Home » Essay » Gender » ഫെമിനിസം, ജനാധിപത്യം, സാമ്രാജ്യത്വം; സബാ മഹ്മൂദിനെ വായിക്കുമ്പോള്‍

ഫെമിനിസം, ജനാധിപത്യം, സാമ്രാജ്യത്വം; സബാ മഹ്മൂദിനെ വായിക്കുമ്പോള്‍

വ്യക്തി കേന്ദ്രീകൃത മനുഷ്യാവകാശ സംരക്ഷണത്തിനുള്ള ചട്ടക്കൂടുകള്‍ നിര്‍മ്മിക്കാനെന്ന പേരിലാണ് പലപ്പോഴും പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ പാശ്ചാത്യ സൈനിക നടപടികള്‍ ന്യായീകരിക്കപ്പെടുന്നത്. ഇത്തരം മനുഷ്യാവകാശ സംരക്ഷണത്തിന്റെ ആഖ്യാനങ്ങളില്‍ മുസ്‌ലിം സ്ത്രീകള്‍ അവര്‍ പ്രതിനിധാനം ചെയ്യുന്ന മതത്തിന്റെയും സംസ്‌കാരത്തിന്റെയും നിഷ്‌ക്രിയരായ ഇരകള്‍ മാത്രമാണ്. മുസ്‌ലിം സത്രീയെ സംരക്ഷിക്കാനുള്ള മാനുഷിക ഇടപെടലുകള്‍ക്ക് വേണ്ടിയുള്ള വ്യഗ്രത ഇന്ന് പശ്ചാത്യന്‍ ഫെമിനിസ്റ്റ് വ്യവഹാരങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നു. ഏഷ്യ, ആഫ്രിക്ക, പശ്ചിമേഷ്യ തുടങ്ങിയ വിശാലമായ പ്രവിശ്യകളില്‍ അധിനിവേശ ആധിപത്യം വ്യാപിപ്പിക്കുന്നതിലും യൂറോപ്യന്‍ ഫെമിനിസം ചെലുത്തിയ സ്വാധീനം ചെറുതൊന്നുമല്ല.
കഴിഞ്ഞ മാര്‍ച്ച് 10ന് അന്തരിച്ച സബാ മഹ്മൂദിന്റെ അക്കാദമിക ഇടപെടലുകള്‍ സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള വര്‍ഗ്ഗീകരണത്തിലെ രാഷ്ട്രീയത്തോടും ലിബറല്‍ വാദങ്ങളോടും നിരന്തരം കലഹിക്കുന്നതായിരുന്നു. അക്കാദമിക പരിസരങ്ങളിലും ജനകീയ മാധ്യമങ്ങളിലും മുസ്‌ലിം സ്ത്രീയെ കുറിച്ച് ലിബറലിസം ഉയര്‍ത്തി കൊണ്ട് വന്ന ഇരവാദത്തിന്റെ പ്രത്യയ ശാസ്ത്രത്തോട് സബാ മഹ്മൂദ് പണ്ഡിതോചിതമായി പ്രതികരിച്ചു. സബയുട അക്കാദമിക ഇടപെടലുകള്‍ ആഗോള തലത്തില്‍ സജീവമായ ഗുഡ് മുസ്‌ലിമി (നല്ല മുസ്‌ലിം) നെ നിര്‍മ്മിച്ചെടുക്കുന്ന അധിനിവേശ താല്‍പര്യങ്ങളോട് മുഖം തിരിക്കുന്നതായിരുന്നു. പാശ്ചാത്യന്‍ ലിബറല്‍ വിമര്‍ശകരെല്ലാം മതമൗലിക വാദികളായി മുദ്രണം ചെയ്യുന്ന ബൗദ്ധിക പരിസരത്ത് നിന്ന് കൊണ്ട് തന്നെ മത ജീവിതത്തിന്റെ സങ്കീര്‍ണതകളെ മനസ്സിലാക്കുന്നതില്‍ സ്വാതന്ത്യം(ഫ്രീഡം), അവകാശം(റൈറ്റ്), കര്‍ത്യത്വം(ഏജന്‍സി) തുടങ്ങിയ ലിബറല്‍ സങ്കല്‍പ്പങ്ങള്‍ അപര്യാപ്തമാണെന്ന് അവര്‍ ധീരമായി വാദിച്ചു. അതിനാല്‍ തന്നെ സ്വാതന്ത്ര്യം, അവകാശം എന്നിവയെ കുറിച്ചുള്ള ലിബറല്‍ ധാരണകളൊന്നുമില്ലാതെ തന്നെ വ്യക്തിയിലും സമൂഹത്തിലും ഗുണപരമായ മാറ്റങ്ങള്‍ പ്രകടമാണെന്ന സന്ദേശം സബയുടെ കൃതികളിലുടനീളം പ്രതിധ്വനിക്കുന്നതായി കാണാം.
ആദ്യ കാലത്ത് പാകിസ്ഥാന്‍ ജീവിതത്തില്‍ സെക്യുലറിസത്തിന്റെ സഹചാരിയായിരുന്ന സബ സെക്യുലറിസത്തിനകത്ത് നിന്ന് കൊണ്ട് ഇസ്‌ലാമിനെ മനസ്സിലാക്കാന്‍ സാധിക്കില്ലെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് ആ സര്‍ക്കിളിന് പുറത്തേക്ക് വരുന്നത്. കാരണം, സെക്യുലര്‍, ലിബറല്‍ ലോകത്തിന് പുറത്തുള്ളതിനെയെല്ലാം പഴഞ്ചനും കാലഹരണപ്പെട്ടതുമായാണ് അവര്‍ പരിഗണിക്കുന്നത്. ഒരു ഫെമിനിസ്റ്റ്, നരവംശ ശാസ്ത്രജ്ഞ എന്ന നിലയില്‍ നിക്ഷ്പക്ഷമായ പഠനങ്ങളുമായി മുന്നോട്ട് പോകാന്‍ സെക്യുലറിസത്തിനകത്ത് നിന്ന് സാധ്യമല്ല എന്ന ബോധ്യമാണ് അവരെ അതിനുള്ളില്‍ നിന്ന് പുറത്തെക്ക് വരാന്‍ പ്രേരിപ്പിച്ചതെന്നര്‍ത്ഥം.
സബാ മഹ്മൂദിന്റെ ശ്രദ്ധേയമായ ആദ്യ കൃതി പൊളിറ്റിക്‌സ് ഓഫ് പയറ്റി: ദ ഇസ്‌ലാമിക് റിവൈവല്‍ ആന്റ് ദി ഫെമിനിസ്റ്റ് സബ്ജക്ട് അക്കാദമിക തലങ്ങളില്‍ ഏറെ ചര്‍ച്ചകള്‍ക്ക് വിധേയമായിട്ടുണ്ട്. തൊണ്ണൂറുകളില്‍ ഈജിപ്തില്‍ ഉയര്‍ന്ന് വന്ന പുരോഗമന ലിബറല്‍ രാഷ്ട്രീയത്തിനെതിരെ രൂപം കൊണ്ട പാരമ്പര്യ മുസ്‌ലിം സ്ത്രീകളുടെ ദിയാത്ത് എന്ന പേരില്‍ അറിയപ്പെട്ട കൂട്ടായ്മ ( പയറ്റി മൂവ്‌മെന്റ്)യെ അധികരിച്ചുള്ളതായിരുന്നു ഈ പഠനം. രാഷ്ടീയാധികാരം ലക്ഷ്യം വെച്ചുള്ള പൊളിട്ടിക്കല്‍ ഇസ്‌ലാമിക പ്രസ്ഥാനങ്ങളില്‍ നിന്നും വ്യതിരക്തമായി ഇസ്‌ലാമിക പ്രമാണങ്ങള്‍ക്ക് അനുസൃതമായുള്ള വിധേയത്വം (ഡ്യൂട്ടി) ആത്മീയ കര്‍തൃത്വം (മോറല്‍ ഏജന്‍സി) വ്യക്തിത്വ പരിപോഷണം (സെല്‍ഫ് ഫാഷനിംഗ്) മുതലായ ലക്ഷ്യങ്ങളെ മുന്‍നിത്തിയുള്ള സ്വയം സന്നദ്ധ കൂട്ടായ്മയായിരുന്നു ഇത്. വ്യക്തിപരമായി നൈതിക മൂല്യങ്ങള്‍ വളര്‍ത്തുക വഴി സാമൂഹ്യ നന്മകളെ പരിപോഷിക്കുന്ന ഇത്തരം കൂട്ടായ്മകള്‍ ലിംഗ ഭേദങ്ങള്‍ക്കപ്പുറം മതകീയ പരിസരത്തിനുള്ളില്‍ നടക്കുന്ന നിരന്തരമായ മാറ്റങ്ങളെ സൂചിപ്പിക്കുന്നവയായിരുന്നു. മതകീയ പ്രമാണങ്ങളില്‍ നിന്നും ഊര്‍ജ്ജമുള്‍കൊണ്ട് നൈതിക മൂല്യങ്ങള്‍ (എത്തികസ്) രാഷ്ട്രത്തിലും സമൂഹത്തിലും ചെലുത്തുന്ന സ്വാധീനത്തെ വരച്ചുകാണിക്കുന്നതായിരുന്നു സബയുടെ പഠനം.

ഇസ്‌ലാമും ഫെമിനിസ്റ്റ് ആഖ്യാനങ്ങളും

ഇസ്‌ലാം സ്ത്രീ വിരുദ്ധമാണെന്ന ശീര്‍ഷകത്തില്‍ അടുത്ത കാലത്തായി ഒരു പാട് കൃതികള്‍ രചിക്കപ്പെട്ടിട്ടുണ്ട്. മുസ്‌ലിം സ്ത്രീ അരക്ഷിതയാണെന്ന ആവര്‍ത്തിക്കുന്ന ചില ആത്മ കഥകളായിരുന്നു അവയില്‍ പ്രചാരം നേടിയത്. എന്നാല്‍ ഇത്തരം ഫെമിനിസ്റ്റ് ആഖ്യാനങ്ങളെല്ലാം മുന്നോട്ട് വെക്കുന്നത് വ്യക്ത്യാധിഷ്ടിതമായ സ്വാതന്ത്യത്തെ കുറിച്ചും മതനവീകരണത്തെ കുറിച്ചുമുള്ള ഏക ശിലാത്മകമായ ലിബറല്‍ വാദഗതികള്‍ മാത്രമാണ്. ലൈല അബൂ ലുഗോദ്, ലാറാ ദീബ്, മുഅ്മിന ഹഖ് തുടങ്ങിയ ആന്ത്രോപോളജിസ്റ്റുകള്‍ക്കൊപ്പം ലിബറല്‍ ഫെമിനിസത്തിന്റെ വാദങ്ങളെ സബാ മഹ്മൂദ് ശക്തിയായി പ്രതിരോധിക്കുന്നുണ്ട്. മുസ്‌ലിം സ്ത്രീകള്‍ ഇസ്‌ലാമിക് ഫണ്ടമെന്റലിസത്തിന്റെ ഇരകളാണെന്നും അതിനാല്‍ മുസ്‌ലിം ലോകത്തിന്റെ പരിഷ്‌കരണമാണ് തങ്ങളുടെ ലക്ഷ്യമെന്നും നിരന്തരം സംസാരിക്കുന്ന ഇത്തരം ഫെമിനിസ്റ്റ് വാക്താക്കളുടെയും യൂറോ- അമേരിക്കന്‍ വലതു പക്ഷ രാഷ്ട്രീയ കക്ഷികളുടെയും സഹജീവ പരമായ ബന്ധത്തെ കുറിച്ചാണ് സബ സംസാരിക്കുന്നത്.

ആദ്യ കാലത്ത് പാകിസ്ഥാന്‍ ജീവിതത്തില്‍ സെക്യുലറിസത്തിന്റെ സഹചാരിയായിരുന്ന സബ സെക്യുലറിസത്തിനകത്ത് നിന്ന് കൊണ്ട് ഇസ്്‌ലാമിനെ മനസ്സിലാക്കാന്‍ സാധിക്കില്ലെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് ആ സര്‍ക്കിളിന് പുറത്തേക്ക് വരുന്നത്. കാരണം, സെക്യുലര്‍, ലിബറല്‍ ലോകത്തിന് പുറത്തുള്ളതിനെയെല്ലാം പഴഞ്ചനും കാലഹരണപ്പെട്ടതുമായാണ് അവര്‍ പരിഗണിക്കുന്നത്‌

സോമാലിയന്‍ വംശജയായ അയാന്‍ ഹിര്‍സി അലി, ഇര്‍ഷാദ് മാന്‍ജി തുടങ്ങിയ മുന്‍ നിര ഫെമിനിസ്റ്റ് എഴുത്തുകാരികള്‍ ഈ അധികാര ബാന്ധവത്തിന്റെ ജീവിക്കുന്ന ഉദാഹരണങ്ങളാണ്. പറയത്തക്ക വിധം പൊതു സ്വീകാര്യതയില്ലാതിരുന്ന ഹിര്‍സി അലി, യൂറോപ്പില്‍ അലയടിച്ച മുസ്‌ലിം വിരുദ്ധ വികാരത്തിന്റെ ഭാഗമായതോടെ വളരെ പെട്ടെന്നായിരുന്നു ഫെമിനിസത്തിന്റെ മുന്‍ നിര പോരാളിയായി മാറിയത്. വളരെ രൂക്ഷമായ ഭാഷയില്‍ മുസ്‌ലിം സമൂഹത്തെ ഒന്നടങ്കം മതഭ്രാന്തരും, അസഹിഷ്ണുക്കളുമായി മുദ്ര കുത്തുകയും മുഹമ്മദ് നബി(സ) യെ സ്ത്രീ വിരുദ്ധനും നിഷ്ഠൂരനുമായി വിശേഷിപ്പിക്കുക വഴി വലതു പക്ഷ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയോടെ ഹിര്‍സി അലി 2003 ല്‍ ഡച്ച് പാര്‍ലിമെന്റ് അംഗത്വം വരെ നേടുകയുണ്ടായി.
ഹിര്‍സി അലിയുടെ ‘ദി കേജ്ഡ് വിര്‍ജിന്‍ ; ഏന്‍ ഇമാന്‍സിപാഷന്‍ പ്രൊക്ലമേഷന്‍ ഫോര്‍ വിമന്‍ ആന്റ് ഇസ്‌ലാം’ എന്ന പുസ്തകം ഇസ്‌ലാം വിമര്‍ശം കേന്ദ്രീകൃതമാക്കിയ മറ്റിതര രചയിതാക്കളെ പോലെ വലതു പക്ഷ നവ-യാഥാസ്ഥിതികത്വത്തിന്റെ പിന്‍ബലത്തോടെയുള്ള പശ്ചിമേഷ്യയിലെ ഭരണ മാറ്റ നടപടികളെ ന്യായീകരിക്കുന്നതായിരുന്നു. ‘ട്രബ്ള്‍ വിത്ത് ഇസ്‌ലാം'(20004) എന്ന ഇര്‍ഷാദ് മാന്‍ജിയുടെ പുസ്തകവും ഹിര്‍സിയെ പോലെ സ്വയം വിമര്‍ശത്തിന്റെയും മതനവീകരണത്തിന്റെയും ഭാഷ കടമെടുത്തതായിരുന്നു. എന്നാല്‍ മാന്‍ജിയുടെ ഭാഷ മുസ്‌ലിം വികാരത്തെ ഒന്നു കൂടെ വ്രണപ്പെടുത്തുന്ന തരത്തില്‍ വിഷ ലിപ്തമായിരുന്നു. ഇറാഖിലെയും അഫ്ഗാനിസ്ഥാനിലെയും യു.എസ് അധിനിവേശത്തെ ഇസ്‌ലാമിക മത മൗലിക വാദത്തെയും ഭീകരതയെയും ശുദ്ധീകരിക്കുന്ന പടിഞ്ഞാറിന്റെ വിശുദ്ധ യജ്ഞമായാണ് ഇര്‍ഷാദ് മാഞ്ജി വിശേഷിപ്പിക്കുന്നത്.

സ്ത്രീ, സ്വാതന്ത്ര്യം, ജനാധിപത്യം

ഇസ്‌ലാമിക മത മൗലിക വാദത്തിന്റെ ഇരകളായ മുസ്‌ലിം സ്ത്രീകളുടെ രക്ഷ പശ്ചിമേഷ്യന്‍ രാജ്യങ്ങളുടെ ജനാധിപത്യ വത്കരണത്തിലാണെന്ന ലിബറല്‍ അനുമാനങ്ങളെ സബാ മഹ്മൂദ് ചരിത്ര വസ്തുതളുടെ അടിസ്ഥാനത്തില്‍ അന്വേഷിക്കുന്നുണ്ട്. മത തീവ്രവാദത്തെ ഉന്മൂലനം ചെയ്യാന്‍ മുസ്‌ലിം സ്ത്രീ ശാക്തീകരണം അനിവാര്യമാണെന്നും വിദ്യാഭ്യാസപരമായും, സാമ്പത്തികമായും, രാഷ്ട്രീയമായുമുള്ള മുസ്‌ലിം സ്ത്രീകളുടെ അവകാശങ്ങളെ മുന്‍ നിര്‍ത്തിക്കൊണ്ടായിരുന്നു ഇറാഖിലെയും അഫ്ഗാനിസ്ഥാനിലെയും തങ്ങളുടെ സൈനിക ഇടപെടലുകളെ അധിനിവേശ ശക്തികള്‍ ന്യായീകരിച്ചത്. എന്നാല്‍, പശ്ചിമേഷ്യന്‍ രാഷ്ട്രങ്ങളിലെ പില്‍ക്കാല സാമൂഹ്യ പരിതസ്ഥിതികള്‍ പരിശോധിക്കപ്പെടേണ്ടതുണ്ട്. യു.എസ് അധിനിവേശാനന്തര ഇറാഖിലെ മുസ്‌ലിം സ്ത്രീകളുടെ സ്വാതന്ത്ര്യവും വിദ്യാഭ്യാസവും പൂര്‍വ്വോപരി അപകടത്തിലാണെന്ന വസ്തുത ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതുണ്ട്.

സെക്കുലറിസവും സാമ്രാജ്യത്വവും

ഇസ്‌ലാം കൂടുതല്‍ മതേതരവും ഉദാരവുമാകുന്നതിലൂടെ മാത്രമേ മുസ്‌ലിം സമൂഹം പൂരോഗമിക്കൂകയുള്ളൂ എന്ന് വലത്- ഇടത് പക്ഷ ചിന്തകര്‍ ഒരുപോലെ വാദിച്ചു കൊണ്ടിരിക്കുന്നു. മതത്തെ സ്വകാര്യ ജീവിതത്തിന്റെ ഭാഗമായി കാണുകയും മതത്തിന്റെ അന്തസ്സത്ത അംഗീകരിക്കുകയും എന്നാല്‍ ജ്ഞാനശാസ്ത്രപരമായോ രാഷ്ട്രീയമായോ ഉള്ള യാതൊരു നിയന്ത്രണവും മതത്തിന് കല്‍പ്പിച്ച് കൊടുക്കാത്ത സ്വയം ഭരണാധികാരമുള്ള വ്യക്തിത്വ(ഓട്ടോണമസ് ഇന്‍ഡിവിജ്വല്‍) രൂപീകരണത്തെയാണ് സെക്കുലര്‍ മതബോധം നിര്‍മ്മിച്ചെടുക്കാന്‍ ശ്രമിക്കുന്നത്. മതത്തെ സ്ത്രീ ചൂഷണത്തിന്റെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന സെക്കുലര്‍ ഫെമിനിസ്റ്റുകളും മുന്നോട്ട് വെക്കുന്നത് ഇതേ ലിബറല്‍ മത സങ്കല്‍പ്പം തന്നെയാണ്.
മതത്തെ കുറിച്ചുള്ള സെക്കുലര്‍ ധാരണകളില്‍ നിന്നും ഉറവ് കൊണ്ട് സ്വാതന്ത്യം(ഫ്രീഡം), സ്വയം ഭരണാധികാരം(ഇന്‍ഡ്വിവിജ്വല്‍ ഓട്ടോണമി) എന്നിവയെ കുറിച്ചുള്ള സങ്കല്‍പങ്ങളാണ് ഇന്ന് ഫെമിനിസ്റ്റ് ചിന്താ ധാരകളില്‍ മുഴങ്ങിക്കേള്‍ക്കുന്നത്. തനിക്ക് അതീതമായുള്ള ശക്തികള്‍ക്കും ആചാര അനുഷ്ടാനങ്ങള്‍ക്കുമപ്പുറം സ്വയേച്ഛകളെ നിര്‍വ്വഹിക്കുന്ന സ്വയം ഭരണാധികാര വ്യക്തിത്വ (ഇന്‍ഡ്വിവിജ്വല്‍ ഓട്ടോണമി) നിര്‍മ്മാണത്തെ കടമെടുക്കുക വഴി ഫെമിനിസം ചെറുത്തുനില്പ്പ് (റെസിസ്റ്റന്‍സ്) കളില്‍ മാത്രം ഒതുങ്ങി നില്‍ക്കുമ്പോള്‍, ദൈവിക നിയമങ്ങള്‍ക്ക് വഴിപ്പെടലും ( സബ്മിഷന്‍) വ്യക്തിയുടെ കര്‍തൃത്വം (ഏജന്‍സി)ന്റെ ഭാഗമണെന്ന വസ്തുത മറന്നു പോവുന്നു. പുരോഗമന സെക്കുലര്‍ അനുമാനങ്ങളിലെ ഇത്തരം കാര്‍ക്കശ്യപരമായ മുസ്‌ലിം സ്ത്രീ വായനകളിലെ അബദ്ധ ധാരകണളെയാണ് സബാ മഹ്മൂദ് തന്റെ പൊളിറ്റിക്‌സ് ഓഫ് പയറ്റി എന്ന പഠനത്തിലൂടെ തിരുത്താന്‍ ശ്രമിക്കുന്നത്.
ആചാരാനുഷ്ഠാനങ്ങള്‍ക്ക് മതത്തിന്റെ അന്തസ്സത്തയായ ആത്മീയതയുമായി ബന്ധമില്ലെന്ന സെക്കുലര്‍ ധാരണ ഫെമിനിസത്തെ കൂടുതല്‍ സങ്കീര്‍ണമാക്കുകയാണ്. ഉദാഹരണത്തിന്, താന്‍ ശിരോവസ്ത്രം ധരിക്കുന്നത് മതപരമായ വിധേയത്വം കൊണ്ടും അത് തന്റെ നൈതികവും സദാചാര പരവുമായ ജീവിത രീതിയുടെ ഭാഗമായത് കൊണ്ടാണെന്നും പറയുന്ന മുസ്‌ലിം സ്ത്രീയെ മതത്തിന്റെ പുരുഷ മേല്‍ക്കോയ്മയുടെയും സ്ത്രീ വിരുദ്ധതയുടെയും ഇരയായി മാത്രമേ ഫെമിനിസ്റ്റുകള്‍ക്ക് കാണാന്‍ കഴിയുന്നുള്ളൂ. ശിരോവസ്ത്രം അടിച്ചമര്‍ത്തപ്പെട്ട മുസ്‌ലിം സ്ത്രീയുടെ അടയാളമായോ ലൈംഗിക ചൂഷണത്തില്‍ നിന്നും അവളെ തടഞ്ഞു നിര്‍ത്തുന്നു എന്ന പ്രായോഗികമായ ഉപയോഗത്തിലേക്കോ ചുരുക്കപ്പെടുകയാണിവിടെ. എന്നാല്‍ മുസ്‌ലിം സ്ത്രീയുടെ കര്‍തൃത്വപരമായ ആവിഷ്‌കാരത്തെയും അതുവഴി അവള്‍ ലക്ഷ്യമാക്കുന്ന ദൈവിക തൃപ്തിയിലധിഷ്ഠിതമായ വ്യക്തിത്വ രൂപീകരണം (ഫോര്‍മേഷന്‍ ഓഫ് സെല്‍ഫ്), നൈതിക മൂര്‍ത്തീകരണം (എത്തിക്കല്‍ എംബഡിമെന്റ്) എന്നിവ മനസ്സിലാക്കുന്നതില്‍ ഇത്തരം സ്ത്രീ പക്ഷ വായനകള്‍ പരാജയപ്പെടുന്നുണ്ട്. ഇവിടെ സെക്കുലറിസം മുന്നോട്ടു വെക്കുന്ന മത സങ്കല്‍പ്പം കൂടുതല്‍ സങ്കീര്‍ണമാവുന്നത് മതകീയവും രാഷ്ട്രീയവുമായ ജീവിത വൈവിധ്യത്തെ ഉള്‍ക്കൊള്ളാന്‍ പറ്റാത്ത വിധം അത് ഏകശിലാത്മകമാണ് എന്നതിനാലാണ്. അതൊകൊണ്ടാണ് എല്ലാ മുസ്‌ലിംകളും മുഖം തിരിക്കേണ്ട മൂല്യങ്ങളുടെ ‘മക്ക’ എന്ന് പുരോഗമന വാദികള്‍ സെക്കുലറിസത്തെ പരിചയപ്പെടുത്തുന്നത്.

പരിചിതമല്ലാത്ത ജീവിത രീതികളെ ഒന്നുകില്‍ തങ്ങള്‍ക്കനുകൂലമാക്കി രൂപാന്തരപ്പെടുത്തുകയോ അല്ലെങ്കില്‍ നശിപ്പിക്കുകയോ ചെയ്യുന്ന ഹിംസാത്മക പ്രവണതയാണ് ലിബറലിസം മുന്നോട്ട് വെക്കുന്നത്. അതിനെ കൃത്യമായി തിരിച്ചറിഞ്ഞതു കൊണ്ടാണ് അവര്‍ അക്കാദമിക ലോകത്ത് എല്ലായ്‌പ്പോഴും സേഫ് സോണിനു പുറത്ത് നിലയുറപ്പിച്ചത്‌

സെക്കുലറിസം കൊണ്‍ണ്ടുവരുന്ന ഉദാരവത്കരണങ്ങളോട് പുറം തിരിഞ്ഞു നില്‍ക്കുകയും ശിരോവസ്ത്രം പോലെയുള്ളൊരു മതത്തിന്റെ സാമ്പ്രദായിക രീതികളെ നിത്യ ജീവിതത്തില്‍ കൊണ്ടു നടക്കുന്നത് പാശ്ചാത്യര്‍ പറയുന്നത് പോലെ മത തീവ്രവാദമല്ല, മറിച്ച് പാരമ്പര്യ മുസ്‌ലിംജീവിതത്തിന്റെ അടിസ്ഥാന ഭാഗമാണത്. അതുകൊണ്ട്, ഇസ്‌ലാമിന്റെ ഉദാരവത്കരണം എന്ന പാശ്ചാത്യന്‍ ഉദ്യമം മുസ്‌ലിംകളിലെ മത മൗലിക വാദികളെ മാത്രമല്ല ലക്ഷ്യമിടുന്നത് മറിച്ച് ഇസ്‌ലാം എന്ന മതത്തെ തന്നെയാണ്.
ഇസ്‌ലാമിന്റെ ഉദാരവത്കരണം എന്നത് കേവലം ആലങ്കാരികതകള്‍ക്കപ്പുറം തീര്‍ത്തും ആസൂത്രിതമായ സാമ്രാജ്യത്ത പദ്ധതിയാണ്. മുസ്‌ലിം വേള്‍ഡ് ഔട്ട്‌റീച് എന്ന യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ടമെന്‍ിന് കീഴിലുള്ള പദ്ധതിക്ക് 1.3 മില്ല്യണ്‍ ഡോളറാണ് ചിലവഴിച്ചത്. ദൈവ ശാസ്ത്രവും സാംസ്‌കാരികവും ബോധനാശാസ്ത്രപരവുമായ പ്രവര്‍ത്തനങ്ങളിലൂടെ മുസ്‌ലിം ചിന്താ ശേഷിയെ തങ്ങളുടെ മൂശയില്‍ രൂപപ്പെടുത്തുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഇത്തരം കാമ്പയിനുകള്‍ ലിബറല്‍ നയങ്ങളുടെ ഇഷ്ടമുള്ള മതത്തെ തിരഞ്ഞെടുക്കാനുള്ള വ്യക്തിസ്വാതന്ത്ര്യത്തെയാണ് ഹനിക്കുന്നത്. അതിനാല്‍ തന്നെ, സെക്കുലറിസം മതത്തെ രാഷ്ട്രീയത്തില്‍ നിന്നും മുക്തമാക്കുന്നതിലുപരി സാമ്രാജ്യത്ത അജണ്ടയുടെ ഭാഗമായി മതത്തെ പുനരാസൂത്രണം നടത്താനുള്ള ദേശ രാഷ്ട്രങ്ങളുടെ ഉപകരണം മാത്രമാണെന്നാണ് സബ മഹ്മൂദ് നിരീക്ഷിക്കുന്നത്. പരിചിതമല്ലാത്ത ജീവിത രീതികളെ ഒന്നുകില്‍ തങ്ങള്‍ക്കനുകൂലമാക്കി രൂപാന്തരപ്പെടുത്തുകയോ അല്ലെങ്കില്‍ നശിപ്പിക്കുകയോ ചെയ്യുന്ന ഹിംസാത്മക പ്രവണതയാണ് ലിബറലിസം മുന്നോട്ട് വെക്കുന്നത്. അതിനെ കൃത്യമായി തിരിച്ചറിഞ്ഞതു കൊണ്ടാണ് അവര്‍ അക്കാദമിക ലോകത്ത് എല്ലായ്‌പ്പോഴും സേഫ് സോണിനു പുറത്ത് നിലയുറപ്പിച്ചത്. നിരന്തരം ചോദ്യങ്ങള്‍ ചോദിക്കാനും സെക്യുലറിസം, ഫെമിനിസം, നരവംശ ശാസ്ത്രം, മതം എന്നിവക്കകത്തെ സ്ട്രക്ച്ചറുകളെ വായിക്കാനും സബയെ പ്രേരിപ്പിച്ചത് ഡേഞ്ചര്‍ സോണില്‍ നില്‍ക്കാനുള്ള അവരുടെ സ്ഥൈര്യമായിരുന്നു എന്ന് വേണം മനസ്സിലാക്കാന്‍.

Editor Thelicham

Thelicham monthly