Thelicham

മാനക മലയാളം തിരസ്‌കരിച്ച മാപ്പിള കീഴാള ഭാഷകളും മലയാളത്തിന്റെ ജനാധിപത്യവല്‍ക്കരണവും

‘ഭാഷ എന്റെ ആകാശമാണ്, അത് എന്നെ തഴുകുന്ന കുളിര്‍കാറ്റാണ്, എന്റെ ദാഹമകറ്റുന്ന കുളിര്‍ ജലമാണ്, എന്റെ അമ്മയുടെ സ്‌നേഹവും ശാസനയുമാണ്.’ നമ്മുടെ മാതൃഭാഷയായ മലയാളത്തെ കുറിച്ച് കൊതിപ്പിക്കുകയും കോരിത്തരിപ്പിക്കുകയും ചെയ്യുന്ന ഈ വാക്യങ്ങള്‍ മാതൃഭാഷാപ്രതിജ്ഞയിലുള്ളതാണ്. അതെഴുതിയതാകട്ടെ, മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരന്‍ എംടി വാസുദേവന്‍ നായരും. എഴുത്തുകാരനോടുള്ള ഇഷ്ടാധിക്യവും എഴുതിക്കിട്ടിയ വാക്യങ്ങളുടെ വശ്യതയും കൂടിച്ചേരുമ്പോള്‍ മാതൃഭാഷാപ്രതിജ്ഞ ഏറ്റുചൊല്ലുന്നതിനു മലയാളികള്‍ക്കു പുനരാലോചന വേണ്ടിവരില്ല. ആ രീതിയില്‍ നമ്മുടെ മാധ്യമങ്ങളും സമൂഹമാധ്യമങ്ങളുമൊക്കെ അത് ആഘോഷിക്കുകയും ചെയ്തു. എന്നാല്‍ അങ്ങനെ മതിമറന്ന് ആഘോഷിക്കാവുന്ന തരത്തില്‍ നിഷ്‌കളങ്കമായ ഒരു പ്രതിജ്ഞയാണോ അത്? നമ്മെ തഴുകിത്തണുപ്പിച്ചു കടന്നുപോകുന്ന കുളിര്‍കാറ്റായും ദാഹം ശമിപ്പിക്കുന്ന കുളിര്‍ജലമായും അമ്മയുടെ ലാളനയും ശാസനയുമായും മാനകമലയാളം നമുക്ക് അനുഭവപ്പെടുന്നുണ്ടോ? തലമുറകളെ കേരളീയസംസ്‌കാരത്തിലേക്ക് ഉണര്‍ത്തുന്ന പാഠപുസ്തകങ്ങളും സമൂഹത്തെ സംസ്‌കാരത്തെകുറിച്ച് ഓര്‍മിപ്പിച്ചുകൊണ്ടിരിക്കുന്ന ആനുകാലികങ്ങളും നമ്മെ അനുശീലിപ്പിക്കുന്ന മലയാളത്തിനു മേല്‍പറഞ്ഞ ഗുണങ്ങളുണ്ടോ? അനുകൂലമാണ് ഉത്തരമെങ്കില്‍ നമുക്കത് ആഘോഷിക്കാം. അല്ലെങ്കില്‍ നമ്മുടെ മാതൃഭാഷയെ അതിനു പാകമാക്കിയെടുക്കേണ്ടതു മുഴുവന്‍ മലയാളികളുടെയും മാറ്റിനിര്‍ത്താനാവാത്ത ചുമതലയത്രെ.
കേരളത്തെ കുറിച്ചുള്ള തന്റെ പുസ്തകത്തിനു ഇ.എം.എസ് നല്‍കിയ തലവാചകം ഈ ആലോചനയില്‍ വളരെ പ്രസക്തമാണ്. ‘കേരളം മലയാളികളുടെ മാതൃഭൂമി’ എന്നതാണ് പ്രസിദ്ധമായ ആ തലവാചകം. നമ്മുടെ മാതൃഭാഷയെ കുറിച്ചുള്ള ആലോചനയ്ക്കു മാനകങ്ങളാക്കാവുന്ന രണ്ടാശയങ്ങള്‍ പ്രദാനംചെയ്യുന്നതുകൊണ്ടാണ് ഈ തലവാചകം ഇവിടെ പ്രസക്തമാകുന്നത്. കേരളത്തില്‍ കുടിപാര്‍ക്കുന്ന സകലരെയും ഒരുമിപ്പിച്ചുനിര്‍ത്തുന്ന ഘടകമാണു മലയാളം എന്നതാണ് ഒരാശയം. അതോടൊപ്പം കേരളീയരായ മുഴുവനാളുകളുടെയും നിത്യോപയോഗത്തിലുള്ള ഭാഷാഭേദങ്ങളെല്ലാം ഉള്‍ച്ചേര്‍ന്നതാണു മലയാളം എന്ന മറ്റൊരാശയത്തിന്റെകൂടി പിന്‍ബലത്തില്‍ മാത്രമേ ഈ തലവാചകം സാധുവാകുകയുള്ളൂ.
കേരളീയരെ ഒരൊറ്റ സമുദായമാക്കി മാറ്റാന്‍ ഉപാധിയാക്കപ്പെട്ട സാംസ്‌കാരികഘടകമാണോ മലയാളം എന്നതാണു നാം ആലോചനയ്‌ക്കെടുക്കേണ്ട ഒന്നാമത്തെ വിഷയം.

സാംസ്‌കാരികവിനിമയങ്ങള്‍ സാധ്യമാകാത്തവിധം തുരുത്തുകളില്‍ തളയ്ക്കപ്പെട്ട ജാതിസമൂഹങ്ങളുടെ അനേകകാലത്തെ ഒറ്റപ്പെട്ട ജീവിതം സ്വന്തം സംസ്‌കാരവുമായി ബന്ധപ്പെട്ട മിത്തുകളും കല്‍പനകളും ഈണങ്ങളും പദാവലികളും അലങ്കാരങ്ങളും പാട്ടുകളും ചൊല്ലുകളും ശൈലികളുമടക്കം ഭാഷാപരവും സാഹിത്യപരവുമായ ഉപാധികളെല്ലാം സൃഷ്ടിക്കപ്പെടുന്നതിനു കാരണമായി

ഭാഷാസാഹിത്യചരിത്രങ്ങളിലൂടെയുള്ള അന്വേഷണയാത്ര ‘അല്ല’ എന്ന ഉത്തരത്തിലേക്കാണു നമ്മെ കൊണ്ടുചെല്ലുന്നത്. മാത്രമല്ല, കേരളീയരെ പരസ്പരം അകറ്റിനിര്‍ത്താന്‍ ഉപയോഗിക്കപ്പെട്ട ജാതിയുപാധികൂടിയായിരുന്നു കേരളത്തില്‍ ഭാഷ. നൂറ്റാണ്ടുകള്‍ക്കു മുമ്പാണല്ലോ മണിപ്രവാളത്തെ കുറിച്ചാലോചിക്കുന്ന ലീലാതിലകം രചിക്കപ്പെടുന്നത്. മണിപ്രവാളത്തില്‍ സംസ്‌കൃതത്തോടു ചേര്‍ന്നുവരുന്ന മലയാളത്തെ ഉത്കൃഷ്ടം, അപകൃഷ്ടം എന്നിങ്ങനെ വേര്‍തിരിക്കുകയും ഉത്കൃഷ്ടമലയാളം ചേര്‍ന്നുവരുന്നതിനെ ഉത്തമമണിപ്രവാളമായി കണക്കാക്കുകയും ചെയ്യുന്നതു കാണാം. ഭാഷയിലെ ഈ ഉത്കൃഷ്ടാപകൃഷ്ടബോധം ഒറ്റപ്പെട്ട ഒരു സമീപനമായിരുന്നില്ല. ശാന്തി പര്‍വ്വത്തില്‍ എഴുത്തച്ഛന്‍ ശൂദ്രഭാഷയെ കുറിച്ചു പറയുന്നതു നോക്കാം.
‘അക്ഷരാനഭിജ്ഞത്വം, മൂഢത്വവും
അക്ഷരവ്യക്തിവിഹീനാലാപനങ്ങളുമെല്ലാം
ശൂദ്ര ധര്‍മങ്ങളെന്നു ധരിക്ക’
എന്നാണദ്ദേഹം കവനം ചെയ്യുന്നത്. മൂഢത്വവും അക്ഷരാനഭിജ്ഞതയും അക്ഷരാവ്യക്തതയും ശൂദ്രന്റെ ഭാഷാധര്‍മങ്ങളായി കാണുന്ന ആചാര്യനത്രെ ഭാഷാപിതാവ്. ഭാഷയില്‍ ശൂദ്രനെന്തായിരിക്കണം എന്ന് ഭാഷാപിതാവുതന്നെ നിര്‍ണയിച്ചിട്ടുണ്ട് എന്നര്‍ത്ഥം. ഈ സമീപനം ചരിത്രത്തില്‍ എങ്ങനെ പ്രവര്‍ത്തിച്ചുവെന്ന് കൊച്ചി രാജ്യചരിത്രത്തില്‍ കെ.പി പത്മനാഭമേനോന്‍ എഴുതുന്നതു കാണാം. മറ്റുള്ളവര്‍ സ്ഫുടമായി ഭാഷയില്‍ വ്യവഹരിക്കുന്നതുപോലും നമ്പൂതിരിമാര്‍ക്ക് ഇഷ്ടമായിരുന്നില്ല എന്ന അദ്ദേഹത്തിന്റെ നിരീക്ഷണം പില്‍ക്കാലത്തും ഇതേ മനോഭാവം തുടരുന്നതിന്റെ തെളിവാണ്.
പരസ്പരം തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരും കണ്ടുകൂടാത്തവരുമൊക്കെയായി മനുഷ്യരെ മാറ്റിനിര്‍ത്തിയിരുന്നല്ലോ ജാതീയത. ആ അകറ്റിനിര്‍ത്തല്‍ ഏറ്റവും അക്രമോത്സുകമായി പ്രയോഗിച്ചിരുന്നതു ഭാഷയിലായിരുന്നു. ജാതീയത കാരണം ഓരോ ജാതിയുടെയും വാസസ്ഥലം വ്യത്യസ്തങ്ങളായിരുന്നു. അവയെ വിളിക്കാന്‍ നീചത്വം ധ്വനിക്കുന്ന പേരുകളിട്ടാണു ഭാഷയെ ജാതി ഉപാധിയാക്കിയത്. നായന്മാര്‍ക്കു തറ, പതിത ജാതികള്‍ക്കു ചേരി, നീച ജാതികള്‍ക്കു ചാള. അങ്ങനെ പോകുന്നു ആ അകലം. മേല്‍ജാതിക്കാരി പ്രസവിക്കുമ്പോള്‍ സംഭവിക്കുന്നതു തിരുവയറൊഴിയലാണ്. കീഴ്ജാതിക്കാരിയാണെങ്കില്‍ അതു പെണ്‍ജാതിയുടെ കുരങ്ങിടലായി കലാശിക്കും. ഇത്രമേല്‍ അകറ്റപ്പെട്ട ജീവിതം നയിക്കേണ്ടിവന്നതുകൊണ്ടാണു പരസ്പരം പൂര്‍ണാര്‍ത്ഥത്തില്‍ ആശയവിനിമയം സാധ്യമാകാത്തത്ര വ്യത്യസ്തങ്ങളായ ഭാഷാഭേദങ്ങള്‍ മലയാളത്തിലുണ്ടായത്. മലയാളികളുടെ പൊതുജീവിതത്തെ പരസ്പരബന്ധമില്ലാത്ത തുരുത്തുകളാക്കി വിഭജിച്ചുനിര്‍ത്തിയ ജാതീയതയാണ് ‘ആറുമലയാളിക്കു നൂറുമലയാളം’ എന്ന ചൊല്ലിനെ സാധുവാക്കുന്നത്.
സാംസ്‌കാരികവിനിമയങ്ങള്‍ സാധ്യമാകാത്തവിധം തുരുത്തുകളില്‍ തളയ്ക്കപ്പെട്ട ജാതിസമൂഹങ്ങളുടെ അനേകകാലത്തെ ഒറ്റപ്പെട്ട ജീവിതം സ്വന്തം സംസ്‌കാരവുമായി ബന്ധപ്പെട്ട മിത്തുകളും കല്‍പനകളും ഈണങ്ങളും പദാവലികളും അലങ്കാരങ്ങളും പാട്ടുകളും ചൊല്ലുകളും ശൈലികളുമടക്കം ഭാഷാപരവും സാഹിത്യപരവുമായ ഉപാധികളെല്ലാം സൃഷ്ടിക്കപ്പെടുന്നതിനു കാരണമായി. ഇസ്്‌ലാംമതത്തിന്റെയും ക്രിസ്തുമതത്തിന്റെയും ജൂതമതത്തിന്റെയും സാന്നിധ്യവും ഭാഷാഭേദങ്ങളുടെ എണ്ണം പെരുപ്പിച്ചു. ദേശഭേദവും വലിയതോതില്‍ ഭാഷാഭേദങ്ങള്‍ക്കു കാരണമായി. എന്നാല്‍ അത്തരം ഭാഷാഭേദങ്ങളുടെ വിനിയോഗത്തിലൂടെയല്ലാതെ അതതു ജനതയുടെ സാംസ്‌കാരികജീവിതത്തെ സമഗ്രമായി ആവിഷ്‌കരിക്കാനാവുകയില്ല. അതിനാല്‍ കേരളീയരുടെ എല്ലാവരുടെയും ഭാഷാപരമായ ആസ്തികളെ മുഴുവന്‍ ഉള്‍ക്കൊള്ളുന്ന ഒരു മലയാളത്തിനുമാത്രമേ മൊത്തം കേരളീയരുടെയും മാതൃഭാഷയായി വര്‍ത്തിക്കാന്‍ കഴിയൂ. അതു സംഭവിച്ചുവോ എന്ന അന്വേഷണമാണു ഈ ആലോചനയിലെ പ്രസക്തമായ ഭാഗം.

പുതുതായി രൂപംകൊണ്ട കേരളത്തിന്റെ പൊതുധാരയില്‍ നിന്നു അവയൊക്കെയും അകറ്റിനിര്‍ത്തപ്പെടുകയായിരുന്നു. ശബ്ദകോശങ്ങളില്‍ ആ പദാവലികള്‍ ഗ്രാമ്യങ്ങളായി. വാക്കുകളെ ശുദ്ധികുറഞ്ഞവയായി കല്‍പിച്ച് തീണ്ടാപ്പാടകലെ നിര്‍ത്തി. അവരുടെ ഭാവനാത്മകരചനകള്‍ നാടോടിപ്പാട്ടുകളെന്നു ചാപ്പകുത്തി രണ്ടാംകിടസാഹിത്യവും സംഗീതവുമായി ഒതുക്കപ്പെട്ടു

സമഗ്രാര്‍ത്ഥത്തില്‍ കേരളീയരുടെ മുഴുവന്‍ സംസ്‌കാരത്തെയും ആവിഷ്‌കരിക്കാന്‍ കഴിയുന്നതും സമുദായാതീതമായി വ്യവഹാരാനുമതിയുള്ളതുമായ ഒരു പൊതുമലയാളം നമുക്കുണ്ടായിരുന്നില്ല. അത് അസാധ്യമാക്കിയിരുന്ന ജാതിചട്ടങ്ങള്‍ തടസ്സമേതുമില്ലാതെ ആയിരത്താണ്ടുകള്‍ അനുസരിക്കപ്പെട്ട നാടാണു കേരളം. കേരളജനത പല സമുദായങ്ങളായി തുടരുകയും പല മലയാളങ്ങളില്‍ വ്യവഹരിക്കുകയും ചെയ്യുമ്പോഴാണ് നമ്മുടെ നാട് സ്വതന്ത്രമാകുന്നത്. സംസ്ഥാനങ്ങളായി തിരിക്കുന്നതിനു ഭാഷ മാനദണ്ഡമാക്കപ്പെട്ടപ്പോഴാണു കേരളം രാഷ്ട്രീയമായി ഏകീകരിക്കപ്പെടുന്നത്. ആ രാഷ്ട്രീയ സാഹചര്യം പൊതുവായ ഒരു വിനിമയഭാഷ ആവശ്യപ്പെട്ടു. എന്നാല്‍ അങ്ങനെയൊന്നുണ്ടായിരുന്നില്ലെന്നു മാത്രമല്ല, പൊതുമലയാളം രൂപപ്പെടാനുള്ള സാംസ്‌കാരികസന്ദര്‍ഭംപോലും അന്നുണ്ടായിരുന്നില്ല. ആ പഴുതുപയോഗിച്ചാണു സാംസ്‌കാരികവും രാഷ്ട്രീയപരവും വൈജ്ഞാനികവും സാങ്കേതികവുമായ അധികാരം കൈമുതലായുണ്ടായിരുന്ന സവര്‍ണന്യൂനപക്ഷം ബഹുഭൂരിപക്ഷം വരുന്ന ജനതയ്ക്കുമേല്‍ സാംസ്‌കാരികമായ അധിനിവേശം നടത്തിയത്. അങ്ങനെ അവരുടെ ഭാഷയും സംസ്‌കാരവും കേരളത്തിന്റെ ഔദ്യോഗികഭാഷയും സംസ്‌കാരവുമായി തീരുമാനിക്കപ്പെട്ടു.
നാനാത്വത്തിലെ ഏകത്വമാണ് നമ്മുടെ മുദ്രാവാക്യമെങ്കിലും ഒരൊറ്റ സമൂഹം ഒരൊറ്റ ഭാഷ ഒരേയൊരു സംസ്‌കാരം എന്നതായിരുന്നു പ്രയോഗരീതി. രാഷ്ട്രീയവൈജ്ഞാനികാധികാരങ്ങള്‍ കൈവന്നവരുടെ ഭാഷയും സംസ്‌കാരവും മറ്റുള്ളവര്‍ക്കുമേല്‍ അടിച്ചേല്പിക്കപ്പെടുന്നതിലേക്കാണ് നയിച്ചത്. അധികാരസ്ഥാനങ്ങളില്‍ എത്തിപ്പെട്ടവരുടെ ഭാഷ ഉദാത്തവും മറ്റുള്ളവരുടേത് മ്ലേച്ഛവുമായി കല്‍പിക്കപ്പെട്ടു. ലീലാതിലകകാരന്റെ സമീപനം ആവര്‍ത്തിച്ചു പ്രയോഗിക്കപ്പെട്ടു. സവര്‍ണമലയാളം മാനദണ്ഡമാക്കപ്പെട്ടു.
ആദിവാസിക്കും അരയനും നസ്രാണിമാപ്പിളയ്ക്കും ഇസ്‌ലാംമാപ്പിളയ്ക്കും ഈഴവനുമൊക്കെ തങ്ങളുടെ സാംസ്‌കാരികജീവിതത്തിന്റെ മുദ്രകള്‍ വഹിക്കുന്ന പരമ്പരാഗത വാക്കുകളും ഈണങ്ങളും കല്പനകളും ഐതിഹ്യങ്ങളും അലങ്കാരങ്ങളും പുരാവൃത്തങ്ങളുമൊക്കെയുണ്ടായിരുന്നു. അവയിലൂടെയല്ലാതെ തങ്ങളുടെ സംസ്‌കാരത്തെ തനിമയില്‍ ആവിഷ്‌കരിക്കുക സാധ്യവുമായിരുന്നില്ല. പുതുതായി രൂപംകൊണ്ട കേരളത്തിന്റെ പൊതുധാരയില്‍ നിന്നു അവയൊക്കെയും അകറ്റിനിര്‍ത്തപ്പെടുകയായിരുന്നു. ശബ്ദകോശങ്ങളില്‍ ആ പദാവലികള്‍ ഗ്രാമ്യങ്ങളായി. വാക്കുകളെ ശുദ്ധികുറഞ്ഞവയായി കല്‍പിച്ച് തീണ്ടാപ്പാടകലെ നിര്‍ത്തി. അവരുടെ ഭാവനാത്മകരചനകള്‍ നാടോടിപ്പാട്ടുകളെന്നു ചാപ്പകുത്തി രണ്ടാംകിടസാഹിത്യവും സംഗീതവുമായി ഒതുക്കപ്പെട്ടു. അച്ചീചരിതങ്ങളത്രയും കമ്പോടുകമ്പു ഇഴപിരിച്ചു ചര്‍ച്ച ചെയ്യാവുന്ന ഉത്തമകൃതികളാണെന്ന കാര്യം ഓര്‍ക്കണം. അവരുടെ ആചാരങ്ങള്‍ പരിഹസിക്കപ്പെട്ടു. അങ്ങനെ സാഹിത്യചരിത്രവും ഈ ജനാവലിയെ അവഗണിച്ചു. അവരുടെ ഈണങ്ങള്‍ സവര്‍ണസംഗീതത്തിന്റെ അളവുകോലുകള്‍ക്കു പാകമല്ലാത്തതിനാല്‍ സംഗീതസദസ്സുകളില്‍ പരിഗണിക്കപ്പെട്ടേയില്ല. ചുരുക്കത്തില്‍ മഹാഭൂരിപക്ഷം വരുന്ന അടിസ്ഥാനജനതയുടെ ജീവിതത്തോടൊട്ടിനില്‍ക്കുന്ന വാക്കുകളും ഈണങ്ങളും കല്പനകളും ഐതിഹ്യങ്ങളും അലങ്കാരങ്ങളും പുരാവൃത്തങ്ങളുമൊന്നും വേണ്ടവണ്ണം ഉള്‍ചേര്‍ക്കപ്പെടാത്തതും രണ്ടാംകിടയായി ചാപ്പയടിക്കപ്പെട്ടതുമായ ഒരു മലയാളമാണ് ഔദ്യോഗികമായി രൂപീകരിക്കപ്പെട്ടത്. ജനാധിപത്യവത്കരിക്കപ്പെടാത്ത, നാനാത്വത്തിന്റെ മഴവില്ലഴകു വിലക്കപ്പെട്ട മലയാളം.
മാതാവില്‍ നിന്നും മുലപ്പാലിനൊപ്പം പകര്‍ന്നുകിട്ടിയതാണു മാതൃഭാഷ എന്ന് ആവര്‍ത്തിക്കപ്പെടാറുണ്ട്. വള്ളത്തോളിന്റെ വരികള്‍ പാടി അത് ഉറപ്പിക്കാറുമുണ്ട്. എന്നാല്‍, നവകേരളത്തിലെ വിദ്യാലയങ്ങളിലേക്കു വലതുകാല്‍ വെച്ചു കയറിയ ദലിതരും മുസ്‌ലിംകളുമൊന്നും തങ്ങളുടെ മാതാക്കളില്‍ നിന്നു പകര്‍ന്നുകിട്ടിയ മലയാളമല്ല അവിടെ നിന്നു കേട്ടത്. സവര്‍ണര്‍ക്കുമാത്രം ശീലമുണ്ടായിരുന്ന മലയാളമായിരുന്നു. മാനകഭാഷയുടെ മാനദണ്ഡം അതാണെന്നു നിശ്ചയിക്കപ്പെട്ടതോടെ മറ്റുള്ളവരുടെ മലയാളമൊഴികളൊക്കെയും അശുദ്ധവും മ്ലേച്ഛവുമാണെന്ന നിലപാടുണ്ടായി. അളവുകോലിനു നിരക്കാത്ത പദങ്ങള്‍ ഉച്ചരിച്ചവരും മറ്റ് ഈണങ്ങളില്‍ സംസാരിച്ചവരുമൊക്കെ പരസ്യമായി അപമാനിക്കപ്പെട്ടു. മുലപ്പാലിനൊപ്പം കൈമാറിക്കിട്ടിയ വാക്കുകളും മിത്തുകളും ഈണങ്ങളുമൊക്കെ ക്ലാസുമുറികളില്‍ വെച്ച് അധ്യാപകര്‍ അക്ഷരാര്‍ത്ഥത്തില്‍ തല്ലിക്കൊഴിക്കുകയായിരുന്നു. ആ തലമുറയ്ക്കു മാതൃഭാഷയെന്നു വ്യവഹരിക്കപ്പെടുന്ന മാനകമലയാളം നേരുപറഞ്ഞാല്‍ അപമാനത്തിന്റെയും പീഡനത്തിന്റെയും പര്യായപദമായിരുന്നു. ദശാബ്ദങ്ങളുടെ പീഡനത്തിനുശേഷവും മാനകമലയാളത്തിന്റെ അധിനിവേശത്തില്‍ ക്ലാസുമുറികളില്‍ തളര്‍ന്നുപോകുന്ന ജനത ഇപ്പോഴുമുണ്ടെന്നതാണു സത്യം. ക്ലാസില്‍ പഠിപ്പിക്കുന്നതൊന്നും മനസ്സിലാക്കാന്‍ കഴിയാതെ, എഴുതാനും വായിക്കാനും കഴിയാതെ ഉച്ചക്കഞ്ഞിക്കുമാത്രം വിദ്യാലയത്തെ ആശ്രയിക്കുന്ന ആദിവാസികുട്ടികളുടെ കദനകഥ അതാണല്ലോ പറയുന്നത്. അതുമാത്രം മതി എത്ര കടുത്ത പീഡനമാണു മാതൃഭാഷയെന്നു വിളിക്കപ്പെട്ട സവര്‍ണമലയാളം മറ്റുജനതകള്‍ക്കുമേല്‍ അടിച്ചേല്‍പിക്കുകവഴി സംഭവിച്ചതെന്നു മനസ്സിലാക്കാന്‍.
ഇതിനോടു ചേര്‍ത്തുവായിക്കുമ്പോള്‍ മാത്രമാണു മാനകമലയാളത്തോടു പുറംതിരിഞ്ഞുനിന്ന മാപ്പിളമാരെ അതിന്റെ പേരില്‍ ആക്ഷേപിച്ചതിന്റെ പരിഹാസ്യത ബോധ്യപ്പെടുക. അതോടൊപ്പം പരിഗണിക്കേണ്ട മറ്റൊരു കാര്യംകൂടിയുണ്ട്. തങ്ങള്‍ പുറംതിരിഞ്ഞുനില്‍ക്കുന്നുവെന്ന് ആക്ഷേപിച്ചുകൊണ്ടിരുന്ന ഭാഷയില്‍ വിരചിതമായ കൃതികള്‍ എങ്ങനെയാണു മാപ്പിളമാരെ ആവിഷ്‌കരിച്ചത് എന്ന കാര്യമാണത്. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവലായ ഇന്ദുലേഖയില്‍ എവിടെയും ഒരു ദലിതനെ കണ്ടെത്താന്‍ സാധിച്ചില്ലെന്ന് കവിയൂര്‍ മുരളി സങ്കടപ്പെടുന്നുണ്ട്. എന്നാല്‍ ചന്തുമേനോന്‍ മാപ്പിളയെ കണ്ടില്ലെന്നു നടിക്കുന്നില്ല.

ഈ രീതിയില്‍ മലയാളീകരിക്കപ്പെടാത്തതും ജനാധിപത്യവത്കരിക്കപ്പെടാത്തതുമായ സംസ്‌കാരിക ഏകാധിപത്യം വെച്ച് പുലര്‍ത്തുന്ന ഒരു ഭാഷയുടെ പിന്മുറക്കാരും അതിനെ പ്രയോഗിക്കുന്നവരുമാണ് നമ്മള്‍ എന്നതാണ് അത്യന്തം ഖേദകരം. ഏക ഭാഷ സംസ്‌കാരത്തിലേക്ക് നിര്‍ബന്ധപൂര്‍വ്വം നമുക്ക് പോലും തിരിച്ചറിയാനാവാത്ത വിധം നമ്മുടെ ഭാഷയെ മാറ്റിയെടുത്തു കഴിഞ്ഞിരിക്കുന്നു

മുസ്‌ലിംനാമധാരിയായ ഒരു കഥാപാത്രമുണ്ട്. അങ്ങേര്‍ക്കു നല്‍കിയിരിക്കുന്ന ദൗത്യത്തെ കുറിച്ച് ആലോചിക്കുമ്പോഴാണ് കാര്യത്തിന്റെ കിടപ്പു മനസ്സിലാവുക. നാടു വിട്ടു പോകുന്ന മാധവനെ പിടിച്ചു പറിക്കുന്ന കൊള്ളക്കാരനാണ് അയാള്‍. അന്നത്തെ മുസ്്‌ലിംസാംസ്‌കാരികകേന്ദ്രമായിരുന്ന തലശ്ശേരിയില്‍ ജനിക്കുകയും ജീവിക്കുകയും ചെയ്ത, പരപ്പനങ്ങാടിയില്‍ ജോലിചെയ്തിരുന്ന, മുസ്‌ലിംകളെ മനസ്സിലാക്കാന്‍ ധാരാളം അവസരം ലഭിച്ചിരുന്ന, ഇംഗ്ലീഷു വിദ്യാഭായാസം ആവതു ലഭിച്ച, അതു പ്രചരിപ്പിക്കാന്‍ നോവലെഴുതിയ ചന്തുമേനോനാണ് ഇങ്ങനെയൊരു കഥാപാത്രത്തെ സൃഷ്ടിച്ചത് എന്നുകൂടി ഓര്‍ക്കണം. അയാള്‍ മുസ്്‌ലിമായിരിക്കുന്നതു സൗന്ദര്യ ശാസ്ത്രപരമായി വല്ല ഗുണവും നല്‍കുന്നുവെങ്കില്‍ ആ പ്രവൃത്തിക്കു ന്യായീകരണമുണ്ടാകുമായിരുന്നു. എന്നാല്‍ ഒരു നിരൂപകനും അങ്ങനെ പറയുന്നതായി കാണുന്നില്ല.
കേരളീയ സാമൂഹിക നവോത്ഥാനചരിത്രത്തിലെ വലിയ കഥാപാത്രമായ കുമാരനാശാന്റെ ‘ക്രൂര മുഹമ്മദീയന്‍’ എന്ന പ്രയോഗം വലിയ ചര്‍ച്ചയ്ക്കിടയാക്കിയ വിഷയമാണ്. എന്നാല്‍ വള്ളത്തോളിനെ കുറിച്ച് നമുക്കുള്ള ധാരണ മറിച്ചാണ്. ‘അല്ലാഹ്’ ,’പാംസുസ്‌നാനം, ‘കാട്ടെലിക്കൊരുകത്ത്’, എന്നിങ്ങനെ മുസ്‌ലിം ഇതിവൃത്തങ്ങളില്‍ നിരവധി കവിതകളെഴുതിയ, ശുദ്ധ ദേശീയ വാദിയാണു വള്ളത്തോള്‍. അദ്ദേഹത്തിന്റെ തൂലികയില്‍ നിന്ന്
‘വിരിഞ്ഞു മുറുകി വളഞ്ഞ മീശ
ചെന്തീ പൊരി ചിതറും മിഴി
വട്ടമൊത്ത താടി, ഹരി ഹരി
യമനും നടുങ്ങുമൊന്ന്
അക്കരിമലയന്റെ കരാളവത്രം
വെറിയനവന്‍ അതാതിടത്ത്
തട്ടിപ്പറി തൊഴിലായിപ്പുലരും മുഹമ്മദീയന്‍’.
ഇന്ദുലേഖയില്‍ ആക്ഷേപിക്കപ്പെടുന്നത് ഒരു വ്യക്തിയാണെങ്കില്‍ ഇവിടെ മുസ്‌ലിംകളെ സാമാന്യമായാണ് ആക്ഷേപിക്കുന്നത്. ഇവരൊക്കെ മുസ്‌ലിം വരുദ്ധത വെച്ചു പുലര്‍ത്തിയിരുന്നവരായിരുന്നുവെന്നു സ്ഥാപിക്കാനല്ല ഇതൊന്നും ഉദ്ധരിച്ചത്. മറിച്ച് മലയാളഭാഷയും സാഹിത്യവും കൊണ്ടുനടന്നിരുന്ന സവര്‍ണ്ണതയും അവര്‍ണ്ണ വിരുദ്ധതയെയും ചൂണ്ടിക്കാണിക്കാനാണ്. അത്തരം മുന്‍വിധികള്‍ക്ക് സമീപകാലംവരെ വലിയ മാറ്റമൊന്നും വന്നിട്ടില്ല. ടി. ഉബൈദിനെ അനുസ്മരിച്ച് കൊണ്ട് നവഭാരതവേദിയുമായി ഓടിച്ചാടി നടന്നിരുന്ന ശുദ്ധഗാന്ധിയനായിരുന്ന സുകുമാര്‍ അഴീകോട് എഴുതിയ കുറിപ്പിലെ ഒരു പ്രയോഗം ഇങ്ങനെയാണ്: ‘ഉബൈദിന്റെ കവിതകളില്‍ അറബി ഭാഷയുമായും ഇസ്‌ലാം മതവുമായും ബന്ധപ്പെട്ട ധാരാളം വിലക്ഷണങ്ങളായ ഘടകങ്ങള്‍ ഉള്‍കൊള്ളുന്നുണ്ട്. പാരമ്പര്യ രീതിയനുസരിച്ച് പറഞ്ഞാല്‍ ഇവ മ്ലേച്ച ഘടകങ്ങളാണ്.’ ഉബൈദിന്റെ കവിതകളിലെ അറബി പ്രയോഗങ്ങളെ വിലക്ഷണമായി എണ്ണുന്ന സുകുമാര്‍ അഴീക്കോട് സംസ്‌കൃത സാഹിത്യത്തിലെ ഏതു ഘടകത്തെ കുറിച്ചും വാചാലനാകും.
ഈ രീതിയില്‍ മലയാളീകരിക്കപ്പെടാത്തതും ജനാധിപത്യവത്കരിക്കപ്പെടാത്തതുമായ സംസ്‌കാരിക ഏകാധിപത്യം വെച്ച് പുലര്‍ത്തുന്ന ഒരു ഭാഷയുടെ പിന്മുറക്കാരും അതിനെ പ്രയോഗിക്കുന്നവരുമാണ് നമ്മള്‍ എന്നതാണ് അത്യന്തം ഖേദകരം. ഏക ഭാഷ സംസ്‌കാരത്തിലേക്ക് നിര്‍ബന്ധപൂര്‍വ്വം നമുക്ക് പോലും തിരിച്ചറിയാനാവാത്ത വിധം നമ്മുടെ ഭാഷയെ മാറ്റിയെടുത്തു കഴിഞ്ഞിരിക്കുന്നു. ഒരു സാഹിത്യ വേദിയില്‍, ഏതു തരം കവിതയും ആലാപിക്കാന്‍ സാധ്യമാണെങ്കില്‍ ഒരു രണ്ട് വരി മാപ്പിളപ്പാട്ടോ വടക്കന്‍ പാട്ടോ നാടന്‍ പാട്ടോ ആലപിക്കാന്‍ അനുവദിക്കപ്പെടുന്നുമില്ല. അവ സാഹിത്യമല്ലെന്ന് പരികല്‍പന നടത്തി അതിനെ അഴിത്തമുള്ള ഒന്നാക്കി മാറ്റി നിര്‍ത്തുകയാണ് ചെയ്യുന്നത്.
ചുരുക്കത്തില്‍ മാനകമലയാളം വരേണ്യമായ ഒരു അക്രമ സ്വഭാവം വെച്ചുപുലര്‍ത്തുന്നുണ്ട്. കേരളത്തില്‍ നവോത്ഥാനം നടന്നുവെന്ന് നാം അവകാശപ്പെടാറുണ്ടെങ്കിലും ഭാഷയിലും സംസ്‌കാരത്തിലും അതൊട്ടും പ്രതിഫലിച്ചിട്ടില്ല. മലയാളം ജനാധിപത്യവത്കരിക്കപ്പെട്ടിട്ടുമില്ല. ജന്മനാ ഈഴവരെങ്കിലും നാരായണഗുരുവിന്റെയോ കുമാരനാശാന്റെയോ മനോഹരങ്ങളായ കവിതകളിലെങ്ങും ഈഴവഭാഷ കടന്നു വന്നിട്ടില്ല. മാപ്പിളമാര്‍ക്കടയിലെ നവോത്ഥാനപ്രസ്ഥാനങ്ങളാകട്ടെ, അത്രയും കാലം മാപ്പിളമാര്‍ ഉപയോഗിച്ചും ശീലിച്ചും പോന്നിരുന്ന അറബിമലയാളത്തെ നിരാകരിക്കുകയും അതിനെതിരെ രൂക്ഷമായ ഭാഷാ കലാപം നയിക്കുകയുമാണു ചെയ്തത്. ചുരുക്കത്തില്‍ മാനകമലയാളത്തിനു മുഴുവന്‍ കേരളീയരുടെയും മാതൃഭാഷയായി മാറാന്‍ ഇന്നോളം കഴിഞ്ഞിട്ടില്ല. ഇവിടെ പുലരുന്ന മുഴുവന്‍ ജനവിഭാഗങ്ങളുടെയും പദാവലികളും പ്രയോഗങ്ങളും സാഹിത്യരൂപങ്ങളും മിത്തുകളും ഈണങ്ങളും ശൈലികളും പ്രയോഗങ്ങളും അലങ്കാരങ്ങളുമെല്ലാം ഉള്‍കൊള്ളുന്ന ഭാഷയായി മലയാളത്തെ രൂപപ്പെടുത്തേണ്ടതുണ്ട്. അപ്പോള്‍ മാത്രമേ മലയാളം മുഴുവന്‍ കേരളീയരുടെയും മാതൃഭാഷയായി മാറുകയുള്ളൂ. അപ്പോള്‍ മാത്രമേ മലയാളം ഏതു കേരളീയനെയും തഴുകുന്ന കുളിര്‍കാറ്റും ഏതു കേരളീയന്റെയും ദാഹമകറ്റുന്ന കുളിര്‍ജലവുമായി മാറുകയുള്ളൂ. അപ്പോള്‍ മാത്രമേ എം.ടി വാസുദേവന്‍ നായരെഴുതിയ മാതൃഭാഷാപ്രതിജ്ഞ മുഴുവന്‍ കേരളീയരും ഏറ്റുചൊല്ലുകയുള്ളൂ.

Editor Thelicham

Thelicham monthly

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.

Solverwp- WordPress Theme and Plugin