ലാമിനെക്കുറിച്ചുള്ള ആന്ത്രോപോളജിക്കല്‍ പഠനങ്ങള്‍ ഈ പഠനങ്ങളില്‍ നിന്ന് മുന്നോട്ടുപോവുന്നത് പ്രധാനമായും methodological (രീതിശാസ്ത്രപരമായ) ഇടപെടലുകള്‍ കൊണ്ടാണ്. മുസ്്‌ലിം ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ സോഴ്‌സ് ആയി ഗ്രന്ഥങ്ങളെ പരിമിതപ്പെടുത്തുന്നതിനു പകരം മുസ്്‌ലിംകളുടെ നിത്യജീവിതത്തെയും അതിനെ രൂപപ്പെടുത്തുന്ന സാഹചര്യങ്ങളെയും ദീര്‍ഘകാലം നിരീക്ഷിച്ചുപഠിക്കുന്ന രീതിയാണ് ആന്ത്രോപോളജി സ്വീകരിച്ചത്. മുസ്്‌ലിം സമൂഹങ്ങളിലെ വൈവിധ്യങ്ങളെ ഈ പഠനങ്ങള്‍ ഊന്നിപ്പറഞ്ഞു. എന്നാല്‍ ഈ ഗണത്തിലെ ചില പഠനങ്ങള്‍ ഈ വൈവിധ്യങ്ങളെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളുടെ വെറും പ്രതിഫലനങ്ങള്‍ മാത്രമാക്കി ചുരുക്കിക്കാണിച്ചു. തങ്ങളുടെ ജീവിതസാഹചര്യങ്ങളെ അപഗ്രഥിക്കാനും അതനുസരിച്ചു തങ്ങളുടെ പ്രവ്യത്തികളെയും അനുഷ്ഠാനങ്ങളെയും പുനര്‍നിര്‍വചിക്കാനും ഇസ്്‌ലാമികപാരമ്പര്യവുമായി മുസ്്‌ലിംപണ്ഡിതരും പൊതുജനങ്ങളും നടത്തുന്ന ബൗദ്ധികവ്യവഹാരങ്ങളെ ഈ പഠനങ്ങള്‍ പാടെ അവഗണിച്ചു.

ഈ പരിമിതി നികത്തുന്നതിലൂടെയാണ് സമകാലിക മുസ്്‌ലിം പഠനങ്ങളില്‍ ഏറെ പ്രചാരം നേടിയ തലാല്‍ അസദിന്റെ ഇസ്്‌ലാമിക പാരമ്പര്യത്തെക്കുറിച്ചുള്ള തിയറിയാല്‍ പ്രചോദിതമായി രൂപപ്പെട്ട വിശകലനങ്ങള്‍ ശ്രദ്ധേയമാവുന്നത്. ഒരു പ്രത്യേക കാലത്തും ദേശത്തും താമസിക്കുന്ന മുസ്്‌ലിംകള്‍ അവരുടെ സമകാലിക സമസ്യകളെ ജീവിക്കാന്‍ മതം, വ്യക്തി, രാഷ്ട്രീയം, സമയം, നൈതികത തുടങ്ങിയവയെക്കുറിച്ച് അതാതുസാഹചര്യങ്ങളില്‍ രൂപപ്പെട്ട ധാരണകളുമായി എങ്ങനെ സംവദിക്കുന്നു എന്നത് ഇത്തരം പഠനങ്ങളുടെ പ്രധാനലക്ഷ്യങ്ങളില്‍ ഒന്നാണ്. മുസ്്‌ലിംകള്‍ ജീവിക്കുന്ന ഇടങ്ങളിലെ ബൗദ്ധിക ഭൗതിക സാഹചര്യങ്ങളെയും അവയുടെ രൂപമാറ്റങ്ങളുടെ ചരിത്രത്തെയും അടയാളപ്പെടുത്തുക; ഈ സാഹചര്യങ്ങളെ അപഗ്രഥിക്കാനും അതിനനുസരിച്ച് തങ്ങളുടെ ജീവിതരീതികളെയും, ആചാര അനുഷ്ഠാനങ്ങളെയും, അറിവിന്റെ ഉല്പാദനത്തെയും പുനര്‍നിര്‍വചിക്കാന്‍ മുസ്്‌ലിംകള്‍ അവലംബിക്കുന്ന രീതികളെ പഠനവിധേയമാക്കുക; മുസ്്‌ലിം പൊതുജനങ്ങള്‍, പണ്ഡിതര്‍, രാഷ്ട്രഭരണനിര്‍വ്വാഹകര്‍, പൊതു ഇടങ്ങളില്‍ വ്യവഹാരങ്ങളുടെ സാധുതയെ നിര്‍ണയിക്കുന്ന ശക്തികള്‍ എന്നിവര്‍ക്കിടയിലെ അധികാരബന്ധങ്ങളെ മനസ്സിലാക്കുക എന്നിവ ഈ പഠനങ്ങളുടെ മുഖ്യലക്ഷ്യങ്ങളില്‍പ്പെട്ടതാണ്.

മുന്‍കാല പഠനങ്ങളില്‍ നിന്ന് വ്യത്യസ്തമായി മുസ്്‌ലിംകളുടെ ഭൗതികസാഹചര്യങ്ങളും ഇസ്്‌ലാമിക ബൗദ്ധികവ്യവഹാരങ്ങളും പരസ്പരം എങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നു എന്നാണു അസദിയന്‍ ആന്ത്രോപോളജി അന്വേഷിക്കുന്നത്. ഒരേ സമയം രണ്ടുതരം അന്വേഷണങ്ങള്‍ ഈ പഠനങ്ങളുടെ ഭാഗമായി വരുന്നു. ഒന്ന്, ഇസ്്‌ലാമിക ആചാരങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്ന വ്യക്തികളുടെ ചിന്തകള്‍, അനുഭവങ്ങള്‍, ഉദ്ദേശ്യങ്ങള്‍, എന്നിവ ചോദിച്ചും നിരീക്ഷിച്ചും മനസ്സിലാക്കല്‍. രണ്ട്, വ്യക്തികള്‍ പ്രത്യേകരീതിയില്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങളെ ക്രമപ്പെടുത്താന്‍ ഹേതുവാകുന്ന സാഹചര്യങ്ങളെയും ആ പ്രവര്‍ത്തനങ്ങളുടെ പരിണിതഫലങ്ങളെയും മനസ്സിലാക്കാനുതകുന്ന രീതിയില്‍ സാമൂഹികഘടനയെ കുറിച്ചുള്ള വിശകലനം.

തങ്ങളുടെ ജീവിതപരിസരത്തെ ഇസ്്‌ലാമിക പാരമ്പര്യത്തിന്റെ വെളിച്ചത്തില്‍ മനസിലാക്കാന്‍ ഖുര്‍ആന്‍, ഹദീസ്, മുസ്്‌ലിം പണ്ഡിതരുടെ അഭിപ്രായങ്ങള്‍ എന്നിവയുടെ വ്യാഖ്യാനങ്ങളും പുനര്‍വായനകളും അനുപേക്ഷണീയമാണെന്നത് കൊണ്ടുതന്നെ മുസ്്‌ലിം സമൂഹങ്ങളിലെ വൈവിധ്യങ്ങളെയും ആശയസംവാദങ്ങളെയും ആന്ത്രോപോളജിസ്റ്റുകള്‍ ഊന്നിപറയുന്നു. ഈ വൈവിധ്യങ്ങളെ സാമൂഹികഘടനയുടെ ഉപോല്‍പന്നമായി മാത്രം പരിഗണിക്കാതെ സാമൂഹികപരിസരങ്ങളെ വ്യത്യസ്തരീതിയില്‍ മനസ്സിലാക്കിയെടുക്കാന്‍ മുസ്്‌ലിംകള്‍ ഉപയോഗിക്കുന്ന ബൗദ്ധികവ്യവഹാരത്തെകൂടി പരിഗണിക്കുന്നു എന്നതാണ് നേരത്തെ സൂചിപ്പിച്ച ആദ്യകാല ആന്ത്രോപോളജിക്കല്‍ പഠനങ്ങളില്‍ നിന്ന് അസദിയന്‍ സമീപനത്തെ വ്യത്യസ്തമാക്കുന്നത്. ഈ അഭിപ്രായ വൈവിധ്യങ്ങള്‍ പഠിക്കുന്നതിലൂടെ ആന്ത്രോപോളജിസ്റ്റുകള്‍ ലക്ഷ്യമാക്കുന്ന തിയോളജിക്കല്‍ കറക്ട്‌നെസിനെ നിര്‍ണയിക്കാന്‍ അല്ല, മറിച്ചു ശരിതെറ്റുകള്‍ നിര്‍ദ്ദേശിക്കാന്‍ ഉപയോഗിക്കപ്പെടുന്ന മാനദണ്ഡങ്ങളുടെ രൂപീകരണത്തെകുറിച്ചു വിശകലനം ചെയ്യാനാണ്.

കഴിഞ്ഞ ഒരുദശാബ്ദക്കാലത്തെ പഠനങ്ങള്‍ അസദിന്റെ സമീപനത്തെ വിമര്‍ശനാത്മകമായി സമീപിച്ചിട്ടുണ്ട്. തങ്ങളുടെ ജീവിതത്തിലെ ബഹുമുഖ ഇടപെടലുകളില്‍ ഒന്നായിമാത്രം ഇസ്്‌ലാമിനെ ഗണിക്കുന്നവരുടെ അനുഭവങ്ങളെ മേല്‍പറഞ്ഞ അസദിന്റെ സമീപനത്തിന്് എത്രമാത്രം ഉള്‍ക്കൊള്ളാന്‍ കഴിയുമെന്നാണ് സമൂലി ശില്‍കെ അടക്കമുള്ള ആന്ത്രോപോളജിസ്റ്റുകള്‍ ചോദിക്കുന്നത്. ഇസ്്‌ലാമിനെ പഠിക്കാനുദ്ദേശിക്കുന്ന ആന്ത്രോപോളജിസ്റ്റുകള്‍ സാധാരണ തങ്ങളുടെ ഫീല്‍ഡ് സൈറ്റ് എടുക്കാറ് മതപരമായ ചടങ്ങുകള്‍ നടക്കുന്ന ഇടങ്ങളോ അല്ലെങ്കില്‍ ത്വരീഖത്ത് പോലോത്ത പ്രത്യേക മൂവ്‌മെന്റിന്റെ ഭാഗമായി ജീവിക്കുന്ന മുസ്്‌ലിംകളെയോ ആണ്. എന്നാല്‍ മതത്തെ മാനിക്കുന്ന എന്നാല്‍ പ്രണയബന്ധം, വിനോദവ്യവസായം തുടങ്ങിയവയുടെ മൂല്യവ്യവസ്ഥകള്‍ ജീവിതം ക്രമീകരിക്കാന്‍ ഉപയോഗിക്കുന്ന മുസ്്‌ലിംകളുടെ ജീവിതങ്ങളെ പഠിക്കാന്‍ അസദ് മുന്നോട്ടുവെക്കുന്ന രീതി എത്രമാത്രം ഉപകരിക്കും എന്നാണ് ശില്‍കെ ഉന്നയിക്കുന്ന പ്രധാന ചോദ്യം. കൂടാതെ, ജീവിതത്തിന്റെ വിവിധ പ്രവൃത്തികളുടെ ഇടപഴകി, നിലനില്‍ക്കുന്ന മൂല്യവ്യവസ്ഥങ്ങളില്‍ നിന്ന് ഇസ്്‌ലാം എന്ന് വിളിക്കപ്പെടാവുന്ന രീതിയില്‍ coherent ആയ ഒരു ethical ഗ്രൗണ്ടിനെ വേര്‍തിരിച്ചെടുക്കാന്‍ പറ്റുമോ?

മൗലിദ് സമ്മേളനങ്ങള്‍, ദര്‍ഗകളുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍, മുസ്്‌ലിംകള്‍ പരിശുദ്ധമായി കണക്കാക്കുന്ന മാസമായ റമദാന്‍ കൈറോ പോലോത്ത നഗരങ്ങളില്‍ ആചരിക്കപ്പെടുന്നതിന്റെ വിവിധ രൂപങ്ങള്‍ എന്നിങ്ങനെ ഇസ്്‌ലാം മതത്തിന്റേത് എന്ന് കരുതപ്പെടുന്ന എന്നാല്‍ വിനോദം, കച്ചവടം പോലോത്ത വ്യവഹാരങ്ങള്‍ക്കും പ്രാധാന്യം ലഭിക്കുന്ന ഇടങ്ങളെ അതിന്റെ പൂര്‍ണാര്‍ത്ഥത്തില്‍ മനസ്സിലാക്കാന്‍ അസദ് മുന്നോട്ടുവെക്കുന്ന methodന്റെ പരിമിതിയും ശില്‍കെ ചൂണ്ടികാട്ടുന്നു.

മറുഭാഗത്തു അസദിന്റെ പഠനത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട്, എന്നാല്‍ അസദിനെക്കാള്‍ ഒരുപടി പ്രാധാന്യത്തോടെ ഇസ്്‌ലാമിക ലോകത്തു രചിക്കപ്പെട്ട ഗ്രന്ഥങ്ങള്‍, ഫത്‌വകള്‍, പ്രമാണങ്ങള്‍ എന്നിവ അടിസ്ഥാനമാക്കി ശരീഅത്തിനെ മുസ്്‌ലിംകള്‍ക്കിടയില്‍ എങ്ങനെ പ്രയോഗവത്കരിക്കപ്പെട്ടു എന്ന് വിശകലനം ചെയ്യാന്‍ ശ്രമിക്കുന്ന കൃതിയാണ് ബ്രിന്‍ക്‌ലി മെസ്സികിന്റേത്. അമേരിക്കന്‍ ആന്ത്രോപോളജിയുടെ സ്ഥാപകനായി അറിയപ്പെടുന്ന ഫ്രാന്‍സ് ബോസ് ആന്ത്രോപോളജിയെ നിര്‍വചിക്കുന്നത് എഴുതപെട്ട ഭാഷകളോ ചരിത്രരേഖകളോ ഇല്ലാത്ത സമൂഹങ്ങളെ കുറിച്ചുള്ള പഠനം എന്നാണ്. അതായത് ആന്ത്രോപോളജിയിലെ ആദ്യകാല പഠനങ്ങളില്‍ ലിഖിതമായ രേഖകള്‍ വളരെ പരിമിതമായ നിലയിലെ ഉപയോഗിക്കപ്പെട്ടിട്ടിട്ടുള്ളു. അത്‌കൊണ്ട് തന്നെ ലിഖിതമായ രേഖകളെ എങ്ങനെ പഠിക്കാം, എന്തൊക്കെ മാര്‍ഗങ്ങള്‍ അതിനു ഉപയോഗിക്കാം, ഈ പഠനത്തിന്റെ ലക്ഷ്യമെന്താവണം എന്നീ വിഷയങ്ങളെ കുറിച്ചുള്ള അവലംബനീയമായ മാര്‍ഗരേഖകള്‍ വളരെ വിരളമാണ് എന്നാണ് മെസ്സിക്കിന്റെ പക്ഷം. എഴുത്തിനെയും വായനയേയും ജ്ഞാനനിര്‍മിതിയില്‍ ഈ രണ്ടുമാര്‍ഗങ്ങളുടെ ആധികാരികതയെ സംബന്ധിച്ചുള്ള സങ്കല്‍പങ്ങളെയും കുറിച്ച് ആഴത്തിലുള്ള the calligraphic state (1992), sharia scripts (2018) എന്നീ രണ്ടു ഗ്രന്ഥങ്ങളിലൂടെ മെസ്സിക്ക് ഈ പരിമിതിയെ നികത്താന്‍ ശ്രമിക്കുന്നുണ്ട്.

ഇസ്്്‌ലാമിക ലോകത്തു രചിക്കപ്പെട്ട അടിസ്ഥാനശാസ്ത്രഗ്രന്ഥങ്ങള്‍, കര്‍മ്മശാസ്ത്രത്തിലെ മൂലഗ്രന്ഥങ്ങള്‍, അവയുടെ വ്യാഖ്യാനങ്ങള്‍, ഫത്വകള്‍ എന്നിവയെ ‘library’ എന്നും കോടതിവിധികള്‍, നിയമപ്രമാണങ്ങള്‍, ഭൂമി ഇടപാടുകളെ കുറിച്ചുള്ള കോണ്‍ട്രാക്ടുകള്‍, നോട്ടറി റെക്കോക്കോര്‍ഡുകള്‍ എന്നിവയെ ‘archive’ എന്നുമായി തരംതിരിച്ചു ഇവ തമ്മിലുള്ള പാരസ്പര്യത്തെ മെസ്സിക്ക് വിശകലനം ചെയ്യുന്നു. ലൈബ്രറി ഇസ്്‌ലാമിക ജ്ഞാനങ്ങളുടെ ബൗദ്ധികതലത്തിലുള്ള ഉല്‍പാദനത്തിന്റെയും പുനരുത്പാദനത്തിന്റെയും ഇടങ്ങളാണെങ്കില്‍ archive അവ നിത്യജീവിതത്തില്‍ എങ്ങനെ പ്രയോഗിക്കപ്പെടുന്നു എന്നതിന്റെ പ്രകാശനങ്ങള്‍ ആണ്. ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് കോടതി ഇടപാടുകളിലും നോട്ടറി റെക്കോര്‍ഡുകളിലും രേഖപ്പെടുത്തപ്പെടുന്നത്. എന്തുതീര്‍പ്പുകല്‍പ്പിക്കണം, എങ്ങനെ റെക്കോര്‍ഡുകളും വിധികളും എഴുതണം, അവയുടെ ഉള്ളടക്കം എന്തൊക്കെയാവണം, ആരൊക്കെ ഏതൊക്കെ രൂപത്തില്‍ എവിടെയൊക്കെ ഈ രേഖകള്‍ സൂക്ഷിക്കണം എന്നീ archieve നെ കുറിച്ചുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ട് വെക്കുന്നതു കര്‍മ്മശാസ്ത്രഗ്രന്ഥങ്ങളും ഫത്‌വകളും അടങ്ങുന്ന library ആണ്. എന്നാല്‍ archive ലൂടെ മനസ്സിലാക്കപ്പെടുന്ന പുതിയ സാഹചര്യങ്ങളും അതിനനുസൃതമായി കോടതിവിധികളിലും നിയമരേഖകള്‍ സൂക്ഷിക്കുന്ന രീതിയിലും ഉടലെടുക്കുന്ന പുതിയ പ്രവണതകളും കര്‍മശാസ്ത്ര ഗ്രന്ഥങ്ങളടങ്ങുന്ന library യുടെ ഉള്ളടക്കത്തെ വിപുലീകരിക്കാന്‍ സഹായിക്കുന്നു. ലൈബ്രറിയുടെയും ആര്‍കൈവിന്റെയും പാരസ്പര്യത്തിന്റെ വിവിധ ഉദാഹരണങ്ങള്‍ പരിചയപെടുത്തുന്നതിലൂടെ മെസ്സിക്ക് പ്രധാനമായും ലക്ഷ്യമാക്കുന്നത് മുസ്്‌ലിം ജീവിതസാഹചര്യങ്ങളുടെയും ബൗദ്ധികവ്യവഹാരങ്ങളുടെയും പരസ്പരാശ്രയത്വത്തെ വരച്ചുകാണിക്കലാണ്. പൊതുവെ textual എന്ന് ആന്ത്രോപോളജി വിശേഷിപ്പിക്കുന്ന ഒരു പഠനമേഖലയെ ഉപയോഗിച്ചാണ് മെസ്സിക്ക് ഈ ഒരു ഉദ്യമം നടത്തിയെന്നതു മാത്രം.

ആന്ത്രോപോളജി എന്ന ഡിസിപ്ലിന്റെ അകത്തുനടന്ന ഇസ്്‌ലാമിനെ കുറിച്ച പഠനങ്ങളിലെ വിവിധ ഇടപെടലുകളെ കുറിച്ചും വിമര്‍ശനങ്ങളെ കുറിച്ചുമുള്ള ഒരു ലഘുപരിചയം ആണ് ഇത് വരെ ചര്‍ച്ച ചെയ്തത്. എന്നാല്‍ ആന്ത്രോപോളജിയുടെ മെത്തേഡുകളുടെ സ്വഭാവം, ജ്ഞാനഉത്പാദനത്തിന്റെ ലക്ഷ്യങ്ങള്‍ എന്നിവ ഇസ്്‌ലാമിനെ കുറിച്ചുള്ള പഠനങ്ങളുടെ സാധ്യതകള്‍ക്കു പരിധികള്‍ നിശ്ചയിക്കുന്നു എന്നതുകൂടി പരിഗണിക്കേണ്ടതാണ്. ആന്ത്രോപോളജിയുടെ പ്രധാനരീതി നിരീക്ഷണമാണ്. നിരീക്ഷണ വിധേയമാക്കാന്‍ സാധ്യമാകാത്ത അനുഭവങ്ങളെ അനുഭവസ്ഥര്‍ പറയുന്ന ആഖ്യാനങ്ങളിലൂടെ (narratives) പുനര്‍നിര്‍മിക്കാന്‍ ശ്രമിക്കുകയാണ് ആന്ത്രോപോളജിസ്റ്റുകള്‍ ചെയ്യാറ്. അദൃശ്യമായ ഇടപെടലുകളുടെ പരിണിതഫലമായി ഉണ്ടാവുന്ന നിരീക്ഷണവിധേയമായ പ്രവര്‍ത്തനങ്ങളെ പഠിക്കാന്‍ സാധിക്കുമെങ്കിലും അദൃശ്യപ്രചോദനത്തിന്റെ അനുഭവാവസ്ഥയെ വിശകലനവിധേയമാക്കുന്നതിന്റെ പരിമിതികള്‍ അമീറ മെറ്റൈമീര്‍ സ്വപ്‌നങ്ങളെക്കുറിച്ചുള്ള തന്റെ പുസ്തകത്തില്‍ സൂചിപ്പിക്കുന്നുണ്ട്. ഇസ്്‌ലാം എന്നതിലുപരി, മതത്തെകുറിച്ചുള്ള സാമൂഹികശാസ്ത്രപഠനങ്ങളുടെ തന്നെ സാധ്യതകളുടെ പരിധി ആയിട്ടാണ് ഇതിനെ എകെസരണ്‍ തന്റെ Sociology of knowledge and traditional thought ഇല്‍ ഗണിക്കുന്നുണ്ട്.

ഈ ഗണത്തില്‍ ശ്രദ്ധേയമാണ് കരണ്‍ മക്കാര്‍ത്തി ബ്രൗണി (Karen McCarty Brown) ന്റെ വൂദൂ (Vodou) ‘മത’ത്തെ കുറിച്ചുള്ള പഠനം. ആഫ്രിക്കയില്‍ നിന്നും അടിമവ്യാപാരത്തിന്റെ ഭാഗമായി ഹെയ്തിയില്‍ താമസമാക്കിയ ഗോത്രവര്‍ഗങ്ങള്‍ക്കിടയില്‍ പ്രചാരത്തിലുള്ള മതമാണ് Vodou. ഹെയ്തിയില്‍ നിന്നും അമേരിക്കയിലെ ബ്രുക്ലലിനില്‍ കുടിയേറി പാര്‍ത്ത ഒരു വൂദൂ പുരോഹിതനുമായുള്ള ദീര്‍ഘകാല സൗഹൃദബന്ധത്തിന്റെ അടിസ്ഥാനത്തില്‍ രചിച്ച ഗ്രന്ഥമാണ് ബ്രൗണിന്റെ Mamalola: A Voudou priestess in Brooklyn എന്ന കൃതി. പരമ്പരാഗതമായി ആന്ത്രോപോളജിസ്റ്റുകള്‍ സ്വീകരിച്ചു പോരുന്ന സമീപനമാണ് പാര്‍ട്ടി സിപ്പന്റ് ഒബ്‌സെര്‍വഷന്‍. ഒരു പ്രവൃത്തിയുടെ ഭാഗമായി എന്നാല്‍ പൂര്‍ണമായി അതില്‍ ലയിച്ചു ചേരാതെ ദൂരം പാലിച്ചു നിരീക്ഷിക്കുകയാണ് ഈ സമീപനത്തിന്റെ കാതല്‍. ഈ ഒരു സമീപനമായിരുന്നു ബ്രൗണ്‍ വൂദൂ ആചാരങ്ങളെ കുറിച്ചുള്ള തന്റെ പഠനത്തിന്റെ തുടക്കത്തില്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ പതിയെ വൂദൂ priestessമായുള്ള തന്റെ സഹവാസം അവര്‍ ആരാധിക്കുന്ന ദിവ്യശക്തിയുമായി ആത്മബന്ധത്തിന്ന് നിദാനമായി. തുടര്‍ന്ന് വൂദൂമതത്തിലെ ഒരംഗമായി ചേരുന്നതിലൂടെ ബ്രൗണ്‍ ആന്ത്രോപോളജിയില്‍ പരമ്പരാഗതമായി നിലനില്‍ക്കുന്ന observant-informant (നിരീക്ഷിച്ചുപഠിക്കുന്ന ആന്ത്രോപോളജിസ്റ്റ്്-പഠനത്തിന് വിധേയമാകുന്ന വിവരദാതാവ്) ബന്ധങ്ങളെ പുനര്‍നിര്‍വചിക്കുന്നുണ്ട്. ഈ ഒരു മാറ്റത്തിലൂടെ നേടിയെടുക്കുന്ന അനുഭവജ്ഞാനങ്ങളെ തന്റെ പുസ്തകത്തില്‍ ബ്രൗണ്‍ രേഖപ്പെടുത്തുന്നുണ്ട്. പറഞ്ഞു വരുന്നത് ഒരു പ്രതേകമതത്തില്‍ അംഗമായത് കൊണ്ട് ആ മതത്തെ കുറിച്ച് നേടിയെടുക്കാവുന്ന ആന്ത്രോപോളജികള്‍ വിജ്ഞാനത്തിന്റെ ആധികാരികതയെകുറിച്ചല്ല, മറിച്ച് അനുഭവജ്ഞാനത്തിന്റെ സാന്നിധ്യവും അഭാവവും ഉത്പാദിപ്പിക്കപ്പെടുന്ന വിജ്ഞാനങ്ങളുടെ സ്വഭാവത്തെയും വ്യാപ്തിയെയും എങ്ങനെ നിര്‍ണയിക്കുന്നു എന്നതാണ്.

 

ഒ.പി മജീദ് ഹുദവി
മക്ഗ്രില്‍ യൂനിവേഴ്‌സിറ്റി, കാനഡ

 

ഒ.പി മജീദ് ഹുദവി

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.