Home » Essay » Literature » എഴുത്തും ദര്‍ശനവും

എഴുത്തും ദര്‍ശനവും

കാലാതിവര്‍ത്തിയായി നിലനില്‍ക്കുന്ന അത്ഭുതങ്ങളാണ് സാഹിത്യവും വായനയും. വര്‍ഷങ്ങളൊരുപാട് പിന്നിട്ട സാഹിത്യ രചനകള്‍ ഇപ്പോഴും ചര്‍ച്ച ചെയ്യപ്പെടുന്നതിന്റെയും ആഘോഷിക്കപ്പെടുന്നതിന്റെയും യുക്തി ഇത് തന്നെ. ശ്രദ്ധേയമായ ഇതിവൃത്തവും ആശയപരിസരവുമാണ് ഓരോ സാഹിത്യ കൃതിയെയും അനശ്വരമാക്കുന്നത്. ഒരുപക്ഷെ, പുതിയ കാലത്തെ ഫെയ്‌സ്ബുക്ക് വായനയില്‍ നഷ്ടപ്പെടുന്നത് ഇത്തരം ആശയ പരിസരവും അവ പ്രതിനിധാനം ചെയ്യുന്ന തത്വദര്‍ശനങ്ങളുമാണ് താനും. അത് കൊണ്ട്തന്നെ പുതിയ സാഹചര്യത്തില്‍ ക്ലാസ്സിക്കല്‍ സാഹിത്യ രചനകള്‍ക്ക് മൂല്യവും അര്‍ഥവും സ്വമേധയാ കൈവരുന്നു.

ഉറൂബിന്റെ സുന്ദരികളും സുന്ദരന്മാരും എന്ന നോവലില്‍ രാധയും വിശ്വനാഥനും ഉണ്ടാക്കുന്ന ഒരു പൂന്തോട്ടമുണ്ട്. ആ തോട്ടത്തില്‍ പടര്‍ന്നു പന്തലിച്ച നന്ത്യാര്‍ വട്ടത്തിന് കീഴില്‍ ഒരു കുഞ്ഞു പൂചെടി നില്‍ക്കുന്നു. നന്ത്യാര്‍വട്ടം ആ കുഞ്ഞു ചെടിക്ക് ഭാരമാകുന്നു. സൂര്യവെളിച്ചം കിട്ടുന്നില്ല ആ കുഞ്ഞു പൂച്ചെടിക്ക്. നന്ത്യാര്‍വട്ടം വെട്ടി മാറ്റണമെന്ന് രാധ പറയുമ്പോള്‍ വിശ്വന്‍ അത് നിരാകരിക്കുന്നു. അതിലൊന്നിനെ മറ്റൊരിടത്തേക്ക് പറിച്ച് നടാമെന്നാണ് വിശ്വന്റെ തീരുമാനം. എല്ലാ തരം ചെടികള്‍ക്കും ഇടമുളള പൂന്തോട്ടമാണ് വിശ്വന്റെ സ്വപ്‌നം. സ്വാതന്ത്ര്യാനന്തര ഭാരതത്തെ കുറിച്ചുള്ള സ്വപ്‌നം കൂടിയാണത്. ഈ സ്വപ്‌നമാണ് നമുക്കിന്ന് കൈമോശം വരുന്നത്. ‘മര്‍ത്യന്‍ സുന്ദരനാണ്. ഓരോരുത്തരും സുന്ദരന്മാരും സുന്ദരികളുമാണ്’ എന്ന തന്റെ വിശാലാശയങ്ങള്‍ക്ക് പിന്നില്‍ പ്രകൃതിയിലെ ഓരോ ജീവജാലങ്ങള്‍ക്കും, പന്നിക്കും പോത്തിനും വരെ അസാമാന്യമായ സൗന്ദര്യമുണ്ടെന്ന തിരിച്ചറിവാണ് നിഴലിച്ചു നില്‍ക്കുന്നത്. ആദ്യ കാഴ്ച്ചയില്‍ ഒരു പക്ഷെ അറപ്പുളവാക്കുന്ന ജീവിയാണ് പോത്തും പന്നിയുമെങ്കിലും സസൂക്ഷ്മം നിരീക്ഷിക്കും തോറും മറ്റാര്‍ക്കുമില്ലാത്ത സൗന്ദര്യലാവണ്യമാണ് അവക്കുള്ളത് എന്ന് ബോധ്യപ്പെടും. തന്റെ സൗന്ദര്യ സങ്കല്‍പത്തിന്റെ പ്രചോദനമെന്താണെന്ന ചോദ്യത്തിന് അദ്ദേഹം സമര്‍പ്പിച്ച മറുപടി പ്രബന്ധത്തിന്റെ തലവാചകം തന്നെ ‘കുന്നംകുളത്തെ പോര്‍ക്കുകള്‍ക്ക് നന്ദി’ എന്നായിരുന്നല്ലോ.
ദര്‍ശനങ്ങളുടെ വലിയ ആഖ്യാനങ്ങളാണ് ഓരോ സാഹിത്യരചനയും. കഥാപാത്രവും കഥാതന്തുവും സൃഷ്ടിച്ചെടുക്കുന്ന ആശയ വൈവിധ്യമാണ് അവയെ ജനസ്വീകാര്യമാക്കുന്നത്. ആഗോള സാഹിത്യത്തിലെ തന്നെ ഏറ്റവും സുന്ദരമായ ആഖ്യാന പ്രമേയം എക്കാലത്തും പ്രകൃതി തന്നെയായിരുന്നു. പലരും എന്നെ പരിസ്ഥിതി വിവക്ഷയോടെ എഴുതുന്നയാളെന്ന് വിശേഷിപ്പിക്കാറുണ്ട്. ജൈവം – കാവേരിയുടെ പുരഷന്‍, മായാപുരാണം, ജിന ശലഭങ്ങളുടെ വീട് എന്നീ നോവലുകളിലൂടെയാണ് ഞാനെന്റെ പരിസ്ഥിതി ആകുലതകളും വിവക്ഷകളും പങ്കുവെക്കാനുള്ള ശ്രമം നടത്തിയത്. കര്‍ണാടകയിലെ കാര്‍ഷിക ഹൃദയത്തെയും പാരിസ്ഥിതിക നന്മയെയും തൊട്ടറിയാനും വിത്തിനോടൊപ്പം നടുന്ന തീരാത്ത ആശങ്കകളെയും ഇതിവൃത്തമാക്കിയ മായാ പുരാണം, അത്തരം ആഖ്യാനങ്ങളുടെ നിറഞ്ഞാഘോഷമാണ്.

പക്ഷെ, വളരെ ദു:ഖകരമായ വിശേഷം, പുതിയ കാലത്ത് ഇത്തരം ദര്‍ശനങ്ങളോ ആശയപരിസരങ്ങളോ കേന്ദ്രീകരിച്ച ചര്‍ച്ചകള്‍ നടക്കുന്നില്ല എന്നതാണ്. ചെറിയര്‍ഥത്തിലെങ്കിലും ഫെയ്‌സ്ബുക്ക്-സോഷ്യല്‍ മീഡിയാ വായനകള്‍ പരാജയപ്പെടുന്നത് ഇത്തരം ഇടങ്ങളിലാണെന്ന് നേരത്തെ ഓര്‍മിപ്പിച്ചല്ലോ. അധിനിവേശ ജനങ്ങളുടെ ചിറകരിഞ്ഞ സ്വപ്‌നങ്ങളെയും തീരാത്ത വേദനയുടെ ആഴം കാണാത്ത പാവപ്പെട്ടവരെയുമാണ് തത്ഫലമായി നാം വിസ്മരിക്കുന്നതും നിസ്സംശയം അവഗണിക്കുകയും ചെയ്യുന്നത്.
ആമസോണ്‍ കാടുകള്‍ കത്തിയെരിയുന്നു എന്ന വാര്‍ത്ത എത്ര ഗൗരവത്തിലാണ് അവതരിപ്പിക്കപ്പെടുന്നതും നാം ഉള്‍കൊള്ളുകയും ചെയ്യുന്നത്? നിരന്തരം നശിച്ച് കൊണ്ടിരിക്കുന്ന, ആഫ്രിക്കയിലെ വനാന്തരങ്ങള്‍ കത്തിയമരുമ്പോള്‍ എന്തു കൊണ്ടാണ് ഇത്ര വാര്‍ത്താ പ്രാധാന്യവും ജന സ്വീകാര്യതയും ലഭിക്കാതിരിക്കുന്നത്? ഉത്തരം വളരെ ലളിതമാണ്. ആഫ്രിക്കയിലെ കാടുകള്‍ കറുത്തവരുടേതാണ്; കറുത്തവരുടെ ആവാസ വ്യവസ്ഥയും കാടും മലയും കത്തി നശിച്ചാലെന്താണ് പ്രശ്‌നം? എന്ന പൊതു ബോധത്തിന്റെ ലാഘവത്തോടെയുള്ള കാഴ്ച്ചപ്പാടു തന്നെ.

ആഫ്രിക്കയെ കുറിച്ചുള്ള പൊതു ബോധത്തിന്റെ ബന്ധനത്തിലകപ്പെട്ട് ഒരു പാട് കാലം ആഫ്രിക്കന്‍ സാഹിത്യം എനിക്കും അന്യമായിരുന്നു. പിന്നീട് കാലക്രമേണ പരിഭാഷകളിലൂടെയും വിവര്‍ത്തനങ്ങളിലൂടെയും ആ വെളിച്ചത്തിലേക്ക് വാതില്‍ തുറന്നപ്പോഴാണ് അത്ഭുതകരമായ സാഹിത്യകലവറയാണ് ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റേത് എന്നും അവര്‍ണനീയമായ രചനകളാണ് ‘കറുത്ത’ രാജ്യങ്ങള്‍ പുറത്തു വിടുന്നത് എന്നും തിരുത്തെഴുതേണ്ടി വന്നു. നൈജീരിയന്‍ പോരാട്ട സമരങ്ങളുടെ പശ്ചാത്തലത്തില്‍ ചിമമാന്‍ഡ എര്‍ഗോസി അദീച്ചി (രവശാമാമിറല ിഴീ്വശ മറശരവലശ) രചിച്ച ഹാഫ് ഓഫ് യെല്ലോ സണ്‍ എന്ന നോവലിലൂടെയാണ് ആഫ്രിക്കന്‍ സാഹിത്യത്തിന്റെ വിശാലമായ ലോകത്തെ കുറിച്ച് ഞാനറിഞ്ഞനുഭവിക്കുന്നത്. പിന്നീട് എത്രയോ കൃതികള്‍ വായിച്ചു, ബെന്‍ ഓക്രി അടക്കമുള്ളവരുടെ.

ആഫ്രിക്കയില്‍ നിന്ന് അമേരിക്കയിലേക്കോ കരീബിയന്‍ ദ്വീപുകളിലേക്കോ ജീവിതം പറിച്ചു നട്ടവരുടെ പുതിയ സാഹിത്യാനുഭവങ്ങള്‍ വളരെ ശ്രദ്ധാപൂര്‍വ്വം വായിക്കപ്പെടുന്ന കാലമാണിത്. ആഫ്രിക്കന്‍ വനാന്തരങ്ങളില്‍ എവിടെയായിരുന്നു തന്റെ പിതാമഹന്മാരുടെ വേരുകളെന്ന് അന്വേഷിക്കുന്ന ദ റൂട്ട്‌സ്് എന്ന അലക്‌സ് ഹേലിയുടെ പുസ്തകം ഇത്തരത്തില്‍ ഏറെ വായിക്കപ്പെടുകയും ആഘോഷിക്കപ്പെടുകയും ചെയ്തു. അതിശക്തമായി സാഹിത്യത്തിലേക്ക് വേരുറപ്പിച്ച കറുത്തവന്റെ സാഹിത്യങ്ങള്‍ക്ക് പുതിയകാലത്ത് രാഷ്ട്രീയ പ്രസക്തി നിലവില്‍ വന്നിരിക്കുകയാണ്.

ആഫ്രിക്കയിലെ സമാന സാഹചര്യങ്ങള്‍ തന്നെ അഫ്ഗാനിസ്ഥാനിന്റെ തീക്ഷ്ണാനുഭവങ്ങളിലൂടെയുള്ള പുതിയ രചനകള്‍ വായനാപ്രിയമാക്കുന്നത് ഏറെ സന്തോഷകരം തന്നെ. സൂഫിസത്തിന്റെ അസാമാന്യ അനുഭൂതിയുടെ ധന്യസാധ്യതകളാണ് അഫ്ഗാനിയന്‍ രചനകളുടെ വിശിഷ്ട സ്വഭാവം. വിശ്വ വിഖ്യാത ഗ്രന്ഥകാരന്‍ ഖാലിദ് ഹുസൈനിയുടെ ദ കൈറ്റ് റണ്ണര്‍, എ തൗസന്റ് സ്‌പ്ലെന്റിഡ് ടൈം, ആന്‍ഡ് ദ മൗണ്ടയിന്‍ എക്കോഡ് എന്നീ കൃതികളിലൂടെ മാത്രം ലോകസാഹിത്യത്തിലൊരിടം അഫ്ഗാനിസ്ഥാന് സാധ്യമായിട്ടുണ്ട്. കൂടാതെ തന്മയത്വത്തോട് കൂടിയുള്ള ഒരസ്തിത്വം കൂടി ഈ കൃതികള്‍ സൃഷ്ടിച്ചെടുത്തു. ദ കൈറ്റ് റണ്ണര്‍ വായിച്ചവസാനിക്കുമ്പോള്‍ സമയം ഒരു മണിയായി കാണും. ഞാന്‍ തലയണയില്‍ മഖമമര്‍ത്തിപ്പിടിച്ച് കരയുകയാണ്. അതിലെ ദൈന്യതമുറ്റിയ കഥാപാത്രം എന്നെ നിരന്തരം വേട്ടയാടുന്നു എന്ന തോന്നലാണ് കാരണം. ഉടനെ ഞാനെന്റെ പ്രിയ സുഹൃത്തിന് ഫോണ്‍ ചെയ്തു. അസമയത്തെ ഫോണ്‍ കോളുകള്‍ പലപ്പോഴും മരണത്തിന്റെ സന്ദേശമാവാറാണ് പതിവ് എന്ന ആശങ്കയില്‍ പിറ്റേന്ന് രാവിലെ തന്നെ തിരിച്ച് കാള്‍ അറ്റന്റ് ചെയ്ത് വേദനകള്‍ അയാളോട് പങ്ക് വെക്കേണ്ടി വന്നു. സുന്നി- ശിയാ സംഘര്‍ഷങ്ങളുടെ ഭീതിതമായ സാമൂഹിക വിശകലനം സാധ്യമാക്കിയ ഈ നോവല്‍ ഇത്രമാത്രം ഹൃദയസ്പര്‍ശിയായിരുന്നു എന്നര്‍ത്ഥം.

അടിച്ചമര്‍ത്തപ്പെട്ടവരുടെ ശബ്ദമായി സാഹിത്യം ഏറെ ഉച്ചത്തില്‍ ശബ്ദം മുഴക്കുന്ന കാലമാണിത്. സാമ്രാജ്യത്വ വിരുദ്ധാശയം പങ്കു വെച്ചു എന്ന കാരണത്താല്‍ നോബേല്‍ നിഷേധിക്കപ്പെട്ട ലബനാന്‍ എഴുത്തുകാരന്‍ ഏലിയാസ് ഖൂരിയുടെ ‘സൂര്യ കവാടം’ അത്തരത്തിലൊരു ശബ്ദത്തിന്റെ പ്രതിധ്വനിയാണ്. കാനഡയിലെ എന്റെയൊരു പെണ്‍ സുഹൃത്ത്് എല്‍സി താരമംഗലമാണ് ഈ കൃതി മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത്. മുറിവേറ്റ് വീഴുന്ന ജനപദങ്ങളെ നോക്കിയും കത്തിയെരിയുന്ന സ്ത്രീകളെയും കുഞ്ഞുങ്ങളെയും കണ്ടുമുള്ള പുതിയ എഴുത്തുകള്‍ ആഗോള സാഹിത്യത്തിലേക്ക് പതിയെയാണെങ്കിലും സമ്മതം ചോദിക്കാതെ ഇടം ഉറപ്പിക്കുകയാണ്. മൊസാമ്പിക്, ഉഗാണ്ട, മഡാഗാസ്‌കര്‍ എന്നീ രാജ്യങ്ങളുടെ സാഹിത്യോത്സവമായ റൈറ്റിവിസം ഏറെ ജനകീയമായി കഴിഞ്ഞു.

കേരളേതര സാഹിത്യകാരന്മാരുമായി വിശേഷിച്ചും ഉഗാണ്ടന്‍ എഴുത്തുകാരുമായി നല്ല ബന്ധം കാത്തു സൂക്ഷിക്കുന്നു. എന്നാല്‍, നിലവിലെ സാഹിത്യ ചര്‍ച്ചകളുടെ പൊതു സ്വഭാവം ഉപരിപ്ലവമാകുന്നത് ഏറെ ഖേദകരം തന്നെ. സോഷ്യല്‍ മീഡിയാ എഴുത്തും വായനയും എതിര്‍ക്കപ്പെടണമെന്ന വാശിക്കാരനല്ലെങ്കിലും ഇതിലൂടെ സാഹിത്യത്തിലെ ദാര്‍ശനിക തലം, ആഖ്യാന ഭംഗി എന്നിവ നഷ്ടപ്പെട്ടു പോവുന്നത് ഏറെ അപകടകരം തന്നെ.

സാഹിത്യ ചര്‍ച്ചകള്‍ പ്രമേയത്തില്‍ മാത്രം ഊന്നി നിന്നു കൊണ്ടാവരുത്. കഥകളും നോവലുകളുമൊക്കെ ചെയ്യുമ്പോള്‍ പ്രമേയത്തോടൊപ്പം ആഖ്യാന ഭംഗികളും ചര്‍ച്ച ചെയ്യണം. അതാതു കാലത്തെ സാമൂഹികരാഷ്ട്രീയ വിഷയങ്ങളോട് പ്രതികരിക്കല്‍ മാത്രമാണവരുടെ സാഹിത്യധര്‍മം. കേവല വിവാദങ്ങളിലൂടെ മാത്രം സാഹിത്യ കൃതികള്‍ ചര്‍ച്ച ചെയ്യപ്പെടുകയുമരുത്്, വിപണിയുടെ താത്പര്യങ്ങളില്‍ സാഹിത്യകാരന്‍ അകപ്പെട്ടു പോവുകയുമരുത്. ഓരോ രാജ്യത്തിന്റെയും സര്‍ഗാത്മക രാഷ്ട്രീയ ചരിത്രം കൂടിയാണ് സാഹിത്യ കൃതികള്‍. അതൊരു ദര്‍ശനമാണ്, നിലപാടാണ്, സംവാദാത്മകമായ ഇടപെടലാണ്, സ്വാതന്ത്ര്യ പ്രഖ്യാപനവുമാണ്.

 

പി സുരേന്ദ്രന്‍

പി.സുരേന്ദ്രന്‍